28.12.19

നിഴൽവീണവഴികൾ - ഭാഗം - 54



അന്നത്തെ ദിവസം എല്ലാവരും നേരത്തേ കിടന്നു.. യാത്രാക്ഷീണം എല്ലാവർക്കുമുണ്ടായിരുന്നു. പുലർച്ചെ 3 മണിക്ക് തന്നെ ജിഷ്ണു വീട്ടിലെത്തി... എല്ലാവരും ഉണർന്നിട്ടുണ്ടായിരുന്നു. വാപ്പയെ കെട്ടിപ്പിടിച്ചു അനുഗ്രഹം വാങ്ങി... ഉമ്മാനെ ചേർത്തുനിർത്തി ഉമ്മവച്ചു... മകളെയെടുത്ത് നെറുകയിൽ ചുംബിച്ചു... വേർപിരിയലിന്റെ വേദന... എല്ലാവരുടേയും കണ്ണുകൾ നിറഞ്ഞിരിക്കുന്നു.. നല്ലതിനുവേണ്ടിയല്ലേ പോകുന്നത്.. തങ്ങൾക്കുവേണ്ടിയല്ലേ അവൻ ഈ പ്രവാസം ആരംഭിച്ചത്.. എന്നുള്ള ഒരു സമാധാനം... നിറകണ്ണുകളോടെ... എല്ലാവരും റഷീദിനെ യാത്രയാക്കി. കൂടെ ഫസലും അൻവറും... വാഹനം ഗേറ്റ് കടന്ന് റോഡിലേയ്ക്ക് പ്രവേശിച്ചു....

കുറേ നേരത്തേയ്ക്ക് ആരുമൊന്നും സംസാരിച്ചില്ല. ചെറിയ ശബ്ദത്തിൽ കാറിലെ സ്റ്റീരിയോയിൽ നിന്നും ഒഴുകിവന്ന മ്യൂസിക് മാത്രം.... റഷീദും ഫസലും പിറകിലത്തെ സീറ്റിലാണ് ഇരുന്നിരുന്നത്. അൻവർ മുന്നിലത്തെ സീറ്റിലും.. വാഹനം നാട്ടുവഴി പിന്നിട്ട് ഹൈവേയിലേയ്ക്ക് പ്രവേശിച്ചു.. റഷീദ് സംഭാഷണത്തിന് തുടക്കും കുറിച്ചു. 

“ഫസലേ.. നിന്റെ പഠിത്തമൊക്കെ. എങ്ങനെ.“

“കുഴപ്പമില്ല മാമാ... ക്രിസ്തുമസ് അവധി കഴിഞ്ഞ് ഒന്നാംതീയതി സ്കൂൾ തുറക്കും.. അതു കഴിഞ്ഞാൽ പരീക്ഷയാ...“

“നിനക്കറിയാമല്ലോ... പ്ലസ് ടൂവിന് മാർക്ക് നന്നായി വേണമെന്നുള്ളതിന്റെ പ്രത്യേകത.. നിനക്ക് പഠിക്കാനാകുമെങ്കിൽ എത്ര വേണമെങ്കിലും പഠിക്കാം... നമുക്കൊക്കെ സാമ്പത്തിക പരാധീനതകളുണ്ടായിരുന്നതിനാൽ കൂടുതൽ പഠിക്കാനായില്ല.. നിനക്കങ്ങനെയല്ല.. നന്നായി പഠിക്കാനുള്ള സാഹചര്യം ഞങ്ങൾ ഉണ്ടാക്കിത്തരാം... ഗോപി ഡോക്ടറുടെ സഹായം വേണമെങ്കിലും കിട്ടും.. എൻഡ്രൻസ് എഴുതാൻ താല്പര്യമുണ്ടെങ്കിൽ അതിനുള്ള സംവിധാനവും ഉണ്ടാക്കിത്തരാം. നിന്റെ ടീച്ചർ പറഞ്ഞത് കുറച്ച് ശ്രദ്ധിച്ചാൽ നല്ല നിലയിലെത്താനുള്ള സാധ്യതയുള്ള കുട്ടിയാണെന്നാണ്.“

ഫസൽ എല്ലാം ശ്രദ്ധാപൂർവ്വം കേട്ടിരുന്നു.

“ഫസലേ ഞാൻ പഠിക്കാൻ ഒട്ടും മോശമായിരുന്നില്ല. എഞ്ചിനീയറാകണമെന്ന മോഹമുണ്ടായിരുന്നു. പക്ഷേ പണത്തിനായി വാപ്പാനെ ബുദ്ധിമുട്ടിക്കാൻ വയ്യായിരുന്നു. അധ്യാപർക്കും എന്നിൽ പ്രതീക്ഷയുണ്ടായിരുന്നു. ഡിഗ്രിയെടുത്തതൊക്കെ പള്ളി കമ്മറ്റിക്കാരുടെ സഹായത്താലായിരുന്നു. അവർക്കും പരിമിധികളുണ്ടായിരുന്നു. അതിനാൽ കൂടുതലൊന്നും ആഗ്രഹിക്കാൻ പോയില്ല. ഉള്ളതുകൊണട് തൃപ്തിപ്പെട്ടു. പക്ഷേ ജീവിതത്തിൽ അന്നത്തെ ആ പാഠം വളരെ പ്രയോജനപ്പെട്ടു. പിന്തിരിഞ്ഞു നോക്കിയാൽ കഷ്ടപ്പാടിന്റെ കാല്പാടുകൾ കാണാനാകും... അതു തന്നെയാണ് മുന്നോട്ടുള്ള പ്രായാണത്തിന് വേഗത കൂട്ടിയത്... ഇത് എന്റെ വാക്കുകളല്ല വാപ്പാന്റെ വാക്കുകളാണ്. ആരാണോ പിന്തിരിഞ്ഞ് നോക്കുമ്പോൽ തന്റെ കാല്പാടുകൾ കാണാനാകുന്നത് അവന് ജീവിതത്തിൽ ഉയരത്തിലെത്താനാകുമെന്നാണ്. ഇതിന്റെ ചുരുക്കമെന്നു പറയുന്നത് ജീവിതത്തിൽ നല്ലകാലത്തും നമ്മൾ കഷ്ടകാലത്തെ മറക്കരുതെന്നാണ്.“ റഷീദിന്റെ വാക്കുകൾ എല്ലാവരും നിശ്ശബ്ദരായി കേട്ടിരുന്നു.

