30.11.19

നിഴൽവീണവഴികൾ - ഭാഗം - 50“വാപ്പാ വേണമെങ്കിൽ നമുക്കൊന്നു ക്ഷീണം മാറ്റിയിട്ട് പോകാം.. പുറത്തിറങ്ങണോ വാപ്പാ.“

“വേണ്ടടാ... ഇനി ഇറങ്ങിയാൽ താമസിക്കും..“ നമുക്ക് തോട്ടിൻകര വഴിപോകാം... നമ്മൾ അഭയാർ‌ത്ഥികളെപ്പോലെ ഓടിയെത്തിയ സ്ഥലമാണത്. അന്ന് പോക്കർ ഹാജി നമുക്ക് സ്ഥലം തന്നില്ലായിരുന്നുവെങ്കിൽ.. ഓ.... ഓർക്കാൻപോലും സാധിക്കുമായിരുന്നില്ല.. എന്തു നല്ല മനുഷ്യനായിരുന്നു അദ്ദേഹം... അദ്ദേഹത്തിന്റെ മരണശേഷം മക്കളെല്ലാം പലയിടത്തായെന്നാ പറഞ്ഞു കേട്ടത് ആ മനുഷ്യനാണ് നമ്മെ ഇവിടെ പിടിച്ചു നിർത്തിയത്.  ആ മനുഷ്യന്റെ സ്വഭാവമൊന്നും മക്കൾക്ക് ലഭിച്ചിരുന്നില്ല.. വാപ്പയുടെ മരണശേഷം അവർ തമ്മിൽ വഴക്കായെന്നും മറ്റുമൊക്കെ അറിയാൻ സാധിച്ചു... എല്ലാം വിധി... എന്നല്ലാതെ എന്തുപറയാൻ..“

അൻവറിനും പ്രത്യേകിച്ച് അഭിപ്രായങ്ങളൊന്നുമില്ലായിരുന്നു.റഷീദിന്റെ കുഞ്ഞ് കൈയ്യിലായിരുന്നതിനാലും സംസാരിച്ചാൽ അവൾ ഉണർന്നെങ്കിലോ എന്നു പേടിച്ച് ഒന്നും മിണ്ടിയില്ല... അവർ വീണ്ടും യാത്ര തുടർന്നു. വൈകുന്നേരം 6 മണിയോടുകൂടി അവർ തോട്ടിൻ കരയിലെത്തി തങ്ങൾ താമസിച്ച വീടും പുരയിടവും കാടുപിടിച്ചു കിടക്കുന്നു. അവിടുന്നു പോകുന്നെന്നു പറഞ്ഞപ്പോൾ വെറുതേ തന്ന വസ്തുവിനു ഒരുവിലയിട്ടു തങ്ങളെ പോക്കർ ഹാജി അന്ന് സഹായിച്ചതും ഓർത്തുപോയി... എന്തു നല്ല മനുഷ്യൻ.. ഒരിക്കലും മറക്കാനാവാത്ത ഒരുപിടി ഓർമ്മകൾ തന്ന സ്ഥലമാണത്.

“മോനേ... നാണിയമ്മയുടെ വീടിനടുത്തൂകടി നമുക്കൊന്നു പോകാം...“ 

“ശരി വാപ്പാ...“

നാണിയമ്മ... തങ്ങളുടെ വീടിനടുത്തുള്ള ചെറിയ ചേരിപ്രദേശത്താണ് അവർ താമസിച്ചിരുന്നത്.. എല്ലാവിടുകളിലും വീട്ടുജോലിചെയ്താണ് അവർ ജീവിച്ചിരുന്നത്.. ഒരു മകൾ മാത്രമാണ് ഉണ്ടായിരുന്നത്.. അന്ന് അവരെ പരിചയപ്പെടുമ്പോൾ മകൾക്ക് 7 വയസ്സ് മാത്രമായിരുന്നു. പ്രായം... ഭർത്താവ് കുഞ്ഞിന് നാലു മാസം പ്രായമുള്ളപ്പോൾ ഒരു അപകടത്തിൽ മരിച്ചുപോയതാണ്. വളരെ കഷ്ടപ്പെട്ടാണ് ഇതുവരെയെത്തിയത്.. രണ്ടുപേരും രണ്ടു മതക്കാരായതിനാൽ ആരും സഹായിച്ചില്ല.. ഒറ്റയ്ക്കായിരുന്നു അവരുടെ ജീവിതപോരാട്ടം...

ഇന്നും ഓർക്കുന്നു നാണിയമ്മയുടെ ജീവിതം. തങ്ങളുടെ വീട്ടിൽ പ്രത്യേകിച്ച് ജോലികളൊന്നുമില്ലെങ്കിലും എന്നും മൂന്നുമണിയാകുമ്പോൾ വീട്ടിലേയ്ക്ക് വരും. ഉമ്മാ പട്ടിയ്ക്ക് കൊടുക്കാൻ എച്ചിലുണ്ടോ എന്നു ചോദിച്ചുകൊണ്ട്. ആദ്യമൊക്കെ വിചാരിച്ചു അവർ എച്ചിൽ കൊണ്ടുപോയി പട്ടിക്കു കൊടുക്കുകയായിരിക്കുമെന്ന്. പക്ഷേ പിന്നീടാണ് അറിഞ്ഞത്.. അവരുടെ വീട്ടിൽ പട്ടിയുമില്ല കോഴിയുമില്ലെന്ന്.. ഇന്നും അതോർക്കുമ്പോൾ ഹമീദിന്റെയും കുടുംബത്തിന്റെയും ഉള്ളിൽ ഒരു പിടച്ചിലാണ്. മെലിഞ്ഞുണങ്ങിയ കണ്ണുകൾക്കു ചുറ്റും കറുപ്പുബാധിച്ച ആ സ്ത്രീ നിലനിൽപ്പിനുവേണ്ടിയുള്ള പോരാട്ടത്തിലായിരുന്നുവെന്ന് പിന്നീടാണ് മനസ്സാലായത്.

പല വീടുകളിൽനിന്നും വാങ്ങിപ്പോകുന്ന മറ്റുള്ളവർ കഴിച്ച ബാക്കിവന്ന ഭക്ഷണം വീട്ടിൽ കൊണ്ടുപോയി കഴുകി വൃത്തിയാക്കി മീൻമുള്ളും മറ്റും വേർതിരിച്ച് ചോറ് മാത്രമായി എടുക്കും എന്നിട്ട് മകൾ സ്കൂളിൽ നിന്നുവരുമ്പോൾ ചൂടുവെള്ളത്തിൽ തിളപ്പിച്ച് അവൾക്ക് ചമ്മന്തിയും കൂട്ടി കഞ്ഞിയായി നൽകുമായിരുന്നു. ഇതറിഞ്ഞശേഷം ഹമീദ് അവരറിയാതെ വൃത്തിയുള്ള പാത്രത്തിൽ രണ്ടുപേർക്ക് കഴിക്കാനുള്ള ചോറും കറിയും നൽകുമായിരുന്നു. ആദ്യദിവസം അവരത് കണ്ട് അവരുടെ കണ്ണുനിറയുന്നത് കണ്ടിട്ടുണ്ട്.. ഒന്നും പറയാതെ അവർ പോയി... പിറ്റേദിവസം അവർ വന്നപ്പോൾ ഹമീദിന്റെ ഭാര്യതന്നെ പറഞ്ഞു... 

“പിന്നെ.. ഇവിടെ രാത്രി എല്ലാവരും കഞ്ഞിയാ കുടിക്കുന്നേ...അതുകൊണ്ട് ബാക്കിവരുന്ന ചോറ് നാണിതന്നെ കൊണ്ടുപൊയ്ക്കോ... പട്ടിക്കോ കോഴിക്കോ കൊടുക്കാലോ...“

അവൾ തലകുലുക്കി... അങ്ങനെ എത്രയോ ദിവസം ആ സ്ത്രീ തങ്ങളുടെ വീട്ടിൽനിന്നും ഭക്ഷണം കൊണ്ടുപോയിരുന്നു.. കൂടാതെ കുട്ടിക്ക് പഠിക്കാനും ഹമീദ് കൈയ്യിലുള്ളതുമാതിരി സഹായിച്ചിരുന്നു. തങ്ങളുടെ ജീവിതം പോലും അന്ന് വളരെ ബുദ്ധിമുട്ടിലായിരുന്നുവെന്നത് വേറെ കാര്യം... പക്ഷേ ആ കുഞ്ഞ് നല്ല മാർക്കോടുകൂടി എസ്.എസ്.എൽ.സി. പാസ്സായപ്പോഴാണ് നാണിക്ക് കുറച്ചൊരു ആശ്വാസമായത്... അവൾ പഠിച്ച സ്കൂളിലെ ഏറ്റവും ഉയർന്ന മാർക്ക്... അവരുടെ ബുദ്ധിമുട്ടുകൾ അറിഞ്ഞ് പലരും അവരെ സഹായിച്ചു.. പ്ലസ്സ് ടൂ കഴിഞ്ഞ് ആ കുട്ടിയെ നഴ്സിംഗിന് വീട്ടുവെന്നാണ് കേട്ടത്...

“വാപ്പാ ഇവിടെയായിരുന്നു അവരുടെ വീട്.. ഇവിടിപ്പോൾ ഒരു വലിയ വീടാണല്ലോ... അവരൊക്കെ എവിടാണോ ആവോ....“ 

ആ ചേരിപ്രദേശം ഇന്ന് ആകെ മാറിയിരിക്കുന്നു. പല വീടുകളും ഇന്ന് മുഖഛായ മാറ്റിയിരിക്കുന്നു. അവരുടെ വീടുനിന്ന സ്ഥലം മതിൽകെട്ടി തിരിച്ചിരിക്കുന്നു.. കുട്ടികളൊക്കെ കുറച്ച് മോഡേണായപോലെ... തെരുവുപട്ടികൾ അലഞ്ഞുതിരിഞ്ഞു നടന്ന സ്ഥലം ഇന്ന് വളരെ മാറ്റത്തിനു വിധേയമായിരിക്കുന്നു. 

അവർ ആ വീടിനു മുന്നിൽ വണ്ടി നിർത്തി.. എന്തായാലും ഇവിടെ ആരോടെങ്കിലും ഒന്നു ചോദിക്കാം ...

വണ്ടി നിർത്തിയിരിക്കുന്നത് കണ്ട് തൊട്ടടുത്ത വീട്ടിൽ നിന്നും ഒരു സ്ത്രീ പുറത്തേയ്ക്കിറങ്ങിവന്നു...

“ആരാ എവിടുന്നാ...“

“ഇവിടെ താമസിച്ചിരുന്ന നാണിയെന്ന സ്ത്രീ ഇപ്പോൾ എവിടാണ്..“

“അവരുടേതാ ആ വീട്...“

തികച്ചും അത്ഭുതകരമായ ഉത്തരമായിരുന്നത്... 

“നാണി ഇവിടുണ്ടോ...“

“ഉണ്ട്... മോളുടെ കൂടെ കുറച്ച് നാൾ ലണ്ടനിലായിരുന്നു... ഇപ്പോൾ മോളും തള്ളയും ഇവിടുണ്ട്... അവർ വെക്കേഷന് വന്നതാ... ദൈവം അവൾക്ക് ഒരു കുഞ്ഞിനെ നൽകി... അവളാ ആ കുടുംബത്തിന്റെ വിളക്ക്... ഇന്ന് ഈ തെരുവിന്റെ ശബ്ദമാ അവൾ.. ഞങ്ങളുടെ മക്കളെയെല്ലാം പഠിപ്പിക്കുന്നതും അവളുടെ ചിലവിലാ... ഇപ്പോ നോക്കിയേ ആ പഴയ ചേരിയാണെന്ന് ആരേലും പറയുമോ..“

ഹമീദ് മുകളിലേയ്ക്ക് നോക്കി അള്ളാഹുവിനോട് നന്ദിപറഞ്ഞു... അവർ ആ... കുടുംബം രക്ഷപ്പെട്ടല്ലോ... പടച്ചോൻ എല്ലാവരുടേയും പ്രാർത്ഥന കേട്ടു... അവിശ്വനീയമായ വാക്കുകളായിരുന്നു അവരുടെ വായിൽ നിന്നു കേട്ടത്.

റഷീദേ നമുക്കിവിടെയൊന്നു കയറിയിട്ടു പോകാം... എനിക്കവരെ കാണണം... 

റഷീദും ഹമീദും വണ്ടിയിൽ നിന്നിറങ്ങി.. മറ്റുള്ളവരോട് അവിടിരിക്കാനും പറഞ്ഞിട്ടിറങ്ങിയാൽ മതിയെന്നും പറഞ്ഞു..

ഗേറ്റിൽ സ്ഥാപിച്ചിരുന്ന കോളിംഗ് ബെല്ലിൽ വിരലമർത്തി... 

ഏകദേശം രണ്ടിലോ മൂന്നിലോ പഠിക്കുന്ന പ്രായം വരുന്ന ഒരു കുട്ടിവന്ന് വാതിൽ തുറന്നു... 

“ആരാ... എവിടുന്നാ...“

“നാണിയമ്മയുണ്ടോ...“

“ഉം... അമ്മൂമ്മ അകത്താ.. അമ്മൂമ്മാ ഒരങ്കിൾ വിളിക്കുന്നു.“

നാണിയമ്മ പുറത്തേയ്ക്കിറങ്ങിവന്നു... ഹമീദിനെ കണ്ട് അവർ അത്ഭുതപ്പെട്ടു... പഴയ കാര്യങ്ങൾ ഓർത്തതാകാം... ഇത്രയും കാലം കഴിഞ്ഞെങ്കിലും ഹമീദിനെ അവർ തിരിച്ചറിഞ്ഞുവെന്നത് അത്ഭുതംതന്നെ.. നാണിയമ്മ പഴയതുപോലെ മെലിഞ്ഞിരിക്കുന്നു... മുടിയിൽ നരബാധിച്ചു.. ഒരു ആർഭാടവും അവരിൽ കാണാനില്ലായിരുന്നു... 

“ഹമീദിക്കാ.... എത്രകാലമായി കണ്ടിട്ട്... എവിടാണെന്നുപോലും അറിയാൻ കഴിഞ്ഞില്ല... എന്നെങ്കിലുമൊരിക്കൽ കാണുമെന്നു കരുതി.. മോളുടെ കല്യാണം പറയാനായി എല്ലായിടത്തും അന്വേഷിച്ചു കണ്ടില്ല... നിങ്ങളുടെ ചോറാ... ഇന്നീകാണുന്നതെല്ലാം...“

അവരുടെ കണ്ണുകൾ നിറഞ്ഞുതുളുമ്പി... 

“അവരൊക്കെ എവിടെ സൈനാത്ത വന്നില്ലേ... സഫിയ... മോൻ...“

“... നാണീ... അവരെല്ലാവരുമുണ്ട്...“ ഹമീദ് ഗേറ്റിൽ നിന്നും അവരോട് കാറിൽ നിന്നിറങ്ങിവരാൻ ആംഗ്യം കാണിച്ചു.“

അവരെല്ലാം പുറത്തിങ്ങി.. ആ വീട്ടിലേയ്ക്ക് കയറി വന്നു.. നാണിയ്ക്ക് എന്ത് ചെയ്യണമെന്നറിയില്ലായിരുന്നു. സന്തോഷംകൊണ്ട് അവർ ഏങ്ങിയേങ്ങി കരയുകയായിരുന്നു. ആ സ്ത്രീ ഇന്ന് ആരും മോഹിക്കുന്ന നിലയിലെത്തിയെന്നത് ആവീടു കണ്ടാൽ മനസ്സിലാകും.. പക്ഷേ അവരിന്നും പഴയകാലഘട്ടം ഓർത്തു ജീവിക്കുന്നുവെന്നത്അവരുടെ പ്രവർത്തികളിൽ നിന്നുംവായിച്ചെടുക്കാം...

ഹമീദിന്റെ ഭാര്യയെയും സഫിയയേയും സ്നേഹപൂർവ്വം സ്വീകരിച്ചു... എല്ലാവരേയും അവർ അകത്തേയ്ക്ക് ക്ഷണിച്ചിരുത്തി... 

“മോളേ ദിവ്യാ .. നീയിങ്ങു വന്നേ... ആരൊക്കെയാ വന്നതെന്നു നോക്കിയേ...“

അവൾ മുകളിലത്തെ നിലയിലായിരുന്നു. താഴേയ്ക്കിറങ്ങിവന്നു... അവൾക്ക് ആ മുഖങ്ങൾ മറക്കാനാവുന്നതായിരുന്നില്ല.. 

“ഹമീദ്ക്കാ... സഫിയത്താ... അവളുടെ കണ്ണുകൾ നിറഞ്ഞു... സന്തോഷം അടക്കാനായില്ല... എല്ലാവരും ഹാളിൽ തന്നെ ഇരുന്നു. പഴയകാല ഓർമ്മകളിൽ അവർ ഊളിയിട്ടു.... 

ഈ സമയം നാണി പെണ്ണുങ്ങളെ എല്ലാവരെയും വിളിച്ചു അകത്തേയ്ക്ക് കൊണ്ടുപോയി....

ഹമീദ് ഓർക്കുകയായിരുന്നു... അവസാനം ഈ കുട്ടിയെ കാണുമ്പോൾ പ്ലസ്ടൂവിനു പഠിക്കുകയായിരുന്നു. എത്ര പെട്ടെന്നാണ് കാലം കടന്നുപോയത് ... ഇന്നിവൾ ഒത്തൊരു കുടുംബിനിയായിരിക്കുന്നു...

നിശബ്ദതയ്ക്ക് ഭംഗംവരുത്തിക്കൊണ്ട് ദിവ്യ പറഞ്ഞുതുടങ്ങി..

“ഹമീദിക്കാ നിങ്ങളെ ഓർക്കാത്ത ഒരു ദിവസംപോലുമില്ല... ജീവിതത്തിൽ വളരെ കഷ്ടപ്പെട്ടിട്ടുണ്ട്. നഴ്സിംഗ് കഴിഞ്ഞ് എനിക്ക് ലണ്ടനിലേയ്ക്ക് ഒരു അവസരം കിട്ടി... അങ്ങനെയാണ് ഞങ്ങളൊന്നു രക്ഷപ്പെട്ടു വന്നത്... രക്ഷപ്പെട്ടതറിഞ്ഞ് ബന്ധുക്കളെല്ലാം കൂടെ കൂടാൻ തുടങ്ങി...“

ശരിയാണ്... എല്ലാവരും തിരിഞ്ഞു നോക്കാത്ത രണ്ടു ജന്മങ്ങളായിരുന്നു അവരുടേത്... അച്ഛനില്ലാതെ വളർന്ന കുട്ടി... അവൾ ജീവിതത്തിൽ പരാജയപ്പെടാൻ മനസ്സില്ലാത്തവളായിരുന്നു... അവൾ പരാജയപ്പെട്ടാൽ തന്റെ അമ്മ പരാജയപ്പെടുമെന്നും അവൾക്ക് ബോധ്യമുണ്ടായിരുന്നു.. അവൾ പഠിച്ച് ഉയർന്ന നിലയിൽ നഴ്സിംഗ് പാസ്സായി... ഒരു സുഹൃത്തുവഴി ലണ്ടനിലേയ്ക്ക് ആളെ റിക്രൂട്ട് ചെയ്യുന്നതായി അറിഞ്ഞു... ഒരു വൈകുന്നേരം അയലത്തെ വീട്ടിൽനിന്നും കടംവാങ്ങിയ പൈസയും അടുത്ത വീട്ടിൽ നിന്ന് വാങ്ങിയ സാരിയുമുടുത്ത് ആ അമ്മയും മകളും എറണാകുളത്തേയ്ക്ക് പുറപ്പെട്ടു ... പിറ്റേദിവസം എറണാകുളത്തെത്തി.. റെയിൽവേ സ്റ്റേഷനിൽ നിന്നും പ്രഭാതകൃത്യങ്ങൾ നിർവ്വഹിച്ചു... ഇന്റർവ്യൂ നടക്കുന്ന ഓഫീസിലെത്തി.. ആ കുടുംബത്തിന്റെ ഭാഗ്യമെന്നു പറഞ്ഞാൽ മതിയല്ലോ... അവൾ ആ ഇന്റർവ്യൂവിൽ പാസ്സായി... പിന്നെ പലതരം ടെസ്റ്റുകളുമുണ്ടായിരുന്നു. 

