ഹമീദിന്റെ ശബ്ദം വീണ്ടും ഉയർന്നു. ആ ശബ്ദത്തിന് വല്ലാത്ത ദൃഢത. എന്തോ
സംഭവിച്ചു... താൻ അറിഞ്ഞുകൊണ്ട് ഒരു തെറ്റും ചെയ്തിട്ടില്ല... എന്തിനാണ്
ഉമ്മാനെ വിളിച്ചു വരുത്തിയത്...ഫസൽ തല കുമ്പിട്ടു നിന്നു... ഹമീദ്
അടുത്തെത്തി. കൈയ്യിൽ ചൂരൽ... അവന്റെ നിക്കറിന്റെ അറ്റം
കൂട്ടിപ്പിടിച്ചു...
“വാപ്പാ... അവനെ ഒന്നും... കണ്ഠ മിടറി കണ്ണുകൾ നിറഞ്ഞു തുളുമ്പി സഫിയയ്ക്ക് വാക്കുകൾ മുഴുമിപ്പിക്കാനായില്ല.....
പുറത്ത്
അതിശക്തമായ കാറ്റും, ഇടിയും മിന്നലും... അതിനേക്കാൾ ഉച്ചത്തിൽ ഹമീദ് അവനെ
ശാസിക്കുകയായിരുന്നു. സഫിയയുടെ വാക്കുകൾക്ക് അവിടെ യാതൊരു
പ്രസക്തിയുമുണ്ടായിരുന്നില്ല. തന്റെ പേരക്കുട്ടിയെ ഹമീദ് ആദ്യമായി
തല്ലുകയായിരുന്നു... വേദനയിൽ ഫസൽ പുളയുന്നു... ഹമീദിന്
ഭ്രാന്ത്പിടിച്ചതുമാതിരി ഫസലിനെ തലങ്ങും വിലങ്ങും തല്ലിക്കൊണ്ടിരിക്കുന്നു.
പെട്ടെന്നാണത് സംഭവിച്ചത്, അതിശക്തമായ കാറ്റിൽ മുൻവശത്തുണ്ടായിരുന്ന
മാവിന്റെ കൊമ്പ് ഒടിഞ്ഞ് താഴേയ്ക്ക് വീണത്. ഹമീദ് ഒന്നു ഞെട്ടി,
എല്ലാവ രും അങ്ങോട്ടേയ്ക്ക് നോക്കി. ഫസലിനെ പിടിച്ച പിടി സാവധാനം അയഞ്ഞു,
അവൻ കുതറിമാറി.. വീണ്ടും ഹമീദ് അടിക്കാൻ ആഞ്ഞു. ആ വീട്ടിൽനിന്നും
കൂട്ടക്കരച്ചിൽ ഉയർന്നു... വാപ്പാ ഇനി അടിക്കല്ലേ... അവനൊന്നും അറിയില്ല..
എന്തായാലും ഞാൻ അവനെ പറഞ്ഞു മനസ്സിലാക്കാം... അവൻ കുട്ടിയല്ലേ, സഫിയ
തേങ്ങലിനിടയിൽ പറഞ്ഞു... ഹമീദിന്റെ ശ്രദ്ധ ഒന്നുമാറിയപ്പോൾ ഭാര്യ
അദ്ദേഹത്തിന്റെ കൈയ്യിൽ നിന്നും ചൂരൽ പിടിച്ചുവാങ്ങി... വേണ്ട...
ഇത്രയൊക്കെമതി.... ഈ വീട്ടിലെ ആദ്യത്തെ പേരക്കുട്ടിയാ അവനെ ഇങ്ങനെ
തല്ലണോ.... മതി.. മതി...
ഹമീദിന്റെ ദേഷ്യം ഒരല്പം
കെട്ടടങ്ങി, അദ്ദേഹം നിന്നു കിതക്കുകയായിരുന്നു.... ശരീരം നന്നായി
വിയർത്തിരിക്കുന്നു... ശ്വാസം എടുക്കാൻ ബുദ്ധിമുട്ടുന്നതുപോലെ. കണ്ണുകൾ
ചുവന്നിരിക്കുന്നു... അദ്ദേഹത്തിന്റെ ശരീരം കുഴയുന്നതുപോലെ തോന്നി...
ഭിത്തിയിൽ ചാരി പതുക്കെ താഴേയ്ക്ക് ഇരുന്നു... കണ്ണിൽ ഇരുട്ടു
കയറുന്നതുപോലെ...
എന്താ ഉപ്പാ എന്താ....., എന്താ
വാപ്പാ എന്താ.... എല്ലാരും ഓടിയെത്തി.. അദ്ദേഹത്തെ താങ്ങി പിടിച്ച്
കസേരയിലേയ്ക്ക് ഇരുത്തി... ആ മഴയത്തും ഹമീദ് വിയർക്കുന്നു... സഫിയാ കുറച്ചു
വെള്ളമെടുത്തേ..... സഫിയ വെള്ളയുമായി വന്നു. ഉമ്മ അതുവാങ്ങി ഹമീദിന്റെ
മുഖത്ത് ശക്തിയായി കുടഞ്ഞു... അദ്ദേഹം സ്വബോധത്തിലേയ്ക്ക് തിരിച്ചുവന്നു...
ചുറ്റുപാടുമൊന്നു നോക്കി... ഇല്ല അരുതാത്തതൊന്നും സംഭവിച്ചിട്ടില്ല...
