28.8.21

നിഴൽവീണവഴികൾ ഭാഗം 141

 

അന്ന് എല്ലാവരും ഭക്ഷണം നേരത്തേ കഴിച്ച് ഉറങ്ങാൻ കിടന്നു... സഫിയ മുകളിലത്തെ ഫസലിന്റെ മുറിയിൽ കിടന്നുറങ്ങാമെന്നുകരുതി മുകളിലേയ്ക്കു പോയി.. എല്ലാം ഭംഗിയായി അടുക്കിവച്ചിരിക്കുന്നു. കുട്ടിക്കാലംമുതലേ വാരിവലിച്ചിടുന്ന ശീലമവനില്ല. അവൾ അവന്റെ  കിടക്കയിൽ കിടന്നു. ഓർമ്മകൾ അവളിലൂടെ കടന്നുപോയി.... അറിയാതെ അവൾ ഉറക്കത്തിലേയ്ക്ക് വഴുതിവീണു.

ഫസൽ തന്റെ പഠനത്തിന്റെ ട്രാക്കിലേയ്ക്ക് പൂർണ്ണമായും ഇഴുകിച്ചേർന്നു. വളരെയധികം പഠിക്കാനുണ്ട്... കുറഞ്ഞ ദിവസംകൊണ്ട് എല്ലാവരുമായി നല്ല സൗഹൃദത്തിലായി. പെൺകുട്ടികൾ പലരും അവനോട് വളരെ അടുത്ത് ഇടപഴകുന്നുമുണ്ടായിരുന്നു. അവിടെ ഒരു ഗ്ലാമർ താരമായി അവൻ മാറുകയായിരുന്നു.

പഠനത്തിന്റെ ഭാഗമായി പല സെക്ഷനുകളിലും അവരെ കൊണ്ടുപോയിരുന്നു. ഹ്യൂമൻ ബോഡിയെക്കുറിച്ച് പഠിക്കുന്നതിന്റെ ഭാഗമായി ഒരു ഗ്രൂപ്പ് കുട്ടികൾക്ക് ഡെഡ് ബോഡി നൽകിയിട്ടുണ്ടായിരുന്നു. ഫസലിന്റെ ടീമിൽ 6 പേർ... പ്രൊഫസർ ഓരോന്ന് വിവരിക്കുകയായിരുന്നു. ഫസലും ആദ്യമായാണ് ഇത്ര അടുത്ത് ഇതേ രീതിയിൽ കാണുന്നത്. അവനും ഒന്നു തൊട്ടു നോക്കി. കറുത്തു കരുവാളിച്ചിരിക്കുന്ന ബോഡി... വയറും മറ്റും കീറി തുറന്നിട്ടിരിക്കുന്നു. തലയോട്ടി ഇളക്കി മാറ്റാവുന്ന രീതിയിൽ അവയവങ്ങൾ ഉണങ്ങിച്ചുരുണ്ടിരിക്കുന്നു. പഠിക്കുന്നതിനുവേണ്ടി പ്രത്യേകം സജ്ജീകരിച്ചതാണിത്.

ഡോക്ടർ ഓരോ ഭാഗങ്ങളെക്കുറിച്ചും പറഞ്ഞുകൊണ്ടിരുന്നു. അദ്ദേഹം വയറിലെ തൊലി മാറ്റി കുടൽ പുറത്തെടുത്തു... അത് അങ്ങോട്ടുമിങ്ങോട്ടും ആട്ടിക്കൊണ്ടിരുന്നു. പെട്ടെന്നാണ് തന്റെ ശരീരത്തിലേയ്ക്ക് ആരോ ചാരി വീഴുന്നതായി തോന്നിയത്. പെട്ടെന്ന് ഫസൽ തിരിഞ്ഞു ആളെ താങ്ങി നിർത്തി.. മറ്റാരുമല്ല തന്റെ റൂംമേറ്റ്... ഇവനെന്തുപറ്റി... എല്ലാവരും പെട്ടെന്ന് അവനു ചുറ്റും കൂടി... പ്രൊഫസർ കുറച്ച് വെള്ളം അവന്റെ മുഖത്ത് തളിച്ചു.

“പേടിക്കേണ്ട ചില കുട്ടികൾക്ക് ഇങ്ങനെ ഉണ്ടാകാം.. ആദ്യമായല്ലേ ഇതൊക്കെ കാണുന്നത്.. ഇമോഷൻ സഹിക്കാനാവാത്ത ചിലർക്ക് ഇതൊരു പ്രശ്നമായിരിക്കാം... പക്ഷേ അതൊക്കെ പെട്ടെന്ന് മാറ്റിയെടുക്കാം... സാമൂഹ്യ പ്രതിബദ്ധതയുള്ള ഡോക്ടേഴ്സല്ലേ നമ്മൾ...“

“അവൻ കണ്ണുതുറന്നു... മുഖത്ത് വല്ലാത്ത ചമ്മൽ കാണാമായിരുന്നു.“

“പേടിക്കേണ്ട ഗോവർദ്ധൻ... ഇതൊക്കെ എല്ലാവർക്കും സംഭവിക്കുന്നതാ...“

“ഒരുനിമിഷം ഞാൻ ഇമോഷണലായിപ്പോയി ഡോക്ടർ.“

“കുഴപ്പമില്ല.. ഇമോഷൻ ഒരു ‍ഡോക്ടർക്ക് ആവശ്യമാണ്.. അത് ഇങ്ങനെയുള്ള സാഹചര്യങ്ങളിലാവരുത്... ങ്ഹാ.. കുഴപ്പമില്ല.. എല്ലാം ശരിയാകും...“

“എനിക്ക് രക്തം കാണുന്നതും ഇഞ്ചക്ഷൻ എടുക്കുന്നതും കുറച്ച് ഭയമുണ്ടാക്കുന്നകാര്യമാണ് ഡോക്ടർ.“

“സാരമില്ല.... എല്ലാം ഞാൻ മാറ്റിത്തരാം...“

എല്ലാവരും അവനുവേണ്ട പ്രോത്സാഹനം കൊടുത്തു. വീണ്ടും ക്ലാസുകൾ ആരംഭിച്ചു.. പ്രൊഫസർ അവനെക്കൊണ്ടുതന്നെ ബോഡി എക്സാം ചെയ്യിച്ചു... ഇപ്പോൾ അവന് യാതൊരു പ്രശ്നവുമുണ്ടായില്ല... വളരെ സ്മാർട്ടായി അവൻ ചുമതലകൾ ചെയ്തു.

അന്നത്തെക്ലാസ്സ് അവസാനിച്ചു അവർ റൂമിലെത്തി... പലരും അവനോട് ഭയപ്പെടേണ്ടതില്ലെന്നും വേണ്ട എല്ലാ സഹായങ്ങളും ചെയ്തു തരാമെന്നും പറഞ്ഞു.. അവന് പൊതുവേ ഒരു ചമ്മലുണ്ടായെങ്കിലും അവൻ കുറച്ചുകൂടി ബോൾഡായി.. റൂമിലെത്തി കുളിച്ച് ഫ്രഷായി... രണ്ടാളും കാന്റീനിൽ പോയി ചായകുടിച്ച് തിരിച്ചുവന്നു. അന്നത്തെ കുറച്ച് നോട്ട്സും മറ്റും എഴുതാനുണ്ടായിരുന്നു. അവർ രണ്ടാളും അവ പൂർത്തിയാക്കുന്ന തിരക്കിലായിരുന്നു.

രാത്രിയിൽ ഡിന്നർ കഴിച്ച് അവർ റൂമിലെത്തി. സമയം 9 മണിയായിരിക്കുന്നു. കുറച്ച് പഠനകാര്യങ്ങൾ ചെയ്തു തീർത്ത് അവർ സംസാരിച്ചിരുന്നു. അപ്പോഴാണ് ഗോവർദ്ധൻ മനസ്സ് തുറന്നത്.

“ഫസലേ... എനിക്ക് ഇന്നത്തെ സംഭവത്തിൽ വിഷമമുണ്ട്. പക്ഷേ അറിയാതെ സംഭവിച്ചതാ... എന്റെ ജീവിതത്തിലെ പ്രശ്നങ്ങളായിരിക്കാം ഇങ്ങനെ എന്നെക്കൊണ്ടെത്തിച്ചത്.“

“എന്തു പറ്റി ഗോവർദ്ധൻ.. പറയാവുന്നതാണെങ്കിൽ എന്നോട് പറ...“

“പറയാൻ ബുദ്ധിമുട്ടൊന്നുമില്ല... അന്നെനിക്ക് 7 വയസ്സ് പ്രായം... ഞങ്ങൾ മൂന്നു മക്കൾ അതിൽ ഞാനായിരുന്നു മൂത്ത ആൾ. എന്റെ ഇളയവർ രണ്ടു അനുജത്തിമാർ... അച്ഛൻ കൂലിപ്പണിക്കാരനായിരുന്നു. അമ്മ അയൽപക്കത്തെ വീടുകളിൽചെറിയ ചെറിയ പണികൾക്കൊക്കെ പോകുമായിരുന്നു.“

അവൻ തന്റെ ജീവിത കഥ തുടർന്നു.

ഉള്ളതുകൊണ്ട് സന്തോഷമായി കഴിഞ്ഞിരുന്ന കുടുംബം.. അപ്രതീക്ഷിതമായി അവന്റെ അച്ഛന് ഉണ്ടായ ഒരസുഖം.. അത് വളരെ വൈകിയാണ് കാൻസറാണെന്ന് തിരിച്ചറിഞ്ഞത്... അപ്പോഴേയ്ക്കും പല സ്റ്റേജുകൾ കടന്നിരുന്നു. ഡോക്ടർമാർപോലും കൈമലർത്തി... എന്നിട്ടും അച്ഛൻ പിടിച്ചുനിൽക്കാൻ ശ്രമിച്ചു. കൈയ്യിലുണ്ടായരുന്ന പണം മുഴുവൻ തീർന്നു... കിടപ്പാടം പണയപ്പെടുത്തി ചികിത്സയായി... ആ ദിനങ്ങളിൽ അച്ഛൻ വളരെ വിഷമമനുഭവിച്ചിരുന്നു. കുടുംബത്തിലെ സന്തോഷം ഇല്ലാതായി... അമ്മ പല വീടുകളിലും ജോലിചെയ്യാൻ പോയി... തന്റെ ഇളയ കുട്ടികളിൽ ഒരാൾക്ക് രണ്ടു വയസ്സു പ്രായമേ ആയിട്ടുള്ളൂ... രണ്ടുകൂട്ടരുടേയും ബന്ധുക്കൾ വലിയ സഹകരണമുള്ളവരായിരുന്നില്ല.. നാട്ടുകാരുടേയും മറ്റു ബന്ധുക്കളുടേയും സഹായം കൊണ്ട് ജീവിതം മുന്നോട്ട് നീങ്ങി...

