16.3.19

നിഴൽ വീണ വഴികൾ - ഭാഗം 13


തലേദിവസത്തെ ഉറക്കം ശരിയാകാത്തതുകാരണം ഹമീദ് ഉറക്കമെഴുന്നേൽക്കാൻ താമസിച്ചു. ഭാര്യ സൈനബ ചായയുമായി എത്തി ഹമീദിനെ കുലുക്കി വിളിച്ചു. ഉറക്കത്തിന്റെ ആലസ്യത്തിൽ അദ്ദേഹം കട്ടിലിൽ എഴുന്നേറ്റിരുന്നു. ഭാര്യയോട് പറഞ്ഞു.

“എന്തൊക്കെയായാലും മക്കളടുത്തുള്ളപ്പോൾ വലിയൊരു ധൈര്യമാണ്, രക്ഷപ്പെടാനൊരു വഴികിട്ടിയപ്പോൾ ഇതൊക്കെ ചിന്തിക്കുന്ത് ശരിയാണോ... അവർ രക്ഷപ്പെട്ടാൽ നമ്മുടെ കഷ്ടപ്പാടും തീരില്ലേ... നാട്ടുകാർക്കൊക്കെ വലിയ ബഹുമാനമാവില്ലേ...“
 
ഹമീദിന്റെ വിഷമം മനസ്സിലാക്കി ഭാര്യ പറഞ്ഞു.

“എല്ലാരും ഓരോ കുടുംബമൊക്കെ ആയില്ലേ.. അവർക്കും ആഗ്രഹങ്ങളൊക്കെ കാണില്ലേ... പടച്ചോൻ തന്ന ഒരവസരമല്ലേ.... എന്തായാലും ചായകുടിച്ചിട്ട് എഴുന്നേറ്റേ ഫസലിന് നാളെ സ്കൂള് തുറക്കയാണ്. സഫിയ രാവിലെ തന്നെ എത്തി, അവന് എന്തൊക്കൊയേ വാങ്ങാനുണ്ട്. ങ്ങള് ഒന്നു കൂടെ ചെല്ല്.“

ഫസലിന്റെ സ്കൂൾ നാളെ തുറക്കുന്നു.  സ്കൂളിലേയ്ക്കുള്ള പുസ്തകങ്ങളും പുതിയ പേനയുമെല്ലാം വാങ്ങി.... അതിനുള്ള പണമൊക്കെ സഫിയ കണ്ടെത്തിയിരുന്നു.... പുതിയ പുസ്തകങ്ങളും അതിലെ പാഠഭാഗങ്ങളും അവനു വളരെ ഇഷ്ടപ്പെട്ടു... മലയാളം പുസ്തകത്തിലെ കഥകൾ അവനെ വളരെ ആകർഷിച്ചു... 

പുസ്തകങ്ങൾ നന്നായി പൊതിഞ്ഞുവച്ചു. മഴനനയാതിരിക്കാൻ പ്ലാസ്റ്റിക് ബാഗിലാക്കി റബ്ബർബാന്റ് പിടിച്ചിട്ടു... ഉമ്മയുടെ അരുകിൽകിടന്നുറങ്ങി. ഉറങ്ങുന്നതിനു മുൻപ് ഉമ്മയുടെ ഉപദേശം വളരെ ശ്രദ്ധയോടെ അവൻ കേട്ടുകിടന്നു... അറിയാതെ എപ്പോഴോ ഉറങ്ങി... ഉമ്മ വിളിക്കാതെ തന്നെ രാവിലെ അവൻ ഉറക്കമുണർന്നു. പല്ലുതേയ്ച്ചു കുളിച്ചു യൂണീഫോമൊക്കെ ഇട്ടു റഡിയായിഎത്തി.. ഹമീദ് അവനെ സ്നേഹപൂർവ്വം ചേർത്തുനിർത്തി.