തനിക്കിതെന്താണ് പറ്റിയത്... താൻ ഫസലിനെ വല്ലാതെ മർദ്ദിച്ചല്ലോ... തെറ്റ്
തെറ്റുതന്നെ.. പണ്ട് ശങ്കരൻമാഷ് അവനെ തല്ലിയപ്പോൾ ചോദിക്കാനിറങ്ങിതാണ്
താൻ.... എന്നിട്ടും..... സംഭവിക്കാൻ പാടില്ലാത്തതല്ലേ അവന്റെ
ഭാഗത്തുനിന്നുണ്ടായത്.
അദ്ദേഹം ഇൻഹേലർ ആവശ്യപ്പെട്ടു... സൈനബ അതുമായി വന്നു... ഇൻഹേൽ ചെയ്തു കഴിഞ്ഞപ്പോൾ ഹമീദിന് ഒരാശ്വാസം...
അപ്പോഴും
താൻ ചെയ്ത തെറ്റെന്താണെന്നറിയാതെ ഫസൽ വാവിട്ടു കരയുകയായിരുന്നു. ദേഹമാസകലം
മർദ്ദനത്താൽ തണർത്തിരിക്കുന്നു... അവൻ സാവധാനം തടവി നോക്കി... ശരീരത്തിൽ
പലയിടത്തും വല്ലാത്ത നീറ്റൽ.. അവൻ സ്വയം ചോദിച്ചുകൊണ്ടിരുന്നു.. എന്തിനാണ്
ഉപ്പാ എന്നെ തല്ലിയത്...
സഫിയ പതുക്കെ അവന്റെ
അടുത്തെത്തി.... അവന്റെ തോളിൽ തട്ടി... അവൻ നിയന്ത്രണം വിട്ടു ഉമ്മാനെ
കെട്ടിപ്പിടിച്ചു.... മാതൃസ്നേഹത്താൽ എല്ലാം മറന്നവൾ പെട്ടിക്കരഞ്ഞു...
അവനും സഹിക്കാവുന്നതിലുമപ്പുറമായിരുന്നത് ... അതു കണ്ടുനിന്ന എല്ലാവരുടേയും കണ്ണുകൾ ഈറനണിയിക്കുന്നതായിരുന്നു.
പുറത്ത്
ഇടിയും മിന്നലും ശമിച്ചിരിക്കുന്നു.. നിശ്ശബ്ദത... ആരും പരസ്പരം
സംസാരിക്കുന്നില്ല... ഇടയ്കികടയ്ക്ക് ഫസലിന്റെ തേങ്ങൽ, സഫിയ തേങ്ങൽ
ഉള്ളിലൊതുക്കാൻ ശ്രമിക്കുന്നു.... ഹമീദ് ചാരുകസാരയിൽ മലർന്നു
കിടക്കുന്നു.... സൈനബ അദ്ദേഹത്തെ പരിചരിക്കുന്നു.... അദ്ദേഹത്തിന്
നേരിയതോതിൽ ശ്വാസവിമ്മിഷ്ടം അനുഭവപ്പെടുന്നുണ്ടായിരുന്നു. ആ നിശ്ശബ്ദതയിൽ
അത് ഉയർന്നു കേട്ടിരുന്നു.
എന്നിട്ടും ഹമീദിന്
ദേഷ്യമടക്കാനാകുന്നില്ല. എന്നാലും ഫസലിൽ നിന്ന് ഇതൊന്നും
പ്രതീക്ഷിച്ചതല്ലല്ലോ... തന്റെ പേരക്കുട്ടി... താൻ്‍ ഓമനിച്ചു
വളർത്തിയവൻ... എന്തെല്ലാം പ്രതീക്ഷയായിരുന്നു അവനെക്കൊണ്ട്. അവനിൽ നിന്ന്
ഇങ്ങനെയൊന്നുണ്ടായാൽ ആരായാലും....
പുറത്തു
ശാന്തമായ അന്തരീക്ഷം ഒടിഞ്ഞുവീണ മാവിൻകൊമ്പ് അയലത്തെ വീട്ടിലെ കോയ വന്ന്
വെട്ടി മാറ്റി. മുറ്റം വൃത്തിയാക്കി. ഹമീദ് ആ കിടപ്പിൽ തന്നെ
കിടക്കുകയായിരുന്നു.
കോയ ചോദിച്ചു. “ഹമീദിയ്ക്ക ങ്ങള് കഷ്ടിച്ച് രക്ഷപ്പെട്ടെന്ന് പറഞ്ഞാമതി, ദിവസവും ഇതിന്റെ മൂട്ടിലെ കല്ലിലല്ലേ ഇളം വെയിൽ കൊള്ളാൻ വന്നിരിയ്ക്കാറ്.
“അതേ കോയ... പടച്ചോൻ അല്പം ആയൂസ്സ് നീട്ടിത്തന്നതായിരിക്കും. ഇതെല്ലാം കാണാനും കേൾക്കാനുമുള്ള ശക്തികൂടി പടച്ചോൻ തരട്ടേ...
കോയയക്ക് ഹമീദ് പറഞ്ഞതൊന്നും മനസ്സിലായില്ല... കോയ യാത്രപറഞ്ഞ് പിരിഞ്ഞു.
