28.9.19

നിഴൽവീണവഴികൾ - ഭാഗം 41


“ഇല്ല ഞാൻ സ്കൂളിൽപോകാനിറങ്ങിയതാ... അപ്പോഴാണ്.....“

“അവൻ എന്തോ പറയാനുള്ള പുറപ്പാടിലായിരുന്നു...“

അൻവർ അവന്റെ മുഖത്തേയ്ക്ക് നോക്കി ജിജ്ഞാസയോടെ നിന്നു...

”മാമാ.....”

ഫസലിന്റെ വിളിയിൽനിന്ന് അൻവറിന് ബോധ്യമായി അവനെന്തോ പറയാനുണ്ടെന്ന്. 

”വാടാ നമുക്കൊരു  ചായകുടിക്കാം...”

ഫസൽ അൻവറിന്റെ കൂടെ കടലോരത്തെ ഒരു ചെറിയ ചായക്കടയിലേയ്ക്ക് പോയി... അവിടെ ചായയെടുക്കാൻ ഒരു പ്രായംചെന്ന സ്ത്രീയാണുണ്ടായിരുന്നത്.. അതവരുടെ സ്വന്തം കടയാണെന്ന് തോന്നുന്നു... അൻവറിന്റെ മനസ്സിൽ പലവിധ സംശയങ്ങളും ഉടലെടുത്തു... ഒരുപക്ഷേ ഫസലിന്റെ കൂടെപഠിക്കുന്ന കുട്ടിയായിരിക്കാം... ഇനി അവന് അവളുമായി എന്തെങ്കിലും ബന്ധമുണ്ടാകുമോ... ഈ പ്രായത്തിൽ അതിനുള്ള ധൈര്യമൊക്കെ അവനുണ്ടോ... എന്ത് വിശ്വസിച്ചാ ആ പെൺകുട്ടി ഫസലിനൊപ്പം ഇവിടെ എത്തിയത്... ഇപ്പോഴത്തെ തലമുറയെ ഒരിക്കലും മനസ്സിലാക്കാൻ സാധിക്കില്ല... ചിന്തയും പ്രവർത്തിയും തമ്മിൽ ഒരു പൊരുത്തവുമുണ്ടാകില്ല.. എന്തായാലും അവനോട് സ്നേഹപൂർവ്വം നിന്ന് കാര്യംമനസ്സിലാക്കാം. ബാക്കിയൊക്കെ പിന്നീട്... എന്തെങ്കിലും ബന്ധത്തിൽപെട്ടുപോയെങ്കിൽ അവനെ അതിൽനിന്നും ഊരിയെടുക്കേണ്ട കടമയും തനിക്കാണല്ലോ...

”രണ്ട് ചായ ഒന്ന് മധുരമില്ലാതെ... മറ്റേത് കടുപ്പം കുറച്ച്”

”എന്താടാ മോനേ നിനക്ക് പറയാനുള്ളത്... ”

ഫസലിന്റെ മുഖം വിവർണ്ണമാകുന്നത് അൻവർ മനസ്സിലാക്കി..

”മാമാ... ഞാൻ ബീച്ചിലേക്കായിട്ട് വന്നതല്ല... സ്കൂളിലേയ്ക്ക് പോവുകയായിരുന്നു. ഞാൻ കയറിയ ബസ്സിൽ യാദൃശ്ചികമായി ഒരാളെ കണ്ടു...”

”അതാരാ..?”

അൻവർ തങ്ങളുടെ സംഭാഷണം മറ്റാരും കേൾക്കാതിരിക്കാൻ കുറച്ചുകൂടി അടുത്തേയ്ക്ക് നീങ്ങിയിരുന്നു. ഫസലിന് പറയാനുള്ളത് മുഴുവൻകേൾക്കാം.

”മാമാ ഞാൻ പറഞ്ഞിട്ടില്ലേ... എന്റെ വാപ്പയുടെ മകളെപ്പറ്റി.. അദ്ദേഹത്തിന്റെ ഇളയ മകളാണ്.. ഹോസ്പിറ്റലി‍ൽവച്ച് ഞാൻ പരിചയപ്പെട്ടതാ. പക്ഷേ ഞാൻ ആരെന്ന് വെളിപ്പിെടുത്തിയിരുന്നില്ല... എന്നെ സ്വന്തം സഹോദരനെപ്പോലെയായിരുന്നു കണ്ടിരുന്നത്... പലപ്പോഴും തുറന്നു പറയണമെന്ന് ആഗ്രഹിച്ചിരുന്നു. പക്ഷേ പറയാനായില്ല... എന്നേലും ഉമ്മ അറിയില്ലേ എന്ന് ഭയപ്പെട്ടിരുന്നു.”

”എന്നിട്ട് അവൾക്ക് മനസ്സിലായോ നീ ആരെന്ന്...”

അൻവറിന്റെ ചോദ്യത്തിൽ അറിയാതെ ഒരു കുറ്റബോധവും കടന്നുകൂടി... കാരണം നിമിഷങ്ങൾക്കു മുമ്പാണ് അവനെ തെറ്റിദ്ധരിച്ചത്... വേണ്ടായിരുന്നു... എന്തായാലും താനൊന്നും അവനോട് ചോദിക്കാതിരുന്നത് ബുദ്ധിയായി..

”ഇല്ല... ഇപ്പോഴും ഞാനതൊന്നും പറഞ്ഞില്ല... പറഞ്ഞാൽ അവരുടെ പ്രതികരണം എങ്ങനെയായിരിക്കുമെന്നറിയില്ല... ഒരുപക്ഷേ എന്നെയും ഉമ്മയേയും കുറ്റപ്പെടുത്തുമായിരിക്കും... വേണ്ടെന്നു കരുതി...”

”അതു നന്നായി... എന്തിനാ അവളിവിടെ വന്നത്...”

”മാമാ... റഷീദ് മാമയുടെ ഭാര്യ പ്രസവിച്ചു ഹോസ്പിറ്റലിൽ കിടന്നപ്പോഴാണല്ലോ ഞാനവരെ പരിചയപ്പെടുന്നത്... അവിടെ നിന്നും ഡിസ്ചാർജ്ജ് ആകുന്നദിവസം ഞാൻ വാപ്പയെ  കാണാൻ പോയിരുന്നു. അന്ന് എന്നെ മനസ്സിലാക്കുകയും ചേർത്ത് നിർത്താൻ ശ്രമിക്കുകയും ചെയ്തു... എന്റെ പേരും ഉമ്മാന്റെ പേരും വ്യക്തമായി പറഞ്ഞിരുന്നു.. പക്ഷേ ഞാൻ അദ്ദേഹത്തെ കണ്ടിറങ്ങിയതിനു ശേഷം അസുഖം കൂടി... ക്രിട്ടിക്കൽ സ്റ്റേജിലായിരുന്നു... ആമിനത്ത കാണാൻ ചെന്നപ്പോൾ എന്റെ മോൻ എന്നെ കാണാൻ വന്നിരുന്നടീ... നീയിനി തനിച്ചല്ലടീ എന്നുപറഞ്ഞ് ആമിനയെ കെട്ടിപ്പിട്ച്ച് കരഞ്ഞു... ആ കരച്ചിൽ നിർത്തുവാനോ മുഴുമിപ്പിക്കാനോ അദ്ദേഹത്തിനായില്ല... ആ ഹൃദയമിടിപ്പ് അന്ന് അവിടെ അവസാനിച്ചു... അവൾക്ക് ഞാനാരാണെന്നുള്ള ഒരു സൂചനയും നൽകാതെയാണ് എന്റെ വാപ്പ ഇഹലോകവാസം വെടിഞ്ഞത്...”

ഫസലിന്റെ കണ്ണിൽനിന്നും കണ്ണുനീർ ധാരധാരയായി ഒഴുകുന്നുണ്ടായിരുന്നു. ചായക്കടയിലെ ഒരൊഴിഞ്ഞ കോണിലായിരുന്നതിനാൽ ആരുമത് ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല . 

”മോനേ നീ വിഷമിക്കാതെടാ... എല്ലാം നമുക്ക് ശരിയാക്കാം... നീയെന്തായാലും അവളോട് നീയാരെന്ന് പറയാഞ്ഞത് നന്നായി... പറഞ്ഞിരുന്നേൽ നിന്നെത്തിരക്കി അവൾ വീട്ടിൽ വരുമായിരുന്നു.. അതോടെ സഫിയയുടെ സമാധാനം നഷ്ടപ്പെടുകയും ചെയ്തേനേ....”

”ശരിയാണ് മാമാ... ഉമ്മയുടെ മുഖം മാത്രമാണ് ഇപ്പോഴും എന്റെ മനസ്സിൽ.. അതിനാലാവണം ഞാനാരാണെന്നുള്ള സത്യം വെളിപ്പെടുത്താനാവാഞ്ഞത്... ഈ പൂമുഖത്ത്നിന്ന് എന്റെ വാപ്പ എന്നെന്നേക്കുമായി ഇല്ലാതായെന്നുള്ള സത്യം എനിക്കും അൻവർമാമയ്ക്കും മാത്രമേ അറിയാവൂ... എല്ലാം അദ്ദേഹത്തിന്റെ മരണത്തോടെ അവസാനിച്ചെന്നാണ് കരുതിയത്... പക്ഷേ വീണ്ടും വീണ്ടും...”

അൻവർ അവനോട് ചായ കുടിക്കാൻ പറഞ്ഞു. ഫസൽ കണ്ണുനീർ തുടച്ച്.. ചായ അല്പം കുടിച്ചു... വീണ്ടും അവൻ തന്റെ സംഭാഷണം തുടർന്നു. കുറച്ചു നേരത്തെ നിശ്ശബ്ധത..

”കഴിക്കാനെന്തേലും വേണോ...” ചായക്കടക്കാരിയാ ആ വൃദ്ധ അവരോട് ചോദിച്ചു.

”വേണ്ടുമ്മാ... രാവിലെ കഴിച്ചതാ...” അൻവറായിരുന്നു മറുപടി നൽകിയത്...

ഫസൽ തുടർന്നു... ”വാപ്പാ മരിച്ചിട്ട് ഇന്നേക്ക് 11 ദിവസങ്ങളായിരിക്കുന്നു. ജീവിക്കാൻ പോലും മാർഗ്ഗമില്ലാത്ത അവസ്ഥയിലായിരുന്നു അവൾ. പേരിന് ഒരു ഭർത്താവുണ്ട്.. അവളേക്കാൾ 30 വയസ്സ് കൂടുതൽ. തികഞ്ഞ മദ്യപാനി... കൂടാതെ സംശയരോഗിയും... എന്നും മദ്യപിച്ചെത്തി അവളെ മർദ്ധിക്കാറുമുണ്ട്... ഒരു കുഞ്ഞുണ്ടവൾക്ക്”

(ആമിനയുടെ ജീവിതം പരാജയം തന്നെയായിരുന്നു. അവളുടെ വാപ്പയുടെ കൂടെ മദ്യപിച്ചുനടന്ന ഒരാൾക്കാണ് അവളെ പിടിച്ച് കൊടുത്തത്. അവൾക്കൊട്ടും താല്പര്യമില്ലായിരുന്നു. എന്നിട്ടും തന്റെ വാപ്പയുടെ ഇഷ്ടത്തിന് വഴങ്ങിക്കൊടുക്കേണ്ടിവന്നു. അദ്ദേഹത്തിന് വേറേയും ഭാര്യയും കുട്ടികളുമുണ്ട്. അവൾ ഇന്നുവരെ സന്തോഷം എന്തെന്ന് അറിഞ്ഞിട്ടില്ല.  പതിറാമത്തെ വയസ്സിൽ അവളെ വിവാഹംകഴിച്ചയച്ചു. പഠിച്ചുനടക്കേണ്ട പ്രായത്തിൽ ഒരു കുടംബിനിയായവൾ. അവളുടെ മുത്തശ്ശന്റെ പ്രായം വരുന്ന ആ മനുഷ്യന്റേത്  തികച്ചും പ്രാകൃതമായ പെരുമാറ്റമായിരുന്നു. വിവാഹം കഴിഞ്ഞ രാത്രി ആമിന ഇന്നും മറന്നിട്ടില്ല മദ്യപിച്ചെത്തിയ അദ്ദേഹം ഒരു മൃഗത്തിനു മുകളിൽ ചാടി വീഴുന്നരീതിയിലുള്ള പരാക്രമമായിരുന്നു കാട്ടിക്കൂട്ടിയത്. തന്റെ മുറവിളി അവിടാരും കേട്ടില്ല. നേരംവെളുക്കുന്നതുവരെ പീഠനമായിരുന്നു. ദാമ്പദ്യം എന്തെന്ന് ഇന്നുവരെ അറിയാത്ത ഒരു സ്ത്രീ.. ലൈംഗിക സുഖം ഇതുവരെ അവൾക്ക് അനുഭവപ്പെട്ടിട്ടില്ല... അദ്ദേഹം അടുത്തെത്തുമ്പോൾ ഒരുതരം മരവിപ്പായിരുന്നു അവൾക്ക്. നഖംകൊണ്ട് ശരീരത്തിൽ മാന്തുക.. നുള്ളുക... മർദ്ദിക്കുക... അവൾ നിലവിളിക്കുന്നതുകാണുമ്പോൾ അദ്ദേഹത്തിന് ഒരു വല്ലാത്ത ആവേശമായിരുന്നു. ഒരു തികഞ്ഞ മദ്യപാനിയുടെ എല്ലാ ലക്ഷണങ്ങളും ഒത്തുചേർന്ന ക്രൂരൻ. ഇതുപോലെ എത്രയോ സ്ത്രീകൾ നമ്മുടെ സമൂഹത്തിലുണ്ട്. അവർക്കൊരു കുഞ്ഞു ജനിച്ചു... അപ്പോഴെങ്കിലും അയാൾ നന്നാവുമെന്നുവിചാരിച്ചു. ഇല്ല ഒരുമാറ്റവുമുണ്ടായിട്ടില്ല. മദ്യപിച്ചെത്തുന്ന അയാൾ ആവേശം തീർക്കുന്നത് തന്റെ ശരീരത്തിലായിരുന്നു. വെറുമൊരു ലൈംഗികവസ്തുവെന്നതിൽ കവിഞ്ഞ് അയാൾക്ക് അവളാരുമല്ലായിരുന്നു... ലൈംഗിക ആസക്തി തീർക്കുന്നു അത്രയേയുള്ളു.. അവൾക്കാണെങ്കിൽ ആ മനുഷ്യനുമായി മാനസികമായി പൊരുത്തപ്പെടാൻ ഇതുവരെ കഴിഞ്ഞിട്ടുമില്ല... അവളുടെ വാപ്പയുണ്ടായിരുന്നപ്പോൾ വീട്ടുചിലവുകൾക്ക് ബുദ്ധിമുട്ടുണ്ടായിരുന്നില്ല.. ഇന്നിപ്പോൾ എല്ലാം തകിടംമറിഞ്ഞിരിക്കുന്നു.

