12.1.19

നിഴൽ വീണ വഴികൾ - ഭാഗം 4

ന്ന് ഹമീദിന്റെ വീട്ടിൽ ഒരുപാട് ആളുകളുണ്ട്. അയൽവാസികളെല്ലാം പണിക്കുപോവാതെ ഹമീദിന്റെ വീട്ടിലേക്ക് വരികയാണ്. ഹമീദിന്റെ വീട്ടിൽ ഒരു യാത്രയയപ്പിന്റെ പ്രതീതി. വീടിന്റെ അകത്തുനിന്നും ഇടയ്ക്ക് ഇടയ്ക്ക് കരച്ചിൽ പുറത്തേക്കു കേൾക്കാം. ഹംസയും സഫിയയും കുഞ്ഞും ഇന്ന് മലബാറിലേക്ക് പോവുകയാണ്. ഹംസയുടെ നാട്ടിലേക്ക്. അവിടെ ഹംസയുടെ കുടുംബാംഗങ്ങൾ ഉണ്ടുപോലും. അവൻ ഇടയ്ക്കിടയ്ക്ക് പണി സ്ഥലത്ത് നിന്നും നീണ്ട ലീവ് എടുത്തു പോയിരുന്നത് ഇപ്പോഴാണ് എല്ലാവർക്കും മനസ്സിലായത്. സഫിയയെ വിവാഹം കഴിക്കുന്നതിനു മുൻപും ഹംസയോടു പലരും ചോദിച്ചതാണ് നിന്റെ കുടുംബാംഗങ്ങളൊക്കെ എവിടെ? അന്ന് ഹംസയുടെ മറുപടി എനിക്കാരുമില്ലാ ഞാൻ അനാഥനാണെന്നാണ്.

അടുത്ത വീട്ടുകാർ ഹംസയോടു പറഞ്ഞു. ''നിനക്കും സഫിയക്കും നല്ല ജോലി ഉണ്ട്. അതുകളഞ്ഞ് നിങ്ങൾ പോവണ്ട ജോലിയിൽ നിന്ന് വിരമിക്കുമ്പോൾ നിങ്ങൾക്ക് നല്ല ഒരു തുക കിട്ടില്ലേ. [തോട്ടം തൊഴിലാളികൾക്ക് അവർ ജോലിയിൽ നിന്നും വിരമിക്കുന്ന സമയത്ത് നല്ല ഒരു തുക കിട്ടും സർവീസ് വാങ്ങുക എന്നാണ് പറയുക ]. തൊഴിലാളികൾക്ക് അവരുടെ വേതനത്തിൽ നിന്നും പിടിക്കുന്ന നിശ്ചിത തുകയുടെ സ്വരൂപണമാണ് അത്. തൊഴിലാളികളുടെ ഏകസമ്പാദ്യം. അന്നാന്ന് കിട്ടുന്നത് ചിലവായി പോയാലും സ്ഥിരം തൊഴിലാളികൾക്ക് കിട്ടുന്ന സർവ്വീസ് വാങ്ങുക എന്ന് പറഞ്ഞ ഈ  പണം പലപ്പോഴും തൊഴിലാളികൾക്ക് ഉപകാരപ്രദമാണ്.) അതിനുശേഷം നിങ്ങൾക്ക് എവിടെക്കാണെന്നു വെച്ചാ പോയിക്കൂടെ''. ഹംസയ്ക്ക് ഒറ്റ വാശിയായിരുന്നു പോവണം. പോയെ തീരു. ''എന്നാ ഹംസേ നീ പോയിക്കോ സഫിയയും മോനും ഇവിടെ നിന്നോട്ടെ'' ഹംസയ്ക്ക് വാശി ഒന്നൂടെ കൂടി അവൻ പറഞ്ഞു ''ഞാൻ പോയാ ഇനി ഇങ്ങോട്ടില്ല. മോന് ബാപ്പ വേണ്ടെങ്കിൽ സഫിയാനെയും മോനെയും ഇവിടെ നിർത്തിക്കോളീ...'' ദേഷ്യത്തോടെ അവൻ മുഖം തിരിച്ചു.

