28.8.21

നിഴൽവീണവഴികൾ ഭാഗം 141

 

അന്ന് എല്ലാവരും ഭക്ഷണം നേരത്തേ കഴിച്ച് ഉറങ്ങാൻ കിടന്നു... സഫിയ മുകളിലത്തെ ഫസലിന്റെ മുറിയിൽ കിടന്നുറങ്ങാമെന്നുകരുതി മുകളിലേയ്ക്കു പോയി.. എല്ലാം ഭംഗിയായി അടുക്കിവച്ചിരിക്കുന്നു. കുട്ടിക്കാലംമുതലേ വാരിവലിച്ചിടുന്ന ശീലമവനില്ല. അവൾ അവന്റെ  കിടക്കയിൽ കിടന്നു. ഓർമ്മകൾ അവളിലൂടെ കടന്നുപോയി.... അറിയാതെ അവൾ ഉറക്കത്തിലേയ്ക്ക് വഴുതിവീണു.

ഫസൽ തന്റെ പഠനത്തിന്റെ ട്രാക്കിലേയ്ക്ക് പൂർണ്ണമായും ഇഴുകിച്ചേർന്നു. വളരെയധികം പഠിക്കാനുണ്ട്... കുറഞ്ഞ ദിവസംകൊണ്ട് എല്ലാവരുമായി നല്ല സൗഹൃദത്തിലായി. പെൺകുട്ടികൾ പലരും അവനോട് വളരെ അടുത്ത് ഇടപഴകുന്നുമുണ്ടായിരുന്നു. അവിടെ ഒരു ഗ്ലാമർ താരമായി അവൻ മാറുകയായിരുന്നു.

പഠനത്തിന്റെ ഭാഗമായി പല സെക്ഷനുകളിലും അവരെ കൊണ്ടുപോയിരുന്നു. ഹ്യൂമൻ ബോഡിയെക്കുറിച്ച് പഠിക്കുന്നതിന്റെ ഭാഗമായി ഒരു ഗ്രൂപ്പ് കുട്ടികൾക്ക് ഡെഡ് ബോഡി നൽകിയിട്ടുണ്ടായിരുന്നു. ഫസലിന്റെ ടീമിൽ 6 പേർ... പ്രൊഫസർ ഓരോന്ന് വിവരിക്കുകയായിരുന്നു. ഫസലും ആദ്യമായാണ് ഇത്ര അടുത്ത് ഇതേ രീതിയിൽ കാണുന്നത്. അവനും ഒന്നു തൊട്ടു നോക്കി. കറുത്തു കരുവാളിച്ചിരിക്കുന്ന ബോഡി... വയറും മറ്റും കീറി തുറന്നിട്ടിരിക്കുന്നു. തലയോട്ടി ഇളക്കി മാറ്റാവുന്ന രീതിയിൽ അവയവങ്ങൾ ഉണങ്ങിച്ചുരുണ്ടിരിക്കുന്നു. പഠിക്കുന്നതിനുവേണ്ടി പ്രത്യേകം സജ്ജീകരിച്ചതാണിത്.

ഡോക്ടർ ഓരോ ഭാഗങ്ങളെക്കുറിച്ചും പറഞ്ഞുകൊണ്ടിരുന്നു. അദ്ദേഹം വയറിലെ തൊലി മാറ്റി കുടൽ പുറത്തെടുത്തു... അത് അങ്ങോട്ടുമിങ്ങോട്ടും ആട്ടിക്കൊണ്ടിരുന്നു. പെട്ടെന്നാണ് തന്റെ ശരീരത്തിലേയ്ക്ക് ആരോ ചാരി വീഴുന്നതായി തോന്നിയത്. പെട്ടെന്ന് ഫസൽ തിരിഞ്ഞു ആളെ താങ്ങി നിർത്തി.. മറ്റാരുമല്ല തന്റെ റൂംമേറ്റ്... ഇവനെന്തുപറ്റി... എല്ലാവരും പെട്ടെന്ന് അവനു ചുറ്റും കൂടി... പ്രൊഫസർ കുറച്ച് വെള്ളം അവന്റെ മുഖത്ത് തളിച്ചു.

