15.5.21

നിഴൽവീണവഴികൾ ഭാഗം 126

 

രാത്രി എട്ടുമണിയോടെ റഷീദ് ഹോസ്പിറ്റലിലെത്തി... ആദ്യം ഡോക്ടറെ പോയി കണ്ടു.. ഡോക്ടറും റഷീദും ഐ.സി.യുവിലെത്തി.. വാപ്പാനെ കണ്ട് ഒരു നിമിഷം സ്തബ്ധനായി നിന്നു.. ഡോക്ടർ തോളിൽ തട്ടി ആശ്വസിപ്പിച്ചു... അവർ രണ്ടാളും ഡോക്ടറോടൊപ്പം ഡ്യൂട്ടി റൂമിലേയ്ക്ക് പോയി.... വിശദമായി സംസാരിച്ചു... പ്രതീക്ഷയുടെ വെളിച്ചം അവിടെ തെളിയും എന്നായിരുന്നു റഷീദിനും പ്രതീക്ഷ... ഡോക്ടറോട് സംസാരിച്ച് അവർ റൂമിലേയ്ക്ക് ഇറങ്ങി നടന്നു..

അപ്രതീക്ഷിതമായിരുന്നു റഷീദിന്റെ നാട്ടിലേയ്ക്കുള്ള വരവ്. വരാൻ സാധ്യതയുണ്ടെന്ന് അറിയാമായിരുന്നു. ഇത്രപെട്ടെന്ന് എത്തുമെന്നറിഞ്ഞില്ല. സഫിയയും ഉമ്മയും ഫസലും അപ്രതീക്ഷിതമായി റഷീദിനെ കണ്ട് ഞെട്ടിപ്പോയി. അവർക്ക് അൽപനിമിഷത്തോളം മിണ്ടാൻ സാധിച്ചില്ല. അവർക്ക് റഷീദിന്റെ സാമീപ്യം ധൈര്യം പകരുന്നതുമായിരുന്നു.

“മാമാ വരുന്ന കാര്യം പറഞ്ഞില്ല..“ ഫസലാണത് പറഞ്ഞത്.

“അവിടെ എല്ലാകാര്യങ്ങളും നോക്കാൻ ആളുണ്ടല്ലോ... പിന്നെ കുറച്ചുദിവസം ഇവിടെ വന്നു നിൽക്കാമെന്നും കരുതി. അവിടെ നിന്നാൽ ഒരു സമാധാനവും കിട്ടില്ല.. അൻവറും അതേ അഭിപ്രായമാണ് പറഞ്ഞത്.. അടുത്ത ആഴ്ച ഫസലിനും ക്ലാസ്സ് തുടങ്ങുകയല്ലേ... അതിനാലൊന്നു വന്നു പോകാമെന്നു കരുതി..“

“ഉമ്മയ്ക്കും സഫിയയും സുഖമാണോ.“

“അതേ ഇക്കാ...“

അവരുടെ കണ്ണുകളിൽ കണ്ണുനീർ ഊറിവന്നു.. എന്തോ പന്തികേടു മനസ്സിൽ തോന്നിത്തുടങ്ങിയിരുന്നു. ഇന്നേക്ക് ഇവിടെ അഡ്മിറ്റായിട്ട് നാലു ദിവസങ്ങളായിരിക്കുന്നു. ഇത്പോലെ ഇത്ര ദിവസം ഐസിയുവിൽ വാപ്പാ കിടന്നിട്ടില്ല...

“ഇക്കാ.. വാപ്പാന്റെ കാര്യത്തിൽ എന്തേലും പ്രശ്നമുണ്ടോ..“

“തല്ക്കാലം ഇല്ല... വാപ്പയ്ക്ക് പല പല അസുഖങ്ങളുള്ളതല്ലേ.. ഞാൻ കയറി കണ്ടിരുന്നു. നല്ല ഉറക്കത്തിലാ.. വിളിയ്ക്കണ്ടാന്ന് ഡോക്ടർ പറഞ്ഞു... ഇപ്പോൾ എല്ലാം ഓക്കെയാണ്...“

അവർ സംസാരിച്ചുകൊണ്ടിരിക്കെ ഡോക്ടർ റൂമിലേയ്ക്കു വന്നു. എല്ലാവരും ചാടിയെഴുന്നേറ്റു..