അന്ന്
രാത്രി ആരും നേരേ ചൊവ്വേ ഭക്ഷണം കഴിച്ചിരുന്നില്ല. അൻവറിന്റെ ഭാര്യ
മുഖംവീർപ്പിച്ചു നടന്നു... ആരോടും ഒന്നും മിണ്ടുന്നില്ല... ഫസലിന്റെ
മുഖത്തുപോലും നോക്കുന്നില്ല... ഫസൽ തീർച്ചയാക്കി... തനിക്കെതിരേ മാമി എന്തോ
ഉപ്പാനോടു പറഞ്ഞു ഫലിപ്പിച്ചിരിക്കുന്നു... താൻ ഉപ്പാനോടു അൻവറിയ്ക്ക
കാശയയ്ക്കാത്ത കാര്യം പറയുമെന്നു പറഞ്ഞതിന് വാശിതീർത്തിരിക്കുന്നു. അവൻ
എല്ലാം ഉമ്മയോട് പറയാൻ തീരുമാനിച്ചു. സഫിയ അവന് ഭക്ഷണം വിളമ്പി.. ശരീരത്തിൽ
പലഭാഗത്തും നിറ്റലുണ്ടായിരുന്നതിനാൽ വിശപ്പൊന്നും അവന് അനുഭവപ്പെട്ടില്ല..
സഫിയ ചോറ് അവന് നിർബ്ബന്ധിച്ച് വാരിക്കൊടുത്തു...
അവന്
കിടക്കാനുള്ള പായ വിരിച്ചിട്ട് സഫിയ അവനെ വിളിച്ചു. അവൻ സാവധാനം
അകത്തേയ്ക്ക് പോയി. അടികൊണ്ട് തണർത്തഭാഗങ്ങളിൽ സഫിയ വെളിച്ചെണ്ണ
ചെറുചൂടാക്കി തേച്ചുകൊടുത്തു... വിളക്കണച്ചു അവർ ഉറങ്ങാൻ കിടന്നു. അവൻ
ഉമ്മയോട് ചേർന്നു കിടന്നു. എത്രയോ നാളുകൾക്ക് ശേഷമാണ് തനിക്ക് ഉമ്മയെ ഇത്ര
അടുത്തു കിട്ടുന്നത്... സഫിയ അവന്റെ തലമുടിയിൽ മെല്ലെ തലോടി... ആ
സ്നേഹത്തോടെയുള്ള തലോടലിൽ അവൻ എല്ലാവേദനയും മറന്നു... അവൾ സാവധാനം അവനോട്
ചോദിച്ചു.
“മോനേ മിനിഞ്ഞാന്ന് രാത്രിയിൽ എന്താ ഇവിടെ സംഭവിച്ചത്... “
“ഉമ്മാ.. അത്... ഞാനെങ്ങനാ പറയാ ..“
“മോൻ പറഞ്ഞോ... എനിക്കറിയാം നീ തെറ്റൊന്നും ചെയ്യില്ലെന്ന്. എനിക്ക് എന്റെ മോനെ വിശ്വാസമാ.“
“അതു
ഉമ്മാ ആ ദിവസം നല്ല ഇടിയും മഴയുമായിരുന്നു. ഉമ്മയ്ക്കറിയാല്ലോ അമ്മായിക്ക്
ഇടി ഭയങ്കര പേടിയാണെന്ന് . അവർ കട്ടിലിലേ കിടക്കൂ അതുകാരണം അവരുടെ റൂമിൽ
എന്നെ കൂട്ടുകിടക്കാൻ വിളിച്ചു. ഞാൻ പോയില്ല.. ഉപ്പയെക്കൊണ്ട്
പറയിപ്പിച്ചിട്ടാണ് ഞാൻ അവരുടെ റൂമിൽ പോയത്... അവർ കട്ടിലിലും ഞാൻ താഴെ
പായയിലുമായിരുന്നു കിടന്നത്. രാത്രിയിൽ എപ്പോഴോ മാമി ചാടിയെഴുന്നേറ്റ് എന്നെ
തട്ടിയുണർത്തി എന്നിട്ട് പറഞ്ഞു ഞാൻ അവരുടെ മാക്സിയുടെ ബട്ടൺ അഴിച്ചെന്നും
അവരെ ഉമ്മവച്ചെന്നും... ഇപ്പോതന്നെ ഉപ്പാനെവിളിച്ചു പറയുമെന്നും പറഞ്ഞ്
ബഹളമുണ്ടാക്കി... ഞാൻ പറഞ്ഞു അമ്മായി ഞാനൊന്നും ചെയ്തില്ല എന്ന്,
പടച്ചോനാണെ സത്യം ഞാൻ അവരെ ഒന്നും ചെയ്തിട്ടില്ല, എനിക്ക് ചെറിയ പനിയും
തലവേദനയുമുണ്ടായിരുന്നതിനാൽ നല്ല ഉറക്കവുമായിരുന്നു.
“എനിക്കറിയാം
മോനേ... നീ അവരെ കാണുന്നത് നിന്റെ ഉമ്മയുടെ സ്ഥാനത്താണെന്ന്... അവർക്ക്
മക്കളില്ലാത്തതല്ലേ അതുകൊണ്ടു നിന്നോട് ഒരു വാത്സല്യവുമുണ്ടല്ലോ...