വീട്ടിലെ എല്ലാവർക്കും ഉറക്കം നഷ്ടപ്പെട്ടിരുന്നു. വീടിന്റെ മുന്നിലൂടെ കടന്നുപോകുന്ന ട്രെയിനിന്റെ ശബ്ദം പോലും അവർക്ക് സഹിയ്ക്കാവുന്നതിലും അപ്പുറമായിരുന്നു. ഒരു സുപ്രഭാതത്തിൽ ആരോ വന്ന് അമ്മയോട് എന്തോ പറയുന്നത് കണ്ടാണ് താൻ പുറത്തേയ്ക്ക് വന്നത്.. അമ്മ കേട്ടതും ബോധരഹിതയായി നിലത്തുവീണു... ആരൊക്കെയോ താങ്ങിയെടുത്തു... അയൽക്കാർ ഓടുന്നിടത്തേയ്ക്ക് താനും ഓടിച്ചെന്നു... അപ്പോഴാണ് ആ കാഴ്ച കാണുന്നത്... പല കഷണങ്ങളായി കിടക്കുന്ന തന്റെ അച്ഛൻ.. കുടൽ മാലകൾ പുറത്തുവന്നിരിക്കുന്നു.. തല ചിന്നിച്ചിതറിയിരിക്കുന്നു. എപ്പോഴും ധരിക്കാറുള്ള കൈലിയു ബനിയനും... അത് തന്റെ അച്ഛൻ തന്നെ...

ചടങ്ങുകൾക്ക് പലരും സഹായിച്ചിരുന്നു... സാധാരണജീവിതത്തിലേയ്ക്ക് തങ്ങൾക്ക് ഒരിക്കലും തിരിച്ചുവരാനായില്ല... ഞങ്ങളെ നോക്കാൻ അമ്മ വളരെയധികം കഷ്ടപ്പെട്ടു... ഈ സംഭവത്തിനുശേഷം തനിക്ക് ചോരകാണുന്നതും മറ്റും വളരെ ഭയമുള്ള കാര്യമായിരുന്നു. പക്ഷേ എന്റെ ലക്ഷ്യം ഒരു ഡോക്ടറാവുകയെന്നുള്ളതുമാണ്.. കാരണം എന്റെ അച്ഛനെപ്പോലെ അകാലത്തിൽ മരണമടഞ്ഞവരുടെ ജീവിതത്തിൽ എന്തെങ്കിലും ചെയ്യാൻ തനിക്കു കഴിയുമെങ്കിൽ ചെയ്യണമെന്നുള്ള ദൃഢനിശ്ചയം...

അമ്മയുടെ കഷ്ടപ്പാടുകളിൽ താനും സഹായിയായിക്കൂടി.. ചെറിയ ചെറിയ ജോലികൾക്ക് പോകുമായിരുന്നു. ഞങ്ങളുടെ കഷ്ടപ്പാടുകൾ കണ്ട് അവിടുത്തെ ഒരു ക്രിസ്റ്റ്യൻ പള്ളിക്കമ്മറ്റി ഞങ്ങളെ സഹായിക്കാൻ മുന്നോട്ടുവന്നു. ജാതിക്കും മതത്തിനും അപ്പുറം മനുഷ്യത്വമുണ്ടെന്ന് തെളിയിച്ചതായിരുന്നു അവരുടെ സഹായം.. ഒരിക്കൽപോലും അവർ തങ്ങൾ വ്യത്യസ്തജാതിക്കാരായി കണ്ടിട്ടില്ല... ഒരിക്കൽപ്പോലും മതത്തിന്റെ അതിർവരമ്പുകൾ ഉണ്ടായില്ല... അകമഴിഞ്ഞ സഹായം ഞങ്ങളുടെ കുടുംബത്തിന് നൽകി... അമ്മയുടെ ജോലിയും പള്ളിയിലെ സഹായവും കൊണ്ട് ഞങ്ങൾ സാവധാനം കരകയറി.. പള്ളിയുടെ സ്കൂളിൽ തന്നെയാണ് ഞാൻ പഠിച്ചതും... പഠനത്തിൽ മികവുണ്ടായിരുന്നതിനാൽ അവരെന്നെ വളരെ പ്രോത്സാഹിപ്പിച്ചു... ഒരിക്കലും മറക്കാനാവാത്ത മനുഷ്യനാണ് ഫാ. ആന്റണി... അദ്ദേഹത്തിന്റെ പ്രോത്സാഹനം എന്നെ എല്ലാക്ലാസ്സിലും ഒന്നാമതെത്തിച്ചു. പഠനത്തിനിടയിൽ ചെറിയ ചെറിയ ജോലികൾ തന്ന് നാട്ടുകാരും ഒപ്പം കൂടി... അങ്ങനെ ഞാൻ ഇവിടംവരെയെത്തി... ഇപ്പോഴും എല്ലാവരും സഹായിക്കുന്നു.

അവന്റെ കണ്ണുകൾ ഈറനണിയുന്നത് ഫസൽ കണ്ടു.

“വിഷമിക്കേണ്ട ഗോവർദ്ധൻ.. ഇതുപോലുള്ള വഴികളിലൂടൊക്കെത്തന്നെയാണ് ഞാനും കടന്നുവന്നത്.. അതായിരിക്കാം നമ്മൾ രണ്ടാളും ഒരു റൂമിൽ തന്നെ വന്നുപെട്ടത്...“

ഫസൽ അവനെ ആശ്വസിപ്പിച്ചു. അവർ തമ്മിൽ ഒരു ആത്മബന്ധം അവിടെ ഉടലെടുക്കുകയായിരുന്നു.

അടുത്ത ദിവസം രണ്ടാളും വളരെ ഉത്സാഹത്തിലായിരുന്നു. തന്റെ മനസ്സിലെ ഭാരം ഇറക്കിവച്ചതുപോലെ ഗോവർദ്ധനന് തോന്നി... ഫസലിനും വളരെ സന്തോഷമായി... ഇടയ്ക്ക് ഡോക്ടർ ഗോപി അവനോട് കുശലാന്വേഷണം നടത്തുമായിരുന്നു. ചിലപ്പോൾ വീട്ടിലേയ്ക്ക് കൂട്ടിക്കൊണ്ടു പോകും.. ചെന്നു കഴിഞ്ഞാൽ ഭക്ഷണം കഴിപ്പിച്ചേ വിടുകയുള്ളൂ. പഠനത്തിലും വേണ്ട സഹായം നൽകുന്നുണ്ടായിരുന്നു.

മാസം മൂന്നു കഴിഞ്ഞു... വീട്ടിൽ പോയിട്ടും മൂന്നു മാസമായിരിക്കുന്നു. വരുന്ന ആഴ്ച പരീക്ഷയാണ്... അതു കഴിഞ്ഞാൽ ഒരാഴ്ച ലീവുണ്ട്.. നാട്ടിൽ ചെല്ലാമെന്നു പറഞ്ഞിരിക്കുകയാണ്... ഉമ്മയും മറ്റും എത്തും... അപ്പോഴേയ്ക്കും അൻവർമാമയും വരുമെന്നു പറഞ്ഞിട്ടുണ്ട്. രണ്ടു ദിവസത്തിലൊരിക്കൽ വീട്ടിലേയ്ക്ക് വിളിക്കാറുണ്ട്. സഫിയയും ഇപ്പോൾ സന്തോഷവതിയാണ്. തന്റെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കപ്പെടുമെന്നുള്ള സന്തോഷം... ഹമീദിന്റെ പരിശോധനകളും മറ്റും നടക്കുന്നു. പ്രായം കൂടുന്നതിനനുസരിച്ച് പ്രശ്നങ്ങളും കൂടുന്നു. എന്നാലും കൂടെ നോക്കാൻ ആളുള്ളതുകൊണ്ട് വലിയ പ്രശ്നങ്ങളില്ല. എല്ലാം പരിഹരിക്കപ്പെടുമെന്നുള്ള പ്രതീക്ഷ.

ഫസൽ ഐഷുവിനെ ഇടയ്ക്ക് വിളിക്കാറുണ്ടായിരുന്നു. ഐഷു വീട്ടിലേയ്ക്കും വിളിക്കും സഫിയയുമായി ദീർഘനേരം സംസാരിക്കും. ഐഷു തന്റെ വിഷമങ്ങളും സന്തോഷങ്ങളും പങ്കുവയ്ക്കാൻ സഫിയയെയാണ് വിളിക്കാറ്... ഉമ്മയ്ക്കും വാപ്പയ്ക്കും ബിസിനസ്സിൽ ബിസിയായതിനാൽ അവളോട് സംസാരിക്കാൻപോലും സമയം കിട്ടാറില്ല... ബിസിനസ് താൽപര്യമില്ലാതിരുന്ന ഉമ്മയെ വാപ്പായാണ് നിർബന്ധിച്ചിറക്കിയത്... മറ്റൊരാളെ പുറത്തുനിന്നും കൊണ്ടുവരുന്നതിനേക്കാൾ നല്ലത് ഉമ്മയെ നിയമിക്കുന്നതാണെന്ന് വാപ്പയ്ക്ക് തോന്നി.. ആള് മോശക്കാരിയല്ല. എം.ബി.എ. കഴിഞ്ഞ്... സി.എ. യും കംപ്ലീറ്റ് ചെയ്തിട്ടുണ്ട്. വിവാഹശേഷം വീട്ടിൽ ഒതുങ്ങിക്കൂടിയതാണ്.

ഇടയ്ക്ക് മൗലവി ഫസലിനെ കാണാൻ മെഡിക്കൽ കോളേജിലെത്തിയിരുന്നു. ചോദിച്ചും പറഞ്ഞും അവസാനം ഫസലിനടുത്തെത്തി. തന്റെ ഭാര്യയുടെ സർജ്ജറിയ്ക്കായി എത്തിയതായിരുന്നു. വേണ്ട സഹായങ്ങളെല്ലാം ഫസൽ ചെയ്തുകൊടുത്തു. ഇപ്പോൾ അദ്ദേഹം പൂർണ്ണമായും ഒരു നല്ല മനുഷ്യനായി മാറിയിരുന്നു. താൻ പണ്ട് ഉപയോഗിച്ച പല കുട്ടികൾക്കും വേണ്ട പഠന സഹായവും മറ്റും അദ്ദേഹം നൽകുന്നുണ്ട്. പടച്ചോന് നിരക്കാത്തതൊന്നും ചെയ്യാൻ പാടില്ലാന്ന് പഠിപ്പിച്ചത് ഫസലാണെന്നാണ് അദ്ദേഹം പറയാറ്... ചിലപ്പോൾ അങ്ങനെയാണ് നമ്മേളാൾ പ്രായവും പക്വതയും കുറഞ്ഞവരിൽ നിന്നുമായിരിക്കും നമ്മൾ പലതും പഠിക്കുന്നത്. അദ്ദേഹത്തിന്റെ ജീവിതത്തിൽ ഒരു വഴിത്തിരിവായിരുന്നു ഫസലുമായുള്ള ബന്ധം...

