21.9.19

നിഴൽവീണവഴികൾ - ഭാഗം 40


അൻവറിന് തീരെ ഉറങ്ങാനായില്ല.. ഭാര്യ നാദിറ പലതും കുത്തി കുത്തി ചോദിച്ചു... പക്ഷേ ഒന്നും അൻവർ അവളോട് പറഞ്ഞില്ല.. രാത്രിയുടെ അന്ധ്യ യാമത്തിലെപ്പോഴോ അൻവർ ഉറക്കത്തിലേയ്ക്ക് വഴുതിവീണു......

വളരെ താമസിച്ചാണ് അൻവർ ഉറക്കമുണർന്നത്... ഉണർന്നുടൻ പുറത്തേയ്ക്കിറങ്ങി ഫസലിനെ തിരഞ്ഞു...

“സഫിയാ ഫസലെവിടെ...“

“അവൻ സ്കൂളിൽ പോയല്ലോ ഇക്കാ..“

സഫിയ ചിന്തിക്കുകയായിരുന്നു... അൻവറിനിതെന്തുപറ്റി..ഫസലെന് ന്തേലും പണിഒപ്പിച്ചോ.

ഫസലിന് സ്കൂളിൽ പഴയതുപോലെ കൂടുതൽ സുഹൃത്തുക്കളൊന്നുമില്ല....കൈ നിറയെ കാശുള്ളപ്പോൾ സൗഹൃദ വലയം കൂടുതലായിരുന്നു ഇപ്പോഴൊ ആത്മാർത്ഥതയുള്ള ഒന്നുരണ്ടുപേർ മാത്രം എപ്പോഴും കൂടെക്കാണും... പഠനത്തിൽ വലിയ കുഴപ്പമില്ല... അധ്യാപകർക്കും വളരെ നല്ലകുട്ടിയാണെന്നുള്ള അഭിപ്രായവുമുണ്ട്... ഐഷുവും  ഫസലും രണ്ടു ക്ലാസ്സിലായതുകാരണം പലപ്പോഴും പരസ്പരം കാണാറില്ല... അവൾ വരുന്നത് സ്കൂൾ ബസ്സിലായതിനാൽ അതിനുള്ള അവസരങ്ങളും കുറവാണ്. സ്കൂളിലെ കലാപരിപാടികളിൽ ഇപ്പോഴും ഫസൽ തന്നെയാണ് മുന്നിൽ. പുതിയ സ്കൂളും ചുറ്റുപാടുകളും അവന് അത്ര അങ്ങ് രസിച്ചമട്ടില്ല... അക്കാരണത്താൽ സ്കൂൾ വിശേഷങ്ങളൊന്നും വീട്ടുകാരുമായി ഷെയർചെയ്യാറുമില്ല. പഠനകാര്യത്തിൽ വീട്ടിലാരും അവനോടൊന്നും ചോദിക്കാറുമില്ല.. കുറച്ചു ദിവസത്തെ ക്ലാസ്സ് മുടങ്ങിയത് മാത്രമാണ് വീട്ടുകാർക്ക് വിഷമമായി തോന്നിയിട്ടുള്ളത്.

അൻവർ സഫിയയുടെ സമീപത്തെത്തി...

“സഫിയാ... എപ്പോഴാ ഫസല് പോയത്...“

“ഇയ്ക്കാ അവൻ ഇന്നിത്തിരി ലേറ്റായാ പോയത്...  രാത്രിയിൽ ഉറക്കമിളച്ചിരുന്ന് എന്തൊക്കയോ എഴുതുന്നതുകണ്ടു.“