പണം കണ്ടെത്താൻ ആദ്യമൊന്ന് ബുദ്ധിമുട്ടിയെങ്കിലും അവൾ പഠിച്ച നഴ്സിംഗ് സ്കൂളിലെ അധ്യാപിക  അവളെ കൈയ്യയച്ചു സഹായിച്ചു... അവരുടെ മാതാവിനെപ്പോലുള്ള സ്നേഹം അവളെ അവരുമായി വളരെ അടുപ്പിച്ചിരുന്നു. അവരുടെ പേര് രുഗ്മിണി എന്നായിരുന്നു.. ബുദ്ധിമുട്ടുകൾ മനസ്സാലാക്കി പലപ്പോഴും അവർ സഹായിച്ചിരുന്നു. താമസിച്ചഹോസ്റ്റലിൽ എത്തി അവൾക്ക് വേണ്ട സഹായങ്ങളും ചെയ്തിരുന്നു. 

രുഗ്മിണി ടീച്ചർക്ക് തന്നെ അവൾ ടീച്ചറെന്നു വിളിക്കുന്നത് ഇഷ്ടമല്ലായിരുന്നു. അവൾ അവരെ രുഗ്മിണിയമ്മേ എന്നു വിളിക്കുന്നതായിരുന്നു ഇഷ്ടം. അവളുടെ സ്വഭാവമായിരുന്നു അവരെ അവളിലേക്ക് ആകർഷിച്ചത്. ആരോടും ഒരു പരിഭവവും പിണക്കവുമില്ലാതെ പഠനത്തിൽ കൂടുതൽ ശ്രദ്ധ പതിപ്പിച്ചിരുന്ന കുട്ടി... അവളെപ്പറ്റി എല്ലാവർക്കും നല്ല അഭിപ്രായം... ഒരുദിവസം അവൾ തലകറങ്ങിവീണതാണ് അവളെക്കുറിച്ച് കൂടുതൽ അറിയാൻ ടീച്ചർക്ക് അവസരമുണ്ടായത്. അവളെയും കൊണ്ട് ഹോസ്പിറ്റലിൽ ചെന്നപ്പോൾ ഡോക്ടറാണ് പറഞ്ഞത് അവൾക്ക് നല്ല ക്ഷീണമുണ്ടെന്നും ഭക്ഷണം നന്നായി കഴിക്കാറില്ലെന്നതും. ടീച്ചർ അവളോട് കാര്യങ്ങൾ തുറന്നു പറയാൻപറഞ്ഞു.. അവളുടെ ജീവിതകഥകേട്ട് ടീച്ചർ അവളെ കെട്ടിപ്പിടിച്ച് പൊട്ടിക്കരയുകയായിരുന്നു. ഒരു മകളെപ്പോലെ അന്നുമുതൽ അവർ അവളെ കാണാൻ ശ്രമിച്ചു... പലപ്പോഴും അവളുടെ ഹോസ്റ്റലിൽ നിന്നും വിളിച്ച് വീട്ടിൽ കൊണ്ടുപോയി പഠിപ്പിക്കുമായിരുന്നു. തനിക്ക് പിറക്കാതെപോയ മകളാണെന്നുപോലും അവർ പലപ്പോഴും പറയുമായിരുന്നു.

യാത്രയ്ക്കു വേണ്ട പണമൊക്കെ അവരാണ് നൽകിയത്... ഒരു മാലാഖയെപ്പോലെയാണ് ആ ടീച്ചർ അവരുടെ ജീവിതത്തിലേയ്ക്ക് കടന്നുവന്നത്... ഭർത്താവ് പട്ടാളക്കാരനായിരുന്നു. ഒരു തീവ്രവാദി ആക്രമണത്തിനിടയിൽ അദ്ദേഹത്തിന് ജീവൻ നഷ്ടപ്പെട്ടു. മകനും അതേ വഴിയായിരുന്നു താല്പര്യം എന്തുകൊണ്ടോ അവർ അവനെ അതിൽ നിന്നും വിലക്കി. അവൻ വിദേശത്ത് ജോലിചെയ്യുന്നു. അത്യാവശ്യം നല്ല സാമ്പത്തികശേഷിയുമുണ്ടായിരുന്നവർക്ക്.

ആ സ്ത്രീയുടെ സഹായത്താൽ അവൾ ലണ്ടനിലേയ്ക്കു പറന്നു.. പിന്നീട് പെട്ടെന്നായിരുന്നു അവരുടെ വളർച്ച... രണ്ടു വർഷം അവൾ അവിടെ ജോലിചെയ്തു.. നാട്ടിൽ ഒരു വീടുവച്ചു... അപ്പോഴും രുഗ്മിണിയമ്മയുമായി ബന്ധം തുടർന്നുകൊണ്ടിരുന്നു... അവളുടെ വളർച്ച ആ ചേരീനിവാസികളുടെ ജീവിതംപോലും മാറ്റിമറിച്ചു.. അവൾ അവരേയും വേണ്ടവിധം സഹായിച്ചു. തനിക്കുണ്ടായ ബുദ്ധിമുട്ടുകൾ അവർക്കും ഉണ്ടാകാൻ പാടില്ലെന്നവൾ പ്രതിജ്ഞ ചെയ്തിരുന്നു. അവിടുള്ളവരും പഠിക്കാനും ജോലിക്കുപോകാനും അവൾ തന്നെ ഒരു പ്രചോദനമാവുകയായിരുന്നു. എല്ലാവർക്കും. പുതിയ തലമുറയ്ക്ക് നല്ല വിദ്യാഭ്യാസവും ആരോഗ്യ സംരക്ഷണവും ഉറപ്പുവരുത്തിയിരിക്കുന്നു. സർക്കാരിൽ നിന്നുള്ള പല സഹായങ്ങളും ഇന്നവർക്ക് ലഭിക്കുന്നുണ്ട്... 

കേരളത്തിലുള്ള പല ചേരിപ്രദേശങ്ങളും ഇന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു . വളരെയൊന്നും അകലെയല്ലാത്ത ഒരു ചേരിപ്രദേശം കോഴിക്കോട് കല്ലുത്താൻ കടവിലുണ്ടായിരുന്നു . റോഡ് വഴി കോഴിക്കോട് വരുമ്പോൾ ആദ്യം നമ്മളെ വരവേൽക്കുന്ന ചേരിപ്രദേശം ഭരണകർത്താക്കളുടെ സമയോചിതമായ ഇടപെടൽ അവരുടെ ജീവിതനിലവാരം ഉയർത്താനും അവർക്കായി പുതിയ ഫ്ലാറ്റ് നിർമ്മിച്ചു നൽകാനും സാധിച്ചുവെന്നത് ഒരു വലിയ കാര്യംതന്നെയാണ്. കഴിവുണ്ടെങ്കിലും വിദ്യാഭ്യാസം നേടാനോ. വേണ്ട രീതിയിൽ ജീവിതത്തിൽ ലക്ഷ്യത്തിലെത്താനോ കഴിയാതെപോയ ജന്മങ്ങളായിരുന്നു വർഷങ്ങൾക്കുമുമ്പ് ചേരീനിവാസികൾ. ഇന്ന് അവരുടെ ഇടയിൽനിന്നും ധാരാളം ഉന്നത വിദ്യാഭ്യാസം നേടിയവർ ജോലി നേടിപ്പോകുന്നു.. ഒരുകാലത്ത് അവരെ രാഷ്ട്രീയക്കാരും മതസംഘടനകളും യഥേഷ്ടം ഉപയോഗിച്ചിരുന്നു. പക്ഷേ ഇന്ന് അവരിൽനിന്ന് ആരേയും അത്ര എളുപ്പം ലഭിക്കില്ല.. കഞ്ചാവിന്റെയും മയക്കുമരുന്നിന്റെയും ഉറവിടമായിരുന്ന ചേരികൾ ഇന്ന് പൂർണ്ണമായും മാറിയിരിക്കുന്നു. അതിന് പുതിയ തലമുറയിലേയും പഴയ തലമുറയിലേയും ആളുകളുടെ കൂട്ടായ പ്രയത്നം ഉണ്ടായെന്നത് പ്രശംസനീയമാണ്.

രണ്ടുവർഷത്തിനുശേഷം നാട്ടിൽവന്നപ്പോൾ രുഗ്മിണിയമ്മയെ കാണാൻ അവൾ പോയി... അന്നവർ ഒരാഗ്രഹം പറഞ്ഞു...

“മോളേ... നിന്നെ ഞാൻ സ്നേഹിച്ചത് എനിക്കൊന്നും തിരിച്ചു കിട്ടാൻ വേണ്ടിയല്ല... പക്ഷേ എനിക്കൊരാഗ്രഹമുണ്ട്... നീനക്കതു കഴിയുമെങ്കിൽ സാധിച്ചുതരണം... എന്റെ മകൻ അവന് നിന്നെക്കുറിച്ചെല്ലാമറിയാം... അവന് നിന്നെ വിവാഹം കഴിച്ചാൽ കൊള്ളാമെന്നുണ്ട്...“

ആ വാക്കുകൾ കേട്ട് അവൾ പൊട്ടിക്കരഞ്ഞുകൊണ്ട് അവരെ കെട്ടിപ്പിടിച്ചു... അവൾക്ക് പറയാൻ വാക്കുകളില്ലായിരുന്നു. താൻ ഇന്നീ നിലയിലെത്താൻ കാരണവും രുഗ്മിണിയമ്മതന്നെയാണ്... അവർക്കുവേണ്ടി സ്വന്തം ജീവിതം കൊടുക്കാൻ പോലും അവൾ തയ്യാറായിരുന്നു... തനിക്കൊരിക്കലും ആഗ്രഹിക്കാൻ പോലും കഴിയാത്ത ബന്ധം... വെറുമൊരു അടിച്ചുതളിക്കാരിയുടെ മകൾ... ടീച്ചർ എത്രയോ ഉയരത്തിൽ നിൽക്കുന്നു... എഞ്ചിനീയറിംഗ് റാങ്കോടുകൂടി പാസ്സായതാണ് അവരുടെ മകൻ.. പഠിച്ചുകൊണ്ടിരിക്കെ തന്നെ കാമ്പസ് ഇന്റർവ്യൂവിൽ ജോലി ലഭിക്കുകയായിരുന്നു. അവൾക്ക് അവിശ്വസനീയമായിരുന്നു അവരുടെ വാക്കുകൾ. നാണിക്ക് ആ വാക്കുകൾകേട്ടപ്പോൾ ശരീരം തളർന്നതുപോലെ തോന്നി.. തന്റെ മകൾ ഇങ്ങനെയൊക്കെ ആയിത്തീരുമെന്ന് സ്വപ്നത്തിൽപോലും വിചാരിച്ചതല്ല.

വലിയ ആർഭാടങ്ങളില്ലാതെ അവരുടെ വിവാഹം നടന്നു... രുഗ്മിണിയുടെ കുടുംബത്തിൽ  പലരും എതിർത്തെങ്കിലും ആ സ്ത്രീയുടെ ധൈര്യത്തിനു മുന്നിൽ ആർക്കും ശബ്ദിക്കാനായില്ല.. അവർക്ക് ദിവ്യയെ നഷ്ടപ്പെടാനാവില്ലായിരുന്നു. അത്രയ്ക്ക് ഇഷ്ടമായിരുന്നവളെ... ആ ചേരിയിൽ വച്ചുതന്നെയായിരുന്നു അവരുടെ വിവാഹം നടത്തിയത്. അന്ന് അവിടൊരു ഉത്സവത്തിന്റെ പ്രതീതിയായിരുന്നു. 

അവൾ വിചാരിച്ചതിനേക്കാൾ സ്നേഹമുള്ളവനായിരുന്നു അവളുടെ ഭർത്താവ്... രുഗ്മിണിയമ്മയെപ്പോലെതന്നെ നല്ല സ്വഭാവമുള്ള മനുഷ്യൻ... ഗൾഫിലെ എണ്ണക്കമ്പനിയിലെ ഉയർന്ന ഉദ്യോഗം... എന്നിട്ടും തന്നെപ്പോലൊരു പെണ്ണിനെ വിവാഹം ചെയ്തത് ആ മനുഷ്യന്റെ ത്യാഗമാണോ... അതോ തന്റെ ഭാഗ്യമാണോ...? അറിയില്ല...

അവർക്കൊരു മകൾ.. അനഘ... എല്ലാരും ലണ്ടനിൽ... രുഗ്മിണിയമ്മയ്ക്ക് നാടുവിട്ടു പോകാൻ വയ്യ.. അവർ ഇവിടെത്തന്നെ കൂടി... ഇന്നും ആ രണ്ടു കുടുംബങ്ങളും സന്തോഷപൂർവ്വം കഴിയുന്നു... സ്വന്തക്കാരുടെ എതിർപ്പുകൾ ഇപ്പോഴുമുണ്ട്.. അതൊന്നും വകവയ്ക്കാറേയില്ല... ഈ വരവിൽ അവളുടെ ഭർത്താവ് എത്തിയിട്ടില്ല... ഗൾഫിലെ എണ്ണക്കമ്പനിയുടെ ലണ്ടനിലെ ഓഫീസിൽ ഉയർന്ന ഉദ്യോഗസ്ഥനാണ്... വിവാഹശേഷം ലണ്ടനിലേയ്ക്ക് പോകാൻ ഗൾഫിലെ കമ്പനിയിൽ റസിഗ്നേഷൻ ലറ്റർ കൊടുത്തപ്പോൾ തങ്ങളുടെ പ്രഗല്ഭനായ ഒരു ജീവനക്കാരനെ നഷ്ടപ്പെടാൻ ആ കമ്പനിക്ക് ആഗ്രഹമില്ലാത്തതിനാൽ അവരുടെ ലണ്ടനിലെ ബ്രാഞ്ചിലേയ്ക്ക് സ്ഥലംമാറ്റം നൽകുകയായിരുന്നു. പലപ്പോഴും ഔദ്യോഗിക ആവശ്യങ്ങൾക്കായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേയ്ക്ക് യാത്ര... അവരെ മൂന്നുപേരേയും നാട്ടിലേയ്ക്ക് ഫ്ലൈറ്റിൽ കയറ്റി വിട്ട്.. അദ്ദേഹം ന്യൂസിലാന്റിലേയ്ക്ക് പോയെന്നാണ് ദിവ്യ പറഞ്ഞത്...

ദൈവം പലപ്പോഴും അത്ഭുതങ്ങൾ കാണിക്കാറുണ്ട്... മനുഷ്യനെ വളരെയധികം കഷ്ടപ്പെടുത്താറുമുണ്ട്.. പക്ഷേ അവനെത്തേടി ഒരുദിവസം ദൈവത്തിന്റെ കരമെത്തും... സത്യസന്ധവും നീതിപൂർവ്വവുമാണ് ജീവിതമെങ്കിൽ ഒരിക്കൽ കഷ്ടപ്പാടെല്ലാം ദൈവം തീർത്തുതരുമെന്നതിൽ സംശയമില്ല.. ഹമീദും കുടുംബവും ഒരിക്കലും കരുതിയില്ല നാണിയുടെ കുടുംബം ഈ രീതിയിൽ എത്തുമെന്ന്.. തങ്ങളും അതുപോലെതന്നെയല്ലേ.. എന്തെല്ലാം കഷ്ടപ്പാടിലൂടെ തങ്ങൾ കടന്നുപോയി... ഇന്ന് ഈ നിലയിലെത്താൻ കാരണം പടച്ചോന്റെ ആ അദൃശ്യകരങ്ങൾ തന്നെയാണ്....

നാണിയുടെയും മകളുടെയും സ്നേഹം.. അവരുടെ സ്വഭാവത്തിൽ ഒരു മാറ്റവും വന്നിട്ടില്ല... ആ എളിമ.. ബഹുമാനം... ഒരു പക്ഷേ ജീവിതത്തിൽ അവരെ ഇത്രയും ഉയരത്തിലെത്തിച്ചത് ഇതൊക്കെയാകാം... 

നാണിയും മകളും അവർക്ക് അത്യാവശ്യം ലഘുഭക്ഷണവും ചായയുമൊക്കെ നല്കിയാണ് അവർ യാത്രയാക്കിയത്... ഇനിയുമൊരിക്കൽ വരാമെന്ന് ഹമീദും കുടുബംവും വാക്കുകൊടുത്തു. അവിടെനിന്നും പിരിയുമ്പോൾ നാണിയുടെയും മകളുടെയും കണ്ണുകൾ ഈറനായത് ഒരുപക്ഷേ ആ പഴയ ഓർമ്മകളായിരിക്കാം... 

വാഹനം സാവധാനം ചുരമിറങ്ങിത്തുടങ്ങി... വർഷങ്ങൾക്ക് മുമ്പ് ഇതുപോലെ ചുരമിറങ്ങുമ്പോൾ ഇതുപോലൊരു സന്തോഷകരമായ യാത്രയായിരുന്നില്ല. കട്ടിലും മേശയും വസ്ത്രങ്ങളുമായി ലോറിയിലുള്ള യാത്രയായിരുന്നു. എന്നാൽ ഇന്നത്തെ യാത്രയിൽ കണ്ടതുംകേട്ടതും മനസ്സിന് സന്തോഷം നൽകുന്നതായിരുന്നു.  കോടമഞ്ഞ് അല്പാല്പമായി മൂടിക്കൊണ്ടിരിക്കുന്നു.. നല്ല തണുത്ത കാറ്റ് കാറിനുള്ളിലേയ്ക്ക് കടന്നുവരുന്നു. പ്രകൃതിഭംഗി എത്ര മനോഹരമാണിവിടെ. ഒരിക്കലും ഇത്രയേറേ ആസ്വദിക്കാൻ കഴിഞ്ഞിട്ടില്ല.. ഒരുപക്ഷേ അവർക്ക് ഇന്നത്തെ ദിവസത്തിന്റെ പ്രത്യേകതകൊണ്ടായിരിക്കാം. ഹമീദും ചുറ്റുപാടും കണ്ണോടിച്ചുകൊണ്ടിരുന്നു. ഫസൽ പൊതുവേ നിശ്ശബ്ദനായിരുന്നു. അവന് നാളെ കഴിഞ്ഞാൽ സ്കൂളിൽ പോകണം. പരീക്ഷവരുന്നു, ഒരുപാട് പഠിക്കാനുണ്ട്... കൈയ്യിൽ പുസ്തകം കരുതിയെങ്കിലും ഒന്നിനുമുള്ള സമയം ലഭിച്ചില്ല. എല്ലാം ഇനി വീട്ടിൽചെന്നിട്ടാകാം എന്നവനും കരുതി.

റഷീദ് ഹെഡ്ലൈറ്റ് പ്രകാശിപ്പിച്ച് സാവധാനമാണ് വാഹനം ഓടിച്ചുകൊണ്ടിരുന്നത്... ഹെയർപിന്നുകൾ ഓരോന്നും വളരെ സൂക്ഷിച്ചാണ് തിരിച്ചത്. പൊതുവേ തിരക്കൽപ്പം കുറവായിരുന്നു.. അവർ വിചാരിച്ചതിനേക്കാളും നേരത്തെ ചുരമിറങ്ങിയെത്തി. ലക്ഷ്യം കോഴിക്കോട് മാങ്കാവിലുള്ള മാളിയേക്കൽ തറവാട്ടിലെ അമ്മായിയുടെ വീടാണ്. ഹസ്സനാജിയുടെ  മരണശേഷം ഒരിക്കൽ മാത്രമാണവിടെ പോയത്.. പിന്നീടിതുവരെ അവിടേയ്ക്ക് പോയിട്ടില്ല.. ഏകദേശം ഒൻപതുമണിയോടെ അവിടെത്താനാകുമെന്നു കരുതുന്നു. വഴിയിലെവിടെനിന്നെങ്കിലും കഴിച്ചിട്ടു പോകാം.. അവിടെ ഭക്ഷണമുണ്ടാക്കിത്തരാൻ മറ്റാരുമില്ലല്ലോ. അമ്മാവന്റെ  മരണശേഷം അമ്മായി  ഒറ്റയ്ക്കായെന്നാണ് പറഞ്ഞുകേട്ടത്. ബിസിനസ് നോക്കിനടത്താനും ആരുമില്ല.. എല്ലാറ്റിനും അവരുടെ കൈകളെത്തണം. പ്രായം കൂടിവരുന്നു. അതിനുള്ള ശക്തി പടച്ചോൻ അവർക്ക് കൊടുക്കുമായിരിക്കും.