അവസാന ദിവസം പരീക്ഷയും കഴിഞ്ഞു... ക്ലാസ്സ് തുടങ്ങിയിട്ട് ആദ്യ പരീക്ഷ... നന്നായി എഴുതിയെന്ന വിശ്വാസം.. മിക്ക കുട്ടികളും വീട്ടിലേയ്ക്ക് പോകുന്നുണ്ട്. ഗോവർദ്ധൻ പോകുന്നില്ല. കാരണം ഫസലിന് മനസ്സിലായി... അവനെ നിർബന്ധിച്ചില്ല... തന്റെ കൈയ്യിലുള്ള കുറച്ച് പണം അവനെ ഏൽപ്പിച്ചു. മടിച്ചു മടിച്ചാണെങ്കിലും അവനത് വാങ്ങി... ഫസൽ തന്റെ ബാഗുമെടുത്ത് പുറത്തേയ്ക്കിറങ്ങി....തുടർന്നു വായിക്കുക അടുത്ത ഞായറാഴ്ച്ച 05 09 2021


സസ്നേഹം നിങ്ങളുടെ സ്വന്തം ഷംസുദ്ധീൻ തോപ്പിൽ 29 08 2021

21.8.21

നിഴൽവീണവഴികൾ ഭാഗം 140

 

സൈനബാ... എന്താ ആലോചിക്കുന്നത്... അൻവറുടെ ചോദ്യം കേട്ടാണ് സൈനബ ചിന്തയിൽനിന്നുണർന്നത്... ഒന്നുമില്ല സാർ... വെറുതേ... ഓരോന്നോർത്തുപോയി... അവൾ വീണ്ടും ജോലിയുടെ തിരക്കിലേയ്ക്ക് ഊളിയിട്ടു... അന്ന് സ്റ്റോറിലെ ആവശ്യമുള്ള സാധനങ്ങളുടെ ലിസ്റ്റ് അവൾഅൻവറിനെ ഏൽപ്പിച്ചു... എല്ലാം കൃത്യമായി രേഖപ്പെടുത്തുന്നു. സ്റ്റാഫുകളെ മാനേജ് ചെയ്യുന്നതിനുള്ള കഴിവുമുണ്ട്... കുറ‍ഞ്ഞ കാലം കൊണ്ട് കസ്റ്റമേഴ്സുമായും നല്ല ബന്ധം അവൾസ്ഥാപിച്ചു ...

തിങ്കളാഴ്ച രാവിലെതന്നെ സഫിയയും കൂട്ടരും നാട്ടിലേക്ക് പോകാനുള്ള ഒരുക്കമായി.. അമ്മായിക്ക് വിഷമമുണ്ടെങ്കിലും പോകാതിരിക്കാനാവില്ലല്ലോ... ഇടയ്ക്കിടയ്ക്ക് വരാമെന്നുള്ള വാഗ്ദാനവും സഫിയ നൽകി. വിഷ്ണുവും ഒരാഴ്ചക്കാലം ഇവിടെത്തന്നെയായിരുന്നു. ഉമ്മയെയും മറ്റും വിട്ടുപിരിയുന്നതിൽ ഫസലിനും വിഷമമുണ്ട്. അമ്മായി പറ‍ഞ്ഞതാ ഫസലിനോട് ഇവിടെനിന്നും പഠിക്കാൻ പക്ഷേ ഗോപിയങ്കിളാ പറഞ്ഞത് ഹോസ്റ്റൽ മതിയെന്ന്.. കാരണം കുറച്ചുകൂടി അവന്റെ കാര്യങ്ങൾ ശ്രദ്ധിക്കാൻ ഗോപിയങ്കിളിന് കഴിയും. എന്നാലും ഇടയ്ക്കിടയ്ക്ക് ഇവിടെവന്നു നിൽക്കാമെന്നു അവൻ പറഞ്ഞു. രണ്ടുമൂന്നു ദിവസം അവധി വരുമ്പോൾ ഇവിടെ വന്നുനിൽക്കാമെന്നുള്ള വാഗ്ദാനവും...

അമ്മായിക്ക് പഴയതിനേക്കാൾ നല്ല മാറ്റമുണ്ട്. ഇപ്പോൾവീൽച്ചെയർ വേണമെന്നില്ല... സ്വയം എഴുന്നേൽക്കാനും വാക്കറിൽ നടക്കാനുമാകുന്നുണ്ട്. പടച്ചോന്റെ കൃപയാൽ എല്ലാം നേരേയാകുമെന്ന പ്രതീക്ഷ... ബിസിനസ് നന്നായി പോകുന്നുണ്ട്. സഹോദരന്റെ മകൾ തിരികെയെത്തിയിരുന്നു. അവൾ രാവിലെ വേണ്ട കാര്യങ്ങൾ ചെയ്തുകൊടുക്കും. അതു കൂടാതെ ജോലിക്കാരിയുമുണ്ടല്ലോ.

രാവിലെ 6 മണിക്ക് അവർ യാത്ര തിരിച്ചു. അമ്മായിയുടെ കണ്ണുകൾ നിറഞ്ഞു... അവർ എല്ലാവരും വണ്ടിയിൽ കയറി. സെക്യൂരിറ്റി ഗേറ്റ് തുറന്നുകൊടുത്തു. അവർ ടാറ്റപറഞ്ഞ് നേരേ ഫസലിന്റെ ഹോസ്റ്റലിലേയ്ക്ക്. ഗോപിയങ്കിളിന്റെ വീടിനു മുന്നിലൂടെയാണ് ഹോസ്റ്റലിലേയ്ക്ക് പോകുന്നത്. ഇനി അവിടെ കയറണ്ട... അതിരാവിലെയാ.. ആരും ഉറക്കമുണർന്നു കാണില്ല...

വാഹനം ഹോസ്റ്റലിന്റെ മുന്നിൽ നിന്നു. ഫസൽ തന്റെ ബാഗുമെടുത്ത് പുറത്തേക്കിറങ്ങി.. ഉമ്മയെ നോക്കി, രണ്ടാളുടേയും മുഖത്ത് ദുഃഖഭാവം..

“ഫസലേ.. വേഗം സ്ഥലംവിട്ടോ..“ വിഷ്ണുവാണത് പറഞ്ഞത്.. കുറച്ച് ടെൻഷൻ കുറച്ച് ലഘൂകരിച്ചു. എല്ലാവരുമൊന്നു പൊട്ടിച്ചിരിച്ചു... ഫസൽ ടാറ്റ പറഞ്ഞ് പിരിഞ്ഞു. കുറച്ചു നേരം ആരും ഒന്നും മിണ്ടിയില്ല... അവിധി ദിവസം രണ്ടു ദിവസമാണെങ്കിലും നന്നായി ആഘോഷിച്ചിരുന്നു. വിഷ്ണുവാണ് ഇടയ്ക്ക് നിശ്ബ്ദതയ്ക്ക് വിരാമമിട്ടത്... അവൻ ഓരോ കാര്യങ്ങളും പറ‍ഞ്ഞുകൊണ്ടിരുന്നു. വാഹനം ഹൈവേയിൽ പ്രവേശിച്ചു. അത്യാവശ്യം നല്ല സ്പീഡിലാണ് പൊയ്ക്കൊണ്ടിരുന്നത്. സഫിയ കണ്ണടച്ച് ചാരിക്കിടക്കുകയായിരുന്നു. ഓരോ സ്ഥലങ്ങൾ പിറകിലോട്ട് പൊയ്ക്കൊണ്ടിരിക്കുന്നു. ഓർമ്മകളും പിറകിലേയ്ക്ക്... അനുഭവിച്ച പീഢനങ്ങൾ. അവന്റെ വാപ്പ ജീവിച്ചിരിക്കുന്നോ ഇല്ലയോയെന്നറിയില്ല... എന്തായാലും അവനൊരിക്കലും അതേക്കുറിച്ച് ചോദിച്ചിട്ടില്ല. ഇനി അവനതറിയാൻ താൽപര്യമില്ലാത്തതാവും. കഷ്ടപ്പാടുകൾക്ക് വിരാമമിട്ടുകൊണ്ടുള്ള ഒരു ജീവിതം തനിക്ക് ലഭിച്ചത് തന്നെ പടച്ചോന്റെ കൃപയൊന്നുകൊണ്ടു മാത്രമാണ്. അവന്റെ ഭാവിയാണ് ഇനി തനിക്കേറ്റവും വലുത്. വീട്ടുകാരുടെ സപ്പോർട്ട് അതും പ്രധാന്യമുള്ളത് തന്നെയായിരുന്നു. അവൾ അറിയാതെ ഉറക്കത്തിലേയ്ക്ക് വഴുതിവീണു.. വാഹനം മുന്നോട്ട് പാഞ്ഞുകൊണ്ടിരുന്നു.

നാദിറ ഉണർന്നിരിക്കുകയായിരുന്നു. എന്നാലും സഫിയയെ ഉണർത്താൻ പോയില്ല. ഉച്ചയ്ക്ക് ഭക്ഷണം അമ്മായി തന്നുവിട്ടിട്ടുണ്ട്. അതിനു നിർത്തുമ്പോൾ ഉണർത്താമെന്നു കരുതി. പാവം മകനെ വിട്ടു വരുന്നതിലുള്ള വിഷമവും കാണും. സഫിയ തന്നെ വിവാഹം കഴിപ്പിച്ചുകൊണ്ടു വരുമ്പോൾ എന്തു സുന്ദരിയായിരുന്നു. ഇന്നിപ്പോൾ ആ സൗന്ദര്യമൊക്കെ നശിച്ച് കോലംകെട്ടിരിക്കുന്നു. തലമുടി നരച്ചു തുടങ്ങിയിരിക്കുന്നു. വല്ലാതെ മെലിഞ്ഞിരിക്കുന്നു. കണ്ണുകൾക്കടിയിൽ കറുപ്പ് ബാധിച്ചു തുടങ്ങിയിരിക്കുന്നു. അവളുടെ ഏക പ്രതീക്ഷ മകനിലാണ്.. എല്ലാം നേരേയാകട്ടെ...

കുറച്ചു നേരത്തെ മയക്കത്തിനു ശേഷം സഫിയ ഉണർന്നു. സമയം 12 മണിയായിരിക്കുന്നു.

“ആർക്കേലും വിശക്കുന്നെങ്കിൽ പറയണേ..“ വിഷ്ണുവാണത് പറഞ്ഞത്...

“നമുക്ക് 1 മണിയോടുകൂടി എവിടെയെങ്കിലും ആളൊഴിഞ്ഞ സ്ഥലത്ത് നിർത്താം... അവിടിരുന്നു കഴിക്കാം...“ വാഹനം വീണ്ടും മുന്നോട്ടു കുതിച്ചു. കുറച്ച് ട്രാഫിക് ഉണ്ടെങ്കിലും വലുതായി ഡിലേയാകാതെ പൊയ്ക്കൊണ്ടിരുന്നു. സഫിയയ്ക്ക് വാഹനത്തിന് വേഗതം പോരെന്നു തോന്നി.. എത്രയും പെട്ടെന്ന് വീട്ടിലെത്തിയിരുന്നെങ്കിൽ...

അവർ വാഹനം ഒരു മരച്ചുവട്ടിൽ നിർത്തി... എല്ലാവരും വളരെ പെട്ടെന്ന് കഴിച്ചു കഴിഞ്ഞു.... കൈകഴുകി... അഞ്ചു മിനിട്ട് റസ്റ്റെടുത്തു. വീണ്ടും യാത്ര തുടർന്നു. യാത്രാക്ഷീണത്തിൽ എല്ലാവരും നല്ല ഉറക്കത്തിലായി. വിഷ്ണു റോഡിൽ ശ്രദ്ധ കേന്ദ്രീകരിച്ച് വാഹനമോടിച്ചുകൊണ്ടിരുന്നു. ആറു മണിയോടുകൂടി അവർ വീടെത്തി. എല്ലാവരും വണ്ടിയിൽ നിന്നിറങ്ങി... അവരെക്കാത്ത് ഹമീദ് സിറ്റൗട്ടിൽ തന്നെയുണ്ടായിരുന്നു.

“വാപ്പാ..“

“എങ്ങനുണ്ടായിരുന്നു സഫിയാ യാത്ര.“

“സുഖമായിരുന്നു.“

“ഫസലെങ്ങനെയുണ്ട്. പുതിയ സ്ഥലമൊക്കെ ഇഷ്ടപ്പെട്ടോ..“

“ഇഷ്ടപ്പെട്ടു വാപ്പാ... അവനവിടെ ഓക്കെയാ....“

ഫസലില്ലാത്ത വീട്... അവൻ പോയത് പഠിക്കാനാണെങ്കിലും സഫിയയക്ക് ഒരു ഏകാന്തത അനുഭവപ്പെടുന്നതുപോലെ...

വാപ്പാന്റെ അടുത്തു വന്നു കുറച്ചു നേരം നിന്നു. അപ്പോഴേയ്ക്കും വിഷ്ണു സാധനങ്ങളെല്ലാം വണ്ടിയിൽ നിന്നിറക്കി. അകത്തുവച്ചു.

“വിഷ്ണു അമ്മ സുഖമായിരിക്കുന്നു. അപ്പുറത്തെ വീട്ടിലെ കുട്ടി വന്നു കൂട്ടു കിടക്കുന്നുണ്ടായിരുന്നു. ഞങ്ങൾ ഇവിടെ വന്നു കിടക്കാമെന്നു പറ‍ഞ്ഞു വിളിച്ചിരുന്നു. പക്ഷേ വന്നില്ല..“

“അമ്മ വീടുവിട്ട് എങ്ങും പോവില്ല ഹമീദ്ക്കാ... എവിടെപ്പോയാലും അന്നു വൈകുന്നേരം തിരികെവരണം. അതാ അമ്മയുടെ നിർബന്ധം.. പിന്നെ ഞാൻ നിർബന്ധിക്കാറുമില്ല...“

“വിഷ്ണു വേഗം ചെല്ല്. ഇതൊക്കെ ഞങ്ങൾ അകത്തേയ്ക്ക് വച്ചോള്ളാം..“ അവരത് പറഞ്ഞെങ്കിലും എല്ലാം പെറുക്കി അകത്തുവച്ചിട്ടാണ് വിഷ്ണു പോയത്... അടുത്ത ദിവസം വാപ്പയ്ക്ക് ലാബ് ചെക്കപ്പിന് പോകണം.... രണ്ടു ദിവസം കഴിഞ്ഞ് ഹോസ്പിറ്റലിലേയ്ക്കും. ലാബ് ചെക്കപ്പിന്റെ റിസൾട്ടുമായാണ് പോകേണ്ടത്... അപ്പോഴേയ്ക്കും അൻവറിങ്ങെത്തും....

ടെലിഫോൺ റിങ് ചെയ്യുന്നത് കേട്ട് സഫിയ ഫോണെടുത്തു....

“ഉമ്മാ.. നിങ്ങൾ നേരത്തെയെത്തിയോ..“ ഫസലായിരുന്നത്...

“എത്തിയടാ... എങ്ങനുണ്ട്...“

“സുഖം ഉമ്മാ... നാളെ മുതൽ റഗുലർ ക്ലാസ്സുകൾ തുടങ്ങുന്നു... പിന്നെ പഠിക്കാനും ധാരാളമുണ്ട്.“

“നീ ഐഷുവിനെ വിളിച്ചിരുന്നോ..“

“വിളിച്ചിരുന്നു. അവൾ വീട്ടിൽ നിന്നും പോയി വരുകയാണല്ലോ... എന്നാലും ക്ലാസ്സ് കഴിഞ്ഞ് എത്തുമ്പോൾ ആറുമണിയാകും... ഇവിടെ ഹോസ്റ്റലിലേയ്ക്ക് വിളിക്കേണ്ടെന്നു ഞാൻ പറഞ്ഞിട്ടുണ്ട്... അങ്ങോട്ടു വിളിക്കാമെന്നാണ് പറഞ്ഞിരിക്കുന്നത്.. പിന്നെ ഇവിടെ പലരുടേയും കൈയ്യിൽ മൊബൈലുണ്ട്... മാമ വരുമ്പോൾ ഒരുചെറിയ മൊബൈൽ കൊണ്ടുവരാൻ പറയണം...“

“ചെക്കന്റെയൊരു പൂതി... നീതന്നെ വിളിച്ചു പറ... എനിക്കു വയ്യ..“

അവൻ എല്ലാവരുമായി സംസാരിച്ചു. സംഭാഷണത്തിൽ നിന്നും അവന് വിഷമമുള്ളതായി തോന്നിയില്ല... പഠിക്കാനും ധാരാളമുണ്ടല്ലോ... പിന്നെ പുതിയ സാഹരച്യങ്ങളും അനുഭവിച്ചറിയണമല്ലോ...

അന്ന് എല്ലാവരും ഭക്ഷണം നേരത്തേ കഴിച്ച് ഉറങ്ങാൻ കിടന്നു... സഫിയ മുകളിലത്തെ അവന്റെ മുറിയിൽ കിടന്നുറങ്ങാമെന്നുകരുതി മുകളിലേയ്ക്കു പോയി.. എല്ലാം ഭംഗിയായി അടുക്കിവച്ചിരിക്കുന്നു. കുട്ടിക്കാലംമുതലേ വാരിവലിച്ചിടുന്ന ശീലമവനില്ല. അവൾ അവന്റെ  കിടക്കയിൽ കിടന്നു. ഓർമ്മകൾ അവളിലൂടെ കടന്നുപോയി.... അറിയാതെ അവൾ ഉറക്കത്തിലേയ്ക്ക് വഴുതിവീണു.തുടർന്നു വായിക്കുക അടുത്ത ഞായറാഴ്ച്ച 29 08 2021


സസ്നേഹം നിങ്ങളുടെ സ്വന്തം ഷംസുദ്ധീൻ തോപ്പിൽ 22 08 202115.8.21

നിഴൽവീണ വഴികൾ ഭാഗം 139

 

തന്റെ സ്വപ്നങ്ങൾക്ക് ചിറകുകളില്ലായിരുന്നു... അവന്റെ ജനനം കഴിഞ്ഞ് ആദ്യ ജന്മദിനം പരസ്പരം അറിഞ്ഞു വരുന്നതിനു  മുന്നേ പ്രശ്നങ്ങൾ തുടങ്ങിയിരുന്നു. അതിനാൽ ഒരു ബർത്ത്ഡേ പോലും ആഘോഷിക്കാനായിരുന്നില്ല... ഇന്ന് താൻ സംതൃപ്തയാണ്... എല്ലാം ഒരുമിച്ച് ആഘോഷിച്ചല്ലോ... കഴിഞ്ഞ കാലങ്ങളെല്ലാം മറക്കാം... എത്ര മറന്നാലും ഓർമ്മകൾ വീണ്ടും മറവിയുടെ മൂടുപടം തകർത്ത് വെളിയിലേയ്ക്ക് വരും... എത്ര ശക്തമായ മൂടുപടമാണെങ്കിലും ഓർമ്മകളുടെ മുന്നിൽ തകർന്നുവീഴും...

റഷീദ് രാവിലെ ഓഫീസിലേയ്ക്ക് തിരിച്ചിരുന്നു. അപ്രതീക്ഷിതമായി അഭിമന്യുവിന്റെ കാൾ വന്നു. ഇപ്പോൾ സംസാരിച്ചു പിരിഞ്ഞതാണല്ലോ..

“എന്താ അഭി...“

“ടാ.. ഒരു സന്തോഷവാർത്തയുണ്ട്... അവൾ ഗർഭിണിയാടാ..“

“കൺഗ്രാജുലേഷൻസ്. എനിക്ക് തോന്നിയിരുന്നു നിനക്ക് താമസിയാതെ ലോട്ടറിയടിക്കുമെന്ന്.“

“ഇന്നലെ അവൾക്കൊരു സംശയമുണ്ടായിരുന്നു. ഇന്നിപ്പോൾ ഹോസ്പിറ്റലിൽ ചെന്നിട്ട് വിളിച്ചിരുന്നു.“

“എന്തായാലും ഇതു നമുക്ക് ആഘോഷിക്കണം...“

“പിന്നെന്ത്.“

അഭിമന്യുവിന്റെ സന്തോഷത്തിന് അതിരുകളില്ലായിരുന്നു. തനിക്ക് സ്വന്തമെന്നു പറയാനാരുമില്ലാതിരുന്ന ഒരു കാലത്തുനിന്നും എല്ലാം ഉണ്ട് എന്ന കാലത്തിലേയ്ക്ക് ധാരാളം ദൂരമുണ്ട്. അനുഭവിച്ചു തീർത്ത ദുഃഖങ്ങളുടെ വല്യ ഭണ്ഢാരവും പേറിയുള്ള യാത്രയ്ക്ക് അറുതിവന്നത് റഷീദിനെ കണ്ടുമുട്ടിയതിനു ശേഷമാണ്. അവന്റെകൂടെയുള്ള ജീവിതയാത്രയിൽ തനിക്ക് നേട്ടങ്ങൾ മാത്രം... ഈ ജന്മത്തിൽ നന്ദിപറയാനുള്ള രണ്ടുപേരോടുമാത്രം... തന്നെ ജനിപ്പിച്ച അമ്മയ്ക്ക്... അതു കഴിഞ്ഞാൽ റഷീദിന്...

എന്നും അതിരാവിലെ രണ്ടാളും കോർണീഷിൽ കടൽ കാറ്റേറ്റ് നടക്കാൻ പോകാറുണ്ട്... ഇന്നും അതുപോലെ നടക്കാൻപോയിരുന്നു. അപ്പോഴാണ് പലപ്പോഴും കുടുംബകാര്യങ്ങളും ബിസിനസ് കാര്യങ്ങളും സംസാരിക്കാറുള്ളത്. അതുകഴി‍ഞ്ഞാൽ ചിലപ്പോൾ താനായിരിക്കും ആദ്യം ഓഫീസിലേയ്ക്ക് തിരിക്കുക. ചിലപ്പോൾ അവൻ.. ചിലപ്പോൾ ഒരുമിച്ച്... അഭിമന്യുവിന്റെ ഭാര്യയ്ക്ക് നൈറ്റാണെങ്കിൽ ചിലപ്പോൾ വരാൻ താമസിക്കും അപ്പോൾ അഭിമന്യു പോകാനും ലേറ്റാകും...

അഭിമന്യു ഫോണെടുത്തു... ആരോടാണ് പറയാനുള്ളത്.. അൻവറിനെ വിളിച്ചു വിശേഷം പറഞ്ഞു.. അൻവറും അവനെ അഭിനന്ദിച്ചു. നാട്ടിൽ വിളിച്ചു. അവിടെ ഹമീദിന് ഫോൺ കൊടുത്തു.. ഇക്കാര്യം വീട്ടുകാരോട് പറഞ്ഞു.. ഇനിയാര്... ആരുമില്ല... ഇവിടെ അവസാനിക്കുന്നു തന്റെ ബന്ധങ്ങൾ...

അഭിമന്യു നേരേ ഓഫീസിലേയ്ക്ക്... അവിടെ ചെന്നു കയറിയതും എല്ലാവരും ഒരുമിച്ച് കൺഗ്രാഡുലേഷൻസ് പറ‍ഞ്ഞു... അവനതൊരു സർപ്രൈസ് ആയിരുന്നു. എല്ലാവരുടേയും പിറകിൽ നിന്ന് റഷീദ് ഊറിച്ചിരിക്കുന്നു. തന്റെ കൈയ്യിലും ഒരു ലഡു കൊണ്ടുത്തന്നു. സത്യം പറഞ്ഞാൽ അഭിമന്യുവിന്റെ കണ്ണു നിറ‍ഞ്ഞുപോയി... റഷീദ് അടുത്തെത്തി. ഷേക്ക്ഹാൻഡ് കൊടുത്തു തോളിൽ കൈയ്യിട്ട് ഓഫീസിനകത്തേക്ക് കൂട്ടിക്കൊണ്ടുപോയി.

“ടാ... നീ ഇപ്പോൾ ഒരച്ഛനാകാൻ പോകുന്നു... അവളുടെ കാര്യത്തിൽ കുറച്ചുകൂടി ശ്രദ്ധവേണം.. എപ്പോഴും ഓഫീസ് എന്നുള്ള ചിന്തയിൽ കുറച്ച് കുറവുവരുത്താം... രാത്രി വളരെ വൈകിയുള്ള വീട്ടിൽ പോക്ക് ഒന്നു കുറയ്ക്കണം.. അവൾക്ക് ഇപ്പോൾ കൂടുതൽ കെയർ ആവശ്യമാണ്.“

“അതു കുഴപ്പമില്ല.. അവളൊരു നഴ്സല്ലേ.. മറ്റുള്ള സ്ത്രീകളെ അപേക്ഷിച്ച് കുറച്ചുകൂടി അറിവുണ്ടല്ലോ...“

“ശരിയായിരിക്കാം.. അവളൊരു നഴ്സ് മാത്രമല്ല.. നിന്റെ ഭാര്യകൂടിയാണ്... ഭർത്താവിന്റെ സാമീപ്യം കൂടുതൽ ആവശ്യമുള്ള സമയമാണ്...“

“ശരി... ശ്രമിക്കാം..“

വീണ്ടും അവർ തിരക്കുകളിലേയ്ക്ക് വഴുതിവീണു... പലയിടത്തുനിന്നും ഓർഡറുകൾ എല്ലാം മാനേജ് ചെയ്യുന്നതിനായി അഭിമന്യു ഓടിനടക്കുന്നുണ്ടായീരുന്നു. വന്ന അന്നുമുതലുള്ള അവന്റെ ഉത്സാഹത്തിന് ഒരു കുറവുമില്ല.. ആത്മാർത്ഥമായി ജോലിചെയ്യുന്നു.. ആരോടും യാതൊരു പരാതിയും പറയാറില്ല... ആളില്ലെങ്കിൽ സെയിൽസ് കൗണ്ടറിൽ കയറിനിൽക്കും.. പായ്ക്ക് ചെയ്യാൻ സഹായിക്കും.. കേക്ക് ഡിസൈൻ വരെചെയ്യും... അവനർഹതപ്പെട്ട സ്ഥാനമാണ് താൻ നൽകിയിരിക്കുന്നത്... പ്രത്യേകിച്ച് ആഗ്രഹങ്ങളില്ലാത്തൊരു ജന്മമായിരുന്നവന്റെത്.. പഠിക്കുന്ന സമയത്ത് അവൻ പറഞ്ഞിരുന്നത് തന്റെ അമ്മയെക്കുറിച്ചായിരുന്നു... അവരുടെ കഷ്ടപ്പാടുകൾ അച്ഛൻ എന്നത് ഒരു ഭയപ്പാടോടുകൂടിയാണ് ഓർത്തിരുന്നത്. വലിയ മീശയും നരച്ച തലമുടിയുമുള്ള ഒരാജാനുബാഹു... സ്നേഹിക്കാൻ ശ്രമിച്ചിട്ടുണ്ട്. കഴിഞ്ഞിട്ടില്ല... തനിക്ക് ജനിക്കുന്നത് മകനായാലും മകളായാലും തന്നെ വളർത്തിയതുപോലെ വളർത്താൻ പാടില്ല... എല്ലാ സ്നേഹവും നൽകിവേണം വളർത്താൻ...

അൻവർ നാട്ടിലേയ്ക്ക് പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു. അടുത്ത ആഴ്ചയിലാണ് യാത്ര പ്ലാൻ ചെയ്തിരിക്കുന്നത്. അതിനു കാരണവുമുണ്ട്. ഹമീദിന് രണ്ടാഴ്ചകഴിഞ്ഞാൽ ചെക്കപ്പിന് പോകണം.. അതു കണക്കാക്കി പോകാമെന്നു കരുതിയിരിക്കുകയാണ്. വാപ്പാന്റെ കാര്യങ്ങളെല്ലാം പുതുതായി വന്ന പയ്യൻ നോക്കുന്നുണ്ട്. വീട്ടിൽ ഉമ്മയും വാപ്പയും പിന്നെ റഷീദന്റെ ഭാര്യ അഫ്സയും  മാത്രമല്ലേയുള്ളൂ.. സഫിയയും നാദിറയും അമ്മായിയുടെ കൂടെയാണ്. അവർ നാളെ തിരിച്ചുപോകും... തിങ്കളാഴ്ച രാവിലെ ഫസലിനെ കോളേജിലാക്കി അവർ നാട്ടിലേയ്ക്ക് മടങ്ങുമെന്നാണ് അറിയിച്ചിരിക്കുന്നത്. അമ്മായിക്ക് വലിയ പ്രശ്നമില്ല. പ്ലാസ്റ്റർ ഉടൻ ഉരാൻ കഴിയില്ല... എന്നാലും വേദന കുറവുണ്ട്... അൽപാൽപമായി നടക്കാനാകുന്നുമുണ്ട്. ഡോക്ടർ പറഞ്ഞിരിക്കുന്നത് വലിയ ബലം കൊടുക്കാതെ നടക്കണമെന്നാണ്... സഫിയയും കൂടുതൽ നാൾ അവിടെ നിൽക്കാനാവില്ലല്ലോ... ഇടയ്ക്കിടയ്ക്ക് ചെന്നു നിൽക്കാമെന്നു പറഞ്ഞിട്ടുമുണ്ട്... ഫസൽ അവിടായതുകാരണം അവധി ദിവസങ്ങളിൽ അവിടെയെത്താമെന്നാണ് കരുതുന്നത്... ഫസലിനെ രണ്ടു മാസം കഴിഞ്ഞ് കൂട്ടിക്കൊണ്ടുപോകാമെന്നാണ് പറഞ്ഞിരിക്കുന്നത്.. ഗോപിസാറും അതാണ് പറഞ്ഞത്.. ഇനി കുറച്ചു പഠനത്തിന്റെ തിരക്കുകളിലായിരിക്കും.. അതിനാൽ രണ്ടു മാസം കഴിയുമ്പോൾ വരുന്ന അവധി ദിവസങ്ങളിൽ വീട്ടിൽ പോയിട്ടു വരാം.. അന്നു വന്നു കൂട്ടാമെന്നാണ് അവനോട് പറഞ്ഞിരിക്കുന്നത്.

അൻവർ ഇടയ്ക്കിടയക്ക് അമ്മായിയെ വിളിക്കാറുണ്ട്.. ഗൾഫിലാണെങ്കിലും അവരുടെ ബിസിനസ്സിൽ ഇപ്പോഴും അൻവർ സഹായിക്കാറുണ്ട്. എന്തെങ്കിലും പ്രശനം വരുമ്പോൾ വിളിക്കുന്നത് അൻവറിനെയാണ്. അവൻ വേണ്ട സൊല്യൂഷൻസ് ചെയ്തുകൊടുക്കുകയും ചെയ്യും... നാട്ടിൽ എത്തുമ്പോൾ ചെല്ലാമെന്നു പറഞ്ഞിട്ടുണ്ട്. പുതുതായെത്തിയ സ്റ്റാഫിനെ ട്രെയിൻ ചെയ്തെടുത്തു.. നന്നായി ജോലി നോക്കുന്നുണ്ട്. പെട്ടെന്ന് കാര്യങ്ങളെല്ലാം മനസ്സിലാക്കി ചെയ്തുപഠിച്ചു. അതുകൊണ്ട് തനിക്കിനി ധൈര്യമായി നാട്ടിൽ പോകാം... രണ്ടു ബ്രാഞ്ചുകളും നല്ല നിലയിൽ പോകുന്നു. ഒരു ബ്രാഞ്ചിന്റെ മാനേജരായി ഒരു സ്ത്രീയെത്തന്നെയാണ് നിയമിച്ചിരിക്കുന്നത്. കൊണ്ടോട്ടിക്കാരി സൈനബ... യാദൃശ്ചികമായാണ് അവിടുത്തെ ഒഴിവിലേയ്ക്ക് ഒരു സ്ത്രീയുടെ ബയോഡാറ്റ എത്തിയത്.. അന്വേഷിച്ചപ്പോൾ ഗൾഫിലെത്തിയിട്ട് നാലു വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. പല സ്ഥാപനങ്ങളിലും ജോലിചെയ്ത പരിചയം... കേക്ക് മേക്കിംഗിൽ നല്ല എക്സ്പീരിയൻസ്... നല്ലൊരു ആർട്ടിസ്റ്റ്... അതു മാത്രമല്ല ഭാഷ നന്നായറിയാം... ഫാമിലിയായി താമസിക്കുന്ന ഏരിയയിലായിരുന്നു പുതുതിയാ ബ്രാഞ്ച് തുടങ്ങിയത്. അവിടെ ഒരു സ്ത്രീതന്നെയായിരിക്കും നല്ലതെന്നു തോന്നി അങ്ങനെയാണ് അവരെ നിയമിച്ചത്..

വിവാഹിതയാണ് ഭർത്താവുമായി അത്ര നല്ല രസത്തിലല്ല.. വിവാഹം കഴിഞ്ഞിട്ട് 8 വർഷത്തോളമായി. കുട്ടികളില്ല.. ഭർത്താവ് സ്വന്തമായി ബിസിനസ് ചെയ്യുന്നു... അദ്ദേഹവുമായി തെറ്റിപ്പിരി‍ഞ്ഞിട്ട് 5 വർ‌ഷങ്ങളായി... വെറും മൂന്നു വർഷം മാത്രം നീണ്ടുനിന്ന വിവാഹബന്ധം... സുമുഖൻ സുന്ദരൻ... നല്ലൊരു ബിസിനസ്കാരൻ... ഭാര്യയോടും നല്ല സ്നേഹമുള്ളവൻ... നാട്ടിൽ നല്ല പേരും പ്രശസ്തിയും... വിവാഹം കഴിഞ്ഞപ്പോൽ എല്ലാവരും പറഞ്ഞത് അവനെ കിട്ടിയത് വലിയൊരു ഭാഗ്യമാണെന്നാണ്...

ശരിയായിരുന്നു എല്ലാമുണ്ടായിരുന്നു. പക്ഷേ... തന്നെ ബഡ്റൂമിൽ കണ്ടിരുന്നത് വെറുമൊരു ലൈംഗിക ഉപകരണമായി മാത്രമായിരുന്നു. ആദ്യ രാത്രിയിലെ പെരുമാറ്റത്തിൽ പ്രശ്നങ്ങളൊന്നുമുണ്ടായില്ല... തന്റെ സൗന്ദര്യം കണ്ടു മാത്രമാണ് തന്നെ വിവാഹം കഴിച്ചത്.. കുടുംബം അത്ര വലിയ സാമ്പത്തികമുണ്ടായിരുന്നതല്ല.. വാപ്പ വില്ലേജിലെ പ്യൂണായിരുന്നു. സ്വന്തമായി വീടില്ലായിരുന്നു. ജോലി ട്രാൻസ്ഫറാവുന്നതുപോലെ പലയിടങ്ങളിലായി താമസിച്ചു... അവസാനമെത്തിയത് കൊണ്ടോട്ടിയിലായിരുന്നു. അവിടെവച്ചുതന്നെ റിട്ടയറുമായി... അതാണവിടെ സ്ഥിരതാമസമാക്കിയത്.

ആദ്യ രണ്ടു മൂന്നു ദിവസങ്ങളിൽ ഭർത്താവിന്റെ പെരുമാറ്റത്തിൽ പ്രത്യേകിച്ച് ഒന്നും തോന്നിയില്ല.. പിന്നിടാണ് കാര്യങ്ങൾ മനസ്സിലായിത്തുടങ്ങിയത്.. അദ്ദേഹത്തിന് ലൈംഗിക വൈകൃതങ്ങളോടായിരുന്നു താൽപര്യം... തന്റെ ലൈംഗികാവയവത്തോട് അദ്ദേഹത്തിന് താൽപര്യമില്ലായിരുന്നു. കമിഴ്ത്തിക്കിടത്തി മലദ്വാരത്തിൽ ലിംഗം പ്രവേശിപ്പിക്കുമായിരുന്നു. അസഹനീയമായ വേദനതിന്ന രാത്രികളായിരുന്നു... കക്ഷത്തു വളരുന്ന രോമം ഷേവ് ചെയ്യാൻ സമ്മതിക്കില്ലായിരുന്നു... കൈപൊക്കി കക്ഷത്ത് ലിംഗം വച്ച് സംതൃപ്തിയടയുന്ന അദ്ദേഹത്തെ അവൾ പുശ്ചത്തോടെ നോക്കുമായിരുന്നു... തന്റെ ചുണ്ടുകളിൽ അയാൾ ചുംബിച്ചിട്ടില്ല... പകരം ഗുഹ്യഭാഗത്ത് മുഖമമർത്തി രസിക്കുമായിരുന്നു. കക്ഷത്ത് മുഖമമർത്തി സന്തോഷിക്കുമായിരുന്നു. തികച്ചും വ്യത്യസ്തമായ ലൈംഗിക വൈകൃതത്തിനുടമ... ആരോടും പറയാനാവാത്ത അവസ്ഥ...

അടുത്ത സുഹൃത്തിനോട് പറഞ്ഞപ്പോൾ എല്ലാം മാറിവരുമെന്ന് പറഞ്ഞ് ആശ്വസിപ്പിച്ചു... തന്റെ ഇളയത് രണ്ടുപേരുണ്ട്.. അവരുടെ ഭാവിയോർത്ത് എല്ലാം സഹിച്ചു... മലവിസർജ്ജനം നടത്തുമ്പോൾ വേദന കൂടിക്കൂടി വരുന്ന ഘട്ടത്തിലുമെത്തി... എന്നിട്ടും അദ്ദേഹത്തിന്റെ വൈകൃതത്തിന് കുറവുണ്ടായില്ല... തന്റെ ലൈംഗികാവയവം ഇതുവരേയും അദ്ദേഹം തൊട്ടു നോക്കിയിട്ടുപോലുമില്ല... എന്തിന് ഒരിക്കൽ പോലും തന്റെ ഡ്രസ്സ്‌ അദ്ദേഹം ഉരിഞ്ഞിട്ടില്ല... രണ്ടു വർഷങ്ങൾ കഴി‍ഞ്ഞുപോയി.. പലരും ചോദിച്ചുതുടങ്ങി.. എന്തെങ്കിലും പ്രശ്നമുണ്ടോയെന്ന്.. കുട്ടികളുണ്ടാവില്ലെന്ന് അദ്ദേഹമാണ് പലരോടും പറഞ്ഞത്... ഒരിക്കൽ അദ്ദേഹത്തിന്റെ ഉമ്മതന്നെ തന്നോട് പറഞ്ഞിരുന്നു. തനിക്ക് ഒരു മകൻ മാത്രമാണ് തലമുറ മുറിയാതെ സൂക്ഷിക്കേണ്ടത് താനാണെന്ന്... കുട്ടികളുണ്ടാവില്ലെങ്കിൽ സ്വയം ഒഴിവാകണമെന്നും... അന്ന് ഉറക്കെ വിളിച്ചു പറയണമെന്നു തോന്നി.. പക്ഷേ ധൈര്യം അതിന് അനുവദിച്ചില്ല... ഒരിക്കൽ അസഹനീയമായ വേദനയോടെ അർദ്ധരാത്രിയിൽ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തു... ഭർത്താവ് ഹോസ്പിറ്റലിലാക്കി തിരികെപ്പോന്നു.. കൂടെ നിന്നത്.. അദ്ദേഹത്തിന്റെ ഉമ്മയുടെ അനുജത്തിയുടെ മകൾ... ഡോക്ടറോട് ആദ്യം പറയാൻ മടിയായിരുന്നു. അവസാനം അവൾ കാര്യം പറഞ്ഞു.. മലദ്വാരം നീരുവച്ചു വീർത്തിരുന്നു... മലവിസർജ്ജനം നടത്താൻ പോലും കഴിയാത്ത അവസ്ഥ ചെറിയൊരു സർജ്ജറി നടത്തി... കാര്യം പരഹരിച്ചു. പക്ഷേ ചികിത്സ വേണ്ടിയിരുന്നത് ഭർത്താവിനായിരുന്നു. ഡോക്ടർ അദ്ദേഹത്തെ കാണാൻ ശ്രമിച്ചു.. കഴിഞ്ഞില്ല.. വന്നില്ലെന്നു വേണം പറയാൻ... അന്നൊരു തീരുമാനമെടുത്തു ഇനി തിരികെ അങ്ങോട്ടെക്കില്ല... അങ്ങോട്ടു ചെന്നാൽ ഇതു തന്നെ ആവർത്തിക്കപ്പെടും... സ്വന്തം ലൈംഗിക താൽപര്യം മാത്രംമതി അദ്ദേഹത്തിന്... വികാര തീവ്രതയിൽ തന്റെ കഴുത്തിൽ മുറുക്കിപ്പിടിക്കുമായിരുന്നു. ചിലപ്പോൾ മുടിക്കു കുത്തിപ്പിടിക്കുമായിരുന്നു. സുന്ദരിയായിരുന്ന താൻ ഇന്നൊരു കോലമായി മാറിയിരിക്കുന്നു.

വീട്ടുകാർക്ക് ആദ്യം എതിർപ്പായിരുന്നു. ഉമ്മയോട് കാര്യം പറഞ്ഞു.. പിന്നെ എതിർത്തില്ല... വാപ്പ വളരെ ദുഃഖിതനായിരുന്നു... പക്ഷേ ബന്ധം വേർപെടുത്താൻ അദ്ദേഹം തയ്യാറായിരുന്നില്ല... അയാൾക്ക് തന്നെ മതിയെന്നുതന്നെയാണ് പള്ളിക്കമ്മറ്റിക്കാരോടും പറഞ്ഞത്.. ചിലപ്പോൾ തന്നെ കാണാൻ വരും... വീടിനകത്ത് കയറാറില്ല.. ഉമ്മായെക്കൊണ്ട് ഞാനിവിടില്ല എന്ന് പറയിക്കും.. അപ്പോൾ തിരികെപ്പോകും... അദ്ദേഹത്തിൽ നിന്ന് രക്ഷപ്പെടാനാണ് കണ്ണൂരിലുള്ള ബന്ധുവീട്ടിലേയ്ക്ക് പോയത്... അവിടെ കുറച്ചു നാൾ നിന്നു... അവിടെനിന്നാണ് ബേക്കറി ജൊലികളൊക്കെ പടിച്ചത്... നല്ലൊരു ആർട്ടിസ്റ്റുകൂടിയായതിനാൽ കേക്ക് മേക്കിംഗിലും മറ്റും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചു. വീട്ടുകാരുടെ എതിർപ്പുണ്ടായിരുന്നെങ്കിലും ഗൾഫിലേയ്ക്ക് യാത്ര തിരിച്ചു.. ആദ്യം കുറച്ച് ബുദ്ധിമുട്ടിയെങ്കിലും ഇപ്പോൾ പ്രശ്നങ്ങളൊന്നുമില്ല.. രണ്ടു സഹോദരിമാരേയും വിവാഹം കഴിപ്പിച്ചു.. ചെറിയൊരു വീടുവച്ചു... ഇപ്പോൾ അദ്ദേഹം തന്നെ തിരക്കി വീട്ടിൽ വരാറില്ല... വേറേ പെണ്ണുനോക്കുന്നെന്നാണ് അറിഞ്ഞത്... തന്റെ ജീവിത്തിൽ ഇനി ഒരു പരീക്ഷണത്തിന് താൽപര്യമില്ലാത്തതിനാൽ ഇപ്പോഴും കന്യകയായി അവിവാഹിതയായി കഴിയുന്നു....

സൈനബാ... എന്താ ആലോചിക്കുന്നത്... അൻവറുടെ ചോദ്യം കേട്ടാണ് സൈനബ ചിന്തയിൽനിന്നുണർന്നത്... ഒന്നുമില്ല സാർ... വെറുതേ... ഓരോന്നോർത്തുപോയി... അവൾ വീണ്ടും ജോലിയുടെ തിരക്കിലേയ്ക്ക് ഊളിയിട്ടു... അന്ന് സ്റ്റോറിലെ ആവശ്യമുള്ള സാധനങ്ങളുടെ ലിസ്റ്റ് അവൾഅൻവറിനെ ഏൽപ്പിച്ചു... എല്ലാം കൃത്യമായി രേഖപ്പെടുത്തുന്നു. സ്റ്റാഫുകളെ മാനേജ് ചെയ്യുന്നതിനുള്ള കഴിവുമുണ്ട്... കുറ‍ഞ്ഞ കാലം കൊണ്ട് കസ്റ്റമേഴ്സുമായും നല്ല ബന്ധം അവൾസ്ഥാപിച്ചു ... 
തുടർന്നു വായിക്കുക അടുത്ത ഞായറാഴ്ച്ച 22 08 2021സസ്നേഹം നിങ്ങളുടെ സ്വന്തം ഷംസുദ്ധീൻ തോപ്പിൽ 15 08 2021

7.8.21

നിഴൽവീണവഴികൾ ഭാഗം 138

 

ആഗസ്റ്റ് 8 എന്റെ കഥാപത്രത്തിന്റെ ജന്മദിനമാണ് തികച്ചും യാദൃഷ്ചികമായിരിക്കാം കഥാ പത്രത്തിന്റെയും എന്റെയും പിറന്നാൾ ഒരു ദിവസമായത് വായനക്കാരോടൊപ്പം എന്റെ കഥാപാത്രമായ  ഫസലിന്പിറന്നാൾ ഞാനും ആശംസിക്കുന്നു ലോകത്തിന്റെ ഏതെങ്കിലും ഒരു കോണിൽ ഇരുന്നു അവൻ ഇത് കാണുന്നുണ്ടെങ്കിൽ അതിൽ പരം സന്തോഷം മറ്റെന്തുണ്ട് HAPPY BIRTHDAY TO YOU DEAR FASAL
NB ഇന്ന് ഞാൻ മുറിച്ച കേക്കിന് ഞാനിട്ട പേരും ഫസൽ എന്നാണ്...

