25.1.20

നിഴൽവീണവഴികൾ - ഭാഗം - 58


പത്താംക്ലാസ് പരീക്ഷ കഴിഞ്ഞ ദിവസംതന്നെ അവന്റെ അച്ഛൻ എത്തുകയും ആരോടും യാത്രപറയാൻ പോലും അവസരം നൽകാതെ അവനേയും കൊണ്ട് ഗുജറാത്തിലേയ്ക്ക് പോയെന്നുമാണ് പറഞ്ഞുകേട്ടത്.. ആ വീട് ബന്ധുക്കളാരോ താമസിക്കുവാൻ തുടങ്ങി.. പിന്നീടൊരിക്കലും അവനെ കണ്ടിട്ടില്ല.. ഇപ്പോഴിതാ.. തന്റെ മുന്നിൽ.. അവരുടെ കണ്ണിൽ നിന്നും ആനന്ദത്തിന്റെ കണ്ണുനീർ ഇറ്റുവീണു...

റഷീദും അഭിമന്യുവും അഭിമുഖമായി ഇരുന്നു. അവർക്ക് ഒരുപാട് കാര്യങ്ങൾ പറയാനുണ്ടായിരുന്നു. മേശമേലിരുന്ന ബെല്ലടിച്ചു... സഹായി ഡോറിൽ പ്രത്യക്ഷപ്പെട്ടു.. കോഫിയ്ക്ക് ഓർഡർ കൊടുത്തു.. ആരേയും കടത്തിവിടരുതെന്ന നിർദ്ദേശവും. പഴയകാലത്തിലേയ്ക്ക് അവർ തിരിച്ചുപോവുകയായിരുന്നു.

അഭിമന്യുവിന്റെ ജീവിതം ഒരു പരാജയം തന്നെയായിരുന്നു. പത്താംക്ലാസ് പരീക്ഷ തീരുന്ന അന്നുതന്നെ അവനും സഹോദരിയുമായി അവന്റെ അച്ഛൻ ഗുജറാത്തിലേയ്ക്ക് വണ്ടികയറി.. അവന്റെ എതിർപ്പുകൾക്കൊന്നും അദ്ദേഹം വിലകൽപ്പിച്ചില്ല.. സഹോദരി അന്ന് അഞ്ചാംക്ലാസ്സിൽ പഠിക്കുന്നു. മൂന്നു ദിസത്തെ യാത്രയ്ക്കൊടുവിൽ അവർ ഗുജറാത്തിലെത്തിച്ചേർന്നു. തികച്ചും വ്യത്യസ്തമായ ചുറ്റുപാടുകൾ ഭാഷ ഒരു പ്രശ്നമായി മാറി. മലയാളികൾ കൂടുതലുള്ള സ്ഥലത്തായിരുന്നു അച്ഛൻ താമസിച്ചിരുന്നത്.. മിക്കവാറുമെല്ലാവരും ഒ.എൻ.ജി.സിയിൽ ജോലിചെയ്യുന്നവർ.. അഭിമന്യുവിനെ അടുത്തദിവസം തന്നെ കോളേജിൽ ചേർത്തു. അവിടുത്തെ പഠനരീതി അവന് വളരെ പ്രയാസകരമായിരുന്നു. സഹോദരിയെ ആറാംക്ലാസിലും.. വീട്ടുവേലയ്ക്കായി ഒരു പ്രായംചെന്ന സ്ത്രീ വരുമായിരുന്നു. ദിവസങ്ങൾ കടന്നുപോയി.. പഠനത്തിൽ അലസത അഭിമന്യുവിനെ പിടികൂടി.. ആരുമായും ബന്ധമില്ല.. എല്ലാറ്റിൽ നിന്നും ഒരു പറിച്ചുനടൽ.. സ്കൂളിൽ പ്രത്യേകിച്ച് സുഹൃത്തുക്കളുമില്ല. ആകെ ഒരു മലയാളി സുഹൃത്ത്. അവനാണെങ്കിൽ ഭയങ്കര പഠിത്തവും.. 

ഒരിക്കൽ നാടുവിടാൻ തീരുമാനിച്ചു സ്കൂൾ വിട്ട് റെയിൽവേസ്റ്റേഷനിലേയ്ക്ക് പോയതാണ്. പക്ഷേ കൈയ്യോടെ പിടികൂടപ്പെട്ടു.. അന്ന് പൊതിരെ തല്ലുകിട്ടി.. എന്തുചെയ്യാം.. എല്ലാ പ്രതീക്ഷയും നഷ്ടപ്പെട്ടവനെപ്പോലെയായി അവന്റെ അവസ്ഥ.. ഒരു വർഷം കഴിഞ്ഞപ്പോൾ അച്ഛന്റെ ബന്ധുക്കളുടെ നിർബന്ധപ്രകാരം അച്ഛൻ പുനർ വിവാഹം കഴിച്ചു.. വന്നുകയറിയ സ്ത്രീയുടേയും പുനർ വിവാഹമായിരുന്നു. അവർക്ക് ഒരു മകനുണ്ടായിരുന്നു. തന്റെ അമ്മയുടെ സ്ഥാനത്ത് അവരെ കാണാൻ അവനാവുമായിരുന്നില്ല.. അവർക്ക് തിരിച്ചും തന്നോട് സ്നേഹമില്ലായിരുന്നു. എന്നാൽ തന്റെ സഹോദരി ആര്യയോട് അവർക്ക് പ്രത്യേക സ്നേഹം തന്നെയായിരുന്നു. സ്വന്തം മകളെപ്പോലെ അവളെ സ്നേഹിക്കുന്നത് കാണാമായിരുന്നു.

പലപ്പോഴും പല കുറ്റങ്ങളും പറഞ്ഞ്‍ അവർ അവന് അടിവാങ്ങി നൽകുമായിരുന്നു. ആത്മഹത്യ ചെയ്യുന്നതിനെപ്പോലും അവൻ ചിന്തിച്ചിരുന്നു. പക്ഷേ അതിനുള്ള ധൈര്യംപോലും അവന് നഷ്ടപ്പെട്ടിരുന്നു. നാടിനേയും നാട്ടാരേയും കൂട്ടുകാരേയും കുറിച്ച് ഓർക്കാത്ത ദിവസങ്ങളില്ല ... ഒരുവിധം കോളേജ് പഠനം പൂർത്തിയാക്കി. നല്ല മാർക്കില്ലാതിരുന്നതിനാൽ തുടർ പഠനത്തിന് താൽപര്യവുമില്ലായിരുന്നു. താമസിയാതെ താൽക്കാലിക ജോലിയ്ക്കായിട്ട് അച്ഛൻ തന്നെ ഒ.എൻ.ജി.സിയിൽ ജോലിവാങ്ങി നൽകി.. കഠിനമായ ജോലി... വെയിലത്തെ ജോലിയുടെ കാഠിന്യം അവനെ മാനസികമായും ശാരീരികമായും തളർത്തി.. വർഷങ്ങൾ കടന്നുപോയി.. അച്ഛന്റെ രണ്ടാംഭാര്യയുടെ മകന് അവനെക്കാൾ 6 വയസ്സ് കൂടുതലായിരുന്നു. അവന് ഒരു മെഡിസിൻ നിർമ്മാണശാലയിലായിരുന്നു ജോലി.. അവന്റെ വിവാഹം ആർഭാടമായി നടത്തുന്നത് ദുഖത്തോടെ അവന് നോക്കിനിൽക്കേണ്ടിവന്നിട്ടുണ്ട്.. തന്നെ അവിടെ ആർക്കും വേണ്ടായിരന്നു. വെറും ഒരു പാഴ്ജന്മമായിരുന്നു.

വർഷങ്ങൾ കടന്നുപോയി.. അച്ഛൻ പെൻഷനായി.. സഹോദരി ഡിഗ്രികഴിഞ്ഞു.. മലയാളിയായ ഒരാളെ അവൾക്ക് ഇഷ്ടമായിരുന്നു. വലിയ സാമ്പത്തികമൊന്നുമില്ലെങ്കിലും അവളുടെ ഇഷ്ടം അച്ഛനും രണ്ടാനമ്മയും നടത്തിക്കൊടുക്കുകയായിരുന്നു. അവൾക്ക് മൂന്നു മക്കൾ സുഖമായി ജീവിക്കുന്നു. ആർക്കും തന്റെ കാര്യത്തിൽ വലിയ് താൽപര്യമില്ലായിരുന്നു. തനിക്ക് അന്ന് 30 വയസ്സ് തികയുന്ന ദിവസമായിരുന്നു. ഒരിക്കലും ജീവിതത്തിൽ മറക്കാനാവാത്ത ദിവസം.

റഷീദ് അഭിമന്യുവിന്റെ ജീവിത കഥകേട്ടിരിക്കുകയായിരുന്നു. ഒന്നും ഒളിച്ചുവയ്ക്കാതെ തന്റെ ആ പഴയ സുഹൃത്ത് അന്നത്തെപ്പോലെ എല്ലാകാര്യങ്ങളും തുറന്നു പറയുകയായിരുന്നു. 

 അച്ഛൻ പെൻഷനായതിനു ശേഷം താമസിച്ചിരുന്നത്. ഒരു പഴയ ബിൽഡിങ്ങിന്റെ മൂന്നാമത്തെ നിലയിലായിരുന്നു. മൂന്നു മുറികൾ സ്വന്തമായി വാങ്ങിയിരുന്നു. അന്നത്തെ സാമ്പത്തികത്തിനനുസരിച്ച് അത് മാത്രമേ അച്ഛന് വാങ്ങാനാവുമായിരുന്നുള്ളു.. പെൻഷനും പിന്നെ തന്റെ വരുമാനവും അല്ലലില്ലാതെ കുടുംബം മുന്നോട്ടു പോവുകയായിരുന്നു. അന്നത്തെ ദിവസം ജോലിയ്ക്കായി പോയി.. തിരികെ വരുമ്പോൾ വാങ്ങേണ്ട സാധനങ്ങളുടെ ഒരു ലിസ്റ്റ് അച്ഛൻ തന്നെ ഏൽപ്പിച്ചിരുന്നു. ജോലിയ്ക്ക് പോയി ചില കാരണങ്ങളാൽ നേരത്തേ പോരേണ്ടിവന്നു. വരുന്ന വഴിയിൽ പ്രകൃതിയ്ക്ക് പെട്ടെന്ന് എന്തെല്ലാമോ മാറ്റങ്ങൾ സംഭവിക്കുന്നതായി അവന് മനസ്സിലായി. പക്ഷികൾ കൂട്ടത്തോടെ ശബ്ദമുട്ടാക്കി പറന്നുപോകുന്നു. മൃഗങ്ങൾ ശബ്ദമുണ്ടാക്കുന്നു. പെട്ടെന്നാണ് ഭീകരമായ ശബ്ദത്തിൽ ഭൂമി കുലുങ്ങാനാരംഭിച്ചത്.  ജനങ്ങൾ നാലുപാടും ചിതറിയോടി... പല വീടുകളും കൺമുന്നിൽ തകർന്നു വീഴുന്നത് കാണാമായിരുന്നു. പൊലിഞ്ഞുവീഴുന്ന കോൺക്രീറ്റ് സൗധങ്ങൾക്കിടയിലൂടെ അവൻ സ്വന്തം വീട് ലക്ഷ്യമാക്കി ഓടി... ദൂരെനിന്നേ ആ കാഴ്ച അവൻ കണ്ടു. തന്റെ വീടു നിന്ന ഭാഗത്ത് വെറുമൊരു മൺകൂനമാത്രം. പ്രകൃതി എല്ലാം നശിപ്പിച്ചിരിക്കുന്നു. രക്ഷാപ്രവർത്തനം ഊർജ്ജിതമായി ആരംഭിച്ചു. എവിടേയും ആംബുലൻസിന്റെ ശബ്ദം.. അവശിഷ്ടങ്ങൾക്കിടയിൽ സ്വന്തക്കാരെ തിരയുന്നവരുടെ കൂട്ടത്തിൽ അവനും കൂടി.. ആരേയും ജീവനോടെ കിട്ടില്ല എന്നുറപ്പായിരുന്നു. ജീവനോടെ ലഭിച്ചവരോ മാരകമായ പരിക്കുകളുമായി.. പലതും വളരെ പഴക്കം ചെന്ന കെട്ടിടങ്ങളായിരുന്നു. കൂട്ടുകുടുംബമായി താമസിക്കുന്ന സ്ഥലം.. 

തനിക്ക് ഇവിടെ ആകെയുണ്ടായിരുന്ന ബന്ധം നഷ്ടപ്പെട്ടന്ന് അവൻ തിരിച്ചറിഞ്ഞു. തുണിയിൽ പൊതിഞ്ഞ അച്ഛന്റെയും രണ്ടാനമ്മയുടെയും സഹോദരിയുടെയും അവളുടെ ഭർത്തവിന്റെയും മക്കളുടേയും രണ്ടാനമ്മയുടെ മകന്റെയും ഭാര്യയുടെയും മൃതദേഹം ഏറ്റുവാങ്ങാൻ താൻ മാത്രം.. സർക്കാരിൽനിന്നും പല ആനുകൂല്യങ്ങളും ലഭിക്കുമെന്നൊക്കെ പറഞ്ഞിരുന്നു. പക്ഷേ....

എല്ലാം നഷ്ടപ്പെട്ടവന് അതും ഒരു നഷ്ടമായി തോന്നിയില്ല.. ഒരുവർഷത്തോളം ക്യാമ്പിൽ കഴിച്ചകൂട്ടി.. നാട്ടിലേയ്ക്ക് തിരിച്ചു പോരണമെന്ന് ആഗ്രഹമുണ്ടായിരുന്നു. പക്ഷേ അവിടെ ആരുമില്ലെന്നുള്ള സത്യം... വീടൊക്കെ ആരൊക്കെയോ കൈക്കലാക്കി. ജീവിതയാത്രയിൽ വിവാഹം കഴിക്കാനും താൻ മറന്നുപോയിരുന്നു. അല്ലെങ്കിലും സ്ഥിരവരുമാനമില്ലാത്ത തനിക്കാര് പെണ്ണിനെത്തരാൻ...

മനുഷ്യൻ തന്റെ സ്വപ്നങ്ങൾക്ക് വർണ്ണം ചാലിക്കുമ്പോൾ ആദ്യം ചിന്തിക്കുന്നത് സ്വന്തമായൊര വീടെന്നതാണ്. ഉള്ളതെല്ലാം പെറുക്കി ഒരു വീടുണ്ടാക്കും. അതുണ്ടായിക്കഴിഞ്ഞാൽ പകുതി ആശ്വാസം... പിന്നീടങ്ങോട്ട് ആഗ്രഹങ്ങളുടെ ഒരു തേരൊട്ടമായിരിക്കും.. കടിഞ്ഞാണില്ലാത്ത കുതിരയെപ്പോലെ സ്വന്തം പിടിവിട്ട് ഓടും... പിറകേ ഓടുന്നവർക്ക് പകുതി വഴിയിൽ ഓട്ടം നിർത്തേണ്ടിവരും. ചിലർ ലക്ഷ്യത്തിലെത്തും.

