28.9.19

നിഴൽവീണവഴികൾ - ഭാഗം 41


“ഇല്ല ഞാൻ സ്കൂളിൽപോകാനിറങ്ങിയതാ... അപ്പോഴാണ്.....“

“അവൻ എന്തോ പറയാനുള്ള പുറപ്പാടിലായിരുന്നു...“

അൻവർ അവന്റെ മുഖത്തേയ്ക്ക് നോക്കി ജിജ്ഞാസയോടെ നിന്നു...

”മാമാ.....”

ഫസലിന്റെ വിളിയിൽനിന്ന് അൻവറിന് ബോധ്യമായി അവനെന്തോ പറയാനുണ്ടെന്ന്. 

”വാടാ നമുക്കൊരു  ചായകുടിക്കാം...”

ഫസൽ അൻവറിന്റെ കൂടെ കടലോരത്തെ ഒരു ചെറിയ ചായക്കടയിലേയ്ക്ക് പോയി... അവിടെ ചായയെടുക്കാൻ ഒരു പ്രായംചെന്ന സ്ത്രീയാണുണ്ടായിരുന്നത്.. അതവരുടെ സ്വന്തം കടയാണെന്ന് തോന്നുന്നു... അൻവറിന്റെ മനസ്സിൽ പലവിധ സംശയങ്ങളും ഉടലെടുത്തു... ഒരുപക്ഷേ ഫസലിന്റെ കൂടെപഠിക്കുന്ന കുട്ടിയായിരിക്കാം... ഇനി അവന് അവളുമായി എന്തെങ്കിലും ബന്ധമുണ്ടാകുമോ... ഈ പ്രായത്തിൽ അതിനുള്ള ധൈര്യമൊക്കെ അവനുണ്ടോ... എന്ത് വിശ്വസിച്ചാ ആ പെൺകുട്ടി ഫസലിനൊപ്പം ഇവിടെ എത്തിയത്... ഇപ്പോഴത്തെ തലമുറയെ ഒരിക്കലും മനസ്സിലാക്കാൻ സാധിക്കില്ല... ചിന്തയും പ്രവർത്തിയും തമ്മിൽ ഒരു പൊരുത്തവുമുണ്ടാകില്ല.. എന്തായാലും അവനോട് സ്നേഹപൂർവ്വം നിന്ന് കാര്യംമനസ്സിലാക്കാം. ബാക്കിയൊക്കെ പിന്നീട്... എന്തെങ്കിലും ബന്ധത്തിൽപെട്ടുപോയെങ്കിൽ അവനെ അതിൽനിന്നും ഊരിയെടുക്കേണ്ട കടമയും തനിക്കാണല്ലോ...

”രണ്ട് ചായ ഒന്ന് മധുരമില്ലാതെ... മറ്റേത് കടുപ്പം കുറച്ച്”

”എന്താടാ മോനേ നിനക്ക് പറയാനുള്ളത്... ”

ഫസലിന്റെ മുഖം വിവർണ്ണമാകുന്നത് അൻവർ മനസ്സിലാക്കി..

”മാമാ... ഞാൻ ബീച്ചിലേക്കായിട്ട് വന്നതല്ല... സ്കൂളിലേയ്ക്ക് പോവുകയായിരുന്നു. ഞാൻ കയറിയ ബസ്സിൽ യാദൃശ്ചികമായി ഒരാളെ കണ്ടു...”

”അതാരാ..?”

അൻവർ തങ്ങളുടെ സംഭാഷണം മറ്റാരും കേൾക്കാതിരിക്കാൻ കുറച്ചുകൂടി അടുത്തേയ്ക്ക് നീങ്ങിയിരുന്നു. ഫസലിന് പറയാനുള്ളത് മുഴുവൻകേൾക്കാം.

