29.5.21

നിഴൽവീണവഴികൾ ഭാഗം 128

 

 

റഷീദ് അവനെ എല്ലാ ഉത്തരവാദിത്വങ്ങളും ഏൽപ്പിച്ചു. ഹമീദിനും ആളെ നന്നായി ഇഷ്ടപ്പെട്ടു. എന്തായാലും തനിക്ക് ഒരു സഹായം ആവശ്യമാണ്. പെണ്ണുങ്ങളെക്കൊണ്ട് തന്നെ താങ്ങി എഴുന്നേൽപ്പിക്കാനൊന്നും പറ്റില്ല. റഷീദും അൻവറും ഇവിടില്ലതാനും.. അവരുടെ ജോലിക്ക് താനൊരു തടസ്സമാവാനും പാടില്ല... സന്തോഷപൂർവ്വം ഹമീദിനോടും മറ്റുള്ളവരോടും യാത്രപറഞ്ഞ് കുഞ്ഞു  പിരിഞ്ഞു..

കുറേദിവസങ്ങൾക്കു ശേഷമാണ് ഫസലിന് പുറത്തേയ്ക്ക് ഒരു കറക്കത്തിനുള്ള അവസരം കിട്ടിയത്. രാവിലെ തന്നെ കുളിച്ചു പുതു വസ്ത്രങ്ങളണിഞ്ഞ് കാപ്പികുടിക്കാനായി ഡൈനിംഗ് ടേബിളിലെത്തി.

”ഇന്നെവിടേയ്ക്കാ.” സഫിയ ചോദിച്ചു.

”അതുമ്മാ റഷീദ് മാമ പറ‍ഞ്ഞില്ലേ.. ഇന്ന് ടൗൺ വരെ പോകാൻ റഡിയാകാൻ പറഞ്ഞിരുന്നു.”

”ഓ...” അഭിമന്യുവിന്റെ കുടുംബവീട്ടിലൊന്നു പോകണം.. അവിടുത്തെ വില്ലേജാഫീസിൽ കരമൊടുക്കുന്നതിൽ ചില പ്രശ്നങ്ങളുണ്ടെന്നറിഞ്ഞു. അതു ശരിയാക്കണം..

”ഓ. അതങ്ങു മറന്നുപോയി.. അതിന് റഷീദ്ക്ക റഡിയായോ...”

”റഡിയായില്ലേ...” അപ്പോഴേയ്ക്കും റഷീദ് കുഞ്ഞിനേയുമെടുത്ത് റൂമിന് പുറത്തേയ്ക്കിറങ്ങി.

”എന്താ ഉമ്മയും മോനുമായി..”

”ഇക്കാ.. ഇവൻ പറയുന്നു ഇന്ന് എവിടെയോ പോകാനായി ഇക്കാ ഇവനോട് പറഞ്ഞുവെന്ന്.”

”അതിന് നീ ഇപ്പോഴേ റഡിയായോ...”

”ഇപ്പോഴല്ലേ പോകേണ്ടത്..”

”നമുക്ക് പത്തുമണിക്ക് പോയാൽ മതി.. എന്തായാലും നീ റഡിയായില്ലേ... ജംഷ്നിൽ പോയി കുറച്ചു സാധനങ്ങൾ വാങ്ങിപോരേ..”

ഫസൽ ക്ലോക്കിലേയ്ക്ക് നോക്കി.. സമയം എട്ടുമണി ആയിട്ടേയുള്ളൂ.. താൻ വളരെ നേരത്തെ റഡിയായി... ചമ്മലടക്കിക്കൊണ്ട് അവൻ അവിടെനിന്നും എഴുന്നേറ്റു...

”എന്നാൽ എനിക്കും കുറച്ചു സാധനങ്ങൾ വാങ്ങണം ഫസലേ..” സഫിയ പറഞ്ഞു...

”അവന് ഒരു ലിസ്റ്റ് കൊടുത്തു. റഷീദ്ക്കാക്ക് കുറച്ച് സ്റ്റേഷനറി ഐറ്റംസും സഫിയക്ക് കുറച്ച് വീട്ടുസാധനങ്ങളുംവാങ്ങണം..”

അവൻ ലിസ്റ്റുമായി പുറത്തേയ്ക്കിറങ്ങി.. നല്ല തെളിഞ്ഞ കലാവസ്ഥ.. അവൻ ബൈക്കുമെടുത്ത് ഗേറ്റ് കടന്ന് പുറത്തേക്ക്. ഉപ്പ എഴുന്നേറ്റിട്ടില്ല ഉണർത്താൻ അവൻ നിന്നില്ല.  മരുന്നു കഴിക്കുന്നതിനാൽ അതിന്റെക്ഷീണം കാണും.. സാധാരണ അഞ്ചുമണിക്ക് ഉണരാറുള്ളതാണ്. ഡോക്ടറുടെ നിർദ്ദേശം കൂടുതൽ സമയം ഉറങ്ങണമെന്നാണ്. അതിനുള്ള ഗുളികയും നൽകിയിട്ടുണ്ട്. അതുകൊണ്ട് ആരും ഒൻപതു മണിക്കു മുന്നേ വിളിക്കാറില്ല...

അവൻ ബൈക്കിൽ പതുക്കെ ജംഗ്ഷനിലേയ്ക്ക് തിരിച്ചു. തന്റെ പുതിയ ഇരയുടെ വീടിനടുത്തെത്തി... ബൈക്കിന് വേഗത കുറച്ചു.. അകത്തേയ്ക്ക്നോക്കി. ഗേറ്റ് പൂട്ടിയിട്ടിരിക്കുന്നു. ഇതെന്തു പറ്റി.. ഇവരിവിടില്ലെ.. ഹോസ്പിറ്റലിൽ നിന്ന് തിരികെവരുമ്പോഴും നോക്കിയിരിരുന്നു. അപ്പോഴും പൂട്ടിയിട്ടിരിക്കുകയായിരുന്നു. താൻ അവരുമായി ബന്ധം സ്ഥാപിച്ചെങ്കിലും അവരുടെ കുടുംബകാര്യങ്ങളെക്കുറിച്ച് കൂടുതലൊന്നുമറിയില്ല. ടെലിഫോൺ നമ്പർചോദിച്ചെങ്കിലും കൊടുത്തില്ല. അവൻ നേരേ ജംഗ്ഷനിലെത്തി.

വീട്ടിൽ നിന്നും പറഞ്ഞതുപോലെ സാധനങ്ങൾ വാങ്ങി. വീട്ടിൽ നിന്ന് സഞ്ചി കൊണ്ടുവന്നിരുന്നു. അതു ഭദ്രമായി ബൈക്കിന്റെ ക്ലിപ്പിൽ തൂക്കിയിട്ടു. തിരികെ വീട്ടിലേയ്ക്ക്. തിരികെ വരുമ്പോൾ അവൻ അവളുടെ വീടിനു മുന്നിൽ ബൈക്ക് നിർത്തി. ഒരു സ്ത്രീ ഗേറ്റ് പൂട്ടി പുറത്തേയ്ക്കിറങ്ങുന്നു. അവനെ കണ്ടതും അവർ അവനോട് ചോദിച്ചു.

”ഇവിടെ വന്നതാണോ?”

”... ഇവിടാരുമില്ലേ...?”

”ഇല്ല... അവർ മരുമോളേയും കൂട്ടി അവരുടെ കുടുംബവീട്ടിലേയ്ക്ക് പോയി... അവൾക്ക് വിശേഷാ... എന്തേലും പറയണോ...”

”വേണ്ട ഒന്നും പറയേണ്ട... ചില ഇലക്ട്രിക് വർക്കുചെയ്യണമെന്ന് പറഞ്ഞിരുന്നു..”

”ങ്ഹാ.. അതിന്അവർ അടുത്തെങ്ങും വരുന്ന ലക്ഷണമില്ല... അവളുടെ ഭർത്താവ് കഴിഞ്ഞആഴ്ച പോയതേയുള്ളൂ... ഇവിടെ വയസ്സായ അമ്മായും മോളും മാത്രമല്ലേയുള്ളൂ.. അതിനാൽ അവരങ്ങുപോയതാ...”

അവന് വലുതായൊന്നും ചോദിക്കേണ്ടിവന്നില്ല... അവർ കാര്യങ്ങളെല്ലാം അവനോടു വിവരിച്ചു.

”എന്താ പേര്.. അവൾവൈകിട്ട് വിളിക്കും അപ്പോൾ പറഞ്ഞേക്കാം..”

”പറഞ്ഞാൽ മതി... ഇലക്ട്രിക് ജോലിചെയ്യുന്ന ഫസൽ വന്നിരുന്നുവെന്ന്... ഫോൺ നമ്പരുണ്ടോ..”

”അവരുടെ നമ്പർ കാണാതറിയില്ല... എന്റെ വീട്ടിലെ നമ്പർ തരാം.. വിളിച്ചാൽ മതി...”

അവരുടെ നമ്പർ ഫസലിന് പറഞ്ഞുകൊടുത്തു. ആ നാലക്ക നമ്പർ മനസ്സിൽ ഓർത്തുവച്ചു അവൻ അവരോട് യാത്ര പറഞ്ഞു പിരിഞ്ഞു. പ്രായം എഴുപത്തിയഞ്ചു വയസ്സുവരും... തൊട്ടയൽപക്കത്തുള്ളവരാ... അവരെ താക്കോൽ എൽപ്പിച്ച് പോയതാണ്.

അവൻ ബൈക്കിൽ വീട്ടിലേയ്ക്ക്.. വാങ്ങിയ സാധനങ്ങൾ അവൻ മേശപ്പുറത്തുവച്ചു. അപ്പോഴേയ്ക്കും റഷീദ് റഡിയായി എത്തിയിരുന്നു. രണ്ടാളും ഒരുമിച്ചിരുന്ന് കാപ്പികുടിച്ചു. റഷീദ് തന്റെ മോൾക്കും കുറേശ്ശേ ദോശ നൽകുന്നുണ്ടായിരുന്നു. അവർ ഭക്ഷണം കഴിച്ചു കഴിഞ്ഞപ്പോഴേയ്ക്കും ഹമീദ് പ്രഭാതകൃത്യങ്ങൾ നടത്തി പുറത്തേയ്ക്കിറങ്ങി.. വീൽചെയറിൽ തന്നെ.. ഇപ്പോൾ അതിൽ കയറാനും ഇറങ്ങും സ്വയം ഓടിക്കാനും പഠിച്ചിരിക്കുന്നു. എന്നാലും അദ്ദേഹത്തിന്റെ സൈനബയുടെ സഹായം എല്ലാറ്റിനുമുണ്ട്..

”എങ്ങോട്ടാ റഷീദേ...”

”അഭിമന്യുവിന്റെ കുറച്ചു കാര്യങ്ങൾ ശരിയാക്കാനുണ്ട് വാപ്പാ..”

”ഉച്ചയ്ക്കുമുമ്പെത്തുമോ..”

”എത്തണം... വില്ലേജാഫീസിലേയ്ക്കാ യാത്ര.. സർക്കാർ കാര്യമല്ലേ... പോയി നോക്കട്ടെ..”

ഫസലും റഷീദും യാത്രപറഞ്ഞ് പിരിഞ്ഞു... റഷീദാണ് വണ്ടിയോടിച്ചത്. അവർ പരസ്പരം ഓരോ കാര്യങ്ങളും ചോദിച്ചും പറഞ്ഞും യാത്ര തുടർന്നു. ഒന്നരമണിക്കൂറെടുത്തു വില്ലേജാഫീസിലെത്താൻ. അവിടെ കാര്യങ്ങൾ ചെയ്തു തരുന്ന ഒരാളെ നേരത്തേ വിളിച്ച് പറഞ്ഞിരുന്നു. അവരെ കണ്ടയുടനെ അയാൾ പുറത്തേയ്ക്കിറങ്ങിവന്നു.

”സാറേ.. ഞാൻ എല്ലാം വില്ലേജാഫീസർക്ക് കൊടുത്തിട്ടുണ്ട്... കുറച്ചു താമസിച്ചാ എത്തിയത്.. ഒരു മീറ്റിംഗ് നടക്കുന്നു. അതു കഴിഞ്ഞാൽ ഒപ്പിട്ടു കിട്ടും... സാറിപ്പോൾ വണ്ടിയിൽ തന്നെ ഇരുന്നോ..”

അവർ അരമണിക്കൂറോളം കാറിൽത്തന്നെയിരുന്നു. അപ്പോഴേയ്ക്കും നേരത്തേ വന്ന ആൾ വില്ലേജാഫീസിനു പുറത്തു നിന്നും അവരെ കൈയ്യാട്ടി വിളിച്ചു. അവർ രണ്ടാളും വില്ലേജാഫീസിലേയ്ക്ക്... വില്ലേജാഫീസറുടെ റൂമിനു പുറത്തു നിന്നും. അവിടെനിന്നും ഒരാളിറങ്ങിയപ്പോൾ അവരോട് കയറിക്കള്ളാൻ പറഞ്ഞു.. മുന്നേ അയാൾ കയറി... അവിടെത്തി അയാൾ റഷീദിനെ പരിചയപ്പെടുത്തി... റഷീദ് അയാളെയൊന്നു നോക്കി...

”സുമേഷ്...”

”അതേ.... അറിയാമോ...”

”ഒന്നു സൂക്ഷിച്ചുനോക്കിയേ...”

”റഷീദ്... ഓ.. എത്രകാലമായി കണ്ടിട്ട്...” അദ്ദേഹം റഷീദിനടുത്തെത്തി ആലിംഗനം ചെയ്തു...

”എത്ര കാലമായി കണ്ടിട്ട്...”

”ശരിയാ.. വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. ഞാൻ ഇവിടെ സ്ഥലംമാറിവന്നിട്ട് മൂന്നു മാസങ്ങളേ അയിട്ടുള്ളൂ... അങ്ങ് ഇടുക്കിയിലായിരുന്നു.”

”നിങ്ങൾ ഇരിക്ക്.. എന്തുണ്ട് റഷീദേ വിവരങ്ങൾ...”

”അപ്പോൾ നിങ്ങൾ കൂട്ടുകാരായിരുന്നോ..” അവരെ സഹായിക്കാനെത്തിയ ആൾ ചോദിച്ചു.

”അതേ.. ഞങ്ങൾ ഒരുമിച്ചു പഠിച്ചതാണ്... പത്താം ക്ലാസ്സുവരെ... പക്ഷേ കണ്ടിട്ട് ഒരുപാട് വർഷങ്ങളായിരിക്കുന്നു.”

”ഒരിക്കലും കാണുമെന്നു കരുതിയതല്ല... എന്തായാലും കാണാൻ സാധിച്ചത് വലിയ ഭാഗ്യം.. റഷീദ് നമ്മുടെ അഭിമന്യുവിനെക്കുറിച്ച് വല്ലതുമറിയുമോ..”