അതുപോലെ സ്വപ്നം നെയ്തുകൂട്ടിയ ഒരിടമായിരുന്നു മരട് ഫ്ലാറ്റുകൾ.. ഒരപാടു പേരുടെ സ്വപ്നങ്ങൾ. വീടെന്ന സ്വപ്നം ഉള്ളിലുദിച്ചവർ മറ്റൊന്നുമാലോചിക്കാതെ ഫ്ലാറ്റുകൾ വാങ്ങിക്കൂട്ടി.. അതിൽ പണക്കാരനും പാവപ്പെട്ടവനുമുണ്ടായിരുന്നു. ആകാശം മുട്ടെ നിൽക്കുന്ന ഫ്ലാറ്റുകൾ ചുറ്റും പച്ചപ്പുകളും കായലും... മനോഹരമായ കാഴ്ച... പിന്നീടൊന്നും ആലോചിക്കാതെ വാങ്ങി... താമസവും തുടങ്ങി. അപ്പോഴാണ് അറിയുന്നത് തീരദേശ നിയമം ലംഘിച്ചാണ് ഇതൊക്കെ പണിതതെന്ന്. കോടതി ഉത്തരവ് പ്രകാരം എല്ലാം തകർക്കപ്പെട്ടു. അതു കണ്ട് പിടഞ്ഞ എത്രയോ മനസ്സുകളുണ്ടിവിടെ... മലയാളി അതുമൊരു ആഘോഷമാക്കി.. അവിടുത്തെ ഹോട്ടലുകളിൽ ഫ്ലാറ്റ് പൊളിക്കുന്നത് ലൈവായി കാണിച്ചു കാശുണ്ടാക്കി.. ഇന്നലെവരെ ആ ഫ്ലാറ്റിന്റെ ഭിത്തികളിൽ വർണ്ണങ്ങൾ കോരിയൊഴിച്ച കൊച്ചു കുഞ്ഞുങ്ങൾക്ക് ഈ കാഴ്ച എന്തൊരു ഷോക്കായിരിക്കും. അവരുടെ വളർച്ചയുടെ ഓരോ ഘട്ടത്തിലും ഇതൊന്നും മാഞ്ഞുപോകില്ല.. ഇതിനൊക്കെ ആരാണ് ഉത്തരവാദികൾ.. അവർ ശിക്ഷിക്കപ്പെടുന്നുണ്ടോ എന്നുറപ്പുവരുത്തണം. ഫ്ലാറ്റുകൾ പൊളിക്കാൻ കാണിച്ച ആർജ്ജവം ഫ്ലാറ്റ് കെട്ടിപ്പൊക്കി വിറ്റവരുടെ കാര്യത്തിലുമുണ്ടാവണം. ഇനി ഇതുപോലൊന്ന് ഇവിടെ ആവർത്തിക്കരുത്. ഓലക്കുടിലിൽ സന്തോഷമായി ജീവിച്ച മലയാളിക്ക് ഇന്ന് ഫ്ലാറ്റും എസിയുടെ തണുപ്പുമില്ലാതെ ഉറക്കം വരില്ല.. "നാളീകേരത്തിന്റെ നാട്ടിലെനിക്കൊരു നാഴിയിടങ്ങഴി മണ്ണുണ്ടെന്ന് പാടിക്കേണ്ട ആവരികൾ ഇന്ന് വെറുമൊരു കടങ്കഥയായി മാറിയിരിക്കുന്നു. കൃഷിയില്ല, പാടങ്ങൾ നികത്തി ഫ്ലാറ്റുകൾ കെട്ടി... മലയാളിക്ക് ദൈനംദിനം ആവശ്യമുള്ളതെല്ലാം അന്യസംസ്ഥാനങ്ങളിൽ നിന്നും വരുത്തേണ്ട ഗതികേട്... എന്നിട്ട് വിഷമയമായ പച്ചക്കറികളെക്കുറിച്ച് ആകുലപ്പെടുന്നു. 

ഗുജറാത്തിനെ പഴയ ഗുജറാത്താക്കി മാറ്റാൻ ഒരുപാട് പ്രയത്നം വേണ്ടിവന്നു. ലോകരാജ്യങ്ങൾ എല്ലാ സഹായങ്ങളും ചെയ്തു. കുറേയൊക്കെ രാഷ്ട്രീയക്കാർ മുക്കി. ബാക്കിയുള്ളത് ചിലരിലെങ്കിലും എത്തിക്കാണും. അന്നത്തെ ആ തകർച്ചയ്ക്കു ശേഷം ആ നാട് ഉയിർത്തെഴുന്നേറ്റത് സമ്പത്ത്മാത്രംകൊണ്ടല്ല ജനങ്ങളുടെ ഐക്യംഒന്നുകൊണ്ടു മാത്രമാണ്. ജാതിയ്ക്കും മതത്തിനും അതീതമായി ചിന്തിച്ചതുകൊണ്ടാണ്. 

ഇന്ന് ജനം വസ്ത്രധാരണം നോക്കി മനുഷ്യനെ വിലയിരുത്തുന്നു. നെറ്റിയിലെ സിന്ദൂരവും കാക്കയും വളരെയധികം ചർച്ചചെയ്യപ്പെട്ട ദിവസങ്ങളിലൂടെ കടന്നുപോവുകയാണ് നാം.. വർഗ്ഗീയ വിഷം ചീറ്റുന്ന വിഷപ്പാമ്പുകളെ സമൂഹത്തിൽ നിന്നും ഒറ്റപ്പെടുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. 

പരമാധികാരം ജനങ്ങളില്‍ നിക്ഷിപ്‌തമായിരിക്കുകയും തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ മുഖേന അത്‌ വിനിയോഗിക്കുകയും ചെയ്യുന്ന ഭരണ സമ്പ്രദായം നിലവിൽ വന്നിട്ട് ഇന്ന് 71 വർഷങ്ങൾ ആകുന്നു. ഇന്ത്യ റിപ്പബ്ലിക്കായിട്ട്. നമ്മുടെ നാടിന്റെ ഐക്യം വീണ്ടെടുക്കണം. ഒറ്റക്കെട്ടായി ജനാധിപത്യവും മതേതരത്വവും നിലനിർത്തുന്നതിനായി പ്രയത്നിക്കാം.

റിപ്പബ്ലിക്ക് ദിനാശംസകളോടെ...
സസ്നേഹം ഷംസുദ്ധീൻ തോപ്പിൽ  26 01 2020
  തുടർന്നു വായിക്കുക അടുത്ത ഞായറാഴ്ച്ച  02 01 2020

18.1.20

നിഴൽവീണവഴികൾ - ഭാഗം - 57

 
റഷീദിന് ആശ്വാസമായി.. നല്ലൊരു കുട്ടിയാണവൾ അവളുടെ ഭാവിയിൽ സ്വപ്നം കണ്ടുകഴിയുന്ന ഒരു കുടുംബമാണ് അവളുടേത്.. എന്തായാലും വലിയൊരു പ്രശ്നമാവുമായിരുന്നത് ഇങ്ങനെയൊക്കെ മാറിപ്പോയല്ലോ.. റഷീദ് ആശ്വാസത്തോടെ ഓഫീസിലേയ്ക്ക് യാത്ര പറഞ്ഞിറങ്ങി .. സമയം 5 മണി കഴിഞ്ഞിരിക്കുന്നു. ഇന്നത്തെ ദിവസം ഇതിനു വേണ്ടി മാത്രം മാറ്റിവയ്ക്കേണ്ടിവന്നു. സാരമില്ല... ഒരു നല്ലകാര്യത്തിനുവേണ്ടിയല്ലേ..

റഷീദ് ഓഫീസിലെത്തി തന്റെ കാബിനിലേയ്ക്ക് കയറി... കുറച്ചു നാൾ ലീവായതിനാലും.. വന്നയുടനുള്ള തിരക്കുകളായതിനാലും പൂർണ്ണമായും ബിസിനസ്സ് കാര്യങ്ങളിൽ ശ്രദ്ധിക്കാനായിരുന്നില്ല.. ധാരാളം ഫയലുകൾ മേശമേൽ കുന്നുകൂടിയിരിക്കുന്നു. 

റഷീദ് ഓരോഫയലുകളായി നോക്കിക്കൊണ്ടിരുന്നു. കൂട്ടത്തിൽ ഒരു ബയോഡാറ്റ... കൗതുകത്തോടെ അദ്ദേഹം അതിലേയ്ക്ക് നോക്കി... പരിചയമുള്ള സ്ഥലത്തുനിന്നും... ആരാണെന്നറിയില്ല.. എന്തായാലും നോക്കിക്കളയാം.. ഡ്രൈവിംഗ് അറിയാമെന്നാണ് എഴുതിയിരിക്കുന്നത്. ഫോട്ടോ വച്ചിട്ടില്ല.. അദ്ദേഹം സെക്രട്ടറിയെ വിളിച്ചു.

”ഇത് പോസ്റ്റിൽ വന്നതാണോ.”

”അല്ല സാർ നേരിട്ടു കൊണ്ടുവന്നതാണ്. സാറിനെ കാണണമെന്നുപറഞ്ഞു കുറച്ചുനേരം ഇവിടെ നിന്നു. ദൂരെ ഒരിടംവരെ പോയിരിക്കുന്നെന്നു പറഞ്ഞപ്പോഴാണ് തിരിച്ചുപോയത്. സാറിന് വേണ്ടപ്പെട്ടവർ ആരേലുമാണോ.”

”പരിചയമുള്ള സ്ഥലത്തുനിന്നാണ് അദ്ദേഹം വന്നിരിക്കുന്നത്.. പേരും കേട്ടു പരിചയമുള്ളതുപോലെ... എന്തായാലും ഇദ്ദേഹത്തോട് നാളെയൊന്നു വന്നു കാണാൻ വിളിച്ചു പറഞ്ഞേക്കൂ .”

”ശരി സർ..”

സെക്രട്ടറി പുറത്തേയ്ക്ക് പോയി..”

റഷീദിന് അന്നത്തെ ചിന്ത മുഴുൻ ബയോഡാറ്റയിലെ അഭിമന്യു എന്ന വ്യക്തിയെക്കുറിച്ചായിരുന്നു. സ്കൂളിൽ പഠിച്ച ഒരു സുഹൃത്തുണ്ടായിരുന്നു അവന്റെ പേര് അഭിമന്യു എന്നായിരുന്നു. ആ വ്യക്തിയാണോ.. അറിയില്ല. എന്തായാലും നേരിട്ടു കാണാമല്ലോ.. പലതരം ബിസിനസ്സ് മീറ്റുകൾ  അന്ന് ഉണ്ടായിരുന്നു. വളരെ തിരക്കുപിടിച്ച ദിവസം. ഇപ്പോൾ റഷീദിന്റെ ബേക്കറിയിൽ നിന്നുള്ള സാധനങ്ങൾ ജീ.സി.സി.യിലെ മറ്റു സ്ഥലങ്ങളിലേയ്ക്കും കയറ്റി അയച്ചു തുടങ്ങിയിരിക്കുന്നു. എല്ലാവർക്കും വളരെഇഷ്ടപ്പെട്ട വിഭവങ്ങളാണ് ഉണ്ടാക്കുന്നതെന്നുള്ളതുകൊണ്ട് മാർക്കറ്റിൽ നല്ല  പേരും കിട്ടി.

വൈകുന്നേരം നേരേ വീട്ടിലേയ്ക്ക്.. പോകുന്നവഴിയ്ക്ക് ഹോസ്പിറ്റലിൽ ഒന്നു കയറി... അവിടുത്തെ സ്ഥിതിയെന്താണെന്നറിയണമല്ലോ.. പി.ആർ.ഓ. യെ കണ്ടപ്പോൾ വളരെ പ്രസന്ന ഭാവത്തിൽ ഓടി അടുത്തുവന്നു... 

”സോറി.. സർ. ചില കമ്യൂണിക്കേഷൻ പ്രശ്നങ്ങളുണ്ടായി... ഇന്നിപ്പോൾ എല്ലാം ശരിയായി... എല്ലാവർക്കും നാളെത്തന്നെ ജോയിൻ ചെയ്യാം... എന്തേലും ഉണ്ടെങ്കിൽ സാറിനെ ഞാൻ അങ്ങോട്ടു വിളിക്കാം സാർ... സാറിനെക്കുറിച്ച് ഞാൻ ഇന്നാണ് അറിഞ്ഞത്...”

അദ്ദേഹം പഴയതുപോലെ ദേഷ്യഭാവവും അധികാരത്തിന്റെ ഹുങ്കും മാറ്റിയിരിക്കുന്നു. താഴ്മയായി തന്നോട് സംസാരിച്ചു. മാനേജരുമായി ഒരു ചെറിയ കൂടിക്കാഴ്ച അതിനു ശേഷം അദ്ദേഹം അവിടെ നിന്നുമിറങ്ങി വീട്ടിലേയ്ക്ക്. എന്തായാലും ഭയന്നതുപോലൊന്നും സംഭവിച്ചില്ലല്ലോ എന്ന ഒരാശ്വാസം.

വൈകുന്നേരംവീട്ടിലേയ്ക്ക വിളിച്ചു. ഫസലാണ് ഫോണെടുത്തത്.

”ഫസലേ... നീയിന്ന് സ്കൂളിൽ പോയില്ലേ.”

”പോയി... മാമാ.. നാളെമുതൽ മോഡൽ പരീക്ഷയാണ്.. അതിനാൽ ഇന്ന് ക്ലാസ് നേരത്തേ വിട്ടു.”

”പിന്നെ. പഠിത്തത്തിൽ പ്രതേകം ശ്രദ്ധിക്കണം  കോട്ടോ.. നന്നായി പഠിക്കണം... നാട്ടിൽ തന്നെ ഒരു ജോലിയും നേടണം... അതിനുള്ള പ്രയത്നമാണ് നിന്റെ ഭാഗത്തുനിന്നും വേണ്ടത്..”

”ശരി മാമാ..”

”സ്റ്റീഫൻ ചേട്ടന്റെ മകൾ നാളെത്തന്നെ ഹോസ്പിറ്റലിൽ ജോയിൻ ചെയ്യും. അവളെ  ഞാൻ പോയി നേരിട്ടു കണ്ടിരുന്നു.. നിന്നെപ്പറ്റി അവൾക്ക് നൂറു നാവാണല്ലോഡാ ...”

”സ്റ്റീഫനങ്കിളിനെ വിളിച്ചു പറഞ്ഞോ..”

”ഇല്ല... അവളെക്കൊണ്ടുതന്നെ സ്റ്റീഫൻ ചേട്ടനെ വിളിപ്പിച്ചിരുന്നു.. എല്ലാവരും അവൾ സേഫായിരിക്കുന്നുവെന്നറിഞ്ഞതിൽ സന്തോഷിക്കുന്നു.. ഇടയ്ക്ക് നീയൊന്നു വിളിച്ച് കാര്യങ്ങൾ ചോദിച്ചച്ചറിയണേ...”

”ശരി മാമാ...”

ഫോൺ ഹമീദിന് കൊടുത്തു ... അവർ പല കാര്യങ്ങളും സംസാരിച്ചു.. അഫ്സയും കുഞ്ഞും കാത്തുനിൽക്കുന്നെന്നു ഹമീദ് പറഞ്ഞ് ഫോൺ അവൾക്ക് നൽകി.. എന്തെല്ലാമോ ശ്ബ്ദം കുഞ്ഞു പുറപ്പെടുവിക്കുന്നുണ്ടായിരുന്നു. റഷീദിന് അതൊരാശ്വാസമാണ്... നാട്ടിൽ കുഞ്ഞിന്റെ വളർച്ചകൾ ഓരോന്നും കാണാൻ ഭൂരിഭാഗം പ്രവാസികൾക്കും കഴിയാറില്ല... അതുപോലെയാണ് റഷീദ്.. അവരെ കൂടെ കൊണ്ടുനിർത്താം... അത് അവൾക്കും താല്പര്യമില്ല. കാരണം ഇവിടെ വാപ്പയും ഉമ്മയും മാത്രമാകില്ലേ.. സഫിയയും നാദിറയുമുണ്ടെങ്കിലും താനാണ് വാപ്പയുടെയും  ഉമ്മയുടെയും കാര്യം നോക്കേണ്ടതെന്നാണ് അവളുടെ പക്ഷം... തനിക്ക് നഷ്ടപ്പെട്ട വാപ്പയും ഉമ്മയുമാണവർ.. അതുകൊണ്ട് തന്റെ കൊതി തീരുംവരെ അവരെ നോക്കണം എന്നാണവൾ പറയുന്നത്.. അതിൽ നിന്നും അവളുടെ സ്നേഹം എത്രത്തോളമുണ്ടെന്ന് മനസ്സിലാക്കാം.

സ്വന്തം കുടുംബം നോക്കുന്നതിനായി സ്വയം എരിഞ്ഞു തീരുന്നവനാണ് പ്രവാസി.. വിവാഹം കഴിഞ്ഞ് ദിവസങ്ങൾക്കുള്ളിൽ പ്രവാസലോകത്തേയ്ക്ക് കടക്കുന്ന എത്രയോ മലയാളികൾ ഉള്ള നാടാണ് നമ്മുടേത്.. കുഞ്ഞിന്റെ ജനനം അറിഞ്ഞ് മനസ്സ്കൊണ്ട് അനുഗ്രഹിച്ച് ജോലിക്കിറങ്ങുന്ന പ്രവാസി. മൂന്നും നാലും വർഷം കഴിഞ്ഞ് വീട്ടിലെത്തുമ്പോൾ അതാര് എന്ന മുഖഭാവവുമായി നിൽക്കുന്ന കുഞ്ഞിനെ അമ്മ പറഞ്ഞു അച്ഛനെന്നും വാപ്പയെന്നും വിളിപ്പിക്കേണ്ട ഗതികേട്. എന്തുകൊണ്ട് നമ്മളൊക്കെ പ്രവാസികളായി മാറുന്നു. ചിന്തിക്കേണ്ടതുതന്നെ.