“റഷീദ്ക്കാ .. ഞാൻ ശ്രദ്ധിച്ചോളാം.. നമ്മുടെ കുടുംബത്തിൽനിന്നും ഒരു ഡോക്ടറോ എഞ്ചിനീയറോ വേണമെന്നുള്ള ആഗ്രഹമുണ്ട്.. ഇവനാൽ കഴിയുന്നപോലൊക്കെ പഠിക്കട്ടെ... നാളെക്കഴിഞ്ഞാൽ എനിക്ക് കോഴിക്കോട് അമ്മായിയുടെ വീട്ടിലേയ്ക്ക് പോകണം... സഫിയയുടെ ഏക പ്രതീക്ഷ ഇവനിലാണ്. നിന്നെക്കുറിച്ച് വാനോളം ആഗ്രഹം അവൾക്കുണ്ട്. അതിൽ കുറച്ചെങ്കിലും നിറവേറ്റാൻ നീ ശ്രമിക്കണം.“ അൻവർ പറഞ്ഞു.

“അൻവറേ... ഇനി ആഴ്ചയിലൊരിക്കലല്ലേ വീട്ടിലേയ്ക്ക് വരാനാകൂ..“ റഷീദ് അൻവറിനോട് ചോദിച്ചു.

“അതേയതെ.. പിന്നെ എന്തേലും അത്യാവശ്യമുണ്ടെങ്കിൽ ഓടിയെത്താമല്ലോ... അവിടുത്തെ ജോലിയുമായി ബന്ധപ്പെട്ട് മംഗലാപുരത്തും ബോംബേയിലുമൊക്കെ പോകേണ്ടിവരുമെന്നാണല്ലോ അമ്മായി പറഞ്ഞത് ... എന്തായാലും ഒരു പുതിയ ജീവിതം തന്നെ തുടങ്ങാം... ചിലപ്പോൾ നാട്ടിലെ ജോലിയിൽ ആയിരിക്കും ഭാഗ്യം വരുന്നത് ..“

“ജിഷ്ണു ... വീട്ടിലെ എന്തെങ്കിലും കാര്യമുണ്ടെങ്കിൽ ഓട്ടം പിടിക്കേണ്ട... ഫ്രീയാകുന്ന സമയത്ത്  ഓട്ടം പൊയ്ക്കോ.. പാവപ്പെട്ടവരുടെ കൈയ്യിൽ നിന്നും കൂടുതൽ പൈസ വാങ്ങേണ്ട കേട്ടോ അതവർക്ക് വലിയൊരു സഹായമാകും ...“

“ജിഷ്ണു തലയാട്ടി.“

“.. അൻവർ വിഷമിക്കേണ്ട.. എല്ലാം നേരേയാകും... സൗദിയിൽനിന്നും നാടുകടത്തിയതിനാൽ തിരികെയെത്താൻ വളരെ പാടാണ്. എന്നാലും എന്നാൽകഴിയുന്ന രീതിയിൽ എല്ലാ സഹായവും ചെയ്യാൻ ശ്രമിക്കാം. പടച്ചോൻ വിചാരിക്കുന്നതുപോലല്ലെ നടക്കൂ..

“ശരിയാണ് റഷീദ്ക്ക ... പടച്ചോൻ എന്നെ പരീക്ഷിക്കുകയാണ്. പല പരീക്ഷണങ്ങളിലും ഞാൻ പരാജയപ്പെട്ടുപോയി... ഇനിയും ഇതുപോലെയുള്ള പരീക്ഷണങ്ങൾ കാണുമായിരിക്കും. എന്തായാലും എല്ലാം ധീരതയോടെ നേരിടുകതന്നെ ചെയ്യും. ഒന്നിലും പിന്നോട്ടില്ല..“

“അതാണ് വേണ്ടത്..“

അവർ യാത്ര തുടങ്ങിയിട്ട് ഏകദേശം ഒരുമണിക്കൂറോളം കഴിഞ്ഞിരിക്കുന്നു. വെളുപ്പാൻകാലമായതിൻ റോഡിൽ വലിയ ട്രാഫിക് ഇല്ലായിരുന്നു.  ഇനിയും രണ്ടരമണിക്കൂറോളം യാത്രചെയ്താലേ എയർപോർട്ടിലെത്താനാവൂ... 

“ജിഷ്ണു ... വഴിയിൽ നല്ല തട്ടുകടകളുണ്ടെങ്കിൽ ഒന്നു നീർത്തണേ... ഒരു ചായകുടിക്കാം.. വീട്ടിലെ കരച്ചിലും വിഷമവും ശരിയ്ക്കും ടെൻഷനടിപ്പിച്ചു.. ചായപോലും കുടിക്കാൻ തോന്നിയില്ല..

ഒരു ജംഗ്ഷനെത്തിയപ്പോൾ ചെറിയൊരു തട്ടുകട കണ്ടു. വാഹനം അവിടെ നിർത്തി.. ഫസലൊഴിച്ച് എല്ലാവരും വണ്ടിയിൽ നിന്നിറങ്ങി.. ഫസലിന് ചായവേണ്ടെന്നു പറഞ്ഞു.

ചായകുടിച്ച് അവർ തിരികെ വാഹനത്തിൽ കയറി...  വീണ്ടും ലക്ഷ്യത്തിലേയ്ക്ക് വാഹനം യാത്ര തുടർന്നു... ഏകദേശം 6 മണിയോടുകൂടി വണ്ടി കൊച്ചിൻ എയർപോർട്ടിന്റെ ഗേറ്റിലെത്തി.. എയർപോർട്ടിൽ നല്ല തിരക്കായിരുന്നു.. ഗൾഫിൽ നിന്നും വരുന്നവരും തിരിച്ചുപോകുന്നവരും.. വണ്ടി ട്രാഫിക്കിലൂടെ വളരെ പതുകെ നീങ്ങി.. എയർപോർട്ടിന്റെ ഗേറ്റ് കടന്ന് വാഹനം സുരക്ഷിതമായി പാർക്ക് ചെയ്തു. ഒരു ചെറിയ പെട്ടിയും ഒരു സ്യൂട്കേയ്സും മാത്രമായിരുന്നു റഷീദിന് കൊണ്ടുപോകാനുണ്ടായിരുന്നത്... സ്യൂട്കേയ്സ്  ഫസലെടുത്തു... മറ്റേ ബാഗ് ജിഷ്ണുവും .. അവർ എയർപോർട്ടിന്റെ ഡിപ്പാർച്ചർ കവാടം ലക്ഷ്യമാക്കി നടന്നു...

