30.1.21

നിഴൽവീണവഴികൾ ഭാഗം 111

 

ഫസൽ തന്റെ റൂമിലെത്തി... ഇനി ക്ലാസ്സ് ആരംഭിക്കാൻ കുറച്ചു ദിവസങ്ങൾ മാത്രം... നാളെ ഡയറക്ടറുടെ ഓഫീസുവരെപോകണം... വെറുമൊരു യാത്ര... ഇനി ക്ലാസ്സു തുടങ്ങിക്കഴിഞ്ഞാൽ അങ്ങോട്ടുള്ള പോക്കു നടക്കില്ലല്ലോ... അടുത്ത ദിവസംരാവിലെ അവിടെ ചെറിയൊരു തർക്കം നടക്കുകയായിരുന്നു.

“റഷീദേ... എനിക്ക് പ്രത്യേകിച്ച് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലല്ലോ...“

“അങ്ങനല്ല വാപ്പാ... കഴിഞ്ഞപ്രാവശ്യം ചെക്കപ്പിന് ചെന്നപ്പോൾ എല്ലാമാസവും എത്തണമെന്നു ഡോക്ടർ പ്രതേകം പറഞ്ഞിരുന്നതല്ലേ... എന്നിട്ട് ഈ 6 മാസത്തിനിടയിൽ വാപ്പ പോയതുമില്ല.. തന്ന മരുന്നുകൾ വാങ്ങി അതുപോലേ കഴിക്കുന്നു... അതിലെന്തെങ്കിലും മാറ്റമുണ്ടെങ്കിലോ...“

“റഷീദേ... എന്റെ ആരോഗ്യം എനിക്കു നല്ല ബോധ്യമുള്ളതല്ലെ...“

“വാപ്പാ.. വാപ്പായൊന്നു കൂടെ വന്നാൽ മതി... എന്തു സമാധാനത്തിലാ ഞാൻ തിരികെ ഗൾഫിലേയ്ക്ക് പോകേണ്ടത്... അൻവറാണെങ്കിൽ അവിടെയാണ്.. ഇവിടെ ഫസലല്ലേ ആണായുള്ളൂ.. രണ്ടാഴ്ച കഴിഞ്ഞാൽ അവന്റെ ക്ലാസ്സും തുടങ്ങും... വാപ്പ ഇനി തടസ്സമൊന്നും പറയേണ്ട.. നമുക്കു പോകാം..“

സൈനബയും.. സഫിയയും മറ്റെല്ലാവരും നിർബന്ധിച്ചപ്പോൾ അവസാനം മനസ്സില്ലാ മനസ്സോടെ ഹോസ്പിറ്റലിൽ പോകാൻ ഹമീദ് തയ്യാറായി.....

“ന്നാ നമുക്ക് പോകാം... ഞാൻ റഡിയായി വരാമെന്നേ..“

“വളരെ പെട്ടെന്നുതന്നെ ഹമീദ് റഡിയായി വന്നു. സൈനബയും റഷീദും ഫസലും ഹോസ്പിറ്റലിലേയ്ക്ക് പോകാനിറങ്ങി.. ഹമീദ് ഫ്രണ്ട് സീറ്റിൽ ഇരുന്നു. റഷീദ് വണ്ടി ഓടിക്കുന്നു. ഫസലും സൈനബയും പിറകിലെ സീറ്റിൽ.. കാർ ഹോസ്പിറ്റൽ ലക്ഷ്യമാക്കി നീങ്ങി...

പരിചയമുള്ള ഡോക്ടറാണ്. വാപ്പയ്ക്ക് ശ്വാസംമുട്ടും ഷുഗറും, പ്രഷറും കൊളസ്റ്റോളുമൊക്കെയുണ്ട്. ഇല്ലാത്തതൊന്നും ഇന്നീ ശരീരത്തിലില്ല.. കൃത്യമായ ചെക്കപ്പ് ചെയ്യണമെന്നു ഡോക്ടർ പ്രത്യേകം പറഞ്ഞിട്ടുള്ളതാ.. പക്ഷേ താൻ എത്ര പറഞ്ഞാലും വാപ്പ പോകില്ല.. വീട്ടുകാർ നിർബന്ധിച്ചാലും വലിയ പാടാണ്... പഴയ ആൾക്കാരല്ലേ... മാറ്റിയെടുക്കാൻ ബുദ്ധിമുട്ടുമാണ്.

അവർ ഹോസ്പിറ്റലിലെത്തി.. പരിചിതമായ മുഖങ്ങളാണ് അവിടെയുള്ള സ്റ്റാഫുകളും... കൂടുതൽ നേരം കാത്തുനിൽക്കേണ്ടിവന്നില്ല... ‍ഡോക്ടറുടെ റൂമിലെത്തി...

“ഇതാര് ഹമീദോ.. റഷീദേ എന്താ നിങ്ങൾക്കൊരു ഉത്തരവാദിത്വമില്ലാത്തത്... ഞാൻ പ്രത്യേകം പറഞ്ഞിട്ടുള്ളതല്ലേ.. എല്ലാ മാസവും കൃത്യമായി ചെക്കപ്പ് നടത്തണമെന്ന്...“

“അത് വാപ്പയ്ക്ക് വലിയ മടിയാണ്..“

“അതൊക്കെ നിങ്ങൾ മക്കളുടെ ഉത്തരവാദിത്വമാണ്... അത് ഫസലിനു പറഞ്ഞു മനസ്സിലാക്കിച്ചുകൂടെ.. നാളെ ഡോക്ടറാവാനുള്ള ആളല്ലേ...“

“അത് ഡോക്ടർ...“ ഫസൽ നിന്നു പരുങ്ങി...

“പിന്നെ ഉമ്മ.. ഞാനൊന്നും പറയുന്നില്ല..“ ഡോക്ടർ ഇന്റർകോം എടുത്തു വിളിച്ചു. അൽപനേരത്തിനകം ഒരു നഴ്സ് അവിടെയെത്തി... ചെക്കപ്പ് ചെയ്യെണ്ട ഒരു വലിയ ലിസ്റ്റ് നൽകി... ഉടൻ തന്നെ വീൽചെയർ എത്തി.. അതിൽ ഹമീദിനെ ഇരുത്തി നേരേ ലാബിലേയ്ക്ക്.

“എന്റെ ചോരമൊത്തം ഊറ്റിയെടുത്തല്ലോ കുഞ്ഞേ നീ...“ ബ്ലഡ് എടുക്കുന്നതിനിടയിൽ നഴ്സിനോട്  ഹമീദ് പറഞ്ഞു.

“ഉപ്പാ... ആരോഗ്യത്തോടിരിക്കണ്ടേ.. അതിന് എല്ലാ പരിശോധനയും നടത്തേണ്ടേ...“

“ഇനി എന്ത് ആരോഗ്യം.. പടച്ചോന്റെ വിളി കാത്തിരിക്കുന്നു.. അത്ര തന്നെ..“

സിസ്റ്റർ ഒന്നും മിണ്ടിയില്ല... അടുത്തതായി എക്സ്റേ... അതുകഴിഞ്ഞ് ഇ.സി.ജി... പരിശോധയ്ക്കുള്ള സാമ്പിളുകളെല്ലാം എടുത്തുകഴിഞ്ഞു... കുറച്ചു റിസൾട്ടു വരുന്നതുവരെ വിശ്രമിക്കുന്നതിനായി വി.ഐ.പി. റൂം ഡോക്ടറുടെ നിർദ്ദേശപ്രകാരം അവർക്കു നൽകി... ഡോക്ടറോട് നന്ദി പറഞ്ഞ് അവരെല്ലാവരും അങ്ങോട്ടു പോയി...

2 മണിക്കൂറുകൾകഴിഞ്ഞപ്പോള‍് ഡോക്ടറുടെ വിളി വന്നു. റഷീദിനെ ഡോക്ടറുടെ മുറിയിലേയ്ക്കു വിളിപ്പിച്ചു. ചില റിസൾട്ടുകൾ വന്നിട്ടുണ്ട്.

“റഷീദേ... വാപ്പായുടെ ആരോഗ്യസ്തിതി വളരെ മോശമാണ്. യൂറിക് ആസിഡ് ലവൽ വളരെ കൂടുതലാ. ക്രിയാറ്റിന് പരിധി വളരെ കൂടിയിരിക്കുന്നു. പരിശോധന കൃത്യമായി നടത്തിയിരുന്നെങ്കിൽ നേരത്തേ കണ്ടെത്തി ചികിത്സിക്കാമായിരുന്നു. ശ്വാസകോശം ചുരുങ്ങുന്ന ചെറിയൊരു പ്രശ്നം അദ്ദേഹത്തിനുണ്ടല്ലോ... അത് വീണ്ടും ചെറിയ രീതിയിൽ ആരംഭിച്ചിരിക്കുന്നു. അതാണ് സംസാരിക്കുമ്പോൾ കിതപ്പ് അനുഭവപ്പെടുന്നത്...“ റഷീദ് ഡോക്ടറുടെ മുഖത്തുനോക്കി ഇരുന്നു.

“ഇസിജി എടുത്തു... ഹൃദയത്തിന് മിടിപ്പിനും ചെറിയ താളപ്പിഴവുകളുണ്ട്.. അത് പ്രായത്തിന്റേതാണെന്ന് ആശ്വസിക്കാം... പക്ഷേ..“

“എന്താ ഡോക്ടറേ..“

“ഇപ്പോൾ അതൊരു പ്രശ്നമല്ല.. പക്ഷേ ബാക്കിയുള്ള കാര്യങ്ങൾ വളരെ ശ്രദ്ധിക്കണം. ഷുഗറും പ്രഷറും നന്നെ കൂടിയിരിക്കുന്നു. ഷുഗർ ലവൽ ഇനിയും കൂടിയാൽ ഇൻസുലിൽ എടുക്കേണ്ടിവരും...“

“എന്തുവേണേലും ചെയ്യാം ഡോക്ടർ.“

“എന്തു ചെയ്യുന്നതിനും ഒരു പരിധിയില്ലേ റഷീദേ... നമക്കു നോക്കാം.. ഇനിയെങ്കിലും കൃത്യമായ പരിശോധന നടത്തുവാൻ പറയണം.. ഞാൻ രണ്ടാഴ്ചത്തേക്കുള്ള മരുന്നിന് എഴുതാം.. അതു കഴിഞ്ഞ് ഇവിടെ എത്തിക്കണം. ഈ പരിശോധനകൾ വീണ്ടും റിപ്പീറ്റ് ചെയ്യണം.. അതിനനുസരിച്ച് മരുന്നിൽ മാറ്റം വരുത്തുകയും വേണം.“

“ഡോക്ടർ വാപ്പയോടു ഒന്നു പറയണം.. ഞങ്ങൾ പറഞ്ഞിട്ട് കേൾക്കുന്നില്ല..“

“അത് ഞാൻ പറഞ്ഞുകൊള്ളാം... രക്തം കട്ടപിടിക്കാതിരിക്കാനുള്ള ആസ്പിരിൻ ടാബ് ഞാൻ എഴുതുന്നു. പ്രത്യേകം ശ്രദ്ധിക്കുക... ശരീരത്തിലെവിടെയും മുറിവുകളുണ്ടാകാതെ നോക്കണം. കാരണം ബ്ലഡ് ക്ലോട്ട് ചെയ്യാതെ വരുമ്പോൾ ബ്ലീഡിംഗ് ഉണ്ടാകും... അത് വളരെ അപകടമാണ്... ഒരാളുടെ ശ്രദ്ധ എപ്പോഴും ഉണ്ടാവണം. ഇരുന്നിട്ട് എഴുന്നേൽക്കുമ്പോൾ ഒരു ചെറിയ ശ്രദ്ധ ഉണ്ടായിരിക്കണം... മൂത്ര തടസ്സമുണ്ടായിരുന്നല്ലോ... പ്രോസ്റ്റേറ്റിന്റെ പി.എസ്.എ. ടെസ്റ്റ് നടത്തുന്നുണ്ട്... കഴിഞ്ഞപ്രാവശ്യം ചെറിയൊരു ഗ്രോത്തുണ്ടായിരുന്നു... നമുക്ക് നോക്കാം... എല്ലാ റിസൾട്ടുകളും ആയിട്ടില്ല...  പ്രായം കൂടിക്കൂടി വരികയാണ്. ആരോഗ്യം ക്ഷയിക്കുകയും ചെയ്യുന്നു. ശാരീരികമായ വളരെയധികം സൂക്ഷിക്കേണ്ട സമയമാണിത്. റഷീദ് എന്നാണ് പോകുന്നത്..“

“മറ്റന്നാൾ... “

“ഒക്കെ.. കുഴപ്പമില്ല.. നാളെ വൈകുന്നേരം റഷീദ് ഇങ്ങട് പോരേ... അപ്പോഴേയ്ക്കും പരിശോധനാ റിസൾട്ടുകൾ വന്നിട്ടുണ്ടാകും... അതിനുശേഷം വേണ്ട തീരുമാനങ്ങളെടുക്കാം.“

“പിന്നെ... റഷീദ് ‍ഞാനൊരു കാര്യം പറയാം.. വളച്ചുകെട്ടില്ലാതെ.. ഹമീദ് പ്രായമായിരിക്കുന്നു. നമ്മൾ പറയാറില്ലേ.. ഒരു അഗ്നിപർവ്വതത്തിന്റെ മുകളിലാണ് നമ്മൾ നിൽക്കുന്നതെന്നൊക്കെ.. അതുപോലായാണ് അദ്ദേഹത്തിന്റെ ശരീരത്തിന്റെ അവസ്ഥ.. എപ്പോഴാണ് പൊട്ടിത്തെറിക്കുകയെന്നറിയില്ല.. എന്തായാലും ഇനിയെങ്കിലും കുറച്ച് ശ്രദ്ധ ഉണ്ടാക്കാൻ ശ്രമിക്കുക... നിങ്ങൾക്ക് പോകാം.. രണ്ടാഴ്ചകഴിഞ്ഞ് ഹമീദിനേയും കൊണ്ടു വന്നാൽ മതി...“

“ശരി. ഡോക്ടർ..“

“പിന്നെ.. പേടിക്കേണ്ട... ഞങ്ങൾ ഡോക്ടർമാർ എന്തു പറഞ്ഞാലും എന്തു പറഞ്ഞ് സമാശ്വസിപ്പിച്ചാലും വിധിയെ തടുക്കാനാവില്ലല്ലോ... ഇൻഷാ അല്ലാ.. എല്ലാം നേരേയാകും..“

റഷീദ് നേരേ റൂമിലേയ്ക്ക്. പോയി... തൊട്ടു പുറകേ ഡോക്ടറുമെത്തി.. എല്ലാവരും ചാടി എഴുന്നേറ്റു...

“ഹമീദിക്കാ... ഞാൻ പറഞ്ഞിട്ടില്ലേ. കൃത്യമായ പരിശോധന ആവശ്യമാണെന്ന്... എന്നിട്ട് ഇതൊന്നും അനുസരിക്കില്ലേ... വീട്ടുകാർപറയുന്നതൊന്നും കേൾ‌ക്കില്ലെന്നു തോന്നുന്നല്ലോ...“

“അത് ഡോക്ടർ..“

“ഇക്കാ ഒന്നുംപറയേണ്ട.. രണ്ടാഴ്ച കഴിഞ്ഞു വരാൻ പറഞ്ഞിട്ടുണ്ട്.. തന്നിരിക്കുന്ന മരുന്നുകൾ മുടക്കമില്ലാതെ കഴിക്കേണം... എഴുന്നേൽക്കുമ്പോഴും ഇരിക്കുമ്പോഴും ഒരൽപം ശ്രദ്ധ കൂടുതൽ ചെലുത്ത്ണം...“

“ശരി ഡോക്ടറേ..“

വാപ്പയ്ക്ക് സ്വന്തം ആരോഗ്യത്തെക്കുറിച്ച് ഒരു ശ്രദ്ധയുമില്ല.. എന്തു പറ‍ഞ്ഞാലും പറയുന്ന കാര്യങ്ങൾ ചെവിക്കൊള്ളില്ല... എന്തായാലും ഡോക്ടറുടെ വിരട്ട് ഏറ്റെന്നു തോന്നുന്നു... മറിച്ചൊന്നും പറ‍ഞ്ഞതുമില്ല... റഷീദിന്റെ മനസ്സു മുഴുവും‍ ഡോക്ടർ പറഞ്ഞ കാര്യങ്ങളായിരുന്നു.

റഷീദിന്റെ ഉള്ളിൽ ചെറിയൊരു വിങ്ങൽ... വാപ്പയ്ക്ക് എന്താണാവോ... പലതരം അസുഖങ്ങൾ ഉണ്ടെന്നറിയാം. മൂത്രാശയസംബന്ധമായ അസുഖം കഴിഞ്ഞതവണയാണ് കണ്ടെത്തിയത്.. വളരെ സൂക്ഷിക്കണമെന്നും ഇല്ലെങ്കിൽ കിഡ്നിയെത്തന്നെ ബാധിക്കാമെന്നും പറഞ്ഞിരുന്നു. എന്തായാലും നേരിടുകതന്നെ.. തങ്ങൾ വളരുന്നതിനൊപ്പം പാവം തളരുകയാണോ എന്നൊരു തോന്നൽ.. അതങ്ങനെയാണല്ലോ... ജീവിതത്തിൽ വാപ്പയെന്നു പറയുമ്പോൾ എല്ലാ ചുമതലകളും സ്വയം ഏറ്റെടുത്ത് എരിഞ്ഞ്‍ എരിഞ്ഞ് തീരുന്ന അല്ലെങ്കിൽ അതിനു വിധിക്കപ്പെട്ട ജന്മം. ഇന്നു തങ്ങൾക്കുള്ള ഈ തണൽ അദ്ദേഹം കൊണ്ട വെയിലാണ്...

റഷീദിന്റെ ഉള്ളിലെ വിഷമം ആരേയും അറിയിച്ചില്ല.. എന്തിന് എല്ലാവരേയും വിഷമിപ്പിക്കുന്നത്. ഫാർമസിയിൽ നിന്നും മരുന്നും വാങ്ങി അവർ യാത്ര തിരിച്ചു .. വഴിയിൽ നിന്നും കുറച്ചു അണ്ടിപ്പരിപ്പ് വാങ്ങി.. ഗൾഫിലേയ്ക്ക് കൊണ്ടുപോകാനായി.. ഹൽവയും ചിപ്സും, മറ്റു ചില പലഹാരങ്ങളും വീട്ടിലുണ്ടാക്കുന്നുണ്ട്. വാഴത്തോപ്പിൽനിന്നും നല്ല വിളഞ്ഞ ഏത്തവാഴ രാവിലെ വെട്ടിക്കൊടുത്തിരുന്നു. കൂടാതെ തെക്കേപറമ്പിലെ പ്ലാവിൽനിന്നും വിളഞ്ഞ ചക്കയും... അതുരണ്ടും ചിപ്സാക്കാനായാണ്.. ഹൽവയുടെ കാര്യം നാദിറയാണ് നോക്കുന്നത്.. തിരികെപ്പോകുമ്പോൾ അവിടുള്ളവർക്കു കൊടുക്കാൻ എന്തേലും കൊണ്ടുപോകണമല്ലോ... ബേക്കറിയിൽ എല്ലാം കിട്ടും. എന്നാലു നാടിന്റെ രുചി എല്ലാ മലയാളികൾക്കും ഒരു മറക്കാനാവാത്ത ഓർമ്മതന്നെയാണ്...