“അതേ ഉമ്മാ.. പക്ഷേങ്കി... ഇങ്ങനൊക്കെ പറയാമോ....“
“എന്നിട്ട് പിന്നെ എന്താ ഉണ്ടായേ...“
“അവർ
ഉപ്പാനെ വിളിക്കാൻ പുറത്തിറങ്ങി... എന്നിട്ട് തിരിച്ചു കയറി എന്നെ
ഭീഷണിപ്പെടുത്തി.. നീ ഇതോർത്തുവച്ചോ ഞാനിത്ഉപ്പയോട് പറയുമെന്നും, ഉപ്പ നിന്നെയും ഉമ്മയേയും ഇവിടെനിന്നും അടിച്ചിറക്കുമെന്നും പറഞ്ഞു. അങ്ങനെ ചെയ്യോ
ഉമ്മാ. ഉപ്പ നമ്മളെ പുറത്തക്കോ പുറത്താക്കിയാ നമ്മൾ എവിടെ പോകും ഉമ്മാ എവിടെ പോകും ഭയം കൊണ്ട് ഫസൽ ഉമ്മയുടെ മാറോട് ഒന്നൂടെ ഒട്ടിക്കിടന്നു നിറഞ്ഞു തുളുമ്പിയ കണ്ണുകൾതുടച്ചുകൊണ്ടവൻ പതിയെ പറഞ്ഞു അതിനുശേഷം എന്നെ അവർ പുറത്താക്കി കതകടച്ചു“.
ഉമ്മയുടെ മാതൃഹൃദയം തേങ്ങി “ഇല്ല മോനെ... “ ഒരിക്കലും ഇല്ലാ ...
“അതേ ഉമ്മാ ഞാൻ കരുതി അവര് എന്നെ കളിപ്പിക്കുന്നതായിരിക്കുമെന്ന്...
കഴിഞ്ഞ ആഴ്ച്ച നാദിറ മാമി എന്നോട് പറഞ്ഞു അൻവർമാമ സ്വന്തമായി കട തുടങ്ങിയെന്നും
അമ്മായിക്ക് മാല അയച്ചുകൊടുത്തിട്ടുണ്ടെന്നും അതാണ് പൈസാ
അയയ്ക്കാത്തതെന്നും... അതുകേട്ട് ഞാൻ പറഞ്ഞു ഞാനിത് ഉപ്പായോട് പറയുമെന്ന്.
അന്ന് തുടങ്ങിയതാ അവർക്കെന്നോട് കലി... പക്ഷേ ഞാൻ ഉപ്പയോട് പറഞ്ഞില്ല.
ഉപ്പയ്ക്ക് വിഷമമാവില്ലേ.“
സഫിയയ്ക്ക് കാര്യങ്ങൾ
ഏകദേശം ബോധ്യപ്പെട്ടു തുടങ്ങി. തന്റെ മകന്റെമേൽ അവൾ കുറ്റം
അടിച്ചേൽപ്പിച്ചതാണ്. അൻവറിന് നല്ലജോലിയാണെന്നറിയാം മനപ്പൂർവ്വം പൈസാ
അയയ്ക്കാത്തതാണ്. അവൻ സ്വാർത്ഥനായിരുന്നില്ല നാദിറ അവനെ പറഞ്ഞ്
മാറ്റിയതായിരിക്കും. പണമുള്ള വീട്ടിലെ പെണ്ണല്ലേ... എന്തു വിചാരിച്ചാലും
അവൾക്കത് നടത്താനറിയാം. എന്തായാലും ഇക്കാര്യങ്ങൾ സഫിയ ബാപ്പയോട് പറയാൻ
തീരുമാനിച്ചു. പാവം ഇക്കാര്യങ്ങൾ അറിഞ്ഞാൻ ആകെ തകർന്നുപോവും.
അവൻ വീണ്ടും ഉമ്മയുടെ കൈയ്യിൽ തട്ടിയിട്ടു പറഞ്ഞു..
“ഉമ്മ
ഇന്നലെ എളേമ്മ എന്നെ കണ്ടപ്പോ പറഞ്ഞ് ഞാൻ ആവശ്യമില്ലാത്ത ബുക്കൊക്കെ
വായിക്കുന്നെന്ന്... എല്ലാരും കുശുകുശുക്കുന്നുണ്ടായിരുന്നു.
എനിക്കിതൊന്നും മനസ്സിലായില്ലുമ്മ... എല്ലാരും എന്നെ തെറ്റിദ്ധരിച്ചു,
ഉപ്പാക്ക് എന്നെ അറീല്ലേ.... പിന്നെന്തിനാ എന്നെ തല്ലീത്... “
“എനിക്കറിയാം
മോനത് ചെയ്തിട്ടില്ലെന്ന്. അതിന് മാത്രമൊന്നും എന്റെ മോൻ വളർന്നിട്ടില്ല. ഈ
കള്ളം പറയണതിന് ഓക്ക് പടച്ചോൻ കൊടുത്തോളും.....“
സഫിയ
ഓർക്കുകയായിരുന്നു... തന്നെ സീനത്ത് വിളിച്ചുവരുത്തിയതാണ്... ഇവിടെ
എത്തിയതിനുശേഷമാണ് താനെല്ലാം അറിഞ്ഞത്.. അവളാണ് കാര്യങ്ങളൊക്കെ പറഞ്ഞത്.