“എന്താ ഇക്കാ... വല്ല കുരുത്തക്കേടും അവൻ കാണിച്ചോ...“

“ഇല്ല സഫിയാ... എത്ര പാവമാ നമ്മുടെ കുട്ടി... അവന്റെ കാര്യത്തിൽ ആരും ശ്രദ്ധിക്കാറുമില്ല... ഇനി അങ്ങനെയല്ല... അവന്റെ കാര്യത്തിലും നല്ല ശ്രദ്ധ വേണം... ഈ കുടുംബത്തിലെ ആദ്യത്തെ സന്തതിയാണ്... അവന് നല്ല കുറച്ചു ഡ്രസ്സൊക്കെ വാങ്ങണം...“

“ഇക്കാ അവന് നല്ല ഡ്രസ്സൊക്കെ ഉണ്ട്... അവനതൊന്നും ഇടാറില്ല... എന്തേലും വിഷേശമുണ്ടെങ്കിൽ മാത്രം ഇടാറുള്ളൂ .“

അൻവറിന്റെ ഉള്ളിൽ അപ്പോഴും വിഷമത്തിന്റെ അലയൊലികൾ അടങ്ങിയിരുന്നില്ല.. നാദിറ  ചായയുമായി എത്തി... അൻവർ വീടിന്റെ തിണ്ണയിൽ ഇരുന്നു ചായ പതിയെ ഊതി ഊതി കുടിച്ചു ... കുറച്ചു കഴിഞ്ഞപ്പോൾ ഹമീദ് തന്റെ സന്തതസഹചാരിയായ വടിയും കുത്തി സാവധാനം പുറത്തേയ്ക്കിങ്ങി..

“അൻവറേ നല്ല മഴക്കോളുണ്ടല്ലോ.... മഴപെയ്യുമോ...“

“പെയ്യട്ടേ വാപ്പാ.... ജലക്ഷാമമൊന്നു മാറിക്കിട്ടുമല്ലോ...“

“അതേടാ മോനേ... എന്തേലും കൃഷിചെയ്യാമെന്നുവച്ചതാ... പക്ഷേ കൊടും വരൾച്ച എന്നെ അതിൽനിന്ന് പിന്തിരിപ്പിക്കുകയായിരുന്നു.“

“വാപ്പാ... റഷീദ് വിളിച്ചിരുന്നു... ചിലപ്പോൾ ഈ ആഴ്ചയിൽ വന്നെന്നിരിക്കും... ഒരാഴ്ചയേ നിൽക്കാൻ പറ്റൂയെന്നു പറഞ്ഞു...“

“കഴിഞ്ഞ ആഴ്‌ച്ച  വിളിച്ചപ്പോൾ അവൻ സൂചിപ്പിച്ചിരുന്നു. നിനക്കൊരു വിസയെടുക്കുന്നകാര്യം  ...“

“കുറച്ചു കഴിയട്ടെ വാപ്പാ... എനിക്ക് കുറച്ചുനാൾ നാട്ടിൽനിന്നാൽ കൊള്ളാമെന്നുണ്ട്... മാർക്കറ്റിനടുത്ത വസ്തുവിന് നല്ല വിലക്കാര് വരുന്നുണ്ട്... അത് കിടന്നതുകൊണ്ട് വലിയ പ്രയോജനമൊന്നുമില്ല... മാർക്കറ്റ് വലുതാക്കിയാൽ അത് സർക്കാർ ഏറ്റെടുക്കും.. വീടു വയ്ക്കാനും കൊള്ളില്ല..“

“അത് ഞാൻ ഇന്നാളേ പറഞ്ഞതല്ലേ... എന്തിനാ അങ്ങനൊരു വസ്തു വാങ്ങാൻ പോയത്..“

“എല്ലാം അവളുടെ വാപ്പാ ചെയ്തതാ... ഒരുപയോഗവുമില്ലാത്തത്... ഒന്നിനെക്കുറിച്ചും ചിന്തിക്കാതെ വാങ്ങിയതാ...“