“റഷീദ്... എന്തുപറയുന്നു കുടുംബം... എല്ലാവർക്കും ഒരു സർപ്രൈസ് ആയല്ലോ...“

“അതേ... ഉമ്മ.. ഡോക്ടറും വരേണ്ടതില്ലെന്നു പറഞ്ഞതാ... പിന്നെ ഇവിടെ വന്നാലേ ഒരു സമാധാനം ഉള്ളൂ.. അതിനാലിങ്ങു പോന്നതാ.“

ഡോക്ടർ യാത്ര പറഞ്ഞു പിരിഞ്ഞു.

“ഫസലേ.. മാമയ്ക്ക് കഴിക്കാനൊന്നുമില്ലേടാ...“

“മാമാ നോമ്പു തുറന്നോ...“

“ഉവ്വ്...“ ഇവിടെ കാന്റീനുണ്ട്.. നമുക്ക് അങ്ങോട്ടു പോയാലോ..“

“ശരി.. നിങ്ങൾക്കുള്ളത് പാഴ്സലായി വാങ്ങാും...“

“കൂടുതലൊന്നും വാങ്ങല്ലേ റഷീദേ... വലിയ വിശപ്പില്ല..“

“ശരി ഉമ്മാ... നാളെ മാസംകണ്ടാൽ മറ്റന്നാൾ ചെറിയ പെരുന്നാളാ... ഇത്തവണ പടച്ചോന്റെ തീരുമാനം ഇവിടെ ആഘോഷിക്കാനാ...“

“അതേ...“

ഫസലും റഷീദും ക്യാന്റീനിലേയ്ക്കു പോയി.. അവിടെ കുറച്ചു തിരക്കുണ്ടായിരുന്നു. അവർ രണ്ടു സീറ്റുകണ്ടെത്തി. അവിടെ ഇരുന്നു.. അപ്പവും മുട്ടക്കറിയും റഷീദ് ഓർഡർ നൽകി.. ഫസൽ പെറോട്ടയും ബീഫും... സഫിയയ്ക്കും ഉമ്മയ്ക്കും കഴിക്കാൻ അപ്പവും മട്ടൻ സ്റ്റൂവും വാങ്ങി... അതും പാഴ്സലാക്കി അവർ റൂമിലേയ്ക്ക് പോയി...

അവിടെ അവർക്കുള്ള ഭക്ഷണം മേശപ്പുറത്തുവച്ചു.

“മാമാ.. മാമാ വന്നത് ഏതു വണ്ടിയിലാ...“

“നമ്മുടെ വണ്ടിയിൽ..“

“അപ്പോ വിഷ്ണുവേട്ടനോ..“

“അവനെ പറ‍ഞ്ഞയച്ചു. ഇവിടെ കയറിയാൽ ഇനിയും താമസിക്കും അതിനാൽ അവനോട് പോയിട്ടു രാവിലെ വരാൻ പറഞ്ഞു..“

“നാദിറാന്റിയെ വിളിച്ചിരുന്നോ..“

“ഇവിടെ വന്നിട്ട് വിളിച്ച് കാര്യം പറ‍ഞ്ഞു. അവിടെ രണ്ടാളും കുട്ടികളുമായി നല്ല ഗുസ്തിപിടുത്തമാ... ഇടയ്ക്കിടയ്ക്ക് ഇവിടെ വിളിക്കുന്നെന്നു പറഞ്ഞിരുന്നു. അവരെ വളരെ ടെൻഷനിലായിരുന്നു.“

“റഷീദേ നീ കട്ടിലിൽ കിടന്നോ... ഞാൻ താഴെക്കിടക്കാം...“ ഉമ്മ പറഞ്ഞു..