അൻവറിന്റെ ഭാര്യയോട് ചോദിക്കാൻ ചെന്നപ്പോൾ അവൾ തന്നോട് സംസാരിക്കാൻ
തയ്യാറായില്ല. ഇവിടുത്തെ പ്രശ്നങ്ങൽ വൈകിട്ടാണ് വാപ്പ അറിഞ്ഞത് അതാണ് ഫസൽ
എത്തിയ ഉടൻ വാപ്പയുടെ നിയന്ത്രണം വിട്ടുള്ള പെരുമാറ്റം ഉണ്ടായത്. പറയണം
വാപ്പയോട് നടന്നതെന്തെന്ന് ഇല്ലെങ്കിൽ എന്റെ മോനെ എല്ലാരും കാണുന്നത് വേറേ
രീതിയിലായിരിക്കും. പാടില്ല അവന്റെ ഭാവിയെ ബാധിക്കുന്നതൊന്നും ചെയ്യാൻ
പാടില്ല... എന്റെ സാഹചര്യം ഇങ്ങനെയായിപ്പോയി അല്ലായിരുന്നെങ്കിൽ അവനേയും
കൂടെ കൂട്ടാമായിരുന്നു. ഇപ്പോഴാണ് ഉമ്മയായ തന്റെ സാമീപ്യം അവന് ആവശ്യം...
ഫസൽ
ക്ഷീണവും വേദനയും കൊണ്ട് പെട്ടെന്ന് ഉറങ്ങി... സഫിയ അവനെ എല്ലാം പറഞ്ഞ്
ബോധ്യപ്പെടുത്തിയിരുന്നു. ഒരു കാര്യം സഫിയ തീരുമാനിച്ചിരുന്നു ഇവിടുത്തെ
അവസ്ഥ മോശമാണെങ്കിൽ അവനേയും തന്റെകൂടെ കൂട്ടണം. പുറത്ത് വാപ്പയുടെ
നിർത്താതെയുള്ള ചുമ... അവൾ എഴുന്നേറ്റിരുന്നു. റൂമിനു സമീപത്തേയ്ക്ക്
നടന്നുവരുന്നതുപോലെ അവൾക്ക് തോന്നി. അവൾ എഴുന്നേറ്റു പുറത്തേയ്ക്ക് വന്നു.
അതേ ഹമീദായിരുന്നു അത്. അവൾ അദ്ദേഹത്തോട് ചോദിച്ചു.
“എന്താ വാപ്പാ എന്തേലും വല്ലായ്മ.“
“ഇല്ല
മോളേ... ഒന്നുമില്ല.. അവൻ ഉറങ്ങിയോ... വേണ്ടായിരുന്നു ഇന്നുവരെ ഞാനെന്റെ
കുഞ്ഞിനെ തല്ലിയിട്ടില്ല. ആദ്യായിട്ടാ... എനിക്ക് ഉറങ്ങാനാവുന്നില്ല...
വല്ലാത്തൊരുവിഷമം.. ഇല്ല അവനതൊന്നും ചെയ്തു കാണില്ല...“ അതും പറഞ്ഞ് വാപ്പ
കിടക്കാനായി പോയി. വാപ്പയ്ക്ക് നല്ല വിഷമമുണ്ടെന്ന് തോന്നുന്നു. ഇപ്പോൾ അതൊന്നും പറയണ്ട, എല്ലാരും കേൾക്കും നാളെ സമയം നോക്കി പറയാം.
സഫിയ അടുത്ത
ദിവസം രാവിലെ ഉണർന്നു... തലേദിവസത്തെ കാര്യങ്ങൾ എല്ലാരും മറന്നപോലെ...
ഫസലിന് അത് മറക്കാനായില്ല കാരണം ശരീരം മുഴുവൻ വല്ലാത്ത വേദന. ചെറിയ
പനിയുമുണ്ടെന്നു തോന്നുന്നു. അമ്മയി തൊട്ടടുത്തുകൂടി പോയി അവന്റെ
മുഖത്തുപോലും നോക്കിയില്ല. അവനെല്ലാം ബോധ്യപ്പെട്ടിരുന്നു തന്നോടുള്ള പക
അവർ തീർത്തിരിക്കുന്നു. അവരുടെ മുഖത്ത് ഒരു വിജയഭാവം, പരിഹാസം... അമ്മായി
സീനത്തമ്മായിയേയും കൂട്ടി പുറത്തെന്തോ കാര്യത്തിനായി പോകുന്നതുകണ്ടു.
കിട്ടിയ സമയംകൊണ്ട് സഫിയ എല്ലാം വാപ്പയോട് പറഞ്ഞു. ആ മനുഷ്യന് അത് താങ്ങാനാവുന്നതിലുമപ്പുറമായിരുന്നു.