സാധനങ്ങളുമായി റഷീദും ഫസലും തിരികെയെത്തി. വണ്ടിയുടെ ഡിക്കിൽ വച്ച്. വീണ്ടും യാത്രതുടങ്ങി.. വാഹനം മെയിൻ റോഡിലെത്തി. റഷീദ് ഡ്രൈവർ സീറ്റിൽനിന്നുമിറങ്ങി..

“ഫസലേ... നീ ഡ്രൈവർ സീറ്റിൽ കയറിയേ...“ ഡ്രൈവിംഗ് പഠിച്ച് ലൈസൻസും എടുത്തു.. പക്ഷേ ഓടിക്കാറില്ലായിരുന്നു. റഷീദ് മാമ പറഞ്ഞതല്ലേ... അവൻ ഡ്രൈവർ സീറ്റിൽ കയറി... ആദ്യം വണ്ടി മുന്നേട്ടെടുക്കാൻ തുടങ്ങിയപ്പോഴേയ്ക്കും ഓഫായി. റഷീദ് വിശദമായി ചെയ്യേണ്ടതെന്തെന്നു പറഞ്ഞുകൊടുത്തു. അടുത്ത പ്രാവശ്യം അവൻ ലക്ഷ്യം കണ്ടു. സാവധാനം വാഹനം മുന്നോട്ടു പോയിത്തുടങ്ങി... കുഴപ്പമില്ല.വളരെ ശ്രദ്ധിച്ച് അവൻ ഓടിക്കുന്നുണ്ട്. റഷീദ് നിയമങ്ങൾ പാലിച്ച് ഓടിക്കേണ്ടതിന്റെ ആവശ്യകതകളും ഓവർടേക്ക് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും അവനോട് പറഞ്ഞുകൊണ്ടിരുന്നു. അവൻ ശ്രദ്ധിച്ച് എല്ലാം കേട്ടു... ഹമീദിന് അവന്റെ ഡ്രൈവിംഗ് ഒരത്ഭുതമായിരുന്നു. ഇതുവരെ അവൻ കാറോടിക്കുന്നത് കണ്ടിട്ടില്ല.“

ഹമീദ് പിറകിലിരുന്ന പറഞ്ഞു... “മോനേ വളരെ സൂക്ഷിക്കണേ...“

“കുഴപ്പമില്ല വാപ്പ... അവൻ നന്നായി ഓടിക്കുന്നുണ്ട്.. നമ്മളില്ലാത്തപ്പോൾ വിഷ്ണുവിനേയും കിട്ടിയില്ലെങ്കിൽ പുറത്തുപോകാൻ ഇവനുണ്ടെന്നുള്ള ഒരു ധൈര്യമുണ്ടാകുമല്ലോ...“

“ശരിയാ... രാത്രിയിയിൽ എന്തേലും അത്യാവശ്യം വന്നാൽ വലിയ പാടായിരിക്കും...“

അത്യാവശ്യം കുഴപ്പമില്ലാത്ത രീതിയിൽ ഫസൽ വാഹനംഓടിച്ചു.. വീടിലേയ്ക്കുള്ള വളവ് തിരിഞ്ഞ് ചെറിയ റോഡിലൂടെ യാത്ര.. വളരെ സൂക്ഷിച്ച് അവൻ വാഹനം വീടിനു മുന്നിലെത്തിച്ചു... റഷീദ് വണ്ടിയിൽ നിന്നുമിറങ്ങി ഗേറ്റ് തുറന്നിട്ടു... അവൻ ഗേറ്റിലൂടെ വാഹനം കയറ്റി മുറ്റത്തെത്തിച്ചു. സഫിയ അവിടെ നിൽപ്പുണ്ടായിരുന്നു.

“ഇക്കാ... ഇവന് ഓടിക്കാനറിയാമായിരുന്നോ.“

“അവനാ സഫിയ ഇതുവരെ ഓടിച്ചത്...“

സഫിയയ്ക്ക് മകനെക്കുറിച്ചോർത്ത് അഭിമാനം തോന്നി... വീട്ടിലെ ആവശ്യത്തിന് ഒരു ചെറിയ വണ്ടി വേണമെന്ന് റഷീദ് പറയുന്നുണ്ടായിരുന്നു. അത് ഫസലിനെ ഏൽപ്പിച്ചാൽ അവന് ഓടിക്കാമല്ലോ... അപ്പോഴേയ്ക്കും വിഷ്ണുവും എത്തിയിരുന്നു. ഇന്ന് ഒരു ഓട്ടമുണ്ടെന്ന് നേരത്തേ പറഞ്ഞിരുന്നു.

“വിഷ്ണു ഇവന്റെ കൈയ്യൊന്നു തെളിയിച്ചെടുക്കണം... ഞാനൊരു ചെറിയ വണ്ടിയെടുക്കാ.. അത്യാവശ്യം വീട്ടുകാര്യങ്ങളൊക്കെ നടക്കുമല്ലോ...“

“ശരിയാ റഷീദിക്കാ...“

റഷീദ് വാഹനം വാടകയ്ക്ക് നൽകുന്നത് പണം മോഹിച്ചല്ല... ആ ഗ്രാമത്തിൽ ടാക്സികളില്ല.. അവിടുത്തുകാർക്ക് ഈ വണ്ടി വലിയൊരനുഗ്രഹമാണ്. അത്യാവശ്യ കാര്യങ്ങൾക്ക് പോകാനും മറ്റും ഈ വണ്ടിയാണ് വിളിക്കുന്നത്. അധികം പണം വാങ്ങരുതെന്ന് റഷദ് പറഞ്ഞിട്ടുമുണ്ട്.

റഷീദ് വീട്ടിലെത്തിയപ്പോഴേയ്ക്കും അഭിമന്യു താഴേയ്ക്കുവന്നിരുന്നു. അവന്റെ ഭാര്യയും പലഹാരം ഉണ്ടാക്കുന്ന തിരക്കിലായിരുന്നു. രണ്ടു ദിവസം എങ്ങോട്ടും യാത്രയില്ല. കാരണം ഇനി പോകാനുള്ള തയ്യാറെടുപ്പ്. വാപ്പാന്റെ പരിശോധനാറിസൾട്ടുകൾ ബാക്കിയുള്ളത് നാളെ ലഭിക്കും... അതുവാങ്ങാൻ നാളെ രാവിലെ പോകണമെന്ന് അഭിമന്യുവിനോടു പറഞ്ഞു.. ഹോസ്പിറ്റലിൽ ഡോക്ടർ പറഞ്ഞ കാര്യങ്ങളും അഭിമന്യുവിനോട് പറഞ്ഞു. അപ്പോഴേയ്ക്കും അഭിമന്യുവിന്റെ ഭാര്യ എത്തിയിരുന്നു. അവളോട് കിട്ടിയ റിസൾട്ട് റഷീദ് കാണിച്ചു. അവൾ എം.എസ്.സി. നഴ്സിംഗ് കഴിഞ്ഞതാണ്. അതുമാത്രമല്ല ക്രിട്ടിക്കൽ കെയർ യൂണിറ്റിലാണ് ജോലിചെയ്യുന്നതും.. റിസൾട്ടിലേയ്ക്ക് അവൾ കണ്ണോടിച്ചു..

“ഇക്കാ.. നമ്മൾ വളരെ സൂക്ഷിക്കണം. വാപ്പയ്ക്ക് പ്രായത്തിന്റേതായ പ്രശ്നങ്ങളുണ്ട്.. ഓരോ അവയവങ്ങൾക്കും വാർദ്ധക്യം ബാധിക്കും.. ചെക്കപ്പ് മുടങ്ങാൻ പാടില്ല.. ഡോക്ടർ പറഞ്ഞതുപോലെ ചെയ്യുകയും വേണം...“ അപ്രതീക്ഷിതമായി സഫിയ അങ്ങോട്ടേയ്ക്ക് വന്നപ്പോൾ അവർ സംഭാഷണം നിർത്തി.. അവളെ വെറുതേ വിഷമിപ്പിക്കേണ്ടെന്നു കരുതി...

“എന്താ എല്ലാവരും കൂടി ഒരു മീറ്റിംഗ്.“

“നമ്മുടെ തിരികെപ്പോക്ക് എങ്ങനെ ആഘോഷിക്കണമെന്ന് ആലോചിക്കുകയാ.“

“ഇന്ന് ഉച്ചക്ക് മട്ടൻ.. രാത്രി വെജിറ്റേറിയൻ... നാളെയും കൊതിയൂറും വിഭവങ്ങൾ.. പോരേ..“

“മതി.. മതി.. സഫിയയ്ക്ക് ഇതൊരു ഉത്സവപ്രതീതിയാണല്ലോ...“

“ഇതൊക്കെയല്ലേ ഒരു സന്തോഷം..“

ശരിയാണ്. സഫിയ തന്റെ ദുഃഖങ്ങളെല്ലാം മറന്ന ദിവസങ്ങളായിരുന്നു കഴിഞ്ഞു പോയത്. സന്തോഷത്തിന്റെ നിമിഷങ്ങൾ അവളും എല്ലാവർക്കുമൊപ്പം ആഘോഷിക്കുകയായിരുന്നു. തന്റെ വീടുപണി തുടങ്ങി.. മോന്റെ പഠനം ആരംഭിക്കാൻ പോകുന്നു. ഒരുതരത്തിൽ തന്റെ ജീവിതം ഇങ്ങനെയായത് ദൈവവിധിയായിരിക്കും അല്ലെങ്കിൽ തന്റെ മകൻ ഇവിടെവരെ എത്തുമായിരുന്നോ.. ആ ഗ്രാമത്തിൽ അവരുടെ ആട്ടും തപ്പും ഏറ്റു ജീവിക്കേണ്ടി വരുമായിരുന്നില്ലേ...

സഫിയ വീണ്ടും തന്റെ ജോലികളിൽ മുഴുകി... ഹമീദ് ഡ്രസ്സ് മാറി തിരികെയെത്തി... അഭിമന്യുവും ഹമീദുമായി കൊച്ചു വർത്തമാനങ്ങളും പറഞ്ഞിരുപ്പായി... നാട്ടിലെ കാര്യങ്ങളും ഗൾഫിലെ വിശേഷങ്ങളും എല്ലാം കേൾക്കാൻ ഹമീദിനിഷ്ടമായിരുന്നു. ഊണു സമയമായപ്പോഴാണ് രണ്ടാളും നിർത്തിയത്.

ഫസൽ മുകളിലായിരുന്നു. അവൻ വായനയുടെ ലോകത്തായിരുന്നു. ലൈബ്രറിയിൽ നിന്നുകൊണ്ടുവന്ന പുസ്തകങ്ങൾ. വായന ഇന്നവനൊരു ഹരമായി മാറിയിരുന്നു. ധാരാളം സമയമുണ്ട്. വായനയുടെ ലോകം വളരെ വലുതാണെന്ന് അവൻ തിരിച്ചറിഞ്ഞു... അറിയാനും അറിയിക്കാനുമുള്ളൊരു മാധ്യമം.. ഇടയ്ക്കിടയ്ക്ക് ചില നോട്ടുകൾ എഴുതി സൂക്ഷിക്കാറുമുണ്ട്... നാളെ സിറ്റിയിലേയ്ക്ക് പോകാനീരുന്നതാണ്. പക്ഷെ ഹോസ്പിറ്റലിൽ റഷീദ് മാമയോടൊപ്പം പോകേണ്ടതിനാൽ അവൻ അതു മാറ്റിവച്ചു. മറ്റന്നാൾ എയർപോർട്ടിലേയ്ക്ക് പോകണം അതിനാൽ തൊട്ടടുത്ത ദിവസം യാത്രയാവാമെന്ന് അവൻ തീരുമാനിച്ചു. താഴെ നിന്നും ഊണുകഴിക്കാൻ വിളിവന്നപ്പോൾ ഫസൽ താഴേയ്ക്കു വന്നു. എല്ലാവർക്കുമൊപ്പം ഭക്ഷണം കഴിച്ചു.. മുറ്റത്തു നല്ല തണലായിരുന്നു ഓരോരുത്തരായി അവിടേയ്ക്കെത്തി.. എല്ലാവരും ഓരോരോ കാര്യങ്ങൾ പറയുന്നു... തമാശകൾ പിണക്കങ്ങൾ... ആരേയും അസൂയപ്പെടുത്തുന്ന ഒത്തൊരുമയായിരുന്നു അവർക്ക്...

മറ്റേതു സംസ്ഥാനത്തെയും അപേക്ഷിച്ച് കേരളത്തിൽ കോവിഡ് രോഗികളുടെ എണ്ണം കൂടിവരുന്നു. ഏക പ്രതീക്ഷ മരണനിരക്ക് കുറവാണെന്നുള്ളതാണ്. പരിശോധന വർദ്ധിപ്പിക്കുകയും വാക്സിൻ വിതരണം ഊർജ്ജിതമാക്കുയും ചെയ്യുന്നു. ജനങ്ങളുടെ ജാഗ്രതയാണ് ഇതിനു ഏറ്റവും പ്രധാനമായി വേണ്ടത്. ഭരണകൂടത്തിന് പരിമിതികളുണ്ട്.. ജനം സ്വയം ജാഗ്രതപാലിക്കുക.. കാത്തിരിക്കാം നല്ലൊരു പുലരിക്കായി...


സസ്നേഹം ഷംസുദ്ധീൻ തോപ്പിൽ 31 01 2021

തുടർന്ന് വായിക്കുക അടുത്ത ഞായറാഴ്‌ച്ച 07 02 2021

23.1.21

നിഴൽവീണവഴികൾ ഭാഗം 110

 

അടുത്ത ദിവസത്തേക്കുള്ള തയ്യാറെടുപ്പുകൾ തുടങ്ങിക്കഴിഞ്ഞിരുന്നു. മാർക്കറ്റിൽ നിന്നും ഭക്ഷണത്തിനുള്ള സാധനങ്ങൾ വാങ്ങിയെത്തിയിരുന്നു. സഹായത്തിനായി വിഷ്ണുവിന്റെ അമ്മയും വന്നിരുന്നു. വിവാഹശേഷം എല്ലാവർക്കും ഒരുമിച്ചു കൂടണമെന്നുള്ള ആഗ്രഹം റഷീദ് തന്നെയാണ് പറഞ്ഞത്.. അത് അവർ എല്ലാവരും അംഗീകരിച്ചു. രാവിലെ എല്ലാവരും എത്തണമെന്ന് അറിയിച്ചിട്ടുണ്ട്. റഷീദിന്റെ കുടുംബവും അഭിമന്യുവിന്റെ ഭാര്യയും കുടുംബവും... എല്ലാവരുംകൂടി ഒരു പതിനഞ്ചുപേരു വരുമെന്നു പ്രതീക്ഷിക്കുന്നു. മട്ടൻ ബിരിയാണിയും ചിക്കൻ ഫ്രൈയും... അതാണ് ഉദ്ദേശിക്കുന്ത്. കൂടെ ഒരു കടല പായസവും...

ഗൾഫിൽ അൻവറിന്റെ ജീവിതം തിരക്കുപിടിച്ചതായിരുന്നു. റഷീദും അഭിമന്യുവും നാട്ടിലായത് പണി ഇരട്ടിപ്പിക്കുകയും ചെയ്തു. സൗദി അറേബ്യയിൽ നിന്നും കോളുകളും വരും അതിനുള്ള പരിഹാരം നിർദ്ദേശിക്കണം. മറ്റു ബ്രാഞ്ചുകളുടെ പ്രശ്നങ്ങൾ പരിഹരിക്കണം. ഇവിടുത്തെ ബിസിനസ്സ് നല്ല നിലയിൽ ആയിരിക്കുന്നു. ഇതൊരു ബ്രാന്റ് നെയിമായി അറിയാൻ തുടങ്ങിയിരിക്കുന്നു. സിനിമാ തിയേറ്ററിലേയ്ക്ക് വരുന്നവർ ഇവിടെ കയറാറുമുണ്ട്. കൂടാതെ കോളേജ് സ്റ്റുഡന്റ്സ്, മാർക്കറ്റിൽ വരുന്നവർ അങ്ങനെ...

കഴിഞ്ഞകാല നഷ്ടങ്ങളൊന്നും അൻവറിപ്പോൾ ഓർക്കാറില്ല... ഇടയ്ക്കിടയ്ക്ക് അമ്മായിയെ വിളിക്കാറുണ്ട്. ഒരുകാലത്ത് ജോലിയില്ലാതെ നാട്ടിൽ നിന്ന സമയത്ത് അമ്മായിയാണ് പുതിയൊരു വാതിൽ തുറന്ന് തന്നത്.. അതിനുള്ള പ്രതിഫലം അവർക്ക് നൽകുകയും ചെയ്തിട്ടുണ്ട്. നഷ്ടത്തിലായിരുന്ന കമ്പനിയെ ലാഭത്തിലാക്കി അവരുടെ കൈയ്യിൽ തിരികെ നൽകി.. ഇതുവരെയും യാതൊരു പ്രശ്നങ്ങളുമില്ല.. എല്ലാറ്റിനും തന്റെ മേൽനോട്ടം തുടർന്നും വേണമെന്നു പറഞ്ഞതുപ്രകാരം ഇപ്പോൾ അതൊക്കെ ചെയ്തുപോകുന്നു.

നാദിറയുടെ പഴയ സ്വഭാവമൊക്കെ മാറിയിരിക്കുന്നു. അവളൊരു ഉമ്മയായി... ജീവിതപ്രാരാബ്ദങ്ങളിൽ പഴയ കാര്യങ്ങളെയോർത്ത് കുറ്റബോധം തോന്നിയിട്ടുണ്ട്. ബാപ്പയുടെയും ഉമ്മയുടെയും വാക്കുകൾ കേട്ട് തന്റെ ഭർത്താവിനെയും കുടുംബത്തെയും തള്ളിപ്പറയേണ്ടിവന്നിട്ടുണ്ടവൾക്ക്... ഭർത്താവിനെ അവരിൽ നിന്നകറ്റിയിട്ടുണ്ട്. എല്ലാറ്റിനും അല്ലാഹു ശിക്ഷ നൽകിയിട്ടുണ്ട്. ആ പാഠത്തിൽ നിന്നും പുതിയൊരാളായി മാറുകയായിരുന്നു നാദിറ. എന്തിന് അവസരങ്ങൾ ഉണ്ടായിരുന്നപ്പോഴും റഷീദിനെ ഗൾഫിൽ കൊണ്ടുപോകാൻ ശ്രമിച്ചിരുന്നില്ല. അവസാനം അവൻ തന്നെ വേണ്ടിവന്നു തന്നെ രക്ഷപ്പെടുത്താൻ. സ്റ്റാഫിന്റെ വിളി കേട്ടാണ് പഴയ ഓർമ്മകളിൽ നിന്നും അൻവർ ഉണർന്നത്.

പഴയതൊക്കെ ഓർക്കണമല്ലോ... അൽപകാലം ഈ ദുനിയാവിലുള്ള മനുഷ്യന്റെ ജീവിതത്തിൽ കാട്ടിക്കൂട്ടുന്ന പരാക്രമങ്ങൾ.. അതിനിടയിൽ തിരിഞ്ഞു നോക്കുന്നവന് രക്ഷപ്പെടാനുള്ള വഴിയും അള്ളാഹു തന്നിട്ടുണ്ട്.

