26.1.19

നിഴൽ വീണ വഴികൾ - ഭാഗം 6

ഒരിക്കൽ തോട്ടത്തിൽ പണിയെടുത്ത് കൊണ്ടിരിക്കുമ്പോൾ ഹമീദിന് വല്ലാത്ത ശ്വാസം തിങ്ങൽ. ശ്വാസം കിട്ടുന്നില്ല. ഹമീദ് പതിയെ താഴെ ഇരുന്നു തൊട്ടപ്പുറത്ത് പണിയെടുക്കുന്ന മകളെ  വിളിക്കാൻ കൈപൊക്കി. വിളിക്കാൻ വാക്കുകൾ കിട്ടുന്നില്ല. അവൾ  പണിതിരക്കിലാണ്. മകൾ ശ്രദ്ധിച്ചതുമില്ല. പണിക്കിടെ ഇടയ്ക്കിടയ്ക്ക് തമാശ പറയുന്ന ബാപ്പയുടെ സംസാരം കേൾക്കാതെ വന്നപ്പോൾ തല ഉയർത്തി നോക്കിയ സീനത്ത് ഒരു നിമിഷം ഞെട്ടി. ബാപ്പ അതാ നിലത്ത് കിടന്നു ഇഴയുന്നു. സീനത്ത് ബാപ്പാന്റെ അടുത്തേക്ക് ഒാടി. ബാപ്പയുടെ അരികിൽ ഇരുന്ന്‌ തല മടിയിലേക്ക് വെച്ച് കിടത്തി.”ബാപ്പാ....ബാപ്പാ...
എന്ത് പറ്റി ബാപ്പാ... ബാപ്പാ...‍“ സീനത്തിന്റെ കരച്ചിൽ കേട്ട് സൈനബയും സമീപത്ത് പണിയെടുക്കുന്നവരും ഒാടിവന്നു. (തുടർന്നു വായിക്കുക)
ഉടനെ അടുത്ത വീട്ടിലെ പോക്കൽ ഹാജിയുടെ വണ്ടി വിളിച്ച് ആശുപത്രിയിലെത്തിച്ചു. ഡോക്ടർ വിശദമായി പരിശോധിച്ചു. ഒരു ഇഞ്ചക്ഷൻ കൊടുത്തു. എക്സറേയും മറ്റു പരുശോധനകളും നടത്തി. ഡോക്ടർ പറഞ്ഞു കുഴപ്പമൊന്നുമില്ല. അൽപ്പം വിശ്രമിക്കട്ടെ. ഇഞ്ചക്ഷന്റെ ക്ഷീണം കാണും. അത് കഴിഞ്ഞാ നിങ്ങൾക്ക് വീട്ടിപോവാം. രണ്ട് മൂന്ന് മണിക്കൂർ വിശ്രമത്തിനു ശേഷം ഹമീദിന് ആശ്വാസം തോന്നി. ഇപ്പൊ പഴയപോലെ  ശ്വാസം വലിക്കാൻ ബുദ്ധിമുട്ട് തോന്നുന്നില്ല. ക്ഷീണമൊക്കെ വിട്ടു. ഹമീദ് മകളെ അടുത്തേക്കു വിളിച്ചു. ” ഇപ്പൊ ഉപ്പാക്ക് കുഴപ്പമൊന്നുമില്ല ഡോക്ടറോട് ചോദിച്ചാ ഞമ്മക്ക് വീട്ടിൽ പോവാം. മോൾ പോയി ഡോക്ടറോട് ചോദിച്ച് നോക്ക് ”. സീനത്ത് ഡോക്ടറെ പോയി കണ്ടു. ഡോക്ടർ ഉപ്പയ്ക്ക് അസുഖം കുറവുണ്ട്. ഉപ്പ ചോദിക്കണത് വീട്ടിൽ പോയിക്കുടെ എന്നാ.” ഡോക്ടർ ചിരിച്ചുകൊണ്ടു പറഞ്ഞു ”ഞാനിതാ വരുന്നുട്ടൊ നിങ്ങൾ നടന്നോളൂ.” 
അൽപ്പം കഴിഞ്ഞപ്പൊ ഡോക്ടർ ഹമീദിന്റെ അടുത്തേക്ക് വന്നു. ”ഇപ്പൊ നിങ്ങളുടെ അസുഖം എങ്ങിനെയുണ്ട്” കിടക്കയിൽ നിന്ന് എഴുന്നേറ്റുകൊണ്ട് ഹമീദ് പറഞ്ഞു. ”കുറവുണ്ട് ഡോക്ടർ”.  ”ഹമീദ് നിങ്ങൾക്ക് കാര്യമായ അസുഖമൊന്നുമില്ല. പക്ഷെ ഭാവിയിൽ നിങ്ങളെ ഇൗ അസുഖം പിൻതുടർന്നേക്കാം. നിങ്ങൾ  ഒന്ന് ഒാർത്ത്  നോക്കൂ നിങ്ങളെപ്പൊഴെങ്കിലും നെഞ്ചടിച്ച് വീണിരുന്നൊ.” ”ഇല്ല... ഇല്ല ഡോക്ടർ.” ശരിക്കൊന്നുകൂടെ ഒാർത്തു നോക്കൂ” .....ഹമീദ് പതുക്കെ തന്റെ മനസ്സ് പിന്നിലേക്ക് പായിച്ചു. ഒരോർമ്മയും കിട്ടുന്നില്ലല്ലോ റബ്ബേ.... പെട്ടെന്ന് ഹമീദിന് വർഷങ്ങൾക്കു മുമ്പു നടന്ന ആ സംഭവം ഓർമ്മവന്നു. ഡോക്ടറോടു പറഞ്ഞു. ”അതെ.... അതെ ഡോക്ടർ വീണിരുന്നു. ഞാനതത്ര കാര്യമാക്കിയില്ല അതിലും വലുത് എന്റെ മകളുടെ ജീവിനായിരുന്നു.” ഹമീദ് ഡോക്ടറോട് തന്റെ വീഴ്ചയുടെ കാരണങ്ങൾ വിവരിച്ചു. ”കർണാടകയിലെ ബദ്ക്കൽ താമസിച്ചകാലം.
 ഒരു ദിവസം ഭർത്താവിന്റെ ശല്യം സഹിക്കവയ്യാതെ തന്റെ മകൾ സഫിയ കിണറ്റിൽ ചാടിയിരുന്നു. മകൾ കിണറ്റിൽ ചാടിയതറിഞ്ഞ് ഞാനും ഭാര്യയും മക്കളും കിണറിൻകരയിലേക്ക് ഒാടുന്നതിനിടയ്ക്ക് കല്ലിൽതട്ടി  നെഞ്ചടിച്ച് തെറിച്ച് വീണിരുന്നു ഡോക്ടർ. അപ്പൊ നന്നായി വേദനിച്ചിരുന്നു. പക്ഷെ എന്റെ മകളായിരുന്നു വേദനയേക്കാൾ എനിക്കപ്പൊ വലുത്. അന്ന് ഞാനതത്ര കാര്യമാക്കിയില്ല.” ഇത് പറഞ്ഞ്  കഴിഞ്ഞപ്പൊഴേക്ക് ഹമീദിന്റെ കണ്ണിൽ നിന്ന് കണ്ണുനീർ ഇറ്റി ഇറ്റി വീണു. ”എന്താ..എന്താ  ഹമീദ് നിങ്ങൾ കരയുകയാണോ?”. ഡോക്ടർ ഇരിപ്പിടത്തിൽനിന്ന് എഴുന്നേറ്റുവന്ന് ഹമീദിന്റെ തോളിൽ തട്ടി ചോദിച്ചു. ”ഇല്ല ഡോക്ടർ ഞാൻ പഴയതോരോന്ന് ഒാർത്ത്.” ”കാര്യമാക്കേണ്ട ഹമീദ് എല്ലാം ദൈവത്തോട് പറയുക. 
ഹമീദ് നിങ്ങൾക്ക് ശ്വാസകോശ സംബന്ധമായ അസുഖമാണ്. കൂടാതെ ആസ്മയുമുണ്ട്. നിങ്ങൾ മുമ്പ് വീണില്ലേ ആ വീഴ്ച്ചയിൽ വന്ന ക്ഷതമാണ് അതിന് കാരണം. വിഷഷമിക്കേണ്ട ചികിൽസിച്ചാൽ ഭേദപ്പെടാവുന്നതേയുള്ളൂ ഇടയ്ക്കിടയ്ക്ക് മരുന്ന് കഴിക്കണം. തണുപ്പ് അധികം ഏൽക്കരുത്. തൽക്കാലം ജോലിക്ക് പോകരുത്.” ജോലിക്ക് പോകരുത് എന്ന് കൂടെ കേട്ടപ്പൊ ഹമീദ് ആകെ തകർന്ന് പോയി. ബദ്ക്കൽ നിന്ന് എല്ലാം നഷ്ടപ്പെട്ട് വന്നപ്പൊ തനിക്ക് അദ്ധ്വാനിക്കാൻ കഴിയുമെന്നും  അതുകൊണ്ട് നഷ്ടപ്പെട്ടതെല്ലാം വീണ്ടെടുക്കാമെന്ന പ്രതീക്ഷയുമുണ്ടായിരുന്നു. ഇപ്പൊ അതും തകർന്നല്ലൊ റബ്ബേ... ”എന്താ ഹമീദ് ആലോചിക്കുന്നത്”. ”ഒന്നുമില്ല ഡോക്ടർ.” ”ഹമീദ് ഞാൻ ഒരു മാസത്തെ മരുന്ന് കുറിച്ചിട്ടുണ്ട്.അതിൽ കുറച്ചു വിലകൂടിയ മരുന്ന് എഴുതിയത് ഞാൻ വെട്ടിയിട്ടുണ്ട് അത് വാങ്ങണ്ടട്ടോ ഡോക്ടർ മേശ പുറത്തിരുന്ന ഒരു മരുന്നെടുത്ത് ഹമീദിന് കൊടുത്തിട്ട് പറഞ്ഞു ഇതൊരു സാമ്പിൾ പാക്ക് ആണ് "ഇൻ ഹേലർ" എന്നാ പറയാ ശ്വാസം നന്നായി മുട്ടുമ്പോൾ ഇതെടുത്ത് ദാ ഇങ്ങിനെ വലിക്കണം അപ്പൊ കുറച്ചു ആശ്വാസമാകും വലിക്കുന്ന തുടക്കത്തിൽ തൊണ്ടയിൽ കുറച്ചു അസ്വസ്ഥത ഉണ്ടാവും അതത്ര കാര്യമാക്കേണ്ടട്ടോ മരുന്നൊക്കെ  കഴിയുമ്പൊ എന്നെ വന്ന് കാണണം. ശരി, എങ്കിൽ നിങ്ങൾ പൊയ്ക്കൊള്ളൂ”. 

ഡോക്ടർ സുരേഷ്കുമാർ ഒാർത്തു ഇത്രയും കാലത്തെ സർവ്വീസിനിടയ്ക്ക് ഇത്ര നല്ലൊരുരോഗിയെ താൻ കണ്ടിട്ടില്ല.. ഹമീദിനോട് സംസാരിക്കുമ്പൊതന്നെ വല്ലാത്തൊരു പ്രത്യേകത. അദ്ദേഹത്തിന്റെ മുഖത്തേക്ക് നോക്കിയാൽതന്നെ നല്ലൊരു പ്രസന്നത. ദൈവം സഹായിക്കയാണെങ്കി തന്റെ എല്ലാ കഴിവും വച്ച് താനയാളെ ചികിൽസിക്കും. പക്ഷെ ഇവിടുത്തെ തണുപ്പ് കാലാവസ്ഥ അദ്ദേഹത്തിന് പറ്റില്ലല്ലൊ?. ദൈവമേ ഹമീദിനെ രക്ഷിക്കണേ...... ഹമീദും ഭാര്യയും മകളും വീട്ടിലേക്ക് പോന്നു. 