”അഭി ഇപ്പോൾ എന്നോടൊപ്പം ഗൾഫിലാ...”

”അതേയോ.... അന്ന് ഒരു സുപ്രഭാതത്തിൽ അവൻ നമ്മളോടൊക്കെ യാത്രപോലും പറയാതെ പോയതാ... എങ്ങനുണ്ട് ആൾ..”

”ഞാൻ വളരെ അപ്രതീക്ഷിതമായി ഗൾഫിൽ കണ്ടുമുട്ടി... അന്നുമുതൽ അവൻ എന്നോടൊപ്പമുണ്ട്... ഈയടുത്താ വിവാഹം നടന്നത്.. അന്ന് പലരേയും കണ്ടുപിടിക്കാൻ ഒരു ശ്രമം നടത്തി. കണ്ടെത്തനായില്ല... പിന്നെ തിരക്കുമായിരുന്നുവല്ലോ...”

അവർ പരസ്പരം കുടുംബകാര്യങ്ങളും സ്കൂളിലെ പഴയ കാലങ്ങളും അയവിറക്കി... അതിനിടയിൽ അവർക്ക് ചായയുമെത്തിയിരുന്നു...

”റഷീദ് ഞാനെന്താണ് ചെയ്യേണ്ടത്..”

അപ്പോഴേയ്ക്കും അവരുടെ ഫയൽ കൂടെവന്ന സഹായി എടുത്തു നൽകി...

”സുമേഷേ... ഇത് നമ്മുടെ അഭിമന്യുവിന്റെ പേപ്പറാ... അവന്റെ ബന്ധുക്കളാണല്ലോ അവന്റെ വസ്തുക്കളെല്ലാം കൈയ്യടക്കി വച്ചിരുന്നത്. അവസാനം അതെല്ലാം അവർ തിരികെനൽകി.. അതിന്റെ കരമടക്കാനായില്ലായിരുന്നു. അതിനായി അവൻ കഴിഞ്ഞപ്രാവശ്യം ശ്രമിച്ചിട്ട് നടന്നില്ല.. ഇത്തവണ അതുമായി ഞാനിങ്ങുപോന്നു..”

”അതിനെന്താ നമുക്കു ചെയ്യാമല്ലോ...” അയാൾ ഫയൽ ഒത്തുനോക്കി.. എല്ലാം കറക്ട്... ഒപ്പിട്ട് സീൽ ചെയ്തു... രജിസ്റ്ററിൽ രേഖപ്പെടുത്താൻ സഹായിയോട്പറഞ്ഞു... അദ്ദേഹം അതുമായി ഓഫീസ് ക്ലർക്കിനടുത്തേയ്ക്കു പോയി...”

”എവിടെയാ താമസം സുമേഷ്..”

”ഞാനിവിടെ കോർട്ടേഴ്‌സിലാ... വലിയ സൗകര്യങ്ങളൊന്നുമില്ല..”

”കുടുംബം...”

”ഭാര്യ രണ്ടു കുട്ടികൾ.. ഞാൻ സ്ഥലംമാറിപ്പോകുന്നതിനനുസരിച്ച് അവരും സ്കൂളുകൾ മാറും... മൂത്ത ആൾ ആറിൽ പഠിക്കുന്നു. രണ്ടാമത്തെയാൾ രണ്ടിലും..”

”റഷീദെന്നാ തിരികെപ്പോകുന്നത്..”

”രണ്ടാഴ്ചകാണും...”

”റഷീദിന്റെ വീട്..” റഷീദ് സ്ഥലം പറഞ്ഞുകൊടുത്തു..

”ങ്ഹാ.. എനിക്കറിയാം ആ സ്ഥലം.. ഭാര്യയുടെ ബന്ധുക്കളൊക്കെ ആ സ്ഥലത്താണ്...” ഞാൻ ഈ ഞായറാഴ്ച കുടുംബവുമായി അങ്ങോട്ടു വരാം..”

”സന്തോഷം.. എല്ലാവരേയും ഒന്നു പരിചയപ്പെടാമല്ലോ... നമ്മുടെ പഴയ സുഹൃത്തുക്കളെയൊക്കെയൊന്നു കണ്ടുപിടിക്കണം..”

”ഇവിടെവന്നതിനുശേഷം രണ്ടുമൂന്നുപേരെ കണ്ടിരുന്നു. അവരൊക്കെ കൂടെക്കൂടെ വരാറുണ്ട്... എന്തായാലും നമുക്ക് എല്ലാവരെയും കണ്ടുപിടിക്കാൻ ശ്രമിക്കാം..”

റഷീദിന് വീട്ടിലേയും ഓഫീസിലേയും നമ്പറുകൾ സുമേഷ് നൽകി. അവരെ യാത്രയാക്കാൻ സുമേഷ് പുറത്തേക്കുവന്നു.. അവർ രണ്ടാളും യാത്രപറഞ്ഞു പിരിഞ്ഞു... സഹായി അവരോടൊപ്പം പുറത്തേയ്ക്കിറങ്ങി... സന്തോഷത്തോടെ അവർ യാത്രപറഞ്ഞു.. കാറിൽ കയറിയിട്ട് സഹായിയെ അടുത്തേയ്ക്കു വിളിച്ചു... അഞ്ഞൂറിന്റെ ഒരു നോട്ട് എടുത്ത് അദ്ദേഹത്തിന്റെ പോക്കറ്റിൽ വച്ചു.

”സർ ഇതുവേണ്ട സർ..”

”ഇതിരിക്കട്ടെ... എന്റെയൊരു സന്തോഷത്തിന്...”

”സർ സുമേഷ് സാററിഞ്ഞാൽ എന്നെ സസ്പെന്റെ ചെയ്യും..”

”അതിന് അവൻ അറിയില്ല..”

മനസ്സില്ലാ മനസ്സോടെ അയാളതു വാങ്ങി... അവർ രണ്ടാളും വാഹനം റിവേഴ്സെടുത്തു.. തിരികെ അഭിമന്യുവിന്റെ വീട്ടിലേയ്ക്ക്... അവിടെ കാടുപിടിച്ചു കിടക്കുന്നു. അവരവിടെ എത്തിയപ്പോൾ അടുത്ത വീട്ടിലെ ഒരാൾ പുറത്തേയ്ക്കിറങ്ങിവന്നു...

”അഭിമന്യു വന്നോ.”

”ഇല്ല...”

”മൊത്തം കാടുകയറി കിടക്കുന്നു. വന്നിരുന്നെങ്കിൽ ഇവിടൊക്കെ ഒന്നു വൃത്തിയാക്കാമായിരുന്നു.”

”അതിനെന്താ... ഞാൻ അവന്റെ സുഹൃത്താ...”

അവർ സംസാരിച്ചു നിൽക്കെ ഫസൽ താക്കോലെടുത്ത് വീടിന്റെ വാതിൽ തുറന്നു..

”നിങ്ങൾ അവിടാണോ താമസിക്കുന്നത്..”

”അതേ...”

എനിക്കൊരു ജോലിക്കാരനെ വേണമല്ലോ..”

”അതിനെന്താ സാറേ.. ഞാനാ ഇവിടെ സ്ഥിരമായി പുല്ലുചെത്തി വൃത്തിയാക്കുന്നത്.. ഞാൻ ചെയ്തുകൊള്ളാം..”

”എന്നാൽ നാളെ തുടങ്ങിക്കോ... എത്ര ദിവസം വേണ്ടിവരും..”

ഞാൻ രണ്ടാളെക്കൂടി വിളിക്കാം.. ഒരു മൂന്നു ദിവസം വേണ്ടിവരും തെങ്ങിൻമൂടും മറ്റും കിളക്കണമല്ലോ... പത്തറുപതു സെന്റില്ലേ..”

”ശരിയാ... അപ്പോൾ നാളെ ജോലി തുടങ്ങിക്കോളൂ... ഞാൻ മറ്റന്നാൾ വരാം..” റഷീദ് 500 രൂപയെടുത്ത് അദ്ദേഹത്തിനു നൽകി.. ഇത് അഡ്വാൻസ്... നിങ്ങളുടെ കൂലിയെത്രയാകും...

”ആയിരത്തിയഞ്ഞൂറ് രൂപാ...”

”ഓക്കെ... അപ്പോൾ പണിതുടങ്ങിക്കോളൂ..”

കാഴ്ചയിൽ വിശ്വസ്തനാണെന്നു തോന്നി... അദ്ദേഹത്തെ ജോലിയേൽപ്പിച്ച് അവർ യാത്ര തിരിച്ചു.. റഷീദ് തന്റെ ഫോൺ നമ്പരും നൽകി... മറ്റന്നാൾ വന്നിട്ട് ഒരാളെ വിളിച്ച് വീടിനകവും വൃത്തിയാക്കണം..

അവർ വരുന്നവഴിക്ക് ജംങ്ഷനിൽ നിന്നും കുറച്ച് ബേക്കറി സാധനങ്ങളും നാടൻ പലഹാരങ്ങും വാങ്ങി... നേരേ വീട്ടിലേയ്ക്ക്....തുടർന്നു വായിക്കുക അടുത്ത ഞായറാഴ്ച്ച 06 05 2021


സസ്നേഹം നിങ്ങളുടെ സ്വന്തം ഷംസുദ്ധീൻ തോപ്പിൽ 30 05 2021

22.5.21

നിഴൽവീണവഴികൾ ഭാഗം 127

 

അന്നാ കുടുംബം സന്തോഷത്തോടെ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചു.. വീണ്ടുമൊരു പെരുന്നാൾകൂടി കടന്നുപോയി...

ഹമീദിന് പൊതുവെ നല്ല ഉന്മേഷം തോന്നി. തിരികെവരുമെന്നു കരുതിയതല്ല.. എല്ലാവരുടേയും പ്രാർത്ഥന... എഴുന്നേൽക്കാനും നടക്കാനും ബുദ്ധിമുട്ടുണ്ട്. ഡോക്ടറുടെ നിർദ്ദേശപ്രകാരമാണ് കാര്യങ്ങളൊക്കെ ചെയ്യുന്നത്. ഒരാളുടെ സഹായം വേണം. അന്നു റഷീദ് ഉള്ളതുകൊണ്ട് പ്രശ്നങ്ങളൊന്നു മില്ല വലിയൊരു സഹായം.. അന്നു വൈകുന്നേരം റഷീദും ഫസലുമൊഴിച്ച് ബാക്കിയെല്ലാവരേയും വീട്ടിലേയ്ക്ക് പറഞ്ഞയച്ചു. കാരണം കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അവർ ഇവിടെത്തന്നെയായിരുന്നു. ഉറക്കമില്ലാത്ത ദിനങ്ങൾ വീട്ടിൽപ്പോയി ഒന്നു ഫ്രഷായി വരട്ടെ. ഇവിടുത്തെ കാര്യങ്ങൾ നോക്കാൻ താനും ഫസലും മതിയല്ലോ... ഫസൽ താഴെപ്പോയി എല്ലാവരേയും യാത്രയാക്കി. സഫിയയ്ക്കും ഉമ്മയ്ക്കും തീരെ താൽപര്യമില്ലായിരുന്നു. ഹമീദ് കൂടി പറഞ്ഞപ്പോൾ പിന്നെ അനുസരിക്കാതിരിക്കാനായില്ല.

ഫസൽ അവരെ യാത്രയാക്കി തിരികെയെത്തി. ഹമീദ് കാര്യങ്ങളോരോന്നും റഷീദിനോട് ചോദിച്ച് മനസ്സിലാക്കുന്നുണ്ടായിരുന്നു. തനിക്ക് എന്താണ് പറ്റിയതെന്നുള്ള ഓർമ്മയില്ല.. അപ്രതീക്ഷിതമായി കണ്ണിൽ ഇരുട്ടു കയറുന്നതുപോലെ തോന്നി അതു മാത്രം അതിനുശേഷം താൻ ഇവിടെ കിടക്കുന്നു. എത്ര ദിവസം കഴിഞ്ഞു പോയെന്നുമറിയില്ല..

രാത്രി ആഹാരം കാന്റീനിൽ നിന്നും കൊണ്ടുവന്നു. ഹമീദിന് കഞ്ഞിയായിരുന്നു പറ‍ഞ്ഞിരുന്നത്. ബഡ്ഡിൽ ചാരിയിരുത്തി ഫസൽ തന്നെയാണ് കോരിക്കോരി കൊടുത്തത്. സ്നേഹപൂർവ്വം നൽകിയ കഞ്ഞി ഹമീദ് സ്നേഹപൂർവ്വം കുടിക്കുന്നുണ്ടായിരുന്നു. വാപ്പയ്ക്ക് കഞ്ഞികൊടുത്ത് മരുന്നും കൊടുത്തു അവരും കഴിക്കാനിരുന്നു. ഇതിനിടയിൽ വീട്ടിൽ നിന്നും കാൾ എത്തി. അവർ സുഖമായി എത്തിയെന്നറിയിച്ചു. വാപ്പ എന്തു ചെയ്യുന്നെന്ന് ചോദിച്ചു. എല്ലാവർക്കും വളരെ സന്തോഷമായി.

അന്ന് രാത്രിയിൽ എല്ലാവരും സുഖമായി ഉറങ്ങി. രാവിലെ പ്രഭാതകൃത്യങ്ങളൊക്കെ കഴിഞ്ഞ് ഭക്ഷണം കഴിച്ചു. അപ്പോഴേയ്ക്കും ഡോക്ടറെത്തി. വിശദമായ പരിശോധന. അന്നും ബ്ലഡ് ടെസ്റ്റിങ്ങിനായി എടുത്തു.

”ഡോക്ടറെ. എങ്ങനുണ്ടെനിക്ക്. വീട്ടിൽ പോകാറായോ..”

”ഹമീദിക്കാ... അതൊക്കെ ഞാൻ പറയും... ഇപ്പോൾ സുഖമായി റസ്റ്റെടുക്കുക..”

”ങ്ഹാ.. ഡോക്ടർ പറയുന്നത് കേട്ടല്ലേ പറ്റൂ..”

ഇതിനിടയിൽ ഐഷു വീട്ടിലേയ്ക്ക് വിളിച്ചിരുന്നു. വിവരങ്ങൾ തിരക്കി... വലിയ പ്രശ്നങ്ങൾ ഇല്ലെന്നറിയിച്ചു.

ഫസലിന് അടുത്ത മാസം ക്ലാസ്സ് തുടങ്ങുകയാണ്. അവിടുന്ന് അറിയിപ്പ് കിട്ടി. അതിനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായതു കാരണം വേറെ പ്രശ്നങ്ങളൊന്നുമില്ല. സഫിയയ്ക്ക് വേണ്ടിയുള്ള വീടിന്റെ പണി പുരോഗമിക്കുന്നു. അടുത്ത രണ്ടുമാസം കൂടി കഴിയുമ്പോൾ പൂർത്തിയാകുമെന്നാണ് പറഞ്ഞിരിക്കുന്നത്. കുടുംബത്തിൽ നഷ്ടപ്പെടുമെന്നു കരുതിയ സന്തോഷം വീണ്ടുമെത്തിയിരിക്കുന്നു.