സ്റ്റീഫനും കുടുംബവും പതിനൊന്നു മണിക്കുതന്നെ വീട്ടിലെത്തി... വളരെ സന്തോഷകരമായ നിമിഷങ്ങളായിരുന്നു. മതത്തിന്റെയും ജാതിയുടെയും വേലിക്കെട്ടുകൾക്കപ്പുറം മനുഷ്യത്വമാണ് വലുതെന്ന് പറഞ്ഞു പഠിപ്പിക്കുന്ന ഹമീദ്... ഉത്തമ ഉദാഹരണമാണ്. സ്റ്റീഫന്റെ മരുമകൻ ആളു നല്ല സ്മാർട്ടാണ്. നല്ല വിദ്യാഭ്യാസം... പക്വമായ പെരുമാറ്റവും സംഭാഷണവും... ഫസൽ എല്ലായിടത്തും ഓടി നടക്കുന്നുണ്ടായിരുന്നു. സ്റ്റീഫന്റെ മകൾക്കും മരുമകനും അടുത്ത ആഴ്ച തിരികെപ്പോകണം.. അഭിമന്യുവിന് ഇനി അധിക ദിവസങ്ങളില്ല... മരുമകൻ റഷീദിന്റെ ഓഫീസിലാണ് ജോലിചെയ്യാൻ പോകുന്നത്... അവർക്കു രണ്ടാൾക്കും അവിടെ താമസിക്കാനുള്ള സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. അഭിമന്യുവും കുടുംബവുമായാണ് യാത്ര. രണ്ടാൾക്കും ഒരു ബിൽഡിംഗിൽ തന്നെയാണ് ഫ്ലാറ്റെടുത്തിരിക്കുന്നത്. വർഷങ്ങളായി റഷീദും അഭിമന്യുവും ഒരുമിച്ചായിരുന്നു താമസിച്ചിരുന്നത്. വിവാഹ ശേഷം ഇവിടെത്തന്നെ കൂടണമെന്നായിരുന്നു അഭിമന്യുവിന്റെ തീരുമാനം. റഷീദാണ് അത് മാറ്റിയത്. കാരണം വിവാഹംകഴിഞ്ഞ് ഇവിടെത്തന്നെ താമസിക്കാനുള്ള സൗകര്യമുണ്ട്. പക്ഷേ ഒരു കുടുംബമാകുമ്പോൾ അതിന്റെ ചുറ്റുപാടുകളും അങ്ങനെയുള്ളതായിരിക്കണം. തിരക്കുകളിൽ നിന്നൊഴിഞ്ഞ് കുടുംബത്തിന്റെതായ വൈബ്... ഇവിടെ ഒരു കമ്പനി അക്കോമഡേഷന്റെ വൈബല്ലേ... പിന്നെ അവർ വലിയ ദൂരത്തിലുമല്ല താമസിക്കുന്നത്... നടന്നു പോകാവുന്നത്ര ദൂരംമാത്രം...

സ്റ്റീഫനെപ്പോലെ വളരെ നല്ല സ്വഭാവമാണ് അദ്ദേഹത്തിന്റെ മകളും... എല്ലാവരോടും വളരെ സൗമ്യമായാണ് പെരുമാറുന്നതും... ഹമീദും സ്റ്റീഫനും വളരെ സീരിയസായികാര്യങ്ങൾ  സംസാരിക്കുകയായിരുന്നു. രണ്ടാളും സിറ്റൗട്ടിലാണ്. ബാക്കിയെല്ലാവരും അകത്തും മുറ്റത്തുമായി നിൽക്കുന്നു... എല്ലാവരും അവരവരുടെ ലോകത്തിലാണ്. ഹമീദിന്റെ ജീവിതം ഏറെക്കുറെ സ്റ്റീഫനറിയാം... പലപ്പോഴായി അവരിൽ നിന്നുതന്നെ അറിഞ്ഞിട്ടുള്ളത്. സ്റ്റീഫൻ കാഞ്ഞിരപ്പള്ളിക്കാരൻ അച്ചായനായിരുന്നു. കൂടുംബത്തിലെ ഏഴാമൻ... ഏറെ ലാളനകളേറ്റു വളർന്നവൻ.. പട്ടാളത്തിൽചേരണമെന്ന ആഗ്രഹം കുട്ടിക്കാലംമുതലേ ഉണ്ടായിരുന്നു. വീട്ടിൽ വലിയ ബുദ്ധിമുട്ടുകളൊന്നുമില്ല. പ്രീഡിഗ്രി കഴിഞ്ഞപ്പോൾത്തന്നെ വീട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങാതെ പട്ടാളത്തിൽ ചേരാനുള്ള ആഗ്രഹവുമായി നടന്നു. പല വാതിലുകളും മുട്ടി... അവസാനം അദ്ദേഹത്തിന്റെ ആഗ്രഹം സാധിച്ചു. ആദ്യ നിയമനം തന്നെ ജമ്മുകാഷ്മീരിലായിരുന്നു. തീർത്തും വ്യത്യസ്ഥമായ കാലാവസ്ഥ.. ഏറെ കഷ്ടപ്പെട്ട് ട്രെയിനിങ്ങ് പൂർത്തിയാക്കി.. ഇടയ്ക്ക് നാട്ടിലേയ്ക്കു വരാറുണ്ടായിരുന്നു. കാരണം താൻ ഇഷ്ടപ്പെടുന്ന ഒരു കുട്ടി ആ നാട്ടിലുണ്ടായിരുന്നു. സ്വന്തം ജാതിയിലല്ല എന്ന ഒരു പ്രശ്നമുണ്ട്. അല്ലെങ്കിലും ഇഷ്ടം തോന്നുന്നത് ജാതിയും മതവും നോക്കിയല്ലല്ലോ... അവൾ നന്നായി പഠിക്കുമായിരുന്നു. വീട്ടുകാർക്ക് ഈ ബന്ധത്തെക്കുറിച്ച് ഒരറിവുമുണ്ടായിരുന്നില്ല. അറിഞ്ഞാൽ ഒരിക്കലും നടക്കില്ലെന്നുമറിയാം.. പക്ഷേ താനൊരു ജവാനാണ്. വാക്കിനു വില കൽപിക്കേണ്ടവൻ.. രാജ്യം കാക്കേണ്ടവൻ.. അവൾക്കു കൊടുത്ത വാക്കു പാലിക്കണം... കഠിനമായ ജീവിതത്തോടു പൊരുതി കാലാവസ്ഥയോടു പടവെട്ടി അയാൾ തന്റെ ആർമി ജീവിതം തുടർന്നു. ഇടയ്ക്കിടയ്ക്ക് വരുന്ന കത്തുകളും.. അതിനുള്ള മറുപടിയും ഇടതടവില്ലാതെ തുടർന്നു... ഒരു കത്തിൽ തന്റെ ഭാവിവധുവായി കരുതിയിരുന്ന അവളുടെ വിവാഹം ഉറപ്പിച്ച കാര്യമാണ് ഉണ്ടായിരുന്നത്... തന്നെവിളിച്ചിറക്കി വിവാഹം കഴിച്ചില്ലെങ്കിൽ താൻ ജീവിതം അവസാനിപ്പിക്കും എന്ന ഒരു ഭീഷണിയും... കത്തയച്ച ഡേറ്റ് നോക്കി.. ഇനി വെറും നാലു ദിവസങ്ങൾ മാത്രം... ഒന്നുമാലോയിച്ചില്ല.. മേലധികാരി ഒരു ഹിന്ദിക്കാരനായിരുന്നു. അദ്ദേഹത്തോട് കാര്യം പറഞ്ഞു. വളരെ മനുഷ്യത്വമുള്ള ഒരാൾ... വേഗം വിട്ടുകൊള്ളാൻ പറഞ്ഞു...

തന്നെ അദ്ദേഹംതന്നെയാണ് റെയിൽവേസ്റ്റേഷനിലെത്തിച്ചത്... ഒരുവിധം ട്രെയിനിൽ കയറിപ്പറ്റി... പലപോഴും ട്രെയിനിന് വേഗതപോരെന്ന് തോന്നിയിട്ടുണ്ട്. വിവാഹത്തിന്റെ തലേദിവസം അവൻ നാട്ടിലെത്തി... വീട്ടുകാരോടുപോലും ഒന്നും പറഞ്ഞിട്ടില്ല... നേരേ അവളുടെ വീട്ടിലേയ്ക്ക് അവിടെ വിവാഹത്തിന്റെ ഒരുക്കങ്ങൾ ബന്ധുക്കളെല്ലാവരുമെത്തിയിരിക്കുന്നു. വീട്ടുകാർക്ക് സ്റ്റീഫനെ അറിയില്ല... അറിയാവന്നത് അവളുടെ ഒരു കുഞ്ഞമ്മയുടെ മകളെയാണ് അവൾ സ്റ്റീഫനെ തിരിച്ചറിഞ്ഞു.. ഓടി അടുത്തെത്തി... അവരുടെ ബന്ധത്തിൽ ഏറെ സഹായിച്ചതവളായിരുന്നു... സ്റ്റീഫനോട് അവൾ കാര്യങ്ങൾ അവതിപ്പിച്ചു.. തനിക്ക് അവളെ കാണണമെന്നു പറഞ്ഞു... അവളിപ്പോൾ അമ്പലത്തിൽ പോകാനായി വരുമെന്നും അപ്പോൾ കാണാമെന്നു അവൾ പറഞ്ഞു...

പറഞ്ഞതുപോലെ 8 മണിയായപ്പോൾ അവളും കുഞ്ഞമ്മയുടെ മകളുമായി പുറത്തേയ്ക്ക്... സ്റ്റീഫൻ അൽപദൂരം മുന്നേ നടന്നു... പതുക്കെ വേഗത കുറച്ചു... അമ്പലത്തിന്റെ ചുറ്റുമതിലിനു സമീപം നിലയുറപ്പിച്ചു.. ആ സമയത്തുതന്നെ അവൾ വിവരങ്ങൾ അറിഞ്ഞിരുന്നു. അവൾ സ്റ്റീഫന്റെ അടുത്തെത്തി.. അവളുടെ കണ്ണുകൾ കരഞ്ഞു കലങ്ങിയിരുന്നു..

“മീന.. സംസാരിച്ചു നിൽക്കാൻ നേരമില്ല.. ഞാൻ റെയിൽവേ സ്റ്റേഷനിൽ കാണും. നീ അങ്ങോട്ടുപോരേ...“ അവൻ വേഗം സ്റ്റേഷൻ ലക്ഷ്യമാക്കി നടന്നു. അവൾക്കും മറ്റൊന്നും ആലോചിക്കാനില്ലായിരുന്നു... നാട്ടുകാർക്ക് സംശയം തോന്നാത്തവിധത്തിൽ നേരേ റയിൽവേസ്റ്റേഷനിലേയ്ക്ക്. അവളവിടെ എത്തുമ്പോഴേയ്ക്കും സ്റ്റേഷനിൽ ട്രെയിനിന് ബെല്ലുകൊടുത്തിരുന്നു... ദൂരെ മാറി നിൽക്കുകയായിരുന്നു സ്റ്റീഫൻ... അവർ പരസ്പരം ഒന്നു സംസാരിച്ചിരുന്നില്ല... ട്രെയിൻ ഒരു ഞരക്കത്തോടെ അവിടെ വന്നു നിന്നു. സ്റ്റീഫൻ കംമ്പാർട്ടുമെന്റിന്റെ വാതിലിലേയ്ക്കു വരാൻ അവളോടു കൈകൊണ്ട് ആംഗ്യം കാണിച്ചു.. താൻ ചെയ്യുന്നത് തെറ്റാണെന്നവൾക്കറിയാം... താൻ സ്റ്റീഫനെത്തിയില്ലെങ്കിൽ ജീവിതം അവസാനിപ്പിക്കാനൊരുങ്ങിയതാണ്... എന്തായാലും ഇതറിയുമ്പോൾ തന്റെ വീടൊരു മരണവീടാകുമെന്നുറപ്പാണ്... പക്ഷേ ഇഷ്ടപ്പെട്ട പുരുഷനോടൊപ്പം ജീവിക്കാൻ കിട്ടിയ അവസരം നഷ്ടപ്പെടുത്താൻ അവൾ തയ്യാറായിരുന്നില്ല... അവൾ ആ കമ്പാർട്ടുമെന്റിൽ കയറി.. പരസ്പരം ആരും ഒന്നും സംസാരിച്ചില്ല... ഇടയ്ക്കിടയ്ക്ക് സ്റ്റീഫൻ അവളെ നോക്കുന്നുണ്ടായിരുന്നു.. അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ട്. അധികം ആരും അവളെ ശ്രദ്ധിക്കുന്നില്ല... നാളെ വിവാഹം നടക്കേണ്ടവൾ ഇന്നൊരുദിവസം കഴിഞ്ഞിരുന്നെങ്കിൽ തനിക്കവളെ നഷ്ടപ്പെടുമായിരുന്നു... അവരുടെ കണ്ണുകൾ മാത്രമാണ് സംസാരിച്ചിരുന്നത്... ട്രെയിൻ ചൂളംവിളിച്ച് ലക്ഷ്യത്തിലേയ്ക്കു പോകുന്നു.. ലക്ഷ്യമില്ലാതെ സ്റ്റീഫനും അവളും.. ഇടയ്ക്കിടയ്ക്ക് ആളുകൾ ഇറങ്ങുന്നു.. കയറുന്നു... ഇപ്പോൾ ഓരോ സ്റ്റേഷൻ കഴിയുമ്പോഴും ആളുകൾ കയറുന്നത് കുറഞ്ഞു കുറഞ്ഞുവരുന്നു... ഉച്ചയ്ക്ക് പന്ത്രണ്ടു മണിയായിരിക്കുന്നു. ട്രെയിൻ എത്രദൂരം ഓടിയെന്നറിയില്ല... അവൾ നിന്ന ഭാഗത്തെ സീറ്റെഴിഞ്ഞപ്പോൾ സ്റ്റീഫൻ ഇരിയ്ക്കാൻ ആംഗ്യം കാണിച്ചു... അവൾ ഇരുന്നു... അവിടെ ഉണ്ടായിരുന്ന മറ്റുള്ളവരും ഇറങ്ങിയപ്പോൾ സ്റ്റീഫൻ തന്റെ ചെറിയ സ്യൂട്ട്കേസുമായി അവിടെയ്ക്ക്... സ്യൂട്ട്കേയ്സ് മുകളിൽ വച്ച് അവളുടെ അടുത്തായി ഇരുന്നു... അൽപനേരം അവരൊന്നും സംസാരിച്ചില്ല.. ആരേലും തങ്ങളെ ശ്രദ്ധിക്കുന്നുണ്ടോ?.. എന്നു നോക്കി.. ഇല്ല ആരുമില്ല.. പരിചയമുള്ള യാതൊരു മുഖങ്ങളും കാണുന്നില്ല... അവളോട് അൽപം നീങ്ങിയിരുന്നു... അവളുടെ കരം ഗ്രഹിച്ചു.. വിറയാർന്ന അവളുടെ കൈയ്യിൽ അയാൾ മുറുകെ പിടിച്ചു.. അവൾ സ്റ്റീഫനെ നോക്കി.. കണ്ണുകളിൽ നിന്നുംകണ്ണുനീർ കുടുകുടെ ഒഴുകുന്നു.. കൈകൊണ്ട് അവളെ തന്റെ തോളോടു ചേർത്തു...

സ്റ്റേഷനുകളി‍ൽ നിന്നും പലരും കയറുന്നു.. ട്രെയിൽ കോയമ്പത്തൂരിലേയ്ക്കാണ്... വൈകുന്നേരമാകും എത്തിച്ചേരാൻ... അവിടെ തന്റെയൊരു പഴയ സുഹൃത്തുണ്ട്... അവിടേയ്ക്കാണ് സ്റ്റീഫന്റെ ലക്ഷ്യം.. പക്ഷെ തന്നെ വിശ്വസിച്ച് കൂടെ കൂടിയിരിക്കുന്നവളോട് ഒരു വാക്കുപോലും പറയാനാകുന്നില്ല... പരസ്പരം സ്നേഹിച്ച എട്ടു വർഷങ്ങൾ... ഇണങ്ങിയും പിണങ്ങിയും ജീവിതത്തിൽ അവൾ എന്നും കൂടെയുണ്ടാകുമെന്നു കരുതി... അതിപ്പോൾ സാധിച്ചിരിക്കുന്നു.. ഇനി അവളുടെ കഴുത്തിലൊരു താലി കെട്ടണം... അവളുമായി തിരികെ ജമ്മുവിലേയ്ക്ക് പോകണം.. അവിടെ ഓഫീസറെ വിളിച്ച് കാര്യങ്ങൾ പറയണം.. ഇതെല്ലാമായിരുന്നു മനസ്സിൽ...

ഏതോ ഒരു സ്റ്റേഷനിലെത്തിയപ്പോൾ പുറത്ത് ഊണുപൊതിയുമായിവന്ന പയ്യനിൽ നിന്നും രണ്ടുപൊതി ചോറുവാങ്ങി... നല്ലവിശപ്പുണ്ട്... ഇന്നത്തെ ദിവസം ഒരുതുള്ളി വെള്ളംപോലും കുടുച്ചിട്ടില്ല.. അവളാണെങ്കിൽ വെറും ചായമാത്രം കുടിച്ച് ഇറങ്ങിവന്നവൾ... അയാൾ ഒരുപൊതി ചോറ് അവളുടെ നേരേ നീട്ടി... അദ്ദേഹത്തിന്റെ മുഖത്തുനോക്കി... അവളത് വാങ്ങി...

“നമുക്ക് കഴിച്ചാലോ...“ സ്റ്റീഫൻ ചോദിച്ചു.. അവൾ തലയാട്ടി.. അവരുടെ സീറ്റിന്റെ എതിർ സീറ്റിൽ ഒരു വൃദ്ധ മാതാവ് മാത്രം.. അവർ പൊതിതുറന്നു... വിശപ്പുണ്ട് കഴിക്കാനാകുന്നില്ല.... എന്നാലും രണ്ടു പിടിച്ചോറ് കഴിച്ചു.. ബാക്കി.. പൊതിഞ്ഞുവച്ചു...