മുക്കത്തിനടുത്ത് ഇടയ്ക്കൽ എന്ന ഗ്രാമം. ഇവിടെയാണ് ഹംസയുടെ വീട്. മലകളാൽ ചുറ്റപ്പെട്ട ഇൗ നാട്ടിലെ പ്രധാന കൃഷി റബ്ബറാണ്. ഭൂരിഭാഗം ജനങ്ങൾ ഇതിനെ ആശ്രയിച്ചാണ് ജീവിക്കന്നത്. കൂടുതൽ ക്രിസ്തുമതക്കാരാണെങ്കിലും എല്ലാ മതക്കാരും വളരെ സൗഹാർദ്ദപരമായ അന്തരീക്ഷത്തിലാണ് കഴിഞ്ഞുപോന്നിരുന്നത്. പരസ്പരം വെറുപ്പൊ വിദ്വേഷമോ പകയോ ക്രൂരതയോ അന്നാട്ടുകാരെ തൊട്ടുതീണ്ടിയിട്ടില്ല. പള്ളികളും അമ്പലങ്ങളും എല്ലാം അടുത്തടുത്താണ്. ഒാരോ മതക്കാരുടെ ആഘോഷങ്ങളിൽ മറ്റു മതക്കാരും സന്തോഷത്തോടെ പങ്കെടുക്കുന്നു. പലരും ഇന്നാട്ടിൽ വിദ്വേഷത്തിന്റെ പൊടിപടലങ്ങൾ പാറിക്കാൻ നോക്കിയതാണ്. അത് അവിടെ വിലപോയില്ലെന്ന് മാത്രം. 

ഇടയ്ക്കൽ അങ്ങാടിയിൽ ഇന്ന് എല്ലാവർക്കും ഒന്നേ സംസാരിക്കാനുള്ളൂ. ”നമ്മുടെ തെക്കേതിലെ ഹംസ കർണ്ണാടകേന്ന് വന്നിട്ടുണ്ട്.” ”അതിനെന്താ?” ”അതല്ല പ്രശ്നം. അവന്റെ കൂടെ ഒരു പെണ്ണും മകനുമുണ്ട്.” ”അപ്പൊ അവന്റെ ഇവിടത്തെ പെണ്ണും കുട്ട്യാളോ?” ”ഹാ ആർക്കറിയാം. ഇന്നവിടെ ചില പൊട്ടിത്തെറികളൊക്കെ നടക്കും.” അവരുടെ സംസാരം അങ്ങിനെ നീണ്ട് നീണ്ട് പോയി.
 സഫിയയെയും മകനേയും കൊണ്ട് ഹംസ വീട്ടിൽ കേറിയപ്പൊ തുടങ്ങി പ്രശ്നങ്ങൾ. അത് സ്വാഭാവികമാണല്ലൊ. ഭാര്യയും മക്കളും ഉണ്ടായിരിക്കേ വേറെ ഒരു ഭാര്യയും മകനുമായിട്ട് വീട്ടിൽ കേറി വന്നാലുള്ള അവസ്ഥ. അത് ഒരിക്കലും ആദ്യഭാര്യ സഹിക്കില്ലല്ലൊ. സഫിയ തന്റെ ഭർത്താവ് വിവാഹിതനാണെന്നും ആദ്യഭാര്യയുടെ മുൻപിൽ ആണ് താൻ നിൽക്കുന്നത് എന്ന ഓർമ മുഴുവനെത്തിയില്ല അതിനു മുൻപേ ബോധംകെട്ടുവീണു. അതുകണ്ട് പേടിച്ച ഫസൽ ഉമ്മയെ ഉണർത്താൻ ശ്രമിച്ചു പേടിച്ച് കരയാനും തുടങ്ങി. ധർമ്മ സങ്കടത്തിലായ ഹംസ ആദ്യഭാര്യ ജമീലയോട് പറഞ്ഞു. ”എടീ നീ കുറച്ച് വെള്ളമെടുത്തെ, മുഖത്ത് കുടയട്ടെ. ഇവൾക്കെന്തേലും പറ്റിയാ നമ്മൾ അഴിയെണ്ണേണ്ടിവരും”. 
അതു കേട്ടപ്പൊ കുശുമ്പിയായ അവൾ വെള്ളവുമായി വന്നു. ഹംസ വെള്ളമെടുത്ത് സഫിയയുടെ മുഖത്ത് കുടഞ്ഞു. സഫിയ പതിയെ കണ്ണ് തുറന്നു. ഹംസ ദീർഘ നിശ്വാസം വിട്ടു. കൂടെ ജമീലയും. സമാധാനമായി, സ്നേഹം കൊണ്ടല്ല അഴിയെണ്ണേണ്ടിവരുമല്ലൊ എന്ന പേടി. സഫിയ ഒാർത്തു.”റബ്ബേ തന്റെ കഷ്ടപ്പാടുകൾ തുടങ്ങാൻ പോവുകയാണല്ലൊ? ആരുണ്ട് ഇൗ നാട്ടിൽ തനിക്കും കുഞ്ഞിനും തുണക്ക് താനെവിടെ പോവും. ബദ്ക്കലാണെങ്കിൽ വീട്ടുകാരാരെങ്കിലും ഉണ്ടായിരുന്നു. ഇവിടെ നീ അല്ലാതെ എനിക്കും മകനും  ആരുമില്ല റബ്ബേ.....  എല്ലാം സഹിക്കുകയും ക്ഷമിച്ചു കഴിയുകയും തന്നെ. അല്ലാണ്ടെന്ത് ചെയ്യാൻ താൻ ഒറ്റക്കാണെങ്കിൽ ജീവനൊടുക്കാമായിരുന്നു. തന്റെ മകനെ വിട്ട് റബ്ബേ...വയ്യ. ഞങ്ങൾക്ക് നീ അല്ലാതെ ആരുമില്ല.

ഹംസ ജമീലയെ കല്ല്യാണം കഴിക്കുന്നത് ബദ്ക്കലേക്ക് ജോലിക്കുപോകുന്നതിന്റെ വളരെ മുമ്പാണ്. അതിനു മുമ്പു് ഹംസയ്ക്ക് വേറെ ഒരു ഭാര്യയുണ്ടായിരുന്നു. ‘കൗലത്ത് ’. അവരിൽ രണ്ട് മക്കളുണ്ട്. ഫിറോസും നാസറും. ഒരു സുപ്രഭാതത്തിൽ അയൽവാസികൾ അറിയുന്നത് കൗലത്ത് മരിച്ചു എന്നാണ്. അതിന് കാരണം പറഞ്ഞത് റബ്ബർ മരത്തിന്റെ പാൽ സംസ്ക്കരിക്കാൻ കൊണ്ട് വച്ചിരുന്ന ആസിഡ് മറിഞ്ഞതാണെന്ന്. സത്യമതല്ല.ഉറങ്ങിക്കിടന്ന കൗലത്തിന്റെ ദേഹത്തേക്ക് ഹംസ ആസിഡ് ഒഴിച്ചതാണ് കാരണം. 
ഹംസയ്ക്ക് ഭാര്യയെ ഭയങ്കര സംശയമായിരുന്നുവത്രെ. അന്നേ ഹംസയ്ക്ക് സംശയരോഗം ഉണ്ടായിരുന്നു. അതിന് ശേഷം മക്കളെ നോക്കാൻ ആളില്ലാതിരിക്കെയാണ് ഹംസയുടെ പെങ്ങൾക്കൊരു കല്ല്യണാലോചന വന്നത്. ഹംസയുടെ സുഹൃത്ത് അഷറഫ് , ഒരു മാറ്റകല്യാണം. അഷ്റഫിന്റെ പെങ്ങളെ ഹംസ കെട്ടുകയാണെങ്കിൽ ഹംസയുടെ പെങ്ങളെ അഷ്‌റഫ് വിവാഹം കഴിക്കും. തന്റെ പെങ്ങളുടെയും മക്കളുടെയും ഭാവി ഒാർത്ത് ഹംസ ആ കല്ല്യാണത്തിനു സമ്മതിച്ചു. അങ്ങിനെയാണ് ജമീലയെ കെട്ടുന്നത്. അവൾ എന്ത് പ്രശ്നമുണ്ടാക്കിയാലും അതെല്ലാം ഹംസ ക്ഷമിക്കും. കാരണം തന്റെ പെങ്ങൾ അവളുടെ വീട്ടിലാണ്. ഇവൾക്കെന്തെങ്കിലും പറ്റിയാൽ തന്റെ പെങ്ങളുടെ ഭാവി. തന്റെ ആൺമക്കളെ ജമീലാനെ ഏൽപ്പിച്ചാണ് ഹംസ ബദ് ക്കലേക്ക് ജോലി അന്വേഷിച്ച് പോയത്.
ഹംസ സഫിയയോട്  പറഞ്ഞു. ”ഞാനിത്രയും കാലം എനിക്ക് ഭാര്യയും മക്കളുമുള്ള കാര്യം മറച്ച് വെച്ചത് തെറ്റാണെന്നറിയാം. നീ ക്ഷമിക്ക് തൽക്കാലം നീയും  മോനും ഇവിടെ നിൽക്ക്. കുറച്ച് കഴിഞ്ഞ് ഇവടെ അടുത്ത് തന്നെ നിങ്ങൾക്ക് വീട് വെച്ച്  തരാം.” ഹംസയുടെ വാക്കുകൾ സഫിയക്ക് ചെറിയൊരാശ്വസമായി. ആദ്യമാദ്യം ജമീലയിൽ നിന്ന് പ്രശ്നങ്ങളൊന്നും ഉണ്ടായില്ലങ്കിലും പിന്നീട് അവളുടെ തനിനിറം പുറത്ത് വരാൻ തുടങ്ങി.  ഹംസ തന്റെ പഴയ പണിയായ റബ്ബർ വെട്ടാൻ പോയി തുടങ്ങി. ചെറിയ ചെറിയ ഇണക്കങ്ങളും പിണക്കങ്ങളുമായി ദിവസങ്ങൾ കൊഴിഞ്ഞ് പോയി. സഫിയ ആ സാഹചര്യത്തോടുപൊരുത്തപ്പെട്ടു ജീവിക്കാൻ തുടങ്ങി . കഴിയുന്നതും അവൾ എന്തുണ്ടായാലും കണ്ടില്ലന്ന് നടിച്ച് മുന്നോട്ട്പോയി. തനിക്കൊരു പരിചയവുമില്ലാത്ത നാട്ടിൽ പടച്ചവനല്ലാതെ  വേറെ ഒാരാളും തന്നെ സഹായിക്കാനില്ല. എല്ലാ വിഷമങ്ങലും സഫിയ പടച്ചവനോട്  പറഞ്ഞു.
ഇന്ന് സഫിയ വളരെ സന്തോഷത്തിലാണ്. തന്റെ മകൻ ഫസലിനെ സ്ക്കൂളിൽ ചേർക്കുന്ന ദിവസം. രാവിലെ തന്നെ ഫസലിനെ കുളിപ്പിച്ച് ഉള്ളതിൽ നല്ല ട്രൗസറും കുപ്പായവും ഉടുപ്പിച്ചു. ഹംസ  ഫിറോസിന്റെയും നാസറിന്റെയും കൂടെ സ്ക്കൂളിലേക്ക് കൂട്ടികൊണ്ട്പോയി. സഫിയക്ക് തന്റെ മകനിൽ ഒരുപാട് പ്രതീക്ഷകളുണ്ട്. അവൾക്കെപ്പൊഴും ആശ്വാസം. ഒന്നുമില്ലങ്കിലും അവനൊരു ആൺകുട്ടിയല്ലേ . എന്നെങ്കിലും തന്റെ കഷ്ടപ്പാട്കളൊക്കെതീരും. 
മക്കള് മൂന്ന് പേരും സ്ക്കൂളിൽ പോവും. പിന്നെ സഫിയയും ജമീലയും മാത്രമേ വീട്ടിലുണ്ടവൂ. ജമീല ഒരോന്ന് പറഞ്ഞ് സഫിയയെ നിരന്തരം വേദനിപ്പിച്ച്കൊണ്ടിരുന്നു. ജമീലക്കറിയാം, സഫിയയും മകനും ഇവിടെ സ്ഥിര താമസമാക്കിയാൽ താൻ എന്നെന്നും ഒറ്റപ്പെടുമെന്ന്. തനിക്കാണെങ്കിൽ മക്കളുമില്ല. അതിനു മുമ്പ് സഫിയയെയും മകനെയും ഇവിടന്ന് പുകച്ചു പുറത്ത് ചാടിക്കണം . അതിനുള്ള തന്ത്രം ജമീല നിരന്തരം മെനയാൻ തുടങ്ങി. ദിനങ്ങൾ വീണ്ടുംകടന്ന് പോയിക്കൊണ്ടിരുന്നു. ഒരു ദിവസം രാത്രി സഫിയ ഹംസയോട്  പറഞ്ഞു. ”എനിക്കും മോനും അടുത്ത് ചെറിയൊരു വീട് വെച്ച് തരാന്ന് പറഞ്ഞതല്ലെ അത് ശരിയായാൽ ഞാനും മോനും അങ്ങട്ട് മാറിക്കൊള്ളാം. ഇവിടെയാണെങ്കി ഒാരോന്ന് പറഞ്ഞ് എന്നും തല്ല്കൂടലാ... അത് എത്രയും പെട്ടന്ന് ങ്ങൾ ചെയ്ത് തരണം. ഒരു കുടിലാണെങ്കിലും മനസ്സമാധാനത്തോടെ കഴിയാലൊ?” ഹംസയും കരുതി . അതു തന്നെ നല്ലത് ജമീലക്കും കുട്ടികൾക്കും ഇവിടെയും, സഫിയക്കും മോനും അവിടെയും നിൽക്കാലൊ. തനിക്ക് മനസ്സമാധാനം ഉണ്ടാവുകയും ചെയ്യും. വീട് പണി ഉടനെ തുടങ്ങാമെന്ന് സഫിയക്ക് വാക്ക് കൊടുത്തു. സന്തോഷത്തോടെ സഫിയ ഹംസയെ കെട്ടിപ്പിടിച്ചു. വിളക്ക് പതിയെ അണഞ്ഞു. ആനന്ദത്തിന്റെ നിർവൃതിയിൽ ഹംസയും  സഫിയയും ലയിക്കുകയായിരുന്നു. ഇവിടെ എത്തിയതിനു ശേഷം തനിക്കു ലഭിച്ച സുന്ദര സുരഭില നിമിഷങ്ങൾ. നഷ്ടപ്പെട്ടെന്നു കരുതിയ ജീവിതം തിരികെയെത്തുമെന്ന പ്രതീക്ഷ.