ഇതെല്ലാം ഒരു വ്യക്തിയുടെ വ്യക്തിത്വ വികസനത്തിന് ഉതകുമെന്നാണ് വിശ്വാസം.. ചെറിയ തോതിലുള്ള റാഗിംങ്‌ നല്ലതാണ്. പക്ഷേ ഇവിടെ എങ്ങനെയെന്നറിയില്ല.. വരുന്നതുവരട്ടെ... അവൻ റൂമിൽ കയറി വാതിലടച്ചു... കുറച്ചു നേരം കഴിഞ്ഞപ്പോൾ വാതിലിൽ മുട്ടു കേട്ടു... രണ്ടുപേരും മുഖത്തോടുമുഖം നോക്കി.. വീണ്ടും ഉച്ചത്തിൽ മുട്ടി... അവർ രണ്ടാളും ഒരുമിച്ചെഴുന്നേറ്റു...

ഒരുകൂട്ടം സീനിയേഴ്സ്...

“ങ്ഹാ എന്താ മക്കളേ... നേരത്തേ ഉറക്കമായോ...“

രണ്ടാളും ഒന്നും മിണ്ടിയില്ല...

“ജോണേ... ഇവൻ കൊള്ളാലോ.... ആള് സുന്ദരനാ... നിന്റെ മീശയെവിടെയാ...“

ഫസലിനോടാണ് ചോദ്യം.. ഫസൽ മൗനം പാലിച്ചു.

റസാഖേ... ഇവനെ നമുക്കെന്തുചെയ്യാം.....

“ടാ.... 10 മിനിറ്റ് സമയം തരും.... വേഗം സ്ത്രീകളെപ്പോലെ വസ്ത്രം ധരിച്ച് പോരേ....“

ഫസലൊന്നു ഞെട്ടി....... എന്താ ചെയ്ക... എതിർത്താൽ തീർന്നു... അവർ രണ്ടാളും മുഖത്തോടുമുഖം നോക്കി... അവർ പറയുന്നത് അനുസരിക്കുക... അവൻ പെട്ടെന്നുതന്നെ തന്റെ ലുങ്കിയെടുത്തു ഉടുത്തു... ഉടുപ്പ് ബ്ലൗസ്പോലെ മുകളിലേയ്ക്ക് മടക്കിവച്ചു... കുറച്ചു നീണ്ടു തുടങ്ങിയ തലമുടിയായിരുന്നു. ചീപ്പെടുത്ത് രണ്ടുവശത്തേയ്ക്കും ചീകിയിട്ടു... മുഖത്ത് പൗഡർ തേച്ചു... നെറ്റിയിൽ ഇടാൻ സിന്ദൂരംവേണ്ടേ... റൂംമേറ്റ്തന്നെ അമ്പലത്തിലെ പ്രസാദത്തിൽ നിന്നും സിന്ദൂരം എടുത്ത് അവന്റെ നെറ്റിയിൽ ഒരു വലിയ പൊട്ടുവച്ചു... അവൻ തന്നെ ഞെട്ടിപ്പോയി.. ശരിക്കും ഒരു സുന്ദരിപ്പെണ്ണ്...

ഡോറിൽ വീണ്ടും മുട്ട്.. ചെറിയൊരു പതർച്ചയുണ്ട്.... എന്നാലും ഇവരുടെ മുന്നിൽ പതറാൻ പാടില്ല... താൻ എന്തും ചെയ്യും... അതിന് ഉദാഹരണമാണ് ഇത്... പുറത്ത് വലിയ ആരവങ്ങൾ കേൾക്കാം... അവൻ വാതിൽ തുറന്ന് ചിരിച്ചുകൊണ്ട് എല്ലാവരേയും നോക്കി... ഒരു നിമിഷം എല്ലാവരും നിശ്ശബ്ദരായി... സുന്ദരിയായ ഒരു യുവതിയുടെ എല്ലാ ഭാവങ്ങളും അവനിൽ മിന്നിമറഞ്ഞു...

“ടേേയ് ഇത് പെണ്ണാണോ..“ നിശ്ശബ്ധതയെ ഭേദിച്ചുകൊണ്ട് സീനിയറുടെ ചോദ്യം.“

“കരളേ... ഇത്രയും സുന്ദരിയായിരുന്നോടാ നീ...“

“ഇവളെ ഞാൻ കെട്ടും... എനിക്കിന്നിവളെ വേണം..“

ഓരോരുത്തരും ഓരോ കമന്റ് പറഞ്ഞുകൊണ്ടിരുന്നു. ഫസലിന് ഉള്ളിൽ ഒരു ഭയമുണ്ടെങ്കിലും  അവനും അത് ആസ്വദിക്കുകയായിരുന്നു. ഇവരുടെ മുന്നിൽ പതറാൻ പാടില്ല... എന്ന് മനസ്സിനെ ഓർമ്മിപ്പിച്ചുകൊണ്ടിരുന്നു. താൻ ഇരയായതുകൊണ്ട് റൂംമേറ്റ് രക്ഷപ്പെട്ടു... അവനെ അവരൊന്നും പറഞ്ഞില്ല...

“രഞ്ചു... ആരാടാ ഇവളുടെ ഭർത്താവ്...“ നേതാവ് കൂടെനിന്നവനോടു ചോദിച്ചു...

“ജൂനിയറിൽ നല്ല കട്ടി മീശയും താടിയുമുള്ള ഒരാളെ ചൂണ്ടി പറഞ്ഞു.. പോയി മുട്ടും ഷർട്ടുമിട്ടു വാടാ..“

അവൻ റൂമിലേയ്ക്കോടി... പലരും അവന്റെ കവിളിൽ തലോടുന്നുണ്ടായിരുന്നു. സ്നേഹം മൂത്ത് ഒരുവൻ മുഖത്ത് ഉമ്മവച്ചു.. ഫസൽ ഒരു കുലുക്കവുമില്ലാതെ നിന്നു...

“ഇവൻ കൊള്ളാം.. സഹകരിക്കുന്നുണ്ട്...“

“അളിയാ ഇവൻ പെണ്ണായിരുന്നെങ്കിൽ ഞാൻ പ്രേമിച്ചു കെട്ടിയേനേ...“

“ടാ.. പ്രേമിച്ചവരെല്ലാം ഇട്ടിട്ടുപോയതല്ലേ നിന്നെ... ഇനിയും പ്രേമിക്കണോ..“

“ശവത്തേ കുത്തല്ലേ അളിയാ..“

നിമിഷങ്ങൾക്കകം മണവാളനെത്തി..

“മാലയെവിടെ...“

സ്പൂണുകൾ കൊണ്ടുണ്ടാക്കിയ മാലയുമെത്തി... രണ്ടാളോടും പരസ്പരം മാലയിടാൻ പറഞ്ഞു..

അനുസരിച്ചു... കൈപിടിച്ച് ഇവിടെമൊത്തം നമുക്കു പോകണം... രണ്ടാളേയും മണവാളനും മണവാട്ടിയുമാക്കി അവർ കൊട്ടും കുരവയുമായി ഓരോ റൂമുകളിലേയ്ക്കു യാത്ര തിരിച്ചു..

ഒരു റൂമിലെത്തി മുട്ടി വിളിച്ചു.. വാതിൽ തുറക്കപ്പെട്ടു..

“ഭക്ഷണം കഴിച്ചോ...“ വിറയാർന്ന ശബ്ദത്തിൽ “കഴിച്ചു...“ കല്യാണത്തിനു വന്നിട്ട് ഭക്ഷണം കഴിച്ചതേയുള്ളോ.. സംഭാവനകൊടുത്തില്ലേ...“

“ഇല്ല...“

“കൊള്ളാം... ഇതിനെ ചിലവുള്ളതാ.. എടുത്തോണ്ടു വാ..“

അവൻ അകത്തുപോയി നൂറിന്റെ നോട്ടുമായി വന്നു... ഒരു പാത്രത്തിൽ നിക്ഷേപിച്ചു.

അവരേയും യാത്രയിൽ കൂട്ടി... അവർ ഒരുമിച്ച് ആഘോഷപൂർവ്വം ഓരോ റൂമുകളിലേയ്ക്ക് പോയി.. ഫസലിന് യാതൊരു കുലുക്കവുമില്ല.. അവനും അത് എൻജോയി ചെയ്തു... എല്ലാവരേയും ഒരുമിച്ചു കൂട്ടി നേരേ കാന്റീനിലെ വിശാലമായ ഹാളിലേയ്ക്ക്... അവിടെ സ്റ്റേജുപോലെ ഉയർന്ന ഒരു ഭാഗമുണ്ടായിരുന്നു. മണവാളനേയും മണവാട്ടിയേയും അവിടെ ഇരുത്തി... പലരും കുരവയിടുന്നു. ആരവമുണ്ടാക്കുന്നു...

“ഇനി.. കന്യാദാനമാണ്...“   നേതാവ് ഫസലിന്റെ കൈപിടിച്ച് വരന്റെ കൈയ്യിൽ വച്ചു... വലിയ ഒരു ആരവം അവിടെ ഉയർന്നു...

“ങ്ഹാ.. കലാപരിപാടികൾ ആരംഭിക്കുന്നു. ആദ്യം ഒപ്പന... ജൂനിയേഴ്സിൽ നിന്നും ആറു പേരേ തിരഞ്ഞെടുത്തു. പേടിച്ച് പേടിച്ച് അവരെത്തി... സീനിയേഴ്സിന്റെ കൂട്ടത്തിൽ നല്ല പാട്ടുകാരുമുണ്ടായിരുന്നു... അവർ പാട്ടു പാടിത്തുടങ്ങി..

“കന്നിപ്പളുങ്കേ..പൊന്നും കിനാവേ.... സുന്ദരിപൊന്നാരേ... കൺമണിക്കെന്തിനീ...കള്ള പരിഭവം...
കല്യാണ രാവല്ലേ... അവർ ഡാൻസും കളിക്കാൻ തുടങ്ങി.. മണവാട്ടിയെപ്പോലെ ഫസലും അഭിനയിച്ചു... നാണവും കണ്ണടക്കലുമായി സീൻ കൊഴുപ്പിച്ചു.. ഫസലിന് ഇതൊരു അവസരമായി തോന്നി.. എല്ലാവരും തന്നെ അറിയപ്പെടുമല്ലോ...“

ഇതിനിടയിൽ ഫോട്ടെയെടുപ്പ്... സാങ്കൽപികമായ ഫോട്ടോയെടുപ്പാണ്... സാങ്കൽപികമായ സദ്യവിളമ്പൽ... സദ്യകഴിക്കൽ... കൈകഴുകൽ... യാത്രചോദിച്ച് പോകൽ എന്തുകൊണ്ടും ഒരു കല്യാണവീടിന്റെ പ്രതീതി... എല്ലാവരും വലിയ സന്തോഷത്തിലായിരുന്നു. രാത്രി ഒരു മണിയായിരിക്കുന്നു.

നേതാവ് സ്റ്റേജിൽ വന്നു...