മരുമക്കളെ സ്വന്തം മക്കളെപ്പോലെയാണാമനുഷ്യൻ കണ്ടിരുന്നത്.. എന്നിട്ടും
ഇങ്ങനെയൊക്കെ തന്നെ തെറ്റിദ്ധരിപ്പിക്കാമോ... ഹമീദിന് കാര്യങ്ങളെല്ലാം വളരെ
വ്യക്തമായി മനസ്സിലായി... തന്റെ ഇളയമകൻ അൻവർ തന്നെ ചതിക്കുകയാണോ എന്ന
തോന്നൽ. സാമ്പത്തികാവസ്ഥ വളരെ മോശമായിവരുന്നു.... മരുമക്കൾ രണ്ടുപേരും
വീട്ടിലുണ്ട്... ചിലവ് വളരെ കൂടുതലുമാണ്. എങ്ങനെയാണ് ഇനി
മുന്നോട്ടുപോവുക... സാമ്പത്തികപ്രശ്നംകൊണ്ട് ആശുപത്രിയിൽ പോയിട്ടു കുറച്ചു
നാളുകളുമായി. ഇനി ഡോക്ടർ തന്നെ വഴക്കുപറയും ഉറപ്പാ. സഫിയ
കൈയ്യിലുള്ളസമ്പാദ്യമെല്ലാം തന്നെ ഏൽപ്പിച്ചിരിക്കുന്നു ... അവളുടെ
പൈസാഎടുത്ത് ചിലവാക്കുന്നത് പാവമല്ലേ... അവൾക്കും ഒരു ജീവിതമൊക്കെ വേണ്ടേ.
ഫസലിന്
തന്നോട് ദേഷ്യമായിരിക്കും. കാളപെറ്റെന്നു കേട്ടപ്പോൾ കയറെടുത്തതുപോലെയായി.
കേട്ടതെല്ലാം വിശ്വസിച്ചു. അല്ല തന്നെ വിശ്വസിപ്പിച്ചു. ഭാര്യ തന്നോട്
പറഞ്ഞതാ ഇതൊന്നും അത്ര കാര്യാക്കണ്ടാന്ന്. പക്ഷേ മരുമോൾ തന്നോട്
പരാതിപറഞ്ഞപ്പോൾ തന്റെ നിയന്ത്രണം വിട്ടുപോയി.
“മോനേ ഫസലേ...“ അതേ തന്റെ ഉപ്പാ തന്നെ വിളിക്കുന്നു. അവൻ എല്ലാം മറന്ന് ഓടി അടുത്തുചെന്നു.
“ഇങ്ങടുത്തുവാ മോനോ...“
അവൻ അല്പം നീരസത്തോടെ മടിച്ചു മടിച്ചു ചോദിച്ചു..
“...വീണ്ടും... അടിക്കനാണോ ഉപ്പാ...“
“ഇല്ലടാ... തെറ്റു കാണിച്ചാ അടിക്കും... നീ തെറ്റുകാരനല്ലമോനെ... പോട്ടടാ... നീ കുളിച്ച് സ്കൂളിൽപോകാൻ നോക്ക്... വേദനയുണ്ടോ മോനേ...“
“ഇല്ലുപ്പാ... ഉമ്മ വെളിച്ചെണ്ണയിട്ടപ്പോ എല്ലാം മാറി..“
ഹമീദ് മകന്റെ തിണർത്ത പാടുകൾ നോക്കി. അദ്ദേഹത്തിന്റെ മനസ്സ് വിങ്ങുകയായിരുന്നു. വേണ്ടായിരുന്നു. പടച്ചോൻ അവന് നല്ലത് വരുത്തട്ടേ...
ദിവസങ്ങൾ
കടന്നുപോയി എല്ലാവരും പതിയെ പതിയെ എല്ലാം മറക്കാൻ തുടങ്ങി. മറവി
ഒരനുഗ്രഹമാണല്ലൊ. പക്ഷെ ഫസലത് മറന്നില്ല. അവന്റെ മനസ്സിൽ നാൾക്ക് നാൾ
അമ്മായിയോട് പകയും വിദ്വേഷവും കൂടിക്കൂടി വന്നു. അമ്മായി എല്ലാം മറന്നെന്ന
പോലെ അവനോട് അടുക്കാൻ തുടങ്ങി. അവനകലാനും..........
ഒരു
ദിവസം ഹമീദിന് പെട്ടെന്ന് ശ്വാസംമുട്ടലുണ്ടായി. കോഴിക്കോട്ടെ സിറ്റി
ചെസ്റ്റ് സ്പെഷ്യാലിറ്റി ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തു. ഡോക്ടർ അസദ് എല്ലാ
പരിശോധനകളും നടത്തി. പഴയ ഫയലുകൾ പരിശോധിച്ചു.
“ഹമീദ്
എന്താ ചെക്കപ്പിന് കൃത്യമായി വരാത്തത്. ഇങ്ങനെയാണെങ്കിൽ ഞങ്ങൾക്ക് നിങ്ങളുടെ
അസുഖം മാറ്റിയെടുക്കാൻ കഴിയുമെന്നു തോന്നുന്നില്ല... നിങ്ങളുടെ
അസുഖത്തിന്റെ സീര്യസ്നസ് ഇതുവരെ ബോധ്യപ്പെട്ടില്ലെന്നു തോന്നു. മക്കളൊന്നും
നാട്ടിലില്ലേ.. എന്താണ് പ്രശ്നം.“
ഹമീദിന്
ഒന്നും പറയാനായില്ല കൂടെയുള്ളവരും നിശ്ശബ്ധത പാലിച്ചു. മക്കൾ രണ്ടുപേരും
ഗൾഫിൽ മരുമക്കൾ വീട്ടിലും, ഉള്ളകാശ് ചിലവിനുപോലും തികയുന്നില്ല,
പിന്നെങ്ങനെ താൻ ഇവിടെ പരിശോധനയ്ക്ക് വരിക. പടച്ചോൻ കാക്കട്ടെ എന്നെ..