അൻവർ രാവിലെ വിളിച്ചിരുന്നു. അവനോട് വിശദമായി വാപ്പാന്റെ അസുഖവിവരം സംസാരിച്ചു. അഭിമന്യുവിനെ വിളിച്ച് കാര്യങ്ങൾ അന്വേഷിച്ചു. അവിടെ എല്ലാം സേഫ് ആണെന്നും വാപ്പാന്റെ കാര്യങ്ങൾ സേഫാക്കിയിട്ട് വന്നാൽ മതിയെന്നും അറിയിച്ചു.
ഹമീദിന്റെ കാര്യത്തിൽ ഇനി വളരെ കൂടുതൽ ശ്രദ്ധ വേണം. അദ്ദേഹത്തിന്റെ കാര്യങ്ങൾ നോക്കാൻ സ്ത്രീകളെക്കൊണ്ടു മാത്രമാവില്ല.. ഫസലിപ്പോൾ പഠനത്തിനായി പോകും അതു കഴിഞ്ഞാൽ വീട്ടിൽ പിന്നീട് പെണ്ണുങ്ങൾ മാത്രമേ കാണുകയുള്ളൂ. ഒരാൺതുണ ആവശ്യമാണ്. ആരെ വിളിക്കും.. പലരും മനസ്സിലൂടെകടന്നുപോയി. വളരെ വിശ്വസ്തരും ആത്മാർത്ഥതയുള്ളവരുമായിരിക്കണം. വാപ്പാനെ ആരുടെയെങ്കിലും കൈകളിലേൽപ്പിക്കാനാവില്ല. അവസാനം നാദിറയുടെ ബന്ധത്തിൽ ഒരു ചെറുപ്പക്കാരൻ ഉണ്ടെന്നറിഞ്ഞു. ഹോംനഴ്സിംഗ് കഴിഞ്ഞു കുറച്ചുനാൾ പലയിടത്തും ജോലിചെയ്തു. അവനോട് സംസാരിക്കാൻ റഷീദ് തീരുമാനിച്ചു.

അവനുമായി സംസാരിച്ചു. വിദേശത്തുപകാനുള്ള ഉദ്ദേശത്തിൽ പഠിച്ചതാണ്. പഠനം കഴിഞ്ഞപ്പോഴാണ് മനസ്സിലായത്. ഇത് വെറും സർട്ടിഫിക്കറ്റ് കോഴ്സാണെന്ന്. വിദേശത്ത് ഇതിന് അംഗീകാരമില്ലെന്ന് കരുതി വിഷമിച്ചിരുന്നതൊന്നുമില്ല പലയിടത്തും ജോലിചെയ്തു. കുറച്ചുനാൾ ഒരു പാലിയേറ്റീവ് കെയറിലായിരുന്നു. അവിടെനിന്നും ഈയടുത്ത കാലത്താണ് ലീവിന് നാട്ടിലെത്തിയത്. റഷീദ് പറഞ്ഞു കഴിഞ്ഞപ്പോൾ അവനും സന്തോഷമായി. കാരണം വീട് അടുത്തുതന്നെയാണല്ലോ. ഇടയ്ക്ക് പോകാമെന്നുള്ള സന്തോഷം. പക്ഷേ ഒരുമാസത്തെ സാവകാശം വേണം. ഇപ്പോൾ ജോലിചെയ്യുന്നിടത്തുനിന്നും രാജിവയ്ക്കണം ഒരുമാസത്തെ നോട്ടീസ്. അതിനുള്ള സാവകാശം. റഷീദ് നോക്കിയപ്പോൾകുഴപ്പമില്ല.. ഫസലിന് ക്ലാസ്സ് തുടങ്ങാൻ എന്തായാലും ഒരുമാസം കഴിയും അതിനു മുന്നേ എത്താമെന്നേറ്റു.

റഷീദ് കാര്യങ്ങൾ സംസാരിച്ചതിനുശേഷമാണ് വാപ്പയോട് പറഞ്ഞത്.. ആദ്യം ഹമീദിന് അതൊട്ടും ഇഷ്ടപ്പെട്ടില്ല. അവസാനം വാപ്പാന്റെ ഇപ്പോഴത്തെ അവസ്ഥയും വീട്ടിലുള്ളവരുടെ അവസ്ഥയും പറഞ്ഞപ്പോൾ സമ്മതിച്ചു.

മൊത്തം രണ്ടാഴ്ചത്തെ ആശുപത്രിവാസം. ഹമീദിന് കുറേശ്ശേ നടക്കാനാവുന്നുണ്ട്. ന്നാലും ഒരു പരസഹായം എഴുന്നേൽക്കാൻ വേണം. കൂടുതൽ നടക്കാൻ ആരോഗ്യം അനുവദിക്കുന്നില്ല. ഹമീദിനും തോന്നി തനിക്കൊരു സഹായി വേണമെന്ന്. അന്ന് രാവിലെ ഡോക്ടർ വന്ന് പരിശോധനകളൊക്കെ നടത്തി..

”ഹമീദിക്കാ ഇന്ന് പോകാം..” ഹമീദിന് വലിയ സന്തോഷമായി. ഉമ്മയും സഫിയയുമുണ്ട്. സാധാരണ അവർ രാവിലെ വരും വൈകിട്ട് തിരികെ വീട്ടിൽ പറഞ്ഞയക്കും. വിഷ്ണുവുള്ളതുകൊണ്ട് വരവും പോക്കും പ്രശ്നമല്ല.

ഡോക്ടറുടെ നിർദ്ദേശപ്രകാരം മരുന്നുകളൊക്കെ വാങ്ങി. കൂടെ പിടിച്ചു നടക്കാൻ ഒരു വാക്കർ. റഷീദിന്റെ നിർദ്ദേശപ്രകാരം മടക്കിവക്കാവുന്ന ഒരു വീൽച്ചെയറും. കാറിലൊക്കെ യാത്രയ്ക്ക് പറ്റിയതാണ് അതുകൂടാതെ വീട്ടിലും ഉപയോഗിക്കാമല്ലോ...

അവർ ഉച്ചയ്ക്ക് മൂന്നുമണിയോടുകൂടി എല്ലാവരോടും യാത്രപറഞ്ഞ് പിരിഞ്ഞു. കുറച്ചു ദിസത്തെ ആശുപത്രിവാസം ഹോസ്പിറ്റലിലെ എല്ലാവരുമായി ഒരു ആത്മബന്ധം സ്ഥാപിച്ചിരുന്നു. അവരോടെല്ലാം യാത്രപറഞ്ഞ് പിരിഞ്ഞു. ഹമീദും വളരെ സന്തോഷമായിരുന്നു. കുറച്ചുനാളത്തെ ഹോസ്പിറ്റൽ വാസത്തിനുശേഷം തിരികെ നാട്ടിലേയ്ക്ക്. മടക്കയാത്ര ഒരിക്കലും പ്രതീക്ഷിച്ചതല്ല മറ്റുള്ളവർ.. എല്ലാം അള്ളാഹുവിന്റെ കൃപ എന്നു പറഞ്ഞാൽ മതി.

വീട്ടിലെത്തി. വാങ്ങിയ പുതി വീൽച്ചെയറിലിരുത്തി വീട്ടിലേയ്ക്ക്.. ഹമീദിന് കുറച്ചുനേരം ഇരിക്കണമെന്ന് പറഞ്ഞു. വീൽച്ചെയറിൽ തന്നെ ഇരുന്നു. വീട്ടിലെത്തിയപ്പോൾ അദ്ദേഹത്തിന് വലിയ ആശ്വാസമായി. പഴയതുപോലെ എഴുന്നേൽക്കാനും നടക്കാനുമാവില്ലെങ്കിലും മനസ്സിന് സന്തോഷം. റഷീദിന്റെ മകൾ ഓടി വാപ്പാന്റടുത്തെത്തി. കൂടെ നാദിറയുടെ മകളും.. രണ്ടാളെയും റഷീദ് എടുക്കണം. അവസാനം രണ്ടുപേരേയും രണ്ടു കൈകളിലായി എടുത്തു നടക്കാൻ തുടങ്ങി. വിജയിച്ചതുപോലെ രണ്ടു കുട്ടികൾ എല്ലാവരേയും നോക്കി ചിരിച്ചു. മൂത്തകുട്ടി റഷീദിന്റെ മോളാണ് അവൾക്ക് വയസ്സ് നാലായിരിക്കുന്നു. പഴയതുപോലല്ല.. എല്ലാ കാര്യങ്ങളുമറിയാം. അടുത്ത വർഷം സ്കൂളിൽ ചേർക്കണം.

അന്നത്തെ ദിവസം സന്തോഷകരമായി കഴിഞ്ഞുപോയി. റഷീദ് തന്റെ യാത്ര ഒരാഴ്ചകൂടി നീട്ടി. കാരണം സഫിയയുടെ വീടിന്റെ പണി എളുപ്പത്തിലാക്കണം. കൂടാതെ വാപ്പാനെ നോക്കാനെത്തുമെന്നു പറഞ്ഞ ചെറുപ്പക്കാരൻ വരാമെന്നു പറഞ്ഞിരിക്കുന്നു. അതു കൂടാതെ കുറച്ചു കാര്യങ്ങൾ കൂടി ചെയ്തു തീർക്കാനുണ്ട്. അഭിമന്യുവിന്റെ വസ്തുവിന്റെ കരം അടയ്ക്കുന്ന കാര്യത്തിൽ ചില പ്രശ്നങ്ങൾ ഉണ്ടെന്നറിഞ്ഞു അതു വില്ലേജാഫീസിൽ പോയി കണ്ട് ശരിയാക്കണം. അങ്ങനെ പലതും... ഗൾഫിലെ കാര്യത്തിൽ യാതൊരു ടെൻഷനുമില്ല. എല്ലാം മുറപോലെ നടക്കുന്നു. എല്ലാവരുടെയും ആത്മാർത്ഥമായ ശ്രമം.. എല്ലാറ്റിനും മുന്നിൽ അഭിമന്യുവുണ്ട്. തന്നേക്കാൾ ശ്രദ്ധ. ഓഫീസിലെ ഓരോ കാര്യങ്ങളും മുൻകൂട്ടി മനസ്സിലാക്കി വേണ്ട നടപടികൾ എടുക്കുന്നുണ്ട്. ലീവിൽ പോകേണ്ടവർക്ക് കൃത്യമായി ലീവനുവദിക്കുക. പുതുതായി എത്തുന്നവർക്ക് ട്രെയിനിംഗ് കെടുക്കുക. അങ്ങനെ നൂറുകൂട്ടം പണികൾ. ഭാര്യയ്ക്കും ജോലിയായതിനാൽ കുടുംബം ഫുൾടൈം തിരക്കുതന്നെ. അതുപോലെതന്നെയാണ് സ്റ്റീഫന്റെ മോളും ഭർത്താവും. അഭിമന്യുവും അവനും ഒരുമിച്ചാണ് ഓഫീസിൽ പോകുന്നത്. അഭിമന്യുവിന്റെ ഭാര്യയും സ്റ്റീഫന്റെ മോളും ഒരുമിച്ചാണ് ഹോസ്പിറ്റലിൽ പോകുന്നതും. അവരങ്ങനെ സന്തോഷപൂർവ്വം കഴിയുന്നു.

അൻവറിന് സൗദിയിലെത്താനാവില്ല. കാരണം നേരത്തെ ഉണ്ടായിരുന്ന സ്ഥാനപത്തിന്റെ മുതലാളി അൻവറിന്റെ ബ്ലാക്ക് ലിസ്റ്റിൽ പെടുത്തിയിരിക്കുകയാണ്. അതിനാൽ വിസ പാസാവില്ല.. അത് മാറ്റുന്നതിനായി അഭിമന്യു നന്നായി ശ്രമിക്കുന്നുണ്ട്. കുറച്ച് പണം ചെലവായാലും നടത്തിയെടുക്കണമെന്ന വാശി. അവരുടെ സ്പോൺസർ തന്നെ വേണ്ട കാര്യങ്ങൾ ചെയ്യാമെന്നു പറ‍ഞ്ഞിട്ടുണ്ട്. കുറച്ചുനാൾ ജയിലിലും കിടന്നതാണല്ലോ. അത് റഡിയായിക്കഴിഞ്ഞാൽ ഇടയ്ക്ക് അൻവറിന് ഇവിടെവന്നുപോകാം. ദുബായിൽ നിന്നും ഫ്ലൈറ്റിലോ കാറിലോ വരാവുന്നതേയുള്ളൂ. ഉടനെ അതു ശരിയാകും എന്നു പ്രതീക്ഷിക്കുന്നു.

സൗദിയിൽ തന്നെപുതിയ ഒരു ബ്രാഞ്ച് തുടങ്ങാനുള്ള തീരുമാനവുമുണ്ട്. സൗദിയോട് തൊട്ടടുത്ത് കിടക്കുന്ന ബഹറിനും വേണ്ട സഹാങ്ങൾ ചെയ്യാനാളുണ്ട്. കുറച്ചുകൂടി ബിസിനസ്സ് വ്യാപിപ്പിക്കണമെന്നാഗ്രഹമുണ്ട്. റഷീദിനോട് സംസാരിച്ചു റഷീദിനും താൽപര്യം. സൗദിയിലെ അറബികൾ തന്നെയാണ് ബഹറിനിൽ തുടങ്ങുന്നതിനെക്കുറിച്ച് അവരോട് സൂചിപ്പിച്ചത്. സൗദിയും ബഹറിനും തമ്മിൽ ഒരു പാലം കൊണ്ട് ബന്ധിപ്പിച്ചിരിക്കുന്നു. ആയതിനാൽ പോക്കും വരവും പ്രശ്നമുള്ള കാര്യമല്ല. അവിടെ പുതുതായി ഒരു മാൾ തുടങ്ങിയിരിക്കുന്നു. അവിടെ കിട്ടിയാൽ രക്ഷപ്പെട്ടു. അതിനുള്ള നീക്കങ്ങളും ആരംഭിച്ചിട്ടുണ്ട്. മറ്റുള്ള രാജ്യങ്ങളെപ്പോലെതന്നെ മലയാളികൾ വളരെ കൂടുതലുള്ള രാജ്യമാണ് ബഹ്റൈൻ.