“എല്ലാം നന്നായി വരട്ടെ...“

“വാപ്പാ.. ഞാൻ ഫസലിന്റെ സ്കൂൾവരെയൊന്നുപോയി നോക്കട്ടെ ... അവന്റെ കാര്യത്തിൽ ഇവിടാരും ശ്രദ്ധിക്കുന്നില്ലെന്നുള്ള ഒരു തോന്നൽ വേണ്ടല്ലോ...“

വീട്ടിൽ തുടരെത്തുടരെയുണ്ടാകുന്ന പല പല പ്രശ്നങ്ങൾകൊണ്ടും ആർക്കും ഫസലിനെ ശ്രദ്ധിക്കാനാവുന്നില്ലായിരുന്നു .. ഫസൽ അവന്റെ ലോകത്തിലുമായിരുന്നു.. മനസ്സിന്റെ വിഷമങ്ങളും വീട്ടിലുള്ള ആരുമായും പങ്കുവയ്ക്കാനാകാത്ത അവസ്ഥ...

അൻവർ ഏകദേശം പത്തു മണിയോടെ പുറത്തേയ്ക്കിറങ്ങി.. കവലയിലെത്തി ആദ്യത്തെ ബസ്സ് പിടിച്ച് സ്കൂളിലേയ്ക്ക്.. സ്‌കൂൾ ഗേറ്റിനു അടുത്തുള്ള  സെക്യൂരിറ്റി കാര്യം തിരക്കി.. അൻവർ കാര്യം പറഞ്ഞു... ഹെഡ്മാസ്റ്ററുടെ മുറി ലക്ഷ്യമാക്കി അൻവർ നടന്നു...

അദ്ദേഹത്തിന്റെ വാതിലിനടുത്തെത്തിയപ്പോൾ അറ്റന്റർ അടുത്തെത്തി ചോദിച്ചു... എന്താ.. ആരെ കാണാനാ...

ഞാൻ പത്ത് A യിലെ ഫസലിന്റെ മാമയാ... ക്ലാസ്സിലെ ടീച്ചറിനെയൊന്നു കാണാൻ വന്നതാ...

“ഖദീജ ടീച്ചറാ ക്ലാസ് ടീച്ചർ ടീച്ചറിപ്പോൾ ടീച്ചേഴ്സ്റൂമിലുണ്ട്.. വിളിക്കാം...“

“കുറച്ചു സമയത്തിനകം ഖദീജ ടീച്ചർ അൻവറിന്റെ സമീപമെത്തി.. ഏകദേശം 45  വയസ്സ് പ്രായം കാണും നല്ല കറുത്ത കട്ടിയുള്ള കണ്ണടവച്ചിരിക്കുന്നു..“

“ടീച്ചർ ഞാൻ ഫസലിനെ മാമയാണ്... അവന്റെ പഠിത്തകാര്യങ്ങളെക്കുറിച്ചൊക്കെ അറിയാൻ വന്നതാ...“

“അവൻ നല്ല കുട്ടിയാ... ഈയടുത്തകാലത്തായി എല്ലാദിവസവും  സ്കൂളിൽ വരാറില്ല.. വീട്ടിലെന്തൊക്കെയോ പ്രശ്നങ്ങളാണെന്നാ പറഞ്ഞത്.. കുറച്ചുകൂടി ശ്രദ്ധിച്ചാൽ നല്ല മാർക്കോടെ വിജയിക്കാൻ സാധ്യതയുണ്ട്.. പത്താംക്ലാസ്സാ.. ശ്രദ്ധവേണം...“

“ശ്രദ്ധയുണ്ട് ടീച്ചർ കുറച്ചു നാളായി വീട്ടിലും പല പല പ്രശ്നങ്ങളായിരുന്നു.. അവനാണെങ്കിൽ ഒരാഴ്ചയോളം സുഖമില്ലാതെ കിടപ്പിലുമായിരുന്നു..“

“എന്താ ഇന്നു വരാഞ്ഞത്...“ ടീച്ചർ അൻവറിനോട് ചോദിച്ചു..