അല്പനേരത്തേയ്ക്ക് രണ്ടുപേരും ഒന്നും മിണ്ടിയില്ല... അൻവറിനുപോലും വളരെ പ്രയാസം തോന്നി... തന്റെ സഹോദരീപുത്രൻ നിലയില്ലാ കയത്തിലേയ്ക്ക് ആഴ്ന്നുപോകുമോ എന്നുപോലും അയാൾ സംശയിച്ചു...

”ഫസലേ അവളെന്തിനാ ഇവിടെയെത്തിയത്..”

”മാമാ... വാപ്പയുടെ മരണശേഷം ബന്ധുക്കളെല്ലാം സ്ഥലംവിട്ടു... ആരും സഹായിക്കാനില്ലാത്ത അവസ്ഥ.. വാപ്പയുടെ മദ്യപാനിയായ ഒരു സുഹൃത്ത് അവളോട് പറഞ്ഞു ഇവിടെ ബീച്ചിലെത്തിയാൽ പണമുണ്ടാക്കാനുള്ള വഴി പറഞ്ഞുകൊടുക്കാമെന്ന്... അവൾ ആദ്യം അതിനു താല്പര്യം കാണിച്ചില്ല.. പക്ഷേ ജീവിക്കാൻ വേറേ മാർഗ്ഗമില്ല... വെറും 3 വയസ്സ് മാത്രമുള്ള പെൺകുഞ്ഞിന്റെ അമ്മയാണവൾ.”

അൻവറിന് അതൊരു ഷോക്കായി... ജീവിക്കാൻ മാർഗ്ഗമില്ലാതെ സ്വന്തം ശരീരം വിറ്റു ജീവിക്കേണ്ട അവസ്ഥ...

”മാമാ അയാൾ അവളെ ട്രാപ്പിലാക്കാൻ ശ്രിക്കുകയായിരുന്നു. അവൾക്കതൊന്നും മനസ്സിലായില്ല... ഞാൻ അവൾ കയറിയ ബസ്സിലുണ്ടായിരുന്നു അവളെ പിൻതുടർന്നാണ് ഇവിടെത്തിയത്. അവളോട് അടുത്തെത്തി കാര്യങ്ങൾ തിരക്കിയപ്പോഴാണ് എല്ലാം വെളിപ്പെടുത്തിയത്. അവളോട് വരാൻ പറഞ്ഞ ആൾ എത്തുന്നതിനു മുന്നേ അവളെ ഞാൻ പറഞ്ഞ് തിരിച്ചയത്തു... അവളുടെ എല്ലാം ദുഖങ്ങളും എന്നോട് തുറന്നുപറഞ്ഞു... സഹിക്കുനനില്ല മാമാ അവളുടെ ജീവിതമെന്തെന്നറിഞ്ഞപ്പോൾ.”

ഫസൽ ഒരു സഹോദരൻ ചെയ്യേണ്ടകടമയായിരുന്നു ചെയ്തത്... തന്റെ സഹോദരിക്ക്.. പക്ഷേ അവൾക്കറിയില്ല അവൻ സഹോദരനാണെന്ന്.. എന്നാലും അവളവനെ ആ രീതിയിൽതന്നെയായിരുന്നു കണ്ടിരുന്നത്. അവന്റെ കൈയ്യിലുണ്ടായിരുന്ന ഏകദേശം 10000 രൂപയോളം വരും അവൾക്ക് നൽകി തിരികെ പറഞ്ഞയയ്ക്കുയയാണുണ്ടായത്... അവൻ പനി മാറിയതിനു ശേഷം അവൾക്ക് നൽകാനായി ആ പണവുമായി ഹോസ്പിറ്റലിലേയ്ക്ക് പോയതാണ്.. അപ്പോഴാണ് തന്റെ വാപ്പമരണപ്പെട്ടതായിഅവനറിഞ്ഞത് ആ പണം ചിലവാക്കാതെ അവൻ സൂക്ഷിച്ചുവച്ചിരിക്കുകയായിരുന്നു . പണം നൽകിയ കാര്യം ഫസൽ മാമയോട് വെളിപ്പെടുത്തിയതുമില്ല. 

”ഫസലേ... ഈ ലോകത്ത് പലവിധത്തിലുള്ള മനുഷ്യരുമുണ്ട്... അവൾ നിന്റെ സഹോദരിതന്നെ.. പക്ഷേ ജീവിച്ചിരുന്നപ്പൊ നിന്റെ വാപ്പ ചോര തിളപ്പിൽ കാട്ടി കൂട്ടിയ ക്രൂരതകൾക്ക് ഇരയാകുന്നത് അദ്ദേഹത്തിന്റെ മക്കളല്ലേ മോനേ...”

”മാമാ ഞാനും ഒരു മകനല്ലേ... അവളെന്റെയും സഹോദരിയല്ലേ...”

അൻവറിന് ഉത്തരം മുട്ടിക്കുന്നതായിരുന്നു അവന്റെ ചോദ്യം... ഇവനെ എന്തു പറഞ്ഞാണ് സമാധാനപ്പെടുത്തുക... ഒന്നുമറിയാതെ അവനെ വളർത്തി വലുതാക്കി.. ഇപ്പോൾ എല്ലാം അവൻതന്നെ മനസ്സിലാക്കിയിരിക്കുന്നു... അവൻപോകുന്ന വഴി ദുർഘടംപിടിച്ചതാണെന്ന് അൻവറിന് മനസ്സാലിയിരുന്നു. ഉത്തരവാദിത്വങ്ങൾ അവൻ ചുമലിലേറ്റാൻ തയ്യാറായി നിൽക്കുന്നു... ഇല്ല എത്രയൊക്കൊയായാലും അവനെ അങ്ങനെ വിടുന്നത് ശരിയല്ല... എല്ലാം പറഞ്ഞ് മനസ്സിലാക്കണം... അവർ തമ്മിൽ ഇനിയും കാണാനുള്ള അവസരം ഇല്ലാതാക്കണം... അതിനെന്താണ് വഴി...

അൻവർ മുഖത്ത് യാതൊരു ഭാവമാറ്റവും വരുത്താതെ അവനെ സമാധാനിപ്പിക്കുകയായിരുന്നു. 

”പടച്ചോന്റെ വിധിയായിരിക്കും മോനേ... പടച്ചോൻ ഒരാളെ ജനിപ്പിച്ചു കഴിഞ്ഞാൽ അയാൾ ജീവിക്കേണ്ടതും നൽകും... വിധി അതല്ലാതെ എന്തുപറയാൻ.. മോനേ.. നിനക്കൊരു കുടുംബമുണ്ട്... നീ നിന്റെ ഉമ്മയുടെ അവസ്ഥയെക്കുറിച്ച് ആലോചിച്ചിട്ടുണ്ടോ.... ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ എന്തെല്ലാം ജോലിചെയ്തു നിനക്ക് വേണ്ടി സ്വന്തം ജീവിതം പോലും വേണ്ടന്ന് വെച്ചില്ലേ  ... ഒരു വീട്ടുവേലക്കാരിയുടെ വേഷംപോലും കെട്ടിയില്ലേ ... അപ്പോഴൊന്നും ആരേയും കണ്ടില്ലല്ലോ... അവളുടെ കൈപിടിച്ചിറങ്ങിയ ഭർത്താവിനേയും അവർക്കു ജനിച്ച കുഞ്ഞോ ഈ ഭൂമുഖത്തുണ്ടോ എന്നു തിരഞ്ഞുവരാൻ ആരുമുണ്ടായിരുന്നില്ല...”

”മാമാ അത്....”

”നീ ഞാൻ പറയുന്നത് കേൾക്ക്... ഇതുവരെ അവൾക്ക് നീയാരെന്ന് അറിയില്ല... ഇനിയും അത് പറയേണ്ട... അവൾക്ക് ബന്ധുക്കളൊക്കെയുണ്ട്... നീ ഇന്നു ചെയ്തത് ഒരു നല്ല പ്രവർത്തിതന്നെയാണ്...ജീവിതത്തിൽ വഴി പിഴച്ചു പോവേണ്ട ഒരു പെൺകുട്ടിയെ രക്ഷപ്പെടുത്തി... നീ നിന്റെ പ്രായത്തിൽ കവിഞ്ഞ പക്വതയാണ് ഇവിടെ കാട്ടിയത്... അറിയരുത് ഒരിക്കലും അവൾ നീയാരെന്ന് കാരണം സഫിയയ്ക്ക് ഒരിക്കലും താങ്ങാനാവില്ല അത്... താൻ സ്നേഹിച്ച് പോറ്റിവളർത്തിയ മകൻ പാതിവഴിയിലുപേക്ഷിച്ച തന്റെ ഭർത്താവിൽ ജനിച്ച മറ്റൊരുകുട്ടിയുടെ സംരക്ഷണം ഏറ്റെടുത്തത്.”

”ഇല്ല മാമാ.. ഒരിക്കലും പറയില്ല... ഇന്നു കണ്ടതുകൊണ്ട് ഞാൻ സംസാരിച്ചു... തിരികെപ്പറഞ്ഞയച്ചു... വിഷമമുണ്ട്.. പക്ഷേ എന്റെ വിഷമം ഉമ്മ അനുഭവിച്ച വിഷമത്തെക്കാൾ എത്രയോ ചെറുതാണ്.. ഉമ്മയ്ക്ക് വേണ്ടാത്തതൊന്നും എനിക്കും വേണ്ട... മാമാ വിഷമിക്കേണ്ട... എല്ലാം ഇവിടംകൊണ്ട് ഞാൻ അവസാനിപ്പിക്കുന്നു. ”

അതൊരു ദൃഢനിശ്ചയത്തിന്റെ സ്വരമാണെന്ന് അൻവറിന് തോന്നി.. അവന്റെ നീക്കങ്ങൾ ഓരോന്നും ശ്രദ്ധിക്കേണ്ടിയിരിക്കുന്നു... ഫസലിന്റെ മുഖത്തെ കാർമേഘങ്ങൾ ഒഴിഞ്ഞുമാറി... 

”മോനേ.. നമുക്ക് വീട്ടിലേക്ക് പോകാം.. നീ ഇന്നിനി സ്കൂളിലൊന്നും പോകേണ്ട...”

ശരിമാമാ... അവർ രണ്ടാളും ബസ്റ്റാന്റിലേയ്ക്ക് നടന്നു... തന്റെ മുന്നിൽ അവനൊരു നല്ല കുട്ടി ചമയുകയാണോ... അതോ എരിയുന്ന മനസ്സാണോ അവന്റെതെന്ന് മനസ്സിലാവുന്നില്ല... എന്തായാലും കാത്തിരുന്ന് കാണുക... തങ്ങളുടെ നാട്ടിലേക്കുള്ള ബസ്സ് വന്നപ്പോൾ രണ്ടാളും അതിൽ കയറി... ഒരു സീറ്റിൽ അടുത്തടുത്തായി രണ്ടാളും ഇരുപ്പുറപ്പിച്ചു... ബസ്സ് ഇഴഞ്ഞിഴഞ്ഞ് മുന്നോട്ട് പോകുന്നുണ്ടായിരുന്നു... ഫസലിന്റെ ചിന്തകൾ ശരവേഗത്തിലായിരുന്നു മുന്നോട്ടു കുതിച്ചിരുന്നത്... അവന്റെ മുഖത്ത് ഇടയ്ക്കിടയ്ക്ക് അൻവർ നോക്കുന്നുണ്ടായിരുന്നു. നിഷ്കളങ്കമായ മുഖത്തെ ഭാവങ്ങളൊന്നും മനസ്സിലാകുന്നില്ല... ശരിയ്ക്കും എന്ത് ചെയ്യണമെന്ന് അൻവറിനും ഒരൂഹമില്ലായിരുന്നു. അവൻ ചെയ്യുന്നതാണോ ശരി... അതോ....
 
 
  തുടർന്നു വായിക്കുക അടുത്ത ഞായറാഴ്ച്ച  06 10  2019

ഷംസുദ്ധീൻ തോപ്പിൽ  29 09 2019

21.9.19

നിഴൽവീണവഴികൾ - ഭാഗം 40


അൻവറിന് തീരെ ഉറങ്ങാനായില്ല.. ഭാര്യ നാദിറ പലതും കുത്തി കുത്തി ചോദിച്ചു... പക്ഷേ ഒന്നും അൻവർ അവളോട് പറഞ്ഞില്ല.. രാത്രിയുടെ അന്ധ്യ യാമത്തിലെപ്പോഴോ അൻവർ ഉറക്കത്തിലേയ്ക്ക് വഴുതിവീണു......

വളരെ താമസിച്ചാണ് അൻവർ ഉറക്കമുണർന്നത്... ഉണർന്നുടൻ പുറത്തേയ്ക്കിറങ്ങി ഫസലിനെ തിരഞ്ഞു...