‍“മോനേ.. പുതിയ സ്കൂളിലേയ്ക്കാണ് പോകുന്നത്... അവിടെയുള്ളവരെല്ലാം നിനക്ക് പുതിയ സുഹൃത്തുക്കളാണ്. ആരോടും വഴക്കുകൂടരുത്.. പഴയസ്കൂളിലെ ഒരുകാര്യവും അവിടെ ആരുമായും പങ്കുവയ്ക്കരുത്. പുതിയ ചുറ്റുപാടുകൾ, പുതിയ അന്തരീക്ഷം, പുതിയ ടീച്ചർമാർ എല്ലാം മനസ്സിലാക്കി പെരുമാറുക.“

“ഉപ്പാ ഞാൻ എല്ലാം ഓർക്കുന്നു... നല്ലകുട്ടിയായി ഞാനവിടെ പഠിക്കും... ആരോടും വഴക്കിടില്ല.. പഴയതെല്ലാം ഞാൻ മറന്നു ഉപ്പാ..“

സ്കൂൾ യൂണിഫോമൊക്കെ ഇട്ടു മുടി നന്നായി ചീകിയൊതുക്കി മുഖത്ത് പൗഢറുമിട്ടുകഴിഞ്ഞപ്പോൾ പത്താം ക്ലാസ്സിൽ പഠിക്കുന്ന കുട്ടിയുടെ മുഖഭാവം. മകൻ വളർന്നു വലുതായി... സഫിയ മനസ്സിൽ പറഞ്ഞു.

ഫസൽ വളരെ ഉത്സാഹത്തിലായിരുന്നു. സാധാരണപോലെ സ്കൂൾ തുറക്കുമ്പോഴുള്ള മഴയും കൂടെയെത്തി... സ്കൂളിലേയ്ക്കുള്ള യാത്രയ്ക്ക് ഹമീദും സഫിയയും ഉണ്ടായിരുന്നു. ഹമീദിന്റെ കൈയ്യിലെ കാലൻ കുടയുടെ അടിയിലായിരുന്നു അവനും. മഴനനയാതിരിക്കാനായി ഹമീദ് അവനെ ചേർത്തുപിടിച്ചു നടക്കുകയായിരുന്നു. അവൻെറ പുസ്തകങ്ങൾ സഫിയയുടെ കൈയ്യിലും. സ്കൂൾ അടുക്കാറായി അവിടേയ്ക്കുള്ള യാത്രയിൽ മറ്റുകുട്ടികളും രക്ഷകർത്താക്കൾക്കൊപ്പം വരുന്നുണ്ടായിരുന്നു. അവർ ആരൊക്കെയാവും തന്റെ ക്ലാസ്സിൽ? തന്നെ നോക്കുന്ന എല്ലാവരേയും നോക്കി അവൻ പുഞ്ചിരിച്ചു, ചിലപ്പോൾ അവർ തന്റെ ക്ലാസ്സിലെ കുട്ടികളായിരിക്കും..

സ്കൂളിലെത്തിയപ്പോൾ ആദ്യ ദിവസത്തെ പരിഭവം അവന്റെ മുഖത്ത് നിഴലിച്ചിരുന്നു. കാസീംമാഷ് നടന്ന് അവരുടെഅടുത്തെത്തി, 

“ഹമീദിയ്ക്കയും സഫിയയും വീട്ടിലേയ്ക്ക് പൊയ്ക്കോ. ഇവിടുത്തെ കാര്യം ഞാൻ നോക്കിക്കൊള്ളാം പേടിക്കാനൊന്നുമില്ല.. ഞാനില്ലേ. സഫിയ ഇന്നുതന്നെ തിരികെ പോകുന്നില്ലേ...“

ആദ്യ ദിവസത്തെ അസംബ്ലി. ഒരധ്യാപകൻ മൈക്കിലൂടെ ഓരോ കുട്ടികളും ഏതേത് ക്ലാസിലേക്കാണ് പോവേണ്ടത് എന്ന് വിളിച്ച് പറയുകയായിരുന്നു. ഫസൽ ഏഴ് ഏ ക്ലാസിലാണെന്ന് വിളിച്ചു പറഞ്ഞപ്പൊൾ കാസിം മാഷ് അവനെ കൈയ്യാട്ടി വിളിച്ചു. അവനേയുംഏഴ് ഏ യിൽ കൊണ്ട് വിട്ടു. കാസിംമാഷ് അവനോട് പറഞ്ഞു.

“ഇന്ന് ക്ലാസ്സ് നേരത്തേ വിടും ആദ്യദിവസമല്ലേ. തിരിച്ചുള്ള ബസ്സിൽ ഞാൻ കൂടെവന്ന് കയറ്റിവിടാം.... നാളെമുതൽ ഒറ്റയ്ക്ക വരാനുള്ളതല്ലേ....“

ഓരോ കുട്ടികളും ക്ലാസ്സിലേയ്ക്ക് വന്നുകൊണ്ടിരിക്കയാണ്. പരിചയമില്ലാത്ത മുഖങ്ങൾ. ഫസൽ പിന്നിലെ ബെഞ്ചിൽ പോയിരുന്നു. ഒൻപത് മുപ്പതിന് ലാസ്റ്റ് ബെല്ലടിച്ചു. ടീച്ചർ ക്ലാസിൽ വന്നു സ്വയം പരിചയപ്പെടുത്തി.

