7.10.19

നിഴൽവീണവഴികൾ - ഭാഗം - 42



ബസ്സ് ഇഴഞ്ഞിഴഞ്ഞ് മുന്നോട്ട് പോകുന്നുണ്ടായിരുന്നു... ഫസലിന്റെ ചിന്തകൾ ശരവേഗത്തിലായിരുന്നു മുന്നോട്ടു കുതിച്ചിരുന്നത്... അവന്റെ മുഖത്ത് ഇടയ്ക്കിടയ്ക്ക് അൻവർ നോക്കുന്നുണ്ടായിരുന്നു. നിഷ്കളങ്കമായ മുഖത്തെ ഭാവങ്ങളൊന്നും മനസ്സിലാകുന്നില്ല... ശരിയ്ക്കും എന്ത് ചെയ്യണമെന്ന് അൻവറിനും ഒരൂഹമില്ലായിരുന്നു. അവൻ ചെയ്യുന്നതാണോ ശരി... അതോ....

അൻവറും ഫസലും ഒരുമിച്ചു വരുന്നത് കണ്ട് വീട്ടുകാർ അമ്പരന്നു...

“നിങ്ങൾക്കിവനെ എവിടുന്നു കിട്ടി....“ നാദിറയുടെ ചോദ്യം...

“ഞാനിവന്റെ സ്കൂളിലൊന്നു പോയിരുന്നു.. ഇവന്റെ പഠിത്തമൊക്കെ എങ്ങനുണ്ടെന്നറിയാൻ.“

“എന്നിട്ടെന്തായി...“ ഹമീദിന്റെ ചോദ്യം..

“കുഴപ്പമില്ല... കുറച്ചുകൂടി ശ്രദ്ധ വേണമെന്നാണ് ടീച്ചർമാരുടെ അഭിപ്രായം... പത്താക്ലാസ്സല്ലേ... നന്നായി ശ്രദ്ധിക്കണം.“

“അതു വേണം അതു വേണം..“ ഹമീദിന്റെ സ്വരത്തിന് ഒരു ഊർജ്ജസ്വലത വന്നതുപോലെ...

ഫസൽ നേരേ റൂമിലേയ്ക്ക് പോയി... സഫിയ കുഞ്ഞുമായി അടുക്കളവാതിൽക്കൽ ഇരിക്കുകയായിരുന്നു... ഫസൽ സഫിയയുടെ പിറകിലെത്തി... ശബ്ദമുട്ടാക്കി ഭയപ്പെടുത്താൻ ശ്രമിച്ചു...

“വേണ്ട.. ഫസലേ... കുഞ്ഞ് പേടിക്കും... ഇച്ചെറുക്കന് ഇതുവരെ കുട്ടിക്കളി മാറിയില്ലേ...“

“ഇല്ലുമ്മാ... എങ്ങനെ മാറാനാ... ഞാൻ ഉമ്മാന്റെ മോനായിപ്പോയില്ലേ ... പിന്നെ ഞാനൊന്നും പറഞ്ഞില്ലാന്നുവേണ്ട... പുതിയൊരാളു വന്നേപ്പിന്നെ സ്വന്തം മോനെ ശ്രദ്ധിക്കാൻ ഉമ്മയ്ക്ക് സമയമില്ലാട്ടോ....“ അവൻ തമാശയ്ക്ക് സഫിയയോട് പറഞ്ഞു...

സഫിയയുടെ കണ്ണു നിറഞ്ഞു... “മോനേ നിനക്കങ്ങനെ തോന്നിയോ...“

“ഇല്ലുമ്മ... തമാശയ്ക്ക് പറഞ്ഞതാ...“

“നീ പറഞ്ഞതും ശരിയാടാ... എനിക്ക് ഒട്ടും സമയമില്ല.. റഷീദിന്റെ ഭാര്യയ്ക്കാണെങ്കിൽ തീരെ ആരോഗ്യവുമില്ല.. പിന്നെ എല്ലാറ്റിനും ഒരു സഹായം വേണ്ടേ മോനേ... ഞാനല്ലാതെ ഇവിടെ വേറേയാരാ...“

“എടാ... നീ കുഞ്ഞിനെയൊന്നു പിടിച്ചേ... നല്ല  കാപ്പിയും ഇലയടയുമുണ്ട്... ഇപ്പോ കൊണ്ടുതരാം...“

അവൻ കുഞ്ഞിനെ കൈയ്യിലെടുത്തു..