”മാമാ ഞാൻ പറഞ്ഞിട്ടില്ലേ... എന്റെ വാപ്പയുടെ മകളെപ്പറ്റി.. അദ്ദേഹത്തിന്റെ ഇളയ മകളാണ്.. ഹോസ്പിറ്റലി‍ൽവച്ച് ഞാൻ പരിചയപ്പെട്ടതാ. പക്ഷേ ഞാൻ ആരെന്ന് വെളിപ്പിെടുത്തിയിരുന്നില്ല... എന്നെ സ്വന്തം സഹോദരനെപ്പോലെയായിരുന്നു കണ്ടിരുന്നത്... പലപ്പോഴും തുറന്നു പറയണമെന്ന് ആഗ്രഹിച്ചിരുന്നു. പക്ഷേ പറയാനായില്ല... എന്നേലും ഉമ്മ അറിയില്ലേ എന്ന് ഭയപ്പെട്ടിരുന്നു.”

”എന്നിട്ട് അവൾക്ക് മനസ്സിലായോ നീ ആരെന്ന്...”

അൻവറിന്റെ ചോദ്യത്തിൽ അറിയാതെ ഒരു കുറ്റബോധവും കടന്നുകൂടി... കാരണം നിമിഷങ്ങൾക്കു മുമ്പാണ് അവനെ തെറ്റിദ്ധരിച്ചത്... വേണ്ടായിരുന്നു... എന്തായാലും താനൊന്നും അവനോട് ചോദിക്കാതിരുന്നത് ബുദ്ധിയായി..

”ഇല്ല... ഇപ്പോഴും ഞാനതൊന്നും പറഞ്ഞില്ല... പറഞ്ഞാൽ അവരുടെ പ്രതികരണം എങ്ങനെയായിരിക്കുമെന്നറിയില്ല... ഒരുപക്ഷേ എന്നെയും ഉമ്മയേയും കുറ്റപ്പെടുത്തുമായിരിക്കും... വേണ്ടെന്നു കരുതി...”

”അതു നന്നായി... എന്തിനാ അവളിവിടെ വന്നത്...”

”മാമാ... റഷീദ് മാമയുടെ ഭാര്യ പ്രസവിച്ചു ഹോസ്പിറ്റലിൽ കിടന്നപ്പോഴാണല്ലോ ഞാനവരെ പരിചയപ്പെടുന്നത്... അവിടെ നിന്നും ഡിസ്ചാർജ്ജ് ആകുന്നദിവസം ഞാൻ വാപ്പയെ  കാണാൻ പോയിരുന്നു. അന്ന് എന്നെ മനസ്സിലാക്കുകയും ചേർത്ത് നിർത്താൻ ശ്രമിക്കുകയും ചെയ്തു... എന്റെ പേരും ഉമ്മാന്റെ പേരും വ്യക്തമായി പറഞ്ഞിരുന്നു.. പക്ഷേ ഞാൻ അദ്ദേഹത്തെ കണ്ടിറങ്ങിയതിനു ശേഷം അസുഖം കൂടി... ക്രിട്ടിക്കൽ സ്റ്റേജിലായിരുന്നു... ആമിനത്ത കാണാൻ ചെന്നപ്പോൾ എന്റെ മോൻ എന്നെ കാണാൻ വന്നിരുന്നടീ... നീയിനി തനിച്ചല്ലടീ എന്നുപറഞ്ഞ് ആമിനയെ കെട്ടിപ്പിട്ച്ച് കരഞ്ഞു... ആ കരച്ചിൽ നിർത്തുവാനോ മുഴുമിപ്പിക്കാനോ അദ്ദേഹത്തിനായില്ല... ആ ഹൃദയമിടിപ്പ് അന്ന് അവിടെ അവസാനിച്ചു... അവൾക്ക് ഞാനാരാണെന്നുള്ള ഒരു സൂചനയും നൽകാതെയാണ് എന്റെ വാപ്പ ഇഹലോകവാസം വെടിഞ്ഞത്...”

