1.5.21

നിഴൽവീണവഴികൾ ഭാഗം 124


ഫസൽ വിഷ്ണുവിനെ അവിടെ നിർത്തി പുറത്തേയ്ക്കിറങ്ങി.. ബൂത്തിലെത്തി ഐ.എസ്.ഡി കാൾ ചെയ്തു. റഷീദിനോട് വിവരം പറഞ്ഞു.. അൻവർ മാമയോട് കാര്യം പറയാൻ പറഞ്ഞു.. റഷീദ് വളരെ ടെൻഷനിലായി..

“ഫസലേ.. ഞാൻ അടുത്ത ഫ്ലൈറ്റിൽ നാട്ടിലേയ്ക്ക് വരാം..“

“അതു വേണ്ട മാമാ..“

“അതു കുഴപ്പമില്ല.. ഇവിടെ വലിയ തിരക്കൊന്നുമില്ല..“

“മാമാ അതിനുംവേണ്ടിയുള്ള പ്രശ്നങ്ങളില്ല.. എനിക്ക് മാനേജ് ചെയ്യാവുന്നതേയുള്ളൂ..“

“ശരി... ഞാൻ ഡോക്ടറുമായി സംസാരിക്കട്ടെ..“ റഷീദ് ഫോൺ വച്ചു..

അവൻ തിരിച്ച് ഐസിയുവിന് മുന്നിലെത്തി... സഫിയയുടെ കണ്ണുകളിൽ നിന്നും കണ്ണുനിർ വീഴുന്നു.. അവൻ അടുത്തെത്തി...


മണിക്കൂറുകൾ കടന്നുപോയതറിഞ്ഞില്ല.. നോമ്പു തുറക്കേണ്ട സമയമായി.. പക്ഷേ ഇതിനിടയിൽ അതിനുള്ള സമയവും ലഭിച്ചില്ല... എല്ലാവരും ആ മനുഷ്യനുവേണ്ടി പ്രാർത്ഥിക്കുകാണ്.


നിശ്ശബ്ദമായ ഐ.സി.യു. വിന് മുന്നിൽ നിന്നും ഡോർ തുറന്ന്ഡോക്ടർ പുറത്തേയ്ക്കു വന്നു... ഫസലിനെ അടുത്തു വിളിച്ചു. സഫിയയും കൂടെ എത്തി... ഫസലിന്റെ തോളിൽ കൈയ്യിട്ടുകൊണ്ട് ഡോക്ടർ പറഞ്ഞു.


“ഫസലേ. ഞങ്ങൾ കഴിവിന്റെ പരമാവധി ശ്രമിക്കുന്നു. ബാക്കിയെല്ലാം പടച്ചോന്റെ കൈകളിലാണ്. ഈ പുണ്യമാസത്തിൽ അദ്ദേഹത്തെ പടച്ചോൻ സംരക്ഷിച്ചുകൊള്ളും.. നമ്മുടെ കൈകളിലല്ലല്ലോ ഇതൊക്കെ... സയൻസ് പഠിച്ച് ഡോക്ടറായാലും ആയുസു നീട്ടിക്കൊടുക്കാൻ പടച്ചോൻതന്നെ വിചാരിക്കണം. ഇപ്പോൾ ചെറിയ പുരോഗതി കാണുന്നു. അതു നിങ്ങളുടെ പ്രാർത്ഥനയുടെ ഫലമാണ്. എല്ലാം നേരേയാകും. പടച്ചോനെ വിളിച്ചു പ്രാർത്ഥിക്കുക..“


“ഡോക്ടർ ഒന്നു കാണാനാകുമോ...“


“കാണിക്കാം. കുറച്ചു മണിക്കൂറുകൾ കഴിയട്ടെ.. എവിടെ ഉമ്മ..“


“അതാ അവിടിരിക്കുന്നു.“


“നിങ്ങൾ ഇവിടെ നിൽക്കണമെന്നില്ല... റൂമിലേയ്ക്കുപോകാം.. അതിനു മുന്നേ നിങ്ങൾ എന്നോടൊപ്പം പോന്നോള്ളൂ...“


