24.4.21

നിഴൽവീണവഴികൾ ഭാഗം 123

 

അവനൊന്നും മിണ്ടിയില്ല.. ശരിയാണ്. അവള് തന്നതാണ് ഏതവളെന്ന് ഉമ്മയ്ക്ക് അറിയില്ലല്ലോ... വിശുദ്ധ മാസമാണ്.. വെറുതെ കള്ളം പറയേണ്ട.. നിശ്ശബ്ധനായിരുന്നു.
“അവൻ നേരേ മുകളിലേയ്ക്ക് കയറി... ഫ്രഷായി... തന്റെ ശേഖരത്തിൽ നിന്നും ഒരു പുസ്തകമെടുത്ത് വായിക്കാനായിരുന്നു. സമയം ഉച്ചയ്ക്ക് 2 മണി കഴിഞ്ഞിരിക്കുന്നു. വായനയ്ക്കിടയിൽ അറിയാതെ ഉറങ്ങിപ്പോയി...“

താഴെ ഉമ്മയുടെ വിളികേട്ടാണ് ഉണർന്നത്. അവൻ താഴേയ്ക്കിറങ്ങിവന്നു.

“എന്താ ഉമ്മാ...“

“ഉപ്പയ്ക്ക് നല്ല സുഖമില്ല... വലിയ ശ്വാസംമുട്ടാണ്. നീയൊന്ന് വിഷ്ണുവിനെ വിളിച്ചേ..“

“സ്പ്രേ അടിച്ചില്ലേ...“

“അതിൽ നിൽക്കുന്നില്ല.. എനി എന്തായാലും ഹോസ്പിറ്റലിൽ കൊണ്ടുപോകാം...“

“അന്ന് വിഷ്ണു വണ്ടിയെടുത്തിരുന്നില്ല. ഓടി വിഷ്ണുവിന്റെ വീട്ടിലേയ്ക്ക്. വിഷ്ണു നിന്ന വേഷത്തിൽ ഫസലിന്റെ കൂടെ വീട്ടിലേയ്ക്ക്..

എല്ലാവരും കൂടി അദ്ദേഹത്തെ എടുത്ത് വണ്ടിയിൽകിടത്തി.. ഫസലും സഫിയയും ഉമ്മയും വണ്ടിയിൽകയറി. വളരെവേഗത്തിൽ വിഷ്ണു വണ്ടി ഹോസ്പിറ്റലിലിലേയ്ക്ക് പായിച്ചു.

ഇതുവരെ ഇങ്ങനെ ഉണ്ടായിട്ടില്ല. ആരും പരസ്പരം സംസാരിക്കുന്നില്ല. ഹമീദിന് സംസാരിക്കാൻപോലും കഴിയുന്നില്ല.. ശ്വാസമെടുക്കാൻ വളരെ ബുദ്ധിമുട്ടുന്നുണ്ട്. ഇടയ്ക്കിടയ്ക്ക് കണ്ണുകൾ തുറിച്ചു വരും.. വീണ്ടും കണ്ണുകളടയ്ക്കും. വല്ലാത്തൊരു പേടിപ്പെടുത്തുന്ന അവസ്ഥ...

വാഹനം വളരെ വേഗത്തിൽ പാഞ്ഞുകൊണ്ടിരുന്നു. ലക്ഷ്യം ഹോസ്പിറ്റൽ... വിചാരിച്ചതിലും നേരത്തേ ഹോസ്പിറ്റലിലെത്തി.. അവിടെ അത്യാഹിത വിഭാഗത്തിൽ വാഹനം നിർത്തി... വിഷ്ണു ഇറങ്ങി.. അപ്പോഴേയ്ക്കും സ്ട്രേക്ചർ തള്ളി ഒരാളവരിടെയെത്തി. അതിൽ കിടത്തി നേരേ അകത്തേയ്ക്ക്.. ഡ്യൂട്ടി ഡോക്ടറുണ്ടായിരുന്നു കാര്യങ്ങൾ പറഞ്ഞു... നില പന്തികേടാണെന്നു തോന്നിയതിനാൽ നേരേ ഐസിയുവിലേയ്ക്ക് കൊണ്ടുപോയി...