“ഇന്നു വന്നില്ലേ.... ഓ... ഇന്നു ഞാൻ അവനെ കണ്ടില്ലായിരുന്നു....“ പെട്ടെന്ന് അൻവറിനൊരു പരിഭ്രമം... എന്ത് പറ്റിയതാ തന്റെ കുട്ടിക്ക്.. എവിടെ പോയിക്കാണും.. പരിഭ്രമം പുറത്തു കാണിക്കാതെ ടീച്ചറിനോട് സംസാരിച്ചു.

“ടീച്ചർ ഞാൻ നാളെ അവനുമായി വരാം...“

“ഓകെ... കുറച്ച് ശ്രദ്ധിക്കണം...“

“ശരി ടീച്ചർ വളരെ നന്ദി..“

അൻവർ  തിടുക്കത്തിൽ അവിടുന്നിറങ്ങി... ഫസൽ എവിടെപ്പോയതാവും... അവന്റെ ചിന്ത പലതരത്തിലായിരുന്നു.. വിഷമം സഹിക്കാനാവാതെ എന്തേലും കടുംകൈ... ഇല്ല ഒരിക്കലുമതൊന്നും അവൻ ചെയ്യില്ല.. അതിനുള്ള ധൈര്യവുമില്ലവന്..

അൻവർ അവൻ പോകാൻ സാധ്യതയുള്ള സ്ഥലങ്ങളെകുറിച്ചൊക്കെ ആലോചിച്ചു... ഈ പ്രായത്തിലുള്ള കുട്ടികൾ പോകാൻ സാധ്യതയുള്ളത് സിനിമയ്ക്കോ, ബീച്ചിലോ ആകാം... മറ്റെങ്ങും അവൻ പോകില്ല.. അൻവർ ആദ്യം കിട്ടിയ ബസ്സിൽ കയറി സിറ്റിയിൽ സിനിമാതീയേറ്ററിലേയ്ക്ക് പോകാൻ തീരുമാനിച്ചു... അരമണിക്കൂറത്തെ ബസ്സ് യാത്ര... സിറ്റിയിലെ പ്രധാന സ്ഥലങ്ങളിലെല്ലാം അൻവർ ഫസലിനെ തിര‍ഞ്ഞു.. അവിടെങ്ങും കണ്ടെത്തിയില്ല.. അടുത്ത ഷോക്കുള്ള ടിക്കറ്റ് കൊടുത്തു തുടങ്ങിയിട്ടുമില്ല.. അൻവർ ഒരൊഴിഞ്ഞ കോണിൽ ഫസലിനായി കാത്തുനിന്നു.. എന്തായിരിക്കും ഫസലിന് സംഭവിച്ചിട്ടുണ്ടാവുക... അവനങ്ങനെ ക്ലാസ്സ് കട്ട്ചെയ്യുന്ന സ്വഭാവക്കാരനല്ലല്ലോ.. പിന്നെവിടെ പ്പോയതായിരിക്കും... 