ഹമീദ് ധർമ്മസങ്കടത്തിലായി താൻ എത്ര പിടിച്ചു നിർത്തിയാലും ഹംസ പോവും. പിന്നെ വിവാഹം കഴിഞ്ഞ പെൺമക്കളെ തനിക്കു കിട്ടില്ലല്ലോ. ഭർത്താവ് എങ്ങോട്ടാണോ പോവുന്നത് അങ്ങോട്ട് വിട്ടല്ലേ പറ്റൂ. അല്ലെങ്കിൽ അവരുടെ  ഭാവി. സ്നേഹസമ്പന്നനായ ആ പിതൃഹൃദയം തേങ്ങി. മനമില്ലാ മനസ്സോടെ അവരെ പോവാൻ അനുവദിച്ചു. ഹമീദും സൈനബയും സഫിയയോടു പറഞ്ഞു. ''നീ ഇപ്പോ സർവ്വീസ് വാങ്ങണ്ട അത് നിങ്ങൾക്ക് കാലാവധി കഴിഞ്ഞു വാങ്ങാം. മോന്റെ പേരിൽ അങ്ങനെയെങ്കിലും ഒരു സമ്പാദ്യം ഇവിടെ ഉണ്ടായിക്കോട്ടെ''. ''ഉമ്മാ ഞാൻ എന്ത് ചെയ്യാനാ അതാണ് എനിക്കും ഇഷ്ടം. പക്ഷെ ഹംസക്ക സമ്മതിക്കണ്ടേ. അതുകിട്ടിയേ പറ്റൂ. അതില്ലാതെ നീ എന്റെ കൂടെ പോരണ്ടാന്നാ പറഞ്ഞത്. നാട്ടിൽ ചെന്നിട്ടു പുതിയൊരു വീട് വെക്കാനാന്നാ പറഞ്ഞത്''. സഫിയയും ഹംസയും പോവാനുള്ള തയ്യാറെടുപ്പിലാണ്. അപ്പോഴാണ് സഫിയ മോനെ തിരഞ്ഞത്. ''ഉമ്മാ ഫസവെലവിടെ? അവനെ കാണാനില്ലല്ലോ?''. അപ്പോഴാണ് എല്ലാവരും ഫസലിനെ ശ്രദ്ധിക്കുന്നത്. അവനുവേണ്ടി തിരച്ചിൽ തുടങ്ങി ഹമീദിന്റെ നെഞ്ചൊന്നു പിടച്ചു. ''മോനെവിടെ പോയി. മോനേ... മോനേ...''

ആരോ വീടിന്റെ പിന്നിൽ നിന്ന് വിളിച്ചുപറഞ്ഞു ''ഹമീദ്ക്കാ...... ഫസലിതാ കാപ്പിമരത്തിന്റെ മുകളിൽ...”. എല്ലാവരും അങ്ങോട്ട് ചെന്നു. സഫിയ വിളിച്ചു. ''ഇറങ്ങിവാ മോനേ. ഞമ്മക്ക് പോണ്ടെ''. ''ഞാനില്ല. ങ്ങള് പൊയ്ക്കോ. ന്റെ വലിയുപ്പാനെം വലിയുമ്മാനെം വിട്ട് ഞാനെവിടെക്കുമില്ല''. കരച്ചിലിനിടയിൽ ഫസൽ തേങ്ങി തേങ്ങി പറഞ്ഞു. ഹമീദിന്റെയും സൈനബയുടെയും അവിടെ കൂടി നിന്നവരുടേയും മറ്റും കണ്ണുകൾ ഈറനണിഞ്ഞു. അത്രയ്ക്ക് ഹൃദയസ്പർശിയായിരുന്നു ആ രംഗം. സ്നേഹസമ്പന്നരായ വലിയുപ്പാനെയും വലിയുമ്മാനെയും വിട്ട് പോവാൻ ആ പിഞ്ച്കുഞ്ഞിന് കഴിയുന്നില്ല. ചെറുപ്പംമുതലേ അവരുടെ ലാളനയിലാണല്ലൊ ഫസൽ വളർന്നത്. വാശികൊണ്ട്  കഠിനഹൃദയനായ ഹംസക്ക് ദേശ്യം പിടിച്ചു. ''മര്യാദയ്ക്ക് താഴെ ഇറങ്ങുന്നതാ അനക്ക് നല്ലത്. ഞാനങ്ങോട്ട്  കയറിയാ അന്റെ ചന്തീന്റ തോല് ഞാൻ പൊളിക്കും”. “വേണ്ട ഹംസെ ഓനെ ഞാനിറക്കിത്തരാം.” “മോനെ മോൻ താഴെ ഇറങ്ങ്. വലിയുപ്പ അന്നെ ആർക്കും കൊടുക്കില്ല. പോവും മാണ്ട” ഹമീദ് വാൽസല്യത്തോടെ പറഞ്ഞു. താഴെ ഇറങ്ങിയ ഫസലിനെ അനുനയിപ്പിച്ച് ഒരു വിധം ഹമീദ് വീട്ടിൽകൊണ്ടുവന്നു. അയൽക്കാരെയും വീട്ടുകാരെയും വേദനിപ്പിച്ച് നിഷ്കളങ്കനായ ആ പിഞ്ച്കുഞ്ഞ് സഫിയയുടെയും ഹംസയുടെയും കൂടെ യാത്രയായി. താനിത് വരെ കാണാത്ത മലബാറിലേക്ക്.

