30.3.19

നിഴൽ വീണ വഴികൾ - ഭാഗം 15




























കവർപൊട്ടിച്ചു നോക്കി, റഷീദിന്റെ കത്തും കൂടെ 2000 രൂപയുടെ ഡ്രാഫ്റ്റും. അതേ പടച്ചോൻ തന്റെ വിളി കേട്ടിരിക്കുന്നു. അവന് ജോലികിട്ടിയതുകൊണ്ടാകും പൈസാ അയച്ചത്. കത്ത് തുറന്നു വായിച്ചു. അദ്ദേഹത്തിന്റെ കണ്ണുകൾ ഈറനണിഞ്ഞു. 

എന്താ വാപ്പാ എന്തുപറ്റി.... റഷീദിന്റെ ഭാര്യ ഓടി അടുത്തുവന്നു. ഹമീദ് മരുമകളെ ഒന്നു നോക്കി. മോളേ റഷീദിന്റെ കത്തും പൈസയും വന്നു... കത്ത് എനിക്കുള്ളതാ പക്ഷേ ഇതു നീകൂടി വായിക്കണം. ഹമീദ് കത്ത് മരുമകളുടെ നേരേ നീട്ടി... അവൾ അതു വാങ്ങി അകത്തേയ്ക്ക് പോയി...

.... പ്രിയപ്പെട്ട വാപ്പക്ക്,

കത്തയയ്ക്കാൻ വൈകി വാപ്പാ, കാരണം പലതാണ്. ജോലി വിചാരിച്ചതിനേക്കാൾ കടുപ്പമാണ്. ഞാൻ ഒന്നും അവളോട്  പറഞ്ഞിട്ടില്ല. അവൾ വിഷമിക്കില്ലേ. എന്നാലും അവൾക്ക് കാര്യങ്ങൾ പറഞ്ഞാൽ ബോധ്യപ്പെടും. കഷ്ടപ്പാടിലും ബുദ്ധിമുട്ടിലും കഴിഞ്ഞ ഉറ്റവരും ഉടയവരുമില്ലാത്ത കുട്ടിയല്ലേ അവളെ വേദനനിപ്പിക്കേണ്ടെന്നു കരുതി.....

അവളുടെ കണ്ണുകൾ നിറഞ്ഞു... ജനാലയിലൂടെ പുറത്തേയ്ക്ക് നോക്കി.. വാപ്പ ദൂരേയ്ക്ക് നോക്കി താടിക്ക് കൈയ്യുംകൊടുത്തിരിക്കുന്നു. അവൾ ആ കത്തിലൂടെ ആ കത്തിന്റെ ആത്മാവിലൂടെ, തന്റെ പ്രിയതമന്റെ ദുഖത്തിലൂടെ യാത്രചെയ്യുകയായിരുന്നു. അള്ളാഹു തങ്ങളെ കൈവിടുകയാണോ... വാപ്പയുടെ ഒരൊറ്റ പ്രതീക്ഷ ഇക്കയിൽ  മാത്രമാണ്. അൻവർ സ്വന്തം കാര്യം നോക്കിപ്പോയി... താൻ ആദ്യമായി അദ്ദേഹത്തെ കാണുമ്പോഴും ചിരിച്ച പ്രസന്നവദനായ ചങ്കുറപ്പുള്ള ഒരു ചെറുപ്പക്കാരനെയാണ് ആ മുഖത്തുനിന്നും മനസ്സിലാക്കാൻ സാധിച്ചത്... യത്തീമായ തന്നെ വിവാഹംകഴി‍ച്ച് സ്വജീവിതത്തിലേയ്ക്ക് കൂട്ടിക്കൊണ്ടുവന്നത് ആ ഒരു ചങ്കുറപ്പുതന്നെയാണ്... പണമില്ലെന്നേയുള്ളൂ ഈ കുടുബത്തിൽ താൻ നേരിട്ടനുഭിവിച്ചിട്ടില്ലാത്ത് സ്നേഹമായിരുന്നു ലഭിച്ചത്. വാപ്പയുടെ സ്നേഹം സഹോദരങ്ങളുടെ സ്നേഹം, ഉമ്മയുടെ സ്നേഹം... അവളുടെ കണ്ണിൽനിന്ന് രണ്ടുതുള്ളി കണ്ണുനീർ ആ കത്തിലേയ്ക്ക് വീണു. 