“എന്താ മോളേ.. ആമൂട്ടി നീയെന്താ പിണങ്ങിയിരിക്കുന്നേ...“

അവന്റെ മനസ്സ് പെട്ടെന്ന് ഐശുവിന്റെ ഓർമ്മകളിലേയ്ക്ക് ഊളിയിട്ടു... കുറച്ചു ദിവസങ്ങളായി അവളെ കണ്ടിട്ട്... ഇന്നു സ്കൂളിൽ പോയിരുന്നെങ്കിൽ കാണാമായിരുന്നു. പക്ഷേ യാത്ര വേറൊരു വഴിയിലായിലായിപ്പോയില്ലേ.

സഫിയ കാപ്പിയുമായി വന്നു.. അവൻ ഗ്ലാസ്സ് മേശപ്പുറത്തുവച്ചു.. ഇലയടയും കാപ്പിയും ആസ്വദിച്ചു കഴിക്കാൻ തുടങ്ങി... ഇടയ്ക്കിടയ്ക്ക് തന്നെ നോക്കുന്ന ആമിന മോളോട്  ചെറുകഷണം കാണിച്ചു വേണോന്ന് ചോദിച്ച്‌ നുണപ്പിക്കുന്നുമുണ്ട് അവൾ ഫസലിന്റെ കൈ ചലനങ്ങൾക്കനുസരിച്ചു കൈകാലുകൾ ഉയർത്തി പൊട്ടി പൊട്ടി ചിരിച്ചു കൊണ്ടിരുന്നു... 

“പോടാ... കൊച്ചിനെ കളിയാക്കാതെ... അവൾക്കതൊന്നും കഴിക്കാനുള്ള പ്രായമായില്ല... ആവട്ടെ... നിനക്കൊന്നും തരാതെ അവൾ തിന്നും....“

അവന് എന്തെന്നില്ലാത്ത ഒരു സന്തോഷം മനസ്സിന്... എല്ലാ ഭാരങ്ങളും ഇറക്കിവച്ചതുപോലെ... കുറച്ചു ദിവസങ്ങൾക്കുശേഷമാണ് ഉമ്മയുമായി നന്നായി ഒന്നു സംസാരിക്കാൻ സാധിച്ചതുതന്നെ....

സഫിയയും ഉള്ളു നീറി കഴിയുകയായിരുന്നു. പനിവന്നപ്പോഴുള്ള അവന്റെ പെരുമാറ്റവും മറ്റും അവളെ ധർമ്മസങ്കടത്തിലാക്കിയിരുന്നു. പക്ഷേ മകൻ അതെല്ലാം ഉറക്കത്തിൽ സ്വപ്നംകണ്ടതാണെന്നുള്ള സമാധാനമായിരുന്നു അവൾക്ക്...

“ഹമീദിക്കാ ഹമീദിക്കാ...“ അയലത്തെ വീട്ടിൽനിന്നും വിളികേട്ട് അൻവർ പുറത്തേയ്ക്കിറങ്ങി...

“എന്താ ശ്രീധരേട്ടാ...“ അയലത്തെ ശ്രീധരേട്ടനായിരുന്നത്... ആ ഭാഗത്ത് ആ വീട്ടിലാണ് ആദ്യം ഫോൺ എത്തിയത്.. അതിനാൽ അന്നാട്ടിലെ പലരുടെയും ആശയവിനിമയം ശ്രീധരേട്ടന്റെ ഫോൺവഴിയായിരുന്നു... 2244 ആ നമ്പർ എല്ലാർക്കും കാണാപ്പാടവുമായിരുന്നു. വിദേശത്തും സ്വദേശത്തുമുള്ള എല്ലാർക്കും ശ്രീധരൻ നായർ എട്ടനായിരുന്നു. അദ്ദേഹത്തെക്കാൾ പ്രായമുള്ളവർപോലും ശ്രീധരേട്ടാന്നാണ് വിളിച്ചിരുന്നു.... ബഹുമാനംകൊണ്ടും സ്നേഹംകൊണ്ടും... പ്രായം എഴുപതിനോടടുത്തുവരും... പഴയ നായർ തറവാട്ടിലെ അവസാന കണ്ണിയാണ്.... എന്നാലും ജാതിമതഭേദമനന്യം എല്ലാരോയും ഒരേപോലെകാണാൻ ശ്രീധരേട്ടനുമാത്രമേ കഴിയൂ....

