30.3.19

നിഴൽ വീണ വഴികൾ - ഭാഗം 15
കവർപൊട്ടിച്ചു നോക്കി, റഷീദിന്റെ കത്തും കൂടെ 2000 രൂപയുടെ ഡ്രാഫ്റ്റും. അതേ പടച്ചോൻ തന്റെ വിളി കേട്ടിരിക്കുന്നു. അവന് ജോലികിട്ടിയതുകൊണ്ടാകും പൈസാ അയച്ചത്. കത്ത് തുറന്നു വായിച്ചു. അദ്ദേഹത്തിന്റെ കണ്ണുകൾ ഈറനണിഞ്ഞു. 

എന്താ വാപ്പാ എന്തുപറ്റി.... റഷീദിന്റെ ഭാര്യ ഓടി അടുത്തുവന്നു. ഹമീദ് മരുമകളെ ഒന്നു നോക്കി. മോളേ റഷീദിന്റെ കത്തും പൈസയും വന്നു... കത്ത് എനിക്കുള്ളതാ പക്ഷേ ഇതു നീകൂടി വായിക്കണം. ഹമീദ് കത്ത് മരുമകളുടെ നേരേ നീട്ടി... അവൾ അതു വാങ്ങി അകത്തേയ്ക്ക് പോയി...

.... പ്രിയപ്പെട്ട വാപ്പക്ക്,

കത്തയയ്ക്കാൻ വൈകി വാപ്പാ, കാരണം പലതാണ്. ജോലി വിചാരിച്ചതിനേക്കാൾ കടുപ്പമാണ്. ഞാൻ ഒന്നും അവളോട്  പറഞ്ഞിട്ടില്ല. അവൾ വിഷമിക്കില്ലേ. എന്നാലും അവൾക്ക് കാര്യങ്ങൾ പറഞ്ഞാൽ ബോധ്യപ്പെടും. കഷ്ടപ്പാടിലും ബുദ്ധിമുട്ടിലും കഴിഞ്ഞ ഉറ്റവരും ഉടയവരുമില്ലാത്ത കുട്ടിയല്ലേ അവളെ വേദനനിപ്പിക്കേണ്ടെന്നു കരുതി.....

അവളുടെ കണ്ണുകൾ നിറഞ്ഞു... ജനാലയിലൂടെ പുറത്തേയ്ക്ക് നോക്കി.. വാപ്പ ദൂരേയ്ക്ക് നോക്കി താടിക്ക് കൈയ്യുംകൊടുത്തിരിക്കുന്നു. അവൾ ആ കത്തിലൂടെ ആ കത്തിന്റെ ആത്മാവിലൂടെ, തന്റെ പ്രിയതമന്റെ ദുഖത്തിലൂടെ യാത്രചെയ്യുകയായിരുന്നു. അള്ളാഹു തങ്ങളെ കൈവിടുകയാണോ... വാപ്പയുടെ ഒരൊറ്റ പ്രതീക്ഷ ഇക്കയിൽ  മാത്രമാണ്. അൻവർ സ്വന്തം കാര്യം നോക്കിപ്പോയി... താൻ ആദ്യമായി അദ്ദേഹത്തെ കാണുമ്പോഴും ചിരിച്ച പ്രസന്നവദനായ ചങ്കുറപ്പുള്ള ഒരു ചെറുപ്പക്കാരനെയാണ് ആ മുഖത്തുനിന്നും മനസ്സിലാക്കാൻ സാധിച്ചത്... യത്തീമായ തന്നെ വിവാഹംകഴി‍ച്ച് സ്വജീവിതത്തിലേയ്ക്ക് കൂട്ടിക്കൊണ്ടുവന്നത് ആ ഒരു ചങ്കുറപ്പുതന്നെയാണ്... പണമില്ലെന്നേയുള്ളൂ ഈ കുടുബത്തിൽ താൻ നേരിട്ടനുഭിവിച്ചിട്ടില്ലാത്ത് സ്നേഹമായിരുന്നു ലഭിച്ചത്. വാപ്പയുടെ സ്നേഹം സഹോദരങ്ങളുടെ സ്നേഹം, ഉമ്മയുടെ സ്നേഹം... അവളുടെ കണ്ണിൽനിന്ന് രണ്ടുതുള്ളി കണ്ണുനീർ ആ കത്തിലേയ്ക്ക് വീണു. 

റഷീദ് ജിദ്ദയിൽ ഇറങ്ങിയതിന്റെ മൂന്നാം ദിവസമാണ് അവന്റെ അറബിയും അവരുടെ സഹായിയായ മലയാളിയും വന്ന് അവനെ ബേക്കറിയുടെ സാധനങ്ങൾ ഉണ്ടാക്കുന്ന ബോർമ്മയിലേക്ക് കൊണ്ട്പോയത്. പലഹാരങ്ങൾ ഉണ്ടാക്കാൻ വേണ്ട സാധനങ്ങളുടെ  ലിസ്റ്റ് കൊടുക്കാൻ പറഞ്ഞു. കുറച്ച് കഴിഞ്ഞപ്പൊ സാധനങ്ങളെല്ലാം എത്തി. ഇന്ന് തന്നെ പണിതുടങ്ങാനാ അറബി പറഞ്ഞത്. നാളെ രാവിലെ പലഹാരങ്ങളെല്ലാം റെഡിയായിരിക്കണം പലഹാരത്തിന്റെ രുചിക്കനുസരിച്ച് നല്ല ശമ്പളം തരുമെന്ന് പറഞ്ഞിരിക്കുന്നു. തന്റെ കഴിവുകാണിക്കാൻ പറ്റിയ അവസരം. അറബി നാളെ വരാമെന്ന് പറഞ്ഞ് പോയി. റഷീദും സഹായികളും മെഷീനറികളെല്ലാം കഴുകി വൃത്തിയാക്കാൻ തുടങ്ങി. നാട്ടിലെതിനേക്കാൾ മുന്തിയ ഇനം മെഷീനറികൾ കണ്ടപ്പൊ തന്നെ റഷീദിന് നെഞ്ചിലൊരു മിന്നൽ. പടച്ചവനെ നാട്ടിലെ പലഹാരങ്ങൾ പോലെ തന്നെ ആയിരിക്കില്ലെ ഇവിടെത്തതും. നാട്ടിൽ മുട്ടപപ്സ്, കേക്ക്, ബ്രഡ്ഡ, സമൂസ തുടങ്ങിയ ഒട്ടനവധി പലഹാരങ്ങൾ ഉണ്ടാക്കിയുള്ള പരിചയമുണ്ട്. അവൻ പടച്ചവനെ മനസ്സിൽ ധ്യാനിച്ച് പണികൾ തുടങ്ങി. അന്നത്തെ ദിവസം  ബോർമ്മയിൽ തന്നെ കഴിച്ചുകൂട്ടി. പിറ്റേന്ന് രാവിലെ ബേക്കറിയിലെത്തിക്കണം. രാവിലെതന്നെ ബേക്കറിയിൽ നിന്നും പലഹാരങ്ങൾ കൊണ്ടുപോകാനുള്ള വാൻ എത്തി. ഭദ്രമായി പായ്ക്ക്ചെയ്ത പലഹാരങ്ങൾ വാഹനത്തിൽ കയറ്റുന്നതിനായി റഷീദും കൂടെക്കൂടി. റഷീദ് ആകെ അസ്വസ്ഥനായിരുന്നു. താൻ നാട്ടിലെ നല്ല മധുര പലഹാരം ഉണ്ടാക്കുന്ന പണിക്കാരനായിരിക്കും. പക്ഷെ അറബികൾക്കത് ഇഷ്ടപ്പെടണമെന്നില്ലില്ലല്ലോ... ഇക്കാര്യങ്ങൾ ഇവിടെ ആരോടെങ്കിലും ചോദിക്കാനും സാധിച്ചിട്ടില്ല. ഒറ്റപ്പെട്ട ഒരു വ്യവസായ മേഖലയായിരുന്നു അത്. വന്നിട്ട് മൂന്നു ദിവസങ്ങൾ ഇവിടുത്തെ ഒരു പലഹാരംപോലും രുചിച്ചുനോക്കിയിട്ടില്ല. ചുരിച്ചുനോക്കിയാൽ അതിലുള്ള സാധനങ്ങൾ എന്തെല്ലാമാണെന്ന് തനിക്കു മനസ്സിലാക്കാനാകുമായിരുന്നു. റഷീദ്  വളരെ ജിഞ്ജാസാപൂർവ്വം അതിലേറെ ടെൻഷനിലും കാത്തിരുന്നു. മനസ്സിൽ കരുതിയതുതന്നെ സംഭവിച്ചു.  വൈകുന്നേരം അറബി എത്തിയത് വളരെ ദേശ്യത്തിലായിരുന്നു. രാവിലെ കൊണ്ടുപോയ പലഹാരങ്ങൾ അതുപൊലെ തിരികെയെത്തിച്ചിരിക്കുന്നു. തന്നെനോക്കി ദേശ്യത്തിൽ എന്തെല്ലാമൊ പറയുന്നു. ആരും ഒന്നും തിരിച്ചു പറയുന്നില്ല. എല്ലാരും തന്റെ മുഖത്തേയ്ക്ക് നോക്കുന്നു. താനെന്തോ കുറ്റം ചെയ്തമാതിരി. വന്ന അതേ സ്പീഡിൽ തന്നെ അറബി തന്റെ വിലകൂടിയ കാറിൽ കയറിപ്പോയി. 

കൂടെയുള്ള സഹായിയായ മലയാളിയിൽ നിന്നാണ് വിവരങ്ങൾ അറിഞ്ഞത്. നാട്ടിലെ പോലത്തെ ഐറ്റം പലഹാരങ്ങൾ അല്ല അറബികൾക്ക് വേണ്ടത്. നീ ഉണ്ടാക്കിയ സാധനങ്ങളാ തിരികെക്കൊണ്ടുവന്നത്. അവിടെ ആർക്കും ഇഷ്ടപ്പെട്ടില്ല. അറബിയുടെ ഉപ്പയായിട്ട്  തുടങ്ങിയ ബേക്കറിയാ ഇത്. വയസ്സായപ്പോൾ മകൻ ഏറ്റെടുത്തു.. നാളെ തന്നെ നിന്നെ നാട്ടിലേക്ക് കയറ്റി വിടുമെന്നാ അറബി പറഞ്ഞ് പോയത്. 

റഷീദ് ആകെ തകർന്നുപോയി പടച്ചോനേ ഉള്ള ജോലിയും കളഞ്ഞ് കടം വാങ്ങി ഇവിടെ വന്നിട്ട് ഒന്നുമാകാതെ തിരിച്ച് പോകാന്ന് വെച്ചാ അവന് ആലോചിക്കാൻ കഴിഞ്ഞില്ല. അങ്ങനെ തിരിച്ചുപോകുന്നതിനേക്കാൾ നല്ലത് ഈ  മണലാരണ്യത്തിൽ കിടന്ന് മരിക്കയാണ്. റബ്ബേ... നീ എന്നെ കൈ വിടുകയാണൊ? അറബിയുടെ സഹായി മലയാളിയായ മലപ്പുറംകാരനായിരുന്നു. അദ്ദേഹത്തോട് റഷീദ് തന്റെ കഷ്ടപ്പാടുകളൊക്കെ പറഞ്ഞു പറയുകയായിരുന്നില്ല കരയുകയായിരുന്നു . ആ മലയാളിക്ക് തന്നോടൊരു സഹതാപം തോന്നി. അവസാനം അദ്ദേഹം റഷീദിനോട് പറഞ്ഞു.

”നമുക്ക് അറബിയുടെ ഉപ്പയോടൊന്ന് പറഞ്ഞ് നോക്കാം. അദ്ദേഹം നല്ല മനുഷ്യനാ ഈ മകൻ വെറും ചൂടനാ”. 

റഷീദിന് അൽപ്പം ആശ്വാസം കിട്ടി. അന്നു വൈകുന്നേരം തന്നെ റഷീദും സഹായിയും അറബിയുടെ ബാപ്പയെ പോയി കണ്ടു. അയാൾ റഷീദിന്റെ കഷ്ടതകൾ അറബിയെ പറഞ്ഞ് കേൾപ്പിച്ചു. മനസ്സലിഞ്ഞ അദ്ദേഹം അവനെ കൈവിടില്ലെന്നും വേറെ എന്തെങ്കിലും ജോലി കൊടുക്കാം എന്നും പറഞ്ഞു. റഷീദ്  പടച്ചവനോടും ഒരുപാട് നന്ദി പറഞ്ഞു. അറബിയുടെ അടുത്തേക്ക് കൊണ്ട് പോയ സഹായിയോടും. അദ്ദേഹമില്ലെങ്കിൽ തനിക്കാണെങ്കിൽ അറബിയും അറിയില്ല.....

അന്ന് വൈകുന്നേരം അറബിയുടെ മകൻ റഷീദിന്റെ റൂമിൽ വന്നു കൂടെ സഹായിയും. തനിക്ക് എന്തുജോലിതന്നാലും ചെയ്യാമോയെന്ന് അറബിയുടെ സഹായിക്കൊണ്ട് റഷീദിനോട് ചോദിപ്പിച്ചു. 

”ചെയ്യാം. എന്തുജോലിവേണേലും ചെയ്യാം.” റഷീദിന്റെ ഉറച്ച ശബ്ദം... അവൻ എന്തുജോലി ചെയ്യാനും തയ്യാറായിരുന്നു. തന്റെ രക്ഷയ്ക്കുവേണ്ടിയല്ല തന്നെ പ്രതീക്ഷിച്ചുകഴിയുന്ന ഉമ്മയും, വാപ്പയും കൂടാതെ തന്റെ ബീവിയും. അവൾ തന്റെ കുഞ്ഞിനെ ഉദരത്തിൽ വഹിക്കാൻ തുടങ്ങിയിരിക്കുന്നു. ആരോടും പറഞ്ഞിട്ടില്ല. രണ്ടുദിവസം മുന്നേ വിളിച്ചപ്പോൾ അവളൊന്നു സൂചിപ്പിച്ചു അത്രമാത്രം. അവൾ വളരെ സന്തോഷവതിയായിരുന്നു. അതേ തനിക്കു ജീവിക്കണം. എന്തു കഷ്ടപ്പാടായാലും വേണ്ടീല്ല. നാട്ടിലുള്ള ആരേയും പ്രയാസപ്പെടുത്തരുത്. 

”എന്നാ വണ്ടിയിൽ കയറ്” അറബിയുടെ സഹായിയുടെ വാക്കുകൾ, 

അവൻ ചിന്തയിൽ നിന്നുണർന്നു. തന്റെ ബാഗെടുത്തു ആ പിക്കപ് വാനിൽ കയറ്റി. അവർ അവനെ കൊണ്ട്പോയത് വലിയൊരു പാർട്ടി ഹാളിന്റെ അടുത്തേക്കാണ്. അവിടെയാണ് അറബികളുടെ വിശേഷ ദിവസങ്ങളിലെ ആഘോഷങ്ങളും മറ്റും നടക്കുന്നത്. വിവാഹങ്ങളും പാർട്ടികളും, കുടുംബങ്ങളുടെ ഒത്തുചേരലുകളും മറ്റുമെല്ലാം. വളരെ വലിയ പണക്കാർക്കുമാത്രമേ ഇവിടുത്തെ ഹാൾ വാടകയ്ക്കെടുക്കാനാകൂ. അത്ര ആർഭാടത്തിലായിരുന്നു അത് പണികഴിപ്പിച്ചിരിക്കുന്നത്. അടുത്തെങ്ങും മറ്റു ബിൽഡിങ്ങുകളുമില്ല . വിശാലമായ പാർക്കിംഗ് സൗകര്യം. എല്ലായിടത്തും ക്യാമറകൾ. മരുഭൂമിയിൽ തലഉയർത്തി ഒറ്റപ്പെട്ടുനിൽക്കുന്ന കെട്ടിടംതന്നെയായിരുന്നു അത്. തങ്ങളുടെ വാഹനം അവിടെത്തിയുടൻ ഗേറ്റ്കീപ്പർ ഒടിയെത്തി ഗേറ്റ് തുറന്നു. കണ്ടിട്ട് മലയാളിയാണെന്നു തോന്നുന്നു.

റഷീദിനെ അവർ പാട്ടി ഹാളിന്റെ പിന്നിലെ പാചകമുറിയിലേയ്ക്ക് കൊണ്ടുപോയി. വാതിൽ തുറന്നു പുറത്തേയ്ക്ക് നടക്കാൻ പറഞ്ഞു. പാർട്ടിഹാളിന്റെ അകത്തുകണ്ട വൃത്തിയും വെടിപ്പുമൊന്നും ഇവിടെ കാണാനില്ല. വൃത്തിഹീനമായ ചുറ്റുപാടുകൾ രണ്ടു ദിവസങ്ങൾക്കുമുന്നേ നടന്ന പാർട്ടിയുടെ അവശിഷ്ടങ്ങളായ ഭക്ഷണപദാർത്ഥങ്ങൾ ഒരു സൈഡിൽ കൂട്ടിയിട്ടിരിക്കുന്നു. മറുഭാഗത്ത് നല്ലനല്ല ഭക്ഷണങ്ങളും ഫ്രൂട്സുകളും വേസ്റ്റാക്കി കൂട്ടി ഇട്ടിരിക്കുന്നു റഷീദിന്റെ നെഞ്ചോന്നു പിടഞ്ഞു എത്ര എത്ര പട്ടിണിപ്പാവങ്ങൾ ഒരുനേരത്തെ ആഹാരത്തിന് വേണ്ടി കഷ്ടപ്പെടുന്നു ഈ മരുഭൂമിയിൽ തന്നെ എത്ര പേർ എന്നിട്ടും എത്ര ഭക്ഷണങ്ങളാണ് വെറുതെ കളയുന്നത് ...ഇതൊക്കെ ഇവിടെങ്ങളിൽ സർവ്വ സാധാരണമാണെന്ന് സഹായിയുടെ മുഖ ഭാവം കണ്ടാൽ അറിയാം 

പാചകമുറിയിൽ നിന്നും ഒഴുകി വരുന്ന വേസ്റ്റും വെള്ളവും കെട്ടിക്കിടന്ന് കാട് മൂടി കിടന്നിരുന്ന ഭാഗം കാണിച്ച് ആ പുല്ല് മുഴുവൻ വെട്ടി വൃത്തിയാക്കാൻ പറഞ്ഞു. ഇതാണ് ഇന്നു മുതൽ നിന്റെ ജോലി. അത് കഴിഞ്ഞാൽ ഇവിടത്തെ പാചകശാലയിൽ ശുചീകരണ ജോലികൾക്കായി നിൽക്കാം. മാസം 500 റിയാൽ ശമ്പളം എന്താ നിൽക്കാൻ പറ്റുമോ. എന്ത് പണിയും ചെയ്യാൻ റഷീദപ്പൊ തയ്യാറായിരുന്നു.

മലയാളി അവനെ സമാധാനിപ്പിച്ചു അവൻ ദേഷ്യം തീർക്കുകയാണ്. കുറച്ച് കഷ്ടപ്പെട്ടാലും പിടിച്ച് നിൽക്കണം അറബി ഭാഷ പഠിച്ചാൽ അറബിയെയും വാപ്പയേയും സോപ്പിട്ടാൽ വേറെ നല്ല ജോലി കിട്ടും. അറബിയും സഹായിയും പോയി. അവർ കൊടുത്ത ആയുധങ്ങൾ കൊണ്ടവൻ പുല്ലുകൾ വെട്ടാൻ തുടങ്ങി. രൂക്ഷ ഗന്ധവും ഒരു തരം പ്രാണികളും പൊള്ളുന്ന വെയിലും മുള്ളുകളു ള്ള പുല്ലും. കഠിനമായി അധ്വാനിക്കുകയായിരുന്നു അവൻ. മുള്ളുകൊണ്ട് ഇടയ്ക്കിടയ്ക്ക് അവൻ തന്റെ കൈയ്യിലേയ്ക്ക നോക്കും... പലയിടത്തുനിന്നും രക്തം പൊടിയുന്നു. പടച്ചവനെ ഈ നരകത്തിൽ വന്ന് പെടാനായിരുന്നോ തന്റെ വിധി. നാട്ടിൽ നിന്നാൽ.... ഇതിലും നല്ലത് അതായിരുന്നില്ലെ. അവനോർത്തു പടച്ചവൻ തന്നെ പരീക്ഷിക്കുകയാണെങ്കിലൊ. അത്യാർത്ഥി കൊണ്ടല്ല താനീ മുരുഭൂമിയുടെ നാട്ടിലെത്തിയത്. കോർട്ടേഴ്സിൽ നിന്ന് തന്റെ കുടുംബത്തെ ഒരഞ്ച് സെന്റ് സ്ഥലം വാങ്ങി ഒരു ചെറ്റപ്പുരയെങ്കിലും വെച്ച് അങ്ങോട്ട് മാറ്റണം. പിന്നെ തന്റെ പെങ്ങമ്മാരെ പണിക്കയക്കുന്നത് നിർത്തണം. സുഖമില്ലാത്ത തന്റെ ഉപ്പയെ നോക്കണം. ഓരോ ദിവസവും തന്റെ കുടുംബത്തെ ഓർക്കുമ്പൊൾ കഠിനമായ ജോലിയും പൊള്ളുന്ന വെയിലും റഷീദിന് പ്രശ്നമല്ലാതായി. എന്നും രാത്രി അവൻ പടച്ചവനോട് മനമുരുകി പ്രാർത്തിക്കും. റഷീദിന് നല്ല പ്രതീക്ഷയുണ്ട്. ഒരിക്കെ റബ്ബ് തന്നെ രക്ഷിക്കുമെന്ന്..... 

