4.1.20

നിഴൽവീണവഴികൾ - ഭാഗം - 55

“ജിഷ്ണു .. നീയിപ്പോൾ നമ്മുടെ കുടുംബത്തിലെ ഒരാളെപ്പോലെയാണ്.. ഇവിടുന്നു ഇത്തിരി ഭക്ഷണം കഴിച്ചാലെന്താ... പിന്നെ... ഞങ്ങളെപ്പോലുള്ളവരുടെ വീട്ടിൽനിന്നും ഭക്ഷണം കഴിക്കില്ലായെന്നുണ്ടോ..“

“ഇല്ല ഹമീദ്ക്കാ... അങ്ങനെ കരുതരുതേ... മനുഷ്യരെല്ലാം ഒന്നാണെന്നാ എന്നെ എന്റെ അച്ഛൻ പഠിപ്പിച്ചിരിക്കുന്നത്.... ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്.. മതമേതായാലും മനുഷ്യൻ നന്നായാൽ മതി..“

വൈകുന്നേരത്തോടുകൂടി റഷീദ് ഗൾഫിൽ നിന്നും വിളിച്ചു. വാപ്പയോട് വിശദമായി സംസാരിച്ചു. അവസാനം ഫസലിനോട് സംസാരിക്കണമെന്നു പറഞ്ഞു. ഫസൽ നെഞ്ചിടിപ്പോടെ ഉമ്മയുടെ കൈയ്യിൽ നിന്നും റിസീവർ വാങ്ങി. 

“മാമാ... ഞാനാ..“

“മോനെ.. ഞാൻ നിന്നെ അറിയാവുന്ന ഒരാളെ പരിചയപ്പെട്ടു... നിന്നെക്കുറിച്ച് അവൾക്ക് നന്നായി അറിയാം... സ്റ്റീഫൻ എന്ന ആളിന്റെ മകളാണ്. അവൾക്ക് ഗൾഫിൽ ഹോസ്പിറ്റലിൽ നേഴ്സ്സായി ജോലികിട്ടി വന്നതാ... എന്റെ സ്ഥാപനത്തിൽ നിന്നും അരകിലോമീറ്റർ ദൂരത്തിലാ അവരുടെ ഹോസ്പിറ്റൽ.... ഞാൻ തന്നെയാണ് അവളെ ഹോസ്പിറ്റലിൽ ഡ്രോപ് ചെയ്തത്.. നാളെ ജോയിൻ ചെയ്യുമെന്നു പറഞ്ഞു. പിന്നെ നിനക്ക് വളരെ പക്വതയായെന്നു തോന്നിയതുകൊണ്ടു പറയുകയാണ്. അൻവർ എല്ലാ കാര്യങ്ങളും നേരത്തെ എന്നോട് പറഞ്ഞിട്ടുണ്ടായിരുന്നു. ഒരു കാരണവശാലും സഫിയ ഇതൊന്നുമറിയാതിരിക്കാൻ നോക്കണം.. അവൾക്ക് പഴയതുപോലെ താങ്ങാനുള്ള കരുത്തില്ല..“

അവൻ എല്ലാം മൂളിക്കേട്ടു... 

“ഫോൺ വച്ചു കഴിഞ്ഞപ്പോൾ എല്ലാവരും ചോദിച്ചു. എന്താ പറഞ്ഞതെന്ന്... അവൻ പറഞ്ഞു.. എന്നെയും കൊണ്ടുപോയാൽ കൊള്ളാമെന്നുണ്ടെന്ന്.. പക്ഷേ ഞാനിവിടില്ലെങ്കിൽ ഇവിടുത്തെ കാര്യങ്ങൾ കഷ്ടത്തിലാകില്ലേയെന്നു ചോദിച്ചപ്പോൾ വേണ്ടെന്നും പറഞ്ഞു..

“ഹോഅവന്റെ ഒരു തമാശ.. “ സഫിയയാണത് പറഞ്ഞത്...

അവർ എല്ലാവരും വളരെ സന്തോഷത്തിലായിരുന്നു. ഒരാപത്തുമില്ലാതെ അവിടെ എത്തിച്ചേർന്നല്ലോ... പടച്ചോന് സ്തുതി..

ഭർത്താവിനെ പിരിഞ്ഞതിലുള്ള ദുഃഖം ഹഫ്‌സയുടെ മുഖത്ത് കാണാമായിരുന്നു. ഇതൊന്നു മറിയാതെ റഷീദിന്റെ കുഞ്ഞ് എല്ലാവരേയും കണ്ണുമിഴിച്ച് നോക്കുന്നുണ്ടായിരുന്നു. അവൾക്ക് മനസ്സിലായിക്കാണും. കുറച്ചു ദിവസമായി കാണുന്ന രൂപവും കേൾക്കുന്ന ശബ്ദവും കേൾക്കാതായപ്പോൾ ചുറ്റും നോക്കുന്നതായിരിക്കും.