രാത്രി വൈകുവോളം റഷീദ് ഓഫീസിൽ തന്നെയുണ്ടായിരുന്നു. പെൻഡിങ്  ഫയലുകളെല്ലാം നോക്കിത്തീർത്തു. ഇടയ്ക്ക് സ്പോൺസറിനെ വിളിച്ച് കുശലാന്വോഷണം. നാട്ടുകാര്യങ്ങളൊക്കെ സ്പോൺസറോട് വിശദമായി സംസാരിക്കാമെന്നേറ്റു ഓഫീസിൽ നിന്നും പുറത്തിറങ്ങി.

സ്ഥാപനത്തിലെ ജീവനക്കാർക്കൊപ്പമുള്ള താമസമായിരുന്നു റഷീദിനും. എല്ലാവർക്കുമായി ഒരു വലിയ ഫ്ലാറ്റ് വാടകയ്ക്കെടുത്തിരുന്നു. ഏറ്റവും താഴത്തെ ഫ്ലാറ്റിൽ റഷീദ് മറ്റു ഫ്ലാറ്റുകളിൽ ജീവനക്കാരും ഇവിടെ ഏകദേശം നാൽപ്പതോളം സ്റ്റാഫുകൾ താമസിക്കുന്നു. തൊട്ടടുത്ത ബിൽഡിംഗിലും സ്റ്റാഫുകൾ താമസിക്കുന്നുണ്ട്.

അവിടുത്തെ അന്തേവാസികൾക്കായി പ്രത്യേകം കാന്റീനും ഉണ്ടവിടെ. റഷീദും അവിടെനിന്നാണ് ഭക്ഷണം കഴിച്ചിരുന്നത്. മുതലാളിയെന്നോ തൊഴിലാളിയെന്നോ ഉള്ള വേർതിരിവില്ലാത്ത രീതിയിലാണ് റഷീദ് അവരോട് ഇടപെട്ടിരുന്നത്. ഭക്ഷണത്തിനു ശേഷം എല്ലാവരും ഹാളിൽ ഒത്തുകൂടാറുണ്ട്. സന്തോഷത്തോടെ പാട്ടുപാടിയും തമാശകൾ പറഞ്ഞും കുറച്ചു സമയം അവിടെ ചിലവഴിക്കും. അതിനുശേഷം അവരവരുടെ റൂമുകളിലേയ്ക്കും.

റഷീദ് രാവിലെ തന്നെ ഓഫീസിലേയ്ക്ക് പുറപ്പെട്ടു. പുതിയ ഒരു ബ്രാഞ്ച് ഓപ്പൺചെയ്യുന്നതിനുള്ള നടപികളുമായി ബന്ധപ്പെട്ട് മിനിസ്റ്റ്ട്രിവരെ പോകേണ്ടതുണ്ട്. ഇതെല്ലാം ചെയ്യുന്നതിായി പ്രത്യേകം ആൾക്കാരെ വച്ചിട്ടുണ്ടെങ്കിലും റഷീദ് സാധാരണയായി നേരിട്ടുപോയാണ് ഇതെല്ലാം ചെയ്തിരുന്നത്. 

ഏകദേശം ഒരു മണിയോടു കൂടി റഷീദ് തിരികെ ഓഫീസിലെത്തി. അന്നു ബേക്കറിയിൽ നല്ല ആളുമുണ്ടായിരുന്നു. ഭംഗിയായി നിരത്തിവച്ചിരിക്കുന്ന പലഹാരങ്ങൾ കേക്കുകളും കുക്കീസുകളും, ചോക്ലേറ്റുമടക്കം നിരവധി വിഭവങ്ങൾ പ്രദർശിപ്പിച്ചിരിക്കുന്നു. വലിയ ഓർഡറുകൾ ദിവസവും ഉണ്ടാവും. എന്തായാലും ഇത്രയും കാലം യാതൊരുവിധപരാതികളും ഉണ്ടായിട്ടില്ല. അതിന് അല്ലാഹുവിനോട് നന്ദി.. കൂടെ പ്രവർത്തിക്കുന്ന ആത്മാർത്ഥതയുള്ള ജീവനക്കാരോട് നന്ദി..

റഷീദിന്റെ സെക്രട്ടറി പതുക്കെ വാതിലിൽ മുട്ടി അകത്തേയ്ക്ക് കയറി..

”എന്താ ജോൺ” ജോൺ എന്നായിരുന്നു അദ്ദേഹത്തിന്റെ സെക്രട്ടറിയുടെ പേര്. കോട്ടയം കാരൻ.. വന്നിട്ട് 24 വർഷങ്ങളായി... നന്നായി അറബിയും ഇഗ്ലീഷും സംസാരിക്കും... അറബികൾ അവിടെത്തിയാൽ മിക്കവാറും ജോണിനെ അന്വേഷിക്കാറുണ്ട്.. കാരണം അത്രയ്ക്ക് സുപരിചിതനാണയാൾ.. ഫ്രീയായ സമയത്ത് കസ്റ്റമേഴ്സിനടുത്തെത്തി കുശലാന്വേഷണം നടത്തുകയും അവരെ ഇഷ്ടപ്പെട്ട ഫ്ലേവർ തെരഞ്ഞെടുക്കുന്നതിന് സഹായിക്കുകയും ചെയ്യും. ജോൺ സ്ഥാപനത്തന് ഒരു വലിയ മുതൽക്കൂട്ടുതന്നെയാണ്.

”സർ... ഇന്നലെ സി.വി. തന്ന ആൾ വന്നിട്ടുണ്ട്. കണ്ടിട്ട് ഒരു പാവമാണെന്നു തോന്നുന്നു. ഇന്നലെ തന്ന നമ്പറിൽ വിളിച്ചിട്ട് കിട്ടിയില്ലായിരുന്നു.

”ഓക്കേ വരാൻ പറയൂ...”

സെക്രട്ടറി അകത്തേയ്ക്ക് പോയി..

അല്പ സമയത്തിനകം മടിച്ചു മടിച്ചു ഒരാൾ വാതിലിൽ മുട്ടി അകത്തേയ്ക്ക് കടന്നു.. 

അതേ അതവൻ തന്നെ... അഭിമന്യു ... തന്നോടൊപ്പം പത്താക്ലാസ്സുവരെ ഒരുമിച്ചു പഠിച്ചവൻ... ഒരിക്കലും മറക്കാനാവാത്ത കടപ്പാടുണ്ടവനോട്...

റഷീദ് എഴുന്നേറ്റ് കൈ കൊടുത്തു.. മടിയോടെ അദ്ദേഹം കൈകൊടുത്തു... റഷീദിനെ അഭിമന്യു  തുറിച്ചു നോക്കി.. എവിടെയോ കണ്ടപോലെ..

”അഭിമന്യു.. എന്നല്ലേ പേര്.”

”അതേ... എവിടെയോ കണ്ടപോലെ.. സാറിന്റെ പേര്...”

”എടാ അഭി... ഒരിലയിൽ ഉണ്ട്.. ഒരു ബഞ്ചിലിരുന്ന് പഠിച്ച എന്നെ നീ മറന്നുവോ..”

”..... റ....ഷീദ്..”

റഷീദ് അഭിമന്യുവിനരികിലേയ്ക്ക് വന്നു.. അഭിമന്യുവിനെ ആലിംഗനം ചെയ്തു..

”എവിടായിരുന്നു നീയിതുവരെ.. പത്താംക്ലാസ് അവസാന പരീക്ഷ കഴിഞ്ഞതിനുശേഷം നിന്നെ ഇതുവരെ കണ്ടിട്ടില്ലായിരുന്നു. എല്ലായിടത്തും തിരക്കി.. നീ അച്ഛനോടൊപ്പം ഗുജറാത്തിലേയ്ക്ക് പോയെന്നാണ് അറിഞ്ഞത്...”

”അതേ.. സാർ..”

”ആദ്യം നീ നിന്റെ സാറെന്നുള്ള വിളി നിർത്ത്. നീയെന്റെ ആ പഴയ അഭിമന്യു തന്നെയാണ്. ഞാൻ നിന്റെ പഴയ കൂട്ടുകാരൻ റഷീദ്..”

”പതുക്കെ പതുക്കെ അഭിമന്യുവിന്റെ മുഖത്ത് ആ പഴയ പുഞ്ചിരി വിടർന്നു. അവർ അൽപനേരം ആ പഴയ ചങ്ങാതിമാരായി... പഴയ ഓർമ്മകൾ പങ്കുവച്ചു.”

റഷീദിന് ഇപ്പോഴുമോർമ്മയുണ്ട് അവർ തമ്മിൽ കണ്ട ആ ദിവസം... ഒന്നാംക്ലാസിൽ ആദ്യദിവസം അവൻ അവന്റെ അമ്മയുടെ കൈപിടിച്ചാണ് സ്കൂളിലേയ്ക്ക് വന്നത്... ക്ലാസിൽ കയറിയിരുന്നു. അമ്മ പോകാനൊരുങ്ങിയപ്പോൾ അവൻ നിലവിളി തുടങ്ങി... അന്ന്. താനാണ് അവനെ പിടിച്ചു നിർത്തിയത്... അന്നുമുതൽ അവർ രണ്ടാളും വലിയ സുഹൃത്തുക്കളായതാണ്. ഒരിക്കൽപ്പോലും അവർ തമ്മിൽ പിണങ്ങിയിട്ടില്ല.. അവന്റെ അച്ഛൻ ഗുജറാത്തിൽ ഓ.എൻ.ജി.സിയിലാണ് ജോലിചെയ്തിരുന്നത്. വർഷത്തിലൊരിക്കൽ അദ്ദേഹം ലീവിനു വരാറുണ്ട്... അമ്മ ഇവിടെത്തന്നെ അവർക്ക് തയ്യലും മറ്റു വീട്ടുപണികളുമാണ്.

അവൻ എന്നും ചോറുകൊണ്ടു വരാറുണ്ടായിരുന്നു. താനാണെങ്കിലോ വീട്ടിലെ പ്രാരാബ്ധങ്ങളാൽ ചോറുകൊണ്ടുവരാറില്ല.. വൈകിട്ടു ചെന്നിട്ടാണ് ഭക്ഷണം കഴിക്കുന്നത്.. താൻ ചോറുകൊണ്ടു വരുന്നില്ലെന്നു മനസ്സിലാക്കി അവൻ തനിക്ക് ചോറ്റുപാത്രത്തിലെ അടപ്പിൽ കുറച്ചെടുത്തു തരാൻ തുടങ്ങി... അത് സ്വീകരിച്ചില്ലെങ്കിൽ അവൻ പിണങ്ങുകയും ചെയ്യുമായിരുന്നു. ആ സ്നേഹബന്ധം അങ്ങനെ വളർന്നു.. സ്കൂളിൽ നിന്നും പോകുന്നവഴിക്കാണ് അവന്റെ വീട്... തങ്ങൾ രണ്ടാളും ഒരുമിച്ച് തോളിൽ കൈയ്യിട്ട് പച്ചപ്പുല്ലിൽ ചവിട്ടി കളിച്ച് അങ്ങനേ പോകുമായിരുന്നു.. ഏതേലും കാളവണ്ടി ആ വഴിക്കു വന്നാൽ അതിന്റെ പിന്നാലെയാകും നടത്തവും അതിന്റെ സ്പീഡ് അനുസരിച്ചു ഓട്ടവും .. പോകും വഴി അവന്റെ വീട്ടിൽ കയറും.. അവന്റെ അമ്മ നല്ല ഒന്നാംതരം മോരുംവെള്ളം തരും.. അതിന്റെ രുചി ഇപ്പോഴും നാവിൽ നിന്നു പോയിട്ടില്ല.. ഓരോ ക്ലാസ്സുകൾ കഴിയുന്തോറും അവർ തമ്മിലുള്ള ആത്മബന്ധം വളർന്നുകൊണ്ടിരുന്നു. ഒരിക്കലും പിരിയ്ക്കാനാകാത്ത കൂട്ടുകാർ ആരെന്തു പറഞ്ഞാലും ഒന്നിച്ചുനിന്നെതിർക്കും. ഓണത്തിന് അവന്റെ വീട്ടിൽ ഭക്ഷണം. പെരുന്നാളിന് അവൻ എന്റെ വീട്ടിലും... ആറാം ക്ലസ്സായപ്പോൾ രാവിലെ അവനെവിളിക്കാനെത്തുമ്പോൾ അവന്റെ അമ്മ തനിക്കും ഒരു പൊതിച്ചോറു തരുമായിരുന്നു. എത്ര വേണ്ടെന്നു പറഞ്ഞാലും അവർ സമ്മതിക്കില്ല.. ആ അമ്മയുടെ കൈകൊണ്ടു വച്ചു വിളമ്പിത്തന്ന ആ രുചി ഇന്നും നാവിൻതുമ്പത്തുണ്ട്... എന്തു സ്നേഹമുള്ള സ്ത്രീയാണവർ... ആ കുടുംബത്തിന്റെ സന്തോഷം ആരേയും അസൂയപ്പെടുത്തുന്നതായിരുന്നു.

വളരെ പെട്ടെന്നാണ് ആ കുടുംബത്തിന്റെ സന്തോഷം അസ്തമിച്ചത്.. തങ്ങളന്ന് ഒൻപതാം ക്ലാസ്സിൽ പഠിക്കുകയായിരുന്നു. അമ്മയ്ക്ക് എന്തോ അസുഖമാണെന്നാ പറഞ്ഞ് കേട്ടത്.. ആറു മാസത്തോളം അവരെ കാണാനായില്ല... അഭിമന്യു എന്നും വളരെ ദുഖിതനായി കാണപ്പെട്ടു... അവനോട് നിർബന്ധിച്ചു പറഞ്ഞു എനിക്ക് അവന്റെ അമ്മയെ കാണണമെന്ന്. അവൻ പറഞ്ഞതാ വേണ്ടടാ... അമ്മയ്ക്ക് തീരെ വയ്യ... കാൻസറാണെന്നാ എല്ലാവരും പറയുന്നത് മരുന്നൊക്കെ ചെയ്യുന്നുണ്ട്... പക്ഷേ...

ഒരു ദിവസം അഭിമന്യുവിന്റെ  അമ്മ റഷീദിനേയും കൂട്ടി വരാൻ പറഞ്ഞു... ആ ദിവസം ഇന്നും മനസ്സിൽ നിന്നും മാഞ്ഞുപോയിട്ടില്ല.. അമ്മേയെന്നു വിളിച്ചു അകത്തേയ്ക്ക് കടന്ന താൻ ഒരു നിമിഷം അന്തംവിട്ടു നിന്നുപോയി... വികൃതമായ അമ്മയുടെ രൂപം... ചികിത്സയുടെ ഭാഗമായി അവരുടെ രൂപം ആകെ മാറിയിരുന്നു. മുടിയൊക്കെ കൊഴിഞ്ഞ് ശരീരം ചുക്കി ചുളിഞ്ഞു വെറും ഒരു രൂപം .. തിരിച്ചറിയാൻ വയ്യാത്തപോലെ... അവൻ എന്തു ചെയ്യണമെന്നറിയാതെ പക‍ച്ചു നിന്നുപോയി. 
 
