21.8.21

നിഴൽവീണവഴികൾ ഭാഗം 140

 

സൈനബാ... എന്താ ആലോചിക്കുന്നത്... അൻവറുടെ ചോദ്യം കേട്ടാണ് സൈനബ ചിന്തയിൽനിന്നുണർന്നത്... ഒന്നുമില്ല സാർ... വെറുതേ... ഓരോന്നോർത്തുപോയി... അവൾ വീണ്ടും ജോലിയുടെ തിരക്കിലേയ്ക്ക് ഊളിയിട്ടു... അന്ന് സ്റ്റോറിലെ ആവശ്യമുള്ള സാധനങ്ങളുടെ ലിസ്റ്റ് അവൾഅൻവറിനെ ഏൽപ്പിച്ചു... എല്ലാം കൃത്യമായി രേഖപ്പെടുത്തുന്നു. സ്റ്റാഫുകളെ മാനേജ് ചെയ്യുന്നതിനുള്ള കഴിവുമുണ്ട്... കുറ‍ഞ്ഞ കാലം കൊണ്ട് കസ്റ്റമേഴ്സുമായും നല്ല ബന്ധം അവൾസ്ഥാപിച്ചു ...

തിങ്കളാഴ്ച രാവിലെതന്നെ സഫിയയും കൂട്ടരും നാട്ടിലേക്ക് പോകാനുള്ള ഒരുക്കമായി.. അമ്മായിക്ക് വിഷമമുണ്ടെങ്കിലും പോകാതിരിക്കാനാവില്ലല്ലോ... ഇടയ്ക്കിടയ്ക്ക് വരാമെന്നുള്ള വാഗ്ദാനവും സഫിയ നൽകി. വിഷ്ണുവും ഒരാഴ്ചക്കാലം ഇവിടെത്തന്നെയായിരുന്നു. ഉമ്മയെയും മറ്റും വിട്ടുപിരിയുന്നതിൽ ഫസലിനും വിഷമമുണ്ട്. അമ്മായി പറ‍ഞ്ഞതാ ഫസലിനോട് ഇവിടെനിന്നും പഠിക്കാൻ പക്ഷേ ഗോപിയങ്കിളാ പറഞ്ഞത് ഹോസ്റ്റൽ മതിയെന്ന്.. കാരണം കുറച്ചുകൂടി അവന്റെ കാര്യങ്ങൾ ശ്രദ്ധിക്കാൻ ഗോപിയങ്കിളിന് കഴിയും. എന്നാലും ഇടയ്ക്കിടയ്ക്ക് ഇവിടെവന്നു നിൽക്കാമെന്നു അവൻ പറഞ്ഞു. രണ്ടുമൂന്നു ദിവസം അവധി വരുമ്പോൾ ഇവിടെ വന്നുനിൽക്കാമെന്നുള്ള വാഗ്ദാനവും...

അമ്മായിക്ക് പഴയതിനേക്കാൾ നല്ല മാറ്റമുണ്ട്. ഇപ്പോൾവീൽച്ചെയർ വേണമെന്നില്ല... സ്വയം എഴുന്നേൽക്കാനും വാക്കറിൽ നടക്കാനുമാകുന്നുണ്ട്. പടച്ചോന്റെ കൃപയാൽ എല്ലാം നേരേയാകുമെന്ന പ്രതീക്ഷ... ബിസിനസ് നന്നായി പോകുന്നുണ്ട്. സഹോദരന്റെ മകൾ തിരികെയെത്തിയിരുന്നു. അവൾ രാവിലെ വേണ്ട കാര്യങ്ങൾ ചെയ്തുകൊടുക്കും. അതു കൂടാതെ ജോലിക്കാരിയുമുണ്ടല്ലോ.

രാവിലെ 6 മണിക്ക് അവർ യാത്ര തിരിച്ചു. അമ്മായിയുടെ കണ്ണുകൾ നിറഞ്ഞു... അവർ എല്ലാവരും വണ്ടിയിൽ കയറി. സെക്യൂരിറ്റി ഗേറ്റ് തുറന്നുകൊടുത്തു. അവർ ടാറ്റപറഞ്ഞ് നേരേ ഫസലിന്റെ ഹോസ്റ്റലിലേയ്ക്ക്. ഗോപിയങ്കിളിന്റെ വീടിനു മുന്നിലൂടെയാണ് ഹോസ്റ്റലിലേയ്ക്ക് പോകുന്നത്. ഇനി അവിടെ കയറണ്ട... അതിരാവിലെയാ.. ആരും ഉറക്കമുണർന്നു കാണില്ല...