റഷീദ് ജിദ്ദയിൽ ഇറങ്ങിയതിന്റെ മൂന്നാം ദിവസമാണ് അവന്റെ അറബിയും അവരുടെ സഹായിയായ മലയാളിയും വന്ന് അവനെ ബേക്കറിയുടെ സാധനങ്ങൾ ഉണ്ടാക്കുന്ന ബോർമ്മയിലേക്ക് കൊണ്ട്പോയത്. പലഹാരങ്ങൾ ഉണ്ടാക്കാൻ വേണ്ട സാധനങ്ങളുടെ  ലിസ്റ്റ് കൊടുക്കാൻ പറഞ്ഞു. കുറച്ച് കഴിഞ്ഞപ്പൊ സാധനങ്ങളെല്ലാം എത്തി. ഇന്ന് തന്നെ പണിതുടങ്ങാനാ അറബി പറഞ്ഞത്. നാളെ രാവിലെ പലഹാരങ്ങളെല്ലാം റെഡിയായിരിക്കണം പലഹാരത്തിന്റെ രുചിക്കനുസരിച്ച് നല്ല ശമ്പളം തരുമെന്ന് പറഞ്ഞിരിക്കുന്നു. തന്റെ കഴിവുകാണിക്കാൻ പറ്റിയ അവസരം. അറബി നാളെ വരാമെന്ന് പറഞ്ഞ് പോയി. റഷീദും സഹായികളും മെഷീനറികളെല്ലാം കഴുകി വൃത്തിയാക്കാൻ തുടങ്ങി. നാട്ടിലെതിനേക്കാൾ മുന്തിയ ഇനം മെഷീനറികൾ കണ്ടപ്പൊ തന്നെ റഷീദിന് നെഞ്ചിലൊരു മിന്നൽ. പടച്ചവനെ നാട്ടിലെ പലഹാരങ്ങൾ പോലെ തന്നെ ആയിരിക്കില്ലെ ഇവിടെത്തതും. നാട്ടിൽ മുട്ടപപ്സ്, കേക്ക്, ബ്രഡ്ഡ, സമൂസ തുടങ്ങിയ ഒട്ടനവധി പലഹാരങ്ങൾ ഉണ്ടാക്കിയുള്ള പരിചയമുണ്ട്. അവൻ പടച്ചവനെ മനസ്സിൽ ധ്യാനിച്ച് പണികൾ തുടങ്ങി. അന്നത്തെ ദിവസം  ബോർമ്മയിൽ തന്നെ കഴിച്ചുകൂട്ടി. പിറ്റേന്ന് രാവിലെ ബേക്കറിയിലെത്തിക്കണം. രാവിലെതന്നെ ബേക്കറിയിൽ നിന്നും പലഹാരങ്ങൾ കൊണ്ടുപോകാനുള്ള വാൻ എത്തി. ഭദ്രമായി പായ്ക്ക്ചെയ്ത പലഹാരങ്ങൾ വാഹനത്തിൽ കയറ്റുന്നതിനായി റഷീദും കൂടെക്കൂടി. റഷീദ് ആകെ അസ്വസ്ഥനായിരുന്നു. താൻ നാട്ടിലെ നല്ല മധുര പലഹാരം ഉണ്ടാക്കുന്ന പണിക്കാരനായിരിക്കും. പക്ഷെ അറബികൾക്കത് ഇഷ്ടപ്പെടണമെന്നില്ലില്ലല്ലോ... ഇക്കാര്യങ്ങൾ ഇവിടെ ആരോടെങ്കിലും ചോദിക്കാനും സാധിച്ചിട്ടില്ല. ഒറ്റപ്പെട്ട ഒരു വ്യവസായ മേഖലയായിരുന്നു അത്. വന്നിട്ട് മൂന്നു ദിവസങ്ങൾ ഇവിടുത്തെ ഒരു പലഹാരംപോലും രുചിച്ചുനോക്കിയിട്ടില്ല. ചുരിച്ചുനോക്കിയാൽ അതിലുള്ള സാധനങ്ങൾ എന്തെല്ലാമാണെന്ന് തനിക്കു മനസ്സിലാക്കാനാകുമായിരുന്നു. റഷീദ്  വളരെ ജിഞ്ജാസാപൂർവ്വം അതിലേറെ ടെൻഷനിലും കാത്തിരുന്നു. മനസ്സിൽ കരുതിയതുതന്നെ സംഭവിച്ചു.  വൈകുന്നേരം അറബി എത്തിയത് വളരെ ദേശ്യത്തിലായിരുന്നു. രാവിലെ കൊണ്ടുപോയ പലഹാരങ്ങൾ അതുപൊലെ തിരികെയെത്തിച്ചിരിക്കുന്നു. തന്നെനോക്കി ദേശ്യത്തിൽ എന്തെല്ലാമൊ പറയുന്നു. ആരും ഒന്നും തിരിച്ചു പറയുന്നില്ല. എല്ലാരും തന്റെ മുഖത്തേയ്ക്ക് നോക്കുന്നു. താനെന്തോ കുറ്റം ചെയ്തമാതിരി. വന്ന അതേ സ്പീഡിൽ തന്നെ അറബി തന്റെ വിലകൂടിയ കാറിൽ കയറിപ്പോയി. 