നേരം വെളുത്ത ഉടനെ ഹംസ ജോലിക്ക് പോയി. വൈകുന്നേരം ടാപ്പിംങ്ങ് [റബ്ബർ വെട്ടി പാൽ എടുക്കൽ ]കഴിഞ്ഞ് വന്ന ഉടനെ വീട് പണിയാനുള്ള തയ്യാറെടുപ്പ് തുടങ്ങി. അതിന്റെ ആദ്യപടിയെന്നൊണം മണ്ണുകൊണ്ട് കട്ട ചുടാൻ വേണ്ടി അടുത്ത വീട്ടിൽനിന്ന് കട്ട ചുടുന്ന പെട്ടി വാങ്ങികൊണ്ട് വന്നു. ഹംസ മണ്ണ് ചവിട്ടികുഴക്കാൻ തുടങ്ങി. സഫിയയും ജമീലയും വെള്ളം കുടത്തിൽ കൊണ്ടുവന്ന് ഒഴിച്ച് കൊടുത്ത് കൊണ്ടിരുന്നു. മക്കൾ മൂന്നാളും കുറച്ച് നേരം വാപ്പയെ സഹായിച്ചു. ക്ഷീണിതരായ അവർക്ക് സഫിയ ഭക്ഷണം നൽകി. അവരെ കൊണ്ടുകിടത്തി . ക്ഷീണത്താൻ അവർ പെട്ടന്ന് ഉറങ്ങി
ജമീലക്ക് സഫിയയുടെ  വീട് പണിയിൽ ഒട്ടും താൽപ്പര്യമുണ്ടായിട്ടല്ല. എങ്ങിനെയെങ്കിലും ഇൗ പണിയൊന്ന് മുടക്കണം. ഇൗ വീടുണ്ടാക്കിയാ പിന്നെ ഇക്ക ഇവളുടെ അടുത്ത് തന്നെയായിരിക്കും. തന്റെ ഗതി പറയുകയും വേണ്ട. പെട്ടന്നാണ് സഫിയ വെള്ളംകൊണ്ട് വരുന്ന കുടമൊന്ന് മതിലിൽ തട്ടിയത്. നേരം ഇരുട്ടിയതിനാൽ മതിൽ കാണാനും വയ്യ. അത് താഴെ വീണു പൊട്ടി. കിട്ടിയ അവസരം ജമീല മുതലെടുത്തു. ”എന്താ സഫിയ അനക്ക് കണ്ണ് കണ്ടില്ലെ പുതിയ കുടമാണത്. ഇങ്ങിനെ പോയാൽ വീട് പണികഴിയുമ്പോഴേക്ക് എത്ര കുടം വാങ്ങേണ്ടിവരും അനക്ക് അതിന്റെ വില അറിയാഞ്ഞിട്ടാ.... അല്ലേലും അനക്കതൊന്നും.....” ”ഇത്താത്താ....ഞാൻ അറിയാതെ” ”ജ് ജ്ജന്താ കിള്ള കുട്ട്യാ” ”എന്താ ജമീലാ.. എന്താ പ്രശ്നം” ങ്ങള് കാണണില്ലെ സഫിയ കുടം കൊണ്ട് മതിലിലിടിച്ച് പൊട്ടിച്ച്ത്.
 ”തന്റെ അടുത്ത് നിന്ന് അറിയാതെ പറ്റിയ ഒരു കാര്യത്തിനാണ് ഇത്ര പ്രശ്നങ്ങളൊക്കൊ ഉണ്ടാക്കണത്” സഫിയയും വിട്ടില്ല.”ഇത്താത്ത ന്ക്കറിയാം ന്ക്ക് വീട്ണ്ടാക്കണതിലുള്ള അസൂയയാ ങ്ങക്ക്.” ”ങ്ങൾക്ക് വെള്ളംകൊണ്ട് വരാൻ കഴില്ലങ്കി അത് പറഞ്ഞാ പോരെ ഞാൻ കൊണ്ട് വന്നോളാം” അങ്ങിനെ ഒന്നും രണ്ടും പറഞ്ഞ് സഫിയയും ജമീലയും വഴക്ക് ശക്തമാക്കി.”ങ്ങളൊന്ന് നിർത്തുന്നുണ്ടോ, അടുത്ത വീട്ടുകാര് കേക്കും”സഹികെട്ട് ഹംസ പറഞ്ഞു. അവരാണെങ്കി വഴക്കടിക്കുന്നതിനടയിൽ കേട്ടതായി പോലും ഭാവിച്ചില്ല. ദേഷ്യം പിടിച്ച ഹംസ അടുത്തുള്ള കൊല്ലപൂളയുടെ (വർഷാവർഷം കായ്ക്കുന്ന കപ്പകിഴങ്ങ് മരംപോലെയാണതിന്റെ വളർച്ച. ഒരു പാട് കിഴങ്ങകളും ഉണ്ടാവും) കൊമ്പ് ശക്തിയായി വലിച്ചു പൊട്ടിയില്ല. അത്രയ്ക്ക് ബലമായിരുന്നു അതിന്. ഒന്നൂടെ ശക്തിയായി ചവിട്ടി ഒടിച്ചു. അത്കൊണ്ട് ദേഷ്യം തീരുന്നത് വരെ സഫിയയെ കണക്കറ്റ് പ്രഹരിച്ചു. അവസാനം അടികൊണ്ട് സഫിയ തളർന്ന് വീണപ്പൊഴാണ് ഹംസ  അടി നിർത്തിയത്.  