“പേടിക്കേണ്ട ചില കുട്ടികൾക്ക് ഇങ്ങനെ ഉണ്ടാകാം.. ആദ്യമായല്ലേ ഇതൊക്കെ കാണുന്നത്.. ഇമോഷൻ സഹിക്കാനാവാത്ത ചിലർക്ക് ഇതൊരു പ്രശ്നമായിരിക്കാം... പക്ഷേ അതൊക്കെ പെട്ടെന്ന് മാറ്റിയെടുക്കാം... സാമൂഹ്യ പ്രതിബദ്ധതയുള്ള ഡോക്ടേഴ്സല്ലേ നമ്മൾ...“

“അവൻ കണ്ണുതുറന്നു... മുഖത്ത് വല്ലാത്ത ചമ്മൽ കാണാമായിരുന്നു.“

“പേടിക്കേണ്ട ഗോവർദ്ധൻ... ഇതൊക്കെ എല്ലാവർക്കും സംഭവിക്കുന്നതാ...“

“ഒരുനിമിഷം ഞാൻ ഇമോഷണലായിപ്പോയി ഡോക്ടർ.“

“കുഴപ്പമില്ല.. ഇമോഷൻ ഒരു ‍ഡോക്ടർക്ക് ആവശ്യമാണ്.. അത് ഇങ്ങനെയുള്ള സാഹചര്യങ്ങളിലാവരുത്... ങ്ഹാ.. കുഴപ്പമില്ല.. എല്ലാം ശരിയാകും...“

“എനിക്ക് രക്തം കാണുന്നതും ഇഞ്ചക്ഷൻ എടുക്കുന്നതും കുറച്ച് ഭയമുണ്ടാക്കുന്നകാര്യമാണ് ഡോക്ടർ.“

“സാരമില്ല.... എല്ലാം ഞാൻ മാറ്റിത്തരാം...“

എല്ലാവരും അവനുവേണ്ട പ്രോത്സാഹനം കൊടുത്തു. വീണ്ടും ക്ലാസുകൾ ആരംഭിച്ചു.. പ്രൊഫസർ അവനെക്കൊണ്ടുതന്നെ ബോഡി എക്സാം ചെയ്യിച്ചു... ഇപ്പോൾ അവന് യാതൊരു പ്രശ്നവുമുണ്ടായില്ല... വളരെ സ്മാർട്ടായി അവൻ ചുമതലകൾ ചെയ്തു.

അന്നത്തെക്ലാസ്സ് അവസാനിച്ചു അവർ റൂമിലെത്തി... പലരും അവനോട് ഭയപ്പെടേണ്ടതില്ലെന്നും വേണ്ട എല്ലാ സഹായങ്ങളും ചെയ്തു തരാമെന്നും പറഞ്ഞു.. അവന് പൊതുവേ ഒരു ചമ്മലുണ്ടായെങ്കിലും അവൻ കുറച്ചുകൂടി ബോൾഡായി.. റൂമിലെത്തി കുളിച്ച് ഫ്രഷായി... രണ്ടാളും കാന്റീനിൽ പോയി ചായകുടിച്ച് തിരിച്ചുവന്നു. അന്നത്തെ കുറച്ച് നോട്ട്സും മറ്റും എഴുതാനുണ്ടായിരുന്നു. അവർ രണ്ടാളും അവ പൂർത്തിയാക്കുന്ന തിരക്കിലായിരുന്നു.

രാത്രിയിൽ ഡിന്നർ കഴിച്ച് അവർ റൂമിലെത്തി. സമയം 9 മണിയായിരിക്കുന്നു. കുറച്ച് പഠനകാര്യങ്ങൾ ചെയ്തു തീർത്ത് അവർ സംസാരിച്ചിരുന്നു. അപ്പോഴാണ് ഗോവർദ്ധൻ മനസ്സ് തുറന്നത്.