കൂടെയുള്ള സഹായിയായ മലയാളിയിൽ നിന്നാണ് വിവരങ്ങൾ അറിഞ്ഞത്. നാട്ടിലെ പോലത്തെ ഐറ്റം പലഹാരങ്ങൾ അല്ല അറബികൾക്ക് വേണ്ടത്. നീ ഉണ്ടാക്കിയ സാധനങ്ങളാ തിരികെക്കൊണ്ടുവന്നത്. അവിടെ ആർക്കും ഇഷ്ടപ്പെട്ടില്ല. അറബിയുടെ ഉപ്പയായിട്ട്  തുടങ്ങിയ ബേക്കറിയാ ഇത്. വയസ്സായപ്പോൾ മകൻ ഏറ്റെടുത്തു.. നാളെ തന്നെ നിന്നെ നാട്ടിലേക്ക് കയറ്റി വിടുമെന്നാ അറബി പറഞ്ഞ് പോയത്. 

റഷീദ് ആകെ തകർന്നുപോയി പടച്ചോനേ ഉള്ള ജോലിയും കളഞ്ഞ് കടം വാങ്ങി ഇവിടെ വന്നിട്ട് ഒന്നുമാകാതെ തിരിച്ച് പോകാന്ന് വെച്ചാ അവന് ആലോചിക്കാൻ കഴിഞ്ഞില്ല. അങ്ങനെ തിരിച്ചുപോകുന്നതിനേക്കാൾ നല്ലത് ഈ  മണലാരണ്യത്തിൽ കിടന്ന് മരിക്കയാണ്. റബ്ബേ... നീ എന്നെ കൈ വിടുകയാണൊ? അറബിയുടെ സഹായി മലയാളിയായ മലപ്പുറംകാരനായിരുന്നു. അദ്ദേഹത്തോട് റഷീദ് തന്റെ കഷ്ടപ്പാടുകളൊക്കെ പറഞ്ഞു പറയുകയായിരുന്നില്ല കരയുകയായിരുന്നു . ആ മലയാളിക്ക് തന്നോടൊരു സഹതാപം തോന്നി. അവസാനം അദ്ദേഹം റഷീദിനോട് പറഞ്ഞു.