ശരീരത്തിൽ ഓക്സിജന്റെ അളവ് വളരെ കുറഞ്ഞിരിക്കുന്നു. വളരെ ക്രിട്ടിക്കൽ സിറ്റ്യൂവേഷൻ.. അവരുടെ ഡോക്ടർ പരിശോധന തുടങ്ങിയരുന്നു. ഐസിയുവിൽ നിന്നും ഒരാൾ പുറത്തേയ്ക്കിറങ്ങി.. എല്ലാവരും പ്രാർത്ഥനയോടെ കാത്തിരുന്നു. ആർക്കും ഒന്നും സംസാരിക്കാൻ വയ്യ..

“ഹമീദിന്റെ ആരേലുമിവിടുണ്ടോ..“

“ഉണ്ട്...“

സഫിയ അടുത്തേയ്ക്കു ചെന്നു... “എന്താ സിസ്റ്ററേ.“

“ഹമീദിന് വെന്റിലേറ്റർ ഉപയോഗിക്കേണ്ടിവരും.. അതിന് ബന്ധുക്കളുടെ സമ്മതപത്രം വേണം.“ മനസ്സിലാവാതെ സഫിയ ഫസലിനെ നോക്കി..

“പേടിക്കേണ്ട ഉമ്മാ. ഒപ്പിട്ടോ.. ഉപ്പയ്ക്ക് ഓക്സിജൻ കൊടുക്കുന്നതിനുവേണ്ടിയാ..“

അവൻ പൂർണ്ണമായും കാര്യങ്ങൾ ഉമ്മയോട് പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചില്ല.. ഫസലിന് ധൈര്യമൊക്കെ ചോർന്നുപോകുന്നതുപോലെ തോന്നി.. ഉപ്പയ്ക്ക് സ്വയം ശ്വസിക്കാനാവാത്ത അവസ്ഥ.. പൂർണമായും മിഷ്യനെ ആശ്രയിക്കേണ്ടിവന്നിരിക്കുന്നു. അതിനാലാവും വെന്റിലേറ്ററിലേയ്ക്ക് മാറ്റുന്നത്... അവന്റെ ഉള്ളം പിടയ്ക്കുകയായിരുന്നു. ആരോടാ ഒന്നു സമാധാനത്തിവേണ്ടി സംസാരിക്കുക. തളർന്നിരിക്കുന്ന ഉമ്മയോട് പറയാനാവില്ല.. അവിരിപ്പോൾ പൊട്ടുമെന്നുള്ള പരുവത്തിലാണ്. അവൻ അവിടെ നിന്നും പുറത്തേയ്ക്കിറങ്ങി... എന്തു വന്നാലും നേരിടുക.. സാവധാനം ഡോക്ടറുടെ റൂമിലേയ്ക്ക എത്തിനോക്കി.. ഡോക്ടറവിടില്ല.. അവിടെ ചുറ്റിപ്പറ്റി നിന്നു. എന്തു ചെയ്യണമെന്നറിയില്ല. അവൻ നേരേ ടെലിഫോൺ ബൂത്തിലേയ്ക്ക് പോയി. പെട്ടെന്ന് ഓർമ്മവന്നത് ഗോപി ഡോക്ടറെയാണ് അവൻ ഡയൽചെയ്തു. അദ്ദേഹം ക്ലീനിക്കിലില്ല എന്നു പറഞ്ഞു. പിന്നീട് അവൻ വിളിച്ചത് ഐഷുവിനെയാണ്...

“ഐഷു.. ഞാനിവിടെ ഉപ്പാനെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തു... കുറച്ചു സീരിയസാണ്..“

“ഏതു ഹോസ്പിറ്റലിലാണ്.“

അവൻ വിശദമായി പറഞ്ഞുകൊടുത്തു.

“ഓ.. ഡോക്ടർ സാമുവൽ... നമുക്കറിയാം.. വാപ്പാന്റെ ഉറ്റ ചങ്ങാതിയാ... എന്തായാലും ഞങ്ങളതുവഴി  വരാം.. വീട്ടിൽ നിന്നും ഇറങ്ങാൻ തുടങ്ങുകയായിരുന്നു. അവിടെ കയറിയിട്ട് പോകാം. .. നീ ധൈര്യമായിരിക്ക്. ഉപ്പയ്ക്ക് ഒന്നും സംഭവിക്കില്ല.. ഇതൊരു ട്രീറ്റ്മെന്റിന്റെ ഭാഗമാണ്.“

അവന്റെ സംഭാഷണത്തിൽ നിന്നും അവൾക്ക് കാര്യം പിടികിട്ടിയിരുന്നു. ഫസലിന് ഉള്ളിൽ ഭയം ഉടലെടുത്തു തുടങ്ങിയിരുന്നു. ഈ അടുത്ത കാലത്തായി ഉപ്പ വളരെയൊന്നും സംസാരിക്കാറില്ല..  പണ്ട് എന്തിനും ഏതിനും അഭിപ്രായം പറയാറുള്ള ആളായിരുന്നു ഇപ്പോൾ അതൊക്കെ നിർത്തി... എന്തിനെങ്കിലും അഭിപ്രായം പറഞ്ഞാലായി പറഞ്ഞില്ലെങ്കിലായി. ഉപ്പയെന്ന ഒരു മനുഷ്യന്റെ ചങ്കുറപ്പിലാ ഞാനും ഉമ്മയും ഇന്നിവിടെവരെ എത്തിയത്. ആ മനുഷ്യന് എന്തെങ്കിലും സംഭവിച്ചാൽ.

അവൻ ബൂത്തിൽ പണം കൊടുത്തു വീണ്ടും ഐസിയുവിനടുത്തെത്തി..

“നീയെവിടെ പോയിരുന്നു.. ഡോക്ടർ നിന്നെ തിരക്കി..“

“അങ്ങോട്ടു ചെല്ലാൻ പറഞ്ഞു..“

“റൂമിൽ കാണുമെന്നു പറഞ്ഞു..“

അവൻ വേഗത്തിൽ അങ്ങോട്ടേയ്ക്കു പോയി.. ഡോറിൽ തട്ടി...

“ഫസൽ വരൂ...“

“എന്താ ഡോക്ടർ ഉപ്പയ്ക്ക് എന്തുപറ്റി..“

“നിനക്കറിയാലോ.. മെഡിക്കൽ മേഖലയ്ക്ക് ചില പരിമിതികളുണ്ട്... വളരെ ക്രിറ്റിക്കൽ സിറ്റ്യൂവേഷനാണ്. വെന്റിലേറ്ററിന്റെ സഹായത്താലാണ് ഇപ്പോൾ അദ്ദേഹം ജീവിച്ചിരിക്കുന്നത്.“ അവന്റെ ധൈര്യമെല്ലാം വീണ്ടും ചോർന്നൊലിച്ചു... അതു മനസ്സിലാക്കി ഡോക്ടർ അവനോടു പറഞ്ഞു.

“ഭയപ്പെടേണ്ട... മുകളിലുള്ളവനാണല്ലോ... എല്ലാം തീരുമാനിക്കുന്നത്. നല്ലതേ സംഭവിക്കു എന്നു നമുക്ക് പ്രതീക്ഷിക്കാം...പ്രാർത്ഥിക്കാം“

“എന്താ യഥാർത്ഥത്തിൽ സംഭവിച്ചത്.“

“ഞാൻ അന്നേ പറഞ്ഞിരുന്നതല്ലേ... ശ്വാസകോശം അതിന്റെ വായു അറകൾ ചുരുങ്ങുന്ന ഒരസുഖമാണ് അദ്ദേഹത്തിന്.. അതിനെത്തുടർന്നുള്ള പ്രശ്നങ്ങളാണ്... മരുന്നും മറ്റുമായി കുറേനാൾ പിടിച്ചുനിൽക്കാം. സർജ്ജറി നടത്തിയാൽ ഈ പ്രായത്തിൽ ബുദ്ധിമുട്ടുമാണ്. അതുകൊണ്ടാണ് നമ്മൾ വളരെ സൂക്ഷിച്ച് വന്നത്... ഇപ്പോൾ കുറച്ചു കോംപ്ലിക്കേറ്റഡ് ആയിട്ടുണ്ട്. സാരമില്ല.. എല്ലാം നേരേയാകും...“

“ഫസൽ പേടിക്കേണ്ട. ഞാനിതൊക്കെ തുറന്നു പറഞ്ഞത് ഫസൽ ഒരു മെഡിക്കൽ സ്റ്റുഡന്റ് ആകാൻ പോകയാണ്. അവിടെ യഥാർ‌ത്ഥ്യം നമ്മൾ ഉൾക്കൊള്ളാൻ ശ്രമിക്കണം. ബന്ധത്തെക്കാളുപരി നാം കാണേണ്ടത് രോഗത്തെയാണ്... അതായിരിക്കണം ഒരു ഡോക്ടർ പ്രാധാന്യം കൽപിക്കേണ്ടത്...“

അപ്പോഴേയ്ക്കും ഐഷുവും ഉമ്മയും അവിടെ എത്തിയിരുന്നു. അവർ വന്ന പാടേ ഡോക്ടറുടെ റൂമിലേക്കെത്തി.

“ങ്ഹാ ഇതാര് ഐഷുവോ. എന്താ ഇതുവഴി..“

“ഡോക്ടർ ഫസൽ വിളിച്ച് കാര്യം പറഞ്ഞിരുന്നു.“

“ഫസലിനെ അറിയാമോ..“

“അറിയാം ഡോക്ടർ. ഞങ്ങൾ ഒരുമിച്ചാ സ്കൂളിൽ പഠിച്ചത്. അതുകൂടാതെ എൻഡ്രൻസും ഒരുമിച്ചായിരുന്നു. ഞാൻ അഡ്മിഷൻ ബാംഗ്ലൂരിൽ റഡിയാക്കി..“

“ഒക്കെ...“

“എങ്ങനുണ്ട് ഇപ്പോൾ ഉപ്പയ്ക്ക്..“

“ഒന്നും പറയാറായിട്ടില്ല.. ഞങ്ങൾ അതാണ് പറ‍ഞ്ഞുകൊണ്ടിരുന്നത്... വെന്റിലേറ്ററിലാണ്.. പൾസ് വീക്കാണ്... എച്ച്. ബി. കുറഞ്ഞിരിക്കുന്നു. ബ്ലഡ് കൊടുക്കാനുള്ള സംവിധാനം നോക്കുന്നു. ഞങ്ങളുടെ കഴിവിന്റെ പരമാവധി ശ്രമിക്കുന്നു..“

ഫസൽ എഴുന്നേറ്റു...

“ഡോക്ടർ ഞാനൊന്നു ഫസലിന്റെ ഉമ്മയെ കണ്ടിട്ട് വരാം..“

“ശരി... വാപ്പയ്ക്ക് സുഖമാണോ..“

“സുഖമാണ്. ഡോക്ടർ...“

അവൾ ഫസലിനേയും കൂട്ടി ഐസിയുവിനടുത്തെത്തി... സഫിയയ്ക്ക് ഐഷുവിനെ കണ്ടപ്പോൾ നിയന്ത്രണംവിട്ടപോലെ തോന്നി. അവളുടെ തോളിയേക്ക് ചാരി... സൈനബ ഇതൊന്നുമറിയാതെ കുറച്ചകലെ മാറി ഇരുന്നു തേങ്ങുകയായിരുന്നു. ഐഷു അവളെ ആശ്വസിപ്പിച്ചു... കൂടെ ഫസലും...

“പേടിക്കേണ്ട ഉമ്മാ.. ഞങ്ങളിപ്പോൾ ഡോക്ടറുമായി സംസാരിച്ചു.. കുഴപ്പമില്ലെന്നു പറഞ്ഞു... എല്ലാം നേരേയാകും...“

“ഐഷു ഇന്നല്ലേ പോകുന്നത്..“

“അതേ ഞങ്ങൾ പോകാനുള്ള വഴിയിലാ... നീ വിളിച്ചതുകൊണ്ടാ ഇങ്ങോട്ടു കയറിയത്...“

“എത്രമണിക്കാ ഫ്ലൈറ്റ്..“

“7 മണിക്കാണ്..“

“അപ്പോൾ തിരിക്കാനുള്ള സമയമായി ഐഷു..“

“ഫസൽ ഞാൻ വേണമെങ്കിൽ ഇവിടെ നിൽക്കാം... നിങ്ങൾക്കൊരു ധൈര്യമാവുമെങ്കിൽ..“

“വേണ്ട ഐഷു... ഇവിടെ ഞാൻ മാനേജ് ചെയ്തുകൊള്ളാം.. നീ ഉമ്മയുമായി ആ ഫ്ലൈറ്റിൽ തന്നെ പോകാൻ നോക്ക്..“

സഫിയയും അവളെ നിർബന്ധിച്ചു. അവിടെ അവൾക്കും നിൽക്കണമെന്നുണ്ട്. പക്ഷേ അന്നു തന്നെ ബാംഗ്ലൂരിൽ എത്തുകയും വേണം. അവിടെ ഇവിടെ നിന്നും കൊണ്ടുപോകുന്ന ചില പേപ്പറുകൾ നാളെത്തന്നെ അവിടെ സബ്മിറ്റ് ചെയ്യണം. അങ്ങനെ മനസ്സില്ലാ മനസ്സോടെ ഐഷു യാത്ര പറഞ്ഞിറങ്ങി. പോകുന്ന വഴിയ്ക്ക് ഡോക്ടറെ കണ്ടു.“

“ഡോക്ടർ എങ്ങനുണ്ടിപ്പോൾ..“

“ഇപ്പോൾ കുറച്ച് ബെറ്ററായിട്ടുണ്ട്. പ്രഷർ നോർമ്മലായി.. ഷുഗർ കുറച്ചു കൂടിനിൽക്കുന്നു. ചെറിയൊരു അറ്റാക്കുണ്ടായോ എന്നൊരു സംശയമുണ്ട്. എന്തായാലും പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.“ ഫസൽ അവരുടെ കൂടെ ഇല്ലാത്തതിനാൽ ഡോക്ടർ പറഞ്ഞത് അവനറിഞ്ഞുമില്ല...

അവർ ഡോക്ടറോട് യാത്ര പറഞ്ഞിറങ്ങി..

“ഡോക്ടർ ഞങ്ങളെ വളരെ വേണ്ടപ്പെട്ട ആളാണ്..“

“ഒന്നുകൊണ്ടും പേടിക്കണ്ട.. ഞാൻ നോക്കിക്കൊള്ളാം...“

അവർ യാത്രപറഞ്ഞിറങ്ങി...

ഐസിയുവിന്റെ മുന്നിൽ ഓരോ നിമിഷവും ദൈർഘ്യമേറിയതാണെന്നവർക്കു തോന്നി.. ആർക്കും  പരസ്പരം ആശ്വസിപ്പിക്കാനാവുന്നില്ല.. ഒരിടത്ത് വിഷ്ണു നിൽക്കുന്നു. ഉമ്മ കസേരയിൽ ചാരി കുനിഞ്ഞിരിക്കുന്നു. ഉമ്മുമ്മ.. തൊട്ടപ്പുറത്ത് ഐസുവിന്റെ വാതിലിലേയ്ക്ക് നോക്കിയിരിക്കുന്നു. ആകാംക്ഷയുടെ നിമിഷങ്ങൾ.. എല്ലാവരുടെയും മനസ്സി്ൽ പ്രാർത്ഥനമാത്രം..എന്തും സംഭവിക്കാം...

ഫസൽ വിഷ്ണുവിനെ അവിടെ നിർത്തി പുറത്തേയ്ക്കിറങ്ങി.. ബൂത്തിലെത്തി ഐ.എസ്.ഡി കാൾ ചെയ്തു. റഷീദിനോട് വിവരം പറഞ്ഞു.. അൻവറ്‍ മാമയോട് കാര്യം പറയാൻ പറഞ്ഞു.. റഷീദ് വളരെ ടെൻഷനിലായി..

“ഫസലേ.. ഞാൻ അടുത്ത ഫ്ലൈറ്റിലേയ്ക്ക് നാട്ടിലേയ്ക്ക വരാം..“

“അതു വേണ്ട മാമാ..“

“അതു കുഴപ്പമില്ല.. ഇവിടെ വലിയ തിരക്കൊന്നുമില്ല..“

“മാമാ അതിനുംവേണ്ടിയുള്ള പ്രശ്നങ്ങളില്ല.. എനിക്ക് മാനേജ് ചെയ്യാവുന്നതേയുള്ളൂ..“

“ശരി... ഞാൻ ഡോക്ടറുമായി സംസാരിക്കട്ടെ..“ റഷീദ് ഫോൺ വച്ചു..

അവൻ തിരിച്ച് ഐസിയുവിന് മുന്നിലെത്തി... സഫിയയുടെ കണ്ണുകളിൽ നിന്നും കണ്ണുനിർ വീഴുന്നു.. അവൻ അടുത്തെത്തി...




തുടർന്നു വായിക്കുക അടുത്ത ഞായറാഴ്ച്ച 02 04 2021

സസ്നേഹം ഷംസുദ്ധീൻ തോപ്പിൽ 25 04 2021

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