അൻവർ റഷീദിനെ വിളിക്കാറില്ലെങ്കിലും  റഷീദ് അൻവറിനെ വിളിച്ച് വിവരങ്ങളന്വേഷിച്ചു. പഴയ പോലെ പണിയൊന്നും ഇല്ല. കുറച്ച് മാസമായി വീട്ടിലേക്ക് പൈസ ഒന്നും അയക്കാറില്ല. ആ ദേഷ്യത്തിന് ഉപ്പ നാദിറയെ വീട്ടിൽ കൊണ്ടാക്കിയത്രേ. അപ്പോഴാണ് റഷീദ് ആ വിവരം അറിയുന്നത്. അവന് ഉപ്പയെ നല്ല വിശ്വാസമായിരുന്നു. എന്തെങ്കിലും കാരണമില്ലാതെ ഉപ്പ അങ്ങിനെ ചെയ്യില്ല. എന്തായാലും അവൻ കൂടുതലൊന്നും ചിന്തിച്ചില്ല. ഇനി താൻ മാത്രമേയുള്ളൂ വീട്ടിലെ ചിലവ് നടത്താൻ. തൽക്കാലം തനിക്ക് ശമ്പളം കൂട്ടി കിട്ടുന്നതുവരെയെങ്കിലും പെങ്ങമ്മാർ പണിക്ക് പോകട്ടെ. തന്റെ ശമ്പളം കൊണ്ട് മാത്രം കുടുംബം കഴിയില്ലല്ലൊ. റഷീദ് ഇടയ്ക്ക് പൈസ അയക്കുന്നത് കൊണ്ട് ഹമീദിനൽപ്പം ആശ്വാസമായി. കോർട്ടേഴ്സ് വാടകയും തന്റെ മരുന്ന് ചെലവും ബുദ്ധിമുട്ടില്ലാതെ കഴിഞ്ഞു പോകുന്നു. 

അൻവറിന്റെ ഭാര്യയെ ഹമീദ് അവളുടെ വീട്ടിൽ ചെന്ന് തിരികെ വിളിച്ചു പക്ഷെ അവൾ വന്നില്ല. ഹമീദിനെ ആ വിഷമം വല്ലാതെ അലട്ടുന്നുണ്ടായിരുന്നു. താൻ ജീവനുതുല്ല്യം സ്നേഹിച്ച തന്റെ മകൻ . തന്നെ മറന്നുവോ? തന്നെ ഓർത്തില്ലങ്കിലും വേണ്ടില്ല. അവന് അസുഖങ്ങളൊന്നു ഇല്ലാതിരുന്നാൽ മതിയായിരുന്നു. ആ നല്ലവനായ പിതാവ് അഞ്ച് വക്തിലും തന്റെ ചെറുമകന് വേണ്ടി പ്രാർത്ഥിച്ചു. 

ഹമീദ് പ്രാർത്ഥനയിൽ മുഴുകിയിരിക്കുകയായിരുന്നു. പെട്ടെന്നാണ് പുറത്തു ഒരു സ്ത്രീശബ്ദം ഉറക്കെ നിലവിളിച്ചുകൊണ്ടു വരുന്നു. ആരാണത്.. അദ്ദേഹം തലഉയർത്തി നോക്കി.. അതേ അൻവറിന്റെ ഭാര്യ കരഞ്ഞുകൊണ്ട് വിട്ടിലേയ്ക്ക് വരുന്നു. എന്താവും കാരണം. എന്തെങ്കിലും ആപത്ത്... പടച്ചോനേ അവൾ വീട്ടിലേയ്ക്ക് വരണമെന്ന് ആഗ്രഹിച്ചിരുന്നു. പക്ഷേ... ഈ രീതിയിലല്ല... എന്തോ ആപത്ത് സംഭവിച്ചിരിക്കുന്നു. ഹമീദ് സാവധാനം എഴുന്നേറ്റു.. പുറത്തേയ്ക്ക് നടന്നുവന്നു. അവൾ ഓടിവന്ന് ഹമീദിന്റെ കാൽക്കൽ വീണു.. വാപ്പാ എന്നോട് ക്ഷമിക്കണേ.. വാപ്പാ... വാപ്പാ.... ആ മനുഷ്യൻ പകച്ചുപോയി... അവളെ സ്വന്തം മകളെന്ന ലാളനയിൽ പിടിച്ചെഴുന്നേൽപ്പിച്ചു. മോളേ... മോളേ... എന്താടീ നിനക്കു പറ്റിയത്... 

തുടർന്നു വായിക്കുക അടുത്ത ഞായറാഴ്ച്ച 07 03 2019 

ഷംസുദ്ധീൻ തോപ്പിൽ 31 03 2019

23.3.19

നിഴൽ വീണ വഴികൾ - ഭാഗം 14ഹമീദിന്റെ ശബ്ദം വീണ്ടും ഉയർന്നു. ആ ശബ്ദത്തിന് വല്ലാത്ത ദൃഢത. എന്തോ സംഭവിച്ചു... താൻ അറിഞ്ഞുകൊണ്ട് ഒരു തെറ്റും ചെയ്തിട്ടില്ല... എന്തിനാണ് ഉമ്മാനെ വിളിച്ചു വരുത്തിയത്...ഫസൽ തല കുമ്പിട്ടു നിന്നു... ഹമീദ് അടുത്തെത്തി. കൈയ്യിൽ ചൂരൽ... അവന്റെ നിക്കറിന്റെ അറ്റം കൂട്ടിപ്പിടിച്ചു...

“വാപ്പാ... അവനെ ഒന്നും... കണ്ഠ മിടറി കണ്ണുകൾ നിറഞ്ഞു തുളുമ്പി സഫിയയ്ക്ക് വാക്കുകൾ മുഴുമിപ്പിക്കാനായില്ല.....

പുറത്ത് അതിശക്തമായ കാറ്റും, ഇടിയും മിന്നലും... അതിനേക്കാൾ ഉച്ചത്തിൽ ഹമീദ് അവനെ ശാസിക്കുകയായിരുന്നു. സഫിയയുടെ വാക്കുകൾക്ക് അവിടെ യാതൊരു പ്രസക്തിയുമുണ്ടായിരുന്നില്ല. തന്റെ പേരക്കുട്ടിയെ ഹമീദ് ആദ്യമായി തല്ലുകയായിരുന്നു... വേദനയിൽ ഫസൽ പുളയുന്നു... ഹമീദിന് ഭ്രാന്ത്പിടിച്ചതുമാതിരി ഫസലിനെ തലങ്ങും വിലങ്ങും തല്ലിക്കൊണ്ടിരിക്കുന്നു. പെട്ടെന്നാണത് സംഭവിച്ചത്, അതിശക്തമായ കാറ്റിൽ മുൻവശത്തുണ്ടായിരുന്ന മാവിന്റെ കൊമ്പ് ഒടിഞ്ഞ് താഴേയ്ക്ക് വീണത്. ഹമീദ് ഒന്നു ഞെട്ടി,  എല്ലാവ രും അങ്ങോട്ടേയ്ക്ക് നോക്കി.  ഫസലിനെ പിടിച്ച പിടി സാവധാനം അയഞ്ഞു, അവൻ കുതറിമാറി.. വീണ്ടും ഹമീദ് അടിക്കാൻ ആഞ്ഞു. ആ വീട്ടിൽനിന്നും കൂട്ടക്കരച്ചിൽ ഉയർന്നു... വാപ്പാ ഇനി അടിക്കല്ലേ... അവനൊന്നും അറിയില്ല.. എന്തായാലും ഞാൻ അവനെ പറഞ്ഞു മനസ്സിലാക്കാം... അവൻ കുട്ടിയല്ലേ, സഫിയ തേങ്ങലിനിടയിൽ പറഞ്ഞു... ഹമീദിന്റെ ശ്രദ്ധ ഒന്നുമാറിയപ്പോൾ ഭാര്യ അദ്ദേഹത്തിന്റെ കൈയ്യിൽ നിന്നും ചൂരൽ  പിടിച്ചുവാങ്ങി... വേണ്ട... ഇത്രയൊക്കെമതി.... ഈ വീട്ടിലെ ആദ്യത്തെ പേരക്കുട്ടിയാ അവനെ ഇങ്ങനെ തല്ലണോ.... മതി.. മതി...

ഹമീദിന്റെ ദേഷ്യം ഒരല്പം കെട്ടടങ്ങി, അദ്ദേഹം നിന്നു കിതക്കുകയായിരുന്നു.... ശരീരം നന്നായി വിയർത്തിരിക്കുന്നു... ശ്വാസം എടുക്കാൻ ബുദ്ധിമുട്ടുന്നതുപോലെ. കണ്ണുകൾ ചുവന്നിരിക്കുന്നു... അദ്ദേഹത്തിന്റെ ശരീരം കുഴയുന്നതുപോലെ തോന്നി... ഭിത്തിയിൽ ചാരി പതുക്കെ താഴേയ്ക്ക് ഇരുന്നു... കണ്ണിൽ ഇരുട്ടു കയറുന്നതുപോലെ...

എന്താ ഉപ്പാ എന്താ....., എന്താ വാപ്പാ എന്താ.... എല്ലാരും ഓടിയെത്തി.. അദ്ദേഹത്തെ താങ്ങി പിടിച്ച് കസേരയിലേയ്ക്ക് ഇരുത്തി... ആ മഴയത്തും ഹമീദ് വിയർക്കുന്നു... സഫിയാ കുറച്ചു വെള്ളമെടുത്തേ..... സഫിയ വെള്ളയുമായി വന്നു. ഉമ്മ അതുവാങ്ങി ഹമീദിന്റെ മുഖത്ത് ശക്തിയായി കുടഞ്ഞു... അദ്ദേഹം സ്വബോധത്തിലേയ്ക്ക് തിരിച്ചുവന്നു... ചുറ്റുപാടുമൊന്നു നോക്കി... ഇല്ല അരുതാത്തതൊന്നും സംഭവിച്ചിട്ടില്ല... തനിക്കിതെന്താണ് പറ്റിയത്... താൻ ഫസലിനെ വല്ലാതെ മർദ്ദിച്ചല്ലോ... തെറ്റ് തെറ്റുതന്നെ.. പണ്ട് ശങ്കരൻമാഷ് അവനെ തല്ലിയപ്പോൾ ചോദിക്കാനിറങ്ങിതാണ് താൻ.... എന്നിട്ടും..... സംഭവിക്കാൻ പാടില്ലാത്തതല്ലേ അവന്റെ ഭാഗത്തുനിന്നുണ്ടായത്.

അദ്ദേഹം ഇൻഹേലർ ആവശ്യപ്പെട്ടു... സൈനബ  അതുമായി വന്നു... ഇൻഹേൽ ചെയ്തു കഴിഞ്ഞപ്പോൾ ഹമീദിന് ഒരാശ്വാസം...

അപ്പോഴും താൻ ചെയ്ത തെറ്റെന്താണെന്നറിയാതെ ഫസൽ  വാവിട്ടു കരയുകയായിരുന്നു. ദേഹമാസകലം മർദ്ദനത്താൽ തണർത്തിരിക്കുന്നു... അവൻ സാവധാനം തടവി നോക്കി... ശരീരത്തിൽ പലയിടത്തും വല്ലാത്ത നീറ്റൽ.. അവൻ സ്വയം ചോദിച്ചുകൊണ്ടിരുന്നു.. എന്തിനാണ് ഉപ്പാ എന്നെ തല്ലിയത്...

സഫിയ പതുക്കെ അവന്റെ അടുത്തെത്തി.... അവന്റെ തോളിൽ തട്ടി... അവൻ നിയന്ത്രണം വിട്ടു ഉമ്മാനെ കെട്ടിപ്പിടിച്ചു.... മാതൃസ്നേഹത്താൽ എല്ലാം മറന്നവൾ പെട്ടിക്കരഞ്ഞു... അവനും സഹിക്കാവുന്നതിലുമപ്പുറമായിരുന്നത് ... അതു കണ്ടുനിന്ന എല്ലാവരുടേയും കണ്ണുകൾ ഈറനണിയിക്കുന്നതായിരുന്നു.

പുറത്ത് ഇടിയും മിന്നലും ശമിച്ചിരിക്കുന്നു.. നിശ്ശബ്ദത... ആരും പരസ്പരം സംസാരിക്കുന്നില്ല... ഇടയ്കികടയ്ക്ക് ഫസലിന്റെ തേങ്ങൽ, സഫിയ തേങ്ങൽ ഉള്ളിലൊതുക്കാൻ ശ്രമിക്കുന്നു.... ഹമീദ് ചാരുകസാരയിൽ മലർന്നു കിടക്കുന്നു.... സൈനബ അദ്ദേഹത്തെ പരിചരിക്കുന്നു.... അദ്ദേഹത്തിന് നേരിയതോതിൽ ശ്വാസവിമ്മിഷ്ടം അനുഭവപ്പെടുന്നുണ്ടായിരുന്നു. ആ നിശ്ശബ്ദതയിൽ അത് ഉയർന്നു കേട്ടിരുന്നു.

എന്നിട്ടും ഹമീദിന് ദേഷ്യമടക്കാനാകുന്നില്ല. എന്നാലും ഫസലിൽ നിന്ന് ഇതൊന്നും പ്രതീക്ഷിച്ചതല്ലല്ലോ... തന്റെ പേരക്കുട്ടി... താൻ്‍ ഓമനിച്ചു വളർത്തിയവൻ... എന്തെല്ലാം പ്രതീക്ഷയായിരുന്നു അവനെക്കൊണ്ട്. അവനിൽ നിന്ന് ഇങ്ങനെയൊന്നുണ്ടായാൽ ആരായാലും....

പുറത്തു ശാന്തമായ അന്തരീക്ഷം ഒടിഞ്ഞുവീണ മാവിൻകൊമ്പ് അയലത്തെ വീട്ടിലെ കോയ വന്ന് വെട്ടി മാറ്റി. മുറ്റം വൃത്തിയാക്കി. ഹമീദ് ആ കിടപ്പിൽ തന്നെ കിടക്കുകയായിരുന്നു.

കോയ ചോദിച്ചു. “ഹമീദിയ്ക്ക ങ്ങള്  കഷ്ടിച്ച് രക്ഷപ്പെട്ടെന്ന് പറഞ്ഞാമതി,  ദിവസവും ഇതിന്റെ മൂട്ടിലെ കല്ലിലല്ലേ ഇളം വെയിൽ കൊള്ളാൻ വന്നിരിയ്ക്കാറ്.

“അതേ കോയ... പടച്ചോൻ അല്പം ആയൂസ്സ് നീട്ടിത്തന്നതായിരിക്കും. ഇതെല്ലാം കാണാനും കേൾക്കാനുമുള്ള ശക്തികൂടി പടച്ചോൻ തരട്ടേ...

കോയയക്ക് ഹമീദ് പറഞ്ഞതൊന്നും മനസ്സിലായില്ല... കോയ യാത്രപറഞ്ഞ് പിരിഞ്ഞു.

അന്ന് രാത്രി ആരും നേരേ ചൊവ്വേ ഭക്ഷണം കഴിച്ചിരുന്നില്ല. അൻ‌വറിന്റെ ഭാര്യ മുഖംവീർപ്പിച്ചു നടന്നു... ആരോടും ഒന്നും മിണ്ടുന്നില്ല... ഫസലിന്റെ മുഖത്തുപോലും നോക്കുന്നില്ല... ഫസൽ തീർച്ചയാക്കി... തനിക്കെതിരേ മാമി എന്തോ ഉപ്പാനോടു പറഞ്ഞു ഫലിപ്പിച്ചിരിക്കുന്നു... താൻ ഉപ്പാനോടു അൻവറിയ്ക്ക കാശയയ്ക്കാത്ത കാര്യം പറയുമെന്നു പറഞ്ഞതിന് വാശിതീർത്തിരിക്കുന്നു. അവൻ എല്ലാം ഉമ്മയോട് പറയാൻ തീരുമാനിച്ചു. സഫിയ അവന് ഭക്ഷണം വിളമ്പി.. ശരീരത്തിൽ പലഭാഗത്തും നിറ്റലുണ്ടായിരുന്നതിനാൽ വിശപ്പൊന്നും അവന് അനുഭവപ്പെട്ടില്ല.. സഫിയ ചോറ് അവന് നിർബ്ബന്ധിച്ച് വാരിക്കൊടുത്തു... 

അവന് കിടക്കാനുള്ള പായ വിരിച്ചിട്ട് സഫിയ അവനെ വിളിച്ചു. അവൻ സാവധാനം അകത്തേയ്ക്ക് പോയി. അടികൊണ്ട് തണർത്തഭാഗങ്ങളിൽ സഫിയ വെളിച്ചെണ്ണ ചെറുചൂടാക്കി തേച്ചുകൊടുത്തു... വിളക്കണച്ചു അവർ ഉറങ്ങാൻ കിടന്നു. അവൻ ഉമ്മയോട് ചേർന്നു കിടന്നു. എത്രയോ നാളുകൾക്ക് ശേഷമാണ് തനിക്ക് ഉമ്മയെ ഇത്ര അടുത്തു കിട്ടുന്നത്... സഫിയ അവന്റെ തലമുടിയിൽ മെല്ലെ തലോടി... ആ സ്നേഹത്തോടെയുള്ള തലോടലിൽ അവൻ എല്ലാവേദനയും മറന്നു... അവൾ സാവധാനം അവനോട് ചോദിച്ചു. 

“മോനേ മിനിഞ്ഞാന്ന്  രാത്രിയിൽ എന്താ ഇവിടെ സംഭവിച്ചത്... “

“ഉമ്മാ.. അത്... ഞാനെങ്ങനാ പറയാ ..“

“മോൻ പറഞ്ഞോ... എനിക്കറിയാം നീ തെറ്റൊന്നും ചെയ്യില്ലെന്ന്. എനിക്ക് എന്റെ മോനെ വിശ്വാസമാ.“

“അതു ഉമ്മാ ആ ദിവസം നല്ല ഇടിയും മഴയുമായിരുന്നു. ഉമ്മയ്ക്കറിയാല്ലോ അമ്മായിക്ക് ഇടി ഭയങ്കര പേടിയാണെന്ന് . അവർ കട്ടിലിലേ കിടക്കൂ അതുകാരണം അവരുടെ റൂമിൽ എന്നെ കൂട്ടുകിടക്കാൻ വിളിച്ചു. ഞാൻ പോയില്ല.. ഉപ്പയെക്കൊണ്ട് പറയിപ്പിച്ചിട്ടാണ് ഞാൻ അവരുടെ റൂമിൽ പോയത്... അവർ കട്ടിലിലും ഞാൻ താഴെ പായയിലുമായിരുന്നു കിടന്നത്. രാത്രിയിൽ എപ്പോഴോ മാമി ചാടിയെഴുന്നേറ്റ് എന്നെ തട്ടിയുണർത്തി എന്നിട്ട് പറഞ്ഞു ഞാൻ അവരുടെ മാക്സിയുടെ ബട്ടൺ അഴിച്ചെന്നും അവരെ ഉമ്മവച്ചെന്നും... ഇപ്പോതന്നെ ഉപ്പാനെവിളിച്ചു പറയുമെന്നും പറഞ്ഞ് ബഹളമുണ്ടാക്കി... ഞാൻ പറഞ്ഞു അമ്മായി ഞാനൊന്നും ചെയ്തില്ല എന്ന്, പടച്ചോനാണെ സത്യം ഞാൻ അവരെ ഒന്നും ചെയ്തിട്ടില്ല, എനിക്ക് ചെറിയ പനിയും തലവേദനയുമുണ്ടായിരുന്നതിനാൽ നല്ല ഉറക്കവുമായിരുന്നു.

“എനിക്കറിയാം മോനേ... നീ അവരെ കാണുന്നത് നിന്റെ ഉമ്മയുടെ സ്ഥാനത്താണെന്ന്... അവർക്ക് മക്കളില്ലാത്തതല്ലേ അതുകൊണ്ടു നിന്നോട് ഒരു വാത്സല്യവുമുണ്ടല്ലോ...

“അതേ ഉമ്മാ.. പക്ഷേങ്കി... ഇങ്ങനൊക്കെ പറയാമോ....“

“എന്നിട്ട് പിന്നെ എന്താ ഉണ്ടായേ...“

“അവർ ഉപ്പാനെ വിളിക്കാൻ പുറത്തിറങ്ങി... എന്നിട്ട് തിരിച്ചു കയറി എന്നെ ഭീഷണിപ്പെടുത്തി.. നീ ഇതോർത്തുവച്ചോ ഞാനിത്ഉപ്പയോട്   പറയുമെന്നും, ഉപ്പ നിന്നെയും ഉമ്മയേയും ഇവിടെനിന്നും അടിച്ചിറക്കുമെന്നും  പറഞ്ഞു. അങ്ങനെ ചെയ്യോ ഉമ്മാ. ഉപ്പ നമ്മളെ പുറത്തക്കോ പുറത്താക്കിയാ നമ്മൾ എവിടെ പോകും ഉമ്മാ എവിടെ പോകും ഭയം കൊണ്ട് ഫസൽ ഉമ്മയുടെ മാറോട് ഒന്നൂടെ ഒട്ടിക്കിടന്നു നിറഞ്ഞു തുളുമ്പിയ കണ്ണുകൾതുടച്ചുകൊണ്ടവൻ പതിയെ പറഞ്ഞു അതിനുശേഷം എന്നെ അവർ പുറത്താക്കി കതകടച്ചു“. 