എല്ലാവർക്കും വല്ലാത്ത ക്ഷീണമായിരുന്നു. രാവിലെ ഉണർന്നതിനാലും.. കുറച്ചു ദിവസത്തെ സന്തോഷം പെട്ടെന്ന് അസ്തമിച്ചതായും അവർക്ക് തോന്നി.. റഷീദിന്റെ വരവ് ആ കുടുംബത്തിന് വളരെയധികം സന്തോഷം നൽകിയിരുന്നു.

ആ ദിവസം കടന്നുപോയി.. പിറ്റേദിവസം ക്രിസ്തുമസ് വെക്കേഷൻ കഴിഞ്ഞ് ഫസൽ സ്കൂളിലേയ്ക്ക് പോയി.. പന്ത്രണ്ടാംക്ലാസ്സിലെ ടെൻഷനും അവനുണ്ടായിരുന്നു. മാർച്ചിൽ വർഷാവസാന പരീക്ഷ.. ജയിക്കുമെന്നതിൽ സംശയമില്ല... പക്ഷേ എല്ലാവരുടേയും പ്രതീക്ഷകൾക്കൊത്തുയരാൻ അവനാകുമോ എന്ന സംശയം... നിർബന്ധത്തിനു വഴങ്ങി എൻ‌ട്രൻസ് ടെസ്റ്റിന് അപ്ലൈ ചെയ്തിട്ടുണ്ട്... എന്തായാലും വരുന്നിടത്തുവച്ചു കാണാം... 

ക്ലാസിൽകുട്ടികളെല്ലാം വളരെ സന്തോഷത്തിലായിരുന്നു. പത്തുദിവസത്തെ അവധി അവർക്ക് ബന്ധുവീടുകളിലും സുഹൃത്തുക്കളുടെ വീടുകളിലും പകാൻ ഒരു അവസരം കിട്ടിയതല്ലെ.. എല്ലാവരും അവധിദിവസങ്ങൾ തള്ളിനീക്കിയ കാര്യങ്ങളായിരുന്നു സംസാരിച്ചത്.. ഫസലിന്റെ ഊഴമെത്തി.. എവിടെ പോയെന്നു ചോദിച്ചപ്പോൾ അവൻ പറഞ്ഞത്.. മൂന്നാറും വയനാടുമെല്ലാം കറങ്ങിയെന്നതാണ്.. അവരതൊക്കെ വിശ്വസിച്ചു.. അവൻ എല്ലാവരോടും പറഞ്ഞിരിക്കുന്നത് അവന്റെ വാപ്പ ഗൾഫിൽ ആണെന്നാണല്ലോ.. അതു മാറ്റാൻ അവൻ ഉദ്ദേശിച്ചിട്ടുമില്ല.. വാപ്പ മരിച്ചെന്ന കാര്യം തനിക്കല്ലേ അറിയൂ.. അവർക്കറിയില്ലല്ലോ....

കുറച്ചു ദിവസങ്ങൾക്കുശേഷം കണ്ടതുകൊണ്ടാകാം ഐഷു അവന്റെ അടുത്തു കൂടി. 

“നീയെന്താ ഒരു സന്തോഷമില്ലാത്തതുപോലെ..“

“എനിക്ക് സന്തോഷത്തിനു ഒരു കുറവുമില്ലല്ലോ...“

“നിന്റെ മുഖം കണ്ടാലറിയാം.. നിനക്കെന്തോ സംഭവിച്ചതുപോലെ..“

“ഇല്ല ഐഷു... എന്തേലുമുണ്ടേൽ ഞാൻ പറയില്ലേ...“

“നീ പറയില്ല... ഒരിക്കൽ എന്നോട് പറയാമെന്നു പറഞ്ഞൊരുകാര്യം നീയിതുവരെ പറഞ്ഞിട്ടില്ല..“

“എന്തു കാര്യം..“ അവന് കാര്യം പിടികിട്ടിയില്ല.

“നിന്റെ ജീവിതത്തെ സംബന്ധിക്കുന്ന കാര്യമെന്നാണ് എന്നോട് പറഞ്ഞ്... അത് ഞാനറിഞ്ഞിരിക്കണമെന്നും പറഞ്ഞു..“

ശരിയാണ് അവനോർത്തു.. വാപ്പാന്റെ മരണവും മറ്റു കാര്യങ്ങളുമൊന്നും ഇതുവരെയും ഐഷുവിനോട് പറയാനായിട്ടില്ല.. പറയണമെന്നു വിചാരിക്കുമ്പോഴെല്ലാം വേണോ വേണ്ടയോ എന്നുള്ള ചിന്ത കടന്നുവരും.. ഒരു പക്ഷേ അവൾ തന്നെ വെറുത്താലോ... അതായിരുന്നു അവന്റെ മനസ്ലിലെ ചിന്ത..