“ഫസലേ... എനിക്ക് ഇന്നത്തെ സംഭവത്തിൽ വിഷമമുണ്ട്. പക്ഷേ അറിയാതെ സംഭവിച്ചതാ... എന്റെ ജീവിതത്തിലെ പ്രശ്നങ്ങളായിരിക്കാം ഇങ്ങനെ എന്നെക്കൊണ്ടെത്തിച്ചത്.“

“എന്തു പറ്റി ഗോവർദ്ധൻ.. പറയാവുന്നതാണെങ്കിൽ എന്നോട് പറ...“

“പറയാൻ ബുദ്ധിമുട്ടൊന്നുമില്ല... അന്നെനിക്ക് 7 വയസ്സ് പ്രായം... ഞങ്ങൾ മൂന്നു മക്കൾ അതിൽ ഞാനായിരുന്നു മൂത്ത ആൾ. എന്റെ ഇളയവർ രണ്ടു അനുജത്തിമാർ... അച്ഛൻ കൂലിപ്പണിക്കാരനായിരുന്നു. അമ്മ അയൽപക്കത്തെ വീടുകളിൽചെറിയ ചെറിയ പണികൾക്കൊക്കെ പോകുമായിരുന്നു.“

അവൻ തന്റെ ജീവിത കഥ തുടർന്നു.

ഉള്ളതുകൊണ്ട് സന്തോഷമായി കഴിഞ്ഞിരുന്ന കുടുംബം.. അപ്രതീക്ഷിതമായി അവന്റെ അച്ഛന് ഉണ്ടായ ഒരസുഖം.. അത് വളരെ വൈകിയാണ് കാൻസറാണെന്ന് തിരിച്ചറിഞ്ഞത്... അപ്പോഴേയ്ക്കും പല സ്റ്റേജുകൾ കടന്നിരുന്നു. ഡോക്ടർമാർപോലും കൈമലർത്തി... എന്നിട്ടും അച്ഛൻ പിടിച്ചുനിൽക്കാൻ ശ്രമിച്ചു. കൈയ്യിലുണ്ടായരുന്ന പണം മുഴുവൻ തീർന്നു... കിടപ്പാടം പണയപ്പെടുത്തി ചികിത്സയായി... ആ ദിനങ്ങളിൽ അച്ഛൻ വളരെ വിഷമമനുഭവിച്ചിരുന്നു. കുടുംബത്തിലെ സന്തോഷം ഇല്ലാതായി... അമ്മ പല വീടുകളിലും ജോലിചെയ്യാൻ പോയി... തന്റെ ഇളയ കുട്ടികളിൽ ഒരാൾക്ക് രണ്ടു വയസ്സു പ്രായമേ ആയിട്ടുള്ളൂ... രണ്ടുകൂട്ടരുടേയും ബന്ധുക്കൾ വലിയ സഹകരണമുള്ളവരായിരുന്നില്ല.. നാട്ടുകാരുടേയും മറ്റു ബന്ധുക്കളുടേയും സഹായം കൊണ്ട് ജീവിതം മുന്നോട്ട് നീങ്ങി...

വീട്ടിലെ എല്ലാവർക്കും ഉറക്കം നഷ്ടപ്പെട്ടിരുന്നു. വീടിന്റെ മുന്നിലൂടെ കടന്നുപോകുന്ന ട്രെയിനിന്റെ ശബ്ദം പോലും അവർക്ക് സഹിയ്ക്കാവുന്നതിലും അപ്പുറമായിരുന്നു. ഒരു സുപ്രഭാതത്തിൽ ആരോ വന്ന് അമ്മയോട് എന്തോ പറയുന്നത് കണ്ടാണ് താൻ പുറത്തേയ്ക്ക് വന്നത്.. അമ്മ കേട്ടതും ബോധരഹിതയായി നിലത്തുവീണു... ആരൊക്കെയോ താങ്ങിയെടുത്തു... അയൽക്കാർ ഓടുന്നിടത്തേയ്ക്ക് താനും ഓടിച്ചെന്നു... അപ്പോഴാണ് ആ കാഴ്ച കാണുന്നത്... പല കഷണങ്ങളായി കിടക്കുന്ന തന്റെ അച്ഛൻ.. കുടൽ മാലകൾ പുറത്തുവന്നിരിക്കുന്നു.. തല ചിന്നിച്ചിതറിയിരിക്കുന്നു. എപ്പോഴും ധരിക്കാറുള്ള കൈലിയു ബനിയനും... അത് തന്റെ അച്ഛൻ തന്നെ...

ചടങ്ങുകൾക്ക് പലരും സഹായിച്ചിരുന്നു... സാധാരണജീവിതത്തിലേയ്ക്ക് തങ്ങൾക്ക് ഒരിക്കലും തിരിച്ചുവരാനായില്ല... ഞങ്ങളെ നോക്കാൻ അമ്മ വളരെയധികം കഷ്ടപ്പെട്ടു... ഈ സംഭവത്തിനുശേഷം തനിക്ക് ചോരകാണുന്നതും മറ്റും വളരെ ഭയമുള്ള കാര്യമായിരുന്നു. പക്ഷേ എന്റെ ലക്ഷ്യം ഒരു ഡോക്ടറാവുകയെന്നുള്ളതുമാണ്.. കാരണം എന്റെ അച്ഛനെപ്പോലെ അകാലത്തിൽ മരണമടഞ്ഞവരുടെ ജീവിതത്തിൽ എന്തെങ്കിലും ചെയ്യാൻ തനിക്കു കഴിയുമെങ്കിൽ ചെയ്യണമെന്നുള്ള ദൃഢനിശ്ചയം...

അമ്മയുടെ കഷ്ടപ്പാടുകളിൽ താനും സഹായിയായിക്കൂടി.. ചെറിയ ചെറിയ ജോലികൾക്ക് പോകുമായിരുന്നു. ഞങ്ങളുടെ കഷ്ടപ്പാടുകൾ കണ്ട് അവിടുത്തെ ഒരു ക്രിസ്റ്റ്യൻ പള്ളിക്കമ്മറ്റി ഞങ്ങളെ സഹായിക്കാൻ മുന്നോട്ടുവന്നു. ജാതിക്കും മതത്തിനും അപ്പുറം മനുഷ്യത്വമുണ്ടെന്ന് തെളിയിച്ചതായിരുന്നു അവരുടെ സഹായം.. ഒരിക്കൽപോലും അവർ തങ്ങൾ വ്യത്യസ്തജാതിക്കാരായി കണ്ടിട്ടില്ല... ഒരിക്കൽപ്പോലും മതത്തിന്റെ അതിർവരമ്പുകൾ ഉണ്ടായില്ല... അകമഴിഞ്ഞ സഹായം ഞങ്ങളുടെ കുടുംബത്തിന് നൽകി... അമ്മയുടെ ജോലിയും പള്ളിയിലെ സഹായവും കൊണ്ട് ഞങ്ങൾ സാവധാനം കരകയറി.. പള്ളിയുടെ സ്കൂളിൽ തന്നെയാണ് ഞാൻ പഠിച്ചതും... പഠനത്തിൽ മികവുണ്ടായിരുന്നതിനാൽ അവരെന്നെ വളരെ പ്രോത്സാഹിപ്പിച്ചു... ഒരിക്കലും മറക്കാനാവാത്ത മനുഷ്യനാണ് ഫാ. ആന്റണി... അദ്ദേഹത്തിന്റെ പ്രോത്സാഹനം എന്നെ എല്ലാക്ലാസ്സിലും ഒന്നാമതെത്തിച്ചു. പഠനത്തിനിടയിൽ ചെറിയ ചെറിയ ജോലികൾ തന്ന് നാട്ടുകാരും ഒപ്പം കൂടി... അങ്ങനെ ഞാൻ ഇവിടംവരെയെത്തി... ഇപ്പോഴും എല്ലാവരും സഹായിക്കുന്നു.

അവന്റെ കണ്ണുകൾ ഈറനണിയുന്നത് ഫസൽ കണ്ടു.

“വിഷമിക്കേണ്ട ഗോവർദ്ധൻ.. ഇതുപോലുള്ള വഴികളിലൂടൊക്കെത്തന്നെയാണ് ഞാനും കടന്നുവന്നത്.. അതായിരിക്കാം നമ്മൾ രണ്ടാളും ഒരു റൂമിൽ തന്നെ വന്നുപെട്ടത്...“

ഫസൽ അവനെ ആശ്വസിപ്പിച്ചു. അവർ തമ്മിൽ ഒരു ആത്മബന്ധം അവിടെ ഉടലെടുക്കുകയായിരുന്നു.

അടുത്ത ദിവസം രണ്ടാളും വളരെ ഉത്സാഹത്തിലായിരുന്നു. തന്റെ മനസ്സിലെ ഭാരം ഇറക്കിവച്ചതുപോലെ ഗോവർദ്ധനന് തോന്നി... ഫസലിനും വളരെ സന്തോഷമായി... ഇടയ്ക്ക് ഡോക്ടർ ഗോപി അവനോട് കുശലാന്വേഷണം നടത്തുമായിരുന്നു. ചിലപ്പോൾ വീട്ടിലേയ്ക്ക് കൂട്ടിക്കൊണ്ടു പോകും.. ചെന്നു കഴിഞ്ഞാൽ ഭക്ഷണം കഴിപ്പിച്ചേ വിടുകയുള്ളൂ. പഠനത്തിലും വേണ്ട സഹായം നൽകുന്നുണ്ടായിരുന്നു.

മാസം മൂന്നു കഴിഞ്ഞു... വീട്ടിൽ പോയിട്ടും മൂന്നു മാസമായിരിക്കുന്നു. വരുന്ന ആഴ്ച പരീക്ഷയാണ്... അതു കഴിഞ്ഞാൽ ഒരാഴ്ച ലീവുണ്ട്.. നാട്ടിൽ ചെല്ലാമെന്നു പറഞ്ഞിരിക്കുകയാണ്... ഉമ്മയും മറ്റും എത്തും... അപ്പോഴേയ്ക്കും അൻവർമാമയും വരുമെന്നു പറഞ്ഞിട്ടുണ്ട്. രണ്ടു ദിവസത്തിലൊരിക്കൽ വീട്ടിലേയ്ക്ക് വിളിക്കാറുണ്ട്. സഫിയയും ഇപ്പോൾ സന്തോഷവതിയാണ്. തന്റെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കപ്പെടുമെന്നുള്ള സന്തോഷം... ഹമീദിന്റെ പരിശോധനകളും മറ്റും നടക്കുന്നു. പ്രായം കൂടുന്നതിനനുസരിച്ച് പ്രശ്നങ്ങളും കൂടുന്നു. എന്നാലും കൂടെ നോക്കാൻ ആളുള്ളതുകൊണ്ട് വലിയ പ്രശ്നങ്ങളില്ല. എല്ലാം പരിഹരിക്കപ്പെടുമെന്നുള്ള പ്രതീക്ഷ.

