23.11.19

നിഴൽവീണവഴികൾ - ഭാഗം - 49


സഫിയയുടെ മനസ്സിലെ ഒരു വലിയ ഭാരം ഇറക്കി വച്ചതുപോലെ തോന്നി.. വർഷങ്ങൾക്കുശേഷം ഗോപി തന്നോട് സംസാരിച്ചിരിക്കുന്നു. അവന്റെ പിണക്കം മാറിയിരിക്കുന്നു. അവന് ലഭിച്ചതും നല്ലൊരു ജീവിതം തന്നെയാണ്... ഭാര്യ വളരെ സ്നേഹനിധിയുമാണ്.. തന്റെ ജീവിതം എന്തോ ആയിക്കോട്ടെ... തന്നെ ജീവനുതുല്യം സ്നേഹിച്ച ആ മനുഷ്യൻ ഇന്ന് സന്തോഷമായി ജീവിക്കുന്നെന്നറിഞ്ഞപ്പോൾ എന്തെന്നില്ലാത്ത സന്തോഷം...

എല്ലാവർക്കും മനസ്സിൽ സന്തോഷമാണെങ്കിലും സഫിയയ്ക്കുമാത്രം നഷ്ടങ്ങളുടെ ദുഃഖമായിരുന്നു. അവളത് മുഖത്ത് കാണിക്കാതിരിക്കാൻ കഴിവും ശ്രമിച്ചിരുന്നു. തന്റെ ജീവിതമാകുന്ന ചില്ലുപാത്രം ചിന്നിച്ചിതറിയ സ്ഥലം. അന്നുമുതൽ ഇന്നുവരെ തനിക്ക് സമാധാനം ലഭിച്ചിട്ടില്ല... ഒരു പക്ഷെ വിധി അങ്ങനെയായിരിക്കും. ഇന്നു ഉച്ചയോടുകൂടി തങ്ങൾ ഇവിടെനിന്നും യാത്രതിരിക്കും, പിന്നെ എന്നാവും ഇനി ഇങ്ങോട്ട് ആ എന്നെന്നറിയില്ല, വരണമെന്നുള്ള ആഗ്രഹവുമില്ല, പഴയ ഓർമ്മകളുടെ മൂടപ്പെട്ട ശവപ്പറമ്പാണിവിടെ, ഇവിടെനിന്നും എത്രയും വേഗം യാത്ര തുടരണം... രണ്ടു മണിയോടുകൂടി ഇറങ്ങാമെന്നാണ് പറഞ്ഞിരിക്കുന്നത് നേരേ കോഴിക്കോട്ടുള്ള അമ്മായിയുടെ വീട്ടിലേയ്ക്ക് ഇന്നവിടെയാകും താമസം.. . മണിക്കൂറുകൾക്ക് ദിവസങ്ങളുടെ ദൈർഘ്യംപോലെ അവൾക്ക് തോന്നി.