ഫസലിന്റെ കണ്ണിൽനിന്നും കണ്ണുനീർ ധാരധാരയായി ഒഴുകുന്നുണ്ടായിരുന്നു. ചായക്കടയിലെ ഒരൊഴിഞ്ഞ കോണിലായിരുന്നതിനാൽ ആരുമത് ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല . 

”മോനേ നീ വിഷമിക്കാതെടാ... എല്ലാം നമുക്ക് ശരിയാക്കാം... നീയെന്തായാലും അവളോട് നീയാരെന്ന് പറയാഞ്ഞത് നന്നായി... പറഞ്ഞിരുന്നേൽ നിന്നെത്തിരക്കി അവൾ വീട്ടിൽ വരുമായിരുന്നു.. അതോടെ സഫിയയുടെ സമാധാനം നഷ്ടപ്പെടുകയും ചെയ്തേനേ....”

”ശരിയാണ് മാമാ... ഉമ്മയുടെ മുഖം മാത്രമാണ് ഇപ്പോഴും എന്റെ മനസ്സിൽ.. അതിനാലാവണം ഞാനാരാണെന്നുള്ള സത്യം വെളിപ്പെടുത്താനാവാഞ്ഞത്... ഈ പൂമുഖത്ത്നിന്ന് എന്റെ വാപ്പ എന്നെന്നേക്കുമായി ഇല്ലാതായെന്നുള്ള സത്യം എനിക്കും അൻവർമാമയ്ക്കും മാത്രമേ അറിയാവൂ... എല്ലാം അദ്ദേഹത്തിന്റെ മരണത്തോടെ അവസാനിച്ചെന്നാണ് കരുതിയത്... പക്ഷേ വീണ്ടും വീണ്ടും...”

അൻവർ അവനോട് ചായ കുടിക്കാൻ പറഞ്ഞു. ഫസൽ കണ്ണുനീർ തുടച്ച്.. ചായ അല്പം കുടിച്ചു... വീണ്ടും അവൻ തന്റെ സംഭാഷണം തുടർന്നു. കുറച്ചു നേരത്തെ നിശ്ശബ്ധത..

”കഴിക്കാനെന്തേലും വേണോ...” ചായക്കടക്കാരിയാ ആ വൃദ്ധ അവരോട് ചോദിച്ചു.

”വേണ്ടുമ്മാ... രാവിലെ കഴിച്ചതാ...” അൻവറായിരുന്നു മറുപടി നൽകിയത്...

ഫസൽ തുടർന്നു... ”വാപ്പാ മരിച്ചിട്ട് ഇന്നേക്ക് 11 ദിവസങ്ങളായിരിക്കുന്നു. ജീവിക്കാൻ പോലും മാർഗ്ഗമില്ലാത്ത അവസ്ഥയിലായിരുന്നു അവൾ. പേരിന് ഒരു ഭർത്താവുണ്ട്.. അവളേക്കാൾ 30 വയസ്സ് കൂടുതൽ. തികഞ്ഞ മദ്യപാനി... കൂടാതെ സംശയരോഗിയും... എന്നും മദ്യപിച്ചെത്തി അവളെ മർദ്ധിക്കാറുമുണ്ട്... ഒരു കുഞ്ഞുണ്ടവൾക്ക്”

