16.11.19

നിഴൽവീണവഴികൾ - ഭാഗം - 48


 
“ദാസാ ഞങ്ങൾ നിന്നെയൊന്നു കഷ്ടപ്പെടുത്താൻ തന്നെ തീരുമാനിച്ചു... എന്തായാലും ഞങ്ങൾ വന്നു... രണ്ടുദിവസം ഇവിടെ താമസിച്ചേ പോകുന്നുള്ളൂ ...“

“ഞാൻ പ്രതീക്ഷിച്ചത് ഒരാഴ്ച്ചയാണ്...“

“ഇനിയും വരാലോ ദാസാ... കൂടാതെ റഷീദിന് ലീവുമില്ല...“

“ശരി.. ശരി.. ‍ഞാൻ നിർബന്ധിക്കുന്നില്ല.. പിന്നെ... എന്ത് ആവശ്യമുണ്ടെങ്കിലും പറയണേ ... രണ്ടു കട്ടിലും നാലഞ്ചു കസേരയും വീട്ടീന്ന് എടുപ്പിക്കാനുള്ള ഏർപ്പാട് ചെയ്തിട്ടുണ്ട്... പിന്നെ പഴയതുപോലെ നിലത്തു കിടന്നുകളയല്ലേ.. വയസ്സായി ഓർമ്മവേണം...“

“അവിടൊരു കൂട്ടച്ചിരിയുയർന്നു.“

ദാസന്റെ ഭാര്യ അത്താഴവുമായി എത്തി... പഴയ ഓർമ്മകൾ പുതുക്കാനായിരിക്കും എല്ലാവരും ഒത്തൊരുമിച്ചിരുന്നു ആഹാരം കഴിച്ചുതുടങ്ങി ഇടയ്ക്കിടെ പലതരം തമാശകളും പണ്ടത്തെ കുസൃതിത്തരങ്ങളും പറ‍ഞ്ഞു ചിരിച്ചു കൊണ്ടിരുന്നു.. ദാസന്റെ ഭാര്യ ആരും കേൾക്കാതെ ഫസലിനെച്ചൂണ്ടി സൈനബയോടു  പറഞ്ഞു.... ദേ ... സൈനത്താ .. ഞങ്ങളുടെ വീട്ടിൽ വളരേണ്ട കുഞ്ഞാ അവൻ.. പക്ഷേ വിധി.... 

ഒരുനിമിഷം അവർ നിർത്തി.... രണ്ടാളും അകത്തെ മുറിയിലേയ്ക്ക് പോയി... ഹമീദിന്റെ ഭാര്യസൈനബയ്ക്ക് ദാസന്റെ ഭാര്യയോട് ഒരുപാട് വിശേഷങ്ങൾ ചോദിക്കാനും പറയാനുമുണ്ടായിരുന്നു. അന്നാട്ടുകാരിൽ പലരും പലയിടങ്ങളിലായി ചേക്കേറിയിരുന്നു. ചിലർ മക്കൾക്കൊപ്പം ബാംഗ്ലൂരിൽ വസ്തുവാങ്ങി അങ്ങോട്ടുപോയി.മറ്റു ചിലർ അഭയാർത്തികളെ പോലെ വയനാട്ടിലെ തോട്ടിൻ കരയിലേക്കും  .. എന്നാലും ഗണേശോത്സവത്തിന് എല്ലാവരും നാട്ടിലെത്താറുണ്ട്.. വർഷത്തിലൊരിക്കൽ നടക്കുന്ന ഉത്സവം പത്തുദിവസം നീണ്ടുനിൽക്കാറുണ്ട്... അക്കാലത്ത് നാനാമതസ്തരും ഒരുമിച്ചായിരുന്നു ഉത്സവം നടത്തിയിരുന്നത്.. പിന്നീടെപ്പോഴോ എല്ലാം തകർന്ന് തരിപ്പണമായി... ഒരുമിച്ച് ഓണവും ഉത്സവവും പെരുന്നാളും ആഘോഷിച്ചവർ... ഹൃദയത്തിൽ വർഗീയതയുടെ വിഷവിത്തുകൾ പാകി കടന്നു പോയവരുടെ പിറകെ കൂടി ...മനുഷ്യൻ മതത്തിന് അതീതാനല്ലെന്നും എനിക്ക് എന്റെ മതവും വിശ്വാസവും ആണ് വലുതെന്നും അതിന് വേണ്ടി കൂടപ്പിറപ്പിനെ കൊല്ലാൻ പോലും മടി ഇല്ലന്നും തെളീച്ചു കൊണ്ടേ ഇരിക്കുന്നു ദൈവ വിധിയെ തിരുത്തി എഴുതാൻ വെമ്പൽ കൊള്ളുന്ന ഒരു സമൂഹം കാലമേ നിന്നിലഭയം ദൈവ വിധിയെ തടുക്കാനാവുമോ....

ഉത്സവത്തലേന്ന് ഹമീദിന്റെ മക്കളെല്ലാം വൈകുന്നേരും തന്നെ ഉത്സവപ്പറമ്പിലായിരിക്കും... ഗണേശോത്സവത്തിന് കൊടിയേറുന്നതിനു മുന്നേതന്നെ.. സൈക്കിൾ യഞ്ജം തുടങ്ങും.. സൈക്കിൾ യഞ്ജം തീരുംവരെ സൈക്കിളിൽ നിന്നും ഇറങ്ങാതെ അതിൽത്തന്നെയിരുന്നുറങ്ങിയും പ്രഭാതകൃത്യങ്ങളും നിർവ്വഹിക്കുന്നെന്നാണ് പറച്ചില്... പക്ഷേ രാത്രിയായാൽ ആരുംകാണാതെ പോയി സുഖമായിട്ട് കിടന്നുറങ്ങുമെന്നും അതിരാവിലെ വീണ്ടും സൈക്കിളിൽ കയറിയിരിക്കുമെന്നാണ് നാട്ടിൽ പാട്ടായ വാർത്ത... വളരെ വിചിത്രവും അത്ഭുതവുമായി തോന്നിയത് ആളെ രണ്ടുദിവസം മണ്ണിനടിയിൽ കുഴിച്ചിടുന്നതാണ്... സിനിമാഗാനങ്ങൾക്കൊപ്പ നൃത്തംചവിട്ടി സർക്കസ്സ് കാണിക്കുന്ന തെരുവുസർക്കസ് ഒരിക്കലും മറക്കാനാവാത്ത ഓർമ്മകൾതന്നെയാണ്... എടുത്തു പറയേണ്ടത്. എല്ലാ ദിവസവും ഓരോ പഴക്കുല ലേലം കാണും... എല്ലാവരും വാശിയോടെ. ലേലം വിളിക്കും പക്ഷേ അവസാനം ലേലം പിടിക്കുന്നവന് കുലപോയിട്ട് പഴത്തൊലിപോലും കിട്ടില്ല... അതൊക്കെ ഒരു തമാശയായിത്തന്നെയാണ് എല്ലാവരും എടുത്തിരുന്നത്... സഫിയയ്ക്ക് എത്രയോതവണ കുപ്പിവള വാങ്ങിനൽകിയിട്ടുണ്ട് ഗോപി.. അവൾ അടുത്ത ദിവസം അതുടയ്ക്കും വീണ്ടും അവൻ വാങ്ങിനൽകും അവൾ മനപ്പൂർവ്വം ഉടയ്ക്കുന്നതാണെന്നുള്ള കാര്യം ഗോപിയ്ക്കറിയാം.. പക്ഷേ അവന് അത് പുറത്തുകാണിക്കാറുമില്ല... 

ഫസലിന് പ്രത്യേകിച്ച് ആ വീട്ടിൽ താല്പര്യമുള്ളതായി ഒന്നും തോന്നിയില്ല.. കാരണം അവന്റെ പ്രായത്തിലുള്ള സുഹൃത്തുക്കൾ അവിടില്ലായിരുന്നു... ഏകനായി പറമ്പിലും മുറ്റത്തുമായി അവൻ നടക്കുകയായിരുന്നു... രണ്ടു ദിവസം ക്ലാസ്സ് നഷ്ടപ്പെടും.. കുഴപ്പമില്ല.. പഠിക്കാനുള്ളത് പഠിച്ചു തീർക്കാനുള്ള സമയം ഉണ്ട്... എല്ലാവരുടേയും മുഖത്തെ സന്തോഷം അവനും ആഹ്ളാദകരമായിതോന്നി... വളരെ ചെറുപ്പകാലത്തെ ഇവിടം വിട്ടതിനാൽ അവന് വലിയ ഓർമ്മകളൊന്നും ആ സ്ഥലത്തെക്കുറിച്ചില്ല.. പിന്നെ എല്ലാവരും പറഞ്ഞുള്ള ആ ഒരു ഓർമ്മ.... 

എല്ലാവരും അത്താഴം കഴിച്ചു... ദാസനും ഭാര്യയും പാത്രങ്ങളുമെടുത്തു വീട്ടിലേയ്ക്ക് ഇറങ്ങാനൊരുങ്ങി...

“പിന്നെ ഹമീദേ ... ചിലപ്പോൾ ഗോപിയും കുടുംബവും നാളെ വരും... കുറച്ചു നേരത്തേയാ അവൻ വിളിച്ചത്... ഭാഗ്യമുണ്ടെങ്കിൽ നിങ്ങൾക്ക് പരസ്പരം കാണാം...“

“അതേയോ... എത്ര നാളായി അവനെ കണ്ടിട്ട്...“ ഹമീദ് ദാസനോട് പറഞ്ഞു.

സഫിയയുടെ ഉള്ളിൽ ഒരു കൊള്ളിയാൻ മിന്നി.. ജീവിതത്തിലെ ആദ്യ പ്രണയം ഒരിക്കലും ഒരു മനുഷ്യനും മറക്കാനാവില്ല... എന്നും മനസ്സിൽ കിടന്ന് നീറും... എത്ര സ്നേഹമുള്ള ഭർത്താവായാലും ഭാര്യയായാലും അവരുടെ ജീവതത്തിലെ പഴയ ആ ഓർമ്മകൾ ഒരിക്കലും ഷെയർ ചെയ്യാറില്ല.. ചുരുക്കം ചിലർ തമാശ രൂപത്തിൽ പറഞ്ഞു തീർക്കാറുണ്ട്.. പലപ്പോഴും അതൊരു കുടുംബപ്രശ്നമായി മാറാറുമുണ്ട്... രാത്രി വളരെ വൈകുവോളം അവർ സംസാരിച്ചും പറഞ്ഞുമിരുന്നു... എല്ലാവരും കിടക്കാനായി എഴുന്നേറ്റു.. സഫിയയ്ക്ക് കിട്ടിയത് തന്റെ പഴയ മുറിതന്നെയായിരുന്നു... ഒരു സുപ്രഭാതത്തിൽ നിക്കാഹ് കഴിഞ്ഞ് എത്തിയ മുറി... ഈ മുറിക്കുള്ളി‍ൽ എത്രയോദിവസങ്ങളിൽ ഭർത്താവിന്റെ കാമപേക്കുത്തുകളിൽ ശ്വാസംമുട്ടി പിടഞ്ഞിട്ടുണ്ട്... ആദ്യ രാത്രി ഇപ്പോഴും അവൾക്ക് പേടിസ്വപ്നയിരുന്നു.. ഒരു മുന്നറിവും മുന്നൊരുക്കവുമില്ലായിരുന്ന സമയത്തായിരുന്നു വിവാഹം നിശ്ചയിച്ചത്... വിവാഹം കഴിഞ്ഞ് രാത്രി കിടക്കാനായി പോയി... തന്റെ മുന്നിൽ എത്തിയ മനുഷ്യന് തന്നേക്കാൾ 12 വയസ്സോളം പ്രായമുണ്ടായിരുന്നു... ആദ്യ രാത്രിയിൽ പെൺ മനസ്സ് പാകമാക്കാതെ അവളുടെ ഇഷ്ടനിഷ്ടങ്ങൾക്ക് പുല്ലു വില കൽപ്പിച്ച് വൃത്തി കേട്ട പാൻ ചുണ്ടിൻ ഇടയിൽ വെച്ചുള്ള മണവുമായി തന്നെ അവളെ ബലമായി ശാരീരികബന്ധത്തിന് വിധേയയാക്കി തളർന്നെഴുന്നേൽക്കാൻ ശ്രമിക്കുന്നതിനിടയിൽ അയാളുടെ ചോദ്യം കൂരമ്പു പോലെ ഇന്നും തന്റെ ഹൃദയത്തിൽ തറച്ചു നിൽക്കുന്നു എന്താടി ആകെ കുഴഞ്ഞ രൂപത്തിൽ ഒരു സുഖവുമില്ലല്ലോ ഇതിന് മുൻപ് നീ ആരുടെ കൂടെയാണെടി കിടന്നത് സ്വപ്നങ്ങളുടെ ചിറകൊടിഞ്ഞ ആ രാത്രി മനസ്സും ശരീരവും പൊള്ളുന്ന വേദനയിൽ ... അവൾ ആ രാത്രി തള്ളിനീക്കി... രാവിലെ കട്ടിലിൽ നിന്നും എഴുന്നേൽക്കാനാവാത്ത രീതിയിലുള്ള ശരീരവേദനയായിരുന്നു അവൾക്ക്.. ശരീരത്തിനു മാത്രമല്ല മനസ്സിനും.. മാനസികമായി പൊരുത്തപ്പെടാനാവാത്ത പ്രകൃതം... സ്വന്തം സുഖം ലഭിച്ചു കഴിഞ്ഞാൽ ഒരു സൈഡിലേയ്ക്ക് മാറി സുഖമായി കുർക്കംവലിച്ചുറങ്ങുന്ന പുരുഷത്വം... അവൾക്കൊരിക്കലും യഥാർത്ഥ ലൈംഗിക സുഖം ലഭിച്ചിരുന്നില്ല... എല്ലാം ഒരുതരം കാട്ടിക്കൂട്ടൽ.. അതിനിടയിൽ എപ്പൊഴോ ഫസലിന്റെ ജനനം.. പ്രസവം കഴിഞ്ഞ് ഒരാഴ്ച്ച കഴിഞ്ഞപ്പോൾ വീണ്ടും കാമകേളികൾ തുടങ്ങി... എന്തൊരു ദുഷ്ടനായിരുന്നു ആ മനുഷ്യൻ എന്നിട്ടും എല്ലാം സഹിച്ചു വീട്ടുകാർക്കുവേണ്ടി.. സ്വന്തം ചോരയിൽ പിറന്ന കുഞ്ഞിനുവേണ്ടി... ആരോടും പറയാതെ എല്ലാം സഹിച്ചവളാണവൾ... ഒരു രാത്രിയിൽ തന്നെയും മകനേയും അന്ധകാരത്തിലേയ്ക്ക് അടിച്ചോടിച്ചപ്പോൾ കരുതിയില്ല ഇതുവരെ എത്തിച്ചേരാനാകുമെന്ന്... അവൾ തിരിഞ്ഞും മറിഞ്ഞും കിടന്നു.. ഫസൽ തൊട്ടടുത്ത്കിടന്നുറങ്ങുന്നു... അഫ്സയും റഷീദും അടുത്ത മുറിയിലാണ്... ഇടയ്ക്ക് കുഞ്ഞിന്റെ കരച്ചിൽ കേൾക്കാം... വാപ്പയും ഉമ്മയും നാദിറയും അൻവറുമെല്ലാം വെവ്വേറെ റൂമുകളിൽ തന്നെയായിരുന്നു... സഫിയയ്ക്ക് ഉറക്കം വരാത്ത രാത്രിയായിരുന്നു... ഓർമ്മകളിൽ പഴയ തന്റെ ദാമ്പത്യകാലം... എവിടെയായിരിക്കും ആ മനുഷ്യനി പ്പോൾ ആദ്യഭാര്യയും മക്കളുമായി സുഖമായി ജീവിക്കുകയായിരിക്കും... അന്ന് മുത്തലാക്ക് ചൊല്ലിയില്ലെന്നേയുള്ളു... പക്ഷേ ഒരിക്കലും അദ്ദേഹത്തിന്റെ മുന്നിൽ ചെല്ലേണ്ടിവരരുതേ എന്ന് ആഗ്രഹിച്ചിരുന്നു.. അത് സാധിച്ചു.. ഇനി അദ്ദേഹം ലോകത്തിന്റെ ഏതു കോണിലായാലെന്ത് തനിക്ക് തന്റെ മകൻ മാത്രം മതി...

ഇനി അവനെ തേടിയെങ്ങാനും അയാൾ വരുമോ.... ഇല്ല.. അതിനുള്ള സാധ്യതയൊന്നുമില്ല... അതിന് വാപ്പയെ കണ്ടാൽ തിരിച്ചറിയാനുള്ള ഓർമ്മപോലും ഫസലിനില്ലല്ലോ.. ഒരു വാപ്പയുടെ സ്നേഹം കൂടിയാണല്ലോ താനവന് നൽകുന്നത്... രാത്രിയിൽ എപ്പോഴോ അവൾ ഉറക്കത്തിലേയ്ക്ക് വഴുതിവീണു... അതിരാവിലെ തന്നെ അവൾ ഞെട്ടിയുണർന്നു... വേഗം അടുക്കളയിലേയ്ക്ക് പോയി... കുറച്ചു വെള്ളമെടുത്തു കുടിച്ചു.. അടുക്കളവാതിലിലൂടെ ദാസന്റെ വീട്ടിലേയ്ക്ക് നോക്കി.. അവിടെ മുറ്റത്ത് ഒരു കാറു കിടക്കുന്നു...  വീടിനകത്തും പുറത്തും ഒട്ടുമിക്ക ലൈറ്റുകളും ഇട്ടിരിക്കുന്നു... അവളുടെ കണ്ണുകൾ ആർക്കോവേണ്ടി തിരയുന്നുണ്ടായിരുന്നു.. ഇല്ല പുറത്താരേയും കാണാനില്ല.. ചിലപ്പോൾ നേരത്തേ എത്തിയതായിരിക്കും... 

ഗോപിയിപ്പോൾ നല്ല നിലയിലാണ്.. ബാംഗ്ലൂർ മെഡിക്കൽകോളേജ് പ്രൊഫസർ... വിദ്യാർത്ഥികൾക്കും അധ്യാപകർക്കും വളരെ ഇഷ്ടപ്പെട്ട മനുഷ്യൻ.. ആരോഗ്യരംഗത്ത് തന്റേതായ ഒരുപാട് സംഭാവനകൾ അദ്ദേഹം നൽകിക്കഴിഞ്ഞു... എന്തിനേറെ പകർച്ചവ്യാധികൾ പടർന്നുപിടിച്ചപ്പോൾ നാടു വിറങ്ങലിച്ചു നിന്നപ്പോൾ ധൈര്യസമേതം ചികിത്സാസഹായവുമായി ഇറങ്ങിയ മനുഷ്യനാണദ്ദേഹം... അന്നത്തെ പ്രവർത്തിക്ക് അദ്ദേഹത്തിന് കേന്ദ്ര സംസ്ഥാന സർകാറുകളുടെ മെഡലുകളും ലഭിച്ചിട്ടുമുണ്ട്...

കൂടെ ജോലിചെയ്യുന്ന ഒരു നഴ്സിനെയാണ് വിവാഹം കഴിച്ചതെന്ന് അറിയാൻ കഴിഞ്ഞു... അദ്ദേഹത്തന്റെ ഉദാര മനസ്സ് അതായിരിക്കും തന്നെക്കാൾ താഴ്ന്ന ജോലിയുള്ള ഒരു നഴ്സിനെ വിവാഹം കഴിക്കാൻ തോന്നിയത്.. ഒരു മകനുണ്ട് അവർക്ക്... ഏകദേശം ഏഴോ ഒട്ടോ വയസ്സു പ്രായംകാണും... അവൾക്ക് ഒരിക്കലെങ്കിലും ഗോപിയെ കാണാൻ ആഗ്രഹമുണ്ടായിരുന്നു.. അത് ഇന്നുതന്നെ ഒരുപക്ഷേ നടക്കുമെന്ന് ഓർത്തപ്പോൾ സന്തോഷം തോന്നി... 

നേരം വെളുക്കുന്നതുവരെ അവൾ അടുക്കളയിൽ തന്നെ കഴിച്ചുകൂട്ടി... എല്ലാവരും ഉണർന്നെഴുന്നേറ്റുവന്നു. തലേദിവസം ദാസൻ കൊടുത്തയച്ച ചായപ്പൊടിയും മറ്റുമുണ്ടായിരുന്നു.. സഫിയതന്നെ ചായയിട്ട് എല്ലാവർക്കും കൊടുത്തു.. ദാസൻ രാവിലെതന്നെ എത്തി മകൻ വന്ന വിശേഷങ്ങൾ അറിയീച്ചു  അദ്ദേഹത്തിന് ഇപ്പോൾ ഒരു ഇരുപത് വയസ്സ് കുറ‍ഞ്ഞതുപോലുള്ള ഉത്സാഹമുണ്ട്... 

കുറച്ചു കഴിഞ്ഞപ്പോൾ ഗോപിയും ഭാര്യയും മകനും ദാസന്റെ ഭാര്യയും അവിടേയ്ക്ക് വന്നു.. വന്നയുടൻ ഗോപി ഹമീദിയ്ക്കയ്ക്ക് ഹസ്തദാനം നൽകി.. റഷീദും അൻവറും ഓടിയെത്തി.. സ്നേഹം കൊണ്ട് അവർ ആലിംഗനം ചെയ്തു.. നാളുകൾക്കു ശേഷമുള്ള കൂടിച്ചേരൽ.. സഫിയ വാതിലിലൂടെ ഒളിഞ്ഞ് നോക്കി.. രൂപത്തിൽ ഒരുപാട് മാറ്റം വന്നിരിക്കുന്നു. നീട്ടി വളർത്തി താടി ... വട്ട കണ്ണട.. കണ്ണടയുടെ ഫ്രൈമിന്റെ കട്ടികൊണ്ടായിരിക്കും പ്രായം വളരെ കൂടുതൽ തോന്നിക്കുന്നു... കഷണ്ടി അല്പാല്പമായി തെളിഞ്ഞുവരുന്നു... ചെറുപ്പകാലത്ത് ഗോപിയുടെ മുടികൊഴിയുന്ന കാര്യം പറയുമ്പോൾ തിരിച്ചുകളിയാക്കുമായിരുന്നു.. കഷണ്ടിയായാൽ പെണ്ണുകിട്ടില്ലെന്ന്.. പക്ഷേ ഗോപി തിരിച്ചു പറയുമായിരുന്നു ഗൾഫ്ഗേറ്റുള്ളപ്പോൾ എന്തിന് പേടിക്കണമെന്ന്... 

ഗോപിയുടെ ഭാര്യ നേരേ അകത്തേയ്ക്ക് പോയി.. സഫിയയോടും മറ്റുള്ളവരോടും കുശലാന്വേഷണം നടത്തി... വളരെ കുലീനത്വമുള്ള പെരുമാറ്റം.. അവരുടെ മുഖത്ത് ഒരു പ്രത്യേക തിളക്കം.. ഒരു പക്ഷേ അവർ നഴ്സിംഗ് എന്ന പുണ്യ പ്രവർത്തി ചെയ്തിരുന്നതുകൊണ്ടാവും അവരെ എല്ലാവരും മാലാഖമാരായിട്ടാണല്ലോ കാണുന്നത്.. ആ ഒരു തേജസ്സായിരിക്കും അവർക്ക്...

ഗോപി ഹമീദിനോടും എല്ലാവരോടും കുശലപ്രശ്നങ്ങളൊക്കെ നടത്തി.. വന്ന കാര്യവും തിരിച്ചു പോകുന്ന ദിവസവുമെല്ലാം ഹമീദ് പറഞ്ഞു... പറ്റുമെങ്കിൽ നാട്ടിലേയ്ക്ക് വരണമെന്നും ഹമീദ് പറഞ്ഞു.. അപ്പോഴാണ് അവർ്ക്ക ഒരു കാര്യം മനസ്സിലായത്.. ഗോപിപകർച്ചവ്യാധിയുടെ സമയത്ത് കേരള സർക്കാരിന്റെ പ്രതേക ക്ഷണത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജിലും ജോലി ചെയ്തിട്ടുണ്ടെന്ന് .. പക്ഷേ ഒരിക്കൽപോലും ഗോപിയെ അവിടെവച്ചു കണ്ടിരുന്നില്ല... അഥവാ കണ്ടിരുന്നെങ്കിൽതന്നെ തിരിച്ചറിയാനും  പാടുപെട്ടേനേ.. പണ്ടു കണ്ട ഗോപിയേയല്ലല്ലോ ഇപ്പോൾ..

സഫിയയേയുംകൂട്ടി ഗോപിയുടെ ഭാര്യ വീടിനു പിറകു വശത്തെ കിണറിൻ കരയിലേക്കു നടന്നു ... ഗോപി ഫസലിനെ വിളിച്ച് അടുത്തിരുത്തി.. കുശലാന്വേഷണങ്ങളൊക്കെ നടത്തി.. മെഡിക്കൽ എൻഡ്രൻസ് എഴുതണമെന്നും ജീവിതത്തിൽ ഒരു ലക്ഷ്യത്തിലായിരിക്കണം പ്രത്യേകം ശ്രദ്ധയെന്നും അവനോടു പറഞ്ഞു.. പഠിക്കാൻ താല്പര്യമുണ്ടെങ്കിൽ തങ്ങളുടെ സുഹൃത്തുക്കളുടെ എൻഡ്രൻസ് സ്റ്റഡി സെന്ററിലേയ്ക്ക് പറഞ്ഞുവിടാമെന്നും ഗോപി പറഞ്ഞു... ഫസൽ എല്ലാം കേട്ടിരുന്നു...

സഫിയയോട് ഗോപിയുടെ ഭാര്യ ചെറു ചിരിയോടെ ചോദിച്ചു.. നിങ്ങളുടെ സ്വപ്ങ്ങളുറങ്ങുന്ന കിണറിൻ കരയാണല്ലോ അല്ലെ ഇത് പെട്ടന്നുള്ള ചോദ്യത്തിൽ സഫിയ ഒന്ന് പതറി ഞാൻ തമാശ പറഞ്ഞതല്ലേ അത് പോട്ടെ ജീവിതമൊക്കെ എങ്ങനെപോകുന്നു... അവൾ സുഖമെന്ന് പറഞ്ഞു... എല്ലാം അദ്ദേഹമെന്നോട് പറഞ്ഞിട്ടുണ്ട്.. നിങ്ങൾ തമ്മിലുള്ള ബന്ധം അതിനു ശേഷമുള്ള പ്രശ്നങ്ങൾ... ഇന്നും അദ്ദേഹത്തിന് ജീവിത്തിലെ നഷ്ടസ്വപ്നങ്ങളായി ഇതുമാത്രമേ ഉള്ളൂവെന്നാണ് പറയാറുള്ളത്.. ബന്ധം മുറിഞ്ഞതിനുശേഷം സഫിയയോട് ഒരിക്കൽപ്പോലും സംസാരിക്കാനായിട്ടില്ലെന്നും അദ്ദേഹം എന്നോടു പറഞ്ഞിരുന്നു... സഫിയയോട് സംസാരിക്കാത്തത് നിന്നോടുള്ള ദേഷ്യം കൊണ്ടല്ലെന്നും സ്നേഹക്കൂടുതലുകൊണ്ടാണെന്നും അദ്ദേഹം എന്നോടു പലപ്പോഴും പറയുമായിരുന്നു.. എന്തായാലും നമുക്ക് ഇനിയും കാണാം...

സഫിയ എല്ലാം കേട്ടിരുന്നു അവൾക്കൊരുതരം നിർവ്വികാരതയായിരുന്നു.. എല്ലാം കഴിഞ്ഞുപോയ കാര്യങ്ങൾ ഇനി ഇതിനെക്കുറിച്ച് ഓർക്കാതിരിക്കു ന്നതാണ് നല്ലത്... അവർ കുറച്ചുനേരം കൂടി കുശലം പറഞ്ഞു നിന്നു...

“നിങ്ങൾ രണ്ടാളും അവിടങ്ങു നിന്നോ...“ സൈനബ  അവിടേയ്ക്ക് കടന്നുവന്നു.

“ഗോപിയ്ക്ക് പോകാൻ സമയമായെന്ന്... ചെല്ല് ചെല്ല്... ഇനിയും കാണാമല്ലോ... ഞങ്ങൾ ഇന്നു ഉച്ചക്ക് തിരിക്കും... നാളെ കഴിഞ്ഞേ വീട്ടിലെത്തു... ഇടയ്ക്ക് ഒരു വീട്ടിൽ കൂടി പോകാനുണ്ട്...

ഗോപിയുടെ ഭാര്യ സഫിയയേയും കൂട്ടി പുറത്തേയ്ക്ക് വന്നു... വാതിലന്റെ മറവിൽ ഒളിഞ്ഞുനിന്നു സഫിയ ഗോപിയുടെ മുഖത്തേയ്ക്ക് നോക്കി...

“സഫിയാ മകൻ മിടുക്കനാ... അവനെ നന്നായി പഠിപ്പിക്കണം...“

എത്രയോ വർഷങ്ങൾക്കുശേഷം അദ്ദേഹത്തിന്റെ നാവിൽ നിന്നും സഫിയ എന്ന പദം പുറത്തേയ്ക്കു വന്നു.. ആ വാക്കിന് പഴയതുപോലെ മാധുര്യമുണ്ടായിരുന്നില്ല എന്നത് തികച്ചും യാദൃശ്ചികം... 

ഗോപിയും ഭാര്യയും യാത്രപറഞ്ഞ് പുറത്തേയ്ക്കിറങ്ങി.. ഇനിയൊരിക്കൽ കാണാമെന്നു പറഞ്ഞ് അവർ ഗേറ്റ് കടന്നു പോയി...

സഫിയയുടെ മനസ്സിലെ ഒരു വലിയ ഭാരം ഇറക്കി വച്ചതുപോലെ തോന്നി.. വർഷങ്ങൾക്കുശേഷം ഗോപി തന്നോട് സംസാരിച്ചിരിക്കുന്നു. അവന്റെ പിണക്കം മാറിയിരിക്കുന്നു. അവന് ലഭിച്ചതും നല്ലൊരു ജീവിതം തന്നെയാണ്... ഭാര്യ വളരെ സ്നേഹനിധിയുമാണ്.. തന്റെ ജീവിതം എന്തോ ആയിക്കോട്ടെ... തന്നെ ജീവനുതുല്യം സ്നേഹിച്ച ആ മനുഷ്യൻ ഇന്ന് സന്തോഷമായി ജീവിക്കുന്നെറിഞ്ഞപ്പോൾ എന്തെന്നില്ലാത്ത സന്തോഷം... 

പഴയകാലത്തെ സ്നേഹത്തിന് ആത്മാവുണ്ടായിരുന്നു.. ആത്മാർത്ഥതയുണ്ടായിരുന്നു... വിവാഹം കഴിക്കാൻ സാധിച്ചില്ലെങ്കിൽ എവിടെയെങ്കിലും നല്ല നിലയിൽ കഴിഞ്ഞുപോകണേയെന്ന് മനസ്സിൽ പറയുമായിരുന്നു... അതായിരുന്നു യഥാർത്ഥ പ്രണയം.. ഇക്കാലത്തോ... പ്രണയം നിരസ്സിച്ചുകഴിഞ്ഞാൽ പെട്രോളൊഴിച്ച് കത്തിച്ചു കൊല്ലുക.. എന്തു മാറ്റമാണ് ഇന്നു നമ്മുടെ പൊതുസമൂഹത്തിന് സംഭവിച്ചുകൊണ്ടിരിക്കുന്നത്.. ഒരു സ്ത്രീയുടെ മനസ്സ് എന്തെന്ന് വായിച്ചറിയാൻ കഴിയാത്ത കൊലയാളി... അവർക്ക് സ്ത്രീയെന്നത് ആത്മാവില്ലാത്ത വെറും ശരിരം മാത്രമാണ്. അതുകൊണ്ടാണല്ലോ തനിക്ക് ലഭിക്കാത്ത ആ ശരീരത്തെചുട്ടു വെണ്ണീറാക്കാൻ തുനിയുന്നത്... കാലം ഇവർക്കൊരിക്കലും മാപ്പുകൊടുക്കില്ല...
 
 
 
 തുടർന്നു വായിക്കുക അടുത്ത ഞായറാഴ്ച്ച  24 11 2019

ഷംസുദ്ധീൻ തോപ്പിൽ 
17 11 2019

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