ഗോപിയും കുടുംബവും വന്ന കാർ ഗേറ്റിനു മുന്നിലൂടെ സാവധാനം കടന്നുപോയി.. അദ്ദേഹത്തിന്റെ ഭാര്യയും മകനും വീട്ടിലേയ്ക്ക് നോക്കി, ഫസലും മറ്റുള്ളവരും ടാറ്റ കാണിച്ചു. അവൾ നിർവ്വികാരയായി നിന്നു. ചുവന്ന കളറുള്ള വണ്ടി, പണ്ടേ ഗോപിയ്ക്ക് ചുവന്ന കളറിനോട് വളരെ താല്പര്യമായിരുന്നു. തനിക്കു വാങ്ങിനൽകിയ കുപ്പിവളകളിൽ അധികവും ചുവന്ന കളറുള്ളതായിരുന്നു. അവൻ പലപ്പോഴും പറയുമായിരുന്നു ചുവപ്പ് പ്രേമത്തിന്റെ സ്നേഹത്തിന്റെ കളറാണെന്ന്, അതിനുള്ള ന്യായീകരണവും കണ്ടെത്തുമായിരുന്നു, സ്നേഹം ഹ‍ൃദയത്തിൽ നിന്നാണ് വരുന്നതെന്നും ഹൃദയത്തിന്റെ കളർ ചുവപ്പാണെന്നും, എന്തിന് സൂര്യാസ്തമയം പോലും ചുവപ്പാണെന്ന് ഉദിച്ചുയരുന്ന സൂര്യന് ഭൂമിയോടും കടലിനോടും സ്നേഹം കൂടുന്നു വിരഹം മണിക്കൂറുകളാണെങ്കിലും അതിന്റെപാര്യമതയിൽ സൂര്യൻ ചെംചുവപ്പാവുകയും വീണ്ടും കടലിലേയ്ക്ക് ഊളിയിടുന്നുവെന്നുമാണ്.. സാഹിത്യം... അതൊക്കെ ഗോപിയുടെ വീക്ഷണങ്ങളായിരുന്നു. ശരിയായിരിക്കാം, തെറ്റായിരിക്കാം... പലപ്പോഴും അവൻ പറയുന്നതൊക്കെ ശരിയാണെന്നു തോന്നിയിട്ടുമുണ്ട്.

ഹമിദീനും കുടുംബത്തിനും തിരിച്ചുപോകാനുള്ള സമയമായിവരുന്നു. ദാസന്റെ വീട്ടിൽനിന്നും ഉച്ചഭക്ഷണം കഴിഞ്ഞ് എല്ലാവരും ഹാളിൽ ഒത്തുകൂടി.. ഹമീദാണ് സംഭാഷണത്തിനു തുടക്കും കുറിച്ചത്.

”ദാസാ... ഞങ്ങൾ ഇന്നു പുറപ്പെടുകയാണ് ..”

ദാസന്റെ മുഖം പെട്ടെന്ന് ദുഃഖത്തിലായി...

”ഹമീദേ വന്നപ്പോഴുള്ള ആ സന്തോഷം കൂടുതൽ ദിവസം നീണ്ടുനിൽക്കില്ലെന്നെനിക്കറിയാം
. പക്ഷേ നിന്നെ കണ്ടപ്പോൾ ഞാനെല്ലാം മറന്നു. നിന്നെപ്പോലൊരു സുഹൃത്തിനെ എനിക്ക് ഇതുവരെ കിട്ടിയിട്ടില്ല.. നീ വെറും സുഹൃത്തല്ലടാ കൂടെപ്പിറപ്പാ... എന്റെ അമ്മയ്ക്ക് പിറക്കാതെ പോയ മകൻ..”

രണ്ടുപേരും പരസ്പരം ആശ്ലേഷിച്ചു.. എല്ലാവരുടേയും കണ്ണുകൾ നിറഞ്ഞു. ആർക്കുമൊന്നും സംസാരിക്കാനായില്ല.

”ദാസാ... എനിക്ക് വളരെ സുപ്രധാനമായ ഒരു കാര്യം പറയാനുണ്ട്.. നമ്മുടെ ഓർമ്മക്കായി ഈ വീടും പുരയിടവും നീ തന്നെ എടുത്തുകൊള്ളണം... നിന്റെ പേരിൽ എനിക്കിത് രജിസ്റ്റർ ചെയ്ത് തരണം.”
ദാസൻ ഹമീദന്റെ വായ പൊത്തി.