കാൻസർ ഇന്നൊരു മഹാമാരിയായി പടർന്നു പിടിച്ചിരിക്കുന്നു മനുഷ്യന്റെ ജീവിത,ഭക്ഷണ ക്രമത്തിലുണ്ടായ മാറ്റങ്ങൾ ആയിരിക്കാം ഇതിനു കാരണം വർഷങ്ങൾക്ക് മുൻപ് ലക്ഷത്തിൽ ഒരാൾക്ക് മാത്രം കണ്ടിരുന്ന അസുഖം ഇന്ന് പനി പോലെ പടർന്നു പിടിക്കുന്നു .ഒരു കുടുംബത്തിന്റെ സാമ്പത്തിക അടിവേരിളക്കാൻ ഈ ഒരു അസുഖം മാത്രം മതി .എത്രയോ കുടുംബങ്ങൾ ഇന്ന് ഇതിന്റെ പേരിൽ കടക്കെണിയിൽ ആയിരിക്കുന്നു.നമ്മുടെ നാട് ലക്ഷകണക്കിന് മയിൽ ദൂരമുള്ള ചന്ദ്രനിലേക്ക് ഉപഗ്രഹം വിക്ഷേപിക്കാനും അവിടെ മനുഷ്യനെ പോലും എത്തിക്കുവാനുള്ള പ്രാപ്തി നേടിയ ഒരു രാജ്യമായി മാറിയിരിക്കുന്നു .കേവലം വെറുമൊരു അഞ്ചോ ആറോ അടി നീളമുള്ളതും അമ്പതിലധികം കിലോ ഭാരമുള്ളതുമായ മനുഷ്യ ശരീരത്തെ കാർന്നു തിന്നുന്ന ഈ അസുഖത്തിന് ഫലപ്രദമായ മരുന്ന് കണ്ടുപിടിക്കാൻ കഴിയാത്തതാണോ ? ഇന്ത്യയിൽ ഉള്ള മൊത്തം ശാത്രജ്ഞരും മറ്റു വിദഗ്ധരും ആത്മാർത്ഥമായി ശ്രമിക്കുകയാണെങ്കിൽ ഒരു പക്ഷെ ഈ മഹാ മാരിയേ പിടിച്ച് കെട്ടാൻ കഴിഞ്ഞേക്കും ഈ അസുഖത്തിന്റെ പേരിൽ തടിച്ചു കൊഴുക്കുന്നത് ഇവിടത്തെ സ്വകാര്യ ആശുപത്രികൾ ആണ്. കാൻസർ ഇല്ലാത്ത രോഗിക്ക് കാൻസർ ഉണ്ടെന്നു പറഞ്ഞു കാൻസർ ചികിത്സ നടത്തി അവരുടെ ആരോഗ്യം നശിപ്പിച്ച നാടാണ് നമ്മുടേത്. പുതു തലമുറ എങ്കിലും ഇതിനെതിരെ ഒറ്റകെട്ടായി നിന്ന് ഈ അസുഖത്തെ നമ്മുടെ നാട്ടിൽ നിന്നും ഇല്ലാതാക്കാൻ ഞാൻ അടക്കമുള്ളവർ ശ്രമിക്കണം. ഇനിയും വൈകരുത് ഒരു പക്ഷെ വൈകിയാൽ നഷ്ടപ്പെടുന്നത് നമ്മുടെ ഉറ്റവരെയും ഉടയവരെയും ആയിരിക്കാം. മനുഷ്യന് എപ്പോഴെങ്കിലും എല്ലാം നേടി എന്ന് അഹങ്കാരം തോന്നുന്നു വെങ്കിൽ ഒരു ദിവസം തിരുവന്തപുരം റീജണൽ കാൻസർ  സെന്റർ വരാന്തയിലൂടെ നടന്നു കഴിഞ്ഞാൽ മാറി കൊള്ളും.ഇത്രേ ഒള്ളൂ നമ്മൾ ഇത്ര മാത്രം...

രോഗം വന്നു ചികിൽസിക്കുന്നതിനെക്കാൾ നല്ലത് ഈ അസുഖം വരാതെ നോക്കുക എന്നതാണ് ഉണർന്നിരിക്കാം ഈ അസുഖത്തോനൊരു പ്രതിവിധി ഉണ്ടാകുന്നതും കാത്ത്. അവഗണിക്കരുതേ ശരീരത്തിലുണ്ടാവുന്ന മാറ്റങ്ങളെ മാറ്റി നിർത്തരുത് കാൻസർ രോഗികളെ... പ്രാർത്ഥിക്കുന്നു എല്ലാവരുടെയും ആരോഗ്യത്തിനായി..

”മോനേ എന്ന വിളി അവനെ ചിന്തകളിൽ നിന്ന് ഉണർത്തി ...” അവരുടെ ശബ്ദത്തിനു മാത്രം ഒരൽപം തളർച്ച... അതേ സ്നേഹം അല്ലെങ്കിൽ കുറച്ചുകൂടി ആ ശബ്ദത്തിനുണ്ട്..

റഷീദ് ഓടിയെത്തി ആ അമ്മയുടെ കൈപിടിച്ച് ഉമ്മവച്ചു... അവനെ അവർ ചേർത്തുനിർത്തി. അഭിമന്യു ഇതെല്ലാം കണ്ട് കണ്ണുനിർ വാർക്കുകയാിയരുന്നു.

”എടാ...മോനെ  .. എനിക്കെന്തും സംഭവിച്ചോട്ടെ... നിങ്ങളുടെ സുഹൃത്ത് ബന്ധം ഒരിക്കലും ഇല്ലാതാവരുത്.. എനിക്ക് നീ വാക്കുതരണം.. എന്നും അഭിയോടൊപ്പം ഉണ്ടാവുമെന്ന്.. അവന് ഞാനില്ലാതായാലും നീയൊരു തുണയാകണമെന്ന്.

ആ അമ്മയ്ക്ക് അവനന്നൊരു വാക്കു കൊടുത്തു.. ആ വാക്ക് തെറ്റിച്ചിട്ടില്ല.. പക്ഷേ വിധിഅഭിയെയും റഷീദിനേയും അനേകവർഷം കാലത്തിന്റെ മറവിലാക്കിക്കളഞ്ഞു.

അന്ന് ഒൻപതാം ക്ലാസ്സിലെ അവസാന പരീക്ഷയായിരുന്നു. ക്ലാസിൽ പരീക്ഷ തീരുന്നതിനു മുന്നേ അഭിമന്യുവിനെ സാറ് വന്നു വിളിച്ചുകൊണ്ട് പോയി... പോകുമ്പോഴും റഷീദിനോട് മൗനാനുവാദം വാങ്ങിയാണവൻ പോയത്... താൻ അന്ന് പരീക്ഷയും കഴിഞ്ഞ് പോകുന്നവഴിക്കാണ് ആ ദുഃഖവാർത്ത അറിഞ്ഞത് അഭിമന്യുവിന്റെ അമ്മ എന്നന്നേക്കുമായി ഈ ലോകത്തുനിന്നും വിടവാങ്ങിയെന്ന്... അവൻ ഓടി അഭിമന്യുവിന്റെ വീട്ടിലെത്തി.. അവനെ കെട്ടിപ്പിടിച്ചു കരഞ്ഞു... സ്വന്തം അമ്മ മരിച്ചതിനേക്കാളും ദുഖം റഷീദിനുണ്ടായി... 

നിമിഷങ്ങൾ വർഷങ്ങൾ പോലെയാണ് അന്ന് റഷീദിനു  തോന്നിയത്... പുരയിടത്തിന്റെ ഒഴിഞ്ഞ കോണിലൊരുക്കിയ ചിതയിൽ ആ അമ്മ കത്തിയമർന്നു.. ആ പുഞ്ചിരി പുകയായി മുകളിലേയ്ക്ക് പോകുന്നതുപോലെ അവന് തോന്നി... അമ്മയുടെ ചിതയ്ക്ക് തീകത്തിച്ചിട്ട് വന്ന് അച്ഛനെ കെട്ടിപ്പിടിച്ച് കരയുന്ന ആ ഹൃദയഭേദകമായ കാഴ്ച എത്രയോ ദിവസം തന്നെ ഉറക്കത്തിൽ നിന്നും ഞെട്ടിയെഴുന്നിൽപ്പിച്ചു. 

വെക്കേഷൻ കഴിഞ്ഞ് സ്കൂളിലേയ്ക്കുള്ള യാത്ര വളരെ വേദനാജനകമായിരുന്നു. അഭിമന്യു വളരെ ദുഃഖിതനായി കാണപ്പെട്ടു.. അച്ഛന്റെ ലീവു കഴിഞ്ഞപ്പോൾ അദ്ദേഹത്തിനു തിരിച്ചുപോകേണ്ടിവന്നു. പത്താംക്ലാസ് കഴിഞ്ഞ് ഒരുപക്ഷേ ഗുജറാത്തിലേയ്ക്ക് പറിച്ചു നടപ്പെടാൻ സാധ്യതയുണ്ടെന്ന് അന്നേ അഭിമന്യു പറഞ്ഞിരുന്നു. പക്ഷേ എല്ലാം വളരെ പെട്ടെന്നു കഴിഞ്ഞപോലെ അന്നു തോന്നി.. പത്താംക്ലാസ് പരീക്ഷ കഴിഞ്ഞ ദിവസംതന്നെ അവന്റെ അച്ഛൻ എത്തുകയും ആരോടും യാത്രപറയാൻ പോലും അവസരം നൽകാതെ അവനേയും കൊണ്ട് ഗുജറാത്തിലേയ്ക്ക് പോയെന്നുമാണ് പറഞ്ഞുകേട്ടത്.. ആ വീട് ബന്ധുക്കളാരോ താമസിക്കുവാൻ തുടങ്ങി.. പിന്നീടൊരിക്കലും അവനെ കണ്ടിട്ടില്ല.. ഇപ്പോഴിതാ.. തന്റെ മുന്നിൽ.. അവരുടെ കണ്ണിൽ നിന്നും ആനന്ദത്തിന്റെ കണ്ണുനീർ ഇറ്റുവീണു...
 
 
 
 തുടർന്നു വായിക്കുക അടുത്ത ഞായറാഴ്ച്ച  26 01 2020 
 
ഷംസുദ്ധീൻ തോപ്പിൽ  19 01 2020

11.1.20

നിഴൽവീണവഴികൾ - ഭാഗം - 56

 
സ്കൂളിലെ ഹോംവർക്കുകളെല്ലാം ചെയ്തുകഴിഞ്ഞപ്പോൾ രാത്രി 11 മണിയായി.. അവൻ വാതിൽ കുറ്റിയിട്ടെന്നു വരുത്തി... ഇല്ലെങ്കിൽ നാദിറ അമ്മായി ചിലപ്പോൾ രാത്രിയിൽ തന്റെ മുറിയിലേയ്ക്ക് കയറിവന്നു കളയും ഡിസംബർ മാസത്തിലെ നല്ല തണുപ്പുള്ള രാത്രിയായിരുന്നു അന്ന്... പുതപ്പെടുത്ത് ശരീരത്തിലേയ്ക്ക് മൂടി.. അവൻ ഉറക്കത്തിലേയ്ക്ക് വഴുതി വീണു... അപ്പോഴും നാദിറയുടെ മുറിയിൽ നിന്ന് മാപ്പിളപ്പാട്ടിന്റെ ശീലുകൾ ഒഴുകിയെത്തിക്കൊണ്ടിരുന്നു.

അതി രാവിലെ തന്നെ തന്റെ റൂമിന്റെ വാതിലിൽ മുട്ടുകേട്ടാണ് ഫസൽ ഉണർന്നത്. വാതിൽ തുറന്നപ്പോൾ നാദിറമാമി... അൽപ്പം ദേഷ്യത്തോടെ അവരോട് അവൻ കയർത്തു.

“എന്താ മാമീ.. രാവിലെ വിളിച്ചുണർത്തിയത്.“

“ഇതെന്താ രാവിലേയോ.. മണി ഏഴായി... പിന്നേ നിന്നെത്തിരക്കി ഒരാൾ താഴെ വന്നുനിൽക്കുന്നുണ്ട് ...“

അവന്റെ ഉള്ളൊന്നു കാളി.. ആരാണ് തന്നെക്കാണാൻ‌ വരിക... ഇതുവരെ അങ്ങനാരും തന്നെക്കാണാൻ വീട് തേടി വന്നിട്ടില്ല .

അവൻ വേഷം മാറാതെ നേരേ താഴേയ്ക്ക് നടന്നു. താഴത്തെ കസേരയിൽ ഇരിയ്ക്കുന്ന ആളെ ശരിയ്ക്കും അവന് മനസ്സിലായി.. സ്റ്റീഫൻ അങ്കിൾ ഹോസ്പിറ്റലിലെ സെക്യൂരിറ്റി ഓഫീസർ.

അവൻ ജിജിജ്ഞാസയോടെ ഓടി അടുത്തെത്തി... 

“എന്താ അങ്കിൾ.. വീടെങ്ങനെ കണ്ടുപിടിച്ചു.“

“വീടുകണ്ടുപിടിക്കാനാണോ പ്രയാസം..  ഹോസ്പിറ്റലിൽ നിങ്ങളുടെ അഡ്രസ്സ് ഉണ്ടായിരുന്നല്ലോ... ആ അഡ്രസ്സിൽ തിരക്കിയപ്പോൾ നിങ്ങളുടെ പുതിയ വീടിന്റെ അഡ്രസ്സ് ലഭിച്ചു.“

“മോനേ.. ഫസലേ സ്റ്റീഫൻ ഒരു സഹായംചോദിച്ചു വന്നതാണ്.“ ഹമീദ് അവനോട് പറഞ്ഞു.

“എന്താ എന്തുപറ്റി സ്റ്റീഫൻ അങ്കിൾ...“

“അതേ... മോള് ഹമീദ്ക്കയുടെ മകനോടൊപ്പം ഒരേ ഫ്‌ളൈറ്റിൽ ആണല്ലോ   പോയത്.. അവർ പരസ്പരം പരിചയപ്പെട്ടെന്നു പറഞ്ഞു.. അവൾ പോയ അന്നു വിളിച്ചു സുഖമായി എത്തിയെതന്നു പറഞ്ഞു. അടുത്ത ദിവസം ജോലിക്ക് പോയി തുടങ്ങുമെന്നും പറഞ്ഞു അത് കഴിഞ്ഞു ഇന്നേക്ക്  നാലു ദിവസമായി യാതൊരറിവുമില്ല.. “

“മോനേ... നീ ആ ഫോണിൽനിന്നും റഷീദിനെയൊന്നു വിളിച്ചേ... അവനോട് കാര്യം പറ... എന്തു ബുദ്ധിമുട്ടായാലും പോയി അന്വോഷിക്കണമെന്നും പറയണം... നീ അത് പറഞ്ഞിട്ട് ആ ഫോൺ എനിക്കൊന്നു തരണം.“

“അവൻ റഷീദിന്റെ നമ്പർ ഫോൺ ബുക്കിൽ നിന്നുമെടുത്ത് ഡയൽ ചെയ്തു... അപ്പുറത്തുനിന്നും അറബിയിലുള്ള ശബ്ദം കേട്ടു... “ഇൻ അൽ ഹാത്തിഫുൽ മുതഹരിക്ക് അല്ലദീ ത്വലക്ത്വഹു മുഗ്ലക് , അവൗ ഗാരിജിന് ത്വാക്ക ഗിധ് മഹാല്ലിയൻ.. യുർജൽ ഇത്തസൽ ഫീമാ ബഅദ് ...“ നിങ്ങൾ വിളിക്കുന്ന നമ്പർ ഇപ്പോൾ ബിസിയാണെന്നാണ് അതിന്റെ അർത്ഥം...“

“ഉപ്പാ... ലൈൻ ബിസിയാണ്... ഒരു മിനിട്ട് കഴിഞ്ഞ് വിളിക്കാം.“

“അതിനിടയിൽ ചെറിയ കുശലാന്വോഷണങ്ങൾ..“

സ്റ്റീഫൻ അങ്കിൾ നടന്നകാര്യങ്ങൾ ഒരിക്കലും പറയില്ലെന്നറിയാം. എന്നാലും അറിയാതെങ്ങാനും പറഞ്ഞാലോ എന്ന ആശങ്ക അവനിലുണ്ടായിരുന്നു. നിർണ്ണായകമായ പല ഘട്ടങ്ങളിലും സ്റ്റീഫൻ അവനെ സഹായിട്ടിട്ടുണ്ട്. ആരും ചെയ്യാൻ മടിക്കുന്ന കാര്യങ്ങൾ പോലും അദ്ദേഹം തനിക്കായി ചെയ്തുതന്നിട്ടുണ്ട്. ഒരു മകനെപ്പോലെ സ്നേഹിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ മകൾക്ക്  എന്തേലും പ്രശ്നമുണ്ടായാൽ അത് തന്റെയും പ്രശ്നമാണ്... എന്തു സഹായം വേണമെങ്കിലും ചെയ്തുകൊടുക്കണം.“

“ഇന്ന് ഡ്യൂട്ടിക്കു പോയില്ലേ അങ്കിൾ..“

“എങ്ങനെ മനസ്സമാധാനമായി ഡ്യൂട്ടിക്ക് പോകും... അവിടുത്തെ വിവരമില്ലാത്തതിനാൽ വളരെ ടെൻഷനിലായിരുന്നു.“

“അതൊന്നും പേടിക്കേണ്ടന്നേ..“

അപ്പോഴേയ്ക്കും നാദിറ ചായയുമായി എത്തി... അദ്ദേഹം ചായവാങ്ങി കുടിക്കാനാരംഭിച്ചു.