റഷീദിന്റെ മനസ്സുനിറയെ കുഞ്ഞിനെക്കുറിച്ചുള്ള ചിന്തകളായിരുന്നു. ഇത്രയും ദിവസം കുടുംബക്കാരും ബന്ധുക്കളുമായി സന്തോഷപൂർവ്വം കഴിഞ്ഞുപോയി.. ദിവസങ്ങൾ കടന്നുപോയത് അറിഞ്ഞതേയില്ല... എന്തു സന്തോഷമായിരുന്നു എല്ലാവർക്കും.. ലീവിന് വന്നു തിരികെപോകുന്ന പ്രവാസിയുടെ ദുഖം ആർക്കാണ് മനസ്സിലാകുക.. പ്രവാസം അനുഭവിച്ചവർക്കുമാത്രമേ അതു മനസ്സിലാവുകയുള്ളൂ... കഠിനാധ്വാനംചെയ്ത് നാട്ടിലേയ്ക്ക് പണമയയ്ക്കുന്ന പ്രവാസിയുടെ ബുദ്ധിമുട്ട് കുടുംബത്തിലുള്ള മറ്റുള്ളവർക്ക് മനസ്സിലാകണമെന്നില്ല.. പലരും പ്രവാസികളെ പണം കായ്ക്കുന്ന മരമായിട്ടാണ് കാണുന്നത്... വിവാഹം കഴിഞ്ഞ് ഒരാഴ്ചയോ രണ്ടാഴ്ചയോ ഭാര്യയോടൊപ്പം കഴിഞ്ഞ് മനസ്സില്ലാമനസ്സോടെ തിരികെ ജോലിസ്ഥലത്തേയ്ക്ക് യാത്രയാകുന്ന പ്രവാസി... രണ്ടുവർഷത്തിലൊരിക്കൽ നാട്ടിലേയ്ക്ക് ഉറ്റവരേയും ഉടയവരേയും കാണാനെത്തുന്ന പ്രവാസി. പത്തും പന്ത്രണ്ടും പേരോടൊപ്പം ഒരു റൂമിൽ കഴിഞ്ഞ് കുബ്ബൂസും തൈരും കഴിച്ച് പണം മിച്ചം പിടിച്ച് നാട്ടിലേയ്ക്കയയ്ക്കുന്ന പ്രവാസി. ഭാര്യയുടെ കൈയ്യിൽ കുറച്ചു പണമായിക്കഴി‍ഞ്ഞാൽ പിന്നെ ആർഭാടാമായി. സോഷ്യൽമീഡിയയുടെ ഉപയോഗം അവരെ പലദിക്കിലും കൊണ്ടെത്തിക്കും. ഭർത്താവ് ഉപയോഗിക്കുന്ന ഫോണിനേക്കാൾ കൂടിയ ഫോൺ വാങ്ങി ഭാര്യയ്ക്ക് നൽകുമ്പോൾ ചിന്തിക്കുന്നത് പരസ്പരം കണ്ടു സംസാരിക്കാൻ ഒരു ഉപകരണം എന്ന നിലയിലാണ്. പലപ്പോഴും മിസ്ഡ്കോളിന്റെ രൂപത്തിൽ ഭാര്യയുടെ മൊബൈലിലേയ്ക്കെത്തുന്ന കഴുകന്മാർ അവളറിയാതെ അവരുടെ ജീവിതം ഇല്ലാതാക്കും. ഇന്നു കാണുന്ന പല കൊലപാതകങ്ങളും ഒളിച്ചോട്ടവും അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ്. മാറണം ഗൾഫ്കാരെക്കുറിച്ചുള്ള മനുഷ്യന്റെ ചിന്താഗതി. ഭർത്താവിനെ പിരിഞ്ഞിരിക്കുന്ന ഭാര്യയ്ക്ക് ആരുടെയെങ്കിലും ഇക്കിളി മെസ്സേജ് ലഭിച്ചാൽ അവൾ ഭർത്താവിനേയും കുട്ടികളേയും ഉപേക്ഷിച്ച് പോകുന്നെങ്കിൽ അത് അവളുടെ കുറ്റം മാത്രം. അതിനും കുറ്റം പ്രവാസിക്കുതന്നെ... കുറേക്കാലമായില്ലേ അവൻ പോയിട്ട് അവൾക്കും ആഗ്രഹം കാണില്ലേ... സ്ത്രീയല്ലേ... എത്രയെന്നുപറഞ്ഞാ കടിച്ചുപിടിച്ചിരിക്കുക... ഒരുനിമിഷം അവൾക്കും സ്വന്തം നില കൈവിട്ടുപോയിട്ടുണ്ടാവും.. അങ്ങനെ പോകും സംഭാഷണം... എളുപ്പം വളയ്ക്കാനാകുന്ന സ്ത്രീകൾ ഗൾഫ്കാരന്റെ ഭാര്യമാരെന്നുള്ള ഒരു ലേബൽ സമൂഹം അവർക്ക് ചാർത്തി നൽകി. ആത്മാർത്ഥതയും കുടുംബസ്നേഹവുമുള്ള ഒരു സ്ത്രീപോലും അങ്ങനെ പോകുമെന്നു കരുതാനാവില്ല... ആയിരത്തിലോ ലക്ഷത്തിലോ ഒരുവൾ പ്രവാസി ഭാര്യമാർക്ക് ഒരു കളങ്കമായെങ്കിൽ എന്തുചെയ്യാനാവും..