അദ്ദേഹത്തിന്റെ മനസ്സിൽ പലവിധ ചിന്തകൾ കടന്നുകൂടുന്നുണ്ടായിരുന്നു. ഇല്ല അവൻ സിനിമയ്ക്ക് പോകാനുള്ള സാധ്യത കുറവാണ്.. അങ്ങനെയെങ്കിൽ അവൻ ഇവിടെ കാണുമായിരുന്നു.. അൻവർ തിരികെ ബസ്റ്റാന്റിലേയ്ക്ക് നടന്നു... ....... ബീച്ചിലേയ്ക്കുള്ള ബസ്സിൽ കയറി... ബസ്സിൽ നിന്ന് ... ബീച്ചിലേയ്ക്കുള്ള ടിക്കറ്റെടുത്തു.. ബസ്സിൽ വേറേയും സ്കൂൾ കുട്ടികളുണ്ടായിരുന്നു. ബീച്ച് കുട്ടികളുടെ ഒരു ഇഷ്ടകേന്ദ്രമായിരുന്നു... ക്ലാസ്സ് കട്ട് ചെയ്ത് കുട്ടികളും കോളേജ് സ്റ്റുഡന്റ്സുമൊക്കെ ഇവിടെ എത്താറുണ്ടായിരുന്നു. ഇടയ്ക്ക് പോലീസിന്റെ ശ്രമഫലമായി കുറച്ചൊന്നു കുറഞ്ഞതാണ്... പതിനഞ്ചു മിനിറ്റത്തെ യാത്രയിൽ അൻവർ ബീച്ചിലെത്തി... അവിടിറങ്ങിചുറ്റുമൊന്നു കണ്ണോടിച്ചു... വർഷങ്ങൾക്കു മുൻപ് എന്നോ ഒരിക്കൽ മാത്രം ഇവിടെ വന്നിട്ടുണ്ട്... അന്ന് വാപ്പയ്ക്ക് ഇവിടെ വരുന്നത് ഇഷ്ടമല്ലായിരുന്നു. വീട്ടിൽ വളരെ കാർക്കശ്യക്കാരനായിരുന്നല്ലോ വാപ്പ. സ്നേഹസമ്പന്നനും... അന്നത്തെ ആ സുരക്ഷിതത്വവും കരുതലും ഇന്നും മനസ്സിലോർമ്മയുണ്ട്... അത് ഇന്നും തുടരുന്നു.. 

അൻവർ ഫസലിനെ അവിടെല്ലാം പരതി...എങ്ങുംകാണാനുണ്ടായിരുന്നില്ല... അദ്ദേഹം ആരും ശ്രദ്ധിക്കാത്ത ഒരു കോണിൽ ചെന്നിരുന്നു.. അങ്ങകലെ കുട്ടികൾ കടൽത്തിരകളിൽ ഓടിക്കളിക്കുന്നത് കാണാമായിരുന്നു. ഐസ്ക്രീം വിൽപ്പനക്കാരനേയും കടല വിൽപ്പനക്കാരേയും അവിടെല്ലാം കാണായിരുന്നു... ഒരു കാർണിവലിന്റെ പ്രതീതിയുണ്ടവിടെ... കൂടുതൽ കോളേജ് കുട്ടികളാണ് അവിടുണ്ടായിരുന്നത്.. അൻവർ അല്പം പരിഭ്രമത്തിലുമായിരുന്നു... അവനെവിടെപ്പോയതാകാം... ഇനി തന്റെ വാപ്പയുടെ നാട്ടിലേയ്ക്കങ്ങാനും  പോയതാണോ.. ഇല്ലില്ല.. അവിടേയ്ക്ക് പോകാനുള്ള സാധ്യത കുറവാണ്... അവന്റെ സംസാരത്തിൽ  നിന്നും അത് വ്യക്തമായതുമാണ്... അദ്ദേഹത്തിനടുത്തുകൂടി കപ്പലണ്ടിവിൽക്കുന്ന ഒരു കുട്ടി കടന്നുപോയി... വേണോ എന്നു ചോദിച്ചപ്പോൾ അൻവൽ വേണ്ടെന്ന് ആംഗ്യം കാണിച്ചു... അൻവർ ഒരിടത്ത് ഇരിക്കുകയാണെങ്കിലും അദ്ദേഹത്തിന്റെ മനസ്സ് ഉരുകുകയായിരുന്നു.. ഇന്നവൻ സ്കൂളിൽ പോകെണ്ടെന്ന് പറയേണ്ടതായിരുന്നു.. പക്ഷേ ക്ഷീണംകൊണ്ട് താൻ ഉറങ്ങിപ്പോയി... ഉണർന്നെത്തിയപ്പോഴേയ്ക്കും അവൻ പോയിരുന്നു... അൻവർ സാവധാനം അവിടെനിന്നെഴുന്നേറ്റ്... അല്പം നടന്ന് കാറ്റാടികൾ വച്ചുപിടിച്ച സ്ഥലത്തെത്തി.. അതിനിടയിലൂടെ ചുറ്റും കണ്ണോടിച്ചുകൊണ്ട് അദ്ദേഹം നടക്കുകയായിരുന്നു... പെട്ടെന്ന് അദ്ദേഹത്തന്റെ കണ്ണുകൾ ഒരാളിൽ ഉടക്കി... അതേ അത് ഫസൽ തന്നെ... അവന്റെ തൊട്ടടുത്തായി ഒരു പെൺകുട്ടി... തട്ടമിട്ടു മറച്ചിരിക്കുന്നു.. അദ്ദേഹം അവരറിയാതെ കുറച്ചൂകടി അടുത്തെത്തി.. ഇല്ല മനസ്സിലാകുന്നില്ല.. ആ കു‍ട്ടിയെ താൻ ആദ്യമായാണ് കാണുന്നത്... ആരായിരിക്കും...?

