27.10.19

നിഴൽവീണവഴികൾ - ഭാഗം - 45


അല്ലാഹു... അക്ബർ... അല്ലാഹു... അക്ബർ... ലാഹിലാഹ... ഇല്ല ല്ലാഹ് അകലെയുള്ള പള്ളിയിൽ നിന്നും ബാങ്ക് വിളി കേട്ട് കൊണ്ട് സുബഹി നമസ്ക്കാരത്തിനായി ഹമീദ് നിദ്രയിൽ നിന്നും ഉണർന്നു .....

ഹമീദിന്റെ മക്കൾ ഇന്ന് ആരേയും അസൂയപ്പെടുത്തുന്ന ഉയരത്തിലെത്തിയിരിക്കുന്നു. സഫിയയുടെ കാര്യത്തിലുണ്ടായ ഒരു പരാജയം ആ കുടുംബത്തിന്റെ സമാധാനം കെടുത്തിയിരുന്നു. പക്ഷേ ഇന്നവർ അതും അതിജീവിച്ചിരിക്കുന്നു. സഫിയയ്ക്കും സഹോദരങ്ങളുടെ സാമ്പത്തിക സഹായം ലഭിക്കുന്നു. ഫസലിന്റെ വിദ്യാഭ്യാസത്തിന്റെ ചിലവുമൊത്തം വഹിക്കുന്നതും ആ കുടുംബംതന്നെയാണ്... വാപ്പയുടെ പേരിലിട്ടിരിക്കുന്ന പണം ആവശ്യാനുസരണം അദ്ദേഹം കുടുംബത്തിന്റെ ഉന്നമനത്തിനായി ചിലവഴിക്കുന്നു. 

ഒറ്റമുറി കോർട്ടേഴ്സിൽ നിന്നും ഇന്ന് എത്തി നിൽക്കുന്ന മണി മാളിക കഷ്ടതയുടെ ചൂടും ചൂരും ആവോളം അനുഭവിച്ചതിന്റെ ബാക്കി പത്രം... പുതിയ വീടും പരിസരവും എല്ലാവർക്കും നന്നായി ഇഷ്ടപ്പെട്ടു.. ഫസൽ ആഗ്രഹിച്ചതുപോലെ അവന് പ്രത്യേകം ഒരു മുറി കിട്ടി... മുകളിലത്തെ ചെറിയ ഒരു റൂം. താഴത്തെ നിലയിലെ പ്രധാന ബെഡ്റൂം ഹമീദിനും  ഭാര്യയ്ക്കും നൽകി.. അതിനടുത്തായി റഷീദിനും കുടുംബത്തിനും... തൊട്ടടുത്തുള്ള റൂമിൽ സഫിയ.. അൻവറിനും ഭാര്യയ്ക്കുമായി മുകളിലത്തെ നിലയിൽ.ഫസലിന്റെ തൊട്ടടുത്ത റൂം.. റഷീദിന്റെ നിർദ്ദേശപ്രകാരം അൻവറും അവിടെത്തന്നെ താമസിക്കാൻ തീരുമാനിച്ചു... താമസിയാതെ അൻവറിനെ ഗൾഫിലേയ്ക്ക് കൊണ്ടുപോകണമെന്നാണ് റഷീദിന്റെ ആഗ്രഹം എന്നാൽ അതവന് വലിയൊരു സഹായകമാകും എന്ന് കരുതി ... അൻവർ പോയിക്കഴിഞ്ഞാൽ ഭാര്യ നാദിറ ഇവിടെ തന്നെ താമസിക്കട്ടെ എന്നതാണ് ഹമീദിന്റെ ആഗ്രഹവും...

പഴയ വീടും പുരയിടവും അവർ പാവപ്പെട്ട ആർക്കെങ്കിലും താമസിക്കാൻ നൽകാമെന്നുള്ള തീരുമാനത്തിലെത്തി.. ഒരിക്കലും അത് വിൽക്കാൻ പാടില്ല... 