”ഇല്ല.. ഒരിക്കലുമില്ല.. ഇത് നിന്റെ അധ്വാനമാണ്... ഞങ്ങളുടെ രാമായണത്തിൽ പറയുന്നതുപോലെ നീ എനിക്ക് രാമനെപ്പോലെയാണ്... വനവാസത്തിന് പോയ രാമന് പകരം രാജ്യം ഭരിച്ച ഒരു ഭരണാധികാരിയെക്കുറിച്ച് നീയും കേട്ടിട്ടുള്ളതല്ലേ.. അതുപോലെയായിരുന്നു ഞാൻ ഇത്രയും കാലം ഇതു കാത്തു സൂക്ഷിച്ചത്.. നിനക്കുവേണ്ടി എത്രകാലം വേണമെങ്കിലും ഞാനീ വീടു സൂക്ഷിച്ചുവയ്ക്കും..” പക്ഷേ ഇത് നിനക്കുളളതാണ്. നിന്റെ വിയർപ്പാണിത്.. നിന്റെ ആത്മാവാണീ വീട്”

ജാതിയുടെ അതിര് വരമ്പുകൾ പോലും ബേദിക്കുന്ന വാക്കുകൾ ആയിരുന്നു അത്.നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന മാനുഷിക മൂല്യങ്ങൾ വാനോളം ഉയർത്തി പിടിക്കാൻ ഹമീദിനും ദാസനും കഴിയുന്നു എന്നത് ഈ തലമുറയ്ക്ക് ഒരു പാഠം ആണ് .

നിറഞ്ഞു തുളുമ്പുന്ന കണ്ണുകളും ഹൃദയ വിങ്ങലായി വാക്കുകൾ തൊണ്ടയിൽ കുടുങ്ങി ഹമീദിന് പിന്നീടൊന്നും പറയാനായില്ല..

”ദാസാ നമ്മളൊക്കെ ഇനി എത്രകാലം.. നീ വരണം ഞങ്ങളുടെ നാട്ടിലേയ്ക്ക്. ഒരാഴ്ച്ച യെങ്കിലും കൂടെ നിൽക്കണം ..”

”അതൊക്കെ വരാം ഹമീദേ.. എന്തായാലും അടുത്തവർഷം ദൈവം അനുഗ്രഹിച്ചാൽ ഞാൻ അവിടെയെത്തും.. നമുക്ക് ഒരാഴ്ചയെങ്കിലും ഒരുമിച്ചു കഴിയാം..”

ആരേയും കരയിപ്പിക്കുന്ന നിമിഷങ്ങളായിരുന്നു അവിടെ അരങ്ങേറിയത്. വീടിന്റെ താക്കോൽ ദാസനെ എൽപ്പിച്ചു. നിറകണ്ണുകളോടെ ദാസൻ അത് രണ്ടുകൈയ്യും നീട്ടി സ്വീകരിച്ചു...

”ഹമീദേ കാത്തിരിക്കും നിന്റെ വരവിനായി..”

”ഈ ഭൂമിയിൽ ജീവിച്ചിരിപ്പുണ്ടേൽ.. പടച്ചോൻ വിധിച്ചിട്ടുണ്ടേൽ ഇനിയും വരും... മറക്കില്ല ദാസാ നിന്നെ ഒരിക്കലും ഞാൻ.”

”രണ്ട് ആത്മാക്കളെ വേർപ്പെടുത്തുന്ന വേദനയുടെ രംഗങ്ങൾ ആയിരുന്നു അവിടെ അരങ്ങേറിയിരുന്നത്. എല്ലാവരുടേയും കണ്ണുകൾ കലങ്ങി ചുവന്നിരുന്നു. ആർക്കുമൊന്നും പറയാനായില്ല. റഷീദ് കാറെടുത്തു.. എല്ലാവരും അതിൽക്കയറി കാർ പതിയെ നീങ്ങി തുടങ്ങി .. കാറിന്റെ കൂടെ അല്പദൂരം ദാസനും ഭാര്യയും നടന്നു. അങ്ങു ദൂരെ മൺപാതയിൽ കാർ മറയുന്നതുവരെ ദാസനും ഭാര്യയും അവർക്ക് ടാറ്റകാണിച്ചു നിന്നു... ഭാര്യയുടെ തോളി‍ൽ കൈവച്ച് ദാസൻ തേങ്ങിത്തേങ്ങി കരഞ്ഞു. അവർ അദ്ദേഹത്തെ സമാധാനിപ്പിച്ച് അകത്തേയ്ക്ക കൂട്ടിക്കൊണ്ടുപോയി..