അദ്ദേഹം അവർക്ക് കാണാൻ പറ്റാത്തൊരിടത്ത് മാറിനിന്നു.. ഫസലിന്റെ കണ്ണിൽനിന്ന് കണ്ണുനീർ ഇറ്റു വീഴുന്നുണ്ടായിരുന്നു.. ആ പെൺകുട്ടി ഫസലിനെ സമാധാനിപ്പിക്കുന്നുമുണ്ട്. അവളുടേയും കണ്ണുകൾ കലങ്ങിയിരിക്കുന്നു. അൻവർ അവനെ വീക്ഷിച്ചുകൊണ്ട് അവിടെത്തന്നെ നിന്നു... രണ്ടാളും പ്രത്യേകിച്ചൊന്നും സംസാരിക്കുന്നില്ലെന്ന് മനസ്സിലായി. കുറച്ചു വാക്കുകളിൽ അവരുടെ സംഭാഷണം ഒതുക്കിയിരിക്കുന്നു... അല്പം കഴിഞ്ഞപ്പോൾ പെൺകുട്ടി പോകാനായി എഴുന്നേറ്റ്.. ഫസൽ അവളുടെ കൈ പിടിച്ച് അവിടിരുത്തി... അവൾ സ്നേഹപൂർവ്വം അവന്റൈ കൈ വിടുവിച്ചു.. എഴുന്നേറ്റ് അവനേ നോക്കി... അവനും മനസ്സില്ലാ മനസ്സോടെ അവളോടൊപ്പം മുന്നോട്ട് നടന്നു...  ഫസൽ തന്റെ കണ്ണുകൾ തുടച്ച് സന്തോഷം വരുത്താൻ ശ്രമിക്കുന്നുണ്ടായിരുന്നു... കുറച്ചു മുന്നോട്ട് നടന്ന് ഫസൽ പോക്കറ്റിൽ നിന്ന് പൈസയെടുത്ത് കപ്പലണ്ടിക്കാരന്റെ കൈയ്യിൽ നിന്ന് കപ്പലണ്ടി വാങ്ങി ഒരു കവർ അവൾക്ക് നൽകി... രണ്ടുപേരും കപ്പലണ്ടി കൈയ്യിൽ വച്ചതേയുള്ളു.. കഴിക്കാനുള്ള മാനസികാവസ്ഥയിലല്ല അവരെന്നു മനസ്സിലായി... 