ഇപ്പോൾ കുറച്ചു മാസങ്ങൾ കൂടിയേയുള്ളൂ ഈ അധ്യയനവർഷം തീരാൻ. ഇതു കഴിഞ്ഞാൽ തങ്ങൾ വ്യത്യസ്തമായ സ്ഥലങ്ങളിലേയ്ക്കായിരിക്കും തുടർ പഠനത്തിനായി പോവുക.. ചിലപ്പോൾ അവൾ വാപ്പയുടെ ആഗ്രഹപ്രകാരം ബാംഗ്ലൂരുവിലോ ചെന്നെയിലോ പഠനത്തിനുപോകും.. മെഡിക്കൽ എൻഡ്രൻസ് എഴുതാനുള്ള പരിശീലനത്തിനും പോകുന്നുണ്ട്.. അവളോട് എല്ലാം തുറന്നു പറയണം. അതിനുള്ള അവസരം എന്നാണാവോ ഉണ്ടാവുകയെന്നറിയില്ല.. ഇനിയെന്തിനാണ് നീട്ടിക്കൊണ്ടു പോകുന്നത്.. 

“നീ ഇന്ന് വൈകിട്ടു ഫ്രീയാണോ... എനിക്ക് കുറച്ച് സംസാരിക്കാനുണ്ട്..“

“ഇന്ന്.. ട്യൂഷന് വേണ്ടെന്നുവയ്ക്കാം.. പിന്നെ വീട്ടിൽ പോകുന്നവഴിമാത്രം... റോഡിലൂടെ മാത്രമേ ഞാൻ കൂടെ വരുള്ളൂ..“

“നിനക്ക് ധൈര്യമായി എന്നോട്കൂടി വരാം.. ഞാൻ നിന്നെ ഒന്നും ചെയ്യില്ല...“

“അതെനിക്ക് വിശ്വാസമാ... എന്നാലും ആരേലും കാണും..“

“നീ ഇന്ന് ട്യൂഷന് വരുന്നില്ലെന്നു പറഞ്ഞാൽ മതിയല്ലോ..“

“ശരി... വൈകിട്ട് സ്കൂൾ വിട്ട് ഞാൻ കാത്തുനിൽക്കും.. ബസ്റ്റാന്റിലെ ആൽച്ചുവട്ടിനപ്പുറം.. അവിടെനിന്നും റോഡിലൂടെ നമുക്ക് നടന്ന് പോകാം..“ അവൾ സമ്മതിച്ചു.

വൈകുന്നേരം വരെ ക്ലാസ്സിൽ കഴിച്ചുകൂട്ടിയത് വളരെ ടെൻഷനോടായിരുന്നു. എന്താണ് അവളോട് പറയേണ്ടതെന്നറിയില്ല.. പറഞ്ഞാൽ പ്രതികരണം എന്താകുമെന്നും അവൾക്കറിയില്ല.. എന്തായാലും അവളോടിതു പറയണം കുറച്ചുനാൾ കഴിഞ്ഞാൽ പിന്നീട് അതിനുള്ള അവസരം കിട്ടുകയുമില്ല... 

വിങ്ങുന്ന മനസ്സുമായാണ് അവൻ ക്ലാസിൽ കഴിച്ചുകൂട്ടിയത്.. വൈകുന്നേരം കൂട്ട ബല്ലടിച്ചു.. എല്ലാവരും ക്ലാസ്സിൽ നിന്നിറങ്ങി.. അവൻ സാവകാശമാണ് പുറത്തേയ്ക്കിറങ്ങിയത്.. കൂട്ടുകാർ അവനെ വിളിച്ചപ്പോൾ ഞാൻ പതുക്കയേ വരുന്നുള്ളൂ എന്നുപറഞ്ഞ് അവരെ ഒഴിവാക്കി. അവന്റെ ഹൃദയം പടപടാന്ന് മിടിക്കുകയായിരുന്നു. സാവധാനം റോഡ് ക്രോസ് ചെയ്ത് അപ്പുറത്തെത്തി.. കുട്ടികൾ ആദ്യത്തെ ബസ്സിൽ കടന്നുകൂടുന്നതിനായി നെട്ടോട്ടമോടുന്നത് കാണാമായിരുന്നു. അവൻ ദൂരേയ്ക്ക് കണ്ണോടിച്ചു. അങ്ങകലെ ആൽമരത്തിനുമപ്പുറമായി ആരുടേയും ശ്രദ്ധയിൽപ്പെടാതെ ഐഷു നിൽക്കുന്നു. അവന്റെ കാലുകൾക്ക് വേഗത വർദ്ധിച്ചതുപോലെ... അവന്റെ വരവ് അവൾ കണ്ടിരുന്നു.. ദൂരേയ്ക്ക് നോക്കി അവൾ നിൽക്കുകയായിരുന്നു. അവൻ അടുത്തെത്തി...

“എന്താ ഐഷു.. ഞാൻ താമസിച്ചുവോ...“

“ഇല്ലില്ല.. പിന്നെ ട്യൂഷൻ കഴിഞ്ഞു വീട്ടിൽ പോകുന്നസമയത്ത് എനിക്ക് വീട്ടിലെത്തണം... അല്ലേൽ എനിക്ക് തല്ലുകിട്ടും കേട്ടോ..“

“ഇല്ലടീ.. നിനക്ക് അതിനു മുന്നേതന്നെ വീട്ടിലെത്താം...“

അൽപനേരത്തെ നിശബ്ദതയ്ക്കു ശേഷം അവൻ സംസാരിച്ചു തുടങ്ങി.. അവർ സാവധാനം ചെമ്മൺ റോഡിലൂടെ നടക്കുകയായിരുന്നു.