“ഉപ്പാക്ക്  ചായ എടുക്കട്ടേ...“

“ഇപ്പോ വേണ്ടമോളേ..“

അൽപസമയത്തിനകം ഫസൽ വീണ്ടും ട്രൈ ചെയ്തു.. അപ്പുറത്തുനിന്നും റഷീദിന്റെ ശബ്ദം..

“ഹലോ...“

“മാമാ... ഇത് ഞാനാ‍.. ഫസൽ..“

“എന്താ മോനേ..“

“പിന്നേ.. സ്റ്റീഫൻ അങ്കിളിന്റെ മകൾ ജൂലിയെ പിന്നെ കണ്ടിരുന്നോ ... അങ്കിളിവിടെയുണ്ട്.. മാമായോട് അന്വേഷിക്കാനായി വന്നതാ... നാലു ദിവസമായി ഒരറിവുമില്ല.. വിളിച്ചിട്ട് കിട്ടുന്നുമില്ല..“

“നീ സ്റ്റീഫനങ്കിളിന്റെ കൈയ്യിലൊന്നു ഫോൺ കൊടുത്തേ..“

അവൻ സ്റ്റീഫന്റെ കൈയ്യിൽ ഫോൺ കൊടുത്തു.

കാര്യങ്ങളെല്ലാം വിശദമായി ചോദിച്ചു മനസ്സിലാക്കി... കൊണ്ടുവന്ന ഏ‍ജൻസിയുടെ അഡ്രസ്സും.. മറ്റു കോൺട്രാക്ട് ഡീറ്റയിൽസും എഴുതിയെടുത്തു...

“സ്റ്റീഫൻ ചേട്ടൻ  ഒന്നുകൊണ്ടും പേടിക്കേണ്ട... ഇത് നമ്മുടെ സ്ഥലമാ.. അവൾ ജോലിക്ക് പോയ ഹോസ്പിറ്റൽ എനിക്കറിയാവുന്നതാണ്.. അതുകൊണ്ട് ഞാൻ ഇന്നുതന്നെ അന്വേഷിച്ച് അറിയിക്കാം... ധൈര്യമായി പൊയ്ക്കോള്ളൂ..“

സ്റ്റീഫന് ആസ്വാസമായി.. ഫോൺ ഹമീദിന്റെ കൈകളിലേയ്ക്ക് കൊടുത്തു.

“മോനേ... സ്റ്റീഫന് വേണ്ട സഹായമൊക്കെ ചെയ്യണേ.. കഴിവതും ഇന്നുതന്നെ അന്വേഷിച്ചു കാര്യങ്ങൾ അറിയിക്കണേ...“

“ശരി വാപ്പാ..“

റഷീദ് ഫോൺ കട്ട് ചെയ്തു..

സ്റ്റീഫൻ മനസ്സമാധാനത്തോടെ യാത്രചോദിച്ചു. പോകാൻനേരം അദ്ദേഹത്തന്റെ വീട്ടിലെ ഫോൺനമ്പറും ഹോസ്പിറ്റലിലെ ഫോൺനമ്പരും ഏൽപ്പിച്ചു.. എന്തേലും അറിവ് ലഭിച്ചാലുടൻ അറിയിക്കാമെന്ന് ഹമീദ് വാക്കുകൊടുത്തു...

സ്റ്റീഫൻ പോയതിനു ശേഷം ഹമീദ് ഫസലിനോട് പറഞ്ഞു..

“എടാ നിനക്ക് ഒരുപാട് സുഹൃത്തുക്കളുണ്ടല്ലോടാ... എല്ലാവരും നിന്നേക്കാൾ മുതിർന്നവരുമാണല്ലോ..“

“അതേ ഉപ്പാ... എല്ലാവർക്കും എന്നെ വലിയ കാര്യാ...“

അങ്ങ് സൗദി അറേബ്യയിൽ റഷീദിന്റെ മനസ്സിലെ ചിന്ത വേറേയായിരുന്നു... ഉടൻ തന്നെ അവൾ ജോലി ചെയ്യുന്നു എന്ന് പറഞ്ഞ പ്രിൻസ് സൽമാൻ ഹോസ്പിറ്റലിലേക്ക് പുറപ്പെട്ടു .

ഹോസ്പിറ്റലിന്റെ റിസപ്ഷനിൽ എത്തി.. ജൂലിയെന്ന പുതിയ സ്റ്റാഫിനെക്കുറിച്ച് അന്വേഷിച്ചു.. അവർക്കാർക്കും അവളെക്കുറിച്ച് വിവരമില്ല.. അദ്ദേഹം പി.ആർ.ഒ.യെക്കാണാൻ അകത്തേയ്ക്ക് കയറി. പി.ആർ.ഒ. ഒരു ഈജിപ്ഷ്യനായിരുന്നു.

അദ്ദേഹത്തോട് കാര്യങ്ങൾ വിശദമായി സംസാരിച്ചു.

“മിസ്റ്റർ റഷീദ്... ‍ഞങ്ങളുടെ ഹോസ്പിറ്റലിൽ ഇപ്പോൾ ഏജൻസിവഴിയാണ് റിക്രൂട്ട്മെന്റ് നടത്തിയത്. നേരിട്ട് നടത്താനുള്ള ബുദ്ധിമുട്ട് കരുതിയാണ് അങ്ങനെ ചെയ്യേണ്ടിവന്നത്... 14 വേക്കൻസികളുണ്ടായിരുന്നു. തിരുവനന്തപുരത്തെ ഒരു ഏജൻസിയാണ് എല്ലാകാര്യങ്ങളും ചെയ്തത്.. അവർ ഇവിടെ സ്റ്റാഫുകളെ എത്തിച്ചു.. പക്ഷേ ജോയിൻ ചെയ്തിട്ടില്ല.. കാരണം ഞങ്ങൾ പറഞ്ഞപ്രകാരമുള്ള പരിചയം അവർക്കാർക്കുമില്ലായിരുന്നു.“

“ഇപ്പോഴവർ എവിടുണ്ട്...“

“അവർ ഏജൻസിയുടെ പ്രൊട്ടക്ഷനിലാണ്... ഒന്നുകിൽ അവരെ തിരിച്ചയക്കേണ്ടിവരും..“

“ന്റ പടച്ചോനേ... അവരിൽ പലരും ഉള്ള കിടപ്പാടം കിട്ടിയ വിലയ്ക്ക് കൊടുത്ത കാശുകൊടുത്ത് വന്നവരാ... അവരൊക്കെ ഒരു ഗതിയും പരഗതിയും ഇല്ലാത്തവരും ഏക പ്രതീക്ഷ ഈ മക്കളിൽ ആയിരിക്കും ..“

“എന്തു ചെയ്യാം.. നിയമമനുസരിച്ചല്ലേ നമുക്കിവിടെ എന്തേലും ചെയ്യാനാകൂ..“

“അവരെ ബന്ധപ്പെടാൻ എന്താണൊരു മാർഗ്ഗം...“

“ഞാൻ അഡ്രസ്സ് തരാം.. നിങ്ങൾക്ക് അവരുമായി ബന്ധപ്പെടാം..“

“അദ്ദേഹം അവരുടെ വിവരങ്ങൾ ശേഖരിച്ച് പറഞ്ഞ സ്ഥലത്തേയ്ക്ക് ധൃതിയിൽ പുറപ്പെട്ടു ... ഏകദേശം നൂറു കിലോമീറ്റർ യാത്രചെയ്യേണ്ടതുണ്ട്.. മരുഭൂമിയിലൂടെയുള്ള യാത്ര.. കാലാവസ്ഥയാണെങ്കിൽ നല്ല ചൂടും...“

വാഹനം അതിവേഗം പാഞ്ഞു... എന്താണ് ഇതിനൊരു പോംവഴി.. വിസാതട്ടിപ്പുകാരാരെങ്കിലുമായിരിക്കുമോ... അങ്ങനെയാണെങ്കിൽ തന്റെ സ്പോൺസറെ ഇടപെടുത്തേണ്ടിവരും... പലതും ചിന്തിച്ച് അദ്ദേഹം അവർ പറഞ്ഞ സ്ഥലത്തെത്തി.. ഒരു ഒഴിഞ്ഞ പ്രദേശം.. അവിടെ പഴയ ഒര ബിൽഡിംഗ് ... റിക്രൂട്ടിംഗ് ഏജ്‍സി എന്ന ബോർഡും പുറത്തു കാണാം... റിസപ്ഷനിൽ ഒരു അറബിക് ലേഡി ഇരിക്കുന്നു.. അവരോട് ബോസിനെ കാണണമെന്നു പറഞ്ഞു... അവർ തൊട്ടടുത്ത റൂമിലേയ്ക്ക് വിരൽ ചൂണ്ടി.

റഷീദ് അവിടേയ്ക്കു നടന്നു.. ഡോറിൽ മെല്ലെ തട്ടി... അകത്തേയ്ക്ക് കയറിക്കൊള്ളാൻ അനുവാദം നൽകി..

കാഴ്ചയിൽ മലയാളിയാണെന്നു തോന്നുന്നു.. കണ്ടപാടേ എഴുന്നേറ്റ് ഷേക്ക്ഹാന്റ് നൽകി

“ഞാൻ റഷീദ്... ഇവിടെ... ബേക്കേഴ്സ് ആന്റ് സ്വീറ്റ്സ് എന്ന സ്ഥാപനം നടത്തുന്നു .“

 മലയാളിയാണല്ലേ... നാട്ടിലെവിടെയാ...

“മലപ്പുറം പാറക്കടവിലാ .“

സംഭാഷണത്തിൽ നല്ലൊരു മനുഷ്യനാണെന്നു റഷീദിന് മനസ്സിലായി.. കണ്ണൂർക്കാരനാണ്. കാഴ്ചയിൽ 55 വയസ്സ് പ്രായം വരും.. വളരെ പക്വമായിട്ടാണ് സംഭാഷണം..

റഷീദ് വന്നകാര്യം പറഞ്ഞു...

“ഇതിവിടെ നിത്യസംഭവമാണ്.. ആ ഹോസ്പിറ്റലിലെ‍ പി.ആർ.ഒ. ഈജിപ്ഷ്യനാണ്... അയാൾ പുതിയ ആളാ.. അവർക്ക് ബി.എസ്.സി. നഴ്സിംഗ് ഉള്ള സ്റ്റാഫുകളയാണ് വേണ്ടത്.. മിനിമം രണ്ടുവർഷം എക്പീരിയൻസ്... അതിവർക്കുണ്ട്... ചെറിയൊരു തർക്കം നിലനിൽക്കുന്നതിനാൽ അവരെ ഞങ്ങൾ ജോയിൻ ചെയ്യിച്ചില്ല.. ഹോസ്പിറ്റലിന്റെ മുതലാളി ഇന്ന് വരുമെന്നാ പറഞ്ഞത് അദ്ദേഹം വന്നാലേ കാര്യം നടക്കുള്ളൂ... ഇക്കാര്യങ്ങളെല്ലാം കുട്ടികളോടൊക്കെ പറഞ്ഞതാ..“

“ജൂലിയെന്നകുട്ടി എന്റെ ഒരു ക്ലോസ് ഫ്രണ്ടിന്റെ മകളാണ്... അതാണ് തിരക്കി ഞാൻ വന്നത്...“

“ഒന്നും പേടിക്കാനില്ലെന്നേ... നാളയോ മറ്റന്നാളോ അവർ എല്ലാവരും ജോയിൻ ചെയ്യും. നിങ്ങൾക്ക്  കുട്ടിയെക്കാണാം.. ഞാൻ വിളിക്കാം..“

സെക്രട്ടിയോട് പറഞ്ഞ് ജൂലിയെ വിളിപ്പിച്ചു.

ജൂലി ഓഫീസിലെത്തി... റഷീദിനെക്കണ്ടപ്പോൾ അവൾക്ക് വലിയൊരാശ്വാസമായി... 

“എന്താ അങ്കിൾ..“

“മോളേ.. സ്റ്റീഫൻ ചേട്ടൻ  നാട്ടിൽ വീട്ടിൽ വന്നിരുന്നു.. അവർ ആകെ വിഷമിച്ചിരിക്കുന്നു. ഇവിടുത്തെ വിവരങ്ങളൊന്നുമറിയുന്നില്ലെന്നു പറഞ്ഞു..“

“ശരിയാ അങ്കിൾ ജോലിയിൽ ഇതുവരെ കയറാനായില്ല... അതാ വിളിക്കാഞ്ഞേ...“

“അതു കാര്യമാക്കേണ്ട... രണ്ടുദിസത്തിനകം നിങ്ങൾക്കെല്ലാം ജോലിയിൽ പ്രവേശിക്കാം.“

റഷീദ് ഫോണെടുത്ത് അവളുടെ കൈയ്യിൽ കൊടുത്തു... നാട്ടിലെ നമ്പർ ഡയൽചെയ്ത് അവൾ വിളിച്ചു..

“അപ്പുറത്ത് അവളുടെ മമ്മിയാണ് ഫോണെടുത്തത്... അവളുടെ ശബ്ദം കേട്ടപ്പോൾ അവർക്ക് ആശ്വാസമായി...“

“മമ്മീ... ഇവിടെ ഞാൻ ജോലിയിൽ കയറിയിട്ടില്ല... അതാ വിളിക്കാഞ്ഞത്.. പിന്നെ. റഷീദ്ക്ക ഇവിടെ എന്നെത്തിരക്കി വന്നു.. ഇക്കേടെ ഫോണീന്നാ വിളിക്കുന്നത് .. പപ്പയില്ലേ അവിടെ...“

“ഇല്ല മോളേ... വരുമ്പോൾ ഞാൻ കാര്യങ്ങൾ പറയാം... അവളിൽ നിന്നും റഷീദ് ഫോൺ വാങ്ങി... അവരോട് വിശദമായി സംസാരിച്ചു. അവർക്ക് അത് വലിയൊരാശ്വാസമായിരുന്നു.

പലപ്പോഴും ജോലിയന്വേഷിച്ചു പോകുന്നവരുടെ അവസ്ഥ പത്രത്തിലും മറ്റും വായിക്കാറുള്ളതാണല്ലോ... വിസയ്ക്ക് ലക്ഷങ്ങൾവാങ്ങി കബിളിപ്പിക്കപ്പെട്ട്നി രവധി യുവതികളും യുവാക്കളുമുള്ള സമൂഹമാണ് നമ്മുടേത്. ജീവിത പ്രാരാബ്ദങ്ങളിൽ നിന്നും രക്ഷപ്പെടുന്നതിനായി ഒരു നല്ല ജോലി എന്ന സ്വപ്നവുമായി എത്തപ്പെടുന്നത് ചിലപ്പോൾ അതികഠിനമായി ജോലിചെയ്യേണ്ട സ്ഥലങ്ങളിലായിരിക്കും. എത്രയോ സ്ത്രീകൾ വേശ്യാലയങ്ങളിൽ എത്തപ്പെട്ടിട്ടുണ്ട്. വർഷങ്ങളായി നാട്ടിൽപോലും പോകാനാവാതെ കഴിയുന്ന എത്രയോ സ്ത്രീകളും പുരുഷന്മാരും ഇന്ന് ഗൾഫ് രാജ്യങ്ങളിലുണ്ട്. ചിലർ അവരുടെ സ്വപ്നങ്ങളുടെ ചിറകൊടിഞ്ഞെന്നു മനസ്സിലാക്കി ജീവിതം അവസാനിപ്പിക്കുന്നു. ചിലർ ഒഴുക്കിനനുസരിച്ച് ജീവിക്കുന്നു. ചിലർ ഭാഗ്യം കൊണ്ട് രക്ഷപ്പെടുന്നു. ഇത് വർഷങ്ങളായി തുടരുന്നു. ഇതിൽ ഭരണാധികാരികളുടെ ശ്രദ്ധയും ആവശ്യമാണ്. കുടുംബം നോക്കാനായി കടംവാങ്ങിയും പുരയിടം പണയംവച്ചും ലക്ഷങ്ങൾ വിസയ്ക്ക് കൊടുത്ത് എത്തപ്പെടുന്നവർ കബളിപ്പിക്കപ്പെട്ടെന്നറിയുന്ന നിമിഷം അവർക്കതൊന്നും താങ്ങാനാവില്ല. കഷ്ടപ്പെട്ട് അധ്വാനിച്ച് നാട്ടിൽ ബന്ധുക്കളുടെ സന്തോഷം കണ്ട് സായൂജ്യമടയുന്ന എത്രയോ പ്രവാസികളെ നമുക്കറിയാം. നാലും അഞ്ചുംപേര് താമസിക്കുന്ന റൂമിൽ രണ്ടും മൂന്നും നില കട്ടിലിൽ അന്തിയുറങ്ങുന്നവർ.. എസി ഇല്ലാത്തവർ നനഞ്ഞ ചാക്കുവിരിച്ച് അതിന്റെ മുകളിൽ കിടന്നുറങ്ങുന്നവർ അവരുടെ കഷ്ടപ്പാടുകൾ നാട്ടിലുള്ളവർക്ക് അറിയില്ലല്ലോ... അങ്ങനെ അധ്വാനിച്ചുണ്ടാക്കുന്ന പണം അതിന്റെ മൂല്യം വളരെ വലുതാണ്... അതു മനസ്സിലാക്കുന്ന എത്ര ഭാര്യമാർ നമ്മുടെ നാട്ടിലുണ്ട്. എത്ര മക്കൾ നമ്മുടെ നാട്ടിലുണ്ട്. എത്ര രക്ഷകർത്താക്കൾ നമ്മുടെ നാട്ടിലുണ്ട്.. വിരലിലെണ്ണാവുന്നവർ മാത്രമായിരിക്കും.