വാഹനം ഹോസ്റ്റലിന്റെ മുന്നിൽ നിന്നു. ഫസൽ തന്റെ ബാഗുമെടുത്ത് പുറത്തേക്കിറങ്ങി.. ഉമ്മയെ നോക്കി, രണ്ടാളുടേയും മുഖത്ത് ദുഃഖഭാവം..

“ഫസലേ.. വേഗം സ്ഥലംവിട്ടോ..“ വിഷ്ണുവാണത് പറഞ്ഞത്.. കുറച്ച് ടെൻഷൻ കുറച്ച് ലഘൂകരിച്ചു. എല്ലാവരുമൊന്നു പൊട്ടിച്ചിരിച്ചു... ഫസൽ ടാറ്റ പറഞ്ഞ് പിരിഞ്ഞു. കുറച്ചു നേരം ആരും ഒന്നും മിണ്ടിയില്ല... അവിധി ദിവസം രണ്ടു ദിവസമാണെങ്കിലും നന്നായി ആഘോഷിച്ചിരുന്നു. വിഷ്ണുവാണ് ഇടയ്ക്ക് നിശ്ബ്ദതയ്ക്ക് വിരാമമിട്ടത്... അവൻ ഓരോ കാര്യങ്ങളും പറ‍ഞ്ഞുകൊണ്ടിരുന്നു. വാഹനം ഹൈവേയിൽ പ്രവേശിച്ചു. അത്യാവശ്യം നല്ല സ്പീഡിലാണ് പൊയ്ക്കൊണ്ടിരുന്നത്. സഫിയ കണ്ണടച്ച് ചാരിക്കിടക്കുകയായിരുന്നു. ഓരോ സ്ഥലങ്ങൾ പിറകിലോട്ട് പൊയ്ക്കൊണ്ടിരിക്കുന്നു. ഓർമ്മകളും പിറകിലേയ്ക്ക്... അനുഭവിച്ച പീഢനങ്ങൾ. അവന്റെ വാപ്പ ജീവിച്ചിരിക്കുന്നോ ഇല്ലയോയെന്നറിയില്ല... എന്തായാലും അവനൊരിക്കലും അതേക്കുറിച്ച് ചോദിച്ചിട്ടില്ല. ഇനി അവനതറിയാൻ താൽപര്യമില്ലാത്തതാവും. കഷ്ടപ്പാടുകൾക്ക് വിരാമമിട്ടുകൊണ്ടുള്ള ഒരു ജീവിതം തനിക്ക് ലഭിച്ചത് തന്നെ പടച്ചോന്റെ കൃപയൊന്നുകൊണ്ടു മാത്രമാണ്. അവന്റെ ഭാവിയാണ് ഇനി തനിക്കേറ്റവും വലുത്. വീട്ടുകാരുടെ സപ്പോർട്ട് അതും പ്രധാന്യമുള്ളത് തന്നെയായിരുന്നു. അവൾ അറിയാതെ ഉറക്കത്തിലേയ്ക്ക് വഴുതിവീണു.. വാഹനം മുന്നോട്ട് പാഞ്ഞുകൊണ്ടിരുന്നു.

നാദിറ ഉണർന്നിരിക്കുകയായിരുന്നു. എന്നാലും സഫിയയെ ഉണർത്താൻ പോയില്ല. ഉച്ചയ്ക്ക് ഭക്ഷണം അമ്മായി തന്നുവിട്ടിട്ടുണ്ട്. അതിനു നിർത്തുമ്പോൾ ഉണർത്താമെന്നു കരുതി. പാവം മകനെ വിട്ടു വരുന്നതിലുള്ള വിഷമവും കാണും. സഫിയ തന്നെ വിവാഹം കഴിപ്പിച്ചുകൊണ്ടു വരുമ്പോൾ എന്തു സുന്ദരിയായിരുന്നു. ഇന്നിപ്പോൾ ആ സൗന്ദര്യമൊക്കെ നശിച്ച് കോലംകെട്ടിരിക്കുന്നു. തലമുടി നരച്ചു തുടങ്ങിയിരിക്കുന്നു. വല്ലാതെ മെലിഞ്ഞിരിക്കുന്നു. കണ്ണുകൾക്കടിയിൽ കറുപ്പ് ബാധിച്ചു തുടങ്ങിയിരിക്കുന്നു. അവളുടെ ഏക പ്രതീക്ഷ മകനിലാണ്.. എല്ലാം നേരേയാകട്ടെ...

കുറച്ചു നേരത്തെ മയക്കത്തിനു ശേഷം സഫിയ ഉണർന്നു. സമയം 12 മണിയായിരിക്കുന്നു.

“ആർക്കേലും വിശക്കുന്നെങ്കിൽ പറയണേ..“ വിഷ്ണുവാണത് പറഞ്ഞത്...

“നമുക്ക് 1 മണിയോടുകൂടി എവിടെയെങ്കിലും ആളൊഴിഞ്ഞ സ്ഥലത്ത് നിർത്താം... അവിടിരുന്നു കഴിക്കാം...“ വാഹനം വീണ്ടും മുന്നോട്ടു കുതിച്ചു. കുറച്ച് ട്രാഫിക് ഉണ്ടെങ്കിലും വലുതായി ഡിലേയാകാതെ പൊയ്ക്കൊണ്ടിരുന്നു. സഫിയയ്ക്ക് വാഹനത്തിന് വേഗതം പോരെന്നു തോന്നി.. എത്രയും പെട്ടെന്ന് വീട്ടിലെത്തിയിരുന്നെങ്കിൽ...

അവർ വാഹനം ഒരു മരച്ചുവട്ടിൽ നിർത്തി... എല്ലാവരും വളരെ പെട്ടെന്ന് കഴിച്ചു കഴിഞ്ഞു.... കൈകഴുകി... അഞ്ചു മിനിട്ട് റസ്റ്റെടുത്തു. വീണ്ടും യാത്ര തുടർന്നു. യാത്രാക്ഷീണത്തിൽ എല്ലാവരും നല്ല ഉറക്കത്തിലായി. വിഷ്ണു റോഡിൽ ശ്രദ്ധ കേന്ദ്രീകരിച്ച് വാഹനമോടിച്ചുകൊണ്ടിരുന്നു. ആറു മണിയോടുകൂടി അവർ വീടെത്തി. എല്ലാവരും വണ്ടിയിൽ നിന്നിറങ്ങി... അവരെക്കാത്ത് ഹമീദ് സിറ്റൗട്ടിൽ തന്നെയുണ്ടായിരുന്നു.

“വാപ്പാ..“

“എങ്ങനുണ്ടായിരുന്നു സഫിയാ യാത്ര.“

“സുഖമായിരുന്നു.“

“ഫസലെങ്ങനെയുണ്ട്. പുതിയ സ്ഥലമൊക്കെ ഇഷ്ടപ്പെട്ടോ..“

“ഇഷ്ടപ്പെട്ടു വാപ്പാ... അവനവിടെ ഓക്കെയാ....“

ഫസലില്ലാത്ത വീട്... അവൻ പോയത് പഠിക്കാനാണെങ്കിലും സഫിയയക്ക് ഒരു ഏകാന്തത അനുഭവപ്പെടുന്നതുപോലെ...

വാപ്പാന്റെ അടുത്തു വന്നു കുറച്ചു നേരം നിന്നു. അപ്പോഴേയ്ക്കും വിഷ്ണു സാധനങ്ങളെല്ലാം വണ്ടിയിൽ നിന്നിറക്കി. അകത്തുവച്ചു.

“വിഷ്ണു അമ്മ സുഖമായിരിക്കുന്നു. അപ്പുറത്തെ വീട്ടിലെ കുട്ടി വന്നു കൂട്ടു കിടക്കുന്നുണ്ടായിരുന്നു. ഞങ്ങൾ ഇവിടെ വന്നു കിടക്കാമെന്നു പറ‍ഞ്ഞു വിളിച്ചിരുന്നു. പക്ഷേ വന്നില്ല..“

“അമ്മ വീടുവിട്ട് എങ്ങും പോവില്ല ഹമീദ്ക്കാ... എവിടെപ്പോയാലും അന്നു വൈകുന്നേരം തിരികെവരണം. അതാ അമ്മയുടെ നിർബന്ധം.. പിന്നെ ഞാൻ നിർബന്ധിക്കാറുമില്ല...“