ഇതെല്ലാം കണ്ട് ജമീല മനസ്സിൽ സന്തോഷിക്കുകയായിരുന്നു. അവൾക്ക് അഹങ്കാരം കൂടുകയും ചെയ്തു. അവൾക്കറിയാം എന്ത് ചെയ്താലും തന്നെ ഭർത്താവ് അടിക്കില്ലെന്ന്. തന്നോടുള്ള ദേഷ്യം കൂടി സഫിയയിൽ തീർത്തതാണെന്ന്. തന്നെ വേദനിപ്പിച്ചാൽ അതിന്റെ തിക്ത ഫലം പെങ്ങൾ അനുഭവിക്കുമെന്നത് നന്നായറിയാം. ജമീലക്ക് സന്തോഷത്തിന് അതിരില്ല. തന്റെ ആഗ്രഹമിതാ നടന്നിരിക്കുന്നു. എങ്ങനെയെങ്കിലും ഇൗ വീടുപണിയൊന്ന് മുടക്കണം. അതിതാ സാധിച്ചിരിക്കുന്നു. ഹംസ  ജമീലയെ രൂക്ഷമായൊന്ന് നോക്കി. പണിനിർത്തി വീടിന്റെ  ഉള്ളിലേക്ക് കയറി പോയി. പിന്നാലെ ജമിലയും. ഇതേസമയം ഇരുട്ടിൽ കിടന്ന് വേദനകൊണ്ട് പിടയുകയായിരുന്നു. സഫിയ. അത്രയ്ക്ക് വേദനിച്ചിരുന്നു. ശീരത്തേക്കാൾ മനസ്സാണ് വേദനിച്ചത്. ഇത്രയും കാലം ഇല്ലാത്തത് ഇപ്പൊഴിതാ സംഭവിച്ചിരുക്കുന്നു. എന്തെല്ലാം പ്രശ്നങ്ങൾ ഉണ്ടായാലും തന്നെ ഇതുവരെ തല്ലിയിട്ടില്ല. ഇപ്പൊ അതും... ഒന്ന് എണീക്കാൻപോലും കഴിയാതെ തളർന്ന് പോയിരുന്നു അവൾ.റബ്ബിനോടവൾ മനമുരുകി പ്രാർത്ഥിച്ചു.”പടച്ചവനെ എന്തിനാ തന്നെ ഇങ്ങിനെ പരീക്ഷിക്കുന്നത് അതിനുമാത്രം എന്ത് തെറ്റ് ചെയ്തു ഞാൻ”.
സമയം പോയിക്കൊണ്ടിരുന്നു. ഇരുട്ട് ശക്തമായി. സഫിയക്ക് ഇരുട്ടിനെ ആ സമയത്ത് ഒട്ടും ഭയമില്ലായിരുന്നു. ഇൗ കിടന്നകിടപ്പിൽ ഒന്ന് മരിച്ച് കിട്ടിയാൽ മതിയായിരുന്നു. ഇതിലും ഭേതം അതാണ്.
 ഇതിനിടയ്ക്ക് കുറ്റബോധത്താൽ ഹംസ  വന്ന് സഫിയയെ ഒരു പാട് വിളിച്ചു. എണീറ്റ് വരാൻ സഫിയ കൂട്ടാക്കിയില്ല. താൻ നിരപരാധിയാണെന്നറിഞ്ഞിട്ടും ഭർത്താവ് തന്നെ അടിച്ചു. തെറ്റ് ചെയ്തവൾ സുഖമായി കിടന്നുറങ്ങുന്നു. കുറ്റബോധം തോന്നിയ ഹംസ  അസ്വസ്ഥതയോടെ വീട്ടിലേക്ക് കയറി പോയി. ഇതൊന്നും അറിയാതെ നല്ല ഉറക്കിലായിരുന്നു ഫസൽ. തന്നെ ആരോ വിളിക്കുന്നത് കേട്ടാണ് ഉറക്കിൽനിന്നും ഞെട്ടി ഉണർന്നത്. ഇത്രപെട്ടെന്ന് നേരം വെളുത്തോ? ഇപ്പം കിടന്നതല്ലെ ഉള്ളൂ...എന്നും ഉമ്മ വന്നാണല്ലൊ വിളിക്കാറ്. ഉമ്മ എവിടെ ഉറക്കച്ചടവോടെ കണ്ണ് തിരുമ്മി അവൻ എണീറ്റു. തൊട്ടടുത്ത് ഇരിക്കുന്ന ബാപ്പയെ നോക്കി. അടുത്ത് കിടക്കാറുള്ള ഉമ്മയെയും. ഉമ്മയെ അടുത്ത് കണ്ടില്ല. അസ്വസ്ഥതയോടെ അവൻ വാപ്പയോട് ചോദിച്ചു. “ഉമ്മച്ചി  ഉ മ്മച്ചി എവിടെ” “മോനേ....ഉമ്മച്ചി ഉപ്പച്ചിയോട് പിണങ്ങി  വീടിന് പുറത്ത് കിടക്കയാണ്. ഞാൻ കുറേ വിളിച്ചു....മോൻ ചെന്ന് വിളിക്ക് അപ്പം ഉമ്മച്ചി വരും”. ഹംസ  ഫസലിന് വാതില് തുറന്നു കൊടുത്തു പുറത്തേക്ക് കാൽ വെച്ച ഫസൽ പുറത്ത് ഇരുട്ട് കണ്ട് ഭയത്തോടെ പിന്നിലേക്ക് കാൽവലിച്ചു. അത്രകണ്ട് ഇരുട്ടായിരുന്നു പുറത്ത്. 
ആ കുഞ്ഞ് മനസ്സ് തേങ്ങി. പടച്ചവനെ “ഇൗ ഇരുട്ടത്ത് ന്റെ ഉമ്മച്ചി ഒറ്റക്ക് കിടക്കെ. പേടിആവൂലെ“. ഉമ്മച്ചിയോടുള്ള സ്നേഹം കാരണം അവന്റെ പേടി അവൻ മറന്നിരുന്നു. പിന്നിൽ നിന്ന് വാപ്പയുടെ ടോർച്ചിന്റെ വെളിച്ചത്തിനനുസരിച്ച് അവൻ വേഗത്തിൽ നടന്നു. പുറത്തെ തണുപ്പിന്റെ കാഠിന്യം അവന്റെ കുഞ്ഞ് ശരീരത്തെ പിടിച്ച് കുലുക്കുന്നുണ്ടായിരുന്നു.പ ക്ഷെ അതൊന്നും അവൻ വകവെച്ചില്ല. ഉമ്മച്ചി എവിടെ? അവൻ അപ്പുറവും ഇപ്പുറവും നോക്കി. വാപ്പയുടെ ടോർച്ചിന്റെ വെളിച്ചം എത്തുന്നയിടത്തൊന്നും ഉമ്മച്ചിയെ കണ്ടില്ല. തന്റെ ഉമ്മച്ചിയെവിടെ ആ കുഞ്ഞ് മനസ്സ് പിടഞ്ഞു. തന്റെ ഉമ്മച്ചിയെ ആരെങ്കിലും കൊണ്ടോയോ. അവൻ നിന്നിടത്ത് നിന്ന് അൽപ്പം മാറി സൈഡിലെ പൂളമരത്തിന്റെ ചുവട്ടിൽനിന്ന് അവനൊരു ഞരക്കം കേട്ടു.
 ആദ്യം ഫസലൊന്ന് ഞെട്ടി. ഉപ്പയുടെ ടോർച്ച് വെട്ടത്തിൽ അവനത് കണ്ടു. തന്റെ ഉമ്മ പെട്ടന്ന് അവൻ അങ്ങോട്ട് തിരിഞ്ഞു. “ഉമ്മച്ചി... ഉമ്മച്ചി...“ എന്ന് വിളിച്ച് അടുത്തിരുന്ന് തട്ടി വിളിച്ചു. ക്ഷീണവും ശരീരത്തിലെ വേദനയും കാരണം പതിയെ മയക്കത്തിലേക്ക് വഴുതി വീഴുകയായിരുന്നു സഫിയ. പൊന്ന് മോന്റെ വിളികേട്ട് ഞെട്ടി ഉണർന്നു മോനെ മാറോട് ചേർത്ത് പൊട്ടി കരഞ്ഞു. കരച്ചിലിനിടയിൽ സഫിയയുടെ വാക്കുകൾ പുറത്തേക്ക് വന്നു. “മോന് മോനിതുവരെ ഉറങ്ങിയില്ലെ.....“ ഫസലിന് ആദ്യമൊന്നും മനസ്സിലായില്ലങ്കിലും ഉമ്മയുടെ കൂടെ അവനും കരഞ്ഞു. അതിനിടയിൽ അവന്റെ മനസ്സ് പറഞ്ഞുകൊണ്ടിരുന്ന എന്നും തന്റെ കൂടെ കിടക്കാറുള്ള ഉമ്മ ഇന്ന് എന്തെങ്കിലും കാരണമില്ലാതെ ഇൗ ഇരുട്ടത്ത് കിടക്കില്ല. കരച്ചിലിനിടയിൽ ഫസൽ ചോദിച്ചു. “എന്ത് പറ്റിയുമ്മ.... എന്തുപറ്റി.“ ശീരത്തിന്റെയും മനസ്സിന്റെയും വേദനകൾ കടിച്ചമർത്തി സഫിയ തന്റെ മകനോട് പറഞ്ഞ് തുടങ്ങി. അവസാനം ഉപ്പ അടിച്ചിട്ടാണ് ഇവിടെ കിടക്കുന്നതെന്ന് വരെ.
ഫസലിന്റെ മനസ്സിൽ ഉപ്പയോടും ഉപ്പയുടെ രണ്ടാം ഭാര്യയോടും ദേഷ്യം തോന്നിയെങ്കിലും എന്ത് ചെയ്യാൻ. ആ കുഞ്ഞുകൈകൾ ഉമ്മയുടെ ശരീരത്തിൽ തലോടി ഉമ്മയെ സമാശ്വസിപ്പിച്ചു. ദിവസങ്ങൾ ആഴ്ചകൾക്കും ആഴ്ചകൾ മാസങ്ങൾക്കും വഴിമാറികൊണ്ടിരുന്നു...


തുടർന്നു വായിക്കുക അടുത്ത ഞായറാഴ്ച്ച - 03 02 2019

ഷംസുദ്ധീൻ തോപ്പിൽ
27 01 2019


19.1.19

നിഴൽ വീണ വഴികൾ - ഭാഗം 5

രുട്ടിനെ കീറിമുറിച്ചുകൊണ്ട് ആ ലോറി അതിവേഗം പാഞ്ഞു. അതിനുള്ളിൽ ഭയപ്പാടോടെ ഹമീദും കുടുംബവും. ഒരുവിധം അവർ കേരളാതിർത്തിയായ ചപ്രയിൽ എത്തി. എവിടെ താമസിക്കും. തന്നെപോലെ ഒരുപാട് കുടുംബങ്ങൾ ബദ്ക്കൽ നിന്ന് പ്രാണരക്ഷാർത്ഥം ഇവിടെ എത്തിയിട്ടുണ്ട്. അവർക്ക് പലവീട്ടുകാരും അഭയം കൊടുത്തിരിക്കാം.

ഹമീദ് വിറയാർന്ന ഓർമകളിൽ ഹൃദയം പിടഞ്ഞു കൊണ്ടിരുന്നു ... ആര് തങ്ങൾക്ക് അഭയം തരും. തന്റെ സുഹൃത്ത് തലശ്ശേരി മമ്മദിന്റെ വീട് ഇവിടെ അടുത്താണല്ലൊ. അപ്പോഴാണ് ഹമീദിന് ഒാർമ വന്നത്. അനിവിടെ വലിയ വീടും സാമ്പത്തിക ശേഷിയുമൊക്കെയുണ്ടെന്ന് കേട്ടിരുന്നു . വേറെ എന്തെങ്കിലും ആവുന്നത് വരെ അവിടെ താമസക്കാം . പണ്ടെങ്ങോ വന്ന നേരിയ ഒാർമ്മ വെച്ച് ഡ്രൈവർ ശെൽവത്തിന് ഹമീദ് വഴി പറഞ്ഞ് കൊടുത്തു. ”അതാ അത് തന്നെ വീട്... അവിടെ  അടുപ്പിച്ച് നിർത്തിക്കൊ.” ലോറി റോഡ്സൈഡിലേയ്ക്ക് ഒതുക്കി നിർത്തി. അതിൽ നിന്ന് ഹമീദ് പതിയെ ഇറങ്ങി കൂടെ ദാസനും ശെൽവവും മറ്റു തമിഴരും നേരം വെളുത്ത് വരുന്നതേയുള്ളൂ. ”ദാസാ...ങ്ങളിവിടെ നിൽക്കിം. ഞാൻ മമ്മദിനെ ഒന്ന് വിളിക്കട്ടെ എല്ലാവരെയും കണ്ട് അവൻ ബേജാറാവണ്ട ”. ഹമീദ് വീടിന് മുൻപിലെ വാതിലിനടുത്തേക്ക നടന്നു.

ഹമീദ് മമ്മദിന്റെ  വാതിലിൽ മുട്ടി. “മമ്മദേ ...എടാ മമ്മദേ .....“ മമ്മദ്  ഉറക്കിൽ നിന്ന് ഞെട്ടി ഉണർന്നു. ആരൊ വിളിക്കണണ്ടല്ലോഏയ്‌ തോന്നിയതായിരിക്കും പുലർകാല തണുപ്പിൻ സുഖാലസ്യത്തിൽ പുതപ്പിനടിയിൽ ഭാര്യയെ ഒന്നൂടെ പുണർന്ന് ഉറക്കിലേക്ക് പതിയെ കണ്ണുകളടഞ്ഞതെ ഒള്ളൂ വിളി വീണ്ടും കതി ലടിച്ചു . ഇൗ പുലർച്ചക്ക് ആരാപ്പത്. “എടീ ഖദീജാ... ഖദീജാ...” തൊട്ടടുത്ത് കിടന്ന  ഭാര്യയെ തട്ടിവിളിച്ച് പറഞ്ഞു. “ആരോ വിളിക്ക്ണണ്ടല്ലൊ”. ഹമീദ് വീണ്ടും വിളിച്ചു. “മമ്മദേ .... മമ്മദേ ...“. “എവിടെയോ കേട്ട് പരിചയമുള്ള ശബ്ദം. ബദ്ക്കൽ ആണെങ്കി മാപ്ലാരെ [മുസ്ലിങ്ങളെ] കണ്ണികണ്ടാ വെട്ടികൊല്ലാന്നാ കേട്ടത്. വാ നമുക്ക് വാതിൽ തുറന്നോക്കാപാതി നഷ്ടപെട്ട ഉറക്കച്ചടവോടെ ...“ വാതിലന്റെ അടുത്തെത്തിയ മമ്മദും ഭാര്യയും ഒരു നിമിഷം നിശബ്ദരായി നിന്നു. പതിയെ ഭാര്യയോട് പറഞ്ഞു... ”പെട്ടന്ന് വാതിൽ തുറക്കുന്നത് ശരിയല്ല, നമുക്ക് ഒന്നൂടെ പുറത്തേക്ക് വിളിച്ച് ചോദിയ്ക്കാ നല്ലത്.“

“മമ്മദ് വാതിലിൽ മുട്ടി പുറത്തേക്ക് ചോദിച്ചു പുറത്താരാ...”. “മമ്മദേ  ഇത് ഞാനാ ബദ്ക്കൽ ഉള്ള ഹമീദ് ”. മമ്മദ് പെട്ടന്ന് വാതിൽ തുറന്നു. “ന്റെ  റമ്പേ.... ഹമീദൊ അന്റെ പെണ്ണുങ്ങളും കുട്ടികളൊക്കെ എവിടെ”? മമ്മദ്ചോദിച്ചു. “അവരൊക്കെ വണ്ടിയിലുണ്ട്. ലോറി വിളിച്ചാ വന്നത്. കിട്ടിയ സാധനങ്ങളുമെടുത്ത് ഞങ്ങൾ പ്രാണരക്ഷാർത്ഥം ഓടുകയായിരുന്നു. അവിടെ നിക്കാബയ്യാ... മാപ്ലാരെ വെട്ടിക്കൊല്ലാ....എല്ലാവരും ങ്ങട്ട് പോന്ന്ക്ക്ണ്. ന്നലെ ഞങ്ങള് തമിഴരെ പാടിയിലാ നിന്നത്.“ ഒറ്റ ശ്വാസത്തിൽ ഹമീദ് കണ്ണുകൾ നിറഞ്ഞൊഴുകുന്നതിനിടയിൽ കാര്യംപറഞ്ഞു. മമ്മദ് പറഞ്ഞു “കാര്യോക്കെ ഇനി പിന്നെപറയാം.. ജ്ജ് നോക്കിനിക്കാതെ സാധനങ്ങളൊക്കെ ലോറീന്ന് ഇറക്കിയേ...”