 ”കാറിനുള്ളിൽ എല്ലാവർക്കും ഒരു വീർപ്പുമുട്ടലായിരുന്നു. എന്തു പറയണമെന്നാർക്കുമറിയില്ല.. ഇതിലൊന്നിലും ഇടപെടാതെ ഫസൽ ഒരിടത്ത് ഒതുങ്ങിക്കൂടി ഇരിക്കുകയായിരുന്നു.

കാർ അല്പാല്പമായി വേഗം കൂടിക്കൂടി വന്നു... ഇരുട്ടുന്നതിനു മുമ്പ് ചുരമിറങ്ങണം. അതായിരുന്നു റഷീദിന്റെ ചിന്ത. നാളെക്കഴിഞ്ഞ് തിരികെപ്പോകണം, അവിടുത്തെ അവസ്ഥയെക്കുറിച്ച് ഓർത്ത് വിഷമിക്കേണ്ടതില്ല. എന്നാലും എല്ലാമൊന്നു നേരേയായി വരുന്നതേയുള്ളൂ. ഇടയ്ക്കിടയ്ക്ക് റഷീദിന്റെ കുഞ്ഞിന്റെ കരച്ചിൽ മാത്രം ആ കാറിൽ മുഴങ്ങിക്കേട്ടു.. ഹമീദ് ക്ഷീണിതനായി കാണപ്പെട്ടു.. വാപ്പ അങ്ങോട്ടുപോയപ്പോൾ ഇത്രയ്ക്ക് ക്ഷീണിതനായിരുന്നില്ല.. ഒരുപക്ഷേ പഴയ കാര്യങ്ങളൊക്കെ വാപ്പാനെ നോവിക്കുന്നുണ്ടാവും.. കണ്ണടച്ചിരിക്കുന്ന ആ മനുഷ്യൻ ഉറങ്ങുകയല്ലെന്നും മനസ്സുകൊണ്ട് തേങ്ങുകയാണെന്നും റഷീദിന് അറിയാമായിരുന്നു.

വാഹനം കാട്ടുപാതയിലേയ്ക്ക് പ്രവേശിച്ചു. രാത്രി 9 മണികഴിഞ്ഞാൽ ഇതുവഴി യാത്രാനിരോധനമുണ്ട്. കാരണം വന്യമൃഗങ്ങൾ ഇറങ്ങുന്ന സ്ഥലമാണിത്. പലപ്പോഴും യാത്രക്കാരെ ഉപദ്രവിച്ചിട്ടുണ്ട്. ആനയും പുലിയുമൊക്കെ ഉണ്ടെന്നാണ് പറയുന്നത്. പേടിക്കേണ്ടത് ആനയെത്തന്നെയാണ്. എത്രയോ ജീവനുകൾ ഇവിടെ പൊലിഞ്ഞിരിക്കുന്നു. വാഹനങ്ങളെല്ലാ പതുക്കെ ഒരുമിച്ചായിരുന്നു യാത്ര തുടർന്നിരുന്നത്.

റഷീദ് കാർ ഓടിക്കുന്നുവെങ്കിലും എല്ലാവരും അവരവരുടെ ഓർമ്മകളിൽ അലക്ഷ്യമായി നീന്തുകയായിരുന്നു. ഒരിക്കലും മടങ്ങിവരാനാവില്ലെന്നു കരുതിയിടത്തേയ്ക്ക് വന്ന് തിരികെപോകുന്നു.

രാത്രിയുടെ മൂടുപടം ഇരുട്ടിനെ മൂടുന്നതിനു മുന്നേതന്നെ അവർ കാനന പാത കടന്നിരുന്നു. റോഡിനു സൈഡിലായി കണ്ട ഒരു ചായക്കടയ്ക്കരികിൽ വണ്ടി നിർത്തി. എല്ലാവരോടും ചായകുടിക്കാമെന്നു പറഞ്ഞു.. റഷീദ് ഫസലിനേയും വിളിച്ച് പുറത്തേയ്ക്കിറങ്ങി പിന്നാലെ അൻവറും..