വർഷങ്ങൾക്ക് മുമ്പ് കർണ്ണാടകയിലെ ബട്ക്കലിൽ ഒരു വർഗ്ഗീയലഹളക്കാലത്ത് നാടും വീടും ഉപേക്ഷിച്ച് വയനാട്ടിലെ തോട്ടിൻ കരയിലേക്ക് വണ്ടി കയറുമ്പോൾ തങ്ങളുടെ കുടുംബം ഈ രീതിയിൽ രക്ഷപ്പെടുമെന്ന് ആരും കരുതിയില്ല . അന്ന് തങ്ങളെ സഹായിച്ചു ഉടുതുണിക്ക് മറുതുണിയും കയറി കിടക്കാൻ ഒരു ഇടവും തന്ന തോട്ടിൻ കരയിലെ പോക്കർ ഹാജിയെയും നാട്ടുകാരെയും ഹമീദ് എന്നും ഓർക്കാറുണ്ട് .. ഇക്കാലത്തിനിടയിൽ ഒരിക്കൽ മാത്രമാണ് അവിടെ പോയിട്ടുള്ളത് പോക്കർ ഹാജിയുടെ മരണ മറിഞ്ഞപ്പോൾ  അന്ന് ആ നാട്ടിലെ മനുഷ്യരുടെ സ്നേഹം തൊട്ടറിഞ്ഞതാണ്. സ്വ ജാതിയല്ലെങ്കിലും പാതിരാത്രി സ്വന്തം ജീവൻ പണയം വെച്ച് ബട്ക്കലിൽ നിന്ന് തങ്ങളെ ലോറിയിൽ ക്കയറി രക്ഷപ്പെടാനുള്ള അവസരമൊരുക്കിത്തന്ന രമേശനും കുടുംബവും ഇന്ന് നല്ല നിലയിലെത്തിയെന്നതും വളരെ സന്തോഷകരമായിരുന്നു. അദ്ദേഹത്തിന്റെ മൂന്നു മക്കളെയും വിവാഹം കഴിപ്പിച്ചയച്ചു.. അവരെല്ലാം സന്തോഷമായി ജീവിക്കുന്നു.. രമേഷനും ഭാര്യയും മാത്രമേ ഇപ്പോൾ നാട്ടിലുള്ളൂ.. ഇന്ന് ആ നാട് വളരെ സമാധാനപരമായി നീങ്ങുന്നു. എങ്ങും വർഗ്ഗീയതയുടെ ഒരു മൂടുപടവുമില്ല.. അന്ന് തങ്ങൾ താമസിച്ച സ്ഥലവും വീടും ഇപ്പോഴുമുണ്ട്... ആ പ്രദേശത്ത് എത്തിച്ചെരാൻ ഇപ്പോൾ തോണിയിൽ  യാത്രചെയ്യേണ്ടതുമില്ല.. പുതിയ പാലം വന്നു.. ആശുപത്രി വന്നു... അന്നാട് നന്നായി വികസിച്ചു... 

ഒരിക്കൽ സംസാര മദ്ധ്യേ റഷീദാണ് അക്കാര്യം ഹമീദിനോട് പറഞ്ഞത് “വാപ്പാ.. നമുക്ക് നമ്മുടെ ആ പഴയ നാട്ടിലേയ്ക്കൊന്നു പോകണം... പഴയ ഓർമ്മകളിൽ എപ്പോഴും അവിടുത്തെ ചിന്തകകൾ കടന്നുവരാറുണ്ട്...“ തങ്ങളുടെ കുട്ടിക്കാലം ചിലവഴിച്ച ആ ഗ്രാമം... വർഗ്ഗീയതയുടെ പേരിൽ ആ നാട്ടിൽ നിന്നും ഉള്ളതെല്ലാം ഇട്ടെറിഞ്ഞ് പോകേണ്ടിവന്നെങ്കിലും ഇന്നും ആ നാടും നാട്ടുകാരും തങ്ങൾക്ക് പ്രിയപ്പെട്ടവർ തന്നെ... വേലായുധൻമാഷ് റിട്ടയറായി... ഒരുപാട് അടിവേടിച്ചു കൂട്ടിയുണ്ട് റഷീദ് സ്കൂൾ കാലഘട്ടത്തിൽ വേലായുധൻ മാഷ് കണക്ക് സാറായിരുന്നു.. കണക്കെന്നും റഷീദിന് ഇഷ്ടമുള്ള വിഷയമായിരുന്നില്ല... പക്ഷേ ഇന്ന് സ്വന്തം ബിസിനസ്സിലെ കണക്കുകളും മറ്റും റഷീദ് തന്നെയാണ് നോക്കുന്നത്... അന്ന് മാഷ് പകർന്നുതന്ന അറിവും അടിയും ജീവിതത്തിലൊരിക്കലും മറക്കില്ല.. എന്നാലും താൻ മാഷിന് പ്രിയപ്പെട്ടവനായിരുന്നു...