(ആമിനയുടെ ജീവിതം പരാജയം തന്നെയായിരുന്നു. അവളുടെ വാപ്പയുടെ കൂടെ മദ്യപിച്ചുനടന്ന ഒരാൾക്കാണ് അവളെ പിടിച്ച് കൊടുത്തത്. അവൾക്കൊട്ടും താല്പര്യമില്ലായിരുന്നു. എന്നിട്ടും തന്റെ വാപ്പയുടെ ഇഷ്ടത്തിന് വഴങ്ങിക്കൊടുക്കേണ്ടിവന്നു. അദ്ദേഹത്തിന് വേറേയും ഭാര്യയും കുട്ടികളുമുണ്ട്. അവൾ ഇന്നുവരെ സന്തോഷം എന്തെന്ന് അറിഞ്ഞിട്ടില്ല.  പതിറാമത്തെ വയസ്സിൽ അവളെ വിവാഹംകഴിച്ചയച്ചു. പഠിച്ചുനടക്കേണ്ട പ്രായത്തിൽ ഒരു കുടംബിനിയായവൾ. അവളുടെ മുത്തശ്ശന്റെ പ്രായം വരുന്ന ആ മനുഷ്യന്റേത്  തികച്ചും പ്രാകൃതമായ പെരുമാറ്റമായിരുന്നു. വിവാഹം കഴിഞ്ഞ രാത്രി ആമിന ഇന്നും മറന്നിട്ടില്ല മദ്യപിച്ചെത്തിയ അദ്ദേഹം ഒരു മൃഗത്തിനു മുകളിൽ ചാടി വീഴുന്നരീതിയിലുള്ള പരാക്രമമായിരുന്നു കാട്ടിക്കൂട്ടിയത്. തന്റെ മുറവിളി അവിടാരും കേട്ടില്ല. നേരംവെളുക്കുന്നതുവരെ പീഠനമായിരുന്നു. ദാമ്പദ്യം എന്തെന്ന് ഇന്നുവരെ അറിയാത്ത ഒരു സ്ത്രീ.. ലൈംഗിക സുഖം ഇതുവരെ അവൾക്ക് അനുഭവപ്പെട്ടിട്ടില്ല... അദ്ദേഹം അടുത്തെത്തുമ്പോൾ ഒരുതരം മരവിപ്പായിരുന്നു അവൾക്ക്. നഖംകൊണ്ട് ശരീരത്തിൽ മാന്തുക.. നുള്ളുക... മർദ്ദിക്കുക... അവൾ നിലവിളിക്കുന്നതുകാണുമ്പോൾ അദ്ദേഹത്തിന് ഒരു വല്ലാത്ത ആവേശമായിരുന്നു. ഒരു തികഞ്ഞ മദ്യപാനിയുടെ എല്ലാ ലക്ഷണങ്ങളും ഒത്തുചേർന്ന ക്രൂരൻ. ഇതുപോലെ എത്രയോ സ്ത്രീകൾ നമ്മുടെ സമൂഹത്തിലുണ്ട്. അവർക്കൊരു കുഞ്ഞു ജനിച്ചു... അപ്പോഴെങ്കിലും അയാൾ നന്നാവുമെന്നുവിചാരിച്ചു. ഇല്ല ഒരുമാറ്റവുമുണ്ടായിട്ടില്ല. മദ്യപിച്ചെത്തുന്ന അയാൾ ആവേശം തീർക്കുന്നത് തന്റെ ശരീരത്തിലായിരുന്നു. വെറുമൊരു ലൈംഗികവസ്തുവെന്നതിൽ കവിഞ്ഞ് അയാൾക്ക് അവളാരുമല്ലായിരുന്നു... ലൈംഗിക ആസക്തി തീർക്കുന്നു അത്രയേയുള്ളു.. അവൾക്കാണെങ്കിൽ ആ മനുഷ്യനുമായി മാനസികമായി പൊരുത്തപ്പെടാൻ ഇതുവരെ കഴിഞ്ഞിട്ടുമില്ല... അവളുടെ വാപ്പയുണ്ടായിരുന്നപ്പോൾ വീട്ടുചിലവുകൾക്ക് ബുദ്ധിമുട്ടുണ്ടായിരുന്നില്ല.. ഇന്നിപ്പോൾ എല്ലാം തകിടംമറിഞ്ഞിരിക്കുന്നു.

അല്പനേരത്തേയ്ക്ക് രണ്ടുപേരും ഒന്നും മിണ്ടിയില്ല... അൻവറിനുപോലും വളരെ പ്രയാസം തോന്നി... തന്റെ സഹോദരീപുത്രൻ നിലയില്ലാ കയത്തിലേയ്ക്ക് ആഴ്ന്നുപോകുമോ എന്നുപോലും അയാൾ സംശയിച്ചു...