”നമുക്ക് അറബിയുടെ ഉപ്പയോടൊന്ന് പറഞ്ഞ് നോക്കാം. അദ്ദേഹം നല്ല മനുഷ്യനാ ഈ മകൻ വെറും ചൂടനാ”. 

റഷീദിന് അൽപ്പം ആശ്വാസം കിട്ടി. അന്നു വൈകുന്നേരം തന്നെ റഷീദും സഹായിയും അറബിയുടെ ബാപ്പയെ പോയി കണ്ടു. അയാൾ റഷീദിന്റെ കഷ്ടതകൾ അറബിയെ പറഞ്ഞ് കേൾപ്പിച്ചു. മനസ്സലിഞ്ഞ അദ്ദേഹം അവനെ കൈവിടില്ലെന്നും വേറെ എന്തെങ്കിലും ജോലി കൊടുക്കാം എന്നും പറഞ്ഞു. റഷീദ്  പടച്ചവനോടും ഒരുപാട് നന്ദി പറഞ്ഞു. അറബിയുടെ അടുത്തേക്ക് കൊണ്ട് പോയ സഹായിയോടും. അദ്ദേഹമില്ലെങ്കിൽ തനിക്കാണെങ്കിൽ അറബിയും അറിയില്ല.....

അന്ന് വൈകുന്നേരം അറബിയുടെ മകൻ റഷീദിന്റെ റൂമിൽ വന്നു കൂടെ സഹായിയും. തനിക്ക് എന്തുജോലിതന്നാലും ചെയ്യാമോയെന്ന് അറബിയുടെ സഹായിക്കൊണ്ട് റഷീദിനോട് ചോദിപ്പിച്ചു. 

”ചെയ്യാം. എന്തുജോലിവേണേലും ചെയ്യാം.” റഷീദിന്റെ ഉറച്ച ശബ്ദം... അവൻ എന്തുജോലി ചെയ്യാനും തയ്യാറായിരുന്നു. തന്റെ രക്ഷയ്ക്കുവേണ്ടിയല്ല തന്നെ പ്രതീക്ഷിച്ചുകഴിയുന്ന ഉമ്മയും, വാപ്പയും കൂടാതെ തന്റെ ബീവിയും. അവൾ തന്റെ കുഞ്ഞിനെ ഉദരത്തിൽ വഹിക്കാൻ തുടങ്ങിയിരിക്കുന്നു. ആരോടും പറഞ്ഞിട്ടില്ല. രണ്ടുദിവസം മുന്നേ വിളിച്ചപ്പോൾ അവളൊന്നു സൂചിപ്പിച്ചു അത്രമാത്രം. അവൾ വളരെ സന്തോഷവതിയായിരുന്നു. അതേ തനിക്കു ജീവിക്കണം. എന്തു കഷ്ടപ്പാടായാലും വേണ്ടീല്ല. നാട്ടിലുള്ള ആരേയും പ്രയാസപ്പെടുത്തരുത്. 