ഹമീദിന് ആ തീരുമാനം നന്നെ ഇഷ്ടപ്പെട്ടു... ആരോഗ്യം അനുവദിക്കുന്നില്ലെങ്കിലും അവിടെ പോകണമെന്നുള്ള ആഗ്രഹം ഹമീദിനും എല്ലാ ഒർമ്മകളെയും വീണ്ടും  തിരികെപ്പിടിക്കണമെന്ന ആഗ്രഹം മറ്റുള്ളവർക്കുമുണ്ട്... അടുത്ത ഞായറാഴ്ച്ച  അവിടേയ്ക്ക് പോകാമെന്നുള്ള തീരുമാനത്തിലെത്തി.. റഷീദിന് പുതിയ കാർ വാങ്ങണമെന്നുള്ള ആഗ്രഹം.. 

വാപ്പ പറഞ്ഞു.. “റഷീദേ നീ പോയിക്കഴിഞ്ഞാൽ ആരാ അതൊക്കെ നോക്കി നടത്തുന്നത്..“ അത് ശരിയാണ്. ഇവിടെ റഷീദിന് മാത്രമേ ഡ്രൈവിംഗ് അറിയൂ... അൻവർ താമസിയാതെ റഷീദിനൊപ്പം വിദേശത്തേയ്ക്ക് പോകും.. പിന്നെ ആരാ വാഹനമോടിക്കുന്നത്. കൂലിക്ക് ആളെവച്ചാൽ അത് അത്ര നല്ലതല്ലെന്ന് എല്ലാവർക്കും തോന്നി... പക്ഷേ വാപ്പയ്ക്ക് സുഖമില്ലാത്തതാണ്... ഈ പരിസരത്ത് ടാക്സി പിടിക്കണമെങ്കിൽ കുറച്ചു ദൂരം പോകേണ്ടിയും വരും... അവസാനം  റഷീദിന്റെ തീരുമാനത്തിൽ എല്ലാരും യോജിച്ചു.. ഇന്നോവയുടെ പുതുപുത്തൻ കാറ് തന്നെ റഷീദ് എടുക്കാൻ തീരുമാനിച്ചു.. ഫസലിനും ആ വാഹനമായിരുന്നു ഇഷ്ടം... ഇതുവരെ ആ വാഹനത്തിൽ കയറാനുള്ള ഭാഗ്യമുണ്ടായിട്ടില്ല.. റോഡിൽ തലയെടുപ്പോടുകൂടി പോകുന്ന ആ വാഹനം പലപ്പോഴും നോക്കിനിന്നിട്ടുണ്ട്... തനിക്കിപ്പോൾ പതിനേഴ് വയസ്സായിരിക്കുന്നു അടുത്തവർഷം എന്തായാലും ഡ്രൈവിംഗ് ലൈസൻസ് എടുക്കണം... പിന്നെ തനിക്ക് ഓടിച്ചു നടക്കാമല്ലോ... അവന്റെ മനസ്സിലിരുപ്പ് മനസ്സിലാക്കിയിട്ടായിരിക്കാം റഷീദ് പറഞ്ഞത്.. 

“നമ്മടെ ഫസല് വലുതായി വരികയല്ലേ... അവനെ പഠിപ്പിക്കാം.. തൽക്കാലം ഒരു ഡ്രൈവറെ വെക്കാം.. ആവശ്യമുള്ളപ്പോൾ വിളിച്ചാൽ മതിയല്ലോ.. പുറത്ത് ഓട്ടം വല്ലതും കിട്ടിയാൽ അതൊരു വരുമാനവുമാകുമല്ലോ...“