“എന്റെ പേര് ഖദീജ ഇവിടെ അടുത്ത് തന്നെയാണ് എന്റെ വീട്. ഞാൻ നിങ്ങടെ ക്ലാസ് ടീച്ചറാ. സയൻസ് പഠിപ്പിക്കുന്നതും ഞാനാ. ഇന്നാദ്യത്തെ ദിവസമായത് കൊണ്ട് ക്ലാസ് വേണ്ട. നമുക്ക് പരസ്പരം പരിചയപ്പെടാം.“

എല്ലാവരും ഓരോരുത്തരായി സ്വയം പരിചയപ്പെടുത്തുക. ആദ്യത്തെ പരിഭവമൊക്കെ ഒന്ന് മാറട്ടെ. മുൻബെഞ്ചിൽ നിന്ന് തുടങ്ങാം.... ഓരോരുത്തർ പരിഭവം കലർന്ന ശബ്ദത്തിൽ പരിചയപ്പെടുത്തി തുടങ്ങി. അധികപേരുടെയും ഉപ്പമാർ ഡോക്ടർ, അധ്യാപകർ, ഗൾഫിൽ..... ഫസലിന് നെഞ്ചിടിപ്പ് കൂടികൊണ്ടിരുന്നു. താൻ എന്ത് പറയും ആലോചിച്ചിരിക്കെ അവന്റെ ഊഴമെത്തി... അവൻ ചിന്തയിലായിരുന്നു എന്തുപറയും? ടീച്ചർ വിളിച്ചപ്പൊഴാ അവൻ ഞെട്ടിയത്. 

“താനെന്താടൊ സ്വപ്നം കാണുകയാണൊ?“ കുട്ടികളെല്ലാവരും പൊട്ടിച്ചിരിച്ചു.

“പറയെടോ എന്താ തന്റെ പേര്, എവിടെന്നാ വരുന്നേ....“

ചോദ്യം ഫസലിനോടായിരുന്നു. ഫസല് ചുറ്റുമൊന്നു കണ്ണോടിച്ചു.. എല്ലാവരും തന്റെ മുഖത്തേയ്ക്കു നോക്കുന്നു ഒന്നു പതറി പിന്നീട്  ധൈര്യം വീണ്ടെടുത്തു തന്റേടത്തോടെ അവൻ പേര് പറഞ്ഞു. 

“പേര് ഫസൽ, വെന്നിയൂരിൽ നിന്ന് വരുന്നു, ഒറ്റ മകൻ ഉമ്മയ്ക്ക് ജോലിയില്ല, വാപ്പ ഗൾഫിൽ അമേരിക്കൻ കമ്പനിയിൽ എഞ്ചിനീയറാ.....“

ടീച്ചറുടെ പ്രശംസ “നീ ഭാഗ്യവാനണല്ലൊ ഒറ്റമകനല്ലെയുള്ളൂ വാപ്പ നിനക്കുവേണ്ടിയാണല്ലോ കഷ്ടപ്പെടുന്നത്.“

ആദ്യകാഴ്ചയിൽ തന്നെ ടീച്ചർക്കവനെ വല്ലാതെ ഇഷ്ടപ്പെട്ടു. അവനോട് മുമ്പിലെ ബെഞ്ചിൽ വന്നിരിക്കാൻ പറഞ്ഞു. അവൻ മടിച്ച് മടിച്ച് അവിടെ വന്നിരുന്നു. 

“ഇന്ന് മുതൽ ഇതാണ് നിന്റെ സീറ്റ്“

ടീച്ചർ തുടർന്നു..