“പ്രിയ ഡോക്ടേഴ്സ്... ആരോഗ്യപരമായ റാഗിംഗാണ് ഇവിടെ നടന്നിട്ടുള്ളത്... ഇത് നമുക്ക് പരസ്പരം മനസ്സിലാക്കാനും കൂടുതൽ അടുക്കാനുമുള്ള അവസരമാണ്... ഇതിനെ റാഗിംഗ് എന്നു വിളിക്കാനാവില്ല... ഇന്നു ഇത് അവസാനിച്ചു.. നാളെമുതൽ നമ്മൾ നല്ല സുഹൃത്തുക്കളാണ്... ഇതുവെറും ഐസ് ബ്രേക്കിംഗ് ആണ്... കഴിഞ്ഞ നാലു വർഷത്തിനിടയിൽ നടത്തിയിട്ടുള്ള ഏറ്റവും നല്ല പരിപാടിയായിരുന്നു ഇന്നത്തേത്... ഫസലിന്റെ സഹകരണം വളരെ പ്രശംസനീയമാണ്...“

എല്ലാവരും കൈകൊട്ടി... “ഇനി എല്ലാവർക്കും പിരിഞ്ഞുപോകാം....“ റാഫീ.. ഫസലിനെ റൂമിലെത്തിക്കണം.. എല്ലാവരും കയറുപൊട്ടി നിക്കുവാ... അവന്റെ വേഷവും ഭാവവും മനസ്സിളക്കുന്നതാ.... ആരേലും റേപ്പ്ചെയ്താൽ നീയാ ഉത്തരവാദി...“

മൂന്നുനാലുപേരുകൂടി അവനെ റൂമിലെത്തിച്ചു.. ധരിച്ച വസ്ത്രങ്ങൾ മാറ്റി മുഖത്തെ പൗഡറും സിന്ദൂരക്കുറിയും മായ്ച്ചുകളഞ്ഞു... നല്ല ഒരു അവസരമായിരുന്നു... ആദ്യ ദിവസം തന്നെ തന്നെ എല്ലാവർക്കും മനസ്സിലായി... കുറച്ച് തൊലിക്കട്ടി കൂടുതലാ തനിക്കെന്നവനറിയാമായിരുന്നു. സാഹചര്യങ്ങൾ അവന്റെ മനസ്സിന് നല്ല കട്ടി നൽകിയിരുന്നു... പുറത്ത് പറഞ്ഞ് കേട്ടതുപോലെ പേടിക്കേണ്ട ഒരു അവസ്ഥയായിരുന്നില്ല കോഴിക്കോട് മെഡിക്കൽകോളജിലേത് എന്ന് അവനുറപ്പിച്ചു...

തലേ ദിവസത്തെ ആഘോഷത്താൽ രാവിലെ എല്ലാവരും താമസിച്ചാണ് ഉണർന്നത്.... തലേ ദിവസത്തെ കാര്യം ആരും ഓർമ്മിപ്പിക്കുകയോ കളിയാക്കുകയോ ചെയ്തില്ല.. എല്ലാവരും അവരവരുടെ ജോലികൾ ചെയ്തു... റഡിയായി കോളേജിലേയ്ക്ക്... ആഴ്ച പെട്ടെന്നാണ് കഴിഞ്ഞത്... ഞായറാഴ്ച്ചയാണിന്ന്... ഉമ്മ പറഞ്ഞതുപോലെ ഇന്നു രാവിലെ തന്നെ  വിഷ്ണുവേട്ടൻ വണ്ടിയുമായി വരും... അമ്മായിയുടെ വീട്ടിലാണ് ഇന്നത്തെ സ്റ്റേ.. നാളെ തിങ്കളാഴ്ച രാവിലെ എന്നെ ഇവിടെ തിരികെവിട്ട് അവർ നാട്ടിലേയ്ക്ക് തിരിക്കും...

കുളി ഒക്കെ കഴിഞ്ഞ് അത്യാവശ്യ വസ്ത്രങ്ങൾ തോൾ ബാഗിലാക്കി അവൻ പുറത്തേയ്ക്കിറങ്ങി.. പലരും അവിടെത്തന്നെയാണ് താമസം... ചിലർ വീട്ടിലേയ്ക്ക് പോകുന്നു. ദൂരെയുള്ളവർ പോകുന്നില്ലെന്ന് ഇന്നലെത്തന്നേ പറഞ്ഞിരുന്നു. പറഞ്ഞ സമയത്തുതന്നെ വിഷ്ണുവേട്ടനെത്തി.. കൂടെ ഉമ്മയും നാദിറയാന്റിയും മകളുമുണ്ടായിരുന്നു.

“ടാ നീയങ്ങു മാറിയല്ലോടാ...“

“ഉമ്മാ... ഇവിടെ ഇങ്ങനെയൊക്കെ കുറച്ച് ജാഡവേണമല്ലോ...“

“ഒരാഴ്ചകൊണ്ട് മുടിയൊക്കെ ഹിപ്പിയെപ്പോലെ ആക്കിയല്ലോടാ...“

“ഇത്താ... ഇവനിത്തിരി ഗ്ലാമർ കൂടിയോന്ന് സംശയം...“

വണ്ടി മുന്നോട്ടെടുത്തു.. “ശരിയാ... കുറച്ചു സുന്ദരനായതുപോലെ..“ വിഷ്ണുവാണത് പറഞ്ഞത്..

അവൻ കോളേജിലെ കഥകൾ പറഞ്ഞുകൊടുത്തു.. എല്ലാവരും വലിയ ആവേശത്തിൽ കേട്ടിരുന്നു. വീട്ടിലെത്തി. വീട്ടിൽ കയറിയതും അവൻ ഞെട്ടിത്തരിച്ചുപോയി... വീട് മുഴുവൻ അലങ്കരിച്ചിരിക്കുന്നു. എല്ലാവരുമൊരുമിച്ച് ഹാപ്പി ബർത്ത്ഡേ പറഞ്ഞ് വരവേറ്റു... തൊട്ടടുത്ത് ഹാപ്പി ബർത്ത്ഡേ ഫസൽ എന്നെഴുതിയ കേക്ക്.. ശരിയാണ്.. ഇന്ന് തന്റെ ബർത്ത്ഡേയാണ്... ഓർമ്മയായ കാലത്തൊന്നും ബർത്ത്ഡേ ആഘോഷിച്ചിട്ടില്ല... എന്താണെന്നറിയില്ല... ഉമ്മയോട് പലപ്പോഴും ചോദിക്കണമെന്നു വിചാരിച്ചിച്ചുണ്ട്... പക്ഷേ അതിനുള്ള ധൈര്യമുണ്ടായിട്ടുമില്ല... ആഗസ്റ്റ് മാസം 8-ാം തീയതി... രാത്രി 8 മണിക്ക്... അത് തനിക്കറിയാം.... എല്ലാം എട്ടായിരുന്നു. വർഷംപോലും അവന്റെ കണ്ണുകൾ സന്തോഷംകൊണ്ട് നിറഞ്ഞു...

“അമ്മായി.. ഇത് എന്റെ മോന്റെ ആദ്യ ബർത്ത്ഡേയാണ്... ഇന്നുമുതൽ എല്ലാ വർഷവും ഇനി ആഘോഷിക്കും.. അവർ അവനെ കെട്ടിപ്പിടിച്ചു... എല്ലാവരും ചുറ്റും കൂടി...

ഇനി നമുക്ക് കേക്ക് മുറിക്കാം.. കേക്കിനു മുകളിൽ ഒരു മെഴുകുതിരി.... നാദിറ അത് കത്തിച്ചു... അവൻ അത് ഊതിക്കെടുത്തി... എല്ലാവരും അവന് ആശംസ പറഞ്ഞുകൊണ്ട് ഹാപ്പി ബർത്ത്ഡേ പാടി... അവൻ കേക്ക് മുറിച്ചു ഒരു കഷണം സഫിയയുടെ വായിൽ വച്ചുകൊടുത്തു... അതിൽ ഒരു പീസ് അവർ അവന്റെ വായിൽ വച്ചുകൊടുത്തു.. അമ്മായി വീൽച്ചെയറിൽ തൊട്ടടുത്തുണ്ടായിരുന്നു. അവർക്കും കൊടുത്തു... എല്ലാവർക്കും അവൻ മുറിച്ച് വായിൽ വച്ചുകൊടുത്തു... അതു കഴിഞ്ഞ് നല്ല വിഭവസമൃദ്ദമായ  ഭക്ഷണമായിരുന്നു... ഹോസ്റ്റലിലെ ഭക്ഷണം അത്ര നല്ലതല്ലായിരുന്നു... ആയതിനാൽ അവൻ നന്നായി കഴിച്ചു... അതും ഒരു ആഘോഷത്തിന്റെ രാവായിരുന്നു... എല്ലാവരും ഒരുമിച്ച് ഹാളിലിരുന്നു അവന്റെ കോളേജ് ജീവിതം അറിയാനായിരുന്നു ജിജഞാസ.. അവൻ നടന്ന സംഭവങ്ങൾ പൊടിപ്പും തൊങ്ങലും വച്ചു അവരോടു വിവരിച്ചു... അവന്റെ വിവരണം കേട്ട് അവരുപോലും ഞെട്ടിപ്പോയി.... ഇവനിത്രയൊക്കെ ധൈര്യമോ...

“ടാ... പുളു പറയല്ലേ....“ സഫിയ പറ‍ഞ്ഞു..

“ഞാനെന്തിനാ ഉമ്മാ പുളു പറയുന്നത്. സത്യം.. നടന്ന കാര്യങ്ങൾ ഇല്ലെങ്കിൽ ഗോപിയങ്കിളിനോട് ചോദിച്ചോ...“

രാത്രി വളരെ വൈകുവോളം അവരോരോ കാര്യങ്ങളും പറഞ്ഞിരുന്നു. അമ്മായി കൂടുതൽ ഉറക്കമൊഴിക്കേണ്ടതില്ലെന്നു പറഞ്ഞ് അവർ എല്ലാവരും പിരിഞ്ഞു... നാദിറയും സഫിയയും റൂമിലേയ്ക്ക് പോയി... ഫസലും വിഷ്ണുവും മുകളിലത്തെ റൂമിലേയ്ക്ക്..

സഫിയയ്ക്ക് പലവിധ ചിന്തകളായിരുന്നു. ഈ ദിവസമാണ് അവൻ ജനിച്ചത്... വിവാഹത്തിന് ഇഷ്ടമല്ലായിരുന്നു വാപ്പാന്റെ ആഗ്രഹപ്രകാരം... എതിർത്തില്ല.. തന്റെ സ്വപ്നങ്ങൾക്ക് ചിറകുകളില്ലായിരുന്നു... അവന്റെ ജനനം കഴിഞ്ഞ് ആദ്യ ജന്മദിനം പരസ്പരം അറിഞ്ഞു വരുന്നതിനു  മുന്നേ പ്രശ്നങ്ങൾ തുടങ്ങിയിരുന്നു. അതിനാൽ ഒരു ബർത്ത്ഡേ പോലും ആഘോഷിക്കാനായിരുന്നില്ല... ഇന്ന് താൻ സംതൃപ്തയാണ്... എല്ലാം ഒരുമിച്ച് ആഘോഷിച്ചല്ലോ... കഴിഞ്ഞ കാലങ്ങളെല്ലാം മറക്കാം... എത്ര മറന്നാലും ഓർമ്മകൾ വീണ്ടും മറവിയുടെ മൂടുപടം തകർത്ത് വെളിയിലേയ്ക്ക് വരും... എത്ര ശക്തമായ മൂടുപടമാണെങ്കിലും ഓർമ്മകളുടെ മുന്നിൽ തകർന്നുവീഴും...തുടർന്നു വായിക്കുക അടുത്ത ഞായറാഴ്ച്ച 15 08 2021


സസ്നേഹം നിങ്ങളുടെ സ്വന്തം ഷംസുദ്ധീൻ തോപ്പിൽ