“റഷീദന്റെ ആ തീരുമാനത്തിൽ എല്ലാർക്കും സന്തോഷം തോന്നി... അടുത്ത ദിവസം തന്നെ വാഹനം ബുക്ക് ചെയ്തു... സ്റ്റോക്കുണ്ടായിരുന്നതിനാൽ നാലു ദിവസത്തിനുള്ളിൽ രജിസ്ട്രേഷൻകഴിഞ്ഞ് വാഹനം വീട്ടിലെത്തിച്ചു. ഇന്ന് ബുധനാഴ്ച... ഈ വരുന്ന ഞായറാഴ്ച്ച  ..... തോട്ടിൻ കരയിലേക്ക് പോകാം എന്നവർ തീരുമാനിച്ചു.. റഷീദ് തന്നെ വാഹനം ഓടിക്കും... ഇപ്പോൾ വൈകുന്നേരങ്ങളിൽ അവരൊരുമിച്ച് പുറത്തേയ്ക്ക പോകുന്നത് പുതിയ വാഹനത്തിലാണ്. വാഹനം കഴുകി വൃത്തിയാക്കുന്ന ചുമതല ഫസൽ ഏറ്റെടുത്തു... അവനോട് ആരും പറഞ്ഞിട്ടല്ല.. അവന് സ്വയം തോന്നി ചെയ്തതാണ്... ആ ഗ്യാപ്പിൽ  വണ്ടിയ്ക്കകത്ത് കയറി ഡ്രൈവർ സീറ്റിലിരുന്ന് സന്തോഷിക്കാമല്ലോ...

“കണ്ടാൽ പോലും ചിരിക്കാതിരുന്ന പല ബന്ധുക്കളും അവരെ തേടിപ്പിടിച്ച് അവിടെത്തി... എല്ലാർക്കും പണമാണ് ആവശ്യം... എന്നാലും ആരേയും പിണക്കാൻ ആ കുടുംബം തയ്യാറല്ലായിരുന്നു.. ചെറിയ സാമ്പത്തിക സഹായങ്ങളൊക്കെ അവർക്ക് നൽകാൻ അവരാരും മടിച്ചില്ല... റഷീദിന് തിരികെ പോകാനുള്ളദിവസങ്ങൾ അടുത്തു വരുന്നു.. പക്ഷേ വീട്ടിലെ സ്നേഹവും സന്തോഷവുംകണ്ടിട്ട് കുറച്ചുദിവസങ്ങൾ കൂടി അവിടെ നിൽക്കണമെന്നുള്ള ആഗ്രഹം... എല്ലാവരും നിർബന്ധിച്ചപ്പോൾ അവൻ സമ്മതിച്ചു... ഓഫീസിൽ മാനേജരേയും സ്പോൺസറേയും വിളിച്ചു പറഞ്ഞ് രണ്ടാഴ്ചത്തേയ്ക്കു കൂടി ലീവ് നീട്ടാൻ തീരുമാനിച്ചു... 

റഷീദ് വീട്ടിൽ ബി.എസ്.എൻ.എൽന്റെ പുതിയ കണക്ഷനെടുത്തു... ഇനി തന്റെ ഫോൺ വരുമ്പോൾ അയലത്തെ വീട്ടിലേയ്ക്ക് ഓടേണ്ടതില്ലല്ലോ... ആ കുടുംബത്തിൽ സന്തോഷം അലതല്ലുന്നുണ്ടെങ്കിലും അൻവറിന്റെ ഭാര്യയ്ക്ക് ലേശം അസൂയ മനസ്സിലുണ്ട്... താൻ എതിരായി എന്തു കാണിച്ചാലും തന്റെ ജീവിതത്തെ അത് ബാധിക്കുമെന്ന് അവൾക്കറിയാമായിരുന്നു. ആയതിനാൽ അവളതൊന്നും പുറത്തുകാണിച്ചില്ല.. എല്ലാ സുഖസൗകര്യങ്ങളും ലഭിക്കുമ്പോൾ ഇതൊക്കെ ഇട്ടെറിഞ്ഞ് പോകേണ്ടതില്ലല്ലോ... അവളുടെ വാപ്പയും കുടെക്കൂടെ വരാറുണ്ട്... റഷീദിന്റെ  വളർച്ചയിൽ  അയാൾക്കും പങ്കുണ്ടെന്ന് വീമ്പിളക്കാറുമുണ്ട്...