റഷീദ് അൻവറിനേയും ഫസലിനേയും ആലിംഗനം ചെയ്തു.. ജിഷ്ണുവിന് ഷേക്ക്ഹാന്റ് നൽകി. എയർപോർട്ടിനകത്തേയ്ക്ക് പോയി. ബോഡിംഗ് പാസ് എടുത്തശേഷം പുറത്തേയ്ക്ക് നോക്കി കൈകാണിച്ചു... ഫ്ലൈറ്റ് 9 മണിയ്ക്കാണ്.. അതു പോയതിനു ശേഷം പോകാമെന്നവർ തീരുമാനിച്ചു.

വിസിറ്റിംഗ് ഏരിയായിലേയ്ക്ക് കയറാനുള്ള ടിക്കറ്റെടുത്തു.. ഫസലും അൻവറും അവിടേയ്ക്ക് കയറി സീറ്റുപിടിച്ചു... ഫ്ലൈറ്റ് പോകുന്നത് ഇവിടെ നിന്നാൽ നന്നായി കാണാം. ഫസലിനും അതൊരു പുതിയ അനുഭവമായിരുന്നു. ഗൾഫ്കാരായ കുട്ടികളുടെ വാപ്പമാർ പോകുമ്പോഴും വരുമ്പോഴും എയർപോർട്ടിൽ പോയി ഇതുപോലെ ഫ്ലൈറ്റ് കാണുന്ന കാര്യം വന്നു പറയാറുണ്ട്. അന്നൊക്കെ അത്ഭുതമായിരുന്നു കേട്ടിരിക്കാൽ ഇപ്പോൾ അവനും ഒരവസരം കൈവന്നിരിക്കുന്നു. അവൻ ചുറ്റുപാടുമൊന്ന് കണ്ണോടിച്ചു. ദൂരെ പരിചയമുള്ള ഒരു മുഖം കണ്ടു.. അദ്ദേഹം അവനെ കൈകാട്ടി വിളിച്ചു. അവൻ അൻവറിനോട് അനുവാദം വാങ്ങി അങ്ങോട്ടു നടന്നു.. അൻവർ തൊട്ടു പിന്നാലെ പോയി... 

“നീയെന്താ മോനേ ഇവിടെ...“

“എന്റെ മാമാ ഇന്ന് ഗൾഫിലേയ്ക്ക് തിരികെപോകുന്നു അങ്ങനെ വന്നതാ...“

“നിന്നെ പിന്നെ അങ്ങോട്ടൊന്നും കണ്ടില്ലല്ലോ..“

“സമയം കിട്ടിയില്ല.. കുറച്ചു തിരക്കിലായിരുന്നു. ഞാൻ വരാം..“

അൻവറും അവരുടെ അടുത്തെത്തി... 

“മാമാ ഇതാണ് ഞാൻ പറഞ്ഞ സ്റ്റീഫൻ  അങ്കിൾ.. ഹോസ്‍പിറ്റലിൽ ജോലിചെയ്യുന്ന.“

“ഓ... എനിക്കറിയാം.. ഇവൻ എല്ലാം എന്നോട് പറഞ്ഞിട്ടുണ്ട്.“

സ്റ്റീഫൻ ഫസലിനെയൊന്നു നോക്കി.. അവൻ തലകുലുക്കി.

“എന്താ ഇവിടെ..?“

“എന്റെ മോൾ നഴ്സായിരുന്നല്ലോ.. അവൾക്ക് സൗദിയിൽ ഒരു ഹോസ്പിറ്റലിൽ ജോലി ലഭിച്ചു.. അവളെ യാത്രയാക്കാൻ വന്നതാ...“

“ടീച്ചർ വന്നില്ലേ...“

“ഇല്ല.. വീട്ടിൽവച്ചുതന്നെ വലിയ കരച്ചിലും നിലവിളിയുമായിരുന്നു. മകളെ പിരിയുന്നതിലുള്ള വിഷമം.. ഞാൻ നിർബന്ധിച്ചില്ല.. സഹോദരിമാർ രണ്ടുപേരുമുണ്ട്...“

“അവൻ അടുത്തടുത്ത കസേരകളിൽ ദുഖിച്ചിരിക്കുന്ന സഹോദരിമാരെ കണ്ടു ചിരിച്ചു.. അവരുടെ മുഖത്ത് ഒട്ടും സന്തോഷമില്ല. കൂടപ്പിറപ്പ് കുടുംബംനോക്കാൻ വിദേശത്തുപോകുന്നു.. അതിന്റെ ദുഖമായിരിക്കും..“

“വിട്ടുപിരിയുമ്പോൾ വിഷമം കാണും.. പക്ഷേ നല്ല ഒരു നാളേയ്ക്ക് വേണ്ടിയല്ലേ അവർ പോകുന്നത്.. സൗദിയിൽ എവിടെയാണ്.“

“അവൾ റിയാദിലെ പ്രിൻസ് സൽമാൻ എന്ന ഹോസിപിറ്റലിലേയ്ക്കാണ് പോകുന്നത്.. അവർക്ക് അഞ്ചോളം ബ്രാഞ്ചുകൾ സൗദിയിലുണ്ട്.“

“എനിക്കറിയാം... അത് വലിയ ആശുപത്രിയാണ്... റിയാദിലെ ... ആശുപത്രിയുടെ അടുത്താണ് റഷീദിക്കയുടെ ബേക്കറി... നേരത്തേ നമ്മൾ തമ്മിൽ കണ്ടില്ലല്ലോ... അല്ലായിരുന്നേൽ പരിചയപ്പെടാമായിരുന്നു. മകൾ വിളിക്കുമ്പോൾ പറഞ്ഞാൽ മതി. അൽ ജസീറ ബേക്കറി എന്നാണ് സ്ഥാപനത്തിന്റെ പേര്... ഇപ്പോൾ 4 ബ്രാഞ്ചുകളുണ്ടതിന്... അവളേട് പറഞ്ഞ് റഷീദിക്കയെ  ബന്ധപ്പെടാൻ പറയണം.  ഞാൻ ഇന്നുതന്നെ റഷീദ്ക്ക വിളിക്കുമ്പോൾ പറയാം..“