“മീന... നഷ്ടപ്പെടുമെന്നുകരുതിയിടത്തുനിന്നു നമുക്കു ജിവതം തുടങ്ങാം.. നീ വിഷമിക്കേണ്ട... ഒരുമിക്കാനുള്ള യോഗം നമുക്കുണ്ട്... അല്ലെങ്കിൽ ഇങ്ങനെയൊക്കെ സംഭവിക്കുമോ... അവൾ മുഖത്തു നോക്കുകമാത്രം ചെയ്തു...“ വൈകുന്നേരം 6 മണിയോടെ അവർ കോയമ്പത്തൂരിലെത്തി... സ്റ്റേഷനിൽ ഇറങ്ങിയത് ആർക്കും സംശയംതോന്നാത്തവിധത്തിൽ ഭാര്യാഭർത്താക്കന്മാരെപ്പോലെയായിരുന്നു. സ്റ്റേഷനിൽ നിന്നും സുഹൃത്തിനെ വിളിച്ചു.. കാര്യങ്ങൾ അവതരിപ്പിച്ചു... അവൻ അങ്ങോട്ടെയ്ക്കുള്ള വഴി പറഞ്ഞുകൊടുത്തു.. പറഞ്ഞതുപ്രകാരം അവർ രണ്ടാളും റിക്ഷയിൽ അങ്ങോട്ടെയ്ക്കു തിരിച്ചു. തിരക്കുപിടിച്ച നഗരം... അരമണിക്കൂറത്തെ യാത്ര അവർ ലക്ഷ്യസ്ഥാനത്തെത്തി. അവിടെ അവൻ കാത്തുനിൽപ്പുണ്ടായിരുന്നു. നേരേ വീട്ടിലേയ്ക്ക്... ഒരു പഴക്കം ചെന്ന വീട്. ചെറിയൊരു മുറ്റം ഓട് പാകിയിരിക്കുന്നു. മുറ്റത്ത് ലൈറ്റിട്ടിരുന്നില്ല... അവർ മുറ്റത്തെത്തിയതും സുഹൃത്ത് സ്മിതായെന്നു നീട്ടിയൊരു വിളി.. അദ്ദേഹത്തിന്റെ ഭാര്യ വിളക്കുമായി പുറത്തേയ്ക്കു വന്നു... അവർ രണ്ടാളും അത്ഭുതപ്പെട്ടു പരസ്പരം നോക്കി...

“ആചാരങ്ങൾ തെറ്റിക്കേണ്ട... വരൂ മീനാ...“

അവളുടെ കൈയ്യിൽ വിളക്കു നൽകി.. നേരേ വീട്ടിനുള്ളിലേയ്ക്ക്... സുഹൃത്ത് സ്റ്റീഫനെ നോക്കി ചിരിച്ചു.. അദ്ദേഹം റയിൽവേ ജീവനക്കാരനാണ്.. ഒപ്പം പഠിച്ചവരാണ്... കോയമ്പത്തൂരിൽ പത്തുവർഷമായി താമസിക്കുന്നു.. ഒരു മകൾ... നാലാം ക്ലാസ്സിൽ.. അവളവിടെ കലപില ശബ്ദവുമായി ഓടിനടന്നു...

സ്റ്റീഫന്റെയും മീനയുടെയും ജീവിതം അവിടെ തുടങ്ങുകയായിരുന്നു. രാത്രിയിൽ അവളുടെ കുഞ്ഞമ്മയുടെ വീട്ടിലേക്കു വിളിച്ചു... ആദ്യം എടുത്തത് അവളുടെ കുഞ്ഞമ്മയായിരുന്നു. ഫോൺ കട്ടുചെയ്തു.. അഞ്ചു മിനിട്ട് കഴിഞ്ഞ് വീണ്ടും വിളിച്ചു അപ്പോൾ അവൾതന്നെയാണ് ഫോണെടുത്തത്... രഹസ്യമായി അവൾ പറഞ്ഞു.. ടീ.. ഞാനാ മീനാ... അപ്പുറത്തു നിന്നവൾക്ക് മനസ്സിന് സമാധാനമായി...

“നീ യെവിടെയാ... ഇവിടെ ആകെ പ്രശ്നമാ... പോലീസിൽ കേസുകൊടുത്തു..... എല്ലാവരും വലിയ വിഷമത്തിലും ദേഷ്യത്തിലുമാ... എന്നെ അടിക്കാനെത്തി... അമ്മയും അച്ചനും ഇവിടെ വീട്ടിലെത്തിച്ചു... നീ സുരക്ഷിതയാണോ..“

“ആണ്... ഞങ്ങൾ കോയമ്പത്തൂരിലെത്തി... ഇവിടെ സുരക്ഷിതരാണ്... നീ കാര്യങ്ങളൊന്നം ആരോടും പറയരുത്...“

“നിന്റെ ആഗ്രഹം സാധിച്ചല്ലോ... എനിക്കറിയാം പറഞ്ഞതുപോലെ ചെയ്യുന്നവളാ നീ... എന്തായാലും നല്ലതു വരട്ടെ...“

മീന അവിടുത്തെ ഫോൺ നമ്പർ നൽകി... എന്തേലും വിശേഷമുണ്ടെങ്കിൽ അറിയിക്കണമെന്നു പറഞ്ഞു...

അവരുടെ രണ്ടാളുടേയും ആദ്യരാത്രി... മാറാനുള്ള വസ്ത്രങ്ങൾ സുഹൃത്തിന്റെ ഭാര്യ വാങ്ങിവച്ചിരുന്നു. സാരിയുടുപ്പിച്ച് പുതുമണവാട്ടിയെപ്പോലെ അവളെ റൂമിൽ കൊണ്ടാക്കി... മനസ്സു നിറയെ ടെൻഷനായിരുന്നു... വീട്ടുകാരുടെ മനോഗതി എന്താകുമെന്നറിയില്ല... സ്റ്റീഫനും അവളും ഏറെനേരം സംസാരിച്ചിരുന്നു. അവൾ കരയുകയായിരുന്നു... ഒരു പെണ്ണിനും ആദ്യരാത്രിയിൽ കരയേണ്ടി വന്നിട്ടില്ല.. പക്ഷേ സാഹചര്യം അതായിരുന്നില്ലല്ലോ... സ്റ്റീഫൻ അവളെ ആശ്വസിപ്പിച്ചുകൊണ്ടിരുന്നു. രാത്രിയുടെ അന്ത്യയാമത്തിൽ എപ്പോഴോ അവർ രണ്ടാളും ഉറങ്ങി... രാവിലെ സുഹൃത്തിന്റെ ഭാര്യവന്ന് തട്ടിവിളിച്ചു.. സ്റ്റീഫനാണ് വാതിൽ തുറന്നത്... നേരം നന്നെ പുലർന്നിരുന്നു. 9 മണികഴിഞ്ഞു... ഉടുത്തിരുന്ന അതേ വസ്ത്രത്തിൽ മീനയും നിൽക്കുന്നു അവൾക്കു മനസ്സിലായി.. അവർ നല്ലടെൻഷനിലായിരുന്നുകാണുമെന്ന്... രണ്ടാളും ചായകുടിച്ചു. സുഹൃത്ത് ഡ്യൂട്ടിക്കു പോകുമെന്നു പറഞ്ഞിരുന്നു. തങ്ങൾ ഉറങ്ങിയതിനാൽ വിളിച്ചു ശല്യപ്പെടുത്തിയില്ല... വൈകിട്ട് നാലുമണിക്കെത്തുമെന്നും പറഞ്ഞിട്ടുണ്ട്.

പ്രഭാത ഭക്ഷണവും കഴിച്ച് രണ്ടാളും പുറത്തേയ്ക്കിറങ്ങി.. ആദ്യം കണ്ട ടെലിഫോൺ ബൂത്തിലെത്തി.. സ്റ്റീഫൻ വീട്ടിലേയക്കു ഫോൺ ചെയ്തു. അമ്മയാണ് ഫോണെടുത്തത്...

“അമ്മാ ഞാൻ വിവാഹംകഴിച്ചു..“ അപ്പുറത്തുനിന്നും മറുപടിയുണ്ടായില്ല... ഫോൺ കട്ടുചെയ്തു...

വീണ്ടും വിളിച്ചു.. അപ്പനാണ്. ഫോണെടുത്തത്.. അങ്ങോട്ടു സംസാരിച്ചു തുടങ്ങുംമുന്നേ ഇങ്ങോട്ടു പറഞ്ഞു..

“ആ പെണ്ണിനെ കാണാനില്ലെന്നറിഞ്ഞപ്പോഴേ ഊഹിച്ചു... എനിക്കിനി 6 മക്കളേയുള്ളൂ... ഇനി വിളിക്കരുത്...“ മറുതലയ്ക്കൽ ഫോൺ കട്ടുചെയ്യപ്പെട്ടു...

വീണ്ടും വിളിച്ചു. ഫോൺ മാറ്റിവച്ചിരിക്കുന്നെന്നു മനസ്സിലായി...

ഹമീദ്ക്ക അന്നു തുടങ്ങിയ ജീവതമാണ്... അടുത്ത കാലംവരെ എന്റെ വീട്ടുകാർ എന്നെ വീട്ടിൽ കയറ്റില്ലായിരുന്നു. അവളുടെ വീടുമായി പ്രശ്നങ്ങളൊന്നുമില്ല... വീട്ടുകാർക്ക് കുറച്ച് നാണക്കേടായി... മൂത്ത കുട്ടി ജനിച്ചശേഷം എല്ലാം നേരേയായി... എനിക്ക് മദ്രാസിലേയ്ക്ക് ട്രാൻസ്ഫറായതിനു ശേഷമാണ് അവളുടെ വീട്ടുകാർ വീട്ടിൽ വന്നതും... നാട്ടിൽ നിന്നും മാറി മറ്റൊരിടത്തു വീടുവച്ചു താമസിക്കണമെന്നാഗ്രഹിച്ചാണ് അവിടെ വസ്തുവാങ്ങി വീടുവച്ചത്...

“എന്താ അച്ചായാ... പഴയ കഥകൾ പറയുകയാണോ..“ സ്റ്റീഫന്റെ ഭാര്യം അവരുടെ അടുത്തേയ്ക്കു വന്നു...

“ഇതൊന്നും കഥയല്ലല്ലോ...“ജീവിതമല്ലേ...

“ശരിയാ... ഹമീദ്ക്കാ... ഇപ്പോഴും ആ പട്ടാളക്കാരന്റെ സ്വഭാവത്തിന് മാറ്റം വന്നിട്ടില്ല...“

“എന്തു മാറ്റം..“

“വീരസ്യം പറച്ചിലേ..“

അവിടെയൊരു കൂട്ടച്ചിരിയുയർന്നു...

അവരെല്ലാം ഭക്ഷണം കഴിച്ചു..  വളരെ സന്തോഷകരമായ നിമിഷങ്ങൾ... വൈകുന്നേരം ചായകുടിയും കഴിഞ്ഞാണ് അവർ യാത്രയായത്... ഇനിയും വരാമെന്ന് വാക്കുപറഞ്ഞുകൊണ്ട്.

അഭിമന്യുവും ഭാര്യയും റഷീദും വെള്ളിയാഴ്ച തിരികെപോവുകയാണ്... അതിനള്ള തയ്യാറെടുപ്പും തുടങ്ങിയിരുന്നു. അടുത്ത ദിവസം ഹമീദിനെ ഡോക്ടറെ കാണിക്കാൻ കൊണ്ടുപോകണം.. തിരക്കിനിടയിൽ ചെക്കപ്പിനു പോകാനുള്ള സമയം കിട്ടിയിരുന്നില്ല... ഉമ്മയ്ക്കും ഒരു ചെക്കപ്പ് ആവശ്യമാണ്... രഷീദ് വാപ്പയോടും ഉമ്മയോടും രാവിലെ പോകാനുള്ള തയ്യാറെടുപ്പ് നടത്താൻ പറ‍ഞ്ഞു... അവർ അത്താഴവും കഴിച്ച് ഉറങ്ങാൻ പോയി..

ഫസൽ തന്റെ റൂമിലെത്തി... ഇനി ക്ലാസ്സ് ആരംഭിക്കാൻ കുറച്ചു ദിവസങ്ങൾ മാത്രം... നാളെ ഡയറക്ടറുടെ ഓഫീസുവരെപോകണം... വെറുമൊരു യാത്ര... ഇനി ക്ലാസ്സു തുടങ്ങിക്കഴിഞ്ഞാൽ അങ്ങോട്ടുള്ള പോക്കു നടക്കില്ലല്ലോ...

കേരളത്തിൽ കോവിഡ് വീണ്ടും പടർന്നുപിടിക്കുന്നതിന്റെ ലക്ഷണം കാണുന്നു... ജാഗ്രതയിൽ കുറവും കാണുന്നു.. ഒരൽപം അശ്രദ്ധമതി... സ്വന്തം സുരക്ഷയും മറ്റുള്ളവരുടെ സുരക്ഷയും ഉറപ്പുവരുത്തുക... വാക്സിൻ എത്തിയിട്ടേയുള്ളു...എല്ലാവരിലേയ്ക്കും അതെത്താൻ സമയമെടുക്കും... കാത്തിരിക്കാം മുഖാവരണം മാറ്റാനുള്ള ദിവസം വരുന്നത്...
സസ്നേഹം ഷംസുദ്ധീൻ തോപ്പിൽ 24 01 2021 തുടർന്നു വായിക്കുക അടുത്ത ഞായറാഴ്ച്ച 31 01 2021 

16.1.21

നിഴൽവീണവഴികൾ ഭാഗം 109

 

“പിന്നെ വീട്ടുകാരോട് പറയണം നമ്മുടെ കല്യാണം ഇതിനേക്കാൾ ആർഭാടമായിരിക്കണമെന്ന്..“
“അതുപിന്നെ ഉറപ്പല്ലേ...“
അവരുടെ സംഭാഷണം നീണ്ടുപോയി...

സ്റ്റീഫന്റെ മകളുടെ വിവാഹം... തലേദിവസമേ എല്ലാവരും പോകാൻ തയ്യാറായി... അഭിമന്യുവും ഭാര്യയും ഭാര്യാവീട്ടിലാണ്. അവർ അവിടെ നിന്നും വിവാഹത്തിനെത്തും. ഇവിടെ നിന്നും എല്ലാവരും പത്തുമണിയോടു കൂടി തന്നെ പുറപ്പെട്ടു. ഹമീദുൾപ്പെടെ കുടുംബത്തിലെ എല്ലാവരുമുണ്ടായിരുന്നു.  വിഷ്ണുവിന് അന്നത്തെ ദിവസം അവധികൊടുത്തു. കാരണം അവന്റെ അടുത്ത ബന്ധത്തിലുള്ള ഒരു കുട്ടിയുടെ വിവാഹമായിരുന്നു. റഷീദായിരുന്നു കാറോടിച്ചത്.. ഹമീദ്ക്ക മുൻഭാഗത്തെ സീറ്റിൽ.. ബാക്കിയെല്ലാവരും പിറകിൽ...

അവർ വളരെ സന്തോഷത്തോടുകൂടിയാണ് യാത്ര ആരംഭിച്ചത്. രാവിലെ ഭക്ഷണം കഴിച്ചിരുന്നു. ഉച്ചയ്ക്കുള്ളത് വഴിയിൽ നിന്നാക്കാമെന്നു കരുതി... വിവാഹം..... സെൻമേരീസ് പള്ളിയിൽ വച്ചാണ്.. അതിനടുത്തുതന്നെയുള്ള ഒരു ഹോട്ടലിലാണ് റൂം ബുക്ക്ചെയ്തിരിക്കുന്നത്.. സ്റ്റീഫൻ പറഞ്ഞത് അവിടെ സ്റ്റേചെയ്യാനുള്ള സൗകര്യമുണ്ടെന്നാണ്. പക്ഷെ അവരെ ബുദ്ധിമുട്ടിക്കുന്നത് ശരിയല്ലല്ലോ... അതുകൊണ്ട് പള്ളിയ്ക്കടുത്തുതന്നെയാണ് റൂമെടുത്തത്. പള്ളിയുടെ അടുത്തുനിന്നും 3 കിലോമീറ്റർ ദൂരമേ സ്റ്റീഫന്റെ വീട്ടിലേയ്ക്കുള്ളൂ..

ഉച്ചയ്ക്ക് വഴിയിൽ ഒരു നാടൻ ചായക്കട കണ്ടു. അവിടെ നിന്നും ഉച്ചഭക്ഷണം കഴിച്ച് അവർ യാത്ര തുടർന്നു. 3.30 ആയപ്പോഴേയ്ക്കു അവർ ലക്ഷ്യസ്ഥാനത്തെത്തിയിരുന്നു. റൂമിൽ പോയി ഒന്നു ഫ്രഷായിട്ടാണ് അവർ സ്റ്റീഫന്റെ വീട്ടിലേയ്ക്ക് യാത്ര ആരംഭിച്ചത്.. സ്റ്റീഫന്റെ വീടിനടുത്തുതന്നെ വാഹനം പാർക്കുചെയ്യാനായി.. അവിടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയു വലിയ തിരക്കായിരുന്നു. ഹമീദിനെയും കുടുംബത്തേയും കണ്ടപാടേ. അവരെല്ലാം സ്വീകരിക്കാനായി ഓടിയെത്തി... എല്ലാവരേയും അകത്തേയ്ക്ക് ക്ഷണിച്ചു.... അവിടെ ഉണ്ടായിരുന്നവർക്ക് വലിയ അത്ഭുതമായിരുന്നു.. കാരണം വി.ഐ.പി. പരിഗണനയിലായിരുന്നു അവരെ സ്വീകരിച്ചത്... പുതുമണവാട്ടിയുൾപ്പടെ പുറത്തെത്തിയിരുന്നു...

മണവാട്ടി.. നല്ല വെളുത്ത ഗൗണാണ് ധരിച്ചിരുന്നത്.. അവളുടെ കളറിന് നന്നായി യോചിക്കുന്നു. മെക്കപ്പിട്ടു വന്നപ്പോൾ വളരെ സുന്ദരിയായി തോന്നി. വരുന്ന അതിഥികൾക്കൊക്കെ സ്റ്റീഫൻ ഹമീദിനെയും കുടുംബത്തെയും പരിചയപ്പെടുത്തുന്ന തിരക്കിലായിരുന്നു. വളരെ സന്തോഷകരമായ നിമിഷങ്ങൾ... അവരവിടെ 7 മണിവരെ ഉണ്ടായിരുന്നു. അതിനു ശേഷമാണ് അവർഹോട്ടൽ റൂമിലേയ്ക്ക് പോയത്.. സ്റ്റീഫൻ അവരെ അവിടെ നിൽക്കാൻ നിർബന്ധിച്ചു.. പക്ഷേ അവർ സ്നേഹത്തോടെ അത് നിരസിച്ചു...

സ്റ്റീഫന്റെ മകളുടെ ഒരു വലിയ മോഹമാണ് പൂവണിയുന്നത്. അവരുടെ വീടിനടുത്തു തന്നെയാണ് വരന്റെയും വീട്... വർഷങ്ങളായി ഇവർ തമ്മിൽ ഇഷ്ടത്തിലായിരുന്നു. ശരിക്കും പറഞ്ഞാൽ സ്കൂളിൽ പഠിക്കുന്നതുമുതൽ... വീട്ടുകാർക്ക് പ്രത്യേകിച്ച് സംശയം തോന്നിയതേയില്ല.. അവസാനം അവൾ വീട്ടിൽ അവതരിപ്പിച്ചപ്പോൾ എല്ലാവർക്കും ആദ്യം എതിർപ്പായിരുന്നു. പക്ഷേ അവളുടെ ഇഷ്ടത്തിനു മുന്നിൽ അവരുടെ വാശി അലിഞ്ഞ് ഇല്ലാതായി. സഫിയയും അതിനായി ഒരുപാട് പ്രയത്നിച്ചിട്ടുണ്ട്. പിന്നെ നല്ല വിദ്യാഭ്യാസമുള്ള പയ്യൻ.. സ്ഥിര വരുമാനമുള്ള ജോലിയുണ്ട്. സർക്കാരിന്റെ പി.എസ്.സി. റാങ്ക് ലിസ്റ്റിലുണ്ട്. ഇന്നല്ലെങ്കിൽ നാളെ അവന് ഗവ. ജോലി കിട്ടുമെന്നുറപ്പാണ്. രാത്രി പത്തുമണിയോടു കൂടി സ്റ്റീഫനും ഭാര്യയും ഹോട്ടൽമുറിയിലെത്തിയിരുന്നു. വിവാഹത്തിന്റെ തിരക്കിലായിരുന്നെങ്കിലും തങ്ങളുടെ വളരെ വേണ്ടപ്പെട്ടവരുടെ കാര്യങ്ങൾ അന്വേഷിക്കാൻ അവരെത്തുകയായിരുന്നു.