“സഫിയാ ഫസലെവിടെ...“

“അവൻ സ്കൂളിൽ പോയല്ലോ ഇക്കാ..“

സഫിയ ചിന്തിക്കുകയായിരുന്നു... അൻവറിനിതെന്തുപറ്റി..ഫസലെന് ന്തേലും പണിഒപ്പിച്ചോ.

ഫസലിന് സ്കൂളിൽ പഴയതുപോലെ കൂടുതൽ സുഹൃത്തുക്കളൊന്നുമില്ല....കൈ നിറയെ കാശുള്ളപ്പോൾ സൗഹൃദ വലയം കൂടുതലായിരുന്നു ഇപ്പോഴൊ ആത്മാർത്ഥതയുള്ള ഒന്നുരണ്ടുപേർ മാത്രം എപ്പോഴും കൂടെക്കാണും... പഠനത്തിൽ വലിയ കുഴപ്പമില്ല... അധ്യാപകർക്കും വളരെ നല്ലകുട്ടിയാണെന്നുള്ള അഭിപ്രായവുമുണ്ട്... ഐഷുവും  ഫസലും രണ്ടു ക്ലാസ്സിലായതുകാരണം പലപ്പോഴും പരസ്പരം കാണാറില്ല... അവൾ വരുന്നത് സ്കൂൾ ബസ്സിലായതിനാൽ അതിനുള്ള അവസരങ്ങളും കുറവാണ്. സ്കൂളിലെ കലാപരിപാടികളിൽ ഇപ്പോഴും ഫസൽ തന്നെയാണ് മുന്നിൽ. പുതിയ സ്കൂളും ചുറ്റുപാടുകളും അവന് അത്ര അങ്ങ് രസിച്ചമട്ടില്ല... അക്കാരണത്താൽ സ്കൂൾ വിശേഷങ്ങളൊന്നും വീട്ടുകാരുമായി ഷെയർചെയ്യാറുമില്ല. പഠനകാര്യത്തിൽ വീട്ടിലാരും അവനോടൊന്നും ചോദിക്കാറുമില്ല.. കുറച്ചു ദിവസത്തെ ക്ലാസ്സ് മുടങ്ങിയത് മാത്രമാണ് വീട്ടുകാർക്ക് വിഷമമായി തോന്നിയിട്ടുള്ളത്.

അൻവർ സഫിയയുടെ സമീപത്തെത്തി...

“സഫിയാ... എപ്പോഴാ ഫസല് പോയത്...“

“ഇയ്ക്കാ അവൻ ഇന്നിത്തിരി ലേറ്റായാ പോയത്...  രാത്രിയിൽ ഉറക്കമിളച്ചിരുന്ന് എന്തൊക്കയോ എഴുതുന്നതുകണ്ടു.“

“എന്താ ഇക്കാ... വല്ല കുരുത്തക്കേടും അവൻ കാണിച്ചോ...“

“ഇല്ല സഫിയാ... എത്ര പാവമാ നമ്മുടെ കുട്ടി... അവന്റെ കാര്യത്തിൽ ആരും ശ്രദ്ധിക്കാറുമില്ല... ഇനി അങ്ങനെയല്ല... അവന്റെ കാര്യത്തിലും നല്ല ശ്രദ്ധ വേണം... ഈ കുടുംബത്തിലെ ആദ്യത്തെ സന്തതിയാണ്... അവന് നല്ല കുറച്ചു ഡ്രസ്സൊക്കെ വാങ്ങണം...“

“ഇക്കാ അവന് നല്ല ഡ്രസ്സൊക്കെ ഉണ്ട്... അവനതൊന്നും ഇടാറില്ല... എന്തേലും വിഷേശമുണ്ടെങ്കിൽ മാത്രം ഇടാറുള്ളൂ .“

അൻവറിന്റെ ഉള്ളിൽ അപ്പോഴും വിഷമത്തിന്റെ അലയൊലികൾ അടങ്ങിയിരുന്നില്ല.. നാദിറ  ചായയുമായി എത്തി... അൻവർ വീടിന്റെ തിണ്ണയിൽ ഇരുന്നു ചായ പതിയെ ഊതി ഊതി കുടിച്ചു ... കുറച്ചു കഴിഞ്ഞപ്പോൾ ഹമീദ് തന്റെ സന്തതസഹചാരിയായ വടിയും കുത്തി സാവധാനം പുറത്തേയ്ക്കിങ്ങി..

“അൻവറേ നല്ല മഴക്കോളുണ്ടല്ലോ.... മഴപെയ്യുമോ...“

“പെയ്യട്ടേ വാപ്പാ.... ജലക്ഷാമമൊന്നു മാറിക്കിട്ടുമല്ലോ...“

“അതേടാ മോനേ... എന്തേലും കൃഷിചെയ്യാമെന്നുവച്ചതാ... പക്ഷേ കൊടും വരൾച്ച എന്നെ അതിൽനിന്ന് പിന്തിരിപ്പിക്കുകയായിരുന്നു.“

“വാപ്പാ... റഷീദ് വിളിച്ചിരുന്നു... ചിലപ്പോൾ ഈ ആഴ്ചയിൽ വന്നെന്നിരിക്കും... ഒരാഴ്ചയേ നിൽക്കാൻ പറ്റൂയെന്നു പറഞ്ഞു...“

“കഴിഞ്ഞ ആഴ്‌ച്ച  വിളിച്ചപ്പോൾ അവൻ സൂചിപ്പിച്ചിരുന്നു. നിനക്കൊരു വിസയെടുക്കുന്നകാര്യം  ...“

“കുറച്ചു കഴിയട്ടെ വാപ്പാ... എനിക്ക് കുറച്ചുനാൾ നാട്ടിൽനിന്നാൽ കൊള്ളാമെന്നുണ്ട്... മാർക്കറ്റിനടുത്ത വസ്തുവിന് നല്ല വിലക്കാര് വരുന്നുണ്ട്... അത് കിടന്നതുകൊണ്ട് വലിയ പ്രയോജനമൊന്നുമില്ല... മാർക്കറ്റ് വലുതാക്കിയാൽ അത് സർക്കാർ ഏറ്റെടുക്കും.. വീടു വയ്ക്കാനും കൊള്ളില്ല..“

“അത് ഞാൻ ഇന്നാളേ പറഞ്ഞതല്ലേ... എന്തിനാ അങ്ങനൊരു വസ്തു വാങ്ങാൻ പോയത്..“

“എല്ലാം അവളുടെ വാപ്പാ ചെയ്തതാ... ഒരുപയോഗവുമില്ലാത്തത്... ഒന്നിനെക്കുറിച്ചും ചിന്തിക്കാതെ വാങ്ങിയതാ...“

“എല്ലാം നന്നായി വരട്ടെ...“

“വാപ്പാ.. ഞാൻ ഫസലിന്റെ സ്കൂൾവരെയൊന്നുപോയി നോക്കട്ടെ ... അവന്റെ കാര്യത്തിൽ ഇവിടാരും ശ്രദ്ധിക്കുന്നില്ലെന്നുള്ള ഒരു തോന്നൽ വേണ്ടല്ലോ...“

വീട്ടിൽ തുടരെത്തുടരെയുണ്ടാകുന്ന പല പല പ്രശ്നങ്ങൾകൊണ്ടും ആർക്കും ഫസലിനെ ശ്രദ്ധിക്കാനാവുന്നില്ലായിരുന്നു .. ഫസൽ അവന്റെ ലോകത്തിലുമായിരുന്നു.. മനസ്സിന്റെ വിഷമങ്ങളും വീട്ടിലുള്ള ആരുമായും പങ്കുവയ്ക്കാനാകാത്ത അവസ്ഥ...

അൻവർ ഏകദേശം പത്തു മണിയോടെ പുറത്തേയ്ക്കിറങ്ങി.. കവലയിലെത്തി ആദ്യത്തെ ബസ്സ് പിടിച്ച് സ്കൂളിലേയ്ക്ക്.. സ്‌കൂൾ ഗേറ്റിനു അടുത്തുള്ള  സെക്യൂരിറ്റി കാര്യം തിരക്കി.. അൻവർ കാര്യം പറഞ്ഞു... ഹെഡ്മാസ്റ്ററുടെ മുറി ലക്ഷ്യമാക്കി അൻവർ നടന്നു...

അദ്ദേഹത്തിന്റെ വാതിലിനടുത്തെത്തിയപ്പോൾ അറ്റന്റർ അടുത്തെത്തി ചോദിച്ചു... എന്താ.. ആരെ കാണാനാ...

ഞാൻ പത്ത് A യിലെ ഫസലിന്റെ മാമയാ... ക്ലാസ്സിലെ ടീച്ചറിനെയൊന്നു കാണാൻ വന്നതാ...

“ഖദീജ ടീച്ചറാ ക്ലാസ് ടീച്ചർ ടീച്ചറിപ്പോൾ ടീച്ചേഴ്സ്റൂമിലുണ്ട്.. വിളിക്കാം...“

“കുറച്ചു സമയത്തിനകം ഖദീജ ടീച്ചർ അൻവറിന്റെ സമീപമെത്തി.. ഏകദേശം 45  വയസ്സ് പ്രായം കാണും നല്ല കറുത്ത കട്ടിയുള്ള കണ്ണടവച്ചിരിക്കുന്നു..“

“ടീച്ചർ ഞാൻ ഫസലിനെ മാമയാണ്... അവന്റെ പഠിത്തകാര്യങ്ങളെക്കുറിച്ചൊക്കെ അറിയാൻ വന്നതാ...“

“അവൻ നല്ല കുട്ടിയാ... ഈയടുത്തകാലത്തായി എല്ലാദിവസവും  സ്കൂളിൽ വരാറില്ല.. വീട്ടിലെന്തൊക്കെയോ പ്രശ്നങ്ങളാണെന്നാ പറഞ്ഞത്.. കുറച്ചുകൂടി ശ്രദ്ധിച്ചാൽ നല്ല മാർക്കോടെ വിജയിക്കാൻ സാധ്യതയുണ്ട്.. പത്താംക്ലാസ്സാ.. ശ്രദ്ധവേണം...“

“ശ്രദ്ധയുണ്ട് ടീച്ചർ കുറച്ചു നാളായി വീട്ടിലും പല പല പ്രശ്നങ്ങളായിരുന്നു.. അവനാണെങ്കിൽ ഒരാഴ്ചയോളം സുഖമില്ലാതെ കിടപ്പിലുമായിരുന്നു..“

“എന്താ ഇന്നു വരാഞ്ഞത്...“ ടീച്ചർ അൻവറിനോട് ചോദിച്ചു..

“ഇന്നു വന്നില്ലേ.... ഓ... ഇന്നു ഞാൻ അവനെ കണ്ടില്ലായിരുന്നു....“ പെട്ടെന്ന് അൻവറിനൊരു പരിഭ്രമം... എന്ത് പറ്റിയതാ തന്റെ കുട്ടിക്ക്.. എവിടെ പോയിക്കാണും.. പരിഭ്രമം പുറത്തു കാണിക്കാതെ ടീച്ചറിനോട് സംസാരിച്ചു.

“ടീച്ചർ ഞാൻ നാളെ അവനുമായി വരാം...“

“ഓകെ... കുറച്ച് ശ്രദ്ധിക്കണം...“

“ശരി ടീച്ചർ വളരെ നന്ദി..“

അൻവർ  തിടുക്കത്തിൽ അവിടുന്നിറങ്ങി... ഫസൽ എവിടെപ്പോയതാവും... അവന്റെ ചിന്ത പലതരത്തിലായിരുന്നു.. വിഷമം സഹിക്കാനാവാതെ എന്തേലും കടുംകൈ... ഇല്ല ഒരിക്കലുമതൊന്നും അവൻ ചെയ്യില്ല.. അതിനുള്ള ധൈര്യവുമില്ലവന്..

അൻവർ അവൻ പോകാൻ സാധ്യതയുള്ള സ്ഥലങ്ങളെകുറിച്ചൊക്കെ ആലോചിച്ചു... ഈ പ്രായത്തിലുള്ള കുട്ടികൾ പോകാൻ സാധ്യതയുള്ളത് സിനിമയ്ക്കോ, ബീച്ചിലോ ആകാം... മറ്റെങ്ങും അവൻ പോകില്ല.. അൻവർ ആദ്യം കിട്ടിയ ബസ്സിൽ കയറി സിറ്റിയിൽ സിനിമാതീയേറ്ററിലേയ്ക്ക് പോകാൻ തീരുമാനിച്ചു... അരമണിക്കൂറത്തെ ബസ്സ് യാത്ര... സിറ്റിയിലെ പ്രധാന സ്ഥലങ്ങളിലെല്ലാം അൻവർ ഫസലിനെ തിര‍ഞ്ഞു.. അവിടെങ്ങും കണ്ടെത്തിയില്ല.. അടുത്ത ഷോക്കുള്ള ടിക്കറ്റ് കൊടുത്തു തുടങ്ങിയിട്ടുമില്ല.. അൻവർ ഒരൊഴിഞ്ഞ കോണിൽ ഫസലിനായി കാത്തുനിന്നു.. എന്തായിരിക്കും ഫസലിന് സംഭവിച്ചിട്ടുണ്ടാവുക... അവനങ്ങനെ ക്ലാസ്സ് കട്ട്ചെയ്യുന്ന സ്വഭാവക്കാരനല്ലല്ലോ.. പിന്നെവിടെ പ്പോയതായിരിക്കും... 

