11.1.20

നിഴൽവീണവഴികൾ - ഭാഗം - 56

 
സ്കൂളിലെ ഹോംവർക്കുകളെല്ലാം ചെയ്തുകഴിഞ്ഞപ്പോൾ രാത്രി 11 മണിയായി.. അവൻ വാതിൽ കുറ്റിയിട്ടെന്നു വരുത്തി... ഇല്ലെങ്കിൽ നാദിറ അമ്മായി ചിലപ്പോൾ രാത്രിയിൽ തന്റെ മുറിയിലേയ്ക്ക് കയറിവന്നു കളയും ഡിസംബർ മാസത്തിലെ നല്ല തണുപ്പുള്ള രാത്രിയായിരുന്നു അന്ന്... പുതപ്പെടുത്ത് ശരീരത്തിലേയ്ക്ക് മൂടി.. അവൻ ഉറക്കത്തിലേയ്ക്ക് വഴുതി വീണു... അപ്പോഴും നാദിറയുടെ മുറിയിൽ നിന്ന് മാപ്പിളപ്പാട്ടിന്റെ ശീലുകൾ ഒഴുകിയെത്തിക്കൊണ്ടിരുന്നു.

അതി രാവിലെ തന്നെ തന്റെ റൂമിന്റെ വാതിലിൽ മുട്ടുകേട്ടാണ് ഫസൽ ഉണർന്നത്. വാതിൽ തുറന്നപ്പോൾ നാദിറമാമി... അൽപ്പം ദേഷ്യത്തോടെ അവരോട് അവൻ കയർത്തു.

“എന്താ മാമീ.. രാവിലെ വിളിച്ചുണർത്തിയത്.“

“ഇതെന്താ രാവിലേയോ.. മണി ഏഴായി... പിന്നേ നിന്നെത്തിരക്കി ഒരാൾ താഴെ വന്നുനിൽക്കുന്നുണ്ട് ...“

അവന്റെ ഉള്ളൊന്നു കാളി.. ആരാണ് തന്നെക്കാണാൻ‌ വരിക... ഇതുവരെ അങ്ങനാരും തന്നെക്കാണാൻ വീട് തേടി വന്നിട്ടില്ല .

അവൻ വേഷം മാറാതെ നേരേ താഴേയ്ക്ക് നടന്നു. താഴത്തെ കസേരയിൽ ഇരിയ്ക്കുന്ന ആളെ ശരിയ്ക്കും അവന് മനസ്സിലായി.. സ്റ്റീഫൻ അങ്കിൾ ഹോസ്പിറ്റലിലെ സെക്യൂരിറ്റി ഓഫീസർ.

അവൻ ജിജിജ്ഞാസയോടെ ഓടി അടുത്തെത്തി... 

“എന്താ അങ്കിൾ.. വീടെങ്ങനെ കണ്ടുപിടിച്ചു.“

“വീടുകണ്ടുപിടിക്കാനാണോ പ്രയാസം..  ഹോസ്പിറ്റലിൽ നിങ്ങളുടെ അഡ്രസ്സ് ഉണ്ടായിരുന്നല്ലോ... ആ അഡ്രസ്സിൽ തിരക്കിയപ്പോൾ നിങ്ങളുടെ പുതിയ വീടിന്റെ അഡ്രസ്സ് ലഭിച്ചു.“

“മോനേ.. ഫസലേ സ്റ്റീഫൻ ഒരു സഹായംചോദിച്ചു വന്നതാണ്.“ ഹമീദ് അവനോട് പറഞ്ഞു.

“എന്താ എന്തുപറ്റി സ്റ്റീഫൻ അങ്കിൾ...“

“അതേ... മോള് ഹമീദ്ക്കയുടെ മകനോടൊപ്പം ഒരേ ഫ്‌ളൈറ്റിൽ ആണല്ലോ   പോയത്.. അവർ പരസ്പരം പരിചയപ്പെട്ടെന്നു പറഞ്ഞു.. അവൾ പോയ അന്നു വിളിച്ചു സുഖമായി എത്തിയെതന്നു പറഞ്ഞു. അടുത്ത ദിവസം ജോലിക്ക് പോയി തുടങ്ങുമെന്നും പറഞ്ഞു അത് കഴിഞ്ഞു ഇന്നേക്ക്  നാലു ദിവസമായി യാതൊരറിവുമില്ല.. “