തുടർന്നു വായിക്കുക അടുത്ത ഞായറാഴ്ച്ച  08 12 2019

ഷംസുദ്ധീൻ തോപ്പിൽ  01 12 201923.11.19

നിഴൽവീണവഴികൾ - ഭാഗം - 49


സഫിയയുടെ മനസ്സിലെ ഒരു വലിയ ഭാരം ഇറക്കി വച്ചതുപോലെ തോന്നി.. വർഷങ്ങൾക്കുശേഷം ഗോപി തന്നോട് സംസാരിച്ചിരിക്കുന്നു. അവന്റെ പിണക്കം മാറിയിരിക്കുന്നു. അവന് ലഭിച്ചതും നല്ലൊരു ജീവിതം തന്നെയാണ്... ഭാര്യ വളരെ സ്നേഹനിധിയുമാണ്.. തന്റെ ജീവിതം എന്തോ ആയിക്കോട്ടെ... തന്നെ ജീവനുതുല്യം സ്നേഹിച്ച ആ മനുഷ്യൻ ഇന്ന് സന്തോഷമായി ജീവിക്കുന്നെന്നറിഞ്ഞപ്പോൾ എന്തെന്നില്ലാത്ത സന്തോഷം...

എല്ലാവർക്കും മനസ്സിൽ സന്തോഷമാണെങ്കിലും സഫിയയ്ക്കുമാത്രം നഷ്ടങ്ങളുടെ ദുഃഖമായിരുന്നു. അവളത് മുഖത്ത് കാണിക്കാതിരിക്കാൻ കഴിവും ശ്രമിച്ചിരുന്നു. തന്റെ ജീവിതമാകുന്ന ചില്ലുപാത്രം ചിന്നിച്ചിതറിയ സ്ഥലം. അന്നുമുതൽ ഇന്നുവരെ തനിക്ക് സമാധാനം ലഭിച്ചിട്ടില്ല... ഒരു പക്ഷെ വിധി അങ്ങനെയായിരിക്കും. ഇന്നു ഉച്ചയോടുകൂടി തങ്ങൾ ഇവിടെനിന്നും യാത്രതിരിക്കും, പിന്നെ എന്നാവും ഇനി ഇങ്ങോട്ട് ആ എന്നെന്നറിയില്ല, വരണമെന്നുള്ള ആഗ്രഹവുമില്ല, പഴയ ഓർമ്മകളുടെ മൂടപ്പെട്ട ശവപ്പറമ്പാണിവിടെ, ഇവിടെനിന്നും എത്രയും വേഗം യാത്ര തുടരണം... രണ്ടു മണിയോടുകൂടി ഇറങ്ങാമെന്നാണ് പറഞ്ഞിരിക്കുന്നത് നേരേ കോഴിക്കോട്ടുള്ള അമ്മായിയുടെ വീട്ടിലേയ്ക്ക് ഇന്നവിടെയാകും താമസം.. . മണിക്കൂറുകൾക്ക് ദിവസങ്ങളുടെ ദൈർഘ്യംപോലെ അവൾക്ക് തോന്നി.

ഗോപിയും കുടുംബവും വന്ന കാർ ഗേറ്റിനു മുന്നിലൂടെ സാവധാനം കടന്നുപോയി.. അദ്ദേഹത്തിന്റെ ഭാര്യയും മകനും വീട്ടിലേയ്ക്ക് നോക്കി, ഫസലും മറ്റുള്ളവരും ടാറ്റ കാണിച്ചു. അവൾ നിർവ്വികാരയായി നിന്നു. ചുവന്ന കളറുള്ള വണ്ടി, പണ്ടേ ഗോപിയ്ക്ക് ചുവന്ന കളറിനോട് വളരെ താല്പര്യമായിരുന്നു. തനിക്കു വാങ്ങിനൽകിയ കുപ്പിവളകളിൽ അധികവും ചുവന്ന കളറുള്ളതായിരുന്നു. അവൻ പലപ്പോഴും പറയുമായിരുന്നു ചുവപ്പ് പ്രേമത്തിന്റെ സ്നേഹത്തിന്റെ കളറാണെന്ന്, അതിനുള്ള ന്യായീകരണവും കണ്ടെത്തുമായിരുന്നു, സ്നേഹം ഹ‍ൃദയത്തിൽ നിന്നാണ് വരുന്നതെന്നും ഹൃദയത്തിന്റെ കളർ ചുവപ്പാണെന്നും, എന്തിന് സൂര്യാസ്തമയം പോലും ചുവപ്പാണെന്ന് ഉദിച്ചുയരുന്ന സൂര്യന് ഭൂമിയോടും കടലിനോടും സ്നേഹം കൂടുന്നു വിരഹം മണിക്കൂറുകളാണെങ്കിലും അതിന്റെപാര്യമതയിൽ സൂര്യൻ ചെംചുവപ്പാവുകയും വീണ്ടും കടലിലേയ്ക്ക് ഊളിയിടുന്നുവെന്നുമാണ്.. സാഹിത്യം... അതൊക്കെ ഗോപിയുടെ വീക്ഷണങ്ങളായിരുന്നു. ശരിയായിരിക്കാം, തെറ്റായിരിക്കാം... പലപ്പോഴും അവൻ പറയുന്നതൊക്കെ ശരിയാണെന്നു തോന്നിയിട്ടുമുണ്ട്.

ഹമിദീനും കുടുംബത്തിനും തിരിച്ചുപോകാനുള്ള സമയമായിവരുന്നു. ദാസന്റെ വീട്ടിൽനിന്നും ഉച്ചഭക്ഷണം കഴിഞ്ഞ് എല്ലാവരും ഹാളിൽ ഒത്തുകൂടി.. ഹമീദാണ് സംഭാഷണത്തിനു തുടക്കും കുറിച്ചത്.

”ദാസാ... ഞങ്ങൾ ഇന്നു പുറപ്പെടുകയാണ് ..”

ദാസന്റെ മുഖം പെട്ടെന്ന് ദുഃഖത്തിലായി...

”ഹമീദേ വന്നപ്പോഴുള്ള ആ സന്തോഷം കൂടുതൽ ദിവസം നീണ്ടുനിൽക്കില്ലെന്നെനിക്കറിയാം
. പക്ഷേ നിന്നെ കണ്ടപ്പോൾ ഞാനെല്ലാം മറന്നു. നിന്നെപ്പോലൊരു സുഹൃത്തിനെ എനിക്ക് ഇതുവരെ കിട്ടിയിട്ടില്ല.. നീ വെറും സുഹൃത്തല്ലടാ കൂടെപ്പിറപ്പാ... എന്റെ അമ്മയ്ക്ക് പിറക്കാതെ പോയ മകൻ..”

രണ്ടുപേരും പരസ്പരം ആശ്ലേഷിച്ചു.. എല്ലാവരുടേയും കണ്ണുകൾ നിറഞ്ഞു. ആർക്കുമൊന്നും സംസാരിക്കാനായില്ല.

”ദാസാ... എനിക്ക് വളരെ സുപ്രധാനമായ ഒരു കാര്യം പറയാനുണ്ട്.. നമ്മുടെ ഓർമ്മക്കായി ഈ വീടും പുരയിടവും നീ തന്നെ എടുത്തുകൊള്ളണം... നിന്റെ പേരിൽ എനിക്കിത് രജിസ്റ്റർ ചെയ്ത് തരണം.”
ദാസൻ ഹമീദന്റെ വായ പൊത്തി.

”ഇല്ല.. ഒരിക്കലുമില്ല.. ഇത് നിന്റെ അധ്വാനമാണ്... ഞങ്ങളുടെ രാമായണത്തിൽ പറയുന്നതുപോലെ നീ എനിക്ക് രാമനെപ്പോലെയാണ്... വനവാസത്തിന് പോയ രാമന് പകരം രാജ്യം ഭരിച്ച ഒരു ഭരണാധികാരിയെക്കുറിച്ച് നീയും കേട്ടിട്ടുള്ളതല്ലേ.. അതുപോലെയായിരുന്നു ഞാൻ ഇത്രയും കാലം ഇതു കാത്തു സൂക്ഷിച്ചത്.. നിനക്കുവേണ്ടി എത്രകാലം വേണമെങ്കിലും ഞാനീ വീടു സൂക്ഷിച്ചുവയ്ക്കും..” പക്ഷേ ഇത് നിനക്കുളളതാണ്. നിന്റെ വിയർപ്പാണിത്.. നിന്റെ ആത്മാവാണീ വീട്”

ജാതിയുടെ അതിര് വരമ്പുകൾ പോലും ബേദിക്കുന്ന വാക്കുകൾ ആയിരുന്നു അത്.നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന മാനുഷിക മൂല്യങ്ങൾ വാനോളം ഉയർത്തി പിടിക്കാൻ ഹമീദിനും ദാസനും കഴിയുന്നു എന്നത് ഈ തലമുറയ്ക്ക് ഒരു പാഠം ആണ് .

നിറഞ്ഞു തുളുമ്പുന്ന കണ്ണുകളും ഹൃദയ വിങ്ങലായി വാക്കുകൾ തൊണ്ടയിൽ കുടുങ്ങി ഹമീദിന് പിന്നീടൊന്നും പറയാനായില്ല..

”ദാസാ നമ്മളൊക്കെ ഇനി എത്രകാലം.. നീ വരണം ഞങ്ങളുടെ നാട്ടിലേയ്ക്ക്. ഒരാഴ്ച്ച യെങ്കിലും കൂടെ നിൽക്കണം ..”

”അതൊക്കെ വരാം ഹമീദേ.. എന്തായാലും അടുത്തവർഷം ദൈവം അനുഗ്രഹിച്ചാൽ ഞാൻ അവിടെയെത്തും.. നമുക്ക് ഒരാഴ്ചയെങ്കിലും ഒരുമിച്ചു കഴിയാം..”

ആരേയും കരയിപ്പിക്കുന്ന നിമിഷങ്ങളായിരുന്നു അവിടെ അരങ്ങേറിയത്. വീടിന്റെ താക്കോൽ ദാസനെ എൽപ്പിച്ചു. നിറകണ്ണുകളോടെ ദാസൻ അത് രണ്ടുകൈയ്യും നീട്ടി സ്വീകരിച്ചു...

”ഹമീദേ കാത്തിരിക്കും നിന്റെ വരവിനായി..”

”ഈ ഭൂമിയിൽ ജീവിച്ചിരിപ്പുണ്ടേൽ.. പടച്ചോൻ വിധിച്ചിട്ടുണ്ടേൽ ഇനിയും വരും... മറക്കില്ല ദാസാ നിന്നെ ഒരിക്കലും ഞാൻ.”

”രണ്ട് ആത്മാക്കളെ വേർപ്പെടുത്തുന്ന വേദനയുടെ രംഗങ്ങൾ ആയിരുന്നു അവിടെ അരങ്ങേറിയിരുന്നത്. എല്ലാവരുടേയും കണ്ണുകൾ കലങ്ങി ചുവന്നിരുന്നു. ആർക്കുമൊന്നും പറയാനായില്ല. റഷീദ് കാറെടുത്തു.. എല്ലാവരും അതിൽക്കയറി കാർ പതിയെ നീങ്ങി തുടങ്ങി .. കാറിന്റെ കൂടെ അല്പദൂരം ദാസനും ഭാര്യയും നടന്നു. അങ്ങു ദൂരെ മൺപാതയിൽ കാർ മറയുന്നതുവരെ ദാസനും ഭാര്യയും അവർക്ക് ടാറ്റകാണിച്ചു നിന്നു... ഭാര്യയുടെ തോളി‍ൽ കൈവച്ച് ദാസൻ തേങ്ങിത്തേങ്ങി കരഞ്ഞു. അവർ അദ്ദേഹത്തെ സമാധാനിപ്പിച്ച് അകത്തേയ്ക്ക കൂട്ടിക്കൊണ്ടുപോയി..

 ”കാറിനുള്ളിൽ എല്ലാവർക്കും ഒരു വീർപ്പുമുട്ടലായിരുന്നു. എന്തു പറയണമെന്നാർക്കുമറിയില്ല.. ഇതിലൊന്നിലും ഇടപെടാതെ ഫസൽ ഒരിടത്ത് ഒതുങ്ങിക്കൂടി ഇരിക്കുകയായിരുന്നു.

കാർ അല്പാല്പമായി വേഗം കൂടിക്കൂടി വന്നു... ഇരുട്ടുന്നതിനു മുമ്പ് ചുരമിറങ്ങണം. അതായിരുന്നു റഷീദിന്റെ ചിന്ത. നാളെക്കഴിഞ്ഞ് തിരികെപ്പോകണം, അവിടുത്തെ അവസ്ഥയെക്കുറിച്ച് ഓർത്ത് വിഷമിക്കേണ്ടതില്ല. എന്നാലും എല്ലാമൊന്നു നേരേയായി വരുന്നതേയുള്ളൂ. ഇടയ്ക്കിടയ്ക്ക് റഷീദിന്റെ കുഞ്ഞിന്റെ കരച്ചിൽ മാത്രം ആ കാറിൽ മുഴങ്ങിക്കേട്ടു.. ഹമീദ് ക്ഷീണിതനായി കാണപ്പെട്ടു.. വാപ്പ അങ്ങോട്ടുപോയപ്പോൾ ഇത്രയ്ക്ക് ക്ഷീണിതനായിരുന്നില്ല.. ഒരുപക്ഷേ പഴയ കാര്യങ്ങളൊക്കെ വാപ്പാനെ നോവിക്കുന്നുണ്ടാവും.. കണ്ണടച്ചിരിക്കുന്ന ആ മനുഷ്യൻ ഉറങ്ങുകയല്ലെന്നും മനസ്സുകൊണ്ട് തേങ്ങുകയാണെന്നും റഷീദിന് അറിയാമായിരുന്നു.

വാഹനം കാട്ടുപാതയിലേയ്ക്ക് പ്രവേശിച്ചു. രാത്രി 9 മണികഴിഞ്ഞാൽ ഇതുവഴി യാത്രാനിരോധനമുണ്ട്. കാരണം വന്യമൃഗങ്ങൾ ഇറങ്ങുന്ന സ്ഥലമാണിത്. പലപ്പോഴും യാത്രക്കാരെ ഉപദ്രവിച്ചിട്ടുണ്ട്. ആനയും പുലിയുമൊക്കെ ഉണ്ടെന്നാണ് പറയുന്നത്. പേടിക്കേണ്ടത് ആനയെത്തന്നെയാണ്. എത്രയോ ജീവനുകൾ ഇവിടെ പൊലിഞ്ഞിരിക്കുന്നു. വാഹനങ്ങളെല്ലാ പതുക്കെ ഒരുമിച്ചായിരുന്നു യാത്ര തുടർന്നിരുന്നത്.

റഷീദ് കാർ ഓടിക്കുന്നുവെങ്കിലും എല്ലാവരും അവരവരുടെ ഓർമ്മകളിൽ അലക്ഷ്യമായി നീന്തുകയായിരുന്നു. ഒരിക്കലും മടങ്ങിവരാനാവില്ലെന്നു കരുതിയിടത്തേയ്ക്ക് വന്ന് തിരികെപോകുന്നു.

രാത്രിയുടെ മൂടുപടം ഇരുട്ടിനെ മൂടുന്നതിനു മുന്നേതന്നെ അവർ കാനന പാത കടന്നിരുന്നു. റോഡിനു സൈഡിലായി കണ്ട ഒരു ചായക്കടയ്ക്കരികിൽ വണ്ടി നിർത്തി. എല്ലാവരോടും ചായകുടിക്കാമെന്നു പറഞ്ഞു.. റഷീദ് ഫസലിനേയും വിളിച്ച് പുറത്തേയ്ക്കിറങ്ങി പിന്നാലെ അൻവറും..

എല്ലാവർക്കും ചായയും നല്ല പഴംപൊരിയും വാങ്ങി നൽകി.. ഫസൽ ചായവേണ്ടെന്നും സർബത്ത് മതിയെന്നും പറഞ്ഞു.. അവന് അതു വാങ്ങി നൽകി.

അവർ പോകാനായി തിരഞ്ഞപ്പോൾ പിറകിൽ നിന്നൊരു വിളി..

”എടാ ഫസലേ... നീ എവിടെപ്പോയിട്ടു വരുന്നു...”

അവൻ തിരിഞ്ഞു നോക്കി.. റഹീംമാഷ്... തന്നെ പഠിപ്പിച്ച മാഷ്... പലതും പഠിപ്പിച്ച മാഷ് എന്നുവേണം പറയാൻ..

”മാാ.. മാഷ് എന്താ ഇവിടെ...”

”ഞാനല്ലേ ആദ്യം ചോദിച്ചത്..”

എല്ലാവരും ജിഞ്ജാസയോടെ നിൽക്കുകയായിരുന്നു. അൻവറിന് ആളെ പിടികിട്ടി... താനന്ന് ശങ്കരൻമാഷിനെ അടിച്ചപ്പോൾ മുഖംപൊത്തി ഓടിയ മനുഷ്യൻ. എന്തൊരു പേടിയായിരുന്നു അയാൾക്ക്..

ഫസൽ റഹീംമാഷിനെ എല്ലാവർക്കും പരിചയപ്പെടുത്തി.

ഫസലിനൊപ്പമുള്ള അൻവറിനെ കണ്ടപ്പോൾ റഹീംമാഷിന് കാര്യം അത്ര പന്തിയല്ലെന്നു തോന്നി ഫസലെ പിന്നെ കാണാം കുറച്ചു തിരക്കുണ്ട് അതുംപറഞ്ഞു ബൈക്കിന് പിന്നിൽ കയറി വേഗം സ്ഥലംവിട്ടു...

മറ്റുള്ളവർക്കറിയില്ലല്ലോ എന്താണ് സ്കൂളിൽ നടന്നതെന്ന്... എല്ലാം ആ പിഞ്ചുബാലൻ ഒറ്റയ്ക്ക് അനുഭവിച്ചു.

”ഇവന് നല്ല പിടിപാടാണല്ലോ വാപ്പാ.”

എല്ലാവരും ചിരിച്ചു..

”അതേയതേ.. ഇവന് നല്ല പിടിപാടാ... ഇവൻ പറഞ്ഞാൽ എന്തും നടക്കുമെന്നാ ഇവന്റെ സുഹൃത്തുക്കൾ പറയുന്നത്.”

വാഹനം വീണ്ടും യാത്ര തുടർന്നു.

ഫസൽ ആലോചിക്കുകയായിരുന്നു. മുളമുക്ക് സ്കൂളിൽ നടന്ന സംഭവങ്ങൾ, ശങ്കരൻമാഷും അന്നമ്മ ടീച്ചറും തമ്മിലുള്ള പ്രശ്നങ്ങൾ, തന്നെ സ്കൂളിൽ നിന്നും പുറത്താക്കിയത്... സ്കൂൾ മാറിയത്.. റഹിം മാഷ് മാനേജർക്ക് തന്നെ കൊണ്ടുക്കൊടുത്ത് ശങ്കരൻമാഷ് കേസിൽനിന്നും രക്ഷപ്പെട്ടത്... തന്റെ ജീവിതം താളം തെറ്റിത്തുടങ്ങിയത് മദ്രസയിലെ അദ്യാപകൻറെ ലൈംഗിക വൈകൃതങ്ങൾ തന്റെ മേൽ പ്രയോഗിച്ചത് മുതലായിരുന്നു. തനിക്ക് വഴികാട്ടിയായി നിൽക്കേണ്ട അധ്യാപകർ തന്നെയായിരുന്നു വഴി തെറ്റിച്ചതും. അറിവിന്റെ വെളിച്ചം വീശേണ്ടവർ സെക്സിന്റെ കൊടുംകാറ്റാണ് തനിക്ക് നൽകിയത്. പേനപിടിപ്പിച്ചെഴുതിക്കേണ്ട കൈകൾ കൊണ്ട് അവരുടെ ലൈംഗികാവയവം തന്റെ വായിലേയ്ക്ക് തിരുകിക്കയറ്റി രസിച്ചപ്പോൾ എന്ത് അനുഭൂതിയാവും ഈ അധ്യാപകർക്ക് ലഭിച്ചത്. അധ്യാപക വിദ്യാർത്ഥി ബന്ധമെന്നു പറയുന്നതിന്റെ നിർവ്വചനം തന്നെ മാറിപ്പോയിരിക്കുന്നു. സ്വന്തം ഭാര്യമാരിൽ കാണാത്തത് എന്താണ് ഇവരൊക്കെ തന്നിൽ കണ്ടത്. അവരുടെയൊക്കെ മകന്റെ പ്രായമല്ലേ തനിക്കുള്ളൂ. തന്നെപ്പോലെ പീഢനം അനുഭവിച്ച എത്രയോ കുട്ടികളുണ്ടിവിടെ..