അൻവർ അവർ കാണാതെ അവരെ പിന്തുടർന്നു.. ഇടയ്ക്കിടയ്ക്ക് ഫസൽ ചുറ്റും നോക്കുന്നുണ്ടായിരുന്നു. പെൺകുട്ടിയുടെ കറുത്ത വസ്ത്രത്തിൽ നിന്നും ആളെ തിരിച്ചറിയാനായില്ല.. മെല്ലിച്ച ശരീരം മുഖത്ത് നല്ല വെളുപ്പുണ്ട്... കാഴ്ചയിൽ സുന്ദരിയാണെന്നു പറയാം... ആരായിരിക്കുമിവൾ.. ഈ പ്രായത്തിൽ അവൻ വല്ല പ്രേമബന്ധത്തിലും ചെന്നു പെട്ടതാണോ... എങ്ങനെയാണ് അവനോടിതൊക്കെ ചോദിക്കുക ... എന്തായാലും അവനോട് വിശദമായി ചോദിക്കണം. അങ്ങനെയുള്ള എന്തേലും ബന്ധമാണെങ്കിൽ അവനെ അതിൽ നിന്നും പിന്തിരിപ്പിക്കണം. കാരണം അതിനുള്ള പ്രായവും പക്വതയും അവനായിട്ടില്ല.. ഇതാരേയും അറിയിക്കാനും പാടില്ല...

രണ്ടുപേരും കുറച്ചുദൂരം ഒരുമിച്ചു നടന്നു. എന്നിട്ട് അവൾ എന്തോ അവനോട് പറഞ്ഞു.. എന്നിട്ട് അല്പം വേഗതയിൽ മുന്നേക്ക് നടക്കുന്നുണ്ടായിരുന്നു.. അവൾ ബസ്റ്റാന്റ് ലക്ഷ്യമാക്കിയാണ് നടന്നിരുന്നത് . അവൻ സാവധാനം അവളെ പിന്തുടർന്നു.. കുറച്ചു നേരത്തിനകം അവർ ബസ്റ്റാന്റിലെത്തി... അവിടെ നിർത്തിയിട്ട ബസ്സിന്റെ ബോർഡ് നോക്കി അവൾ ബസ്സിൽ കയറി . ഫസൽ കുറച്ചു ദൂരെമാറി അവളെത്തെന്നെ നോക്കി നിൽക്കുണ്ടായിരുന്നു. അൻവർ ആർക്കും സംശയം തോന്നാത്തരീതിയിൽ അവിടെനിന്ന് എല്ലാം വീക്ഷിക്കുന്നുണ്ടായിരുന്നു.. അവളുടെ മുഖം ശരിക്ക് കാണാനായില്ല.. ബസ്സിലാണെങ്കിൽ നല്ല തിരക്കുമുണ്ട്... ഡബിൾ ബല്ലടിച്ച് ബസ്സ് മുന്നോട്ട് കുതിച്ചു.. ഫസൽ സാവധാനം അവിടെനിന്നും ബീച്ചിലേയ്ക്ക് തന്നെ തിരികെ നടന്നു.. കുറച്ചു നേരം അവൻ തിരമാലകളേയും അതിൽ കളിക്കുന്ന കുട്ടികളേയും നോക്കി നിന്നു..

ഫസലിന്റെ മനസ്സ് നിറയെ വിഷമങ്ങളായിരുന്നു. അവന്റെ മുഖത്ത് അത് വിളിച്ചു പറയുന്നുണ്ടായിരുന്നു. ആ പെൺകുട്ടി അവനൊരാശ്വാസമായെന്നു തോന്നുന്നു... അവന്റെ കൈയ്യിലിരുന്ന കപ്പലണ്ടിപ്പൊതി ഒരു കുട്ടിവന്ന് യാചിച്ചപ്പോൾ അതിനു നൽകി... സാവധാനം അവൻ ആളൊഴിഞ്ഞ കടൽത്തീരത്തെ ഒരു ഭാഗത്തേയ്ക്ക് നടന്നു.

അവനറിയാതെ അൻവറും പിന്തുടർന്നു... കടൽത്തീരത്ത് കുറച്ചുനേരം നോക്കിനിന്നിട്ട് കരയെ പുൽകാൻ വരുന്ന തിരമാലകളുടെ അടുത്തേയ്ക്കവൻ നടന്നു... അൻവറിന് ഭയമായി... എന്താ ചെയ്യ... അവന് നീന്തല റിയില്ലെന്നുറപ്പാണ്... എന്തായാലും ഇവിടെ നിൽക്കാം... അവൻ കരയിലേയ്ക്ക് വന്ന ഒരു തിരമാലയിൽ തന്റെ കാലുകൾ നനച്ചു... കടൽവെള്ളംകോരി മുഖം കഴുകി... തിരികെ കരയിലേയ്ക്ക്... അവന്റെ മുഖത്ത് ഒരല്പം പ്രസന്നത കാണാനുണ്ടായിരുന്നു. ഒരു നിശ്ചയദാർഠ്യത്തോടെ അവൻ കരയിലേയ്ക്ക് കയറി . അൻവർ അവൻ കാണാതെ ഒഴിഞ്ഞുമാറിനിന്നു.. ഫസൽ  ബസ്റ്റാന്റ് ലക്ഷ്യമാക്കി നടന്നു.. അൻവർ തൊട്ടു പിറകിലും... പെട്ടെന്നവൻ തിരിഞ്ഞുനോക്കി... ഫസലിന്റെ മുഖം രക്തയോട്ടം നിലച്ചതുപോലെയായി... യാദൃശ്ചികമായി അവൻ തന്റെ മാമയെ കണ്ടു... അവനൊന്നും സംസാരിക്കാനായില്ല.. അവൻ ഓടി മാമയുടെടുത്തെത്തി.. 

“എന്താമോനേ.. നീയിവിടെ...“

“അത് ഒരു സുഹൃത്തിന്റെ കൂടെ വന്നതാ... ഇവിടെ ഒരാളെക്കാണാനുണ്ടായിരുന്നു....“ അവന്റെ വാക്കുകൾ ഇടറുന്നുണ്ടായിരുന്നു. സ്കൂളിൽ പോകാതെ ഇവിടെയെത്തിയ കാര്യം മാമയ്ക്ക് മനസ്സിലായിരിക്കുന്നു. എന്താവും പ്രതികരണമെന്നറിയില്ല... എന്തായാലും കാത്തിരിക്ക തന്നെ .

“ഞാനിപ്പോ ബസ്സിറങ്ങിയതേയൂള്ളൂ... കാഞ്ഞങ്ങാട്ടേക്കിറങ്ങിയതാ.. ബസ്സ് മാറി.. കണ്ടക്ടർ പറഞ്ഞു ഇവിടിറങ്ങിയാൽമതി... എപ്പോഴും ഇവിടുന്ന് ബസ്സുണ്ടെന്ന്...

ഫസൽ മറുപടി പറയാതെ അൻവറിനെത്തന്നെ നോക്കിനിന്നു...

അൻവർ ഫസലിനെ ചേർത്ത് പിടിച്ചു .. അവന്റെ തോളിൽ തട്ടി... 

“ഞാൻ എഴുന്നേറ്റത് കുറച്ച് താമസിച്ചാ... നിന്നെ ഇന്ന് സ്കൂളിൽ വിടേണ്ടെന്ന് കരുതിയതാ... പക്ഷേ അപ്പോഴേയ്ക്കും നീ പോയിക്കഴിഞ്ഞിരുന്നു...“

“ഇല്ല ഞാൻ സ്കൂളിൽപോകാനിറങ്ങിയതാ... അപ്പോഴാണ്.....“

“അവൻ എന്തോ പറയാനുള്ള പുറപ്പാടിലായിരുന്നു...“

അൻവർ അവന്റെ മുഖത്തേയ്ക്ക് നോക്കി ജിഞ്ജാസയോടെ നിന്നു...
  തുടർന്നു വായിക്കുക അടുത്ത ഞായറാഴ്ച്ച  29 09 2019


ഷംസുദ്ധീൻ തോപ്പിൽ  22 09 2019

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