“വേണ്ട ഉമ്മ.. എനിക്ക് തൊട്ടടുത്ത് റൂം ഡോക്ടർ നൽകിയിട്ടുണ്ട്... ഇന്നവിടെയാകാം...“

അവർക്ക് റഷീദിന്റെ വരവ് ഒരൽപം ആശ്വാസം നൽകി... ഇതിനിടയിൽ അൻവർ വിളിച്ചിരുന്നു. അനുജനും ജ്യേഷ്ഠനും വിശദമായി സംസാരിച്ചു. വാപ്പയുടെ രോഗവിവരം കമ്പനിയിൽ എല്ലാവരും അറിഞ്ഞിരുന്നു. അഭിമന്യുവിനോടും കാര്യങ്ങളും വിശദമായി പറഞ്ഞിരുന്നു. എല്ലാവരും വാപ്പയ്ക്കു വേണ്ടി പ്രാർത്ഥിക്കുന്നുണ്ടായിരുന്നു.

അന്നത്തെ ദിവസം വളരെ വൈകുവോളം അവർ സംസാരിച്ചും പറഞ്ഞുമിരുന്നു. റഷീദ് ഉറങ്ങാനായി തൊട്ടടുത്ത റൂമിലേയ്ക്ക് പോയി... എന്തേലും ഉണ്ടെങ്കിൽ വിളിക്കണമെന്ന് ഫസലിനോട് പറഞ്ഞിരുന്നു.

അതി രാവിലെ തന്നെ അവർ ഉണർന്നു. നോമ്പു തുടങ്ങുന്നതിനു മുമ്പു കുറച്ചു ലഘു ഭക്ഷണം കഴിച്ചു... റഷീദും റൂമിലേയ്ക്ക് എത്തിയിരുന്നു. അവർ ഒരുമിച്ചായിരുന്നു ലഘുഭക്ഷണം കഴിച്ചത്. രാവിലെ 7 മണിക്ക് ഡോക്ടറെത്തും അപ്പോൾ കാര്യങ്ങൾ അറിയാം... അവർ വീണ്ടും ചെറിയൊരു മയക്കത്തിയേക്കു വീണു.

ഡ്യൂട്ടി റൂമിൽ നിന്ന് ഫോൺ വിളി കേട്ടാണ് റഷീദ് ഉണർന്നത്.. ഡോക്ടർ ഐസിയുവിൽ എത്താൻ പറ‍ഞ്ഞിരുന്നു.

അവൻ അപ്പോൾത്തനെ റഡിയായി ഐസിയുവിലേയ്ക്ക്. വാതിൽ തുറന്ന് അകത്തേയ്ക്ക്... അവിടെ ഡോക്ടർ നിൽപ്പുണ്ടായിരുന്നു.

“എന്താ ഡോക്ടർ..“

“വാ വാപ്പായ്ക്ക് മയക്കമൊക്കെ മാറി.. നീ വന്ന കാര്യം പറഞ്ഞു. അപ്പോൾ കാണണമെന്നു ആവശ്യപ്പെട്ടു..“

അവർ വാപ്പാന്റെ കിടയ്ക്കക്കരികിലേയ്ക്കു നീങ്ങി...

ഇന്നലെ കണ്ടതുപോലല്ല ഇന്ന്.. മൂക്കിലും വായിലുമുണ്ടായിരുന്ന ട്യൂബുകൾ നീക്കം ചെയ്തിരിക്കുന്നു... കൈയ്യിൽ ട്രിപ് മാത്രമേയുള്ളൂ... കണ്ണടച്ചിരിക്കുന്നു.

“റഷീദൊന്നു വിളിച്ചേ...“

“വാപ്പാ..“

ആ വിളിയിൽ അദ്ദേഹം ഞെട്ടിയുണർന്നു...

തല ചരിച്ചു നോക്കി.. “ങ്ഹാ.. റഷീദോ...“

“അതേ വാപ്പാ..“

റഷീദ് അടുത്തുചെന്നു. അവന്റെ കരം ഗ്രഹിച്ചു... “നീയെപ്പോഴെത്തി..“

“ഇന്നലെ...“

“ഞാനെന്നാ ഇവിടെ വന്നതെന്ന് ഓർക്കുന്നില്ല...“

“ഹമീദ്ക്കാ... നാലഞ്ചു ദിവസമായി..“

“അതേയോ... ഡോക്ടർ...“

“ഇക്കാ കുറച്ചു ടെൻഷൻ അടിപ്പിച്ചു കളഞ്ഞല്ലോ...“

“ഡോക്ടറെ ഞാൻ തിരികെ വരില്ലെന്നു കരുതിയതാ... പുണ്യമാസമല്ലേ.. പടച്ചോന്റെ തീരുമാനം അനുസരിക്കാനല്ലേ പറ്റൂ..“

“അങ്ങനൊന്നും പടച്ചോൻ ഹമീദിക്കാനെ തിരികെ വിളിക്കില്ല കേട്ടോ...“

ഹമീദിന്റെ മുഖത്ത് ചെറിയ ചിരിയുണർന്നു.