മൂന്ന് റൂമുകളാണ് അവർ എടുത്തിരുന്നത്. വിവാഹം കഴിഞ്ഞ് വെക്കേറ്റ് ചെയ്യാമെന്നുള്ള തീരുമാനത്തിലായിരുന്നു അവർ. അടുത്ത ദിവസം രാവിലെ തന്നെ എല്ലാവരും റഡിയായി. തൊട്ടടുത്തു തന്നെയാണല്ലോ പള്ളി. അവർ എല്ലാവരും അങ്ങോട്ടെയ്ക്ക് തിരിച്ചു. വിശാലമായ പള്ളിയുടെ അകത്ത് അൾത്താരയ്ക്ക് സമീപമായി അവർക്കുള്ള ഇരിപ്പിടം ഒരുക്കിയിരുന്നു. അൽപ്പ നേരത്തിനകം അഭിമന്യുവും ഭാര്യയുമെത്തിയിരുന്നു. അവർക്ക് വിരുന്നുകളിൽ പങ്കെടുക്കേണ്ടതിനാൽ ഇന്നലെ എത്താനായിരുന്നില്ല.

ആഘോഷമായി തന്നെ വിവാഹം മംഗളമായി നടന്നു. അതു കഴിഞ്ഞ് ഭക്ഷണം അവിടെത്തന്നെ ഓ ഡിറ്റോറിയത്തിലായിരുന്നു. വിവാഹംകഴിഞ്ഞ് വധുവും വരനും ഹമീദിന്റെയും കുടുംബത്തിന്റെയും അടുത്തെത്തി അനുഗ്രഹം വാങ്ങി. വരന് എല്ലാവരെയും പരിചയപ്പെടുത്തിയത് അവൾ തന്നെയായിരുന്നു. ഫസലിനെ ഡോ. ഫസൽ എന്നുപറഞ്ഞാണ് പരിചയപ്പെടുത്തിയത്. റഷീദ് അവനുമായി ഫോണിൽ ബന്ധപ്പെട്ടിരുന്നെങ്കിലും നേരിൽ കാണുന്നത് ആദ്യമായിരുന്നു. അവന്റെ വിസയുമായാണല്ലോ റഷീദ് എത്തിയത്. അഭിമന്യുവിന് അടുത്ത ആഴ്ച തിരികെപ്പോകണം. സ്റ്റീഫന്റെ മകളും ഭർത്താവും ഒരുമാസംകൂടി കഴിഞ്ഞു മാത്രമേ എത്തുകയുള്ളൂ. റഷീദും അഭിമന്യുവുമൊരുമിച്ചാണ് തിരികെപ്പോകുന്നത്.

വിവാഹശേഷം അവർ എല്ലാവരുമായി യാത്ര പറ‍ഞ്ഞ് പിരിഞ്ഞു.. സ്നേഹോഷ്മളമായ യാത്രയയപ്പാണ് അവർക്ക് ലഭിച്ചത്. അഭിമന്യുവും ഭാര്യയും തിരികെ ഭാര്യാവീട്ടിലേയ്ക്കാണ് പോയത്... അവർക്ക് രണ്ടു ദിവസം കഴിഞ്ഞ് മാത്രമേ റഷീദിന്റെ വീട്ടിലേയ്ക്ക് തിരികെയെത്തുകയുള്ളൂ. അവരെയും വഹിച്ചുകൊണ്ട് വാഹനം വീട് ലക്ഷ്യമാക്കി പാഞ്ഞു.. ഇടയ്ക്കിടെ പലയിടത്തും നിർത്തിയാണ് അവർ യാത്ര തുടർന്നത്... രാത്രി 10 മണിയോടെ അവർ വീട്ടിലെത്തിച്ചേർന്നു. എല്ലാവരും നല്ല ക്ഷീണിതരായിരുന്നു. വഴിയിൽനിന്നും ഭക്ഷണം പാഴ്സലായി വാങ്ങിയിരുന്നു. ഫ്രഷായി എല്ലാവരും ലഘുവായി ഭക്ഷണം കഴിഞ്ഞ് കിടന്നു.

ഫസലിന്റെ മനസ്സു നിറയെ ഭാവിയെക്കുറിച്ചുള്ള സ്വപ്നങ്ങളായിരുന്നു. തന്റെ പഠനം.. വിവാഹം, ജോലി ഇതെല്ലാം അവൻ സ്വപ്നങ്ങൾ നെയ്തു കൂട്ടുകയായിരുന്നു. വളരെ വൈകിയാണ് അവനെ ഉറക്കം തഴുകിയത്. വാതിലിൽ മുട്ടുകേട്ടാണ് രാവിലെ അവൻ ഉണർന്നത്.. റഷീദായിരുന്നു മുട്ടിയത്..

“എന്ത് ഉറക്കമാ ഫസലേ..“ റഷീദ് ഉണർന്നുവന്ന് അവനോടു ചോദിച്ചു.

“എന്താ മാമാ..“

“നീ താഴേയ്ക്ക് വന്നേ... നിന്നെ കാണാൻ ഒരാൾ എത്തിയിരിക്കുന്നു.“

അവൻ പെട്ടെന്ന് താഴേയ്ക്ക് വന്നു. അവിടെ കസേരയിൽ ഇരിയ്ക്കുന്ന മാഷിനെ അവന് പെട്ടെന്ന് മനസ്സിലാക്കാൻ സാധിച്ചു. ശങ്കരൻ മാഷ്.. തന്റെ ജീവിതത്തിൽ ഒരുപാട് ദ്രോഹങ്ങൾ ചെയ്ത മനുഷ്യൻ എന്താണിവിടെ... അവൻ മുഖത്ത് പുഞ്ചിരി വരുത്തി.

“മാഷ്..“

“ങ്ഹാ.. നീ അപ്പോൾ മറന്നിട്ടില്ല.“

“ഇല്ല മാഷേ...“

“നിനക്ക് മെഡിസിന് പ്രവേശനം കിട്ടിയെന്നറിഞ്ഞു. ഇവിടെ അടുത്താ മകളെ വിവാഹം കഴിച്ചുകൊണ്ടുവന്നത്... അവരിൽ നിന്നാണ് നീയിവിടെയുണ്ടെന്ന് മനസ്സിലായത്. ഒന്നു കണ്ടുപോകാമെന്നു കരുതി.. ഇത് മകളുടെ ഭർത്താവാണ് ഇവൻ ലൈബ്രറിയിലെ മെമ്പറാണ് ഇവൻ പറഞ്ഞാണ് അറിയുന്നത്...“

“അവൻ അയാളെ നോക്കി.. തനിക്ക് നന്നായി അറിയാവുന്ന ആൾ. മിക്കവാറും ലൈബ്രറിയിൽ വച്ച് കാണാറുണ്ട്. മന്യനായമനുഷ്യൻ... തനിക്ക് നൽകിയ സ്വീകരണത്തിൽ വളരെ മുൻപന്തിയിൽ ഉണ്ടായിരുന്നു. അപ്പോഴേയ്ക്കു സഫിയ ചായയുമായെത്തി. ശങ്കരൻ മാഷിന് എഴുപത് വയസ്സിലധികം പ്രായം കാണും... മുടി നരച്ചിരിക്കുന്നു. മുഖത്തും നെറ്റിയിലും ചുളുവുകൾ വീണിരിക്കുന്നു. തന്നെ ദ്രോഹിച്ചിട്ടുണ്ട്... അവസാനം തന്നെത്തേടിയെത്തിയത് സസ്പെൻഷനിലായപ്പോഴാണ്... അന്ന് ഹമീദിന്റെ നിർബന്ധത്തിന് വഴങ്ങിയാണ് അയാളെ തിരികെ എടുക്കുന്നതിനായി പോയത്... സ്കൂൾ മാനേജരെ പരിചയപ്പെട്ടത് അപ്പോഴാണല്ലോ... കാലചക്രത്തിന്റെ ചലനത്തിൽ വീണ്ടും ഒരു ഒത്തുചേരൽ... ഒരിക്കലും ശങ്കരൻ മാഷിനെ വീണ്ടും കാണുമെന്ന് കരുതിയതല്ല...

അൻവർ മാമയ്ക്കാണ് കൂടുതൽകാര്യങ്ങൾ അറിയാവുന്നത്... പക്ഷേ അന്നു കണ്ട മനുഷ്യനല്ല ഇന്നയാൾ... ടീച്ചറുമായുള്ള ബന്ധം പുറത്തറിയാതിരിക്കാൻ തന്നെ അവിടെ ഏതൊക്കെ രീതിയിൽ ദ്രോഹിക്കാമോ ആ രീതിയിലൊക്കെ ദ്രോഹിച്ചിരുന്നു. അറിവു പകർന്നു നൽകേണ്ട അധ്യാപകൻ, പകരം അന്ധകാരത്തിലേയ്ക്ക് തള്ളിവിടാനാണ് ശ്രമിച്ചത്.. പക്ഷേ തന്നെ തേടിയെത്തിയല്ലോ...

“ഫസലേ ഞങ്ങൾക്കറിയാമായിരുന്നു നീ നല്ലൊരു നിലയിലെത്തുമെന്ന്.. എന്തായാലും നന്നായി പഠിക്കുക... നിനക്ക് നല്ലൊരു ഭാവി നേരുന്നു.“

കുറച്ചു നേരം കൂടി അവർ തമ്മിൽ സംസാരിച്ചിരുന്നു. സ്നേഹത്തോടെ യാത്രപറഞ്ഞ് ശങ്കരൻമാഷ് പിരിഞ്ഞു. ഫസലിന് ഇപ്പോൾ ആരോടും വിരോധമോ വൈരാഗ്യമോ ഇല്ല... താൻ പോയ വഴികൾ സഞ്ചരിച്ച പാതകൾ അതൊന്നും അവൻ ഓർക്കാൻ ശ്രമിക്കാറില്ല... എന്തോ കുറ്റബോധവും അവനെ അലട്ടാറില്ല... ഒരുപക്ഷേ താൻ ഇതെല്ലാം അനുഭവിക്കേണ്ടവനായരിക്കാം.. അതാണല്ലോ ഈ ചെറിയ  ജീവിതത്തിൽ ഒരു പാട് അനുഭവങ്ങൾ... തലേ ദിവസത്തെ ദീർഘ യാത്രയുടെ ക്ഷീണം എല്ലാവർക്കുമുണ്ടാിയിരുന്നു. കുട്ടികൾ വളരെ സന്തോഷത്തിലായിരുന്നു. റഷീദും അഫ്സയും കുഞ്ഞുമായി ചെറിയൊരു പർച്ചേസിനുപോകാനായി തയ്യാറായി.. അവർ ഫസലിനേയും സഫിയയേയും കൂട്ടിയാണ് യാത്ര തിരിച്ചത്. വളരെ സന്തോഷത്തോടെ അവൻ റഡിയായി ഇറങ്ങി... കുഞ്ഞിനെ അവനാണ് എടുത്തത്... അവൾ കുറുമ്പു കാട്ടി അവന്റെ കൈയ്യിലിരുന്നു. അവർ നോരേ പോയത് ടൗണിലേയ്ക്കാണ്. അവിടെ ഫാഷൻ ടെക്സ്റ്റൈൽസിൽ കയറി. ഫസലിനായി കുറച്ച് റഡിമെയ്ഡ് ഡ്രസ്സുകളെടുത്തു.. അവന് യോജിക്കുന്നത് സഫിയയാണ് തിരഞ്ഞെടുത്തത്. അതിനു ശേഷം ജ്വല്ല  റിയിലേയ്ക്ക്... അവിടെ നിന്നും കുഞ്ഞിന് ഒരു കമ്മലും മാലയും വാങ്ങി.. തിരിച്ച് മാർക്കറ്റിൽ കയറി വീട്ടു സാധനങ്ങളൊക്കെ വാങ്ങി.. വൈകുന്നേരത്തോടെ അവർ തിരികെ വീട്ടിലെത്തി.

വീട്ടിൽ അപ്രതീക്ഷിതമായി ഒരതിഥി എത്തിയിരുന്നു. മൗലവി ... കണ്ടിട്ട് ഒരു മാസം കഴി‍ഞ്ഞിരിക്കുന്നു. പോയ വഴി കയറിയതാണ്... ഫസൽ അദ്ദേഹത്തോട് കുശലാന്വേഷണം നടത്തി... മൗലവി ഒരു വിദേശ പര്യടനം അടുത്തമാസം മുതൽ തുടങ്ങുകയാണ്... സൗദി അറേബ്യയിലേയ്ക്കാണ് യാത്ര... അവിടുത്തെ മലയാളി സമൂഹത്തിൽ മതപ്രഭാഷണം നടത്തുകയെന്നതാണ് ഉദ്യമം... നാട്ടിലെ പള്ളിക്കമ്മറ്റിയുടെ സൗദിയിലെ ബ്രാഞ്ചാണ് ഏർപ്പാടാക്കിയത്... അവർ വളരെനേരം സംസാരിച്ചിരുന്നു. റഷീദിനെ ആദ്യമായാണ് അദ്ദേഹം കാണുന്നത്.. മൗലവിക്ക് ഒരു നല്ല പെർഫ്യൂം റഷീദ് ഗിഫ്റ്റായി നൽകി...

“ഫസലെ... ഈ വരുന്ന വെള്ളിയാഴ്ച ഒരു പ്രഭാഷണമുണ്ട്... ഇവിടുന്ന് നാൽപ്പത്തിയെട്ടു കിലോമീറ്റർ ദൂരമുണ്ട്. ചാത്താംപാറയെന്ന സ്ഥലത്താണ്... നീ ഫ്രീയാണെങ്കിൽ പോരേ...“

“അതിനെന്താ ഞാൻ വരാം...“

“എന്നാൽ നമുക്ക് വെള്ളിയാഴ്ച കാണാം...“ അദ്ദേഹം യാത്ര പറഞ്ഞിറങ്ങി...

കുറച്ചുദിവസങ്ങളായി തിരക്കുകളായതിനാൽ മൗലവിയെ  വിളിക്കാറില്ലായിരുന്നു. രണ്ടു ദിവസങ്ങൾക്കു മുമ്പ് മൗലവി വിളിച്ചപ്പോൾ ആരും ഫോണെടുക്കുന്നുണ്ടായിരുന്നില്ല... കാരണം അവർ വിവാഹത്തിന് പോയിരിക്കുകയായിരുന്നല്ലോ.. അങ്ങനെ ഒന്നു കയറി പോകാമെന്നുവച്ച് പോകുന്നവഴിയിൽ കയറിയതായിരുന്നു.

“ഫസലേ. ഇസ്ലാമും ആധുനിക സമൂഹവും.. അതാണ് വിഷയം.. നിനക്കൊരു അരമണിക്കൂർ സമയം കാണും... ഒന്ന് പ്രിപ്പയർ ചെയ്തെക്കണെ... നിനക്കതിന്റെ ആവശ്യമില്ലെന്നറിയാം... പുതിയ നിന്റെ വീക്ഷണം അവതരിപ്പിക്കാം...“

“അവൻ തലകുലുക്കി... അദ്ദേഹം യാത്ര പറഞ്ഞിറങ്ങി..“
മൗലവി വളരെ ശാന്തനായി കാണപ്പെട്ടു... വളരെയധികം മാറ്റം അദ്ദേഹത്തിലുണ്ടായിരിക്കുന്നു. പഴയതുപോലെയല്ല അദ്ദേഹം തന്നോട് പെരുമാറന്നതെന്ന് അവന് മനസ്സിലായി.. നാളുകൾക്ക് മുമ്പ് തന്നെ കണ്ടിരുന്നത് അദ്ദേഹത്തിന്റെ ലൈംഗിക ദാഹം തീർക്കാനുള്ള ഒരുപകരണമെന്ന നിലയിലായിരുന്നു. പക്ഷേ ബാംഗ്ലൂർ യാത്രയിൽ അദ്ദേഹം എല്ലാം മതിയാക്കിയിരുന്നു.... തികച്ചും സാത്വികനായ ഒരു മനുഷ്യനായി മാറിയിരുന്നു... അതൊരു വലിയ മാറ്റം തന്നെയാണല്ലോ...

രണ്ടാഴ്ച കൂടി കഴിഞ്ഞാൻ തനിക്ക് ഹോസ്റ്റലിലേയ്ക്ക് പോകേണ്ടിവരും.. കോളേജിലെ ക്ലാസ്സു തുറക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ നടക്കുന്നു. വാങ്ങേണ്ട സാധനങ്ങളൊക്കെ വാങ്ങിക്കഴിഞ്ഞു... പുതിയൊരു കലാലയത്തിലേയ്ക്ക് ചുറ്റുപാടിലേയ്ക്ക് പോകുന്നതിനു മുമ്പുള്ള ചെറിയൊരു ടെൻഷൻ അവനുണ്ടായിരുന്നു. വീടു വിട്ട് കൂടുതൽ നാൾ നിന്നിട്ടില്ല.. ന്നാലും... തന്റെ നന്മക്കുവേണ്ടില്ലേ... മാറിനിൽക്കേണ്ട സമയത്ത് മാറിനിന്നല്ലേ പറ്റുകയുള്ളൂ... ഏറ്റവും വലിയ വിഷമം ഹമീദിനാണ്... ഹമീദിന്റെ ദൈനംദിന ജീവിതത്തിൽ ഫസലിന് സുപ്രധാനമായ സ്ഥാനമാണ്.. പലപ്പോഴും തന്നെ എഴുന്നേൽക്കാൻ സഹായിക്കുന്നത്.. ഒറ്റയ്ക്കിരിക്കുമ്പോൾ പല സംശയങ്ങളും ചോദിച്ച് അടുത്തെത്തുന്നത്.. സമയത്ത് മരുന്നുകൾ കഴിക്കാൻ ഓർമ്മിപ്പിക്കുന്നത്. ഗുളിക കഴിക്കാൻ വെള്ളവുമായെത്തുന്നത്... സഫിയയ്ക്കും വിഷമം തന്നെയാണ്.. പക്ഷേ അങ്ങനെ വിഷമിച്ചിരിക്കാനുള്ള സമയമല്ലല്ലോ ഇത്...