ശരിയാണ് ഇന്ന് അധ്യാക വിദ്യാർത്ഥി ബന്ധത്തിന്റെ പവിത്രത നഷ്ടമായിരിക്കുന്നു. പഠിപ്പിക്കുന്നതിനു പകരം പീഢനം.. വിദ്യ നൽകേണ്ട അധ്യാപകർ എത്രയോ വിദ്യാർത്ഥികളുടെ ജീവനെടുത്തു. പണ്ടൊക്കെ അധ്യാപകരെക്കാണുമ്പോൾ മടക്കി കുത്തിയ മുണ്ടുതാഴ്ത്തിയിട്ട് അവരെ ബഹുമാനിക്കാൻ തോന്നുമായിരുന്നു, പഠിച്ചിച്ച സാറിനെക്കാണുമ്പോൾ അറിയാതെ അടികൊണ്ട പാടുകൾ തിരയുമായിരുന്നു. അന്നൊക്കെ കിട്ടിയ അടി ജീവിതത്തിൽ വിജയിക്കാൻ സാധിച്ചുവെന്ന തോന്നൽ ആ തലമുറയ്ക്കുണ്ടായിരുന്നു. ഇന്ന് അധ്യാപർ പഠിപ്പിക്കുകയല്ല പീഢിപ്പിക്കുകയാണ്. കാരണം അവർക്ക് വിദ്യ അഭ്യസിപ്പിക്കാനറിയില്ല. അധ്യാപനമെന്നുപറയുന്നത് വെളിച്ചം നൽകുകയെന്നുള്ളതാണ് ബോധത്തിന്റെ അറിവിന്റെ വെളിച്ചം പകർന്നുനൽകുക. പുതു തലമുറയെ വാർത്തെടുക്കുക. അവിടെ തെറ്റിയാൽ ജീവിതം തന്നെ താളംതെറ്റും. മായം കലർത്തിയ അധ്യാപനരീതി. പഠിപ്പിക്കാൻ താല്പര്യമില്ലാത്ത അധ്യാപകർ. വാങ്ങുന്ന ശമ്പളത്തോട് പോലും നീതിപുലർത്താത്തവർ.

ആത്മഹത്യയിലേയ്ക്കുവരെ കൊണ്ടെത്തിക്കുന്ന അധ്യാപനരീതി. ഗുരുവെന്നു പറഞ്ഞാൽ എന്താണെന്നുപോലും അറിയാത്ത അധ്യാപകർ.. എല്ലാവരും അങ്ങനാണെന്നു പറയുന്നില്ല.. പക്ഷേ ഒരാൾ മതിയല്ലോ ഈ ഗുരുക്കന്മാരെയെല്ലാം നാണംകെടുത്താൻ. ഫസലിന്റെ ജീവിതത്തിൽ പീഠനങ്ങൾ വെറുതേ എഴുതിയതല്ല, ഇതൊക്കെ അനുഭവിച്ച ഒരു ഫസൽ ഈ സമൂഹത്തിൽ ജീവിച്ചിരുന്നു. ഇന്നും ജീവിക്കുന്നു. അന്നുണ്ടായിരുന്ന സാറന്മാരും ഈ സമൂഹത്തിലുണ്ട്. എന്റെ കഥയിലുള്ള കഥാപാത്രങ്ങൾക്ക് ജീവിച്ചിരുന്നവരുമായി സാമ്യമുണ്ടെങ്കിൽ അത് യാദൃശ്ചികമല്ല. മാന്യതയുടെ മുഖംമൂടിയണിഞ്ഞവർ വായിക്കുന്നെങ്കിൽ അവർക്ക് പശ്ചാത്തപിക്കാനുള്ള ഒരു അവസരം, നന്നാകാനുള്ള അവസരം. ഇനിയൊരു ജന്മം പടച്ചോൻ നൽകിയാൽ നല്ലൊരു ഗുരുവായിതീരണമെന്നുള്ള ആഗ്രഹം അവർക്കുണ്ടാകട്ടെ...

അധ്യാപകരുടെ കരുതലില്ലായ്മയിൽ ജീവൻപൊലിഞ്ഞ രണ്ടു കുട്ടികൾ നമ്മുടെ മുന്നിൽ നിൽക്കുന്നു. വയനാടുള്ള ഷഹലയും, ചെന്നൈ II T വിദ്യാർത്തി ഫാത്തിമ ലത്തീഫും. ..ഇവരെ മരണത്തിലേയ്ക്ക് തള്ളിവിട്ട അധ്യാപകർക്ക് മാതൃകാപരമായ ശിക്ഷ നൽകണം. നഷ്ടപ്പെട്ടവനുമാത്രമേ നഷ്ടത്തിന്റെ ആഴമെന്തെന്നറിയൂ. ഉറ്റ സുഹൃത്തിനെ നഷ്ടപ്പെട്ട ആ വിദ്യാർത്ഥികൾക്കുണ്ടായ മാനസിക വിഷമം ഈ ജന്മം മുഴുവനുണ്ടാവുമെന്നതോർത്ത് വിഷമംതോന്നുന്നു. പ്രതികരിച്ച ആ കുട്ടിയുടെ, ആ സ്കൂളിലെ വിദ്യാർത്ഥകൾക്ക് ഒരുപിടി നന്മകൾ നേരുന്നു. അകാലത്തിൽ മരണത്തിന്റെ വായിലേയ്ക്ക് തള്ളിയിട്ട അധ്യാപർക്ക് ശിക്ഷ വാങ്ങിനൽകേണ്ടത് സമൂഹത്തിന്റെ കടമയാണ്. നമ്മുടെ സ്കൂളുകൾ പാഠശാലകളുടെ പവിത്രതയോടെ നിലനിൽക്കട്ടെ... പിഞ്ചുകുഞ്ഞുങ്ങൾക്ക് അറിവു പകർന്നുനൽകേണ്ടവർ ആരാച്ചാരാകാതിരിക്കട്ടെ.


ആദരാഞ്ജലികൾ
അധ്യാപകരുടെ അശ്രദ്ധകൊണ്ട് ജീവഹാനി നേരിട്ട രണ്ടു കുട്ടികൾക്കും.തുടർന്നു വായിക്കുക അടുത്ത ഞായറാഴ്ച്ച  01 12 2019

ഷംസുദ്ധീൻ തോപ്പിൽ  24 11 2019
16.11.19

നിഴൽവീണവഴികൾ - ഭാഗം - 48


 
“ദാസാ ഞങ്ങൾ നിന്നെയൊന്നു കഷ്ടപ്പെടുത്താൻ തന്നെ തീരുമാനിച്ചു... എന്തായാലും ഞങ്ങൾ വന്നു... രണ്ടുദിവസം ഇവിടെ താമസിച്ചേ പോകുന്നുള്ളൂ ...“

“ഞാൻ പ്രതീക്ഷിച്ചത് ഒരാഴ്ച്ചയാണ്...“

“ഇനിയും വരാലോ ദാസാ... കൂടാതെ റഷീദിന് ലീവുമില്ല...“

“ശരി.. ശരി.. ‍ഞാൻ നിർബന്ധിക്കുന്നില്ല.. പിന്നെ... എന്ത് ആവശ്യമുണ്ടെങ്കിലും പറയണേ ... രണ്ടു കട്ടിലും നാലഞ്ചു കസേരയും വീട്ടീന്ന് എടുപ്പിക്കാനുള്ള ഏർപ്പാട് ചെയ്തിട്ടുണ്ട്... പിന്നെ പഴയതുപോലെ നിലത്തു കിടന്നുകളയല്ലേ.. വയസ്സായി ഓർമ്മവേണം...“

“അവിടൊരു കൂട്ടച്ചിരിയുയർന്നു.“

ദാസന്റെ ഭാര്യ അത്താഴവുമായി എത്തി... പഴയ ഓർമ്മകൾ പുതുക്കാനായിരിക്കും എല്ലാവരും ഒത്തൊരുമിച്ചിരുന്നു ആഹാരം കഴിച്ചുതുടങ്ങി ഇടയ്ക്കിടെ പലതരം തമാശകളും പണ്ടത്തെ കുസൃതിത്തരങ്ങളും പറ‍ഞ്ഞു ചിരിച്ചു കൊണ്ടിരുന്നു.. ദാസന്റെ ഭാര്യ ആരും കേൾക്കാതെ ഫസലിനെച്ചൂണ്ടി സൈനബയോടു  പറഞ്ഞു.... ദേ ... സൈനത്താ .. ഞങ്ങളുടെ വീട്ടിൽ വളരേണ്ട കുഞ്ഞാ അവൻ.. പക്ഷേ വിധി.... 

ഒരുനിമിഷം അവർ നിർത്തി.... രണ്ടാളും അകത്തെ മുറിയിലേയ്ക്ക് പോയി... ഹമീദിന്റെ ഭാര്യസൈനബയ്ക്ക് ദാസന്റെ ഭാര്യയോട് ഒരുപാട് വിശേഷങ്ങൾ ചോദിക്കാനും പറയാനുമുണ്ടായിരുന്നു. അന്നാട്ടുകാരിൽ പലരും പലയിടങ്ങളിലായി ചേക്കേറിയിരുന്നു. ചിലർ മക്കൾക്കൊപ്പം ബാംഗ്ലൂരിൽ വസ്തുവാങ്ങി അങ്ങോട്ടുപോയി.മറ്റു ചിലർ അഭയാർത്തികളെ പോലെ വയനാട്ടിലെ തോട്ടിൻ കരയിലേക്കും  .. എന്നാലും ഗണേശോത്സവത്തിന് എല്ലാവരും നാട്ടിലെത്താറുണ്ട്.. വർഷത്തിലൊരിക്കൽ നടക്കുന്ന ഉത്സവം പത്തുദിവസം നീണ്ടുനിൽക്കാറുണ്ട്... അക്കാലത്ത് നാനാമതസ്തരും ഒരുമിച്ചായിരുന്നു ഉത്സവം നടത്തിയിരുന്നത്.. പിന്നീടെപ്പോഴോ എല്ലാം തകർന്ന് തരിപ്പണമായി... ഒരുമിച്ച് ഓണവും ഉത്സവവും പെരുന്നാളും ആഘോഷിച്ചവർ... ഹൃദയത്തിൽ വർഗീയതയുടെ വിഷവിത്തുകൾ പാകി കടന്നു പോയവരുടെ പിറകെ കൂടി ...മനുഷ്യൻ മതത്തിന് അതീതാനല്ലെന്നും എനിക്ക് എന്റെ മതവും വിശ്വാസവും ആണ് വലുതെന്നും അതിന് വേണ്ടി കൂടപ്പിറപ്പിനെ കൊല്ലാൻ പോലും മടി ഇല്ലന്നും തെളീച്ചു കൊണ്ടേ ഇരിക്കുന്നു ദൈവ വിധിയെ തിരുത്തി എഴുതാൻ വെമ്പൽ കൊള്ളുന്ന ഒരു സമൂഹം കാലമേ നിന്നിലഭയം ദൈവ വിധിയെ തടുക്കാനാവുമോ....

ഉത്സവത്തലേന്ന് ഹമീദിന്റെ മക്കളെല്ലാം വൈകുന്നേരും തന്നെ ഉത്സവപ്പറമ്പിലായിരിക്കും... ഗണേശോത്സവത്തിന് കൊടിയേറുന്നതിനു മുന്നേതന്നെ.. സൈക്കിൾ യഞ്ജം തുടങ്ങും.. സൈക്കിൾ യഞ്ജം തീരുംവരെ സൈക്കിളിൽ നിന്നും ഇറങ്ങാതെ അതിൽത്തന്നെയിരുന്നുറങ്ങിയും പ്രഭാതകൃത്യങ്ങളും നിർവ്വഹിക്കുന്നെന്നാണ് പറച്ചില്... പക്ഷേ രാത്രിയായാൽ ആരുംകാണാതെ പോയി സുഖമായിട്ട് കിടന്നുറങ്ങുമെന്നും അതിരാവിലെ വീണ്ടും സൈക്കിളിൽ കയറിയിരിക്കുമെന്നാണ് നാട്ടിൽ പാട്ടായ വാർത്ത... വളരെ വിചിത്രവും അത്ഭുതവുമായി തോന്നിയത് ആളെ രണ്ടുദിവസം മണ്ണിനടിയിൽ കുഴിച്ചിടുന്നതാണ്... സിനിമാഗാനങ്ങൾക്കൊപ്പ നൃത്തംചവിട്ടി സർക്കസ്സ് കാണിക്കുന്ന തെരുവുസർക്കസ് ഒരിക്കലും മറക്കാനാവാത്ത ഓർമ്മകൾതന്നെയാണ്... എടുത്തു പറയേണ്ടത്. എല്ലാ ദിവസവും ഓരോ പഴക്കുല ലേലം കാണും... എല്ലാവരും വാശിയോടെ. ലേലം വിളിക്കും പക്ഷേ അവസാനം ലേലം പിടിക്കുന്നവന് കുലപോയിട്ട് പഴത്തൊലിപോലും കിട്ടില്ല... അതൊക്കെ ഒരു തമാശയായിത്തന്നെയാണ് എല്ലാവരും എടുത്തിരുന്നത്... സഫിയയ്ക്ക് എത്രയോതവണ കുപ്പിവള വാങ്ങിനൽകിയിട്ടുണ്ട് ഗോപി.. അവൾ അടുത്ത ദിവസം അതുടയ്ക്കും വീണ്ടും അവൻ വാങ്ങിനൽകും അവൾ മനപ്പൂർവ്വം ഉടയ്ക്കുന്നതാണെന്നുള്ള കാര്യം ഗോപിയ്ക്കറിയാം.. പക്ഷേ അവന് അത് പുറത്തുകാണിക്കാറുമില്ല... 

ഫസലിന് പ്രത്യേകിച്ച് ആ വീട്ടിൽ താല്പര്യമുള്ളതായി ഒന്നും തോന്നിയില്ല.. കാരണം അവന്റെ പ്രായത്തിലുള്ള സുഹൃത്തുക്കൾ അവിടില്ലായിരുന്നു... ഏകനായി പറമ്പിലും മുറ്റത്തുമായി അവൻ നടക്കുകയായിരുന്നു... രണ്ടു ദിവസം ക്ലാസ്സ് നഷ്ടപ്പെടും.. കുഴപ്പമില്ല.. പഠിക്കാനുള്ളത് പഠിച്ചു തീർക്കാനുള്ള സമയം ഉണ്ട്... എല്ലാവരുടേയും മുഖത്തെ സന്തോഷം അവനും ആഹ്ളാദകരമായിതോന്നി... വളരെ ചെറുപ്പകാലത്തെ ഇവിടം വിട്ടതിനാൽ അവന് വലിയ ഓർമ്മകളൊന്നും ആ സ്ഥലത്തെക്കുറിച്ചില്ല.. പിന്നെ എല്ലാവരും പറഞ്ഞുള്ള ആ ഒരു ഓർമ്മ.... 

എല്ലാവരും അത്താഴം കഴിച്ചു... ദാസനും ഭാര്യയും പാത്രങ്ങളുമെടുത്തു വീട്ടിലേയ്ക്ക് ഇറങ്ങാനൊരുങ്ങി...

“പിന്നെ ഹമീദേ ... ചിലപ്പോൾ ഗോപിയും കുടുംബവും നാളെ വരും... കുറച്ചു നേരത്തേയാ അവൻ വിളിച്ചത്... ഭാഗ്യമുണ്ടെങ്കിൽ നിങ്ങൾക്ക് പരസ്പരം കാണാം...“

“അതേയോ... എത്ര നാളായി അവനെ കണ്ടിട്ട്...“ ഹമീദ് ദാസനോട് പറഞ്ഞു.

സഫിയയുടെ ഉള്ളിൽ ഒരു കൊള്ളിയാൻ മിന്നി.. ജീവിതത്തിലെ ആദ്യ പ്രണയം ഒരിക്കലും ഒരു മനുഷ്യനും മറക്കാനാവില്ല... എന്നും മനസ്സിൽ കിടന്ന് നീറും... എത്ര സ്നേഹമുള്ള ഭർത്താവായാലും ഭാര്യയായാലും അവരുടെ ജീവതത്തിലെ പഴയ ആ ഓർമ്മകൾ ഒരിക്കലും ഷെയർ ചെയ്യാറില്ല.. ചുരുക്കം ചിലർ തമാശ രൂപത്തിൽ പറഞ്ഞു തീർക്കാറുണ്ട്.. പലപ്പോഴും അതൊരു കുടുംബപ്രശ്നമായി മാറാറുമുണ്ട്... രാത്രി വളരെ വൈകുവോളം അവർ സംസാരിച്ചും പറഞ്ഞുമിരുന്നു... എല്ലാവരും കിടക്കാനായി എഴുന്നേറ്റു.. സഫിയയ്ക്ക് കിട്ടിയത് തന്റെ പഴയ മുറിതന്നെയായിരുന്നു... ഒരു സുപ്രഭാതത്തിൽ നിക്കാഹ് കഴിഞ്ഞ് എത്തിയ മുറി... ഈ മുറിക്കുള്ളി‍ൽ എത്രയോദിവസങ്ങളിൽ ഭർത്താവിന്റെ കാമപേക്കുത്തുകളിൽ ശ്വാസംമുട്ടി പിടഞ്ഞിട്ടുണ്ട്... ആദ്യ രാത്രി ഇപ്പോഴും അവൾക്ക് പേടിസ്വപ്നയിരുന്നു.. ഒരു മുന്നറിവും മുന്നൊരുക്കവുമില്ലായിരുന്ന സമയത്തായിരുന്നു വിവാഹം നിശ്ചയിച്ചത്... വിവാഹം കഴിഞ്ഞ് രാത്രി കിടക്കാനായി പോയി... തന്റെ മുന്നിൽ എത്തിയ മനുഷ്യന് തന്നേക്കാൾ 12 വയസ്സോളം പ്രായമുണ്ടായിരുന്നു... ആദ്യ രാത്രിയിൽ പെൺ മനസ്സ് പാകമാക്കാതെ അവളുടെ ഇഷ്ടനിഷ്ടങ്ങൾക്ക് പുല്ലു വില കൽപ്പിച്ച് വൃത്തി കേട്ട പാൻ ചുണ്ടിൻ ഇടയിൽ വെച്ചുള്ള മണവുമായി തന്നെ അവളെ ബലമായി ശാരീരികബന്ധത്തിന് വിധേയയാക്കി തളർന്നെഴുന്നേൽക്കാൻ ശ്രമിക്കുന്നതിനിടയിൽ അയാളുടെ ചോദ്യം കൂരമ്പു പോലെ ഇന്നും തന്റെ ഹൃദയത്തിൽ തറച്ചു നിൽക്കുന്നു എന്താടി ആകെ കുഴഞ്ഞ രൂപത്തിൽ ഒരു സുഖവുമില്ലല്ലോ ഇതിന് മുൻപ് നീ ആരുടെ കൂടെയാണെടി കിടന്നത് സ്വപ്നങ്ങളുടെ ചിറകൊടിഞ്ഞ ആ രാത്രി മനസ്സും ശരീരവും പൊള്ളുന്ന വേദനയിൽ ... അവൾ ആ രാത്രി തള്ളിനീക്കി... രാവിലെ കട്ടിലിൽ നിന്നും എഴുന്നേൽക്കാനാവാത്ത രീതിയിലുള്ള ശരീരവേദനയായിരുന്നു അവൾക്ക്.. ശരീരത്തിനു മാത്രമല്ല മനസ്സിനും.. മാനസികമായി പൊരുത്തപ്പെടാനാവാത്ത പ്രകൃതം... സ്വന്തം സുഖം ലഭിച്ചു കഴിഞ്ഞാൽ ഒരു സൈഡിലേയ്ക്ക് മാറി സുഖമായി കുർക്കംവലിച്ചുറങ്ങുന്ന പുരുഷത്വം... അവൾക്കൊരിക്കലും യഥാർത്ഥ ലൈംഗിക സുഖം ലഭിച്ചിരുന്നില്ല... എല്ലാം ഒരുതരം കാട്ടിക്കൂട്ടൽ.. അതിനിടയിൽ എപ്പൊഴോ ഫസലിന്റെ ജനനം.. പ്രസവം കഴിഞ്ഞ് ഒരാഴ്ച്ച കഴിഞ്ഞപ്പോൾ വീണ്ടും കാമകേളികൾ തുടങ്ങി... എന്തൊരു ദുഷ്ടനായിരുന്നു ആ മനുഷ്യൻ എന്നിട്ടും എല്ലാം സഹിച്ചു വീട്ടുകാർക്കുവേണ്ടി.. സ്വന്തം ചോരയിൽ പിറന്ന കുഞ്ഞിനുവേണ്ടി... ആരോടും പറയാതെ എല്ലാം സഹിച്ചവളാണവൾ... ഒരു രാത്രിയിൽ തന്നെയും മകനേയും അന്ധകാരത്തിലേയ്ക്ക് അടിച്ചോടിച്ചപ്പോൾ കരുതിയില്ല ഇതുവരെ എത്തിച്ചേരാനാകുമെന്ന്... അവൾ തിരിഞ്ഞും മറിഞ്ഞും കിടന്നു.. ഫസൽ തൊട്ടടുത്ത്കിടന്നുറങ്ങുന്നു... അഫ്സയും റഷീദും അടുത്ത മുറിയിലാണ്... ഇടയ്ക്ക് കുഞ്ഞിന്റെ കരച്ചിൽ കേൾക്കാം... വാപ്പയും ഉമ്മയും നാദിറയും അൻവറുമെല്ലാം വെവ്വേറെ റൂമുകളിൽ തന്നെയായിരുന്നു... സഫിയയ്ക്ക് ഉറക്കം വരാത്ത രാത്രിയായിരുന്നു... ഓർമ്മകളിൽ പഴയ തന്റെ ദാമ്പത്യകാലം... എവിടെയായിരിക്കും ആ മനുഷ്യനി പ്പോൾ ആദ്യഭാര്യയും മക്കളുമായി സുഖമായി ജീവിക്കുകയായിരിക്കും... അന്ന് മുത്തലാക്ക് ചൊല്ലിയില്ലെന്നേയുള്ളു... പക്ഷേ ഒരിക്കലും അദ്ദേഹത്തിന്റെ മുന്നിൽ ചെല്ലേണ്ടിവരരുതേ എന്ന് ആഗ്രഹിച്ചിരുന്നു.. അത് സാധിച്ചു.. ഇനി അദ്ദേഹം ലോകത്തിന്റെ ഏതു കോണിലായാലെന്ത് തനിക്ക് തന്റെ മകൻ മാത്രം മതി...