”ഫസലേ അവളെന്തിനാ ഇവിടെയെത്തിയത്..”

”മാമാ... വാപ്പയുടെ മരണശേഷം ബന്ധുക്കളെല്ലാം സ്ഥലംവിട്ടു... ആരും സഹായിക്കാനില്ലാത്ത അവസ്ഥ.. വാപ്പയുടെ മദ്യപാനിയായ ഒരു സുഹൃത്ത് അവളോട് പറഞ്ഞു ഇവിടെ ബീച്ചിലെത്തിയാൽ പണമുണ്ടാക്കാനുള്ള വഴി പറഞ്ഞുകൊടുക്കാമെന്ന്... അവൾ ആദ്യം അതിനു താല്പര്യം കാണിച്ചില്ല.. പക്ഷേ ജീവിക്കാൻ വേറേ മാർഗ്ഗമില്ല... വെറും 3 വയസ്സ് മാത്രമുള്ള പെൺകുഞ്ഞിന്റെ അമ്മയാണവൾ.”

അൻവറിന് അതൊരു ഷോക്കായി... ജീവിക്കാൻ മാർഗ്ഗമില്ലാതെ സ്വന്തം ശരീരം വിറ്റു ജീവിക്കേണ്ട അവസ്ഥ...

”മാമാ അയാൾ അവളെ ട്രാപ്പിലാക്കാൻ ശ്രിക്കുകയായിരുന്നു. അവൾക്കതൊന്നും മനസ്സിലായില്ല... ഞാൻ അവൾ കയറിയ ബസ്സിലുണ്ടായിരുന്നു അവളെ പിൻതുടർന്നാണ് ഇവിടെത്തിയത്. അവളോട് അടുത്തെത്തി കാര്യങ്ങൾ തിരക്കിയപ്പോഴാണ് എല്ലാം വെളിപ്പെടുത്തിയത്. അവളോട് വരാൻ പറഞ്ഞ ആൾ എത്തുന്നതിനു മുന്നേ അവളെ ഞാൻ പറഞ്ഞ് തിരിച്ചയത്തു... അവളുടെ എല്ലാം ദുഖങ്ങളും എന്നോട് തുറന്നുപറഞ്ഞു... സഹിക്കുനനില്ല മാമാ അവളുടെ ജീവിതമെന്തെന്നറിഞ്ഞപ്പോൾ.”

ഫസൽ ഒരു സഹോദരൻ ചെയ്യേണ്ടകടമയായിരുന്നു ചെയ്തത്... തന്റെ സഹോദരിക്ക്.. പക്ഷേ അവൾക്കറിയില്ല അവൻ സഹോദരനാണെന്ന്.. എന്നാലും അവളവനെ ആ രീതിയിൽതന്നെയായിരുന്നു കണ്ടിരുന്നത്. അവന്റെ കൈയ്യിലുണ്ടായിരുന്ന ഏകദേശം 10000 രൂപയോളം വരും അവൾക്ക് നൽകി തിരികെ പറഞ്ഞയയ്ക്കുയയാണുണ്ടായത്... അവൻ പനി മാറിയതിനു ശേഷം അവൾക്ക് നൽകാനായി ആ പണവുമായി ഹോസ്പിറ്റലിലേയ്ക്ക് പോയതാണ്.. അപ്പോഴാണ് തന്റെ വാപ്പമരണപ്പെട്ടതായിഅവനറിഞ്ഞത് ആ പണം ചിലവാക്കാതെ അവൻ സൂക്ഷിച്ചുവച്ചിരിക്കുകയായിരുന്നു . പണം നൽകിയ കാര്യം ഫസൽ മാമയോട് വെളിപ്പെടുത്തിയതുമില്ല. 