”എന്നാ വണ്ടിയിൽ കയറ്” അറബിയുടെ സഹായിയുടെ വാക്കുകൾ, 

അവൻ ചിന്തയിൽ നിന്നുണർന്നു. തന്റെ ബാഗെടുത്തു ആ പിക്കപ് വാനിൽ കയറ്റി. അവർ അവനെ കൊണ്ട്പോയത് വലിയൊരു പാർട്ടി ഹാളിന്റെ അടുത്തേക്കാണ്. അവിടെയാണ് അറബികളുടെ വിശേഷ ദിവസങ്ങളിലെ ആഘോഷങ്ങളും മറ്റും നടക്കുന്നത്. വിവാഹങ്ങളും പാർട്ടികളും, കുടുംബങ്ങളുടെ ഒത്തുചേരലുകളും മറ്റുമെല്ലാം. വളരെ വലിയ പണക്കാർക്കുമാത്രമേ ഇവിടുത്തെ ഹാൾ വാടകയ്ക്കെടുക്കാനാകൂ. അത്ര ആർഭാടത്തിലായിരുന്നു അത് പണികഴിപ്പിച്ചിരിക്കുന്നത്. അടുത്തെങ്ങും മറ്റു ബിൽഡിങ്ങുകളുമില്ല . വിശാലമായ പാർക്കിംഗ് സൗകര്യം. എല്ലായിടത്തും ക്യാമറകൾ. മരുഭൂമിയിൽ തലഉയർത്തി ഒറ്റപ്പെട്ടുനിൽക്കുന്ന കെട്ടിടംതന്നെയായിരുന്നു അത്. തങ്ങളുടെ വാഹനം അവിടെത്തിയുടൻ ഗേറ്റ്കീപ്പർ ഒടിയെത്തി ഗേറ്റ് തുറന്നു. കണ്ടിട്ട് മലയാളിയാണെന്നു തോന്നുന്നു.

റഷീദിനെ അവർ പാട്ടി ഹാളിന്റെ പിന്നിലെ പാചകമുറിയിലേയ്ക്ക് കൊണ്ടുപോയി. വാതിൽ തുറന്നു പുറത്തേയ്ക്ക് നടക്കാൻ പറഞ്ഞു. പാർട്ടിഹാളിന്റെ അകത്തുകണ്ട വൃത്തിയും വെടിപ്പുമൊന്നും ഇവിടെ കാണാനില്ല. വൃത്തിഹീനമായ ചുറ്റുപാടുകൾ രണ്ടു ദിവസങ്ങൾക്കുമുന്നേ നടന്ന പാർട്ടിയുടെ അവശിഷ്ടങ്ങളായ ഭക്ഷണപദാർത്ഥങ്ങൾ ഒരു സൈഡിൽ കൂട്ടിയിട്ടിരിക്കുന്നു. മറുഭാഗത്ത് നല്ലനല്ല ഭക്ഷണങ്ങളും ഫ്രൂട്സുകളും വേസ്റ്റാക്കി കൂട്ടി ഇട്ടിരിക്കുന്നു റഷീദിന്റെ നെഞ്ചോന്നു പിടഞ്ഞു എത്ര എത്ര പട്ടിണിപ്പാവങ്ങൾ ഒരുനേരത്തെ ആഹാരത്തിന് വേണ്ടി കഷ്ടപ്പെടുന്നു ഈ മരുഭൂമിയിൽ തന്നെ എത്ര പേർ എന്നിട്ടും എത്ര ഭക്ഷണങ്ങളാണ് വെറുതെ കളയുന്നത് ...ഇതൊക്കെ ഇവിടെങ്ങളിൽ സർവ്വ സാധാരണമാണെന്ന് സഹായിയുടെ മുഖ ഭാവം കണ്ടാൽ അറിയാം 

പാചകമുറിയിൽ നിന്നും ഒഴുകി വരുന്ന വേസ്റ്റും വെള്ളവും കെട്ടിക്കിടന്ന് കാട് മൂടി കിടന്നിരുന്ന ഭാഗം കാണിച്ച് ആ പുല്ല് മുഴുവൻ വെട്ടി വൃത്തിയാക്കാൻ പറഞ്ഞു. ഇതാണ് ഇന്നു മുതൽ നിന്റെ ജോലി. അത് കഴിഞ്ഞാൽ ഇവിടത്തെ പാചകശാലയിൽ ശുചീകരണ ജോലികൾക്കായി നിൽക്കാം. മാസം 500 റിയാൽ ശമ്പളം എന്താ നിൽക്കാൻ പറ്റുമോ. എന്ത് പണിയും ചെയ്യാൻ റഷീദപ്പൊ തയ്യാറായിരുന്നു.