“നമുക്ക് ക്ലാസ് ലീഡർമാരെ വേണം ഒരാണും ഒരു പെണ്ണും. രണ്ട് ദിവസം കഴിഞ്ഞ് തിരഞ്ഞെടുക്കാം.“

പിന്നീട് ടീച്ചർ എന്തൊക്കെയോ ക്ലാസിൽ പറഞ്ഞ് കൊണ്ടിരുന്നു. പക്ഷെ ഫസൽ ഇതൊന്നും കേട്ടില്ല. കാരണം അവനേതോ ലോകത്തായിരുന്നു. താനാദ്യമായിട്ടാണ് ഇങ്ങിനെയൊരു നുണ പറയുന്നത്. തനിക്കെങ്ങിനെ കിട്ടി അത്രക്ക് ധൈര്യം. എല്ലാവരും വാപ്പയെ കുറിച്ച് പറഞ്ഞപ്പൊ താൻമാത്രം വാപ്പ ഇല്ലെന്നും കോർട്ടേഴ്സിൽ ആണ് താമസമെന്നും ഇവരുടെ മുമ്പിൽ പറഞ്ഞാൽ പിന്നെ താനെന്നും.... ഇതെങ്ങാനും കാസിം മാഷറിഞ്ഞാൽ...... തന്റെ നാട്ടിൽ നിന്നാരെങ്കിലും ഇവിടെ വന്ന് പഠിക്കുന്നുണ്ടെങ്കിൽ... അവരിൽ നിന്ന് ടീച്ചർ അറിഞ്ഞാൽ... ഏതായാലും പറഞ്ഞ് പോയില്ലെ. ഇനി വരുന്നിടംവെച്ച് കാണുക തന്നെ. 

ഉച്ചയായപ്പോഴേക്ക് അവന് ധാരാളം കൂട്ടുകാരെ കിട്ടി. അന്ന് ആദ്യ ദിവസമായത് കൊണ്ട് നേരത്തേ സ്കൂൾ വിട്ടു. കാസിം മാഷ് അവനെ ബസ്സ് കയറ്റിവിട്ടു. ക്ലാസ്സിലെ ചില കുട്ടികളും അവനോടൊപ്പം ബസ്സിലുണ്ടായിരുന്നു. രണ്ട് ദിവസം കഴിഞ്ഞ് ടീച്ചർ ഫസലിനെ ക്ലാസ് ലീഡറായി തിരഞ്ഞെടുത്തു സെക്കന്റ് ലീഡർ ഒരു പെൺകുട്ടിയും. അവന് വിശ്വസിക്കാൻ കഴിഞ്ഞില്ല. ഇത്രയും കുട്ടികളുള്ള ക്ലാസിൽ ഒന്നുമില്ലാത്ത താനിതാ ലീഡറായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. ക്ലാസിൽ വരുന്ന അധ്യാപകരുടെ പ്രീതി ഫസൽ വേഗം പിടിച്ചു വാങ്ങി. തെറ്റില്ലാതെ പഠിക്കുന്നത് കൊണ്ട് എല്ലാവർക്കും അവനെ ഭയങ്കര ഇഷ്ടമായി. പതിയെ പതിയെ ഫസൽ സ്കൂളിലെ തന്നെ താരമാകുകയായിരുന്നു. ഫസൽ അവന്റെ വേദനകളും വിഷമങ്ങളും മറക്കാൻ തുടങ്ങി. എന്നാലും അവന്റെ മനസ്സിൽ എവിടെയോ ഒരു നീറ്റൽ എന്നെങ്കിലും താൻ പറഞ്ഞ നുണ പുറത്തായാൽ തന്നെ എല്ലാവർക്കും പുല്ലുവില, അതവന് ഓർക്കാനെ കഴിഞ്ഞില്ല.

ദിനങ്ങൾ രാത്രങ്ങൾക്കും രാത്രങ്ങൾ പകലിനും വഴിമാറി
സ്കൂളിൽ ഒരുവിധം എല്ലാ കലാപരിപാടികളും ഫസൽ പങ്കെടുത്തിരുന്നു. അവനെ ഒരു സകലകലാ വല്ലഭനായി പലരും വിശേഷിപ്പിച്ചു. പഠിത്തത്തിലും അവൻ കഴിവുതെളിയിച്ചു. പരീക്ഷകൾ കഴിഞ്ഞു. നല്ല മാർക്കോടെ ഫസൽ എട്ടാം ക്ലാസിലേക്ക് ജയിച്ചു. അതറിഞ്ഞ കാസിം മാഷ് ഒരുപാട് സന്തോഷിച്ചു. ഹെഡ്മാസ്റ്റർ കാസിംമാഷെ വിളിച്ചു പ്രത്യേകം അഭിനന്ദിക്കാനും മറന്നില്ല. 