അൻവർ മകളുടെ പേരും ഹോസ്പിറ്റലിന്റെ ഡീറ്റൈൽസും എഴുതിയെടുത്തു... സ്റ്റീഫന് തെല്ലൊരാശ്വാസമായി... എന്തായാലും പരിചയമില്ലാത്ത സ്ഥലത്ത് ഒരു പരിചയക്കാരനെ കിട്ടിയല്ലോ... ഏതൊരച്ഛന്റെയും മനസ്സിലെ നീറ്റലാണ് പെൺമക്കൾ.. പ്രത്യേകിച്ച് വീടും നാടും വിട്ടുപോകുമ്പോൾ നെഞ്ചുരുകുന്നത് മറ്റാരും കാണില്ല.. ചിരിച്ച മുഖത്തോടെ എല്ലാവരുടേയും മുന്നിൽ സന്തോഷത്തോടെ നിൽക്കുന്ന അച്ഛന്റെ മനസ്സിലെ ദുഃഖം അറിയാൻ സ്വന്തം ഭാര്യക്കുപോലുമാവില്ല.. ഇവിടെ അറിയാവുന്ന ഒരാളുണ്ടെന്നറിഞ്ഞപ്പോൾ അദ്ദേഹത്തിന്റെ മുഖത്തെ സന്തോഷം കാണേണ്ടതുതന്നെയായിരുന്നു. 

ഫ്ലൈറ്റ് അനൗൺസ് ചെയ്തു... യാത്രക്കാരെ ഫ്ലൈറ്റിനടുത്തുവരെ കൊണ്ടുപോകുന്നതിനുള്ള ബസ്സ് കാത്തുനിൽക്കുന്നത് ഗാലറിയിൽ നിന്നു കാണാമായിരുന്നു. അതിനിടയിൽ റഷീദിനേയും സ്റ്റീഫന്റെമകളേയും കാണാനായി.. അവർ അടുത്തടുത്താണ് നിന്നിരുന്നത്. പക്ഷേ അവർക്ക് പരസ്പരം അറിയില്ലല്ലോ.. ഇവിടെനിന്നു വിളിച്ചാൽ കേൾക്കാമായിരുന്നെങ്കിൽ വിളിച്ചു പറയാമായിരുന്നു.. കട്ടിയുള്ള കണ്ണാടിക്കൂട്ടിലാണ് തങ്ങൾ നിൽക്കുന്നത്. പണ്ട് എയർപോർട്ടിൽ ഇങ്ങനെയൊക്കെയായിരുന്നു. ഇന്നത്തെപ്പോലെ ഫ്ലൈറ്റ് വന്നിറങ്ങി നടന്ന് പുറത്തിറങ്ങുന്ന ടെക്നോളജി വന്നിട്ടില്ലായിരുന്നു. എയർപോർട്ടിന്റെ കവാടത്തിനടുത്തു സ്ഥാപിച്ചിരിക്കുന്ന ഫ്ലാറ്റ്ഫാം ഫ്ലൈറ്റിന്റെ ഡോറിനടുത്തുത്ത് ഫിക്സ് ചെയ്ത് യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്യുന്ന രീതി ഒട്ടു മിക്ക എയർപോർട്ടുകളിലും ഇന്നായിക്കഴിഞ്ഞു.

ബസ്സ് എത്തിയപ്പോൾ അവർ ഗാലറിയിലേയ്ക്ക് നോക്കി കൈകാട്ടി.. അപ്പുറത്തു നിൽക്കുന്നവർക്ക് തങ്ങളുടെ ബന്ധുക്കളെ കണ്ണാടി ഫ്രൈമിലൂടെ കാണാൻ കഴിയുമോയെന്നുള്ളത് അവരോട് ചോദിച്ചാലേ അറിയാവൂ.. എന്റെ അനുഭവത്തിൽ തിരിച്ചറിയാൻ പ്രയാസമാണ്. കാരണം എല്ലാവരും തിങ്ങിക്കൂടി നിൽക്കുകയായിരിക്കും. ഗാലറികളി‍ൽ ആവശ്യത്ത് പ്രകാശവും കാണില്ല.. പക്ഷേ തങ്ങൾക്ക് അവിടെ നിൽക്കുന്നവരെ തിരിച്ചറിയുകയും ചെയ്യാം.

ബസ്സിൽ നിറയെ യാത്രക്കാര‍രേയും കയറ്റി ബസ്സ് ഫ്ലൈറ്റിനടുത്തേയ്ക്ക് നീങ്ങി. അവിടെ ഇറങ്ങിയ യാത്രക്കാർ ഓരോരുത്തരായി ഫ്ലൈറ്റിന്റെ ഗോവണികയറി അകത്തേയ്ക്ക്. റഷീദ് ബസ്സിൽ നിന്നിറങ്ങിയിട്ടു അകത്ത് കയറിയിട്ടും കൈകാണിച്ചു. സ്റ്റീഫന്റെ മകളും ടാറ്റാ കാണിച്ച്  അകത്തേയ്ക്ക് കയറി.. അൽപ സമയത്തിനകം ചലിക്കുന്ന ഗോവണി അവിടെനിന്നും മാറ്റി.. ഫ്ലൈറ്റ് പോകാനുള്ള സിഗ്നൽ ലഭിച്ചു... സാവധാനം ഫ്ലൈറ്റ് റൺവേയിലേയ്ക്ക്.... അത്ഭുതത്തോടെ ഫസൽ അതെല്ലാം നോക്കിനിന്നു. എന്നെങ്കിലും തനിക്കും ഇതിൽ കയറാനുള്ള ഭാഗ്യമുണ്ടാവും... സ്റ്റീഫൻ  അങ്കിളിന്റെ മകൾക്ക് ഇതിൽ കയറാനുള്ള ഭാഗ്യം ലഭിച്ചില്ലേ അതുപോലെ തനിക്കും ലഭിക്കുമായിരിക്കും. അവൻ സമാധാനപ്പെട്ടു.

