3.11.19

നിഴൽവീണവഴികൾ - ഭാഗം - 46

 
“വാപ്പാ... ഇനിയൊന്നു മയങ്ങിക്കോ...“ സീറ്റുബെൽറ്റ് മുറുക്കിക്കൊണ്ട് അൻവർ പറ‍ഞ്ഞു.. അതേയെന്ന് റഷീദും പറഞ്ഞു... വാഹനം പതിയെ ചുരമിറങ്ങാൻ തുടങ്ങി ഹമീദ് സാവധാനം ഉറക്കത്തിലേയ്ക്ക വഴുതിവീണു... ഹമീദിന്റെ സുരക്ഷ കരുതി റഷീദ് വേഗതകുറച്ചാണ് കാർ ഓടിച്ചിരുന്നത്.. ഉറങ്ങുന്ന ആ മനുഷ്യന്റെ മുഖത്തെ നിശ്ചയദാർഠ്യം... അതായിരുന്നു റഷീദിന്റെ ജീവിത വിജയം....
 
കാർ വളരെ ശ്രദ്ധയോടെ യാണ് റഷീദ് ഓടിച്ചിരുന്നത് . എല്ലാവരും ചെറുമയക്കത്തിലേക്ക് വഴുതി വീണു . യാത്രതിരിച്ചിട്ട് ഏകദേശം ആറ് മണിക്കൂറുകൾ കടന്നിരിക്കുന്നു. എല്ലാവരും ചെറുമയക്കത്തിലും... റോഡ് സൈഡിലെ ബോർഡിൽ എഴുതിയത് റഷീദ് വായിച്ചു ബദ്ക്കൽ നാൽപ്പത് കിലോമീറ്റർ... റഷീദിന്റെ ചിന്തകൾ പലവഴികളിലൂടെയും കടന്നുപോയി... തങ്ങൾ അനുഭവിച്ച യാതനകളും വേദനകളും കഷ്ടതകളും ഉടുതുണിക്കു മറു തുണി ഇല്ലാതിരുന്നതും ഇന്നും ഓർമ്മയിൽ നിന്നും മാഞ്ഞുപോയിട്ടില്ല. എന്തെല്ലാം ബുദ്ധിമുട്ടുകൾ ജീവിതത്തിൽ അനുഭവിക്കേണ്ടിവന്നിട്ടുണ്ട് വാപ്പ പലപ്പോഴും പ്രയാസങ്ങൾ മക്കളായ തങ്ങളെ അറിയിക്കാറുപോലുമില്ലായിരുന്നു.
 
 സഫിയയുടെ വിവാഹത്തിന് വേണ്ട മുൻകരുതലെടുക്കാനും അന്ന് സാധിച്ചില്ല.. ആരെന്നോ ഏതെന്നോ വ്യക്തമായി അന്വാഷിക്കാതെ ഒരുവന് അവളെ പിടിച്ചു നൽകേണ്ടിയും വന്നു. അധ്വാനിയായിരുന്നു അവൻ.. പക്ഷേ വേറെ ഭാര്യയും കുട്ടികളുമുള്ളവനാണെന്നുള്ള കാര്യം ആരും അറിഞ്ഞില്ല.. സ്വദേശത്തുപോയി തിരക്കാനുള്ള ബുദ്ധിയും ആരും ഉപദേശിച്ചില്ല.. നേരേ മറിച്ചായിരുന്നുവെങ്കിൽ ഇന്ന് സഫിയയ്ക്ക് ഒരു ആൺ തുണയുണ്ടാകുമായിരുന്നു. ഫസലിന് ഒരു വാപ്പയുണ്ടാകുമായിരുന്നു.. 

റഷീദ് വാഹനത്തിന്റെ റിയർ വ്യൂ മിററിലൂടെ പിറകിലെ സീറ്റിലേയ്ക്ക് നോക്കി... എല്ലാവരും ചെറുമയക്കത്തിലാണെങ്കിലും ഫസൽ ചുറ്റുപാടും കണ്ണോടിച്ചുകൊണ്ടിരിക്കുന്നു. ഫസലിന്റെ തോളിൽ ചാരി സഫിയ മയങ്ങുന്നു.. എന്ത് നിഷ്ക്കളങ്കയായിരുന്നവൾ പഠിക്കാനും മോശമല്ലായിരുന്നു. ഒരു സുപ്രഭാതത്തിൽ എല്ലാം ഇട്ടെറിഞ്ഞിട്ട് പോയപ്പോൾ നഷ്ടപ്പെട്ട കൂട്ടത്തിൽ സഫിയയുടെ ജീവിതവുമുണ്ടായിരുന്നു. നഷ്ടങ്ങളുടെ മരുഭൂമിയിൽ നിന്നും ഒരു മോചനം തങ്ങൾക്ക് ലഭിച്ചിരിക്കുന്നു. ഇപ്പോൾ ജീവിതത്തിന് പച്ചപ്പ് ഉണ്ടായിരിക്കുന്നു. 

