20.10.19

നിഴൽവീണവഴികൾ - ഭാഗം - 44

രണ്ടാളും ബസ്സ് സ്റ്റോപ്പ് വരെ ഒരുമിച്ചു നടന്നു.. അദ്ദേഹത്തന്റെ ബസ്സാണ് ആദ്യമെത്തിയത്.. അയാൾ അതിൽ കയറി. അവന് ടാറ്റ പറഞ്ഞ് യാത്രയായി.. അവൻ ചുറ്റുമൊന്ന് കണ്ണോടിച്ചു... അലയടിക്കുന്ന കടൽ കരയിൽ ജീവിതമെന്ന പുഴപോലെ ഒഴുകുകയായിരുന്നു ജനം ... ഇനി സ്കൂളിൽ പോയിട്ട് കാര്യമില്ല.. കാരണം 12 മണി കഴിഞ്ഞിരിക്കുന്നു... കുറച്ചു സമയം അവിടെ ചിലവഴിക്കാൻ അവൻ തീരുമാനിച്ചു.. തന്റെ സ്കൂൾ ബാഗും തോളിലിട്ട് കടൽത്തീരത്തിനരികിലെ ബഞ്ച് ലക്ഷ്യമാക്കി അവൻ നടന്നു.

അവന്റെ മനസ്സ് സംഘർഷഭരിതമായിരുന്നു. കാരണം കാത്തിരുന്ന ഒരവസരം വിളിച്ചു തന്നിരിക്കുന്നു. പക്ഷേ അവന്റെ അനുഭവത്തിൽ അയാളെ വിശ്വസിക്കാൻ കൊള്ളാവുന്ന ആളുമല്ല.. പക്ഷേ പറഞ്ഞ കാര്യങ്ങൾ സത്യമാണോ അല്ലേ എന്നറിയില്ലല്ലോ... തന്നെ അയാൾ പല പ്രാവശ്യം ഉപയോഗിച്ചു... കുറച്ചു സമയം തിരമാലകളിൽ കളിക്കുന്ന കുഞ്ഞുങ്ങളെ യും അവരെ വാരി എടുത്ത് കളി പറയുന്ന അമ്മമാരെയും നോക്കിയിരുന്നു മനസ്സിന് വല്ലാത്തോരു ശാന്തത വന്ന പോലെ .. ഫസലിന് വിശപ്പ് തോന്നി ഒരു ഫിഷ് ബിരിയാണി കഴിച്ചാലോ  അവൻ ബീച്ചിനടുത്ത് തന്നെയുള്ള ബോംബെ ഹോട്ടൽ ലക്ഷ്യമാക്കി നടന്നു നടത്തത്തിനിടയിൽ അവൻ ഓർക്കുകയായിരുന്നു അടുത്ത ദിവസം റഷീദ് മാമ വരുന്നുണ്ട്  തനിക്ക് എന്തൊക്കെയാ മാമ കൊണ്ട് വരിക . അൻവർ മാമയെക്കാളും കുറച്ചൂടെ അടുപ്പം കൂടുതലാണ് റഷീദ് മാമയോട്. വെളുപ്പാൻകാലത്തു തന്നെ വീട്ടിൽ നിന്നും പുറപ്പെടണം... പഠിത്തത്തിൽ കുറച്ച് ശ്രദ്ധക്കുറവെന്നകാര്യം അവനു നന്നായി ബോധ്യപ്പെട്ടിരുന്നു. ഈ വർഷം പരീക്ഷ കഴിഞ്ഞാൽ ഏതേലും കോളേജിൽ അഡ്മിഷൻ വാങ്ങി പോകണം.. വ്യക്തമായ രാഷ്ട്രീയ ചിന്താഗതികൾ ഉണ്ടാക്കിയെടുത്തതും തന്റെ സ്കൂൾ കാലഘട്ടമായിരുന്നു... വീട്ടിലെല്ലാർക്കും ഒരു പാർട്ടിയോടും വിശ്വാസമുണ്ടായിരുന്നില്ലങ്കിലും അവൻ ചെന്നെത്തിയത് തികച്ചും വ്യത്യസ്തമായ പാർട്ടിയിലായിരുന്നു. കലാകായിക മത്സരങ്ങളിൽ പ്രൈസ് വാങ്ങിക്കൂട്ടുമ്പോൾ തന്റെ സന്തോഷത്തോടൊപ്പം ഒരുപാടുപേരുണ്ടെന്നറിഞ്ഞപ്പോൾ അഭിമാനമായിരുന്നു അവന്... 