എല്ലാവർക്കും ചായയും നല്ല പഴംപൊരിയും വാങ്ങി നൽകി.. ഫസൽ ചായവേണ്ടെന്നും സർബത്ത് മതിയെന്നും പറഞ്ഞു.. അവന് അതു വാങ്ങി നൽകി.

അവർ പോകാനായി തിരഞ്ഞപ്പോൾ പിറകിൽ നിന്നൊരു വിളി..

”എടാ ഫസലേ... നീ എവിടെപ്പോയിട്ടു വരുന്നു...”

അവൻ തിരിഞ്ഞു നോക്കി.. റഹീംമാഷ്... തന്നെ പഠിപ്പിച്ച മാഷ്... പലതും പഠിപ്പിച്ച മാഷ് എന്നുവേണം പറയാൻ..

”മാാ.. മാഷ് എന്താ ഇവിടെ...”

”ഞാനല്ലേ ആദ്യം ചോദിച്ചത്..”

എല്ലാവരും ജിഞ്ജാസയോടെ നിൽക്കുകയായിരുന്നു. അൻവറിന് ആളെ പിടികിട്ടി... താനന്ന് ശങ്കരൻമാഷിനെ അടിച്ചപ്പോൾ മുഖംപൊത്തി ഓടിയ മനുഷ്യൻ. എന്തൊരു പേടിയായിരുന്നു അയാൾക്ക്..

ഫസൽ റഹീംമാഷിനെ എല്ലാവർക്കും പരിചയപ്പെടുത്തി.

ഫസലിനൊപ്പമുള്ള അൻവറിനെ കണ്ടപ്പോൾ റഹീംമാഷിന് കാര്യം അത്ര പന്തിയല്ലെന്നു തോന്നി ഫസലെ പിന്നെ കാണാം കുറച്ചു തിരക്കുണ്ട് അതുംപറഞ്ഞു ബൈക്കിന് പിന്നിൽ കയറി വേഗം സ്ഥലംവിട്ടു...

മറ്റുള്ളവർക്കറിയില്ലല്ലോ എന്താണ് സ്കൂളിൽ നടന്നതെന്ന്... എല്ലാം ആ പിഞ്ചുബാലൻ ഒറ്റയ്ക്ക് അനുഭവിച്ചു.

”ഇവന് നല്ല പിടിപാടാണല്ലോ വാപ്പാ.”

എല്ലാവരും ചിരിച്ചു..

”അതേയതേ.. ഇവന് നല്ല പിടിപാടാ... ഇവൻ പറഞ്ഞാൽ എന്തും നടക്കുമെന്നാ ഇവന്റെ സുഹൃത്തുക്കൾ പറയുന്നത്.”

വാഹനം വീണ്ടും യാത്ര തുടർന്നു.