വാഹനം വളരെ വേഗത കുറച്ചാണ് ഓടിച്ചിരുന്നത്.. ഇടയ്ക്കിടയ്ക്ക് റഷീദ് വാപ്പയെ നോക്കുന്നുണ്ടായിരുന്നു.. സുഖമായി ഉറങ്ങുന്നു ... വാപ്പയുടെ നിസ്കാരതഴമ്പ് കുറച്ചുകൂടി തെളിഞ്ഞുനിൽക്കുന്നു... എത്ര ജോലി തിരക്കാണെങ്കിലും പടച്ചവനോടുള്ള കടമകൾ മുടങ്ങാതെ നിർവഹിക്കുന്നതിന്റെ അടയാളമാണത് ... ആ മനുഷ്യൻ അല്ലാഹുവിനെ വിളിച്ച് പ്രാർത്ഥിച്ചതത്രയും മക്കൾക്കും കൂടപ്പിറപ്പുകൾക്കും വേണ്ടിയായിരുന്നു ...  കറ കളഞ്ഞ മുസൽമാൻ പ്രവാചക അരുളുപ്പാടുകൾക്കനുസരിച്ച് ജീവിച്ച മനുഷ്യൻ... എല്ലാവരെയും അകമഴിഞ്ഞു സ്നേഹിച്ചിരുന്നു. പണമില്ലാത്തവന് പണംനൽകി സഹായിച്ചിരുന്നു. വാപ്പയുടെ മാഹാത്മ്യം മക്കളായ തങ്ങളറിയുന്നത് നാട്ടുകാർ പറഞ്ഞിട്ടായിരുന്നു. ഹമീദിന്റെ മക്കൾക്ക് നാട്ടിൽ നല്ലൊരു പേരും പെരുമയും ഉണ്ടായിരുന്നു ...

സഫിയയുടെ ജീവിത തകർച്ചയിൽ സഹോദരങ്ങളായ തനിക്കും അൻവറിനും ഒന്നും ചെയ്യാൻ സാധിച്ചില്ലെന്നുള്ളത് ഒരു വീഴ്ച്ച തന്നെയാണ്... ഇനിയുള്ള കാലമെങ്കിലും അവളെ നന്നായി നോക്കണം.. ഫസൽ വളർന്നുവരികയല്ലേ... അവനേയും ഗൾഫിലെത്തിക്കണം.. പഠിക്കട്ടെ... ആവുന്നിടത്തോളം പഠിക്കട്ടെ...

കാർ തേയില തോട്ടങ്ങൾക്കിടയിലെ ചെമ്മൺനിറഞ്ഞ പാതയിലേയ്ക്ക് കയറി ... തങ്ങൾ ഓടിക്കളിച്ചു നടന്ന ചെമ്മൺപാതകളും തേയില തോട്ടങ്ങളും വൈകുന്നേരങ്ങളിൽ തേയിലത്തോട്ടത്തിൽ നിന്നും വരുന്ന ഉമ്മയെ പ്രതീക്ഷിച്ചു ഞാനും അൻവറും എത്ര നേരം ഈ ചെമ്മൺ പാതയിൽ ഇരുന്നിട്ടുണ്ട് ഉമ്മയ്ക്ക് വൈകിട്ട് കിട്ടുന്ന ചായക്കടി ഉമ്മ കഴിക്കാതെ ഞങ്ങൾ ക്കായി എടുത്ത് വെക്കാറുണ്ടായിരുന്നു ആ മധുരം ലോകത്ത് എവിടെ പോയാലാണ് കിട്ടുക ഉമ്മയെ  ശ്രദ്ധിച്ച റഷീദിന് മനസ്സിലായി ഉമ്മയുടെ മനസ്സ് പിന്നിട്ട വഴിലൂടെ യാത്ര തുടങ്ങിയെന്ന് വേദനയുടെയും കഷ്ടപ്പാടിന്റെയും എത്ര എത്ര ദിനങ്ങൾ .. വലിയ മാറ്റങ്ങളൊന്നും ഇവിടെ സംഭവിച്ചിട്ടില്ല.. മുള്ളു വേലികൾക്ക് പകരം വീടുകൾക്ക് മുൻപിൽ മതിലുകളായെന്നുമാത്രം... ചില പുതിയ ബഹുനില കെട്ടിടങ്ങൾ.. പക്ഷേ ഗ്രാമാന്തരീക്ഷത്തിന് വലിയ കോട്ടമൊന്നും ഇപ്പോഴും സംഭവിച്ചിട്ടില്ല.. ഇനിയൊരു അഞ്ചു മിനുട്ട് യാത്രയേ വേണ്ടിവരികയുള്ളൂ  ലക്ഷ്യസ്ഥാനത്തെത്താൻ... റഷീദ് വാഹനം ആ ചെമ്മൺപാതയുടെ ഓരത്തായി പാർക്കുചെയ്തു... വാപ്പയെ സാവധാനം കുലുക്കിവിളിച്ചു... 