ഉമ്മയുടെ മാതൃഹൃദയം തേങ്ങി “ഇല്ല മോനെ... “ ഒരിക്കലും ഇല്ലാ ...

“അതേ ഉമ്മാ ഞാൻ കരുതി അവര് എന്നെ കളിപ്പിക്കുന്നതായിരിക്കുമെന്ന്... കഴിഞ്ഞ ആഴ്ച്ച നാദിറ മാമി എന്നോട് പറഞ്ഞു അൻവർമാമ സ്വന്തമായി കട തുടങ്ങിയെന്നും അമ്മായിക്ക് മാല അയച്ചുകൊടുത്തിട്ടുണ്ടെന്നും അതാണ് പൈസാ അയയ്ക്കാത്തതെന്നും... അതുകേട്ട് ഞാൻ പറഞ്ഞു ഞാനിത് ഉപ്പായോട് പറയുമെന്ന്. അന്ന് തുടങ്ങിയതാ അവർക്കെന്നോട് കലി... പക്ഷേ ഞാൻ ഉപ്പയോട് പറഞ്ഞില്ല. ഉപ്പയ്ക്ക് വിഷമമാവില്ലേ.“

സഫിയയ്ക്ക് കാര്യങ്ങൾ ഏകദേശം ബോധ്യപ്പെട്ടു തുടങ്ങി. തന്റെ മകന്റെമേൽ അവൾ കുറ്റം അടിച്ചേൽപ്പിച്ചതാണ്. അൻവറിന് നല്ലജോലിയാണെന്നറിയാം മനപ്പൂർവ്വം പൈസാ അയയ്ക്കാത്തതാണ്. അവൻ സ്വാർത്ഥനായിരുന്നില്ല നാദിറ അവനെ പറഞ്ഞ് മാറ്റിയതായിരിക്കും. പണമുള്ള വീട്ടിലെ പെണ്ണല്ലേ... എന്തു വിചാരിച്ചാലും അവൾക്കത് നടത്താനറിയാം. എന്തായാലും ഇക്കാര്യങ്ങൾ സഫിയ ബാപ്പയോട് പറയാൻ തീരുമാനിച്ചു. പാവം ഇക്കാര്യങ്ങൾ അറിഞ്ഞാൻ ആകെ തകർന്നുപോവും.

അവൻ വീണ്ടും ഉമ്മയുടെ കൈയ്യിൽ‌ തട്ടിയിട്ടു പറഞ്ഞു..
        
“ഉമ്മ ഇന്നലെ എളേമ്മ എന്നെ കണ്ടപ്പോ പറഞ്ഞ് ഞാൻ ആവശ്യമില്ലാത്ത ബുക്കൊക്കെ വായിക്കുന്നെന്ന്... എല്ലാരും കുശുകുശുക്കുന്നുണ്ടായിരുന്നു. എനിക്കിതൊന്നും മനസ്സിലായില്ലുമ്മ... എല്ലാരും എന്നെ തെറ്റിദ്ധരിച്ചു, ഉപ്പാക്ക് എന്നെ അറീല്ലേ.... പിന്നെന്തിനാ എന്നെ തല്ലീത്... “

“എനിക്കറിയാം മോനത് ചെയ്തിട്ടില്ലെന്ന്. അതിന് മാത്രമൊന്നും എന്റെ മോൻ വളർന്നിട്ടില്ല. ഈ കള്ളം പറയണതിന് ഓക്ക് പടച്ചോൻ കൊടുത്തോളും.....“

സഫിയ ഓർക്കുകയായിരുന്നു... തന്നെ  സീനത്ത്  വിളിച്ചുവരുത്തിയതാണ്... ഇവിടെ എത്തിയതിനുശേഷമാണ് താനെല്ലാം അറിഞ്ഞത്.. അവളാണ് കാര്യങ്ങളൊക്കെ പറഞ്ഞത്. അൻവറിന്റെ ഭാര്യയോട് ചോദിക്കാൻ ചെന്നപ്പോൾ അവൾ തന്നോട് സംസാരിക്കാൻ തയ്യാറായില്ല. ഇവിടുത്തെ പ്രശ്നങ്ങൽ വൈകിട്ടാണ് വാപ്പ അറിഞ്ഞത് അതാണ് ഫസൽ എത്തിയ ഉടൻ വാപ്പയുടെ നിയന്ത്രണം വിട്ടുള്ള പെരുമാറ്റം ഉണ്ടായത്. പറയണം വാപ്പയോട് നടന്നതെന്തെന്ന് ഇല്ലെങ്കിൽ എന്റെ മോനെ എല്ലാരും കാണുന്നത് വേറേ രീതിയിലായിരിക്കും. പാടില്ല അവന്റെ ഭാവിയെ ബാധിക്കുന്നതൊന്നും ചെയ്യാൻ പാടില്ല... എന്റെ സാഹചര്യം ഇങ്ങനെയായിപ്പോയി അല്ലായിരുന്നെങ്കിൽ അവനേയും കൂടെ കൂട്ടാമായിരുന്നു. ഇപ്പോഴാണ് ഉമ്മയായ തന്റെ സാമീപ്യം അവന് ആവശ്യം... 

ഫസൽ ക്ഷീണവും വേദനയും കൊണ്ട് പെട്ടെന്ന് ഉറങ്ങി... സഫിയ അവനെ എല്ലാം പറഞ്ഞ് ബോധ്യപ്പെടുത്തിയിരുന്നു. ഒരു കാര്യം സഫിയ തീരുമാനിച്ചിരുന്നു ഇവിടുത്തെ അവസ്ഥ മോശമാണെങ്കിൽ അവനേയും തന്റെകൂടെ കൂട്ടണം. പുറത്ത് വാപ്പയുടെ നിർത്താതെയുള്ള ചുമ... അവൾ എഴുന്നേറ്റിരുന്നു. റൂമിനു സമീപത്തേയ്ക്ക് നടന്നുവരുന്നതുപോലെ അവൾക്ക് തോന്നി. അവൾ എഴുന്നേറ്റു പുറത്തേയ്ക്ക് വന്നു. അതേ ഹമീദായിരുന്നു അത്. അവൾ അദ്ദേഹത്തോട് ചോദിച്ചു.

“എന്താ വാപ്പാ എന്തേലും വല്ലായ്മ.“

“ഇല്ല മോളേ... ഒന്നുമില്ല.. അവൻ ഉറങ്ങിയോ... വേണ്ടായിരുന്നു ഇന്നുവരെ ഞാനെന്റെ കുഞ്ഞിനെ തല്ലിയിട്ടില്ല. ആദ്യായിട്ടാ... എനിക്ക് ഉറങ്ങാനാവുന്നില്ല... വല്ലാത്തൊരുവിഷമം.. ഇല്ല അവനതൊന്നും ചെയ്തു കാണില്ല...“ അതും പറഞ്ഞ് വാപ്പ കിടക്കാനായി പോയി. വാപ്പയ്ക്ക് നല്ല വിഷമമുണ്ടെന്ന് തോന്നുന്നു. ഇപ്പോൾ അതൊന്നും പറയണ്ട, എല്ലാരും കേൾക്കും നാളെ സമയം നോക്കി പറയാം.

സഫിയ അടുത്ത ദിവസം രാവിലെ ഉണർന്നു... തലേദിവസത്തെ കാര്യങ്ങൾ എല്ലാരും മറന്നപോലെ... ഫസലിന് അത് മറക്കാനായില്ല കാരണം ശരീരം മുഴുവൻ വല്ലാത്ത വേദന. ചെറിയ പനിയുമുണ്ടെന്നു തോന്നുന്നു. അമ്മയി തൊട്ടടുത്തുകൂടി പോയി അവന്റെ മുഖത്തുപോലും നോക്കിയില്ല. അവനെല്ലാം ബോധ്യപ്പെട്ടിരുന്നു തന്നോടുള്ള പക അവർ തീർത്തിരിക്കുന്നു. അവരുടെ മുഖത്ത് ഒരു വിജയഭാവം, പരിഹാസം... അമ്മായി സീനത്തമ്മായിയേയും കൂട്ടി പുറത്തെന്തോ കാര്യത്തിനായി പോകുന്നതുകണ്ടു.

കിട്ടിയ സമയംകൊണ്ട് സഫിയ എല്ലാം വാപ്പയോട് പറഞ്ഞു. ആ മനുഷ്യന് അത് താങ്ങാനാവുന്നതിലുമപ്പുറമായിരുന്നു. മരുമക്കളെ സ്വന്തം മക്കളെപ്പോലെയാണാമനുഷ്യൻ കണ്ടിരുന്നത്.. എന്നിട്ടും ഇങ്ങനെയൊക്കെ തന്നെ തെറ്റിദ്ധരിപ്പിക്കാമോ... ഹമീദിന് കാര്യങ്ങളെല്ലാം വളരെ വ്യക്തമായി മനസ്സിലായി... തന്റെ ഇളയമകൻ അൻവർ തന്നെ ചതിക്കുകയാണോ എന്ന തോന്നൽ. സാമ്പത്തികാവസ്ഥ വളരെ മോശമായിവരുന്നു.... മരുമക്കൾ രണ്ടുപേരും വീട്ടിലുണ്ട്... ചിലവ് വളരെ കൂടുതലുമാണ്. എങ്ങനെയാണ് ഇനി മുന്നോട്ടുപോവുക... സാമ്പത്തികപ്രശ്നംകൊണ്ട് ആശുപത്രിയിൽ പോയിട്ടു കുറച്ചു നാളുകളുമായി. ഇനി ഡോക്ടർ തന്നെ വഴക്കുപറയും ഉറപ്പാ. സഫിയ കൈയ്യിലുള്ളസമ്പാദ്യമെല്ലാം തന്നെ ഏൽപ്പിച്ചിരിക്കുന്നു ... അവളുടെ പൈസാഎടുത്ത് ചിലവാക്കുന്നത് പാവമല്ലേ... അവൾക്കും ഒരു ജീവിതമൊക്കെ വേണ്ടേ.

ഫസലിന് തന്നോട് ദേഷ്യമായിരിക്കും. കാളപെറ്റെന്നു കേട്ടപ്പോൾ കയറെടുത്തതുപോലെയായി. കേട്ടതെല്ലാം വിശ്വസിച്ചു.  അല്ല തന്നെ വിശ്വസിപ്പിച്ചു. ഭാര്യ തന്നോട് പറഞ്ഞതാ ഇതൊന്നും അത്ര കാര്യാക്കണ്ടാന്ന്. പക്ഷേ മരുമോൾ തന്നോട് പരാതിപറഞ്ഞപ്പോൾ തന്റെ നിയന്ത്രണം വിട്ടുപോയി.

“മോനേ ഫസലേ...“ അതേ തന്റെ ഉപ്പാ തന്നെ വിളിക്കുന്നു. അവൻ എല്ലാം മറന്ന് ഓടി അടുത്തുചെന്നു. 

“ഇങ്ങടുത്തുവാ മോനോ...“

അവൻ അല്പം നീരസത്തോടെ മടിച്ചു മടിച്ചു ചോദിച്ചു.. 

“...വീണ്ടും... അടിക്കനാണോ ഉപ്പാ...“

“ഇല്ലടാ... തെറ്റു കാണിച്ചാ അടിക്കും... നീ തെറ്റുകാരനല്ലമോനെ... പോട്ടടാ... നീ കുളിച്ച് സ്കൂളിൽപോകാൻ നോക്ക്... വേദനയുണ്ടോ മോനേ...“

“ഇല്ലുപ്പാ... ഉമ്മ വെളിച്ചെണ്ണയിട്ടപ്പോ എല്ലാം മാറി..“

ഹമീദ് മകന്റെ തിണർത്ത പാടുകൾ നോക്കി. അദ്ദേഹത്തിന്റെ മനസ്സ് വിങ്ങുകയായിരുന്നു. വേണ്ടായിരുന്നു. പടച്ചോൻ അവന് നല്ലത് വരുത്തട്ടേ...

ദിവസങ്ങൾ കടന്നുപോയി എല്ലാവരും പതിയെ പതിയെ എല്ലാം മറക്കാൻ തുടങ്ങി. മറവി ഒരനുഗ്രഹമാണല്ലൊ. പക്ഷെ ഫസലത് മറന്നില്ല. അവന്റെ മനസ്സിൽ നാൾക്ക് നാൾ അമ്മായിയോട് പകയും വിദ്വേഷവും കൂടിക്കൂടി വന്നു. അമ്മായി എല്ലാം മറന്നെന്ന പോലെ അവനോട് അടുക്കാൻ തുടങ്ങി. അവനകലാനും.......... 

ഒരു ദിവസം ഹമീദിന് പെട്ടെന്ന് ശ്വാസംമുട്ടലുണ്ടായി. കോഴിക്കോട്ടെ സിറ്റി ചെസ്റ്റ് സ്പെഷ്യാലിറ്റി ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തു. ഡോക്ടർ അസദ് എല്ലാ പരിശോധനകളും നടത്തി. പഴയ ഫയലുകൾ പരിശോധിച്ചു. 

“ഹമീദ് എന്താ ചെക്കപ്പിന് കൃത്യമായി വരാത്തത്. ഇങ്ങനെയാണെങ്കിൽ ഞങ്ങൾക്ക് നിങ്ങളുടെ അസുഖം മാറ്റിയെടുക്കാൻ കഴിയുമെന്നു തോന്നുന്നില്ല... നിങ്ങളുടെ അസുഖത്തിന്റെ സീര്യസ്നസ് ഇതുവരെ ബോധ്യപ്പെട്ടില്ലെന്നു തോന്നു. മക്കളൊന്നും നാട്ടിലില്ലേ.. എന്താണ് പ്രശ്നം.“

ഹമീദിന് ഒന്നും പറയാനായില്ല കൂടെയുള്ളവരും നിശ്ശബ്ധത പാലിച്ചു. മക്കൾ രണ്ടുപേരും ഗൾഫിൽ മരുമക്കൾ വീട്ടിലും, ഉള്ളകാശ് ചിലവിനുപോലും തികയുന്നില്ല, പിന്നെങ്ങനെ താൻ ഇവിടെ പരിശോധനയ്ക്ക് വരിക. പടച്ചോൻ കാക്കട്ടെ എന്നെ..

“എന്താണിത്ര പെട്ടന്ന് അസുഖം  കൂടാൻ കാരണം“ ഡോക്ടർ ചോദിച്ചു. 

ആശുപത്രിക്കിടക്കയിൽ കിടന്നിട്ട് ഹമീദിന്റെ നെഞ്ചാളി. പടച്ചവനെ തനിക്കാണെങ്കിൽ ഇനി അധ്വാനിക്കാനും കഴിയില്ല. ഏകപ്രതീക്ഷയായിരുന്നു മക്കൾ. റഷീദിനാണെങ്കി പണിയൊന്നും ശരിയായിട്ടുമില്ല. അൻവറിന്റെ കാര്യം ഇങ്ങനെയുമായി. പടച്ചവനെ നീ കാക്ക്..... കൂടുതലൊന്നും ആഗ്രഹമില്ല. മരിക്കുന്നതിന് മുമ്പ് അഞ്ച് സെന്റ് സ്ഥലവും ചെറിയൊരു വീടും. കോർട്ടേഴ്സിൽ നിന്ന് എങ്ങിനെയെങ്കിലും ഒന്ന് രക്ഷപ്പെടുത്തണേ റബ്ബേ...... 

രണ്ട് ദിവസംചികിത്സയുടെ ഫലമായി ഹമീദിന് അൽപം ആശ്വാസം തോന്നി. ഡോക്ടറോട് പറഞ്ഞ് വീട്ടിലേക്ക് കൊണ്ട് വന്നു. ദിവസങ്ങൾ വീണ്ടും നീങ്ങികൊണ്ടിരുന്നു. അൻവറിന്റെ യാതൊരു വിവരവുമില്ല. ഒരു ദിവസം റഷീദിന്റെയും അൻവറിന്റെയും ഭാര്യമാരെ വിളിച്ച് ഹമീദ് പറഞ്ഞു. ഞങ്ങൾ പട്ടിണികിടന്നാലും കുഴപ്പമില്ല പക്ഷെ നിങ്ങൾ അങ്ങിനെയല്ലല്ലൊ അതുകൊണ്ട് അവര് പൈസ അയക്കുന്നത് വരെയെങ്കിലും നിങ്ങൾ വീട്ടിൽ പോയി നിന്നോളി. ഇത് കേട്ട അൻവറിന്റെ ഭാര്യ നാദിറ ഹമീദിന്റെ നേർക്ക് തട്ടിക്കയറി.

“ങ്ങൾക്ക് മകനെക്കാളും വലുത് പൈസയാണല്ലേ? അൻവറിക്ക രണ്ട് മാസം പൈസ അയച്ചില്ലെന്ന് വെച്ച് അപ്പോത്തിന് മനുഷ്യന് സമാധാനം പോയി. എന്റിക്ക കുടിക്കാനും തിന്നാനുമില്ലാതെ അവിടെ കഷ്ടപ്പെടുന്നു. ഇനി ഞാനിവിടെ നിൽക്കണില്ല. അൻവറിക്ക ഇനി എന്നാ പൈസ അയക്ക്ണ് അന്ന് വരാം. ഞാനെന്റെ ആങ്ങളയെ  വിളിച്ച്‌ വീട്ടിലേക്ക് പോകാം.“ 

ഹമീദ് മനസ്സിൽപ്പോലും ചിന്തിക്കാത്ത കാര്യങ്ങൾ ഇവൾക്കിതെന്തുപറ്റി. ഹമീദും തരിച്ചിരുന്ന് പോയി. ഇത് വരെ ഒരാളും തന്റെ മുമ്പിൽ ഇങ്ങിനെ നിന്ന് സംസാരിക്കാൻ ഞാനിത് വരെ ഇടംകൊടുത്തിട്ടില്ല. പക്ഷെ ഇപ്പൊൾ തന്റെ സുഹൃത്തിന്റെ മകൾ, മാത്രമോ തന്റെ മരുമകൾ. വീട്ടിലെ എല്ലാ അവസ്ഥയും അവൾക്കറിയാം എന്നിട്ടും.

“മോളെ ഉപ്പ.....“

മുഴുമിപ്പിക്കാൻ അവൾ അനുവദിച്ചില്ല. 

“മതി ഇനിയൊന്നും പറയണ്ട.“

 നാദിറ ദേഷ്യത്തോടെ റൂമിലേക്ക് പോയി. ശക്തിയോടെ വാതിലടച്ചു. 

“വാപ്പാ... പട്ടിണിയെങ്കിൽ പട്ടിണി. നമുക്ക് ഒരുമിച്ചനുഭവിക്കാം.“ റഷീദിന്റെ ഭാര്യ പറഞ്ഞു. 

“മോളെ....ഞാൻ നിങ്ങളുടെ നല്ലതോർത്ത് പറഞ്ഞതാടി.“

“സാരമില്ലുപ്പാ ഉപ്പ വിഷമിക്കേണ്ട“. റഷീദിന്റെ ഭാര്യയുടെ വാക്കുകൾകേട്ട് ഹമീദിന്റെ കണ്ണുകൾ നിറഞ്ഞു.

പിറ്റേന്ന് അൻവറിന്റെ  ഭാര്യ അവളുടെ ആങ്ങളയെ വരുത്തി. അവൻ വലിയ ലോഹ്യമൊന്നും കാട്ടിയില്ല.. അവൾ ഒരുവാക്കുപോലും  തന്നോട്  മിണ്ടാതെ ഇറങ്ങിപോയി. 

ഹമീദ് പലരീതിയിലും അവളെ സമാധാനപ്പെടുത്താൻ ശ്രമിച്ചിരുന്നു. പക്ഷേ അവൾ വഴങ്ങിയില്ല.  ഹമീദ് അവളോട് കെഞ്ചി പറഞ്ഞു നോക്കി. പക്ഷെ അവൾ നിന്നില്ല. അവൾ ആങ്ങളയോടൊപ്പം ഇറങ്ങി നടന്നു. വീട്ടിലെത്തിയ പാടെ അൻവറിനെ വിളിച്ച് എരിവും പുളിയും ചേർത്ത് പറഞ്ഞുകൊടുത്തു. 

ഹമീദിന് ചിലദിവസങ്ങളിൽ അസുഖത്തിന് നല്ല കുറവുണ്ടാകും. എന്നാലും ഹമീദ് കിടത്തം തന്നെ. ചിന്തകൾ അദ്ദേഹത്തിനെ കീഴ്പ്പെടുത്താൻ തുടങ്ങി. താൻ കാരണമാണ്  തന്റെ മരുമകൾ വീട് ഇറങ്ങി പോയത്. പടച്ചവനെ അവരുടെ നൻമ്മക്ക് വേണ്ടി പറഞ്ഞതല്ലെ ഞാൻ. അതിത്രയ്ക്ക്... തനിക്ക് പറയാൻ കണ്ട സമയം ഹമീദ് വേവലാതിയോടെ ഓർത്തു.