ഹോട്ടലിന് മുൻപിലെത്തി നല്ല തിരക്കുണ്ട് ഫിഷ് ബിരിയാണിക്ക് പേര് കേട്ട ഹോട്ടലായത് കൊണ്ട് പൊതുവെ തിരക്കുണ്ടാവാറുണ്ട് മുൻപ് പല തവണ വീട്ടിൽ അറിയാതെ പല ഇക്കമാരോടും ഒപ്പം വന്നു ബിരിയാണി കഴിച്ചിട്ടുണ്ട്.ഒരു  ടേബിൾ കാലിയായപ്പൊ വാഷ് ബേസിൽ നിന്ന് കൈ കഴുകി ബിരിയാണി ഓർഡർ കൊടുത്ത് ഇരുന്നു ടേബിൾ ബോയ് വെള്ളം കൊണ്ട് വന്നു ഒഴിച്ചു വെള്ളം രണ്ടു കവിൾ കുടിച്ചപ്പോഴേക്ക് ആവി പാറുന്ന ബിരിയാണി എത്തി ബില്ലുമായി ക്യാഷ് കൗണ്ടറിൽ എത്തി ക്യാഷ് കൊടുത്ത് പുറത്തേക്ക് ഇറങ്ങി രണ്ടു സ്റ്റെപ്പ് മുന്നോട്ട് വെച്ചപ്പോൾ ക്യാഷ് കൗണ്ടറിലെ ഇക്ക തിരികെ വിളിച്ച് ഒരു കള്ള ചിരിയോടെ മിട്ടായി നൽകി കൈ നീട്ടി മിട്ടായി വാങ്ങി 'കുണ്ടൻ ഇനിയും വരണട്ടോ' മ്മക്ക് ഒന്ന് കാണണം ... കുറച്ചു നേരം കൂടി ഫസൽ ബീച്ചിൽ ചുറ്റി ചുറ്റിപ്പറ്റി നടന്നു .തിരിച്ചു ബസ്‌സ്റ്റാന്റിലേക്ക് നടന്നു. നാട്ടിലേയ്ക്കുള്ള ബസ്സിൽ കയറി പറ്റി... വഴിയിൽ അവന്റെ ചിന്തകൾ സിനിമയിൽ അഭിനയിക്കുക എന്ന ആഗ്രഹം തന്നെയായിരുന്നു. പക്ഷേ എങ്ങനെ ആ മനുഷ്യനെ വിശ്വസിക്കും...

ആലോചനകൾക്കൊടുവിൽ അവനിറങ്ങേണ്ട സ്റ്റോപ്പെത്തി... സ്കൂളിൽ നിന്നുവരുന്നതുപോലെ അവൻ വീട്ടിലേയ്ക്കു നടന്നു ആർക്കും യാതൊരു സംശയവും നൽകാതെയായിരുന്നു അവന്റെ യാത്ര... വീട്ടിലെത്തിയപ്പോൾ അവിടൊരു ഉത്സവത്തിന്റെ പ്രതീതിയായിരുന്നു. റഷീദ് മാമ വരുന്നുവെന്നറിഞ്ഞ് വീടുമൊത്തം വൃത്തിയാക്കിയിരിക്കുന്നു... പുതിയ വീടു വാങ്ങാനുള്ള തീരുമാനപ്രകാരം പലരും വീട്ടിൽ വന്നുപോവുകയും ചെയ്യുന്നു. ഇതുവരേയും ഒരു വീടിനുപോലും സമ്മതം മൂളിയിട്ടില്ല...