“നമ്മളെത്തിയോ മോനേ...“

“അല്പദൂരമേയുള്ളൂവാപ്പാ“ അൻവർ ഉത്തരം നൽകി...

അപ്പോഴേയ്ക്കും മറ്റുള്ളവരും ഉണർന്നു കഴിഞ്ഞിരുന്നു... എല്ലാവരും വലിയ ജിജ്ഞാസയിലായിരുന്നു... വർഷങ്ങൾക്കു മുന്നേ ഇവിടം വിട്ടുപോകുമ്പോൾ നട്ട പാതിരായ്ക്ക് ഭയപ്പാടോടെ  ആരും കാണാതെയായിരുന്നു. ഇന്ന് എല്ലാവ രേയും കാണുന്നതിനായി മടങ്ങിവന്നിരിക്കുന്നു.. ഉള്ള സമ്പാദ്യമെല്ലാം ഇട്ടെറിഞ്ഞിട്ടുള്ള പോക്ക്... ഹമീദിന്റെ ഓർമ്മകളിൽ അതൊരു നൊമ്പരമായിരുന്നു... വർഷങ്ങളുടെ അധ്വാനം കൊണ്ട് ആഗ്രഹിച്ച് ഉണ്ടാക്കിയ വീട്.. ചെറുതെങ്കിലും അതൊരു സ്വർഗ്ഗമായിരുന്നു.. തങ്ങളുടെ മക്കൾ പിച്ചവച്ചു നടന്നു വളർന്ന സ്ഥലം... അന്യമതസ്തരുമായി സഹോദരതുല്യമായ ബന്ധമാണ് ഹമീദ് സൂക്ഷിച്ചിരുന്നത്.. വർഗ്ഗീയ ലഹള പൊട്ടിപ്പുറപ്പെട്ടപ്പോൾ പോലും തങ്ങൾക്ക് നേരേ ആക്രമണം ഉണ്ടാകുമെന്ന് കരുതിയിരുന്നില്ല... പക്ഷേ എല്ലാം തകിടം മറിഞ്ഞത് പെട്ടെന്നായിരുന്നു.. ഹിന്ദുക്കൾ  ഭൂരിപക്ഷമുണ്ടായിരുന്ന പ്രദേശമായിരുന്നു എന്നിട്ടും ഇവിടങ്ങളിൽ എല്ലാവരും ഐക്യവും സാഹോദര്യവും കാത്ത് സൂക്ഷിച്ചിരുന്നു ... വർഗ്ഗീയത  സിരകളിലേയ്ക്ക് ആളിപ്പടർന്ന ഒരുകൂട്ടം ചെറുപ്പക്കാർ.. മുതിർന്നവരുടെ അഭിപ്രായത്തിനുപേലും കാത്തുനിൽക്കാതെ അക്രമം അഴിച്ചുവിടുകയായിരുന്നു....ഹമീദിന് കണ്ണുകൾ നിറഞ്ഞു വന്നു മറ്റുള്ളവർ കാണാതിരിക്കാൻ ഹമീദ് പതിയെ കണ്ണുകൾ തുടച്ചു 

വാഹനം സാവധാനം മുന്നോട്ടുപോയി... കാണുന്ന വഴികളൊക്കെ ഹമീദ് റഷീദിനേയും മറ്റുള്ളവരേയും ഓർമ്മിപ്പിച്ചുകൊണ്ടിരുന്നു.. 

“റഷീദേ കേശവന്റെ ചായക്കട ഇവിടുടുത്തായിരുന്നല്ലോ...“

“അതാ വാപ്പാ... അവിടിപ്പോൾ ഒരു വാർപ്പിട്ട  കെട്ടിടമല്ലേ...“

“നീ അവിടൊന്നു നിർത്തിക്കേ... ഒന്നു കയറി കണ്ടുകളയാം... തിരിച്ചറിയുമോ ആവോ...“

റഷീദ് കേശവന്റെ ചായക്കടയ്ക്കടുത്തായി വണ്ടി നിർത്തി.. ഹമീദ് സാവധാനം കാറിൽ നിന്നിറങ്ങി... ഹമീദിന് തന്റെ പഴയ ചുറുചുറുക്ക് കുറച്ചെങ്കിലും തിരിച്ചുകിട്ടിയതുമാതിരി ഒരു തോന്നൽ... കടയുടെ മുന്നിൽ നിന്നു...