കയ്യീന്ന് പോയ കല്ലും വായീന്ന് പോയ വാക്കും... ഇല്ല രണ്ടും തിരിച്ചെടുക്കാൻ പറ്റില്ല... താൻ പറഞ്ഞത് അവർ തെറ്റായ രീതിയിൽ വ്യാഖ്യാനിച്ചിരിക്കുന്നു. എന്താ ഇതിനൊരു പോംവഴി... പടച്ചോൻ എന്തായാലും ഒരുവഴി കാണിച്ചുതരാതിരിക്കില്ല. 

മഴയൊന്നു മാറിനിൽക്കുന്നു. വെയിലിന് നല്ല ചൂടുമുണ്ട്. ഹമീദ് സാവധാനം മുറ്റത്തേക്കിറങ്ങി. കോയ അവിടുണ്ടോന്നു നോക്കണം. കഴിഞ്ഞദിവസം ഒടിഞ്ഞുവീണ മാവിൻ കൊമ്പും ചുള്ളികളും അവനാണ് വെട്ടി മാറ്റി വൃത്തിയാക്കിയത്. അവന് ഒന്നും കൊടുത്തതുമില്ല. പെട്ടെന്ന് സൈക്കിളിന്റെ ബല്ലടി ശബ്ദം കേട്ട് ഹമീദ് തിരിഞ്ഞു നോക്കി... പോസ്റ്റുമാൻ ബാബു നിന്നു ചിരിക്കുന്നു.  

“ഹമീദ്ക്ക ഒരു രജിസ്ട്രേഡ് പോസ്റ്റുണ്ട്...“

“ആർക്കാ ബാബു... “

“ഇക്കാക്കു തന്നെ.. ഇവിടടുത്ത് മറ്റാർക്കാ വിദേശത്തുനിന്നും രജിസ്ട്രേഡു കത്തുവരുന്നത്... റഷീദിന്റേതാ...

ഹമീദ് കത്ത് ഒപ്പിട്ടു വാങ്ങി... അൻപത് രൂപ എടുത്തുകൊണ്ടുവരാൻ ഭാര്യയോടു പറഞ്ഞു. ബാബു അത് നിരസ്സിച്ചു. ഹമീദ്ക്കാ നിങ്ങളെ അവസ്ഥയൊക്കെ ഞമ്മക്കറിയാം... അറിഞ്ഞുകൊണ്ട് നിങ്ങളീന്ന് ഒന്നും വാങ്ങുന്നത് ശരിയല്ല... പൈസായൊക്കെ വരട്ടെ എന്നിട്ട് കുടിശികയുൾപ്പടെ താന്നാൽ വാങ്ങി.. ബാബു ചിരിച്ചുകൊണ്ടു സൈക്കിളിൽ കയറി അടുത്ത മേൽവിലാസക്കാരനെത്തേടി പോയി.

ഹമീദ് കവർപൊട്ടിച്ചു നോക്കി, റഷീദിന്റെ കത്തും കൂടെ 2000 രൂപയുടെ ഡ്രാഫ്റ്റും. അതേ പടച്ചോൻ തന്റെ വിളി കേട്ടിരിക്കുന്നു. അവന് ജോലികിട്ടിയതുകൊണ്ടാകും പൈസാ അയച്ചത്. കത്ത് തുറന്നു വായിച്ചു. അദ്ദേഹത്തിന്റെ കണ്ണുകൾ ഈറനണിഞ്ഞു. 


തുടർന്നു വായിക്കുക അടുത്ത ഞായറാഴ്ച്ച  31 03 2019


ഷംസുദ്ധീൻ തോപ്പിൽ 24 03 2019

16.3.19

നിഴൽ വീണ വഴികൾ - ഭാഗം 13


തലേദിവസത്തെ ഉറക്കം ശരിയാകാത്തതുകാരണം ഹമീദ് ഉറക്കമെഴുന്നേൽക്കാൻ താമസിച്ചു. ഭാര്യ സൈനബ ചായയുമായി എത്തി ഹമീദിനെ കുലുക്കി വിളിച്ചു. ഉറക്കത്തിന്റെ ആലസ്യത്തിൽ അദ്ദേഹം കട്ടിലിൽ എഴുന്നേറ്റിരുന്നു. ഭാര്യയോട് പറഞ്ഞു.

“എന്തൊക്കെയായാലും മക്കളടുത്തുള്ളപ്പോൾ വലിയൊരു ധൈര്യമാണ്, രക്ഷപ്പെടാനൊരു വഴികിട്ടിയപ്പോൾ ഇതൊക്കെ ചിന്തിക്കുന്ത് ശരിയാണോ... അവർ രക്ഷപ്പെട്ടാൽ നമ്മുടെ കഷ്ടപ്പാടും തീരില്ലേ... നാട്ടുകാർക്കൊക്കെ വലിയ ബഹുമാനമാവില്ലേ...“
 
ഹമീദിന്റെ വിഷമം മനസ്സിലാക്കി ഭാര്യ പറഞ്ഞു.

“എല്ലാരും ഓരോ കുടുംബമൊക്കെ ആയില്ലേ.. അവർക്കും ആഗ്രഹങ്ങളൊക്കെ കാണില്ലേ... പടച്ചോൻ തന്ന ഒരവസരമല്ലേ.... എന്തായാലും ചായകുടിച്ചിട്ട് എഴുന്നേറ്റേ ഫസലിന് നാളെ സ്കൂള് തുറക്കയാണ്. സഫിയ രാവിലെ തന്നെ എത്തി, അവന് എന്തൊക്കൊയേ വാങ്ങാനുണ്ട്. ങ്ങള് ഒന്നു കൂടെ ചെല്ല്.“

ഫസലിന്റെ സ്കൂൾ നാളെ തുറക്കുന്നു.  സ്കൂളിലേയ്ക്കുള്ള പുസ്തകങ്ങളും പുതിയ പേനയുമെല്ലാം വാങ്ങി.... അതിനുള്ള പണമൊക്കെ സഫിയ കണ്ടെത്തിയിരുന്നു.... പുതിയ പുസ്തകങ്ങളും അതിലെ പാഠഭാഗങ്ങളും അവനു വളരെ ഇഷ്ടപ്പെട്ടു... മലയാളം പുസ്തകത്തിലെ കഥകൾ അവനെ വളരെ ആകർഷിച്ചു... 

പുസ്തകങ്ങൾ നന്നായി പൊതിഞ്ഞുവച്ചു. മഴനനയാതിരിക്കാൻ പ്ലാസ്റ്റിക് ബാഗിലാക്കി റബ്ബർബാന്റ് പിടിച്ചിട്ടു... ഉമ്മയുടെ അരുകിൽകിടന്നുറങ്ങി. ഉറങ്ങുന്നതിനു മുൻപ് ഉമ്മയുടെ ഉപദേശം വളരെ ശ്രദ്ധയോടെ അവൻ കേട്ടുകിടന്നു... അറിയാതെ എപ്പോഴോ ഉറങ്ങി... ഉമ്മ വിളിക്കാതെ തന്നെ രാവിലെ അവൻ ഉറക്കമുണർന്നു. പല്ലുതേയ്ച്ചു കുളിച്ചു യൂണീഫോമൊക്കെ ഇട്ടു റഡിയായിഎത്തി.. ഹമീദ് അവനെ സ്നേഹപൂർവ്വം ചേർത്തുനിർത്തി.

‍“മോനേ.. പുതിയ സ്കൂളിലേയ്ക്കാണ് പോകുന്നത്... അവിടെയുള്ളവരെല്ലാം നിനക്ക് പുതിയ സുഹൃത്തുക്കളാണ്. ആരോടും വഴക്കുകൂടരുത്.. പഴയസ്കൂളിലെ ഒരുകാര്യവും അവിടെ ആരുമായും പങ്കുവയ്ക്കരുത്. പുതിയ ചുറ്റുപാടുകൾ, പുതിയ അന്തരീക്ഷം, പുതിയ ടീച്ചർമാർ എല്ലാം മനസ്സിലാക്കി പെരുമാറുക.“

“ഉപ്പാ ഞാൻ എല്ലാം ഓർക്കുന്നു... നല്ലകുട്ടിയായി ഞാനവിടെ പഠിക്കും... ആരോടും വഴക്കിടില്ല.. പഴയതെല്ലാം ഞാൻ മറന്നു ഉപ്പാ..“

സ്കൂൾ യൂണിഫോമൊക്കെ ഇട്ടു മുടി നന്നായി ചീകിയൊതുക്കി മുഖത്ത് പൗഢറുമിട്ടുകഴിഞ്ഞപ്പോൾ പത്താം ക്ലാസ്സിൽ പഠിക്കുന്ന കുട്ടിയുടെ മുഖഭാവം. മകൻ വളർന്നു വലുതായി... സഫിയ മനസ്സിൽ പറഞ്ഞു.

ഫസൽ വളരെ ഉത്സാഹത്തിലായിരുന്നു. സാധാരണപോലെ സ്കൂൾ തുറക്കുമ്പോഴുള്ള മഴയും കൂടെയെത്തി... സ്കൂളിലേയ്ക്കുള്ള യാത്രയ്ക്ക് ഹമീദും സഫിയയും ഉണ്ടായിരുന്നു. ഹമീദിന്റെ കൈയ്യിലെ കാലൻ കുടയുടെ അടിയിലായിരുന്നു അവനും. മഴനനയാതിരിക്കാനായി ഹമീദ് അവനെ ചേർത്തുപിടിച്ചു നടക്കുകയായിരുന്നു. അവൻെറ പുസ്തകങ്ങൾ സഫിയയുടെ കൈയ്യിലും. സ്കൂൾ അടുക്കാറായി അവിടേയ്ക്കുള്ള യാത്രയിൽ മറ്റുകുട്ടികളും രക്ഷകർത്താക്കൾക്കൊപ്പം വരുന്നുണ്ടായിരുന്നു. അവർ ആരൊക്കെയാവും തന്റെ ക്ലാസ്സിൽ? തന്നെ നോക്കുന്ന എല്ലാവരേയും നോക്കി അവൻ പുഞ്ചിരിച്ചു, ചിലപ്പോൾ അവർ തന്റെ ക്ലാസ്സിലെ കുട്ടികളായിരിക്കും..

സ്കൂളിലെത്തിയപ്പോൾ ആദ്യ ദിവസത്തെ പരിഭവം അവന്റെ മുഖത്ത് നിഴലിച്ചിരുന്നു. കാസീംമാഷ് നടന്ന് അവരുടെഅടുത്തെത്തി, 

“ഹമീദിയ്ക്കയും സഫിയയും വീട്ടിലേയ്ക്ക് പൊയ്ക്കോ. ഇവിടുത്തെ കാര്യം ഞാൻ നോക്കിക്കൊള്ളാം പേടിക്കാനൊന്നുമില്ല.. ഞാനില്ലേ. സഫിയ ഇന്നുതന്നെ തിരികെ പോകുന്നില്ലേ...“

ആദ്യ ദിവസത്തെ അസംബ്ലി. ഒരധ്യാപകൻ മൈക്കിലൂടെ ഓരോ കുട്ടികളും ഏതേത് ക്ലാസിലേക്കാണ് പോവേണ്ടത് എന്ന് വിളിച്ച് പറയുകയായിരുന്നു. ഫസൽ ഏഴ് ഏ ക്ലാസിലാണെന്ന് വിളിച്ചു പറഞ്ഞപ്പൊൾ കാസിം മാഷ് അവനെ കൈയ്യാട്ടി വിളിച്ചു. അവനേയുംഏഴ് ഏ യിൽ കൊണ്ട് വിട്ടു. കാസിംമാഷ് അവനോട് പറഞ്ഞു.

“ഇന്ന് ക്ലാസ്സ് നേരത്തേ വിടും ആദ്യദിവസമല്ലേ. തിരിച്ചുള്ള ബസ്സിൽ ഞാൻ കൂടെവന്ന് കയറ്റിവിടാം.... നാളെമുതൽ ഒറ്റയ്ക്ക വരാനുള്ളതല്ലേ....“

ഓരോ കുട്ടികളും ക്ലാസ്സിലേയ്ക്ക് വന്നുകൊണ്ടിരിക്കയാണ്. പരിചയമില്ലാത്ത മുഖങ്ങൾ. ഫസൽ പിന്നിലെ ബെഞ്ചിൽ പോയിരുന്നു. ഒൻപത് മുപ്പതിന് ലാസ്റ്റ് ബെല്ലടിച്ചു. ടീച്ചർ ക്ലാസിൽ വന്നു സ്വയം പരിചയപ്പെടുത്തി.

“എന്റെ പേര് ഖദീജ ഇവിടെ അടുത്ത് തന്നെയാണ് എന്റെ വീട്. ഞാൻ നിങ്ങടെ ക്ലാസ് ടീച്ചറാ. സയൻസ് പഠിപ്പിക്കുന്നതും ഞാനാ. ഇന്നാദ്യത്തെ ദിവസമായത് കൊണ്ട് ക്ലാസ് വേണ്ട. നമുക്ക് പരസ്പരം പരിചയപ്പെടാം.“

എല്ലാവരും ഓരോരുത്തരായി സ്വയം പരിചയപ്പെടുത്തുക. ആദ്യത്തെ പരിഭവമൊക്കെ ഒന്ന് മാറട്ടെ. മുൻബെഞ്ചിൽ നിന്ന് തുടങ്ങാം.... ഓരോരുത്തർ പരിഭവം കലർന്ന ശബ്ദത്തിൽ പരിചയപ്പെടുത്തി തുടങ്ങി. അധികപേരുടെയും ഉപ്പമാർ ഡോക്ടർ, അധ്യാപകർ, ഗൾഫിൽ..... ഫസലിന് നെഞ്ചിടിപ്പ് കൂടികൊണ്ടിരുന്നു. താൻ എന്ത് പറയും ആലോചിച്ചിരിക്കെ അവന്റെ ഊഴമെത്തി... അവൻ ചിന്തയിലായിരുന്നു എന്തുപറയും? ടീച്ചർ വിളിച്ചപ്പൊഴാ അവൻ ഞെട്ടിയത്. 

“താനെന്താടൊ സ്വപ്നം കാണുകയാണൊ?“ കുട്ടികളെല്ലാവരും പൊട്ടിച്ചിരിച്ചു.

“പറയെടോ എന്താ തന്റെ പേര്, എവിടെന്നാ വരുന്നേ....“

ചോദ്യം ഫസലിനോടായിരുന്നു. ഫസല് ചുറ്റുമൊന്നു കണ്ണോടിച്ചു.. എല്ലാവരും തന്റെ മുഖത്തേയ്ക്കു നോക്കുന്നു ഒന്നു പതറി പിന്നീട്  ധൈര്യം വീണ്ടെടുത്തു തന്റേടത്തോടെ അവൻ പേര് പറഞ്ഞു. 

“പേര് ഫസൽ, വെന്നിയൂരിൽ നിന്ന് വരുന്നു, ഒറ്റ മകൻ ഉമ്മയ്ക്ക് ജോലിയില്ല, വാപ്പ ഗൾഫിൽ അമേരിക്കൻ കമ്പനിയിൽ എഞ്ചിനീയറാ.....“

ടീച്ചറുടെ പ്രശംസ “നീ ഭാഗ്യവാനണല്ലൊ ഒറ്റമകനല്ലെയുള്ളൂ വാപ്പ നിനക്കുവേണ്ടിയാണല്ലോ കഷ്ടപ്പെടുന്നത്.“

ആദ്യകാഴ്ചയിൽ തന്നെ ടീച്ചർക്കവനെ വല്ലാതെ ഇഷ്ടപ്പെട്ടു. അവനോട് മുമ്പിലെ ബെഞ്ചിൽ വന്നിരിക്കാൻ പറഞ്ഞു. അവൻ മടിച്ച് മടിച്ച് അവിടെ വന്നിരുന്നു. 

“ഇന്ന് മുതൽ ഇതാണ് നിന്റെ സീറ്റ്“

ടീച്ചർ തുടർന്നു..

“നമുക്ക് ക്ലാസ് ലീഡർമാരെ വേണം ഒരാണും ഒരു പെണ്ണും. രണ്ട് ദിവസം കഴിഞ്ഞ് തിരഞ്ഞെടുക്കാം.“

പിന്നീട് ടീച്ചർ എന്തൊക്കെയോ ക്ലാസിൽ പറഞ്ഞ് കൊണ്ടിരുന്നു. പക്ഷെ ഫസൽ ഇതൊന്നും കേട്ടില്ല. കാരണം അവനേതോ ലോകത്തായിരുന്നു. താനാദ്യമായിട്ടാണ് ഇങ്ങിനെയൊരു നുണ പറയുന്നത്. തനിക്കെങ്ങിനെ കിട്ടി അത്രക്ക് ധൈര്യം. എല്ലാവരും വാപ്പയെ കുറിച്ച് പറഞ്ഞപ്പൊ താൻമാത്രം വാപ്പ ഇല്ലെന്നും കോർട്ടേഴ്സിൽ ആണ് താമസമെന്നും ഇവരുടെ മുമ്പിൽ പറഞ്ഞാൽ പിന്നെ താനെന്നും.... ഇതെങ്ങാനും കാസിം മാഷറിഞ്ഞാൽ...... തന്റെ നാട്ടിൽ നിന്നാരെങ്കിലും ഇവിടെ വന്ന് പഠിക്കുന്നുണ്ടെങ്കിൽ... അവരിൽ നിന്ന് ടീച്ചർ അറിഞ്ഞാൽ... ഏതായാലും പറഞ്ഞ് പോയില്ലെ. ഇനി വരുന്നിടംവെച്ച് കാണുക തന്നെ. 

ഉച്ചയായപ്പോഴേക്ക് അവന് ധാരാളം കൂട്ടുകാരെ കിട്ടി. അന്ന് ആദ്യ ദിവസമായത് കൊണ്ട് നേരത്തേ സ്കൂൾ വിട്ടു. കാസിം മാഷ് അവനെ ബസ്സ് കയറ്റിവിട്ടു. ക്ലാസ്സിലെ ചില കുട്ടികളും അവനോടൊപ്പം ബസ്സിലുണ്ടായിരുന്നു. രണ്ട് ദിവസം കഴിഞ്ഞ് ടീച്ചർ ഫസലിനെ ക്ലാസ് ലീഡറായി തിരഞ്ഞെടുത്തു സെക്കന്റ് ലീഡർ ഒരു പെൺകുട്ടിയും. അവന് വിശ്വസിക്കാൻ കഴിഞ്ഞില്ല. ഇത്രയും കുട്ടികളുള്ള ക്ലാസിൽ ഒന്നുമില്ലാത്ത താനിതാ ലീഡറായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. ക്ലാസിൽ വരുന്ന അധ്യാപകരുടെ പ്രീതി ഫസൽ വേഗം പിടിച്ചു വാങ്ങി. തെറ്റില്ലാതെ പഠിക്കുന്നത് കൊണ്ട് എല്ലാവർക്കും അവനെ ഭയങ്കര ഇഷ്ടമായി. പതിയെ പതിയെ ഫസൽ സ്കൂളിലെ തന്നെ താരമാകുകയായിരുന്നു. ഫസൽ അവന്റെ വേദനകളും വിഷമങ്ങളും മറക്കാൻ തുടങ്ങി. എന്നാലും അവന്റെ മനസ്സിൽ എവിടെയോ ഒരു നീറ്റൽ എന്നെങ്കിലും താൻ പറഞ്ഞ നുണ പുറത്തായാൽ തന്നെ എല്ലാവർക്കും പുല്ലുവില, അതവന് ഓർക്കാനെ കഴിഞ്ഞില്ല.

ദിനങ്ങൾ രാത്രങ്ങൾക്കും രാത്രങ്ങൾ പകലിനും വഴിമാറി
സ്കൂളിൽ ഒരുവിധം എല്ലാ കലാപരിപാടികളും ഫസൽ പങ്കെടുത്തിരുന്നു. അവനെ ഒരു സകലകലാ വല്ലഭനായി പലരും വിശേഷിപ്പിച്ചു. പഠിത്തത്തിലും അവൻ കഴിവുതെളിയിച്ചു. പരീക്ഷകൾ കഴിഞ്ഞു. നല്ല മാർക്കോടെ ഫസൽ എട്ടാം ക്ലാസിലേക്ക് ജയിച്ചു. അതറിഞ്ഞ കാസിം മാഷ് ഒരുപാട് സന്തോഷിച്ചു. ഹെഡ്മാസ്റ്റർ കാസിംമാഷെ വിളിച്ചു പ്രത്യേകം അഭിനന്ദിക്കാനും മറന്നില്ല. 

“ഫസലാള് കൊള്ളാലൊ മാഷെ. എല്ലാത്തിനും അവൻ മിടുക്കനാ പക്ഷെ അവന്റെ വിധിയെ കുറിച്ചോർക്കുമ്പോഴാ......“

ഗൾഫിൽ നിന്നും അൻ‌വർ  ആദ്യമൊക്കം സ്ഥിരമായി വിളിക്കാറുണ്ടായിരുന്നു. പൈസയും അയച്ചിരുന്നു.  പക്ഷെ പിന്നീട് അവനെ കുറിച്ചൊരു വിവരവുമില്ല. വല്ലപ്പോഴുമൊരു വിളി പണികുറവാണ്. ചിലവു കൂടുതലാണ്.. കടംവാങ്ങി അയയ്ക്കാം എന്ന് പറഞ്ഞ് ഫോൺ വെക്കും. ഹമീദിന്റെ പ്രതീക്ഷകൾ വീണുടയുന്നതുപോലെ തോന്നി... തന്റെ മകന് ഇതെന്താണ് പറ്റിയത്.. പടച്ചോൻ വീണ്ടും പരീക്ഷിക്കുകയാണോ? കഷ്ടതകൾ ഒക്കെ തീർന്നു തുടങ്ങി എന്നു കരുതി അൽപാശ്വാസമായതാണ് പടച്ചവനേ ഇനിയും പരീക്ഷിച്ചു തീർന്നില്ലേ .... അവന് നല്ലജോലിയും ശമ്പളവും കിട്ടുന്നതിനായി പ്രാർത്ഥിക്കാം.