മലയാളി അവനെ സമാധാനിപ്പിച്ചു അവൻ ദേഷ്യം തീർക്കുകയാണ്. കുറച്ച് കഷ്ടപ്പെട്ടാലും പിടിച്ച് നിൽക്കണം അറബി ഭാഷ പഠിച്ചാൽ അറബിയെയും വാപ്പയേയും സോപ്പിട്ടാൽ വേറെ നല്ല ജോലി കിട്ടും. അറബിയും സഹായിയും പോയി. അവർ കൊടുത്ത ആയുധങ്ങൾ കൊണ്ടവൻ പുല്ലുകൾ വെട്ടാൻ തുടങ്ങി. രൂക്ഷ ഗന്ധവും ഒരു തരം പ്രാണികളും പൊള്ളുന്ന വെയിലും മുള്ളുകളു ള്ള പുല്ലും. കഠിനമായി അധ്വാനിക്കുകയായിരുന്നു അവൻ. മുള്ളുകൊണ്ട് ഇടയ്ക്കിടയ്ക്ക് അവൻ തന്റെ കൈയ്യിലേയ്ക്ക നോക്കും... പലയിടത്തുനിന്നും രക്തം പൊടിയുന്നു. പടച്ചവനെ ഈ നരകത്തിൽ വന്ന് പെടാനായിരുന്നോ തന്റെ വിധി. നാട്ടിൽ നിന്നാൽ.... ഇതിലും നല്ലത് അതായിരുന്നില്ലെ. അവനോർത്തു പടച്ചവൻ തന്നെ പരീക്ഷിക്കുകയാണെങ്കിലൊ. അത്യാർത്ഥി കൊണ്ടല്ല താനീ മുരുഭൂമിയുടെ നാട്ടിലെത്തിയത്. കോർട്ടേഴ്സിൽ നിന്ന് തന്റെ കുടുംബത്തെ ഒരഞ്ച് സെന്റ് സ്ഥലം വാങ്ങി ഒരു ചെറ്റപ്പുരയെങ്കിലും വെച്ച് അങ്ങോട്ട് മാറ്റണം. പിന്നെ തന്റെ പെങ്ങമ്മാരെ പണിക്കയക്കുന്നത് നിർത്തണം. സുഖമില്ലാത്ത തന്റെ ഉപ്പയെ നോക്കണം. ഓരോ ദിവസവും തന്റെ കുടുംബത്തെ ഓർക്കുമ്പൊൾ കഠിനമായ ജോലിയും പൊള്ളുന്ന വെയിലും റഷീദിന് പ്രശ്നമല്ലാതായി. എന്നും രാത്രി അവൻ പടച്ചവനോട് മനമുരുകി പ്രാർത്തിക്കും. റഷീദിന് നല്ല പ്രതീക്ഷയുണ്ട്. ഒരിക്കെ റബ്ബ് തന്നെ രക്ഷിക്കുമെന്ന്..... 