“ആരാ ശ്രീധരേട്ടാ....“ അൻവർ ചോദിച്ചു.

“റഷീദാ... ഇപ്പോ വിളിക്കാന്നു പറഞ്ഞു വിളിച്ചിരുന്നു.... ആരേലും ഒന്നു വന്നാൽ അവനോട് സംസാരിക്കാമായിരുന്നു...“

“അൻവറേ നീയൊന്നുപോയിട്ടു പോരേ...“ ഹമീദ് അൻവറിനോട് പറഞ്ഞു....

“അൻവർ ശ്രീധരേട്ടന്റെ വീട്ടിലേയ്ക്ക് പോയി... കുറച്ചു നേരത്തിനുശേഷം അദ്ദേഹം തിരികെയെത്തി.. മുഖത്ത് വളരെ സന്തോഷം കാണാനുണ്ടായിരുന്നു.“

“എന്താ മോനേ... എന്തേലും വിശേഷം...“

“റഷീദ് മറ്റന്നാൾ നാട്ടിലേയ്ക്ക് വരുന്നു വാപ്പാ...“

ആ വാർത്ത ആ വീട്ടിലെ എല്ലാർക്കും വളരെ സന്തോഷം നൽകുന്നതായിരുന്നു. റഷീദിന്റെ ആഗ്രഹപ്രകാരം ഒന്നുരണ്ട് വീടും പുരയിടവും നോക്കി വച്ചിരിക്കുകയാണ് അൻവറും ഹമീദും... അതു വാങ്ങിയാൽ എല്ലാർക്കും ഒരുമിച്ച് അവിടേയ്ക്ക് താമസം മാറണമെന്നതാണ് റഷീദിന്റെ ആഗ്രഹം... ഇവിടടുത്ത് 400 മീറ്റർ ദൂരെ മാറി ഒരു വീട് കണ്ടത് എല്ലാർക്കും വളരെ ഇഷ്ടപ്പെട്ടിരിക്കുകയാണ്... രണ്ടുനിലകളുള്ള വീട്... ഏതാണ്ട 6 കിടപ്പുമുറികളും മറ്റു സൗകര്യങ്ങളുമെല്ലാമുണ്ട് വിലയൊരൽപ്പം കൂടുതലാണെങ്കിലും അതു വാങ്ങിയാൽ കൊള്ളാമെന്നുള്ള ആഗ്രഹം ഹമീദിനും വീട്ടുകാർക്കുമുണ്ട്...

കഷ്ടപ്പാടുകൾക്കൊരു അറുതിവന്നത് റഷീദിന്റെ ഗൾഫിലേയ്ക്കുള്ളയാത്രയാണ്... ആദ്യമൊക്കെ കുറച്ചു കഷ്ടപ്പാടുകളുണ്ടായെങ്കിലും ഇപ്പോൾ എല്ലാ നേരേയായി... സ്വന്തമായി അവനിപ്പോൾ 3 ബേക്കറികളുണ്ട്... നല്ല ബിസിനസ്സ്... അതിനനുസരിച്ചുള്ള ലാഭവും... പക്ഷേ ഇപ്പോഴും അവൻ പഴയ റഷീദ് തന്നെ... അവനൊരു മാറ്റവുമില്ല... എന്തും വാപ്പയോട് ആലോചിച്ചേ ചെയ്യൂ.... അൻവർ നാട്ടിലുള്ളത് റഷീദിനും വലിയൊരു സഹായമായി.... വയ്യാത്ത വാപ്പയ്ക്കും മറ്റു കുടുംബക്കാർക്കും വലിയൊരു സഹായവുമായി... റഷീദ് പുതുതായി തുടങ്ങാൻ പോകുന്ന ബേക്കറിയുടെ ചുമതല പൂർണ്ണമായും അൻവറിനെ ഏൽപ്പിക്കാനുള്ള ആലോചനയിലാണ് റഷീദ്... അൻവറിനും അതു സമ്മതമായിരുന്നു.