അവർ നടന്ന് ഡോക്ടറുടെ റൂമിലെത്തി.. അപ്പോൾ നോമ്പു തുറക്കാനുള്ള സമയമായിരിക്കുന്നു... അവർ മൂവരും ഡോക്ടറുടെ റൂമിൽ കയറി.. കൺസൾട്ടേഷൻ ഏരിയയ്ക്ക് അപ്പുറത്തായി ഒരു വലിയ ഹാൾ അവിടെ ടേബിളിൽ നോമ്പുവിഭവങ്ങൾ ഒരുക്കിയിരിക്കുന്നു.


ഈ പുണ്യമാസത്തിൽ നോമ്പു പിടിക്കുകയെന്നുള്ളത് ഓരോ മുസൽമാന്റെയും ഉത്തരവാദിത്വമാണ്.. അത് തുറക്കേണ്ട  സമയത്ത് ആ കടമ ചെയ്യുകയും വേണം... എന്തായാലും ഹമീദിന്റെ കാര്യം എനിക്കു വിട്ടേരേ.. നമുക്ക് ഒരുമിച്ച് നോമ്പു തുറക്കാം... മനസ്സില്ലാ മനസ്സോടെ അവർ ഡേബിളിനു ചുറ്റുമിരുന്നു. ആർക്കും ഒന്നും സംസാരിക്കാനായില്ല.. ഡോക്ടർ എല്ലാവർക്കും ഭക്ഷണം വിളമ്പി... നാരങ്ങാവെള്ളവും ഈത്തപ്പഴവും കഴിച്ച് അവർ നോമ്പുതുറന്നു . കൂടാതെ... മറ്റുള്ളവരെ ഡോക്ടർ തന്നെ നിർബന്ധിച്ചു കഴിപ്പിച്ചു.


ഹമീദ് ഒഴിച്ച് ബാക്കിയെല്ലാവർക്കും നോമ്പായിരുന്നു. ഇന്നത്തെ ഓട്ടംകൊണ്ട് എല്ലാവരും ക്ഷീണിതരുമായിരുന്നു. അവർക്ക് അവിടെ ഒരു റൂം ഡോക്ടറ്‍ അറൈ‍ഞ്ച് ചെയ്തിരുന്നു.


“റഷീദ് വിളിച്ചിരുന്നു. റഷീദിനോട് ഞാൻ കാര്യങ്ങൾ വിശദമായി സംസാരിച്ചിരുന്നു. വരാൻ തയ്യാറായിരുന്നു. ഞാൻ പറഞ്ഞു അതിന്റെ ആവശ്യമില്ല.. ഇവിടെ നമ്മളെല്ലാമുണ്ടല്ലോ... നിങ്ങളുടെ റൂമിലേയ്ക്ക് വിളിക്കും. അവിടത്തെ എക്സ്റ്റൻഷൻ നമ്പർ അവന് ഞാൻ നൽകിയിട്ടുണ്ട്. കൂടെ വന്ന ഡ്രൈവറോ..“


“ഞങ്ങൾക്ക് കുറച്ച് ഡ്രസ്സ് എടുക്കണമായിരുന്നു. അതിനാൽ വീട്ടിലേയ്ക്ക് പറഞ്ഞയച്ചു.“


“ശരി.. അതു നന്നായി... എന്തായാലും സന്തോഷമായിരിക്കുക.. എല്ലാം അള്ളാഹുവിന്റെ പരീക്ഷണങ്ങളാണ്.. ആരും ടെൻഷനടിക്കേണ്ട... സന്തോഷമായി റൂമിലേയ്ക്കു പോയി ഫ്രഷാവുക.. കാന്റീനിൽ ഞാൻ ഭക്ഷണ കാര്യം പറഞ്ഞിട്ടുണ്ട്. സമയാസമയത്ത് അതവിടെ എത്തിക്കും. എന്തേലും അധികം വേണമെങ്കിൽ അവിടെ വിളിച്ചു പറഞ്ഞാൽ മതി..“


ഡോക്ടർ  അടുത്തറിയാവുന്ന ആളായതിനാൽ ഒരു ബുദ്ധിമുട്ടുമുണ്ടായില്ല.. എല്ലാം അദ്ദേഹം തന്നെ ഇടപാട് ചെയ്തിരുന്നു. റൂമിലേക്ക് പോയി ഫ്രഷായി. പ്രാർത്ഥനയും നടത്തി... അല്പംകഴിഞ്ഞപ്പോൾ വിഷ്ണു പറഞ്ഞയച്ച സാധനങ്ങളുമായെത്തി...


“എങ്ങനുണ്ട് ഹമീദിക്കയ്ക്ക്.“


“ഡോക്ടർ പറഞ്ഞു കുഴപ്പമൊന്നുമില്ലെന്ന്... എന്തായാലും ജീവനോടെ തിരികെക്കിട്ടാനാണ് പ്രാർത്ഥന...“


മണിക്കൂറുകൾ കടന്നുപൊയ്ക്കൊണ്ടിരുന്നു. ഇതിനിടയിൽ റഷീദ് വിളിച്ച് കാര്യങ്ങൾ അന്വേഷിച്ചു. ഡോക്ടറുമായി സംസാരിച്ച കാര്യങ്ങൾ അവരെ ധരിപ്പിച്ചു. രാത്രി 9 മണിയോടെ ഡ്യൂട്ടി നഴ്സ് വിളിച്ചിരുന്നു. ഡോക്ടർ കാണണമെന്ന് പറഞ്ഞതിനാൽ ഫസൽ നേരേ ഡോക്ടറുടെ മുറിയിലേയ്ക്ക് പോയി.


“എന്താ ഡോക്ടർ.. എങ്ങനുണ്ട്..“


“ഇപ്പോൾ സ്റ്റേബിളായിട്ടുണ്ട്. നല്ല മയക്കത്തിലാണ്. എല്ലാം നോർമലാണ്... ആസ്ത്മയുടെ പ്രശ്നമുള്ളതിനാൽ ഉണ്ടാകുന്ന ശ്വാസംമുട്ടാണ്. അത് സാധാരണ സ്പ്രേയിൽ നിൽക്കുന്നില്ല... നമുക്ക് മരുന്നുകളും മാറ്റാം...“


“ഇപ്പോൾ കാണാനാകുമോ..“


“ഇല്ലില്ല.. ഇനി നമുക്കു നാളെ കാണാം. അദ്ദേഹത്തിന് സംസാരിക്കാനുള്ള കഴിവായിട്ടില്ല. നല്ല ക്ഷീണിതനാണ്. 24 മണിക്കൂറുകൾ കഴിയണം.. എല്ലാം നേരെയാകും.. ഇപ്പോൾ ശുഭപ്രതീക്ഷതന്നെയാണ്... എന്തായാലും നാളെ രാവിലെ എം.ആർ.ഐ എടുക്കും.. അതിനു ശേഷം വേണ്ട ട്രീറ്റുമെന്റുകളിൽ തീരുമാനമാകും... ഓക്സിജന്റെ കുറവുണ്ടായത് തലച്ചോറിൽ എന്തെങ്കിലും പ്രശ്നങ്ങൾ സൃഷ്ടിച്ചോ എന്നറിയേണ്ടേ... ഇന്നെടുത്ത എം.ആർ.ഐ. കുഴപ്പമില്ലായിരുന്നു. നാളെ വീണ്ടുമൊരെണ്ണം എടുക്കണം. വേറേ പ്രശ്നങ്ങൾ ഒന്നുമില്ലെങ്കിൽ നമുക്കു രണ്ടുമൂന്നു ദിവസങ്ങൾക്കകം റൂമിലേയ്ക്കു കൊണ്ടുവരാം.. ഇപ്പോൾ വെന്റിലേറ്ററിൽ നിന്നും മാറ്റാറായിട്ടില്ല...ഇതൊന്നും അവരോട് പറയേണ്ട... ഡോക്ടർമാർക്ക് എല്ലാ കാര്യങ്ങളും ബൈസ്റ്റാന്ററോട് പറയാനാവില്ലല്ലോ...“


“എന്തായാലും ഇപ്പോൾ സ്റ്റേബിളായല്ലോ ഡോക്ടർ..“


“എസ്. ഷുവർ.. ഓക്കെയാണ്... പ്രതീക്ഷയുണ്ട്...“


“അതു മതി ഡോക്ടർ...“


അപ്പോഴേയ്ക്കും സഫിയയും അവിടെ എത്തിയിരുന്നു. ഡോക്ടർ അവളോടും നല്ല കാര്യങ്ങൾ തന്നെയാണ്. പറഞ്ഞത്.. നാളെ രാവിലെ ബാപ്പാനെ കാണിക്കാമെന്നും പറഞ്ഞു.


അവർ കുറച്ചു സന്തോഷത്തിലാണ് തിരികെ റൂമിലെത്തിയത്. ഉമ്മയോട് വിവരം പറഞ്ഞു. ഉമ്മ പടച്ചോന് നന്ദി പറഞ്ഞു... അവർ വളരെ ക്ഷീണിതരായിരുന്നു. അറിയാതെ ഉറങ്ങിപ്പോയി.. ഇടയ്ക്ക് റഷീദ് വിളിച്ചിരുന്നു. വിവരം റഷീദിനോട് പറഞ്ഞു. എന്തായാലും അവർക്ക് പ്രതീക്ഷയുടെ നല്ലൊരു നാളെയാകട്ടെയന്നു പ്രാർത്ഥിച്ച് ഉറങ്ങാൻ കിടന്നു. ഫസലിന് ഉറക്കം വരുന്നില്ലായിരുന്നു. അവൻ തിരിഞ്ഞും മറിഞ്ഞും കിടന്നു. കണ്ണടയ്ക്കുമ്പോഴും ഉപ്പയുടെ മുഖം ഓർമ്മകളിൽ ഓടിവരുന്നു.


പലയിടത്തുനിന്നും ആട്ടിയിറക്കിയപ്പോഴും കൈത്താങ്ങായി നിന്ന മനുഷ്യനായിരുന്നു ആ തണുത്ത മുറിയിൽ കിടക്കുന്നത്... ഉപ്പയ്ക്ക ഒന്നും വരാതിരിക്കട്ടെ എന്നാണവന്റെ പ്രാർത്ഥന... ജനിച്ച അന്നുമുതൽ കാണുന്ന മനുഷ്യനാണ്. വാപ്പാന്റെ സ്നേഹം കിട്ടിയിട്ടില്ല.. എല്ലാം തനിക്ക് ഉപ്പയായിരുന്നു. ആ മനുഷ്യന്റെ ആഗ്രഹം സാധിച്ചുകൊടുക്കാനാണ് താനീ കഷ്ടപ്പെട്ട് പഠിച്ചതുപോലും... തന്നെ ഒരു ഡോക്ടറായി കണ്ടതിനു ശേഷം അല്ലാഹുവിനടുത്തേയ്ക്ക് പൊയ്ക്കോട്ടെ.. അതുവരെയെങ്കിലും ഉപ്പാനെ കൂടെ തന്നുകൂടെ.. അവന്റെ മനസ്സ് പ്രാർത്ഥനകളാൽ മുഖരിതമായിരുന്നു. തീരെ ഉറക്കം വരാതായപ്പോൾ അവൻ പതുക്കെ റൂം തുറന്ന് പുറത്തു നിന്നും ചാരി... ഉമ്മയും.. ഉമ്മൂമ്മയും നല്ല ഉറക്കത്തിലാണ്. നേരേ ഐ.സി.യുവിന്റെ മുന്നിലെത്തി.. അവിടെ പലരും കസേരയിൽ ഇരുന്നു ഉറങ്ങുന്നു. അകത്തു ജീവനുവേണ്ടി തുടിക്കുമ്പോൾ ഇവിടെ അവരുടെ ജീവനായി പ്രാർത്ഥിക്കുന്നവർ.. അവർ തളർന്നുറങ്ങുകയായിരിക്കും. അവനും ഒരു കസേരയിൽ ഇടം പിടിച്ചു...


അവന്റെ തൊട്ടടുത്തായി പ്രായം തോന്നിക്കുന്ന മനുഷ്യൻ...  അവനെ നോക്കി ചിരിച്ചു... അവനും ചിരിച്ചു...


“ആരാ ഇവിടെ കിടക്കുന്നേ...“ അദ്ദേഹം അവനോട് ചോദിച്ചു..


“ഉപ്പയാ... ഉമ്മയുടെ വാപ്പാ...“


“എന്താ.. അസുഖം..“


“ശ്വാസംമുട്ടാണ്..“


“അങ്കിളെന്താ ഇവിടെ..“


“എന്റെ മകനൊരു ആക്സിഡന്റ് പറ്റിയതാ...“


“എങ്ങനെ...“


“അവന്റെ നിർബന്ധം സഹിക്കവയ്യാതെ ഒരു സ്കൂട്ടറെടുത്തു കൊടുത്തു... അതിലായിരുന്നു അവന്റെ അഭ്യാസമൊക്കെ.. രണ്ടു ദിവസം മുന്നേ.. അവൻ മറ്റൊരു വണ്ടിയുമായി കൂട്ടിയിടിച്ചു... കാലും കയ്യുമൊക്കെ ഒടിവുണ്ട്... രണ്ടു ദിവസമായി ഇവിടെ ഐ.സി.യുവിലാണ്... ഇതുവരെ ബോധം തെളിഞ്ഞിട്ടില്ല.. “


“കൂടെയാരുമില്ലേ..“


“ഇല്ല.. അവന്റെ അമ്മ നേരത്തെ മരിച്ചതാ... എന്റെ ബന്ധുക്കൾക്കൊപ്പമാണ് കഴിയുന്നത്.. എല്ലാവരും കുറച്ചു ലാളിച്ചു വളർത്തി...“ ആ ഇരുണ്ട വെളിച്ചത്തിൽ അദ്ദേഹത്തിന്റെ കണ്ണു നിറയുന്നതും ആ കണ്ണുനീർ കൈകൾകൊണ്ടു തുടയ്ക്കുന്നതും അവൻ കണ്ടു...


“ആരേയും കൂടെ നിർത്തിയില്ല... എന്തായാലും ഞാനിവിടെ ഉണ്ടല്ലോ... മറ്റുള്ളവർക്ക് ഒരു ബുദ്ധിമുട്ടാകേണ്ടെന്നു കരുതി... മോൻ വണ്ടി ഓടിക്കാറുണ്ടോ.“


“ഉണ്ട്..“


“വളരെ സൂക്ഷിക്കണം... വാഹനം അറിഞ്ഞു വേണം ഓടിക്കാൻ... അതിനെ മെരുക്കാനറിഞ്ഞില്ലെങ്കിൽ അപകടമാണ്... അവനും അതാ സംഭവിച്ചത്.. നാട്ടുകാർ അഹങ്കാരമെന്നല്ലേ പറയൂ.. അവരുടെ വായടയ്ക്കാനാവില്ലല്ലോ..“


“ശരിയാ.. വിഷമിക്കാതിരിക്കൂ എല്ലാം ശരിയാകും..“


“ആ പ്രതീക്ഷയാ.. അവനുവേണ്ടിയാ ജീവിച്ചത്.. അവസാനകാലത്ത് തണലാകുമെന്നു കരുതിയതാ.. ഇന്നിപ്പോൾ അവനു തണലാകേണ്ട അവസ്ഥയായി... ങ്ഹാ.. എല്ലാം വിധി..“


അവർ രണ്ടാളും വളരെ അടുത്തു.. പല കാര്യങ്ങളും സംസാരിച്ചു. മകനെക്കുറിച്ചു ധാരാളം പ്രതീക്ഷയുണ്ടായിരുന്നു. പഠനത്തിൽ മിടുക്കനായിരുന്നു. പക്ഷേ ഡിഗ്രിയ്ക്ക് കോളേജിൽ ചേർത്തതോടെ അവന്റെ സ്വഭാവം മാറി.. പഠനത്തിൽ ഉഴപ്പാൻ തുടങ്ങി. ചില മോശം കൂട്ടുകെട്ടുകൾ ഉണ്ടെന്ന് അവന്റെ സുഹൃത്തുക്കളും പറയുന്നു.. എനിക്കൊന്നുമറിയില്ല മോനേ...


അദ്ദേഹത്തിന്റെ അവസ്ഥയോർത്ത് അവന് വിഷമം തോന്നി.. നാളെ ഡോക്ടറോട് അവനെക്കുറിച്ച് ചോദിക്കണമെന്നു മനസ്സിൽ വിചാരിച്ചു.. അവർ പല കാര്യങ്ങളും സംസാരിച്ചിരുന്ന് സമയം പോയതറിഞ്ഞില്ല.. ബാങ്ക് വിളികേട്ടാണ് അവൻ സമയത്തെക്കുറിച്ച് ഓർമ്മവന്നത്. നേരേ കാന്റീനിലേയ്ക്ക് പോയി... എല്ലാവർക്കും നോമ്പു തുടങ്ങുന്നതിനു മുന്നേ കഴിക്കാനുള്ള ലൈറ്റായുള്ള ഭക്ഷണം വാങ്ങി.. നേരേ റൂമിലേയ്ക്ക് അദ്ദേഹത്തെ ചായകുടിക്കാൻ വിളിച്ചിട്ട് വന്നതുമില്ല..


റൂമിലെത്തിയപ്പോഴും അവരെല്ലാം ഉറക്കമായിരുന്നു. അവൻ ലൈറ്റിട്ട് എല്ലാവരേയും വിളിച്ചുണർത്തി.. അവർ പ്രാർത്ഥന കഴിഞ്ഞ് ലഘുവായി ഭക്ഷണം കഴിച്ചു.. നോമ്പ് ഈ പുണ്യമാസത്തിൽ മുടക്കാതിരിക്കാൻ ശ്രമിക്കണം.. ഇതുവരെ മുടങ്ങിയിട്ടില്ല.. അദ്ദേഹത്തിന്റെ ആരോഗ്യത്തിനും വേണ്ടി എല്ലാവരും പ്രാർത്ഥിച്ചു. ഫസൽ ഒരുപോള കണ്ണടച്ചിരുന്നില്ല... ഭക്ഷണം കഴിഞ്ഞ് അവർ വീണ്ടുമൊരു മയക്കത്തിലേയ്ക്കു വഴുതി വീണു.. വീണ്ടും ഫസൽ വാതിൽ ചേർത്തടച്ചു പുറത്തേയ്ക്കിറങ്ങി... അവിടെ അദ്ദേഹമിരുന്ന സീറ്റിൽ നോക്കി.. അവിടാരുമില്ല. ഐ.സി.യുവിന്റെ മുന്നിലെ ചുവന്ന ലൈറ്റിൽ അദ്ദേഹത്തെ അവിടെ തിരഞ്ഞു.. കണ്ടില്ല. ചിലപ്പോൾ ചായകുടിക്കാനായി പോയതായിരിക്കും.. അവൻ ഇരുന്ന സീറ്റിൽ തന്നെ ചെന്നിരുന്നു.... പ്രതീക്ഷയോടെ കാത്തിരിക്കുന്ന രോഗികളുടെ ബന്ധുക്കൾ... അറിയാതെ ഫസൽ അവിടിരുന്ന് ഉറങ്ങിപ്പോയി...


തുടർന്നു വായിക്കുക അടുത്ത ഞായറാച്ച 09 04 2021


സസ്നേഹം ഷംസുദ്ധീൻ തോപ്പിൽ 02 04 2021

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