“മോനേ... നീ ആ ഫോണിൽനിന്നും റഷീദിനെയൊന്നു വിളിച്ചേ... അവനോട് കാര്യം പറ... എന്തു ബുദ്ധിമുട്ടായാലും പോയി അന്വോഷിക്കണമെന്നും പറയണം... നീ അത് പറഞ്ഞിട്ട് ആ ഫോൺ എനിക്കൊന്നു തരണം.“

“അവൻ റഷീദിന്റെ നമ്പർ ഫോൺ ബുക്കിൽ നിന്നുമെടുത്ത് ഡയൽ ചെയ്തു... അപ്പുറത്തുനിന്നും അറബിയിലുള്ള ശബ്ദം കേട്ടു... “ഇൻ അൽ ഹാത്തിഫുൽ മുതഹരിക്ക് അല്ലദീ ത്വലക്ത്വഹു മുഗ്ലക് , അവൗ ഗാരിജിന് ത്വാക്ക ഗിധ് മഹാല്ലിയൻ.. യുർജൽ ഇത്തസൽ ഫീമാ ബഅദ് ...“ നിങ്ങൾ വിളിക്കുന്ന നമ്പർ ഇപ്പോൾ ബിസിയാണെന്നാണ് അതിന്റെ അർത്ഥം...“

“ഉപ്പാ... ലൈൻ ബിസിയാണ്... ഒരു മിനിട്ട് കഴിഞ്ഞ് വിളിക്കാം.“

“അതിനിടയിൽ ചെറിയ കുശലാന്വോഷണങ്ങൾ..“

സ്റ്റീഫൻ അങ്കിൾ നടന്നകാര്യങ്ങൾ ഒരിക്കലും പറയില്ലെന്നറിയാം. എന്നാലും അറിയാതെങ്ങാനും പറഞ്ഞാലോ എന്ന ആശങ്ക അവനിലുണ്ടായിരുന്നു. നിർണ്ണായകമായ പല ഘട്ടങ്ങളിലും സ്റ്റീഫൻ അവനെ സഹായിട്ടിട്ടുണ്ട്. ആരും ചെയ്യാൻ മടിക്കുന്ന കാര്യങ്ങൾ പോലും അദ്ദേഹം തനിക്കായി ചെയ്തുതന്നിട്ടുണ്ട്. ഒരു മകനെപ്പോലെ സ്നേഹിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ മകൾക്ക്  എന്തേലും പ്രശ്നമുണ്ടായാൽ അത് തന്റെയും പ്രശ്നമാണ്... എന്തു സഹായം വേണമെങ്കിലും ചെയ്തുകൊടുക്കണം.“

“ഇന്ന് ഡ്യൂട്ടിക്കു പോയില്ലേ അങ്കിൾ..“

“എങ്ങനെ മനസ്സമാധാനമായി ഡ്യൂട്ടിക്ക് പോകും... അവിടുത്തെ വിവരമില്ലാത്തതിനാൽ വളരെ ടെൻഷനിലായിരുന്നു.“

“അതൊന്നും പേടിക്കേണ്ടന്നേ..“

അപ്പോഴേയ്ക്കും നാദിറ ചായയുമായി എത്തി... അദ്ദേഹം ചായവാങ്ങി കുടിക്കാനാരംഭിച്ചു.

“ഉപ്പാക്ക്  ചായ എടുക്കട്ടേ...“

“ഇപ്പോ വേണ്ടമോളേ..“

അൽപസമയത്തിനകം ഫസൽ വീണ്ടും ട്രൈ ചെയ്തു.. അപ്പുറത്തുനിന്നും റഷീദിന്റെ ശബ്ദം..