റഷീദിനെ എയർപോർട്ടിൽ നിന്നും കൂട്ടിക്കൊണ്ടുവരുന്നതിനായി അൻവറും ഫസലും പുലർച്ചെ തന്നെ ടാക്സിയിൽ കൊച്ചിൻ എയർപോർട്ടിലേക്ക് പുറപ്പെട്ടു . ഏകദേശം നാല് അഞ്ചു മണിക്കൂറത്തെ യാത്രയുണ്ട്.പൊട്ടി പൊളിഞ്ഞ റോഡിലൂടെ ഉള്ള യാത്ര അതിലും കൂടുതൽ സമയം എടുത്തില്ലങ്കിലേ അത്ഭുതമുള്ളൂ .. വൈകിട്ട് ആറ് മണിയ്ക്ക് ഫ്ലൈറ്റ് ലാന്റ് ചെയ്യും... അൻവറും ഫസലും ബാക്ക് സീറ്റിലായിരുന്നു ഇരുന്നിരുന്നത്... വാഹനം പുറപ്പെട്ട് കുറേനേരത്തേയ്ക്ക രണ്ടാളും ഒന്നും സംസാരിച്ചിരുന്നില്ല.. ഡ്രൈവർ എന്തെല്ലാമോ മാമയോട് ചോദിക്കുന്നുണ്ടായിരുന്നു മറുപടി ചുരുക്കം ചില വാക്കുകളിൽ ഒതുക്കി. 

രണ്ടാളും താമസിയാതെ മയക്കത്തിലേയ്ക്ക് വഴുതിവീണു... കാർ എയർപോർട്ടിലെത്തി.. ഇൻഫർമേഷൻസെന്ററിൽ നിന്നും ഫ്ലൈറ്റ് അരമണിക്കൂർ ലേറ്റാണെന്നറിയാൻ സാധിച്ചു. രണ്ടുപേരും പുറത്തിറങ്ങി ചായകുടിക്കാനായി ഡ്രൈവറെയും കൂട്ടി അടുത്ത ക്യാന്റീനിലേയ്ക്ക് പോയി ചായയ്ക്ക് ഓർഡർ കൊടുത്തു ...

“ഫസലേ പഠിത്തമൊക്കെ എങ്ങനെപോകുന്നു. നന്നായി പഠിക്കണം കേട്ടോ... ഇപ്പോൾ നല്ല മാർക്കില്ലാതെ കോളേജിൽ അഡ്മിഷൻ കിട്ടാനൊക്കെ വലിയ പാടാണ്...“

“മാമാ എനിക്കൊരു കാര്യം പറയണം.“

അൻവറിന്റെ മനസ്സൊന്നു കാളി... ഇനി എന്താവും ഇവൻ പറയാൻ പോകുന്നത്.. പുതിയ ഏടാകൂടത്തിലെങ്ങാനും ചെന്ന് ചാടിയോ...

“മോൻ പറഞ്ഞോളൂ ..“

“പിന്നെ എനിക്ക് സിനിമയിൽ അഭിനയിക്കാൻ ഒരു അവസരം കിട്ടി.. നേരത്തേ അറിയാവുന്ന ആളാണ്... രണ്ടുദിവസം മുമ്പ് എന്നെ കണ്ട് കഥ പറഞ്ഞു...“

“വേണ്ട... വേണ്ട... ഇപ്പോൾ അതിനൊന്നും പോവണ്ട .. പഠിത്തത്തിൽ മാത്രം ശ്രദ്ധിക്കുക... പഠിത്തം കഴിഞ്ഞ് നമുക്ക് ആലോചിക്കാം... എന്തിനും ഒരു അടിസ്ഥാന യോഗ്യത ആവശ്യമാണ്... നേരത്തേ അഭിനയിച്ചതല്ലേ.. അവസാനം എന്തായി... സിനിമപോലും പുറത്തിറങ്ങിയില്ല..“

ആ അഭിപ്രായം ശരിയാണെന്ന് ഫസലിനും തോന്നി... 

“ശരിയാ മാമ പറഞ്ഞത്... പഠിത്തം കഴിയട്ടെ... അല്ലെങ്കിലും രണ്ടു ഒരുമിച്ചു കൊണ്ടുപോകാൻ പാടാവും..“

അൻവർ അവന്റെ തോളിൽ തടവിയിട്ടു പറഞ്ഞു... 