ജീവിതത്തിൽ ഒരുപാട് തടസ്സങ്ങളുണ്ടായിട്ടുണ്ട്. അതിനെയെല്ലാം ഫസലിന് തരണം ചെയ്യാനായിട്ടുണ്ട്... സ്കൂൾ ജീവിതം മുതൽ ഇതുവരെ.. തന്നെ വെറുപ്പോടെ നോക്കിയവർ ഇന്ന് സ്നേഹത്തോടെ നോക്കുന്നു.. അതൊരു വല്ലാത്ത മാറ്റം തന്നെയാണ്... പണമാണ് എല്ലാമെന്നു കരുതിയവർ കൺമുന്നിൽ തകർന്നുവീണ കാഴ്ചകളും കണ്ടിട്ടുണ്ട്.. ജീവിതത്തിൽ ഒരിക്കലും സത്യസന്ധത കൈവിട്ടിട്ടില്ല... ദൈവഭയം എന്നും കൂടെയുണ്ട്... വിശ്വാസത്തിലധിഷ്ടമായ ജീവിതം... ഒരു മുസൽമാൻ എങ്ങനെയാകണമെന്ന് ആരും പഠിപ്പിച്ചിട്ടില്ല.. ഉപ്പാന്റെ ജീവിതം മാതൃകയായിരുന്നു. പക്ഷേ പലരുടേയും കൈകളിലൂടെ താൻ കടന്നുപോയി...

അൻവർ അവിടെ വളരെ നല്ലരീതിയിൽ ബിസിനസ് നടത്തുന്നുണ്ടായിരുന്നു. എന്നും വിളിക്കും നാട്ടിലെ വിശേഷങ്ങൾ തിരക്കും... റഷീദിന്റെ നിർദ്ദേശപ്രകാരം നാട്ടിൽ 45 സെന്റ് പുരയിടം വാങ്ങാനുള്ള പരിപാടിയാണ്.. വീടിനടുത്തുതന്നെ... ഒരു വീടുവയ്ക്കാനുള്ള മോഹം റഷീദ് തന്നെയാണ് അവനിലുണ്ടാക്കിയത്. സഫിയയുടെ പുരയിടത്തിനടുത്തുതന്നെ... എല്ലാവരും ഒരു വിളിപ്പാടകലെയുണ്ടാകണമെന്നത് ഹമീദിന് വളരെ ആഗ്രഹമുള്ള കാര്യമായിരുന്നു. സഫിയയുടെ വീടുപണി അടുത്ത ആറുമാസത്തിനകം തീരുമെന്നാണ് പറയുന്നത്. അൻവറിനായി റഷീദ് ഉടമസ്തരുമായി സംസാരിച്ചിരുന്നു. അവർ ഇങ്ങോട്ടു വന്നതാണ്. മകളുടെ വിവാഹത്തിനായി പണത്തിന് ആവശ്യം വന്നപ്പോൾ കൊടുക്കാനുള്ള പരിപാടിയായിരുന്നു. ഇന്നാട്ടിൽ ഇപ്പോൾ പണക്കാരായിട്ടുള്ളത് ഹമീദും കുടുംബവുമാണെന്ന് ഇന്നാട്ടുകാർക്കറിയാം.. തങ്ങളുടെ പഴയ കാലം ഇവർക്കറിയില്ലല്ലോ... അല്ലെങ്കിലും ആരും പഴയ കാര്യം തിരക്കാൻ ശ്രമിക്കാറില്ലല്ലോ... കഠിനാധ്വാനത്തിന്റെയു സഹനത്തിന്റെയും ഫലമായി ഇവിടെവരെയെത്തി... ഇനിയും പാതകൾ താണ്ടാനുണ്ട്....

നാദിറയിപ്പോൾ വളരെ നല്ലൊര കുടുംബിനിയായി മാറിയിരിക്കുന്നു. പഴയതുപോലെ അസൂയയോ കുശുമ്പോ ഇല്ല... കുടുംബത്തെ ഒരമിച്ചു കാണാൻ അവൾ പഠിച്ചിരിക്കുന്നു. റഷീദിന് പതിവുപോലെ സൗദിയിൽ നിന്നും ഫോണെത്തി.... അവിടുത്തെ ബിസിനസ് കാര്യങ്ങൾ വിശദമായി സംസാരിക്കും. മാനേജർ വളരെകാര്യക്ഷമതയുള്ള ആളാണ്... ആയതിനാൽ വലിയ ടെൻഷനില്ല... സ്റ്റീഫന്റെ മരുമകൻ അക്കൗണ്ട്സ് മാനേജരായി ചുമതലയേൽക്കാൻ പോവുകയല്ലേ.. അടുത്തമാസം അവനെത്തും.. ഇപ്പോഴുള്ള ആൾ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേയ്ക്ക് പേകാനുള്ള പരിപാടിയാണ്.. തന്നോടൊപ്പം കൂടിയിട്ട് വർഷങ്ങളായിരിക്കുന്നു. മക്കളുടെയെല്ലാം വിവാഹം കഴിഞ്ഞു... ഭാര്യയ്ക്ക് ആരോഗ്യപരായ പ്രശ്നങ്ങളുണ്ട്... ആയതിനാൽ നാട്ടിലേയ്ക്ക് തിരിക്കുകയാണ്... ആ ഒഴിവിലേയ്ക്കാണ് സ്റ്റീഫന്റെ മരുമകൻ എത്തുന്നത്... നാട്ടിൽ അക്കൗണ്ട്സ് ചെയ്ത പരിചയം അവനുണ്ട്... അതുകൂടാതെ സി.എ.ക്കാരനുമാണ്...

അടുത്ത ദിവസം സ്റ്റീഫവും കുടുംബവും വീട്ടിലേയ്ക്ക് വിരുന്നു വരുകയാണ്. അഭിമന്യുവും ഭാര്യയും രാവിലെ തന്നെ എത്തുമെന്ന് അറിയിച്ചിട്ടുണ്ട്... നഷ്ടപ്പെട്ടുവെന്ന് കരുതിയിടത്തുനിന്നും അഭിമന്യു പുതു ജീവിതം തുടങ്ങിയതല്ലേ... മൺമറഞ്ഞ ബന്ധുക്കളെത്തേടി അവൻ പലയിടത്തും പോയിരുന്നു. പലർക്കും അവനെ അറിയില്ല... പലരും അറിയാമെങ്കിലും അജഞ്ഞത നടിച്ചു... വർഷങ്ങൾക്കു ശേഷമുള്ള നാട്ടിലേക്കുള്ള മടക്കമായിരന്നല്ലോ...

അടുത്ത ദിവസത്തേക്കുള്ള തയ്യാറെടുപ്പുകൾ തുടങ്ങിക്കഴിഞ്ഞിരുന്നു. മാർക്കറ്റിൽ നിന്നും ഭക്ഷണത്തിനുള്ള സാധനങ്ങൾ വാങ്ങിയെത്തിയിരുന്നു. സഹായത്തിനായി വിഷ്ണുവിന്റെ അമ്മയും വന്നിരുന്നു. വിവാഹശേഷം എല്ലാവർക്കും ഒരുമിച്ചു കൂടണമെന്നുള്ള ആഗ്രഹം റഷീദ് തന്നെയാണ് പറഞ്ഞത്.. അത് അവർ എല്ലാവരും അംഗീകരിച്ചു. രാവിലെ എല്ലാവരും എത്തണമെന്ന് അറിയിച്ചിട്ടുണ്ട്. റഷീദിന്റെ കുടുംബവും അഭിമന്യുവിന്റെ ഭാര്യയും കുടുംബവും... എല്ലാവരുംകൂടി ഒരു പതിനഞ്ചുപേരു വരുമെന്നു പ്രതീക്ഷിക്കുന്നു. മട്ടൻ ബിരിയാണിയും ചിക്കൻ ഫ്രൈയും... അതാണ് ഉദ്ദേശിക്കുന്ത്. കൂടെ ഒരു കടല പായസവും...

ഫസൽ വീടും പരിസരവും വൃത്തിയാക്കുന്ന തിരക്കിലായിരുന്നു. മറ്റുള്ളവർ അവരുടെ ചുമതലകളിൽ മുഴുകി...

മഹാമാരിയ്ക്ക് വാക്സിൻ എത്തിയിരിക്കുന്നു. മുന്നണിപ്പോരാളികൾക്കാണ് ഇപ്പോൾ വാക്സിനെടുക്കുന്നത്.. സാധാരണക്കാരിലേയ്ക്കെത്താൻ ഇനിയും സമയമെടുക്കും.. ജാഗ്രത കൈവിടരുത്....
സസ്നേഹം ഷംസുദ്ധീൻ തോപ്പിൽ 17 01 2021


തുടർന്നു വായിക്കുക അടുത്ത ഞായറാഴ്ച്ച 24 01 20219.1.21

നിഴൽവീണവഴികൾ ഭാഗം 108

 

അവൻ  അവൾ ദൂരെ മറയുന്നതുവരെ നോക്കിനിന്നു.. മനസ്സ് തെല്ലൊരാശ്വാസം... പലപ്പോഴും  ഓർക്കാറുണ്ടായിരുന്നു. പക്ഷേ അപ്രതീക്ഷിതമായാണ് കണ്ടുമുട്ടിയത്.. തന്നെ  മനസ്സിലായിട്ടും... അറിയാത്ത ഭാവത്തിൽ തന്നോട് പെരുമാറുകയായിരുന്നു, അവൾ...

ഫസൽ  കടപ്പുറത്ത് പാറക്കല്ലിൽ ചെന്നിരുന്നു. നല്ലതണുത്ത കാറ്റ്... വെയിലിന്റെ  ചൂട് കാറ്റിൽ ഇല്ലാതാകുന്നു... പഴയ കാലഘട്ടത്തിലേയ്ക്ക് അവന്റെ ഓർമ്മകൾ  പാഞ്ഞു... ഓർമ്മകളാകുന്ന തിരമാലകൾ തീരത്തെത്തി ചിന്നിച്ചിതറി വീണ്ടും കടലിലേയ്ക്കുതന്നെ തിരികെപ്പോകുന്നു. വീണ്ടും വീണ്ടും പൂർവ്വാധികം ശക്തിയോടെ അത് ആവർത്തിക്കുന്നു. അങ്ങനെതന്നെയാണ് കഴിഞ്ഞ കാല ഓർമ്മകളും... മനസ്സിന്റെ ഉള്ളിലെ തിരമാലകൾ മനസ്സിന്റെ തീരത്തു തല്ലിച്ചിതറി ആഴത്തിലേയ്ക്കു വീണ്ടും പോകുന്നു. വീണ്ടും പൂർവ്വാധികം ശക്തിയോടെ തിരികെയെത്താൻ... കഴിഞ്ഞ കാലങ്ങളെ ഒരിക്കലും മറക്കാനാവില്ല... ഇതൊരു തിരിച്ചറിവുതന്നെയാണ്... പ്രായം കൂടുന്നതിനനുസരിച്ച് പക്വത വർദ്ധിക്കുന്നതിനനുസരിച്ച് ചെയ്തകാര്യങ്ങളുടെ മൂല്യമളക്കാൻ മനുഷ്യനു കഴിയും.. പക്ഷെ ഒരു ഇന്നലെകളേയും മറവിയുടെ ശവക്കല്ലറയിൽ അടക്കംചെയ്യാനാവില്ല.

കടൽക്കാറ്റേറ്റിരിക്കുന്നതിനിടയിൽ ഒരു കൊച്ചു പയ്യൻ കപ്പലണ്ടിയുമായി എത്തി.. അവൻ ഒരു കവർ വാങ്ങി... അലസമായി കിടക്കുന്ന മുടി... കീറിയ ഉടുപ്പ് തുന്നി തയിച്ചിരിക്കുന്നു... പാവപ്പെട്ട ഏതോ കുടുംബത്തിലേയാണ്. ജീവിതപ്രാരാബ്ദമായിരിക്കാം ഇവിടെയെത്തിച്ചത്... ബാക്കി അവനോടു വച്ചുകൊള്ളാൻ പറഞ്ഞു... ആദ്യം വാങ്ങാൻ കൂട്ടാക്കിയില്ലെങ്കിലും നിർബന്ധിച്ചു നൽകി. ഓരോന്നോരോന്നായി തൊലി കളഞ്ഞ് കഴിച്ചുകൊണ്ടിരുന്നു.

അടുത്ത ആഴ്ച സ്റ്റീഫനങ്കിളിന്റെ മകളുടെ വിവാഹമാണ് അതിനു പോകണം. എല്ലാ ആഘോഷങ്ങളും തീർന്നതിനുശേഷം പഠനമെന്ന തിരക്കിലേയ്ക്കു കടക്കണം. അടുത്തമാസം ക്ലാസ്സ് തുടങ്ങും.. പുതിയ സുഹൃത്തുക്കൾ, പുതിയ അന്തരീക്ഷം.. എല്ലാം വ്യത്യസ്തമായിരിക്കും... അതിനോട് ഇഴുകിച്ചേരണം. സ്റ്റീഫൻ അങ്കിൾ തന്നെയാണ് തന്നെ തന്റെ പഴയ കാലത്തിലേയ്ക്കു കൊണ്ടുപോകാനുള്ള അവസരമൊരുക്കിത്തന്നത്... ഇന്നുവരെ അതാരോടും പറഞ്ഞിട്ടുമില്ല... ആ കാലഘട്ടത്തിൽ നിന്നും താനെത്ര മാറിയിരിക്കുന്നു.. ഇന്ന് തനിക്ക് അതിനുള്ള ധൈര്യമുണ്ട്... അന്ന് നിസ്സഹായനായി നോക്കിനിന്നുപോയിട്ടുണ്ട്. തനിക്ക് അദ്ദേഹത്തിന്റെ കുഴിമാടം കാണണമെന്നു പറ‍ഞ്ഞപ്പോൾ ഒന്നും ആലോചിക്കാതെ തന്റയൊപ്പം ഇറങ്ങിവന്ന മനുഷ്യനാണ് സ്റ്റീഫനങ്കിൾ... മറക്കാനാവില്ല... ആ മനുഷ്യനെ...

ഒരുപാടുപേരോട് ഒരുപാട് കടപ്പാടുണ്ട്... എത്ര നന്ദിപറഞ്ഞാലും തീരാത്ത സ്നേഹംതന്നവർ. കൂടെ നിർത്തിയവർ... ചൂഷണംചെയ്തവർ... അതിലെ അവസാന കണ്ണിയായിരുന്നു മൗലവി... പടവുകൾ കയറുമ്പോഴും... അറയ്ക്കുന്ന ചില ഓർമ്മകൾ.. മനസ്സിൽ നിന്നും മായ്ച് കളയാൻ ശ്രമിച്ചാലും... തിരമാലകൾപോലെ വീണ്ടും ശക്തിയായി തിരിച്ചുവരും... മനസ്സിന്റെ കരകൾക്ക് കനം കൂടുന്നതിനാൽ കരയിലേയ്ക്ക് ഇരച്ചു കയറില്ലെന്നുറപ്പാണ്.

സമയം ഒരു മണി കഴിഞ്ഞിരിക്കുന്നു. ഐഷു തന്ന വിലകൂടിയ വാച്ച് തന്റെ സന്തത സഹചാരിയായി മാറിയിരിക്കുന്നു. അതിലേയ്ക്കു നോക്കുമ്പോൾ തനിക്ക് അവളുടെ മുഖമാണ് ഓർമ്മവരുന്നത്... അവളോട് പറയേണ്ട പലതും വാച്ചിനോടു പറയാറുണ്ട്... അവൾ കുടുംബസമേതം നാട്ടിലേയ്ക്ക് വരുന്നെന്നറിഞ്ഞു... കാണാം എന്ന പ്രതീക്ഷ.

ബീച്ചിന് സമീപമുള്ള ഒരു ചെറിയ ഹോട്ടലിൽ നിന്നും ഊണുകഴിച്ചു. സ്വാദിഷ്ടമായ വിഭവങ്ങളായിരുന്നു. അവിടെനിന്നും ബസ്റ്റോപ്പിലേയ്ക്ക് നടന്നു. തനിക്കുള്ള ബസ് കിട്ടാൻ കുറച്ചുനേരം കാത്തുനിൽക്കേണ്ടിവവന്നു. ബസ്സിൽ കയറി സൈഡ് സീറ്റിൽ ഇരുപ്പുറപ്പിച്ചു. പല ഓർമ്മകളും അവനെ അലട്ടിക്കൊണ്ടിരുന്നു.

അഭിമന്യുവും ഭാര്യയും അവരുടെ കുടുംബവീട്ടിൽ എത്തിയിരുന്നു. അമ്മാവനും അമ്മായിയും അവരെ സ്വീകരിച്ചു. അമ്മയുടെ കുഴിമാടത്തിനു മുന്നിൽ അവർ എത്തി... കണ്ണടച്ചു അമ്മയുടെ അനുഗ്രഹിത്തിനായി പ്രാർത്ഥിച്ചു. ആ ആത്മാവ് ഒരു ഇളം കാറ്റായി അവരെ തഴുകിയിട്ടുണ്ടാകാം.

അമ്മായി വയ്യെങ്കിലും ഭക്ഷണമുണ്ടാക്കുന്ന തിരക്കിലായിരുന്നു.അഭിമന്യുവിന്റെ ഭാര്യയും അടുക്കളയിൽ കയറി വേണ്ട സഹായമൊക്കെ ചെയ്തു. ഉച്ചയായപ്പോൾ ഒരു ചെറിയ സദ്യ റഡി... അമ്മായി അമ്മാവന് വാരിക്കൊടുത്തിട്ടു കഴിക്കാമെന്നു അഭിമന്യു പറഞ്ഞു. സ്വന്തമായി കഴിക്കാൻ വലിയ ബുദ്ധിമുട്ടാണ്. മനസ്സ് ചെല്ലുന്നിടത്ത് കൈ ചെല്ലുന്നില്ല.. അതുകൊണ്ട് അമ്മായി വാരിക്കൊടുക്കുകയാണ് പതിവ്.

ചെയ്ത തെറ്റിനുള്ള പ്രായശ്ചിത്തം എന്നൊക്കെ ഇടയ്ക്കിടയ്ക്ക് അമ്മാവൻ പറയുന്നുണ്ടായിരുന്നു. ശരിയാണ്. ചെയ്ത തെറ്റിനുള്ള ശിക്ഷയാണ് ഈ അനുഭവിക്കുന്നതൊക്കെ. ഈ 56 സെന്റെ പുരയിടവും വീടും ആർക്കും നൽകില്ലെന്നുറപ്പിച്ച് ജീവിക്കുകയായിരുന്നു. തങ്ങൾ മക്കൾക്ക് ഇതിനോട് താൽ പര്യവുമില്ലായിരുന്നു. അതിനാലാണ് ഒരിക്കലും നാട്ടിൽ വരണമെന്നു തോന്നാതിരുന്നതും.

ഭക്ഷണം കഴിഞ്ഞ് വൈകുന്നേരത്തോടെയാണ് അവർ യാത്ര തിരിച്ചത്. അമ്മാവനോടും അമ്മായിയോടും യാത്രപറഞ്ഞിറങ്ങുമ്പോൾ അവരുടെ കണ്ണുനീരിന്റെ തിളക്കമുണ്ടായിരുന്നു. അമ്മയുടെ കുഴിമാടത്തുനോക്കി മൗനാനുവാദവും വാങ്ങി അവർ യാത്ര തുടർന്നു. ചെറിയൊരു ഷോപ്പിംങ്ങുണ്ടായിരുന്നു. നാളെ പെണ്ണിന്റെ വീട്ടിലേക്കുള്ള മറുവീടുണ്ട്. അതിനായി കുറച്ചു സാധനങ്ങൾ വാങ്ങാനുണ്ടായിരുന്നു. രാവിലെ 9 മണിക്ക് പുറപ്പെടും... ഇവിടെ നിന്നും തങ്ങൾവീട്ടുകാർമാത്രമേയുള്ളു. അവരുടെ ബന്ധുക്കളും കുറച്ചുപേര് കാണും.

രാത്രി എല്ലാപേരും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചു. അഭിമന്യുവും ഭാര്യയും ആ വീട്ടിലെ ഒരു അംഗത്തെപ്പോലായി മാറിയിരുന്നു. കളിയും ചിരിയും തമാശകളുമായി ദിവസങ്ങൾ. അവർ 10 ദിവസങ്ങൾ മാത്രം നാട്ടിൽ കാണും.. നാളെ ഭാര്യവീട്ടിലേയ്ക്കു പോകുന്നു. അതു കഴിഞ്ഞാൽ അവർ ഭാര്യയുടെ ബന്ധുവീടുകളിൽ യാത്ര അപ്പോഴേയ്ക്കു അവർക്കുള്ളസമയം കഴിയും...  റഷീദും വളരെ ഹപ്പിയിലായിരുന്നു.

ഹമീദും കുടുംബവും ആദ്യമായാണ് ഇത്രയധികം സന്തോഷിക്കുന്നത്. എല്ലാവരും ഒരു മനസ്സോടെ... അവിടെ ഒരു ആഘോഷത്തിന്റെ പ്രതീതി. അതിനിടയിൽ എല്ലാവർക്കും സഹായമായി ഫസലും... അടുത്ത ദിവസം എല്ലാവരും അഭിമന്യുവിന്റെ ഭാര്യാവീട്ടിലേയ്ക്കു യാത്രായായി. അടുത്ത ബന്ധുക്കളെല്ലാവരും അവിടെ എത്തിയിരുന്നു. വളരെ വലിയസ്വീകരണമാണ് അവർക്കവിടെ ലഭിച്ചത്. ആ കുടുംബത്തിനും ചെറിയൊരു സംശയമുണ്ടായിരുന്നു. എങ്ങനെയായിരിക്കും അവരുടെ മകളുടെ ഭാവിയെന്ന കാര്യത്തിൽ.. ഇപ്പോൾ അവർക്കുറപ്പുണ്ട്. തികച്ചും സുരക്ഷിതമായ കരങ്ങളിലാണ് അവളെ ഏൽപ്പിച്ചതെന്ന്. യാത്ര ചെയ്യാനുള്ള ബുദ്ധിമുട്ടുകളുണ്ടായിരുന്നെങ്കിലും ഹമീദും എത്തിയിരുന്നു. ജീവിതത്തിൽ ഒരിക്കൽ മാത്രം കിട്ടുന്ന സൗഭാഗ്യങ്ങളാണിതൊക്കെ.. ഇനിയൊരിക്കലും തങ്ങളെത്തേടിയെത്തില്ലെന്നുറപ്പാണ്.

അവർ അവിടെനിന്നും യാത്രയായി... വൈകുന്നേരത്തോടെ വീട്ടിലെത്തി. പിറ്റേദിവസം രാവിലെ സഫിയയുടെ വീടിനുള്ളസ്ഥാനം കാണലായിരുന്നു. എല്ലാം വളരെ വേഗം നടക്കുകയായിരുന്നു. ഈ സമയത്തു തന്നെ നടത്തണമെന്നുള്ളത് റഷീദിന് വാശിയായിരുന്നു. കാരണം വെറും പത്തു ദിവസം മാത്രമാണുള്ളത്. ഇതിനുള്ളിൽ നടത്തിയില്ലെങ്കിൽ പിന്ന വലിയ പാടാണ്...  പള്ളിയിൽ നിന്നും ഉസ്താദ് എത്തിയിരുന്നു. പ്ലാനിൽ നോക്കി പ്രാര്ത്ഥിച്ചു. അതിനു ശേഷം എഞ്ചിനീയറോട് കുശലം പറഞ്ഞു... എല്ലാവരും വട്ടം കൂടിനിന്നു കുറ്റിയടിക്കാനുള്ള സ്ഥലത്ത് വെള്ളം തളിച്ചു. വീണ്ടും പ്രാർത്ഥന.

ഉസ്താദിന്റെ അനുഗ്രഹത്തോടെ... ഹമീദിന്റെ അനുവാദത്തോടെവീടിന്റെ സ്ഥാനത്ത് കുറ്റിയടിച്ചു... വീടുപണി കോൺട്രാക്ട് ഏൽപിച്ചിരിക്കുകയാണ് റഷീദിന് അറിയാവുന്ന ആളാണ്.. സഫിയയുടെ ഹമീദിന്റെ ആഗ്രഹപ്രകാരമുള്ള വീട്... 6 മാസത്തിനുള്ളിൽ പൂർത്തിയാകുമെന്നു പ്രതീക്ഷിക്കുന്നു. തൊട്ടടുത്താണെങ്കിലും സഫിയയ്ക്ക് അവിടെ മാറി താമസിക്കാൻ തീരെ താൽപര്യമില്ല.. അങ്ങനെ ആരും അവളെ നിർബന്ധിക്കുകയുമില്ല.. പിന്നെ ആയ കാലത്തല്ലേ ഇതെല്ലാം ചെയ്യാനാവുകയുള്ളൂ... ഫസലിന്റെ ഭാവി നോക്കണമല്ലോ.. അടുത്ത അഞ്ചു വർഷങ്ങൾ നിർണ്ണായകമാണ്.. അവന് ധാരാളം പഠിക്കാനുണ്ട്.. അതിനുവേണ്ട എല്ലാ സാഹചര്യങ്ങളും ഒരുക്കിക്കൊടുക്കണം.

റഷീദിനെപ്പോലൊരു സഹോദരനെ കിട്ടാൻ പുണ്യം ചെയ്യണം. സഫിയ അതാണ് മനസ്സിൽ കരുതുന്നത്... ഇവരൊന്നുമില്ലായിരുന്നെങ്കിൽ തന്റെ ജീവിതം എന്താകുമായിരുന്നെന്ന് പലപ്പോഴും സഫിയ ചിന്തിക്കാറുമുണ്ട്.

അപ്രതീക്ഷിതമായാണ് വീട്ടിലെ ഫോൺ റിംഗ് ചെയ്തത്. ഫസലാണ് ഫോണെടുത്തത്. അപ്പുറത്ത് ഐഷു...

“ഫസലേ കല്യാണത്തിന്റെ തിരക്കൊക്കെ കഴിഞ്ഞോ..“

“കഴിഞ്ഞു. എല്ലാവരും വളരെ ഹാപ്പിയായി പോകുന്നു.“ അവൻ മനസ്സിലോർത്തു... ഇതുപോലെ ഈ വീട്ടിലേയ്ക്കു കയറി വരേണ്ടവളാണ് അവളെന്ന് പറയണമെന്നുണ്ടായിരുന്നു. പക്ഷേ അടുത്തു മാമയുണ്ട്... അവരാരെങ്കിലുംകേട്ടാലോ..“

“എന്നാടാ നമ്മുടെ.....“

“അവനൊന്നും പറയാനായില്ല.“

“ആളുണ്ടല്ലേ...

“മം.....“

“വേണ്ട മോനൊന്നും പറയേണ്ട... ഞാൻ പറയുന്നത് കേട്ടോ...“

“മം...“

“പിന്നെ വീട്ടുകാരോട് പറയണം നമ്മുടെ കല്യാണം ഇതിനേക്കാൾ ആർഭാടമായിരിക്കണമെന്ന്..“

“അതുപിന്നെ ഉറപ്പല്ലേ...“

അവരുടെ സംഭാഷണം നീണ്ടുപോയി...

പകർച്ചവ്യാധിക്കെതിരേയുള്ള വാക്സിനായി കാത്തിരിക്കുന്നു. മുഖാവരണം മാറ്റി ഈ നാടിനെയൊന്നു നെഞ്ചു നിവർന്നുനിന്നു കാണാൻ... കാത്തിരിക്കാം എത്രനാൾ വേണമെങ്കിലും...
സസ്നേഹം നിങ്ങളുടെ സ്വന്തം ഷംസുദ്ധീൻ തോപ്പിൽ 10 01 2021
 

തുടർന്നു വായിക്കുക അടുത്തഞായറാഴ്ച്ച 17 01 2021


2.1.21

നിഴൽവീണവഴികൾ ഭാഗം 107

 

അവിടെ സൈനബ തന്നെയാണ് അമ്മയുടെ സ്ഥാനത്തുനിന്ന് കത്തിച്ച വിളക്ക് നൽകി വധുവിനെ സ്വീകരിച്ചത്... അഭിമന്യുവിന്റെ കണ്ണുകളിൽ നിന്നും ആനന്ദാശ്രുക്കൾ പൊഴിഞ്ഞു... എത്ര ജന്മം നന്ദി പറഞ്ഞാലാണ് തീരുക... ഹിന്ദു ആചാരങ്ങളൊന്നും തെറ്റിക്കാതെ ആ മംഗളകർമ്മത്തിന്റ ചടങ്ങുകളോരോന്നും നടന്നു...

വൈകുന്നേരവും അടുത്ത ബന്ധുക്കളൊക്കെ വന്നിരുന്നു. അമ്മായിയോട് വിവാഹം പറഞ്ഞിരുന്നു. ദൂരം കൂടുതലായിരുന്നതിനാലും വിട്ടു നിൽക്കാൻ പറ്റാത്ത അവസ്ഥയായിരുന്നതിനാലും എത്തിച്ചേരാനാവില്ലെന്നു പറഞ്ഞിരുന്നു. പക്ഷേ അപ്രതീക്ഷിതമായാണ് അമ്മയി വൈകുന്നേരം അവിടെത്തിയത്. എല്ലാവർക്കും സന്തോഷം പകരുന്ന കാര്യമായിരുന്നത്. സ്വന്തം സഹോദരിയെ കണ്ടപ്പോൾ ഹമീദും ചെറുപ്പക്കാരനെപ്പോലെ ഓടിനടന്നു. ഓരോരുത്തരേയും പരിചയപ്പെടുത്തി. അമ്മായി ഒരു ബന്ധുവിനേയും കൂട്ടിയാണ് എത്തിയത്.

വിരുന്നുകാർക്കായി ഭക്ഷണം ഒരുക്കിയിരുന്നു. വൈകുന്നേരം വധുവിന്റെ വീട്ടിൽനിന്നും അടുത്ത ബന്ധുക്കളും എത്തിയിരുന്നു.  അമ്മായിക്ക് ഇവിടെ എത്തിച്ചേരാനായതിൽ വളരെ സന്തോഷം കുറേനേരം ഹമീദുമായി സംസാരിച്ചിരുന്നു. എന്തായാലും ഹമീദിന്റെ സഹനത്തിന്റെ ഫലമാണ് ഈ കാണുന്നതെന്ന് അവർ പറഞ്ഞു. മക്കളുടെ ഒത്തൊരുമ... ആരുടെ മുന്നിലും കുനിയാത്ത ആ സ്വഭാവം സ്വയം ഉയരങ്ങൾ കീഴടക്കാൻ സാധിച്ചില്ലെങ്കിലും മക്കളിലൂടെ സാധിച്ചെന്നുള്ള സന്തോഷം. സഫിയയ്ക്കും ഒരു വീടുണ്ടാകാൻ പോകുന്ന സന്തോഷവും അവർ പങ്കുവച്ചു. ഫസൽ എല്ലാ കാര്യങ്ങളും നോക്കി ഓടി നടക്കുകയായിരുന്നു. മൗലവിയും എത്തിയിരുന്നു. അവിടെ വിവിധ മതങ്ങളുടെ ഒത്തുചേരലായിരുന്നു. അങ്ങനെയൊരു സംഗമസ്ഥലമാക്കാൻ ഹമീദിനെപ്പോലുള്ളവർക്കുമാത്രമേ കഴിയൂ...

സ്റ്റീഫനും കുടുംബവും എത്തിച്ചേർന്നു. അവരെയും എല്ലാവർക്കും പരിചയപ്പെടുത്തി. സ്റ്റീഫന്റെ മകളുടെ ഭാവി വരനും അവിടെത്തിയിരുന്നു. അവന്റെ വിസയുമായാണ് റഷീദ് എത്തിയിരുന്നത്. അവർ പരസ്പരം കണ്ടത് അന്നായിരുന്നു. അവർ അൽപനേരം ഓഫീസ് കാര്യങ്ങളൊക്കെ സംസാരിച്ചു. അവിടെ എത്തിയാൽ ചെയ്യേണ്ട ജോലിക്കാര്യങ്ങളൊക്കെ സംസാരിച്ചു. വിസ അവന് റഷീദ് തന്നെ കൈമാറി... ടിക്കറ്റിനു പോലും പൈസചിലവില്ല... എല്ലാം റഷീദിന്റെ സ്ഥാപനത്തിന്റെ ചിലവിൽ... എന്തായാലും അവർക്ക് ഒരുമിച്ചുതന്നെ സൗദിയിലേയ്ക്ക് വരാം... അവർക്ക് താമസിക്കാനുള്ള സ്ഥലവും റഡിയാക്കിയിരുന്നു. വിവാഹത്തിന് ഒരുമാസത്തെ ലീവിനാണ് വന്നത്. അതു കഴിഞ്ഞ് അവർക്ക് തിരിക്കേണ്ടിവരും. സ്റ്റീഫനും കുടുംബവും റഷീദിനോട് നന്ദിപറഞ്ഞു.

വധുവിന്റെ വീട്ടിൽനിന്നു വന്നവരെല്ലാം സന്തോഷത്തോടെ യാത്രപറഞ്ഞിറങ്ങി. തങ്ങളുടെ മകളെ പറഞ്ഞയച്ചത് സുരക്ഷിതമായൊരിടത്തേക്കാണെന്നുള്ള വിശ്വാസവും അവർക്കുണ്ടായി... അതു കഴിഞ്ഞാണ് അമ്മായിയുടെ യാത്ര... അടുത്ത ദിവസം പോയാൽ മതിയെന്നു ഹമീദും മറ്റുമൊക്കെ പറഞ്ഞു അമ്മായിക്ക് അവിടെത്തിയിട്ട് ധാരാളം കാര്യങ്ങൾ ചെയ്തുതീർക്കാനുണ്ട്. അതിനാലാണ് ഇന്നിവിടെ താമസിക്കാൻ കഴിയില്ലെന്ന് പറഞ്ഞത്.. എന്തായലും ഒരു ദിസം രാവിലെ വരാമെന്നും രണ്ടു ദിവസം നിന്നിട്ടേ പോകൂവെന്നും പറഞ്ഞു അവർ പിരിഞ്ഞു... വിരുന്നുകാരും ബന്ധുക്കളുമെല്ലാം ഓരോരുത്തരായി പിരിഞ്ഞുപോയി.. അവസാനം വീട്ടിലുള്ള ബന്ധുക്കൾ മാത്രം.. അവരെല്ലാം കുറച്ചുനേരം കുശലംപറഞ്ഞിരുന്നു. എല്ലാവരും വലിയ സന്തോഷത്തിലായിരുന്നു. സമയം പത്തുമണി കഴിഞ്ഞു.. അഭിമന്യു റൂമിലേയ്ക്കു പോയി... സഫിയ ഒരു ഗ്ലാസ് പാലുമായി അഭിമന്യുവിന്റെ ഭാര്യയുടെ അടുത്തെത്തി. അവൾക്കത് നൽകി... ഹിന്ദു ആചാരത്തിൽ അതുമുണ്ടല്ലോ... ആചാരങ്ങൾ എല്ലാവരും അതുപോലെ നടത്തണമെന്ന് ഹമീദിന് നിർബന്ധമുണ്ടായിരുന്നു.

സഫിയ അവളെ അഭിമന്യുവിന്റെ റൂമിലേയ്ക്ക് ആനയിച്ചു. കൂടെ നാദിറയും. മറ്റുമുണ്ടായിരുന്നു. അവളെ റൂമിലാക്കി... അവർ തിരികെവന്നു. നവവധുനിന്റെ നാണത്തോടെ അവൾ അഭിമന്യുവിന്റെ മുന്നിൽ നിന്നു. അവരുടെ ആദ്യരാത്രി. ഒരുപാട് മോഹങ്ങളുമായി തന്റെ ജീവിതത്തിലേയ്ക്ക് കടന്നുവന്നവൾ. അവർ അവിടെ ഒരു പുതിയ ജീവിതം തുടങ്ങുകയായിരുന്നു. അവർ‌ വളരെനേരം സംസാരിച്ചിരുന്നു. വ്യത്യസ്ഥ ജാതിയായിരിന്നിട്ടുകൂടി സ്വന്തക്കാർ കാണിക്കുന്നതിനേക്കാൾ ആത്മാർത്ഥതയും സ്നേഹവും... അവർ വിശ്വസിക്കുന്ന ദൈവങ്ങളോട് നന്ദിപറഞ്ഞു. അവരുടെ സംസാരം പരസ്പരം സ്നേഹപ്രകടനങ്ങളിലേയ്ക്ക് നീങ്ങി മനസുകൾ അവർ പങ്കുവച്ചു... രാത്രിയുടെ അന്ത്യയാമത്തിൽ അവർ ഒന്നായി... പൂർണ്ണ നഗ്നരായി ഒരു പുതപ്പിനുള്ളിൽ അവർ ചുരുണ്ടുകൂടി...

നേരം പുലർന്നു പുതുമണവാണനേയും മണവാട്ടിയേയും ആരും ശല്യപ്പെടുത്താൻ പോയില്ല.. അവർ എഴുന്നേറ്റപ്പോഴേയ്ക്കും പത്തുമണിയായിരുന്നു. അവർ എത്തിയപ്പോഴേയ്ക്കും എല്ലാവരും പ്രഭാതഭക്ഷണം കഴിച്ചിരുന്നു. സഫിയയും റഷീദും ടൗണിലേയ്ക്ക് പോയിരുന്നു. അവിടെ ഒരു ആർക്കിടെക്ടിനെ കാണാനുണ്ടായിരുന്നു. സഫിയയ്ക്കു വയ്ക്കുന്ന വീടിന്റെ പ്ലാനിൽ ചില മാറ്റങ്ങൾ വരുത്തണം... ഫസലിന്റെ ആഗ്രഹപ്രകാരം ചില കൂട്ടിച്ചേർക്കലുകളും വേണ്ടിവന്നു... ചെറിയൊരു ഔട്ടുഹൗസും കൂടി വേണമെന്നുള്ളതാണ് ഹമീദിന്റെ ആഗ്രഹം.. കാരണം ഫസൽ പഠിച്ച് ഡ‍ോക്ടറായിക്കഴിഞ്ഞാൽ അവന് പ്രാക്ടീസ് ചെയ്യാൻ ഒരു സ്ഥലം വേണം. വീടിന്റെ സ്വാതന്ത്ര്യത്തിൽ കൈകടത്താതെ പുറത്തൊരണ്ണം അതായിരിക്കും നല്ലതെന്നു അവർക്കു തോന്നി. ഫസലും അവരോടൊപ്പം പോയി...

ഉച്ചയ്ക്കു മുമ്പുതന്നെ അവർ തിരിച്ചെത്തി.. അപ്പോഴേയ്ക്കും കമ്പനിയിൽ നിന്നും ഫോണെത്തിയിരുന്നു. അന്നത്തെ സ്റ്റോക്കിന്റെ കാര്യങ്ങളും പർച്ചേസിന്റെ കണക്കുകളും അക്കൊണ്ടന്റ് റഷീദിനോട് പറഞ്ഞു. അൽപനേരം കഴിഞ്ഞപ്പോൾ ദുബായിൽ നിന്നും അൻവറിന്റെ ഫോൺ വന്നിരുന്നു. ഇന്നലെ വിളിച്ചു സംസാരിച്ചിരുന്നു. അഭിമന്യുവിനും വധുവിനും ആശംസകൾ നേർന്നിരുന്നു. അഭിമന്യുവിനോടും സംസാരിച്ചു. അൻവറിന് വിവാഹത്തിൽ പങ്കെടുക്കാൻ പറ്റാത്തതിൽ വിഷമം ഉണ്ട് ദുബായിൽ തുടക്കമായത് കൊണ്ട് വിട്ടു നിൽക്കാൻ പറ്റാത്ത അവസ്ഥയും...

എല്ലാവരും ഉച്ചഭക്ഷണത്തിന് ഒരുമിച്ചാണിരുന്നത്... തമാശകൾ പറഞ്ഞു അവർ ഭക്ഷണം കഴിച്ചു. അടുത്ത ദിവസം അഭിമന്യുവിനോട് ബന്ധുവീടുകളിലൊക്കെ ഒന്നു പോയിവരാൻ റഷീദ് പറഞ്ഞു... അവനും അത് ആഗ്രഹിച്ചിരുന്നു. വിവാഹത്തിന് ആരുമെത്തിയില്ല... ഇനി ഗൾഫിലേയ്ക്ക് പോയി തിരികെ വരുമ്പോൾ അവരാരെങ്കിലും ഉണ്ടാകുമോയെന്നുമറിയില്ല.. പിന്നെ തന്റെ പെണ്ണിനെ അമ്മയുറങ്ങുന്ന മണ്ണിലൊന്നു കൊണ്ടുപോകണം. രണ്ടാളുംകൂടി ഒരു തിരി കത്തിച്ചുവയ്ക്കണം... അഭിമന്യു സമ്മതിച്ചു.

അടുത്ത ദിവസം അഭിമന്യുവും ഭാര്യയും യാത്ര പുറപ്പെടാനിറങ്ങി... അവർ ഫസിലിനെ വിളിച്ചിരുന്നു. ഫസലിന് ടൗണിൽ പോകണമെന്നും കുറച്ചു കാര്യങ്ങൾ ചെയ്തു തീർക്കാനുണ്ടെന്നും അറിയിച്ചു. എന്നാൽ അവരോടൊപ്പെ വന്നാൽ ടൗണിൽ ഇറക്കാമെന്നും പറഞ്ഞു.. അവൻ സമ്മതിച്ചു.

അവരോടൊപ്പം അവനും കയറി.. രാവിലെ 9 മണി... അവർ പോകുന്നത് ടൗൺ വഴിയാണ്. പത്തുമണിയോടെ അവർ ടൗണിലെത്തി. തന്നെ എൻട്രൻസ് കോളേജിനടുത്ത് ഇറക്കിയാൽ മതിയെന്നവൻ പറഞ്ഞു. അവൻ അവിടിറങ്ങി.. അവരുടെ വണ്ടി കണ്ണിൽ നിന്നും മറയുന്നതുവരെ നോക്കിനിന്നു. സാവധാനം അവൻ ഫിലിം പ്രൊഡക്ഷൻ കമ്പനിയിലേയ്ക്ക് നടന്നു... അഭിനയമെന്ന മോഹം മനസ്സിലുണ്ട്... പക്ഷേ അവന്റെ മനസിൽ ഇപ്പോൾ കടന്നു കൂടിയിരിക്കുന്നത് മറ്റു പല മോഹങ്ങളുമാണ്... വാതിലിൽ തട്ടി അവൻ അകത്തുകടന്നു. അവിടെ അവളുണ്ടായിരുന്നു. നല്ല മഞ്ഞ സാരിയും ബ്ലൗസുമാണ് വേഷം.. അവളെ കൂടുതൽ സുന്ദരിയായി തോന്നി... ചുണ്ടുകൾ ചുവപ്പിച്ചിരുന്നു. എന്തൊരു സൗന്ദര്യമാണിവൾക്ക്. തന്റെ കരവലയത്തിൽ അവൾ വളരെ സന്തോഷവതിയായിരുന്നു ആ സമയത്തൊക്കെ... ഏതൊരു പുരുഷനേയും മോഹിപ്പിക്കുന്ന ശരീരവടിവ്... അവൻ അവളെ അൽപനേരം നോക്കി നിന്നു.

”ഫസലേ വന്നുനിന്നു സ്വപ്നം കാണുകയാണോ..”

അവിടെ മറ്റാരുമില്ലായിരുന്നു...

”അതേ... കുറച്ചു ദിവസങ്ങൾ കണ്ട സ്വപ്നങ്ങൾ”..

”അവളുടെ മുഖത്ത് നാണം ഉദിച്ചു...”

”പിന്നെ കഥപറയാൻ ഇന്നു പറ്റില്ല... സാറുണ്ടിവിടെ... കൂടെ ഒരു പ്രൊഡ്യൂസറും...”

”ഡോക്ടർ ഫസൽ എന്നാ ചിലവു നടത്തുന്നത്...”

”എവിടെവച്ചു വേണേങ്കിലും ചിലവു നടത്താം.... എന്തു വേണേലും വാങ്ങിത്തരാം..”

”എന്നാൽ അടുത്ത ബുധനാഴ്ച വാ... സാറ് ചൊവ്വാഴ്ച ചെന്നൈയിൽ പോകും... നമുക്ക് അടിച്ചുപൊളിക്കാം..”

”നമുക്കന്ന് പുറത്തുപോയാലോ...”

”അതുവേണ്ട.. എന്നെ അറിയാവുന്നവരുണ്ട്.. ആരേലും കണ്ടാൽ വീട്ടിൽ പ്രശ്നമാവും.. ടാ... നിനക്ക് എന്നോട് പ്രേമമൊന്നുമില്ലല്ലോ...”

”ഏയ്.... ചിലപ്പോൾ ഞാൻ പ്രേമിച്ചാലോ....”

”അതു വേണ്ട... അതിലെനിക്ക് താൽപര്യവുമില്ല.. ഒരിക്കൽ പ്രേമിച്ചതാ... അതിന്റെ വേദന ഇതുവരേ മാറിയിട്ടുമില്ല.. പിന്നെ നിനക്ക് എന്നേക്കാൾ 7 വയസ്സ് കുറവാ.. അത് മറക്കരുത്.. നമുക്ക് രണ്ടാൾക്കും ആവശ്യം ശരീരസുഖം മാത്രം... അതു മാത്രം ചിന്തിച്ചാൽ മതി.. പിന്നെ നീയൊരു ഡോക്ടറായിക്കഴിഞ്ഞാൽ നമ്മളെയൊന്നും മറക്കരുതേ..”

”എനിക്ക് മറക്കാനാവുമോ?.... അവൻ അവളുടെ കവിളിൽ ആരും കാണാതെ തലോടി... അവൾക്കത് വളരെ ഇഷ്ടപ്പെട്ടു... അവൾ എഴുന്നേറ്റ് അവന്റെ കവിളിൽ ഒരു ഉമ്മനൽകി...

”ഇന്നിതുമതി... നീ സാറിനെ കാണുന്നോ... അവൾ ഇന്റർകോമിൽ സാറിനെ വിളിച്ചു. ഫസൽ വന്ന കാര്യം പറഞ്ഞു.”

അദ്ദേഹം പുറത്തേയ്ക്ക് ഇങ്ങിവന്നു..

”ഹായ് ഡോ. ഫസൽ... എന്തുണ്ട് വിശേഷം.. ക്ലാസ്സ് തുടങ്ങിയോ..”

”ഇല്ല... അടുത്തമാസം തുടങ്ങുമെന്ന് അറിയുന്നു.”

”പിന്നെ.. നമ്മുടെ സിനിമ തുടങ്ങാൻ ഇനിയും സമയമെടുക്കും... കഥ മുഴുവൻ വായിച്ചു കേട്ടുകഴിഞ്ഞോ..”

”ഇല്ല.. പരീക്ഷയും പിന്നെ റിസൾട്ടുമൊക്കെ വന്നതിനാൽ അതിനു സമയം കിട്ടിയില്ല..”

”സാരമില്ല... ഫ്രീയുള്ള ദിവസം തുടർച്ചയായി വന്ന് വായിച്ചോളൂ... വേണ്ട കാര്യങ്ങളൊക്കെ സ്മിത ചെയ്തുതരും..”

”അവൾ അവനെ നോക്കി ചിരിച്ചു... വശ്യമായ ചിരി... അതിൽ എല്ലാം ഒളിഞ്ഞിരിക്കുന്നു.

”ശരി ഫസൽ.. നിങ്ങൾ സംസാരിച്ചിക്ക്. ഒരു തമിഴ് പടത്തിന്റെ പ്രൊഡ്യൂസറാ... ഞാൻ ചെല്ലട്ടേ..”

”ശരി. സാർ..”

അവർ അവിടെ കുറച്ചുനേരം നിന്നു സംസാരിച്ചു.... വീണ്ടും ഗസ്റ്റുകൾ വന്നതിനാൽ അവൻ അവളോട് യാത്രപറഞ്ഞ് പിരി‍ഞ്ഞു..

പുറത്തിറങ്ങി... സ്ഥിരമായി കയറാറുള്ള ബേക്കറിയിലേക്ക് അവിടെനിന്നും ഒരു ജ്യൂസും കുടിച്ച് ബസ്റ്റാന്റിലേയ്ക്ക് നടന്നു... നേരേ ബീച്ചിലേക്കൊന്നു പോകാം.. കുറച്ചു നാളുകളായി അങ്ങോട്ടേക്കൊക്കെ പോയിട്ട്. അവൻ ബീച്ചിലേയ്ക്കുള്ള വണ്ടിയിൽ കയറി... വലിയ തിരക്കില്ലായിരുന്നു. ബീച്ചിൽ ബസ്സിറങ്ങി അവൻ ഒഴിഞ്ഞ ഒരു കോണിലേയ്ക്കു നടന്നു. അപ്രതീക്ഷിതമായി ഒരാൾ അവനെ വിളിച്ചു.. അവൻ തിരിഞ്ഞനോക്കി... ആമിന

”ടാ ഫസലേ... നീയെവിടെ പോകുന്നു..”

”ഞാൻ വെറുതേ...”

”ഇത്തായെന്താ ഇവിടെ..”

”ഞാൻ കുറച്ച് സാധനങ്ങൾ വാങ്ങാൻ വന്നതാ...”

”പിന്നെ.. എന്റെ വിവാഹം കഴിഞ്ഞു.. നല്ലൊരു മനുഷ്യനാ... രണ്ടാം വിവാഹമാണ് അദ്ദേഹത്തിന്റേത്... എന്റെ മകളേയും അയാൾ പൊന്നുപോലാ നോക്കുന്നത്... കെ.എസ്.ആർ.ടി.സി. കണ്ടക്ടറാ...” ഇതുവഴിയാ റൂട്ട്.. ഞാൻ ഉച്ചഭക്ഷണവുമായി വന്നതാ... കൊടുത്തു ഇനി കുറച്ചു സാധനങ്ങളും വാങ്ങിതിരിച്ചുപോകണം. ഇവിടടുത്താ വീട്... നീ വരുന്നോ..”

”ഇല്ല...”

”പിന്നെ... നീ പറയാത്ത ഒരു കാര്യം ഞാൻ പറയട്ടേ...”

”എന്താ...”

”നീയെന്റെ കുഞ്ഞനുജനല്ലേടാ... എന്റെ ഇളയമ്മേട മോൻ... വാപ്പാന്റെ രണ്ടാം വിവാഹത്തിലെ കുട്ടി..”

അവനൊന്നും സംസാരിക്കാനായില്ല... അവളുടെ മുഖത്തേയ്ക്ക് നോക്കി നിന്നുപോയി...

”എനിക്ക് നിന്നെ കണ്ട അന്നുമുതൽ സംശയമുണ്ടായിരുന്നു... പിന്നെ അതു കണ്ടെത്താനായി ശ്രമിച്ചു. ഒരിക്കലും നിങ്ങളുടെ ജീവിതത്തിന് ബുദ്ധിമുട്ടുണ്ടാവാതിരിക്കാനും ആഗ്രഹിച്ചു...”

”പിന്നെ.. എന്റെ കൊച്ചുമ്മാനെ ദൂരെ നിന്നു കാണ്ടിട്ടുണ്ട്.. ചിലപ്പോഴൊക്കെ നിങ്ങളുടെ വീടിനടുത്തൂടെ പോകാറുമുണ്ട്.. പക്ഷേ എനിക്കറിയാം. എന്റെ വാപ്പചെയ്ത ക്രൂരതകൾ... അതു വീണ്ടും ഓർമ്മിപ്പിക്കാൻ ഞാനാഗ്രഹിക്കുന്നില്ല.. അതാ അങ്ങോട്ടൊന്നും കയറാതിരുന്നത്..”

അവന് കുറച്ചുനേരത്തേയ്ക്ക് ഒന്നും പറയാനായില്ല...

”പിന്നെ... എന്റെ കുഞ്ഞനുജൻ ഒരുപാട് കഷ്ടപ്പെട്ടതല്ലേ... സ്വന്തം ചേച്ചി വഴിതെറ്റിപ്പാകാതിരിക്കാൻ എന്തെല്ലാം നീയെനിക്കുവേണ്ടി ചെയ്തു... ഞാൻ ജോലിക്കു നിന്ന വീട്ടുകാർ തന്നെ എന്റെ വിവാഹം നടത്തിത്തന്നു.. ചെറിയൊരു ചടങ്ങുമാത്രം... ഞാനിപ്പോൾ സന്തോഷവതിയാ... ഈ ജന്മത്തിൽ ഈ രഹസ്യങ്ങളൊന്നും ഞാൻ ആരോടും പറയില്ല.. സഫിയാഉമ്മയോട് നീയിതൊന്നും പറയരുത്...”

”ഇല്ല ഞാനൊന്നും പറഞ്ഞിട്ടില്ല.. വാപ്പ മരിച്ചോ ജീവിച്ചിരിക്കുന്നോ എന്നൊന്നും ഉമ്മയ്ക്കറിയില്ല...”

”അതങ്ങനെതന്നെയിരിക്കട്ടെ... എന്താ നിന്റെ വിശേഷം പഠിത്തമൊക്കെ കഴിഞ്ഞോ?”..

”പിന്നെ എനിക്ക് എൻട്രൻസ് കിട്ടി... എം.ബി.ബി.എസ്... കോഴിക്കോട് മെഡിക്കൽ കോളജിൽ.. അടുത്തമാസം ക്ലാസ്സ് തുടങ്ങും..”

”പടച്ചോനെ.. എന്റെ കുഞ്ഞിനെ നീ രക്ഷപ്പെടുത്തിയല്ലോ... സന്തോഷമായി മോനേ... നിന്റെ ഉള്ളിലെ നന്മ നിന്നെ ഉയരങ്ങളിലെത്തിക്കും.. അതു പറഞ്ഞപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞു.. അവന്റെ കരം ഗ്രഹിച്ചു... ഇത്തായെന്നു പറയാനുള്ള അർഹതയെനിക്കുണ്ടോയെന്നറിയില്ല... എന്തായാലും രക്തബന്ധമുണ്ടല്ലോ... നീ നന്നായി വരും... എന്റെ എല്ലാ പ്രാർത്ഥനകളുമുണ്ടാവും.. മോൻ നന്നയി പഠിച്ച് വലിയ ആളാവണം.”

അവൻ അവളുടെ മുഖത്തേയ്ക്ക് നോക്കിനിന്നു. ആ കണ്ണുകളിൽ നനവു പടരുന്നു.... അവൾ പെട്ടെന്ന്  കണ്ണു തടച്ചു..

”സന്തോഷം കൊണ്ടാടാ... നീയൊന്നും വിചാരിക്കല്ലേ.... പിന്നെ.. നിന്റെ നമ്പർ എന്റെ കൈയ്യിൽ നിന്നും പോയി... നീയീപേപ്പറിലൊന്ന് എഴുതി തന്നേ...”

അവൻ നമ്പർ എഴുതിക്കൊടുത്തു...

”ഇത്ത വിളിക്കുമോ...”

”ഞാൻ വിളിക്കാം.. പിന്നെ എനിക്ക് പോണം. കുഞ്ഞിനെ വിളിക്കണം. പശുവിന് തീറ്റകൊടുക്കണം. ഒരുപാട് പണിയുണ്ട്... ഇപ്പോൾ ജീവിതം സന്തോഷമാടാ...”

”കണ്ടതിൽ സന്തോഷം...”

”ശരി.. അവൾ യാത്രപറഞ്ഞു പിരിഞ്ഞു... പണ്ട് കണ്ട രൂപമേയല്ല... എന്തായാലും പടച്ചോൻ രക്ഷിച്ചല്ലോ..”

അവൻ അവൾ ദൂരെ മറയുന്നതുവരെ നോക്കിനിന്നു.. മനസ്സ് തെല്ലൊരാശ്വാസം... പലപ്പോഴും ഓർക്കാറുണ്ടായിരുന്നു. പക്ഷേ അപ്രതീക്ഷിതമായാണ് കണ്ടുമുട്ടിയത്.. തന്നെ മനസ്സിലായിട്ടും... അറിയാത്ത ഭാവത്തിൽ തന്നോട് പെരുമാറുകയായിരുന്നു, അവർ...

ഫസൽ കടപ്പുറത്ത് പാറക്കല്ലിൽ ചെന്നിരുന്നു. നല്ലതണുത്ത കാറ്റ്... വെയിലിന്റെ ചൂട് കാറ്റിൽ ഇല്ലാതാകുന്നു... പഴയ കാലഘട്ടത്തിലേയ്ക്ക് അവന്റെ ഓർമ്മകൾ പാഞ്ഞു...

പുതു യുഗം പിറന്നിരിക്കുന്നു.... പേടിസ്വപ്നംപോലെ 2020... പുതുവർഷത്തിൽ പ്രതീക്ഷകളോടെ... മഹാവ്യാധിക്ക് വാക്സിനെത്തുമെന്ന പ്രതീക്ഷയിൽ ലോകം... ജാഗ്രതയോടെ ഓരോ ദിവസവും തള്ളിനീക്കുന്നു... പകുതി മറച്ച മുഖവുമായി ചിരിക്കാൻ മറന്നവരായി നാം മാറിയിരിക്കുന്നു. എന്നാണ് മാസ്ക് മാറ്റി മറ്റുള്ളവരെ നോക്കി ഹൃദ്യമായൊന്നു ചിരിക്കുക.. ചിരി കാണുക.... കാത്തിരിക്കാം പ്രതീക്ഷയോടെ...


സസ്നേഹം നിങ്ങളുടെ സ്വന്തം ഷംസുദ്ധീൻ തോപ്പിൽ 03 01 2021


തുടർന്നു വായിക്കുക അടുത്ത ഞായറാഴ്ച്ച 10 01 2021