9.3.19

നിഴൽ വീണ വഴികൾ - ഭാഗം 12


ഫസൽ പേരയ്ക്കയിൽ എത്തിപ്പിടിക്കാനൊരുങ്ങിയപ്പോൾ പരിചയമുള്ള ഒരു ശബ്ദം കേട്ടവൻ തിരിഞ്ഞുനോക്കി.... മോനേ നീയിങ്ങിറങ്ങിയേ ഞാൻ പറിച്ചുതരാം.... അവൻ താഴേയ്ക്ക് നോക്കി... അൻവർമാമ.... എന്തുപറ്റി തന്നെ വഴക്കൊന്നുംപറയുന്നില്ല.... വളരെ സന്തോഷവാനായിരിക്കുന്നു... അവൻ പതുക്കെപതുക്കെ താഴോട്ടിറങ്ങി... അൻവർ അവനെ എടുത്തു താഴെയിറക്കി.... ഇങ്ങനയൊന്നും കയറല്ലേമോനേ... താഴെവീണാൽ കൈയ്യോ കാലോ ഒടിയില്ലേ... നിനക്കു പേരയ്ക്ക വേണേങ്കി എന്നോടോ വാപ്പയോടോ പറഞ്ഞാൽ പോരേ... അവൻ അൻവറിന്റെ മുഖത്തുനോക്കി ചിരിച്ചു... അൻവർ ഒരു നീളമുള്ള കമ്പെടുത്ത് ഫസൽ കാണിച്ചുകൊടുത്ത പേരയ്ക്ക അടിച്ചു താഴത്തിട്ടു.... ഫസൽ ഒടിച്ചെന്ന് അതെടുത്തു.... രണ്ടുപേരുടേയും പ്രകടനങ്ങൾ കണ്ടുകൊണ്ടാണ് ഹമീദ്  വീട്ടിൽനിന്ന് പുറത്തേയ്ക്ക വന്നത്.... വാപ്പയെ കണ്ടപാടേ ഫസലിനെ തോളിലിരുത്തി അൻവർ വീടിനടുത്തേയ്ക്ക് വന്നു... 

“എന്താ അൻവറേ നീയിന്ന് വളരെ സന്തോഷവാനാണല്ലോ....“ ഹമീദ് അൻവറിനോടു ചോദിച്ചു....

“വിശേഷം ഉണ്ട് വാപ്പ... പടച്ചോൻ നമ്മള വിളികേട്ടു.... കഷ്ടപ്പാടൊക്കെ മാറാൻപോകുന്നു....“ അൻവർ ഫസലിനെ താഴെയിറക്കിക്കെണ്ട് വാപ്പയോടു പറഞ്ഞു.

“എന്താച്ചാ നീ പറയ് മോനേ..... വല്ല ലോട്ടറിയും അടിച്ചോ“ 

“ലോട്ടറിതന്നെയാ... ഗൾഫിൽ നിന്ന് നാദിറയുടെ ഉപ്പയുടെ ഫോൺ വന്നു. എന്റെ വീസ ശരിയായെന്നു പറഞ്ഞു. എത്രയും വേഗം പുറപ്പെടാനും അറിയിച്ചിരിക്കുന്നു.“

കേട്ടപാടേ ഹമീദ് ആകാശത്തേയ്ക്ക് നോക്കി പറഞ്ഞു... 
“പടച്ചോനേ നീ ഞങ്ങടെ വിളികേട്ടല്ലോ..... ഈ കഷ്ടപ്പാടൊക്കെ ഒന്നു തീർത്തുതരേണമേ...“
മക്കളൊക്കെ ഒരു കരയെത്തിക്കാണണമെന്ന് ഏതൊരു വാപ്പയേയും പോലെ ഹമീദും ആഗ്രഹിച്ചിരുന്നു... വളരെ താമസിച്ചാണെങ്കിലും അൻവറിനൊരു അവസരം കിട്ടിയല്ലോ.... 

“പോയി രക്ഷപ്പെടട്ടെ.... തന്റെ കണ്ണടയും മുന്നേ എല്ലാം നേരേയായിക്കാണാൻ ആഗ്രഹിക്കുന്നു.... പടച്ചോനേ കൂടെ കാത്തോളണേ“.... 

ദൂരെ പള്ളിയിൽ നിന്ന് മഗ്‌രിബ് ബാങ്കുവിളി ശബ്ദം വായുവിലൂടെ ഒഴുകിയെത്തി... “അൻവറേ എന്തായാലും വളരെ നല്ലസമയമെന്നു തോന്നുന്നു.... നമുക്കൊന്നു നമസ്കരിച്ചിട്ടു വരാം.....“

ഈ വാർത്ത ആ കുടുംബത്തിന് വളരെ സന്തോഷം നൽകി.. അൻവർ വന്നതിനു പിറകേ റഷീദും വീട്ടിലേയ്ക്ക് വന്നു. അവനെങ്കിലും ഗൾഫിലെത്തി രക്ഷപ്പെട്ടാൽ എങ്ങിനെയെങ്കിലും ഈ കോർട്ടേഴ്സിൽ നിന്നൊന്ന് രക്ഷപ്പെടാമല്ലൊ. എത്രകാലമെന്ന് വെച്ചാ ഈ കോർട്ടേഴ്സിൽ ഇങ്ങിനെ.... 

ആ കുടുംബത്തിൽ സന്താേഷത്തിന്റെ ദിനങ്ങളായിരുന്നു... വിദേശത്തേക്ക് പോകാനുള്ള ഒരുക്കങ്ങൾ. സുഹൃത്തുക്കളോടും സഹോദരിമാരോടു ചോദിക്കേണ്ട താമസം എല്ലാവരും മനസ്സറിഞ്ഞ് സഹായിച്ചു... സഹോദരിമാർ ഇട്ടിരുന്ന സ്വർണ്ണാഭരണങ്ങൽ ഊരിനൽകി... ടിക്കറ്റെടുത്തു.... ഫസലും വളരെ സന്തോഷവാനായിരുന്നു... മാമായെ യാത്രയാക്കാൻ എയർപോർട്ടിൽ പോകാമല്ലോ.... അൻവർമാമ ലീവിനു വരുമ്പോൾ കൊണ്ടുവരുന്ന സമ്മാനങ്ങളും പുത്തനുടുപ്പും പേനയുമൊക്കെയായിരുന്നു അവന്റെ സ്വപ്നം. 

അങ്ങനെ അൻവർ സൗദി അറേബ്യയിലേയ്ക്ക യാത്രയായി.... സന്തോഷമാണെങ്കിലും എല്ലാവരുടേയും ഉള്ളിൽ ദുഖമായിരുന്നു... എന്നും വാപ്പായെന്നും പറഞ്ഞ് രാത്രിയിൽ ജോലികഴിഞ്ഞുവന്നുകയറുന്ന മകൻ... വന്നപാടെ വാപ്പായോട് കുശലാന്വേഷണം.. മരുന്നുകഴിച്ചോയെന്നും ഭക്ഷണം കഴിച്ചോയെന്നും സ്നേഹപൂർവ്വം അവൻ ചോദിക്കും.... ഹമീദിന്റെ കണ്ണിൽനിന്നും രണ്ടുതുള്ളി കണ്ണുനീർ... ആരും കാണാതെ ഹമീദ് തുടച്ചുമാറ്റി... മറ്റുള്ളവരുടെ മുന്നിൽ സന്തോഷത്തോടെ നിന്നും... ഫസലത് കണ്ടുപിടിച്ചു, ഓടി അടുത്തുവന്നു ഒരു മുത്തംകൊടുത്തിട്ടു ചോദിച്ചു... എന്തിനാ ഉപ്പുപ്പാ കരയുന്നേ.... മാമാ വരുമ്പോൾ എന്തുവേണേലും കൊണ്ടുതരില്ലേ.... നിഷ്കളങ്കമായ അവന്റെ വാക്കുകൾ കേട്ട് എല്ലാരും പൊട്ടിച്ചിരിച്ചു.

അൻവറിന് എല്ലാം അത്ഭുതങ്ങളായിരുന്നു. തന്റെ ആദ്യത്തെ വിമാന യാത്രയുടെ അസ്വസ്ഥതകൾ ഉണ്ടെങ്കിലും ജിദ്ദാ എയർപോർട്ടിൽ അമ്മോശൻ കാത്ത് നിൽപ്പുണ്ടായിരുന്നു. എത്തിയ ഉടനെ നാട്ടിലേക്ക് ഫോൺ ചെയ്തു. എല്ലാവ രും സന്തോഷമായിരിക്കണമെന്നും താൻ വിശദമായി പിന്നീട് വിളിക്കാമെന്നും പറഞ്ഞു. അൻവർ ഫോൺ വച്ചു... അതെ.. ആദ്യമായാണ് തങ്ങളുടെ വീട്ടിൽ നിന്നൊരാൾ കടലിനക്കരെ പോകുന്നത്.

റഷീദിന് തന്റെ പെങ്ങമ്മാർ വീടുകളിൽ പ്രസവത്തിന് നിൽക്കാൻ പോവുന്നതിന് ഒട്ടും ഇഷ്ടമില്ലായിരുന്നു. പക്ഷെ എന്ത് ചെയ്യാൻ? തനിക്കും അൻവറിനും കിട്ടുന്ന തുച്ചമായ ശബളം കൊണ്ട് ഉപ്പയുടെ മരുന്നും കുട്ടികളുടെ പഠിപ്പും ചിലവുകളും തികയില്ലായിരുന്നു. ഏതായാലും അൻവർ പോയല്ലൊ ഇനിയെങ്കിലും നമ്മൾ രക്ഷപ്പെടും. അൻവറിന് ജിദ്ദയിൽ ഒരു റെഡിമേഡ് ഷോപ്പിൽ ജോലി കിട്ടി തെറ്റില്ലാത്ത ശമ്പളം. അവൻ ഹമീദിനെഴുതി. ഉപ്പ എനിക്കിവിടെ സുഖമാണ്. ഈ ജോലിയിൽ തന്നെ തുടർന്നാൽ എത്രയും പെട്ടന്ന് ഒരഞ്ച് സെന്റ് സ്ഥലമെങ്കിലും എടുത്ത് നമുക്കൊരു വീട് വെക്കാം. കോർട്ടേഴ്സിൽ ഇനി എത്രകാലംന്ന് വെച്ചാ നമുക്ക് കഴിയാ. എല്ലാവരോടും ദുഹാ ചെയ്യാൻ പറയണം. എന്ന് സ്വന്തം അൻവർ.

ഒരു ദിവസം അൻവറിന്റെ ജ്യേഷ്ഠൻ റഷീദ് കടയുടെ അടുക്കള ബോർമയിൽ ജോലി ചെയ്ത് കൊണ്ടിരിക്കുകായിരന്നു. (ബേക്കറികൾക്ക് മധുര പലഹാരങ്ങൾ ഉണ്ടാക്കുന്ന പണിസ്ഥലം) കടയുടെ തൊട്ടടുത്തു താമസിയ്ക്കുന്ന കോയക്ക റഷീദിന്റെ പിന്നിലൂടെ പമ്മി പമ്മി കടയിലേക്ക് കയറി വന്നു. പണിത്തിരക്കിനിടയിൽ റഷീദ് കണ്ടതുമില്ല. മറ്റുള്ള പണിക്കാരോട് കോയക്ക മിണ്ടരുത് എന്ന് ആഗ്യം കാണിച്ചു. പിന്നിലൂടെ വന്ന് റഷീദിന്റെ പുറത്ത് ഒരു തട്ട്. റഷീദ് പെട്ടന്ന് ഞെട്ടിത്തിരിഞ്ഞ് നോക്കി. 

“ഇതാരാ... കോയക്കയായിരുന്നൊ. ഞാൻ പേടിച്ച് പോയല്ലൊ? എന്താ കോയക്കാ കുട്ടികളെപ്പോലെ പേടിപ്പിക്കാ.... എത്ര ദിവസായി കണ്ടിട്ട് ഞങ്ങളെയൊക്കെ മറന്നോ.“

“ഞമ്മൾ ഇബിടെ വന്നിട്ടെന്താ കാര്യം അനക്ക്  ഏത് നേരത്തും പണിയല്ലെ പഹയാ....“

 “എന്ത് ചെയ്യാനാ കോയക്കാ, കുടുബം പോറ്റണ്ടെ.“

 “ജ് എന്തിനാ ബേജാറാവണ്. അന്റെ അനിയൻ അൻവർ ഗൾഫിലെല്ലെ കുറച്ച് കഴിഞ്ഞാ അനക്കും ഒരു വിസ അയച്ച് തരില്ലെ.“ 

“കോയക്കാ എനിക്ക് എവിടെയും പോവണ്ട. ഉള്ള പണിയായിട്ട് അങ്ങിനെ കഴിഞ്ഞ് പോയാമതി. പിന്നെയാണെങ്കി ഒരു വിസക്കൊക്കെ എന്താ വില. നാട്ടിൽ ജീവതകാലം മുഴുവൻ അധ്വാനിച്ചാലും നമുക്കൊക്കെ അങ്ങട്ട് പോവാൻ കഴിയോ വെറുതെ ആശിച്ചിട്ടെന്താ.....“

“എന്നാ റഷീദേ നീയൊന്നു പുറത്തേക്ക് വന്നേ... അനക്കൊന്ന് കേക്കണൊ. ഞാനൊരു സന്തോഷവാർത്തയുമായിട്ടാ വന്ന്ക്ക്ണത്. നമ്മടെ ജിദ്ദയിലുള്ള വടക്കേതിലെ അദ്രുവില്ലെ അവനിന്നലെ ന്നെ വിളിച്ചീനു ഒരു ബേക്കറി പണിക്കാരനെയും മൂന്ന് ഹെൽപ്പർമാരെയും അവന്റെ അറബിന്റെ ബേക്കറിയിലേക്ക് വേണം. വിസക്കാണെങ്കി ഒരു പൈസപോലും കൊടുക്കണ്ട. പോവാനുള്ള പൈസമാത്രം ഉണ്ടാക്കിയാ മതി. എനിക്ക് ആദ്യംഓർമ്മ വന്നത് അന്നെയാ. ഈ  ആഴ്ച തന്നെ പോവുകയും വേണം. ന്താ റഷീദെ തരിച്ച് നിൽക്കണത് അനക്ക് പറ്റില്ലെ.“

“കോയക്കാ ഈ  ആഴ്ച എവിടന്ന് പൈസ ഉണ്ടാക്കാനാ“

“അതൊന്നും ജ് അറിയണ്ട. അനക്ക് കഴിയണത് ജ് ണ്ടാക്കിക്കോ ബാക്കി ഞാൻ തരാടൊ. വെറുതെ തരാന്ന് കരുതി ബേജാറാവണ്ട. കടായിട്ടാ അവിടെ പണിയൊക്കെ കിട്ടിയിട്ട് അയച്ച് തന്നാമതി. ഇതൊക്കെ അല്ലാണ്ട് ഈ കോയ അന്റെ സുഹൃത്താണ്ന്ന് പറഞ്ഞിട്ട് വല്ലകാര്യവുമുണ്ടൊ. കഴിയുന്നതും ഇന്നെന്നെ ജ് ബടന്ന് വീട്ടിൽ  പോയിക്കൊ. മുതലാളിനോട് കാര്യങ്ങളൊക്കെ പറഞ്ഞാള്.“

“പെട്ടന്നെങ്ങനെ ഇട്ടറിഞ്ഞ് പോവാ കോയക്കാ... ഏതായാലും കോയക്ക അദ്രുക്ക വിളിക്കുമ്പൊ രണ്ടാഴ്ച കൂടി സമയം ചോദിക്കണം. പാസ്പോർട്ട് വരെ എടുത്തിട്ടില്ല.“ 

“അതൊക്കെ ഞാൻ ചെയ്തോളാം. വിസന്റെ കോപ്പിണ്ടെങ്കി പെട്ടന്ന് പാസ്പോർട്ടൊക്കെ കിട്ടും. അതിന് ഞാൻ സഹായിക്കാടൊ....“

ബേക്കറി മുതലാളിയോട് റഷീദ് അന്നു തന്നെ കാര്യങ്ങൾ  പറഞ്ഞു. എത്രയും വേഗം പോവണം അതിനിടയ്ക്ക് ഏതെങ്കിലും ഒരു പണിക്കാരനെ കിട്ടുംവേണം മനസ്സില്ലാ മനസ്സോടെ മുതലാളി സമ്മതിച്ചു. അന്നത്തെ ജോലിയൊക്കെ നേരത്തേ തീർത്തു... വീട്ടിലേയ്ക്ക ഓടുകയായിരുന്നു.. എത്തിയപാടെ വാപ്പയോട് കാര്യം പറഞ്ഞു... ബീവിയും തൊട്ടുപിറകേ ഓടിയെത്തി.... എല്ലാരും സന്തോഷത്തിന്റെ നെറുകയിലായിരുന്നു... കുടുംബത്തിൽ നല്ലത് മാത്രം സംഭവിച്ചു തുടങ്ങി... എല്ലാം പടച്ചോന്റെ കൃപ...

രാത്രി കിടന്നിട്ടാണെങ്കി റഷീദിന് ഉറക്കവും വന്നില്ല. പടച്ചവനെ ഈ ജൻമ്മത്തിൽ തനിക്ക് ഗൾഫിൽ പോവാൻ പറ്റുമെന്ന് കരുതിയതല്ല. എല്ലാം പടച്ചറബ്ബിന്റെ വിധിയല്ലെ. അറിയുന്ന പണി ആയത് കൊണ്ട് എവിടെ ചെന്നാലും പ്രശ്നമില്ല. നല്ല ശബളവും പറഞ്ഞിട്ടുണ്ട്. എങ്ങിനെയെങ്കിലും കുറച്ച് പൈസ ഉണ്ടാക്കണം ബാക്കി തൽക്കാലം കോയക്ക സഹായിക്കുമല്ലൊ. എന്ത് നല്ല മനുഷ്യനാണ്. ഇക്കാലത്ത് ഇങ്ങിനെ ഒരാളെ കാണാൻ കിട്ടോ. താൻ ബേക്കറിയിൽ ജോലിക്ക് വന്ന അന്ന് മുതൽ തന്നോട് പ്രത്യക സ്നേഹമായിരുന്നു കോയക്കാക്ക്. അത്പോലെ താൻ അങ്ങോട്ടും. രാത്രി ജോലി ക്ഷീണം മറക്കുന്നത് തന്നെ അദ്ദേഹത്തെ കണ്ട് സംസാരിക്കുമ്പൊഴാണ്. തന്റെ എല്ലാ അവസ്ഥയും കോയക്കാക്ക് അറിയുകയും ചെയ്യാം. ആലോചന കാടുകയറുകയായിരുന്നു. രാത്രിയുടെ അന്ത്യയാമത്തിലെപ്പൊഴൊ ഉറക്കം അവന്റെ മിഴികളെ തഴുകിയടച്ചു. 

ദിവസങ്ങൾ പോയതറിഞ്ഞില്ല.... പുതിയ പാസ്പോർട്ടും മറ്റു രേഖകളും കോയക്ക വളരെപ്പെട്ടെന്നുതന്നെ റഡിയാക്കി.... എല്ലാംകൂടി 5 ദിവസം. ബേക്കറിയിലേയ്ക്ക് തൽക്കാലം ഒരു പണിക്കാരനെ കിട്ടിയത് കൊണ്ട് സമാധാനത്തോടെ തന്നെ എല്ലാവരോടും യാത്ര പറഞ്ഞിറങ്ങി. മുതലാളിക്ക് റഷീദ് പോകുന്നതിൽ വളരെ വിഷമമുണ്ടായിരുന്നു. അവന്റെ ബുദ്ധിമുട്ടുകൾ അറിയുന്നതുകൊണ്ട് ശമ്പളത്തിന് പുറമേ കുറച്ച് കൂടെ പൈസ കൊടുത്തു. പോകുന്നതിന് മുമ്പ് വരാം എന്ന് പറഞ്ഞ് നേരെ നടക്കാവിലെ മാളിയേക്കൽ തറവാട്ടിലേക്ക് പോന്നു. 

പോരുന്ന വഴിക്ക് അടുത്ത വീട്ടിലെ ഫോണിൽ വിളിച്ച് കാര്യങ്ങളെല്ലാം ഉപ്പയോട് പറഞ്ഞു. ഉപ്പയ്ക്ക് വളരെ സന്തോഷമായി. മാളിയേക്കൽ തറവാടിന്റെ മുമ്പിൽ എത്തിയപ്പോൾ റഷീദിന് പഴയ ഉൻമേഷം തോന്നിയില്ല. ഹസ്സനിക്കാന്റെ മരണ ശേഷം മക്കളൊക്കെ ഭാഗം വെച്ച് പിരിഞ്ഞു. തറവാട്  മുറ്റത്തിനു കുറുകെ അരമതിൽ ഉയർന്നിരിക്കുന്നു. ഇപ്പൊ തറവാട്ടിൽ അമ്മായിയും ചെറിയ മോനും മാത്രമേ ഉള്ളൂ. മക്കളൊക്കെ ഇടയ്ക്കൊന്ന് വന്ന് പോയാലായി. പതിയെ പതിയെ  മാളിയേക്കൽ തറവാടിന്റെ നല്ലകാലം കാലയവനികക്കുള്ളിൽ മറഞ്ഞ് കൊണ്ടിരിക്കുന്നു. പഴയ അഭ്യുതകാംക്ഷികളൊന്നു ഹസ്സനാജിയുടെ കാലശേഷം വരാറില്ലെന്ന് അമ്മായി പറഞ്ഞു. റഷീദ് അമ്മായിയോട് ഗൾഫിൽ പോകുന്ന കാര്യങ്ങളൊക്കെ പറഞ്ഞു. അമ്മായിക്ക് ഭയങ്കര സന്തോഷമായി. 

“നീ എങ്ങിനെയെങ്കിലും ഒന്ന് രക്ഷപ്പെട്ടിട്ട് വേണം സഫിയയും സീനത്തും പണിക്ക് പോകുന്നത് നിർത്താൻ... അൻവർ എന്തായാലും അവിടെ എത്തിയല്ലോ... നിങ്ങൾ രണ്ടുപേരും നന്നായി പരിശ്രമിക്കണം.... പിന്നെ 5 സെന്റ് സ്ഥലം വാങ്ങി അവിടെ ചെറിയൊരു വീടും വയ്ക്കണം.  വയസ്സാൻ കാലത്ത് ഹമീദിനെ കഷ്ടപ്പെടുത്തല്ലേ.... ശാപം ഏറ്റുവാങ്ങല്ലേ.... ഇവിടെ കണ്ടില്ലേ... വാപ്പാമരിച്ചതിനു പിന്നാലേ എല്ലാരും സ്വാർത്ഥതകാണിച്ചു തുടങ്ങി.... എല്ലാർക്കും സ്വത്തുക്കൾ മതി.... എന്നെ ആർക്കും വേണ്ട. ചെറിയ മോൻ മാത്രം കൂടെയുണ്ട്... അവന് ഒന്നിനോടും ആർത്തിയില്ല... അവൻ എന്നെവിട്ട് പോകുന്നുമില്ല കിട്ടിയ ജോലി വേണ്ടെന്നുവെച്ചിരിക്കുന്നു. കുറച്ചു കൃഷിയുണ്ടല്ലോ... പാടത്ത് ഇന്ന് പണിക്കാരില്ല. കമ്പോളത്തിലെ കടയുടെ വാടകയും മറ്റും ഉണ്ട്... കുഴപ്പമില്ല... അദ്ദേഹം ഇല്ലല്ലോ എന്നുള്ള വേദന... 

“ഒക്കെ ശരിയാകും അമ്മായി ങ്ങള് ദുഹാ ചെയ്യണം.“

ഉച്ചക്ക് ചോറ് കഴിച്ചെ അമ്മായി വിട്ടുള്ളൂ. 

“ഹസ്സനിക്കണ്ടെങ്കി പോവാൻ അനക്ക് ആരെയും ആശ്രയിക്കേണ്ടായിരുന്നു.“ വീടിന്റെ ഭിത്തിയിലെ ഹസ്സനിക്കയുടെ ചിരിച്ച മുഖത്തോടെയുള്ള ഫോട്ടോയിലേക്കവർ നോക്കി നെടുവീർപ്പിട്ടു.

“എനിക്കറിയില്ലെ അതൊന്നും സാരമില്ലമ്മായി. ഒക്കെ ശരിയാവും.“

റഷീദ് യാത്രപറഞ്ഞിറങ്ങി പോകും വഴി കണ്ണം പറമ്പിൽ ഹസ്സനാജിയുടെ കബറിടത്തിൽ നിറകണ്ണുകളോടെ യാത്ര പറഞ്ഞു.പുതിയ ബസ്സ്റ്റാന്റിൽ വന്ന് വെന്നിയൂരിലേക്ക് ബസ്സ് കയറി .. ഹൃദയം പിഴുതെടുത്ത് കടന്നുപോയ പ്രിയ വലിഇക്ക  ഈ പെരക്കിടാവിൻ ഒരുനൂറു പ്രാർത്ഥനകൾ നിറകണ്ണുകളോടെ. എന്നെ കണ്ടിരുന്നുവോ ഞാൻ വന്നിരുന്നു പള്ളിക്കാട്ടിലെ ആ തണൽ മരച്ചുവട്ടിൽ വലി ഇക്കയോട് ഒരുപാട് സംസാരിച്ചുട്ടോ കണ്ണു നിറഞ്ഞു തുളുംമ്പിയതിനാൽ വാക്കുകൾ പലപ്പോഴും അവ്യക്ത മായത് ക്ഷമിക്കില്ലേ... 
റഷീദ്  വൈകുന്നേരത്തോടെ വെന്നിയൂരിലെ വീട്ടിലെത്തി എല്ലാം ശരിയാക്കി അടുത്ത വെളുപ്പിലെ  തന്നെ കോഴിക്കോട് നിന്ന് ബോംബെയിലേക്ക് ബസ്സിൽ. അവിടന്ന് നേരെ ജിദ്ദയിലേക്ക്. യാത്രപോകാനുള്ള വസ്ത്രങ്ങളും മറ്റ് അത്യാവശ്യ സാധനങ്ങളും പായ്ക്ക് ചെയ്തു വച്ചു... എല്ലാരും രാത്രി എറെ വൈകുവോളം സംസാരിച്ചിരുന്നു... അവസാനം ഹമീദ് ഇടപെട്ടു...

“അവന് രാവിലെ പോകാനുള്ളതാണ്.... എല്ലാരും പോയി ഉറങ്ങിയേ.. രാവിലെ എഴുന്നേൽക്കണം....“

ഹമീദ് ഭാര്യയെ ഉറക്കെ വിളിച്ചു... എടീ നീയിങ്ങുവന്നേ.... ഇതിനിടയിൽ ഞാൻ രാത്രി കഴിക്കേണ്ട മരുന്നു കഴിക്കാൻ മറന്നു.... നീ അതിങ്ങെടുത്തേ... കുറച്ചുതാമസിച്ചതല്ലേയുള്ളൂ.... കുഴപ്പമില്ല... ഭാര്യ ഗുളിക കൈയ്യിൽ കൊടുത്തു.... അദ്ദേഹം അതുവാങ്ങി വായിലിട്ടു വെള്ളം കുടിച്ചു... 

ആ വാപ്പയുടെ മനസ്സ് സന്തോഷത്തിലായിരുന്നു.... തന്റെ രണ്ടാമത്തെ മകനും രക്ഷപ്പെടാൻ പോകുന്നു... അവർ രണ്ടുപേരും വീട്ടിലില്ലാത്ത കുറവ് താനാണ് നികത്തേണ്ടത്... മാർക്കറ്റിൽപോകണം... വീട്ടുകാര്യങ്ങൾ നോക്കണം... ഫസലിനെ സ്കൂളി‍ കൊണ്ടാക്കണം... എന്തോ ആ രാത്രി ഹമീദിന് ഉറക്കം വന്നില്ല.... തിരിഞ്ഞും മറിഞ്ഞും കിടന്നു.... വല്ലാത്ത ദാഹം, എഴുന്നേറ്റ് അടുക്കളവാതിൽക്കലെത്തി ജഗ്ഗിൽ സൂക്ഷിച്ചിരുന്ന വെള്ളമെടുത്ത് കുടിച്ചു... വീണ്ടും കട്ടിലിലേയ്ക്ക് ചാഞ്ഞിരുന്നു....

  തുടർന്നു വായിക്കുക അടുത്ത ഞായറാഴ്ച്ച 17 03 2019

ഷംസുദ്ധീൻ തോപ്പിൽ 10 03 2019

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