“എല്ലാറ്റിനും ഒരു സമയം വരും മോനേ.. അല്ലാഹു അതിനുള്ള അവസരം കാത്തുവച്ചിട്ടുണ്ട്... ഇപ്പോൾ നിനക്ക് പഠിക്കാനുള്ള സമയമാണ്.. അത് നീ നല്ല മാർക്കോടെ പാസ്സാവാൻ ശ്രമിക്ക് .“

“ശരി മാമാ... ഞാനിനി അയാളെ കാണാൻ പോകുന്നില്ല.. എനിക്ക് പഠിച്ചാൽ മതി..“

രണ്ടാളും എയർപോർട്ടിന്റെ ആഗമന കവാടത്തിൽ നിലയുറപ്പിച്ചു... വരുന്ന ഓരോവ്യക്തികളേയും പ്രത്യേകം പ്രത്യേകം നോക്കുന്നുണ്ടായിരുന്നു.... അല്പ സമയത്തിനകം റഷീദ് ട്രോളിയുമായി വരുന്നതുകണ്ടു.. തിങ്ങിനിറഞ്ഞ് ആളുകളെ വകഞ്ഞുമാറ്റി രണ്ടാളും കുറച്ചു മുന്നോട്ടു നടന്നു.. റഷീദ് അവരുടെ  അടുത്തെത്തി... അൻവർ റഷീദിനെ ആലിംഗനം ചെയ്തു.. റഷീദ് ഫസലിനടുത്തെത്തി പറഞ്ഞു. “ഫസലേ നീ ആളാകെ മാറിയല്ലോടാ... “

ഫസൽ റഷീദിനെ നോക്കി ചിരിച്ചു... റഷീദിന്റെ ട്രോളിയുടെ നിയന്ത്രണം അവൻ ഏറ്റെടുത്തു. അവർ മൂവരും പാർക്കിംഗ് ഏരിയയിലെ കാർ പാർക്ക് ചെയ്ത സ്ഥലം ലക്ഷ്യമാക്കി നടന്നു. കുശലാന്വേഷണങ്ങൾ തുടർന്നുകൊണ്ടേയി രുന്നു.. ലഗേജൊക്കെ കാറിൽ കയറ്റി മൂവരും അകത്തുകയറി.. കാർ സാവധാനം മുന്നോട്ടു നീങ്ങി.. അൻവർ തങ്ങൾ പതുതായി കണ്ടുവച്ച വീടിനെക്കുറിച്ചും അതിന്റ പ്രത്യേകതകളെക്കുറിച്ചും റഷീദിനോടു പറഞ്ഞു.

“അൻവറേ നമുക്ക് എത്രയും വേഗം റെജിസ്ട്രർ ചെയ്യണം  .. ലീവ് രണ്ടാഴ്ചമാത്രമേയുള്ളൂ... അവിടെനിന്നും മാറിനിൽക്കാനാവില്ല... ഇപ്പോൾ നല്ല ഓർഡറുള്ള സമയമാണ്... ജീവനക്കാരൊക്കെ നല്ല ആത്മാർത്ഥതയുള്ളവരാണ്. എന്നാലും നമ്മുടെ ഒരു കണ്ണ് എപ്പോഴും വേണം.“

“അത് ശരിയാ... പ്രശ്നമില്ല ഏതു വേണമെന്ന് ഇക്ക കണ്ട് തീരുമാനിച്ചാൽ മതി...“

“ഉപ്പാക്കും വീട്ടുകാർക്കും ഇഷ്ടപ്പെട്ടെങ്കിൽ വേറെ ഒന്നും നോക്കേണ്ടതില്ല...“

അവരുടെ ചർച്ചകൾ പല വഴിയിലൂടെയും കടന്നുപോയി... ഇതെല്ലാം ശ്രദ്ധിച്ചുകൊണ്ട് പുറം കാഴ്ച്ച കൾ കണ്ടിരിക്കുകയായിരുന്നു ഫസൽ .രാത്രി വെട്ടത്തിൽ ഓരോ ടൗണുകളും മനോഹരമായി തോന്നി . ആദ്യമായിട്ടാണ് ഇത്രദൂരം യാത്ര ചെയ്യുന്നതുംകൊച്ചിൻ എയർപോർട്ട് വരെ വരുന്നതും . അതിന്റെ ഒരു സന്തോഷവും ഫസലിനുണ്ടായിരുന്നു. കൂടാതെ തങ്ങൾ പുതുതായി വാങ്ങാനുദ്ദേശിക്കുന്ന വീടിനെക്കുറിച്ചുള്ള സ്വപ്നവും.. തനിക്കും കിട്ടുമായിരിക്കും സ്വന്തമായി ഒരു റൂം.. എവിടെയായാലും മുകളിലത്തെ നിലയിൽ തന്നെ തന്റെ റൂം ഒപ്പിക്കണം... കാരണം ചുറ്റുപാടും നന്നായി കാണാമല്ലോ...