“ഹലോ...“

“മാമാ... ഇത് ഞാനാ‍.. ഫസൽ..“

“എന്താ മോനേ..“

“പിന്നേ.. സ്റ്റീഫൻ അങ്കിളിന്റെ മകൾ ജൂലിയെ പിന്നെ കണ്ടിരുന്നോ ... അങ്കിളിവിടെയുണ്ട്.. മാമായോട് അന്വേഷിക്കാനായി വന്നതാ... നാലു ദിവസമായി ഒരറിവുമില്ല.. വിളിച്ചിട്ട് കിട്ടുന്നുമില്ല..“

“നീ സ്റ്റീഫനങ്കിളിന്റെ കൈയ്യിലൊന്നു ഫോൺ കൊടുത്തേ..“

അവൻ സ്റ്റീഫന്റെ കൈയ്യിൽ ഫോൺ കൊടുത്തു.

കാര്യങ്ങളെല്ലാം വിശദമായി ചോദിച്ചു മനസ്സിലാക്കി... കൊണ്ടുവന്ന ഏ‍ജൻസിയുടെ അഡ്രസ്സും.. മറ്റു കോൺട്രാക്ട് ഡീറ്റയിൽസും എഴുതിയെടുത്തു...

“സ്റ്റീഫൻ ചേട്ടൻ  ഒന്നുകൊണ്ടും പേടിക്കേണ്ട... ഇത് നമ്മുടെ സ്ഥലമാ.. അവൾ ജോലിക്ക് പോയ ഹോസ്പിറ്റൽ എനിക്കറിയാവുന്നതാണ്.. അതുകൊണ്ട് ഞാൻ ഇന്നുതന്നെ അന്വേഷിച്ച് അറിയിക്കാം... ധൈര്യമായി പൊയ്ക്കോള്ളൂ..“

സ്റ്റീഫന് ആസ്വാസമായി.. ഫോൺ ഹമീദിന്റെ കൈകളിലേയ്ക്ക് കൊടുത്തു.

“മോനേ... സ്റ്റീഫന് വേണ്ട സഹായമൊക്കെ ചെയ്യണേ.. കഴിവതും ഇന്നുതന്നെ അന്വേഷിച്ചു കാര്യങ്ങൾ അറിയിക്കണേ...“

“ശരി വാപ്പാ..“

റഷീദ് ഫോൺ കട്ട് ചെയ്തു..

സ്റ്റീഫൻ മനസ്സമാധാനത്തോടെ യാത്രചോദിച്ചു. പോകാൻനേരം അദ്ദേഹത്തന്റെ വീട്ടിലെ ഫോൺനമ്പറും ഹോസ്പിറ്റലിലെ ഫോൺനമ്പരും ഏൽപ്പിച്ചു.. എന്തേലും അറിവ് ലഭിച്ചാലുടൻ അറിയിക്കാമെന്ന് ഹമീദ് വാക്കുകൊടുത്തു...

സ്റ്റീഫൻ പോയതിനു ശേഷം ഹമീദ് ഫസലിനോട് പറഞ്ഞു..

“എടാ നിനക്ക് ഒരുപാട് സുഹൃത്തുക്കളുണ്ടല്ലോടാ... എല്ലാവരും നിന്നേക്കാൾ മുതിർന്നവരുമാണല്ലോ..“

“അതേ ഉപ്പാ... എല്ലാവർക്കും എന്നെ വലിയ കാര്യാ...“

അങ്ങ് സൗദി അറേബ്യയിൽ റഷീദിന്റെ മനസ്സിലെ ചിന്ത വേറേയായിരുന്നു... ഉടൻ തന്നെ അവൾ ജോലി ചെയ്യുന്നു എന്ന് പറഞ്ഞ പ്രിൻസ് സൽമാൻ ഹോസ്പിറ്റലിലേക്ക് പുറപ്പെട്ടു .

ഹോസ്പിറ്റലിന്റെ റിസപ്ഷനിൽ എത്തി.. ജൂലിയെന്ന പുതിയ സ്റ്റാഫിനെക്കുറിച്ച് അന്വേഷിച്ചു.. അവർക്കാർക്കും അവളെക്കുറിച്ച് വിവരമില്ല.. അദ്ദേഹം പി.ആർ.ഒ.യെക്കാണാൻ അകത്തേയ്ക്ക് കയറി. പി.ആർ.ഒ. ഒരു ഈജിപ്ഷ്യനായിരുന്നു.