എല്ലാരുംകൂടി ലോറിയിൽനിന്ന് സാധനങ്ങളൊക്കെ ഇറക്കി. ലോറിക്കൂലി കൊടുക്കാൻ ഹമീദ് ട്രൗസറിന്റെ പോക്കറ്റിൽ കയ്യിട്ടപ്പൊഴേക്ക് മമ്മദ് തടഞ്ഞു. മമ്മദ് കൈയ്യിൽ കരുതിയ കാശെടുത്തു കൊടുത്തു. അവർ എത്ര നിർബന്ധിച്ചിട്ടും പൈസ വാങ്ങിയില്ല. ദാസനും ശെൽവനും കൂടെയുള്ളവരും ഒരേ സ്വരത്തിൽ പറഞ്ഞു. “ഞങ്ങൾ ഹമീദ്ക്കാന്റെ അടുത്ത് നിന്ന് പൈസ വാങ്ങില്ല” കലങ്ങിയ കണ്ണുകളുമായി അവർ യാത്രപറഞ്ഞു. “ഇനി ദൈവം വിധിക്കാണെങ്കി എന്നെങ്കിലും നമുക്ക് കാണാം” എന്ന് പറഞ്ഞ് അവർ യാത്രയായി. കണ്ട് നിന്ന മമ്മദിന്റെയും ഭാര്യയുടേയും കണ്ണുകൾ ഇൗറനണിഞ്ഞു.

ഇതിനിടയ്ക്ക് കേരളത്തിൽ നിന്നും വിദേശത്ത് നിന്നുമെല്ലാം ചപ്രയിലേക്ക് സഹായം എത്തികൊണ്ടിരുന്നു. അപ്പോഴേക്ക് ബദ്ക്കലെ വർഗ്ഗീയ കലാപം ലോകമൊട്ടാകെ ചർച്ചാവിഷയമായി. മുസ്ലിംങ്ങളെ സംരക്ഷിക്കുന്നതിന് പല സംഘടനകളും രുപംകൊണ്ടു. അവരിലൂടെ സഹായ ഹസ്തങ്ങൾ എത്തികൊണ്ടിരുന്നു. ബദ്ക്കൽനിന്ന് വന്ന തൊണ്ണൂറോളം കുടുംബങ്ങളെ എത്രയാന്ന്വെച്ചാ മറ്റുള്ളവർ സഹായിക്കാ....

ആയിടക്കാണ് വയനാട് ജില്ലയിലെ തോട്ടിൻകര എന്ന സ്ഥലത്തെ മുസ്ലിം പ്രമാണിമാർ ബദ്ക്കൽനിന്നും എല്ലാം നഷ്ടപ്പെട്ടു വന്നവർക്ക് പത്ത് സെന്റ് സ്ഥലം വീതം കൊടുക്കാം എന്ന് പറഞ്ഞ്  മുന്നോട്ട് വന്നത്. തൊണ്ണൂറോളം കുടുംബങ്ങൾക്ക് അത് വല്ലാത്തൊരു ആശ്വാസമായി. ഏത് നിമിഷവും മരണം തട്ടിയെടുക്കുമെന്ന് ഭയന്ന് കരകാണാതെ കടലിൽ പെട്ട് ഉലയുന്ന കപ്പലിലുള്ളവർക്ക് പെട്ടെന്ന് കാറ്റും കോളും അടങ്ങി അങ്ങകലെ  കരകാണുമ്പോഴുള്ള അവസ്ഥയായിരുന്നു അവർക്ക്. കേട്ടപാടെ പല കുടുംബങ്ങളും വയനാട്ടിലെ തോട്ടിൻകരയിലേക്ക് പുറപ്പെട്ടു. കൂടെ ഹമീദും കുടുംബവും. മമ്മദ്ക്കയോട് യാത്രപറയുമ്പോൾ ഹമീദിന്റെ ശബ്ദമിടറി. ”വിധിയുണ്ടെങ്കിൽ വീണ്ടും കാണാം മമ്മദ്ക്കാ... നിങ്ങൾ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണേ...“ ഈറനണിഞ്ഞ മിഴികളോടെ ഹമീദും കുടുംബവും ഇതുവരെ കാണാത്ത, കേൾക്കാത്ത തോട്ടിൻകര എന്ന ഗ്രാമത്തിലേക്ക് പ്രതീക്ഷയോടെ യാത്രയായി.

പ്രകൃതി രമണീയമായ തോട്ടിൻകരഗ്രാമം പേര് പോലെ തന്നെ മനോഹരമായ പുഴ കടന്ന് വേണം ഇൗ ഗ്രാമത്തിലെത്താൻ. അതിന് വേണ്ട പാലവും പുഴയുടെ മുകളിൽ പണിതിട്ടുണ്ട്. അതിലൂടെയാണ് തോട്ടിൻകരയിലേക്ക് വാഹനങ്ങളൊക്കെ പോകാറ്. മഴക്കാലമായാൽ ഇൗ പുഴ ജനങ്ങളെ ചതിക്കും. പാലം മൂടി പുഴ നിറഞ്ഞ്കവിഞ്ഞൊഴുകും. അപ്പോൾ ചെറുതോണികളെ ആശ്രയിക്കേണ്ടിവരും. കൃഷിയിലൂടെ സമ്പന്നരായവരാണ് അവിടെയുള്ളവരെങ്കിലും ഇൗ പുഴകടന്ന് വേണം പട്ടണമായ പുളിവക്കിലെത്താൻ. വീട്ട്സാധനങ്ങളൊക്കെ വാങ്ങാൻ കടകളും, സ്കൂളുകളും കോളേജുകളും ആശുപത്രികളും എന്തിനേറെ റേഷൻകടവരെ പുളിവക്കിലെ  ഉള്ളൂ. തോട്ടിൻകരയിൽ വളരെ അത്യാവശ്യ സാധനങ്ങൾ കിട്ടുന്ന കടകളേയുള്ളൂ.

അഭയാർത്ഥികളായെത്തിയ തൊണ്ണൂറോളം കുടുംബങ്ങൾക്ക്തോട്ടിൻകരയിലെ മുതലാളിമാർ അവർ പറഞ്ഞ പോലെ 10 സെന്റ് സ്ഥലം വീതം കൊടുത്തു. എല്ലാവരും താൽക്കാലിക ഷെഡ് കെട്ടി അവിടെ താമസമാക്കി. ഹമീദും ഷെഡ്കെട്ടാനുള്ള ഒരുക്കങ്ങൾ നടത്തികൊണ്ടിരിക്കെ അവർക്ക് സ്ഥലം കൊടുത്ത പോക്കർ ഹാജി വന്നു പറഞ്ഞു “നിങ്ങളെയും കുടുംബത്തേയു ഇൗ ഷെഡിൽ കിടത്താൻ മനസ്സനുവദിക്ക്ണില്ല്യ. ഒരു വീട് വെക്കുന്നത് വരെ ഞമ്മക്ക് ഒരു കുടുംബത്തെപോലെ ഞങ്ങളെ വീട്ടിൽ താമസിക്കാം”. “വേണ്ട ഹാജിക്കാ... ഞങ്ങളും മറ്റുള്ളവരെ പോലെ ഇൗ സ്ഥലം തന്നതിനു നിങ്ങളൊടു എന്നും തീർത്താതീരാത്ത കടപ്പാടുള്ളവരാ”. പക്ഷെ പോക്കൽ ഹാജിയുടെയും കുടുംബത്തിന്റെയും സ്നേഹപൂർണ്ണമായ നിർബന്ധത്തിന് വഴങ്ങേണ്ടിവന്നു ഹമീദിനും കുടുംബത്തിനും. മാസങ്ങൾക്കകം പോക്കർ ഹാജി ഹമീദിന് നല്ലൊരു ഒാലമേഞ്ഞ വീട് വച്ച് കൊടുത്തു. അതിന് പുറമെ അവരുടെ തോട്ടത്തിൽ ഹമീദിനും കുടുംബത്തിനും ജോലിയും കൊടുത്തു.

പുതിയ നാടും നാട്ടുകാരും.... അല്ലലില്ലാതെ പഴയ നഷ്ടപ്പെടലിന്റെ വേദനകൾ മറന്ന് ജീവിതം മുന്നോട്ട് പോയിക്കൊണ്ടിരുന്നു. ഇടയ്ക്കിടക്ക് നാട്ടുകാരുടേയും തെരഞ്ഞെടുപ്പ് സമയത്ത് രാഷ്ട്രീയക്കാരുടേയും “അഭയാർത്ഥികൾ... അഭയാർത്ഥികൾ”എന്ന വിളികേൾക്കുമ്പൊൾ മറ്റുള്ളവരെക്കാൾ ഹമീദിന്റെ നെഞ്ചെത്തൊരു എരിച്ചിലാണ്. അന്യനാടായ ബദ്ക്കലിൽപോലും അവിടത്തെ ജനങ്ങൾ മറുനാട്ടുകരെ വേറൊരു കണ്ണ്കൊണ്ട് കണ്ടിട്ടില്ല. പക്ഷെ തങ്ങളുടെ സ്വന്തം നാടായ കേരളത്തിൽ പലരുടെയും സ്വാർത്ഥ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിന്  വേണ്ടി  ”അഭയാർത്ഥികളെ”ന്ന് മുദ്രകുത്തപ്പെടുന്നു. വിളിക്കുന്നവർക്ക് അതൊരു രാഷ്ട്രീയ ലാഭമായിരിക്കാം. പക്ഷെ കേൾക്കുന്നവർക്കൊ അതൊരു തീരാവേദന. അഭയാർത്ഥികളെന്ന പേര് പറഞ്ഞ് പലരും ധാരാളം പണമുണ്ടക്കിയത് മിച്ചവും.

ഒരിക്കൽ തൊട്ടത്തിൽ പണിയെടുത്ത് കൊണ്ടിരിക്കുമ്പോൾ ഹമീദിന് വല്ലാത്ത ശ്വാസം മുട്ടൽ. ശ്വാസം കിട്ടുന്നില്ല. ഹമീദ് പതിയെ താഴെ ഇരുന്നു തൊട്ടപ്പുറത്ത് പണിയെടുക്കുന്ന മോളെ വിളിക്കാൻ കൈപൊക്കി. വിളിക്കാൻ വാക്കുകൾ കിട്ടുന്നില്ല. അവൾ പണിത്തിരക്കിലാണ്. ശ്രദ്ധിച്ചതുമില്ല. പണിക്കിടെ ഇടയ്ക്കിടക്ക് തമാശ പറയുന്ന ബാപ്പയുടെ സംസാരം കേൾക്കാതെ വന്നപ്പോൾ തല ഉയർത്തി നോക്കിയ സീനത്ത് ഒരു നിമിഷം ഞെട്ടി. ബാപ്പ അതാ നിലത്ത് കിടന്നു ഇഴയുന്നു. സീനത്ത് ബാപ്പാന്റെ അടുത്തേക്ക് ഒാടി. അവൾ ബാപ്പാന്റെ തല മടിയിലേക്ക് പൊക്കി വെച്ച് കിടത്തി.”ബാപ്പാ....ബാപ്പാ...എന്ത് പറ്റി ബാപ്പാ... ബാപ്പാ...” സീനത്തിന്റെ കരച്ചിൽ കേട്ട് സൈനബയും സമീപത്ത് പണിയെടുക്കുന്നവരും ഒാടിവന്നു.