ഫ്‌ളൈറ്റ്  സാവധാനം റൺവേയിലൂടെ ഓടി... അപ്പോഴും പലരും ഗാലറിയിൽ നിന്നും ടാറ്റാകാണിച്ചുകൊണ്ടിരുന്നു. പെട്ടെന്ന് സ്പീഡിഡെടുത്ത് റൺവേയിലൂടെ അതിവേഗം പാഞ്ഞു... ഞൊടിയിടയിൽ ഫ്ലൈറ്റ് നിലം വിട്ട് വായുവിലേയ്ക്ക്.. നിമിഷങ്ങൾക്കകം അത് മേഘപാളികളിലൂടെ ഊളിയിട്ടുപാഞ്ഞു.. അവിടെ കാത്തുനിന്ന എല്ലാവരുടെയും മുഖത്ത് ദുഃഖവും സന്തോഷവും നിഴലിക്കുന്നത് കാണാമായിരുന്നു. പ്രതീക്ഷയുടെ സന്തോഷവും വിരഹത്തന്റെ വേദനയും.. സ്റ്റീഫൻ അൻവറിന് ഷേക്ക് ഹാന്റ് കൊടുത്ത് പിരിഞ്ഞു. അദ്ദേഹം കരഞ്ഞു കലങ്ങിയ കണ്ണുമായി നിൽക്കുന്ന മക്കളേയും കൂട്ടി പുറത്തേയ്ക്ക്.. അവർ പരസ്പരം യാത്രപറഞ്ഞിറങ്ങി... ഇനിയും കാണാമെന്ന ഉറപ്പോടെ ഫസലും. ആ തിരക്കിനിടയിൽ സ്റ്റീഫൻ ഫസലിനോട് മറ്റുകാര്യങ്ങളൊന്നും ചോദിച്ചുമില്ല.. അതെല്ലാം മറക്കാൻ ശ്രമിച്ച ഫസൽ ആ കാര്യം അറിയാനും ആഗ്രഹിച്ചില്ലെന്നതാണ് സത്യം. അവർ പാർക്കിംഗ് ഗ്രൗണ്ടിലെത്തി ജിഷ്ണു കാറിൽ ഇരുന്നുറങ്ങുകയായിരുന്നു. പാവം അതിരാവിലെ എത്തിയതാണ്.. കൂടാതെ ആറുമണിക്കൂറോളം ഡ്രൈവും.. ക്ഷീണം കാണും.. അവർ കാറിൽ കയറി... ജിഷ്ണു മുഖം കഴുകി ഫ്രഷായിവന്നു...

“ജിഷ്ണു നമുക്ക് വല്ലതും കഴിച്ചിട്ടുപോകാം.“

“ഇക്കാ ഒരു രണ്ടു കിലോമീറ്റർ യാത്രചെയ്താൽ ഒരു നല്ല ഹോട്ടലുണ്ടവിടെ നല്ല അപ്പവും ബീഫും കിട്ടും.. അല്ലെങ്കിൽ മുട്ടക്കറി.. വളരെ ഫേമസാ..“

“ശരി എന്നാൽ നമുക്കവിടേക്ക് പോകാം..“

അവർ എയർപോർട്ടിൽ നിന്നും പുറത്തുകടന്നു. ജിഷ്ണു പറഞ്ഞതുപോലെ ആ ഹോട്ടലിനു മുന്നിൽ വണ്ടി നിർത്തി.. അവിടെയും നല്ല തിരക്കുണ്ടായിരുന്നു. പുറത്ത് കസേരയും മേശയും നിരത്തിയിട്ടുണ്ടായിരുന്നു. അവർ കൈകഴുകി അവിടെയിരുന്നു. എല്ലാവരും അപ്പവും ബീഫും ഓർഡർ ചെയ്തു. ഇവിടുത്തെ ഇറച്ചി വളരെ ഫേമസാണെന്നാണ് എല്ലാവരും പറയുന്നത് ഉച്ചയ്ക്ക് നല്ല മട്ടൻ ബിരിയാണി... ഇതൊക്കെ കൊണ്ടായിരിക്കാം എയർപോർട്ടിലേയ്ക്ക് വന്നുപോകുന്നവർ ഇവിടെക്കയറി ഭക്ഷണം കഴിക്കുന്നത്.

ഭക്ഷണം കഴിച്ച് കൈകഴുകി പൈസയും കൊടുത്ത് അവർ യാത്ര ആരംഭിച്ചു. പോകുന്നവഴിക്ക് അങ്കമാലിയിൽ  വണ്ടി നിർത്തി. അൻവറിന് കുറച്ച് ഡ്രൈസ്സും മറ്റും വാങ്ങാനുണ്ടായിരുന്നു. നാളെ അമ്മായിയുടെ അടുത്തേയ്ക്ക് പോകണം അവിടെ ഓഫീസിൽ കുറച്ച് സ്റ്റൈലായൊക്കെ പോകേണ്ടതല്ലേ. രണ്ടുമൂന്നു ഷർട്ടും പാന്റ്സുമൊക്കെ വാങ്ങാം.

അവർ അങ്കമാലിയിലെ പ്രശസ്തമായ പൂത്തൂരാൻസ് ടെക്സ്റ്റൈൽസിൽ കയറി.. വാങ്ങിയ കൂട്ടത്തിൽ ഫസലിന് ഒരുജോഡി ഡ്രസ് വാങ്ങി.. റഷീദന്റെ കുഞ്ഞിന് കുറച്ച് കുഞ്ഞുടുപ്പുകൾ. സഫിയയ്ക്കും ഉമ്മയ്ക്കും, അഫ്സയ്ക്കും നാദിറയ്ക്കും ഓരോ സാരിവീതം വാങ്ങി.. വാപ്പയ്ക്ക മുണ്ടും ഒരു കൈയ്യുള്ള ബനിയനും വാങ്ങി... അവിടെനിന്നു ഇറങ്ങി തൊട്ടപ്പുറത്തെ കടയിൽ നിന്ന് തന്നെ ഒരു നല്ല മുത്തുകൾ കോർത്ത അറബിയിൽ കൊത്തിയ മുത്തുകളുള്ള ഒരു മാലയും വാങ്ങി.. ബാപ്പയുടെ കൈയ്യിലുള്ള ജപമാല പഴയതായിരിക്കുന്നു പുതിയതൊന്നു വാങ്ങിക്കണമെന്നു വിചാരിച്ചിട്ട് കുറച്ചു നാളുകളായി.. എന്തായാലും കൈയ്യിൽ പൈസ വന്നത് ഇപ്പോഴാണല്ലോ... പുരയിടം വിറ്റ് കടം തീർത്തതിന്റെ ബാക്കി.. അതിൽനിന്നും കുറച്ചെടുത്താണ് ഇന്നിങ്ങോട്ട് വന്നത്.. അത് കൂടാതെ റഷീദ്ക്ക  50,000 രൂപയും തന്നിരുന്നു.. വാപ്പാന്റെകാര്യത്തിൽ എന്തേലും അത്യാവശ്യമുണ്ടായാൽ പൈസയ്ക്ക് വേറേ ഓടേണ്ട ആവശ്യമില്ലല്ലോ...