ഒരു നഴ്സ് എന്നു പറയുന്നത് വെറുമൊരു ജോലിയായി മാത്രം കാണാൻ കഴിയുന്ന പദവിയല്ല.. ഒരുപാട് ത്യാഗം വേണ്ടിവരുന്ന ജോലി.. രാത്രിയെന്നോ പകലെന്നോ ഇല്ലാതെ പുഞ്ചിരിക്കുന്ന മുഖവുമായി രോഗികളെ പരിചരിക്കേണ്ടവൾ. രോഗിയുടെ വിസർജ്ജ്യങ്ങൾ ഒരുമടിയുമില്ലാതെ തുടച്ചു വൃത്തിയാക്കുന്നവൾ. എത്ര അത്യാസന്നരായ രോഗികളേയും മനോധൈര്യത്തോടെ പരിചരിക്കുന്നവൾ.. വെറുതെല്ല അവരെ ഭൂമിയിലെ മാലാഖമാർ എന്നു പറയുന്നത്. സ്വന്തം ജീവൻ പോലും പണയപ്പെടുത്തി മറ്റുള്ളവരുടെ ജീവൻ കാക്കാൻ വിധിക്കപ്പെട്ടവരാണ് ഈ മാലാഖമാർ നിപ്പായെന്ന മഹാവ്യാധി ഒരു പ്രദേശം മുഴുവൻ വ്യാപിച്ചു ജനങ്ങളെ ഭയത്തിന്റെ മുൾ മുനയിൽ നിറുത്തിയപ്പോൾ സ്വ ജീവൻ ത്യജിച്ചു കൊണ്ട് മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാൻ മുന്നിട്ടിറങ്ങി നമ്മെ വിട്ടു പോയ ലിനിയെന്ന മാലാഖയെ ഈ നിമിഷം പ്രാർത്ഥനയോടെ ഓർത്തു പോകുന്നു .അമ്മയുടെ ചേതനയറ്റ ശരീരം ഒരു നോക്ക് കാണാൻ പോലും കഴിയാതിരുന്ന അവരുടെ കുഞ്ഞുങ്ങൾ വളർന്നു വലുതാകുമ്പോൾ അമ്മയെ ഓർത്ത് അവർ അഭിമാനം കൊള്ളട്ടെ ..... റഷീദിന് ചെറിയൊരു പേടിയുണ്ടായെങ്കിലും അവിടെവന്ന് കാര്യങ്ങൾ കേട്ടപ്പോൾ വേറേ പ്രശ്നങ്ങളൊന്നുമില്ലെന്നു ബോധ്യമായി.

“ജൂലി മോൾക്ക് ഇവിടെ എന്തേലും ബുദ്ധിമുട്ടുകൾ..“

“ഇല്ല അങ്കിൽ... ഇവിടെ എല്ലാ സൗകര്യങ്ങളുമുണ്ട്. വേറേ ബുദ്ധിമുട്ടുകളൊന്നുമില്ല.“

“ആ ഹോസ്പിറ്റൽമാനേജ്മെന്റിലെ ഒരു മിസ്റ്റർ സെബാസ്റ്റ്യനെ എനിക്കറിയാം.“

“അങ്ങനെയെങ്കിൽ ഇക്ക അദ്ദേഹവുമായൊന്നു സംസാരിക്കണേ... ഇത് ആ ഈജിപ്ഷ്യന്റെ ഈഗോയാണ് എന്നാണ് പറയുന്നത്‌ ...“

“ശരി... എല്ലാം നേരേയാവട്ടെ...“

അവിടുത്തെ ടെലിഫോൺ നമ്പർ വാങ്ങി റഷീദ് അവരോട് യാത്രപറഞ്ഞിറങ്ങി.. അദ്ദേഹത്തിന്റെ മനസ്സിൽ നേരത്തേയുണ്ടായ ടെൻഷൻ മാറിക്കിട്ടിയിരുന്നു. ഉടൻതന്നെ വീട്ടിലേയ്ക്ക് വിളിച്ച് കാര്യങ്ങൾ പറഞ്ഞു. ഫസൽ സ്കൂളിൽ പോയിരുന്നതിനാൽ വാപ്പയോട് കാര്യങ്ങൾ വിശദമാക്കി.. സ്റ്റീഫന്റെ വീട്ടിൽ വിളിച്ച് കാര്യം പറഞ്ഞകാര്യവും അറിയിച്ചു.

റഷീദ്  നേരേ പോയത് ഹോസ്പിറ്റലിലേയ്ക്കാണ്.. അവിടെയെത്തി സെബാസ്റ്റ്യനെ കണ്ട് കാര്യങ്ങൾ ബോധ്യപ്പെടുത്തി..

സെബാസ്റ്റ്യൻ ഉടൻതന്നെ ഈജിപ്ഷ്യൻ പി.ആർ.ഒ.യെ വിളിപ്പിച്ചു.. കാര്യങ്ങൾ തിരക്കി.. അയാൾ പല ന്യായങ്ങളും നിരത്തി.. 

“എനിക്കതൊന്നും കേൾക്കേണ്ട.. ഇവിടെ സ്റ്റാഫുകളുടെ കുറവുണ്ട്. അതുകൊണ്ട് എത്രയും വേഗം അവരെ ജോയിൻ ചെയ്യിക്കണം.“

പി.ആർ.ഓ. തലകുലുക്കി..

“റഷീദിന് ധൈര്യമായി പോകാം... എല്ലാം ശരിയാക്കാമെന്നേ... പിന്നെ.. ഞാനും കുടുംബവും ബേക്കറിയിലേക്ക് വരുന്നുണ്ട്.. അടുത്താഴ്ച മോൾടെ ബർത്ത്ഡേയാ അവൾ എന്തൊക്കെയോ ലിസ്റ്റ് തയ്യാറാക്കി വച്ചിരിക്കുന്നെന്നു പറഞ്ഞു..“

“എപ്പോ വേണേലും പോന്നോളൂ... പുതിയ ഫ്ളേവേഴ്സ് വന്നിട്ടുണ്ട്.“

അവർ ഹസ്തദാനം ചെയ്ത് യാത്രപറഞ്ഞു..

റഷീദിന് ആശ്വാസമായി.. നല്ലൊരു കുട്ടിയാണവൾ അവളുടെ ഭാവിയിൽ സ്വപ്നം കണ്ടുകഴിയുന്ന ഒരു കുടുംബമാണ് അവളുടേത്.. എന്തായാലും വലിയൊരു പ്രശ്നമാവുമായിരുന്നത് ഇങ്ങനെയൊക്കെ മാറിപ്പോയല്ലോ.. റഷീദ് ആശ്വാസത്തോടെ ഓഫീസിലേയ്ക്ക് യാത്രയായി.. സമയം 5 മണി കഴിഞ്ഞിരിക്കുന്നു. ഇന്നത്തെ ദിവസം ഇതിനു വേണ്ടി മാത്രം മാറ്റിവയ്ക്കേണ്ടിവന്നു. സാരമില്ല... ഒരു നല്ലകാര്യത്തിനുവേണ്ടിയല്ലേ..

റഷീദ് ഓഫീസിലെത്തി തന്റെ കാബിനിലേയ്ക്ക് കയറി... 
 തുടർന്നു വായിക്കുക അടുത്ത ഞായറാഴ്ച്ച  19 01 2020 


ഷംസുദ്ധീൻ തോപ്പിൽ 12 01 2020

4.1.20

നിഴൽവീണവഴികൾ - ഭാഗം - 55

“ജിഷ്ണു .. നീയിപ്പോൾ നമ്മുടെ കുടുംബത്തിലെ ഒരാളെപ്പോലെയാണ്.. ഇവിടുന്നു ഇത്തിരി ഭക്ഷണം കഴിച്ചാലെന്താ... പിന്നെ... ഞങ്ങളെപ്പോലുള്ളവരുടെ വീട്ടിൽനിന്നും ഭക്ഷണം കഴിക്കില്ലായെന്നുണ്ടോ..“

“ഇല്ല ഹമീദ്ക്കാ... അങ്ങനെ കരുതരുതേ... മനുഷ്യരെല്ലാം ഒന്നാണെന്നാ എന്നെ എന്റെ അച്ഛൻ പഠിപ്പിച്ചിരിക്കുന്നത്.... ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്.. മതമേതായാലും മനുഷ്യൻ നന്നായാൽ മതി..“

വൈകുന്നേരത്തോടുകൂടി റഷീദ് ഗൾഫിൽ നിന്നും വിളിച്ചു. വാപ്പയോട് വിശദമായി സംസാരിച്ചു. അവസാനം ഫസലിനോട് സംസാരിക്കണമെന്നു പറഞ്ഞു. ഫസൽ നെഞ്ചിടിപ്പോടെ ഉമ്മയുടെ കൈയ്യിൽ നിന്നും റിസീവർ വാങ്ങി. 

“മാമാ... ഞാനാ..“

“മോനെ.. ഞാൻ നിന്നെ അറിയാവുന്ന ഒരാളെ പരിചയപ്പെട്ടു... നിന്നെക്കുറിച്ച് അവൾക്ക് നന്നായി അറിയാം... സ്റ്റീഫൻ എന്ന ആളിന്റെ മകളാണ്. അവൾക്ക് ഗൾഫിൽ ഹോസ്പിറ്റലിൽ നേഴ്സ്സായി ജോലികിട്ടി വന്നതാ... എന്റെ സ്ഥാപനത്തിൽ നിന്നും അരകിലോമീറ്റർ ദൂരത്തിലാ അവരുടെ ഹോസ്പിറ്റൽ.... ഞാൻ തന്നെയാണ് അവളെ ഹോസ്പിറ്റലിൽ ഡ്രോപ് ചെയ്തത്.. നാളെ ജോയിൻ ചെയ്യുമെന്നു പറഞ്ഞു. പിന്നെ നിനക്ക് വളരെ പക്വതയായെന്നു തോന്നിയതുകൊണ്ടു പറയുകയാണ്. അൻവർ എല്ലാ കാര്യങ്ങളും നേരത്തെ എന്നോട് പറഞ്ഞിട്ടുണ്ടായിരുന്നു. ഒരു കാരണവശാലും സഫിയ ഇതൊന്നുമറിയാതിരിക്കാൻ നോക്കണം.. അവൾക്ക് പഴയതുപോലെ താങ്ങാനുള്ള കരുത്തില്ല..“

അവൻ എല്ലാം മൂളിക്കേട്ടു... 

“ഫോൺ വച്ചു കഴിഞ്ഞപ്പോൾ എല്ലാവരും ചോദിച്ചു. എന്താ പറഞ്ഞതെന്ന്... അവൻ പറഞ്ഞു.. എന്നെയും കൊണ്ടുപോയാൽ കൊള്ളാമെന്നുണ്ടെന്ന്.. പക്ഷേ ഞാനിവിടില്ലെങ്കിൽ ഇവിടുത്തെ കാര്യങ്ങൾ കഷ്ടത്തിലാകില്ലേയെന്നു ചോദിച്ചപ്പോൾ വേണ്ടെന്നും പറഞ്ഞു..

“ഹോഅവന്റെ ഒരു തമാശ.. “ സഫിയയാണത് പറഞ്ഞത്...

അവർ എല്ലാവരും വളരെ സന്തോഷത്തിലായിരുന്നു. ഒരാപത്തുമില്ലാതെ അവിടെ എത്തിച്ചേർന്നല്ലോ... പടച്ചോന് സ്തുതി..

ഭർത്താവിനെ പിരിഞ്ഞതിലുള്ള ദുഃഖം ഹഫ്‌സയുടെ മുഖത്ത് കാണാമായിരുന്നു. ഇതൊന്നു മറിയാതെ റഷീദിന്റെ കുഞ്ഞ് എല്ലാവരേയും കണ്ണുമിഴിച്ച് നോക്കുന്നുണ്ടായിരുന്നു. അവൾക്ക് മനസ്സിലായിക്കാണും. കുറച്ചു ദിവസമായി കാണുന്ന രൂപവും കേൾക്കുന്ന ശബ്ദവും കേൾക്കാതായപ്പോൾ ചുറ്റും നോക്കുന്നതായിരിക്കും.

എല്ലാവർക്കും വല്ലാത്ത ക്ഷീണമായിരുന്നു. രാവിലെ ഉണർന്നതിനാലും.. കുറച്ചു ദിവസത്തെ സന്തോഷം പെട്ടെന്ന് അസ്തമിച്ചതായും അവർക്ക് തോന്നി.. റഷീദിന്റെ വരവ് ആ കുടുംബത്തിന് വളരെയധികം സന്തോഷം നൽകിയിരുന്നു.

ആ ദിവസം കടന്നുപോയി.. പിറ്റേദിവസം ക്രിസ്തുമസ് വെക്കേഷൻ കഴിഞ്ഞ് ഫസൽ സ്കൂളിലേയ്ക്ക് പോയി.. പന്ത്രണ്ടാംക്ലാസ്സിലെ ടെൻഷനും അവനുണ്ടായിരുന്നു. മാർച്ചിൽ വർഷാവസാന പരീക്ഷ.. ജയിക്കുമെന്നതിൽ സംശയമില്ല... പക്ഷേ എല്ലാവരുടേയും പ്രതീക്ഷകൾക്കൊത്തുയരാൻ അവനാകുമോ എന്ന സംശയം... നിർബന്ധത്തിനു വഴങ്ങി എൻ‌ട്രൻസ് ടെസ്റ്റിന് അപ്ലൈ ചെയ്തിട്ടുണ്ട്... എന്തായാലും വരുന്നിടത്തുവച്ചു കാണാം... 

ക്ലാസിൽകുട്ടികളെല്ലാം വളരെ സന്തോഷത്തിലായിരുന്നു. പത്തുദിവസത്തെ അവധി അവർക്ക് ബന്ധുവീടുകളിലും സുഹൃത്തുക്കളുടെ വീടുകളിലും പകാൻ ഒരു അവസരം കിട്ടിയതല്ലെ.. എല്ലാവരും അവധിദിവസങ്ങൾ തള്ളിനീക്കിയ കാര്യങ്ങളായിരുന്നു സംസാരിച്ചത്.. ഫസലിന്റെ ഊഴമെത്തി.. എവിടെ പോയെന്നു ചോദിച്ചപ്പോൾ അവൻ പറഞ്ഞത്.. മൂന്നാറും വയനാടുമെല്ലാം കറങ്ങിയെന്നതാണ്.. അവരതൊക്കെ വിശ്വസിച്ചു.. അവൻ എല്ലാവരോടും പറഞ്ഞിരിക്കുന്നത് അവന്റെ വാപ്പ ഗൾഫിൽ ആണെന്നാണല്ലോ.. അതു മാറ്റാൻ അവൻ ഉദ്ദേശിച്ചിട്ടുമില്ല.. വാപ്പ മരിച്ചെന്ന കാര്യം തനിക്കല്ലേ അറിയൂ.. അവർക്കറിയില്ലല്ലോ....

