8.5.21

നിഴൽവീണ വഴികൾ ഭാഗം 125

 

വീണ്ടും ഫസൽ വാതിൽ ചേർത്തടച്ചു പുറത്തേയ്ക്കിറങ്ങി... അവിടെ അദ്ദേഹമിരുന്ന സീറ്റിൽ നോക്കി.. അവിടാരുമില്ല. ഐ.സി.യുവിന്റെ മുന്നിലെ ചുവന്ന ലൈറ്റിൽ അദ്ദേഹത്തെ അവിടെ തിരഞ്ഞു.. കണ്ടില്ല. ചിലപ്പോൾ ചായകുടിക്കാനായി പോയതായിരിക്കും.. അവൻ ഇരുന്ന സീറ്റിൽ തന്നെ ചെന്നിരുന്നു.... പ്രതീക്ഷയോടെ കാത്തിരിക്കുന്ന രോഗികളുടെ ബന്ധുക്കൾ... അറിയാതെ ഫസൽ അവിടിരുന്ന് ഉറങ്ങിപ്പോയി...

വിങ്ങിപ്പൊട്ടിക്കൊണ്ട് ഒരു കരം തന്നെ വരിഞ്ഞു മുറുക്കുന്നതു മനസ്സിലക്കിയാണ് ഫസൽ ഞെട്ടിയുണർന്നത്. തന്റെ അടുത്തു കഴിഞ്ഞ രാത്രിയുണ്ടായിരുന്ന ആ മനുഷ്യൻ തന്നെ കെട്ടിപ്പിടിച്ച് കരയുന്നു. അവന് കാര്യം മനസ്സിലായി... പലരും അദ്ദേഹത്തെ കരുണയോടെ ദയയോടെ നോക്കുന്നു.

”കുഞ്ഞേ എല്ലാം പോയി... കുഞ്ഞേ എല്ലാം..”

”വിഷമിക്കേണ്ട.. വിഷമിക്കാതിരിക്കൂ...”

അദ്ദേഹത്തിന്റെ വിഷമം ആർക്കും മനസ്സിലാവും.. താൻ പ്രതീക്ഷയോടെ വളർത്തിയ കുഞ്ഞ്.. വയസ്സാം കാലത്ത് ഒരു തണലാകുമെന്നു കരുതിയ കുട്ടി.... ഒരു ബൈക്ക് തളർത്തിയ ജീവിതം... അപ്പോഴേയ്ക്കു അദ്ദേഹത്തിന്റെ അകന്ന ബന്ധത്തിലുള്ള രണ്ടുപേർ അവിടെ എത്തിയിരുന്നു. നടപടിക്രമങ്ങൾ പലതും പൂർത്തിയാക്കാനുണ്ട്. അദ്ദേഹത്തെ പിടിച്ചെഴുന്നേൽപ്പിച്ചു. കൂടെയുള്ളതിൽ ഒരാൾ ഡോക്ടറുടെ അടുത്തേയ്ക്ക് പോയി കാര്യങ്ങൾ സംസാരിക്കാനായി.

ഫസലിന്റെ മുറുക്കിപ്പിടിച്ച കൈ അദ്ദേഹം വിടുവിക്കാൻ തയ്യാറായിരുന്നില്ല. അവിടെനിന്നും എഴുന്നേൽപ്പിച്ചപ്പോഴും അദ്ദേഹം അവന്റെ കൈയ്യിൽ താങ്ങിയാണ് എഴുന്നേറ്റത്... ഗദ്ഗദകണ്ഢനായി എന്തൊക്കെയോ പറയുന്നു. കഴിഞ്ഞ രാത്രിയും വളരെയധികം പ്രതീക്ഷയോടെ അവൻ തിരികെവരുമെന്നു കരുതി കാത്തിരുന്നതാണ്. പക്ഷേ... അദ്ദേഹത്തിന്റെ നിലവിളിയിൽ ഫസലും കരഞ്ഞുപോയി.. മനുഷ്യൻ മനുഷ്യനെ മനസ്സിലാക്കിയ നിമിഷം.. മരണം അർദ്ധരാത്രിയിൽ കൺഫേം ചെയ്തിരുന്നു. രാവിലെ ബന്ധുക്കൾ വരാൻ കാത്തുനിന്നതാണ്. പോലീസിന്റെ നടപടിക്രമങ്ങൾ കഴിഞ്ഞു... എത്രയും വേഗം ബോഡി വിട്ടുനൽകാമെന്ന് ഡോക്ടറും അറിയിച്ചു. മണിക്കൂറുകൾ കഴിഞ്ഞു... മകന്റെ ചേതനയറ്റ ശരീരം വഹിച്ചുകൊണ്ടുപോകുന്നതിനായി ആംബുലൻസ് റഡിയായതായി ബന്ധുവന്ന് അറിയിച്ചു. അവർ താഴേയ്ക്ക് അപ്പോഴും ഫസലിന്റെ കൈയ്യിലെ പിടി വിട്ടിരുന്നില്ല.. പത്തുമണി കഴിഞ്ഞിരിക്കുന്നു... അവനും അവരെ അനുഗമിച്ചു. ഹൃദയഭേദകമായ ആ മനുഷ്യന്റെ കരച്ചിൽ അവിടെ കൂടിയവരുടെ മനസ്സു പിടയ്ക്കുന്നതായിരുന്നു. അദ്ദേഹത്തെ ആമ്പുലൻസിൽ കയറ്റി യാത്രയാക്കി അവൻ തിരികെ ഹോസ്പിറ്റലിലേയ്ക്ക്. ഇതിനിടയിൽ തന്റെ ഉപ്പയുടെ കാര്യം താൻ മറന്നതുപോലെ..

നേരേ റൂമിലേയ്ക്ക്.. ചാരിയ വാതിൽ തുറന്നു. സഫിയയും ഉമ്മയും നല്ല ഉറക്കം.. ഇന്നലത്തെ ക്ഷീണം കാണും.. അവരെ അവൻ വിളിച്ചില്ല.. ഡ്രസ്സ് മാറ്റി ഒന്നു ഫ്രഷായി. നേരേ ഡോക്ടറുടെ റൂമിലേയ്ക്ക് പോയി.. അവിടെ കുറച്ചു തിരക്കുണ്ടായിരിന്നു. കുറച്ചുനേരം കാത്തിരുന്നു. ഡോക്ടർ വിളിപ്പിച്ചതുപ്രകാരം അവൻ അകത്തേയ്ക്ക് കയറി..

”ങ്ഹാ.. ഫസൽ.. ഞാൻ രാവിലെ അന്വേഷിച്ചു... ഉപ്പാന്റെ കാര്യത്തിൽ പുരോഗതിയുണ്ട്. മരുന്നിനോട് റസ്പോണ്ട് ചെയ്യുന്നു. ഒരു എം.ആർഐ. എടുത്തിരുന്നു. അത്രസന്തോഷകരമല്ലത്.. ഫസലിനോട് ധൈര്യമായി പറയാമല്ലോ...”

”ഉവ്വ്.. ഡോക്ടർ..”

”രാവിലെ റഷീദ് വിളിച്ചിരുന്നു ഞാൻ കാര്യം പറഞ്ഞിട്ടുണ്ട്.. എന്റെ കഴിവിന്റെ പരമാവധി ശ്രമിക്കുന്നു. ചെറിയൊരു സ്ട്രോക്ക് ഉണ്ടായിട്ടുണ്ട്. അതിന്റെ പരിണിതഫലം എത്രയെന്ന് വെന്റിലേറ്റർ മാറ്റിയാലേ അറിയാനാവൂ... ശരിക്കും പറഞ്ഞാൽ ശ്വസനമുൾപ്പെടെയുള്ള കാര്യങ്ങൾ ഇപ്പോൾ മിഷ്യന്റെ സഹായത്താലാണ് നടക്കുന്നത്. അതിനാലാണ് നിങ്ങളെ ആരേയും കാണിക്കാതിരുന്നത്. ഇന്ന് ഞാൻ ഫസലിന് കാണാനുള്ള സംവിധാനം ഉണ്ടാക്കാം.

”ഫസലിന്റെ ധൈര്യമൊക്കെ ഒരുനിമിഷം ചോർന്നുപോകുന്നതുപോലെ തോന്നി.. താനും ഒരു മെഡിക്കൽ സ്റ്റുഡന്റാവേണ്ടതല്ലേ... ധൈര്യം സംഭരിക്കാൻ ശ്രമിച്ചു...”

”എന്താ ഫസലൊന്നും മിണ്ടാത്തത്...”

”ഒന്നുമില്ല. ഡോക്ടർ...”

”പേടിക്കേണ്ട... ഉപ്പാനെ തിരികെ നടത്തിക്കൊണ്ടുതന്നെ പോകാനാകുമെന്നു പ്രതീക്ഷയുണ്ട്. ഞങ്ങളുടെ കഴിവിന്റെ പരമാവധി ശ്രമിക്കുന്നുമുണ്ട്.”

അപ്പോഴേയ്ക്കും ഡോക്ടർക്ക് ഒരുകാൾ വന്നു. അത് റഷീദായിരുന്നു...

”എന്തായി റഷീദ്..”

അപ്പുറത്തുനിന്നും മറുപടി വന്നു. അൽപനേരം സംസാരിച്ചിട്ട് ഫോൺ ഫസലിനു നൽകി...

”ഫസലേ... ഞാൻ ഇപ്പോൾ നാട്ടിലേയ്ക്ക് തിരിക്കുകയാണ്. വിഷ്ണുവിനോട് വിളിച്ച് കാര്യം പറഞ്ഞിട്ടുണ്ട്. നിന്നോട് രാവിലെ പറയാമെന്നു കരുതിയിരിക്കുകയായിരുന്നു. വിഷമിക്കേണ്ട തൽക്കാലം സഫിയയോടും വീട്ടുകാരോടുമൊന്നും പറയേണ്ട.. നാട്ടിൽ വന്നിട്ട് അറിഞ്ഞാൽ മതി..”

”ഫസൽ മൂളി... ഞാൻ രാത്രിയോടെ അവിടെത്തും... പേടിക്കാനൊന്നുമില്ല.. ഉപ്പ തിരിച്ചുവരും ഫസലേ.. നീ ധൈര്യമായിരിക്കണം. അവർക്ക് നീ മാത്രമാണ് ഇപ്പോൾ നാട്ടിലുള്ളത്... റൂമിലേയ്ക്ക് പൊയ്ക്കോ... ബാക്കിയെല്ലാം നാട്ടിൽ വന്നിട്ട് സംസാരിക്കാം..”

ഫസലിന് കുറച്ചുകൂടി ധൈര്യം വന്നതുപോലെ..

”ഫസലേ.. ഇന്നലെ റഷീദ് വിളിച്ചപ്പോൾ ഞാൻ കാര്യങ്ങളൊക്കെ പറഞ്ഞിരുന്നു. ഇവിടുത്തെ പ്രശ്നം ഇങ്ങനെ കിടക്കുമ്പോൾ റഷീദിന് അവിടെ സമാധാനത്തിൽ നിൽക്കാനാവില്ലെന്ന് ഇന്നലെ പറഞ്ഞിരുന്നു. അൻവറും വരാൻ തയ്യാറായതാണ്. റഷീദ് വേണ്ടെന്നു പറഞ്ഞു... താൻ നാട്ടിലേയ്ക്ക് പോകുന്നെന്നും അവിടെ ബാപ്പാന്റെ അസുഖം ഭേദമായതിനുശേഷം തിരികെ വരാമെന്നും പറഞ്ഞു.. റഷീദിന്റെ ഓഫീസിലെ കാര്യങ്ങൾ നോക്കാൻ ആളുണ്ടല്ലോ... അതുകൊണ്ട് അതിനെക്കുറിച്ച് വിഷമിക്കേണ്ടതുമില്ല..”

ഫസൽ എല്ലാം കേട്ടിരുന്നു...

”എന്നാൽ ഫസൽ റൂമിലേയ്ക്ക് പൊയ്ക്കോ... ഉപ്പാനെ കാണാനുള്ള സമയത്ത് വിളിക്കാം...”

അവൻ ഡോക്ടറോട് യാത്രപറഞ്ഞ് പുറത്തേയ്ക്കിറങ്ങി... നേരേ സ്റ്റെപ്പ് കയറി മുകളിലേയ്ക്ക്... റൂമിൽ പോകുന്നതിനു പകരം അവൻ ടെറസ്സിലേയ്ക്കാണ് പോയത്.. അവിടെ ഡ്രസ്സൊക്കെ ഉണക്കിയിട്ടിരിക്കുന്നു. ആരുമില്ല.. ഒരൊഴിഞ്ഞ കോണിൽ പോയിരുന്ന് അവൻ വാവിട്ടു കരഞ്ഞു.. സഹിക്കാനാവുന്നതിലും അപ്പുറമാണ് ഡോക്ടറിൽ നിന്നും അവൻ കേട്ടത്... പടച്ചോനെ പ്രതീക്ഷകൾ അസ്തമിക്കുകയാണോ.. എപ്പോഴും ഡോക്ടർമാർ പോസിറ്റീവായേ സംസാരിക്കാറുള്ളൂ... ന്നാലും ഇത്ര പെട്ടെന്ന് ഉപ്പാ..... അവൻ വിങ്ങിപ്പൊട്ടി...ആരും കേൾക്കാതിരിക്കാൻ അവൻ ശ്രമിച്ചു. കുറച്ചു കരഞ്ഞു കഴിഞ്ഞപ്പോൾ അവന് വല്ലാത്ത ആശ്വാസം തോന്നി... സാവധാനം അവിടെ നിന്നിറങ്ങി.. തൊട്ടടുത്തു കണ്ട ബാത്ത്റൂമിൽ കയറി മുഖം കഴുകി... കുറച്ച് സമാധാനം തോന്നുന്നു...

നേരേ റൂമിലേയ്ക്ക് അവിടെ സഫിയയും ഉമ്മയും ഉണർന്നിരിക്കുന്നു.

”നീയെവിടായിരുന്നു... ഞങ്ങൾ ഇവിടെല്ലാം നോക്കി. സിസ്റ്റർപറഞ്ഞു ഐ.സി.യുവിനു മുന്നിൽ ഉണ്ടായിരുന്നെന്ന്.”

”ഉമ്മാ.. ഞാൻ ഡോക്ടറെ കാണാൻ പോയതാ..”

”എന്തുപറഞ്ഞു..”

”കുഴപ്പമില്ലെന്നു പറഞ്ഞു.. കുറച്ച് ചികിൽസ ആവശ്യമാണ്. അതിനുള്ള സംവിധാനം ഐ.സി.യു.വിലാണുള്ളത് അതു കഴിഞ്ഞാൽ റൂമിലേയ്ക്ക് കൊണ്ടുവരാമെന്നും പറഞ്ഞു..”

”പടച്ചോനേ ഒന്നും വരുത്തരുതേ വാപ്പയ്ക്ക്..” സഫിയ മനമുരുകി പ്രാർത്ഥിച്ചു.

ഫസൽ റൂമിൽ കൂടുതൽ നേരം ഇരുന്നില്ല.. അവരുടെ സ്നേഹത്തിനു മുന്നിൽ താൻ ചിലപ്പോൾ വിതുമ്പിപ്പോകുമെന്നു തോന്നി... അവൻ പുറത്തിറങ്ങി.. അങ്ങോട്ടും ഇങ്ങോട്ടും ലക്ഷ്യമില്ലാതെ നടന്നു. ഇതിനിടയിൽഡോക്ടർ തന്നെ വിളിക്കുന്നതായി സിസ്റ്റർ വന്നു പറഞ്ഞു. അവൻ അവിടെത്തി. ഡോക്ടർ അവനെ ഐ.സി.യുവിലേയ്ക്ക് വിളിച്ചു. അവൻ ധൈര്യപൂർവ്വം അവിടേയ്ക്ക് പോയി...

ഉപ്പാന്റെ മുന്നിൽ... പലതരം മെഷീനുകൾ ആ വൃദ്ധ ശരീരത്തിൽ ബന്ധിപ്പിച്ചിരിക്കുന്നു. ഹാർട്ട് ബീറ്റും.. പൾസുമെല്ലാമുണ്ട്.. വായിലൂടെ ചില പൈപ്പുകൾ ഘടിപ്പിച്ചിരിക്കുന്നു. കണ്ണടച്ചു കിടക്കുന്നു. അവൻ അദ്ദേഹത്തിന്റെ ചുളുവുകൾ വീണ കൈകളിൽ പതിയെ പിടിച്ചു...

”ഫസലേ.. ഉപ്പാനെ ഒന്നു വിളിച്ചേ...”

”അവൻ ഉപ്പാ.. ഉപ്പാ എന്നു വിളിച്ചു..” ഒരു അനക്കവുമില്ല..

”നല്ല മയക്കത്തിലാ ഫസലേ... ഉള്ളിൽ ബോധമുണ്ട്... എല്ലാം കേൾക്കുന്നുണ്ട്. എല്ലാം ഭേദമാകാൻ മനമുരുകി പ്രാർത്ഥിക്കുക... പടച്ചോൻ കൈവിടില്ല...”

അവൻ അവിടെനിന്നും മനമുരുകി പ്രാർത്ഥിച്ചു... പടച്ചോൻ കരുണയ്ക്കായി യാചിച്ചു.. കണ്ണുകളിൽ നിന്നും കണ്ണുനീർ ധാരധാരായിയി ഒഴുകിവരുന്നുണ്ടായിരുന്നു. അപ്പോഴേയ്ക്കും ഡോക്ടർ ഇടപെട്ടു.. അവനെ ചേർത്തുനിർത്തി.. അവൻ കൺട്രോൾ ചെയ്യാൻ ശ്രമിച്ചു..

”പേടിക്കേണ്ട ഫസലേ... ഇങ്ങനെ ധൈര്യം കൈവിടരുത്.. എല്ലാം ശരിയാകും.. ഒരു ഡോക്ടറാവേണ്ടതല്ലേ.. അവിടെ നമ്മൾ മറ്റുള്ളവർക്ക് ധൈര്യം നൽകേണ്ടതുമാണ്...

അവനെയും കൂട്ടി ഡോക്ടർ പുറത്തേയ്ക്കുവന്നു.. അവൻ കണ്ണുകൾ തുടച്ചു...

”ഫസൽ നമുക്ക് റൂമിലേയ്ക്കു പോകാം..”

അവർ രണ്ടാളും റൂമിലേയ്ക്ക്....

”വീട്ടുകാരോടൊന്നും ഇത്രയും കാര്യങ്ങളൊന്നും പറയേണ്ട.. ഉപ്പാനെ വിളിച്ചു. വിളികേട്ടു നല്ല മയക്കത്തിലാണെന്നു പറയാം..”

അവൻ മൂളി...

”നേരേ റൂമിലേയ്ക്ക്.. ഡോർ തട്ടി അകത്തുകടന്നു.. സഫിയയും ഉമ്മയും ചാടി എഴുന്നേറ്റു..”

”എങ്ങനുണ്ട് ഡോക്ടർ..”

”കുഴപ്പമില്ല.. എല്ലാം നേരേയാകും.. ഇപ്പോൾ ഫസൽ കണ്ടിട്ടിറങ്ങിയതേയുള്ളു.. നല്ല മയക്കത്തിലാണ്..”

”ഇന്നു റൂമിലേയ്ക്ക് കൊണ്ടുവരാമോ..”

”ഇല്ലില്ല... പൂർണ്ണമായും അസുഖം മാറണ്ടേ... കുറച്ചു വിശ്രമം ആവശ്യമാണ്.. അത് അവിടാകുംപോൾ സ്വസ്തമായി കിടക്കാമല്ലോ..”

അവരുടെ കണ്ണുകളിൽ പ്രതീക്ഷയുടെ നിഴലാട്ടം കാണാമായിരുന്നു..... ഡോക്ടർ അവരെ ആശ്വസിപ്പിച്ച് പുറത്തേയ്ക്കിറങ്ങി.. ഫസലും തൊട്ടു പിറകേ... അന്നത്തെ ദിവസം ഫസൽ കൂടുതൽ നേരം റൂമിൽ ചിലവഴിച്ചില്ല.. വൈകുന്നേരം നോമ്പുതുറക്കുന്ന സമയത്ത് അവൻ നോമ്പുതുറക്കാനുള്ള പലഹാരങ്ങളുമായി റൂമിലെത്തി.. എല്ലാവരും പ്രാർത്ഥനയോടെ നോമ്പുതുറന്നു... നല്ല ക്ഷീണമുണ്ടായിരുന്നതിനാൽ ഫസൽ അറിയാതെ അവിടെ കിടന്നുറങ്ങിപ്പോയി.

രാത്രി എട്ടുമണിയോടെ റഷീദ് ഹോസ്പിറ്റലിലെത്തി... ആദ്യം ഡോക്ടറെ പോയി കണ്ടു.. ഡോക്ടറും റഷീദും ഐ.സി.യുവിലെത്തി.. വാപ്പാനെ കണ്ട് ഒരു നിമിഷം സ്തബ്ധനായി നിന്നു.. ഡോക്ടർ തോളിൽ തട്ടി ആശ്വസിപ്പിച്ചു... അവർ രണ്ടാളും ഡോക്ടറോടൊപ്പം ഡ്യൂട്ടി റൂമിലേയ്ക്ക് പോയി.... വിശദമായി സംസാരിച്ചു... പ്രതീക്ഷയുടെ വെളിച്ചം അവിടെ തെളിയും എന്നായിരുന്നു റഷീദിനും പ്രതീക്ഷ... ഡോക്ടറോട് സംസാരിച്ച് അവർ റൂമിലേയ്ക്ക് ഇറങ്ങി നടന്നു.. 





തുടർന്നു വായിക്കുക അടുത്ത ഞായറാഴ്ച്ച 16 05 2021


സസ്നേഹം നിങ്ങളുടെ സ്വന്തം ഷംസുദ്ധീൻ തോപ്പിൽ 09 05 2021

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