ഞായറാഴ്ച്ച അതിരാവിലെ തന്നെ അവർ തങ്ങൾ ജനിച്ചു വളർന്ന....... നാട്ടിലേക്കുള്ള യാത്ര പുറപ്പെട്ടു ... ആരോഗ്യപ്രശ്നങ്ങളുണ്ടെങ്കിലും ഹമീദും വളരെ സന്തോഷവനായിരുന്നു.. അദ്ദേഹത്തിന് പഴയ ആ ചുറുചുറുക്കില്ലെങ്കിലും ആ നിശ്ചയദാർഠ്യം ഇപ്പോഴും ആ മുഖത്തുണ്ട്. വാപ്പാനെ പിടിച്ച് ഫ്രണ്ട് സീറ്റിൽ തന്നെ റഷീദ് ഇരുത്തി.. തന്റെ വാപ്പാനേയും കൊണ്ട് ഇതുപോലെ ഒരു യാത്ര ചെയ്യണമെന്നത് എത്രയോ കാലം റഷീദ് മനസ്സിൽ വിചാരിച്ചിട്ടുണ്ട്... ഒരിക്കലും സാധിക്കാത്ത ഒരു സ്വപ്നമായിരുന്നു അത്... എന്നാൽ ഇന്ന് അതും സാധിച്ചിരിക്കുന്നു. അഭിമാനത്തോടെ വാഹനത്തിൽ ഇരിക്കുന്ന തന്റെ വാപ്പയുടെ മുഖത്തെ ആ പുഞ്ചിരി... അത് മാത്രമായിരുന്നു റഷീദ് കാണാൻ ആഗ്രഹിച്ചത്... ആ മകന് അത്ര സ്നേഹമായിരുന്നു വാപ്പയും ഉമ്മയും സഹോദരങ്ങളുമെന്നു പറഞ്ഞാൽ... ഹമീദിന്റെ സന്തോഷത്തിനും അതിരുകളില്ലായിരുന്നു... തന്റെ മകന്റെ സ്വന്തം വാഹനത്തിൽ ഇരുന്ന് വന്ന വഴികളിലൂടെ ഉള്ളൊരു യാത്ര ചെയ്യാനുള്ള ഭാഗ്യം... അത് പറഞ്ഞറിക്കാവുന്നതിനുമപ്പുറമായിരുന്നു.. ആ വൃദ്ധമനുഷ്യൻ അനുഭവിച്ച ത്യാഗത്തിന്റെയും സഹനത്തിന്റെയും പ്രത്യുപകാരമാണത്. ദുഖം മാത്രം ലഭിച്ചപ്പോൾ ഒരിക്കൽപോലും പടച്ചോനെ തള്ളിപ്പറഞ്ഞിട്ടില്ല... ഈ വളർച്ചയ്ക്ക് കാരണം പടച്ചോൻ തന്നെയാണെന്ന് ഹമീദ് ഉറച്ചു വിശ്വസിക്കുന്നു... പടച്ചോനെ മറന്നുള്ള പ്രവർത്തികൾ ചെയ്യരുതെന്ന് മക്കളെ പറഞ്ഞ് പഠിപ്പിക്കുകയും ചെയ്തിട്ടുണ്ട്... ആ വൃദ്ധമനുഷ്യന്റെ നന്മ അതായിരിക്കാം ഈ കുടുംബത്തിന്റെ വെളിച്ചം... 

നാട്ടിൽ വച്ച് ഒരു സ്കൂട്ടർ പോലും റഷീദ് ഓടിച്ചിരുന്നില്ല.. വിദേശത്തുനിന്നാണ് ലൈസൻസൊക്കെ എടുത്തത്... ഏകദേശം 7 മണിക്കൂറത്തെ യാത്രയുണ്ട്.. തിരിച്ച് ഇന്നു വരാൻ സാധിക്കില്ല... അവിടെ എവിടെയെങ്കിലും താമസിച്ച് അടുത്ത ദിവസം വരാനുള്ള പ്ലാനാണവർക്ക്... മടക്കയാത്രയിൽ കോഴിക്കോട് മാങ്കാവിലെ മാളിയേക്കൽ തറവാട്ടിൽ ഒന്ന് കയറണം അമ്മാവൻ ഹസ്സനാജിയുടെ പെട്ടന്നുള്ള  മരണം അമ്മായിയെ ആകെ തളർത്തിയിരുന്നു ഒരുപാട് ആയി വന്നിട്ട് കഷ്ടതയിൽ കൂടെ നിന്ന അമ്മായിക്ക് ഇപ്പോഴത്തെ ജീവിത സാഹചര്യം ഒരുപാട് സന്തോഷം നൽകും കൂടെ വരികയാണെങ്കിൽ കുറച്ച് ദിവസം അമ്മായിയെ കൂടെ കൊണ്ട് നിറുത്തണം ...  അവിടുത്തെ സുഖവിവരവും അറിയണമല്ലോ... എന്തായാലും വാഹനം സ്വന്തമായുള്ളത് ഒരു സൗകര്യംതന്നെ... എപ്പോൾ വേണമെങ്കിലും എവിടെ വേണേലും എളുപ്പം എത്താലോ...