കുറച്ചു ദിവസങ്ങൾക്കുശേഷം കണ്ടതുകൊണ്ടാകാം ഐഷു അവന്റെ അടുത്തു കൂടി. 

“നീയെന്താ ഒരു സന്തോഷമില്ലാത്തതുപോലെ..“

“എനിക്ക് സന്തോഷത്തിനു ഒരു കുറവുമില്ലല്ലോ...“

“നിന്റെ മുഖം കണ്ടാലറിയാം.. നിനക്കെന്തോ സംഭവിച്ചതുപോലെ..“

“ഇല്ല ഐഷു... എന്തേലുമുണ്ടേൽ ഞാൻ പറയില്ലേ...“

“നീ പറയില്ല... ഒരിക്കൽ എന്നോട് പറയാമെന്നു പറഞ്ഞൊരുകാര്യം നീയിതുവരെ പറഞ്ഞിട്ടില്ല..“

“എന്തു കാര്യം..“ അവന് കാര്യം പിടികിട്ടിയില്ല.

“നിന്റെ ജീവിതത്തെ സംബന്ധിക്കുന്ന കാര്യമെന്നാണ് എന്നോട് പറഞ്ഞ്... അത് ഞാനറിഞ്ഞിരിക്കണമെന്നും പറഞ്ഞു..“

ശരിയാണ് അവനോർത്തു.. വാപ്പാന്റെ മരണവും മറ്റു കാര്യങ്ങളുമൊന്നും ഇതുവരെയും ഐഷുവിനോട് പറയാനായിട്ടില്ല.. പറയണമെന്നു വിചാരിക്കുമ്പോഴെല്ലാം വേണോ വേണ്ടയോ എന്നുള്ള ചിന്ത കടന്നുവരും.. ഒരു പക്ഷേ അവൾ തന്നെ വെറുത്താലോ... അതായിരുന്നു അവന്റെ മനസ്ലിലെ ചിന്ത..

ഇപ്പോൾ കുറച്ചു മാസങ്ങൾ കൂടിയേയുള്ളൂ ഈ അധ്യയനവർഷം തീരാൻ. ഇതു കഴിഞ്ഞാൽ തങ്ങൾ വ്യത്യസ്തമായ സ്ഥലങ്ങളിലേയ്ക്കായിരിക്കും തുടർ പഠനത്തിനായി പോവുക.. ചിലപ്പോൾ അവൾ വാപ്പയുടെ ആഗ്രഹപ്രകാരം ബാംഗ്ലൂരുവിലോ ചെന്നെയിലോ പഠനത്തിനുപോകും.. മെഡിക്കൽ എൻഡ്രൻസ് എഴുതാനുള്ള പരിശീലനത്തിനും പോകുന്നുണ്ട്.. അവളോട് എല്ലാം തുറന്നു പറയണം. അതിനുള്ള അവസരം എന്നാണാവോ ഉണ്ടാവുകയെന്നറിയില്ല.. ഇനിയെന്തിനാണ് നീട്ടിക്കൊണ്ടു പോകുന്നത്.. 

“നീ ഇന്ന് വൈകിട്ടു ഫ്രീയാണോ... എനിക്ക് കുറച്ച് സംസാരിക്കാനുണ്ട്..“

“ഇന്ന്.. ട്യൂഷന് വേണ്ടെന്നുവയ്ക്കാം.. പിന്നെ വീട്ടിൽ പോകുന്നവഴിമാത്രം... റോഡിലൂടെ മാത്രമേ ഞാൻ കൂടെ വരുള്ളൂ..“

“നിനക്ക് ധൈര്യമായി എന്നോട്കൂടി വരാം.. ഞാൻ നിന്നെ ഒന്നും ചെയ്യില്ല...“

“അതെനിക്ക് വിശ്വാസമാ... എന്നാലും ആരേലും കാണും..“

“നീ ഇന്ന് ട്യൂഷന് വരുന്നില്ലെന്നു പറഞ്ഞാൽ മതിയല്ലോ..“

“ശരി... വൈകിട്ട് സ്കൂൾ വിട്ട് ഞാൻ കാത്തുനിൽക്കും.. ബസ്റ്റാന്റിലെ ആൽച്ചുവട്ടിനപ്പുറം.. അവിടെനിന്നും റോഡിലൂടെ നമുക്ക് നടന്ന് പോകാം..“ അവൾ സമ്മതിച്ചു.

വൈകുന്നേരം വരെ ക്ലാസ്സിൽ കഴിച്ചുകൂട്ടിയത് വളരെ ടെൻഷനോടായിരുന്നു. എന്താണ് അവളോട് പറയേണ്ടതെന്നറിയില്ല.. പറഞ്ഞാൽ പ്രതികരണം എന്താകുമെന്നും അവൾക്കറിയില്ല.. എന്തായാലും അവളോടിതു പറയണം കുറച്ചുനാൾ കഴിഞ്ഞാൽ പിന്നീട് അതിനുള്ള അവസരം കിട്ടുകയുമില്ല... 

വിങ്ങുന്ന മനസ്സുമായാണ് അവൻ ക്ലാസിൽ കഴിച്ചുകൂട്ടിയത്.. വൈകുന്നേരം കൂട്ട ബല്ലടിച്ചു.. എല്ലാവരും ക്ലാസ്സിൽ നിന്നിറങ്ങി.. അവൻ സാവകാശമാണ് പുറത്തേയ്ക്കിറങ്ങിയത്.. കൂട്ടുകാർ അവനെ വിളിച്ചപ്പോൾ ഞാൻ പതുക്കയേ വരുന്നുള്ളൂ എന്നുപറഞ്ഞ് അവരെ ഒഴിവാക്കി. അവന്റെ ഹൃദയം പടപടാന്ന് മിടിക്കുകയായിരുന്നു. സാവധാനം റോഡ് ക്രോസ് ചെയ്ത് അപ്പുറത്തെത്തി.. കുട്ടികൾ ആദ്യത്തെ ബസ്സിൽ കടന്നുകൂടുന്നതിനായി നെട്ടോട്ടമോടുന്നത് കാണാമായിരുന്നു. അവൻ ദൂരേയ്ക്ക് കണ്ണോടിച്ചു. അങ്ങകലെ ആൽമരത്തിനുമപ്പുറമായി ആരുടേയും ശ്രദ്ധയിൽപ്പെടാതെ ഐഷു നിൽക്കുന്നു. അവന്റെ കാലുകൾക്ക് വേഗത വർദ്ധിച്ചതുപോലെ... അവന്റെ വരവ് അവൾ കണ്ടിരുന്നു.. ദൂരേയ്ക്ക് നോക്കി അവൾ നിൽക്കുകയായിരുന്നു. അവൻ അടുത്തെത്തി...

“എന്താ ഐഷു.. ഞാൻ താമസിച്ചുവോ...“

“ഇല്ലില്ല.. പിന്നെ ട്യൂഷൻ കഴിഞ്ഞു വീട്ടിൽ പോകുന്നസമയത്ത് എനിക്ക് വീട്ടിലെത്തണം... അല്ലേൽ എനിക്ക് തല്ലുകിട്ടും കേട്ടോ..“

“ഇല്ലടീ.. നിനക്ക് അതിനു മുന്നേതന്നെ വീട്ടിലെത്താം...“

അൽപനേരത്തെ നിശബ്ദതയ്ക്കു ശേഷം അവൻ സംസാരിച്ചു തുടങ്ങി.. അവർ സാവധാനം ചെമ്മൺ റോഡിലൂടെ നടക്കുകയായിരുന്നു.

“ഐഷൂ...“

“എന്താടാ.... നിനക്ക് ഈ വളച്ചുകെട്ടിന്റെയൊക്കെ കാര്യം എന്നോടുണ്ടോ.. പറ..“

“ഐഷൂ.. നീ ഞാൻ പറയുന്നതൊക്കെ കേട്ടാൽ എന്നെ വെറുക്കുമോ എന്നെനിക്കറിയില്ല.. എന്നാലും നീയിതൊക്കെ അറിയണം. നമുക്ക് പരസ്പരം അറിയാം... പല സ്വകാര്യ ദുഃങ്ങളും ഞാൻ നിന്നോട് പറഞ്ഞിട്ടുണ്ട്. പക്ഷേ ഒരു കാര്യം മാത്രം ഞാൻ നിന്നിൽനിന്നും ഒളിച്ചുവച്ചു..“

“അതെന്താ...“ അവൾ ജിജ്‌ഞ്ഞാസയോടെ അവന്റെ മുഖത്തേയ്ക്ക് നോക്കി..

“എന്റെ വാപ്പയും ഉമ്മയും തമ്മിൽ പിണക്കത്തിലാണെന്ന് ഞാൻ നിന്നോട് പറഞ്ഞിട്ടുണ്ടല്ലോ.. നീയന്ന് ഹോസ്പിറ്റലിൽ വന്നത് ഓർക്കുന്നുണ്ടോ...“

“ഉണ്ട്...“

“അവിടെവച്ച് അദ്ദേഹത്തെ എനിക്ക് കാണാനായി.. വർഷങ്ങൾക്ക് ശേഷമാണ് ഞാനദ്ദേഹത്തെ കണ്ടത്... ഉമ്മ അറിയാതിരിക്കാൻ പരമാവധി ഞാൻ ശ്രദ്ധിച്ചിരുന്നു. മാമിയെ ഡിസ്ചാർജ്ജ് ചെയ്ത് പോയതിനു ശേഷം ഞാൻ പനിയായി കുറച്ചുദിവസം ഹോസിപ്റ്റലിലായിരുന്നു. അതു കഴിഞ്ഞ് അവിടെയെത്തിയപ്പോഴാണ് അറിഞ്ഞത് അദ്ദേഹം മരണപ്പെട്ടുവെന്ന്. എനിക്ക് താങ്ങാനാവുന്നതിലും അപ്പുറമായിരുന്നു ആ വാർത്ത..“

ഐഷുവിന്റെ കണ്ണുകൾ നിറഞ്ഞു. എന്തു പറയണമെന്നറിയാതെ അവൾ അവന്റെ മുഖത്തുനോക്കി നിൽക്കുകയായിരുന്നു. അവന്റെ കണ്ണുകളിൽ കണ്ണുനീർ തുളുമ്പുന്നത് അവൾക്ക് കാണാമായിരുന്നു.

“ഞാനിത് ആരോട് പറയാൻ... സ്വയം ഉള്ളിലൊതുക്കി...“

“എന്നിട്ട് ഉമ്മയോട് പറഞ്ഞിരുന്നോ...“

“എനിക്ക് ഏഴ് വയസ്സുള്ളപ്പോൾ ഉമ്മയും വാപ്പയുമായി തെറ്റിപ്പിരിഞ്ഞതാ... നിഷ്കരുണം അടിച്ചിറക്കിയെന്നുവേണം പറയാൻ.. എല്ലാം ഉപക്ഷിച്ച് രാത്രിയിൽ അവിടെനിന്നും വീട് വിട്ട് തെരുവിലേക്ക് ഇറങ്ങേണ്ടി വന്ന ഹത ഭാഗ്യവാനാണ് ഐഷു ഞാൻ ...

ഐഷുവിന്റെ കണ്ണുകൾ നിറഞ്ഞു... അവൾക്ക് അവനെ എങ്ങനെ സമാധാനിപ്പിക്കണമെന്നറിയില്ല..

ഞാൻ ഹോസ്പിറ്റലിലെ സെക്യൂരിറ്റി ഓഫീസറായ സ്റ്റീഫൻ അങ്കിളുമായി ആ വീട്ടിൽ പോയിരുന്നു. പള്ളിക്കാട്ടിലെ കബറിടത്തിൽ പോയി പ്രാർത്ഥന നടത്തി അദ്ദേഹത്തെക്കുറിച്ച് നാട്ടുകാർക്ക് വലിയ അഭിപ്രായമൊന്നുമില്ലായിരുന്നു. ധാരാളം സാമ്പത്തിക ബാധ്യതയുണ്ടായെന്നാണ് അറിയാൻ കഴിഞ്ഞത്.. അദ്ദേഹത്തിന്റെ മകളെയും കണ്ടു... ജീവിക്കാൻ മാർഗ്ഗമില്ലാതെ കഷ്ടപ്പെടുന്ന എന്റെ സ്വന്തം സഹോദരിയുടെ ജീവിതം അതും കഷ്ടപ്പാടുകൾ നിറഞ്ഞതുതന്നെയാണ്... എങ്ങനെയെന്നറിയില്ല ആ വിഷമങ്ങളിൽനിന്നൊക്കെ എനിക്ക് കരകയറാൻ സാധിച്ചു... ഈ ഭൂമിയിൽ ഇക്കാര്യങ്ങൾ അറിയാവുന്ന ചുരുക്കം ചിലരിൽ ഒരാൾ മാത്രമാണ് നീയിപ്പോൾ.. അവൾ നിറകണ്ണുകളോടെ അവനെ നോക്കി... അവൻ ചുറ്റുപാടുമൊന്നു നോക്കി... ആരും തങ്ങളെ കാണുന്നില്ലെന്ന് ഉറപ്പുവരുത്തി.. അവളുടെ കണ്ണുകൾ തുടച്ചു... പെട്ടെന്നാണ് അവൾ അവനെ കെട്ടിപ്പിച്ച് ആശ്ലേഷിച്ചത്... അവന്റെ നെഞ്ചിൽ മുഖമമർത്തി അവൾ തേങ്ങി... അവൻ അവളെ ആശ്വസിപ്പിച്ചു... ആരേലും കണ്ടാലോ.. അവളെ സ്നേഹപൂർവ്വം പിടി വിടുവിച്ചു.. അവൾക്ക് സങ്കടം അടക്കാനായില്ല.. 

“നീയെങ്ങനെ ഇതൊക്കെ സഹിച്ചു... നിനക്കെങ്ങനെ എന്നിൽനിന്നും ഇതൊക്കെ ഒളിച്ചുവക്കാൻ സാധിച്ചു..“

“നീയെങ്ങനെ പ്രതികരിക്കുമെന്നെനിക്കറിയില്ലല്ലോ .. കുറച്ചു മാസങ്ങൾ കൂടി കഴിഞ്ഞാൽ നമ്മൾ തുടർ പഠനത്തിനായി വേർപിരിയേണ്ടിവരും.. അതിനുമുന്നേ എനിക്കിത് നിന്നോട് പറയണമെന്നു തോന്നി... അതാണ് ഞാൻ ഇക്കാര്യങ്ങൾ നിന്നോട് പറഞ്ഞത്...“

“ഐഷു ഈ ചെറുപ്രായത്തിൽ ജീവിതത്തിൽ അനുഭവിക്കാത്ത ദുരിതങ്ങൾ ഇനിയൊന്നുമില്ല... ഈ അനുഭവങ്ങൾ എന്നെ ഒരു കരുത്തനാക്കിയെന്നു തോന്നുന്നു.. അതായിരിക്കും ഇന്ന് ഇതൊക്കെ നിന്നോട് പറയാനുള്ള ധൈര്യം നൽകിയത്... നീയിതാരോടും പറയരുത്..“

“ഇല്ല ഫസലേ... നിനക്കെന്നെ അറിയില്ലേ... ഞാനെവിടെപ്പോയാലാും എനിക്ക് നീയെന്നും കൂടെവേണം...“

“അവൻ ഒരുനിമിഷം നിശ്ശബ്ദനായി നിന്നു..“

“ഞാനിതുവരെ നിന്നോടൊന്നും പറഞ്ഞിട്ടില്ല... പക്ഷേ പറയാതെതന്നെ നമുക്കിരുവർക്കുമറിയാം... നിന്റെ ദുഖങ്ങളെല്ലാം എന്റെയും ദുഖങ്ങളാണ്... എനിക്ക് ഒരു ജീവതമുണ്ടെങ്കിൽ അത് നിന്നോടൊപ്പമായിരിക്കും..“ അവളുടെ വാക്കുകൾ അവന് വിശ്വസിക്കാനായില്ല..