കാർ അവരുടെ വീടിന് മുന്നിലെത്തി... വീട്ടിനുള്ളിൽനിന്നും എല്ലാവരും റഷീദിനെ സ്വീകരിക്കാൻ പുറത്തിറങ്ങി നിൽപ്പുണ്ടായിരുന്നു.. ഹമീദിന് നടക്കാൻ ബുദ്ധിമുട്ടായതിനാൽ വരാന്തയിൽ നിൽപ്പുണ്ടായിരുന്നു... റഷീദ് എല്ലാരേയും നോക്കി ചിരിച്ചു.. വാപ്പയുടെ അടുത്തെത്തി അസ്സലാമു അലൈക്കും വാപ്പാ അദ്ദേഹത്തെ സ്നേഹപൂർവ്വം ആലിംഗനം ചെയ്തു.. ആ മനുഷ്യന്റെ കണ്ണിൽ നിന്നും രണ്ടുതുള്ളി കണ്ണുനീർ അടർന്നുവീണു... റഷീദ് തിരിഞ്ഞതും തൊട്ടടുത്തായി താൻ ‍ജന്മംനൽകിയ കുഞ്ഞുമായി അഫ്സ നിൽക്കുന്നു.. അവൻ കുഞ്ഞു മകളുടെ കവിളിൽ ഒരുമ്മനൽകി.. കൈയ്യിലെടുത്തു താലോലിച്ചു... ഉമ്മയുടെ അടുത്തെത്തി ഉമ്മയെ കെട്ടിപ്പിടിച്ചു നെറ്റിയിൽ ഒരു ഉമ്മ നൽകി  സന്തോഷം കൊണ്ട് ഉമ്മയുടെ കണ്ണുകൾ നിറഞ്ഞു സഫിയയുടെ തോളിൽ തട്ടി സുഖവിവരങ്ങൾ തിരക്കി...നാദിറയോട് വീട്ടുകാര്യങ്ങളും ഉപ്പയുടെ സുഖ വിവരങ്ങളും  അന്വോഷിച്ചു. അവിടുത്തെ ഓരോ കുടുംബാംഗങ്ങളുടെയും മനസ്സിൽ  സന്തോഷത്തിന് അതിരില്ലായിരുന്നു.

“റഷീദേ യാത്രയൊക്കെ സുഖമായിരുന്നോ...“

“ആ വാപ്പാ... ഫ്‌ളൈറ്റ് കുറച്ചു ലേറ്റായി...കോഴിക്കോട് എയർപോർട്ടിലേക്ക് ടിക്കറ്റ് കിട്ടിയില്ല ഇപ്പൊ അവിടെ വെക്കേഷൻ ടൈം അല്ലെ കൊച്ചി ആയതു കൊണ്ട് യാത്ര കുറച്ചു കൂടി വേറേപ്രശ്നമൊന്നുമില് വാപ്പാ ..“

“വാപ്പാ... നമുക്ക് നാളെ രാവിലെ തന്നെ പുതിയ  വീടുകൾ കണ്ട് എഴുതാനുള്ള കാര്യങ്ങൽ ചെയ്യണം..“

“നീ കണ്ടിട്ട് ഏതാണ് നല്ലതെന്നു പറഞ്ഞാൽ മതി..“

“വാപ്പയ്ക്ക് ഏതാണ് നല്ലതെന്നു തോന്നുന്നത്..“

“ഇവിടടുത്തുള്ള പുരയിടം വലിയ കുഴപ്പമില്ല.. റോഡ് സൈഡാണ് വിലയും ഒക്കെയാണ്... ഇപ്പോൾ പുരയിടത്തിന് വില കുറച്ച് കുറഞ്ഞിരിക്കുന്നസമയമല്ലേ...“

“ശരി വാപ്പാ... വാപ്പായ്ക്കും അൻവറിനും  മറ്റെല്ലാർക്കും ഇഷ്ടപ്പെട്ടെങ്കിൽ നമുക്ക് എഴുതിക്കാനുള്ളകാര്യങ്ങൾ നോക്കാം..“ 