ഫസലിന് ഡ്രസ്സ് നന്നായി ഇഷ്ടപ്പെട്ടു... അവർ തിരികെ വണ്ടിയിൽ കയറി.. രാവില ഉണർന്നതിനാലാവാം ഫസലും അൻവറും ചെറു മയക്കത്തിലേയ്ക്ക് വഴുതി വീണു. ചെറിയ ശബ്ദത്തിൽ വണ്ടിയുടെ സംഗീതം അപ്പോഴും ചെവികളിലേയ്ക്ക് ഒഴുകിവന്നുകൊണ്ടിരുന്നു. ജിഷ്ണു  അവർ ഉറങ്ങുന്നത് മനസ്സിലാക്കി സ്പീഡ് കുറച്ചാണ് വാഹനം ഓടിച്ചിരുന്നത്. രണ്ടുപേരും സീറ്റ്ബൽട്ട് ഇട്ടിട്ടുണ്ടായിരുന്നു. എന്തെങ്കിലും കാരണവശാൽ പെട്ടെന്ന് ബ്രേക്ക് ചെയ്യേണ്ടിവന്നാലോ... അവർ പകുതി ദൂരം പിന്നിട്ടുകഴിഞ്ഞു. ഇപ്പോഴുള്ള യാത്രയനുസരിച്ച് ഏകദേശം 2 മണിയോടുകൂടി അവർ നാട്ടിലെത്തിച്ചേരും.. ഇടയ്ക്കിടയ്ക്ക് അൻവർ ഉണർന്ന് എവിടെയെത്തി എന്ന്ജിഷ്ണുവിനോട് ചോദിച്ചിരുന്നു. അൻവർ തിരിഞ്ഞ് പിറകിലത്തെ സീറ്റിൽ സുഖമായി ഉറങ്ങുന്ന ഫസലിനേയും നോക്കുന്നുണ്ടായിരുന്നു.

പാവം... എന്തു നിഷ്കളങ്കനായ കുട്ടിയാണവൻ... ഒരു പക്ഷേ സ്റ്റീഫനെ കണ്ടപ്പോൾ അവന് പഴയ കാര്യങ്ങളൊക്കെ ഓർമ്മവന്നിരിക്കാം... ആ ദുഃഖവും അവന്റെ മനസ്സിൽ കാണുമായിരിക്കുമല്ലോ... ഉമ്മയുടെ മനസ്സ് വേദനിക്കാതിരിക്കാൻ അവൻ വേദനകളെല്ലാം സ്വയം ഉള്ളിലൊതുക്കി ജീവിക്കുന്നു. എന്നെങ്കിലുമൊരിക്കൽ അവനത് പറയേണ്ടിവരില്ലേ...? അല്ലെങ്കിൽ തനിക്കത് പറയേണ്ടി വരില്ലേ...? എല്ലാറ്റിനുമുള്ള പരിഹാരം പടച്ചോൻ കാണിച്ചുതരുമായിരിക്കും.

അവരുടെ വാഹനം ഹൈവേ വിട്ടു നാടൻ പാതയിലൂടെ യാത്രയാരംഭിച്ചു. നമ്മുടെ റോഡല്ലേ.. കുണ്ടും കുഴിയുമൊക്കെ കാണും... രണ്ടാളും അപ്പോഴേയ്ക്കും ഉണർന്നിരുന്നു.. ഫസൽ ചുറ്റുപാടും നോക്കിയിരിക്കുകയായിരുന്നു. ഇടയ്ക്കിടയ്ക്ക് ജിഷ്ണുവിന്റെ ഡ്രൈവിംഗും.... തനിക്കും ഇതുപോലെ ഡ്രൈവ് ചെയ്യണം. ഇപ്പോൾ തനിക്ക് പതിനാറ് വയസ്സായി. ലൈസൻസ് വേണമെങ്കിൽ 18 വയസ്സ് പൂർത്തിയാകണം. ലൈസൻസ് എടുത്തിട്ട് വേണം ഉമ്മയേയും കൂട്ടി ഈ വഴിയിലൂടെ ഒന്നു യാത്രചെയ്യാൻ, ഉമ്മ മാത്രം വരുമോ.. വേണ്ട.. എല്ലാരേയും കൂട്ടാം... അവന്റെ ചിന്തകൾ കാടുകയറിക്കൊണ്ടിരുന്നു. പ്രതീക്ഷയുടെ കാട്, മോഹത്തിന്റെ കാട്.

ആ വാഹനം വളവ് തിരിഞ്ഞ് അവരുടെ വീടിനു മുന്നിൽ നിന്നു. ഫസൽ ഇറങ്ങിവന്ന് ഗേറ്റ് തുറന്നു.. വീട്ടിൽ എല്ലാവരും ഉമ്മറത്തു തന്നെയുണ്ടായിരുന്നു. എന്തായെന്നുള്ള ജിജ്ഞാസ ...

“എന്താ അൻവറേ ലേറ്റായത്..“

“ഇല്ല വാപ്പാ.. സമയത്തുതന്നെ ഞങ്ങളവിടെ എത്തി.. തിരിച്ചും.. നമ്മുടെ റോഡല്ലേ.. ഒരു ലിമിറ്റഡ് സ്പീഡിന് മുകളിൽ പോകാനാവില്ലല്ലോ...“

ശരിയാണ്.“

ജിഷ്ണു വണ്ടി പാർക്ക് ചെയ്ത്.. പുറത്തിറങ്ങി താക്കോൽ ഹമീദിനെ ഏൽപിച്ചു.