ദുബായിലെ രണ്ടു ബ്രാഞ്ചുകളും നന്നായി പോകുന്നു. അൻവറിന്റെ നേതൃപാടവം നന്നായി പ്രയോജനപ്പെടുത്താൻ സാധിക്കുന്നുണ്ട്. റഷീദിന്റെ നിർദ്ദേശപ്രകാരം അൻവറും ഒരു പുരവയ്ക്കാനുള്ള തയ്യാറെടുപ്പിലാണ്. എല്ലാവരും അടുത്തടുത്തു തന്നെ വേണമെന്ന് ഹമീദിനും നിർബന്ധമുണ്ട്. സഫിയ വീടുവയ്ക്കുന്നതിനടുത്തായി ഒരു പുരയിടം ഉണ്ടെന്ന് റഷീദ് അറിയിച്ചിരുന്നു. അതു വാങ്ങണം എന്നുതന്നെയാണ് തീരുമാനം. നാദിറയ്ക്ക് എതിരഭിപ്രായമില്ല.. അല്ലെങ്കിലും എതിർത്താലും താൻ വാങ്ങുമെന്നറിയാം. പണ്ട് അവളുടെ വാക്കുകൾകേട്ട് ജീവിച്ചതിപ്പോഴും മറന്നിട്ടില്ല.. ഹമീദിനും മക്കളെല്ലാം ഒരിടത്തു താമസിക്കുന്നതിൽ സന്തോഷവുമുണ്ട്. അവനുകൂടി വീടാകുമ്പോൾ തന്റെ മൂന്നു മക്കൾക്കും സുരക്ഷിതമായ കൂരയാവുമല്ലോ.. വർഷങ്ങളോളം ഒരു വീടില്ലാതെ എവിടെല്ലാം അലഞ്ഞിട്ടുണ്ട്. ഇന്നിതാ മക്കളുടെ രൂപത്തിൽ അള്ളാഹു തനിക്ക് എല്ലാം തരുന്നു. ഇനി ഒരു പ്രാർത്ഥനയേയുള്ളൂ കഷ്ടപ്പെടാതെ അങ്ങു വിളിക്കണം...

നാദിറയുടെ ബന്ധുവായ ഹോംഴ്സ് ഒരു ദിവസം രാവിലെ എത്തി. റഷീദ് അയാളെ പരിചയപ്പെട്ടു. ആരോഗ്യവാൻ ഒറ്റനോട്ടത്തിൽ വളരെ പാവംതോന്നും. വിനയോന്വിതൻ.. ഹമീദിക്കയെ പരിചയപ്പെട്ടു... വീടും ചുറ്റുപാടുകളും അവനും ഇഷ്ടമായി.. നല്ല ശമ്പളം കൊടുക്കാമെന്ന റഷീദ് ഏൽക്കുകയും ചെയ്തു. രാത്രിയിൽ വീട്ടിൽ പോകണമെങ്കിൽ വീട്ടിൽ പോകാം.. കൂടാതെ ഇവിടെ വാപ്പാന്റെ മുറിയുടെ അടുത്തുതന്നെ അവനു റൂമും നൽകി. ഹുസൈൻ എന്നാണ് പേര്. എല്ലാവരും വിളിക്കുന്നത് കുഞ്ഞു.. കുഞ്ഞു.. എന്നാണ്. അവൻ റസിഗ്‌നേഷൻ ലറ്റർ സ്ഥാപനത്തിൽ കൊടുത്തു.. അടുത്ത ഒരുമാസമാണ് പറഞ്ഞിരിക്കുന്നത്. മാനേജരുമായി സംസാരിച്ചപ്പോൾ അതിനു മുന്നേതന്നെ കാര്യങ്ങൾ നീക്കാമെന്നു പറ‍ഞ്ഞിട്ടുണ്ട്.

റഷീദ് അവനെ എല്ലാ ഉത്തരവാദിത്വങ്ങളും ഏൽപ്പിച്ചു. ഹമീദിനും ആളെ നന്നായി ഇഷ്ടപ്പെട്ടു. എന്തായാലും തനിക്ക് ഒരു സഹായം ആവശ്യമാണ്. പെണ്ണുങ്ങളെക്കൊണ്ട് തന്നെ താങ്ങി എഴുന്നേൽപ്പിക്കാനൊന്നും പറ്റില്ല. റഷീദും അൻവറും ഇവിടില്ലതാനും.. അവരുടെ ജോലിക്ക് താനൊരു തടസ്സമാവാനും പാടില്ല... സന്തോഷപൂർവ്വം ഹമീദിനോടും മറ്റുള്ളവരോടും യാത്രപറഞ്ഞ് കുഞ്ഞു  പിരിഞ്ഞു..
തുടർന്നു വായിക്കുക അടുത്ത ഞായറാഴ്ച്ച 30 05 2021


സസ്നേഹം നിങ്ങളുടെ സ്വന്തം ഷംസുദ്ധീൻ തോപ്പിൽ 23 05 2021 

15.5.21

നിഴൽവീണവഴികൾ ഭാഗം 126

 

രാത്രി എട്ടുമണിയോടെ റഷീദ് ഹോസ്പിറ്റലിലെത്തി... ആദ്യം ഡോക്ടറെ പോയി കണ്ടു.. ഡോക്ടറും റഷീദും ഐ.സി.യുവിലെത്തി.. വാപ്പാനെ കണ്ട് ഒരു നിമിഷം സ്തബ്ധനായി നിന്നു.. ഡോക്ടർ തോളിൽ തട്ടി ആശ്വസിപ്പിച്ചു... അവർ രണ്ടാളും ഡോക്ടറോടൊപ്പം ഡ്യൂട്ടി റൂമിലേയ്ക്ക് പോയി.... വിശദമായി സംസാരിച്ചു... പ്രതീക്ഷയുടെ വെളിച്ചം അവിടെ തെളിയും എന്നായിരുന്നു റഷീദിനും പ്രതീക്ഷ... ഡോക്ടറോട് സംസാരിച്ച് അവർ റൂമിലേയ്ക്ക് ഇറങ്ങി നടന്നു..

അപ്രതീക്ഷിതമായിരുന്നു റഷീദിന്റെ നാട്ടിലേയ്ക്കുള്ള വരവ്. വരാൻ സാധ്യതയുണ്ടെന്ന് അറിയാമായിരുന്നു. ഇത്രപെട്ടെന്ന് എത്തുമെന്നറിഞ്ഞില്ല. സഫിയയും ഉമ്മയും ഫസലും അപ്രതീക്ഷിതമായി റഷീദിനെ കണ്ട് ഞെട്ടിപ്പോയി. അവർക്ക് അൽപനിമിഷത്തോളം മിണ്ടാൻ സാധിച്ചില്ല. അവർക്ക് റഷീദിന്റെ സാമീപ്യം ധൈര്യം പകരുന്നതുമായിരുന്നു.

“മാമാ വരുന്ന കാര്യം പറഞ്ഞില്ല..“ ഫസലാണത് പറഞ്ഞത്.

“അവിടെ എല്ലാകാര്യങ്ങളും നോക്കാൻ ആളുണ്ടല്ലോ... പിന്നെ കുറച്ചുദിവസം ഇവിടെ വന്നു നിൽക്കാമെന്നും കരുതി. അവിടെ നിന്നാൽ ഒരു സമാധാനവും കിട്ടില്ല.. അൻവറും അതേ അഭിപ്രായമാണ് പറഞ്ഞത്.. അടുത്ത ആഴ്ച ഫസലിനും ക്ലാസ്സ് തുടങ്ങുകയല്ലേ... അതിനാലൊന്നു വന്നു പോകാമെന്നു കരുതി..“

“ഉമ്മയ്ക്കും സഫിയയും സുഖമാണോ.“

“അതേ ഇക്കാ...“

അവരുടെ കണ്ണുകളിൽ കണ്ണുനീർ ഊറിവന്നു.. എന്തോ പന്തികേടു മനസ്സിൽ തോന്നിത്തുടങ്ങിയിരുന്നു. ഇന്നേക്ക് ഇവിടെ അഡ്മിറ്റായിട്ട് നാലു ദിവസങ്ങളായിരിക്കുന്നു. ഇത്പോലെ ഇത്ര ദിവസം ഐസിയുവിൽ വാപ്പാ കിടന്നിട്ടില്ല...

“ഇക്കാ.. വാപ്പാന്റെ കാര്യത്തിൽ എന്തേലും പ്രശ്നമുണ്ടോ..“

“തല്ക്കാലം ഇല്ല... വാപ്പയ്ക്ക് പല പല അസുഖങ്ങളുള്ളതല്ലേ.. ഞാൻ കയറി കണ്ടിരുന്നു. നല്ല ഉറക്കത്തിലാ.. വിളിയ്ക്കണ്ടാന്ന് ഡോക്ടർ പറഞ്ഞു... ഇപ്പോൾ എല്ലാം ഓക്കെയാണ്...“

അവർ സംസാരിച്ചുകൊണ്ടിരിക്കെ ഡോക്ടർ റൂമിലേയ്ക്കു വന്നു. എല്ലാവരും ചാടിയെഴുന്നേറ്റു..

“റഷീദ്... എന്തുപറയുന്നു കുടുംബം... എല്ലാവർക്കും ഒരു സർപ്രൈസ് ആയല്ലോ...“

“അതേ... ഉമ്മ.. ഡോക്ടറും വരേണ്ടതില്ലെന്നു പറഞ്ഞതാ... പിന്നെ ഇവിടെ വന്നാലേ ഒരു സമാധാനം ഉള്ളൂ.. അതിനാലിങ്ങു പോന്നതാ.“

ഡോക്ടർ യാത്ര പറഞ്ഞു പിരിഞ്ഞു.

“ഫസലേ.. മാമയ്ക്ക് കഴിക്കാനൊന്നുമില്ലേടാ...“

“മാമാ നോമ്പു തുറന്നോ...“

“ഉവ്വ്...“ ഇവിടെ കാന്റീനുണ്ട്.. നമുക്ക് അങ്ങോട്ടു പോയാലോ..“

“ശരി.. നിങ്ങൾക്കുള്ളത് പാഴ്സലായി വാങ്ങാും...“

“കൂടുതലൊന്നും വാങ്ങല്ലേ റഷീദേ... വലിയ വിശപ്പില്ല..“

“ശരി ഉമ്മാ... നാളെ മാസംകണ്ടാൽ മറ്റന്നാൾ ചെറിയ പെരുന്നാളാ... ഇത്തവണ പടച്ചോന്റെ തീരുമാനം ഇവിടെ ആഘോഷിക്കാനാ...“

“അതേ...“

ഫസലും റഷീദും ക്യാന്റീനിലേയ്ക്കു പോയി.. അവിടെ കുറച്ചു തിരക്കുണ്ടായിരുന്നു. അവർ രണ്ടു സീറ്റുകണ്ടെത്തി. അവിടെ ഇരുന്നു.. അപ്പവും മുട്ടക്കറിയും റഷീദ് ഓർഡർ നൽകി.. ഫസൽ പെറോട്ടയും ബീഫും... സഫിയയ്ക്കും ഉമ്മയ്ക്കും കഴിക്കാൻ അപ്പവും മട്ടൻ സ്റ്റൂവും വാങ്ങി... അതും പാഴ്സലാക്കി അവർ റൂമിലേയ്ക്ക് പോയി...

അവിടെ അവർക്കുള്ള ഭക്ഷണം മേശപ്പുറത്തുവച്ചു.

“മാമാ.. മാമാ വന്നത് ഏതു വണ്ടിയിലാ...“

“നമ്മുടെ വണ്ടിയിൽ..“

“അപ്പോ വിഷ്ണുവേട്ടനോ..“

“അവനെ പറ‍ഞ്ഞയച്ചു. ഇവിടെ കയറിയാൽ ഇനിയും താമസിക്കും അതിനാൽ അവനോട് പോയിട്ടു രാവിലെ വരാൻ പറഞ്ഞു..“

“നാദിറാന്റിയെ വിളിച്ചിരുന്നോ..“

“ഇവിടെ വന്നിട്ട് വിളിച്ച് കാര്യം പറ‍ഞ്ഞു. അവിടെ രണ്ടാളും കുട്ടികളുമായി നല്ല ഗുസ്തിപിടുത്തമാ... ഇടയ്ക്കിടയ്ക്ക് ഇവിടെ വിളിക്കുന്നെന്നു പറഞ്ഞിരുന്നു. അവരെ വളരെ ടെൻഷനിലായിരുന്നു.“

“റഷീദേ നീ കട്ടിലിൽ കിടന്നോ... ഞാൻ താഴെക്കിടക്കാം...“ ഉമ്മ പറഞ്ഞു..

“വേണ്ട ഉമ്മ.. എനിക്ക് തൊട്ടടുത്ത് റൂം ഡോക്ടർ നൽകിയിട്ടുണ്ട്... ഇന്നവിടെയാകാം...“

അവർക്ക് റഷീദിന്റെ വരവ് ഒരൽപം ആശ്വാസം നൽകി... ഇതിനിടയിൽ അൻവർ വിളിച്ചിരുന്നു. അനുജനും ജ്യേഷ്ഠനും വിശദമായി സംസാരിച്ചു. വാപ്പയുടെ രോഗവിവരം കമ്പനിയിൽ എല്ലാവരും അറിഞ്ഞിരുന്നു. അഭിമന്യുവിനോടും കാര്യങ്ങളും വിശദമായി പറഞ്ഞിരുന്നു. എല്ലാവരും വാപ്പയ്ക്കു വേണ്ടി പ്രാർത്ഥിക്കുന്നുണ്ടായിരുന്നു.

അന്നത്തെ ദിവസം വളരെ വൈകുവോളം അവർ സംസാരിച്ചും പറഞ്ഞുമിരുന്നു. റഷീദ് ഉറങ്ങാനായി തൊട്ടടുത്ത റൂമിലേയ്ക്ക് പോയി... എന്തേലും ഉണ്ടെങ്കിൽ വിളിക്കണമെന്ന് ഫസലിനോട് പറഞ്ഞിരുന്നു.

അതി രാവിലെ തന്നെ അവർ ഉണർന്നു. നോമ്പു തുടങ്ങുന്നതിനു മുമ്പു കുറച്ചു ലഘു ഭക്ഷണം കഴിച്ചു... റഷീദും റൂമിലേയ്ക്ക് എത്തിയിരുന്നു. അവർ ഒരുമിച്ചായിരുന്നു ലഘുഭക്ഷണം കഴിച്ചത്. രാവിലെ 7 മണിക്ക് ഡോക്ടറെത്തും അപ്പോൾ കാര്യങ്ങൾ അറിയാം... അവർ വീണ്ടും ചെറിയൊരു മയക്കത്തിയേക്കു വീണു.

ഡ്യൂട്ടി റൂമിൽ നിന്ന് ഫോൺ വിളി കേട്ടാണ് റഷീദ് ഉണർന്നത്.. ഡോക്ടർ ഐസിയുവിൽ എത്താൻ പറ‍ഞ്ഞിരുന്നു.

അവൻ അപ്പോൾത്തനെ റഡിയായി ഐസിയുവിലേയ്ക്ക്. വാതിൽ തുറന്ന് അകത്തേയ്ക്ക്... അവിടെ ഡോക്ടർ നിൽപ്പുണ്ടായിരുന്നു.