“എന്തായാലും നീ യാത്രചെയ്ത് വന്നതല്ലേ... ഒന്ന്  ഫ്രഷായിപോരേ..“

റഷീദ് കുഞ്ഞിനേയുമെടുത്ത് അവരുടെ റൂമിലേയ്ക്ക് പോയി... കുഞ്ഞ് റഷീദിനെത്തനെ ഇമവെട്ടാതെ നോക്കുന്നുണ്ടായിരുന്നു. ഒരു പക്ഷേ അവൾക്ക് തന്റെ പിതാവാണ് എടുത്തുരിക്കുന്നതെന്ന് സ്പർഷനത്തിൽ നിന്നും മനസ്സിലായിക്കാണും... ഭാര്യയോടും കുശലാന്വേഷണങ്ങൾ ചോദിച്ചു.. അവൾക്ക് ബന്ധുക്കളില്ലാത്തതിനാൽ എല്ലാരും മാക്സിമം സ്നേഹം അവൾക്ക് നൽകുന്നുണ്ടായിരുന്നു.. താൻ ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു ജിവിതം ലഭിച്ച സന്തോഷത്തിൽ അവൾ എല്ലായ്പ്പോഴും അല്ലാഹുവിനെ സ്മരിക്കാറുമുണ്ട്...

എല്ലാവരും അന്ന് ഒരുമിച്ചിരുന്നാണ് ഭക്ഷണം കഴിച്ചത് ... ആ വീട്ടിൽ സന്തോഷം അലതല്ലുകയായിരുന്നു..

പിറ്റേന്ന് റഷീദ് എത്തിയതറിഞ്ഞ് ബന്ധുക്കളും സുഹൃത്തുക്കളും അവിടെത്തിയിരുന്നു... എല്ലാവർക്കും മിഠായിയും മറ്റും നൽകി സ്നേഹത്തോടെ യാത്രയാക്കി.. ഉച്ചയൂണും കഴിഞ്ഞ് ഏകദേശം നാലുമണിയോടെ റഷീദും അൻവറും ഫസലിനേയും കൂട്ടി തൊട്ടടുത്തുള്ള വീടു കാണാനായി. പോയി.. ഒറ്റ നോട്ടത്തിൽ തന്നെ എല്ലാവർക്കും ഇഷ്ടമായി.. അഞ്ചോളം മുറികളുണ്ട്. രണ്ടു നിലകളായി... ഇരുപത്തിയഞ്ചോളം സെൻിൽ നിൽക്കുന്ന വീട്... വീട്ടുടമസ്ഥനെ കണ്ട് കാര്യങ്ങൾ ഉറപ്പിച്ചു... 

“നാളെ ഞായർ.. വീട്ടിൽ പോയി ഉപ്പയോട് സംസാരിച്ചിട്ട്   മറ്റന്നാൾ എഴുതിക്കാൻ ആധാര ഓഫീസിൽ കൊടുക്കണം എത്രയും പെട്ടന്ന് റെജിസ്ട്രർ ചെയ്യണം എനിക്ക് ലീവ് കുറവാണ് .“

“ഉടമസ്ഥനും സന്തോഷമായി.. അദ്ദേഹത്തിന്റെ മകളുടെ കല്യാണം ശരിയായത് കൊണ്ട് വീട് വിൽക്കാൻ വെച്ചതാണ് .. കുറച്ചകലെ അവർക്ക് മറ്റൊരു വീടുണ്ട്.. ഇതിന് നല്ല വിലകിട്ടുമെന്നറിയാവുന്നതുകൊണ്ട് വിൽപ്പനനടത്തി മകളെ കെട്ടിക്കണമെന്നാണ് അവരുടെ തീരുമാനം.. അതു പ്രകാരമാണ് തിടുക്കപ്പെട്ട് വില്പനടത്താൻ തീരുമാനിച്ചത്...“

അവർ മൂവരും വീട്ടിൽ തിരികെയെത്തി..  ഹമീദിനോട് വിവരങ്ങളൊക്കെ പറഞ്ഞു..