ഇനി അവനെ തേടിയെങ്ങാനും അയാൾ വരുമോ.... ഇല്ല.. അതിനുള്ള സാധ്യതയൊന്നുമില്ല... അതിന് വാപ്പയെ കണ്ടാൽ തിരിച്ചറിയാനുള്ള ഓർമ്മപോലും ഫസലിനില്ലല്ലോ.. ഒരു വാപ്പയുടെ സ്നേഹം കൂടിയാണല്ലോ താനവന് നൽകുന്നത്... രാത്രിയിൽ എപ്പോഴോ അവൾ ഉറക്കത്തിലേയ്ക്ക് വഴുതിവീണു... അതിരാവിലെ തന്നെ അവൾ ഞെട്ടിയുണർന്നു... വേഗം അടുക്കളയിലേയ്ക്ക് പോയി... കുറച്ചു വെള്ളമെടുത്തു കുടിച്ചു.. അടുക്കളവാതിലിലൂടെ ദാസന്റെ വീട്ടിലേയ്ക്ക് നോക്കി.. അവിടെ മുറ്റത്ത് ഒരു കാറു കിടക്കുന്നു...  വീടിനകത്തും പുറത്തും ഒട്ടുമിക്ക ലൈറ്റുകളും ഇട്ടിരിക്കുന്നു... അവളുടെ കണ്ണുകൾ ആർക്കോവേണ്ടി തിരയുന്നുണ്ടായിരുന്നു.. ഇല്ല പുറത്താരേയും കാണാനില്ല.. ചിലപ്പോൾ നേരത്തേ എത്തിയതായിരിക്കും... 

ഗോപിയിപ്പോൾ നല്ല നിലയിലാണ്.. ബാംഗ്ലൂർ മെഡിക്കൽകോളേജ് പ്രൊഫസർ... വിദ്യാർത്ഥികൾക്കും അധ്യാപകർക്കും വളരെ ഇഷ്ടപ്പെട്ട മനുഷ്യൻ.. ആരോഗ്യരംഗത്ത് തന്റേതായ ഒരുപാട് സംഭാവനകൾ അദ്ദേഹം നൽകിക്കഴിഞ്ഞു... എന്തിനേറെ പകർച്ചവ്യാധികൾ പടർന്നുപിടിച്ചപ്പോൾ നാടു വിറങ്ങലിച്ചു നിന്നപ്പോൾ ധൈര്യസമേതം ചികിത്സാസഹായവുമായി ഇറങ്ങിയ മനുഷ്യനാണദ്ദേഹം... അന്നത്തെ പ്രവർത്തിക്ക് അദ്ദേഹത്തിന് കേന്ദ്ര സംസ്ഥാന സർകാറുകളുടെ മെഡലുകളും ലഭിച്ചിട്ടുമുണ്ട്...

കൂടെ ജോലിചെയ്യുന്ന ഒരു നഴ്സിനെയാണ് വിവാഹം കഴിച്ചതെന്ന് അറിയാൻ കഴിഞ്ഞു... അദ്ദേഹത്തന്റെ ഉദാര മനസ്സ് അതായിരിക്കും തന്നെക്കാൾ താഴ്ന്ന ജോലിയുള്ള ഒരു നഴ്സിനെ വിവാഹം കഴിക്കാൻ തോന്നിയത്.. ഒരു മകനുണ്ട് അവർക്ക്... ഏകദേശം ഏഴോ ഒട്ടോ വയസ്സു പ്രായംകാണും... അവൾക്ക് ഒരിക്കലെങ്കിലും ഗോപിയെ കാണാൻ ആഗ്രഹമുണ്ടായിരുന്നു.. അത് ഇന്നുതന്നെ ഒരുപക്ഷേ നടക്കുമെന്ന് ഓർത്തപ്പോൾ സന്തോഷം തോന്നി... 

നേരം വെളുക്കുന്നതുവരെ അവൾ അടുക്കളയിൽ തന്നെ കഴിച്ചുകൂട്ടി... എല്ലാവരും ഉണർന്നെഴുന്നേറ്റുവന്നു. തലേദിവസം ദാസൻ കൊടുത്തയച്ച ചായപ്പൊടിയും മറ്റുമുണ്ടായിരുന്നു.. സഫിയതന്നെ ചായയിട്ട് എല്ലാവർക്കും കൊടുത്തു.. ദാസൻ രാവിലെതന്നെ എത്തി മകൻ വന്ന വിശേഷങ്ങൾ അറിയീച്ചു  അദ്ദേഹത്തിന് ഇപ്പോൾ ഒരു ഇരുപത് വയസ്സ് കുറ‍ഞ്ഞതുപോലുള്ള ഉത്സാഹമുണ്ട്... 

കുറച്ചു കഴിഞ്ഞപ്പോൾ ഗോപിയും ഭാര്യയും മകനും ദാസന്റെ ഭാര്യയും അവിടേയ്ക്ക് വന്നു.. വന്നയുടൻ ഗോപി ഹമീദിയ്ക്കയ്ക്ക് ഹസ്തദാനം നൽകി.. റഷീദും അൻവറും ഓടിയെത്തി.. സ്നേഹം കൊണ്ട് അവർ ആലിംഗനം ചെയ്തു.. നാളുകൾക്കു ശേഷമുള്ള കൂടിച്ചേരൽ.. സഫിയ വാതിലിലൂടെ ഒളിഞ്ഞ് നോക്കി.. രൂപത്തിൽ ഒരുപാട് മാറ്റം വന്നിരിക്കുന്നു. നീട്ടി വളർത്തി താടി ... വട്ട കണ്ണട.. കണ്ണടയുടെ ഫ്രൈമിന്റെ കട്ടികൊണ്ടായിരിക്കും പ്രായം വളരെ കൂടുതൽ തോന്നിക്കുന്നു... കഷണ്ടി അല്പാല്പമായി തെളിഞ്ഞുവരുന്നു... ചെറുപ്പകാലത്ത് ഗോപിയുടെ മുടികൊഴിയുന്ന കാര്യം പറയുമ്പോൾ തിരിച്ചുകളിയാക്കുമായിരുന്നു.. കഷണ്ടിയായാൽ പെണ്ണുകിട്ടില്ലെന്ന്.. പക്ഷേ ഗോപി തിരിച്ചു പറയുമായിരുന്നു ഗൾഫ്ഗേറ്റുള്ളപ്പോൾ എന്തിന് പേടിക്കണമെന്ന്... 

ഗോപിയുടെ ഭാര്യ നേരേ അകത്തേയ്ക്ക് പോയി.. സഫിയയോടും മറ്റുള്ളവരോടും കുശലാന്വേഷണം നടത്തി... വളരെ കുലീനത്വമുള്ള പെരുമാറ്റം.. അവരുടെ മുഖത്ത് ഒരു പ്രത്യേക തിളക്കം.. ഒരു പക്ഷേ അവർ നഴ്സിംഗ് എന്ന പുണ്യ പ്രവർത്തി ചെയ്തിരുന്നതുകൊണ്ടാവും അവരെ എല്ലാവരും മാലാഖമാരായിട്ടാണല്ലോ കാണുന്നത്.. ആ ഒരു തേജസ്സായിരിക്കും അവർക്ക്...

ഗോപി ഹമീദിനോടും എല്ലാവരോടും കുശലപ്രശ്നങ്ങളൊക്കെ നടത്തി.. വന്ന കാര്യവും തിരിച്ചു പോകുന്ന ദിവസവുമെല്ലാം ഹമീദ് പറഞ്ഞു... പറ്റുമെങ്കിൽ നാട്ടിലേയ്ക്ക് വരണമെന്നും ഹമീദ് പറഞ്ഞു.. അപ്പോഴാണ് അവർ്ക്ക ഒരു കാര്യം മനസ്സിലായത്.. ഗോപിപകർച്ചവ്യാധിയുടെ സമയത്ത് കേരള സർക്കാരിന്റെ പ്രതേക ക്ഷണത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജിലും ജോലി ചെയ്തിട്ടുണ്ടെന്ന് .. പക്ഷേ ഒരിക്കൽപോലും ഗോപിയെ അവിടെവച്ചു കണ്ടിരുന്നില്ല... അഥവാ കണ്ടിരുന്നെങ്കിൽതന്നെ തിരിച്ചറിയാനും  പാടുപെട്ടേനേ.. പണ്ടു കണ്ട ഗോപിയേയല്ലല്ലോ ഇപ്പോൾ..

സഫിയയേയുംകൂട്ടി ഗോപിയുടെ ഭാര്യ വീടിനു പിറകു വശത്തെ കിണറിൻ കരയിലേക്കു നടന്നു ... ഗോപി ഫസലിനെ വിളിച്ച് അടുത്തിരുത്തി.. കുശലാന്വേഷണങ്ങളൊക്കെ നടത്തി.. മെഡിക്കൽ എൻഡ്രൻസ് എഴുതണമെന്നും ജീവിതത്തിൽ ഒരു ലക്ഷ്യത്തിലായിരിക്കണം പ്രത്യേകം ശ്രദ്ധയെന്നും അവനോടു പറഞ്ഞു.. പഠിക്കാൻ താല്പര്യമുണ്ടെങ്കിൽ തങ്ങളുടെ സുഹൃത്തുക്കളുടെ എൻഡ്രൻസ് സ്റ്റഡി സെന്ററിലേയ്ക്ക് പറഞ്ഞുവിടാമെന്നും ഗോപി പറഞ്ഞു... ഫസൽ എല്ലാം കേട്ടിരുന്നു...

സഫിയയോട് ഗോപിയുടെ ഭാര്യ ചെറു ചിരിയോടെ ചോദിച്ചു.. നിങ്ങളുടെ സ്വപ്ങ്ങളുറങ്ങുന്ന കിണറിൻ കരയാണല്ലോ അല്ലെ ഇത് പെട്ടന്നുള്ള ചോദ്യത്തിൽ സഫിയ ഒന്ന് പതറി ഞാൻ തമാശ പറഞ്ഞതല്ലേ അത് പോട്ടെ ജീവിതമൊക്കെ എങ്ങനെപോകുന്നു... അവൾ സുഖമെന്ന് പറഞ്ഞു... എല്ലാം അദ്ദേഹമെന്നോട് പറഞ്ഞിട്ടുണ്ട്.. നിങ്ങൾ തമ്മിലുള്ള ബന്ധം അതിനു ശേഷമുള്ള പ്രശ്നങ്ങൾ... ഇന്നും അദ്ദേഹത്തിന് ജീവിത്തിലെ നഷ്ടസ്വപ്നങ്ങളായി ഇതുമാത്രമേ ഉള്ളൂവെന്നാണ് പറയാറുള്ളത്.. ബന്ധം മുറിഞ്ഞതിനുശേഷം സഫിയയോട് ഒരിക്കൽപ്പോലും സംസാരിക്കാനായിട്ടില്ലെന്നും അദ്ദേഹം എന്നോടു പറഞ്ഞിരുന്നു... സഫിയയോട് സംസാരിക്കാത്തത് നിന്നോടുള്ള ദേഷ്യം കൊണ്ടല്ലെന്നും സ്നേഹക്കൂടുതലുകൊണ്ടാണെന്നും അദ്ദേഹം എന്നോടു പലപ്പോഴും പറയുമായിരുന്നു.. എന്തായാലും നമുക്ക് ഇനിയും കാണാം...

സഫിയ എല്ലാം കേട്ടിരുന്നു അവൾക്കൊരുതരം നിർവ്വികാരതയായിരുന്നു.. എല്ലാം കഴിഞ്ഞുപോയ കാര്യങ്ങൾ ഇനി ഇതിനെക്കുറിച്ച് ഓർക്കാതിരിക്കു ന്നതാണ് നല്ലത്... അവർ കുറച്ചുനേരം കൂടി കുശലം പറഞ്ഞു നിന്നു...

“നിങ്ങൾ രണ്ടാളും അവിടങ്ങു നിന്നോ...“ സൈനബ  അവിടേയ്ക്ക് കടന്നുവന്നു.

“ഗോപിയ്ക്ക് പോകാൻ സമയമായെന്ന്... ചെല്ല് ചെല്ല്... ഇനിയും കാണാമല്ലോ... ഞങ്ങൾ ഇന്നു ഉച്ചക്ക് തിരിക്കും... നാളെ കഴിഞ്ഞേ വീട്ടിലെത്തു... ഇടയ്ക്ക് ഒരു വീട്ടിൽ കൂടി പോകാനുണ്ട്...

ഗോപിയുടെ ഭാര്യ സഫിയയേയും കൂട്ടി പുറത്തേയ്ക്ക് വന്നു... വാതിലന്റെ മറവിൽ ഒളിഞ്ഞുനിന്നു സഫിയ ഗോപിയുടെ മുഖത്തേയ്ക്ക് നോക്കി...

“സഫിയാ മകൻ മിടുക്കനാ... അവനെ നന്നായി പഠിപ്പിക്കണം...“

എത്രയോ വർഷങ്ങൾക്കുശേഷം അദ്ദേഹത്തിന്റെ നാവിൽ നിന്നും സഫിയ എന്ന പദം പുറത്തേയ്ക്കു വന്നു.. ആ വാക്കിന് പഴയതുപോലെ മാധുര്യമുണ്ടായിരുന്നില്ല എന്നത് തികച്ചും യാദൃശ്ചികം... 

ഗോപിയും ഭാര്യയും യാത്രപറഞ്ഞ് പുറത്തേയ്ക്കിറങ്ങി.. ഇനിയൊരിക്കൽ കാണാമെന്നു പറഞ്ഞ് അവർ ഗേറ്റ് കടന്നു പോയി...

സഫിയയുടെ മനസ്സിലെ ഒരു വലിയ ഭാരം ഇറക്കി വച്ചതുപോലെ തോന്നി.. വർഷങ്ങൾക്കുശേഷം ഗോപി തന്നോട് സംസാരിച്ചിരിക്കുന്നു. അവന്റെ പിണക്കം മാറിയിരിക്കുന്നു. അവന് ലഭിച്ചതും നല്ലൊരു ജീവിതം തന്നെയാണ്... ഭാര്യ വളരെ സ്നേഹനിധിയുമാണ്.. തന്റെ ജീവിതം എന്തോ ആയിക്കോട്ടെ... തന്നെ ജീവനുതുല്യം സ്നേഹിച്ച ആ മനുഷ്യൻ ഇന്ന് സന്തോഷമായി ജീവിക്കുന്നെറിഞ്ഞപ്പോൾ എന്തെന്നില്ലാത്ത സന്തോഷം... 

പഴയകാലത്തെ സ്നേഹത്തിന് ആത്മാവുണ്ടായിരുന്നു.. ആത്മാർത്ഥതയുണ്ടായിരുന്നു... വിവാഹം കഴിക്കാൻ സാധിച്ചില്ലെങ്കിൽ എവിടെയെങ്കിലും നല്ല നിലയിൽ കഴിഞ്ഞുപോകണേയെന്ന് മനസ്സിൽ പറയുമായിരുന്നു... അതായിരുന്നു യഥാർത്ഥ പ്രണയം.. ഇക്കാലത്തോ... പ്രണയം നിരസ്സിച്ചുകഴിഞ്ഞാൽ പെട്രോളൊഴിച്ച് കത്തിച്ചു കൊല്ലുക.. എന്തു മാറ്റമാണ് ഇന്നു നമ്മുടെ പൊതുസമൂഹത്തിന് സംഭവിച്ചുകൊണ്ടിരിക്കുന്നത്.. ഒരു സ്ത്രീയുടെ മനസ്സ് എന്തെന്ന് വായിച്ചറിയാൻ കഴിയാത്ത കൊലയാളി... അവർക്ക് സ്ത്രീയെന്നത് ആത്മാവില്ലാത്ത വെറും ശരിരം മാത്രമാണ്. അതുകൊണ്ടാണല്ലോ തനിക്ക് ലഭിക്കാത്ത ആ ശരീരത്തെചുട്ടു വെണ്ണീറാക്കാൻ തുനിയുന്നത്... കാലം ഇവർക്കൊരിക്കലും മാപ്പുകൊടുക്കില്ല...
 
 
 
 തുടർന്നു വായിക്കുക അടുത്ത ഞായറാഴ്ച്ച  24 11 2019

ഷംസുദ്ധീൻ തോപ്പിൽ 
17 11 2019

9.11.19

നിഴൽവീണവഴികൾ - ഭാഗം - 47


ദാസൻ തന്നെ മുന്നേ നടന്നു.. ഗേറ്റ് തുറന്ന്.. അകത്തു കടന്നു.. എല്ലാവരും വീടിനു ചുറ്റുമൊന്ന് കണ്ണോടിച്ചു.. അൻവറിനും റഷീദിനും ഒരുപാട് ഓർമ്മകൾ പങ്കുവയ്ക്കാനുണ്ടായിരുന്നവിടെ... വീടിനകത്തെ മുറികൾ പോലും വൃത്തിയായി സൂക്ഷിച്ചിരിക്കുന്നു... കട്ടിലുകളും മറ്റും യഥാസ്ഥാനത്ത് തന്നെ ഇരിക്കുന്നു..

“റഷീദേ.... സ്നേഹപൂർവ്വമായ വിളി...“

“എന്താ വാപ്പാ...“

എല്ലാവരും ഹമീദിനടുത്തേയ്ക്ക നീങ്ങി...

“മക്കളേ... നിങ്ങളെല്ലാവരും കേൾക്കാൻ പറയുകയാ... നമ്മുടെ ജീവിതം ആരംഭിച്ചത് ഇവിടെനിന്നാണ്... ഒരുകാലത്ത് ഇവിടെനിന്നും അഭയാർത്തികളെ പോലെ നെഞ്ച് പിളർക്കുന്ന വേദനയുമായി ഉള്ളതെല്ലാം ഇട്ടെറിഞ്ഞു ഇരുട്ടിനെ മറയാക്കി ജീവനും കൊണ്ട് ഓടിയത് ഇന്നും മറന്നിട്ടില്ല ഞാനും സൈനബയും മാത്രമായിരുന്നെങ്കിൽ ഒരിക്കലും ഇ നാട് വിട്ട് പോകില്ലായിരുന്നു പടച്ചോന്റെ വിധി വീണ്ടും നമ്മളെ ഇവിടെ എത്തിച്ചിരിക്കുന്നു... ഈ മണ്ണിനോട് എനിക്ക് ഒരു വല്ലാത്ത സ്നേഹമാണ് അൻവറേ... ഇവിടുത്തെ കാറ്റിനുപോലും ഒരു പ്രത്യേകതയുണ്ട്...“

എല്ലാവരും വാപ്പയെ ഉറ്റുനോക്കുകയായിരുന്നു. ആ മുഖത്ത് വല്ലാത്ത ഒരു സന്തോഷം അലയടിക്കുന്നു... വാപ്പയുടെ വാക്കുകൾക്കായി അവരെല്ലാവരും കാതോർത്തിരിക്കുകയായിരുന്നു..