ഫസലും അൻവറിന്റെ ഭാര്യനാദിറയും സുഹൃത്തുക്കളെപ്പോലെയായിരുന്നു. പലപ്പോഴും ഉമ്മയേക്കാളും സ്നേഹം നാദിറ ഫസലിനോടു കാണിക്കുമായിരുന്നു. അവന് ഇഷ്ടമുള്ള പലഹാരങ്ങൾ ഉണ്ടാക്കികൊടുക്കും പുറത്തുപോയിവരുമ്പോൾ പലഹാരങ്ങളും മിഠായിയും വാങ്ങിക്കൊണ്ടുവരും കൂടാതെ എല്ലാം അവനോടു തുറന്നു പറയുകയും ചെയ്യുമായിരുന്നു.

വൈകുന്നേരം സ്കൂൾവിട്ടുവന്നപ്പോൾ അൻവറിന്റെ ഭാര്യ അവന് ഇഷ്ടമുള്ള ഇലയപ്പം ഉണ്ടാക്കിവെച്ചിട്ടുണ്ടായിരുന്നു. അമ്മായി അടുത്തുവന്നിരുന്ന് ഇലപൊളിച്ച് അപ്പം അവന് നൽകി.. അവൻ സ്വാദോടെ കഴിച്ചു തുടങ്ങി ..

“നല്ലരുചിയുണ്ട്... ഇന്നെന്തുപറ്റി അൻവറ്മാമാന്റെ കത്തുവന്നോ...“ നാദിറ  അതുകേട്ടു ചിരിച്ചു... 

“നിനക്കെല്ലാം മനസ്സിലാകുന്നുണ്ടല്ലേ ... കള്ളൻ“ അവന്റെ കവിളിൽ ഒരു നുള്ളുവച്ചുകൊടുത്തു. 

“അൻവറ്മാമ എന്നെ തിരക്കിയോ... എന്നാ വരിക... “

“മോനേ ഫസലെ ഞാനൊരു കാര്യം പറഞ്ഞാ നീ ആരോടെങ്കിലും പറയോ?“

“അമ്മായിക്ക് എന്നെ വിശ്വാസമില്ലെ“

“അതല്ല ഫസലെ എന്നാലും. ഇക്ക ഗൾഫിൽ ഒരു കട എടുത്തിട്ടുണ്ട് അതിന്റെ കടം കൊണ്ടാ വീട്ടിലേക്ക് പൈസ അയക്കാത്തത്. എന്നും കുടുംബം പോറ്റിയാൽ പോരല്ലോ ഞങ്ങൾക്കും സ്വന്തമായൊരു വീടൊക്കെ വേണ്ടെ, അതാണ് ഇക്കക്ക് പണി ഒന്നുമില്ലാന്ന് വലിയുപ്പാനോട് പറയുന്നത്. ഇത് ഞാനും നീയും മാത്രമേ അറിയൂ ആരോടും പറയരുതേ.... പിന്നെ എനിക്കൊരു മാലയും കൊടുത്ത് വിട്ടിട്ടുണ്ട്. ഞാനത് വീട്ടിൽ പോവുമ്പൊൾ കൊണ്ട്വരും ഇവിടന്ന് ഉപ്പ ചോദിച്ചാ ഇതെന്റെ ഉപ്പ കൊടുത്തയച്ചതാണെന്നെ പറയൂ...“

“അമ്മായി... അപ്പൊ ഇക്കാക്കാന്റെ അടുത്ത് പൈസ ഇല്ലാഞ്ഞിട്ടല്ല അല്ലെ. ഇവിടെ അമ്മായി കാണുന്നില്ലെ. വലിയുപ്പാക്ക് മരുന്ന് വാങ്ങാൻ പോലും പൈസ തികയുന്നില്ല. പിന്നെ നമ്മുടെ ചിലവിന്റെ കാര്യം. റഷീദ് ഇക്കാക്കാണെങ്കി പണി പോലും ശിരയായിട്ടില്ല. നിങ്ങൾ ഇങ്ങിനെ കണ്ണിച്ചോരയില്ലാതെ ചെയ്യാൻ പാടില്ല അമ്മായി. വലിയുപ്പാക്ക് എത്ര വേദന ഉണ്ടെന്നറിയോ? ഞാനിതെന്തായാലും വലിയുപ്പാനോട് പറയും. രണ്ട് ദിവസം കൂടി നോക്കട്ടെ അൻവർ മാമ പൈസ അയക്കുമോ എന്ന്. അല്ലങ്കി ങ്ങടെ മാലയുടെ കാര്യമൊക്കെ ഞാനിവിടെ പറയും.“ അവൻ കഴിച്ചത് ബാക്കിയാക്കി എഴുന്നേറ്റു പോയി. ദേഷ്യവും സങ്കടവും അവന്റെ മുഖത്ത് പ്രതിഫലിച്ചു.

അവൾ ധർമ്മ സങ്കടത്തിലായി. ഫസലിനോടിതൊന്നും പറയേണ്ടിയിരുന്നില്ലന്ന് ഇപ്പോൾ തോന്നുന്നു. പക്ഷെ  ആരോടെങ്കിലും ഇതൊന്ന് പറയാതിരുന്നാൽ എന്ന് കരുതിയാണ് വിശ്വാസമുള്ള ഫസലിനോട് പറഞ്ഞത്. അവനെങ്ങാൻ ഇത് വെളിപ്പെടുത്തുമോ അതൊ തന്നോട് തമാശ പറഞ്ഞതാണോ? ഏതായാലും രണ്ട് ദിവസം കഴിഞ്ഞെല്ലെ അവൻ പറയൂ... അതിന് മുമ്പ് എന്തെങ്കിലും ചെയ്യണം. എന്താണൊരു വഴി? പെൺ ബുദ്ധി പ്രവർത്തിക്കാൻ തുടങ്ങി....

പക്ഷെ ഫസൽ അമ്മായിയെ ഒന്ന് പേടിപ്പിച്ചതാ. അൻവർമാമ പൈസ അയച്ചിരുന്നെങ്കിൽ പാവം വലിയുപ്പയുടെ ആശുപത്രി ചിലവിനെങ്കിലും തികയുമായിരുന്നു. പാവം വലിയുപ്പയെ ഇങ്ങിനെ കഷ്ടപ്പെടുത്താൻ അൻവറിക്കക്ക് എങ്ങിനെ മനസ്സ് വന്നു. വളരെ നല്ല ആളായിരുന്നു ഈ  അമ്മായിയാണ് അൻവറിക്കയെ ഇങ്ങിനെ ബെടക്കാക്കിയത്. ഏതായാലും വാപ്പയെ ഇങ്ങിനെ വേദനിപ്പിച്ചാൽ ഈ ലോകത്ത് നിന്ന് തന്നെ പടച്ചോൻ പാഠം പഠിപ്പിച്ചെ വിടൂ... 

ഇടയ്ക്കൊക്കെ അവൻ അമ്മായിയെ പറഞ്ഞ് ദേഷ്യം പിടിപ്പിച്ചു. ഇക്കാക്കയോട് വേഗം പൈസ അയക്കാൻ പറഞ്ഞോളി അല്ലെങ്കി ഞാൻ എല്ലാകാര്യവും ഉപ്പയോട് തുറന്ന് പറയും. എന്നാലെങ്കിലും പൈസ അയച്ചാലൊ എന്ന് മാത്രമേ ഫസൽ കരുതിയുളളു. അൻവറിന്റെ ഭാര്യക്ക് ആധി കൂടി എങ്ങനെ അവനെ കൊണ്ട് പറയിപ്പിക്കാതിരിക്കും. അവൻ എന്ത് പറഞ്ഞാലും ഉപ്പ വിശ്വസിക്കും. എന്താണൊരു മാർഗ്ഗം? അവസാനം അവർക്കൊരു കുരുട്ടു ബുദ്ധി തോന്നി. പെണ്ണല്ലെ തോന്നാതിരുന്നാലല്ലെ അത്ഭുതം. പക്ഷെ ഇതൊന്നും പാവം ഫസൽ അറിയുന്നില്ലായിരുന്നു. 

ഫസൽ എന്നത്തേയും പോലെ അന്നും രാവിലെ സന്തോഷവാനായി സ്കൂളിലേയ്ക്ക് പുറപ്പെട്ടു... വൈകുന്നേരം മഴകാരണം കുറച്ചു താമസിച്ചാണ് വീട്ടിലെത്തയത്... വീടിന്റെ ഉമ്മറത്ത് ഉപ്പ നിൽക്കുന്നു, അമ്മായി വാതിൽക്കൽ, സഫിയ പതിവില്ലാതെ വീട്ടിലെത്തിയിട്ടുണ്ട്... എന്താവും കാരണം. അവൻ ഉമ്മറത്തേയ്ക്ക് കയറി. 

ഉപ്പ തലയിൽ ഒരു തോർത്ത് കെട്ടിയിരുന്നു.. മുഖം ദേഷ്യംകൊണ്ട് ചുമന്നിരിക്കുന്നു. രൂക്ഷമായി തന്നെ നോക്കുന്ന ഉപ്പാ.. 

“എടാ ഫസലേ... അവിടെ നിൽക്ക്“

ഉപ്പയുടെ ശബ്ദം... ശബ്ദത്തിന് വളരെ ദേഷ്യഭാവം എന്താ എന്തുണ്ടായി... ആ കുഞ്ഞുമനസ്സിന് ആ ഭാവമാറ്റം ഉൾക്കൊള്ളാനായില്ല... തന്നോടിതുവരെ ഇങ്ങനെ പെരുമാറിയിട്ടില്ല.

“എന്താ.. എന്താ... എന്താ ഉപ്പാ“

ഉപ്പയുടെ മുഖത്ത് ദേഷ്യഭാവം, ഉമ്മ അവന്റെ മുഖത്തുപോലും നോക്കുന്നില്ല...

“എന്താ ഉമ്മ, ഉമ്മാ എപ്പോവന്നു“

“ഞാൻ ചോദിക്കുന്നതിന് മറുപടിപറഞ്ഞിട്ട് നീ അകത്തു കടന്നാൽ മതി...“ 

ഹമീദിന്റെ ശബ്ദം വീണ്ടും ഉയർന്നു.  ആ ശബ്ദത്തിന് വല്ലാത്ത ദൃഢത. എന്തോ സംഭവിച്ചു... താൻ അറിഞ്ഞുകൊണ്ട് ഒരു തെറ്റും ചെയ്തിട്ടില്ല... എന്തിനാണ് ഉമ്മാനെ വിളിച്ചു വരുത്തിയത്... അവൻ തല കുമ്പിട്ടു നിന്നു... ഹമീദ് അടുത്തെത്തി. കൈയ്യിൽ ചൂരൽ... അവന്റെ നിക്കറിന്റെ അറ്റം കൂട്ടിപ്പിടിച്ചു...

“വാപ്പാ... അവനെ ഒന്നും... കണ്ഡ മിടറി കണ്ണുകൾ നിറഞ്ഞു തുളുമ്പി സഫിയയ്ക്ക് വാക്കുകൾ മുഴുമിപ്പിക്കാനായില്ല.....


 തുടർന്നു വായിക്കുക അടുത്ത ഞായറാഴ്ച്ച 24 03 2019
ഷംസുദ്ധീൻ തോപ്പിൽ 17 03 2019

9.3.19

നിഴൽ വീണ വഴികൾ - ഭാഗം 12


ഫസൽ പേരയ്ക്കയിൽ എത്തിപ്പിടിക്കാനൊരുങ്ങിയപ്പോൾ പരിചയമുള്ള ഒരു ശബ്ദം കേട്ടവൻ തിരിഞ്ഞുനോക്കി.... മോനേ നീയിങ്ങിറങ്ങിയേ ഞാൻ പറിച്ചുതരാം.... അവൻ താഴേയ്ക്ക് നോക്കി... അൻവർമാമ.... എന്തുപറ്റി തന്നെ വഴക്കൊന്നുംപറയുന്നില്ല.... വളരെ സന്തോഷവാനായിരിക്കുന്നു... അവൻ പതുക്കെപതുക്കെ താഴോട്ടിറങ്ങി... അൻവർ അവനെ എടുത്തു താഴെയിറക്കി.... ഇങ്ങനയൊന്നും കയറല്ലേമോനേ... താഴെവീണാൽ കൈയ്യോ കാലോ ഒടിയില്ലേ... നിനക്കു പേരയ്ക്ക വേണേങ്കി എന്നോടോ വാപ്പയോടോ പറഞ്ഞാൽ പോരേ... അവൻ അൻവറിന്റെ മുഖത്തുനോക്കി ചിരിച്ചു... അൻവർ ഒരു നീളമുള്ള കമ്പെടുത്ത് ഫസൽ കാണിച്ചുകൊടുത്ത പേരയ്ക്ക അടിച്ചു താഴത്തിട്ടു.... ഫസൽ ഒടിച്ചെന്ന് അതെടുത്തു.... രണ്ടുപേരുടേയും പ്രകടനങ്ങൾ കണ്ടുകൊണ്ടാണ് ഹമീദ്  വീട്ടിൽനിന്ന് പുറത്തേയ്ക്ക വന്നത്.... വാപ്പയെ കണ്ടപാടേ ഫസലിനെ തോളിലിരുത്തി അൻവർ വീടിനടുത്തേയ്ക്ക് വന്നു... 

“എന്താ അൻവറേ നീയിന്ന് വളരെ സന്തോഷവാനാണല്ലോ....“ ഹമീദ് അൻവറിനോടു ചോദിച്ചു....

“വിശേഷം ഉണ്ട് വാപ്പ... പടച്ചോൻ നമ്മള വിളികേട്ടു.... കഷ്ടപ്പാടൊക്കെ മാറാൻപോകുന്നു....“ അൻവർ ഫസലിനെ താഴെയിറക്കിക്കെണ്ട് വാപ്പയോടു പറഞ്ഞു.

“എന്താച്ചാ നീ പറയ് മോനേ..... വല്ല ലോട്ടറിയും അടിച്ചോ“ 

“ലോട്ടറിതന്നെയാ... ഗൾഫിൽ നിന്ന് നാദിറയുടെ ഉപ്പയുടെ ഫോൺ വന്നു. എന്റെ വീസ ശരിയായെന്നു പറഞ്ഞു. എത്രയും വേഗം പുറപ്പെടാനും അറിയിച്ചിരിക്കുന്നു.“

കേട്ടപാടേ ഹമീദ് ആകാശത്തേയ്ക്ക് നോക്കി പറഞ്ഞു... 
“പടച്ചോനേ നീ ഞങ്ങടെ വിളികേട്ടല്ലോ..... ഈ കഷ്ടപ്പാടൊക്കെ ഒന്നു തീർത്തുതരേണമേ...“
മക്കളൊക്കെ ഒരു കരയെത്തിക്കാണണമെന്ന് ഏതൊരു വാപ്പയേയും പോലെ ഹമീദും ആഗ്രഹിച്ചിരുന്നു... വളരെ താമസിച്ചാണെങ്കിലും അൻവറിനൊരു അവസരം കിട്ടിയല്ലോ.... 

“പോയി രക്ഷപ്പെടട്ടെ.... തന്റെ കണ്ണടയും മുന്നേ എല്ലാം നേരേയായിക്കാണാൻ ആഗ്രഹിക്കുന്നു.... പടച്ചോനേ കൂടെ കാത്തോളണേ“.... 

ദൂരെ പള്ളിയിൽ നിന്ന് മഗ്‌രിബ് ബാങ്കുവിളി ശബ്ദം വായുവിലൂടെ ഒഴുകിയെത്തി... “അൻവറേ എന്തായാലും വളരെ നല്ലസമയമെന്നു തോന്നുന്നു.... നമുക്കൊന്നു നമസ്കരിച്ചിട്ടു വരാം.....“

ഈ വാർത്ത ആ കുടുംബത്തിന് വളരെ സന്തോഷം നൽകി.. അൻവർ വന്നതിനു പിറകേ റഷീദും വീട്ടിലേയ്ക്ക് വന്നു. അവനെങ്കിലും ഗൾഫിലെത്തി രക്ഷപ്പെട്ടാൽ എങ്ങിനെയെങ്കിലും ഈ കോർട്ടേഴ്സിൽ നിന്നൊന്ന് രക്ഷപ്പെടാമല്ലൊ. എത്രകാലമെന്ന് വെച്ചാ ഈ കോർട്ടേഴ്സിൽ ഇങ്ങിനെ.... 

ആ കുടുംബത്തിൽ സന്താേഷത്തിന്റെ ദിനങ്ങളായിരുന്നു... വിദേശത്തേക്ക് പോകാനുള്ള ഒരുക്കങ്ങൾ. സുഹൃത്തുക്കളോടും സഹോദരിമാരോടു ചോദിക്കേണ്ട താമസം എല്ലാവരും മനസ്സറിഞ്ഞ് സഹായിച്ചു... സഹോദരിമാർ ഇട്ടിരുന്ന സ്വർണ്ണാഭരണങ്ങൽ ഊരിനൽകി... ടിക്കറ്റെടുത്തു.... ഫസലും വളരെ സന്തോഷവാനായിരുന്നു... മാമായെ യാത്രയാക്കാൻ എയർപോർട്ടിൽ പോകാമല്ലോ.... അൻവർമാമ ലീവിനു വരുമ്പോൾ കൊണ്ടുവരുന്ന സമ്മാനങ്ങളും പുത്തനുടുപ്പും പേനയുമൊക്കെയായിരുന്നു അവന്റെ സ്വപ്നം. 

അങ്ങനെ അൻവർ സൗദി അറേബ്യയിലേയ്ക്ക യാത്രയായി.... സന്തോഷമാണെങ്കിലും എല്ലാവരുടേയും ഉള്ളിൽ ദുഖമായിരുന്നു... എന്നും വാപ്പായെന്നും പറഞ്ഞ് രാത്രിയിൽ ജോലികഴിഞ്ഞുവന്നുകയറുന്ന മകൻ... വന്നപാടെ വാപ്പായോട് കുശലാന്വേഷണം.. മരുന്നുകഴിച്ചോയെന്നും ഭക്ഷണം കഴിച്ചോയെന്നും സ്നേഹപൂർവ്വം അവൻ ചോദിക്കും.... ഹമീദിന്റെ കണ്ണിൽനിന്നും രണ്ടുതുള്ളി കണ്ണുനീർ... ആരും കാണാതെ ഹമീദ് തുടച്ചുമാറ്റി... മറ്റുള്ളവരുടെ മുന്നിൽ സന്തോഷത്തോടെ നിന്നും... ഫസലത് കണ്ടുപിടിച്ചു, ഓടി അടുത്തുവന്നു ഒരു മുത്തംകൊടുത്തിട്ടു ചോദിച്ചു... എന്തിനാ ഉപ്പുപ്പാ കരയുന്നേ.... മാമാ വരുമ്പോൾ എന്തുവേണേലും കൊണ്ടുതരില്ലേ.... നിഷ്കളങ്കമായ അവന്റെ വാക്കുകൾ കേട്ട് എല്ലാരും പൊട്ടിച്ചിരിച്ചു.

അൻവറിന് എല്ലാം അത്ഭുതങ്ങളായിരുന്നു. തന്റെ ആദ്യത്തെ വിമാന യാത്രയുടെ അസ്വസ്ഥതകൾ ഉണ്ടെങ്കിലും ജിദ്ദാ എയർപോർട്ടിൽ അമ്മോശൻ കാത്ത് നിൽപ്പുണ്ടായിരുന്നു. എത്തിയ ഉടനെ നാട്ടിലേക്ക് ഫോൺ ചെയ്തു. എല്ലാവ രും സന്തോഷമായിരിക്കണമെന്നും താൻ വിശദമായി പിന്നീട് വിളിക്കാമെന്നും പറഞ്ഞു. അൻവർ ഫോൺ വച്ചു... അതെ.. ആദ്യമായാണ് തങ്ങളുടെ വീട്ടിൽ നിന്നൊരാൾ കടലിനക്കരെ പോകുന്നത്.

റഷീദിന് തന്റെ പെങ്ങമ്മാർ വീടുകളിൽ പ്രസവത്തിന് നിൽക്കാൻ പോവുന്നതിന് ഒട്ടും ഇഷ്ടമില്ലായിരുന്നു. പക്ഷെ എന്ത് ചെയ്യാൻ? തനിക്കും അൻവറിനും കിട്ടുന്ന തുച്ചമായ ശബളം കൊണ്ട് ഉപ്പയുടെ മരുന്നും കുട്ടികളുടെ പഠിപ്പും ചിലവുകളും തികയില്ലായിരുന്നു. ഏതായാലും അൻവർ പോയല്ലൊ ഇനിയെങ്കിലും നമ്മൾ രക്ഷപ്പെടും. അൻവറിന് ജിദ്ദയിൽ ഒരു റെഡിമേഡ് ഷോപ്പിൽ ജോലി കിട്ടി തെറ്റില്ലാത്ത ശമ്പളം. അവൻ ഹമീദിനെഴുതി. ഉപ്പ എനിക്കിവിടെ സുഖമാണ്. ഈ ജോലിയിൽ തന്നെ തുടർന്നാൽ എത്രയും പെട്ടന്ന് ഒരഞ്ച് സെന്റ് സ്ഥലമെങ്കിലും എടുത്ത് നമുക്കൊരു വീട് വെക്കാം. കോർട്ടേഴ്സിൽ ഇനി എത്രകാലംന്ന് വെച്ചാ നമുക്ക് കഴിയാ. എല്ലാവരോടും ദുഹാ ചെയ്യാൻ പറയണം. എന്ന് സ്വന്തം അൻവർ.

ഒരു ദിവസം അൻവറിന്റെ ജ്യേഷ്ഠൻ റഷീദ് കടയുടെ അടുക്കള ബോർമയിൽ ജോലി ചെയ്ത് കൊണ്ടിരിക്കുകായിരന്നു. (ബേക്കറികൾക്ക് മധുര പലഹാരങ്ങൾ ഉണ്ടാക്കുന്ന പണിസ്ഥലം) കടയുടെ തൊട്ടടുത്തു താമസിയ്ക്കുന്ന കോയക്ക റഷീദിന്റെ പിന്നിലൂടെ പമ്മി പമ്മി കടയിലേക്ക് കയറി വന്നു. പണിത്തിരക്കിനിടയിൽ റഷീദ് കണ്ടതുമില്ല. മറ്റുള്ള പണിക്കാരോട് കോയക്ക മിണ്ടരുത് എന്ന് ആഗ്യം കാണിച്ചു. പിന്നിലൂടെ വന്ന് റഷീദിന്റെ പുറത്ത് ഒരു തട്ട്. റഷീദ് പെട്ടന്ന് ഞെട്ടിത്തിരിഞ്ഞ് നോക്കി. 

“ഇതാരാ... കോയക്കയായിരുന്നൊ. ഞാൻ പേടിച്ച് പോയല്ലൊ? എന്താ കോയക്കാ കുട്ടികളെപ്പോലെ പേടിപ്പിക്കാ.... എത്ര ദിവസായി കണ്ടിട്ട് ഞങ്ങളെയൊക്കെ മറന്നോ.“

“ഞമ്മൾ ഇബിടെ വന്നിട്ടെന്താ കാര്യം അനക്ക്  ഏത് നേരത്തും പണിയല്ലെ പഹയാ....“

 “എന്ത് ചെയ്യാനാ കോയക്കാ, കുടുബം പോറ്റണ്ടെ.“

 “ജ് എന്തിനാ ബേജാറാവണ്. അന്റെ അനിയൻ അൻവർ ഗൾഫിലെല്ലെ കുറച്ച് കഴിഞ്ഞാ അനക്കും ഒരു വിസ അയച്ച് തരില്ലെ.“ 

“കോയക്കാ എനിക്ക് എവിടെയും പോവണ്ട. ഉള്ള പണിയായിട്ട് അങ്ങിനെ കഴിഞ്ഞ് പോയാമതി. പിന്നെയാണെങ്കി ഒരു വിസക്കൊക്കെ എന്താ വില. നാട്ടിൽ ജീവതകാലം മുഴുവൻ അധ്വാനിച്ചാലും നമുക്കൊക്കെ അങ്ങട്ട് പോവാൻ കഴിയോ വെറുതെ ആശിച്ചിട്ടെന്താ.....“

“എന്നാ റഷീദേ നീയൊന്നു പുറത്തേക്ക് വന്നേ... അനക്കൊന്ന് കേക്കണൊ. ഞാനൊരു സന്തോഷവാർത്തയുമായിട്ടാ വന്ന്ക്ക്ണത്. നമ്മടെ ജിദ്ദയിലുള്ള വടക്കേതിലെ അദ്രുവില്ലെ അവനിന്നലെ ന്നെ വിളിച്ചീനു ഒരു ബേക്കറി പണിക്കാരനെയും മൂന്ന് ഹെൽപ്പർമാരെയും അവന്റെ അറബിന്റെ ബേക്കറിയിലേക്ക് വേണം. വിസക്കാണെങ്കി ഒരു പൈസപോലും കൊടുക്കണ്ട. പോവാനുള്ള പൈസമാത്രം ഉണ്ടാക്കിയാ മതി. എനിക്ക് ആദ്യംഓർമ്മ വന്നത് അന്നെയാ. ഈ  ആഴ്ച തന്നെ പോവുകയും വേണം. ന്താ റഷീദെ തരിച്ച് നിൽക്കണത് അനക്ക് പറ്റില്ലെ.“

“കോയക്കാ ഈ  ആഴ്ച എവിടന്ന് പൈസ ഉണ്ടാക്കാനാ“

“അതൊന്നും ജ് അറിയണ്ട. അനക്ക് കഴിയണത് ജ് ണ്ടാക്കിക്കോ ബാക്കി ഞാൻ തരാടൊ. വെറുതെ തരാന്ന് കരുതി ബേജാറാവണ്ട. കടായിട്ടാ അവിടെ പണിയൊക്കെ കിട്ടിയിട്ട് അയച്ച് തന്നാമതി. ഇതൊക്കെ അല്ലാണ്ട് ഈ കോയ അന്റെ സുഹൃത്താണ്ന്ന് പറഞ്ഞിട്ട് വല്ലകാര്യവുമുണ്ടൊ. കഴിയുന്നതും ഇന്നെന്നെ ജ് ബടന്ന് വീട്ടിൽ  പോയിക്കൊ. മുതലാളിനോട് കാര്യങ്ങളൊക്കെ പറഞ്ഞാള്.“

“പെട്ടന്നെങ്ങനെ ഇട്ടറിഞ്ഞ് പോവാ കോയക്കാ... ഏതായാലും കോയക്ക അദ്രുക്ക വിളിക്കുമ്പൊ രണ്ടാഴ്ച കൂടി സമയം ചോദിക്കണം. പാസ്പോർട്ട് വരെ എടുത്തിട്ടില്ല.“ 

“അതൊക്കെ ഞാൻ ചെയ്തോളാം. വിസന്റെ കോപ്പിണ്ടെങ്കി പെട്ടന്ന് പാസ്പോർട്ടൊക്കെ കിട്ടും. അതിന് ഞാൻ സഹായിക്കാടൊ....“

ബേക്കറി മുതലാളിയോട് റഷീദ് അന്നു തന്നെ കാര്യങ്ങൾ  പറഞ്ഞു. എത്രയും വേഗം പോവണം അതിനിടയ്ക്ക് ഏതെങ്കിലും ഒരു പണിക്കാരനെ കിട്ടുംവേണം മനസ്സില്ലാ മനസ്സോടെ മുതലാളി സമ്മതിച്ചു. അന്നത്തെ ജോലിയൊക്കെ നേരത്തേ തീർത്തു... വീട്ടിലേയ്ക്ക ഓടുകയായിരുന്നു.. എത്തിയപാടെ വാപ്പയോട് കാര്യം പറഞ്ഞു... ബീവിയും തൊട്ടുപിറകേ ഓടിയെത്തി.... എല്ലാരും സന്തോഷത്തിന്റെ നെറുകയിലായിരുന്നു... കുടുംബത്തിൽ നല്ലത് മാത്രം സംഭവിച്ചു തുടങ്ങി... എല്ലാം പടച്ചോന്റെ കൃപ...

രാത്രി കിടന്നിട്ടാണെങ്കി റഷീദിന് ഉറക്കവും വന്നില്ല. പടച്ചവനെ ഈ ജൻമ്മത്തിൽ തനിക്ക് ഗൾഫിൽ പോവാൻ പറ്റുമെന്ന് കരുതിയതല്ല. എല്ലാം പടച്ചറബ്ബിന്റെ വിധിയല്ലെ. അറിയുന്ന പണി ആയത് കൊണ്ട് എവിടെ ചെന്നാലും പ്രശ്നമില്ല. നല്ല ശബളവും പറഞ്ഞിട്ടുണ്ട്. എങ്ങിനെയെങ്കിലും കുറച്ച് പൈസ ഉണ്ടാക്കണം ബാക്കി തൽക്കാലം കോയക്ക സഹായിക്കുമല്ലൊ. എന്ത് നല്ല മനുഷ്യനാണ്. ഇക്കാലത്ത് ഇങ്ങിനെ ഒരാളെ കാണാൻ കിട്ടോ. താൻ ബേക്കറിയിൽ ജോലിക്ക് വന്ന അന്ന് മുതൽ തന്നോട് പ്രത്യക സ്നേഹമായിരുന്നു കോയക്കാക്ക്. അത്പോലെ താൻ അങ്ങോട്ടും. രാത്രി ജോലി ക്ഷീണം മറക്കുന്നത് തന്നെ അദ്ദേഹത്തെ കണ്ട് സംസാരിക്കുമ്പൊഴാണ്. തന്റെ എല്ലാ അവസ്ഥയും കോയക്കാക്ക് അറിയുകയും ചെയ്യാം. ആലോചന കാടുകയറുകയായിരുന്നു. രാത്രിയുടെ അന്ത്യയാമത്തിലെപ്പൊഴൊ ഉറക്കം അവന്റെ മിഴികളെ തഴുകിയടച്ചു. 

ദിവസങ്ങൾ പോയതറിഞ്ഞില്ല.... പുതിയ പാസ്പോർട്ടും മറ്റു രേഖകളും കോയക്ക വളരെപ്പെട്ടെന്നുതന്നെ റഡിയാക്കി.... എല്ലാംകൂടി 5 ദിവസം. ബേക്കറിയിലേയ്ക്ക് തൽക്കാലം ഒരു പണിക്കാരനെ കിട്ടിയത് കൊണ്ട് സമാധാനത്തോടെ തന്നെ എല്ലാവരോടും യാത്ര പറഞ്ഞിറങ്ങി. മുതലാളിക്ക് റഷീദ് പോകുന്നതിൽ വളരെ വിഷമമുണ്ടായിരുന്നു. അവന്റെ ബുദ്ധിമുട്ടുകൾ അറിയുന്നതുകൊണ്ട് ശമ്പളത്തിന് പുറമേ കുറച്ച് കൂടെ പൈസ കൊടുത്തു. പോകുന്നതിന് മുമ്പ് വരാം എന്ന് പറഞ്ഞ് നേരെ നടക്കാവിലെ മാളിയേക്കൽ തറവാട്ടിലേക്ക് പോന്നു. 

പോരുന്ന വഴിക്ക് അടുത്ത വീട്ടിലെ ഫോണിൽ വിളിച്ച് കാര്യങ്ങളെല്ലാം ഉപ്പയോട് പറഞ്ഞു. ഉപ്പയ്ക്ക് വളരെ സന്തോഷമായി. മാളിയേക്കൽ തറവാടിന്റെ മുമ്പിൽ എത്തിയപ്പോൾ റഷീദിന് പഴയ ഉൻമേഷം തോന്നിയില്ല. ഹസ്സനിക്കാന്റെ മരണ ശേഷം മക്കളൊക്കെ ഭാഗം വെച്ച് പിരിഞ്ഞു. തറവാട്  മുറ്റത്തിനു കുറുകെ അരമതിൽ ഉയർന്നിരിക്കുന്നു. ഇപ്പൊ തറവാട്ടിൽ അമ്മായിയും ചെറിയ മോനും മാത്രമേ ഉള്ളൂ. മക്കളൊക്കെ ഇടയ്ക്കൊന്ന് വന്ന് പോയാലായി. പതിയെ പതിയെ  മാളിയേക്കൽ തറവാടിന്റെ നല്ലകാലം കാലയവനികക്കുള്ളിൽ മറഞ്ഞ് കൊണ്ടിരിക്കുന്നു. പഴയ അഭ്യുതകാംക്ഷികളൊന്നു ഹസ്സനാജിയുടെ കാലശേഷം വരാറില്ലെന്ന് അമ്മായി പറഞ്ഞു. റഷീദ് അമ്മായിയോട് ഗൾഫിൽ പോകുന്ന കാര്യങ്ങളൊക്കെ പറഞ്ഞു. അമ്മായിക്ക് ഭയങ്കര സന്തോഷമായി. 

“നീ എങ്ങിനെയെങ്കിലും ഒന്ന് രക്ഷപ്പെട്ടിട്ട് വേണം സഫിയയും സീനത്തും പണിക്ക് പോകുന്നത് നിർത്താൻ... അൻവർ എന്തായാലും അവിടെ എത്തിയല്ലോ... നിങ്ങൾ രണ്ടുപേരും നന്നായി പരിശ്രമിക്കണം.... പിന്നെ 5 സെന്റ് സ്ഥലം വാങ്ങി അവിടെ ചെറിയൊരു വീടും വയ്ക്കണം.  വയസ്സാൻ കാലത്ത് ഹമീദിനെ കഷ്ടപ്പെടുത്തല്ലേ.... ശാപം ഏറ്റുവാങ്ങല്ലേ.... ഇവിടെ കണ്ടില്ലേ... വാപ്പാമരിച്ചതിനു പിന്നാലേ എല്ലാരും സ്വാർത്ഥതകാണിച്ചു തുടങ്ങി.... എല്ലാർക്കും സ്വത്തുക്കൾ മതി.... എന്നെ ആർക്കും വേണ്ട. ചെറിയ മോൻ മാത്രം കൂടെയുണ്ട്... അവന് ഒന്നിനോടും ആർത്തിയില്ല... അവൻ എന്നെവിട്ട് പോകുന്നുമില്ല കിട്ടിയ ജോലി വേണ്ടെന്നുവെച്ചിരിക്കുന്നു. കുറച്ചു കൃഷിയുണ്ടല്ലോ... പാടത്ത് ഇന്ന് പണിക്കാരില്ല. കമ്പോളത്തിലെ കടയുടെ വാടകയും മറ്റും ഉണ്ട്... കുഴപ്പമില്ല... അദ്ദേഹം ഇല്ലല്ലോ എന്നുള്ള വേദന... 

“ഒക്കെ ശരിയാകും അമ്മായി ങ്ങള് ദുഹാ ചെയ്യണം.“

ഉച്ചക്ക് ചോറ് കഴിച്ചെ അമ്മായി വിട്ടുള്ളൂ. 

“ഹസ്സനിക്കണ്ടെങ്കി പോവാൻ അനക്ക് ആരെയും ആശ്രയിക്കേണ്ടായിരുന്നു.“ വീടിന്റെ ഭിത്തിയിലെ ഹസ്സനിക്കയുടെ ചിരിച്ച മുഖത്തോടെയുള്ള ഫോട്ടോയിലേക്കവർ നോക്കി നെടുവീർപ്പിട്ടു.

“എനിക്കറിയില്ലെ അതൊന്നും സാരമില്ലമ്മായി. ഒക്കെ ശരിയാവും.“

റഷീദ് യാത്രപറഞ്ഞിറങ്ങി പോകും വഴി കണ്ണം പറമ്പിൽ ഹസ്സനാജിയുടെ കബറിടത്തിൽ നിറകണ്ണുകളോടെ യാത്ര പറഞ്ഞു.പുതിയ ബസ്സ്റ്റാന്റിൽ വന്ന് വെന്നിയൂരിലേക്ക് ബസ്സ് കയറി .. ഹൃദയം പിഴുതെടുത്ത് കടന്നുപോയ പ്രിയ വലിഇക്ക  ഈ പെരക്കിടാവിൻ ഒരുനൂറു പ്രാർത്ഥനകൾ നിറകണ്ണുകളോടെ. എന്നെ കണ്ടിരുന്നുവോ ഞാൻ വന്നിരുന്നു പള്ളിക്കാട്ടിലെ ആ തണൽ മരച്ചുവട്ടിൽ വലി ഇക്കയോട് ഒരുപാട് സംസാരിച്ചുട്ടോ കണ്ണു നിറഞ്ഞു തുളുംമ്പിയതിനാൽ വാക്കുകൾ പലപ്പോഴും അവ്യക്ത മായത് ക്ഷമിക്കില്ലേ... 
റഷീദ്  വൈകുന്നേരത്തോടെ വെന്നിയൂരിലെ വീട്ടിലെത്തി എല്ലാം ശരിയാക്കി അടുത്ത വെളുപ്പിലെ  തന്നെ കോഴിക്കോട് നിന്ന് ബോംബെയിലേക്ക് ബസ്സിൽ. അവിടന്ന് നേരെ ജിദ്ദയിലേക്ക്. യാത്രപോകാനുള്ള വസ്ത്രങ്ങളും മറ്റ് അത്യാവശ്യ സാധനങ്ങളും പായ്ക്ക് ചെയ്തു വച്ചു... എല്ലാരും രാത്രി എറെ വൈകുവോളം സംസാരിച്ചിരുന്നു... അവസാനം ഹമീദ് ഇടപെട്ടു...

“അവന് രാവിലെ പോകാനുള്ളതാണ്.... എല്ലാരും പോയി ഉറങ്ങിയേ.. രാവിലെ എഴുന്നേൽക്കണം....“

ഹമീദ് ഭാര്യയെ ഉറക്കെ വിളിച്ചു... എടീ നീയിങ്ങുവന്നേ.... ഇതിനിടയിൽ ഞാൻ രാത്രി കഴിക്കേണ്ട മരുന്നു കഴിക്കാൻ മറന്നു.... നീ അതിങ്ങെടുത്തേ... കുറച്ചുതാമസിച്ചതല്ലേയുള്ളൂ.... കുഴപ്പമില്ല... ഭാര്യ ഗുളിക കൈയ്യിൽ കൊടുത്തു.... അദ്ദേഹം അതുവാങ്ങി വായിലിട്ടു വെള്ളം കുടിച്ചു... 

ആ വാപ്പയുടെ മനസ്സ് സന്തോഷത്തിലായിരുന്നു.... തന്റെ രണ്ടാമത്തെ മകനും രക്ഷപ്പെടാൻ പോകുന്നു... അവർ രണ്ടുപേരും വീട്ടിലില്ലാത്ത കുറവ് താനാണ് നികത്തേണ്ടത്... മാർക്കറ്റിൽപോകണം... വീട്ടുകാര്യങ്ങൾ നോക്കണം... ഫസലിനെ സ്കൂളി‍ കൊണ്ടാക്കണം... എന്തോ ആ രാത്രി ഹമീദിന് ഉറക്കം വന്നില്ല.... തിരിഞ്ഞും മറിഞ്ഞും കിടന്നു.... വല്ലാത്ത ദാഹം, എഴുന്നേറ്റ് അടുക്കളവാതിൽക്കലെത്തി ജഗ്ഗിൽ സൂക്ഷിച്ചിരുന്ന വെള്ളമെടുത്ത് കുടിച്ചു... വീണ്ടും കട്ടിലിലേയ്ക്ക് ചാഞ്ഞിരുന്നു....

  തുടർന്നു വായിക്കുക അടുത്ത ഞായറാഴ്ച്ച 17 03 2019

ഷംസുദ്ധീൻ തോപ്പിൽ 10 03 2019

2.3.19

നിഴൽ വീണ വഴികൾ - ഭാഗം 11


കാലം ദുഖത്തിന്റെയും സന്തോഷത്തിന്റെയും ഉയർച്ചതാഴ്ചകളിലൂടെ വളരെവേഗം കടന്നുപോയി.... ഫസൽ ഇപ്പോൾ ആറാംക്ലാസ്സിൽ പഠിക്കുന്നു. കോർട്ടേഴ്സിനു തൊട്ടടുത്തു തന്നെയുള്ള സ്കൂളിലാണ് പഠനം. അവനെ കാലം കൂടുതൽ പക്വതയുള്ളവനാക്കിയതുപോലെ... പഠിത്തത്തിലും ഒട്ടും പിന്നിലല്ല.. പഠിപ്പിൽ മടിവരുമ്പൊ ഉമ്മയുടെ ദയനീയ മുഖമാണ് ഫസലിന്റെ മനസ്സിൽ വരിക. ഊണും ഉറക്കവുമൊഴിച്ച് തനിക്ക് വേണ്ടി  കഷ്ടപ്പെടുന്ന ഉമ്മയെ. താൻ മാത്രമാണ് ഉമ്മയുടെ ശക്തി, തന്നിൽമാത്രമാണ് ഉമ്മയുടെ പ്രതീക്ഷയെന്നുള്ളത് അവനു നല്ല ബോധ്യമുണ്ടായിരുന്നു. പഠിച്ച് നല്ലൊരു ജോലി നേടി ഉമ്മയെ നോക്കണം. ഉമ്മയുടെ കണ്ണീരിനിയും കാണാൻവയ്യ. അന്യരുടെ വീട്ടിൽ വിഴുപ്പുകെട്ടുകൾ അലക്കുന്ന ഉമ്മ.. തനിക്കുവേണ്ടി എന്തുമാത്രം കഷ്ടതകൾ അനുഭവിക്കുന്നു . ആ കുഞ്ഞുമനസ്സിലെ ചിന്ത അതായിരുന്നു. 
അയൽവീട്ടിൽ താമസ്സിക്കുന്ന കാസിം മാഷും ഹമീദും പലപ്പോഴും വൈകുന്നേരങ്ങളിൽ നടക്കാനിറങ്ങുക പതിവായിരുന്നു . കാസിംമാഷ് നല്ലൊരു തത്വചിന്തകനായിരുന്നു, ഫസലിന്റെ പഠനവിവരങ്ങളുംമറ്റും ദിവസവും അന്വേഷിക്കും. ഫസലിനെ കാണുമ്പോൾ പഠനവിഷയവുമായി ബന്ധപ്പെട്ട ചോദ്യങ്ങളും ചോദിക്കാറുണ്ട്.... ഫസൽ അതിനൊക്കെ കൃത്യമായി ഉത്തരവും പറയുമായിരുന്നു. അവന്റെ കൈയ്യക്ഷരവും മാഷിന് വളരെ ഇഷ്ടമായിരുന്നു.

ഒരു ദിവസം കാസിംമാഷ് ഹമീദിനോട് പറഞ്ഞു. “ഫസൽ നന്നായി പഠിക്കുന്നുണ്ടല്ലൊ അവനെ അടുത്ത കൊല്ലം നമുക്ക് മുളമുക്കിലെ എം ആർകെ മെമ്മോറിയൽ ഹൈസ്‌കൂളിൽ ചേർക്കാം. അവിടെ നമുക്കറിയാവുന്ന ടീച്ചർമാരുമുണ്ട്. അവർ അവനെ നന്നായി ശ്രദ്ധിക്കും. വേണ്ട പ്രോത്സാഹനം കിട്ടിയാൽ അവൻ നന്നായി പഠിച്ച് കൊള്ളും. അക്കാലത്തെ വളരെ പ്രസിദ്ധമായ സ്ക്കൂളുകളിൽ ഒന്നാണ് എം ആർകെ മെമ്മോറിയൽ ഹൈസ്‌കൂൾ യത്തീംഖാനയുടെ കീഴിലാണ് അത് പ്രവർത്തിക്കുന്നത്. അനാഥാലയത്തിലെ കുട്ടികൾക്കുള്ള സീറ്റ് കഴിഞ്ഞ് ബാക്കി സീറ്റുകൾക്ക് സെലക്ഷൻ നടത്തി മിടുക്കരായ കുട്ടികളെ തിരഞ്ഞെടുക്കുന്നു. വളരെ ചിട്ടയോടെയുള്ള വിദ്യാഭ്യാസം... പഠിച്ചിറങ്ങുന്ന കുട്ടികളോരോരുത്തരും വളരെ പ്രഗത്ഭരായിരിക്കുമെന്നുള്ളതിൽ സംശയമില്ല. എം ആർകെ മെമ്മോറിയൽ ഹൈസ്‌കൂളിൽ അത്ര പെട്ടൊന്നൊന്നും സീറ്റ് കിട്ടില്ല. അധികവും മുതലാളിമാരുടെ മക്കൾക്കേ അവിടം സീറ്റ് കിട്ടിയിരുന്നുള്ളൂ. അവിടെ ചേർക്കുന്നതിൽ ഹമീദിന് സന്തോഷമേ ഉള്ളൂ, പക്ഷെ എങ്ങിനെ സീറ്റ് കിട്ടും. ഹമീദ് കാസിം മാഷോട് തന്റെ സംശയം പറയുകയും ചെയ്തു. “നിങ്ങൾ അതോർത്തൊന്നും വിഷമിക്കണ്ട അവനെ അവടെ ചേർക്കാൻ തയ്യാറാണോ അല്ലയോ എന്നറിഞ്ഞാൽ മതി. ബാക്കിയൊക്കെ ഞാൻ നോക്കിക്കൊള്ളാം. അടുത്ത കൊല്ലം മുതൽ അവൻ അവിടെ പഠിക്കും അത് പോരെ”. 

ഹമീദിന് വളരെ സന്തോഷമായി പടച്ചവനോട് നന്ദി പറഞ്ഞു. അർഹിക്കാത്ത പലതും പടച്ചവൻ അരികിലെത്തിക്കുന്നു പല രൂപത്തിൽ പലവേഷത്തിൽ . തനിക്ക് നല്ല ഉറപ്പുണ്ട് ഫസൽ പഠിച്ചു വലിയ ഉയരത്തിലെത്തുമെന്ന്. നഷ്ടപ്പെട്ട തന്റെ പ്രതാപം തന്റെ പേരക്കുട്ടിയിലൂടെ വീണ്ടെടുക്കാമെന്ന്. തങ്ങൾക്കൊന്നും ലഭിക്കാത്ത വിദ്യാഭ്യാസം അവന് നൽകണം. എം ആർകെ മെമ്മോറിയൽ ഐസ്‌കൂളിൽ ഫസലിന് സീറ്റ് കിട്ടുമെന്നറിഞ്ഞതിൽ സഫിയക്ക് വളരെ സന്തോഷമായി  എങ്ങിനെ കഷ്ടപ്പെട്ടാലും തന്റെ മകനെ പഠിപ്പിക്കുക തന്നെ. ഒന്നുമില്ലങ്കിലും അവനൊരു ആണല്ലെ. എന്നെങ്കിലും തന്റെ കഷ്ടപ്പാടൊക്കെ പടച്ചവൻ തീർക്കും എന്നവൾക്ക് നല്ല ഉറപ്പുണ്ട്.  

ഒരുദിവസം മുറ്റത്തെ ചെടികൾക്ക് വെള്ളമൊഴിക്കുകയായിരുന്നു ഹമീദ്. ഒരു തേങ്ങൽകേട്ട് ഹമീദ് തിരിഞ്ഞുനോക്കി. ഫസൽ കരഞ്ഞുകൊണ്ട് വീട്ടിലേക്ക് ഓടുന്നു. ഇത് കണ്ട് ഹമീദ് ആകെ അമ്പരന്നു.”എന്ത് പറ്റി മോനെ നീ ആരെങ്കിലുമായി തല്ല് കൂടിയോ” അവൻ കരച്ചിലിനിടക്ക് പറഞ്ഞു. ”ഉപ്പാ.... ആ... ശങ്കരൻ മാഷ്.... എ.. ന്നെ അടിച്ചു”. ഹമീദ് അവനെ തന്നോടു ചേർത്തുനിർത്തി, ”എന്താണിത് ശരീരത്തിൽ മുഴുവൻ അടികൊണ്ട് തണർത്ത പാടുകളാണല്ലോ.” പടച്ചവനെ എന്തിനാ തന്റെ കുട്ടിയെ മാഷ് ഇങ്ങിനെ അടിച്ചത്. ഇത്രയും കാലത്തിനിടയ്ക്ക് താൻപോലും ഒന്ന് നുള്ളി നോവിച്ചിട്ടില്ല. ഇതങ്ങനെവിട്ടാൽ പറ്റില്ലല്ലോ, മാഷോട് ചോദിക്ക തന്നെ.

ഹമീദ് ഫസലിനെ ആശ്വസിപ്പിച്ചു അവനേയും കൂട്ടി പുറത്തേക്ക് ഇറങ്ങാൻ തുടങ്ങുമ്പോഴാണ് അൻവർ കയറിവന്നത്. “എന്താ ഉപ്പാ എന്തുപറ്റി, എന്തിനാ ഫസൽ കരയുന്നത്.” “അവനെ ശങ്കരൻ മാഷ് അടിച്ചതാ ഇതാ കണ്ടൊ അവന്റെ ദേഹം മുഴുവൻ പാടുകളാ ഇങ്ങനെയാണോ കുട്ടികളെ തല്ലുന്നത് ഇതെന്താ ചന്തയിലെ കാലികളാണോ ? ഞാനതൊന്ന് ചോദിക്കാന്ന് വച്ച് ഇറങ്ങിയതാ. വേഗം പോയില്ലങ്കിൽ മാഷുമാരെല്ലാം പോകും”. “ഉപ്പ പോവണ്ടാ ഞാൻ പോവാം”. പൊതുവെ മുൻകോപക്കാരനായ അൻവർ ഫസലിനെയും കൂട്ടി സ്ക്കൂളിലേക്ക് ചെന്നു. അപ്പൊ എല്ലാവരും പോകാൻ തുടങ്ങുന്നതേയുള്ളൂ. തേങ്ങി കരയുന്ന ഫസലിനെ കൂട്ടി ഓഫീസിനുനേർക്കുവന്ന അൻവറിനെ കണ്ട് പരിചയക്കാരായ ടീച്ചർമാർ പുറത്തേക്കിറങ്ങിവന്നു, “അൻവറിക്കാ എന്താ പ്രശ്നം”. അൻവർ അല്പം ദേഷ്യഭാവത്തിൽ അവരോടു ചോദിച്ചു “എവിടെ നിങ്ങളെ ഹെഡ് മാഷ്? ഞങ്ങൾ കുട്ടികളെ പഠിക്കാൻ വിടുന്നത് കാളചന്തയിലേക്കല്ല, സ്ക്കൂളിലേക്കാ ഇത് കണ്ടൊ“. അത് പറഞ്ഞ് ഫസലിന്റെ ഷർട്ട് ഊരി അൻവർ കാണിച്ച് കൊടുത്തു.” “എന്ത് തെറ്റ് ചെയ്തിട്ടാ ശങ്കരൻമാഷ് ഇവനെ ഇങ്ങിനെ അടിച്ചെതെന്നറിയണം. എല്ലാവരും കുട്ടികളെ അരയ്ക്ക് താഴെയാണ് അടിക്കാ, എവിടെ  അയാള്...” പുറത്ത് ബഹളം കേട്ട് ഓഫീസ് റൂമിലായിരുന്ന ശങ്കരൻ മാഷും ഹെഡ് മാഷും  ഇറങ്ങിവന്നു. കൂടാതെ വഴിയിലൂടെ പോകുന്ന നാട്ടുകാരും, വന്നവർ വന്നവർ അന്തം വിട്ടുനിന്നു. നന്നായി പഠിക്കുന്ന ഫസലിനെ ഇങ്ങിനെ അടിക്കേണ്ട യാതൊരു കാരണവുമില്ല. അൻവർ ശങ്കരൻ മാഷോട് കയർത്തുകൊണ്ട് ചോദിച്ചു “എന്ത് തെറ്റ് ചെയ്തിട്ടാ ഇവനെ ഇങ്ങിനെ മീൻ വരിയുമ്പോലെ വരിഞ്ഞത്... ശങ്കരൻമാഷിന് ഉത്തരംമുട്ടി”. “അത്...പിന്നെ....അവൻ പ്രാർത്ഥന ചൊല്ലുമ്പൊ കളിച്ചത് കൊണ്ടാ.” “അതിന് ഇങ്ങിനെയാണൊ തല്ലാ.” “അത് .....ഞാൻ അപ്പൊഴത്തെ ദേഷ്യത്തിന്... ഇങ്ങിനെയൊന്നും ആവുമെന്ന് കരുതിയില്ല”. അൻവറിന് നിയന്ത്രണം വിട്ടു, അവൻ മാഷെ കയറി പിടിച്ചു. ”അങ്ങനെ കണ്ടവർക്കൊക്കെ കേറിനിരങ്ങാനുള്ളവനല്ല എന്റെ കുഞ്ഞ്. ചോദിക്കാനും പറയാനും ആളില്ലെന്നു കരുതിയോ...” ഫസൽ അൻവറിനെ പിറകിലേക്കു വലിക്കാൻ ശ്രമിച്ചു. മാഷിന്റെയും അൻവറിന്റെയും ഇടയിൽ കയറിനിന്ന് അവൻ കരഞ്ഞുകൊണ്ടു പറഞ്ഞു... ”ഒന്നും ചെയ്യല്ലേ മാമാ... ഒന്നും ചെയ്യല്ലേ.... മാഷ് അറിയാതെ ചെയ്തതായിരിക്കും....” പിടിവലിക്കിടയിൽ രോഷത്തോടെനിന്ന നട്ടുകാരിൽ ആരോ ശങ്കരൻ മാഷുടെ മുഖത്തടിച്ചു. അപ്പോഴേയ്ക്കും ഹെഡ് മാഷും മറ്റ് മാഷ്മാരും ഓടിയെത്തി അവരെ പിടിച്ച് മാറ്റി... നാട്ടുകാരിൽ ആരോ വിളിച്ചു പറയുന്നുണ്ടായിരുന്നു.. ”ശങ്കരൻമാഷ് തീരെ മനുഷ്യത്തമില്ലാത്ത ആളാ... ഇങ്ങനെയൊക്കെ ചെയ്താൽ ആരായാലും കൈവെക്കും... ആ കുഞ്ഞിനെ കണ്ടില്ലേ... അടികൊണ്ട് ശരീരം തണർത്തിട്ടും അവൻ മാഷിനുവേണ്ടി വാദിക്കുന്നത്...”

ഹെഡ്മാസ്റ്ററിന്റെയും മറ്റ് ടീച്ചർമാരുടെയും അവസരോചിതമായി ഇടപെടലിൽ അതവിടെ അവസാനിച്ചു എന്ന് കരുതിയതാണ്. പക്ഷേ പിറ്റേന്ന് സ്ക്കൂളിൽ വന്ന ഫസലിനെ ടീച്ചർ ക്ലാസിൽ കയറ്റിയില്ല. ”മാഷെ തല്ലിയതിന് അവന്റെ രക്ഷിതാവ് മാപ്പ് പറയണം. രണ്ട് ദിവസം കഴിഞ്ഞെ ഇനി ഹെഡ് മാഷ് വരികയുള്ളൂ. ഹെഡ് മാഷ് വന്നിട്ട് കയറിയാമതി” . ടീച്ചറിന്റെ വാക്കുകൾ ആ കുഞ്ഞുമനസ്സിനെ വേദനിപ്പിച്ചു. ക്ലാസ്സിലേയ്ക്ക് എത്തിനോക്കി. തന്റെ സുഹൃത്തുക്കൾ ഒരത്ഭുതവസ്തുവിനെ കാണുന്നതുപോലെ തന്നെ നോക്കുന്നു. അവൻ അല്പനേരം അവിടെ നിന്നു, ടീച്ചറിന്റെ മനസ്സ് മാറില്ലെന്നുറപ്പായപ്പോൾ ഫസൽ വേദനയോടെ പതിയെ വീട്ടിലേയ്ക്ക് ഇറങ്ങി നടന്നു.

ഫസൽ കാര്യങ്ങളെല്ലാം ഹമീദിനോട് പറഞ്ഞു. ഹമീദ് അൻവറിന്റെ നേരേ തിരിഞ്ഞു “അല്ലങ്കിലും  അൻവറെ മാഷെ തച്ചത് അത്ര ശരിയായില്ല” അൻവറിന് ദേഷ്യം വന്നു “ഉപ്പ എന്താ പറയണത് അയാള് ചെയ്തതോ.” ”ഇനി എന്താ ചെയ്യാ ഫസലിന്റെ പഠിപ്പ് മുടങ്ങില്ലെ. ഇപ്രാവശ്യം ജയിച്ചാലല്ലെ എം ആർകെ മെമ്മോറിയൽ ഹൈസ്‌കൂളിൽ ചേർക്കാൻ പറ്റൂ”. ഹമീദ് സ്കൂളിലേയ്ക്ക് പുറപ്പെട്ടു, ടീച്ചറോട് കാര്യം പറഞ്ഞപ്പൊൾ തങ്ങൾക്കൊന്നും ചെയ്യാൻ പറ്റില്ലന്ന് പറഞ്ഞവർ ഒഴിഞ്ഞ് മാറി. അവർക്കെന്തോ താൽപര്യമില്ലാത്തപോലെ. ഹമീദ് എന്ത് ചെയ്യണമെന്നറിയാതെ കുഴങ്ങി. സഫിയ ഇതൊന്നും അറിഞ്ഞിട്ടില്ല. പൊന്നുമോന്റെ ശരീരത്തിലെ പാടുകൾ കണ്ടാൽ അവളെങ്ങനെ സഹിയ്ക്കും...

ഹമീദ് വീട്ടിൽ തിരികെയെത്തി ഫസലിനെ അരികെ വിളിച്ച് മടിയിലിരുത്തി സ്നേഹത്തോടെ തലോടി സാവധാനം ചോദിച്ചു. “എന്തിനാ മോനെ നീ പ്രാർത്ഥന ചൊല്ലുമ്പം കളിച്ചത്.” ”ഉപ്പാ ഞാൻ പ്രാർത്ഥന ചൊല്ലുമ്പൊ കളിച്ചിട്ടൊന്നുമല്ല ശങ്കരൻ മാഷ് എന്നെ തല്ലിയത്.” ”പിന്നെ?”ഹമീദിന് ആകാംക്ഷയായി. ”ഹോംവർക്ക് സ്ക്കൂളിൽവെച്ച് ചെയ്യാമെന്ന് കരുതി മിനിയാന്ന് ഞാൻ നേരത്തെ സ്ക്കൂളിൽ പോയില്ലെ... ഓഫീസിന്റെ മുന്നിലൂടെയാണ് എന്റെ ക്ലാസിലേയ്ക്ക് പോകുന്നത്. ഓഫീസ് റൂമിന്റെ അടുത്തെത്തിയപ്പൊ ഉള്ളിൽ നിന്ന് ചിരികേട്ടു, വാതിൽ ചാരിയിട്ടുണ്ടായിരുന്നു. പേടിയോടെ ആരാണ് ചിരിക്കുന്നതെന്നറിയാൻ ഞാൻ വാതിൽ തള്ളിത്തുറന്നു. അപ്പോൾ...” ഫസലിന് ഉപ്പയോട് പറയാനൊരു മടി. ”ങ്ങട്ട്...പറയ്.... മോനെ.” ”ശങ്കരൻ മാഷും ആറ് ബിയിലെ അന്നമ്മ ടീച്ചറും കെട്ടിപ്പിടിച്ച് എന്തൊക്കെയോ ചെയ്യുന്നുണ്ടായിരുന്നു. വെപ്രാളത്തോടെ ഞാൻ വാതിൽ അടക്കാൻ നോക്കിയപ്പൊ ഒച്ച കേട്ട് അവരെന്നെ കണ്ടു. അവരാകെ പേടിച്ച് പോയി ഞാനാരൊടെങ്കിലും പറഞ്ഞാലൊ എന്നു കരുതി അപ്പൊതന്നെ എന്നെ വിളിച്ചവർ താക്കീത് ചെയ്തു വിട്ടയച്ചു”. നിഷ്കളങ്കമായ വാക്കുകളായിരുന്നു അവന്റേത്.

ക്ലാസ്സിലെത്തിയപ്പോൾ ശങ്കരൻമാഷും പിറകേവന്നു. ദേഷ്യത്തോടെ കണ്ണുരുട്ടിക്കൊണ്ട് എന്നോട്  പറഞ്ഞു “ഇത് നീ ആരോടെങ്കിലും പറഞ്ഞാൽ എന്റെ ചൂരൽ നീ കണ്ടിട്ടില്ലെ അടിച്ച് ഞാൻ അന്റെ തോൽ പൊളിക്കും, പറഞ്ഞില്ലന്ന് വേണ്ട .”  വീട്ടിൽ നിന്ന് ചെയ്യാൻ തന്ന കണക്ക് ഞാൻ പേടിച്ചിട്ട് വേറെ കുട്ടിയുടെ ബുക്ക് നോക്കിയാ ചെയ്തത്. ഉപ്പാ ഞാനത് അറിയാതെ നമ്മടെ അങ്ങേതിലെ റഫീഖിനോട് പറഞ്ഞു പോയി. അവനോട് ഞാൻ ആരോടും പറയരുതെന്ന് സത്യം ചെയ്യിച്ചതാ പക്ഷെ അവനത് എല്ലാരോടും പറഞ്ഞു. സ്ക്കൂളിലത് പാട്ടായി അതിന്റെ ദേഷ്യം എങ്ങിനെ തീർക്കുമെന്ന് നോക്കിയിരിക്കുമ്പോഴാണ് സ്ക്കൂൾ വിടാൻ നേരത്ത് എന്റെ ക്ലാസിൽ നിന്ന് ശബ്ദം കേട്ടപ്പൊൾ തൊട്ടടുത്ത ക്ലാസിൽ നിന്ന ശങ്കരൻ മാഷ് അങ്ങോട്ട് വന്നത്. ഞാനാണ് വർത്താനം പറയണേതെന്ന് പറഞ്ഞ് ദേഷ്യം തീരുവോളം എന്നെ അടിച്ചു.” പറഞ്ഞ് കഴിഞ്ഞപ്പൊ അവൻ കരഞ്ഞ് പോയി. ”സാരമില്ല മോനേ പോട്ടെ... മോൻ കരയണ്ട”. “ഉപ്പാ ഞാനിനി ആരോടും പറയില്ല. എന്നെ സ്കൂളിൽ കേറ്റിയാമതി”. “മോൻ കരയണ്ട ഉപ്പ ഇല്ലേടാ നിനക്ക് എല്ലാം ഞാൻ ശരിയാക്കി തരാം“.     

വാശിപിടിച്ചിരിക്കേണ്ട സമയമല്ലിത്, തെറ്റ് ആരുടെ ഭാഗത്തായാലും അതൊന്നും ചിന്തിക്കാനുള്ള സമയമല്ല. തന്റെ കുഞ്ഞിന്റെ ഭാവിയാണ് വലുത്. മാപ്പ് പറഞ്ഞെങ്കിലും അവനെ സ്ക്കൂളിൽ കയറ്റണം. കാലത്തിന്റെ ഓരോ പോക്കെ... തെറ്റ് ചെയ്ത ശങ്കരൻ മാഷ് നല്ല ആളും അത് കണ്ട ഫസല് തെറ്റുകാരനും. അവർക്കൊന്നും നഷ്ടപ്പെടാനില്ലല്ലൊ തന്റെ മോന്റെ ഭാവിയല്ലെ. അധ്യാപകർക്ക് ഇങ്ങനെയൊക്കെ കാണിക്കാമോ... കുട്ടികൾക്ക് അറിവ് പകർന്നുകൊടുക്കേണ്ടവരും മാതൃകയാവേണ്ടവരുമല്ലേ... ഇങ്ങനെയുള്ളവർ പഠിപ്പിച്ചാൽ കുഞ്ഞുങ്ങളുടെ ഭാവി എന്താകും.

ഹമീദും അൻവറും ഒന്ന് രണ്ട് ആളുകളെയും കൂട്ടി തയ്യാലിങ്ങൽ ഹെഡ് മാസ്റ്ററുടെ  വീട്ടിൽ ചെന്നു നല്ലവനായ ഹെഡ് മാഷ് ഫസലിന്റെ തോളിൽ തട്ടി പറഞ്ഞു. “കാര്യങ്ങളൊക്കെ ഞാൻ പറഞ്ഞ് തീർക്കാം. ങ്ങളെ മോന്റെ കാര്യല്ലെ. ങ്ങളൊന്ന് മാഷോട് ക്ഷമ ചോദിച്ചോളി. ഒന്നുമില്ലങ്കിലും അദ്ദേഹമൊരു മാഷല്ലെ. നാളെ ഞാൻ സ്ക്കൂളിലുണ്ടാവും. അങ്ങോട്ട് വന്നോളൂ. ഇവനെ അത്ര പെട്ടന്ന് ഞങ്ങൾക്ക് വിടാൻ പറ്റില്ലല്ലൊ സ്ക്കൂളിന്റെ അഭിമാനമല്ലെ. നാട്ടുകാരുടെ മുമ്പിൽ വെച്ചായത് കൊണ്ട് മാഷ്മാർക്ക് തമ്മിൽ ചെറിയൊരു പ്രശ്നം അത്രേയുള്ളൂ”. 

പിറ്റേന്ന് അൻവറും ഹമീദും ഫസലിനെയും കൂട്ടി ഹെഡ് മാഷുടെ അടുത്ത് ചെന്നു. അദ്ദേഹത്തിന്റെ സാന്നിധ്യത്തിൽ ശങ്കരൻ മാഷോട് അൻവറും ഹമീദും ക്ഷമ ചോദിച്ചു. കാര്യങ്ങളെല്ലാം പറഞ്ഞ് തീർത്തു. ഫസൽ സന്തോഷത്തോടെ ക്ലാസിലേയ്ക്ക് പോയി.....

ക്ലാസ്സിന്റെ വാതിലിൽ നിന്ന് അകത്തേക്ക് നോക്കിയപ്പോൾ മലയാളം പഠിപ്പിക്കുന്ന ദിനേശൻ മാഷ് അരക്കൊല്ല പരീക്ഷയുടെ മലയാള പേപ്പർ വിതരണം ചെയ്യുകയായിരുന്നു. ഫസല് അവിടെ നിന്ന് ഒന്ന് പരുങ്ങി. അപ്പോഴാണ് സാറ് വാതിലിലേക്ക് നോക്കിയത്. “അ.. ആരാത്. ഫസലൊ കയറിവാ കയറിവാ.“ ശബ്ദത്തിന് ഒരു പരിഹാസച്ചുവയുണ്ടായിരുന്നു. “ഇരിക്ക്... ഇരിക്ക്“. സാർ എല്ലാവരുടെയും പരീക്ഷ പേപ്പർ വിളിച്ച് കൊടുക്കുന്നുണ്ട്. തന്റെ മാത്രം കിട്ടിയില്ല. അവന് പേടിയായി പടച്ചോനെ മാർക്ക് കുറഞ്ഞൊ. മാർക്ക് കുറഞ്ഞവരുടെ പേപ്പർ മാഷ് മേശമേൽ വെച്ച് അവസാനമേ കൊടുക്കൂ, പോരാത്തതിന് ചുട്ട രണ്ടടിയും താൻ നന്നായി പരീക്ഷ എഴുതിയതാണ്. പിന്നെ എന്ത് പറ്റി അവൻ വെപ്രാളപ്പെട്ട് ഇരിക്കുമ്പൊഴാണ്. ദിനേശൻ സാറ് അവന്റെ പേപ്പർ എടുത്ത് ക്ലാസിൽ എല്ലാവരും കേൾക്കെ പറഞ്ഞത്. 

“ക്ലാസിൽ കൂടുതൽ മാർക്ക് ഫസലിനാണ് പക്ഷെ ചെറിയൊരു കുസൃതി അവൻ പേപ്പറിൽ ഒപ്പിച്ചിട്ടുണ്ട്. ഫസൽ ഇവിടെ വന്നേ. നീതന്നെ ഇതൊന്നു വായിക്കൂ.“ ഫസൽ പേടിയോടെ വിറച്ച് വിറച്ച് സാറിന്റെ അടുത്തേക്ക് ചെന്നു. സാറ് കാണിച്ച് തന്ന വരികൾക്കിടയിലൂടെ നിറഞ്ഞ കണ്ണുകളോടെ അവൻ വായിക്കാൻ ശ്രമിച്ചു. അവൻ ഞെട്ടി. ഇത് താൻ എഴുതിയതല്ലല്ലൊ തന്റെ എഴുത്ത് എങ്ങിനെയോ മായിച്ച് അവിടെ എഴുതിച്ചേർത്തതാണ്. ഒരു കഥയുടെ ബാക്കി ഭാഗം പൂരിപ്പിക്കാനുള്ളതായിരുന്നു ചോദ്യം. ഹനുമാൻ രാവണന്റെ കയ്യിൽ നിന്ന് സീതയെ മോചിപ്പിക്കാൻ ലങ്കയിലേക്ക് പോകുമ്പോൾ....... വായുവിലൂടെ പറന്നു പോയി ഉടനെ പുറത്തേക്ക് വരികയും ചെയ്യുന്നു എന്നെഴുതിയത് മായ്ച്ച് വായിലൂടെ പോയി കുണ്ടിയിലൂടെ പുറത്ത് വരുന്നു എന്ന് ചേർത്തിരിക്കുന്നു. അവൻ വിക്കി വിക്കി വായിക്കാൻ ശ്രമിച്ചു.... തന്റേതല്ലാത്ത വാക്കുകൾ കണ്ടവന്റെ കണ്ണുകൾ നിറഞ്ഞു. തന്നെ കുട്ടികളുടെ മുമ്പിൽ വെച്ച് കളിയാക്കാൻ മനപ്പൂർവ്വം സാറ് തന്നെ ചെയ്തതാണ്. സാറ് അവനെനോക്കി ആക്രോശിച്ചു... ”വായിക്കടാ... അത് നോക്കി വായിക്ക്.... എന്താ വായിക്കാൻ നിനക്ക് മടിയാണോ... എഴുതിയ നിനക്ക് വായിക്കാൻ എന്താ ബുദ്ധിമുട്ട്. ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞ് നടക്കാൻ നിനക്ക് ഒരു മടിയുമില്ലല്ലൊ. ഇങ്ങ് താ നിന്റെ വികൃതി അവരൊന്ന് കേൾക്കട്ടെ.” ദിനേഷൻമാഷ് ഉച്ചത്തിൽ അത് വായിച്ചു. ക്ലാസിൽ കൂട്ടചിരി മുഴങ്ങി. ഇത്രയും വലിയ കുറ്റം ചെയ്ത ഇവനെ തല്ലാൻ എനിക്ക് പേടിയാ, ഇവന്റെ വീട്ടുകാർ വന്ന് എന്നെ തല്ലിയാലോ . മുട്ടേന്ന് വിരിഞ്ഞില്ല അതിനു മുന്നേ തുടങ്ങിയോ ഇതൊക്കെ.... സംസ്കാരം വീട്ടീന്നുതന്നെ കിട്ടേണ്ടതാ..... അതെങ്ങനെയാ പഠിപ്പിക്കുന്ന സാറിനെ തല്ലുന്ന സംസ്കാരമല്ലേ ഇവന്റെ വീട്ടുകാർക്ക്.“ മാഷ്  കുറ്റപ്പെടുത്തലുകൾ തുടർന്നുകൊണ്ടേയിരുന്നു. ഓരോന്നു പറയുമ്പോഴും ആർത്തു ചിരിക്കാൻ തന്റെ ക്ലാസ്സിലെ കുട്ടികളും.... അവരും തന്നെ കുറ്റക്കാരനാക്കിയിരിക്കുന്നു... താൻ തികച്ചും നിസ്സഹായനാണ്...  നിറകണ്ണുകളോടെ അവൻ വീട്ടിലേക്കു നടന്നു... നടന്ന കാര്യങ്ങളൊന്നും  വീട്ടിൽ പറയേണ്ടായെന്നു മനസ്സിൽ കരുതി. ഇക്കാര്യങ്ങൾ ആരോടെങ്കിലും പറഞ്ഞാൽ മാഷിനെ വീണ്ടും തല്ലാൻ ഇറങ്ങും.. വീണ്ടും തന്നെ സ്കൂളിൽനിന്ന് പുറത്താക്കും മറ്റു കുട്ടികളുടെ മുൻപിൽ അപമാനിക്കും.. വേണ്ട വേണ്ട....

ദിവസങ്ങൾ പിന്നിട്ടു, കാലം എല്ലാം മായ്ക്കാനുള്ള കഴിവുകാട്ടി. മറവി മനുഷ്യന് ചിലപ്പൊൾ അനുഗ്രഹമാവാറുണ്ടല്ലൊ. ഫസൽ ഉൽസാഹത്തോടെ പഠിക്കാൻ തുടങ്ങി. വർഷാവസാന പരീക്ഷയിൽ സ്കൂൾ ഫസ്റ്റോടെ അവൻ ആറാം ക്ലാസ് പരീക്ഷ പസായി. എസ് എസ് എൽ സി വരെ ആ സ്കൂളിൽ തന്നെ ക്ലാസുണ്ടെങ്കിലും ഹമീദിന് അവനെ അവിടെ പഠിപ്പിക്കാൻ തീരെ താല്പര്യമില്ലായിരുന്നു. റിസൾട്ടു വന്ന് രണ്ടുദിവസം കഴിഞ്ഞ് ഹമീദ് ഫസലിനെയും കൂട്ടി സ്കൂളിലെത്തി, ഹെഡ്മാസ്റ്റർ കണ്ട ഉടനേ സ്നേഹപൂർവ്വം അകത്തേക്ക് വിളിച്ചു. കുശലാന്വേഷണത്തിനൊടുവിൽ വന്ന കാര്യം തിരക്കി... ഒരു മുഖവുരയുമില്ലാതെ ഹമീദ് പറഞ്ഞു “സാറെ, ഞാനിവന്റെ ടീ.സി വാങ്ങാൻ വന്നതാ“. “എന്താ ഹമീദെ ഈ പറയുന്നേ... ഇവിടെ അവൻ നന്നായി പഠിക്കുന്നുണ്ടല്ലോ... ഈ സ്കൂളിന്റെ വാഗ്ദാനമാണവൻ“. “അതല്ല മാഷെ എം ആർകെ മെമ്മോറിയൽ ഹൈസ്കൂളിൽ അവന് സീറ്റ് കിട്ടി. അവനെ അവിടെ ചേർക്കുകയാണ്.“

എം ആർകെ മെമ്മോറിയൽ ഐസ്‌കൂൾ എന്ന് കേട്ടപ്പോൾ തെല്ലൊരാശ്വാസത്തോടെ മനസ്സില്ലാമനസ്സോടെ ഹമീദിന്റെ നിർബന്ധത്തിന് വഴങ്ങി ടീ.സി. കൊടുത്തു. ഫസലിനെ അടുത്ത് വിളിച്ച് ചേർത്തു നിർത്തി, സ്നേഹപൂർവ്വം അവനോടു പറഞ്ഞു “എവിടെയാണെങ്കിലും നീ നന്നായി പഠിക്കുമെന്നെനിക്കറിയാം ന്നാലും പറയാ മോൻ നന്നായി പഠിക്കണം. പഠിച്ച് വലിയ ആളായിട്ട് വേണം ഉമ്മയെ നോക്കാൻ“. സ്കൂളിൽ നടന്ന യഥാർത്ഥ പ്രശ്നങ്ങൾ ഫസലിനെ മാറ്റിനിർത്തിയശേഷം ഹമീദ് വിശദമായി ഹെഡ്മാഷോട് പറഞ്ഞു. ഹെഡ്മാസ്റ്റർ എന്താ ഇത് നേരത്തെപറയാഞ്ഞതെന്നു ചോദിച്ചു ഹമീദിനെ കുറ്റപ്പെടുത്തി.... ഹമീദ് ഹെഡ്മാസ്റ്ററോട് ബഹുമാനത്തോടെ പറഞ്ഞു “അങ്ങയെ എനിക്ക് നന്നായറിയാം. ഇങ്ങനെയുള്ളകാര്യങ്ങൾ മുകളിലറിയിക്കുകയും അവരെ അവിടെനിന്നും സസ്പെന്റു ചെയ്യിക്കുയും ചെയ്യുമായിരിക്കും. പക്ഷേ എന്റെ കുഞ്ഞിന്റെ ഭാവി... അതോർത്താ ഞാൻ... “ ഹെഡ്മാഷോട് യാത്ര പറഞ്ഞവർ വീട്ടിലേക്ക് തിരിച്ചു. എല്ലാം പറഞ്ഞുകഴിഞ്ഞപ്പോൾ ഹമീദിന്റെ മനസ്സിന് വല്ലാത്തോരു ആശ്വാസം....

നാളെ ഫസലിനെ എം ആർകെ മെമ്മോറിയൽ ഐസ്‌കൂളിൽ ചേർക്കാൻ പോവണം. കാസിം മാഷ് ലീവിന് നാട്ടിൽ പോയതാണ്. അരീക്കോടാണ് നാട്. എന്നാലും മാഷ് നാളെ സ്‌കൂളിൽഎത്താമെന്ന് പറഞ്ഞിരുന്നു. വെന്നിയൂരിൽ നിന്നും ബസ്സ് കയറണം സ്‌കൂളിൽ എത്താൻ  സഫിയയേയും കൂടെ കൂട്ടിയിരുന്നു. ചേർക്കാൻ ഇനി വലിയുപ്പ പോരെങ്കിലൊ? വാപ്പ ഇല്ലാത്തതുകൊണ്ട് ഉമ്മ തന്നെ വേണമെങ്കിലൊ? കൃത്യസമയത്ത് തന്നെ അവർ സ്കൂളിൽ എത്തി. ഓരോ കുട്ടികളും അച്ഛനും അമ്മയുമായാണ് എത്തിക്കൊണ്ടിരുന്നത്... അവൻ ഒരു നിമിഷം തന്റെ വാപ്പയെക്കുറിച്ച് ഓർത്തു... വേണ്ട താൻ അതൊന്നും ചിന്തിക്കാൻ പാടില്ല.... ഉമ്മയ്ക്ക് എല്ലാം മനസ്സിലാവും ആ മനസ്സ് വേദനിപ്പിക്കാൻ വയ്യ.

അക്ഷമനായി നിൽക്കുന്ന ഹമീദിന്റെ പിന്നിലെത്തി കാസിം മാഷ് തോളിൽ തട്ടി. ഹമീദ് തിരിഞ്ഞുനോക്കി. “ഹാ മാഷൊ എപ്പോ എത്തി.” “ഞാൻ കുറച്ച് നേരായി.” അവരെയും കൂട്ടി കാസിം മാഷ് ഓഫീസിലേക്ക് ചെന്നു. ഫസൽ പുതിയ സ്കൂളിന്റെ മട്ടുംഭാവവും കണ്ട് അന്തംവിട്ട് നിൽക്കുകയാണ്. ഇവിടേക്കാണൊ ഞാൻ പഠിക്കാൻ വരുന്നത് അവന് വിശ്വസിക്കാൻ കഴിഞ്ഞില്ല. ഹെഡ്മാഷുടെ അടുത്ത് എത്തിയ കാസിം മാഷ് ഹമീദിനെ പരിചയപ്പെടുത്തി. “ ഇതാണ് സാർ ഞാൻ പറഞ്ഞ ഹമീദ്ക്ക. ഇത് ഫസലും അവന്റെ ഉമ്മയും.“  “ ആ ഇരിക്കൂ ഇരിക്കൂ, മാഷ് എല്ലാം എന്നോട് പറഞ്ഞിരുന്നു, നിങ്ങൾക്കറിയാമല്ലോ യത്തീം ഖാനയിലെ കുട്ടികളെ കഴിച്ചെ പുറത്ത് നിന്ന് കുട്ടികളെ എടുക്കൂ നല്ല മാർക്കുള്ളവർപോലും ഇവിടെ റെക്കമെന്റിലാ വരിക, കാസിം മാഷ് നിങ്ങടെ  കാര്യങ്ങളെല്ലാം പറഞ്ഞിരുന്നു. ഇവൻ നന്നായി പഠിക്കുന്ന കുട്ടിയല്ലെ.” ഹമീദ് വളരെ താഴ്മയോടെ പറഞ്ഞു. “നന്ദിയുണ്ട് സാർ ഒരു പാട് നന്ദിയുണ്ട്”. 

സഫിയക്ക് സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞുപോയി. ഇവിടെ ചന്ദന കളർ ഷർട്ടും വെള്ള പാന്റ്സുമാണ് യൂണിഫാം. പാന്റിനു പകരം തുണിയായാലും കുഴപ്പമില്ല. ക്ലാസ് തുടങ്ങുന്ന ദിവസവും അവിടുത്തെ നിയമങ്ങളും കൃത്യമായി ഹെഡ് മാഷ് പറഞ്ഞ് കൊടുത്തു. ഹെഡ് മാഷോട് യാത്ര പറഞ്ഞവർ  പുറത്തേക്കിറങ്ങി. പുറത്ത് തന്നെ കാത്തുനിന്ന കാസിംമാഷോട്  പറഞ്ഞു ”നിങ്ങൾ ചെയ്ത് തന്ന സഹായം ഞങ്ങൾ ഒരിക്കലും മറക്കില്ല.” ”എന്താ ഹമീദ്ക്ക ഇതൊക്കൊ ഫസൽ നന്നായി പഠിക്കട്ടെ.... ഹമീദ് ഒരു നൂറ് രൂപ നോട്ടെടുത്ത് .”ഇത് നിങ്ങളെ വണ്ടിക്കൂലിക്കിരിക്കട്ടെ കാസിം മാഷെ എന്നു പറഞ്ഞ് മാഷിന്റെ പോക്കറ്റിലേക്ക് വയ്ക്കാൻ ശ്രമിച്ചു. ഹമീദിന്റെ കൈ പിടിച്ച് തമാശയെന്നോണം “ഇതെന്താ കൈക്കൂലിയാ” അത് പറഞ്ഞ് തിരിച്ച് ഹമീദിന്റെ പോക്കറ്റിൽ തന്നെ പൈസ ഇടുവിച്ചു. സന്തോഷത്തോടെ ഹമീദും സഫിയയും ഫസലും മാഷോട് യാത്ര പറഞ്ഞ് വീട്ടിലേക്കുപോന്നു. കാസിം മാഷ് അരീക്കോടുള്ള തന്റെ വിട്ടിലേക്കും. ഇനി വെക്കേഷൻ കഴിഞ്ഞെ മാഷ് വരികയുള്ളൂ. 

ഫസൽ വളരെ സന്തോഷവാനായിരുന്നു. എന്നാൽ ചെറിയ ദുഖവും.... സന്തോഷം പുതിയ സ്കൂളിൽ പോകുന്ന കാര്യമോർത്തും സങ്കടം തന്റെ ആത്മാർത്ഥ സുഹൃത്തുക്കളെ പിരിയേണ്ടിവരുമെന്നുള്ളതോർത്തുകൊണ്ടുമായിരുന്നു. രണ്ടുമാസം ഇനി കളിക്കാം.... അവൻ ഓടിച്ചെന്ന് മുറ്റത്തെ പേരമരത്തിനു മുകളിലേയ്ക്ക് കയറി..... നന്നായി വിളഞ്ഞു നിൽക്കുന്ന പേരയ്ക്കയിലേയ്ക്ക് അവൻ കൈയ്യെത്തിച്ചു പിടിക്കാൻ ശ്രമിച്ചു.... തുടർന്നു വായിക്കുക അടുത്ത ഞായറാഴ്ച്ച 10  03  2019

ഷംസുദ്ധീൻ തോപ്പിൽ  03 03 2019 തിരക്കിട്ട ജീവിത യാത്രയ്ക്കിടയിൽ വായനയ്ക്ക് സമയം കിട്ടാത്തവർക്ക് കഥ കേൾക്കാൻ ഒരവസരം കഥ പറയാൻ ശ്രമിക്കയാണ് തെറ്റുകൾ ക്ഷമിക്കുമല്ലോ കഥയുടെ താഴെ വോയിസ് ലിങ്ക് കൊടുത്തിട്ടുണ്ട് കേൾക്കണേ...


 https://youtu.be/OnFraYHvXPE