“വാപ്പാ.. തിങ്കളാഴ്ച നമുക്ക് എഴുതിക്കാം.. വാപ്പയും വരണം...“

“അതെന്തിനാടാ മോനേ...“

“ഇത് വാപ്പയുടെ പേരിലാണ് എഴുതിക്കുന്നത്...“

എല്ലാരുമൊന്നു ഞെട്ടി... അവൻ അധ്വാനിച്ചുണ്ടാക്കിയ കാശുകൊടുത്ത് വാപ്പയുടെ പേരിൽ റെജിസ്ട്രർ ചെയ്യാനോ അപ്പൊ കുടുംബ സ്വത്താവില്ലേ ..

“അതേ വാപ്പാ... ഇതെന്റെ ആഗ്രഹമാണ്... വാപ്പ അനുഭവിച്ച ത്യാഗത്തിന് വേദനയ്ക്ക് ഞാൻ എന്റെ എത്ര ജൻമ്മങ്ങൾ ആ കാൽ കീഴിൽ  അർപ്പിച്ചാലും മതിയാകില്ല ...മരണംവരെ വാപ്പാന്റെ കൈയ്യിലിരിക്കട്ടെ... ഈ വീട് നമ്മുടെ കുടുംബത്തിനുള്ളതാ സഫിയക്കും മോനും നമ്മൾ മാത്രമല്ലെ ഒള്ളൂ അൻവറിനും വീടായിട്ടില്ല വാപ്പയുടെ ശേഷം അവർ പെരുവഴിയിൽ ആവാൻ പാടില്ലല്ലോ ... നമ്മുടെ സ്നേഹം എല്ലാക്കാലവും നിലനിൽക്കണം.. നമുക്കുരൊമിച്ചു താമസിക്കണം....“

ആ വൃദ്ധമനുഷ്യന്റെ കണ്ടമിടറി. എന്തു പറയണമെന്നറിയാതെ ... അദ്ദേഹത്തിന്റെ കണ്ണുകൾ നിറഞ്ഞു... 

“അത് വേണോ.. മോനേ... നിന്റെയും അവളുടെയും പേരിൽ എഴുതിയാൽ പോരെ....അഫ്സ പറഞ്ഞു സമ്മതിച്ചേക്ക് വാപ്പാ റഷീദ്ക്കയുടെ ഇഷ്ടമല്ലേ .
.. കൂടി നിന്നവരുടെ കണ്ണുകൾ നിറഞ്ഞു. അൻവറിനും നാദിറയ്ക്കും കുറ്റ ബോധം കൊണ്ട് തല കുനിഞ്ഞു ...

തന്റെ മകന്റെ സ്നേഹത്തിന്റെ ആഴം തൊട്ടറിഞ്ഞ നിമിഷമായിരുന്നു ഹമീദിന്...

“വേണ്ട വാപ്പാ... ഇവിടെ എല്ലാവർക്കും തുല്യ അവകാശമാ... അത് എല്ലാക്കാലവും നില നിൽക്കണം ..“