അദ്ദേഹത്തോട് കാര്യങ്ങൾ വിശദമായി സംസാരിച്ചു.

“മിസ്റ്റർ റഷീദ്... ‍ഞങ്ങളുടെ ഹോസ്പിറ്റലിൽ ഇപ്പോൾ ഏജൻസിവഴിയാണ് റിക്രൂട്ട്മെന്റ് നടത്തിയത്. നേരിട്ട് നടത്താനുള്ള ബുദ്ധിമുട്ട് കരുതിയാണ് അങ്ങനെ ചെയ്യേണ്ടിവന്നത്... 14 വേക്കൻസികളുണ്ടായിരുന്നു. തിരുവനന്തപുരത്തെ ഒരു ഏജൻസിയാണ് എല്ലാകാര്യങ്ങളും ചെയ്തത്.. അവർ ഇവിടെ സ്റ്റാഫുകളെ എത്തിച്ചു.. പക്ഷേ ജോയിൻ ചെയ്തിട്ടില്ല.. കാരണം ഞങ്ങൾ പറഞ്ഞപ്രകാരമുള്ള പരിചയം അവർക്കാർക്കുമില്ലായിരുന്നു.“

“ഇപ്പോഴവർ എവിടുണ്ട്...“

“അവർ ഏജൻസിയുടെ പ്രൊട്ടക്ഷനിലാണ്... ഒന്നുകിൽ അവരെ തിരിച്ചയക്കേണ്ടിവരും..“

“ന്റ പടച്ചോനേ... അവരിൽ പലരും ഉള്ള കിടപ്പാടം കിട്ടിയ വിലയ്ക്ക് കൊടുത്ത കാശുകൊടുത്ത് വന്നവരാ... അവരൊക്കെ ഒരു ഗതിയും പരഗതിയും ഇല്ലാത്തവരും ഏക പ്രതീക്ഷ ഈ മക്കളിൽ ആയിരിക്കും ..“

“എന്തു ചെയ്യാം.. നിയമമനുസരിച്ചല്ലേ നമുക്കിവിടെ എന്തേലും ചെയ്യാനാകൂ..“

“അവരെ ബന്ധപ്പെടാൻ എന്താണൊരു മാർഗ്ഗം...“

“ഞാൻ അഡ്രസ്സ് തരാം.. നിങ്ങൾക്ക് അവരുമായി ബന്ധപ്പെടാം..“

“അദ്ദേഹം അവരുടെ വിവരങ്ങൾ ശേഖരിച്ച് പറഞ്ഞ സ്ഥലത്തേയ്ക്ക് ധൃതിയിൽ പുറപ്പെട്ടു ... ഏകദേശം നൂറു കിലോമീറ്റർ യാത്രചെയ്യേണ്ടതുണ്ട്.. മരുഭൂമിയിലൂടെയുള്ള യാത്ര.. കാലാവസ്ഥയാണെങ്കിൽ നല്ല ചൂടും...“

വാഹനം അതിവേഗം പാഞ്ഞു... എന്താണ് ഇതിനൊരു പോംവഴി.. വിസാതട്ടിപ്പുകാരാരെങ്കിലുമായിരിക്കുമോ... അങ്ങനെയാണെങ്കിൽ തന്റെ സ്പോൺസറെ ഇടപെടുത്തേണ്ടിവരും... പലതും ചിന്തിച്ച് അദ്ദേഹം അവർ പറഞ്ഞ സ്ഥലത്തെത്തി.. ഒരു ഒഴിഞ്ഞ പ്രദേശം.. അവിടെ പഴയ ഒര ബിൽഡിംഗ് ... റിക്രൂട്ടിംഗ് ഏജ്‍സി എന്ന ബോർഡും പുറത്തു കാണാം... റിസപ്ഷനിൽ ഒരു അറബിക് ലേഡി ഇരിക്കുന്നു.. അവരോട് ബോസിനെ കാണണമെന്നു പറഞ്ഞു... അവർ തൊട്ടടുത്ത റൂമിലേയ്ക്ക് വിരൽ ചൂണ്ടി.

റഷീദ് അവിടേയ്ക്കു നടന്നു.. ഡോറിൽ മെല്ലെ തട്ടി... അകത്തേയ്ക്ക് കയറിക്കൊള്ളാൻ അനുവാദം നൽകി..