ഹമീദ് ഓർക്കുകയായിരുന്നു. കഷ്ടപ്പാടിന്റെയും ബുദ്ധിമുട്ടുകളുടെ നാളുകൾ... ആ കാലത്ത് പിടിച്ചു നിൽക്കാൻ സാധിച്ചത് തന്റെ മക്കളുടെ ധൈര്യം ഒന്നുകൊണ്ടു മാത്രമായിരുന്നു. കുറച്ചു കൂടുതൽ സ്നേഹം റഷീദിന് തന്നെയാണ്... അവന് വാപ്പയെന്നാൽ ജീവനാണ്... ഇപ്പോൾ വസ്തുവേടിക്കുന്നത് തന്റെ പേരിൽതന്നെ വേണമെന്നാണ് അവന് നിർബന്ധം... വാപ്പയുടെ പേരിലാകുമ്പോൾ മക്കൾക്കെല്ലാം സ്വന്തം വീടുപോലെതന്നെ കാണാമല്ലോ.... താൻ എതിർത്തുനോക്കി... പക്ഷേ അവൻ സമ്മതിച്ചില്ല... അവസാനം അവന്റെ ഭാര്യ തന്റെഅടുക്കൽ വന്ന് പറഞ്ഞ വാക്കുകൾ ഇപ്പോഴും ഹമീദിന്റെ ചെവിയിൽ മുഴങ്ങുന്നു.

“വാപ്പാ... റഷീദിക്കാക്ക് വാപ്പയെന്നാൽ ജീവനാ... എനിക്കും... അതുപോലെതന്നെ... അനാഥയായ ഞാനിവിടെവന്നതിനുശേഷമാണ് സ്നേഹമെന്തെന്ന് അറിയുന്നത്... ഈ സ്നേഹം എന്നും നിലനിൽക്കണം വാപ്പാ... അതിനാ റഷീദിക്കാ വാപ്പായുടെ പേരിൽതന്നെ വസ്തു വേടിക്കണമെന്ന് പറയുന്നത്.. വാപ്പാ സമ്മതിക്കണം.. എന്നേയും സ്വന്തം മോളെപ്പോലെ കരുതിക്കൂടെ...“

ആ വാക്കുകൾ ഹമീദിന്റെ ഹൃദയത്തിലേക്കാണ് കടന്നുകയറിയത്... അവളെ ചേർത്തുപിടിച്ച് കണ്ണുനീരു തുടക്കുമ്പോൾ ഹമീദ് ഒരു തീരുമാനമെടുത്തിരുന്നു... റഷീദിന്റെ തീരുമാനത്തിന് എതിരുനിൽക്കണ്ട... അവന്റേത് ഒരിക്കലും തെറ്റാത്ത തീരുമാനങ്ങൾ തന്നെയാണ്... അതിനുദാഹരണമാണ് തന്റെ അടുത്തു നിൽക്കുന്നത്... കാരണം അവന്റെ നിർബന്ധമായിരുന്നു ഒരു യത്തീമായ പെൺകുട്ടിയെത്തന്നെ തന്റെ ജീവിതത്തിലേയ്ക്ക് കൂട്ടിക്കൊണ്ടുവരണമെന്നുള്ളത്... അത് തെറ്റിയിട്ടില്ല... അവൾ മരുമകളെപ്പോലെയല്ല മകളെപ്പോലെതന്നയാണ് ഇവിടെ കഴിഞ്ഞുകൂടിയിരുന്നത്... എല്ലാ കാര്യങ്ങളും മുൻകൈയ്യെടുത്തു ചെയ്യാൻ അവളുണ്ടാകും. ഇന്നേവരെ അവളുടെ മുഖം കറുത്ത് ആരും അവളെ കണ്ടിട്ടില്ല....

അന്നത്തെ ദിവസം സന്തോത്തിന്റേതായിരുന്നു... രാത്രിതന്നെ ടാക്സിയുമായി റഷീദിനെ വിളിക്കാൻ പോകണം... കൊച്ചിൻഎയർപോർട്ടിലേയ്ക്ക് ഏകദേശം 5 മണിക്കൂറത്തെ യാത്രയുണ്ട്... ആരൊക്കെ പോകണമെന്നുള്ളതിൽ യാതൊരുതർക്കവുമുണ്ടായില്ല... അൻവറും ഫസലും മാത്രം പോയാൽ മതി... അവന്റെ ഭാര്യയ്ക്ക് ഇത്രയും ദൂരം കുഞ്ഞിനേയും കൊണ്ട് യാത്രചെയ്യാനാവില്ല... അതിനാൽ അവൾ ഒഴിവായി...

അൻവർ വൈകുന്നേരം തന്നെ കവലയിലെത്തി ശശിയുടെ ടാക്സി ബുക്ക് ചെയ്തു... ഫ്ലൈറ്റ് രാവിലെ 6 മണിക്കെത്തും... രാത്രി 11.30 യാത്ര തുടങ്ങാമെന്നാണ് ശശിയുടെ അഭിപ്രായം... അൻവർ അത് സമ്മതിച്ചു... പിറ്റേദിവസം എത്താമെന്നു പറ‍ഞ്ഞ് അൻവർ വീട്ടിലേക്ക് പോന്നു...

അടുത്ത് ദിവസം പ്രഭാതത്തിൽ എല്ലാരും നേരത്തേ എഴുന്നേറ്റു... വീടുവൃത്തിയാക്കുന്ന തിരക്കിലായിരുന്നു അവിടുത്തെ സ്ത്രീകൾ... അൻവർ പറമ്പ് വൃത്തിയാക്കാൻ ഒരാളെ വിളിച്ചുകൊണ്ടുവന്നു...

ഫസൽ രാവിലെ തന്നെ സ്കൂളിലേയ്ക്ക് പുറപ്പെട്ടു... അൻവർ ജംഗ്ഷൻ വരെ അവനെ അനുഗമിച്ചു... അവനോട് കഴിഞ്ഞ സംഭവങ്ങളൊന്നും പുറത്താരോടും പറയരുതെന്നു പ്രത്യേകം പറഞ്ഞു... എല്ലാം രഹസ്യമായിരിക്കട്ടെയെന്നും സഫിയ പ്രത്യേകിച്ച് യാതൊന്നും അറിയരുതെന്നും അവനോട് പറഞ്ഞു...

ഫസൽ ആദ്യം വന്ന ആർ.എം.എസ്‍ എന്ന ബസ്സിൽ കയറി സ്കൂളിലേയ്ക്ക് യാത്രയായി... ബസ്സിൽ വലിയ തിരക്കില്ലായിരുന്നു... അവൻ ഒരൊഴിഞ്ഞ സിറ്റിൽ ഇരുന്നു... കണ്ടക്ടർ ടിക്കറ്റ് നൽകി മുൻവശത്തേയ്ക്ക് പോയി... തൊട്ടടുത്തിരുന്ന ഒരു മനുഷ്യൻ തന്നെ സൂക്ഷിച്ചുനോക്കുന്നത് അവന് മനസ്സിലായി... എവിടെയോവച്ചു കണ്ടുമറന്ന രൂപം... അതേ... അത് മറ്റാരുമല്ല.. അവന്റെ ഉള്ളി‍ൽ ചെറിയൊരു ഭയം കടന്നുകൂടി..... അവന് ആളെ പൂർണ്ണമായും മനസ്സിലായിരുന്നു.

തുടരും

ഷംസുദ്ധീൻ തോപ്പിൽ

1 അഭിപ്രായം:

  1. ഈ കഥയുടെ 42-ാം ഭാ​ഗമാണിത്.. കഥാപാത്രത്തിനു സംഭവിച്ചതുപോലെ ഞാനിപ്പോൾ ഹോസ്പിറ്റലിലാണ്... കടുത്ത പനിയും ഇൻഫക്ഷനുമുണ്ട്... ഡ്രിപ്പിട്ട് കിടക്കയിൽ കിടന്നുകൊണ്ട് അസ്വസ്ഥ മായ മനസ്സുമായാണ് ഈ കഥ പോസ്റ്റ് ചെയ്യുന്നത്... കഥാപാത്രമായ ഫസലിന്റെ നല്ലതിനുവേണ്ടി പ്രാർത്ഥിച്ചതുപോലെ എനിക്കുവേണ്ടിയും പ്രാർത്ഥിക്കണേ.... സസ്നേഹം നിങ്ങളുടെ സ്വന്തം ഷംസുദ്ധീൻ തോപ്പിൽ ❤️

    മറുപടിഇല്ലാതാക്കൂ