“എന്താണിത്ര പെട്ടന്ന് അസുഖം കൂടാൻ കാരണം“ ഡോക്ടർ ചോദിച്ചു.
ആശുപത്രിക്കിടക്കയിൽ
കിടന്നിട്ട് ഹമീദിന്റെ നെഞ്ചാളി. പടച്ചവനെ തനിക്കാണെങ്കിൽ ഇനി
അധ്വാനിക്കാനും കഴിയില്ല. ഏകപ്രതീക്ഷയായിരുന്നു മക്കൾ. റഷീദിനാണെങ്കി
പണിയൊന്നും ശരിയായിട്ടുമില്ല. അൻവറിന്റെ കാര്യം ഇങ്ങനെയുമായി. പടച്ചവനെ നീ
കാക്ക്..... കൂടുതലൊന്നും ആഗ്രഹമില്ല. മരിക്കുന്നതിന് മുമ്പ് അഞ്ച് സെന്റ്
സ്ഥലവും ചെറിയൊരു വീടും. കോർട്ടേഴ്സിൽ നിന്ന് എങ്ങിനെയെങ്കിലും ഒന്ന്
രക്ഷപ്പെടുത്തണേ റബ്ബേ......
രണ്ട്
ദിവസംചികിത്സയുടെ ഫലമായി ഹമീദിന് അൽപം ആശ്വാസം തോന്നി. ഡോക്ടറോട് പറഞ്ഞ്
വീട്ടിലേക്ക് കൊണ്ട് വന്നു. ദിവസങ്ങൾ വീണ്ടും നീങ്ങികൊണ്ടിരുന്നു.
അൻവറിന്റെ യാതൊരു വിവരവുമില്ല. ഒരു ദിവസം റഷീദിന്റെയും അൻവറിന്റെയും
ഭാര്യമാരെ വിളിച്ച് ഹമീദ് പറഞ്ഞു. ഞങ്ങൾ പട്ടിണികിടന്നാലും കുഴപ്പമില്ല
പക്ഷെ നിങ്ങൾ അങ്ങിനെയല്ലല്ലൊ അതുകൊണ്ട് അവര് പൈസ അയക്കുന്നത് വരെയെങ്കിലും
നിങ്ങൾ വീട്ടിൽ പോയി നിന്നോളി. ഇത് കേട്ട അൻവറിന്റെ ഭാര്യ നാദിറ ഹമീദിന്റെ
നേർക്ക് തട്ടിക്കയറി.
“ങ്ങൾക്ക് മകനെക്കാളും
വലുത് പൈസയാണല്ലേ? അൻവറിക്ക രണ്ട് മാസം പൈസ അയച്ചില്ലെന്ന് വെച്ച്
അപ്പോത്തിന് മനുഷ്യന് സമാധാനം പോയി. എന്റിക്ക കുടിക്കാനും തിന്നാനുമില്ലാതെ
അവിടെ കഷ്ടപ്പെടുന്നു. ഇനി ഞാനിവിടെ നിൽക്കണില്ല. അൻവറിക്ക ഇനി എന്നാ പൈസ
അയക്ക്ണ് അന്ന് വരാം. ഞാനെന്റെ ആങ്ങളയെ വിളിച്ച് വീട്ടിലേക്ക് പോകാം.“
ഹമീദ്
മനസ്സിൽപ്പോലും ചിന്തിക്കാത്ത കാര്യങ്ങൾ ഇവൾക്കിതെന്തുപറ്റി. ഹമീദും
തരിച്ചിരുന്ന് പോയി. ഇത് വരെ ഒരാളും തന്റെ മുമ്പിൽ ഇങ്ങിനെ നിന്ന്
സംസാരിക്കാൻ ഞാനിത് വരെ ഇടംകൊടുത്തിട്ടില്ല. പക്ഷെ ഇപ്പൊൾ തന്റെ
സുഹൃത്തിന്റെ മകൾ, മാത്രമോ തന്റെ മരുമകൾ. വീട്ടിലെ എല്ലാ അവസ്ഥയും
അവൾക്കറിയാം എന്നിട്ടും.
“മോളെ ഉപ്പ.....“
മുഴുമിപ്പിക്കാൻ അവൾ അനുവദിച്ചില്ല.
“മതി ഇനിയൊന്നും പറയണ്ട.“
നാദിറ ദേഷ്യത്തോടെ റൂമിലേക്ക് പോയി. ശക്തിയോടെ വാതിലടച്ചു.
“വാപ്പാ... പട്ടിണിയെങ്കിൽ പട്ടിണി. നമുക്ക് ഒരുമിച്ചനുഭവിക്കാം.“ റഷീദിന്റെ ഭാര്യ പറഞ്ഞു.
“മോളെ....ഞാൻ നിങ്ങളുടെ നല്ലതോർത്ത് പറഞ്ഞതാടി.“
“സാരമില്ലുപ്പാ ഉപ്പ വിഷമിക്കേണ്ട“. റഷീദിന്റെ ഭാര്യയുടെ വാക്കുകൾകേട്ട് ഹമീദിന്റെ കണ്ണുകൾ നിറഞ്ഞു.
പിറ്റേന്ന്
അൻവറിന്റെ ഭാര്യ അവളുടെ ആങ്ങളയെ വരുത്തി. അവൻ വലിയ ലോഹ്യമൊന്നും
കാട്ടിയില്ല.. അവൾ ഒരുവാക്കുപോലും തന്നോട് മിണ്ടാതെ ഇറങ്ങിപോയി.