കാഴ്ചയിൽ മലയാളിയാണെന്നു തോന്നുന്നു.. കണ്ടപാടേ എഴുന്നേറ്റ് ഷേക്ക്ഹാന്റ് നൽകി

“ഞാൻ റഷീദ്... ഇവിടെ... ബേക്കേഴ്സ് ആന്റ് സ്വീറ്റ്സ് എന്ന സ്ഥാപനം നടത്തുന്നു .“

 മലയാളിയാണല്ലേ... നാട്ടിലെവിടെയാ...

“മലപ്പുറം പാറക്കടവിലാ .“

സംഭാഷണത്തിൽ നല്ലൊരു മനുഷ്യനാണെന്നു റഷീദിന് മനസ്സിലായി.. കണ്ണൂർക്കാരനാണ്. കാഴ്ചയിൽ 55 വയസ്സ് പ്രായം വരും.. വളരെ പക്വമായിട്ടാണ് സംഭാഷണം..

റഷീദ് വന്നകാര്യം പറഞ്ഞു...

“ഇതിവിടെ നിത്യസംഭവമാണ്.. ആ ഹോസ്പിറ്റലിലെ‍ പി.ആർ.ഒ. ഈജിപ്ഷ്യനാണ്... അയാൾ പുതിയ ആളാ.. അവർക്ക് ബി.എസ്.സി. നഴ്സിംഗ് ഉള്ള സ്റ്റാഫുകളയാണ് വേണ്ടത്.. മിനിമം രണ്ടുവർഷം എക്പീരിയൻസ്... അതിവർക്കുണ്ട്... ചെറിയൊരു തർക്കം നിലനിൽക്കുന്നതിനാൽ അവരെ ഞങ്ങൾ ജോയിൻ ചെയ്യിച്ചില്ല.. ഹോസ്പിറ്റലിന്റെ മുതലാളി ഇന്ന് വരുമെന്നാ പറഞ്ഞത് അദ്ദേഹം വന്നാലേ കാര്യം നടക്കുള്ളൂ... ഇക്കാര്യങ്ങളെല്ലാം കുട്ടികളോടൊക്കെ പറഞ്ഞതാ..“

“ജൂലിയെന്നകുട്ടി എന്റെ ഒരു ക്ലോസ് ഫ്രണ്ടിന്റെ മകളാണ്... അതാണ് തിരക്കി ഞാൻ വന്നത്...“

“ഒന്നും പേടിക്കാനില്ലെന്നേ... നാളയോ മറ്റന്നാളോ അവർ എല്ലാവരും ജോയിൻ ചെയ്യും. നിങ്ങൾക്ക്  കുട്ടിയെക്കാണാം.. ഞാൻ വിളിക്കാം..“

സെക്രട്ടിയോട് പറഞ്ഞ് ജൂലിയെ വിളിപ്പിച്ചു.

ജൂലി ഓഫീസിലെത്തി... റഷീദിനെക്കണ്ടപ്പോൾ അവൾക്ക് വലിയൊരാശ്വാസമായി... 

“എന്താ അങ്കിൾ..“

“മോളേ.. സ്റ്റീഫൻ ചേട്ടൻ  നാട്ടിൽ വീട്ടിൽ വന്നിരുന്നു.. അവർ ആകെ വിഷമിച്ചിരിക്കുന്നു. ഇവിടുത്തെ വിവരങ്ങളൊന്നുമറിയുന്നില്ലെന്നു പറഞ്ഞു..“

“ശരിയാ അങ്കിൾ ജോലിയിൽ ഇതുവരെ കയറാനായില്ല... അതാ വിളിക്കാഞ്ഞേ...“

“അതു കാര്യമാക്കേണ്ട... രണ്ടുദിസത്തിനകം നിങ്ങൾക്കെല്ലാം ജോലിയിൽ പ്രവേശിക്കാം.“

റഷീദ് ഫോണെടുത്ത് അവളുടെ കൈയ്യിൽ കൊടുത്തു... നാട്ടിലെ നമ്പർ ഡയൽചെയ്ത് അവൾ വിളിച്ചു..