“കേശവോ...“

അകത്തുനിന്നു തിരിച്ച് മറുപടി...

“അച്ചാ ആരോ  വിളിക്കുന്നു...“

“ആരായാലും ഇങ്ങോട്ടു വരാൻപറ..“

അത് കേശവന്റെ ശബ്ദമായിരുന്നു..

ഹമീദ് സാവധാനം കടയിലേയ്ക്ക് കയറി... കട മാത്രമേ പുതിയതായുള്ളൂ... അവിടുത്തെ ബഞ്ചും ഡസ്കുമൊക്കെ  ഇപ്പോഴും പഴയതുതന്നെ... 

“അല്ല ഇതാര്.. ഹമീദോ... നീ ആളാകെ മാറിയല്ലോ ഹമീദേ...“

കേശവൻ എഴുന്നേൽക്കാനായി ആഞ്ഞു... അപ്പോഴാണ് ഹമീദ് ആ സത്യം തിരിച്ചറിഞ്ഞത്.. .ഭിത്തിയിൽ ഒരുജോഡി ക്രച്ചസ്സിരിക്കുന്നു. ഇവനിതെന്തുപറ്റി...

“ഹമീദേ എവിടായിരുന്നു... വയ്യടോ... പഴയതുപോലെ ഒന്നിനുമാവില്ല.. എന്റെ ഒരു കാല് നഷ്ടപ്പെട്ടു... നിനക്കറിയാലോ... വളരെ നാളായി എനിക്ക് പഞ്ചസാരയുടെ അസുഖമുണ്ടായിരുന്നകാര്യം... അത് കൂടി എന്റെ ഒരു കാല് നഷ്ടപ്പെട്ടു...“

ഹമീദ് സാവധാനം നടന്ന് കേശവന്റെ അടുത്തെത്തി ആലിംഗനം ചെയ്തു... ആ വൃദ്ധ മനുഷ്യന്റെ കണ്ണുകളിൽ നിന്നും രണ്ടു തുള്ളി കണ്ണുനീർ കേശവന്റെ തോളിൽ വീണു...

“സാരല്യടോ.... ദൈവം പലപ്പോഴും നമ്മളെ പരീക്ഷിക്കാറുണ്ട്... എന്തായാലും മരിക്കുന്നതിനു മുന്നേ എനിക്ക് നിന്നെയൊന്ന് കാണാനായല്ലോ...“

ഹമീദും കേശവനും തമ്മിൽ നല്ല സുഹൃത്തുക്കളായിരുന്നു തേയില തോട്ടത്തിലെ നോക്കി നടത്തിപ്പുകാർ  ... എന്നും ജോലികഴിഞ്ഞ് ഇവിടെ വന്ന് ദാക്ഷായണിയുടെ കയ്യിൽ നിന്നും ചായയും വടയും കഴിച്ചു കുറച്ചു നേരം കുശലം പറഞ്ഞെ ഹമീദ് വീട്ടിലേക്ക് പോകാറുള്ളൂ ... ആ ഓർമ്മകൾ അവർ രണ്ടാളും അയവിറക്കി... റഷീദിനേയും അൻവറിനേയും കേശവന് പെട്ടെന്ന് മനസ്സിലായില്ല... എല്ലാവരേയും ഒരുമിച്ചു കണ്ടപ്പോൾ കേശവന് സന്തോഷം... 

“ഹമീദേ നീയും മക്കളും നന്നായല്ലോ... എന്തായാലും എനിക്ക് സന്തോഷായി.. എനിക്ക് നഷ്ടങ്ങളുടെ കണക്കുമാത്രമേയുള്ളൂ.. എന്റെ കാര്യങ്ങളൊക്കെ നോക്കിയിരുന്നത് അവളായിരുന്നു. ദാക്ഷായണി അവളാണല്ലോ ഈ ചായക്കട നടത്തിയതും കുടുംബം നോക്കിയതും ... അവള് പോയി... ഇപ്പോൾ ഒന്നരവർഷമായിരിക്കുന്നു.. അവളുടെ പെട്ടെന്നുള്ള മരണം.. അത് എനിക്ക് താങ്ങാവുന്നതിലുമപ്പുറമായിരുന്നു ...“

ഹമീദിനും ദുഖം അടക്കാനായില്ല.. എല്ലാവരും നിശ്ശബ്ദരായിരുന്നു.. സ്നേഹനിധിയായ സ്ത്രീ.. യാതൊരു പരിഭവവുമില്ല പരാതിയും ഇല്ല ... എല്ലായ്പ്പോഴും ചിരിച്ച മുഖത്തോടുകൂടി മാത്രമേ കണ്ടിട്ടുള്ളൂ... 