“ഫസലാള് കൊള്ളാലൊ മാഷെ. എല്ലാത്തിനും അവൻ മിടുക്കനാ പക്ഷെ അവന്റെ വിധിയെ കുറിച്ചോർക്കുമ്പോഴാ......“

ഗൾഫിൽ നിന്നും അൻ‌വർ  ആദ്യമൊക്കം സ്ഥിരമായി വിളിക്കാറുണ്ടായിരുന്നു. പൈസയും അയച്ചിരുന്നു.  പക്ഷെ പിന്നീട് അവനെ കുറിച്ചൊരു വിവരവുമില്ല. വല്ലപ്പോഴുമൊരു വിളി പണികുറവാണ്. ചിലവു കൂടുതലാണ്.. കടംവാങ്ങി അയയ്ക്കാം എന്ന് പറഞ്ഞ് ഫോൺ വെക്കും. ഹമീദിന്റെ പ്രതീക്ഷകൾ വീണുടയുന്നതുപോലെ തോന്നി... തന്റെ മകന് ഇതെന്താണ് പറ്റിയത്.. പടച്ചോൻ വീണ്ടും പരീക്ഷിക്കുകയാണോ? കഷ്ടതകൾ ഒക്കെ തീർന്നു തുടങ്ങി എന്നു കരുതി അൽപാശ്വാസമായതാണ് പടച്ചവനേ ഇനിയും പരീക്ഷിച്ചു തീർന്നില്ലേ .... അവന് നല്ലജോലിയും ശമ്പളവും കിട്ടുന്നതിനായി പ്രാർത്ഥിക്കാം.

ഫസലും അൻവറിന്റെ ഭാര്യനാദിറയും സുഹൃത്തുക്കളെപ്പോലെയായിരുന്നു. പലപ്പോഴും ഉമ്മയേക്കാളും സ്നേഹം നാദിറ ഫസലിനോടു കാണിക്കുമായിരുന്നു. അവന് ഇഷ്ടമുള്ള പലഹാരങ്ങൾ ഉണ്ടാക്കികൊടുക്കും പുറത്തുപോയിവരുമ്പോൾ പലഹാരങ്ങളും മിഠായിയും വാങ്ങിക്കൊണ്ടുവരും കൂടാതെ എല്ലാം അവനോടു തുറന്നു പറയുകയും ചെയ്യുമായിരുന്നു.

വൈകുന്നേരം സ്കൂൾവിട്ടുവന്നപ്പോൾ അൻവറിന്റെ ഭാര്യ അവന് ഇഷ്ടമുള്ള ഇലയപ്പം ഉണ്ടാക്കിവെച്ചിട്ടുണ്ടായിരുന്നു. അമ്മായി അടുത്തുവന്നിരുന്ന് ഇലപൊളിച്ച് അപ്പം അവന് നൽകി.. അവൻ സ്വാദോടെ കഴിച്ചു തുടങ്ങി ..

“നല്ലരുചിയുണ്ട്... ഇന്നെന്തുപറ്റി അൻവറ്മാമാന്റെ കത്തുവന്നോ...“ നാദിറ  അതുകേട്ടു ചിരിച്ചു... 

“നിനക്കെല്ലാം മനസ്സിലാകുന്നുണ്ടല്ലേ ... കള്ളൻ“ അവന്റെ കവിളിൽ ഒരു നുള്ളുവച്ചുകൊടുത്തു. 

“അൻവറ്മാമ എന്നെ തിരക്കിയോ... എന്നാ വരിക... “

“മോനേ ഫസലെ ഞാനൊരു കാര്യം പറഞ്ഞാ നീ ആരോടെങ്കിലും പറയോ?“

“അമ്മായിക്ക് എന്നെ വിശ്വാസമില്ലെ“

“അതല്ല ഫസലെ എന്നാലും. ഇക്ക ഗൾഫിൽ ഒരു കട എടുത്തിട്ടുണ്ട് അതിന്റെ കടം കൊണ്ടാ വീട്ടിലേക്ക് പൈസ അയക്കാത്തത്. എന്നും കുടുംബം പോറ്റിയാൽ പോരല്ലോ ഞങ്ങൾക്കും സ്വന്തമായൊരു വീടൊക്കെ വേണ്ടെ, അതാണ് ഇക്കക്ക് പണി ഒന്നുമില്ലാന്ന് വലിയുപ്പാനോട് പറയുന്നത്. ഇത് ഞാനും നീയും മാത്രമേ അറിയൂ ആരോടും പറയരുതേ.... പിന്നെ എനിക്കൊരു മാലയും കൊടുത്ത് വിട്ടിട്ടുണ്ട്. ഞാനത് വീട്ടിൽ പോവുമ്പൊൾ കൊണ്ട്വരും ഇവിടന്ന് ഉപ്പ ചോദിച്ചാ ഇതെന്റെ ഉപ്പ കൊടുത്തയച്ചതാണെന്നെ പറയൂ...“