“ആരുമൊന്നും മിണ്ടിയില്ല...“

ഇപ്പോഴത്തെ സ്വാർത്ഥന്മാരായ മക്കളുള്ള കാലത്ത് തന്റെ മകൻ ഇങ്ങനെ ചിന്തിച്ചതിൽ ഹമീദ് അത്ഭുതപ്പെട്ടു.. അൻവർപോലും ഒരുകാലത്ത് സ്വന്തം കാര്യം നോക്കി പോയതാണ്.. പക്ഷേ റഷീദ് അങ്ങനെയായിരുന്നില്ല... രക്ഷകർത്താക്കളുടെ കൈയ്യിൽ എന്തുണ്ടെങ്കിലും വാങ്ങിയെടുത്ത് വൃദ്ധസദനത്തിലേയ്ക്കയക്കുന്ന മക്കളെയാണ് ഇന്നു നമുക്ക് കാണാനാവുന്നത്. മരിച്ചു എന്നറീക്കുമ്പോൾ ലീവില്ലന്നു മുടന്തൻ ന്യായം പറഞ്ഞുകടമകളിൽ നിന്നും ഒഴിഞ്ഞു മാറുന്ന പുതു തലമുറ.പണം കൊണ്ട് എല്ലാം നേടാൻ കഴിയില്ലെന്ന് അവർ തിരിച്ചറിയുന്ന കാലം എത്തുമ്പോഴേക്ക് ഇതേ പ്രവണത അവരുടെ മക്കൾ അവരോട് കാണിച്ചിരിക്കും അതിന് കാലം മാത്രമേ സാക്ഷിയാകൂ ... മക്കളുടെ നല്ലതിനുവേണ്ടി ഒരായുസ്സു മുഴുവൻ കഷ്ടപ്പെട്ടുണ്ടാക്കിയത് കരസ്ഥമാക്കുന്നതിനായി പരസ്പരം പോരടിക്കുന്ന സഹോദരങ്ങൾ... സ്വത്തു തർക്കത്തിൽ അച്ചനേയും അമ്മയേയും മാനസികമായും ശാരീരികമായും പീഠിപ്പിക്കുകയും കൊല്ലാൻ പോലും മടിക്കാത്ത മക്കൾ.. അതിൽ നിന്നും എത്രയോ വ്യത്യസ്ഥനാണ് റഷീദ്... അവൻ പണ്ടേ അങ്ങനാ.. വാപ്പാന്നു പറഞ്ഞാൽ അവന് ജീവനാ ദൈവം പണം കൊണ്ട് അവന് അനുഗ്രഹം ചൊരിയുമ്പൊഴും.തന്റെ കൂടപ്പിറപ്പുകളെ ചേർത്ത് നിറുത്തി മുന്നോട്ടു കൊണ്ടുപോകുന്നതു തന്നെ അവന്റെഹൃദയ വിശാലത തന്നെയാണ്... യത്തീമായ ഒരു പെൺകുട്ടിയെ വിവാഹം കഴിക്കണമെന്നുള്ള ആഗ്രഹം ആദ്യം പറഞ്ഞപ്പോൾ ഹമീദ് എതിർത്തതാണ്.. പക്ഷേ മകന്റെ സ്വഭാവമറിയാവുന്നതുകൊണ്ട് അതിനു പൂർണ്ണമനസ്സോടെ സമ്മതം മൂളുകയും ചെയ്തു... രാത്രിയിൽ  എല്ലാവരുടെയും സാന്നിധ്യത്തിൽ പെട്ടിപൊട്ടിച്ചു .. തുല്യമായി എല്ലാർക്കും വീതിച്ചു നൽകി.. ഫസലിനും കിട്ടി പുതിയ ഉടുപ്പും പുത്തൻപേനയുമെല്ലാം.. അവനും ആകെ സന്തോഷത്തിലായിരുന്നു. ആ രാത്രി എല്ലാവർക്കും സന്തോഷത്തിന്റേതായിരുന്നു. റഷീദിനുവേണ്ടി അവന് ഇഷ്ടപെട്ട ബിരിയാണി തന്നെ ഉണ്ടാക്കി . ഏറെനേരം അവർ സംസാരിച്ചും പറഞ്ഞുമിരുന്നു... രാത്രി ഏറെ വൈകിയാണ് എല്ലാവരും ഉറങ്ങാൻ പോയത്... 

ചെളിക്കുണ്ടിലേയ്ക്ക് താഴ്ന്നുപോകുമായിരുന്ന ആ കുടുംബം ഇന്ന് ഉയർത്തെഴുന്നേറ്റിരിക്കുന്നു. പരസ്പര സ്നേഹത്തിന്റെയും വിശ്വാസത്തിന്റെയും അല്ലാഹുവിന്റെ അനുഗ്രഹത്തിന്റെയും ഫലമായി അവർക്ക് ഒരു ഉയർച്ച ലഭിച്ചിരിക്കുന്നു.. ആർക്കും അസൂയയുണ്ടാക്കുന്ന വളർച്ച.
അല്ലാഹു... അക്ബർ... അള്ളാഹു... അക്ബർ... ലാഹിലാഹ... ഇല്ലള്ളാഹ് അകലെയുള്ള പള്ളിയിൽ നിന്നും ബാങ്ക് വിളി കേട്ട് കൊണ്ട് സുബഹി നമസ്ക്കാരത്തിനായി ഹമീദ് നിദ്രയിൽ നിന്നും ഉണർന്നു .....

 തുടർന്നു വായിക്കുക അടുത്ത ഞായറാഴ്ച്ച  27 10 2019

ഷംസുദ്ധീൻ തോപ്പിൽ 20 10 2019

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