ഫസൽ ചുറ്റുമുള്ള കാഴ്ച്ചകൾ കാണുകയായിരുന്നു... വാഹനത്തിൽ കയറി യാത്രചെയ്യുകയെന്നുള്ള അവന്റെ ആഗ്രഹവും സാധിച്ചിരിക്കുന്നു.. സഫിയയും നാദിറയും ഉമ്മയും മറ്റെല്ലാവരും ഓരോരോ അനുഭവങ്ങൾ പറഞ്ഞ് ചിരിക്കുന്നുണ്ടായിരുന്നു. പ്രായം മറന്ന് ഹമീദിന്റെ ഭാര്യസൈനബയും  അതിനൊപ്പം കൂടി... 

തങ്ങൾ പിച്ചവച്ചു നടന്ന ആ ഗ്രാമത്തിലേയ്ക്കുള്ള യാത്ര... ഓർമ്മകളിൽ എന്നും മറക്കാനാവാത്ത അനുഭവങ്ങൾ സമ്മാനിച്ച ആ ഗ്രാമം... കൃഷിയിടത്തുനിന്നും ചെളിയും മണ്ണുമായി കയറിവരുന്ന വാപ്പ.. മുറ്റത്തെ കിണറ്റിൻകല്ലിൽ ഉമ്മകോരിവച്ചിരിക്കുന്ന വെള്ളം കൊണ്ട് കാലും മുഖവും കഴുകി വീടിന്റെ ചെറിയ കൈവരിൽ വന്നിരുന്ന്  കഞ്ഞികുടിക്കുന്ന വാപ്പയുടെ മുഖം ഇന്നും മറക്കാനാവില്ലവർക്ക്... ചുട്ടഉണക്കമീനും പപ്പടവും കഞ്ഞിയും അതായിരുന്നു ഹമീദിന് ഇഷ്ടം... അന്ന് തങ്ങളെ കാണുമ്പോൾ വാപ്പ വിളിച്ച് അടുത്തിരുത്തി കഞ്ഞി കോരിത്തരുമായിരുന്നു. ആ മനുഷ്യന്റെ കോരിത്തരുന്ന കഞ്ഞിയുടെ രുചി മറ്റെവിടെനിന്നും ലഭിച്ചിട്ടില്ല... കഞ്ഞിയുടെ കൂടെ വാപ്പയുടെ സ്നേഹവുമുണ്ടായിരുന്നെന്നുള്ളത് പതുക്കെയാണവർക്ക് മനസ്സിലായത്... ആ ഗ്രാമത്തിലേയ്ക്കും ആ വീട്ടിലേയ്ക്കുമുള്ള യാത്രയാണത്... ഇന്നവിടെ താമസിക്കുന്നത് വീട്ടുടമസ്ഥനും ഭാര്യയും മാത്രം... ഹമീദിന്റെ ഉറ്റ ചങ്ങാതിയായിരുന്നു അയാൾ... ചന്ദ്രനെന്നു കേട്ടാൽ നാട്ടിലെല്ലാർക്കും ബഹുാനമായിരുന്നു. അന്നാട്ടിൽ ആദ്യമായി സർക്കാർ സർവ്വീസിൽ കയറിപ്പറ്റിയ ആൾ.. അദ്ദേഹമൊരു അറിവിന്റെ നിറകുടമായിരുന്നു. പലരേയും വിദ്യാഭ്യാസത്തിനു വളരെയധികം സഹായിച്ച ആൾ.. ചുരുക്കിപ്പറഞ്ഞാൽ അന്നാട്ടിലെ വികസനത്തിന് സുപ്രധാനമായ സംഭാവനകൾ നൽകിയ ആൾ.. വർഗ്ഗീയ സംഘർഷം ഉണ്ടാകുമ്പോൾ അദ്ദേഹം വില്ലേജാഫീസറായി തിരുവനന്തപുരത്തെ അമ്പൂരിയിലായിരുന്നു.. വിവരമറിഞ്ഞ് നാട്ടിൽ ഓടിയെത്തിയെങ്കിലും എല്ലാം കൈവിട്ടുപോയിരുന്നു.. വീടുവീടാന്തരം കയറിയിറങ്ങി എല്ലാരേയും കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്തി തിരികെ ഒത്തൊരുമയിലേയ്ക്ക് എത്തിക്കാൻ വളരെ സമയമെടുത്തു...