“അമ്മായി... അപ്പൊ ഇക്കാക്കാന്റെ അടുത്ത് പൈസ ഇല്ലാഞ്ഞിട്ടല്ല അല്ലെ. ഇവിടെ അമ്മായി കാണുന്നില്ലെ. വലിയുപ്പാക്ക് മരുന്ന് വാങ്ങാൻ പോലും പൈസ തികയുന്നില്ല. പിന്നെ നമ്മുടെ ചിലവിന്റെ കാര്യം. റഷീദ് ഇക്കാക്കാണെങ്കി പണി പോലും ശിരയായിട്ടില്ല. നിങ്ങൾ ഇങ്ങിനെ കണ്ണിച്ചോരയില്ലാതെ ചെയ്യാൻ പാടില്ല അമ്മായി. വലിയുപ്പാക്ക് എത്ര വേദന ഉണ്ടെന്നറിയോ? ഞാനിതെന്തായാലും വലിയുപ്പാനോട് പറയും. രണ്ട് ദിവസം കൂടി നോക്കട്ടെ അൻവർ മാമ പൈസ അയക്കുമോ എന്ന്. അല്ലങ്കി ങ്ങടെ മാലയുടെ കാര്യമൊക്കെ ഞാനിവിടെ പറയും.“ അവൻ കഴിച്ചത് ബാക്കിയാക്കി എഴുന്നേറ്റു പോയി. ദേഷ്യവും സങ്കടവും അവന്റെ മുഖത്ത് പ്രതിഫലിച്ചു.

അവൾ ധർമ്മ സങ്കടത്തിലായി. ഫസലിനോടിതൊന്നും പറയേണ്ടിയിരുന്നില്ലന്ന് ഇപ്പോൾ തോന്നുന്നു. പക്ഷെ  ആരോടെങ്കിലും ഇതൊന്ന് പറയാതിരുന്നാൽ എന്ന് കരുതിയാണ് വിശ്വാസമുള്ള ഫസലിനോട് പറഞ്ഞത്. അവനെങ്ങാൻ ഇത് വെളിപ്പെടുത്തുമോ അതൊ തന്നോട് തമാശ പറഞ്ഞതാണോ? ഏതായാലും രണ്ട് ദിവസം കഴിഞ്ഞെല്ലെ അവൻ പറയൂ... അതിന് മുമ്പ് എന്തെങ്കിലും ചെയ്യണം. എന്താണൊരു വഴി? പെൺ ബുദ്ധി പ്രവർത്തിക്കാൻ തുടങ്ങി....

പക്ഷെ ഫസൽ അമ്മായിയെ ഒന്ന് പേടിപ്പിച്ചതാ. അൻവർമാമ പൈസ അയച്ചിരുന്നെങ്കിൽ പാവം വലിയുപ്പയുടെ ആശുപത്രി ചിലവിനെങ്കിലും തികയുമായിരുന്നു. പാവം വലിയുപ്പയെ ഇങ്ങിനെ കഷ്ടപ്പെടുത്താൻ അൻവറിക്കക്ക് എങ്ങിനെ മനസ്സ് വന്നു. വളരെ നല്ല ആളായിരുന്നു ഈ  അമ്മായിയാണ് അൻവറിക്കയെ ഇങ്ങിനെ ബെടക്കാക്കിയത്. ഏതായാലും വാപ്പയെ ഇങ്ങിനെ വേദനിപ്പിച്ചാൽ ഈ ലോകത്ത് നിന്ന് തന്നെ പടച്ചോൻ പാഠം പഠിപ്പിച്ചെ വിടൂ... 