“ഐഷൂ...“

“എന്താടാ.... നിനക്ക് ഈ വളച്ചുകെട്ടിന്റെയൊക്കെ കാര്യം എന്നോടുണ്ടോ.. പറ..“

“ഐഷൂ.. നീ ഞാൻ പറയുന്നതൊക്കെ കേട്ടാൽ എന്നെ വെറുക്കുമോ എന്നെനിക്കറിയില്ല.. എന്നാലും നീയിതൊക്കെ അറിയണം. നമുക്ക് പരസ്പരം അറിയാം... പല സ്വകാര്യ ദുഃങ്ങളും ഞാൻ നിന്നോട് പറഞ്ഞിട്ടുണ്ട്. പക്ഷേ ഒരു കാര്യം മാത്രം ഞാൻ നിന്നിൽനിന്നും ഒളിച്ചുവച്ചു..“

“അതെന്താ...“ അവൾ ജിജ്‌ഞ്ഞാസയോടെ അവന്റെ മുഖത്തേയ്ക്ക് നോക്കി..

“എന്റെ വാപ്പയും ഉമ്മയും തമ്മിൽ പിണക്കത്തിലാണെന്ന് ഞാൻ നിന്നോട് പറഞ്ഞിട്ടുണ്ടല്ലോ.. നീയന്ന് ഹോസ്പിറ്റലിൽ വന്നത് ഓർക്കുന്നുണ്ടോ...“

“ഉണ്ട്...“

“അവിടെവച്ച് അദ്ദേഹത്തെ എനിക്ക് കാണാനായി.. വർഷങ്ങൾക്ക് ശേഷമാണ് ഞാനദ്ദേഹത്തെ കണ്ടത്... ഉമ്മ അറിയാതിരിക്കാൻ പരമാവധി ഞാൻ ശ്രദ്ധിച്ചിരുന്നു. മാമിയെ ഡിസ്ചാർജ്ജ് ചെയ്ത് പോയതിനു ശേഷം ഞാൻ പനിയായി കുറച്ചുദിവസം ഹോസിപ്റ്റലിലായിരുന്നു. അതു കഴിഞ്ഞ് അവിടെയെത്തിയപ്പോഴാണ് അറിഞ്ഞത് അദ്ദേഹം മരണപ്പെട്ടുവെന്ന്. എനിക്ക് താങ്ങാനാവുന്നതിലും അപ്പുറമായിരുന്നു ആ വാർത്ത..“

ഐഷുവിന്റെ കണ്ണുകൾ നിറഞ്ഞു. എന്തു പറയണമെന്നറിയാതെ അവൾ അവന്റെ മുഖത്തുനോക്കി നിൽക്കുകയായിരുന്നു. അവന്റെ കണ്ണുകളിൽ കണ്ണുനീർ തുളുമ്പുന്നത് അവൾക്ക് കാണാമായിരുന്നു.

“ഞാനിത് ആരോട് പറയാൻ... സ്വയം ഉള്ളിലൊതുക്കി...“

“എന്നിട്ട് ഉമ്മയോട് പറഞ്ഞിരുന്നോ...“

“എനിക്ക് ഏഴ് വയസ്സുള്ളപ്പോൾ ഉമ്മയും വാപ്പയുമായി തെറ്റിപ്പിരിഞ്ഞതാ... നിഷ്കരുണം അടിച്ചിറക്കിയെന്നുവേണം പറയാൻ.. എല്ലാം ഉപക്ഷിച്ച് രാത്രിയിൽ അവിടെനിന്നും വീട് വിട്ട് തെരുവിലേക്ക് ഇറങ്ങേണ്ടി വന്ന ഹത ഭാഗ്യവാനാണ് ഐഷു ഞാൻ ...

ഐഷുവിന്റെ കണ്ണുകൾ നിറഞ്ഞു... അവൾക്ക് അവനെ എങ്ങനെ സമാധാനിപ്പിക്കണമെന്നറിയില്ല..