തുടർന്നു വായിക്കുക അടുത്ത ഞായറാഴ്ച്ച - 27 01 2018

ഷംസുദ്ധീൻ തോപ്പിൽ
 20 01 2018

12.1.19

നിഴൽ വീണ വഴികൾ - ഭാഗം 4

ന്ന് ഹമീദിന്റെ വീട്ടിൽ ഒരുപാട് ആളുകളുണ്ട്. അയൽവാസികളെല്ലാം പണിക്കുപോവാതെ ഹമീദിന്റെ വീട്ടിലേക്ക് വരികയാണ്. ഹമീദിന്റെ വീട്ടിൽ ഒരു യാത്രയയപ്പിന്റെ പ്രതീതി. വീടിന്റെ അകത്തുനിന്നും ഇടയ്ക്ക് ഇടയ്ക്ക് കരച്ചിൽ പുറത്തേക്കു കേൾക്കാം. ഹംസയും സഫിയയും കുഞ്ഞും ഇന്ന് മലബാറിലേക്ക് പോവുകയാണ്. ഹംസയുടെ നാട്ടിലേക്ക്. അവിടെ ഹംസയുടെ കുടുംബാംഗങ്ങൾ ഉണ്ടുപോലും. അവൻ ഇടയ്ക്കിടയ്ക്ക് പണി സ്ഥലത്ത് നിന്നും നീണ്ട ലീവ് എടുത്തു പോയിരുന്നത് ഇപ്പോഴാണ് എല്ലാവർക്കും മനസ്സിലായത്. സഫിയയെ വിവാഹം കഴിക്കുന്നതിനു മുൻപും ഹംസയോടു പലരും ചോദിച്ചതാണ് നിന്റെ കുടുംബാംഗങ്ങളൊക്കെ എവിടെ? അന്ന് ഹംസയുടെ മറുപടി എനിക്കാരുമില്ലാ ഞാൻ അനാഥനാണെന്നാണ്.

അടുത്ത വീട്ടുകാർ ഹംസയോടു പറഞ്ഞു. ''നിനക്കും സഫിയക്കും നല്ല ജോലി ഉണ്ട്. അതുകളഞ്ഞ് നിങ്ങൾ പോവണ്ട ജോലിയിൽ നിന്ന് വിരമിക്കുമ്പോൾ നിങ്ങൾക്ക് നല്ല ഒരു തുക കിട്ടില്ലേ. [തോട്ടം തൊഴിലാളികൾക്ക് അവർ ജോലിയിൽ നിന്നും വിരമിക്കുന്ന സമയത്ത് നല്ല ഒരു തുക കിട്ടും സർവീസ് വാങ്ങുക എന്നാണ് പറയുക ]. തൊഴിലാളികൾക്ക് അവരുടെ വേതനത്തിൽ നിന്നും പിടിക്കുന്ന നിശ്ചിത തുകയുടെ സ്വരൂപണമാണ് അത്. തൊഴിലാളികളുടെ ഏകസമ്പാദ്യം. അന്നാന്ന് കിട്ടുന്നത് ചിലവായി പോയാലും സ്ഥിരം തൊഴിലാളികൾക്ക് കിട്ടുന്ന സർവ്വീസ് വാങ്ങുക എന്ന് പറഞ്ഞ ഈ  പണം പലപ്പോഴും തൊഴിലാളികൾക്ക് ഉപകാരപ്രദമാണ്.) അതിനുശേഷം നിങ്ങൾക്ക് എവിടെക്കാണെന്നു വെച്ചാ പോയിക്കൂടെ''. ഹംസയ്ക്ക് ഒറ്റ വാശിയായിരുന്നു പോവണം. പോയെ തീരു. ''എന്നാ ഹംസേ നീ പോയിക്കോ സഫിയയും മോനും ഇവിടെ നിന്നോട്ടെ'' ഹംസയ്ക്ക് വാശി ഒന്നൂടെ കൂടി അവൻ പറഞ്ഞു ''ഞാൻ പോയാ ഇനി ഇങ്ങോട്ടില്ല. മോന് ബാപ്പ വേണ്ടെങ്കിൽ സഫിയാനെയും മോനെയും ഇവിടെ നിർത്തിക്കോളീ...'' ദേഷ്യത്തോടെ അവൻ മുഖം തിരിച്ചു.

ഹമീദ് ധർമ്മസങ്കടത്തിലായി താൻ എത്ര പിടിച്ചു നിർത്തിയാലും ഹംസ പോവും. പിന്നെ വിവാഹം കഴിഞ്ഞ പെൺമക്കളെ തനിക്കു കിട്ടില്ലല്ലോ. ഭർത്താവ് എങ്ങോട്ടാണോ പോവുന്നത് അങ്ങോട്ട് വിട്ടല്ലേ പറ്റൂ. അല്ലെങ്കിൽ അവരുടെ  ഭാവി. സ്നേഹസമ്പന്നനായ ആ പിതൃഹൃദയം തേങ്ങി. മനമില്ലാ മനസ്സോടെ അവരെ പോവാൻ അനുവദിച്ചു. ഹമീദും സൈനബയും സഫിയയോടു പറഞ്ഞു. ''നീ ഇപ്പോ സർവ്വീസ് വാങ്ങണ്ട അത് നിങ്ങൾക്ക് കാലാവധി കഴിഞ്ഞു വാങ്ങാം. മോന്റെ പേരിൽ അങ്ങനെയെങ്കിലും ഒരു സമ്പാദ്യം ഇവിടെ ഉണ്ടായിക്കോട്ടെ''. ''ഉമ്മാ ഞാൻ എന്ത് ചെയ്യാനാ അതാണ് എനിക്കും ഇഷ്ടം. പക്ഷെ ഹംസക്ക സമ്മതിക്കണ്ടേ. അതുകിട്ടിയേ പറ്റൂ. അതില്ലാതെ നീ എന്റെ കൂടെ പോരണ്ടാന്നാ പറഞ്ഞത്. നാട്ടിൽ ചെന്നിട്ടു പുതിയൊരു വീട് വെക്കാനാന്നാ പറഞ്ഞത്''. സഫിയയും ഹംസയും പോവാനുള്ള തയ്യാറെടുപ്പിലാണ്. അപ്പോഴാണ് സഫിയ മോനെ തിരഞ്ഞത്. ''ഉമ്മാ ഫസവെലവിടെ? അവനെ കാണാനില്ലല്ലോ?''. അപ്പോഴാണ് എല്ലാവരും ഫസലിനെ ശ്രദ്ധിക്കുന്നത്. അവനുവേണ്ടി തിരച്ചിൽ തുടങ്ങി ഹമീദിന്റെ നെഞ്ചൊന്നു പിടച്ചു. ''മോനെവിടെ പോയി. മോനേ... മോനേ...''

ആരോ വീടിന്റെ പിന്നിൽ നിന്ന് വിളിച്ചുപറഞ്ഞു ''ഹമീദ്ക്കാ...... ഫസലിതാ കാപ്പിമരത്തിന്റെ മുകളിൽ...”. എല്ലാവരും അങ്ങോട്ട് ചെന്നു. സഫിയ വിളിച്ചു. ''ഇറങ്ങിവാ മോനേ. ഞമ്മക്ക് പോണ്ടെ''. ''ഞാനില്ല. ങ്ങള് പൊയ്ക്കോ. ന്റെ വലിയുപ്പാനെം വലിയുമ്മാനെം വിട്ട് ഞാനെവിടെക്കുമില്ല''. കരച്ചിലിനിടയിൽ ഫസൽ തേങ്ങി തേങ്ങി പറഞ്ഞു. ഹമീദിന്റെയും സൈനബയുടെയും അവിടെ കൂടി നിന്നവരുടേയും മറ്റും കണ്ണുകൾ ഈറനണിഞ്ഞു. അത്രയ്ക്ക് ഹൃദയസ്പർശിയായിരുന്നു ആ രംഗം. സ്നേഹസമ്പന്നരായ വലിയുപ്പാനെയും വലിയുമ്മാനെയും വിട്ട് പോവാൻ ആ പിഞ്ച്കുഞ്ഞിന് കഴിയുന്നില്ല. ചെറുപ്പംമുതലേ അവരുടെ ലാളനയിലാണല്ലൊ ഫസൽ വളർന്നത്. വാശികൊണ്ട്  കഠിനഹൃദയനായ ഹംസക്ക് ദേശ്യം പിടിച്ചു. ''മര്യാദയ്ക്ക് താഴെ ഇറങ്ങുന്നതാ അനക്ക് നല്ലത്. ഞാനങ്ങോട്ട്  കയറിയാ അന്റെ ചന്തീന്റ തോല് ഞാൻ പൊളിക്കും”. “വേണ്ട ഹംസെ ഓനെ ഞാനിറക്കിത്തരാം.” “മോനെ മോൻ താഴെ ഇറങ്ങ്. വലിയുപ്പ അന്നെ ആർക്കും കൊടുക്കില്ല. പോവും മാണ്ട” ഹമീദ് വാൽസല്യത്തോടെ പറഞ്ഞു. താഴെ ഇറങ്ങിയ ഫസലിനെ അനുനയിപ്പിച്ച് ഒരു വിധം ഹമീദ് വീട്ടിൽകൊണ്ടുവന്നു. അയൽക്കാരെയും വീട്ടുകാരെയും വേദനിപ്പിച്ച് നിഷ്കളങ്കനായ ആ പിഞ്ച്കുഞ്ഞ് സഫിയയുടെയും ഹംസയുടെയും കൂടെ യാത്രയായി. താനിത് വരെ കാണാത്ത മലബാറിലേക്ക്.

ഹമീദിന്റെ ഓര്മ്മകള് വര്ഷങ്ങള്ക്കു പിന്നിലേക്ക് പോയി. താൻ ബദ്ക്കൽ  വന്നിട്ട് വർഷങ്ങൾ പലത് കഴിഞ്ഞു. ഇന്നിതാ താനും തന്റെ കുടുംബവും ചോരനീരാക്കി അദ്ധ്വാനിച്ച വീടുംപുരയിടവും നല്ലൊരു ജോലിയും കളഞ്ഞ് എന്നെന്നേക്കുമായി ഈ നാട്ടിൽനിന്ന് പോവേണ്ടിവന്നിരിക്കുന്നു . വർഷങ്ങളോളമുള്ള തന്റെ പ്രയത്‌നം എല്ലാം... എല്ലാം... വെറുതെയായി ഹമീദിന്കണ്ണുനീർ നിയന്ത്രണാതീതമായി   . കണ്ണിൽ കാണുന്ന മുസ്ലിം വീടുകളൊക്കെ കത്തിക്കുകയാണ്. ഇന്ന് രാത്രി ഏതായാലും പാർക്കാനൊരിടം കണ്ടെത്തണം. ''കേരളാതിർത്തിയായ ചപ്രയിൽ ആക്രമികളില്ലെന്നാ പറഞ്ഞ്കേൾക്കണത് അവിടെ മുസ്ലിംങ്ങൾ കൂടുതൽ ഉള്ള പ്രദേശമാണ്. ഇനി എന്ത്? എങ്ങോട്ട്? പടച്ചറമ്പേ നീയാണ് തുണ''.

ഹമീദിന്റെ വീടിന് കുറച്ചപ്പുറത്തെ ബോബെക്കാര് മാർവാടികളുടെ തേയിലത്തോട്ടത്തിലെ തമിഴര് ഹമീദിനോട് പറഞ്ഞു. ''ഹമീദ്ക്കാ.... ഇന്നേതായാലും ജീവൻ പണയം വെച്ച് മക്കളെയും പെണ്ണുങ്ങളെയും കൊണ്ട് എങ്ങും പോവണ്ട. ഞങ്ങടെകൂടെ പാടിയിൽ താമസിക്കാം. അങ്ങോട്ട് ആരും വരില്ല. കാണുന്ന മുസ്ലിം വീടുകളും ആരാധനാലയങ്ങളും ബദുക്കൾ  കത്തിക്കുകയാണ്. പുലർച്ചെ ശെൽവത്തിന്റെ വണ്ടിയിൽ ചപ്രയിൽ കൊണ്ടാക്കാം. ബദുക്കൾ കുടിച്ച് ലക്ക്കെട്ട് ഉറങ്ങുന്ന സമയമാണപ്പോൾ''. ഹമീദിന്റെ കണ്ണുകൾ നിറഞ്ഞ് പോയി. പടച്ചവനെ നീ ഞങ്ങളെ കാത്തല്ലൊ. അഗാധമായ കൊക്കയിലേക്ക് പതിക്കാൻ പോവുന്ന ഒരാൾ മരണ വെപ്രാളത്തിൽ ഒരു പിടിവള്ളി പരതുമ്പോൾ രക്ഷപ്പെടാനുള്ള കൈതാങ്ങ് ലഭിക്കുമ്പോഴുള്ള അവന്റെ അവസ്ഥ എന്തായിരിക്കും. അതേ അവസ്ഥയായിരുന്നു ഹമീദിന് അപ്പോൾ. മാപ്ലമാർക്ക്[മുസ്ലിങ്ങൾക്ക്] അഭയം നൽകിയെന്ന് പിറ്റേന്ന് ബദുക്കളറിഞ്ഞാൽ എന്താവും സ്ഥിതി. അതുപോലും ചിന്തിക്കാതെ തനിക്കും കുടംബത്തിനും ഇതാ സഹായവുമായി തമിഴർ. ''പടച്ചറബ്ബേ.... ഞങ്ങളെയും അവരെയും കാക്കണേ.....''