ഹമീദ്
പലരീതിയിലും അവളെ സമാധാനപ്പെടുത്താൻ ശ്രമിച്ചിരുന്നു. പക്ഷേ അവൾ
വഴങ്ങിയില്ല. ഹമീദ് അവളോട് കെഞ്ചി പറഞ്ഞു നോക്കി. പക്ഷെ അവൾ നിന്നില്ല.
അവൾ ആങ്ങളയോടൊപ്പം ഇറങ്ങി നടന്നു. വീട്ടിലെത്തിയ പാടെ അൻവറിനെ വിളിച്ച്
എരിവും പുളിയും ചേർത്ത് പറഞ്ഞുകൊടുത്തു.
ഹമീദിന്
ചിലദിവസങ്ങളിൽ അസുഖത്തിന് നല്ല കുറവുണ്ടാകും. എന്നാലും ഹമീദ് കിടത്തം
തന്നെ. ചിന്തകൾ അദ്ദേഹത്തിനെ കീഴ്പ്പെടുത്താൻ തുടങ്ങി. താൻ കാരണമാണ് തന്റെ
മരുമകൾ വീട് ഇറങ്ങി പോയത്. പടച്ചവനെ അവരുടെ നൻമ്മക്ക് വേണ്ടി പറഞ്ഞതല്ലെ ഞാൻ.
അതിത്രയ്ക്ക്... തനിക്ക് പറയാൻ കണ്ട സമയം ഹമീദ് വേവലാതിയോടെ ഓർത്തു.
കയ്യീന്ന്
പോയ കല്ലും വായീന്ന് പോയ വാക്കും... ഇല്ല രണ്ടും തിരിച്ചെടുക്കാൻ
പറ്റില്ല... താൻ പറഞ്ഞത് അവർ തെറ്റായ രീതിയിൽ വ്യാഖ്യാനിച്ചിരിക്കുന്നു.
എന്താ ഇതിനൊരു പോംവഴി... പടച്ചോൻ എന്തായാലും ഒരുവഴി
കാണിച്ചുതരാതിരിക്കില്ല.
മഴയൊന്നു
മാറിനിൽക്കുന്നു. വെയിലിന് നല്ല ചൂടുമുണ്ട്. ഹമീദ് സാവധാനം
മുറ്റത്തേക്കിറങ്ങി. കോയ അവിടുണ്ടോന്നു നോക്കണം. കഴിഞ്ഞദിവസം ഒടിഞ്ഞുവീണ മാവിൻ കൊമ്പും ചുള്ളികളും അവനാണ് വെട്ടി മാറ്റി വൃത്തിയാക്കിയത്. അവന് ഒന്നും
കൊടുത്തതുമില്ല. പെട്ടെന്ന് സൈക്കിളിന്റെ ബല്ലടി ശബ്ദം കേട്ട് ഹമീദ് തിരിഞ്ഞു
നോക്കി... പോസ്റ്റുമാൻ ബാബു നിന്നു ചിരിക്കുന്നു.
“ഹമീദ്ക്ക ഒരു രജിസ്ട്രേഡ് പോസ്റ്റുണ്ട്...“
“ആർക്കാ ബാബു... “
“ഇക്കാക്കു തന്നെ.. ഇവിടടുത്ത് മറ്റാർക്കാ വിദേശത്തുനിന്നും രജിസ്ട്രേഡു കത്തുവരുന്നത്... റഷീദിന്റേതാ...
ഹമീദ്
കത്ത് ഒപ്പിട്ടു വാങ്ങി... അൻപത് രൂപ എടുത്തുകൊണ്ടുവരാൻ ഭാര്യയോടു പറഞ്ഞു.
ബാബു അത് നിരസ്സിച്ചു. ഹമീദ്ക്കാ നിങ്ങളെ അവസ്ഥയൊക്കെ ഞമ്മക്കറിയാം...
അറിഞ്ഞുകൊണ്ട് നിങ്ങളീന്ന് ഒന്നും വാങ്ങുന്നത് ശരിയല്ല... പൈസായൊക്കെ
വരട്ടെ എന്നിട്ട് കുടിശികയുൾപ്പടെ താന്നാൽ വാങ്ങി.. ബാബു ചിരിച്ചുകൊണ്ടു
സൈക്കിളിൽ കയറി അടുത്ത മേൽവിലാസക്കാരനെത്തേടി പോയി.
ഹമീദ് കവർപൊട്ടിച്ചു
നോക്കി, റഷീദിന്റെ കത്തും കൂടെ 2000 രൂപയുടെ ഡ്രാഫ്റ്റും. അതേ പടച്ചോൻ
തന്റെ വിളി കേട്ടിരിക്കുന്നു. അവന് ജോലികിട്ടിയതുകൊണ്ടാകും പൈസാ അയച്ചത്.
കത്ത് തുറന്നു വായിച്ചു. അദ്ദേഹത്തിന്റെ കണ്ണുകൾ ഈറനണിഞ്ഞു.
തുടർന്നു വായിക്കുക അടുത്ത ഞായറാഴ്ച്ച 31 03 2019
ഷംസുദ്ധീൻ തോപ്പിൽ 24 03 2019
ഷംസുദ്ധീൻ തോപ്പിൽ 24 03 2019
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