10.4.21

നിഴൽവീണവഴികൾ ഭാഗം 121 Shadow paths


അവൻ ചിത്രവും സ്ക്രിപ്റ്റുമായി റൂമിലേയ്ക്ക്. അവിടെ ഒഴിഞ്ഞ ഒരു സ്ഥലമുണ്ടായിരുന്നു. ഭംഗിയായി അവിടെ ആണിയടിച്ചു വച്ചു... നല്ല ഭംഗിയുണ്ട് അത് കാണാൻ... അവൻ കുറച്ചുനേരം അതും നോക്കിയിരുന്നു. സ്ക്രിപ്റ്റ് തന്റെ മേശയിൽ ഭദ്രമായിവച്ചു... എന്തായാലും നാളെ അവിടെ പോകണം..

“ഫസലേ.. താഴേയ്ക്കു വന്നേ... നിന്നെക്കാണാൻ ഒരാളെത്തിയിരിക്കുന്നു.“

അവൻ.. ഡ്രസ്സ് ചെയ്ത് താഴേയ്ക്കിറങ്ങി...

ഐഷുവും ഉമ്മയും... അപ്രതീക്ഷിതമായ വരവ്.. അവൻ അവരെ കണ്ട് ആദ്യമൊന്നു ചൂളിപ്പോയി...

“ന്താ ഫസലേ.. തീരെ പ്രതീക്ഷിച്ചില്ലല്ലേ..“

അവൻ തല കുലുക്കി... ഹമീദ് അവരോട് കുശലം പറയുകയായിരുന്നു. സഫിയ പലപ്പോഴും അവളോടു സംസാരിച്ചിട്ടുണ്ടെങ്കിലും കാണുന്നത് ആദ്യമായിട്ടായിരുന്നു. അവളുടെ സൗന്ദര്യത്തിൽ സഫിയയും മയങ്ങിയിരിക്കുകയായിരുന്നു. ചുമ്മാതല്ല ഫസൽ കറങ്ങിവീണത്.

കാര്യങ്ങൾ പറഞ്ഞുവന്നപ്പോൾ വലിയ അമ്മാവൻ ഹസ്സനാജിയുടെ ബന്ധത്തിലുള്ളവരായിരുന്നു അവർ... തങ്ങളുടെ ബന്ധുവാണ് ഹസ്സനാജിയെന്നു അറിഞ്ഞപ്പോൾ അവളുടെ ഉമ്മയ്ക്കും സ്നേഹം കൂടി... ഹസ്സനാജിയെന്നു പറഞ്ഞാൽ കോഴിക്കോട്ടങ്ങാടിയിൽ ഇന്നും സുപരിചിതനും  പ്രിയപ്പെട്ടവനുമാണ് . മരിച്ചുപോയെങ്കിലും ആ പേര് ഇന്നും നിലനിൽക്കുന്നു. അത് അതേപേലെ നിലനിർത്താൻ അദ്ദേഹത്തിന്റെ ബീവി നന്നേ കഷ്ടപ്പെടുന്നുമുണ്ട്. ഐഷുവിന്റെ ഉമ്മ കാഴ്ചയിൽ വലിയ സംസാരപ്രിയയല്ലെന്നു തോന്നും. പക്ഷേ അവർ വളരെ വാചാലയായാണ് സംസാരിച്ചത്. അടുത്ത ആഴ്ച അവർ തിരികെപ്പോകുന്നുവെന്നും കുറച്ചു കാര്യങ്ങൾകൂടി ചെയ്തു തീർക്കാനുണ്ടെന്നും പറഞ്ഞു. ഐഷു ഇടയ്ക്കിടയ്ക്ക് ഫസലിനെ നോക്കുന്നുണ്ടായിരുന്നു. ഫസലിന് എന്തു പറയണമെന്നറിയാതെ നിൽക്കുകയായിരുന്നു. സഫിയയുടെ വീടു നിർമ്മാണത്തിന്റെ പുരോഗതി അവൾ ചൂണ്ടിക്കാണിച്ചുകൊടുത്തു. ഇവിടെ നിന്നാൽ കാണാമല്ലോ... ഇതിനിടയിൽ ഫസൽ പതുക്കെ പുറത്തേയ്ക്കിറങ്ങി.. അവരോടൊപ്പം കൂടി.. ഐഷു അവന്റെ ഐഡിയ മനസ്സിലാക്കി പതുക്കെ അവനടുത്തെത്തി...