ഞാൻ ഹോസ്പിറ്റലിലെ സെക്യൂരിറ്റി ഓഫീസറായ സ്റ്റീഫൻ അങ്കിളുമായി ആ വീട്ടിൽ പോയിരുന്നു. പള്ളിക്കാട്ടിലെ കബറിടത്തിൽ പോയി പ്രാർത്ഥന നടത്തി അദ്ദേഹത്തെക്കുറിച്ച് നാട്ടുകാർക്ക് വലിയ അഭിപ്രായമൊന്നുമില്ലായിരുന്നു. ധാരാളം സാമ്പത്തിക ബാധ്യതയുണ്ടായെന്നാണ് അറിയാൻ കഴിഞ്ഞത്.. അദ്ദേഹത്തിന്റെ മകളെയും കണ്ടു... ജീവിക്കാൻ മാർഗ്ഗമില്ലാതെ കഷ്ടപ്പെടുന്ന എന്റെ സ്വന്തം സഹോദരിയുടെ ജീവിതം അതും കഷ്ടപ്പാടുകൾ നിറഞ്ഞതുതന്നെയാണ്... എങ്ങനെയെന്നറിയില്ല ആ വിഷമങ്ങളിൽനിന്നൊക്കെ എനിക്ക് കരകയറാൻ സാധിച്ചു... ഈ ഭൂമിയിൽ ഇക്കാര്യങ്ങൾ അറിയാവുന്ന ചുരുക്കം ചിലരിൽ ഒരാൾ മാത്രമാണ് നീയിപ്പോൾ.. അവൾ നിറകണ്ണുകളോടെ അവനെ നോക്കി... അവൻ ചുറ്റുപാടുമൊന്നു നോക്കി... ആരും തങ്ങളെ കാണുന്നില്ലെന്ന് ഉറപ്പുവരുത്തി.. അവളുടെ കണ്ണുകൾ തുടച്ചു... പെട്ടെന്നാണ് അവൾ അവനെ കെട്ടിപ്പിച്ച് ആശ്ലേഷിച്ചത്... അവന്റെ നെഞ്ചിൽ മുഖമമർത്തി അവൾ തേങ്ങി... അവൻ അവളെ ആശ്വസിപ്പിച്ചു... ആരേലും കണ്ടാലോ.. അവളെ സ്നേഹപൂർവ്വം പിടി വിടുവിച്ചു.. അവൾക്ക് സങ്കടം അടക്കാനായില്ല.. 

“നീയെങ്ങനെ ഇതൊക്കെ സഹിച്ചു... നിനക്കെങ്ങനെ എന്നിൽനിന്നും ഇതൊക്കെ ഒളിച്ചുവക്കാൻ സാധിച്ചു..“

“നീയെങ്ങനെ പ്രതികരിക്കുമെന്നെനിക്കറിയില്ലല്ലോ .. കുറച്ചു മാസങ്ങൾ കൂടി കഴിഞ്ഞാൽ നമ്മൾ തുടർ പഠനത്തിനായി വേർപിരിയേണ്ടിവരും.. അതിനുമുന്നേ എനിക്കിത് നിന്നോട് പറയണമെന്നു തോന്നി... അതാണ് ഞാൻ ഇക്കാര്യങ്ങൾ നിന്നോട് പറഞ്ഞത്...“

“ഐഷു ഈ ചെറുപ്രായത്തിൽ ജീവിതത്തിൽ അനുഭവിക്കാത്ത ദുരിതങ്ങൾ ഇനിയൊന്നുമില്ല... ഈ അനുഭവങ്ങൾ എന്നെ ഒരു കരുത്തനാക്കിയെന്നു തോന്നുന്നു.. അതായിരിക്കും ഇന്ന് ഇതൊക്കെ നിന്നോട് പറയാനുള്ള ധൈര്യം നൽകിയത്... നീയിതാരോടും പറയരുത്..“

“ഇല്ല ഫസലേ... നിനക്കെന്നെ അറിയില്ലേ... ഞാനെവിടെപ്പോയാലാും എനിക്ക് നീയെന്നും കൂടെവേണം...“

“അവൻ ഒരുനിമിഷം നിശ്ശബ്ദനായി നിന്നു..“

“ഞാനിതുവരെ നിന്നോടൊന്നും പറഞ്ഞിട്ടില്ല... പക്ഷേ പറയാതെതന്നെ നമുക്കിരുവർക്കുമറിയാം... നിന്റെ ദുഖങ്ങളെല്ലാം എന്റെയും ദുഖങ്ങളാണ്... എനിക്ക് ഒരു ജീവതമുണ്ടെങ്കിൽ അത് നിന്നോടൊപ്പമായിരിക്കും..“ അവളുടെ വാക്കുകൾ അവന് വിശ്വസിക്കാനായില്ല..

“ഐഷൂ... നീ നന്നായി ആലോചിച്ചിട്ടാണോ..“

“അതേ... എനിക്ക് നീ മാത്രം മതി...“

“നമ്മൾ തമ്മിൽ ഒരുപാട് അന്തരമുണ്ട്..“

“അതൊന്നും എന്നെ ബാധിക്കുന്ന പ്രശ്നമല്ല... നിനക്ക് ആരോഗ്യമുണ്ടല്ലോ... എന്നെ നോക്കാനാവില്ലേ .. ഇല്ലെങ്കിൽ ഇപ്പൊ പറയണം..“

അവൻ മറുപടിയൊന്നും പറഞ്ഞില്ല.. സ്നേഹപൂർവ്വം അവളുടെ ഇടതു കൈ അവന്റെ കൈകളിലൊതുക്കി.. കൈയ്യിൽ പതുക്കെ ഒരു ചുംബനം നൽകി... അവളുടെ മുഖത്ത് ഒരു പുഞ്ചിരി വിടർന്നു... അവന്റെ കൈ തട്ടിമാറ്റി അവൾവേഗത്തിൽ മുന്നോട്ട് നടന്നു... അവൾ പതിവിലും സുന്ദരിയായി തോന്നി... മുഖത്തെ നാണം അവളെ കൂടുതൽ സുന്ദരിയാക്കിയതുപോലെ.