ഹമീദിന്റെ ഓര്മ്മകള് വര്ഷങ്ങള്ക്കു പിന്നിലേക്ക് പോയി. താൻ ബദ്ക്കൽ  വന്നിട്ട് വർഷങ്ങൾ പലത് കഴിഞ്ഞു. ഇന്നിതാ താനും തന്റെ കുടുംബവും ചോരനീരാക്കി അദ്ധ്വാനിച്ച വീടുംപുരയിടവും നല്ലൊരു ജോലിയും കളഞ്ഞ് എന്നെന്നേക്കുമായി ഈ നാട്ടിൽനിന്ന് പോവേണ്ടിവന്നിരിക്കുന്നു . വർഷങ്ങളോളമുള്ള തന്റെ പ്രയത്‌നം എല്ലാം... എല്ലാം... വെറുതെയായി ഹമീദിന്കണ്ണുനീർ നിയന്ത്രണാതീതമായി   . കണ്ണിൽ കാണുന്ന മുസ്ലിം വീടുകളൊക്കെ കത്തിക്കുകയാണ്. ഇന്ന് രാത്രി ഏതായാലും പാർക്കാനൊരിടം കണ്ടെത്തണം. ''കേരളാതിർത്തിയായ ചപ്രയിൽ ആക്രമികളില്ലെന്നാ പറഞ്ഞ്കേൾക്കണത് അവിടെ മുസ്ലിംങ്ങൾ കൂടുതൽ ഉള്ള പ്രദേശമാണ്. ഇനി എന്ത്? എങ്ങോട്ട്? പടച്ചറമ്പേ നീയാണ് തുണ''.