ഇടയ്ക്കൊക്കെ അവൻ അമ്മായിയെ പറഞ്ഞ് ദേഷ്യം പിടിപ്പിച്ചു. ഇക്കാക്കയോട് വേഗം പൈസ അയക്കാൻ പറഞ്ഞോളി അല്ലെങ്കി ഞാൻ എല്ലാകാര്യവും ഉപ്പയോട് തുറന്ന് പറയും. എന്നാലെങ്കിലും പൈസ അയച്ചാലൊ എന്ന് മാത്രമേ ഫസൽ കരുതിയുളളു. അൻവറിന്റെ ഭാര്യക്ക് ആധി കൂടി എങ്ങനെ അവനെ കൊണ്ട് പറയിപ്പിക്കാതിരിക്കും. അവൻ എന്ത് പറഞ്ഞാലും ഉപ്പ വിശ്വസിക്കും. എന്താണൊരു മാർഗ്ഗം? അവസാനം അവർക്കൊരു കുരുട്ടു ബുദ്ധി തോന്നി. പെണ്ണല്ലെ തോന്നാതിരുന്നാലല്ലെ അത്ഭുതം. പക്ഷെ ഇതൊന്നും പാവം ഫസൽ അറിയുന്നില്ലായിരുന്നു. 

ഫസൽ എന്നത്തേയും പോലെ അന്നും രാവിലെ സന്തോഷവാനായി സ്കൂളിലേയ്ക്ക് പുറപ്പെട്ടു... വൈകുന്നേരം മഴകാരണം കുറച്ചു താമസിച്ചാണ് വീട്ടിലെത്തയത്... വീടിന്റെ ഉമ്മറത്ത് ഉപ്പ നിൽക്കുന്നു, അമ്മായി വാതിൽക്കൽ, സഫിയ പതിവില്ലാതെ വീട്ടിലെത്തിയിട്ടുണ്ട്... എന്താവും കാരണം. അവൻ ഉമ്മറത്തേയ്ക്ക് കയറി. 

ഉപ്പ തലയിൽ ഒരു തോർത്ത് കെട്ടിയിരുന്നു.. മുഖം ദേഷ്യംകൊണ്ട് ചുമന്നിരിക്കുന്നു. രൂക്ഷമായി തന്നെ നോക്കുന്ന ഉപ്പാ.. 

“എടാ ഫസലേ... അവിടെ നിൽക്ക്“

ഉപ്പയുടെ ശബ്ദം... ശബ്ദത്തിന് വളരെ ദേഷ്യഭാവം എന്താ എന്തുണ്ടായി... ആ കുഞ്ഞുമനസ്സിന് ആ ഭാവമാറ്റം ഉൾക്കൊള്ളാനായില്ല... തന്നോടിതുവരെ ഇങ്ങനെ പെരുമാറിയിട്ടില്ല.

“എന്താ.. എന്താ... എന്താ ഉപ്പാ“

ഉപ്പയുടെ മുഖത്ത് ദേഷ്യഭാവം, ഉമ്മ അവന്റെ മുഖത്തുപോലും നോക്കുന്നില്ല...

“എന്താ ഉമ്മ, ഉമ്മാ എപ്പോവന്നു“

“ഞാൻ ചോദിക്കുന്നതിന് മറുപടിപറഞ്ഞിട്ട് നീ അകത്തു കടന്നാൽ മതി...“ 

ഹമീദിന്റെ ശബ്ദം വീണ്ടും ഉയർന്നു.  ആ ശബ്ദത്തിന് വല്ലാത്ത ദൃഢത. എന്തോ സംഭവിച്ചു... താൻ അറിഞ്ഞുകൊണ്ട് ഒരു തെറ്റും ചെയ്തിട്ടില്ല... എന്തിനാണ് ഉമ്മാനെ വിളിച്ചു വരുത്തിയത്... അവൻ തല കുമ്പിട്ടു നിന്നു... ഹമീദ് അടുത്തെത്തി. കൈയ്യിൽ ചൂരൽ... അവന്റെ നിക്കറിന്റെ അറ്റം കൂട്ടിപ്പിടിച്ചു...

“വാപ്പാ... അവനെ ഒന്നും... കണ്ഡ മിടറി കണ്ണുകൾ നിറഞ്ഞു തുളുമ്പി സഫിയയ്ക്ക് വാക്കുകൾ മുഴുമിപ്പിക്കാനായില്ല.....


 തുടർന്നു വായിക്കുക അടുത്ത ഞായറാഴ്ച്ച 24 03 2019
ഷംസുദ്ധീൻ തോപ്പിൽ 17 03 2019

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