അൻവർ റഷീദിനെ വിളിക്കാറില്ലെങ്കിലും  റഷീദ് അൻവറിനെ വിളിച്ച് വിവരങ്ങളന്വേഷിച്ചു. പഴയ പോലെ പണിയൊന്നും ഇല്ല. കുറച്ച് മാസമായി വീട്ടിലേക്ക് പൈസ ഒന്നും അയക്കാറില്ല. ആ ദേഷ്യത്തിന് ഉപ്പ നാദിറയെ വീട്ടിൽ കൊണ്ടാക്കിയത്രേ. അപ്പോഴാണ് റഷീദ് ആ വിവരം അറിയുന്നത്. അവന് ഉപ്പയെ നല്ല വിശ്വാസമായിരുന്നു. എന്തെങ്കിലും കാരണമില്ലാതെ ഉപ്പ അങ്ങിനെ ചെയ്യില്ല. എന്തായാലും അവൻ കൂടുതലൊന്നും ചിന്തിച്ചില്ല. ഇനി താൻ മാത്രമേയുള്ളൂ വീട്ടിലെ ചിലവ് നടത്താൻ. തൽക്കാലം തനിക്ക് ശമ്പളം കൂട്ടി കിട്ടുന്നതുവരെയെങ്കിലും പെങ്ങമ്മാർ പണിക്ക് പോകട്ടെ. തന്റെ ശമ്പളം കൊണ്ട് മാത്രം കുടുംബം കഴിയില്ലല്ലൊ. റഷീദ് ഇടയ്ക്ക് പൈസ അയക്കുന്നത് കൊണ്ട് ഹമീദിനൽപ്പം ആശ്വാസമായി. കോർട്ടേഴ്സ് വാടകയും തന്റെ മരുന്ന് ചെലവും ബുദ്ധിമുട്ടില്ലാതെ കഴിഞ്ഞു പോകുന്നു. 

അൻവറിന്റെ ഭാര്യയെ ഹമീദ് അവളുടെ വീട്ടിൽ ചെന്ന് തിരികെ വിളിച്ചു പക്ഷെ അവൾ വന്നില്ല. ഹമീദിനെ ആ വിഷമം വല്ലാതെ അലട്ടുന്നുണ്ടായിരുന്നു. താൻ ജീവനുതുല്ല്യം സ്നേഹിച്ച തന്റെ മകൻ . തന്നെ മറന്നുവോ? തന്നെ ഓർത്തില്ലങ്കിലും വേണ്ടില്ല. അവന് അസുഖങ്ങളൊന്നു ഇല്ലാതിരുന്നാൽ മതിയായിരുന്നു. ആ നല്ലവനായ പിതാവ് അഞ്ച് വക്തിലും തന്റെ ചെറുമകന് വേണ്ടി പ്രാർത്ഥിച്ചു. 

ഹമീദ് പ്രാർത്ഥനയിൽ മുഴുകിയിരിക്കുകയായിരുന്നു. പെട്ടെന്നാണ് പുറത്തു ഒരു സ്ത്രീശബ്ദം ഉറക്കെ നിലവിളിച്ചുകൊണ്ടു വരുന്നു. ആരാണത്.. അദ്ദേഹം തലഉയർത്തി നോക്കി.. അതേ അൻവറിന്റെ ഭാര്യ കരഞ്ഞുകൊണ്ട് വിട്ടിലേയ്ക്ക് വരുന്നു. എന്താവും കാരണം. എന്തെങ്കിലും ആപത്ത്... പടച്ചോനേ അവൾ വീട്ടിലേയ്ക്ക് വരണമെന്ന് ആഗ്രഹിച്ചിരുന്നു. പക്ഷേ... ഈ രീതിയിലല്ല... എന്തോ ആപത്ത് സംഭവിച്ചിരിക്കുന്നു. ഹമീദ് സാവധാനം എഴുന്നേറ്റു.. പുറത്തേയ്ക്ക് നടന്നുവന്നു. അവൾ ഓടിവന്ന് ഹമീദിന്റെ കാൽക്കൽ വീണു.. വാപ്പാ എന്നോട് ക്ഷമിക്കണേ.. വാപ്പാ... വാപ്പാ.... ആ മനുഷ്യൻ പകച്ചുപോയി... അവളെ സ്വന്തം മകളെന്ന ലാളനയിൽ പിടിച്ചെഴുന്നേൽപ്പിച്ചു. മോളേ... മോളേ... എന്താടീ നിനക്കു പറ്റിയത്... 

തുടർന്നു വായിക്കുക അടുത്ത ഞായറാഴ്ച്ച 07 03 2019 

ഷംസുദ്ധീൻ തോപ്പിൽ 31 03 2019

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