അദ്ദേഹത്തിന്റെ മനസ്സിൽ പലവിധ ചിന്തകൾ കടന്നുകൂടുന്നുണ്ടായിരുന്നു. ഇല്ല അവൻ സിനിമയ്ക്ക് പോകാനുള്ള സാധ്യത കുറവാണ്.. അങ്ങനെയെങ്കിൽ അവൻ ഇവിടെ കാണുമായിരുന്നു.. അൻവർ തിരികെ ബസ്റ്റാന്റിലേയ്ക്ക് നടന്നു... ....... ബീച്ചിലേയ്ക്കുള്ള ബസ്സിൽ കയറി... ബസ്സിൽ നിന്ന് ... ബീച്ചിലേയ്ക്കുള്ള ടിക്കറ്റെടുത്തു.. ബസ്സിൽ വേറേയും സ്കൂൾ കുട്ടികളുണ്ടായിരുന്നു. ബീച്ച് കുട്ടികളുടെ ഒരു ഇഷ്ടകേന്ദ്രമായിരുന്നു... ക്ലാസ്സ് കട്ട് ചെയ്ത് കുട്ടികളും കോളേജ് സ്റ്റുഡന്റ്സുമൊക്കെ ഇവിടെ എത്താറുണ്ടായിരുന്നു. ഇടയ്ക്ക് പോലീസിന്റെ ശ്രമഫലമായി കുറച്ചൊന്നു കുറഞ്ഞതാണ്... പതിനഞ്ചു മിനിറ്റത്തെ യാത്രയിൽ അൻവർ ബീച്ചിലെത്തി... അവിടിറങ്ങിചുറ്റുമൊന്നു കണ്ണോടിച്ചു... വർഷങ്ങൾക്കു മുൻപ് എന്നോ ഒരിക്കൽ മാത്രം ഇവിടെ വന്നിട്ടുണ്ട്... അന്ന് വാപ്പയ്ക്ക് ഇവിടെ വരുന്നത് ഇഷ്ടമല്ലായിരുന്നു. വീട്ടിൽ വളരെ കാർക്കശ്യക്കാരനായിരുന്നല്ലോ വാപ്പ. സ്നേഹസമ്പന്നനും... അന്നത്തെ ആ സുരക്ഷിതത്വവും കരുതലും ഇന്നും മനസ്സിലോർമ്മയുണ്ട്... അത് ഇന്നും തുടരുന്നു.. 

അൻവർ ഫസലിനെ അവിടെല്ലാം പരതി...എങ്ങുംകാണാനുണ്ടായിരുന്നില്ല... അദ്ദേഹം ആരും ശ്രദ്ധിക്കാത്ത ഒരു കോണിൽ ചെന്നിരുന്നു.. അങ്ങകലെ കുട്ടികൾ കടൽത്തിരകളിൽ ഓടിക്കളിക്കുന്നത് കാണാമായിരുന്നു. ഐസ്ക്രീം വിൽപ്പനക്കാരനേയും കടല വിൽപ്പനക്കാരേയും അവിടെല്ലാം കാണായിരുന്നു... ഒരു കാർണിവലിന്റെ പ്രതീതിയുണ്ടവിടെ... കൂടുതൽ കോളേജ് കുട്ടികളാണ് അവിടുണ്ടായിരുന്നത്.. അൻവർ അല്പം പരിഭ്രമത്തിലുമായിരുന്നു... അവനെവിടെപ്പോയതാകാം... ഇനി തന്റെ വാപ്പയുടെ നാട്ടിലേയ്ക്കങ്ങാനും  പോയതാണോ.. ഇല്ലില്ല.. അവിടേയ്ക്ക് പോകാനുള്ള സാധ്യത കുറവാണ്... അവന്റെ സംസാരത്തിൽ  നിന്നും അത് വ്യക്തമായതുമാണ്... അദ്ദേഹത്തിനടുത്തുകൂടി കപ്പലണ്ടിവിൽക്കുന്ന ഒരു കുട്ടി കടന്നുപോയി... വേണോ എന്നു ചോദിച്ചപ്പോൾ അൻവൽ വേണ്ടെന്ന് ആംഗ്യം കാണിച്ചു... അൻവർ ഒരിടത്ത് ഇരിക്കുകയാണെങ്കിലും അദ്ദേഹത്തിന്റെ മനസ്സ് ഉരുകുകയായിരുന്നു.. ഇന്നവൻ സ്കൂളിൽ പോകെണ്ടെന്ന് പറയേണ്ടതായിരുന്നു.. പക്ഷേ ക്ഷീണംകൊണ്ട് താൻ ഉറങ്ങിപ്പോയി... ഉണർന്നെത്തിയപ്പോഴേയ്ക്കും അവൻ പോയിരുന്നു... അൻവർ സാവധാനം അവിടെനിന്നെഴുന്നേറ്റ്... അല്പം നടന്ന് കാറ്റാടികൾ വച്ചുപിടിച്ച സ്ഥലത്തെത്തി.. അതിനിടയിലൂടെ ചുറ്റും കണ്ണോടിച്ചുകൊണ്ട് അദ്ദേഹം നടക്കുകയായിരുന്നു... പെട്ടെന്ന് അദ്ദേഹത്തന്റെ കണ്ണുകൾ ഒരാളിൽ ഉടക്കി... അതേ അത് ഫസൽ തന്നെ... അവന്റെ തൊട്ടടുത്തായി ഒരു പെൺകുട്ടി... തട്ടമിട്ടു മറച്ചിരിക്കുന്നു.. അദ്ദേഹം അവരറിയാതെ കുറച്ചൂകടി അടുത്തെത്തി.. ഇല്ല മനസ്സിലാകുന്നില്ല.. ആ കു‍ട്ടിയെ താൻ ആദ്യമായാണ് കാണുന്നത്... ആരായിരിക്കും...?

അദ്ദേഹം അവർക്ക് കാണാൻ പറ്റാത്തൊരിടത്ത് മാറിനിന്നു.. ഫസലിന്റെ കണ്ണിൽനിന്ന് കണ്ണുനീർ ഇറ്റു വീഴുന്നുണ്ടായിരുന്നു.. ആ പെൺകുട്ടി ഫസലിനെ സമാധാനിപ്പിക്കുന്നുമുണ്ട്. അവളുടേയും കണ്ണുകൾ കലങ്ങിയിരിക്കുന്നു. അൻവർ അവനെ വീക്ഷിച്ചുകൊണ്ട് അവിടെത്തന്നെ നിന്നു... രണ്ടാളും പ്രത്യേകിച്ചൊന്നും സംസാരിക്കുന്നില്ലെന്ന് മനസ്സിലായി. കുറച്ചു വാക്കുകളിൽ അവരുടെ സംഭാഷണം ഒതുക്കിയിരിക്കുന്നു... അല്പം കഴിഞ്ഞപ്പോൾ പെൺകുട്ടി പോകാനായി എഴുന്നേറ്റ്.. ഫസൽ അവളുടെ കൈ പിടിച്ച് അവിടിരുത്തി... അവൾ സ്നേഹപൂർവ്വം അവന്റൈ കൈ വിടുവിച്ചു.. എഴുന്നേറ്റ് അവനേ നോക്കി... അവനും മനസ്സില്ലാ മനസ്സോടെ അവളോടൊപ്പം മുന്നോട്ട് നടന്നു...  ഫസൽ തന്റെ കണ്ണുകൾ തുടച്ച് സന്തോഷം വരുത്താൻ ശ്രമിക്കുന്നുണ്ടായിരുന്നു... കുറച്ചു മുന്നോട്ട് നടന്ന് ഫസൽ പോക്കറ്റിൽ നിന്ന് പൈസയെടുത്ത് കപ്പലണ്ടിക്കാരന്റെ കൈയ്യിൽ നിന്ന് കപ്പലണ്ടി വാങ്ങി ഒരു കവർ അവൾക്ക് നൽകി... രണ്ടുപേരും കപ്പലണ്ടി കൈയ്യിൽ വച്ചതേയുള്ളു.. കഴിക്കാനുള്ള മാനസികാവസ്ഥയിലല്ല അവരെന്നു മനസ്സിലായി... 

അൻവർ അവർ കാണാതെ അവരെ പിന്തുടർന്നു.. ഇടയ്ക്കിടയ്ക്ക് ഫസൽ ചുറ്റും നോക്കുന്നുണ്ടായിരുന്നു. പെൺകുട്ടിയുടെ കറുത്ത വസ്ത്രത്തിൽ നിന്നും ആളെ തിരിച്ചറിയാനായില്ല.. മെല്ലിച്ച ശരീരം മുഖത്ത് നല്ല വെളുപ്പുണ്ട്... കാഴ്ചയിൽ സുന്ദരിയാണെന്നു പറയാം... ആരായിരിക്കുമിവൾ.. ഈ പ്രായത്തിൽ അവൻ വല്ല പ്രേമബന്ധത്തിലും ചെന്നു പെട്ടതാണോ... എങ്ങനെയാണ് അവനോടിതൊക്കെ ചോദിക്കുക ... എന്തായാലും അവനോട് വിശദമായി ചോദിക്കണം. അങ്ങനെയുള്ള എന്തേലും ബന്ധമാണെങ്കിൽ അവനെ അതിൽ നിന്നും പിന്തിരിപ്പിക്കണം. കാരണം അതിനുള്ള പ്രായവും പക്വതയും അവനായിട്ടില്ല.. ഇതാരേയും അറിയിക്കാനും പാടില്ല...

രണ്ടുപേരും കുറച്ചുദൂരം ഒരുമിച്ചു നടന്നു. എന്നിട്ട് അവൾ എന്തോ അവനോട് പറഞ്ഞു.. എന്നിട്ട് അല്പം വേഗതയിൽ മുന്നേക്ക് നടക്കുന്നുണ്ടായിരുന്നു.. അവൾ ബസ്റ്റാന്റ് ലക്ഷ്യമാക്കിയാണ് നടന്നിരുന്നത് . അവൻ സാവധാനം അവളെ പിന്തുടർന്നു.. കുറച്ചു നേരത്തിനകം അവർ ബസ്റ്റാന്റിലെത്തി... അവിടെ നിർത്തിയിട്ട ബസ്സിന്റെ ബോർഡ് നോക്കി അവൾ ബസ്സിൽ കയറി . ഫസൽ കുറച്ചു ദൂരെമാറി അവളെത്തെന്നെ നോക്കി നിൽക്കുണ്ടായിരുന്നു. അൻവർ ആർക്കും സംശയം തോന്നാത്തരീതിയിൽ അവിടെനിന്ന് എല്ലാം വീക്ഷിക്കുന്നുണ്ടായിരുന്നു.. അവളുടെ മുഖം ശരിക്ക് കാണാനായില്ല.. ബസ്സിലാണെങ്കിൽ നല്ല തിരക്കുമുണ്ട്... ഡബിൾ ബല്ലടിച്ച് ബസ്സ് മുന്നോട്ട് കുതിച്ചു.. ഫസൽ സാവധാനം അവിടെനിന്നും ബീച്ചിലേയ്ക്ക് തന്നെ തിരികെ നടന്നു.. കുറച്ചു നേരം അവൻ തിരമാലകളേയും അതിൽ കളിക്കുന്ന കുട്ടികളേയും നോക്കി നിന്നു..

ഫസലിന്റെ മനസ്സ് നിറയെ വിഷമങ്ങളായിരുന്നു. അവന്റെ മുഖത്ത് അത് വിളിച്ചു പറയുന്നുണ്ടായിരുന്നു. ആ പെൺകുട്ടി അവനൊരാശ്വാസമായെന്നു തോന്നുന്നു... അവന്റെ കൈയ്യിലിരുന്ന കപ്പലണ്ടിപ്പൊതി ഒരു കുട്ടിവന്ന് യാചിച്ചപ്പോൾ അതിനു നൽകി... സാവധാനം അവൻ ആളൊഴിഞ്ഞ കടൽത്തീരത്തെ ഒരു ഭാഗത്തേയ്ക്ക് നടന്നു.

അവനറിയാതെ അൻവറും പിന്തുടർന്നു... കടൽത്തീരത്ത് കുറച്ചുനേരം നോക്കിനിന്നിട്ട് കരയെ പുൽകാൻ വരുന്ന തിരമാലകളുടെ അടുത്തേയ്ക്കവൻ നടന്നു... അൻവറിന് ഭയമായി... എന്താ ചെയ്യ... അവന് നീന്തല റിയില്ലെന്നുറപ്പാണ്... എന്തായാലും ഇവിടെ നിൽക്കാം... അവൻ കരയിലേയ്ക്ക് വന്ന ഒരു തിരമാലയിൽ തന്റെ കാലുകൾ നനച്ചു... കടൽവെള്ളംകോരി മുഖം കഴുകി... തിരികെ കരയിലേയ്ക്ക്... അവന്റെ മുഖത്ത് ഒരല്പം പ്രസന്നത കാണാനുണ്ടായിരുന്നു. ഒരു നിശ്ചയദാർഠ്യത്തോടെ അവൻ കരയിലേയ്ക്ക് കയറി . അൻവർ അവൻ കാണാതെ ഒഴിഞ്ഞുമാറിനിന്നു.. ഫസൽ  ബസ്റ്റാന്റ് ലക്ഷ്യമാക്കി നടന്നു.. അൻവർ തൊട്ടു പിറകിലും... പെട്ടെന്നവൻ തിരിഞ്ഞുനോക്കി... ഫസലിന്റെ മുഖം രക്തയോട്ടം നിലച്ചതുപോലെയായി... യാദൃശ്ചികമായി അവൻ തന്റെ മാമയെ കണ്ടു... അവനൊന്നും സംസാരിക്കാനായില്ല.. അവൻ ഓടി മാമയുടെടുത്തെത്തി.. 

“എന്താമോനേ.. നീയിവിടെ...“

“അത് ഒരു സുഹൃത്തിന്റെ കൂടെ വന്നതാ... ഇവിടെ ഒരാളെക്കാണാനുണ്ടായിരുന്നു....“ അവന്റെ വാക്കുകൾ ഇടറുന്നുണ്ടായിരുന്നു. സ്കൂളിൽ പോകാതെ ഇവിടെയെത്തിയ കാര്യം മാമയ്ക്ക് മനസ്സിലായിരിക്കുന്നു. എന്താവും പ്രതികരണമെന്നറിയില്ല... എന്തായാലും കാത്തിരിക്ക തന്നെ .