“ഐഷൂ... നീ നന്നായി ആലോചിച്ചിട്ടാണോ..“

“അതേ... എനിക്ക് നീ മാത്രം മതി...“

“നമ്മൾ തമ്മിൽ ഒരുപാട് അന്തരമുണ്ട്..“

“അതൊന്നും എന്നെ ബാധിക്കുന്ന പ്രശ്നമല്ല... നിനക്ക് ആരോഗ്യമുണ്ടല്ലോ... എന്നെ നോക്കാനാവില്ലേ .. ഇല്ലെങ്കിൽ ഇപ്പൊ പറയണം..“

അവൻ മറുപടിയൊന്നും പറഞ്ഞില്ല.. സ്നേഹപൂർവ്വം അവളുടെ ഇടതു കൈ അവന്റെ കൈകളിലൊതുക്കി.. കൈയ്യിൽ പതുക്കെ ഒരു ചുംബനം നൽകി... അവളുടെ മുഖത്ത് ഒരു പുഞ്ചിരി വിടർന്നു... അവന്റെ കൈ തട്ടിമാറ്റി അവൾവേഗത്തിൽ മുന്നോട്ട് നടന്നു... അവൾ പതിവിലും സുന്ദരിയായി തോന്നി... മുഖത്തെ നാണം അവളെ കൂടുതൽ സുന്ദരിയാക്കിയതുപോലെ.

“പിന്നെ... എന്റെ പിന്നാലെ വരണ്ട... ട്ടോ. ഡ്രൈവർ ട്യൂഷൻ സെന്ററിൽ കാറുമായി വരുന്ന നേരമായി..പൊയ്ക്കൊ... പിന്നെക്കാണാം...“

അവൾ പോകുന്നതും നോക്കി അവനവിടെ നിന്നു.. സ്കൂളിൽത്തന്നെ പലർക്കുമറിയാം തങ്ങൾ തമ്മിലുള്ള ബന്ധം.. ആരും അതിനെ എതിർത്തിട്ടില്ല... തനിക്ക് സിനിമയിൽ അഭിനയിക്കാൻ അവസരം ഉണ്ടാക്കിത്തന്ന നാൾമുതൽ താനും അവളും തമ്മിൽ എന്തൊക്കെയോ ആണെന്നെല്ലാർക്കുമറിയാം... അടുത്ത സുഹൃത്തുക്കൾ പറയാറുണ്ട്.. ലൈലയേയും മജ്നുവിനേയും പോലെ ഇത്രയും നല്ല ജോഡികൾ ഈ സ്കൂളിൽ വേറാരുമില്ല എന്ന് .. വെളുത്ത നീലക്കണ്ണുള്ള സുന്ദരി... ശിരോവസ്ത്രത്തിലും അവളെത്ര സുന്ദരിയായിരിക്കുന്നു. മേക്കപ്പ് ഒട്ടുംതന്നെയില്ല പക്ഷേ അവളുടെ ഭംഗി മറ്റാരിലും ഫസൽ ഇതുവരെ കണ്ടിട്ടുമില്ല.

സിനിമയിലെ അവസരങ്ങൾ വേണ്ടരീതിയിൽ പ്രയോജനപ്പെടാത്തതിൽ ഇന്നും ഫസലിന് ദുഃഖമുണ്ട്.. പക്ഷേ ഇപ്പോൾ പഠനത്തിൽ ശ്രദ്ധിക്കുകയെന്നതുമാത്രമാണ് തന്റെ ലക്ഷ്യം... ഉമ്മയുടെയും ഉപ്പൂപ്പയുടേയും ആഗ്രഹത്തിനനുസരിച്ച് ഉയരാനായില്ലെങ്കിലും അതിനടുത്തെങ്കിലുമെത്തണം. തന്റെകാര്യത്തിൽ വാനോളം പ്രതീക്ഷ അവർക്കുണ്ട്...

ഫസൽ അന്ന് വളരെ സന്തോഷവാനായിരുന്നു. പതിവിലും നേരത്തേ അവൻ വീട്ടിലെത്തി... സാധാരണ വരുന്നവഴിക്ക് അമ്പലപ്പറമ്പിലെ ഫുട്ബോൾകളി കണ്ടു നിൽക്കാറുണ്ട്.. ആള് കുറവാണെങ്കിൽ അവനും ചിലപ്പോൾ അവരോടൊപ്പം കളിക്കുകയും ചെയ്യും.. പക്ഷേ വിയർത്തൊലിച്ച് വീട്ടിലെത്തിയാൽ വഴക്കുംകിട്ടും. പണ്ട് ഉമ്മ പറയാറുണ്ട് നീ കളിക്കാൻ പൊയ്ക്കോ.. പക്ഷേ വീട്ടീൽവന്ന് ഡ്രസ്സ് മാറി ചായയും കുടിച്ച് പോയാൽമതിയെന്നാണ്. വീട്ടിലെത്തിയാൽ പിന്നെ പുറത്തേയ്ക്ക് പോകാൻ തോന്നാറുമില്ല...

വീടിന്റെ മുറ്റത്ത് ചാരുകസേരയിൽ ഹമീദിരിക്കുന്നു. ഫസൽ അടുത്തുചെന്ന് ഉപ്പയോട് വിശേഷങ്ങൾ തിരക്കി.. പ്രത്യേകിച്ച് വിശേഷങ്ങളൊന്നുമില്ലെങ്കിലും അതവനൊരു പതിവാണ്...

“ഫസലേ ഇന്ന് തേങ്ങവെട്ടി... നിനക്കുള്ള കരിക്ക് അവിടെ വച്ചിട്ടുണ്ട്.. പോയി കുളിച്ചിട്ട് വന്ന് കഴിച്ചോ...“

പഴയ വീട്ടിലായിരുന്നപ്പോഴുള്ള പതിവ് ഉപ്പ ഇപ്പോഴും തെറ്റിച്ചിട്ടില്ല.. തനിക്ക് എല്ലാപ്രാവശ്യവും തേങ്ങവെട്ടുമ്പോൾ ഒരു കരിക്ക് ചെത്തി വൃത്തിയാക്കി വയ്ക്കും... സ്കൂളിൽനിന്നും വീട്ടിലെത്തിയാൽ ഉപ്പതന്നെയാണ് അത് വെട്ടി വെള്ളം കുടിക്കാൻ തരുന്നത്... ഒരു കവിൾ കുടിച്ചിട്ട് ഉപ്പയോട് ചോദിക്കും വേണോന്ന്... ഉപ്പ പറയും ഹും.. ഞാൻ വേണോന്ന് പറഞ്ഞാൽ നീതര്വോ... എന്ന്...

ഫസൽ സന്തോഷത്തോടെ അകത്തേയ്ക്ക് പോയി.. കുളികഴിഞ്ഞ് ചെത്തി വൃത്തിയാക്കി വച്ചിരിക്കുന്ന കരിക്കുമെടുത്ത് പുറത്തേയ്ക്ക് വന്നു... അവൻ തന്നെ അതിൽ ഒരു കിഴുത്തയിട്ടു... ഉപ്പയ്ക്ക് വേണോയെന്നുചോദിച്ചു.

“വേണ്ട ഫസലേ... ഒന്നാമത് ഷുഗറുണ്ട്. ഇല്ലാത്ത ഒരസുഖവുമില്ല... നീ കുടിച്ചോ..“

അവൻ അത് മൊത്തം കുടിച്ചു തീർത്തു.. അകത്തുള്ളത് പിന്നീട് കഴിക്കാമെന്നുകരുതി അകത്തേയ്ക്ക് കൊണ്ടുവച്ചു.

അത്താഴം കഴിഞ്ഞ് എല്ലാവരും കിടക്കാൻ പോയി... രാത്രിയിൽ ഫസൽ ഒറ്റയ്ക്കാണ് ഇപ്പോൾ കിടക്കുന്നത്.. സഫിയ ഹഫ്സയെ സഹായിക്കുന്നതിനായി കിടപ്പ്താഴേയ്ക്ക് മാറ്റിയിരുന്നു. ഹഫ്സയ്ക്ക് ഒറ്റയ്ക്ക് കാര്യങ്ങൾ നടത്താൻ ബുദ്ധിമുട്ടാണ്. അവൾക്കിതൊന്നും പരിചയമില്ലല്ലോ.. അനാഥാലയത്തിൽ വളർന്നതിനാൽ പല ശീലങ്ങളും അവൾ ഇവിടെവന്നാണ് പഠിച്ചത്.. സഫിയയ്ക്ക് ഇതൊരു തൊഴിലായിരുന്നല്ലോ.. പ്രസവിച്ച സ്ത്രീകളെ പരിചരിക്കുന്നകാര്യത്തിൽ സഫിയയോളം പരിചയം അവിടാർക്കുമില്ല.. രാത്രിയിൽ കുഞ്ഞു ഉണർന്നു കരഞ്ഞാൽ സഫിയ തന്നെയാണ് കുഞ്ഞിന്റെ കാര്യങ്ങളെല്ലാം നോക്കുന്നത്.

അവൻ മുകളിലത്തെ മുറിയിൽ പുസ്തകവുമായി ചങ്ങാത്തം കൂടാനിരുന്നു. കണക്ക് അവന് പണ്ടേ വലിയ പ്രശ്നമുള്ള സബ്ജക്ടാണ്. എന്നാലും വരുതിയിലാക്കാൻ കഴിവിന്റെ പരമാവധി ശ്രമിക്കാറുണ്ട്... അടുത്ത ദിവസത്തേയ്ക്കുള്ള ഹോംവർക്കിൽ മുഴുകിയിരിക്കുകയായിരുന്നു ഫസൽ അപ്പോഴാണ് വാതിലിൽ ഒരു അനക്കം കേട്ടത്.. അവൻ അവിടേയ്ക്ക് ശ്രദ്ധിച്ചു.. നാദിറ മാമി.. 

“എന്താ മാമീ..“

“ഒന്നുമില്ല.. നിന്റെ പഠിത്തമൊക്കെ എങ്ങനെയുണ്ട്.“

“കുഴപ്പമില്ല...“

അവർ അവനോട് ശൃങ്കരിക്കാൻ കൂടി... അവനതൊന്നും ഇഷ്ടപ്പെട്ടില്ല..

“ഞാനെന്തെങ്കിലും പഠിപ്പിക്കണോ...“

“മാമിപഠിപ്പിക്കുന്ന കാര്യങ്ങൽ എനിക്കറിയാം...“

നാദിറയ്ക്ക് മുഖത്ത് അടിയേറ്റപോലെ തിരിഞ്ഞു... ഭാഗ്യം ആരും കേട്ടില്ല... പണ്ടേ അവനെന്നെ കണ്ടുകൂടാ... അന്നൊരിക്കൽ അവൻ എന്നെക്കയറി പിടിച്ചുവെന്ന് പരാതി പറഞ്ഞതിനാണ് അവനെന്നോട് ഇത്രയും ദേഷ്യം തോന്നാൻ കാര്യമെന്നവർക്കറിയാം... ചെറുപ്പകാലത്ത് അവനെ ശാരീരികമായി പീഠിപ്പിക്കാനും ശ്രമിച്ചിട്ടുണ്ട്. അതൊക്കെക്കൊണ്ടായിരിക്കാം അവനിത്ര വെറുപ്പ് തോന്നിയിട്ടുള്ളത്.

നാദിറ പിന്നീടൊരുനിമിഷം അവിടെ നിന്നില്ല.. വാതിൽ പിടിച്ചടച്ച് അവരുടെ റൂമിലേയ്ക്ക് പോയി.. മുകളിലത്തെ നിലയിൽ തന്റെ റൂമിന്റെ തൊട്ടപ്പുറത്താണ് അവരുടെ റൂം... കാണുന്നതുപോലെയല്ല നാദിറ.. മനസ്സ് മുഴുവൻ വൃത്തികെട്ട ചിന്തകളാണ്. മാമന്റെ ഭാര്യയായിപ്പോയി... പണ്ടേ അവർക്കൊരു അസുഖമുണ്ട് തന്നെ അടുത്തു കിട്ടിയാൽ ചുണ്ടിൽ നുള്ളുക.. കക്ഷത്ത് കൈയ്യിട്ട് ഇക്കിളിയാക്കുക.. അവർ കാണിക്കുന്നതിന്റെ അർത്ഥമൊക്കെ വളരെക്കഴിഞ്ഞാണ് അവന് മനസ്സിലായത്... ബഹുമാനിക്കേണ്ട ബന്ധത്തിനപ്പുറം അവർക്ക് മറ്റെന്തോ ആഗ്രഹം ഉണ്ടെന്ന് പണ്ടേ തോന്നിയിട്ടുള്ളതാ.. താൻ വഴിതെറ്റിയിട്ടുണ്ട്... മറ്റുള്ളവർ കാരണം.. പക്ഷേ അവിവേകം കാണിക്കാൻ ശ്രമിച്ചിട്ടില്ല... സാഹചര്യം തന്നെ പലതലത്തിൽ കൊണ്ടെത്തിച്ചിട്ടുണ്ട്... അവസരങ്ങൾ തേടി എങ്ങോട്ടും താൻ പോയിട്ടില്ല.. അതിൽ നിന്നെല്ലാം ഒരുവിധം കരകയറി വരികയാണ് ഞാൻ .

അമ്മായിയുടെ മുറിയിൽ നിന്നും മാപ്പിളപ്പാട്ടിന്റെ ശീലുകൾ കാതുകളിൽ ഒഴുകിയെത്തുന്നുണ്ടായിരുന്നു. തന്നോടുള്ളദേഷ്യത്തിന് ശബ്ദം കുറച്ചു കൂട്ടിവച്ചുവോ എന്നവന് സംശയമുണ്ട്.

“ഉണ്ടോ സഖീ.. ഒരുകുല മുന്തിരി വാങ്ങിടുവാനായി നാലണ കൈയ്യിൽ...
ഉണ്ടു പ്രിയേ ഖൽബിലൊരാശ മുന്തിരി തിന്നിടുവാൻ...“

റഹീം കുറ്റിയാടി  എഴുതിയ പ്രശസ്‌തമായ മാപ്പിളപ്പാട്ടിലെ വരികൾ... അവന്റെ ഓർമ്മകൾ ഐഷുവിലേയ്ക്ക് പോയി... അവൾ തനിക്കുള്ളതാണ്... ഒരിക്കലും അവളെ നഷ്ടപ്പെടരുത് എന്ന ചിന്ത മനസ്സിലിട്ട് ഉറപ്പിച്ചു... അവളിലേയ്ക്ക് എത്തണമെങ്കിൽ താൻ അത്രയും അധ്വാനിക്കേണ്ടിയിരിക്കുന്നു. നല്ല വിദ്യാഭ്യാസം... ഒരു നല്ല ജോലി.. സ്വന്തായി വീട്... ഇത്രയൊക്കെ പോരേ.. അവളുടെ വാപ്പസമ്മതിക്കുമോ... തന്നെ നന്നായി അറിയാം... ഇനി സമ്മതിച്ചില്ലേൽ എന്താ ചെയ്ക... വേണ്ട ഇതൊന്നും ആലോചിച്ച് പഠിക്കാനുള്ള സമയം പാഴാക്കികളയണ്ട.. 

സ്കൂളിലെ ഹോംവർക്കുകളെല്ലാം ചെയ്തുകഴിഞ്ഞപ്പോൾ രാത്രി 11 മണിയായി.. അവൻ വാതിൽ കുറ്റിയിട്ടെന്നു വരുത്തി... ഇല്ലെങ്കിൽ നാദിറ അമ്മായി ചിലപ്പോൾ രാത്രിയിൽ തന്റെ മുറിയിലേയ്ക്ക് കയറിവന്നു കളയും ഡിസംബർ മാസത്തിലെ നല്ല തണുപ്പുള്ള രാത്രിയായിരുന്നു അന്ന്... പുതപ്പെടുത്ത് ശരീരത്തിലേയ്ക്ക് മൂടി.. അവൻ ഉറക്കത്തിലേയ്ക്ക് വഴുതി വീണു... അപ്പോഴും നാദിറയുടെ മുറിയിൽ നിന്ന് മാപ്പിളപ്പാട്ടിന്റെ ശീലുകൾ ഒഴുകിയെത്തിക്കൊണ്ടിരുന്നു. 


തുടർന്നു വായിക്കുക അടുത്ത ഞായറാഴ്ച്ച  12 01 2020

ഷംസുദ്ധീൻ തോപ്പിൽ 05 01
2020