“വിഷ്ണു വേഗം ചെല്ല്. ഇതൊക്കെ ഞങ്ങൾ അകത്തേയ്ക്ക് വച്ചോള്ളാം..“ അവരത് പറഞ്ഞെങ്കിലും എല്ലാം പെറുക്കി അകത്തുവച്ചിട്ടാണ് വിഷ്ണു പോയത്... അടുത്ത ദിവസം വാപ്പയ്ക്ക് ലാബ് ചെക്കപ്പിന് പോകണം.... രണ്ടു ദിവസം കഴിഞ്ഞ് ഹോസ്പിറ്റലിലേയ്ക്കും. ലാബ് ചെക്കപ്പിന്റെ റിസൾട്ടുമായാണ് പോകേണ്ടത്... അപ്പോഴേയ്ക്കും അൻവറിങ്ങെത്തും....

ടെലിഫോൺ റിങ് ചെയ്യുന്നത് കേട്ട് സഫിയ ഫോണെടുത്തു....

“ഉമ്മാ.. നിങ്ങൾ നേരത്തെയെത്തിയോ..“ ഫസലായിരുന്നത്...

“എത്തിയടാ... എങ്ങനുണ്ട്...“

“സുഖം ഉമ്മാ... നാളെ മുതൽ റഗുലർ ക്ലാസ്സുകൾ തുടങ്ങുന്നു... പിന്നെ പഠിക്കാനും ധാരാളമുണ്ട്.“

“നീ ഐഷുവിനെ വിളിച്ചിരുന്നോ..“

“വിളിച്ചിരുന്നു. അവൾ വീട്ടിൽ നിന്നും പോയി വരുകയാണല്ലോ... എന്നാലും ക്ലാസ്സ് കഴിഞ്ഞ് എത്തുമ്പോൾ ആറുമണിയാകും... ഇവിടെ ഹോസ്റ്റലിലേയ്ക്ക് വിളിക്കേണ്ടെന്നു ഞാൻ പറഞ്ഞിട്ടുണ്ട്... അങ്ങോട്ടു വിളിക്കാമെന്നാണ് പറഞ്ഞിരിക്കുന്നത്.. പിന്നെ ഇവിടെ പലരുടേയും കൈയ്യിൽ മൊബൈലുണ്ട്... മാമ വരുമ്പോൾ ഒരുചെറിയ മൊബൈൽ കൊണ്ടുവരാൻ പറയണം...“

“ചെക്കന്റെയൊരു പൂതി... നീതന്നെ വിളിച്ചു പറ... എനിക്കു വയ്യ..“

അവൻ എല്ലാവരുമായി സംസാരിച്ചു. സംഭാഷണത്തിൽ നിന്നും അവന് വിഷമമുള്ളതായി തോന്നിയില്ല... പഠിക്കാനും ധാരാളമുണ്ടല്ലോ... പിന്നെ പുതിയ സാഹരച്യങ്ങളും അനുഭവിച്ചറിയണമല്ലോ...

അന്ന് എല്ലാവരും ഭക്ഷണം നേരത്തേ കഴിച്ച് ഉറങ്ങാൻ കിടന്നു... സഫിയ മുകളിലത്തെ അവന്റെ മുറിയിൽ കിടന്നുറങ്ങാമെന്നുകരുതി മുകളിലേയ്ക്കു പോയി.. എല്ലാം ഭംഗിയായി അടുക്കിവച്ചിരിക്കുന്നു. കുട്ടിക്കാലംമുതലേ വാരിവലിച്ചിടുന്ന ശീലമവനില്ല. അവൾ അവന്റെ  കിടക്കയിൽ കിടന്നു. ഓർമ്മകൾ അവളിലൂടെ കടന്നുപോയി.... അറിയാതെ അവൾ ഉറക്കത്തിലേയ്ക്ക് വഴുതിവീണു.തുടർന്നു വായിക്കുക അടുത്ത ഞായറാഴ്ച്ച 29 08 2021


സസ്നേഹം നിങ്ങളുടെ സ്വന്തം ഷംസുദ്ധീൻ തോപ്പിൽ 22 08 2021അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