“ജിഷ്ണു .. ഊണിന് സമയമായി കഴിച്ചിട്ടു പോകാം..“

“വേണ്ട മുതലാളി..“

“മുതലാളിയോ.. ആരാ നിന്റെ മുതലാളി..“

“അത്... “

“വേണ്ട നീ എന്നെ പേരുവിളിക്കുക.. അല്ലെങ്കിൽ ഹമീദിക്കാന്ന്.. അതും ബുദ്ധിമുട്ടാണെങ്കിൽ എന്നെ എന്തുവേണേലും വിളിച്ചോ...“

ജിഷ്ണു ചമ്മൽ പുറത്തു കാണിക്കാതെ വീടിനടുത്തേയ്ക്ക് കയറി...

“ജിഷ്ണു .. നീയിപ്പോൾ നമ്മുടെ കുടുംബത്തിലെ ഒരാളെപ്പോലെയാണ്.. ഇവിടുന്നു ഇത്തിരി ഭക്ഷണം കഴിച്ചാലെന്താ... പിന്നെ... ഞങ്ങളെപ്പോലുള്ളവരുടെ വീട്ടിൽനിന്നും ഭക്ഷണം കഴിക്കില്ലായെന്നുണ്ടോ..“

“ഇല്ല ഹമീദിക്കാ... അങ്ങനെ ധരിക്കരുതേ... മനുഷ്യരെല്ലാം ഒന്നാണെന്നാ എന്നെ എന്റെ അച്ഛൻ പഠിപ്പിച്ചിരിക്കുന്നത്.... ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്.. മതമേതായാലും മനുഷ്യൻ നന്നായാൽ മതി..“

ശരിയാണ്. ഒരുകാലത്ത് ഹിന്ദുക്കളും മുസ്ലീങ്ങളും എന്തു സ്നേഹത്തിലാണ് അവിടെ കഴിഞ്ഞുകൂടിയത്.. ചില തല്പരകക്ഷികൾ കാണിച്ച കൊള്ളരുതായ്മയുടെ ഫലമായി തങ്ങൾക്കും കുടുംബത്തിനും അവിടം വിടേണ്ടിവന്നിട്ടുണ്ട്... ഇനിയൊരിക്കലും നമ്മുടെ ഇന്ത്യയിൽ ഇങ്ങനെയുള്ള ജാതിയുടെയും മതത്തിന്റെയും പേരിലുള്ള കലാപം ഉണ്ടാവാതിരിക്കാൻ പ്രാർത്ഥിക്കാം.

നമ്മുടേത് ഒരു മതേതര ഇന്ത്യയാണ്. ഇവിടെ മുസൽമാനും ഹിന്ദുവും ക്രിസ്ത്യനും സിക്കും എല്ലാം ഒരുപോലെ സ്നേഹത്തോടെ കഴിഞ്ഞുകൂടുന്ന രാജ്യമാണ്. വ്യത്യസ്തതയുടെ കൂടിച്ചേരലാണ് ഇന്ത്യ... അതാണ് ഇന്ത്യയുടെ സൗന്ദര്യം.. അവിടെ വർഗ്ഗീയക്കാടിറക്കി വിഭജിക്കാൻ നോക്കിയവരൊക്കെ സ്വയം ഇല്ലാതായിട്ടേയുള്ളൂ. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനുവേണ്ടി പടപൊരുതിയപ്പോൾ മുസ്ലീമെന്നോ ഹിന്ദുവെന്നോ ക്രിസ്ത്യനെന്നോ ഇല്ലായിരുന്നു. ഒരു ലക്ഷ്യം മാത്രം ഭാരതത്തെ സ്വതന്ത്രമാക്കുക... എല്ലാവരും സഹോദരങ്ങളായിരുന്നു. എല്ലാവരും പരസ്പരം സഹവർത്തിത്തത്തോടെ ബ്രിട്ടീഷുകാരായ ശത്രുക്കളോടേറ്റുമുട്ടി... മതം നോക്കാതെ എത്രയോ ഇല്ലങ്ങൾ അന്യജാതിക്കാർക്കായി തുറന്നുകൊടുത്തിരുന്നു. എത്രയോ അമ്പലങ്ങൾ സംരക്ഷണം നൽകിയിട്ടുണ്ട്. എത്രയോ പള്ളികളിൽ അന്തിയുറങ്ങിയിട്ടുണ്ട്... 

അങ്ങനെ സ്വാതന്ത്ര്യം നേടിയെടുത്ത രാജ്യമാണ് ഇന്ത്യ.. മതത്തിന്റെ പേരിൽ ഇന്ത്യാവിഭജനം നടന്നപ്പോൾ മതേതരരാഷ്ടമായി ഇന്ത്യയെ നിലനിർത്തിയത് അന്നത്തെ ഭരണാധികാരികളുടെ ദീർഘവീക്ഷണമായിരുന്നു. ഒരിക്കലും മതത്തിന്റെ പേരിൽ ചോര ചീന്തരുതെന്ന പ്രതിജ്ഞയുമുണ്ടായിരുന്നു. പക്ഷേ... കാലം മാറുന്നതനുസരിച്ച് പലരിലും മാറ്റങ്ങൾ വന്നുകൊണ്ടിരിക്കുന്നു... ഇവിടെ ജനിച്ചു വളർന്നവർ എല്ലാവരും ഇന്ത്യാക്കാരാണ്... അതിൽ മുസ്ലീമുണ്ടാവാം.. ക്രിസ്ത്യനുണ്ടാവാം.. ഹിന്ദുവുണ്ടാവാം... വൈവിധ്യങ്ങളുടേതാണ് ഇന്ത്യ... അവിടെയാണ് ഒരു രാജ്യത്തിന്റെ ഐക്യം കുടികൊള്ളുന്നത്.. ഇപ്പോഴുള്ള പ്രശ്നങ്ങളെല്ലാം മാറി ഒരു നല്ല നാളേയ്ക്കു വേണ്ടി കാത്തിരിക്കാം..
 

ജയ് ഹിന്ദ്...
 
 
  തുടർന്നു വായിക്കുക അടുത്ത ഞായറാഴ്ച്ച  05 01 2020


ഷംസുദ്ധീൻ തോപ്പിൽ 29 12 2019
 
 
 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