“അപ്പുറത്ത് അവളുടെ മമ്മിയാണ് ഫോണെടുത്തത്... അവളുടെ ശബ്ദം കേട്ടപ്പോൾ അവർക്ക് ആശ്വാസമായി...“

“മമ്മീ... ഇവിടെ ഞാൻ ജോലിയിൽ കയറിയിട്ടില്ല... അതാ വിളിക്കാഞ്ഞത്.. പിന്നെ. റഷീദ്ക്ക ഇവിടെ എന്നെത്തിരക്കി വന്നു.. ഇക്കേടെ ഫോണീന്നാ വിളിക്കുന്നത് .. പപ്പയില്ലേ അവിടെ...“

“ഇല്ല മോളേ... വരുമ്പോൾ ഞാൻ കാര്യങ്ങൾ പറയാം... അവളിൽ നിന്നും റഷീദ് ഫോൺ വാങ്ങി... അവരോട് വിശദമായി സംസാരിച്ചു. അവർക്ക് അത് വലിയൊരാശ്വാസമായിരുന്നു.

പലപ്പോഴും ജോലിയന്വേഷിച്ചു പോകുന്നവരുടെ അവസ്ഥ പത്രത്തിലും മറ്റും വായിക്കാറുള്ളതാണല്ലോ... വിസയ്ക്ക് ലക്ഷങ്ങൾവാങ്ങി കബിളിപ്പിക്കപ്പെട്ട്നി രവധി യുവതികളും യുവാക്കളുമുള്ള സമൂഹമാണ് നമ്മുടേത്. ജീവിത പ്രാരാബ്ദങ്ങളിൽ നിന്നും രക്ഷപ്പെടുന്നതിനായി ഒരു നല്ല ജോലി എന്ന സ്വപ്നവുമായി എത്തപ്പെടുന്നത് ചിലപ്പോൾ അതികഠിനമായി ജോലിചെയ്യേണ്ട സ്ഥലങ്ങളിലായിരിക്കും. എത്രയോ സ്ത്രീകൾ വേശ്യാലയങ്ങളിൽ എത്തപ്പെട്ടിട്ടുണ്ട്. വർഷങ്ങളായി നാട്ടിൽപോലും പോകാനാവാതെ കഴിയുന്ന എത്രയോ സ്ത്രീകളും പുരുഷന്മാരും ഇന്ന് ഗൾഫ് രാജ്യങ്ങളിലുണ്ട്. ചിലർ അവരുടെ സ്വപ്നങ്ങളുടെ ചിറകൊടിഞ്ഞെന്നു മനസ്സിലാക്കി ജീവിതം അവസാനിപ്പിക്കുന്നു. ചിലർ ഒഴുക്കിനനുസരിച്ച് ജീവിക്കുന്നു. ചിലർ ഭാഗ്യം കൊണ്ട് രക്ഷപ്പെടുന്നു. ഇത് വർഷങ്ങളായി തുടരുന്നു. ഇതിൽ ഭരണാധികാരികളുടെ ശ്രദ്ധയും ആവശ്യമാണ്. കുടുംബം നോക്കാനായി കടംവാങ്ങിയും പുരയിടം പണയംവച്ചും ലക്ഷങ്ങൾ വിസയ്ക്ക് കൊടുത്ത് എത്തപ്പെടുന്നവർ കബളിപ്പിക്കപ്പെട്ടെന്നറിയുന്ന നിമിഷം അവർക്കതൊന്നും താങ്ങാനാവില്ല. കഷ്ടപ്പെട്ട് അധ്വാനിച്ച് നാട്ടിൽ ബന്ധുക്കളുടെ സന്തോഷം കണ്ട് സായൂജ്യമടയുന്ന എത്രയോ പ്രവാസികളെ നമുക്കറിയാം. നാലും അഞ്ചുംപേര് താമസിക്കുന്ന റൂമിൽ രണ്ടും മൂന്നും നില കട്ടിലിൽ അന്തിയുറങ്ങുന്നവർ.. എസി ഇല്ലാത്തവർ നനഞ്ഞ ചാക്കുവിരിച്ച് അതിന്റെ മുകളിൽ കിടന്നുറങ്ങുന്നവർ അവരുടെ കഷ്ടപ്പാടുകൾ നാട്ടിലുള്ളവർക്ക് അറിയില്ലല്ലോ... അങ്ങനെ അധ്വാനിച്ചുണ്ടാക്കുന്ന പണം അതിന്റെ മൂല്യം വളരെ വലുതാണ്... അതു മനസ്സിലാക്കുന്ന എത്ര ഭാര്യമാർ നമ്മുടെ നാട്ടിലുണ്ട്. എത്ര മക്കൾ നമ്മുടെ നാട്ടിലുണ്ട്. എത്ര രക്ഷകർത്താക്കൾ നമ്മുടെ നാട്ടിലുണ്ട്.. വിരലിലെണ്ണാവുന്നവർ മാത്രമായിരിക്കും.