വേദനയോടെ ഹമീദ് വീട്ടിൽ നിന്ന് ഇറങ്ങുകയാണ് വീടൊന്ന് പരതി കയ്യിൽ കിട്ടിയ വീട്ടുസാധനങ്ങളെല്ലാം എടുത്തു. അടുക്കളവാതിൽ  ഒന്ന് വലിച്ച് നോക്കി. കുറച്ച് ഇളകി നിന്നതുകൊണ്ട് അത് അടർന്നുവീണു. തന്റെ ബദുക്കലെ  ജീവിത ശേഷിപ്പാവട്ടെ എന്നുകരുതി അതെടുത്ത് ലോറിയിൽ കയറ്റി. ഹമീദിന് സഹിക്കാൻ കഴിഞ്ഞില്ല തന്റെ ഇത്രയും കാലത്തെ അധ്വാനം  കൊണ്ട് ഉണ്ടാക്കിയ വീട് ഉപേക്ഷിച്ച് പോവുക അത് താങ്ങാവുന്നതിലും അപ്പുറമായിരിന്നു പക്ഷെ എന്ത് ചെയ്യാനാ പോയല്ലെ പറ്റൂ.

അർദ്ധരാത്രിയോടെ അയൽവാസികളുടെയും തമിഴരുടെയും സഹായത്തോടെ പാടിയിലെത്തി. കൂടെ ദാസനും. ''ദാസാ... വീട്ടിൽ പെണ്ണുങ്ങൾ ഒറ്റക്കല്ലെ , നീ പൊയ്ക്കൊ''. ''ഇല്ല ഹമീദ്ക്കാ ങ്ങെളെ ഒരഭയകേന്ദ്രത്തിലെത്തിച്ചാലെ എനിക്ക് ഉറങ്ങാൻ കഴിയൂ''. ''ദാസാ...'' ഹമീദ് ദാസനെ തന്നോട് ചേർത്ത് പിടിച്ചു. ''ഇതിന് മാത്രം എന്ത് നന്മയാടോ അനക്ക് ഞാന് ചെയ്തുത്തന്നത് ''. ''ഹമീദ്ക്കാ... ഇത്രയും കാലം ങ്ങളെ ഉപ്പു ചോറും തിന്ന ഞാൻ ഇപ്പൊഴല്ലാതെ എപ്പോഴാണ് സഹായിക്ക. ഇതിന്റെ പേരിൽ ബദുക്കളെന്നെ കൊല്ലാൻവന്നാൽ പോലും സന്തോഷത്തോടെ ഞാൻ തലനീട്ടികോടുക്കും...'' ഹമീദ് ഒന്നൂടെ ദാസനെ മാറോടമർത്തി സ്നേഹത്തിന്റെ തീവ്രത, അതിന്റെ ആഴം അവരിൽ കളങ്കമില്ലാതെ പ്രവഹിച്ചുകൊണ്ടിരുന്നു.

തമിഴരുടെ വീട്ടിൽ അന്ന് ആരും ഉറങ്ങിയില്ല. വലിയ ഒരു ചെമ്പിൽ വെള്ളം തിളപ്പിച്ച് കയ്യിൽകിട്ടിയ ആയുധവുമായി ഹമീദിനും കുടുംബത്തിനും അവർ കാവൽനിന്നു. ബദുക്കളുടെ എച്ചിൽ തിന്നുന്ന  ആരെങ്കിലും ഒറ്റ് കൊടുത്ത് ആക്രമികൾ ഇങ്ങോട്ട് വന്നാ തിളച്ച വെള്ളം അവരുടെ ദേഹത്ത് കോരിയൊഴിച്ചു ഹമീദിനെയും കുടുംബത്തെയും രക്ഷപ്പെടുത്താം . ഞങ്ങളെ ശവത്തിൽ ചവിട്ടിയല്ലാതെ ഹമീദക്കാനെം കുടുംബത്തിനെം വിട്ടുകൊടുക്കില്ലന്നവർ ഹൃദയത്തിലുറപ്പിച്ചു .....!

പുലർച്ചെ ചപ്രയിൽ പോവാനുള്ള ഒരുക്കത്തിലായിരുന്നു ഹമീദും കുടുംബവും. എങ്ങിനെയെങ്കിലും അവിടെവരെ എത്തിയാൽ തൽക്കാലം രക്ഷപ്പെട്ടു. അവിടെ ആരുടെയെങ്കിലും കൂടെ അന്തിയുറങ്ങാലൊ? ''വിധിയുണ്ടെങ്കിൽ നമുക്ക് ഇനിയും കാണാം... നിങ്ങൾ ചെയ്തതിന് ഒരുപാട് നന്ദിയുണ്ട്. പടച്ചോൻ ങ്ങളെ കൈവിടില്ല.'' ഹമീദ് തമിഴരോടായി പറഞ്ഞു. ''ഹമീദ്ക്കാ ങ്ങളെയും കുടുംബത്തെയും  സഹായിക്കാൻ കഴിഞ്ഞത് ഞങ്ങളൊരു പുണ്യമായിട്ടാ കാണുന്നത് . കൂടുതൽ ദിവസം നിങ്ങളെ  ഞങ്ങളെ കൂടെ നിർത്താൻ കഴിയുന്നില്ലന്നുള്ള വിഷമമേയുള്ളു. ആയ കാലത്ത് ഞങ്ങളെ നിങ്ങൾ കൈ അയഞ്ഞ് സഹായിച്ചിട്ടില്ലെ. ഞങ്ങളും കുടുംബവും  എത്ര തവണ പട്ടിണിയുടെ വക്കത്തെത്തിയ ഞങ്ങളെ കണ്ടറിഞ്ഞ് സഹായിച്ചതാ. ങ്ങള് ഞങ്ങളെ ദൈവാ... ദൈവം...”

ഹമീദിന് കണ്ണുനീർ നിയന്ത്രിക്കാൻ കഴിഞ്ഞില്ല. ആയകാലത്ത് മറ്റുള്ളവരെ സഹായിച്ചതിന് പടച്ചോൻ വിഷമഘട്ടത്തിൽ തന്നെ കൈവിട്ടില്ല. കൂടെ വരണ്ടന്ന് പറഞ്ഞിട്ടും ദാസനും രണ്ട്മൂന്ന് തമിഴരും കുടെ വന്നു. വഴിയിൽ വെച്ചെന്തെങ്കിലും സംഭവിച്ചാലോ....?  ഇരുട്ടിലുടെ ആ ലോറി അതിവേഗം കുതിച്ചു പാഞ്ഞു അതിലുപരി ഭയപ്പാടോടെ ഹമീദും കുടുംബവും....

തുടർന്നു വായിക്കുക അടുത്ത ഞായറാഴ്ച്ച - 20  01 2018


ഷംസുദ്ധീൻ തോപ്പിൽ

 13 01 20185.1.19

നിഴൽ വീണ വഴികൾ - ഭാഗം-3

ഹമീദിന്റെ മനസമാധാനം നഷ്ടപ്പെടുകയാണ്. ഇളയ മകൾ സീനത്ത് പറക്കമുറ്റാത്ത മകളെയും കൊണ്ട് അപ്രതീക്ഷിതമായി കലങ്ങിയ കണ്ണുകൾ തുടച്ച് ഹമീദിന്റെ വീട്ടിലേക്ക് കയറി വന്നു. വന്നപാടെ "ഉപ്പാ ഞാനിനി അങ്ങോട്ട് പോണില്ല" ഹമീദ് ഒന്ന് പകച്ചു. മുൻവശത്തെ ഒച്ച കേട്ടിട്ടെന്നോണം അടുക്കളയിൽ നിന്ന് സൈനബ മുൻവശത്തേക്ക് വന്നു. "എന്താ മോളെ എന്ത്പറ്റി". "സമദ് എവിടെ?"

ഉമ്മ, "സമദ്ക്ക ദിവസവും കുടിച്ചും ചീട്ടുകളിച്ച് കയ്യിലുള്ള പൈസ മുഴുവനും തീർത്തു രാത്രിയിൽ കയറിവന്ന് എന്നെ തല്ലും. ഇത്ര ദിവസം ഞാൻ സഹിച്ചു സഹി കെട്ടുമ്മാ ഇനി സഹിക്കാനാവൂല ഞാനിനി പോണില്ല. ഒന്നൂല്ലേലും എനിക്കൊരു പണി ഉണ്ടല്ലോ ങ്ങളെ ബുദ്ധിമുട്ടിക്കാതെ ഞാനൂന്റെ കുട്ടിയും ബട കഴിഞ്ഞോളാം"

"അല്ല മോളെ നാട്ടാരെ മുമ്പിൽ"...., പറഞ്ഞു മുഴുമിപ്പിക്കും മുൻപ് സൈനബയുടെ കണ്ണ് നിറഞ്ഞു കണ്ണുനീര് ധാരയായി ഒഴുകി വാക്കുകളെ വിഴുങ്ങി എങ്ങനെ തല ഉയർത്തി നടക്കും. "ന്താന്ന് ങ്ങളൊന്നും മിണ്ടാത്തത്". "ഞാനെന്തു പറയാനാ സൈനബ നമ്മൾ നിർബന്ധിച്ചു പറഞ്ഞയച്ചാൽ അവളെന്തെങ്കിലും കടുംകൈ ചെയ്താലോ? ഒക്കെ നമ്മുടെ വിധിയാണെന്നു കരുതി സമാധാനിക്കാം. അല്ലാണ്ടിപ്പോ ന്താ ചെയ്യാ". നിറഞ്ഞു വന്ന കണ്ണുകൾ ഹമീദ് പതിയെ തുടച്ചു.……

ഹമീദ് ഒാർത്തു സീനത്തിന്റെ വിവാഹത്തിന് മുൻപ് സമദ് എത്ര നല്ലവനായിരുന്നു. അവരും നമ്മളെപോലെ മലബാറിൽ നിന്നും കുടിയേറി പാർത്ത കുടുംബം. ഇപ്പോ അവനീ ബെഡക്ക് സ്വഭാവം എങ്ങനെ ഉണ്ടായി. മനസ്സിനെ എങ്ങനെ നിയന്ത്രിച്ചിട്ടും ഒരു പിടിയും കിട്ടാതെ ചിന്തകൾ മുന്നോട്ടു പോകവെ മൂത്തമകൾ സൽമയുടെ ആർപ്പു വിളി കേട്ടാണ് ഹമീദ് ചിന്തകളിൽ നിന്ന് ഞെട്ടിയത്.

"ബാപ്പാ….ബാപ്പാ… ബാപ്പാ.." ഹമീദ് വെപ്രാളത്തോടെ ഒാടി വരുന്ന സൽമയുടെ അടുത്തേക്ക് ഒാടി ഇറങ്ങി. കൂടെ സൈനബയും സീനത്തും കിതച്ചുകൊണ്ട് സൽമ "ബാപ്പ ഞമ്മളെ സഫിയ"... "സഫിയക്ക് എന്ത് പറ്റി മോളെ".. "ഒാള് അടുത്ത വീട്ടിലെ ബദുക്കളുടെ കിണറ്റിൽ ചാടി". "ന്റെ പടച്ചോനെ" കേട്ട പാതി കേൾക്കാത്ത പാതി സർവ്വ ശക്തിയുമെടുത്തു ഹമീദ് കിണറ്റിൻ കരയിലേക്ക് ഒാടി. പിന്നാലെ മറ്റുള്ളോരും. കുറച്ചകലെ എത്തിയതെയുള്ളൂ. ഹമീദിന് അടി തെറ്റി ഒരു കല്ലിൽ കാൽ തട്ടി നെഞ്ചിടിച്ചു തെറിച്ചു വീണു....