“എന്തായാലും നമ്മൾ ഇവിടെവരെ വന്നതല്ലേ... രണ്ടുദിവസം ഇവിടെ താമസിച്ചിട്ടു തിരിച്ചുപോകുന്നതിനെക്കുറിച്ച് നിങ്ങൾക്കെന്താണ് അഭിപ്രായം...“

എല്ലാവരും പരസ്പരം മുഖത്തോടുമുഖം നോക്കി...

“അതു നല്ല തീരുമാനം വാപ്പാ...“ റഷീദാണത് പറഞ്ഞത്... 

“വാപ്പാ എനിക്ക് ലീവ് കുറവാണ്. പക്ഷേ വാപ്പയുടെ സന്തോഷം ആണ് ഇപ്പൊ എനിക്ക് വലുത്... ഷോപ്പിലെ  കാര്യങ്ങൾ സ്റ്റാഫുകൾ നോക്കിക്കൊള്ളും... ഇവിടെ നമുക്ക് നമ്മുടെ ആ പഴയ കുട്ടിക്കാലത്തേയ്ക്ക് തിരിച്ചുപോകാം...“

എല്ലാവരും വളരെ സന്തോഷത്തിലായിരുന്നു. ഫസൽ മുറ്റത്തെ തിണ്ണയിൽ ഇരിക്കുകയായിരുന്നു. അവന് ഇവിടുത്തെ ജീവിതത്തെക്കുറിച്ച് വലിയ ഓർമ്മകളൊന്നുമില്ല.. എല്ലാവരും പറഞ്ഞുള്ള ആ കാലഘട്ടം അവനും മനപ്പാഠമായിരുന്നു. സഫിയ വീടിന്റെ പിറകുവശത്തേയ്ക്കിറങ്ങി.. വീട്ടിലെ അടുക്കളയിൽ നിന്നും ഇരുപതു മീറ്റർ മാറിയാണ് കിണറുണ്ടായിരുന്നത്... അവൾ ആ കിണറ്റിലെ വെള്ളത്തിലേയ്ക്ക് നോക്കി... വളരെ ആഴം കുറഞ്ഞ കിണർ അക്കാലത്ത് സ്വന്തം മുഖം കാണാൻ നല്ല വെട്ടമുള്ള സമയത്ത് കിണറ്റിലേയ്ക്ക് നോക്കുമായിരുന്നു... കിണറിന്റെ കൈവരിയിൽ മുഖം ചേർത്തുവച്ച്‌ ഉച്ചത്തിൽ ശബ്ദമുണ്ടാക്കി കളിക്കുമായിരുന്നു. കിണറ്റിനുള്ളിലെ ശബ്ദം പ്രതിധ്വനിക്കുന്നത് ഇന്നും അവളുടെ കാതുകളിൽ മുഴങ്ങുന്നതുപോലെ... 

തങ്ങളുടെ അയൽപ്പക്കാരനായ ദാസന് മൂന്നുമക്കളായിരുന്നു. ഒരു പെണ്ണും രണ്ടാണും.. അവരെല്ലാവരുമായി വളരെ അടുത്ത ബന്ധം അവർ സൂക്ഷിച്ചിരുന്നു. എന്നാലും സഫിയയ്ക്ക് ഒരല്പം സ്നേഹം കൂടുതൽ  അദ്ദേഹത്തന്റെ ഇളയ മകൻ ഗോപിയോടായിരുന്നു. ഗോപിയ്ക്ക് തിരിച്ചും... മതം ഒരിക്കലും അവർക്ക് ഒരു തടസ്സമാവുമെന്ന് അക്കാലത്ത് വിചാരിച്ചിരുന്നില്ല... പരസ്പരം ഇതുവരെയും പറഞ്ഞിട്ടുമില്ല... അറിയാമായിരുന്നു... പരസ്പരം ഇഷ്ടമാണെന്ന്... വീട്ടിലും അർത്ഥംവച്ച് സംസാരിക്കുന്നത് കേട്ടിട്ടുമുണ്ട്... അവരുടെ വീട്ടിൽ ചെന്നാൽ ഗോപീ... നിന്നെക്കാണാൻ സഫിയയെത്തിയെന്ന് അവന്റെ അമ്മതന്നെ പറയുമായിരുന്നു.. എന്തോ.. രണ്ടു കൂട്ടർക്കും അന്ന് എല്ലാറ്റിനും മൗനാനുവാദമായിരുന്നു. 

അയൽക്കാർക്ക് പലർക്കും അസൂയയുമായിരുന്നു തങ്ങളുടെ രണ്ടുകുടുംബങ്ങളുടെയും പരസ്പരസഹകരണത്തിൽ... കാലം പലപ്പോഴും ക്രൂരമായി പെരുമാറും എന്നുപറയുന്നത് എത്രയോ ശരിയാണ്... എല്ലാവരും ഒരു സ്കൂളിലാണ് പഠിക്കുന്നതെങ്കിലും വീട്ടിൽ നിന്നും ഒരുമിച്ചാണ് പുറപ്പെടുന്നതെങ്കിലും കുറച്ചുദൂരം നടന്നു കഴിയുമ്പോൾ താനും ഗോപിയും മാത്രമാവും... എത്ര സംസാരിച്ചാലും മതിവരാത്തതുപോലെ... എന്നും സംസാരിക്കാൻ ഓരോരോ വിഷയം ഉണ്ടാവും രണ്ടുപേർക്കും... ഗോപിയ്ക്ക് പഠിച്ച് ഡോക്ടറാകണമെന്നായിരുന്നു ആഗ്രഹം... തന്നെ എപ്പോഴും കളിയാക്കുമായിരുന്നു... തട്ടത്തിനുള്ളിലെ സുന്ദരി... അതായിരുന്നു അവൻ തനിക്കിട്ടിരുന്ന പേര്... 

സഫിയയുടെ പഴയ ഓർമ്മകൾ അവളുടെ മനസ്സിൽ നൊമ്പരത്തിന്റെ വിത്തുകൾ വിതച്ചു... ഓർമ്മകൾ വീണ്ടും ആഴത്തിലേയ്ക്ക് ഊളിയിടുകയായിരുന്നു. പരിശുദ്ധമായിരുന്നു തങ്ങളുടെ ബന്ധം... അനാവശ്യമായ ഒരു വാക്കുപോലും പരസ്പരം പറഞ്ഞിരുന്നില്ല... വിവാഹം കഴിക്കുന്നെങ്കിൽ അതു ഗോപിയുമായി മാത്രം എന്നായിരുന്നു കരുതിയിരുന്നത്... പ്രീഡിഗ്രിക്ക് പഠിക്കാൻ ചേർന്നതും ഒരേ കോളേജിൽ... അവിടെയും തങ്ങളുടെ ബന്ധത്തിന് യാതൊരു തടസ്സവുമുണ്ടായിരുന്നില്ല.. ഉമ്മപോലും അനുകൂലമായിരുന്നതുപോലെ തോന്നിയിട്ടുണ്ട്... വാപ്പയുടെ വാക്കുകളിലായിുന്നു പലപ്പോഴും വിശ്വാസം... മതങ്ങൾ മനുഷ്യനുവേണ്ടി മനുഷ്യനുണ്ടാക്കിയതാണ്... അതിന്റെ കെട്ടുകൾ പൊട്ടിച്ചെറിയാൻ കഴിവുള്ളവനാണ് യഥാർത്ഥ മനുഷ്യൻ... വാപ്പയുടെ ദീർഘവീക്ഷണം അതു മാത്രമായിരുന്നു തങ്ങളുടെ കുടുംബത്തിന്റെ രക്ഷ... 

ഇന്നും ഓർക്കുന്നു.. താൻ പ്രീഡിഗ്രി പരീക്ഷ പാസ്സായെന്നറിയിച്ചത് ഗോപിയായിരുന്നു... അവൻ ഓടിയെത്തി തനിക്ക് മിഠായി വായിൽവച്ചുതന്നു തന്നെ ചേർത്ത് പിടിച്ച് നെറ്റിയിൽ ഒരുമ്മയും തന്നു ... വാപ്പ അതുകാണാനിടയായി... പക്ഷേ ആ മനുഷ്യൻ അവളോടൊന്നും ചോദിച്ചില്ല... തങ്ങൾ മുതിർന്നകാര്യം ആ മനുഷ്യൻ മനസ്സിലാക്കിയത് അപ്പോഴായിരിക്കും... പിറ്റേദിവസം ദാസൻമാമനും വാപ്പായുമായി എന്തൊക്കെയോ കുശുകുശുക്കുന്നുണ്ടായിരുന്നു... അത് എന്തായിരുന്നെന്ന് ഇതുവരേയും അറിയാൻ സാധിച്ചിട്ടില്ല...

അവരുടെ പരിശുദ്ധ പ്രണയത്തിന് വിലങ്ങുതടിയായി നിന്നത് അവരുടെ മതങ്ങൾ തന്നെയായിരുന്നു. മുസ്‌ലിമായ സഫിയയും... ഹിന്ദുവായ ഗോപിയും... മനുഷ്യൻ എത്രത്തോളം പുരോഗമിച്ചാലും അവന്റെ മതത്തിന്റെയും ജാതിയുടെയും അതിർവരമ്പുകൾക്കുള്ളിൽ നിന്നു മാത്രമേ ചിന്തിക്കാനാവൂ.. അന്ന് ഹമീദ് ആരോഗ്യവാനായ മനുഷ്യനായിരുന്നു. രാവിലെ 6 മണിക്ക് തേയിലത്തോട്ടത്തിലേക്കു ഇറങ്ങും ഇടയ്ക്ക് വീട്ടിലെത്തി കഞ്ഞികുടി, വീണ്ടും തേയിലത്തോട്ടത്തിലേക്ക് ... മക്കൾ വലുതായപ്പോൾ അവരും കൂടെക്കൂടുമായിരുന്നു.. സഫിയയുടെയും ഗോപിയുടെയും ബന്ധം മറ്റൊരു തലത്തിലേയ്ക്ക് മാറുന്നെന്ന് മനസ്സിലാക്കിയ ഹമീദ് ദാസനുമായി വിശദമായി സംസാരിച്ചു... ദാസനും ഹമീദിനും സമ്മതക്കുറവൊന്നുമില്ലായിരുന്നു.. പക്ഷേ ഒരിക്കലും അംഗീകരിക്കാത്ത സമൂഹം... എല്ലാ തലങ്ങളെക്കുറിച്ചും അവർ വിശദമായി ചിന്തിച്ചു... ഈ നാട്ടിൽ ഒരു വർഗ്ഗീയ ലഹള ഉണ്ടാവാതിരിക്കാൻ നമുക്ക് നമ്മുടെ മക്കളെ ജീവനോടിരിക്കുന്നത് കാണാൻ അവർക്ക് മുന്നിൽ വേറെ മാർഗ്ഗങ്ങളൊന്നുമില്ലായിരുന്നു. വേർപിരിയിക്കുക... അതായിരുന്നു അവരുടെ രണ്ടുപേരുടേയും തീരുമാനം... പിന്നീടെല്ലാം പെട്ടെന്നായിരുന്നു. തേയില തോട്ടത്തിൽ പണിക്കെത്തിയ ഹംസയുമായി മറ്റൊന്നും ആലോചിക്കാതെ സഫിയയെ വിവാഹം കഴിപ്പിച്ചുകൊടുത്തു... ഗോപിയെ ദാസൻ സൂത്രത്തിൽ അവിടെനിന്നും മാറ്റിയിരുന്നു. കാര്യങ്ങൾ അറിഞ്ഞപ്പോൾ ഗോപിയ്ക്ക് വളരെയധികം വിഷമമുണ്ടാവുകയും ചെയ്തു... പക്ഷേ ദാസന്റെ ഉപദേശവും നിർദ്ദേശവും ഗോപിയ്ക്ക് സ്വീകരിക്കാതിരിക്കാനായില്ല... നഷ്ടം സഫിയയ്ക്കും ഗോപിയ്ക്കും മാത്രമായിരുന്നു. അവർ രണ്ടുപേരും മനസ്സുകൊണ്ട് എത്രയോതവണ പരസ്പരം സ്നേഹിക്കുന്നെന്ന് പറഞ്ഞെങ്കിലും ഒരിക്കൽപോലും പരസ്പരം അക്കാര്യം തുറന്ന്സംസാരിച്ചിരുന്നില്ല.. സഫിയ ആദ്യം വിസമ്മതിച്ചെങ്കിലും വാപ്പയുടെ വാക്കുകളെ ധിക്കരിക്കാൻ അവൾക്കാവുമായിരുന്നില്ല.... എല്ലാം പടച്ചോന്റെ വിധിയാണെന്ന് കരുതിക്കൊണ്ട് ആ ശക്തിയിൽ വിശ്വസിച്ചുകൊണ്ട് അവൾ അന്ന് ആ മനുഷ്യനൊപ്പം ജീവിതയാത്ര തുടങ്ങി... പക്ഷേ...

ഗോപിയെ തനിക്ക് എന്നന്നേക്കുമായി നഷ്ടപ്പെട്ടെന്നു ബോധ്യമായത്അവളുടെ വിവാഹം കഴിഞ്ഞതിനു ശേഷമായിരുന്നു. വിവാഹത്തിനുശേഷം ഹംസയുമായുണ്ടായ പിണക്കങ്ങൾ, എന്തിനും ഏതിനും സംശയത്തോടെ തന്നെ കാണുന്ന ഭർത്താവ്... അടുക്കളവാതിൽക്കൽ വന്നുനിന്നാൽ അകത്തേയ്ക്ക് കയറടീയെന്നുപറഞ്ഞു അലറിയിരുന്ന ഹംസ എന്ന സംശയരോഗി... ജീവിതം അവസാനിപ്പിക്കാനായിട്ടായിരുന്നു അന്നീ കിണറ്റിലേയ്ക്ക് എടുത്തു ചാടിയത്. ഭാഗ്യമോ നിർഭാഗ്യമോ... വീട്ടുകാരുടെ വിളികേട്ട് ആദ്യം ഓടിയെത്തിയത് ഗോപിയായിരുന്നു. ബോധമറ്റ തന്റെ ശരീരം കിണറ്റിലെ വെള്ളത്തിൽ നിന്ന്  വാരിയെടുത്ത്ആശുപത്രിയിലെത്തിക്കും വരെ കൂടെയുണ്ടായിരുന്നു. തനിക്ക് ബോധം തെളിഞ്ഞുവെന്നും കുഴപ്പമില്ലെന്നും അറിഞ്ഞതിനു ശേഷമാണ് ഗോപി  അവിടുന്നു പോയത്.. ഉമ്മ പറഞ്ഞുള്ള കാര്യങ്ങളായിരുന്നു ഇതെല്ലാം. പക്ഷെ ജീവിതത്തിൽ ആദ്യമായും അവസനാമായും തന്റെ അനുവാദമില്ലാതെ സ്വന്തം ശരീരത്തിൽ സ്പർശിച്ചത് അന്നായിരുന്നു എന്നവൾ ഓർക്കുന്നു. അത്ര പവിത്രമായിരുന്നു ആ ബന്ധം. തങ്ങൾ ജീവിതത്തിലെ സ്വപ്നങ്ങൾ കണ്ടത് ഈ കിണറ്റിൻകരയിൽ നിന്നുമാണ്. ആ സ്വപ്നങ്ങൾ തകർന്നുടഞ്ഞപ്പോൾ ജീവിതം അവസാനിപ്പിക്കാൻ ശ്രമിച്ചതും ഈ കിണറ്റിൽ തന്നെയായിരുന്നു. പിൽക്കാലത്ത് വാപ്പയ്ക്കും ഉമ്മയ്ക്കും തന്റെ കാര്യത്തിൽ തെറ്റുപറ്റിയെന്ന് പറഞ്ഞ് പരിതപിക്കുമായിരുന്നു... വ്യത്യസ്ത മതമായിരുന്നുവെങ്കിലും മതങ്ങളുടെ വേലിക്കെട്ടില്ലാത്ത ലോകത്തിന്റെ ഏതെങ്കിലും ഒരുകോണിൽപ്പോയി അവർ സുഖമായി ജീവിച്ചേനേയെന്ന് വാപ്പ ഒരിക്കൽ ഉമ്മയോട് പറയുന്നത് കേട്ടിട്ടുണ്ട്.

അവൾ കിണറിന്റെ തൂണിൽ ചാരിനിന്നു ഗോപിയുടെ വീട്ടിലേയ്ക്ക് നോക്കി... നേരേ കാണുന്ന ജനാലയിലുടെ ആ പഴയ ഗോപി തന്നെ ഉറ്റു നോക്കുന്നുണ്ടോ എന്നറിയാൻ... വിവാഹത്തിനു ശേഷം ഗോപി തന്നോടൊന്നും സംസാരിച്ചിട്ടില്ല... ആ മുഖത്ത് ഒരിക്കലും ഒരു പുഞ്ചിരി വിരിയുന്നത് കണ്ടിട്ടില്ല... ആ ജനാലയിലുടെ അവൻ ഒരിക്കലും നോക്കിയിട്ടുമില്ല... സഹിക്കുകയായിരുന്നു. കാലം എല്ലാം മായ്ച്ചു... ഫസലിന്റെ ജനനം തന്റെ ജീവിതത്തിൽ ഒരുപാട് മാറ്റങ്ങളുണ്ടാക്കി... എല്ലാം വെറും സ്വപ്നമാണെന്ന് കരുതി സമാധാനിച്ചു... കുഞ്ഞിനെകാണാൻ അവരുടെ വീട്ടിൽനിന്നും എല്ലാവരുമെത്തിയെങ്കിലും ഗോപി മാത്രം വന്നില്ല... തുടർ പഠനത്തിനായി ബാംഗ്ലൂരിലെ കോളേജിലേയ്ക്ക് പോയ ഗോപി... വർഷത്തിലെ രണ്ടോ മൂന്നോ പ്രാവശ്യം മാത്രമേ നാട്ടിൽ വരാറുണ്ടായിരുന്നുള്ളൂ... അവിടെ ഹോസ്റ്റലിൽ ഒതുങ്ങിക്കൂടി ജീവിക്കുന്നെന്നാണ് എല്ലാവരും പറഞ്ഞിരുന്നത്... വിവാഹമേ വേണ്ടെന്നു പറഞ്ഞു നടന്ന ഗോപി അവന്റെ ആഗ്രഹപ്രകാരം ഡോക്ടർ ആയതിനു ശേഷം അവന്റെ മുപ്പത്തി ആറാം വയസ്സിലാണ് എല്ലാവരുടെയും നിർബന്ധത്തിനു വഴങ്ങി വിവാഹിതനായത്... അതും അനാഥയായ ഒരു പെൺകുട്ടിക്ക് ജീവിതം പകുത്തുനൽകുകയായിരുന്നു...

“നീ ഇവിടെ നിൽക്കുകയായിരുന്നോ ...“ സഫിയയുടെ ഉമ്മ അവിടേയ്ക്ക് കടന്നുവന്നു... 

“സഫിയ.. ഇവിടെ ഒരു മാറ്റവുമില്ലല്ലോ മോളേ... എല്ലാം ദാസൻ വൃത്തിയാക്കി സൂക്ഷിച്ചിരിക്കുന്നു... ആ മനുഷ്യനെ നമുക്ക് മറക്കാനാവില്ല...“

“സഫിയ തലകുലുക്കി...“

“മോളേ... രണ്ടുദിവസം കഴിഞ്ഞിട്ട് പോകാമെന്നാ വാപ്പാന്റെ തീരുമാനം.. എനിക്കും അതാണ് നല്ലതെന്ന് തോന്നിയത്... ഇനിയെന്നാണ് ഇവിടേയ്ക്ക് വരാനാവുകയെന്നറിയില്ലല്ലോ... വയസ്സായില്ലേ.. നമ്മളൊക്കെ ഇനി എത്രകാലം...“

സഫിയ ഉമ്മയുടെ മുഖത്തേയ്ക്ക നോക്കി...

അവളുടെ ഉള്ളു പിടച്ചു... തനിക്ക് ഇന്ന് എല്ലാം തന്റെ ഉമ്മയും വാപ്പയും സഹോദരങ്ങളുമാണ്... പറക്കമുറ്റാത്ത മകൻ... ഉമ്മയുടെ ഈ വാക്കുകൾ കേൾക്കുമ്പോൾ ഇപ്പോൾ ഭയമാണ്... ഈ ജീവിതയാത്രയിൽ ഇനിയും ഒരുപാട് ദൂരം താണ്ടേണ്ടതുണ്ട്... കൂട്ടിന്... പലപ്പോഴും ആരുമില്ല... ഒറ്റക്കാണെന്നുള്ള വിചാരം നിരാശ ജനിപ്പിക്കാറുണ്ട്... ഫസൽ അവനിൽ മാത്രമാണ് അവളുടെ പ്രതീക്ഷ മുഴുവൻ... അവനിലൂടെയുള്ള ജീവിതമാണ് തനിക്കീ ശിഷ്ടകാലം... 

റഷീദും അൻവറും വീടിനു പിറകിലേയ്ക്ക വന്നു... എല്ലാവരും ചുറ്റുപാടുകളൊക്കെയൊന്ന് വീക്ഷിച്ചു... 

“റഷീദേ നിനക്കീ തെങ്ങ് ഓർമ്മയുണ്ടോ...“ 

“മറക്കാനാവുമോ ഉമ്മാ...“

റഷീദ് ആറാംക്ലാസ്സിൽ പഠിക്കുന്നു.. വാപ്പ നട്ട തെങ്ങായിരുന്നത്.. അന്ന് ആ തെങ്ങിന് ഒരു പത്ത് പന്തണ്ടടി പൊക്കം കാണും.. ഒരു ദിവസം റഷീദ് അതിൽ വലിഞ്ഞുപിടിച്ച് കയറി... ഉമ്മ അത് കണ്ട് ഓടിയെത്തി ഉച്ചത്തിൽ നിലവിളിച്ചു.. ഉമ്മയുടെ നിലവിളികേട്ട് വാപ്പ ഓടിയെത്തി... വാപ്പയുടെ അലർച്ചയും ഉമ്മയുടെ നിലവിളിയും കേട്ട് പേടിച്ച് റഷീദ് ഊർന്ന് താഴേയ്ക്ക്... അന്ന് നെഞ്ചും കൈയ്യുമെല്ലാം ഉരഞ്ഞ് ചോരപൊടിഞ്ഞിരുന്നു... ഇന്നും മായാതെ ആ അടയാളങ്ങൾ നെഞ്ചിലും കൈയ്യിലുമുണ്ട്...

“എല്ലാവരും പഴയ ഓർമ്മകളിലാണോ...“ ദാസൻ വീട്ടിലേയ്ക്ക് കടന്നുവന്നു... 

അദ്ദേഹത്തിന്റെ ഭാര്യ ചായയും പലഹാരങ്ങളുമായി പിറകേയെത്തി... എല്ലാവരും പുറത്തേയ്ക്കിറങ്ങിവന്നു... ദാസന്റെ മുഖത്തെ ആ സന്തോഷം... വർഷങ്ങൾക്ക് ശേഷം കുടുംബത്തിൽ നിന്നും നഷ്ടപ്പെട്ടെന്നു കരുതിയ ബന്ധുക്കൾ തിരിച്ചു വരുമ്പോഴുണ്ടാകുന്നതിനേക്കാൾ പതിൻമടങ്ങ് കൂടുതലായിരുന്നു... 

“ദാസാ ഞങ്ങൾ നിന്നെയൊന്നു കഷ്ടപ്പെടുത്താൻ തന്നെ തീരുമാനിച്ചു... എന്തായാലും ഞങ്ങൾ വന്നു... രണ്ടുദിവസം ഇവിടെ താമസിച്ചേ പോകുന്നുള്ളൂ ...“

“ഞാൻ പ്രതീക്ഷിച്ചത് ഒരാഴ്ച്ചയാണ്...“

“ഇനിയും വരാലോ ദാസാ... കൂടാതെ റഷീദിന് ലീവുമില്ല...“

“ശരി.. ശരി.. ‍ഞാൻ നിർബന്ധിക്കുന്നില്ല.. പിന്നെ... എന്ത് ആവശ്യമുണ്ടെങ്കിലും പറയണേ ... രണ്ടു കട്ടിലും നാലഞ്ചു കസേരയും വീട്ടീന്ന് എടുപ്പിക്കാനുള്ള ഏർപ്പാട് ചെയ്തിട്ടുണ്ട്... പിന്നെ പഴയതുപോലെ നിലത്തു കിടന്നുകളയല്ലേ.. വയസ്സായി ഓർമ്മവേണം...“

“അവിടൊരു കൂട്ടച്ചിരിയുയർന്നു.“തുടർന്നു വായിക്കുക അടുത്ത ഞായറാഴ്ച്ച  17 11 2019


ഷംസുദ്ധീൻ തോപ്പിൽ  10 11 2019

3.11.19

നിഴൽവീണവഴികൾ - ഭാഗം - 46

 
“വാപ്പാ... ഇനിയൊന്നു മയങ്ങിക്കോ...“ സീറ്റുബെൽറ്റ് മുറുക്കിക്കൊണ്ട് അൻവർ പറ‍ഞ്ഞു.. അതേയെന്ന് റഷീദും പറഞ്ഞു... വാഹനം പതിയെ ചുരമിറങ്ങാൻ തുടങ്ങി ഹമീദ് സാവധാനം ഉറക്കത്തിലേയ്ക്ക വഴുതിവീണു... ഹമീദിന്റെ സുരക്ഷ കരുതി റഷീദ് വേഗതകുറച്ചാണ് കാർ ഓടിച്ചിരുന്നത്.. ഉറങ്ങുന്ന ആ മനുഷ്യന്റെ മുഖത്തെ നിശ്ചയദാർഠ്യം... അതായിരുന്നു റഷീദിന്റെ ജീവിത വിജയം....
 
കാർ വളരെ ശ്രദ്ധയോടെ യാണ് റഷീദ് ഓടിച്ചിരുന്നത് . എല്ലാവരും ചെറുമയക്കത്തിലേക്ക് വഴുതി വീണു . യാത്രതിരിച്ചിട്ട് ഏകദേശം ആറ് മണിക്കൂറുകൾ കടന്നിരിക്കുന്നു. എല്ലാവരും ചെറുമയക്കത്തിലും... റോഡ് സൈഡിലെ ബോർഡിൽ എഴുതിയത് റഷീദ് വായിച്ചു ബദ്ക്കൽ നാൽപ്പത് കിലോമീറ്റർ... റഷീദിന്റെ ചിന്തകൾ പലവഴികളിലൂടെയും കടന്നുപോയി... തങ്ങൾ അനുഭവിച്ച യാതനകളും വേദനകളും കഷ്ടതകളും ഉടുതുണിക്കു മറു തുണി ഇല്ലാതിരുന്നതും ഇന്നും ഓർമ്മയിൽ നിന്നും മാഞ്ഞുപോയിട്ടില്ല. എന്തെല്ലാം ബുദ്ധിമുട്ടുകൾ ജീവിതത്തിൽ അനുഭവിക്കേണ്ടിവന്നിട്ടുണ്ട് വാപ്പ പലപ്പോഴും പ്രയാസങ്ങൾ മക്കളായ തങ്ങളെ അറിയിക്കാറുപോലുമില്ലായിരുന്നു.
 
 സഫിയയുടെ വിവാഹത്തിന് വേണ്ട മുൻകരുതലെടുക്കാനും അന്ന് സാധിച്ചില്ല.. ആരെന്നോ ഏതെന്നോ വ്യക്തമായി അന്വാഷിക്കാതെ ഒരുവന് അവളെ പിടിച്ചു നൽകേണ്ടിയും വന്നു. അധ്വാനിയായിരുന്നു അവൻ.. പക്ഷേ വേറെ ഭാര്യയും കുട്ടികളുമുള്ളവനാണെന്നുള്ള കാര്യം ആരും അറിഞ്ഞില്ല.. സ്വദേശത്തുപോയി തിരക്കാനുള്ള ബുദ്ധിയും ആരും ഉപദേശിച്ചില്ല.. നേരേ മറിച്ചായിരുന്നുവെങ്കിൽ ഇന്ന് സഫിയയ്ക്ക് ഒരു ആൺ തുണയുണ്ടാകുമായിരുന്നു. ഫസലിന് ഒരു വാപ്പയുണ്ടാകുമായിരുന്നു.. 

റഷീദ് വാഹനത്തിന്റെ റിയർ വ്യൂ മിററിലൂടെ പിറകിലെ സീറ്റിലേയ്ക്ക് നോക്കി... എല്ലാവരും ചെറുമയക്കത്തിലാണെങ്കിലും ഫസൽ ചുറ്റുപാടും കണ്ണോടിച്ചുകൊണ്ടിരിക്കുന്നു. ഫസലിന്റെ തോളിൽ ചാരി സഫിയ മയങ്ങുന്നു.. എന്ത് നിഷ്ക്കളങ്കയായിരുന്നവൾ പഠിക്കാനും മോശമല്ലായിരുന്നു. ഒരു സുപ്രഭാതത്തിൽ എല്ലാം ഇട്ടെറിഞ്ഞിട്ട് പോയപ്പോൾ നഷ്ടപ്പെട്ട കൂട്ടത്തിൽ സഫിയയുടെ ജീവിതവുമുണ്ടായിരുന്നു. നഷ്ടങ്ങളുടെ മരുഭൂമിയിൽ നിന്നും ഒരു മോചനം തങ്ങൾക്ക് ലഭിച്ചിരിക്കുന്നു. ഇപ്പോൾ ജീവിതത്തിന് പച്ചപ്പ് ഉണ്ടായിരിക്കുന്നു. 

വാഹനം വളരെ വേഗത കുറച്ചാണ് ഓടിച്ചിരുന്നത്.. ഇടയ്ക്കിടയ്ക്ക് റഷീദ് വാപ്പയെ നോക്കുന്നുണ്ടായിരുന്നു.. സുഖമായി ഉറങ്ങുന്നു ... വാപ്പയുടെ നിസ്കാരതഴമ്പ് കുറച്ചുകൂടി തെളിഞ്ഞുനിൽക്കുന്നു... എത്ര ജോലി തിരക്കാണെങ്കിലും പടച്ചവനോടുള്ള കടമകൾ മുടങ്ങാതെ നിർവഹിക്കുന്നതിന്റെ അടയാളമാണത് ... ആ മനുഷ്യൻ അല്ലാഹുവിനെ വിളിച്ച് പ്രാർത്ഥിച്ചതത്രയും മക്കൾക്കും കൂടപ്പിറപ്പുകൾക്കും വേണ്ടിയായിരുന്നു ...  കറ കളഞ്ഞ മുസൽമാൻ പ്രവാചക അരുളുപ്പാടുകൾക്കനുസരിച്ച് ജീവിച്ച മനുഷ്യൻ... എല്ലാവരെയും അകമഴിഞ്ഞു സ്നേഹിച്ചിരുന്നു. പണമില്ലാത്തവന് പണംനൽകി സഹായിച്ചിരുന്നു. വാപ്പയുടെ മാഹാത്മ്യം മക്കളായ തങ്ങളറിയുന്നത് നാട്ടുകാർ പറഞ്ഞിട്ടായിരുന്നു. ഹമീദിന്റെ മക്കൾക്ക് നാട്ടിൽ നല്ലൊരു പേരും പെരുമയും ഉണ്ടായിരുന്നു ...

സഫിയയുടെ ജീവിത തകർച്ചയിൽ സഹോദരങ്ങളായ തനിക്കും അൻവറിനും ഒന്നും ചെയ്യാൻ സാധിച്ചില്ലെന്നുള്ളത് ഒരു വീഴ്ച്ച തന്നെയാണ്... ഇനിയുള്ള കാലമെങ്കിലും അവളെ നന്നായി നോക്കണം.. ഫസൽ വളർന്നുവരികയല്ലേ... അവനേയും ഗൾഫിലെത്തിക്കണം.. പഠിക്കട്ടെ... ആവുന്നിടത്തോളം പഠിക്കട്ടെ...

കാർ തേയില തോട്ടങ്ങൾക്കിടയിലെ ചെമ്മൺനിറഞ്ഞ പാതയിലേയ്ക്ക് കയറി ... തങ്ങൾ ഓടിക്കളിച്ചു നടന്ന ചെമ്മൺപാതകളും തേയില തോട്ടങ്ങളും വൈകുന്നേരങ്ങളിൽ തേയിലത്തോട്ടത്തിൽ നിന്നും വരുന്ന ഉമ്മയെ പ്രതീക്ഷിച്ചു ഞാനും അൻവറും എത്ര നേരം ഈ ചെമ്മൺ പാതയിൽ ഇരുന്നിട്ടുണ്ട് ഉമ്മയ്ക്ക് വൈകിട്ട് കിട്ടുന്ന ചായക്കടി ഉമ്മ കഴിക്കാതെ ഞങ്ങൾ ക്കായി എടുത്ത് വെക്കാറുണ്ടായിരുന്നു ആ മധുരം ലോകത്ത് എവിടെ പോയാലാണ് കിട്ടുക ഉമ്മയെ  ശ്രദ്ധിച്ച റഷീദിന് മനസ്സിലായി ഉമ്മയുടെ മനസ്സ് പിന്നിട്ട വഴിലൂടെ യാത്ര തുടങ്ങിയെന്ന് വേദനയുടെയും കഷ്ടപ്പാടിന്റെയും എത്ര എത്ര ദിനങ്ങൾ .. വലിയ മാറ്റങ്ങളൊന്നും ഇവിടെ സംഭവിച്ചിട്ടില്ല.. മുള്ളു വേലികൾക്ക് പകരം വീടുകൾക്ക് മുൻപിൽ മതിലുകളായെന്നുമാത്രം... ചില പുതിയ ബഹുനില കെട്ടിടങ്ങൾ.. പക്ഷേ ഗ്രാമാന്തരീക്ഷത്തിന് വലിയ കോട്ടമൊന്നും ഇപ്പോഴും സംഭവിച്ചിട്ടില്ല.. ഇനിയൊരു അഞ്ചു മിനുട്ട് യാത്രയേ വേണ്ടിവരികയുള്ളൂ  ലക്ഷ്യസ്ഥാനത്തെത്താൻ... റഷീദ് വാഹനം ആ ചെമ്മൺപാതയുടെ ഓരത്തായി പാർക്കുചെയ്തു... വാപ്പയെ സാവധാനം കുലുക്കിവിളിച്ചു... 

“നമ്മളെത്തിയോ മോനേ...“

“അല്പദൂരമേയുള്ളൂവാപ്പാ“ അൻവർ ഉത്തരം നൽകി...

അപ്പോഴേയ്ക്കും മറ്റുള്ളവരും ഉണർന്നു കഴിഞ്ഞിരുന്നു... എല്ലാവരും വലിയ ജിജ്ഞാസയിലായിരുന്നു... വർഷങ്ങൾക്കു മുന്നേ ഇവിടം വിട്ടുപോകുമ്പോൾ നട്ട പാതിരായ്ക്ക് ഭയപ്പാടോടെ  ആരും കാണാതെയായിരുന്നു. ഇന്ന് എല്ലാവ രേയും കാണുന്നതിനായി മടങ്ങിവന്നിരിക്കുന്നു.. ഉള്ള സമ്പാദ്യമെല്ലാം ഇട്ടെറിഞ്ഞിട്ടുള്ള പോക്ക്... ഹമീദിന്റെ ഓർമ്മകളിൽ അതൊരു നൊമ്പരമായിരുന്നു... വർഷങ്ങളുടെ അധ്വാനം കൊണ്ട് ആഗ്രഹിച്ച് ഉണ്ടാക്കിയ വീട്.. ചെറുതെങ്കിലും അതൊരു സ്വർഗ്ഗമായിരുന്നു.. തങ്ങളുടെ മക്കൾ പിച്ചവച്ചു നടന്നു വളർന്ന സ്ഥലം... അന്യമതസ്തരുമായി സഹോദരതുല്യമായ ബന്ധമാണ് ഹമീദ് സൂക്ഷിച്ചിരുന്നത്.. വർഗ്ഗീയ ലഹള പൊട്ടിപ്പുറപ്പെട്ടപ്പോൾ പോലും തങ്ങൾക്ക് നേരേ ആക്രമണം ഉണ്ടാകുമെന്ന് കരുതിയിരുന്നില്ല... പക്ഷേ എല്ലാം തകിടം മറിഞ്ഞത് പെട്ടെന്നായിരുന്നു.. ഹിന്ദുക്കൾ  ഭൂരിപക്ഷമുണ്ടായിരുന്ന പ്രദേശമായിരുന്നു എന്നിട്ടും ഇവിടങ്ങളിൽ എല്ലാവരും ഐക്യവും സാഹോദര്യവും കാത്ത് സൂക്ഷിച്ചിരുന്നു ... വർഗ്ഗീയത  സിരകളിലേയ്ക്ക് ആളിപ്പടർന്ന ഒരുകൂട്ടം ചെറുപ്പക്കാർ.. മുതിർന്നവരുടെ അഭിപ്രായത്തിനുപേലും കാത്തുനിൽക്കാതെ അക്രമം അഴിച്ചുവിടുകയായിരുന്നു....ഹമീദിന് കണ്ണുകൾ നിറഞ്ഞു വന്നു മറ്റുള്ളവർ കാണാതിരിക്കാൻ ഹമീദ് പതിയെ കണ്ണുകൾ തുടച്ചു 

വാഹനം സാവധാനം മുന്നോട്ടുപോയി... കാണുന്ന വഴികളൊക്കെ ഹമീദ് റഷീദിനേയും മറ്റുള്ളവരേയും ഓർമ്മിപ്പിച്ചുകൊണ്ടിരുന്നു.. 

“റഷീദേ കേശവന്റെ ചായക്കട ഇവിടുടുത്തായിരുന്നല്ലോ...“

“അതാ വാപ്പാ... അവിടിപ്പോൾ ഒരു വാർപ്പിട്ട  കെട്ടിടമല്ലേ...“

“നീ അവിടൊന്നു നിർത്തിക്കേ... ഒന്നു കയറി കണ്ടുകളയാം... തിരിച്ചറിയുമോ ആവോ...“

റഷീദ് കേശവന്റെ ചായക്കടയ്ക്കടുത്തായി വണ്ടി നിർത്തി.. ഹമീദ് സാവധാനം കാറിൽ നിന്നിറങ്ങി... ഹമീദിന് തന്റെ പഴയ ചുറുചുറുക്ക് കുറച്ചെങ്കിലും തിരിച്ചുകിട്ടിയതുമാതിരി ഒരു തോന്നൽ... കടയുടെ മുന്നിൽ നിന്നു...

“കേശവോ...“

അകത്തുനിന്നു തിരിച്ച് മറുപടി...

“അച്ചാ ആരോ  വിളിക്കുന്നു...“

“ആരായാലും ഇങ്ങോട്ടു വരാൻപറ..“

അത് കേശവന്റെ ശബ്ദമായിരുന്നു..

ഹമീദ് സാവധാനം കടയിലേയ്ക്ക് കയറി... കട മാത്രമേ പുതിയതായുള്ളൂ... അവിടുത്തെ ബഞ്ചും ഡസ്കുമൊക്കെ  ഇപ്പോഴും പഴയതുതന്നെ... 

“അല്ല ഇതാര്.. ഹമീദോ... നീ ആളാകെ മാറിയല്ലോ ഹമീദേ...“

കേശവൻ എഴുന്നേൽക്കാനായി ആഞ്ഞു... അപ്പോഴാണ് ഹമീദ് ആ സത്യം തിരിച്ചറിഞ്ഞത്.. .ഭിത്തിയിൽ ഒരുജോഡി ക്രച്ചസ്സിരിക്കുന്നു. ഇവനിതെന്തുപറ്റി...

“ഹമീദേ എവിടായിരുന്നു... വയ്യടോ... പഴയതുപോലെ ഒന്നിനുമാവില്ല.. എന്റെ ഒരു കാല് നഷ്ടപ്പെട്ടു... നിനക്കറിയാലോ... വളരെ നാളായി എനിക്ക് പഞ്ചസാരയുടെ അസുഖമുണ്ടായിരുന്നകാര്യം... അത് കൂടി എന്റെ ഒരു കാല് നഷ്ടപ്പെട്ടു...“

ഹമീദ് സാവധാനം നടന്ന് കേശവന്റെ അടുത്തെത്തി ആലിംഗനം ചെയ്തു... ആ വൃദ്ധ മനുഷ്യന്റെ കണ്ണുകളിൽ നിന്നും രണ്ടു തുള്ളി കണ്ണുനീർ കേശവന്റെ തോളിൽ വീണു...

“സാരല്യടോ.... ദൈവം പലപ്പോഴും നമ്മളെ പരീക്ഷിക്കാറുണ്ട്... എന്തായാലും മരിക്കുന്നതിനു മുന്നേ എനിക്ക് നിന്നെയൊന്ന് കാണാനായല്ലോ...“

ഹമീദും കേശവനും തമ്മിൽ നല്ല സുഹൃത്തുക്കളായിരുന്നു തേയില തോട്ടത്തിലെ നോക്കി നടത്തിപ്പുകാർ  ... എന്നും ജോലികഴിഞ്ഞ് ഇവിടെ വന്ന് ദാക്ഷായണിയുടെ കയ്യിൽ നിന്നും ചായയും വടയും കഴിച്ചു കുറച്ചു നേരം കുശലം പറഞ്ഞെ ഹമീദ് വീട്ടിലേക്ക് പോകാറുള്ളൂ ... ആ ഓർമ്മകൾ അവർ രണ്ടാളും അയവിറക്കി... റഷീദിനേയും അൻവറിനേയും കേശവന് പെട്ടെന്ന് മനസ്സിലായില്ല... എല്ലാവരേയും ഒരുമിച്ചു കണ്ടപ്പോൾ കേശവന് സന്തോഷം... 

“ഹമീദേ നീയും മക്കളും നന്നായല്ലോ... എന്തായാലും എനിക്ക് സന്തോഷായി.. എനിക്ക് നഷ്ടങ്ങളുടെ കണക്കുമാത്രമേയുള്ളൂ.. എന്റെ കാര്യങ്ങളൊക്കെ നോക്കിയിരുന്നത് അവളായിരുന്നു. ദാക്ഷായണി അവളാണല്ലോ ഈ ചായക്കട നടത്തിയതും കുടുംബം നോക്കിയതും ... അവള് പോയി... ഇപ്പോൾ ഒന്നരവർഷമായിരിക്കുന്നു.. അവളുടെ പെട്ടെന്നുള്ള മരണം.. അത് എനിക്ക് താങ്ങാവുന്നതിലുമപ്പുറമായിരുന്നു ...“

ഹമീദിനും ദുഖം അടക്കാനായില്ല.. എല്ലാവരും നിശ്ശബ്ദരായിരുന്നു.. സ്നേഹനിധിയായ സ്ത്രീ.. യാതൊരു പരിഭവവുമില്ല പരാതിയും ഇല്ല ... എല്ലായ്പ്പോഴും ചിരിച്ച മുഖത്തോടുകൂടി മാത്രമേ കണ്ടിട്ടുള്ളൂ... 

“ഹമീദേ അന്നത്തെ ലഹളയിൽ നീയെന്തിനാ നാടുവിട്ടു പോയേ... നിന്നെ ഇവിടെ ആരും ഒന്നും ചെയ്യില്ലായിരുന്നു... നിനക്കറിയില്ലേ ഇവിടുത്തെ നാട്ടുകാരുടെ നിന്നോടുള്ള സ്നേഹം... കുറച്ചു  പ്രശ്നങ്ങൾ ഉണ്ടായി എന്നുള്ളത് നേരാണ്.. പക്ഷേ അവരൊരിക്കലും നിന്നെ ആക്രമിക്കില്ലായിരുന്നു... എന്റെ മൂത്തവൻ ഇപ്പോഴും ജയിലിലാ... ഇതിലൊന്നിലും അവനില്ലായിരുന്നു.. പക്ഷേ ആരോ അവനെ ചതിച്ചു.. തെളിവുകളെല്ലാം അവനെതിരായിരുന്നു.. ഇതിന്റെ പിറകേ നടക്കാൻ നമുക്കാരാ ഉള്ളത്... ഒന്നിനും കഴിഞ്ഞില്ല...“

“ങ്ഹാ.. എല്ലാം നല്ലതിനായിരിക്കാം.. മകളെകെട്ടിച്ചയച്ചു.. അവന് ലോട്ടറിക്കച്ചവടമാണ് പണി... അല്ലലില്ലാതെ നടന്നുപോകുന്നു.. ഈ കടയിൽ മകളുടെ മകനും ഞാനും മാത്രം കടയുടെ ഒരു ഭാഗത്ത് തന്നെയാണ് താമസവും ... അവള് പോയേപ്പിന്നെ വലിയ കച്ചവടമൊന്നുമില്ല.. ചിലവ് നടക്കണ്ടേ... അതുകൊണ്ട് പൂട്ടുന്നില്ല...“

വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷമുള്ള  കണ്ടുമുട്ടൽ ഒരിക്കലും പരസ്പരം കാണുമെന്നുവിചാരിച്ചതല്ല...

ഹമീദ് ഓരോരുത്തരെയായി പരിചയപ്പെടുത്തി... ഒരു പരിചയപ്പെടുത്തലിന്റെ ആവശ്യമില്ലായിരുന്നു. പക്ഷേ കാലം എല്ലാവ രുടേയും മുഖത്തും ശരീരത്തിലും മാറ്റം വരുത്തിയതുകൊണ്ട് ഒരു പരിചയപ്പെടുത്തൽ ആവശ്യവുമായിരുന്നു...

റഷീദ് കുറച്ച് നോട്ടുകൾ വാപ്പയുടെ കൈകളിലേല്പിച്ചു. .. വാപ്പ അത് കേശവന്റെ കൈകളിലേയ്ക്ക് നിർബന്ധിച്ച് വച്ചുകൊടുത്തു... 

“നീയെന്താ ഈ കാണിക്കുന്നേ...“

“കേശവാ ഇതെന്റെയൊരു സന്തോഷം... നീ ചെയ്ത ഉപകാരം ഒരിക്കലും മറക്കാനാവാത്തതാണ്..“

“അതൊക്കെ ദൈവനിശ്ചയമല്ലേ...“

അവരുടെ സംഭാഷണത്തിനിടയിൽ ചായഅടിക്കുന്ന ആൾ എല്ലാവർക്കും ചായയും വടയും നൽകി... 

“കേശവാ നിന്റെ വടയുടെയും ചായയുടെയും രുചി ഇത്രകാലമായിട്ടും മാറിയിട്ടില്ലകേട്ടോ..“

കേശവൻ കണ്ണ് നിറഞ്ഞു തലയാട്ടി കൊണ്ട് പറഞ്ഞു എന്റെ ദാക്ഷായണിയുടെ കൈപ്പുണ്യം ഒന്ന് വേറെ തന്നെ ആയിരുന്നില്ലേ ഹമീദെ അവൾ പോയെ പിന്നെ എല്ലാം ഒരു... കേശവന് വാക്കുകൾ മുഴുവിപ്പിക്കാൻ കഴിഞ്ഞില്ല ...കേശവാ നീ ഇങ്ങനെ വിഷമിക്കല്ലേ...

“ഇല്ല ഓർമ്മകളിലെ ചില നീറ്റൽ മാത്രം ...അതുപോട്ടെ ഹമീദേ നീ എല്ലാടത്തും ഒന്നു ചുറ്റിക്കറങ്ങി വാ... തിരികെ ഇവിടെ വന്നിട്ടുവേണം ഭക്ഷണം കഴിക്കാൻ... അവർ യാത്രപറഞ്ഞിറങ്ങി... ഇവിടെ നിന്നും 300 മീറ്റർ അകലെക്കാണുന്നതായിരുന്നു തങ്ങളുടെ വീട്... അവർ എല്ലാവരും വണ്ടിയിൽ കയറി... കേശവൻ ഭിത്തിയിൽ പിടിച്ച് സാവധാനം അവരെ യാത്രയയ്ക്കുവാനായി പുറത്തേക്കിറങ്ങി... വേണ്ടെന്നു നിർബ്ബന്ധിച്ചിട്ടും കാര്യമുണ്ടായില്ല... 

ഹമീദും കുടുംബവും അവർ താമസിച്ച വീടിനു മുന്നിലെത്തി... മുറ്റമൊക്കെ ചെത്തി വൃത്തിയാക്കി വച്ചിരിക്കുന്നു.. ആരും താമസമുള്ള ലക്ഷണമില്ല... വീടിന് കാലത്തിന്റേതായ പഴക്കം ഉണ്ടായിരിക്കുന്നു... തങ്ങൾ ജനിച്ചു വളർന്ന വീട്... അവർക്ക് എന്തെന്നില്ലാത്ത ഒരു അനുഭൂതി... ഹമീദ് ഗേറ്റിനടുത്തേയ്ക്ക് സാവധാനം നടന്നു... മുറ്റത്ത് പണ്ടുണ്ടായിരുന്ന ആ പേരമരം വലുതായിരിക്കുന്നു.. ഓർമ്മയിലേയ്ക്ക് വന്നത് ഫസൽ എപ്പോഴും അതിൽ കയറിയിരിക്കാറുണ്ടായിരുന്ന കാര്യമായിരുന്നു. വാപ്പയോടൊപ്പം സഫിയയും ഫസലും പോകുന്നെന്നറിഞ്ഞപ്പോൾ ഇവിടം വിട്ടു പോകാൻ താല്പര്യമില്ലായിരുന്ന ഫസൽ അതിന്റെ മുകളിൽ കയറി ഒളിച്ചിരുന്ന കാര്യം ഇപ്പോഴും മറന്നിരുന്നില്ല.

ഗേറ്റ് പുറത്തുനിന്നും പൂട്ടിയിരിക്കുന്നു. അപ്പുറത്ത് താമസിക്കുന്നത് ദാസനും കുടുംബവുമാണ്... തന്നേക്കാൾ ഇളയവനാണ് ദാസൻ  പക്ഷേ എല്ലാവരും ദാസേട്ടാ ദാസേട്ടാ എന്നുവിളിച്ച് ആ പേര് അന്നാട്ടുകാർക്ക് ഒരു മനപ്പാഠമായിരുന്നു.
 
ഗേറ്റ് തുറക്കാനാ‍ൻ ശ്രമിക്കുന്ന ശബ്ദം കേട്ട് അപ്പുറത്തെ വീട്ടിൽനിന്നും ഒരു തല പുറത്തേയ്ക്ക് നീണ്ടുവന്നു.. അതേ അതയാൾ തന്നെ.. തങ്ങളെ  രാത്രിക്ക് രാത്രി സ്വന്തം ജീവൻ പോലും പണയപ്പെടുത്തി  ലോറിയിൽ കയറ്റി ഒരപകടവും കൂടാതെ കേരളാതിർത്തിയായ ചപ്രയിൽ എത്തിച്ച ദാസൻ .. 

അൽപ്പം പ്രായമായൊരു മനുഷ്യൻ പുറത്തേയ്ക്കിറങ്ങി.. ആരാ എവിടുന്നു വരുന്നു... 

“ഞങ്ങൾ ഹമീദിക്കയുടെ മക്കളാ... അറിയുമോ ഹമീദിക്കയെ....

ദാസന്റെ ഓർമ്മകൾ പഴയ  കാലത്തിലേയ്ക്ക് തിരിച്ചുപോയി...

അപ്പോഴേയ്ക്കും ഫസലിന്റെ കൈ പിടിച്ച് ഹമീദ് ആ വീടിന്റെ മുറ്റത്തേയ്ക്ക് എത്തിയിരുന്നു.. ഹമീദും ദാസനും പരസ്പരം കണ്ടപാടേ പ്രായംമറന്ന് അവർ കെട്ടിപ്പിടിച്ച് ആലിംഗനം ചെയ്തു...

“ഹമീദേ നീ എവിടായിരുന്നു ഇത്രകാലവും നിന്നെ ഓർക്കാത്ത ദിവസങ്ങളില്ല... .... ഭാര്യവും പുറത്തേയ്ക്കിറങ്ങി... പ്രായം എല്ലാവരിലും മാറ്റം വരുത്തിയിരിക്കുന്നു.. 

“വാ... വാ.. അകത്തേയ്ക്ക് വാ...“

എല്ലാവരും വീടിനകത്തേയ്ക്ക് കയറി... .... ദാസന്റെ  ഭാര്യ കസേരപിടിച്ച് ഇട്ടു... എല്ലാവർക്കും ഇരിക്കാൻ വേണ്ടസൗകര്യങ്ങൾ ഒരുക്കിക്കൊടുത്തു... അനേക വർഷങ്ങൾക്ക് ശേഷം കണ്ടുമുട്ടിയ ആത്മാർത്ഥ സുഹൃത്തുക്കൾ.. പരസ്പരം കുശലാന്വേഷണം... തൊട്ടയൽപക്കക്കാരായിരുന്നു.. സഹോദരങ്ങളെപ്പോലെ കഴിഞ്ഞ കാലം... ഇവിടെ എന്തുണ്ടാക്കിയാലും അപ്പുറത്തെ വീട്ടിലെത്തിക്കും.. തിരിച്ചും അതുപോലെ.. ഓണവും പെരുന്നാളുമെല്ലാം ഒരുമിച്ച് ആഘോഷിച്ച ആ നല്ലകാലം...

അദ്ദേഹത്തിന് മൂന്നു മക്കൾ എല്ലാവരും നല്ലനിലയിലെത്തി... ഇളയ മകളെ വിവാഹം കഴിച്ചിരിക്കുന്നത് ഒരു ഡോക്ടറാണ്... കർണ്ണാടകയിലെ സർക്കാർ ആശുപത്രിയിൽ ജോലിചെയ്യുന്നു... മകൾ എഞ്ചിനീയറിംഗ് കഴിഞ്ഞ് സ്വകാര്യ സ്ഥാപനത്തിൽ ജോലിചെയ്യുന്നു... മക്കളാരും സ്ഥലത്തില്ലാത്ത വിഷമം .... ദാസൻ  പങ്കുവെച്ചു... പറക്കമുറ്റിയപ്പോൾ പക്ഷികൾ പറന്നുപോകുന്നതുപോലെ എല്ലാവരും അവരവരുടെ ഉത്തരവാദിത്വങ്ങളിൽ ഏർപ്പെട്ടു പലസ്ഥലങ്ങളിലാണ്... അടുത്തു താമസിക്കുന്നത് മൂത്ത മകനാണ്... അവൻ ഇന്ന് വരുമെന്ന് പറഞ്ഞിരുന്നു .. 

സഫിയയുടെ മനസ്സിൽ തങ്ങളുടെ ആ കുട്ടിക്കാലം ഓർമ്മയിലേയ്ക്കോടിയെത്തി... അദ്ദേഹത്തിന്റെ മക്കൾ തങ്ങളുടെ കളിക്കൂട്ടുകാരായിരുന്നു. എന്തെല്ലാം കുസൃതികളാണ് തങ്ങൾ കാട്ടിക്കൂട്ടിയിട്ടുള്ളത്. സ്കൂളിൽ പോയിരുന്നതും ഒരുമിച്ചായിരുന്നു.. കളിയും ചിരിയുമായി... സഫിയയുടെ കണ്ണുകളിൽ തിളക്കം വർദ്ധിച്ചതുപോലെ... തങ്ങൾ ഓടിക്കളിച്ചു നടന്ന നെല്ലിമരം.. ഓണത്തിന് ഊഞ്ഞാലിട്ടിരുന്ന മാവ്... എല്ലാം... സംസാരമധ്യേ സഫിയയുടെ കാര്യം അറിഞ്ഞപ്പോൾ ... ദാസനും ഭാര്യയ്ക്കും വളരെ വിഷമമുണ്ടായി... ഫസലിനെ ദാസൻ അടുത്തു വിളിച്ചുകുശലാന്വേഷണം നടത്തി..

“ഹമീദേ... നിന്റെ വീട് ഇന്നും അതുപോലെ സൂക്ഷിച്ചിരിക്കുന്നു.. നീ കണ്ടില്ലേ നീ അധ്വാനിച്ചുണ്ടാക്കിയ വീട്... എന്തെല്ലാം സ്വപ്നങ്ങളായിരുന്നു നിനക്ക്..“

ഹമീദ് അങ്ങോട്ട് വീടിനെക്കുറിച്ച് ചോദിക്കുന്നതിനു മുന്നേതന്നെ ദാസൻ ഹമീദിനോട് പറഞ്ഞു... എല്ലാവർക്കും അതൊരു അത്ഭുതമായിരുന്നു. എല്ലാം നഷ്ടപ്പെട്ടെന്നുകരുതി.. ഒരിക്കലെങ്കിലും തിരികെയെത്തണമെന്നുള്ള ആഗ്രഹം പോലും അന്നില്ലായിരുന്നു. ഭയമായിരുന്നു... തിരികെയെത്തിയാൽ ജീവൻ നഷ്ടപ്പെടുമെന്ന ഭയം... 

ഹമീദ് വീടുവയ്ക്കുന്നതിനായി വാങ്ങിയ മൂന്നരസെന്റ് വസ്തു .... ദാസനിൽ നിന്നാണ് വാങ്ങിയത്.. പലരുടേയും സഹായംകൊണ്ടാണ് ആ വീട് അവിടെ ഉയർന്നത്... ഹമീദിനെ പലയിടത്തും അന്വേഷിച്ചെങ്കിലും എങ്ങും കണ്ടെത്താനായിരുന്നില്ല... 

അദ്ദേഹത്തന്റെ ഭാര്യ താക്കോലെടുത്തുകൊണ്ടുവന്നു.. ദാസന്റെ  കൈയ്യിൽ കൊടുത്തു.. ദാസനത് ഹമീദിന് നൽകി... 

“പിന്നെ ഇത്രയും കാലം വീട് സൂക്ഷിച്ചതിനുള്ള കൂലിയെനിക്ക് നൽകണം ചിരിച്ചു കൊണ്ട് ദാസൻ പറഞ്ഞു ... ഇന്നും പഴയതുപോലെതന്നെ.. ഒരു മാറ്റവും വീടിനുണ്ടായിട്ടില്ല...“

“നമുക്കൊന്ന് അവിടംവരെ പോകാം... അവർ എല്ലാവരും വീട്ടിലേയ്ക്ക് പോകാനായി പുറത്തിറങ്ങി..“

അവർക്കെല്ലാം ഉത്സാഹമായിരുന്നു.. പണ്ട് വീടിന് ഗേറ്റോ മതിലോ ഇല്ലായിരുന്നു. വെറും വേലിമാത്രം... ഇന്ന് ദാസൻ  തന്നെ വേലിയും ഗേറ്റുമൊക്കെ കെട്ടിയിരിക്കുന്നു.. സ്വന്തം സുഹൃത്തിനോടുള്ള ആത്മാർത്ഥത.. എന്നെങ്കിലും തിരികെയെത്തുമ്പോൾ നൽകാനായി കാത്തിരുന്ന മനുഷ്യൻ... ആ പഴയ മനുഷ്യരുടെ ആത്മാർത്ഥതയും സ്നേഹവും അത്ഭുതപ്പെടുത്തുന്നതായിരുന്നു.. ജാതിയുടേയും മതത്തിന്റെയും അതിർ വരമ്പുകൾ അവർക്കില്ലായിരുന്നു. സമ്പത്ത് ഒന്നിനും മാനദണ്ഡമായിരുന്നില്ല... രക്തബന്ധമില്ലെങ്കിലും അവരെ തമ്മിൽ ബന്ധിപ്പിച്ചത് മാനുഷിക മൂല്യങ്ങളായിരുന്നു. അതങ്ങനെയാണ്.. ഒരിക്കലും അറുത്തുമുറിക്കാനാവാത്ത ദൃഢത അതിനുണ്ടാകും...

ദാസൻ തന്നെ മുന്നേ നടന്നു.. ഗേറ്റ് തുറന്ന്.. അകത്തു കടന്നു.. എല്ലാവരും വീടിനു ചുറ്റുമൊന്ന് കണ്ണോടിച്ചു.. അൻവറിനും റഷീദിനും ഒരുപാട് ഓർമ്മകൾ പങ്കുവയ്ക്കാനുണ്ടായിരുന്നവിടെ... വീടിനകത്തെ മുറികൾ പോലും വൃത്തിയായി സൂക്ഷിച്ചിരിക്കുന്നു... കട്ടിലുകളും മറ്റും യഥാസ്ഥാനത്ത് തന്നെ ഇരിക്കുന്നു.. 

“റഷീദേ.... സ്നേഹപൂർവ്വമായ വിളി...“

“എന്താ വാപ്പാ...“

എല്ലാവരും ഹമീദിനടുത്തേയ്ക്ക നീങ്ങി...
 
 
 
തുടർന്നു വായിക്കുക അടുത്ത ഞായറാഴ്ച്ച 10 11 2019

ഷംസുദ്ധീൻ തോപ്പിൽ  03 11 2019