അതങ്ങനെയാണ്... വർഗ്ഗീയത ഒരുതരം ലഹരിയാണ്.. അതിനടിമപ്പെട്ടാൽ പിന്നെ ചിന്താശേഷിപോലും നഷ്ടപ്പെട്ടുപോവും... അത് തലയ്ക്കു പിടിച്ചവൻ സ്വയം നശിക്കുകമാത്രമല്ല ഒരു തലമുറയെത്തന്നെ നശിപ്പിക്കും... അതിൽ നിന്നും പിന്നീടൊരു മുക്തി.... വലിയ പാടാണ്... വളർന്നു വരുന്ന സമൂഹത്തിന്റെ ഏറ്റവും ഭീകരമുഖം തന്നെയാണ് വർഗ്ഗീയത... ജാതിയുടെയും മതത്തിന്റെയും പേരിൽ നടക്കുന്ന ഈ വെല്ലുവിളികൾ അവസാനിപ്പിക്കേണ്ടിയിരിക്കുന്നു. ദൈവം മനുഷ്യനെ സൃഷിടിക്കുമ്പോൾ ജാതിയുടെ അതിർ വരമ്പുകളില്ലായിരുന്നു. മതങ്ങളുടെ ചരടുകളില്ലായിരുന്നു..  മനുഷ്യനുണ്ടാക്കിയതല്ലേ ഈ വർഗ്ഗീയ ചേരിതിരിവുകൾ.. അതിന്റെ കെട്ടുകൾ പൊട്ടിച്ച് മനുഷ്യനെന്നാണ് പുറത്തെത്തുന്നത് അന്ന് ഈ ലോകം സ്വർഗ്ഗമാകും... നമ്മുടെ സ്വർഗ്ഗം ഈ ഭൂമിതന്നെയാണ്... ഇതിനപ്പുറം ഒരു സ്വർഗ്ഗമുണ്ടെന്നുള്ള മതവിശ്വാസത്തിൽ ഭ്രാന്തത ചേർത്ത്... ഭൂമിയെന്ന സ്വർഗ്ഗത്തെ നഗരതുല്യമാക്കുന്നത് വിഢിത്തം എന്നല്ലാതെ എന്തുപറയാൻ..