“ഹമീദേ അന്നത്തെ ലഹളയിൽ നീയെന്തിനാ നാടുവിട്ടു പോയേ... നിന്നെ ഇവിടെ ആരും ഒന്നും ചെയ്യില്ലായിരുന്നു... നിനക്കറിയില്ലേ ഇവിടുത്തെ നാട്ടുകാരുടെ നിന്നോടുള്ള സ്നേഹം... കുറച്ചു  പ്രശ്നങ്ങൾ ഉണ്ടായി എന്നുള്ളത് നേരാണ്.. പക്ഷേ അവരൊരിക്കലും നിന്നെ ആക്രമിക്കില്ലായിരുന്നു... എന്റെ മൂത്തവൻ ഇപ്പോഴും ജയിലിലാ... ഇതിലൊന്നിലും അവനില്ലായിരുന്നു.. പക്ഷേ ആരോ അവനെ ചതിച്ചു.. തെളിവുകളെല്ലാം അവനെതിരായിരുന്നു.. ഇതിന്റെ പിറകേ നടക്കാൻ നമുക്കാരാ ഉള്ളത്... ഒന്നിനും കഴിഞ്ഞില്ല...“

“ങ്ഹാ.. എല്ലാം നല്ലതിനായിരിക്കാം.. മകളെകെട്ടിച്ചയച്ചു.. അവന് ലോട്ടറിക്കച്ചവടമാണ് പണി... അല്ലലില്ലാതെ നടന്നുപോകുന്നു.. ഈ കടയിൽ മകളുടെ മകനും ഞാനും മാത്രം കടയുടെ ഒരു ഭാഗത്ത് തന്നെയാണ് താമസവും ... അവള് പോയേപ്പിന്നെ വലിയ കച്ചവടമൊന്നുമില്ല.. ചിലവ് നടക്കണ്ടേ... അതുകൊണ്ട് പൂട്ടുന്നില്ല...“

വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷമുള്ള  കണ്ടുമുട്ടൽ ഒരിക്കലും പരസ്പരം കാണുമെന്നുവിചാരിച്ചതല്ല...

ഹമീദ് ഓരോരുത്തരെയായി പരിചയപ്പെടുത്തി... ഒരു പരിചയപ്പെടുത്തലിന്റെ ആവശ്യമില്ലായിരുന്നു. പക്ഷേ കാലം എല്ലാവ രുടേയും മുഖത്തും ശരീരത്തിലും മാറ്റം വരുത്തിയതുകൊണ്ട് ഒരു പരിചയപ്പെടുത്തൽ ആവശ്യവുമായിരുന്നു...

റഷീദ് കുറച്ച് നോട്ടുകൾ വാപ്പയുടെ കൈകളിലേല്പിച്ചു. .. വാപ്പ അത് കേശവന്റെ കൈകളിലേയ്ക്ക് നിർബന്ധിച്ച് വച്ചുകൊടുത്തു... 

“നീയെന്താ ഈ കാണിക്കുന്നേ...“

“കേശവാ ഇതെന്റെയൊരു സന്തോഷം... നീ ചെയ്ത ഉപകാരം ഒരിക്കലും മറക്കാനാവാത്തതാണ്..“

“അതൊക്കെ ദൈവനിശ്ചയമല്ലേ...“

അവരുടെ സംഭാഷണത്തിനിടയിൽ ചായഅടിക്കുന്ന ആൾ എല്ലാവർക്കും ചായയും വടയും നൽകി... 

“കേശവാ നിന്റെ വടയുടെയും ചായയുടെയും രുചി ഇത്രകാലമായിട്ടും മാറിയിട്ടില്ലകേട്ടോ..“

കേശവൻ കണ്ണ് നിറഞ്ഞു തലയാട്ടി കൊണ്ട് പറഞ്ഞു എന്റെ ദാക്ഷായണിയുടെ കൈപ്പുണ്യം ഒന്ന് വേറെ തന്നെ ആയിരുന്നില്ലേ ഹമീദെ അവൾ പോയെ പിന്നെ എല്ലാം ഒരു... കേശവന് വാക്കുകൾ മുഴുവിപ്പിക്കാൻ കഴിഞ്ഞില്ല ...കേശവാ നീ ഇങ്ങനെ വിഷമിക്കല്ലേ...

“ഇല്ല ഓർമ്മകളിലെ ചില നീറ്റൽ മാത്രം ...അതുപോട്ടെ ഹമീദേ നീ എല്ലാടത്തും ഒന്നു ചുറ്റിക്കറങ്ങി വാ... തിരികെ ഇവിടെ വന്നിട്ടുവേണം ഭക്ഷണം കഴിക്കാൻ... അവർ യാത്രപറഞ്ഞിറങ്ങി... ഇവിടെ നിന്നും 300 മീറ്റർ അകലെക്കാണുന്നതായിരുന്നു തങ്ങളുടെ വീട്... അവർ എല്ലാവരും വണ്ടിയിൽ കയറി... കേശവൻ ഭിത്തിയിൽ പിടിച്ച് സാവധാനം അവരെ യാത്രയയ്ക്കുവാനായി പുറത്തേക്കിറങ്ങി... വേണ്ടെന്നു നിർബ്ബന്ധിച്ചിട്ടും കാര്യമുണ്ടായില്ല... 

ഹമീദും കുടുംബവും അവർ താമസിച്ച വീടിനു മുന്നിലെത്തി... മുറ്റമൊക്കെ ചെത്തി വൃത്തിയാക്കി വച്ചിരിക്കുന്നു.. ആരും താമസമുള്ള ലക്ഷണമില്ല... വീടിന് കാലത്തിന്റേതായ പഴക്കം ഉണ്ടായിരിക്കുന്നു... തങ്ങൾ ജനിച്ചു വളർന്ന വീട്... അവർക്ക് എന്തെന്നില്ലാത്ത ഒരു അനുഭൂതി... ഹമീദ് ഗേറ്റിനടുത്തേയ്ക്ക് സാവധാനം നടന്നു... മുറ്റത്ത് പണ്ടുണ്ടായിരുന്ന ആ പേരമരം വലുതായിരിക്കുന്നു.. ഓർമ്മയിലേയ്ക്ക് വന്നത് ഫസൽ എപ്പോഴും അതിൽ കയറിയിരിക്കാറുണ്ടായിരുന്ന കാര്യമായിരുന്നു. വാപ്പയോടൊപ്പം സഫിയയും ഫസലും പോകുന്നെന്നറിഞ്ഞപ്പോൾ ഇവിടം വിട്ടു പോകാൻ താല്പര്യമില്ലായിരുന്ന ഫസൽ അതിന്റെ മുകളിൽ കയറി ഒളിച്ചിരുന്ന കാര്യം ഇപ്പോഴും മറന്നിരുന്നില്ല.

ഗേറ്റ് പുറത്തുനിന്നും പൂട്ടിയിരിക്കുന്നു. അപ്പുറത്ത് താമസിക്കുന്നത് ദാസനും കുടുംബവുമാണ്... തന്നേക്കാൾ ഇളയവനാണ് ദാസൻ  പക്ഷേ എല്ലാവരും ദാസേട്ടാ ദാസേട്ടാ എന്നുവിളിച്ച് ആ പേര് അന്നാട്ടുകാർക്ക് ഒരു മനപ്പാഠമായിരുന്നു.
 
ഗേറ്റ് തുറക്കാനാ‍ൻ ശ്രമിക്കുന്ന ശബ്ദം കേട്ട് അപ്പുറത്തെ വീട്ടിൽനിന്നും ഒരു തല പുറത്തേയ്ക്ക് നീണ്ടുവന്നു.. അതേ അതയാൾ തന്നെ.. തങ്ങളെ  രാത്രിക്ക് രാത്രി സ്വന്തം ജീവൻ പോലും പണയപ്പെടുത്തി  ലോറിയിൽ കയറ്റി ഒരപകടവും കൂടാതെ കേരളാതിർത്തിയായ ചപ്രയിൽ എത്തിച്ച ദാസൻ .. 

അൽപ്പം പ്രായമായൊരു മനുഷ്യൻ പുറത്തേയ്ക്കിറങ്ങി.. ആരാ എവിടുന്നു വരുന്നു... 

“ഞങ്ങൾ ഹമീദിക്കയുടെ മക്കളാ... അറിയുമോ ഹമീദിക്കയെ....

ദാസന്റെ ഓർമ്മകൾ പഴയ  കാലത്തിലേയ്ക്ക് തിരിച്ചുപോയി...

അപ്പോഴേയ്ക്കും ഫസലിന്റെ കൈ പിടിച്ച് ഹമീദ് ആ വീടിന്റെ മുറ്റത്തേയ്ക്ക് എത്തിയിരുന്നു.. ഹമീദും ദാസനും പരസ്പരം കണ്ടപാടേ പ്രായംമറന്ന് അവർ കെട്ടിപ്പിടിച്ച് ആലിംഗനം ചെയ്തു...

“ഹമീദേ നീ എവിടായിരുന്നു ഇത്രകാലവും നിന്നെ ഓർക്കാത്ത ദിവസങ്ങളില്ല... .... ഭാര്യവും പുറത്തേയ്ക്കിറങ്ങി... പ്രായം എല്ലാവരിലും മാറ്റം വരുത്തിയിരിക്കുന്നു.. 

“വാ... വാ.. അകത്തേയ്ക്ക് വാ...“

എല്ലാവരും വീടിനകത്തേയ്ക്ക് കയറി... .... ദാസന്റെ  ഭാര്യ കസേരപിടിച്ച് ഇട്ടു... എല്ലാവർക്കും ഇരിക്കാൻ വേണ്ടസൗകര്യങ്ങൾ ഒരുക്കിക്കൊടുത്തു... അനേക വർഷങ്ങൾക്ക് ശേഷം കണ്ടുമുട്ടിയ ആത്മാർത്ഥ സുഹൃത്തുക്കൾ.. പരസ്പരം കുശലാന്വേഷണം... തൊട്ടയൽപക്കക്കാരായിരുന്നു.. സഹോദരങ്ങളെപ്പോലെ കഴിഞ്ഞ കാലം... ഇവിടെ എന്തുണ്ടാക്കിയാലും അപ്പുറത്തെ വീട്ടിലെത്തിക്കും.. തിരിച്ചും അതുപോലെ.. ഓണവും പെരുന്നാളുമെല്ലാം ഒരുമിച്ച് ആഘോഷിച്ച ആ നല്ലകാലം...

അദ്ദേഹത്തിന് മൂന്നു മക്കൾ എല്ലാവരും നല്ലനിലയിലെത്തി... ഇളയ മകളെ വിവാഹം കഴിച്ചിരിക്കുന്നത് ഒരു ഡോക്ടറാണ്... കർണ്ണാടകയിലെ സർക്കാർ ആശുപത്രിയിൽ ജോലിചെയ്യുന്നു... മകൾ എഞ്ചിനീയറിംഗ് കഴിഞ്ഞ് സ്വകാര്യ സ്ഥാപനത്തിൽ ജോലിചെയ്യുന്നു... മക്കളാരും സ്ഥലത്തില്ലാത്ത വിഷമം .... ദാസൻ  പങ്കുവെച്ചു... പറക്കമുറ്റിയപ്പോൾ പക്ഷികൾ പറന്നുപോകുന്നതുപോലെ എല്ലാവരും അവരവരുടെ ഉത്തരവാദിത്വങ്ങളിൽ ഏർപ്പെട്ടു പലസ്ഥലങ്ങളിലാണ്... അടുത്തു താമസിക്കുന്നത് മൂത്ത മകനാണ്... അവൻ ഇന്ന് വരുമെന്ന് പറഞ്ഞിരുന്നു .. 

സഫിയയുടെ മനസ്സിൽ തങ്ങളുടെ ആ കുട്ടിക്കാലം ഓർമ്മയിലേയ്ക്കോടിയെത്തി... അദ്ദേഹത്തിന്റെ മക്കൾ തങ്ങളുടെ കളിക്കൂട്ടുകാരായിരുന്നു. എന്തെല്ലാം കുസൃതികളാണ് തങ്ങൾ കാട്ടിക്കൂട്ടിയിട്ടുള്ളത്. സ്കൂളിൽ പോയിരുന്നതും ഒരുമിച്ചായിരുന്നു.. കളിയും ചിരിയുമായി... സഫിയയുടെ കണ്ണുകളിൽ തിളക്കം വർദ്ധിച്ചതുപോലെ... തങ്ങൾ ഓടിക്കളിച്ചു നടന്ന നെല്ലിമരം.. ഓണത്തിന് ഊഞ്ഞാലിട്ടിരുന്ന മാവ്... എല്ലാം... സംസാരമധ്യേ സഫിയയുടെ കാര്യം അറിഞ്ഞപ്പോൾ ... ദാസനും ഭാര്യയ്ക്കും വളരെ വിഷമമുണ്ടായി... ഫസലിനെ ദാസൻ അടുത്തു വിളിച്ചുകുശലാന്വേഷണം നടത്തി..

“ഹമീദേ... നിന്റെ വീട് ഇന്നും അതുപോലെ സൂക്ഷിച്ചിരിക്കുന്നു.. നീ കണ്ടില്ലേ നീ അധ്വാനിച്ചുണ്ടാക്കിയ വീട്... എന്തെല്ലാം സ്വപ്നങ്ങളായിരുന്നു നിനക്ക്..“

ഹമീദ് അങ്ങോട്ട് വീടിനെക്കുറിച്ച് ചോദിക്കുന്നതിനു മുന്നേതന്നെ ദാസൻ ഹമീദിനോട് പറഞ്ഞു... എല്ലാവർക്കും അതൊരു അത്ഭുതമായിരുന്നു. എല്ലാം നഷ്ടപ്പെട്ടെന്നുകരുതി.. ഒരിക്കലെങ്കിലും തിരികെയെത്തണമെന്നുള്ള ആഗ്രഹം പോലും അന്നില്ലായിരുന്നു. ഭയമായിരുന്നു... തിരികെയെത്തിയാൽ ജീവൻ നഷ്ടപ്പെടുമെന്ന ഭയം... 

ഹമീദ് വീടുവയ്ക്കുന്നതിനായി വാങ്ങിയ മൂന്നരസെന്റ് വസ്തു .... ദാസനിൽ നിന്നാണ് വാങ്ങിയത്.. പലരുടേയും സഹായംകൊണ്ടാണ് ആ വീട് അവിടെ ഉയർന്നത്... ഹമീദിനെ പലയിടത്തും അന്വേഷിച്ചെങ്കിലും എങ്ങും കണ്ടെത്താനായിരുന്നില്ല... 

അദ്ദേഹത്തന്റെ ഭാര്യ താക്കോലെടുത്തുകൊണ്ടുവന്നു.. ദാസന്റെ  കൈയ്യിൽ കൊടുത്തു.. ദാസനത് ഹമീദിന് നൽകി... 

“പിന്നെ ഇത്രയും കാലം വീട് സൂക്ഷിച്ചതിനുള്ള കൂലിയെനിക്ക് നൽകണം ചിരിച്ചു കൊണ്ട് ദാസൻ പറഞ്ഞു ... ഇന്നും പഴയതുപോലെതന്നെ.. ഒരു മാറ്റവും വീടിനുണ്ടായിട്ടില്ല...“

“നമുക്കൊന്ന് അവിടംവരെ പോകാം... അവർ എല്ലാവരും വീട്ടിലേയ്ക്ക് പോകാനായി പുറത്തിറങ്ങി..“

അവർക്കെല്ലാം ഉത്സാഹമായിരുന്നു.. പണ്ട് വീടിന് ഗേറ്റോ മതിലോ ഇല്ലായിരുന്നു. വെറും വേലിമാത്രം... ഇന്ന് ദാസൻ  തന്നെ വേലിയും ഗേറ്റുമൊക്കെ കെട്ടിയിരിക്കുന്നു.. സ്വന്തം സുഹൃത്തിനോടുള്ള ആത്മാർത്ഥത.. എന്നെങ്കിലും തിരികെയെത്തുമ്പോൾ നൽകാനായി കാത്തിരുന്ന മനുഷ്യൻ... ആ പഴയ മനുഷ്യരുടെ ആത്മാർത്ഥതയും സ്നേഹവും അത്ഭുതപ്പെടുത്തുന്നതായിരുന്നു.. ജാതിയുടേയും മതത്തിന്റെയും അതിർ വരമ്പുകൾ അവർക്കില്ലായിരുന്നു. സമ്പത്ത് ഒന്നിനും മാനദണ്ഡമായിരുന്നില്ല... രക്തബന്ധമില്ലെങ്കിലും അവരെ തമ്മിൽ ബന്ധിപ്പിച്ചത് മാനുഷിക മൂല്യങ്ങളായിരുന്നു. അതങ്ങനെയാണ്.. ഒരിക്കലും അറുത്തുമുറിക്കാനാവാത്ത ദൃഢത അതിനുണ്ടാകും...

ദാസൻ തന്നെ മുന്നേ നടന്നു.. ഗേറ്റ് തുറന്ന്.. അകത്തു കടന്നു.. എല്ലാവരും വീടിനു ചുറ്റുമൊന്ന് കണ്ണോടിച്ചു.. അൻവറിനും റഷീദിനും ഒരുപാട് ഓർമ്മകൾ പങ്കുവയ്ക്കാനുണ്ടായിരുന്നവിടെ... വീടിനകത്തെ മുറികൾ പോലും വൃത്തിയായി സൂക്ഷിച്ചിരിക്കുന്നു... കട്ടിലുകളും മറ്റും യഥാസ്ഥാനത്ത് തന്നെ ഇരിക്കുന്നു.. 

“റഷീദേ.... സ്നേഹപൂർവ്വമായ വിളി...“

“എന്താ വാപ്പാ...“

എല്ലാവരും ഹമീദിനടുത്തേയ്ക്ക നീങ്ങി...
 
 
 
തുടർന്നു വായിക്കുക അടുത്ത ഞായറാഴ്ച്ച 10 11 2019

ഷംസുദ്ധീൻ തോപ്പിൽ  03 11 2019
 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