”ഫസലേ... ഈ ലോകത്ത് പലവിധത്തിലുള്ള മനുഷ്യരുമുണ്ട്... അവൾ നിന്റെ സഹോദരിതന്നെ.. പക്ഷേ ജീവിച്ചിരുന്നപ്പൊ നിന്റെ വാപ്പ ചോര തിളപ്പിൽ കാട്ടി കൂട്ടിയ ക്രൂരതകൾക്ക് ഇരയാകുന്നത് അദ്ദേഹത്തിന്റെ മക്കളല്ലേ മോനേ...”

”മാമാ ഞാനും ഒരു മകനല്ലേ... അവളെന്റെയും സഹോദരിയല്ലേ...”

അൻവറിന് ഉത്തരം മുട്ടിക്കുന്നതായിരുന്നു അവന്റെ ചോദ്യം... ഇവനെ എന്തു പറഞ്ഞാണ് സമാധാനപ്പെടുത്തുക... ഒന്നുമറിയാതെ അവനെ വളർത്തി വലുതാക്കി.. ഇപ്പോൾ എല്ലാം അവൻതന്നെ മനസ്സിലാക്കിയിരിക്കുന്നു... അവൻപോകുന്ന വഴി ദുർഘടംപിടിച്ചതാണെന്ന് അൻവറിന് മനസ്സാലിയിരുന്നു. ഉത്തരവാദിത്വങ്ങൾ അവൻ ചുമലിലേറ്റാൻ തയ്യാറായി നിൽക്കുന്നു... ഇല്ല എത്രയൊക്കൊയായാലും അവനെ അങ്ങനെ വിടുന്നത് ശരിയല്ല... എല്ലാം പറഞ്ഞ് മനസ്സിലാക്കണം... അവർ തമ്മിൽ ഇനിയും കാണാനുള്ള അവസരം ഇല്ലാതാക്കണം... അതിനെന്താണ് വഴി...

അൻവർ മുഖത്ത് യാതൊരു ഭാവമാറ്റവും വരുത്താതെ അവനെ സമാധാനിപ്പിക്കുകയായിരുന്നു. 

”പടച്ചോന്റെ വിധിയായിരിക്കും മോനേ... പടച്ചോൻ ഒരാളെ ജനിപ്പിച്ചു കഴിഞ്ഞാൽ അയാൾ ജീവിക്കേണ്ടതും നൽകും... വിധി അതല്ലാതെ എന്തുപറയാൻ.. മോനേ.. നിനക്കൊരു കുടുംബമുണ്ട്... നീ നിന്റെ ഉമ്മയുടെ അവസ്ഥയെക്കുറിച്ച് ആലോചിച്ചിട്ടുണ്ടോ.... ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ എന്തെല്ലാം ജോലിചെയ്തു നിനക്ക് വേണ്ടി സ്വന്തം ജീവിതം പോലും വേണ്ടന്ന് വെച്ചില്ലേ  ... ഒരു വീട്ടുവേലക്കാരിയുടെ വേഷംപോലും കെട്ടിയില്ലേ ... അപ്പോഴൊന്നും ആരേയും കണ്ടില്ലല്ലോ... അവളുടെ കൈപിടിച്ചിറങ്ങിയ ഭർത്താവിനേയും അവർക്കു ജനിച്ച കുഞ്ഞോ ഈ ഭൂമുഖത്തുണ്ടോ എന്നു തിരഞ്ഞുവരാൻ ആരുമുണ്ടായിരുന്നില്ല...”

”മാമാ അത്....”

”നീ ഞാൻ പറയുന്നത് കേൾക്ക്... ഇതുവരെ അവൾക്ക് നീയാരെന്ന് അറിയില്ല... ഇനിയും അത് പറയേണ്ട... അവൾക്ക് ബന്ധുക്കളൊക്കെയുണ്ട്... നീ ഇന്നു ചെയ്തത് ഒരു നല്ല പ്രവർത്തിതന്നെയാണ്...ജീവിതത്തിൽ വഴി പിഴച്ചു പോവേണ്ട ഒരു പെൺകുട്ടിയെ രക്ഷപ്പെടുത്തി... നീ നിന്റെ പ്രായത്തിൽ കവിഞ്ഞ പക്വതയാണ് ഇവിടെ കാട്ടിയത്... അറിയരുത് ഒരിക്കലും അവൾ നീയാരെന്ന് കാരണം സഫിയയ്ക്ക് ഒരിക്കലും താങ്ങാനാവില്ല അത്... താൻ സ്നേഹിച്ച് പോറ്റിവളർത്തിയ മകൻ പാതിവഴിയിലുപേക്ഷിച്ച തന്റെ ഭർത്താവിൽ ജനിച്ച മറ്റൊരുകുട്ടിയുടെ സംരക്ഷണം ഏറ്റെടുത്തത്.”

”ഇല്ല മാമാ.. ഒരിക്കലും പറയില്ല... ഇന്നു കണ്ടതുകൊണ്ട് ഞാൻ സംസാരിച്ചു... തിരികെപ്പറഞ്ഞയച്ചു... വിഷമമുണ്ട്.. പക്ഷേ എന്റെ വിഷമം ഉമ്മ അനുഭവിച്ച വിഷമത്തെക്കാൾ എത്രയോ ചെറുതാണ്.. ഉമ്മയ്ക്ക് വേണ്ടാത്തതൊന്നും എനിക്കും വേണ്ട... മാമാ വിഷമിക്കേണ്ട... എല്ലാം ഇവിടംകൊണ്ട് ഞാൻ അവസാനിപ്പിക്കുന്നു. ”

അതൊരു ദൃഢനിശ്ചയത്തിന്റെ സ്വരമാണെന്ന് അൻവറിന് തോന്നി.. അവന്റെ നീക്കങ്ങൾ ഓരോന്നും ശ്രദ്ധിക്കേണ്ടിയിരിക്കുന്നു... ഫസലിന്റെ മുഖത്തെ കാർമേഘങ്ങൾ ഒഴിഞ്ഞുമാറി... 

”മോനേ.. നമുക്ക് വീട്ടിലേക്ക് പോകാം.. നീ ഇന്നിനി സ്കൂളിലൊന്നും പോകേണ്ട...”

ശരിമാമാ... അവർ രണ്ടാളും ബസ്റ്റാന്റിലേയ്ക്ക് നടന്നു... തന്റെ മുന്നിൽ അവനൊരു നല്ല കുട്ടി ചമയുകയാണോ... അതോ എരിയുന്ന മനസ്സാണോ അവന്റെതെന്ന് മനസ്സിലാവുന്നില്ല... എന്തായാലും കാത്തിരുന്ന് കാണുക... തങ്ങളുടെ നാട്ടിലേക്കുള്ള ബസ്സ് വന്നപ്പോൾ രണ്ടാളും അതിൽ കയറി... ഒരു സീറ്റിൽ അടുത്തടുത്തായി രണ്ടാളും ഇരുപ്പുറപ്പിച്ചു... ബസ്സ് ഇഴഞ്ഞിഴഞ്ഞ് മുന്നോട്ട് പോകുന്നുണ്ടായിരുന്നു... ഫസലിന്റെ ചിന്തകൾ ശരവേഗത്തിലായിരുന്നു മുന്നോട്ടു കുതിച്ചിരുന്നത്... അവന്റെ മുഖത്ത് ഇടയ്ക്കിടയ്ക്ക് അൻവർ നോക്കുന്നുണ്ടായിരുന്നു. നിഷ്കളങ്കമായ മുഖത്തെ ഭാവങ്ങളൊന്നും മനസ്സിലാകുന്നില്ല... ശരിയ്ക്കും എന്ത് ചെയ്യണമെന്ന് അൻവറിനും ഒരൂഹമില്ലായിരുന്നു. അവൻ ചെയ്യുന്നതാണോ ശരി... അതോ....
 
 
  തുടർന്നു വായിക്കുക അടുത്ത ഞായറാഴ്ച്ച  06 10  2019

ഷംസുദ്ധീൻ തോപ്പിൽ  29 09 2019

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