“പിന്നെ... എന്റെ പിന്നാലെ വരണ്ട... ട്ടോ. ഡ്രൈവർ ട്യൂഷൻ സെന്ററിൽ കാറുമായി വരുന്ന നേരമായി..പൊയ്ക്കൊ... പിന്നെക്കാണാം...“

അവൾ പോകുന്നതും നോക്കി അവനവിടെ നിന്നു.. സ്കൂളിൽത്തന്നെ പലർക്കുമറിയാം തങ്ങൾ തമ്മിലുള്ള ബന്ധം.. ആരും അതിനെ എതിർത്തിട്ടില്ല... തനിക്ക് സിനിമയിൽ അഭിനയിക്കാൻ അവസരം ഉണ്ടാക്കിത്തന്ന നാൾമുതൽ താനും അവളും തമ്മിൽ എന്തൊക്കെയോ ആണെന്നെല്ലാർക്കുമറിയാം... അടുത്ത സുഹൃത്തുക്കൾ പറയാറുണ്ട്.. ലൈലയേയും മജ്നുവിനേയും പോലെ ഇത്രയും നല്ല ജോഡികൾ ഈ സ്കൂളിൽ വേറാരുമില്ല എന്ന് .. വെളുത്ത നീലക്കണ്ണുള്ള സുന്ദരി... ശിരോവസ്ത്രത്തിലും അവളെത്ര സുന്ദരിയായിരിക്കുന്നു. മേക്കപ്പ് ഒട്ടുംതന്നെയില്ല പക്ഷേ അവളുടെ ഭംഗി മറ്റാരിലും ഫസൽ ഇതുവരെ കണ്ടിട്ടുമില്ല.

സിനിമയിലെ അവസരങ്ങൾ വേണ്ടരീതിയിൽ പ്രയോജനപ്പെടാത്തതിൽ ഇന്നും ഫസലിന് ദുഃഖമുണ്ട്.. പക്ഷേ ഇപ്പോൾ പഠനത്തിൽ ശ്രദ്ധിക്കുകയെന്നതുമാത്രമാണ് തന്റെ ലക്ഷ്യം... ഉമ്മയുടെയും ഉപ്പൂപ്പയുടേയും ആഗ്രഹത്തിനനുസരിച്ച് ഉയരാനായില്ലെങ്കിലും അതിനടുത്തെങ്കിലുമെത്തണം. തന്റെകാര്യത്തിൽ വാനോളം പ്രതീക്ഷ അവർക്കുണ്ട്...

ഫസൽ അന്ന് വളരെ സന്തോഷവാനായിരുന്നു. പതിവിലും നേരത്തേ അവൻ വീട്ടിലെത്തി... സാധാരണ വരുന്നവഴിക്ക് അമ്പലപ്പറമ്പിലെ ഫുട്ബോൾകളി കണ്ടു നിൽക്കാറുണ്ട്.. ആള് കുറവാണെങ്കിൽ അവനും ചിലപ്പോൾ അവരോടൊപ്പം കളിക്കുകയും ചെയ്യും.. പക്ഷേ വിയർത്തൊലിച്ച് വീട്ടിലെത്തിയാൽ വഴക്കുംകിട്ടും. പണ്ട് ഉമ്മ പറയാറുണ്ട് നീ കളിക്കാൻ പൊയ്ക്കോ.. പക്ഷേ വീട്ടീൽവന്ന് ഡ്രസ്സ് മാറി ചായയും കുടിച്ച് പോയാൽമതിയെന്നാണ്. വീട്ടിലെത്തിയാൽ പിന്നെ പുറത്തേയ്ക്ക് പോകാൻ തോന്നാറുമില്ല...

വീടിന്റെ മുറ്റത്ത് ചാരുകസേരയിൽ ഹമീദിരിക്കുന്നു. ഫസൽ അടുത്തുചെന്ന് ഉപ്പയോട് വിശേഷങ്ങൾ തിരക്കി.. പ്രത്യേകിച്ച് വിശേഷങ്ങളൊന്നുമില്ലെങ്കിലും അതവനൊരു പതിവാണ്...

“ഫസലേ ഇന്ന് തേങ്ങവെട്ടി... നിനക്കുള്ള കരിക്ക് അവിടെ വച്ചിട്ടുണ്ട്.. പോയി കുളിച്ചിട്ട് വന്ന് കഴിച്ചോ...“

പഴയ വീട്ടിലായിരുന്നപ്പോഴുള്ള പതിവ് ഉപ്പ ഇപ്പോഴും തെറ്റിച്ചിട്ടില്ല.. തനിക്ക് എല്ലാപ്രാവശ്യവും തേങ്ങവെട്ടുമ്പോൾ ഒരു കരിക്ക് ചെത്തി വൃത്തിയാക്കി വയ്ക്കും... സ്കൂളിൽനിന്നും വീട്ടിലെത്തിയാൽ ഉപ്പതന്നെയാണ് അത് വെട്ടി വെള്ളം കുടിക്കാൻ തരുന്നത്... ഒരു കവിൾ കുടിച്ചിട്ട് ഉപ്പയോട് ചോദിക്കും വേണോന്ന്... ഉപ്പ പറയും ഹും.. ഞാൻ വേണോന്ന് പറഞ്ഞാൽ നീതര്വോ... എന്ന്...