"ഇക്കാ... "ബാപ്പാ..." ഭാര്യയും മക്കളും. വീണ ഹമീദിനെ എഴുന്നേൽപ്പിക്കാൻ വീടിനടുത്തേക്ക് ഒാടി അവരെത്തിയപ്പോഴേക്ക് മക്കളെ അതിരറ്റു സ്നേഹിക്കുന്ന സ്നേഹസമ്പന്നനായ ഹമീദ് തന്റെ വേദന മറന്നു ഒരു വിധം പിടഞ്ഞെഴുന്നേറ്റ് ഒാടി കിണറ്റിൻകരയിലെത്തി. ആളുകൾ കൂടിയിട്ടുണ്ട്. കൂട്ടത്തിൽ ഹംസയെയും അവനൊക്കത്ത് കരയുന്ന കുഞ്ഞിനേയും കണ്ടു. "ഹംസേ ന്റെ മോള് "

ഒരു വിധം എല്ലാവരും കൂടി സഫിയയെ കിണറിൽ നിന്ന് പുറത്തെത്തിച്ചു. വാടിയ ഇലപോലെ തളർന്ന സഫിയയെയും കൊണ്ട് ജീപ്പ് കുതിച്ചു. തൊട്ടടുത്ത ഹെൽത്ത് സെന്ററിലേക്ക്. ഡോക്ടർ വിശദമായ പരിശോധന നടത്തി. എവിടെയോ ജീവന്റെ ഒരു തുടിപ്പ് എത്രയും പെട്ടെന്ന് പ്രഥമ ശുശ്രൂഷ നൽകി റൂമിൽ നിന്ന് ഡോക്ടർ പുറത്തേക്ക് വന്നു. തളർന്നിരിക്കുന്ന ഹമീദ് ഡോക്ടറുടെ അടുത്തേക്ക് ഒാടിച്ചെന്ന് "ഡോക്ടർ എന്റെ മോള്..." "ഇല്ലടോ കുഴപ്പമൊന്നും ഇല്ല പെട്ടെന്ന് ഇവിടെ എത്തിച്ചതുകൊണ്ട് തൽക്കാലം രക്ഷപ്പെട്ടു". ഹമീദ് പടച്ചവനോട് നന്ദി പറഞ്ഞു. കൂടെ മോളെ ഇവിടെ എത്തിക്കാൻ സഹായിച്ച എല്ലാവരോടും. രണ്ടു ദിവസം ഹെൽത്ത് സെന്ററിൽ കിടന്ന സഫിയ കുഞ്ഞിനെയും കൊണ്ട് മൂന്നാംനാൾ വീട്ടിലേക്ക് വന്നു.

"ഹംസേ... മോളും കുട്ടിയും കുറച്ചു ദിവസം ഇവിടെ നിൽക്കട്ടെ നീ വൈകുന്നേരം ഇങ്ങോട്ടു പോന്നോളുട്ടോ..." രാത്രിയിൽ സഫിയ കിടക്കുന്നേടത്ത് വന്നിരുന്നു അവളുടെ നെറുകയിൽ സ്നേഹത്തോടെ തലോടി സൈനബ പതിയെ ചോദിച്ചു. "എന്തിനാ മോളെ നീ ഇൗ കടുംകൈ ചെയ്തത്. അതിനുമാത്രം എന്തുണ്ടായി നിങ്ങൾ തമ്മിൽ നീ പോയാ ഇൗ കുഞ്ഞിനു പിന്നെ ആരുണ്ട്." മറുപടി പറയാതെ സഫിയ കരയുകയല്ലാതെ ഒന്നും പറഞ്ഞില്ല. "സൈനബ ജ്ജ് ഒാരോന്നും ചോദിച്ചു അവളെ മനസ്സ് വിഷമിപ്പിക്കണ്ട. സാവധാനം ചോദിച്ചു മനസ്സിലാക്കാം..."

പ്രായം തികഞ്ഞ ഏതൊരു ആണും പെണ്ണും. അവരുടെ സ്വപ്നമാണ് വിവാഹം. അത് കഴിഞ്ഞാൽ ഒരു കുഞ്ഞിക്കാലു കാണാനുള്ള തിരക്കായിരിക്കും. അതിനല്പ്പം വൈകിയാലോ നാട്ടുകാരുടെയും വീട്ടുകാരുടെയും ചോദ്യത്തിന് ഉത്തരം പറയാനേ സമയം കാണൂ.. സഫിയയുടെയും ഹംസയുടെയും സന്തോഷകരമായ ജീവിതത്തിൽ ഒരാൺകുഞ്ഞു പിറന്നു. അതാണ് ഫസൽ. അവൻ വളർന്നു ഭംഗിയുള്ളൊരു കുഞ്ഞ്. ഉപ്പയുടെ ആകാരവടിവും ഉമ്മയുടെ നിറവും അവരുടെ ജീവിതത്തിൽ സന്തോഷം നിറഞ്ഞ നാളുകൾ..

ഇൗയിടെയായി ഹംസയുടെ സ്വഭാവത്തിൽ ചില മാറ്റങ്ങൾ പ്രകടമായി. വേണ്ടതിനും വേണ്ടാത്തതിനും കുറ്റങ്ങൾ. എന്തിനും ഏതിനും  സംശയങ്ങൾ. പ്രസവാനന്തര ശുശ്രൂഷാർത്ഥം സഫിയയും കുഞ്ഞും അവളുടെ വീട്ടിലായിരുന്നു. ഹംസയാണെങ്കിൽ രാവിലെ ജോലിക്ക് പോയാൽ വൈകിട്ടേ തിരികെ വരൂ. വീട്ടിൽ തനിച്ചായതിനാൽ ഹംസയും സഫിയയുടെ വീട്ടിലാണ് നിൽക്കാറ്. രാത്രിയിൽ ഹംസ വന്നാലോ സഫിയയുടെ മനസമാധാനം നഷ്ടപെടുകയായി..

"ഇവിടെ ഞാൻ ഇല്ലാത്ത നേരത്ത് ആരാടി വന്നത് . ബീഡിക്കുറ്റി കാണുന്നുണ്ടല്ലോ..." ഹംസക്ക വീടിന്റെ പിറകുവശത്തൂടെ വന്നു ആരും കാണാതെ കിടപ്പ് മുറിയിലേക്ക് ബീഡിക്കുറ്റികൾ ഇട്ടു മുൻവശത്തൂടെ കിടപ്പ് മുറിയിലേക്ക് ഒന്നുമറിയാത്തവനെപോലെ വന്നു എന്നോട് നിരന്തരം തല്ലു കൂടുക പതിവായി. അത് സഹിക്കാൻ കഴിയാതെയാണ് ഞാൻ ന്റെ പൊന്നോമനയെ മറന്നു ജീവൻ ഒടുക്കാൻ കിണറ്റിൽ ചാടിയത്. ഇവിടെയും എന്നെ പടച്ചവൻ തോല്പ്പിച്ചു കളഞ്ഞല്ലോ". സഫിയയുടെ വാക്കുകൾ കേട്ട സൈനബ തരിച്ചിരുന്നുപോയി. "ന്റെ റബ്ബേ.. എന്തിനാ ഞങ്ങളെ ഇങ്ങനെ പരീക്ഷിക്കുന്നത്. സീനത്തും കുഞ്ഞും ആണെങ്കിൽ ഇപ്പോ വീട്ടിൽ. സഫിയയുടെയും കുഞ്ഞിന്റെയും ഗതിയും സൈനബക്ക് ഒാർക്കാൻ പോലും കഴിഞ്ഞില്ല. കാക്കണേ റബ്ബേ..."

സഫിയ കിണറിൽ ചാടിയതിനുശേഷം ഹംസയെ വീട്ടിലേക്കോ പണിസ്ഥലത്തോ കാണാഞ്ഞു ഹമീദ് ഹംസയുടെ വീട്ടിലേക്ക് ചെന്നു. വാതിൽ അടഞ്ഞു കിടക്കുന്നുണ്ട്. ഹമീദ് വാതിലിൽ മുട്ടി വിളിച്ചു. "ഹംസേ.. ഹംസേ.." വാതിൽ തുറന്നു ഹംസ പുറത്തേക്കു വന്നു. "ഹംസേ അന്നെ പുറത്തൊന്നും കണ്ടില്ലല്ലോ. പണിക്കും വന്നു കണ്ടില്ല. എന്തുപറ്റി...". "ഒന്നൂല ബാപ്പ ഒരു കാരണവുമില്ലാണ്ടാ സഫിയ കിണറ്റിൽ ചാടിയത്. അവൾക്കിവിടെ ഒരു കുറവും ഞാൻ വരുത്തിയിട്ടില്ല.. ഞാൻ എങ്ങനെ ഇനി നാട്ടുകാരുടെ മുഖത്ത് നോക്കും". മോളുടെ എല്ലാ കാര്യവും അിറയാവുന്ന ഹമീദ് ദേഷ്യപ്പെട്ട് ഒരു വാക്കുപോലും പറഞ്ഞില്ല. തന്റെ മോളുടെയും അവളുടെ കുഞ്ഞിന്റെയും ഭാവിയോർത്തു മറുത്ത് ഒരക്ഷരം പറഞ്ഞില്ല. "കഴിഞ്ഞതൊക്കെ കഴിഞ്ഞില്ലേ ഹംസേ. നീ വന്നു അവളെയും കുഞ്ഞിനെയും കൂട്ടി ഇങ്ങട്ട് പോര്."

എത്ര പെട്ടന്നാണ് നാലഞ്ചു വർഷങ്ങൾ കടന്നു പോയത്. ഫസലിനെ അടുത്തുള്ള ബാലവാടിയിൽ ചേർത്തു. മിടുമിടുക്കനായ കുട്ടി. അവൻ ഹമീദിന്റെ വീട്ടിലാണ് താമസം. അവന് വലിയുപ്പയേയും വലിയുമ്മയേയുമാണ് കൂടുതൽ ഇഷ്ടം. കൂടെ കളിക്കാൻ സീനത്തിന്റെ മകൾ ഫസീലയും. ഫസീലയുടെ പേരിടലിന് ഒരു തമാശയുണ്ട്. സീനത്തിന്റെ ജ്യേഷ്ഠത്തി സഫിയക്ക് കുഞ്ഞ് പിറന്നപ്പോ സീനത്ത് പറഞ്ഞാണ് ഉപ്പ ഫസലെന്ന പേരിട്ടത്. അന്നവൾ പറഞ്ഞതാ എനിക്ക് ജനിക്കുന്ന കുഞ്ഞിനു ഇൗ പേരിനൊപ്പിച്ചൊരു പേരിടും. അങ്ങിനെയാണ് ഫസീലയെന്ന പേര് സീനത്ത് മോൾക്കിട്ടത്. ഫസലിനെ അയൽവാസികൾക്കും ബാലവാടിയിലെ എല്ലാവർക്കും ഇഷ്ടമാണ്. വാ തോരാതെയുള്ള സംസാരവും മനോഹരമായ പുഞ്ചിരിയും. ബാലവാടി വിട്ടു വന്നാൽ അവൻ അധികവും അയൽവീടുകളിലായിരിക്കും..

ഇന്ന് ഹമീദിന്റെ വീട്ടിൽ ഒരുപാട് ആളുകളുണ്ട്. അയൽവാസികളെല്ലാം പണിക്കുപോവാതെ ഹമീദിന്റെ വീട്ടിലേക്ക് വരികയാണ്. ഹമീദിന്റെ വീടിന്റെ അകത്തുനിന്നും ഇടയ്ക്ക് ഇടയ്ക്ക് കരച്ചിൽ പുറത്തേക്കു കേൾക്കാം...

തുടർന്നു വായിക്കുക അടുത്ത ഞായറാഴ്ച്ച- 12 01 2018

ഷംസുദ്ധീൻ തോപ്പിൽ

06 01 2018