ഒരു നഴ്സ് എന്നു പറയുന്നത് വെറുമൊരു ജോലിയായി മാത്രം കാണാൻ കഴിയുന്ന പദവിയല്ല.. ഒരുപാട് ത്യാഗം വേണ്ടിവരുന്ന ജോലി.. രാത്രിയെന്നോ പകലെന്നോ ഇല്ലാതെ പുഞ്ചിരിക്കുന്ന മുഖവുമായി രോഗികളെ പരിചരിക്കേണ്ടവൾ. രോഗിയുടെ വിസർജ്ജ്യങ്ങൾ ഒരുമടിയുമില്ലാതെ തുടച്ചു വൃത്തിയാക്കുന്നവൾ. എത്ര അത്യാസന്നരായ രോഗികളേയും മനോധൈര്യത്തോടെ പരിചരിക്കുന്നവൾ.. വെറുതെല്ല അവരെ ഭൂമിയിലെ മാലാഖമാർ എന്നു പറയുന്നത്. സ്വന്തം ജീവൻ പോലും പണയപ്പെടുത്തി മറ്റുള്ളവരുടെ ജീവൻ കാക്കാൻ വിധിക്കപ്പെട്ടവരാണ് ഈ മാലാഖമാർ നിപ്പായെന്ന മഹാവ്യാധി ഒരു പ്രദേശം മുഴുവൻ വ്യാപിച്ചു ജനങ്ങളെ ഭയത്തിന്റെ മുൾ മുനയിൽ നിറുത്തിയപ്പോൾ സ്വ ജീവൻ ത്യജിച്ചു കൊണ്ട് മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാൻ മുന്നിട്ടിറങ്ങി നമ്മെ വിട്ടു പോയ ലിനിയെന്ന മാലാഖയെ ഈ നിമിഷം പ്രാർത്ഥനയോടെ ഓർത്തു പോകുന്നു .അമ്മയുടെ ചേതനയറ്റ ശരീരം ഒരു നോക്ക് കാണാൻ പോലും കഴിയാതിരുന്ന അവരുടെ കുഞ്ഞുങ്ങൾ വളർന്നു വലുതാകുമ്പോൾ അമ്മയെ ഓർത്ത് അവർ അഭിമാനം കൊള്ളട്ടെ ..... റഷീദിന് ചെറിയൊരു പേടിയുണ്ടായെങ്കിലും അവിടെവന്ന് കാര്യങ്ങൾ കേട്ടപ്പോൾ വേറേ പ്രശ്നങ്ങളൊന്നുമില്ലെന്നു ബോധ്യമായി.

“ജൂലി മോൾക്ക് ഇവിടെ എന്തേലും ബുദ്ധിമുട്ടുകൾ..“

“ഇല്ല അങ്കിൽ... ഇവിടെ എല്ലാ സൗകര്യങ്ങളുമുണ്ട്. വേറേ ബുദ്ധിമുട്ടുകളൊന്നുമില്ല.“

“ആ ഹോസ്പിറ്റൽമാനേജ്മെന്റിലെ ഒരു മിസ്റ്റർ സെബാസ്റ്റ്യനെ എനിക്കറിയാം.“

“അങ്ങനെയെങ്കിൽ ഇക്ക അദ്ദേഹവുമായൊന്നു സംസാരിക്കണേ... ഇത് ആ ഈജിപ്ഷ്യന്റെ ഈഗോയാണ് എന്നാണ് പറയുന്നത്‌ ...“

“ശരി... എല്ലാം നേരേയാവട്ടെ...“

അവിടുത്തെ ടെലിഫോൺ നമ്പർ വാങ്ങി റഷീദ് അവരോട് യാത്രപറഞ്ഞിറങ്ങി.. അദ്ദേഹത്തിന്റെ മനസ്സിൽ നേരത്തേയുണ്ടായ ടെൻഷൻ മാറിക്കിട്ടിയിരുന്നു. ഉടൻതന്നെ വീട്ടിലേയ്ക്ക് വിളിച്ച് കാര്യങ്ങൾ പറഞ്ഞു. ഫസൽ സ്കൂളിൽ പോയിരുന്നതിനാൽ വാപ്പയോട് കാര്യങ്ങൾ വിശദമാക്കി.. സ്റ്റീഫന്റെ വീട്ടിൽ വിളിച്ച് കാര്യം പറഞ്ഞകാര്യവും അറിയിച്ചു.

റഷീദ്  നേരേ പോയത് ഹോസ്പിറ്റലിലേയ്ക്കാണ്.. അവിടെയെത്തി സെബാസ്റ്റ്യനെ കണ്ട് കാര്യങ്ങൾ ബോധ്യപ്പെടുത്തി..

സെബാസ്റ്റ്യൻ ഉടൻതന്നെ ഈജിപ്ഷ്യൻ പി.ആർ.ഒ.യെ വിളിപ്പിച്ചു.. കാര്യങ്ങൾ തിരക്കി.. അയാൾ പല ന്യായങ്ങളും നിരത്തി.. 

“എനിക്കതൊന്നും കേൾക്കേണ്ട.. ഇവിടെ സ്റ്റാഫുകളുടെ കുറവുണ്ട്. അതുകൊണ്ട് എത്രയും വേഗം അവരെ ജോയിൻ ചെയ്യിക്കണം.“

പി.ആർ.ഓ. തലകുലുക്കി..

“റഷീദിന് ധൈര്യമായി പോകാം... എല്ലാം ശരിയാക്കാമെന്നേ... പിന്നെ.. ഞാനും കുടുംബവും ബേക്കറിയിലേക്ക് വരുന്നുണ്ട്.. അടുത്താഴ്ച മോൾടെ ബർത്ത്ഡേയാ അവൾ എന്തൊക്കെയോ ലിസ്റ്റ് തയ്യാറാക്കി വച്ചിരിക്കുന്നെന്നു പറഞ്ഞു..“

“എപ്പോ വേണേലും പോന്നോളൂ... പുതിയ ഫ്ളേവേഴ്സ് വന്നിട്ടുണ്ട്.“

അവർ ഹസ്തദാനം ചെയ്ത് യാത്രപറഞ്ഞു..

റഷീദിന് ആശ്വാസമായി.. നല്ലൊരു കുട്ടിയാണവൾ അവളുടെ ഭാവിയിൽ സ്വപ്നം കണ്ടുകഴിയുന്ന ഒരു കുടുംബമാണ് അവളുടേത്.. എന്തായാലും വലിയൊരു പ്രശ്നമാവുമായിരുന്നത് ഇങ്ങനെയൊക്കെ മാറിപ്പോയല്ലോ.. റഷീദ് ആശ്വാസത്തോടെ ഓഫീസിലേയ്ക്ക് യാത്രയായി.. സമയം 5 മണി കഴിഞ്ഞിരിക്കുന്നു. ഇന്നത്തെ ദിവസം ഇതിനു വേണ്ടി മാത്രം മാറ്റിവയ്ക്കേണ്ടിവന്നു. സാരമില്ല... ഒരു നല്ലകാര്യത്തിനുവേണ്ടിയല്ലേ..

റഷീദ് ഓഫീസിലെത്തി തന്റെ കാബിനിലേയ്ക്ക് കയറി... 
 



തുടർന്നു വായിക്കുക അടുത്ത ഞായറാഴ്ച്ച  19 01 2020 


ഷംസുദ്ധീൻ തോപ്പിൽ 12 01 2020

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