“എന്താ ഡോക്ടർ..“

“വാ വാപ്പായ്ക്ക് മയക്കമൊക്കെ മാറി.. നീ വന്ന കാര്യം പറഞ്ഞു. അപ്പോൾ കാണണമെന്നു ആവശ്യപ്പെട്ടു..“

അവർ വാപ്പാന്റെ കിടയ്ക്കക്കരികിലേയ്ക്കു നീങ്ങി...

ഇന്നലെ കണ്ടതുപോലല്ല ഇന്ന്.. മൂക്കിലും വായിലുമുണ്ടായിരുന്ന ട്യൂബുകൾ നീക്കം ചെയ്തിരിക്കുന്നു... കൈയ്യിൽ ട്രിപ് മാത്രമേയുള്ളൂ... കണ്ണടച്ചിരിക്കുന്നു.

“റഷീദൊന്നു വിളിച്ചേ...“

“വാപ്പാ..“

ആ വിളിയിൽ അദ്ദേഹം ഞെട്ടിയുണർന്നു...

തല ചരിച്ചു നോക്കി.. “ങ്ഹാ.. റഷീദോ...“

“അതേ വാപ്പാ..“

റഷീദ് അടുത്തുചെന്നു. അവന്റെ കരം ഗ്രഹിച്ചു... “നീയെപ്പോഴെത്തി..“

“ഇന്നലെ...“

“ഞാനെന്നാ ഇവിടെ വന്നതെന്ന് ഓർക്കുന്നില്ല...“

“ഹമീദ്ക്കാ... നാലഞ്ചു ദിവസമായി..“

“അതേയോ... ഡോക്ടർ...“

“ഇക്കാ കുറച്ചു ടെൻഷൻ അടിപ്പിച്ചു കളഞ്ഞല്ലോ...“

“ഡോക്ടറെ ഞാൻ തിരികെ വരില്ലെന്നു കരുതിയതാ... പുണ്യമാസമല്ലേ.. പടച്ചോന്റെ തീരുമാനം അനുസരിക്കാനല്ലേ പറ്റൂ..“

“അങ്ങനൊന്നും പടച്ചോൻ ഹമീദിക്കാനെ തിരികെ വിളിക്കില്ല കേട്ടോ...“

ഹമീദിന്റെ മുഖത്ത് ചെറിയ ചിരിയുണർന്നു.

റഷീദിന് വളരെ സന്തോഷം തോന്നി... കുറച്ചു ദിവസമായി ഉരുണ്ടു കൂടിയ പിരിമുറുക്കത്തിന് അയവു വന്നിരിക്കുന്നു.

“റഷീദേ എന്നാ ചെറിയപെരുന്നാള്..“

“വാപ്പാ.. ഇന്നു മാസം കണ്ടാൽ നാളെയായിരിക്കും.. “

“ങ്ഹാ... ഇത്തവണ പടച്ചോൻ പറഞ്ഞിരിക്കുന്നത് ഇവിടെ ആഘോഷിക്കാനായിരിക്കും... ഡോക്ടറെ എന്നാ എനിക്ക് വീട്ടിലേയ്ക്ക് പോകാനാവുക..“

“ഹമീദിക്കാ.. രണ്ടു ദിവസം വേണ്ടിവരും.. നമുക്ക് ഇന്നു വൈകിട്ടോ നാളെ രാവിലെയോ റൂമിലേയ്ക്ക് മാറാം... ഒരുമിച്ച് പെരുന്നാൾ ഇവിടെ ആഘോഷിക്കാം...“

“ഹമീദൊന്നു ചിരിച്ചു...“

അപ്പോൾ കുറച്ചു വിശ്രമിച്ചോ.. ഞങ്ങൾ പോകട്ടെ...“

ഹമീദ് റഷീദിന്റ കൈ വിട്ടു... അവർ യാത്രപറഞ്ഞു പിരിഞ്ഞു... ഇപ്പോൾ അദ്ദേഹം കുറച്ച് ആരോഗ്യവാനായിരിക്കുന്നു.

അവർ പുറത്തേയ്ക്കിറങ്ങി..

“എങ്ങനുണ്ട് ഡോക്ടർ..“

“ഇവിടെ സമയത്ത് എത്തിക്കാൻ സാധിച്ചത് നന്നായി... കുറച്ച് ക്രിട്ടിക്കലായിരുന്നു. പക്ഷേ മരുന്നിനോട് വേഗം പ്രതികരിക്കുന്നുണ്ടായിരുന്നു. ഒരു സംശയം തോന്നി സി.റ്റി. എടുത്തു.. അതിൽ പ്രശ്നങ്ങളൊന്നുമില്ലായിരുന്നു അങ്ങനെ ഒരു പ്രതീക്ഷയായി... ഇനി പേടിക്കാനൊന്നുമില്ല... ഇപ്പോൾ എല്ലാം നോർമ്മലാ..“

റഷീദ് പടച്ചോനോട് നന്ദി പറഞ്ഞു...

ഡോക്ടർ ഡ്യൂട്ടി റൂമിലേയ്ക്കും റഷീദ് റൂമിലേയ്ക്കും പോയി.. അവിടെ ഡോറിൽ തട്ടി വിളിച്ചു. അപ്പോഴാണ് അവർ ഉണർന്നത്.. സമയം എട്ടു മണി കഴിഞ്ഞിരിക്കുന്നു.

“എന്തായിക്കാ...“

“ഞാൻ വാപ്പാനെ കണ്ടു... കുഴപ്പമൊന്നുമില്ല. മിക്കവാറും ഇന്നു വൈകിട്ടോ. നാളെ രാവിലെയോ റൂമിലേയ്ക്കു മാറ്റും..“

എല്ലാവരും ഒന്നു നെടുവീർപ്പിട്ടു.. അള്ളാഹുവിനോട് നന്ദി പറഞ്ഞു... എല്ലാവർക്കും കുറച്ച് ഉത്സാഹം തോന്നി...

“വാ ഫസലേ.. നമുക്ക് താഴെ ബൂത്തിലേയ്ക്ക് പോകാം.. ഗൾഫിൽ വിളിച്ച് അൻവറിനോട് അഭിമന്യുവിനോടും കാര്യം പറയണം...“

അവർ രണ്ടാളും പുറത്തേക്കിറങ്ങി.. ബൂത്തിലെത്തി അൻവറിനെ വിളിച്ചു കാര്യം പറഞ്ഞു.. ആ കുടുംബത്തിലുണ്ടായ പിരിമുറുക്കത്തിന് അയവു വന്നിരിക്കുന്നു. അഭിമന്യുവിനേ വിളിച്ചു കാര്യം പറഞ്ഞു. വീട്ടിലേയ്ക്കും വിളിച്ചു. നാദിറയാണ് ഫോണെടുത്തത്.. അവളോടും കാര്യം പറഞ്ഞു.. വിഷ്ണുവിനെ അയക്കണോ എന്നു ചോദിച്ചു. റഷീദ് വേണ്ടെന്നു പറഞ്ഞു..

“നാളെ നിങ്ങളെല്ലാവരും ഇങ്ങോട്ടു പോരേ... നമുക്ക് പെരുന്നാൾ ഇവിടെ കൂടാം.. വാപ്പാ ഇവിടല്ലേ..“

“അവരെല്ലാം സമ്മതിച്ചു....“

രാവിലെ തന്നെ സ്റ്റീഫനും ഭാര്യയും ഹോസ്പിറ്റലിൽ എത്തിയിരുന്നു. അവർ ഗൾഫിൽ നിന്നും വിവരങ്ങൾ അറിഞ്ഞെത്തിയതാ... അന്നത്തെ ദിവസം വൈകുന്നേരം വരെ റൂമിൽ തിരക്കായിരുന്നു. അഭിമന്യുവിന്റെ കുടുംബത്തിൽ നിന്നും ആളെത്തിയിരുന്നു. കൂടാതെ നാട്ടിൽ നിന്നും ആളെത്തി. മൗലവിയും വന്നിരുന്നു. അവരെല്ലാം ഹമീദിന്റെ ആരോഗ്യത്തിനുവേണ്ടി പ്രാർത്ഥിച്ചാണ് മടങ്ങിയത്... വൈകുന്നേരം നോമ്പു തുറകഴിഞ്ഞ് ഡോക്ടർ എത്തിയിരുന്നു. പെരുന്നാൾ നാളെയെന്ന് അറിയിപ്പു കിട്ടി. എല്ലാവർക്കും കുറച്ച് ഉത്സാഹം തോന്നി...

“റഷീദേ.. വാപ്പാനേ റൂമിലേയ്ക്കു കൊണ്ടുവരാൻ പോകയാ...“

അവർക്കെല്ലാവർക്കും സന്തോഷം പകരുന്ന വാർത്തയായിരുന്നത്... റൂമിൽ എല്ലാം അടുക്കിപ്പെറുക്കിവച്ചു.. കഴിഞ്ഞ അഞ്ചു ദിവസങ്ങൾ പോയതെങ്ങനെയെന്നറിയില്ല. റഷീദും ഫസലും ഐസിയുവിനു പുറത്തെത്തി... അൽപനേരത്തിനകം വാതിൽ തുറന്ന് വാപ്പാനേയും വഹിച്ചുള്ള സ്റെക്ചർ പുറത്തേയ്ക്ക്... വാപ്പാ ചുറ്റും നോക്കുന്നുണ്ടായിരുന്നു. അവരെ രണ്ടാളേയും കണ്ട് സന്തോഷത്തോടെ ചിരിച്ചു... നേരേ റൂമിലേയ്ക്ക്... ഹമീദിന്റെയും സഫിയയുടെയും ഉമ്മയുടെയും കണ്ണുകൽ നിറഞ്ഞിരുന്നു...

“നിങ്ങളെന്തിനാ വിഷമിക്കുന്നേ... ഞാനിങ്ങെത്തിയില്ലേ...“

റഷീദും ഫസലും തള്ളിക്കൊണ്ടുവന്ന സ്ട്രക്ച്ചറിൽ നിന്നും ഹമീദിനെ കിടക്കയിലേയ്ക്ക് കിടത്തി... യൂറിൻ പോകാൻ ട്യൂബിട്ടിട്ടുണ്ട്.

“എങ്ങനുണ്ട് വാപ്പാ...“ സഫിയയാണ് ചോദിച്ചത്..

“എനിക്ക് കുഴപ്പമൊന്നുമില്ല... നല്ലൊരു വിശ്രമം കിട്ടി... പടച്ചോന്റെ നിയോഗമല്ലേ..“

അവരെ സന്തോഷിപ്പിക്കുന്ന വാക്കുകളായിരുന്നത്... മരണത്തിന്റെ കൈയ്യിൽനിന്നും തിരികെയെത്തിയതാണെന്നവർക്കറിയാം.. വാപ്പാന്റെ നല്ല പ്രവർത്തികൾ അദ്ദേഹത്തെ എപ്പോഴും തുണച്ചിട്ടുണ്ട്. ആരോഗ്യ പ്രശ്നങ്ങളുണ്ടെങ്കിലും ആയുസ്സു കൊടുക്കണേ എന്നാണവരുടെ പ്രാ‍ർത്ഥന... കുടുംബത്തിന്റെ നട്ടെല്ല്... അദ്ദേഹമില്ലാത്തൊരു ജിവിതം അവർക്ക് ഓർക്കാൻകൂടി കഴിയില്ലായിരുന്നു...

ഫസൽ ഹമീദിന്റെ കിടക്കയുടെ തലയ്ക്കൽ തന്നെ സ്ഥാനം പിടിച്ചിരുന്നു. റഷീദിനും ആശ്വാസമായി. ഇടയ്ക്ക് അൻവർ വിളിച്ചിരുന്നു. ഫോൺ ഹമീദന്റെ കൈകളിൽ കൊടുത്തു.. അദ്ദേഹം അൻവറിനോട് കുറച്ചു നേരം സംസാരിച്ചു.

ആശ്വാസത്തിന്റെ കിരണങ്ങൾ നാളെ വിശ്വാസികളുടെ പെരുന്നാളാണ്... ആശുപത്രിയിലാണെങ്കിലും ഒരുമിച്ച് ഇവിടെ കൂടാമെന്നാണ് പടച്ചോന്റെ തീരുമാനം..

രാവിലെ പത്തു മണിക്കുതന്നെ നാദിറയും മറ്റുമെത്തിയിരുന്നു. കാന്റീനിൽ പ്രത്യേകിച്ച് ബിരിയാണി പറഞ്ഞിരുന്നു. ഹമീദിന് ചോറും കറിയുമാണ് പറഞ്ഞത്.. കട്ടിയാഹാരം കഴിക്കേണ്ടെന്ന് ഡോക്ടറുടെ നിർദ്ദേശമുണ്ടായിരുന്നു. കുട്ടികൾ അവരുടെ ലോകം എവിടെയായിലും കണ്ടെത്തും.. തലങ്ങും വിലങ്ങും ഓടുന്നുണ്ടായിരുന്നു.

അന്നാ കുടുംബം സന്തോഷത്തോടെ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചു.. വീണ്ടുമൊരു പെരുന്നാൾകൂടി കടന്നുപോയി... സഹനത്തിന്റെ സാഹോദര്യത്തിന്റെ സ്നേഹത്തിന്റെ... ദുഃഖങ്ങളും അസുഖങ്ങളുമില്ലാത്ത ഒരു നാളേയ്ക്കായി കാത്തിരിക്കാം... അകന്നിരുന്ന് ആഘോഷിക്കാം.. മനസ്സുകൾകൊണ്ടുള്ള അടുപ്പം.. അതുമതി ഇക്കാലത്ത്... തിരിച്ചുവരും ഈ ലോകം...തുടർന്നു വായിക്കുക അടുത്ത ഞായറാഴ്ച്ച 23 05 20201

സസ്നേഹം ഷംസുദ്ധീൻ തോപ്പിൽ 16 05 20218.5.21

നിഴൽവീണ വഴികൾ ഭാഗം 125

 

വീണ്ടും ഫസൽ വാതിൽ ചേർത്തടച്ചു പുറത്തേയ്ക്കിറങ്ങി... അവിടെ അദ്ദേഹമിരുന്ന സീറ്റിൽ നോക്കി.. അവിടാരുമില്ല. ഐ.സി.യുവിന്റെ മുന്നിലെ ചുവന്ന ലൈറ്റിൽ അദ്ദേഹത്തെ അവിടെ തിരഞ്ഞു.. കണ്ടില്ല. ചിലപ്പോൾ ചായകുടിക്കാനായി പോയതായിരിക്കും.. അവൻ ഇരുന്ന സീറ്റിൽ തന്നെ ചെന്നിരുന്നു.... പ്രതീക്ഷയോടെ കാത്തിരിക്കുന്ന രോഗികളുടെ ബന്ധുക്കൾ... അറിയാതെ ഫസൽ അവിടിരുന്ന് ഉറങ്ങിപ്പോയി...