“ഞാനിപ്പോ ബസ്സിറങ്ങിയതേയൂള്ളൂ... കാഞ്ഞങ്ങാട്ടേക്കിറങ്ങിയതാ.. ബസ്സ് മാറി.. കണ്ടക്ടർ പറഞ്ഞു ഇവിടിറങ്ങിയാൽമതി... എപ്പോഴും ഇവിടുന്ന് ബസ്സുണ്ടെന്ന്...

ഫസൽ മറുപടി പറയാതെ അൻവറിനെത്തന്നെ നോക്കിനിന്നു...

അൻവർ ഫസലിനെ ചേർത്ത് പിടിച്ചു .. അവന്റെ തോളിൽ തട്ടി... 

“ഞാൻ എഴുന്നേറ്റത് കുറച്ച് താമസിച്ചാ... നിന്നെ ഇന്ന് സ്കൂളിൽ വിടേണ്ടെന്ന് കരുതിയതാ... പക്ഷേ അപ്പോഴേയ്ക്കും നീ പോയിക്കഴിഞ്ഞിരുന്നു...“

“ഇല്ല ഞാൻ സ്കൂളിൽപോകാനിറങ്ങിയതാ... അപ്പോഴാണ്.....“

“അവൻ എന്തോ പറയാനുള്ള പുറപ്പാടിലായിരുന്നു...“

അൻവർ അവന്റെ മുഖത്തേയ്ക്ക് നോക്കി ജിഞ്ജാസയോടെ നിന്നു...
  തുടർന്നു വായിക്കുക അടുത്ത ഞായറാഴ്ച്ച  29 09 2019


ഷംസുദ്ധീൻ തോപ്പിൽ  22 09 2019

14.9.19

നിഴൽവീണവഴികൾ - ഭാഗം 39


അവർ ഇരയെത്തേടി ഇറങ്ങിയതായിരിക്കും. എന്തായാലും താൻ സുരക്ഷിതനല്ലെന്നുള്ള തോന്നൽ അവനിലുണ്ടായി... ദൂരെനിന്നും ബസ്സിന്റെ ഇരമ്പൽ കേട്ടു... അവൻ റോഡിലേക്കിറങ്ങി.. റോഡിന്റെ സൈഡിൽ നിന്നും കൈകാണിച്ചു... ബസ്സ് അവന്റെ മുന്നിൽ ഞരങ്ങി നിന്നു.. അവൻ തിടുക്കപ്പെട്ട് ബസ്സിൽ കയറി... കയറിയയുടനെ അവന്റെ കൈയ്യിൽ പിടിച്ച് ഒരാൾ വലിച്ചു.

“വാ ഇവിടിരിക്കാം... നീ എവിടെപ്പോയി വരുകയാടാ ....“

“അയാളുടെ മുഖം കണ്ട് ഫസൽ  വിളറിവെളുത്തു....“

“അൻവർ മാമാ.... മാമാ എവിടുന്നുവരുന്നു.“ 

അൻവർ അവനെ തന്റെ സീറ്റിനടുത്തു പിടിച്ചിരുത്തി... 

“ആദ്യം ഞാൻ ചോദിച്ചതിന് ഉത്തരം പറ.. നീ സ്കൂളിൽ പോകുന്നെന്നുപറഞ്ഞ് പോയതല്ലേ... പിന്നെ ഈ വഴിക്കെവിടുന്നു വരുന്നു.“

ഫസൽ  പിടിച്ചുനിൽക്കാൽ പലതും ആലോചിച്ചു... എന്താ ഇപ്പോൾ പറയുക... എന്തുപറഞ്ഞാലും മാമാ കണ്ടുപിടിക്കുമെന്നുറപ്പാണ്....

“ടിക്കറ്റ്“

കണ്ടക്ടർ ടിക്കറ്റ് ചോദിച്ചെത്തി.. അൻവർ തന്നെ ഫസലിന്റെ ടിക്കറ്റിന്റെ പൈസയും കൊടുത്തു.

ഫസൽ  നിശ്ശബ്ദനായിരുന്നു. ഒന്നും പറയാനായില്ല... അവന്റെ മുഖത്തെ ദുഃഖഭാവം കണ്ടിട്ടായിരിക്കണം അൻവർ കൂടുതലൊന്നും ചോദിച്ചില്ല.. അവർക്കിറങ്ങേണ്ട സ്റ്റോപ്പെത്തിയപ്പോൾ രണ്ടാളും ബസ്സിൽ നിന്നിറങ്ങി... നിശ്ശബ്ദരായി വീട്ടിലേക്കുള്ള ഇടവഴിയിലൂടെ നടന്നു... ആ നിശബ്ദതയ്ക്ക് ഭംഗം വരുത്തിക്കൊണ്ട് അൻവർ ചോദിച്ചു...

“മോനേ... നിനക്ക് എന്താ പറ്റിയത്.. ഞാൻ കുറച്ചു ദിവസമായി നിന്നെ  ശ്രദ്ധിക്കുന്നു. നിന്റെ പെരുമാറ്റത്തിൽ എന്തൊക്കെയോ പന്തികേടുള്ളതുപോലെ... നീ കാര്യം പറ...“

“അത് മാമാ...“

“എന്തു പ്രശ്നമുണ്ടേലും എന്നോട് പറ... ഞാൻ സാധിച്ചുതരാം... നിനക്കുവേണ്ടി അമ്പിളിമാമനെവേണമെങ്കിലും കൊണ്ടുത്തരാം ഞാൻ...“

“അതൊന്നും വേണ്ടമാമാ....“

“പിന്നെ എന്താ നിന്റെ പ്രശ്നം... എന്നോട് പറ... മാമയെന്നുള്ള നിലയിൽ വേണ്ട ഒരു സുഹൃത്തെന്നനിലയിൽ പറഞ്ഞോ...“

“മാമാ... മാമ അതറിഞ്ഞാൽ എന്നെ വെറുക്കും..“ ഇല്ലടാ... അവൻ മാമയോട് പറയാൻ തന്നെ തീരുമാനിച്ചു... കാരണം ഇന്നല്ലെങ്കിൽ നാളെ വീട്ടിലാരെങ്കിലും ഇത് അറിയും... അന്ന് ഒരു പക്ഷേ ഉമ്മയ്ക്കുപോലും താങ്ങാനാവില്ല.. ഇപ്പോൾ മാമയോട് പറഞ്ഞാൽ... പല പ്രശ്നങ്ങളിൽ നിന്നും ഒഴിഞ്ഞുമാറാം....“

“നിന്നെ ഞാൻ വെറുക്കാനോ... നീ കാര്യം പറ... എന്തുവന്നാലും ഞാൻ നിന്നെ വെറുക്കില്ല...“

“പടച്ചോനെക്കൊണ്ട് സത്യം ചെയ്യണം... ഇത് മാമയല്ലാതെ മറ്റാരും അറിയാനും പാടില്ല...“

“സത്യം ഈ ലോകത്തിന്റെ അധിപനായ  അള്ളാഹുവിനെക്കൊണ്ട് സത്യംചെയ്യുന്നു... നീ പറയുന്ന കാര്യം ഒരിക്കലും ഞാൻ കാരണം മറ്റുള്ളവർ അറിയില്ല ... നിന്റെ വേദനകൾ  എന്റെയും കൂടി വേദനയല്ലടാ ... നിന്റെ മനസ്സ് വേദനിച്ചാൽ എന്റെയും മനസ്സ് വേദനിക്കില്ലേ... അത് നമ്മുടെ  കുടുംബത്തിന്റെ മൊത്തംവേദനയായി മാറില്ലേ മോനേ..“

അവന് സമാധാനമായി... പണ്ടെങ്ങുമുണ്ടാകാത്ത ഒരു ധൈര്യം അവന്റെ ശരീരത്തിൽ ഇരച്ചു കയറി... എല്ലാം തുറന്നുപറയുക... അവർ രണ്ടാളും ആളൊഴിഞ്ഞ വഴിയിലെത്തിയിരുന്നു... ആ പരിസരത്ത് മറ്റുവീടുകളോ ആളുകളോ ഇല്ലായിരുന്നു... ഫസൽ ചുറ്റുമൊന്നു കണ്ണോടിച്ചു... അവൻ സാവധാനം അൻവറിന്റെ മുഖത്തേയ്ക്ക് നോക്കി... അദ്ദേഹത്തിന്റെ മുഖത്ത് ജിഞ്ജാസയുടെ വിവിധ ഭാവങ്ങൾ മിന്നിമറയുന്നത് കാണാമായിരുന്നു.

“മാമാ.... ഈ ഭൂമിയിൽ എനിക്ക് ജന്മം തന്ന ഉമ്മ എന്റെ കൂടെയുണ്ട്.... പക്ഷേ എന്റെ വാപ്പ ഈ ദുനിയാവിൽ നിന്നു പോയി.... അല്ലാഹുവിന്റെ വിളിക്കുത്തരം നൽകി അദ്ദേഹം പോയി ....

“എടാ നീ എന്താ ഈ പറയുന്നേ... നിനക്കെങ്ങനെയറിയാം അദ്ദേഹത്തെ... നീ ഇതൊക്കെ എങ്ങനറിഞ്ഞു...“

“എല്ലാം ഞാൻ പറയാം മാമാ... മാമി പ്രസവിച്ചു കിടക്കുന്നസമയം ഹോസ്പിറ്റലിൽവച്ച് യാദൃശ്ചികമായി ഞാൻ അദ്ദേഹത്തെ കണ്ടുമുട്ടി... തീരെ അവശനായിരുന്നു. ബ്രയിൻട്യൂമർ ബാധിച്ച് പലതരത്തിലുള്ള സർജ്ജറികളും നടത്തി പരാജയപ്പെട്ട് ആ ഹോസ്പിറ്റലിലെത്തിയതായിരുന്നു. ഐ.സി.യുവിൽ പ്രവേശിപ്പിച്ച അദ്ദേഹത്തെ ഞാനൊരിക്കൽ പോയി കണ്ടിരുന്നു. എന്നെ ഒറ്റനോട്ടത്തിൽ മനസ്സിലാക്കി... എന്നെയും ഉമ്മയെയും ഒരുപാട് തിരഞ്ഞെന്നുനടന്നെന്നും കണ്ടെത്താൻ പറ്റിയില്ലന്നും പറഞ്ഞ് പൊട്ടിക്കരഞ്ഞു... സമ്പാദ്യമെല്ലാം നഷ്ടപ്പെട്ട് ഏതാണ്ടൊരനാഥനെപ്പോലെയായിരുന്നു. ഒരു മകൾ മത്രമായിരുന്നു കൂടെയുണ്ടായിരുന്നത്...“ അവൻ വിശദമായി എല്ലാം മാമയോടു പറഞ്ഞു.

“എന്നിട്ട് നീയെന്തേ ആരോടും പറയാഞ്ഞേ...“

“എനിക്ക് ഉമ്മാന്റെ ദുഖം കാണാൻ വയ്യ മാമാ... ഒരുപാട് സഹിച്ചതാ ഉമ്മ... ആ ഉമ്മയ്ക്ക് അദ്ദേഹത്തെ കണ്ടകാര്യം പറഞ്ഞാൽ എന്താകും അവസ്ഥയെന്നറിയില്ലല്ലോ...“

അവർക്കിടയിൽ തെല്ലൊരു നിശബ്ധത... അൻവർ അവന്റെ മുഖത്തേയ്ക്ക് നോക്കി... മുഖം ദുഃഖത്താൽ തളംകെട്ടിയിരിക്കുന്നു. അവന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പിയിരിക്കുന്നു...

“മാമാ... എനിക്ക് സുഖമില്ലാതെ കിടന്നില്ലേ.. അന്ന് രാത്രിയിലാണ് അദ്ദേഹം മരിച്ചത്... എന്നോട് പറയാൻ അദ്ദേഹത്തന്റെ മകൾ അവിടെല്ലാം എന്നെ തിരഞ്ഞു.. പക്ഷേ കണ്ടെത്താൻ കഴിഞ്ഞില്ല... അവൾക്കറിയില്ലായിരുന്നു ഞാൻ അവളുടെ സഹോദരനാണെന്ന്... ആമ്പുലൻസിനു കൊടുക്കാൻ പോലും കാശില്ലാത്തതിനാൽ മഹല്ല്കമ്മിറ്റിക്കാര് പൈസ പിരിച്ചാണ് മയ്യത്ത് കൊണ്ടുപോയത്. അത്രയ്ക്ക് കഷ്ടത്തിലാണെന്നാണ് അറിഞ്ഞത്.“

“എന്നിട്ട്...“

“ഇന്നു രാവിലെ ഞാൻ ഹോസ്പിറ്റലിലേയ്ക്ക് പോയപ്പോഴാണ് കാര്യങ്ങളൊക്കെ അറിയുന്നത്... അവിടെ എന്റെ ഒരു സുഹൃത്തുണ്ടായിരുന്നു.. അദ്ദേഹത്തേയും കൂട്ടി ഹോസ്പിറ്റലിൽ നിന്നും വീട്ടഡ്രസ്സും വാങ്ങി ....“ അവൻ ഒന്നു നിർത്തി.