ഹമീദും കുടുംബവും യാത്രാമധ്യേ ഭക്ഷണം കഴിക്കുന്നതിനായി താമരശ്ശേരി ചുരത്തിൻ വളവിലെ ഒഴിഞ്ഞ പ്രദേശത്ത് തണൽ വൃക്ഷങ്ങളുള്ള സ്ഥലത്ത് വാഹനം പാർക്കുചെയ്തു.. ഫസൽ ആദ്യമായി ചുരം കയറുകയാണ് അവന് വല്ലാത്ത സന്തോഷം തോന്നി പണ്ട് കൂടെ പഠിച്ച വായനാടു കാരൻ അഷ്‌ക്കർ ചുരം കയറുന്നതും ചുരത്തിൽ നിന്ന് താഴോട്ട് നോക്കുമ്പോൾ കാണുന്ന പ്രകൃതിയുടെ മനോഹാരിതയും എപ്പോഴും പറയാറുണ്ട് അന്ന് മനസ്സിൽ കുറിച്ചിട്ടതാണ് ഒരിക്കൽ പോകണമെന്ന് പടച്ചോൻ അതിനുള്ള അവസരം തന്നിരിക്കുന്നു അൽഹംദുലില്ലാഹ് ...സർവ്വ സന്നാഹങ്ങളുമായാണ് ആ കുടുംബം യാത്ര തിരിച്ചത്... ഉച്ചയൂണും അത്യാവശ്യം വേണ്ട ഭക്ഷണ പദാർത്ഥങ്ങളും അവർ കരുതിയിരുന്നു... വാപ്പയ്ക്ക് ഇരിക്കാൻ ഒരു കസേരയും ഒപ്പം കൊണ്ടുവന്നിരുന്നു... ദീർഘദൂര യാത്രയല്ലേ.. വാപ്പയ്ക്ക് ഇടയ്ക്കിടയ്ക്ക് ഒന്നു നടുനിവർത്തുന്നത് നല്ലതാണെന്ന് എല്ലാർക്കും തോന്നി.. എല്ലാവർക്കും ഒരു വിനോദയാത്ര ആസ്വദിക്കുന്ന സന്തോഷമുണ്ടായിരുന്നു... അവർ ഭക്ഷണം പ്രത്യേകം പ്രത്യേകം പാത്രങ്ങളിലാക്കി എല്ലാർക്കും നൽകി.. വലിയ പായ വിരിച്ച് എല്ലാരും അതിലിരുന്നാണ് കഴിച്ചത്... അതിനിടയിലും അവർ തമാശകൾ പറഞ്ഞ് പൊട്ടിച്ചിരിച്ചു കുരങ്ങുകൾ ഭക്ഷണം കഴിക്കാൻ അവരുടെ അടുത്തേക്ക് ചാടി ചാടി വന്നു അവർക്ക് ഭക്ഷണം കൊടുത്തും കളി പറഞ്ഞും സന്തോഷകരമായ നിമിഷങ്ങൾ ഒരുമയോടെ പങ്കു വെച്ചു ... പ്രായം മറന്ന് ഹമീദും അവർക്കൊപ്പം കൂടി... ഏറ്റവും കൂടുതൽ കളിയാക്കലുകൾ ഏറ്റുവാങ്ങിയത് ഫസലായിരുന്നു... ഭാവിയിലെ സിനിമാനടൻ എന്നായിരുന്നു എല്ലാരും അവനെ വിശേഷിപ്പിച്ചത്.. അവന് അത് സന്തോഷം നൽകുന്നതായിരുന്നു... ഒരു സിനിമപോലും റിലീസായില്ലെങ്കിലും ഇപ്പോഴും ആ ആഗ്രഹം ഉള്ളിൽത്തന്നെയുണ്ട്... എന്തായാലും പഠിച്ച് നല്ലൊരു ജോലി നേടിയിട്ടു മതി ഇനി സിനിമയെന്നാണ് വീട്ടുകാരുടേയും അഭിപ്രായം.. അതിനോട് അവനും യോജിപ്പാണുള്ളത്...അവർ ഭക്ഷണം കഴിച്ച് വാഹനത്തിൽ കയറാനുള്ള തയ്യാറെടുപ്പു തുടങ്ങി.. ഹമീദിനെ വാഹനത്തിൽ കയറാൻ അൻവർ സഹായിച്ചു... 

“വാപ്പാ... ഇനിയൊന്നു മയങ്ങിക്കോ...“ സീറ്റുബെൽറ്റ് മുറുക്കിക്കൊണ്ട് അൻവർ പറ‍ഞ്ഞു.. അതേയെന്ന് റഷീദും പറഞ്ഞു... വാഹനം പതിയെ ചുരമിറങ്ങാൻ തുടങ്ങി ഹമീദ് സാവധാനം ഉറക്കത്തിലേയ്ക്ക വഴുതിവീണു... ഹമീദിന്റെ സുരക്ഷ കരുതി റഷീദ് വേഗതകുറച്ചാണ് ഓടിച്ചിരുന്നത്.. ഉറങ്ങുന്ന ആ മനുഷ്യന്റെ മുഖത്തെ നിശ്ചയദാർഠ്യം... അതായിരുന്നു റഷീദിന്റെ ജീവിത വിജയം....

 തുടർന്നു വായിക്കുക അടുത്ത ഞായറാഴ്ച്ച  03 11 2019 

 ഷംസുദ്ധീൻ തോപ്പിൽ  27 10 2019

3 അഭിപ്രായങ്ങൾ: