30.11.19

നിഴൽവീണവഴികൾ - ഭാഗം - 50



“വാപ്പാ വേണമെങ്കിൽ നമുക്കൊന്നു ക്ഷീണം മാറ്റിയിട്ട് പോകാം.. പുറത്തിറങ്ങണോ വാപ്പാ.“

“വേണ്ടടാ... ഇനി ഇറങ്ങിയാൽ താമസിക്കും..“ നമുക്ക് തോട്ടിൻകര വഴിപോകാം... നമ്മൾ അഭയാർ‌ത്ഥികളെപ്പോലെ ഓടിയെത്തിയ സ്ഥലമാണത്. അന്ന് പോക്കർ ഹാജി നമുക്ക് സ്ഥലം തന്നില്ലായിരുന്നുവെങ്കിൽ.. ഓ.... ഓർക്കാൻപോലും സാധിക്കുമായിരുന്നില്ല.. എന്തു നല്ല മനുഷ്യനായിരുന്നു അദ്ദേഹം... അദ്ദേഹത്തിന്റെ മരണശേഷം മക്കളെല്ലാം പലയിടത്തായെന്നാ പറഞ്ഞു കേട്ടത് ആ മനുഷ്യനാണ് നമ്മെ ഇവിടെ പിടിച്ചു നിർത്തിയത്.  ആ മനുഷ്യന്റെ സ്വഭാവമൊന്നും മക്കൾക്ക് ലഭിച്ചിരുന്നില്ല.. വാപ്പയുടെ മരണശേഷം അവർ തമ്മിൽ വഴക്കായെന്നും മറ്റുമൊക്കെ അറിയാൻ സാധിച്ചു... എല്ലാം വിധി... എന്നല്ലാതെ എന്തുപറയാൻ..“

അൻവറിനും പ്രത്യേകിച്ച് അഭിപ്രായങ്ങളൊന്നുമില്ലായിരുന്നു.റഷീദിന്റെ കുഞ്ഞ് കൈയ്യിലായിരുന്നതിനാലും സംസാരിച്ചാൽ അവൾ ഉണർന്നെങ്കിലോ എന്നു പേടിച്ച് ഒന്നും മിണ്ടിയില്ല... അവർ വീണ്ടും യാത്ര തുടർന്നു. വൈകുന്നേരം 6 മണിയോടുകൂടി അവർ തോട്ടിൻ കരയിലെത്തി തങ്ങൾ താമസിച്ച വീടും പുരയിടവും കാടുപിടിച്ചു കിടക്കുന്നു. അവിടുന്നു പോകുന്നെന്നു പറഞ്ഞപ്പോൾ വെറുതേ തന്ന വസ്തുവിനു ഒരുവിലയിട്ടു തങ്ങളെ പോക്കർ ഹാജി അന്ന് സഹായിച്ചതും ഓർത്തുപോയി... എന്തു നല്ല മനുഷ്യൻ.. ഒരിക്കലും മറക്കാനാവാത്ത ഒരുപിടി ഓർമ്മകൾ തന്ന സ്ഥലമാണത്.

“മോനേ... നാണിയമ്മയുടെ വീടിനടുത്തൂകടി നമുക്കൊന്നു പോകാം...“ 

“ശരി വാപ്പാ...“

നാണിയമ്മ... തങ്ങളുടെ വീടിനടുത്തുള്ള ചെറിയ ചേരിപ്രദേശത്താണ് അവർ താമസിച്ചിരുന്നത്.. എല്ലാവിടുകളിലും വീട്ടുജോലിചെയ്താണ് അവർ ജീവിച്ചിരുന്നത്.. ഒരു മകൾ മാത്രമാണ് ഉണ്ടായിരുന്നത്.. അന്ന് അവരെ പരിചയപ്പെടുമ്പോൾ മകൾക്ക് 7 വയസ്സ് മാത്രമായിരുന്നു. പ്രായം... ഭർത്താവ് കുഞ്ഞിന് നാലു മാസം പ്രായമുള്ളപ്പോൾ ഒരു അപകടത്തിൽ മരിച്ചുപോയതാണ്. വളരെ കഷ്ടപ്പെട്ടാണ് ഇതുവരെയെത്തിയത്.. രണ്ടുപേരും രണ്ടു മതക്കാരായതിനാൽ ആരും സഹായിച്ചില്ല.. ഒറ്റയ്ക്കായിരുന്നു അവരുടെ ജീവിതപോരാട്ടം...

ഇന്നും ഓർക്കുന്നു നാണിയമ്മയുടെ ജീവിതം. തങ്ങളുടെ വീട്ടിൽ പ്രത്യേകിച്ച് ജോലികളൊന്നുമില്ലെങ്കിലും എന്നും മൂന്നുമണിയാകുമ്പോൾ വീട്ടിലേയ്ക്ക് വരും. ഉമ്മാ പട്ടിയ്ക്ക് കൊടുക്കാൻ എച്ചിലുണ്ടോ എന്നു ചോദിച്ചുകൊണ്ട്. ആദ്യമൊക്കെ വിചാരിച്ചു അവർ എച്ചിൽ കൊണ്ടുപോയി പട്ടിക്കു കൊടുക്കുകയായിരിക്കുമെന്ന്. പക്ഷേ പിന്നീടാണ് അറിഞ്ഞത്.. അവരുടെ വീട്ടിൽ പട്ടിയുമില്ല കോഴിയുമില്ലെന്ന്.. ഇന്നും അതോർക്കുമ്പോൾ ഹമീദിന്റെയും കുടുംബത്തിന്റെയും ഉള്ളിൽ ഒരു പിടച്ചിലാണ്. മെലിഞ്ഞുണങ്ങിയ കണ്ണുകൾക്കു ചുറ്റും കറുപ്പുബാധിച്ച ആ സ്ത്രീ നിലനിൽപ്പിനുവേണ്ടിയുള്ള പോരാട്ടത്തിലായിരുന്നുവെന്ന് പിന്നീടാണ് മനസ്സാലായത്.

പല വീടുകളിൽനിന്നും വാങ്ങിപ്പോകുന്ന മറ്റുള്ളവർ കഴിച്ച ബാക്കിവന്ന ഭക്ഷണം വീട്ടിൽ കൊണ്ടുപോയി കഴുകി വൃത്തിയാക്കി മീൻമുള്ളും മറ്റും വേർതിരിച്ച് ചോറ് മാത്രമായി എടുക്കും എന്നിട്ട് മകൾ സ്കൂളിൽ നിന്നുവരുമ്പോൾ ചൂടുവെള്ളത്തിൽ തിളപ്പിച്ച് അവൾക്ക് ചമ്മന്തിയും കൂട്ടി കഞ്ഞിയായി നൽകുമായിരുന്നു. ഇതറിഞ്ഞശേഷം ഹമീദ് അവരറിയാതെ വൃത്തിയുള്ള പാത്രത്തിൽ രണ്ടുപേർക്ക് കഴിക്കാനുള്ള ചോറും കറിയും നൽകുമായിരുന്നു. ആദ്യദിവസം അവരത് കണ്ട് അവരുടെ കണ്ണുനിറയുന്നത് കണ്ടിട്ടുണ്ട്.. ഒന്നും പറയാതെ അവർ പോയി... പിറ്റേദിവസം അവർ വന്നപ്പോൾ ഹമീദിന്റെ ഭാര്യതന്നെ പറഞ്ഞു... 

“പിന്നെ.. ഇവിടെ രാത്രി എല്ലാവരും കഞ്ഞിയാ കുടിക്കുന്നേ...അതുകൊണ്ട് ബാക്കിവരുന്ന ചോറ് നാണിതന്നെ കൊണ്ടുപൊയ്ക്കോ... പട്ടിക്കോ കോഴിക്കോ കൊടുക്കാലോ...“

അവൾ തലകുലുക്കി... അങ്ങനെ എത്രയോ ദിവസം ആ സ്ത്രീ തങ്ങളുടെ വീട്ടിൽനിന്നും ഭക്ഷണം കൊണ്ടുപോയിരുന്നു.. കൂടാതെ കുട്ടിക്ക് പഠിക്കാനും ഹമീദ് കൈയ്യിലുള്ളതുമാതിരി സഹായിച്ചിരുന്നു. തങ്ങളുടെ ജീവിതം പോലും അന്ന് വളരെ ബുദ്ധിമുട്ടിലായിരുന്നുവെന്നത് വേറെ കാര്യം... പക്ഷേ ആ കുഞ്ഞ് നല്ല മാർക്കോടുകൂടി എസ്.എസ്.എൽ.സി. പാസ്സായപ്പോഴാണ് നാണിക്ക് കുറച്ചൊരു ആശ്വാസമായത്... അവൾ പഠിച്ച സ്കൂളിലെ ഏറ്റവും ഉയർന്ന മാർക്ക്... അവരുടെ ബുദ്ധിമുട്ടുകൾ അറിഞ്ഞ് പലരും അവരെ സഹായിച്ചു.. പ്ലസ്സ് ടൂ കഴിഞ്ഞ് ആ കുട്ടിയെ നഴ്സിംഗിന് വീട്ടുവെന്നാണ് കേട്ടത്...

“വാപ്പാ ഇവിടെയായിരുന്നു അവരുടെ വീട്.. ഇവിടിപ്പോൾ ഒരു വലിയ വീടാണല്ലോ... അവരൊക്കെ എവിടാണോ ആവോ....“ 

ആ ചേരിപ്രദേശം ഇന്ന് ആകെ മാറിയിരിക്കുന്നു. പല വീടുകളും ഇന്ന് മുഖഛായ മാറ്റിയിരിക്കുന്നു. അവരുടെ വീടുനിന്ന സ്ഥലം മതിൽകെട്ടി തിരിച്ചിരിക്കുന്നു.. കുട്ടികളൊക്കെ കുറച്ച് മോഡേണായപോലെ... തെരുവുപട്ടികൾ അലഞ്ഞുതിരിഞ്ഞു നടന്ന സ്ഥലം ഇന്ന് വളരെ മാറ്റത്തിനു വിധേയമായിരിക്കുന്നു. 

അവർ ആ വീടിനു മുന്നിൽ വണ്ടി നിർത്തി.. എന്തായാലും ഇവിടെ ആരോടെങ്കിലും ഒന്നു ചോദിക്കാം ...

വണ്ടി നിർത്തിയിരിക്കുന്നത് കണ്ട് തൊട്ടടുത്ത വീട്ടിൽ നിന്നും ഒരു സ്ത്രീ പുറത്തേയ്ക്കിറങ്ങിവന്നു...

“ആരാ എവിടുന്നാ...“

“ഇവിടെ താമസിച്ചിരുന്ന നാണിയെന്ന സ്ത്രീ ഇപ്പോൾ എവിടാണ്..“

“അവരുടേതാ ആ വീട്...“

തികച്ചും അത്ഭുതകരമായ ഉത്തരമായിരുന്നത്... 

“നാണി ഇവിടുണ്ടോ...“

“ഉണ്ട്... മോളുടെ കൂടെ കുറച്ച് നാൾ ലണ്ടനിലായിരുന്നു... ഇപ്പോൾ മോളും തള്ളയും ഇവിടുണ്ട്... അവർ വെക്കേഷന് വന്നതാ... ദൈവം അവൾക്ക് ഒരു കുഞ്ഞിനെ നൽകി... അവളാ ആ കുടുംബത്തിന്റെ വിളക്ക്... ഇന്ന് ഈ തെരുവിന്റെ ശബ്ദമാ അവൾ.. ഞങ്ങളുടെ മക്കളെയെല്ലാം പഠിപ്പിക്കുന്നതും അവളുടെ ചിലവിലാ... ഇപ്പോ നോക്കിയേ ആ പഴയ ചേരിയാണെന്ന് ആരേലും പറയുമോ..“

ഹമീദ് മുകളിലേയ്ക്ക് നോക്കി അള്ളാഹുവിനോട് നന്ദിപറഞ്ഞു... അവർ ആ... കുടുംബം രക്ഷപ്പെട്ടല്ലോ... പടച്ചോൻ എല്ലാവരുടേയും പ്രാർത്ഥന കേട്ടു... അവിശ്വനീയമായ വാക്കുകളായിരുന്നു അവരുടെ വായിൽ നിന്നു കേട്ടത്.

റഷീദേ നമുക്കിവിടെയൊന്നു കയറിയിട്ടു പോകാം... എനിക്കവരെ കാണണം... 

റഷീദും ഹമീദും വണ്ടിയിൽ നിന്നിറങ്ങി.. മറ്റുള്ളവരോട് അവിടിരിക്കാനും പറഞ്ഞിട്ടിറങ്ങിയാൽ മതിയെന്നും പറഞ്ഞു..

ഗേറ്റിൽ സ്ഥാപിച്ചിരുന്ന കോളിംഗ് ബെല്ലിൽ വിരലമർത്തി... 

ഏകദേശം രണ്ടിലോ മൂന്നിലോ പഠിക്കുന്ന പ്രായം വരുന്ന ഒരു കുട്ടിവന്ന് വാതിൽ തുറന്നു... 

“ആരാ... എവിടുന്നാ...“

“നാണിയമ്മയുണ്ടോ...“

“ഉം... അമ്മൂമ്മ അകത്താ.. അമ്മൂമ്മാ ഒരങ്കിൾ വിളിക്കുന്നു.“

നാണിയമ്മ പുറത്തേയ്ക്കിറങ്ങിവന്നു... ഹമീദിനെ കണ്ട് അവർ അത്ഭുതപ്പെട്ടു... പഴയ കാര്യങ്ങൾ ഓർത്തതാകാം... ഇത്രയും കാലം കഴിഞ്ഞെങ്കിലും ഹമീദിനെ അവർ തിരിച്ചറിഞ്ഞുവെന്നത് അത്ഭുതംതന്നെ.. നാണിയമ്മ പഴയതുപോലെ മെലിഞ്ഞിരിക്കുന്നു... മുടിയിൽ നരബാധിച്ചു.. ഒരു ആർഭാടവും അവരിൽ കാണാനില്ലായിരുന്നു... 

“ഹമീദിക്കാ.... എത്രകാലമായി കണ്ടിട്ട്... എവിടാണെന്നുപോലും അറിയാൻ കഴിഞ്ഞില്ല... എന്നെങ്കിലുമൊരിക്കൽ കാണുമെന്നു കരുതി.. മോളുടെ കല്യാണം പറയാനായി എല്ലായിടത്തും അന്വേഷിച്ചു കണ്ടില്ല... നിങ്ങളുടെ ചോറാ... ഇന്നീകാണുന്നതെല്ലാം...“

അവരുടെ കണ്ണുകൾ നിറഞ്ഞുതുളുമ്പി... 

“അവരൊക്കെ എവിടെ സൈനാത്ത വന്നില്ലേ... സഫിയ... മോൻ...“

“... നാണീ... അവരെല്ലാവരുമുണ്ട്...“ ഹമീദ് ഗേറ്റിൽ നിന്നും അവരോട് കാറിൽ നിന്നിറങ്ങിവരാൻ ആംഗ്യം കാണിച്ചു.“

അവരെല്ലാം പുറത്തിങ്ങി.. ആ വീട്ടിലേയ്ക്ക് കയറി വന്നു.. നാണിയ്ക്ക് എന്ത് ചെയ്യണമെന്നറിയില്ലായിരുന്നു. സന്തോഷംകൊണ്ട് അവർ ഏങ്ങിയേങ്ങി കരയുകയായിരുന്നു. ആ സ്ത്രീ ഇന്ന് ആരും മോഹിക്കുന്ന നിലയിലെത്തിയെന്നത് ആവീടു കണ്ടാൽ മനസ്സിലാകും.. പക്ഷേ അവരിന്നും പഴയകാലഘട്ടം ഓർത്തു ജീവിക്കുന്നുവെന്നത്അവരുടെ പ്രവർത്തികളിൽ നിന്നുംവായിച്ചെടുക്കാം...

ഹമീദിന്റെ ഭാര്യയെയും സഫിയയേയും സ്നേഹപൂർവ്വം സ്വീകരിച്ചു... എല്ലാവരേയും അവർ അകത്തേയ്ക്ക് ക്ഷണിച്ചിരുത്തി... 

“മോളേ ദിവ്യാ .. നീയിങ്ങു വന്നേ... ആരൊക്കെയാ വന്നതെന്നു നോക്കിയേ...“

അവൾ മുകളിലത്തെ നിലയിലായിരുന്നു. താഴേയ്ക്കിറങ്ങിവന്നു... അവൾക്ക് ആ മുഖങ്ങൾ മറക്കാനാവുന്നതായിരുന്നില്ല.. 

“ഹമീദ്ക്കാ... സഫിയത്താ... അവളുടെ കണ്ണുകൾ നിറഞ്ഞു... സന്തോഷം അടക്കാനായില്ല... എല്ലാവരും ഹാളിൽ തന്നെ ഇരുന്നു. പഴയകാല ഓർമ്മകളിൽ അവർ ഊളിയിട്ടു.... 

ഈ സമയം നാണി പെണ്ണുങ്ങളെ എല്ലാവരെയും വിളിച്ചു അകത്തേയ്ക്ക് കൊണ്ടുപോയി....

ഹമീദ് ഓർക്കുകയായിരുന്നു... അവസാനം ഈ കുട്ടിയെ കാണുമ്പോൾ പ്ലസ്ടൂവിനു പഠിക്കുകയായിരുന്നു. എത്ര പെട്ടെന്നാണ് കാലം കടന്നുപോയത് ... ഇന്നിവൾ ഒത്തൊരു കുടുംബിനിയായിരിക്കുന്നു...

നിശബ്ദതയ്ക്ക് ഭംഗംവരുത്തിക്കൊണ്ട് ദിവ്യ പറഞ്ഞുതുടങ്ങി..

“ഹമീദിക്കാ നിങ്ങളെ ഓർക്കാത്ത ഒരു ദിവസംപോലുമില്ല... ജീവിതത്തിൽ വളരെ കഷ്ടപ്പെട്ടിട്ടുണ്ട്. നഴ്സിംഗ് കഴിഞ്ഞ് എനിക്ക് ലണ്ടനിലേയ്ക്ക് ഒരു അവസരം കിട്ടി... അങ്ങനെയാണ് ഞങ്ങളൊന്നു രക്ഷപ്പെട്ടു വന്നത്... രക്ഷപ്പെട്ടതറിഞ്ഞ് ബന്ധുക്കളെല്ലാം കൂടെ കൂടാൻ തുടങ്ങി...“

ശരിയാണ്... എല്ലാവരും തിരിഞ്ഞു നോക്കാത്ത രണ്ടു ജന്മങ്ങളായിരുന്നു അവരുടേത്... അച്ഛനില്ലാതെ വളർന്ന കുട്ടി... അവൾ ജീവിതത്തിൽ പരാജയപ്പെടാൻ മനസ്സില്ലാത്തവളായിരുന്നു... അവൾ പരാജയപ്പെട്ടാൽ തന്റെ അമ്മ പരാജയപ്പെടുമെന്നും അവൾക്ക് ബോധ്യമുണ്ടായിരുന്നു.. അവൾ പഠിച്ച് ഉയർന്ന നിലയിൽ നഴ്സിംഗ് പാസ്സായി... ഒരു സുഹൃത്തുവഴി ലണ്ടനിലേയ്ക്ക് ആളെ റിക്രൂട്ട് ചെയ്യുന്നതായി അറിഞ്ഞു... ഒരു വൈകുന്നേരം അയലത്തെ വീട്ടിൽനിന്നും കടംവാങ്ങിയ പൈസയും അടുത്ത വീട്ടിൽ നിന്ന് വാങ്ങിയ സാരിയുമുടുത്ത് ആ അമ്മയും മകളും എറണാകുളത്തേയ്ക്ക് പുറപ്പെട്ടു ... പിറ്റേദിവസം എറണാകുളത്തെത്തി.. റെയിൽവേ സ്റ്റേഷനിൽ നിന്നും പ്രഭാതകൃത്യങ്ങൾ നിർവ്വഹിച്ചു... ഇന്റർവ്യൂ നടക്കുന്ന ഓഫീസിലെത്തി.. ആ കുടുംബത്തിന്റെ ഭാഗ്യമെന്നു പറഞ്ഞാൽ മതിയല്ലോ... അവൾ ആ ഇന്റർവ്യൂവിൽ പാസ്സായി... പിന്നെ പലതരം ടെസ്റ്റുകളുമുണ്ടായിരുന്നു. 

പണം കണ്ടെത്താൻ ആദ്യമൊന്ന് ബുദ്ധിമുട്ടിയെങ്കിലും അവൾ പഠിച്ച നഴ്സിംഗ് സ്കൂളിലെ അധ്യാപിക  അവളെ കൈയ്യയച്ചു സഹായിച്ചു... അവരുടെ മാതാവിനെപ്പോലുള്ള സ്നേഹം അവളെ അവരുമായി വളരെ അടുപ്പിച്ചിരുന്നു. അവരുടെ പേര് രുഗ്മിണി എന്നായിരുന്നു.. ബുദ്ധിമുട്ടുകൾ മനസ്സാലാക്കി പലപ്പോഴും അവർ സഹായിച്ചിരുന്നു. താമസിച്ചഹോസ്റ്റലിൽ എത്തി അവൾക്ക് വേണ്ട സഹായങ്ങളും ചെയ്തിരുന്നു. 

രുഗ്മിണി ടീച്ചർക്ക് തന്നെ അവൾ ടീച്ചറെന്നു വിളിക്കുന്നത് ഇഷ്ടമല്ലായിരുന്നു. അവൾ അവരെ രുഗ്മിണിയമ്മേ എന്നു വിളിക്കുന്നതായിരുന്നു ഇഷ്ടം. അവളുടെ സ്വഭാവമായിരുന്നു അവരെ അവളിലേക്ക് ആകർഷിച്ചത്. ആരോടും ഒരു പരിഭവവും പിണക്കവുമില്ലാതെ പഠനത്തിൽ കൂടുതൽ ശ്രദ്ധ പതിപ്പിച്ചിരുന്ന കുട്ടി... അവളെപ്പറ്റി എല്ലാവർക്കും നല്ല അഭിപ്രായം... ഒരുദിവസം അവൾ തലകറങ്ങിവീണതാണ് അവളെക്കുറിച്ച് കൂടുതൽ അറിയാൻ ടീച്ചർക്ക് അവസരമുണ്ടായത്. അവളെയും കൊണ്ട് ഹോസ്പിറ്റലിൽ ചെന്നപ്പോൾ ഡോക്ടറാണ് പറഞ്ഞത് അവൾക്ക് നല്ല ക്ഷീണമുണ്ടെന്നും ഭക്ഷണം നന്നായി കഴിക്കാറില്ലെന്നതും. ടീച്ചർ അവളോട് കാര്യങ്ങൾ തുറന്നു പറയാൻപറഞ്ഞു.. അവളുടെ ജീവിതകഥകേട്ട് ടീച്ചർ അവളെ കെട്ടിപ്പിടിച്ച് പൊട്ടിക്കരയുകയായിരുന്നു. ഒരു മകളെപ്പോലെ അന്നുമുതൽ അവർ അവളെ കാണാൻ ശ്രമിച്ചു... പലപ്പോഴും അവളുടെ ഹോസ്റ്റലിൽ നിന്നും വിളിച്ച് വീട്ടിൽ കൊണ്ടുപോയി പഠിപ്പിക്കുമായിരുന്നു. തനിക്ക് പിറക്കാതെപോയ മകളാണെന്നുപോലും അവർ പലപ്പോഴും പറയുമായിരുന്നു.

യാത്രയ്ക്കു വേണ്ട പണമൊക്കെ അവരാണ് നൽകിയത്... ഒരു മാലാഖയെപ്പോലെയാണ് ആ ടീച്ചർ അവരുടെ ജീവിതത്തിലേയ്ക്ക് കടന്നുവന്നത്... ഭർത്താവ് പട്ടാളക്കാരനായിരുന്നു. ഒരു തീവ്രവാദി ആക്രമണത്തിനിടയിൽ അദ്ദേഹത്തിന് ജീവൻ നഷ്ടപ്പെട്ടു. മകനും അതേ വഴിയായിരുന്നു താല്പര്യം എന്തുകൊണ്ടോ അവർ അവനെ അതിൽ നിന്നും വിലക്കി. അവൻ വിദേശത്ത് ജോലിചെയ്യുന്നു. അത്യാവശ്യം നല്ല സാമ്പത്തികശേഷിയുമുണ്ടായിരുന്നവർക്ക്.

ആ സ്ത്രീയുടെ സഹായത്താൽ അവൾ ലണ്ടനിലേയ്ക്കു പറന്നു.. പിന്നീട് പെട്ടെന്നായിരുന്നു അവരുടെ വളർച്ച... രണ്ടു വർഷം അവൾ അവിടെ ജോലിചെയ്തു.. നാട്ടിൽ ഒരു വീടുവച്ചു... അപ്പോഴും രുഗ്മിണിയമ്മയുമായി ബന്ധം തുടർന്നുകൊണ്ടിരുന്നു... അവളുടെ വളർച്ച ആ ചേരീനിവാസികളുടെ ജീവിതംപോലും മാറ്റിമറിച്ചു.. അവൾ അവരേയും വേണ്ടവിധം സഹായിച്ചു. തനിക്കുണ്ടായ ബുദ്ധിമുട്ടുകൾ അവർക്കും ഉണ്ടാകാൻ പാടില്ലെന്നവൾ പ്രതിജ്ഞ ചെയ്തിരുന്നു. അവിടുള്ളവരും പഠിക്കാനും ജോലിക്കുപോകാനും അവൾ തന്നെ ഒരു പ്രചോദനമാവുകയായിരുന്നു. എല്ലാവർക്കും. പുതിയ തലമുറയ്ക്ക് നല്ല വിദ്യാഭ്യാസവും ആരോഗ്യ സംരക്ഷണവും ഉറപ്പുവരുത്തിയിരിക്കുന്നു. സർക്കാരിൽ നിന്നുള്ള പല സഹായങ്ങളും ഇന്നവർക്ക് ലഭിക്കുന്നുണ്ട്... 

കേരളത്തിലുള്ള പല ചേരിപ്രദേശങ്ങളും ഇന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു . വളരെയൊന്നും അകലെയല്ലാത്ത ഒരു ചേരിപ്രദേശം കോഴിക്കോട് കല്ലുത്താൻ കടവിലുണ്ടായിരുന്നു . റോഡ് വഴി കോഴിക്കോട് വരുമ്പോൾ ആദ്യം നമ്മളെ വരവേൽക്കുന്ന ചേരിപ്രദേശം ഭരണകർത്താക്കളുടെ സമയോചിതമായ ഇടപെടൽ അവരുടെ ജീവിതനിലവാരം ഉയർത്താനും അവർക്കായി പുതിയ ഫ്ലാറ്റ് നിർമ്മിച്ചു നൽകാനും സാധിച്ചുവെന്നത് ഒരു വലിയ കാര്യംതന്നെയാണ്. കഴിവുണ്ടെങ്കിലും വിദ്യാഭ്യാസം നേടാനോ. വേണ്ട രീതിയിൽ ജീവിതത്തിൽ ലക്ഷ്യത്തിലെത്താനോ കഴിയാതെപോയ ജന്മങ്ങളായിരുന്നു വർഷങ്ങൾക്കുമുമ്പ് ചേരീനിവാസികൾ. ഇന്ന് അവരുടെ ഇടയിൽനിന്നും ധാരാളം ഉന്നത വിദ്യാഭ്യാസം നേടിയവർ ജോലി നേടിപ്പോകുന്നു.. ഒരുകാലത്ത് അവരെ രാഷ്ട്രീയക്കാരും മതസംഘടനകളും യഥേഷ്ടം ഉപയോഗിച്ചിരുന്നു. പക്ഷേ ഇന്ന് അവരിൽനിന്ന് ആരേയും അത്ര എളുപ്പം ലഭിക്കില്ല.. കഞ്ചാവിന്റെയും മയക്കുമരുന്നിന്റെയും ഉറവിടമായിരുന്ന ചേരികൾ ഇന്ന് പൂർണ്ണമായും മാറിയിരിക്കുന്നു. അതിന് പുതിയ തലമുറയിലേയും പഴയ തലമുറയിലേയും ആളുകളുടെ കൂട്ടായ പ്രയത്നം ഉണ്ടായെന്നത് പ്രശംസനീയമാണ്.

രണ്ടുവർഷത്തിനുശേഷം നാട്ടിൽവന്നപ്പോൾ രുഗ്മിണിയമ്മയെ കാണാൻ അവൾ പോയി... അന്നവർ ഒരാഗ്രഹം പറഞ്ഞു...

“മോളേ... നിന്നെ ഞാൻ സ്നേഹിച്ചത് എനിക്കൊന്നും തിരിച്ചു കിട്ടാൻ വേണ്ടിയല്ല... പക്ഷേ എനിക്കൊരാഗ്രഹമുണ്ട്... നീനക്കതു കഴിയുമെങ്കിൽ സാധിച്ചുതരണം... എന്റെ മകൻ അവന് നിന്നെക്കുറിച്ചെല്ലാമറിയാം... അവന് നിന്നെ വിവാഹം കഴിച്ചാൽ കൊള്ളാമെന്നുണ്ട്...“

ആ വാക്കുകൾ കേട്ട് അവൾ പൊട്ടിക്കരഞ്ഞുകൊണ്ട് അവരെ കെട്ടിപ്പിടിച്ചു... അവൾക്ക് പറയാൻ വാക്കുകളില്ലായിരുന്നു. താൻ ഇന്നീ നിലയിലെത്താൻ കാരണവും രുഗ്മിണിയമ്മതന്നെയാണ്... അവർക്കുവേണ്ടി സ്വന്തം ജീവിതം കൊടുക്കാൻ പോലും അവൾ തയ്യാറായിരുന്നു... തനിക്കൊരിക്കലും ആഗ്രഹിക്കാൻ പോലും കഴിയാത്ത ബന്ധം... വെറുമൊരു അടിച്ചുതളിക്കാരിയുടെ മകൾ... ടീച്ചർ എത്രയോ ഉയരത്തിൽ നിൽക്കുന്നു... എഞ്ചിനീയറിംഗ് റാങ്കോടുകൂടി പാസ്സായതാണ് അവരുടെ മകൻ.. പഠിച്ചുകൊണ്ടിരിക്കെ തന്നെ കാമ്പസ് ഇന്റർവ്യൂവിൽ ജോലി ലഭിക്കുകയായിരുന്നു. അവൾക്ക് അവിശ്വസനീയമായിരുന്നു അവരുടെ വാക്കുകൾ. നാണിക്ക് ആ വാക്കുകൾകേട്ടപ്പോൾ ശരീരം തളർന്നതുപോലെ തോന്നി.. തന്റെ മകൾ ഇങ്ങനെയൊക്കെ ആയിത്തീരുമെന്ന് സ്വപ്നത്തിൽപോലും വിചാരിച്ചതല്ല.

വലിയ ആർഭാടങ്ങളില്ലാതെ അവരുടെ വിവാഹം നടന്നു... രുഗ്മിണിയുടെ കുടുംബത്തിൽ  പലരും എതിർത്തെങ്കിലും ആ സ്ത്രീയുടെ ധൈര്യത്തിനു മുന്നിൽ ആർക്കും ശബ്ദിക്കാനായില്ല.. അവർക്ക് ദിവ്യയെ നഷ്ടപ്പെടാനാവില്ലായിരുന്നു. അത്രയ്ക്ക് ഇഷ്ടമായിരുന്നവളെ... ആ ചേരിയിൽ വച്ചുതന്നെയായിരുന്നു അവരുടെ വിവാഹം നടത്തിയത്. അന്ന് അവിടൊരു ഉത്സവത്തിന്റെ പ്രതീതിയായിരുന്നു. 

അവൾ വിചാരിച്ചതിനേക്കാൾ സ്നേഹമുള്ളവനായിരുന്നു അവളുടെ ഭർത്താവ്... രുഗ്മിണിയമ്മയെപ്പോലെതന്നെ നല്ല സ്വഭാവമുള്ള മനുഷ്യൻ... ഗൾഫിലെ എണ്ണക്കമ്പനിയിലെ ഉയർന്ന ഉദ്യോഗം... എന്നിട്ടും തന്നെപ്പോലൊരു പെണ്ണിനെ വിവാഹം ചെയ്തത് ആ മനുഷ്യന്റെ ത്യാഗമാണോ... അതോ തന്റെ ഭാഗ്യമാണോ...? അറിയില്ല...

അവർക്കൊരു മകൾ.. അനഘ... എല്ലാരും ലണ്ടനിൽ... രുഗ്മിണിയമ്മയ്ക്ക് നാടുവിട്ടു പോകാൻ വയ്യ.. അവർ ഇവിടെത്തന്നെ കൂടി... ഇന്നും ആ രണ്ടു കുടുംബങ്ങളും സന്തോഷപൂർവ്വം കഴിയുന്നു... സ്വന്തക്കാരുടെ എതിർപ്പുകൾ ഇപ്പോഴുമുണ്ട്.. അതൊന്നും വകവയ്ക്കാറേയില്ല... ഈ വരവിൽ അവളുടെ ഭർത്താവ് എത്തിയിട്ടില്ല... ഗൾഫിലെ എണ്ണക്കമ്പനിയുടെ ലണ്ടനിലെ ഓഫീസിൽ ഉയർന്ന ഉദ്യോഗസ്ഥനാണ്... വിവാഹശേഷം ലണ്ടനിലേയ്ക്ക് പോകാൻ ഗൾഫിലെ കമ്പനിയിൽ റസിഗ്നേഷൻ ലറ്റർ കൊടുത്തപ്പോൾ തങ്ങളുടെ പ്രഗല്ഭനായ ഒരു ജീവനക്കാരനെ നഷ്ടപ്പെടാൻ ആ കമ്പനിക്ക് ആഗ്രഹമില്ലാത്തതിനാൽ അവരുടെ ലണ്ടനിലെ ബ്രാഞ്ചിലേയ്ക്ക് സ്ഥലംമാറ്റം നൽകുകയായിരുന്നു. പലപ്പോഴും ഔദ്യോഗിക ആവശ്യങ്ങൾക്കായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേയ്ക്ക് യാത്ര... അവരെ മൂന്നുപേരേയും നാട്ടിലേയ്ക്ക് ഫ്ലൈറ്റിൽ കയറ്റി വിട്ട്.. അദ്ദേഹം ന്യൂസിലാന്റിലേയ്ക്ക് പോയെന്നാണ് ദിവ്യ പറഞ്ഞത്...

ദൈവം പലപ്പോഴും അത്ഭുതങ്ങൾ കാണിക്കാറുണ്ട്... മനുഷ്യനെ വളരെയധികം കഷ്ടപ്പെടുത്താറുമുണ്ട്.. പക്ഷേ അവനെത്തേടി ഒരുദിവസം ദൈവത്തിന്റെ കരമെത്തും... സത്യസന്ധവും നീതിപൂർവ്വവുമാണ് ജീവിതമെങ്കിൽ ഒരിക്കൽ കഷ്ടപ്പാടെല്ലാം ദൈവം തീർത്തുതരുമെന്നതിൽ സംശയമില്ല.. ഹമീദും കുടുംബവും ഒരിക്കലും കരുതിയില്ല നാണിയുടെ കുടുംബം ഈ രീതിയിൽ എത്തുമെന്ന്.. തങ്ങളും അതുപോലെതന്നെയല്ലേ.. എന്തെല്ലാം കഷ്ടപ്പാടിലൂടെ തങ്ങൾ കടന്നുപോയി... ഇന്ന് ഈ നിലയിലെത്താൻ കാരണം പടച്ചോന്റെ ആ അദൃശ്യകരങ്ങൾ തന്നെയാണ്....

നാണിയുടെയും മകളുടെയും സ്നേഹം.. അവരുടെ സ്വഭാവത്തിൽ ഒരു മാറ്റവും വന്നിട്ടില്ല... ആ എളിമ.. ബഹുമാനം... ഒരു പക്ഷേ ജീവിതത്തിൽ അവരെ ഇത്രയും ഉയരത്തിലെത്തിച്ചത് ഇതൊക്കെയാകാം... 

നാണിയും മകളും അവർക്ക് അത്യാവശ്യം ലഘുഭക്ഷണവും ചായയുമൊക്കെ നല്കിയാണ് അവർ യാത്രയാക്കിയത്... ഇനിയുമൊരിക്കൽ വരാമെന്ന് ഹമീദും കുടുബംവും വാക്കുകൊടുത്തു. അവിടെനിന്നും പിരിയുമ്പോൾ നാണിയുടെയും മകളുടെയും കണ്ണുകൾ ഈറനായത് ഒരുപക്ഷേ ആ പഴയ ഓർമ്മകളായിരിക്കാം... 

വാഹനം സാവധാനം ചുരമിറങ്ങിത്തുടങ്ങി... വർഷങ്ങൾക്ക് മുമ്പ് ഇതുപോലെ ചുരമിറങ്ങുമ്പോൾ ഇതുപോലൊരു സന്തോഷകരമായ യാത്രയായിരുന്നില്ല. കട്ടിലും മേശയും വസ്ത്രങ്ങളുമായി ലോറിയിലുള്ള യാത്രയായിരുന്നു. എന്നാൽ ഇന്നത്തെ യാത്രയിൽ കണ്ടതുംകേട്ടതും മനസ്സിന് സന്തോഷം നൽകുന്നതായിരുന്നു.  കോടമഞ്ഞ് അല്പാല്പമായി മൂടിക്കൊണ്ടിരിക്കുന്നു.. നല്ല തണുത്ത കാറ്റ് കാറിനുള്ളിലേയ്ക്ക് കടന്നുവരുന്നു. പ്രകൃതിഭംഗി എത്ര മനോഹരമാണിവിടെ. ഒരിക്കലും ഇത്രയേറേ ആസ്വദിക്കാൻ കഴിഞ്ഞിട്ടില്ല.. ഒരുപക്ഷേ അവർക്ക് ഇന്നത്തെ ദിവസത്തിന്റെ പ്രത്യേകതകൊണ്ടായിരിക്കാം. ഹമീദും ചുറ്റുപാടും കണ്ണോടിച്ചുകൊണ്ടിരുന്നു. ഫസൽ പൊതുവേ നിശ്ശബ്ദനായിരുന്നു. അവന് നാളെ കഴിഞ്ഞാൽ സ്കൂളിൽ പോകണം. പരീക്ഷവരുന്നു, ഒരുപാട് പഠിക്കാനുണ്ട്... കൈയ്യിൽ പുസ്തകം കരുതിയെങ്കിലും ഒന്നിനുമുള്ള സമയം ലഭിച്ചില്ല. എല്ലാം ഇനി വീട്ടിൽചെന്നിട്ടാകാം എന്നവനും കരുതി.

റഷീദ് ഹെഡ്ലൈറ്റ് പ്രകാശിപ്പിച്ച് സാവധാനമാണ് വാഹനം ഓടിച്ചുകൊണ്ടിരുന്നത്... ഹെയർപിന്നുകൾ ഓരോന്നും വളരെ സൂക്ഷിച്ചാണ് തിരിച്ചത്. പൊതുവേ തിരക്കൽപ്പം കുറവായിരുന്നു.. അവർ വിചാരിച്ചതിനേക്കാളും നേരത്തെ ചുരമിറങ്ങിയെത്തി. ലക്ഷ്യം കോഴിക്കോട് മാങ്കാവിലുള്ള മാളിയേക്കൽ തറവാട്ടിലെ അമ്മായിയുടെ വീടാണ്. ഹസ്സനാജിയുടെ  മരണശേഷം ഒരിക്കൽ മാത്രമാണവിടെ പോയത്.. പിന്നീടിതുവരെ അവിടേയ്ക്ക് പോയിട്ടില്ല.. ഏകദേശം ഒൻപതുമണിയോടെ അവിടെത്താനാകുമെന്നു കരുതുന്നു. വഴിയിലെവിടെനിന്നെങ്കിലും കഴിച്ചിട്ടു പോകാം.. അവിടെ ഭക്ഷണമുണ്ടാക്കിത്തരാൻ മറ്റാരുമില്ലല്ലോ. അമ്മാവന്റെ  മരണശേഷം അമ്മായി  ഒറ്റയ്ക്കായെന്നാണ് പറഞ്ഞുകേട്ടത്. ബിസിനസ് നോക്കിനടത്താനും ആരുമില്ല.. എല്ലാറ്റിനും അവരുടെ കൈകളെത്തണം. പ്രായം കൂടിവരുന്നു. അതിനുള്ള ശക്തി പടച്ചോൻ അവർക്ക് കൊടുക്കുമായിരിക്കും.


തുടർന്നു വായിക്കുക അടുത്ത ഞായറാഴ്ച്ച  08 12 2019

ഷംസുദ്ധീൻ തോപ്പിൽ  01 12 2019



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