“വാപ്പാന്റെ .....മുക്കത്തുള്ള വീട്ടിലേക്ക് പോയി... അവിടെ മറവു ചെയ്ത പള്ളി കണ്ടെത്തി പള്ളിക്കാട്ടിലെ ഉപ്പയുടെ കബറിന് അരികിൽ നിന്ന് ഉപ്പയുടെ പരലോകവിജയത്തിനു വേണ്ടിയും ജീവിച്ചിരുന്നപ്പോൾ ചെയ്തു കൂട്ടിയ തെറ്റുകൾ പൊറുത്തു കൊടുക്കാനും പടച്ചവനോട് ദുഹാ [പ്രാർത്ഥിക്കുക] ചെയ്തു ഒരു മകൻ എന്ന നിലയ്ക്ക് എനിക്കതല്ലെ മാമാ ചെയ്യാൻ പറ്റുകയുള്ളൂ ....തിരിച്ചുവരുംവഴി ക്ഷീണം കാരണം ബസ്സിൽ ഉറങ്ങി പോയി തിരിച്ചു വീട്ടിലേക്ക് ബസ്സ് മാറി കയറിയപ്പോഴാണ് മാമാനെ കണ്ടത്...“

അവൻ ആദ്യമായാണ് വാപ്പാ എന്നുള്ള പദം അൻവറിന്റെ മുന്നിൽ പറയുന്നത്.ജീവിച്ചിരുന്നപ്പോൾ ഒന്ന് തിരിഞ്ഞു പോലും നോക്കാത്ത വാപ്പയെ മരിച്ചെന്നറിഞ്ഞപ്പോൾ വളരെ പക്വവതയോടെ ഒരു മകൻ എന്ന നിലയിൽ ചെയ്യേണ്ട കടമകൾ ഈ ചെറുപ്രായത്തിൽ അവൻ ഭംഗിയായി ചെയ്ത്‌ നെഞ്ചു പിളർക്കും വേദനയോടെ തന്റെ മുന്നിൽ നിൽക്കുന്ന ഫസലിനെ എങ്ങിനെ ആശ്വസിപ്പിക്കണം എന്നറിയാതെ അൻവർ  നിസ്സഹായവസ്ഥയിലായിരുന്നു. ഏങ്ങിയേങ്ങിക്കരയുന്ന തന്റെ സഹോദരീപുത്രൻ... എന്തുപറഞ്ഞ് സമാധാനിപ്പിക്കുമെന്ന് അൻവറിനറിയില്ലായിരുന്നു... അൻവറിന്റെ കണ്ണുകളും നിറഞ്ഞൊഴുകാൻ തുടങ്ങി... 

സ്വന്തം ദുഃഖം ഉമ്മയുടെയും ബന്ധുക്കളുടെയും സന്തോഷം നഷ്ടപ്പെടാതിരിക്കാനായി ആരോടും പറയാതെ ഉള്ളിൽ ഒതുക്കി അവൻ നടക്കുകയായിരുന്നില്ലേ... അവന്റെ പ്രായത്തിലുള്ള ആർക്കും സാധിക്കാത്ത കാര്യം... എന്തിന് മുതിർന്നവർക്കുപോലും ഇത്ര പക്വമായി പെരുമാറാനാവില്ല... മാതൃസ്നേഹത്തിന്റെ ഉത്തമ ഉദാഹരണമാണ് നമുക്കിവിടെ കാണാൻ സാധിക്കുന്നത്... പേറ്റുനോവറിഞ്ഞ് പ്രസവിച്ച തന്റെ ഉമ്മയുടെ സന്തോഷത്തെ ഹനിക്കുന്ന എന്തും സ്വയം സഹിച്ചാലും ഉമ്മയെ അറിയിക്കാത്ത എത്ര മക്കളാണിന്ന് നമ്മുടെ സമൂഹത്തിലുള്ളത്... ഏറി വരുന്ന വൃദ്ധസദനങ്ങൾ ഈ സമൂഹത്തിൽ ഒരു ചോദ്യചിഹ്നമായി നിൽക്കുന്നു.. താഴെവയ്ക്കാതെ തഴുകിയും തലോടിയും വളർത്തി വലുതാക്കിയമക്കൾ പറക്കമുറ്റുമ്പോൾ പറന്നുപോകുന്ന പക്ഷികളെ ഓർമ്മിപ്പിക്കുന്ന സാമൂഹ്യ വ്യവസ്ഥ നമ്മുടെ സമൂഹത്തിൽ വളർന്നുവരുന്നു. ഈ ഓണത്തിനുപോലും ഇലയിട്ട് വിളമ്പി മക്കൾക്കുവേണ്ടി കാത്തിരുന്ന എത്രയോ അമ്മമാർ നമ്മുടെ സമൂഹത്തിലുണ്ട്. പത്രത്തിലെവിടെയോ വായിച്ചിരുന്നു... മക്കൾ വിദേശത്തായതിനാൽ ഒറ്റയ്ക്കായിപ്പോയ ഒരമ്മയുടെ കൂടെ ഓണസദ്യയുണ്ട പോലീസുകാരെക്കുറിച്ച്... എന്നും കൂടെക്കാണുമെന്നുകരുതി വളർത്തി വലുതാക്കിയവർ അവസാന നാളുകളിൽപോലും കൂടെയില്ലാത്ത അവസ്ഥ.... പണത്തോടും പദവിയോടുമുള്ള ആർത്തിപൂണ്ട് രക്തബന്ധത്തെപ്പോലും തള്ളിപ്പറയുന്നവർ.. സമൂഹത്തിന് ബാധിച്ചിരിക്കുന്ന ഈ ദുരവസ്ത കണ്ടില്ലാന്നു നടിക്കരുത്... ആദ്യാക്ഷരം കുറിക്കുന്ന അമ്മ എന്ന വാക്കിന്റെ പ്രാധാന്യം... ഈ ഡിജിറ്റൽ യുഗത്തിൽ ഇതൊക്കെ പഴഞ്ചനായി പുതുതലമുറ കാണാൻ ശ്രമിക്കുന്നു... നോക്കാനുള്ള മനസ്സില്ലാതെ വരുമ്പോൾ ജോലിക്കാരിയോടൊപ്പമോ... അല്ലെങ്കിൽ വൃദ്ധസദനത്തിലോ... അതുമല്ലെങ്കിൽ ഹോംനഴ്സിനേയോ വച്ച് കടമനിർവ്വഹിക്കുന്ന പുതു സമൂഹം...

“ഫസലേ...“ അൻവറിന്റെ ആ വിളിയിൽ എല്ലാമുണ്ടായിരുന്നു... ഒരു മാമയുടെ വാത്സല്യം സ്നേഹം കരുതൽ എല്ലാം....

അവൻ അൻവറിന്റെ മുഖത്തേയ്ക്ക് നോക്കി... അൻവറിന്റെ കണ്ണുകളിൽ നിന്നും കണ്ണുനീർചാലുകൾ ഒഴുകി താഴേയ്ക്കു പതിക്കുന്നു... അൻവറിനു സഹിക്കാവുന്നതിലുമപ്പുറമായിരുന്നു ... ഫസലിനെ അൻവർ തന്റെ മാറോടു ചേർത്ത് പൊട്ടി...പൊട്ടിക്കരഞ്ഞു... അവൻ ആ ആലിംഗനത്തിൽ അദ്ദേഹത്തിന്റെ സാമീപ്യത്തിൽ എല്ലാം മറക്കുകയായിരുന്നു... അൻവറും ഫസലും പരിസരം മറന്ന് ഏതാനും നിമിഷങ്ങൾ അങ്ങനെ തന്നെ നിന്നു... അങ്ങകലെനിന്നും ഒരു വാഹനത്തിന്റെ ഹോൺ കേട്ട് രണ്ടുപേരും  മാറിനിന്നു... അൻവർ അവനെ ആശ്വസിപ്പിക്കുന്നതിനു പകരം ഫസൽ അൻവറിനെ ആശ്വസിപ്പിക്കുകയായിരുന്നു...

“മാമാ.. വിഷമിക്കല്ലേ മാമാ...“

“എടാ എന്നാലും നിന്റെ ഒരാഗ്രഹം പോലും സാധിച്ചുതരാനായില്ലല്ലോ എനിക്ക്... നീയന്ന് ഹോസ്പിറ്റലിൽവച്ച് പറഞ്ഞപ്പോൾ ഞാൻ കരുതിയത് നീ പനികൂടി പിച്ചുപേയും പറയുന്നെന്നാ...“

“ഇല്ല മാമാ....“

“മാമാ വിഷമിക്കല്ലേ മാമാ... ഞാൻ എല്ലാം മറക്കാൻ ശ്രമിക്കയാ.... മാമാഉള്ളതാ എനിക്കൊരു ധൈര്യം... എനിക്ക് മാമായോട് ഇതൊക്കെ തുറന്നു പറയാനായല്ലോ... ഇല്ലായിരുന്നെങ്കിൽ എന്റെ ചങ്ക് പൊട്ടി ഞാൻ മരിച്ചുപോയേനെ...“

ഫസൽ അവൻ തന്നേക്കാൾ എത്രയോ ഉയരത്തിലാണ്.. പ്രായംകൊണ്ടും പദവികൊണ്ടും അവനേക്കാൾ മുതിർന്നവനായിരിക്കാം താൻ.. പക്ഷേ അവൻ എല്ലാരേയും തോൽപ്പിച്ചിരിക്കുന്നു... 

“മാമാ ഇതാരും അറിയേണ്ട... എല്ലാം ഇതോടുകൂടി അവസാനിച്ചല്ലോ.... മാത്രമല്ല... ഉമ്മയും ഉപ്പയും ആരും ഇതൊന്നുമറിയാതിരിക്കാൻ ശ്രദ്ധിക്കണം... എന്നെയും ഉമ്മയേയും തിരഞ്ഞുവരാൻ ഇനി ആരുമില്ല മാമാ ആരുമില്ല .“

ഇല്ലമോനേ... ഞാനിതാരോടും പറയില്ലടാ.....“ അൻവർ അടുത്തുകണ്ട പുളിമരത്തിൽ ചാരിനിന്നു... തന്റെ ഭാഗത്തും തെറ്റുണ്ട്... സഫിയയുടെ വിവാഹവും അതേ തുടർന്നുണ്ടായ പ്രശ്നങ്ങളിലും തനിക്ക് കാര്യമായി ഇടപെടാനായില്ല.. പിന്നീട് കുടുംബത്തെ മറന്നുള്ള ജീവിതമായിരുന്നല്ലോ... ചെറു പ്രായത്തിൽ എന്തെല്ലാം  പ്രശ്നങ്ങൾ അഭിമുഖീകരിച്ച ഈ പാവത്തെക്കുറിച്ചാണല്ലോ തന്റെ ഭാര്യയും വേണ്ടാത്തത്  പറഞ്ഞത് ഞാനും ഇവനെ അന്ന് തെറ്റിധരിച്ചു ... അൻവറിന് സ്വയം പുച്ഛം തോന്നുന്ന നിമിഷങ്ങളായിരുന്നു അത്.

“മാമാ നമുക്ക് വീട്ടിലേയ്ക്കു പോകാം...“ അവൻ സ്വന്തം കണ്ണുനീർ തുടച്ചു.. മുഖത്ത് പുഞ്ചിരിവിടർത്താൻ ശ്രമിച്ചു.. അൻവറിന് എന്നിട്ടും സാധാരണനിലയിലേയ്ക്ക് തിരിച്ചുവരാനായില്ല... അവൻ മാമയേയും കൂട്ടി റോഡ് സൈഡിലെ പൈപ്പിന്റെ മുമ്പിലെത്തി... അവന്റെ കൈകുംബിളിൽ വെള്ളം എടുത്ത്  അൻവറിന്റെ മുഖം തുടച്ചു... അപ്പൊഴും അൻവർ നിർവികാരനായിരുന്നു... അവർ രണ്ടാളും വീട്ടിലേയ്ക്ക് നടന്നു... അല്പനേരത്തെ നിശബ്ദതയ്ക്കു ശേഷം അൻവർ ചോദിച്ചു...

“നിനക്കിതെല്ലാം എങ്ങനെ മനസ്സിലൊതുക്കി നടക്കാനായി മോനേ... ഒരു വാക്ക് എന്നോട് പറയാമായിരുന്നില്ലേ ...“

“എനിക്കറിയില്ലായിരുന്നു മാമാ... എന്താവും മാമയുടെ പ്രതികരണമെന്ന്.“

“എന്നാലും... നീ നീറുന്ന മനസ്സുമായല്ലേ നടന്നത്...“

“മാമാ എല്ലാം തീർന്നു... ഇനി ബാക്കിയുള്ളവരെയെന്തിനാ ദുഃഖിപ്പിക്കുന്നത്...“

അവർ രണ്ടാളും വീട്ടുമുറ്റത്തെത്തി... വീടിനുമുന്നിൽ ഒരാൾക്കൂട്ടം... രണ്ടുപേരും ഓടി അകത്തെത്തി...

“എന്താ എന്തുപറ്റി...“

“ഒന്നുമില്ല... ഹമീദിക്കായ്ക്ക് ചെറിയൊരു തലകറക്കം വന്നു... ഇവിടെ എല്ലാരുംകൂടി കിടന്നു നിലവിളിച്ചു ഞങ്ങൾ അയൽക്കാരല്ലേ... ശബ്ദം കേട്ടാൽ ഓടി വരണ്ടേ... അൻവറേ വിഷമിക്കേണ്ട... ഇപ്പോ ഹമീദിക്കാ ഓക്കെയാ...“ ആ പറഞ്ഞത് അയലത്തെ സുന്ദരേശനായിരുന്നു. അയലത്തെ പുതിയ താമസക്കാരാ... മക്കളും മരുമക്കളുമായി 7 പേരോളമുണ്ട് ആ വീട്ടിൽ.. മോനും മോളും ഡോക്ടറാ... പക്ഷേ അതിന്റേതായ യാതൊരു തലക്കനവും അവർക്കില്ല...

“അൻവറേ മോനും മോളും വരട്ടേ.. വൈകിട്ട് ഇങ്ങോട്ട് പറഞ്ഞയക്കാം.. അവര് വന്ന് പ്രഷറൊക്കെ ഒന്നു നോക്കട്ടെ... പേടിക്കാനൊന്നുമില്ലെന്നേ...“

അൻവറിനും ഫസലിനും ആശ്വാസമായി...

അൻവറിനെയും ഫസലിനെയും ഒരുമിച്ചു കണ്ട ഹമീദ് ചോദിച്ചു.. 

“നിങ്ങൾ രണ്ടാളും ഒന്നിച്ചാണോ വന്നത്...“

“അതേ വാപ്പാ...“

“സാധാരണ ഫസൽ വരുന്ന സമയം കാണാത്തോണ്ട് വിഷമിച്ചിരിക്കുകയായിരുന്നു...“

സഫിയയും അൻവറും ചില കാര്യങ്ങൾ രണ്ടുദിവസം മുന്നേ വാപ്പയോട് സൂചിപ്പിച്ചിരുന്നു... ഹോസ്പിറ്റലിലായിരുന്നപ്പോൾ ഫസൽ വാപ്പയെ കുറിച്ച് പനിച്ചൂടിൽ പറഞ്ഞതും മറ്റും... അത് ആ വൃദ്ധ മനുഷ്യന്റെ മനസ്സ് വേദനിപ്പിച്ചിട്ടുണ്ടാവാം.... അതിനു ശേഷം ഫസലിനെ ഹമീദ് പ്രത്യേകം ശ്രദ്ധിക്കാറുണ്ട്... അവന്റെ പോക്കും വരവും പ്രത്യേകം ആ മനുഷ്യൻ ശ്രദ്ധിച്ചു തുടങ്ങിയിരുന്നു. ആ മനുഷ്യൻ കരുതുന്നത് തന്റെ പേരക്കുട്ടിയെ തട്ടിയെടുക്കാൻ അവന്റെ വാപ്പ യെങ്ങാനും കയറിവരുമോയെന്നാണ്...

ഫസലും അൻവറും സാധാരണപോലെ പെരുമാറാൻ ശ്രമിച്ചു... അൻവർ അത്താഴം കഴിഞ്ഞ് മുറ്റത്തേയ്ക്കിറങ്ങി... പുറത്തുനിന്നും ഫസലേയെന്നു നീട്ടി വിളിച്ചു...

“മോനേ ഫസലേ....“

“എന്താ ഫസലിനോട് ഇന്ന് ഇത്ര സ്നേഹം.. അൻവറിന്റെ ഭാര്യ ചോദിച്ചു.“

ഫസൽ മുറ്റത്തേയ്ക്കിറങ്ങി... ആരും കേൾക്കാതെ അവനെ മാറ്റി നിർത്തി അൻവർ പറഞ്ഞു.

“മോനേ നീ വിഷമിക്കരുത്... നമുക്കെല്ലാം മറക്കാം... സംഭവിച്ചതും സംഭവിക്കാനിരിക്കുന്നതും എല്ലാം അല്ലാഹുവിന്റെ തീരുമാനങ്ങളാണ്... നമ്മുടെ ദുഃഖവും പ്രയാസവുമെല്ലാം അല്ലാഹു തീർത്തുതരും... നീ പ്രത്യേകം ദുഹാ ചെയ്തു ഖുർഹാൻ സൂറത്തുകളൊക്കെ ഓതി ശരീരത്തിൽ ഊതി കിടന്നോ ദുഃസ്വപ്നങ്ങളിൽ നിന്ന് പടച്ചോൻ നിന്നെ കാത്തോളും നിന്റെ മുഖ ഭാവത്തിൽ ... ആർക്കും ഒരു സംശയവുമുണ്ടാകരുത്... നിന്റെ വാപ്പയുടെ അഡ്രസ്സോ മറ്റോ ഉണ്ടെങ്കിൽ എനിക്കൊന്നു തരണം...വാപ്പയുടെ വീട്ടുകാരെ ഒക്കെ ഒന്നു പോയി അന്വേഷിക്കാലോ ..“

“വേണ്ട മാമാ... എല്ലാം നമുക്ക് മറക്കാം... അഡ്രസ്സൊക്കെ തരാം.. വെറുതേ അന്വേഷിച്ചൊന്നും പോവണ്ട..“

“എന്താ രണ്ടാളും തമ്മില് ഒരു രഹസ്യം പറച്ചില് ...“

സഫിയ പുറത്തേയ്ക്കിറങ്ങിവന്നു.

“ഒന്നുമില്ല സഫിയ... അവന്റെ പഠിത്തകാര്യങ്ങളൊക്കെ ഒന്നന്വേഷിച്ചതാ... ഇവന് ഒന്നുരണ്ട്  വിഷയത്തിൽ  ട്യൂഷനൊക്കെ വേണം...“

“ങ്ഹാ... മാമാ ഇപ്പോഴാ മാമായായത്... നല്ല തല്ലുകൊടുത്തു വളർത്തനം ഇവനെ...“

“നീ പോടി... അവന് തല്ലൊന്നും കൊടുക്കേണ്ട... നമ്മുടെ കുടുംബത്തിലെ ആദ്യ കുഞ്ഞല്ലേ അവൻ.. നമ്മൾ അവനെ ഇതു വരെ തല്ലി അല്ലല്ലോ ...വളർത്തിയത് അങ്ങനെ അടിക്കാനുള്ളതല്ല കേട്ടോ...“ ആ അതിന്റെ കുറവ് കുറച്ചുണ്ടവന് അത് പറഞ്ഞു സഫിയ സ്നേഹത്തോടെ ഫസലിനെ ചേർത്ത് പിടിച്ചു

അവിടെ പഴയപോലെ ചിരിയുണർന്നു... സന്തോഷം ആ വീട്ടിൽ അലയടിക്കുകയായിരുന്നു... എല്ലാരും ഉറങ്ങാനായി പോയി....

അൻവറിന് തീരെ ഉറങ്ങാനായില്ല.. ഭാര്യ നാദിറ പലതും കുത്തി കുത്തി ചോദിച്ചു... പക്ഷേ ഒന്നും അൻവർ  അവളോട് പറഞ്ഞില്ല.. രാത്രിയുടെ അന്ധ്യ യാമത്തിലെപ്പോഴോ അൻവർ  ഉറക്കത്തിലേയ്ക്ക് വഴുതിവീണു......
 
 
തുടർന്നു വായിക്കുക അടുത്ത ഞായറാഴ്ച്ച  22 09 2019

ഷംസുദ്ധീൻ തോപ്പിൽ  15 09 2019
 

7.9.19

നിഴൽവീണവഴികൾ - ഭാഗം 38


ആ ചോദ്യം അവനെ നിശ്ശബ്ദനാക്കിക്കളഞ്ഞു.... വർഷങ്ങൾക്കു മുന്നേ നടന്ന ആ സംഭവങ്ങൾ നേരിട്ടറിയാവുന്ന ടീച്ചർ തന്റെ മുന്നിൽ... തനിക്ക് സംഭവിച്ച ജീവിതത്തിലെ ഏറ്റവും നിർണ്ണായക ഘട്ടത്തിൽ തന്റെ കൂടെനിന്ന സ്റ്റീഫൻ അങ്കിളും തന്റെ അരുകിൽ... അവൻ രണ്ടുപേരേയും മാറിമാറി നോക്കി...

“അതേ ടീച്ചേറേ....“

“നീ അതൊക്കെ വിട്ടുകള ഫസലേ... അച്ഛായാ അകത്തേയ്ക്ക് വാ... ഞാനെല്ലാം പിന്നീട് പറയാം “.

സ്റ്റീഫൻ അവനേയും കൂട്ടി അകത്തേയ്ക്ക് കയറി... 

ഊണ് സമയമായിരുന്നു... സ്റ്റീഫൻ പോയതെവിടെന്നോ, എവിടെനിന്നു വരുന്നോ എന്നുള്ള കാര്യങ്ങളൊന്നും ഭാര്യയോട് പറഞ്ഞില്ല... ഫസൽ അതൊന്നു പറയാനും പോയില്ല... 

“ഫസലേ നീ നന്നായി പഠിക്കുന്നുണ്ടോ.“

“ഉണ്ട് ടീച്ചറേ..“

“നീ സിനിമയിലൊക്കെ അഭിനയിച്ചതായി അറിഞ്ഞു..“

“ടീച്ചറേ അതൊക്കെ ഒരു കാലം... വെറുതെ അഭിനയം എന്നുംപറഞ്ഞ് നടന്നിട്ട് ഒരു കാര്യവുമുണ്ടായില്ല... നിർമ്മാതാവ് മരിച്ചുപോയി. അതോടെ സിനിമയും മുടങ്ങി.“

“നീ നന്നായി പഠിച്ച് ജോലി നേടാൻ നോക്കൂ...“

“ശരി ടീച്ചറെ... ഇനി പഠിച്ച് പാസ്സായി ജോലികിട്ടിയിട്ടേ മനസ്സിലെ സിനിമയെ പുറത്തെടുക്കൂ.“

“വീട്ടിലെന്താ വിഷേശം...“

അവൻ വീട്ടിലെ കാര്യങ്ങളെല്ലാം ടീച്ചറോട് വിവരിച്ചു. മാമയുടെ ഭാര്യ പ്രസവിച്ചകാര്യവും. കുഞ്ഞിന് പേരിട്ട കാര്യവും.. എല്ലാം.

പതുക്കെ ഫസൽ ദുഖങ്ങളൊക്കെ മറക്കുകയായിരുന്നു. അവൻ  കഴിഞ്ഞുപോയ മണിക്കൂറുകൾ ഒരു സ്വപ്നമായി കാണാൻ ആഗ്രഹിക്കുന്നതുപോലെ... മനുഷ്യൻ അങ്ങനെയാണ്... നഷ്ടപ്പെട്ടതിനെയോർത്ത് വളരെക്കാലം ദുഖിക്കാനാവില്ല.. പ്രത്യേകിച്ച് ഉറ്റവരും ഉടയവരും... അങ്ങനെ ദുഖിച്ചിരിക്കേണ്ട അത്രയും ഓർമ്മകളൊന്നും അവനായി അവന്റെ വാപ്പ നൽകിയതുമില്ല... അവൻ സാധാരണ നിലയിലേയ്ക്ക് എത്തിച്ചേർന്നതായി സ്റ്റീഫനും തോന്നി... ടീച്ചർ ഭക്ഷണം ഉണ്ടാക്കി വിളമ്പി... അവർ മൂവരും ഭക്ഷണം കഴി‍ച്ചു... സ്റ്റീഫന്റെ മക്കളാരും അവിടെ ഉണ്ടായിരുന്നില്ല. രണ്ടുപേർ ജോലിക്കുപോയി.. ഒരാൾ സ്കൂളിലേയ്ക്കും... ഏകദേശം മൂന്നു മണിയോടെ അവർ അവിടെനിന്നും യാത്രയായി... വീണ്ടും വരാമെന്ന് ഫസൽ ടീച്ചർക്ക് വാക്കുകൊടുത്തു.

“ഫസലേ നിന്നെ ഞാൻ വീടുവരെ കൊണ്ടുപോകാം.. എന്താ...“

“വേണ്ട അങ്കിൾ വീട്ടിൽ ആർക്കെങ്കിലും സംശയം തോന്നും. എന്നെ കവലയിൽ വിട്ടാൽ മതി... ഞാൻ അവിടുന്നു ബസ്സുപിടിച്ച് പൊയ്ക്കോള്ളാം...“

സ്റ്റീഫന് അതാണ് നല്ലതെന്നു തോന്നി... അവർ വരുന്ന വഴിയ്ക്ക് കൂടുതലൊന്നും സംസാരിച്ചില്ല... ഏകദേശം നാലുമണിയോടുകൂടി അവർ ..... കവലയിലെത്തി... അവിടെ ഫസലിനെ ഇറക്കി.

“ഫസലേ നീ വേണ്ടാത്തതൊന്നും ചിന്തിക്കണ്ട... കഴിഞ്ഞതെല്ലാം ഒരു സ്വപ്നമായി മാത്രം കാണുക.. ഇനിയുള്ള കാലം സന്തോഷമായി ജീവിക്കാൻ ശ്രമിക്കുക... നിനക്കറിയാമല്ലോ.. നിന്റെ ഉമ്മയുടെ ഏക പ്രതീക്ഷ നിന്നിൽ മാത്രമാണ്. അതിനാൽ മറ്റൊന്നും ആലോചിക്കാതെ ലക്ഷ്യത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുക.“ 

“അങ്കിൾ ഒരുപാട് നന്ദിയുണ്ട്... ഈ ഒരു സന്ദർഭത്തിൽ എന്റെ കൂടെനിന്നതിന്.. എന്റെ ദുഖത്തിൽ പങ്കാളിയായതിന്... എന്നിലെ വിഷമങ്ങൾ മാറ്റിത്തന്നതിന്.. ജീവിതത്തിൽ ഒരിക്കലും മറക്കാനാവില്ല അങ്ങയെ...“ 

“നീ നന്നായി പഠിക്കുക... മറ്റൊന്നും ഇനി നിന്റെ ജീവിതത്തെ ബാധിക്കരുത്...“ 

“അങ്കിൾ ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ...“ 

“ചോദിച്ചോളൂ...“ 

“ഞാൻ വാപ്പയുടെ സ്നേഹം അറിഞ്ഞല്ല വളർന്നത്... ഓർമ്മവെച്ച നാള് തന്നെ അദ്ദേഹം ഞങ്ങളെ ഉപേക്ഷിച്ചു.. അങ്കിളിനെ ഞാനെന്റെ വാപ്പയുടെ സ്ഥാനത്തു കണ്ടോട്ടെ....“ 

“അവന്റെ കുഞ്ഞുമനസ്സിലെ നിഷ്കളങ്ക ചോദ്യം സ്റ്റീഫന്റെ കണ്ണുനിറയിച്ചു... അദ്ദേഹം അവനെ കെട്ടിപ്പിടിച്ച് ആലിംഗനം ചെയ്തു... 

“നീ എന്നെ ഏതു രീതിയിൽ വേണമെങ്കിലും കണ്ടോ... നിന്നെഞാനെന്റെ മകന്റെ സ്ഥാനത്തുതന്നെ കണ്ടുകൊള്ളാം ... എനിക്കു മൂന്നു പെൺകുട്ടികളാ ഇപ്പോൾ ഒരാൺകുഞ്ഞുകൂടി...“ 

അവന്റെ കണ്ണിലെ കണ്ണിര് തുടച്ച് സ്റ്റീഫൻ അവനോട് യാത്ര പറഞ്ഞു ബൈക്കിൽ കയറി ഓടിച്ചു പോയി ... സ്റ്റീഫന്റെ വണ്ടി പോകുന്നതുവരെ ഫസൽ നോക്കി നിന്നു..

ഫസൽ സാവധാനം ബസ്റ്റാന്റിലേയ്ക്ക് കയറി... അവിടെ ഒരൊഴിഞ്ഞ തൂണിൽചാരി അവൻ നിന്നു. സ്റ്റീഫന്റെ സാമീപ്യം അവനിൽ വലിയൊരു ധൈര്യമാണ് ഉണ്ടാക്കിയത്... തകർന്നുപോകുമെന്നുകരുതിയിടത്തുനിന്നും ഒരു ഫീനിക്സ് പക്ഷിയെപ്പോലെ ഉയർത്തെഴുന്നേറ്റിരിക്കുന്നു.ഒന്നു കിതച്ചു തുടങ്ങി ഇനി ഓടി തുടങ്ങണം ഇല്ല ഇനിയൊരിക്കലും  താൻ തളരില്ല എന്നുള്ള ആത്മവിശ്വാസവും അവനിലുണ്ടാക്കി.

“മോനേ... ആ വണ്ടിയിലിരിക്കുന്ന അങ്കിൽ നിനക്ക് 1000 രൂപാ തരാൻ പറഞ്ഞു...“ 

അപരിചിതനായ ഒരു വ്യക്തി തന്റെനേരേ 500 രൂപയുടെ രണ്ടു നോട്ടുകൾ നീട്ടിയിട്ടു നിൽക്കുന്നു. അവൻ ആദ്യമൊന്ന് അമ്പരന്നു....

“എന്തിനാ ഈ പൈസ എനിക്ക് തരാൻ പറഞ്ഞത് ... എനിക്ക് അയാളെ അറിയില്ലല്ലോ...“

“അയാൾക്ക് മോനെ അറിയാമെന്നു പറഞ്ഞു... എന്തായാലും നീ ഈ പൈസാ വാങ്ങിച്ചേ...“ 

“വേണ്ട എനിക്ക് വേണ്ട.. പരിചയമില്ലാത്തവരുടെ കൈയ്യിൽനിന്നും ഞാനൊന്നും വാങ്ങില്ല...“ 

പൈസ നീട്ടിയആളുടെ മുഖഭാവം മാറി... 
“വാങ്ങാനാ പറഞ്ഞത് ... ഇല്ലെങ്കിൽ എന്റെ സ്വഭാവം മാറും...“ 

അവൻ ഭയത്തോടെ അയാളെ നോക്കി.. ആ സമയത്തുതന്നെ കാശ് അവന്റെ കൈക്കുള്ളിലാക്കി അയാൾ കാർ കിടന്നിടത്തേയ്ക്ക് പോയി...

കാറിലിരുന്നയാൾ അവനെ നോക്കി ചിരിക്കുന്നു. കൈയ്യാട്ടി വിളിക്കുന്നു... എന്തെല്ലാമോ ആഗ്യം കാണിക്കുന്നു. അവൻ ശ്രദ്ധ മറ്റു പലയിടത്തേയ്ക്കും മാറ്റാൻ ശ്രമിച്ചു.. എന്നിട്ടും കാറിൽ വന്നയാൾ പോകാൻ കൂട്ടാക്കുന്നില്ല... എന്തിനാണ് അയാൾ തന്നെത്തന്നെ നോക്കി നിൽക്കുന്നത്... തനിക്ക് കണ്ട യാതൊരു പരിചയവുമില്ല...

പെട്ടെന്ന് റോഡിനിപ്പുറത്തായി ഒരു ബസ്സ് വന്നുനിന്നു. കാറിനെ പൂർണ്ണമായും മറച്ചിരുന്നു. ആ സമത്ത് അല്പം പ്രായമായ ഒരു മനുഷ്യൻ അവന്റെ അടുത്തേക്ക് ഓടിവന്നു...

“മോനേ.. ഈ സ്ഥലവും സമയവും അല്പം പിശകാ... അയാൾ നിനക്ക് കാശ് തന്നത് നിന്നെ ഉപയോഗിക്കാനാ... കിട്ടുന്നബസ്സിൽ കയറി വേഗം സ്ഥലംവിടാൻ നോക്കിക്കോ... ഇവിടെ ഒരു വലിയ റാക്കറ്റുണ്ട്...

“അവന് കാര്യം മനസ്സിലായി... പുറപ്പെടാൻ ഒരുങ്ങിനിന്ന ബസ്സിൽ അവൻ ചാടിക്കയറി... കാറിലിരുന്നയാളുടെ നോട്ടം തന്റെ നേർക്കുണ്ടാകാതിരിക്കാൻ ശ്രമിച്ചുകൊണ്ട് അവൻ പതുങ്ങിപ്പതുങ്ങി ബസ്സിൽ കയറി.. ഭാഗ്യം അയാൾ തന്നെ കണ്ടില്ല. അവൻ നെടുവീർപ്പിട്ടു... 

ബസ്സ് ഡബിൾ ബെല്ലടിച്ചു... മറ്റൊരു ബസ്സ് പിറകേ വരുന്നുണ്ടായതിനാൽ പെട്ടെന്നുതന്നെ ബസ്സ് അമിത വേഗത്തിൽ കുതിച്ചു പാഞ്ഞു .... അവൻ തിരിഞ്ഞും മറിഞ്ഞും ആ കറുത്ത കാർ അവിടുണ്ടോ എന്നു നോക്കി... അതേ അതവിടെത്തന്നെയുണ്ട് ബസ്സിന് പിറകെ വരുന്നില്ല ... അവന് ആശ്വാസമായി...

അവൻ ആശ്വാസപൂർവ്വം ബസ്സിന്റെ സൈഡിലേയ്ക്ക് ഒതുങ്ങിനിന്നു... ബസ്സിൽ അത്യാവശ്യം നല്ല തിരക്കുണ്ടായിരുന്നു. കണ്ടക്ടർ അവന്റെ അടുത്തെത്തി... അവനോട് എവിടിറങ്ങാനാണെന്നു ചോദിച്ചു...

“എനിക്ക് പാറക്കടവ് ഇറങ്ങണം.“ 

അവന് ടിക്കറ്റ് നൽകി കണ്ടക്ടർ ബാക്കിനൽകി...

ഫസൽ  ഇടയ്ക്കിടയ്ക്ക് തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു. ഭയം അവന്റെ മുഖത്ത് നിഴലിച്ചിരുന്നു. എന്തു ചെയ്യണമെന്നറിയാത്ത ഒരു നിസ്സഹായാവസ്ഥ..

ഏകദേശം മുക്കാൽ മണിക്കൂറിലധികം അവന് യാത്രചെയ്യേണ്ടതുണ്ട്... അടുത്ത സീറ്റിൽനിന്നും ഒരു യാത്രക്കാരനിറങ്ങിയപ്പോൾ അവൻ ആ സീറ്റിൽ കയറിയിരുന്നു... ഭയം ഉള്ളിൽനിന്നും വിട്ടു മാറാത്തതിനാൽ‌ അവൻ ഇടയ്ക്കിടക്ക്ക് തിരിഞ്ഞും നോക്കിക്കൊണ്ടിരുന്നു. ആ വാഹനമെങ്ങാനും തന്നെ പിന്തുടരുന്നുണ്ടോ എന്ന സംശയം...

കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന ഒരു റാക്കറ്റ് തന്നെ നമ്മുടെ സമൂഹത്തിലുണ്ട്... അറിവില്ലാത്ത കുഞ്ഞുങ്ങളെ അവരുടെ ചെറു പ്രായത്തിൽ തന്നെ ലൈംഗിക വൈകൃതങ്ങൾക്കിരയാക്കുന്നു. പെൺകുട്ടികളെക്കാളും ആൺകുട്ടികളാണ് ഈ വൈകൃതത്തിന് ഇരയാകുന്നത്. നമ്മുടെ സമൂഹം വളരെയധികം ജാഗ്രതപുലർത്തേണ്ട സമയമെന്നോ അതിക്രമിച്ചിരിക്കുന്നു രക്ഷിതാക്കളെ തിരക്കിനിടയിൽ കൈവിട്ടു പോകുന്ന മക്കളെ ഒന്ന് സ്നേഹത്തോടെ ചേർത്തു പിടിക്കാൻ അല്പം സമയം കണ്ടെത്തു അല്ലാത്ത പക്ഷം ജീവിതത്തിൽ വലിയ വില നൽകേണ്ടി വരും .

ക്ഷീണംകൊണ്ട് ഫസൽ  ബസ്സിലിരുന്ന് മയങ്ങിപ്പോയി... ബസ് പല സ്റ്റോപ്പിലും നിർത്തിയതും എടുത്തതുമൊന്നും അവനറിഞ്ഞില്ല.. പെട്ടെന്ന് ഞെട്ടിയുണർന്ന് അടുത്തിരുന്ന ആളോട് ചോദിച്ചു ചേട്ടാ എവിടെ എത്തി . അയാൾ പറഞ്ഞ സ്ഥലപ്പേര് കേട്ട് അവനൊന്ന് ഞെട്ടി.. തനിക്കിറങ്ങേണ്ട സ്ഥലം കഴിഞ്ഞിരിക്കുന്നു. തിരക്കായതു കാരണം കണ്ടക്ടർ തന്നെ ശ്രദ്ധിച്ചതുമില്ല.. അവൻ ആളിറങ്ങണം അളിറങ്ങണം എന്നുറക്കെ വിളിച്ചു.

കണ്ടക്ടർ ബെല്ലടിച്ചു ബസ്സ് നിർത്തി... ഫസൽ  ‍തിടുക്കപ്പെട്ട് പുറത്തിറങ്ങി...

തനിക്കിനിയും മൂന്നുനാല് കിലോമീറ്റർ തിരികെ യാത്രചെയ്യേണ്ടതുണ്ട്.. അവൻ ചുറ്റുപാടുമൊന്ന് കണ്ണോടിച്ചു... വിജനമായ സ്ഥലം... അങ്ങകലെ ഒരു ചെറിയ പെട്ടിക്കട കണ്ടു... അവൻ അത് ലക്ഷ്യമാക്കി നടന്നു. കടയിലെത്തി കടക്കാനരോട് ചോദിച്ചു.

“ചേട്ടാ പാറക്കടവിലേക്ക് ഇനി എപ്പോഴാണ് ബസ്സുള്ളത് .........“

“പത്തുമിനിട്ടിനകം വരും.“

ഇവിടെ നിൽക്കാം... വരുന്ന ബസ്സിൽ കയറി സ്ഥലംവിടാം.. അവൻ കടയുടെ തൂണിൽ ചാരി നിന്നു. അയാൾ അവനോട് ലോഹ്യം ചോദിച്ചു.

“മോൻ  എവിടെയാ താമസിക്കുന്നത് ..“

“ ഞാൻ പാറക്കടവിൽ .“

“എവിടെ പോയിട്ടു വരുന്നു.“

“..... മുക്കം പോയി വരുന്ന വഴിയാ .. ബസ്സിലിരുന്ന് അറിയാതെ ഉറങ്ങിപ്പോയി... അങ്ങനെ സ്ഥലം. മാറി ഇറങ്ങിയതാ...“

“കുറച്ചൊക്കെ ശ്രദ്ധിക്കേണ്ട... ങ്ഹാ കുഴപ്പമില്ല... അടുത്ത ബസ്സ് ഇവിടെ നിർത്തും.“

കുറച്ചുനേരം അവനവിടെ നിന്നു. പത്ത് മിനിറ്റ് കഴിഞ്ഞു കാണണം പക്ഷേ ബസ്സ് കാണുന്നില്ല. ഒരുപക്ഷേ ബസ്സ് ലേറ്റായിരിക്കും... അവൻ റോഡിലേക്കിറങ്ങി... അങ്ങകലെനിന്നും അതേ കറുത്ത അമ്പാസഡർ കാർ വരുന്നത് അവൻ കണ്ടു... അവനുടനേ ഓടി കടയുടെ പിറകിലൊളിച്ചു... കച്ചവടക്കാരന് സംശയമുണ്ടാകാതെയാണ് അവൻ ഒളിച്ചത്... ഇടയ്ക്ക് കാർ കടന്നുപോയെന്നുറപ്പാക്കി അവൻ പുറത്തേയ്ക്കിറങ്ങി... ഹാവൂ ആശ്വാസമായി... അവർ ഒരുപക്ഷേ തന്നെ പിന്തുടരുന്നതായിരിക്കും... അല്ലെങ്കിൽ മറ്റൊരു ഇരയെത്തേടി ഇറങ്ങിയതായിരിക്കും. എന്തായാലും താൻ സുരക്ഷിതനല്ലെന്നുള്ള തോന്നൽ അവനിലുണ്ടായി... ദൂരെനിന്നും ബസ്സിന്റെ ഇരമ്പൽ കേട്ടു... അവൻ റോഡിലേക്കിറങ്ങി.. റോഡിന്റെ  സൈഡിൽ നിന്നും കൈകാണിച്ചു... ബസ്സ് അവന്റെ മുന്നിൽ ഞരങ്ങി നിന്നു.. അവൻ തിടുക്കപ്പെട്ട് ബസ്സിൽ കയറി... കയറിയയുടനെ അവന്റെ കൈയ്യിൽ പിടിച്ച് ഒരാൾ വലിച്ചു.

“വാ ഇവിടിരിക്കാം... നീ എവിടെപ്പോയി വരുകയാടാ ....“

“അയാളുടെ മുഖം കണ്ട് അവൻ വിളറിവെളുത്തു....

തുടർന്നു വായിക്കുക അടുത്ത ഞായറാഴ്ച്ച  15 09 2019

ഷംസുദ്ധീൻ തോപ്പിൽ  08 09 2019