ഫസൽ ആലോചിക്കുകയായിരുന്നു. മുളമുക്ക് സ്കൂളിൽ നടന്ന സംഭവങ്ങൾ, ശങ്കരൻമാഷും അന്നമ്മ ടീച്ചറും തമ്മിലുള്ള പ്രശ്നങ്ങൾ, തന്നെ സ്കൂളിൽ നിന്നും പുറത്താക്കിയത്... സ്കൂൾ മാറിയത്.. റഹിം മാഷ് മാനേജർക്ക് തന്നെ കൊണ്ടുക്കൊടുത്ത് ശങ്കരൻമാഷ് കേസിൽനിന്നും രക്ഷപ്പെട്ടത്... തന്റെ ജീവിതം താളം തെറ്റിത്തുടങ്ങിയത് മദ്രസയിലെ അദ്യാപകൻറെ ലൈംഗിക വൈകൃതങ്ങൾ തന്റെ മേൽ പ്രയോഗിച്ചത് മുതലായിരുന്നു. തനിക്ക് വഴികാട്ടിയായി നിൽക്കേണ്ട അധ്യാപകർ തന്നെയായിരുന്നു വഴി തെറ്റിച്ചതും. അറിവിന്റെ വെളിച്ചം വീശേണ്ടവർ സെക്സിന്റെ കൊടുംകാറ്റാണ് തനിക്ക് നൽകിയത്. പേനപിടിപ്പിച്ചെഴുതിക്കേണ്ട കൈകൾ കൊണ്ട് അവരുടെ ലൈംഗികാവയവം തന്റെ വായിലേയ്ക്ക് തിരുകിക്കയറ്റി രസിച്ചപ്പോൾ എന്ത് അനുഭൂതിയാവും ഈ അധ്യാപകർക്ക് ലഭിച്ചത്. അധ്യാപക വിദ്യാർത്ഥി ബന്ധമെന്നു പറയുന്നതിന്റെ നിർവ്വചനം തന്നെ മാറിപ്പോയിരിക്കുന്നു. സ്വന്തം ഭാര്യമാരിൽ കാണാത്തത് എന്താണ് ഇവരൊക്കെ തന്നിൽ കണ്ടത്. അവരുടെയൊക്കെ മകന്റെ പ്രായമല്ലേ തനിക്കുള്ളൂ. തന്നെപ്പോലെ പീഢനം അനുഭവിച്ച എത്രയോ കുട്ടികളുണ്ടിവിടെ..

ശരിയാണ് ഇന്ന് അധ്യാക വിദ്യാർത്ഥി ബന്ധത്തിന്റെ പവിത്രത നഷ്ടമായിരിക്കുന്നു. പഠിപ്പിക്കുന്നതിനു പകരം പീഢനം.. വിദ്യ നൽകേണ്ട അധ്യാപകർ എത്രയോ വിദ്യാർത്ഥികളുടെ ജീവനെടുത്തു. പണ്ടൊക്കെ അധ്യാപകരെക്കാണുമ്പോൾ മടക്കി കുത്തിയ മുണ്ടുതാഴ്ത്തിയിട്ട് അവരെ ബഹുമാനിക്കാൻ തോന്നുമായിരുന്നു, പഠിച്ചിച്ച സാറിനെക്കാണുമ്പോൾ അറിയാതെ അടികൊണ്ട പാടുകൾ തിരയുമായിരുന്നു. അന്നൊക്കെ കിട്ടിയ അടി ജീവിതത്തിൽ വിജയിക്കാൻ സാധിച്ചുവെന്ന തോന്നൽ ആ തലമുറയ്ക്കുണ്ടായിരുന്നു. ഇന്ന് അധ്യാപർ പഠിപ്പിക്കുകയല്ല പീഢിപ്പിക്കുകയാണ്. കാരണം അവർക്ക് വിദ്യ അഭ്യസിപ്പിക്കാനറിയില്ല. അധ്യാപനമെന്നുപറയുന്നത് വെളിച്ചം നൽകുകയെന്നുള്ളതാണ് ബോധത്തിന്റെ അറിവിന്റെ വെളിച്ചം പകർന്നുനൽകുക. പുതു തലമുറയെ വാർത്തെടുക്കുക. അവിടെ തെറ്റിയാൽ ജീവിതം തന്നെ താളംതെറ്റും. മായം കലർത്തിയ അധ്യാപനരീതി. പഠിപ്പിക്കാൻ താല്പര്യമില്ലാത്ത അധ്യാപകർ. വാങ്ങുന്ന ശമ്പളത്തോട് പോലും നീതിപുലർത്താത്തവർ.

ആത്മഹത്യയിലേയ്ക്കുവരെ കൊണ്ടെത്തിക്കുന്ന അധ്യാപനരീതി. ഗുരുവെന്നു പറഞ്ഞാൽ എന്താണെന്നുപോലും അറിയാത്ത അധ്യാപകർ.. എല്ലാവരും അങ്ങനാണെന്നു പറയുന്നില്ല.. പക്ഷേ ഒരാൾ മതിയല്ലോ ഈ ഗുരുക്കന്മാരെയെല്ലാം നാണംകെടുത്താൻ. ഫസലിന്റെ ജീവിതത്തിൽ പീഠനങ്ങൾ വെറുതേ എഴുതിയതല്ല, ഇതൊക്കെ അനുഭവിച്ച ഒരു ഫസൽ ഈ സമൂഹത്തിൽ ജീവിച്ചിരുന്നു. ഇന്നും ജീവിക്കുന്നു. അന്നുണ്ടായിരുന്ന സാറന്മാരും ഈ സമൂഹത്തിലുണ്ട്. എന്റെ കഥയിലുള്ള കഥാപാത്രങ്ങൾക്ക് ജീവിച്ചിരുന്നവരുമായി സാമ്യമുണ്ടെങ്കിൽ അത് യാദൃശ്ചികമല്ല. മാന്യതയുടെ മുഖംമൂടിയണിഞ്ഞവർ വായിക്കുന്നെങ്കിൽ അവർക്ക് പശ്ചാത്തപിക്കാനുള്ള ഒരു അവസരം, നന്നാകാനുള്ള അവസരം. ഇനിയൊരു ജന്മം പടച്ചോൻ നൽകിയാൽ നല്ലൊരു ഗുരുവായിതീരണമെന്നുള്ള ആഗ്രഹം അവർക്കുണ്ടാകട്ടെ...

അധ്യാപകരുടെ കരുതലില്ലായ്മയിൽ ജീവൻപൊലിഞ്ഞ രണ്ടു കുട്ടികൾ നമ്മുടെ മുന്നിൽ നിൽക്കുന്നു. വയനാടുള്ള ഷഹലയും, ചെന്നൈ II T വിദ്യാർത്തി ഫാത്തിമ ലത്തീഫും. ..ഇവരെ മരണത്തിലേയ്ക്ക് തള്ളിവിട്ട അധ്യാപകർക്ക് മാതൃകാപരമായ ശിക്ഷ നൽകണം. നഷ്ടപ്പെട്ടവനുമാത്രമേ നഷ്ടത്തിന്റെ ആഴമെന്തെന്നറിയൂ. ഉറ്റ സുഹൃത്തിനെ നഷ്ടപ്പെട്ട ആ വിദ്യാർത്ഥികൾക്കുണ്ടായ മാനസിക വിഷമം ഈ ജന്മം മുഴുവനുണ്ടാവുമെന്നതോർത്ത് വിഷമംതോന്നുന്നു. പ്രതികരിച്ച ആ കുട്ടിയുടെ, ആ സ്കൂളിലെ വിദ്യാർത്ഥകൾക്ക് ഒരുപിടി നന്മകൾ നേരുന്നു. അകാലത്തിൽ മരണത്തിന്റെ വായിലേയ്ക്ക് തള്ളിയിട്ട അധ്യാപർക്ക് ശിക്ഷ വാങ്ങിനൽകേണ്ടത് സമൂഹത്തിന്റെ കടമയാണ്. നമ്മുടെ സ്കൂളുകൾ പാഠശാലകളുടെ പവിത്രതയോടെ നിലനിൽക്കട്ടെ... പിഞ്ചുകുഞ്ഞുങ്ങൾക്ക് അറിവു പകർന്നുനൽകേണ്ടവർ ആരാച്ചാരാകാതിരിക്കട്ടെ.


ആദരാഞ്ജലികൾ
അധ്യാപകരുടെ അശ്രദ്ധകൊണ്ട് ജീവഹാനി നേരിട്ട രണ്ടു കുട്ടികൾക്കും.



തുടർന്നു വായിക്കുക അടുത്ത ഞായറാഴ്ച്ച  01 12 2019

ഷംസുദ്ധീൻ തോപ്പിൽ  24 11 2019




അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