ഫസൽ ഐഷുവിനെ ഇടയ്ക്ക് വിളിക്കാറുണ്ടായിരുന്നു. ഐഷു വീട്ടിലേയ്ക്കും വിളിക്കും സഫിയയുമായി ദീർഘനേരം സംസാരിക്കും. ഐഷു തന്റെ വിഷമങ്ങളും സന്തോഷങ്ങളും പങ്കുവയ്ക്കാൻ സഫിയയെയാണ് വിളിക്കാറ്... ഉമ്മയ്ക്കും വാപ്പയ്ക്കും ബിസിനസ്സിൽ ബിസിയായതിനാൽ അവളോട് സംസാരിക്കാൻപോലും സമയം കിട്ടാറില്ല... ബിസിനസ് താൽപര്യമില്ലാതിരുന്ന ഉമ്മയെ വാപ്പായാണ് നിർബന്ധിച്ചിറക്കിയത്... മറ്റൊരാളെ പുറത്തുനിന്നും കൊണ്ടുവരുന്നതിനേക്കാൾ നല്ലത് ഉമ്മയെ നിയമിക്കുന്നതാണെന്ന് വാപ്പയ്ക്ക് തോന്നി.. ആള് മോശക്കാരിയല്ല. എം.ബി.എ. കഴിഞ്ഞ്... സി.എ. യും കംപ്ലീറ്റ് ചെയ്തിട്ടുണ്ട്. വിവാഹശേഷം വീട്ടിൽ ഒതുങ്ങിക്കൂടിയതാണ്.

ഇടയ്ക്ക് മൗലവി ഫസലിനെ കാണാൻ മെഡിക്കൽ കോളേജിലെത്തിയിരുന്നു. ചോദിച്ചും പറഞ്ഞും അവസാനം ഫസലിനടുത്തെത്തി. തന്റെ ഭാര്യയുടെ സർജ്ജറിയ്ക്കായി എത്തിയതായിരുന്നു. വേണ്ട സഹായങ്ങളെല്ലാം ഫസൽ ചെയ്തുകൊടുത്തു. ഇപ്പോൾ അദ്ദേഹം പൂർണ്ണമായും ഒരു നല്ല മനുഷ്യനായി മാറിയിരുന്നു. താൻ പണ്ട് ഉപയോഗിച്ച പല കുട്ടികൾക്കും വേണ്ട പഠന സഹായവും മറ്റും അദ്ദേഹം നൽകുന്നുണ്ട്. പടച്ചോന് നിരക്കാത്തതൊന്നും ചെയ്യാൻ പാടില്ലാന്ന് പഠിപ്പിച്ചത് ഫസലാണെന്നാണ് അദ്ദേഹം പറയാറ്... ചിലപ്പോൾ അങ്ങനെയാണ് നമ്മേളാൾ പ്രായവും പക്വതയും കുറഞ്ഞവരിൽ നിന്നുമായിരിക്കും നമ്മൾ പലതും പഠിക്കുന്നത്. അദ്ദേഹത്തിന്റെ ജീവിതത്തിൽ ഒരു വഴിത്തിരിവായിരുന്നു ഫസലുമായുള്ള ബന്ധം...

അവസാന ദിവസം പരീക്ഷയും കഴിഞ്ഞു... ക്ലാസ്സ് തുടങ്ങിയിട്ട് ആദ്യ പരീക്ഷ... നന്നായി എഴുതിയെന്ന വിശ്വാസം.. മിക്ക കുട്ടികളും വീട്ടിലേയ്ക്ക് പോകുന്നുണ്ട്. ഗോവർദ്ധൻ പോകുന്നില്ല. കാരണം ഫസലിന് മനസ്സിലായി... അവനെ നിർബന്ധിച്ചില്ല... തന്റെ കൈയ്യിലുള്ള കുറച്ച് പണം അവനെ ഏൽപ്പിച്ചു. മടിച്ചു മടിച്ചാണെങ്കിലും അവനത് വാങ്ങി... ഫസൽ തന്റെ ബാഗുമെടുത്ത് പുറത്തേയ്ക്കിറങ്ങി....



തുടർന്നു വായിക്കുക അടുത്ത ഞായറാഴ്ച്ച 05 09 2021


സസ്നേഹം നിങ്ങളുടെ സ്വന്തം ഷംസുദ്ധീൻ തോപ്പിൽ 29 08 2021

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