റഷീദിന് വളരെ സന്തോഷം തോന്നി... കുറച്ചു ദിവസമായി ഉരുണ്ടു കൂടിയ പിരിമുറുക്കത്തിന് അയവു വന്നിരിക്കുന്നു.

“റഷീദേ എന്നാ ചെറിയപെരുന്നാള്..“

“വാപ്പാ.. ഇന്നു മാസം കണ്ടാൽ നാളെയായിരിക്കും.. “

“ങ്ഹാ... ഇത്തവണ പടച്ചോൻ പറഞ്ഞിരിക്കുന്നത് ഇവിടെ ആഘോഷിക്കാനായിരിക്കും... ഡോക്ടറെ എന്നാ എനിക്ക് വീട്ടിലേയ്ക്ക് പോകാനാവുക..“

“ഹമീദിക്കാ.. രണ്ടു ദിവസം വേണ്ടിവരും.. നമുക്ക് ഇന്നു വൈകിട്ടോ നാളെ രാവിലെയോ റൂമിലേയ്ക്ക് മാറാം... ഒരുമിച്ച് പെരുന്നാൾ ഇവിടെ ആഘോഷിക്കാം...“

“ഹമീദൊന്നു ചിരിച്ചു...“

അപ്പോൾ കുറച്ചു വിശ്രമിച്ചോ.. ഞങ്ങൾ പോകട്ടെ...“

ഹമീദ് റഷീദിന്റ കൈ വിട്ടു... അവർ യാത്രപറഞ്ഞു പിരിഞ്ഞു... ഇപ്പോൾ അദ്ദേഹം കുറച്ച് ആരോഗ്യവാനായിരിക്കുന്നു.

അവർ പുറത്തേയ്ക്കിറങ്ങി..

“എങ്ങനുണ്ട് ഡോക്ടർ..“

“ഇവിടെ സമയത്ത് എത്തിക്കാൻ സാധിച്ചത് നന്നായി... കുറച്ച് ക്രിട്ടിക്കലായിരുന്നു. പക്ഷേ മരുന്നിനോട് വേഗം പ്രതികരിക്കുന്നുണ്ടായിരുന്നു. ഒരു സംശയം തോന്നി സി.റ്റി. എടുത്തു.. അതിൽ പ്രശ്നങ്ങളൊന്നുമില്ലായിരുന്നു അങ്ങനെ ഒരു പ്രതീക്ഷയായി... ഇനി പേടിക്കാനൊന്നുമില്ല... ഇപ്പോൾ എല്ലാം നോർമ്മലാ..“

റഷീദ് പടച്ചോനോട് നന്ദി പറഞ്ഞു...

ഡോക്ടർ ഡ്യൂട്ടി റൂമിലേയ്ക്കും റഷീദ് റൂമിലേയ്ക്കും പോയി.. അവിടെ ഡോറിൽ തട്ടി വിളിച്ചു. അപ്പോഴാണ് അവർ ഉണർന്നത്.. സമയം എട്ടു മണി കഴിഞ്ഞിരിക്കുന്നു.

“എന്തായിക്കാ...“

“ഞാൻ വാപ്പാനെ കണ്ടു... കുഴപ്പമൊന്നുമില്ല. മിക്കവാറും ഇന്നു വൈകിട്ടോ. നാളെ രാവിലെയോ റൂമിലേയ്ക്കു മാറ്റും..“

എല്ലാവരും ഒന്നു നെടുവീർപ്പിട്ടു.. അള്ളാഹുവിനോട് നന്ദി പറഞ്ഞു... എല്ലാവർക്കും കുറച്ച് ഉത്സാഹം തോന്നി...

“വാ ഫസലേ.. നമുക്ക് താഴെ ബൂത്തിലേയ്ക്ക് പോകാം.. ഗൾഫിൽ വിളിച്ച് അൻവറിനോട് അഭിമന്യുവിനോടും കാര്യം പറയണം...“

അവർ രണ്ടാളും പുറത്തേക്കിറങ്ങി.. ബൂത്തിലെത്തി അൻവറിനെ വിളിച്ചു കാര്യം പറഞ്ഞു.. ആ കുടുംബത്തിലുണ്ടായ പിരിമുറുക്കത്തിന് അയവു വന്നിരിക്കുന്നു. അഭിമന്യുവിനേ വിളിച്ചു കാര്യം പറഞ്ഞു. വീട്ടിലേയ്ക്കും വിളിച്ചു. നാദിറയാണ് ഫോണെടുത്തത്.. അവളോടും കാര്യം പറഞ്ഞു.. വിഷ്ണുവിനെ അയക്കണോ എന്നു ചോദിച്ചു. റഷീദ് വേണ്ടെന്നു പറഞ്ഞു..

“നാളെ നിങ്ങളെല്ലാവരും ഇങ്ങോട്ടു പോരേ... നമുക്ക് പെരുന്നാൾ ഇവിടെ കൂടാം.. വാപ്പാ ഇവിടല്ലേ..“

“അവരെല്ലാം സമ്മതിച്ചു....“

രാവിലെ തന്നെ സ്റ്റീഫനും ഭാര്യയും ഹോസ്പിറ്റലിൽ എത്തിയിരുന്നു. അവർ ഗൾഫിൽ നിന്നും വിവരങ്ങൾ അറിഞ്ഞെത്തിയതാ... അന്നത്തെ ദിവസം വൈകുന്നേരം വരെ റൂമിൽ തിരക്കായിരുന്നു. അഭിമന്യുവിന്റെ കുടുംബത്തിൽ നിന്നും ആളെത്തിയിരുന്നു. കൂടാതെ നാട്ടിൽ നിന്നും ആളെത്തി. മൗലവിയും വന്നിരുന്നു. അവരെല്ലാം ഹമീദിന്റെ ആരോഗ്യത്തിനുവേണ്ടി പ്രാർത്ഥിച്ചാണ് മടങ്ങിയത്... വൈകുന്നേരം നോമ്പു തുറകഴിഞ്ഞ് ഡോക്ടർ എത്തിയിരുന്നു. പെരുന്നാൾ നാളെയെന്ന് അറിയിപ്പു കിട്ടി. എല്ലാവർക്കും കുറച്ച് ഉത്സാഹം തോന്നി...

“റഷീദേ.. വാപ്പാനേ റൂമിലേയ്ക്കു കൊണ്ടുവരാൻ പോകയാ...“

അവർക്കെല്ലാവർക്കും സന്തോഷം പകരുന്ന വാർത്തയായിരുന്നത്... റൂമിൽ എല്ലാം അടുക്കിപ്പെറുക്കിവച്ചു.. കഴിഞ്ഞ അഞ്ചു ദിവസങ്ങൾ പോയതെങ്ങനെയെന്നറിയില്ല. റഷീദും ഫസലും ഐസിയുവിനു പുറത്തെത്തി... അൽപനേരത്തിനകം വാതിൽ തുറന്ന് വാപ്പാനേയും വഹിച്ചുള്ള സ്റെക്ചർ പുറത്തേയ്ക്ക്... വാപ്പാ ചുറ്റും നോക്കുന്നുണ്ടായിരുന്നു. അവരെ രണ്ടാളേയും കണ്ട് സന്തോഷത്തോടെ ചിരിച്ചു... നേരേ റൂമിലേയ്ക്ക്... ഹമീദിന്റെയും സഫിയയുടെയും ഉമ്മയുടെയും കണ്ണുകൽ നിറഞ്ഞിരുന്നു...

“നിങ്ങളെന്തിനാ വിഷമിക്കുന്നേ... ഞാനിങ്ങെത്തിയില്ലേ...“

റഷീദും ഫസലും തള്ളിക്കൊണ്ടുവന്ന സ്ട്രക്ച്ചറിൽ നിന്നും ഹമീദിനെ കിടക്കയിലേയ്ക്ക് കിടത്തി... യൂറിൻ പോകാൻ ട്യൂബിട്ടിട്ടുണ്ട്.

“എങ്ങനുണ്ട് വാപ്പാ...“ സഫിയയാണ് ചോദിച്ചത്..

“എനിക്ക് കുഴപ്പമൊന്നുമില്ല... നല്ലൊരു വിശ്രമം കിട്ടി... പടച്ചോന്റെ നിയോഗമല്ലേ..“

അവരെ സന്തോഷിപ്പിക്കുന്ന വാക്കുകളായിരുന്നത്... മരണത്തിന്റെ കൈയ്യിൽനിന്നും തിരികെയെത്തിയതാണെന്നവർക്കറിയാം.. വാപ്പാന്റെ നല്ല പ്രവർത്തികൾ അദ്ദേഹത്തെ എപ്പോഴും തുണച്ചിട്ടുണ്ട്. ആരോഗ്യ പ്രശ്നങ്ങളുണ്ടെങ്കിലും ആയുസ്സു കൊടുക്കണേ എന്നാണവരുടെ പ്രാ‍ർത്ഥന... കുടുംബത്തിന്റെ നട്ടെല്ല്... അദ്ദേഹമില്ലാത്തൊരു ജിവിതം അവർക്ക് ഓർക്കാൻകൂടി കഴിയില്ലായിരുന്നു...

ഫസൽ ഹമീദിന്റെ കിടക്കയുടെ തലയ്ക്കൽ തന്നെ സ്ഥാനം പിടിച്ചിരുന്നു. റഷീദിനും ആശ്വാസമായി. ഇടയ്ക്ക് അൻവർ വിളിച്ചിരുന്നു. ഫോൺ ഹമീദന്റെ കൈകളിൽ കൊടുത്തു.. അദ്ദേഹം അൻവറിനോട് കുറച്ചു നേരം സംസാരിച്ചു.

ആശ്വാസത്തിന്റെ കിരണങ്ങൾ നാളെ വിശ്വാസികളുടെ പെരുന്നാളാണ്... ആശുപത്രിയിലാണെങ്കിലും ഒരുമിച്ച് ഇവിടെ കൂടാമെന്നാണ് പടച്ചോന്റെ തീരുമാനം..

രാവിലെ പത്തു മണിക്കുതന്നെ നാദിറയും മറ്റുമെത്തിയിരുന്നു. കാന്റീനിൽ പ്രത്യേകിച്ച് ബിരിയാണി പറഞ്ഞിരുന്നു. ഹമീദിന് ചോറും കറിയുമാണ് പറഞ്ഞത്.. കട്ടിയാഹാരം കഴിക്കേണ്ടെന്ന് ഡോക്ടറുടെ നിർദ്ദേശമുണ്ടായിരുന്നു. കുട്ടികൾ അവരുടെ ലോകം എവിടെയായിലും കണ്ടെത്തും.. തലങ്ങും വിലങ്ങും ഓടുന്നുണ്ടായിരുന്നു.

അന്നാ കുടുംബം സന്തോഷത്തോടെ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചു.. വീണ്ടുമൊരു പെരുന്നാൾകൂടി കടന്നുപോയി... സഹനത്തിന്റെ സാഹോദര്യത്തിന്റെ സ്നേഹത്തിന്റെ... ദുഃഖങ്ങളും അസുഖങ്ങളുമില്ലാത്ത ഒരു നാളേയ്ക്കായി കാത്തിരിക്കാം... അകന്നിരുന്ന് ആഘോഷിക്കാം.. മനസ്സുകൾകൊണ്ടുള്ള അടുപ്പം.. അതുമതി ഇക്കാലത്ത്... തിരിച്ചുവരും ഈ ലോകം...



തുടർന്നു വായിക്കുക അടുത്ത ഞായറാഴ്ച്ച 23 05 20201

സസ്നേഹം ഷംസുദ്ധീൻ തോപ്പിൽ 16 05 2021



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