വിങ്ങിപ്പൊട്ടിക്കൊണ്ട് ഒരു കരം തന്നെ വരിഞ്ഞു മുറുക്കുന്നതു മനസ്സിലക്കിയാണ് ഫസൽ ഞെട്ടിയുണർന്നത്. തന്റെ അടുത്തു കഴിഞ്ഞ രാത്രിയുണ്ടായിരുന്ന ആ മനുഷ്യൻ തന്നെ കെട്ടിപ്പിടിച്ച് കരയുന്നു. അവന് കാര്യം മനസ്സിലായി... പലരും അദ്ദേഹത്തെ കരുണയോടെ ദയയോടെ നോക്കുന്നു.

”കുഞ്ഞേ എല്ലാം പോയി... കുഞ്ഞേ എല്ലാം..”

”വിഷമിക്കേണ്ട.. വിഷമിക്കാതിരിക്കൂ...”

അദ്ദേഹത്തിന്റെ വിഷമം ആർക്കും മനസ്സിലാവും.. താൻ പ്രതീക്ഷയോടെ വളർത്തിയ കുഞ്ഞ്.. വയസ്സാം കാലത്ത് ഒരു തണലാകുമെന്നു കരുതിയ കുട്ടി.... ഒരു ബൈക്ക് തളർത്തിയ ജീവിതം... അപ്പോഴേയ്ക്കു അദ്ദേഹത്തിന്റെ അകന്ന ബന്ധത്തിലുള്ള രണ്ടുപേർ അവിടെ എത്തിയിരുന്നു. നടപടിക്രമങ്ങൾ പലതും പൂർത്തിയാക്കാനുണ്ട്. അദ്ദേഹത്തെ പിടിച്ചെഴുന്നേൽപ്പിച്ചു. കൂടെയുള്ളതിൽ ഒരാൾ ഡോക്ടറുടെ അടുത്തേയ്ക്ക് പോയി കാര്യങ്ങൾ സംസാരിക്കാനായി.

ഫസലിന്റെ മുറുക്കിപ്പിടിച്ച കൈ അദ്ദേഹം വിടുവിക്കാൻ തയ്യാറായിരുന്നില്ല. അവിടെനിന്നും എഴുന്നേൽപ്പിച്ചപ്പോഴും അദ്ദേഹം അവന്റെ കൈയ്യിൽ താങ്ങിയാണ് എഴുന്നേറ്റത്... ഗദ്ഗദകണ്ഢനായി എന്തൊക്കെയോ പറയുന്നു. കഴിഞ്ഞ രാത്രിയും വളരെയധികം പ്രതീക്ഷയോടെ അവൻ തിരികെവരുമെന്നു കരുതി കാത്തിരുന്നതാണ്. പക്ഷേ... അദ്ദേഹത്തിന്റെ നിലവിളിയിൽ ഫസലും കരഞ്ഞുപോയി.. മനുഷ്യൻ മനുഷ്യനെ മനസ്സിലാക്കിയ നിമിഷം.. മരണം അർദ്ധരാത്രിയിൽ കൺഫേം ചെയ്തിരുന്നു. രാവിലെ ബന്ധുക്കൾ വരാൻ കാത്തുനിന്നതാണ്. പോലീസിന്റെ നടപടിക്രമങ്ങൾ കഴിഞ്ഞു... എത്രയും വേഗം ബോഡി വിട്ടുനൽകാമെന്ന് ഡോക്ടറും അറിയിച്ചു. മണിക്കൂറുകൾ കഴിഞ്ഞു... മകന്റെ ചേതനയറ്റ ശരീരം വഹിച്ചുകൊണ്ടുപോകുന്നതിനായി ആംബുലൻസ് റഡിയായതായി ബന്ധുവന്ന് അറിയിച്ചു. അവർ താഴേയ്ക്ക് അപ്പോഴും ഫസലിന്റെ കൈയ്യിലെ പിടി വിട്ടിരുന്നില്ല.. പത്തുമണി കഴിഞ്ഞിരിക്കുന്നു... അവനും അവരെ അനുഗമിച്ചു. ഹൃദയഭേദകമായ ആ മനുഷ്യന്റെ കരച്ചിൽ അവിടെ കൂടിയവരുടെ മനസ്സു പിടയ്ക്കുന്നതായിരുന്നു. അദ്ദേഹത്തെ ആമ്പുലൻസിൽ കയറ്റി യാത്രയാക്കി അവൻ തിരികെ ഹോസ്പിറ്റലിലേയ്ക്ക്. ഇതിനിടയിൽ തന്റെ ഉപ്പയുടെ കാര്യം താൻ മറന്നതുപോലെ..

നേരേ റൂമിലേയ്ക്ക്.. ചാരിയ വാതിൽ തുറന്നു. സഫിയയും ഉമ്മയും നല്ല ഉറക്കം.. ഇന്നലത്തെ ക്ഷീണം കാണും.. അവരെ അവൻ വിളിച്ചില്ല.. ഡ്രസ്സ് മാറ്റി ഒന്നു ഫ്രഷായി. നേരേ ഡോക്ടറുടെ റൂമിലേയ്ക്ക് പോയി.. അവിടെ കുറച്ചു തിരക്കുണ്ടായിരിന്നു. കുറച്ചുനേരം കാത്തിരുന്നു. ഡോക്ടർ വിളിപ്പിച്ചതുപ്രകാരം അവൻ അകത്തേയ്ക്ക് കയറി..

”ങ്ഹാ.. ഫസൽ.. ഞാൻ രാവിലെ അന്വേഷിച്ചു... ഉപ്പാന്റെ കാര്യത്തിൽ പുരോഗതിയുണ്ട്. മരുന്നിനോട് റസ്പോണ്ട് ചെയ്യുന്നു. ഒരു എം.ആർഐ. എടുത്തിരുന്നു. അത്രസന്തോഷകരമല്ലത്.. ഫസലിനോട് ധൈര്യമായി പറയാമല്ലോ...”

”ഉവ്വ്.. ഡോക്ടർ..”

”രാവിലെ റഷീദ് വിളിച്ചിരുന്നു ഞാൻ കാര്യം പറഞ്ഞിട്ടുണ്ട്.. എന്റെ കഴിവിന്റെ പരമാവധി ശ്രമിക്കുന്നു. ചെറിയൊരു സ്ട്രോക്ക് ഉണ്ടായിട്ടുണ്ട്. അതിന്റെ പരിണിതഫലം എത്രയെന്ന് വെന്റിലേറ്റർ മാറ്റിയാലേ അറിയാനാവൂ... ശരിക്കും പറഞ്ഞാൽ ശ്വസനമുൾപ്പെടെയുള്ള കാര്യങ്ങൾ ഇപ്പോൾ മിഷ്യന്റെ സഹായത്താലാണ് നടക്കുന്നത്. അതിനാലാണ് നിങ്ങളെ ആരേയും കാണിക്കാതിരുന്നത്. ഇന്ന് ഞാൻ ഫസലിന് കാണാനുള്ള സംവിധാനം ഉണ്ടാക്കാം.

”ഫസലിന്റെ ധൈര്യമൊക്കെ ഒരുനിമിഷം ചോർന്നുപോകുന്നതുപോലെ തോന്നി.. താനും ഒരു മെഡിക്കൽ സ്റ്റുഡന്റാവേണ്ടതല്ലേ... ധൈര്യം സംഭരിക്കാൻ ശ്രമിച്ചു...”

”എന്താ ഫസലൊന്നും മിണ്ടാത്തത്...”

”ഒന്നുമില്ല. ഡോക്ടർ...”

”പേടിക്കേണ്ട... ഉപ്പാനെ തിരികെ നടത്തിക്കൊണ്ടുതന്നെ പോകാനാകുമെന്നു പ്രതീക്ഷയുണ്ട്. ഞങ്ങളുടെ കഴിവിന്റെ പരമാവധി ശ്രമിക്കുന്നുമുണ്ട്.”

അപ്പോഴേയ്ക്കും ഡോക്ടർക്ക് ഒരുകാൾ വന്നു. അത് റഷീദായിരുന്നു...

”എന്തായി റഷീദ്..”

അപ്പുറത്തുനിന്നും മറുപടി വന്നു. അൽപനേരം സംസാരിച്ചിട്ട് ഫോൺ ഫസലിനു നൽകി...

”ഫസലേ... ഞാൻ ഇപ്പോൾ നാട്ടിലേയ്ക്ക് തിരിക്കുകയാണ്. വിഷ്ണുവിനോട് വിളിച്ച് കാര്യം പറഞ്ഞിട്ടുണ്ട്. നിന്നോട് രാവിലെ പറയാമെന്നു കരുതിയിരിക്കുകയായിരുന്നു. വിഷമിക്കേണ്ട തൽക്കാലം സഫിയയോടും വീട്ടുകാരോടുമൊന്നും പറയേണ്ട.. നാട്ടിൽ വന്നിട്ട് അറിഞ്ഞാൽ മതി..”

”ഫസൽ മൂളി... ഞാൻ രാത്രിയോടെ അവിടെത്തും... പേടിക്കാനൊന്നുമില്ല.. ഉപ്പ തിരിച്ചുവരും ഫസലേ.. നീ ധൈര്യമായിരിക്കണം. അവർക്ക് നീ മാത്രമാണ് ഇപ്പോൾ നാട്ടിലുള്ളത്... റൂമിലേയ്ക്ക് പൊയ്ക്കോ... ബാക്കിയെല്ലാം നാട്ടിൽ വന്നിട്ട് സംസാരിക്കാം..”

ഫസലിന് കുറച്ചുകൂടി ധൈര്യം വന്നതുപോലെ..

”ഫസലേ.. ഇന്നലെ റഷീദ് വിളിച്ചപ്പോൾ ഞാൻ കാര്യങ്ങളൊക്കെ പറഞ്ഞിരുന്നു. ഇവിടുത്തെ പ്രശ്നം ഇങ്ങനെ കിടക്കുമ്പോൾ റഷീദിന് അവിടെ സമാധാനത്തിൽ നിൽക്കാനാവില്ലെന്ന് ഇന്നലെ പറഞ്ഞിരുന്നു. അൻവറും വരാൻ തയ്യാറായതാണ്. റഷീദ് വേണ്ടെന്നു പറഞ്ഞു... താൻ നാട്ടിലേയ്ക്ക് പോകുന്നെന്നും അവിടെ ബാപ്പാന്റെ അസുഖം ഭേദമായതിനുശേഷം തിരികെ വരാമെന്നും പറഞ്ഞു.. റഷീദിന്റെ ഓഫീസിലെ കാര്യങ്ങൾ നോക്കാൻ ആളുണ്ടല്ലോ... അതുകൊണ്ട് അതിനെക്കുറിച്ച് വിഷമിക്കേണ്ടതുമില്ല..”

ഫസൽ എല്ലാം കേട്ടിരുന്നു...

”എന്നാൽ ഫസൽ റൂമിലേയ്ക്ക് പൊയ്ക്കോ... ഉപ്പാനെ കാണാനുള്ള സമയത്ത് വിളിക്കാം...”

അവൻ ഡോക്ടറോട് യാത്രപറഞ്ഞ് പുറത്തേയ്ക്കിറങ്ങി... നേരേ സ്റ്റെപ്പ് കയറി മുകളിലേയ്ക്ക്... റൂമിൽ പോകുന്നതിനു പകരം അവൻ ടെറസ്സിലേയ്ക്കാണ് പോയത്.. അവിടെ ഡ്രസ്സൊക്കെ ഉണക്കിയിട്ടിരിക്കുന്നു. ആരുമില്ല.. ഒരൊഴിഞ്ഞ കോണിൽ പോയിരുന്ന് അവൻ വാവിട്ടു കരഞ്ഞു.. സഹിക്കാനാവുന്നതിലും അപ്പുറമാണ് ഡോക്ടറിൽ നിന്നും അവൻ കേട്ടത്... പടച്ചോനെ പ്രതീക്ഷകൾ അസ്തമിക്കുകയാണോ.. എപ്പോഴും ഡോക്ടർമാർ പോസിറ്റീവായേ സംസാരിക്കാറുള്ളൂ... ന്നാലും ഇത്ര പെട്ടെന്ന് ഉപ്പാ..... അവൻ വിങ്ങിപ്പൊട്ടി...ആരും കേൾക്കാതിരിക്കാൻ അവൻ ശ്രമിച്ചു. കുറച്ചു കരഞ്ഞു കഴിഞ്ഞപ്പോൾ അവന് വല്ലാത്ത ആശ്വാസം തോന്നി... സാവധാനം അവിടെ നിന്നിറങ്ങി.. തൊട്ടടുത്തു കണ്ട ബാത്ത്റൂമിൽ കയറി മുഖം കഴുകി... കുറച്ച് സമാധാനം തോന്നുന്നു...

നേരേ റൂമിലേയ്ക്ക് അവിടെ സഫിയയും ഉമ്മയും ഉണർന്നിരിക്കുന്നു.

”നീയെവിടായിരുന്നു... ഞങ്ങൾ ഇവിടെല്ലാം നോക്കി. സിസ്റ്റർപറഞ്ഞു ഐ.സി.യുവിനു മുന്നിൽ ഉണ്ടായിരുന്നെന്ന്.”

”ഉമ്മാ.. ഞാൻ ഡോക്ടറെ കാണാൻ പോയതാ..”

”എന്തുപറഞ്ഞു..”

”കുഴപ്പമില്ലെന്നു പറഞ്ഞു.. കുറച്ച് ചികിൽസ ആവശ്യമാണ്. അതിനുള്ള സംവിധാനം ഐ.സി.യു.വിലാണുള്ളത് അതു കഴിഞ്ഞാൽ റൂമിലേയ്ക്ക് കൊണ്ടുവരാമെന്നും പറഞ്ഞു..”

”പടച്ചോനേ ഒന്നും വരുത്തരുതേ വാപ്പയ്ക്ക്..” സഫിയ മനമുരുകി പ്രാർത്ഥിച്ചു.

ഫസൽ റൂമിൽ കൂടുതൽ നേരം ഇരുന്നില്ല.. അവരുടെ സ്നേഹത്തിനു മുന്നിൽ താൻ ചിലപ്പോൾ വിതുമ്പിപ്പോകുമെന്നു തോന്നി... അവൻ പുറത്തിറങ്ങി.. അങ്ങോട്ടും ഇങ്ങോട്ടും ലക്ഷ്യമില്ലാതെ നടന്നു. ഇതിനിടയിൽഡോക്ടർ തന്നെ വിളിക്കുന്നതായി സിസ്റ്റർ വന്നു പറഞ്ഞു. അവൻ അവിടെത്തി. ഡോക്ടർ അവനെ ഐ.സി.യുവിലേയ്ക്ക് വിളിച്ചു. അവൻ ധൈര്യപൂർവ്വം അവിടേയ്ക്ക് പോയി...

ഉപ്പാന്റെ മുന്നിൽ... പലതരം മെഷീനുകൾ ആ വൃദ്ധ ശരീരത്തിൽ ബന്ധിപ്പിച്ചിരിക്കുന്നു. ഹാർട്ട് ബീറ്റും.. പൾസുമെല്ലാമുണ്ട്.. വായിലൂടെ ചില പൈപ്പുകൾ ഘടിപ്പിച്ചിരിക്കുന്നു. കണ്ണടച്ചു കിടക്കുന്നു. അവൻ അദ്ദേഹത്തിന്റെ ചുളുവുകൾ വീണ കൈകളിൽ പതിയെ പിടിച്ചു...

”ഫസലേ.. ഉപ്പാനെ ഒന്നു വിളിച്ചേ...”

”അവൻ ഉപ്പാ.. ഉപ്പാ എന്നു വിളിച്ചു..” ഒരു അനക്കവുമില്ല..

”നല്ല മയക്കത്തിലാ ഫസലേ... ഉള്ളിൽ ബോധമുണ്ട്... എല്ലാം കേൾക്കുന്നുണ്ട്. എല്ലാം ഭേദമാകാൻ മനമുരുകി പ്രാർത്ഥിക്കുക... പടച്ചോൻ കൈവിടില്ല...”

അവൻ അവിടെനിന്നും മനമുരുകി പ്രാർത്ഥിച്ചു... പടച്ചോൻ കരുണയ്ക്കായി യാചിച്ചു.. കണ്ണുകളിൽ നിന്നും കണ്ണുനീർ ധാരധാരായിയി ഒഴുകിവരുന്നുണ്ടായിരുന്നു. അപ്പോഴേയ്ക്കും ഡോക്ടർ ഇടപെട്ടു.. അവനെ ചേർത്തുനിർത്തി.. അവൻ കൺട്രോൾ ചെയ്യാൻ ശ്രമിച്ചു..

”പേടിക്കേണ്ട ഫസലേ... ഇങ്ങനെ ധൈര്യം കൈവിടരുത്.. എല്ലാം ശരിയാകും.. ഒരു ഡോക്ടറാവേണ്ടതല്ലേ.. അവിടെ നമ്മൾ മറ്റുള്ളവർക്ക് ധൈര്യം നൽകേണ്ടതുമാണ്...

അവനെയും കൂട്ടി ഡോക്ടർ പുറത്തേയ്ക്കുവന്നു.. അവൻ കണ്ണുകൾ തുടച്ചു...

”ഫസൽ നമുക്ക് റൂമിലേയ്ക്കു പോകാം..”

അവർ രണ്ടാളും റൂമിലേയ്ക്ക്....

”വീട്ടുകാരോടൊന്നും ഇത്രയും കാര്യങ്ങളൊന്നും പറയേണ്ട.. ഉപ്പാനെ വിളിച്ചു. വിളികേട്ടു നല്ല മയക്കത്തിലാണെന്നു പറയാം..”

അവൻ മൂളി...

”നേരേ റൂമിലേയ്ക്ക്.. ഡോർ തട്ടി അകത്തുകടന്നു.. സഫിയയും ഉമ്മയും ചാടി എഴുന്നേറ്റു..”

”എങ്ങനുണ്ട് ഡോക്ടർ..”

”കുഴപ്പമില്ല.. എല്ലാം നേരേയാകും.. ഇപ്പോൾ ഫസൽ കണ്ടിട്ടിറങ്ങിയതേയുള്ളു.. നല്ല മയക്കത്തിലാണ്..”

”ഇന്നു റൂമിലേയ്ക്ക് കൊണ്ടുവരാമോ..”

”ഇല്ലില്ല... പൂർണ്ണമായും അസുഖം മാറണ്ടേ... കുറച്ചു വിശ്രമം ആവശ്യമാണ്.. അത് അവിടാകുംപോൾ സ്വസ്തമായി കിടക്കാമല്ലോ..”

അവരുടെ കണ്ണുകളിൽ പ്രതീക്ഷയുടെ നിഴലാട്ടം കാണാമായിരുന്നു..... ഡോക്ടർ അവരെ ആശ്വസിപ്പിച്ച് പുറത്തേയ്ക്കിറങ്ങി.. ഫസലും തൊട്ടു പിറകേ... അന്നത്തെ ദിവസം ഫസൽ കൂടുതൽ നേരം റൂമിൽ ചിലവഴിച്ചില്ല.. വൈകുന്നേരം നോമ്പുതുറക്കുന്ന സമയത്ത് അവൻ നോമ്പുതുറക്കാനുള്ള പലഹാരങ്ങളുമായി റൂമിലെത്തി.. എല്ലാവരും പ്രാർത്ഥനയോടെ നോമ്പുതുറന്നു... നല്ല ക്ഷീണമുണ്ടായിരുന്നതിനാൽ ഫസൽ അറിയാതെ അവിടെ കിടന്നുറങ്ങിപ്പോയി.

രാത്രി എട്ടുമണിയോടെ റഷീദ് ഹോസ്പിറ്റലിലെത്തി... ആദ്യം ഡോക്ടറെ പോയി കണ്ടു.. ഡോക്ടറും റഷീദും ഐ.സി.യുവിലെത്തി.. വാപ്പാനെ കണ്ട് ഒരു നിമിഷം സ്തബ്ധനായി നിന്നു.. ഡോക്ടർ തോളിൽ തട്ടി ആശ്വസിപ്പിച്ചു... അവർ രണ്ടാളും ഡോക്ടറോടൊപ്പം ഡ്യൂട്ടി റൂമിലേയ്ക്ക് പോയി.... വിശദമായി സംസാരിച്ചു... പ്രതീക്ഷയുടെ വെളിച്ചം അവിടെ തെളിയും എന്നായിരുന്നു റഷീദിനും പ്രതീക്ഷ... ഡോക്ടറോട് സംസാരിച്ച് അവർ റൂമിലേയ്ക്ക് ഇറങ്ങി നടന്നു.. 

തുടർന്നു വായിക്കുക അടുത്ത ഞായറാഴ്ച്ച 16 05 2021


സസ്നേഹം നിങ്ങളുടെ സ്വന്തം ഷംസുദ്ധീൻ തോപ്പിൽ 09 05 2021

1.5.21

നിഴൽവീണവഴികൾ ഭാഗം 124


ഫസൽ വിഷ്ണുവിനെ അവിടെ നിർത്തി പുറത്തേയ്ക്കിറങ്ങി.. ബൂത്തിലെത്തി ഐ.എസ്.ഡി കാൾ ചെയ്തു. റഷീദിനോട് വിവരം പറഞ്ഞു.. അൻവർ മാമയോട് കാര്യം പറയാൻ പറഞ്ഞു.. റഷീദ് വളരെ ടെൻഷനിലായി..

“ഫസലേ.. ഞാൻ അടുത്ത ഫ്ലൈറ്റിൽ നാട്ടിലേയ്ക്ക് വരാം..“

“അതു വേണ്ട മാമാ..“

“അതു കുഴപ്പമില്ല.. ഇവിടെ വലിയ തിരക്കൊന്നുമില്ല..“

“മാമാ അതിനുംവേണ്ടിയുള്ള പ്രശ്നങ്ങളില്ല.. എനിക്ക് മാനേജ് ചെയ്യാവുന്നതേയുള്ളൂ..“

“ശരി... ഞാൻ ഡോക്ടറുമായി സംസാരിക്കട്ടെ..“ റഷീദ് ഫോൺ വച്ചു..

അവൻ തിരിച്ച് ഐസിയുവിന് മുന്നിലെത്തി... സഫിയയുടെ കണ്ണുകളിൽ നിന്നും കണ്ണുനിർ വീഴുന്നു.. അവൻ അടുത്തെത്തി...


മണിക്കൂറുകൾ കടന്നുപോയതറിഞ്ഞില്ല.. നോമ്പു തുറക്കേണ്ട സമയമായി.. പക്ഷേ ഇതിനിടയിൽ അതിനുള്ള സമയവും ലഭിച്ചില്ല... എല്ലാവരും ആ മനുഷ്യനുവേണ്ടി പ്രാർത്ഥിക്കുകാണ്.


നിശ്ശബ്ദമായ ഐ.സി.യു. വിന് മുന്നിൽ നിന്നും ഡോർ തുറന്ന്ഡോക്ടർ പുറത്തേയ്ക്കു വന്നു... ഫസലിനെ അടുത്തു വിളിച്ചു. സഫിയയും കൂടെ എത്തി... ഫസലിന്റെ തോളിൽ കൈയ്യിട്ടുകൊണ്ട് ഡോക്ടർ പറഞ്ഞു.


“ഫസലേ. ഞങ്ങൾ കഴിവിന്റെ പരമാവധി ശ്രമിക്കുന്നു. ബാക്കിയെല്ലാം പടച്ചോന്റെ കൈകളിലാണ്. ഈ പുണ്യമാസത്തിൽ അദ്ദേഹത്തെ പടച്ചോൻ സംരക്ഷിച്ചുകൊള്ളും.. നമ്മുടെ കൈകളിലല്ലല്ലോ ഇതൊക്കെ... സയൻസ് പഠിച്ച് ഡോക്ടറായാലും ആയുസു നീട്ടിക്കൊടുക്കാൻ പടച്ചോൻതന്നെ വിചാരിക്കണം. ഇപ്പോൾ ചെറിയ പുരോഗതി കാണുന്നു. അതു നിങ്ങളുടെ പ്രാർത്ഥനയുടെ ഫലമാണ്. എല്ലാം നേരേയാകും. പടച്ചോനെ വിളിച്ചു പ്രാർത്ഥിക്കുക..“


“ഡോക്ടർ ഒന്നു കാണാനാകുമോ...“


“കാണിക്കാം. കുറച്ചു മണിക്കൂറുകൾ കഴിയട്ടെ.. എവിടെ ഉമ്മ..“


“അതാ അവിടിരിക്കുന്നു.“


“നിങ്ങൾ ഇവിടെ നിൽക്കണമെന്നില്ല... റൂമിലേയ്ക്കുപോകാം.. അതിനു മുന്നേ നിങ്ങൾ എന്നോടൊപ്പം പോന്നോള്ളൂ...“


അവർ നടന്ന് ഡോക്ടറുടെ റൂമിലെത്തി.. അപ്പോൾ നോമ്പു തുറക്കാനുള്ള സമയമായിരിക്കുന്നു... അവർ മൂവരും ഡോക്ടറുടെ റൂമിൽ കയറി.. കൺസൾട്ടേഷൻ ഏരിയയ്ക്ക് അപ്പുറത്തായി ഒരു വലിയ ഹാൾ അവിടെ ടേബിളിൽ നോമ്പുവിഭവങ്ങൾ ഒരുക്കിയിരിക്കുന്നു.


ഈ പുണ്യമാസത്തിൽ നോമ്പു പിടിക്കുകയെന്നുള്ളത് ഓരോ മുസൽമാന്റെയും ഉത്തരവാദിത്വമാണ്.. അത് തുറക്കേണ്ട  സമയത്ത് ആ കടമ ചെയ്യുകയും വേണം... എന്തായാലും ഹമീദിന്റെ കാര്യം എനിക്കു വിട്ടേരേ.. നമുക്ക് ഒരുമിച്ച് നോമ്പു തുറക്കാം... മനസ്സില്ലാ മനസ്സോടെ അവർ ഡേബിളിനു ചുറ്റുമിരുന്നു. ആർക്കും ഒന്നും സംസാരിക്കാനായില്ല.. ഡോക്ടർ എല്ലാവർക്കും ഭക്ഷണം വിളമ്പി... നാരങ്ങാവെള്ളവും ഈത്തപ്പഴവും കഴിച്ച് അവർ നോമ്പുതുറന്നു . കൂടാതെ... മറ്റുള്ളവരെ ഡോക്ടർ തന്നെ നിർബന്ധിച്ചു കഴിപ്പിച്ചു.


ഹമീദ് ഒഴിച്ച് ബാക്കിയെല്ലാവർക്കും നോമ്പായിരുന്നു. ഇന്നത്തെ ഓട്ടംകൊണ്ട് എല്ലാവരും ക്ഷീണിതരുമായിരുന്നു. അവർക്ക് അവിടെ ഒരു റൂം ഡോക്ടറ്‍ അറൈ‍ഞ്ച് ചെയ്തിരുന്നു.


“റഷീദ് വിളിച്ചിരുന്നു. റഷീദിനോട് ഞാൻ കാര്യങ്ങൾ വിശദമായി സംസാരിച്ചിരുന്നു. വരാൻ തയ്യാറായിരുന്നു. ഞാൻ പറഞ്ഞു അതിന്റെ ആവശ്യമില്ല.. ഇവിടെ നമ്മളെല്ലാമുണ്ടല്ലോ... നിങ്ങളുടെ റൂമിലേയ്ക്ക് വിളിക്കും. അവിടത്തെ എക്സ്റ്റൻഷൻ നമ്പർ അവന് ഞാൻ നൽകിയിട്ടുണ്ട്. കൂടെ വന്ന ഡ്രൈവറോ..“


“ഞങ്ങൾക്ക് കുറച്ച് ഡ്രസ്സ് എടുക്കണമായിരുന്നു. അതിനാൽ വീട്ടിലേയ്ക്ക് പറഞ്ഞയച്ചു.“


“ശരി.. അതു നന്നായി... എന്തായാലും സന്തോഷമായിരിക്കുക.. എല്ലാം അള്ളാഹുവിന്റെ പരീക്ഷണങ്ങളാണ്.. ആരും ടെൻഷനടിക്കേണ്ട... സന്തോഷമായി റൂമിലേയ്ക്കു പോയി ഫ്രഷാവുക.. കാന്റീനിൽ ഞാൻ ഭക്ഷണ കാര്യം പറഞ്ഞിട്ടുണ്ട്. സമയാസമയത്ത് അതവിടെ എത്തിക്കും. എന്തേലും അധികം വേണമെങ്കിൽ അവിടെ വിളിച്ചു പറഞ്ഞാൽ മതി..“


ഡോക്ടർ  അടുത്തറിയാവുന്ന ആളായതിനാൽ ഒരു ബുദ്ധിമുട്ടുമുണ്ടായില്ല.. എല്ലാം അദ്ദേഹം തന്നെ ഇടപാട് ചെയ്തിരുന്നു. റൂമിലേക്ക് പോയി ഫ്രഷായി. പ്രാർത്ഥനയും നടത്തി... അല്പംകഴിഞ്ഞപ്പോൾ വിഷ്ണു പറഞ്ഞയച്ച സാധനങ്ങളുമായെത്തി...


“എങ്ങനുണ്ട് ഹമീദിക്കയ്ക്ക്.“


“ഡോക്ടർ പറഞ്ഞു കുഴപ്പമൊന്നുമില്ലെന്ന്... എന്തായാലും ജീവനോടെ തിരികെക്കിട്ടാനാണ് പ്രാർത്ഥന...“


മണിക്കൂറുകൾ കടന്നുപൊയ്ക്കൊണ്ടിരുന്നു. ഇതിനിടയിൽ റഷീദ് വിളിച്ച് കാര്യങ്ങൾ അന്വേഷിച്ചു. ഡോക്ടറുമായി സംസാരിച്ച കാര്യങ്ങൾ അവരെ ധരിപ്പിച്ചു. രാത്രി 9 മണിയോടെ ഡ്യൂട്ടി നഴ്സ് വിളിച്ചിരുന്നു. ഡോക്ടർ കാണണമെന്ന് പറഞ്ഞതിനാൽ ഫസൽ നേരേ ഡോക്ടറുടെ മുറിയിലേയ്ക്ക് പോയി.


“എന്താ ഡോക്ടർ.. എങ്ങനുണ്ട്..“


“ഇപ്പോൾ സ്റ്റേബിളായിട്ടുണ്ട്. നല്ല മയക്കത്തിലാണ്. എല്ലാം നോർമലാണ്... ആസ്ത്മയുടെ പ്രശ്നമുള്ളതിനാൽ ഉണ്ടാകുന്ന ശ്വാസംമുട്ടാണ്. അത് സാധാരണ സ്പ്രേയിൽ നിൽക്കുന്നില്ല... നമുക്ക് മരുന്നുകളും മാറ്റാം...“


“ഇപ്പോൾ കാണാനാകുമോ..“


“ഇല്ലില്ല.. ഇനി നമുക്കു നാളെ കാണാം. അദ്ദേഹത്തിന് സംസാരിക്കാനുള്ള കഴിവായിട്ടില്ല. നല്ല ക്ഷീണിതനാണ്. 24 മണിക്കൂറുകൾ കഴിയണം.. എല്ലാം നേരെയാകും.. ഇപ്പോൾ ശുഭപ്രതീക്ഷതന്നെയാണ്... എന്തായാലും നാളെ രാവിലെ എം.ആർ.ഐ എടുക്കും.. അതിനു ശേഷം വേണ്ട ട്രീറ്റുമെന്റുകളിൽ തീരുമാനമാകും... ഓക്സിജന്റെ കുറവുണ്ടായത് തലച്ചോറിൽ എന്തെങ്കിലും പ്രശ്നങ്ങൾ സൃഷ്ടിച്ചോ എന്നറിയേണ്ടേ... ഇന്നെടുത്ത എം.ആർ.ഐ. കുഴപ്പമില്ലായിരുന്നു. നാളെ വീണ്ടുമൊരെണ്ണം എടുക്കണം. വേറേ പ്രശ്നങ്ങൾ ഒന്നുമില്ലെങ്കിൽ നമുക്കു രണ്ടുമൂന്നു ദിവസങ്ങൾക്കകം റൂമിലേയ്ക്കു കൊണ്ടുവരാം.. ഇപ്പോൾ വെന്റിലേറ്ററിൽ നിന്നും മാറ്റാറായിട്ടില്ല...ഇതൊന്നും അവരോട് പറയേണ്ട... ഡോക്ടർമാർക്ക് എല്ലാ കാര്യങ്ങളും ബൈസ്റ്റാന്ററോട് പറയാനാവില്ലല്ലോ...“


“എന്തായാലും ഇപ്പോൾ സ്റ്റേബിളായല്ലോ ഡോക്ടർ..“


“എസ്. ഷുവർ.. ഓക്കെയാണ്... പ്രതീക്ഷയുണ്ട്...“


“അതു മതി ഡോക്ടർ...“


അപ്പോഴേയ്ക്കും സഫിയയും അവിടെ എത്തിയിരുന്നു. ഡോക്ടർ അവളോടും നല്ല കാര്യങ്ങൾ തന്നെയാണ്. പറഞ്ഞത്.. നാളെ രാവിലെ ബാപ്പാനെ കാണിക്കാമെന്നും പറഞ്ഞു.


അവർ കുറച്ചു സന്തോഷത്തിലാണ് തിരികെ റൂമിലെത്തിയത്. ഉമ്മയോട് വിവരം പറഞ്ഞു. ഉമ്മ പടച്ചോന് നന്ദി പറഞ്ഞു... അവർ വളരെ ക്ഷീണിതരായിരുന്നു. അറിയാതെ ഉറങ്ങിപ്പോയി.. ഇടയ്ക്ക് റഷീദ് വിളിച്ചിരുന്നു. വിവരം റഷീദിനോട് പറഞ്ഞു. എന്തായാലും അവർക്ക് പ്രതീക്ഷയുടെ നല്ലൊരു നാളെയാകട്ടെയന്നു പ്രാർത്ഥിച്ച് ഉറങ്ങാൻ കിടന്നു. ഫസലിന് ഉറക്കം വരുന്നില്ലായിരുന്നു. അവൻ തിരിഞ്ഞും മറിഞ്ഞും കിടന്നു. കണ്ണടയ്ക്കുമ്പോഴും ഉപ്പയുടെ മുഖം ഓർമ്മകളിൽ ഓടിവരുന്നു.


പലയിടത്തുനിന്നും ആട്ടിയിറക്കിയപ്പോഴും കൈത്താങ്ങായി നിന്ന മനുഷ്യനായിരുന്നു ആ തണുത്ത മുറിയിൽ കിടക്കുന്നത്... ഉപ്പയ്ക്ക ഒന്നും വരാതിരിക്കട്ടെ എന്നാണവന്റെ പ്രാർത്ഥന... ജനിച്ച അന്നുമുതൽ കാണുന്ന മനുഷ്യനാണ്. വാപ്പാന്റെ സ്നേഹം കിട്ടിയിട്ടില്ല.. എല്ലാം തനിക്ക് ഉപ്പയായിരുന്നു. ആ മനുഷ്യന്റെ ആഗ്രഹം സാധിച്ചുകൊടുക്കാനാണ് താനീ കഷ്ടപ്പെട്ട് പഠിച്ചതുപോലും... തന്നെ ഒരു ഡോക്ടറായി കണ്ടതിനു ശേഷം അല്ലാഹുവിനടുത്തേയ്ക്ക് പൊയ്ക്കോട്ടെ.. അതുവരെയെങ്കിലും ഉപ്പാനെ കൂടെ തന്നുകൂടെ.. അവന്റെ മനസ്സ് പ്രാർത്ഥനകളാൽ മുഖരിതമായിരുന്നു. തീരെ ഉറക്കം വരാതായപ്പോൾ അവൻ പതുക്കെ റൂം തുറന്ന് പുറത്തു നിന്നും ചാരി... ഉമ്മയും.. ഉമ്മൂമ്മയും നല്ല ഉറക്കത്തിലാണ്. നേരേ ഐ.സി.യുവിന്റെ മുന്നിലെത്തി.. അവിടെ പലരും കസേരയിൽ ഇരുന്നു ഉറങ്ങുന്നു. അകത്തു ജീവനുവേണ്ടി തുടിക്കുമ്പോൾ ഇവിടെ അവരുടെ ജീവനായി പ്രാർത്ഥിക്കുന്നവർ.. അവർ തളർന്നുറങ്ങുകയായിരിക്കും. അവനും ഒരു കസേരയിൽ ഇടം പിടിച്ചു...


അവന്റെ തൊട്ടടുത്തായി പ്രായം തോന്നിക്കുന്ന മനുഷ്യൻ...  അവനെ നോക്കി ചിരിച്ചു... അവനും ചിരിച്ചു...


“ആരാ ഇവിടെ കിടക്കുന്നേ...“ അദ്ദേഹം അവനോട് ചോദിച്ചു..


“ഉപ്പയാ... ഉമ്മയുടെ വാപ്പാ...“


“എന്താ.. അസുഖം..“


“ശ്വാസംമുട്ടാണ്..“


“അങ്കിളെന്താ ഇവിടെ..“


“എന്റെ മകനൊരു ആക്സിഡന്റ് പറ്റിയതാ...“


“എങ്ങനെ...“


“അവന്റെ നിർബന്ധം സഹിക്കവയ്യാതെ ഒരു സ്കൂട്ടറെടുത്തു കൊടുത്തു... അതിലായിരുന്നു അവന്റെ അഭ്യാസമൊക്കെ.. രണ്ടു ദിവസം മുന്നേ.. അവൻ മറ്റൊരു വണ്ടിയുമായി കൂട്ടിയിടിച്ചു... കാലും കയ്യുമൊക്കെ ഒടിവുണ്ട്... രണ്ടു ദിവസമായി ഇവിടെ ഐ.സി.യുവിലാണ്... ഇതുവരെ ബോധം തെളിഞ്ഞിട്ടില്ല.. “


“കൂടെയാരുമില്ലേ..“


“ഇല്ല.. അവന്റെ അമ്മ നേരത്തെ മരിച്ചതാ... എന്റെ ബന്ധുക്കൾക്കൊപ്പമാണ് കഴിയുന്നത്.. എല്ലാവരും കുറച്ചു ലാളിച്ചു വളർത്തി...“ ആ ഇരുണ്ട വെളിച്ചത്തിൽ അദ്ദേഹത്തിന്റെ കണ്ണു നിറയുന്നതും ആ കണ്ണുനീർ കൈകൾകൊണ്ടു തുടയ്ക്കുന്നതും അവൻ കണ്ടു...


“ആരേയും കൂടെ നിർത്തിയില്ല... എന്തായാലും ഞാനിവിടെ ഉണ്ടല്ലോ... മറ്റുള്ളവർക്ക് ഒരു ബുദ്ധിമുട്ടാകേണ്ടെന്നു കരുതി... മോൻ വണ്ടി ഓടിക്കാറുണ്ടോ.“


“ഉണ്ട്..“


“വളരെ സൂക്ഷിക്കണം... വാഹനം അറിഞ്ഞു വേണം ഓടിക്കാൻ... അതിനെ മെരുക്കാനറിഞ്ഞില്ലെങ്കിൽ അപകടമാണ്... അവനും അതാ സംഭവിച്ചത്.. നാട്ടുകാർ അഹങ്കാരമെന്നല്ലേ പറയൂ.. അവരുടെ വായടയ്ക്കാനാവില്ലല്ലോ..“


“ശരിയാ.. വിഷമിക്കാതിരിക്കൂ എല്ലാം ശരിയാകും..“


“ആ പ്രതീക്ഷയാ.. അവനുവേണ്ടിയാ ജീവിച്ചത്.. അവസാനകാലത്ത് തണലാകുമെന്നു കരുതിയതാ.. ഇന്നിപ്പോൾ അവനു തണലാകേണ്ട അവസ്ഥയായി... ങ്ഹാ.. എല്ലാം വിധി..“


അവർ രണ്ടാളും വളരെ അടുത്തു.. പല കാര്യങ്ങളും സംസാരിച്ചു. മകനെക്കുറിച്ചു ധാരാളം പ്രതീക്ഷയുണ്ടായിരുന്നു. പഠനത്തിൽ മിടുക്കനായിരുന്നു. പക്ഷേ ഡിഗ്രിയ്ക്ക് കോളേജിൽ ചേർത്തതോടെ അവന്റെ സ്വഭാവം മാറി.. പഠനത്തിൽ ഉഴപ്പാൻ തുടങ്ങി. ചില മോശം കൂട്ടുകെട്ടുകൾ ഉണ്ടെന്ന് അവന്റെ സുഹൃത്തുക്കളും പറയുന്നു.. എനിക്കൊന്നുമറിയില്ല മോനേ...


അദ്ദേഹത്തിന്റെ അവസ്ഥയോർത്ത് അവന് വിഷമം തോന്നി.. നാളെ ഡോക്ടറോട് അവനെക്കുറിച്ച് ചോദിക്കണമെന്നു മനസ്സിൽ വിചാരിച്ചു.. അവർ പല കാര്യങ്ങളും സംസാരിച്ചിരുന്ന് സമയം പോയതറിഞ്ഞില്ല.. ബാങ്ക് വിളികേട്ടാണ് അവൻ സമയത്തെക്കുറിച്ച് ഓർമ്മവന്നത്. നേരേ കാന്റീനിലേയ്ക്ക് പോയി... എല്ലാവർക്കും നോമ്പു തുടങ്ങുന്നതിനു മുന്നേ കഴിക്കാനുള്ള ലൈറ്റായുള്ള ഭക്ഷണം വാങ്ങി.. നേരേ റൂമിലേയ്ക്ക് അദ്ദേഹത്തെ ചായകുടിക്കാൻ വിളിച്ചിട്ട് വന്നതുമില്ല..


റൂമിലെത്തിയപ്പോഴും അവരെല്ലാം ഉറക്കമായിരുന്നു. അവൻ ലൈറ്റിട്ട് എല്ലാവരേയും വിളിച്ചുണർത്തി.. അവർ പ്രാർത്ഥന കഴിഞ്ഞ് ലഘുവായി ഭക്ഷണം കഴിച്ചു.. നോമ്പ് ഈ പുണ്യമാസത്തിൽ മുടക്കാതിരിക്കാൻ ശ്രമിക്കണം.. ഇതുവരെ മുടങ്ങിയിട്ടില്ല.. അദ്ദേഹത്തിന്റെ ആരോഗ്യത്തിനും വേണ്ടി എല്ലാവരും പ്രാർത്ഥിച്ചു. ഫസൽ ഒരുപോള കണ്ണടച്ചിരുന്നില്ല... ഭക്ഷണം കഴിഞ്ഞ് അവർ വീണ്ടുമൊരു മയക്കത്തിലേയ്ക്കു വഴുതി വീണു.. വീണ്ടും ഫസൽ വാതിൽ ചേർത്തടച്ചു പുറത്തേയ്ക്കിറങ്ങി... അവിടെ അദ്ദേഹമിരുന്ന സീറ്റിൽ നോക്കി.. അവിടാരുമില്ല. ഐ.സി.യുവിന്റെ മുന്നിലെ ചുവന്ന ലൈറ്റിൽ അദ്ദേഹത്തെ അവിടെ തിരഞ്ഞു.. കണ്ടില്ല. ചിലപ്പോൾ ചായകുടിക്കാനായി പോയതായിരിക്കും.. അവൻ ഇരുന്ന സീറ്റിൽ തന്നെ ചെന്നിരുന്നു.... പ്രതീക്ഷയോടെ കാത്തിരിക്കുന്ന രോഗികളുടെ ബന്ധുക്കൾ... അറിയാതെ ഫസൽ അവിടിരുന്ന് ഉറങ്ങിപ്പോയി...


തുടർന്നു വായിക്കുക അടുത്ത ഞായറാച്ച 09 04 2021


സസ്നേഹം ഷംസുദ്ധീൻ തോപ്പിൽ 02 04 2021