ഫസൽ സന്തോഷത്തോടെ അകത്തേയ്ക്ക് പോയി.. കുളികഴിഞ്ഞ് ചെത്തി വൃത്തിയാക്കി വച്ചിരിക്കുന്ന കരിക്കുമെടുത്ത് പുറത്തേയ്ക്ക് വന്നു... അവൻ തന്നെ അതിൽ ഒരു കിഴുത്തയിട്ടു... ഉപ്പയ്ക്ക് വേണോയെന്നുചോദിച്ചു.

“വേണ്ട ഫസലേ... ഒന്നാമത് ഷുഗറുണ്ട്. ഇല്ലാത്ത ഒരസുഖവുമില്ല... നീ കുടിച്ചോ..“

അവൻ അത് മൊത്തം കുടിച്ചു തീർത്തു.. അകത്തുള്ളത് പിന്നീട് കഴിക്കാമെന്നുകരുതി അകത്തേയ്ക്ക് കൊണ്ടുവച്ചു.

അത്താഴം കഴിഞ്ഞ് എല്ലാവരും കിടക്കാൻ പോയി... രാത്രിയിൽ ഫസൽ ഒറ്റയ്ക്കാണ് ഇപ്പോൾ കിടക്കുന്നത്.. സഫിയ ഹഫ്സയെ സഹായിക്കുന്നതിനായി കിടപ്പ്താഴേയ്ക്ക് മാറ്റിയിരുന്നു. ഹഫ്സയ്ക്ക് ഒറ്റയ്ക്ക് കാര്യങ്ങൾ നടത്താൻ ബുദ്ധിമുട്ടാണ്. അവൾക്കിതൊന്നും പരിചയമില്ലല്ലോ.. അനാഥാലയത്തിൽ വളർന്നതിനാൽ പല ശീലങ്ങളും അവൾ ഇവിടെവന്നാണ് പഠിച്ചത്.. സഫിയയ്ക്ക് ഇതൊരു തൊഴിലായിരുന്നല്ലോ.. പ്രസവിച്ച സ്ത്രീകളെ പരിചരിക്കുന്നകാര്യത്തിൽ സഫിയയോളം പരിചയം അവിടാർക്കുമില്ല.. രാത്രിയിൽ കുഞ്ഞു ഉണർന്നു കരഞ്ഞാൽ സഫിയ തന്നെയാണ് കുഞ്ഞിന്റെ കാര്യങ്ങളെല്ലാം നോക്കുന്നത്.

അവൻ മുകളിലത്തെ മുറിയിൽ പുസ്തകവുമായി ചങ്ങാത്തം കൂടാനിരുന്നു. കണക്ക് അവന് പണ്ടേ വലിയ പ്രശ്നമുള്ള സബ്ജക്ടാണ്. എന്നാലും വരുതിയിലാക്കാൻ കഴിവിന്റെ പരമാവധി ശ്രമിക്കാറുണ്ട്... അടുത്ത ദിവസത്തേയ്ക്കുള്ള ഹോംവർക്കിൽ മുഴുകിയിരിക്കുകയായിരുന്നു ഫസൽ അപ്പോഴാണ് വാതിലിൽ ഒരു അനക്കം കേട്ടത്.. അവൻ അവിടേയ്ക്ക് ശ്രദ്ധിച്ചു.. നാദിറ മാമി.. 

“എന്താ മാമീ..“

“ഒന്നുമില്ല.. നിന്റെ പഠിത്തമൊക്കെ എങ്ങനെയുണ്ട്.“

“കുഴപ്പമില്ല...“

അവർ അവനോട് ശൃങ്കരിക്കാൻ കൂടി... അവനതൊന്നും ഇഷ്ടപ്പെട്ടില്ല..

“ഞാനെന്തെങ്കിലും പഠിപ്പിക്കണോ...“

“മാമിപഠിപ്പിക്കുന്ന കാര്യങ്ങൽ എനിക്കറിയാം...“

നാദിറയ്ക്ക് മുഖത്ത് അടിയേറ്റപോലെ തിരിഞ്ഞു... ഭാഗ്യം ആരും കേട്ടില്ല... പണ്ടേ അവനെന്നെ കണ്ടുകൂടാ... അന്നൊരിക്കൽ അവൻ എന്നെക്കയറി പിടിച്ചുവെന്ന് പരാതി പറഞ്ഞതിനാണ് അവനെന്നോട് ഇത്രയും ദേഷ്യം തോന്നാൻ കാര്യമെന്നവർക്കറിയാം... ചെറുപ്പകാലത്ത് അവനെ ശാരീരികമായി പീഠിപ്പിക്കാനും ശ്രമിച്ചിട്ടുണ്ട്. അതൊക്കെക്കൊണ്ടായിരിക്കാം അവനിത്ര വെറുപ്പ് തോന്നിയിട്ടുള്ളത്.