“നീയെന്താ ഒന്നു വിളിച്ചു പറയാതിരുന്നത്...“

“അത്.. ഉമ്മ പറഞ്ഞു.. നിനക്കൊരു സർപ്രൈസ് ആയിക്കൊള്ളട്ടെയെന്ന്.“

“ഉം..“

“എന്തായാലും ഞാനിവിടെ വരേണ്ട ആളല്ലേ... കുറച്ചു നേരത്തേ എത്തിയെന്നു കരുതിയാൽ മതി.“

“പിന്നേ...“

“എങ്ങനെയുണ്ട് എന്റെ വീട്ടുകാർ..“

“എനിക്കിഷ്ടമായി... ഇനി അവരുടെ കാര്യങ്ങളാ അറിയേണ്ടത്..“

“നിന്നെ ആർക്കാ ഇഷ്ടപ്പെടാത്തത്.“

അഞ്ചുമണിയോടുകൂടി അവർ ചായകുടിച്ചു പിരിഞ്ഞു.. ഡ്രൈവർ വണ്ടി അകത്തുകയറ്റിയിരുന്നു. അവരേയും കയറ്റി വാഹനം പുറത്തേയ്ക്കു പോയി.. ഫസൽ ഗേറ്റുവരെ അതിനെ അനുഗമിച്ചു.. അവർ ടാറ്റ പറഞ്ഞു പിരിഞ്ഞു... എല്ലാവർക്കുമൊപ്പം ഫസലും ടാറ്റ കാണിച്ചു... ഒരു ദീർഘനിശ്വാസത്തോടെ ഫസൽ അകത്തേയ്ക്കു കയറി...

“നില്ക്കടാ അവിടെ...“

സഫിയ പുറകെ വിളിച്ചു..

“ടാ... നിന്റെ എല്ലാ കള്ളങ്ങളും പുറത്തായി...“

“എന്തുമ്മ...“

“നീയായിരിക്കും ബുദ്ധി.. അവരെ രഹസ്യമായി ഇങ്ങോട്ടു വരുത്തിയത്..“

“ഇല്ലുമ്മ.. കഴിഞ്ഞദിവസം കണ്ടപ്പോൾപോലും ഇങ്ങോട്ടു വരുന്നകാര്യം പറഞ്ഞിട്ടില്ല..“

“ഉവ്വേ.... ഞാൻ വിശ്വസിച്ചു.. ന്നാലും ഉപ്പ വിശ്വസിക്കില്ല... ഞാൻ റഷീദിക്കയോടും അൻവറിക്കയോടും കാര്യങ്ങൾ പറയാം... ഇനി കല്യാണം കൂടി കഴിഞ്ഞാൽ മതിയല്ലോ..“

“ഉമ്മാ... ഇപ്പോ ഉടനേവേണ്ട.. പഠിത്തമൊക്കെ കഴിയട്ടെ..“

“കണ്ടാ വാപ്പാ... ഇപ്പ കെട്ടിച്ചാലും കുഴപ്പമില്ലെന്നല്ലേ ഏവന്റെ സംഭാഷണത്തിന്റെ അർത്ഥം..“

“ഫസലേ... അവർക്കെല്ലാം താല്പര്യമുണ്ടോ..“

“അവൻ നാണംകൊണ്ട് ഉമ്മാന്റെ കൈ നുള്ളി..“

“വാപ്പാ.. അവർക്കെല്ലാം താൽപര്യമായിരിക്കുകയാ.. ഇവൻ എല്ലാം എന്നോടു പറയുമായിരുന്നു... ഇപ്പോള‍് കുറെയൊക്കെ ഒളിക്കുന്നുണ്ട്.“

“ഇല്ലുമ്മാ.. ഞാനൊന്നും ഒളിച്ചിട്ടില്ല..“

“എനിക്കറിയാത്തോനല്ലേ.. നീ...“

“ശരിയ്ക്കും ഉപ്പാ.. ഞാൻ സത്യം മാത്രമേ പറയൂ..“

“സഫിയാ.. അവൻ സത്യമായിരിക്കും മോളേ പറഞ്ഞത്..“

അവിടെ എല്ലാവരും കൂടി ഫസലിനെ കളിയാക്കി രസിക്കുകയായിരുന്നു. ഇതിനിടയിൽ റഷീദ് വിളിച്ചിരുന്നു. റഷീദിനോടും സഫിയ കാര്യങ്ങൾ പറഞ്ഞു.. അവർക്കും അത്ഭുതമായിരുന്നു. മിണ്ടാപ്പൂച്ചയെപ്പോലിരുന്ന ഇവൻ കാര്യം സാധിച്ചല്ലോ എന്ന അത്ഭുതം...

“ന്തായാലും എനിക്കിഷ്ടമായി...“ ഹമീദ് പറഞ്ഞു...

“ഇവിടെ എല്ലാവർക്കും ഇഷ്ടായി വാപ്പാ... ഇവരുടെ പഠിത്തം കഴിയട്ടെ.. .ഇനി ഇവനുവേണ്ടി മൊഞ്ചത്തിമാരെ ആരേയും തിര‍ഞ്ഞു നടക്കണ്ടല്ലോ...“

വൈകിട്ട് ആറു മണികഴിഞ്ഞപ്പോൾ ഫസലിനെക്കാണാൻ ഒരു സന്ദർശകൻ കൂടിയെത്തി. മൗലവി... അദ്ദേഹം കുടുംബമായിട്ടാണ് എത്തിയത്. തികച്ചും അദ്ദേഹത്തിനു രണ്ടു ഭാര്യമാരുണ്ടായിരുന്നല്ലോ.. രണ്ടാളേയും കൂട്ടിയാണ് എത്തിയിരിക്കുന്നത്. കൂടെ ഒരാളിന്റെ കൈക്കുഞ്ഞു മാത്രമേ ഉണ്ടായിരുന്നുള്ളു. എല്ലാവരും ആദരപൂർവ്വം അവർ സ്വീകരിച്ചു. ഫസലിന്റെ വിദ്യാഭ്യാസകാര്യങ്ങളും മറ്റും അന്വേഷിച്ചു. രണ്ടാം ഭാര്യയുടെ വീട്ടിൽ പോകുന്നവഴിക്കാണ് ഇവിടേയ്ക്ക് വന്നത്. മൗലവിയെ കണ്ടിട്ട് ഇപ്പോൾ കുറച്ചു നാളുകളായിരിക്കുന്നു. വിശുദ്ധ റംസാൻ  മാസം വരവായിരിക്കുന്നു. അതുകൊണ്ട് വരും ദിവസങ്ങളിൽ മൗലവി തിരക്കിലായിരിക്കും... പ്രഭാഷണങ്ങളും മറ്റും പരിപാടികളും മിക്ക ദിവസങ്ങളിലുമുണ്ടാവും... അതിനു മുമ്പു ബന്ധുവീടുകൾ സന്ദർശിക്കുന്ന ഏർപ്പാടുണ്ട്. അതിനായി ഇറങ്ങിയതാണ്.

“ഫസലേ... നോമ്പ് കാലം അടുത്തു വരുന്നു. എന്തായാലും കോളേജ് തുറക്കാൻ ഇനിയും സമയമുണ്ടല്ലോ.. ഈ നോമ്പ്കാലത്ത് കുറച്ചു പ്രോഗ്രാം ഉണ്ട്.. ഞാൻ നിന്നേയും പ്രതീക്ഷിക്കുന്നു.

“അതിനെന്താ മൗലവി.. ഞാൻ വരാം..“

“നിന്റെ അനുവാദത്തേക്കാളുപരി.. വീട്ടുകാരുടെ അനുവാദം ആവശ്യമാണ്..“

“മൗലവി... ങ്ങളെ വിശ്വാസമാ... അവനെ എവിടെ വേണേങ്കിലും കൊണ്ടുപൊയ്ക്കോ...“ ഹമീദാണത് പറഞ്ഞത്...“

ഈ വിശുദ്ധറംസാൻ  മാസം മുസൽമാനെ സംബന്ധിച്ച് വളരെ പ്രധാനമാണ്. നോമ്പ് നോൽക്കുക... അത് ഇസ്ലാം അനുശാസിക്കുന്ന രീതിയിൽ തന്നെവേണം... മൗലവി ചെറുപ്പകാലംമുതൽ തുടങ്ങിയ പ്രഭാഷണമാണ്. ഇതുവരേയും മുടക്കിയിട്ടില്ല... ഫസലിനെ കേൾക്കാൻ ആളുണ്ടെന്ന് മൗലവിക്കുമറിയാം. അതാണ് ഫസലിനെയും തന്റെയൊപ്പം കൂട്ടാൻ തീരുമാനിച്ചത്... കഴിഞ്ഞതവണ പോയപ്പോൾ അവന് ചെറിയൊരു പ്രതിഫലം നൽകിയിരുന്നു. അന്ന് അദ്ദേഹം പറഞ്ഞതാണ്... നീ ഇനി പ്രതിഫലത്തിന് അർഹനാണ് എന്ന്.. താൻ വേണ്ടെന്നു പറഞ്ഞിട്ടും തന്നെ നിർബന്ധിച്ച് ഏൽപ്പിക്കുകയായിരുന്നു.

അവർ ചായകുടിച്ച് കുറേനേരം സംസാരിച്ചിരുന്നു. അദ്ദേഹത്തിന്റെ രണ്ടു ഭാര്യമാരും നല്ല യോജിപ്പിലുമാണ്... രണ്ടാളും നല്ല സുന്ദരികൾ...  നോമ്പ് തുടങ്ങുന്ന ദിവസം നാട്ടിലുള്ള പള്ളിയിലെ പ്രഭാഷണത്തിന് പങ്കെടുക്കാനുള്ള കാര്യങ്ങൾ അവനോടു സംസാരിച്ചു. വൈകുന്നേരം നോമ്പ് തുറന്നതിനു ശേഷമാണ് പ്രഭാഷണം.. വൈകിട്ട് ഇവിടെത്തി ഫസലിനെയും കൂട്ടി പോകാനാണ് തീരുമാനം... ഫസൽ അതു സമ്മതിക്കുകയും ചെയ്തു..

അവർ കുറച്ചു നേരും കൂടി അവിടെ സംസാരിച്ചിരുന്നു. അതു കഴിഞ്ഞ് യാത്ര പറഞ്ഞു പിരിഞ്ഞു.. ഹമീദിന്റെ ആരോഗ്യത്തിൽ വളരെ ശ്രദ്ധിക്കണമെന്നും ഫസലിനോട് മൗലവി പറഞ്ഞു... എല്ലാവരും സ്നേഹത്തോടെ അവരെ യാത്രയാക്കി...

“ഫസലേ നീയിപ്പോൾ വളരെ ഫേമസായല്ലോടാ..“ ഹമീദാണ് പറഞ്ഞത്..

“അതേ വാപ്പാ.. ഇവൻ നമ്മൾവിചാരിക്കുന്നതുപോലുള്ള ആളല്ല.. കെട്ടാൻ പോണ പെണ്ണുപോലും തള്ളയേയും കൂട്ടി വീടുകാണാനെത്തിയില്ലേ...“

“ഉമ്മാ...“

“ഇല്ലടാ.. ഉമ്മ തമാശക്ക് പറഞ്ഞതല്ലേ...“

അവർ തമാശകളും പരിഭവങ്ങളുമായി അത്താഴം കഴിഞ്ഞ് കിടക്കാൻ പോയി...

അടുത്ത ദിവസം അപ്രതീക്ഷിതമായി ഫസലിന് ഒരു ടെലഫോണെത്തി... അങ്ങേത്തലയ്ക്കൽ സ്മിതയായിരുന്നു. അവൾ ആസ്ട്രേലിയയിൽ നിന്നും വിളിച്ചതാണ്. വെറുതേ ഫസലിന്റെ വിശേഷങ്ങൾ അറിയാൻ... നാട്ടിലേയ്ക്കു വന്ന ഒരാളുടെ കൈയ്യിൽ അവൾ ഫസലിനായി ഒരു ഗിഫ്റ്റ് കൊടുത്തയച്ചെന്നും തന്റെ വീട്ടിൽ നിന്നും മമ്മിയോ സിസ്റ്ററോ വിളിക്കുമെന്നും അപ്പോൾ അതു പോയി കളക്ട് ചെയ്യണമെന്നും പറഞ്ഞു... ഫസലിന് തികച്ചും അത്ഭുതമായിരുന്നു അവളുടെ കാൾ.. ഒരിക്കലും പ്രതീക്ഷിച്ചില്ല.. അവൾ അവനോട് വിശേഷങ്ങളൊക്കെ തിരക്കി.. അടുത്ത് ആരുമില്ലെന്ന് ഉറപ്പാക്കി അവനൊരു ഉമ്മയും നൽകിയാണ് കാൾ കട്ട് ചെയ്തത്... അവൻ 10 മണിയോടുകൂടി ബൈക്കുമെടുത്തു പുറത്തേയ്ക്കിറങ്ങി.. വെറുതെ ഒന്നു കറങ്ങിവരാമെന്ന് സഫിയയോടു പറഞ്ഞു...

ബൈക്ക് സാവധാനം മുന്നോട്ടു പായിച്ചു... അവന്റെ ബൈക്കിന്റെ ശബ്ദം കേട്ട് അടുത്ത വീട്ടിലെ കൂട്ടുകാരി  മതിലിനടുത്തേയ്ക്ക് വന്നു. അവൻ അവളോട് ആളുണ്ടോ എന്നു ചോദിച്ചു.. അവൾ ഇല്ലെന്നു മറുപടിയും പറഞ്ഞു... അവൻ ബൈക്ക് പൊന്തക്കാടിനടുത്ത് നിർത്തി സ്റ്റാന്റിട്ടു...

പതുക്കെ ഗേറ്റ് കടന്നു അകത്തേയ്ക്ക്.. അവൾക്ക് സൗന്ദര്യം കൂടിയതുപോലെ അവനുതോന്നി... അവനോട് അവൾ ഇരിയ്ക്കാൻ പറഞ്ഞു. നേരേ അകത്തേക്കു പോയി ജ്യൂസുമായി വന്നു...

“ഇത് ഇവിടുത്തെ മാങ്ങയാണ്... നല്ല രുചിയാ കുടിച്ചു നോക്കിയേ...“

അവൻ കുടിച്ചു നോക്കി.. നല്ല രുചി... അവൾ വന്ന് അടുത്തിരുന്നു. അവൻ കുടിച്ചു ഗ്ലാസ് ടേബിളിൽ വച്ചു... അവളുടെ തോളിൽ അവൻ കൈയ്യിട്ടു... അവളൊരു മാൻപേടയെപ്പോലെ അവനോട് ചേർന്നിരുന്നു... പിന്നെ അവിടെ നടന്നത് കാമത്തന്റെ പൂരമായിരുന്നു. അവസാനം രണ്ടാളും വിയർത്ത് അകന്നുമാറി... ഡ്രസ്സ് ചെയ്തു...

“പിന്നെ... ഇക്ക.. ഈഴാഴ്ച വരുന്നുണ്ട്... വിസ പുതുക്കാനാണ്... പുതിയ കമ്പനിയിലേയ്ക്ക് കയറാൻ.. വേറൊരു രാജ്യത്ത് പോയി തിരിച്ചുവരണമെന്നാണ് നിയമം... പുള്ളിക്കാരൻ ഇവിടെ വന്നിട്ട് പോകാൻ തീരുമാനിച്ചു.. ഇന്നു രാവിലെയാ വിളിച്ചത്... ഒരാഴ്ചയേ കാണൂ... ഞാൻ പുറത്തില്ലെങ്കിൽ ഇവിടെ വണ്ടി നിർത്താതെ പോയേക്കണേ.. ഇക്കയുള്ളപ്പോൾ ഞാൻ പുറത്തേക്കും വരില്ല... “

അതു ഞാനേറ്റു... അവൻ പുറത്താരുമില്ലെന്നുറപ്പുവരുത്തി പുറത്തേയ്ക്കിറങ്ങി... ഗേറ്റ് കുറ്റിയിട്ട് വണ്ടിയുമായി നേരേ സിറ്റിയിലേയ്ക്ക്... അവൾ വാതിലടച്ച് കുറ്റിയിട്ടു... ശാരീരിക ബന്ധത്തിന്റെ ആലസ്യത്തിൽ അവൾ കിടന്നു മയങ്ങിപ്പോയി... പുറത്തുനിന്നും വാതിലിൽ തട്ടുകേട്ടാണ് അവൾ ഉണർന്നത്. അവളുടെ ഭർത്താവിന്റെ ഉമ്മയായിരുന്നത്.. അവർ മാർക്കറ്റിൽ പോയ തക്കത്തിനാണ് ഫസൽ വന്നുപോയത്. ഓരോ മാസത്തേക്കുമുള്ള സാധനങ്ങൾ ഒരുമിച്ചെടുക്കും. വീട്ടിൽ ആടു വളർത്തുന്നുണ്ട്. അവയ്ക്കുള്ള തീറ്റയും മറ്റും വാങ്ങി വരും. സാധാരണ പന്ത്രണ്ടു മണിക്കാണ് വരാറുള്ളത്.. അവൾ വാച്ചിലേയ്ക്കു നോക്കി. മണി ഒന്നരയായിരിക്കുന്നു. താൻ ക്ഷീണത്തിൽ ഉറങ്ങിപ്പോയതാണ്... ഉമ്മ അവളെ ഇരുത്തിയൊന്നു നോക്കി. ആട്ടോ ഡ്രൈവർ സാധങ്ങളൊക്കെ ഇറക്കി വീട്ടിനകത്തുവച്ചു.  അവൾ ഓരോന്നായി എടുത്തു സ്റ്റോർറൂമിലേയ്ക്കു മാറ്റി... അവളുടെ ഭാവമാറ്റം അവർ ശ്രദ്ധിച്ചു.. ഭർത്താവ് വരാൻ പോവുകയല്ലേ.. അതുകൊണ്ടായിരിക്കാമെന്ന് അവരും കരുതി.



തുടർന്നു വായിക്കുക അടുത്ത ഞായറാഴ്ച 18 04 2021


സസ്നേഹം ഷംസുദ്ധീൻ തോപ്പിൽ 11 04 2021



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