ഹമീദിന്റെ വീടിന് കുറച്ചപ്പുറത്തെ ബോബെക്കാര് മാർവാടികളുടെ തേയിലത്തോട്ടത്തിലെ തമിഴര് ഹമീദിനോട് പറഞ്ഞു. ''ഹമീദ്ക്കാ.... ഇന്നേതായാലും ജീവൻ പണയം വെച്ച് മക്കളെയും പെണ്ണുങ്ങളെയും കൊണ്ട് എങ്ങും പോവണ്ട. ഞങ്ങടെകൂടെ പാടിയിൽ താമസിക്കാം. അങ്ങോട്ട് ആരും വരില്ല. കാണുന്ന മുസ്ലിം വീടുകളും ആരാധനാലയങ്ങളും ബദുക്കൾ  കത്തിക്കുകയാണ്. പുലർച്ചെ ശെൽവത്തിന്റെ വണ്ടിയിൽ ചപ്രയിൽ കൊണ്ടാക്കാം. ബദുക്കൾ കുടിച്ച് ലക്ക്കെട്ട് ഉറങ്ങുന്ന സമയമാണപ്പോൾ''. ഹമീദിന്റെ കണ്ണുകൾ നിറഞ്ഞ് പോയി. പടച്ചവനെ നീ ഞങ്ങളെ കാത്തല്ലൊ. അഗാധമായ കൊക്കയിലേക്ക് പതിക്കാൻ പോവുന്ന ഒരാൾ മരണ വെപ്രാളത്തിൽ ഒരു പിടിവള്ളി പരതുമ്പോൾ രക്ഷപ്പെടാനുള്ള കൈതാങ്ങ് ലഭിക്കുമ്പോഴുള്ള അവന്റെ അവസ്ഥ എന്തായിരിക്കും. അതേ അവസ്ഥയായിരുന്നു ഹമീദിന് അപ്പോൾ. മാപ്ലമാർക്ക്[മുസ്ലിങ്ങൾക്ക്] അഭയം നൽകിയെന്ന് പിറ്റേന്ന് ബദുക്കളറിഞ്ഞാൽ എന്താവും സ്ഥിതി. അതുപോലും ചിന്തിക്കാതെ തനിക്കും കുടംബത്തിനും ഇതാ സഹായവുമായി തമിഴർ. ''പടച്ചറബ്ബേ.... ഞങ്ങളെയും അവരെയും കാക്കണേ.....''

വേദനയോടെ ഹമീദ് വീട്ടിൽ നിന്ന് ഇറങ്ങുകയാണ് വീടൊന്ന് പരതി കയ്യിൽ കിട്ടിയ വീട്ടുസാധനങ്ങളെല്ലാം എടുത്തു. അടുക്കളവാതിൽ  ഒന്ന് വലിച്ച് നോക്കി. കുറച്ച് ഇളകി നിന്നതുകൊണ്ട് അത് അടർന്നുവീണു. തന്റെ ബദുക്കലെ  ജീവിത ശേഷിപ്പാവട്ടെ എന്നുകരുതി അതെടുത്ത് ലോറിയിൽ കയറ്റി. ഹമീദിന് സഹിക്കാൻ കഴിഞ്ഞില്ല തന്റെ ഇത്രയും കാലത്തെ അധ്വാനം  കൊണ്ട് ഉണ്ടാക്കിയ വീട് ഉപേക്ഷിച്ച് പോവുക അത് താങ്ങാവുന്നതിലും അപ്പുറമായിരിന്നു പക്ഷെ എന്ത് ചെയ്യാനാ പോയല്ലെ പറ്റൂ.

അർദ്ധരാത്രിയോടെ അയൽവാസികളുടെയും തമിഴരുടെയും സഹായത്തോടെ പാടിയിലെത്തി. കൂടെ ദാസനും. ''ദാസാ... വീട്ടിൽ പെണ്ണുങ്ങൾ ഒറ്റക്കല്ലെ , നീ പൊയ്ക്കൊ''. ''ഇല്ല ഹമീദ്ക്കാ ങ്ങെളെ ഒരഭയകേന്ദ്രത്തിലെത്തിച്ചാലെ എനിക്ക് ഉറങ്ങാൻ കഴിയൂ''. ''ദാസാ...'' ഹമീദ് ദാസനെ തന്നോട് ചേർത്ത് പിടിച്ചു. ''ഇതിന് മാത്രം എന്ത് നന്മയാടോ അനക്ക് ഞാന് ചെയ്തുത്തന്നത് ''. ''ഹമീദ്ക്കാ... ഇത്രയും കാലം ങ്ങളെ ഉപ്പു ചോറും തിന്ന ഞാൻ ഇപ്പൊഴല്ലാതെ എപ്പോഴാണ് സഹായിക്ക. ഇതിന്റെ പേരിൽ ബദുക്കളെന്നെ കൊല്ലാൻവന്നാൽ പോലും സന്തോഷത്തോടെ ഞാൻ തലനീട്ടികോടുക്കും...'' ഹമീദ് ഒന്നൂടെ ദാസനെ മാറോടമർത്തി സ്നേഹത്തിന്റെ തീവ്രത, അതിന്റെ ആഴം അവരിൽ കളങ്കമില്ലാതെ പ്രവഹിച്ചുകൊണ്ടിരുന്നു.