നാദിറ പിന്നീടൊരുനിമിഷം അവിടെ നിന്നില്ല.. വാതിൽ പിടിച്ചടച്ച് അവരുടെ റൂമിലേയ്ക്ക് പോയി.. മുകളിലത്തെ നിലയിൽ തന്റെ റൂമിന്റെ തൊട്ടപ്പുറത്താണ് അവരുടെ റൂം... കാണുന്നതുപോലെയല്ല നാദിറ.. മനസ്സ് മുഴുവൻ വൃത്തികെട്ട ചിന്തകളാണ്. മാമന്റെ ഭാര്യയായിപ്പോയി... പണ്ടേ അവർക്കൊരു അസുഖമുണ്ട് തന്നെ അടുത്തു കിട്ടിയാൽ ചുണ്ടിൽ നുള്ളുക.. കക്ഷത്ത് കൈയ്യിട്ട് ഇക്കിളിയാക്കുക.. അവർ കാണിക്കുന്നതിന്റെ അർത്ഥമൊക്കെ വളരെക്കഴിഞ്ഞാണ് അവന് മനസ്സിലായത്... ബഹുമാനിക്കേണ്ട ബന്ധത്തിനപ്പുറം അവർക്ക് മറ്റെന്തോ ആഗ്രഹം ഉണ്ടെന്ന് പണ്ടേ തോന്നിയിട്ടുള്ളതാ.. താൻ വഴിതെറ്റിയിട്ടുണ്ട്... മറ്റുള്ളവർ കാരണം.. പക്ഷേ അവിവേകം കാണിക്കാൻ ശ്രമിച്ചിട്ടില്ല... സാഹചര്യം തന്നെ പലതലത്തിൽ കൊണ്ടെത്തിച്ചിട്ടുണ്ട്... അവസരങ്ങൾ തേടി എങ്ങോട്ടും താൻ പോയിട്ടില്ല.. അതിൽ നിന്നെല്ലാം ഒരുവിധം കരകയറി വരികയാണ് ഞാൻ .

അമ്മായിയുടെ മുറിയിൽ നിന്നും മാപ്പിളപ്പാട്ടിന്റെ ശീലുകൾ കാതുകളിൽ ഒഴുകിയെത്തുന്നുണ്ടായിരുന്നു. തന്നോടുള്ളദേഷ്യത്തിന് ശബ്ദം കുറച്ചു കൂട്ടിവച്ചുവോ എന്നവന് സംശയമുണ്ട്.

“ഉണ്ടോ സഖീ.. ഒരുകുല മുന്തിരി വാങ്ങിടുവാനായി നാലണ കൈയ്യിൽ...
ഉണ്ടു പ്രിയേ ഖൽബിലൊരാശ മുന്തിരി തിന്നിടുവാൻ...“

റഹീം കുറ്റിയാടി  എഴുതിയ പ്രശസ്‌തമായ മാപ്പിളപ്പാട്ടിലെ വരികൾ... അവന്റെ ഓർമ്മകൾ ഐഷുവിലേയ്ക്ക് പോയി... അവൾ തനിക്കുള്ളതാണ്... ഒരിക്കലും അവളെ നഷ്ടപ്പെടരുത് എന്ന ചിന്ത മനസ്സിലിട്ട് ഉറപ്പിച്ചു... അവളിലേയ്ക്ക് എത്തണമെങ്കിൽ താൻ അത്രയും അധ്വാനിക്കേണ്ടിയിരിക്കുന്നു. നല്ല വിദ്യാഭ്യാസം... ഒരു നല്ല ജോലി.. സ്വന്തായി വീട്... ഇത്രയൊക്കെ പോരേ.. അവളുടെ വാപ്പസമ്മതിക്കുമോ... തന്നെ നന്നായി അറിയാം... ഇനി സമ്മതിച്ചില്ലേൽ എന്താ ചെയ്ക... വേണ്ട ഇതൊന്നും ആലോചിച്ച് പഠിക്കാനുള്ള സമയം പാഴാക്കികളയണ്ട.. 

സ്കൂളിലെ ഹോംവർക്കുകളെല്ലാം ചെയ്തുകഴിഞ്ഞപ്പോൾ രാത്രി 11 മണിയായി.. അവൻ വാതിൽ കുറ്റിയിട്ടെന്നു വരുത്തി... ഇല്ലെങ്കിൽ നാദിറ അമ്മായി ചിലപ്പോൾ രാത്രിയിൽ തന്റെ മുറിയിലേയ്ക്ക് കയറിവന്നു കളയും ഡിസംബർ മാസത്തിലെ നല്ല തണുപ്പുള്ള രാത്രിയായിരുന്നു അന്ന്... പുതപ്പെടുത്ത് ശരീരത്തിലേയ്ക്ക് മൂടി.. അവൻ ഉറക്കത്തിലേയ്ക്ക് വഴുതി വീണു... അപ്പോഴും നാദിറയുടെ മുറിയിൽ നിന്ന് മാപ്പിളപ്പാട്ടിന്റെ ശീലുകൾ ഒഴുകിയെത്തിക്കൊണ്ടിരുന്നു. 


തുടർന്നു വായിക്കുക അടുത്ത ഞായറാഴ്ച്ച  12 01 2020

ഷംസുദ്ധീൻ തോപ്പിൽ 05 01
2020

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