തമിഴരുടെ വീട്ടിൽ അന്ന് ആരും ഉറങ്ങിയില്ല. വലിയ ഒരു ചെമ്പിൽ വെള്ളം തിളപ്പിച്ച് കയ്യിൽകിട്ടിയ ആയുധവുമായി ഹമീദിനും കുടുംബത്തിനും അവർ കാവൽനിന്നു. ബദുക്കളുടെ എച്ചിൽ തിന്നുന്ന  ആരെങ്കിലും ഒറ്റ് കൊടുത്ത് ആക്രമികൾ ഇങ്ങോട്ട് വന്നാ തിളച്ച വെള്ളം അവരുടെ ദേഹത്ത് കോരിയൊഴിച്ചു ഹമീദിനെയും കുടുംബത്തെയും രക്ഷപ്പെടുത്താം . ഞങ്ങളെ ശവത്തിൽ ചവിട്ടിയല്ലാതെ ഹമീദക്കാനെം കുടുംബത്തിനെം വിട്ടുകൊടുക്കില്ലന്നവർ ഹൃദയത്തിലുറപ്പിച്ചു .....!

പുലർച്ചെ ചപ്രയിൽ പോവാനുള്ള ഒരുക്കത്തിലായിരുന്നു ഹമീദും കുടുംബവും. എങ്ങിനെയെങ്കിലും അവിടെവരെ എത്തിയാൽ തൽക്കാലം രക്ഷപ്പെട്ടു. അവിടെ ആരുടെയെങ്കിലും കൂടെ അന്തിയുറങ്ങാലൊ? ''വിധിയുണ്ടെങ്കിൽ നമുക്ക് ഇനിയും കാണാം... നിങ്ങൾ ചെയ്തതിന് ഒരുപാട് നന്ദിയുണ്ട്. പടച്ചോൻ ങ്ങളെ കൈവിടില്ല.'' ഹമീദ് തമിഴരോടായി പറഞ്ഞു. ''ഹമീദ്ക്കാ ങ്ങളെയും കുടുംബത്തെയും  സഹായിക്കാൻ കഴിഞ്ഞത് ഞങ്ങളൊരു പുണ്യമായിട്ടാ കാണുന്നത് . കൂടുതൽ ദിവസം നിങ്ങളെ  ഞങ്ങളെ കൂടെ നിർത്താൻ കഴിയുന്നില്ലന്നുള്ള വിഷമമേയുള്ളു. ആയ കാലത്ത് ഞങ്ങളെ നിങ്ങൾ കൈ അയഞ്ഞ് സഹായിച്ചിട്ടില്ലെ. ഞങ്ങളും കുടുംബവും  എത്ര തവണ പട്ടിണിയുടെ വക്കത്തെത്തിയ ഞങ്ങളെ കണ്ടറിഞ്ഞ് സഹായിച്ചതാ. ങ്ങള് ഞങ്ങളെ ദൈവാ... ദൈവം...”

ഹമീദിന് കണ്ണുനീർ നിയന്ത്രിക്കാൻ കഴിഞ്ഞില്ല. ആയകാലത്ത് മറ്റുള്ളവരെ സഹായിച്ചതിന് പടച്ചോൻ വിഷമഘട്ടത്തിൽ തന്നെ കൈവിട്ടില്ല. കൂടെ വരണ്ടന്ന് പറഞ്ഞിട്ടും ദാസനും രണ്ട്മൂന്ന് തമിഴരും കുടെ വന്നു. വഴിയിൽ വെച്ചെന്തെങ്കിലും സംഭവിച്ചാലോ....?  ഇരുട്ടിലുടെ ആ ലോറി അതിവേഗം കുതിച്ചു പാഞ്ഞു അതിലുപരി ഭയപ്പാടോടെ ഹമീദും കുടുംബവും....

തുടർന്നു വായിക്കുക അടുത്ത ഞായറാഴ്ച്ച - 20  01 2018


ഷംസുദ്ധീൻ തോപ്പിൽ

 13 01 2018



1 അഭിപ്രായം: