29.2.20

നിഴൽവീണവഴികൾ - ഭാഗം - 63

ഫസൽ പഠിക്കാനായി മുകൾ നിലയിലെ അവന്റെ റൂമിലേക്ക് പോയി... അവൻ ജനലിലൂടെ പുറത്തേയ്ക്ക് നോക്കി... പച്ചപ്പുല്ലുകളാൽ സമൃദ്ധമായ പുരയിടങ്ങൽ... കുറച്ചകലെയായി കാണുന്ന ഭാരതപ്പുഴ... ഭാരതപ്പുഴ മെലിഞ്ഞു മെലിഞ്ഞ് ഇപ്പോഴൊരു നീരുറവമാത്രായി മാറിയിരിക്കുന്നു. അവൻ കുറച്ചുനേരം അവിടെ നിന്നു... വീണ്ടും മേശപ്പുറത്തിരിക്കുന്ന പഠിക്കാനുള്ള പുസ്തകത്തിലേയ്ക്ക് അവന്റെ ശ്രദ്ധയെത്തി... ലിസ്സി ടീച്ചർ കൊണ്ടുവന്ന ചോദ്യങ്ങളും ഉത്തരങ്ങളും വായിച്ചു പഠിക്കാമെന്നു കരുതി അവൻ കസേരയിലേക്ക് ചാഞ്ഞിരുന്നു .

കോളിംഗ് ബെല്ലിലെ ശബ്ദം കേട്ടാണ് അവൻ ഞെട്ടി ഉണർന്നത്... ക്ഷീണംകൊണ്ടായിരിക്കും ഉറങ്ങിപ്പോയി... ആരാന്നറിയാൻ അവൻ പതുക്കെ താഴേയ്ക്കിറങ്ങി.. അൻവർമാമ...

“ങ്ഹാ... മാമാ...“

“എന്തായി മോനേ പരീക്ഷയൊക്കെ...“

“തുടങ്ങിയില്ല... മറ്റന്നാളാ...“

“എല്ലാം പഠച്ചു കഴിഞ്ഞോ..

“ഉം..“

മാമ പോയിട്ട് ഇപ്പോൾ ഒരുമാസത്തിലധികമായിരിക്കുന്നു. വളരെ തിരക്കുപിടിച്ച ജോലി... 

എല്ലാറ്റിന്റേയും ചുമതല വിശ്വസ്തനെന്ന നിലയിൽ അമ്മായി അൻവറിനെ ഏൽപ്പിച്ചിരിക്കുന്നു. ആയതിനാൽ അൻവറിന് നിന്നു തിരിയാൻ സമയമില്ല.. എന്തായാലും വന്നല്ലോ.. ഇന്നുകൊണ്ട് മാമയും നാദിറമാമിയും തമ്മിലുള്ള പ്രശ്നങ്ങൾ തീരുമായിരിക്കും.

അവൻ മുകളിലേയ്ക്ക് നോക്കി. സാധാരണ നാദിറ മാമി താഴേയ്ക്ക് വന്ന് ആരാന്ന് നോക്കേണ്ടതാണ്. പക്ഷേ കാണുന്നില്ല...

“എടാ നിന്റെ മാമി എവിടേടാ... കുറച്ചു ദിവസമായി അവളെ വിളിച്ചിട്ടു കിട്ടുന്നുമില്ല..“

“മാമാ... മാമി മുറിയിലുണ്ട്... ഞാൻ വിളിച്ചുകൊണ്ടുവരാം.“

അവൻ ഓടി മുകളിലത്തെ നിലയിലെത്തി... അവിടെ കട്ടിലിൽ കുനിഞ്ഞിരുന്ന് കരയുന്ന നാദിറയെയാണ് അവന് കാണാനായത്... ആദ്യമായാണ് നാദിറ മാമി കരയുന്നത് കാണുന്നത്.. ഓരോ കാര്യങ്ങൾ ഓർത്തായിരിക്കും. എന്തായാലും പഴയതുപോലെ നാദിറമാമിക്ക് വലിയ ജാഡയൊന്നുമില്ല.. ഒരു മാറ്റം അവർക്കുണ്ട്... അവൻ അവരുടെ കൈയ്യിൽ പിടിച്ചു.

“വാ മാമി.. മാമ വന്നിരിക്കുന്നു.“

“ഇല്ലടാ... എത്ര ദിവസായി എന്നോടൊന്നു മിണ്ടിയിട്ട്.“

“അതൊക്കെ ഇന്നുകൊണ്ട് അവസാനിപ്പിക്കാം. ഞാനല്ലേ വിളിക്കുന്നത്...“

അവൻ നാദിറയുടെ കൈയ്യിലെ പിടി മുറുക്കി.. വലിച്ച് എഴുന്നേൽപ്പിച്ചു... ഒരു അനുസരണയുള്ള കുഞ്ഞിനെപ്പോലെ അവന്റെ പിന്നാലേ നടന്നു. പടിയിറങ്ങി താഴേയ്ക്ക്... താഴെ എല്ലാവരുമുണ്ടായിരുന്നു. 

“എന്താടാ മോനേ.. നിന്റെ മാമിക്ക് ഒറ്റയ്ക്ക് വരാനറിയില്ലേ..“

“ഇല്ല മാമാ.. അതല്ലേ ഞാൻ കൂടെ വന്നത്... മാമാ ജോലി കിട്ടിയപ്പോൾ വീടും വീട്ടുകാരെയുമൊക്കെ മറന്നോ...“

അവിടെ ഒരു വലിയ ചിരിയുയർന്നു... ഒരു മഞ്ഞ് ഉരുകുകയായിരുന്നവിടെ.. നാദിറപോലും അറിയാതെ ചിരിച്ചുപോയി...

“മോളേ.. അവന്റ ബാഗെടുത്ത് റൂമിലേയ്ക്ക് കൊണ്ടുപൊയ്ക്കോ...“

ഹമീദ് നാദിറയോടായി പറഞ്ഞു.. അവൾ അടുത്തെത്തി അൻവറിന്റെ കൈയ്യിൽനിന്നും ബലമായി ബാഗ്  വാങ്ങി... ചെറു പുഞ്ചിരിയോടെ മുകളിലേയ്ക്ക്.. അവളുടെ അൻവറിനോടുള്ള ദേഷ്യം എങ്ങോട്ട് പോയെന്നറിയില്ല... കുശലം പറച്ചിലുകൾക്ക്ശേഷം അൻവറും മുകളിലേയ്ക്ക് പോയി... റൂമിലെത്തി... 

പെട്ടെന്നാണ് അവൾ അവനെ കെട്ടിപ്പിടിച്ചത്... അൻവർ പ്രതീക്ഷിച്ചിരുന്നില്ല.. അവൾ അൻവറിന്റെ നെഞ്ചിൽ മുഖമമർത്തി പൊട്ടിക്കരഞ്ഞു... അവൻ അവളെ സമാധാനിപ്പിക്കാൻ ശ്രമിച്ചു.. അവൾ ഏങ്ങലടിച്ചു കരയുകയായിരുന്നു. 

“എ... എന്നോട് പിണക്കമാണോ.... വെറുപ്പാണോ.... എന്താ എന്നെ വിളിക്കാഞ്ഞേ..“

“ദേ.. ഞാൻ പറഞ്ഞതല്ലേ.. ജോലിത്തിരക്ക്.. ഒന്നിനും സമയമില്ല..“

“ന്നാലും പണ്ട് ഇങ്ങനെയായിരുന്നില്ലല്ലോ. എന്ത് ജോലിത്തിരക്കാണെങ്കിലും എന്നെ വിളിക്കുമായിരുന്നല്ലോ..“

“ശരിയാ... നീ ഇപ്പോഴത്തേയ്ക്ക് ക്ഷമിക്ക്.“

അവളുടെ നെറുകെയിൽ ഒരു ചെറു ചുംബനം നൽകി... അവൻ അവളെ ഗാഢമായി പുണർന്നു... അവരുടെ സ്നേഹത്തിന്റെ ആഴം അവിടെ ചുവരുകൾക്ക് മനസ്സിലാകുമായിരുന്നു. അവൾ അവനെ തെറ്റിദ്ധരിച്ചിരുന്നു. പക്ഷെ ഇപ്പോൾ എല്ലാം മാറിയിരിക്കുന്നു. അവൾ അവനെ മനസ്സിലാക്കിയിരിക്കുന്നു. അവൾ അൻവറിന്റെ കൈ സാവധാനം പിടിച്ചു... അത് നേരേ തന്റെ അടിവയറ്റിലേയ്ക്ക് കൊണ്ടുപോയി.. എന്നിട്ട് ചോദിച്ചു.

“അവിടെ എന്തേലും അനക്കം തോന്നുണ്ടോയെന്ന്..“

അവൻ ഒരു നിമിഷം സ്തംഭിച്ചുപോയി... എന്താ എന്തുപറ്റി.. 

“ഓ... ഇക്കായ്ക്ക് ഒന്നുമറിയില്ല.. ങ്ങള് ഒരു വാപ്പായാകാൻ പോണൂന്നു..“

പടച്ചോനേ... എത്രകാലത്തെ കാത്തിരിപ്പാണിത്...

“എങ്ങനെ അറിഞ്ഞു...“

“ങ്ങള് പോയമാസത്തിലേ എനിക്ക് സംശയമുണ്ടായിരുന്നു.. ഇന്നലെ ഞാൻ ക്ലീനിക്കില് പോയിരുന്നു.. ആരേയും അറിയിച്ചില്ല.. അവരാ പറ‍ഞ്ഞത്...  അവൾക്ക് നാണം കൊണ്ട് വാക്കുകൾ പൂർത്തിയാക്കാനായില്ല..“

അൻവറിന്റെ മനസ്സ് സന്തോഷം കൊണ്ട് മതിമറന്നു.. അവൻ അവളെ എടുത്ത് പൊക്കി..

“വേണ്ടിക്കാ... ഇപ്പം ഇതൊന്നും വേണ്ട... ശരീരം കൂടുതൽ അനക്കണ്ടന്നാ ഡോക്ടർ പറഞ്ഞേ.. ഇവിടെ ആരോടും ഞാൻ പറഞ്ഞില്ല.. എന്റെ ഇക്കയോട് ആദ്യം പറയണമെന്ന് എനിക്ക് വാശിയായിരുന്നു. എത്ര പ്രാവശ്യമാ ഞാൻ ഫോണിലൂടെ പറയാൻ ശ്രമിച്ചത്... വരാൻ പറഞ്ഞപ്പോൾ ഫോൺ കട്ട് ചെയ്തു .. അതാണ് ഞാൻ വീണ്ടും വിളിക്കാഞ്ഞേ.“

 അൻവർ അവളെ ചുംബനങ്ങൾ കൊണ്ട് മൂടി... സ്നേഹോഷ്മളമായ നിമിഷങ്ങളാണ് അവിടെ അരങ്ങേറിയത്... പടച്ചോൻ അവർക്ക് ഒരു കുഞ്ഞിക്കാല് കാണാനുള്ള ഭാഗ്യം നൽകിയിരിക്കുന്നു... എത്ര കാലമായുള്ള പ്രാർത്ഥനയായിരുന്നു. വിവാഹം കഴിഞ്ഞിട്ട് ഇത്ര വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. പലരും ചോദിക്കുന്ന ചോദ്യത്തിന് മറുപടി പറാൻ തന്നെ ആകാത്ത അവസ്ഥയായിരുന്നു. പലരും അൻവറിനോട് ചോദിച്ചിട്ടുണ്ട്... 

“അൻവറേ ഈ കെട്ടില് കുട്ടികളില്ലേല് വേറേ കെട്ടിക്കൂടെ...“

ശരിയാണ്.. ഒരു മുസൽമാന് തന്റെ തലമുറ നിലനിർത്തുന്നതിനായി ഒരു വിവാഹം കൂടി കഴിക്കുന്നതിൽ തെറ്റില്ല.. എന്നാൽ ഇക്കാലത്ത് അതിനെ സപ്പോർട്ട് ചെയ്യുന്നവർ വളരെ കുറവായിരിക്കും. 

“അതേയ് ഞാൻ ഹമീദിന്റെ മോനാ... എനിക്ക് കെട്ടിയോൾ ഒന്ന് മതി.. കുഞ്ഞുങ്ങളെ തരണോ വേണ്ടെയെന്ന് പടച്ചോൻ തീരുമാനിക്കും.“

ആ പടച്ചോന്റെ തീരുമാനമായിരിക്കണം. ഇതൊക്കെ... അവൻ അവളുടെ വിടർന്ന ചുണ്ടുകളിൽ ചുംബനം നൽകി... അവളുടെ കണ്ണുകൾക്ക് നനവായിരുന്നു. സന്തോത്തിന്റെയും സങ്കടത്തിന്റെയും...

“പിന്നെ.. ങ്ങള് പറ... എനിക്ക് നാണാ...“

“ശരി.. ഞാൻ തന്നെ പറയാം..“

“അൻവർ പെട്ടെന്ന് പടിയിറങ്ങി താഴേയ്ക്ക് പോയി... അവൻ സഫിയയെ വിളിച്ചു..

സഫിയ അവനടുത്തേയ്ക്ക് വന്നു.

“സഫിയാ.. അവൾക്ക് വിശേഷാ.. ഞങ്ങടെ വിളി പടച്ചോൻ കേട്ടെന്നാ തോന്നുന്നേ...“

സഫിയയ്ക്ക് സന്തോഷമടക്കാനായില്ല... അവൾ ഉടൻതന്നെ ഉമ്മയോടും ഉപ്പയോടുംഅഫ്സയോടും വിവരം പറഞ്ഞു... അവിടെ ഒരാഘോഷത്തിന്റെ തുടക്കമായിരുന്നത്.. എല്ലാവരുടെയും പ്രാർത്ഥന പടച്ചോൻ കേട്ടിരിക്കുന്നു. ഹമീദിന് വലിയ ദുഃഖമായിരുന്നു. അൻവറിന് കുഞ്ഞുങ്ങളുണ്ടാകാത്തതിൽ.. ഇന്നിതാ ആ പ്രാർത്ഥനയും ഫലം കണ്ടിരിക്കുന്നു. സഫിയ ഓടി മുകളിലേയ്ക്ക്.. അവൾ മുട്ടുവേദനയുണ്ടെങ്കിലും ആ ആവേശത്തിൽ അതൊന്നും അവൾ നോക്കിയില്ല... നേരേ ചെന്ന് നാത്തൂനെ കെട്ടിപ്പിടിച്ചു.. അവളുടെ കണ്ണുകളിൽ നിന്ന് ആനന്ദക്കണ്ണിർ പൊഴിഞ്ഞു.. ഈ വീട്ടിൽ ഒരു കുഞ്ഞിക്കാലുകൂടി ഉണ്ടാവാൻ പോകുന്നു. കുഞ്ഞില്ലാത്തതിനാ‍ൽ അറ്റുപോകുമെന്നു കരുതിയ ബന്ധം വീണ്ടും ദൃഢമായിരിക്കുന്നു. സഫിയ നാദിറയെയും കൂട്ടി താഴേയ്ക്ക്.

“നാത്തൂനേ... പടിയിറങ്ങുമ്പോൾ സൂക്ഷിക്കണേ...“

“ങ്ങള് പോന്നേ.. കളിയാക്കാതെ...“

നാദിറയ്ക്ക് വല്ലാത്ത നാണം ആരുടേയും മുഖത്ത് നോക്കാനാവാത്ത അവസ്ഥ.

“കൊച്ചു കള്ളീ... രഹസ്യമാക്കി വച്ചിരിക്കുകയായിരുന്നല്ലേ... നീ അൻവറിനോട് പിണക്കം കാണിച്ചപ്പോഴേതോന്നി. എന്തോ വിശേഷമുണ്ടെന്ന്.. കാര്യമറിയാതെ ചോദിക്കാനാവുമോ... അൻവറെ നീ നാളെ ഇവളേയും കൂട്ടി ആശുപത്രിയിലൊന്നു പോകണം.. തല്കാലം കുറച്ചു ദിവസം ലീവെടുക്കു.“

“ശരി ഉമ്മ.. ഒരാഴ്ച ലീവുണ്ട്... കുറച്ചു ദിവസത്തേയ്ക്ക് ഞാൻ പോയി വരാം...“

എല്ലാവർക്കും അത് സമ്മതമായിരുന്നു. നാദിറ നേരേ ചെന്ന് അഫ്സയുടെ യുടെ  കുഞ്ഞിനെ എടുത്തു താലോലിക്കാൻ തുടങ്ങി... അവൾ ആകെ മാറിയിരിക്കുന്നു. 

ഫസൽ ഇതെല്ലാം നോക്കി നിൽക്കുകയായിരുന്നു. എന്തായാലും ഈ വീട്ടിൽ ഒരുകുഞ്ഞു കൂടി എത്താൻ പോകുന്നു. അവന്റെ മനസ്സിലും സന്തോഷം അലതല്ലി.. ഫസൽ തന്നെയാണ് റഷീദിനെ വിളിച്ച് വിവരം പറഞ്ഞത്.. റഷീദ് അൻവറിനോട് സംസാരിക്കുകയും ചെയ്തു... അന്ന് സന്തോഷപ്രദമായി എല്ലാവരും ഭക്ഷണം കഴിച്ച് ഉറങ്ങാൻ കിടന്നു. കാത്തിരിപ്പിന് വിരാമമായിരിക്കുന്നു. അവിടെ പിച്ചവച്ചു നടക്കാൻ ഒരു കുഞ്ഞുകൂടി.. എല്ലാവരുടേയും മനസ്സിലെ സന്തോഷം അതിരുകളില്ലാത്തതായിരുന്നു.

അതങ്ങനെയാണ്.. വിവാഹം കഴിഞ്ഞ് ഗർ‌ഭിണിയായിക്കഴിഞ്ഞാൽ ഭാര്യയും ഭർത്താവും പിറക്കാൻ പോകുന്ന കുഞ്ഞിനെക്കുറിച്ചുള്ള സ്വപ്നങ്ങളിലായിരിക്കും.. പത്തുമാസം ചുമന്ന് നൊന്തു പ്രസവിക്കുന്നതുവരെ ആ സ്വപ്നങ്ങൾ കടിഞ്ഞാണില്ലാത്ത കുതിരയെപ്പോലെ പാഞ്ഞുകൊണ്ടിരിക്കും... അച്ഛന്റേയും അമ്മയുടെയും സ്വപ്നങ്ങൾക്ക് വർണ്ണം പകർന്നുകൊണ്ടുള്ള ജനനം... എല്ലാവരുടേയും സ്നേഹം ഏറ്റുവാങ്ങി വളർന്നുവരുന്ന കുഞ്ഞ്... ഒരു സുപ്രഭാതത്തിൽ നഷ്ടപ്പെട്ടാലോ...? അതാണ് നമ്മുടെ ഈ കൊച്ചു കേരളത്തിൽ സംഭവിച്ചത്... താലോലിച്ച് വളർത്തിയ കുഞ്ഞ് സ്വന്തം കൺമുന്നിൽവച്ച് കാണാതാകുന്നു... എല്ലാ സംവിധാനങ്ങളുമായുള്ള തിരച്ചിൽ കണ്ടെത്താനാവുന്നില്ല.. പ്രതീക്ഷ അസ്തമിക്കാത്ത രാവുകൾ.. പക്ഷേ എല്ലാവരുടേയും പ്രതീക്ഷകൾ മങ്ങലേൽപ്പിച്ചുകൊണ്ട് ദുഃഖകരമായ ആ വാർത്തയെത്തി... നേരിട്ടു കണ്ടിട്ടില്ലെങ്കിലും വല്ലാത്ത വേദനയായിരുന്നു മനസ്സിൽ... എങ്ങനെ സഹിക്കും അതിന്റെ രക്ഷകർത്താക്കൾ... എങ്ങനെ, എന്താണ് സംഭവിച്ചത്... പോലീസുകാർക്കുപോലും ഉറക്കമില്ലാത്ത രാത്രിയായിരുന്നു. കേരളമൊട്ടുക്ക് അരിച്ചു പെറുക്കി.. പക്ഷേ അപ്പോഴും വെള്ളത്തിന്റെ അടിത്തട്ടിൽ ഉറങ്ങുകയായിരുന്നു അവൾ ഒരിക്കലും ഉണരാത്ത ഉറത്തിൽ... ഒരു ദേശത്തെ മൊത്തത്തിൽ ദുഖത്തിലാക്കി അവൾ പോയി... അവൾ എല്ലാ മലയാളിക്കും പ്രിയപ്പെട്ടവളായി.. ഒരു നോവായി... ആ ആത്മാവിന് നിത്യശാന്തി നേരുന്നു.
 
കുഞ്ഞുങ്ങളുടെ ശ്വാസം നിലയ്ക്കാതിരിക്കാൻ ഒരു കരുതൽ ആവശ്യമാണ്.കൈവിട്ട് പോയിട്ട് വിധിയെ പഴിച്ചിട്ട് കാര്യമില്ല .കണ്ണിലെ കൃഷ്ണമണിപോലെ കാത്തു കൊൾക. തിരിച്ചറിയുക കഴുകൻ കണ്ണുകളെ

അച്ചനമ്മമാരുടെ കണ്ണിൽ അവളൊരു കുഞ്ഞാണ് .അന്യന്റെ കണ്ണിൽ അവളൊരു പെണ്ണാണ് .....

നാദിറയ്ക്ക് വല്ലാത്ത മനംപുരട്ടൽ, അൻവറിന് എന്ത് ചെയ്യണമെന്നറിയില്ല... ശർദ്ദിലായി മാറിയപ്പോൾ പേടിച്ച് സഫിയയെ വിളിച്ചു. സഫിയ ഓടി അകത്തെത്തി.. അൻവറെ ഇതൊക്കെ ഇതിലുള്ളതാ... പേടിക്കാതെ താഴെപ്പോയിരിക്ക്... സഫിയ അവളുടെ മുതുകത്ത് തടവിക്കൊണ്ടിരുന്നു.

“നാത്തൂനേ.. ഇതെല്ലാം കാണും... പിന്നേ.. കുഞ്ഞിന് ഇഷ്ടപ്പെട്ട ആഹാരം കൊടുത്തില്ലേൽ ഇങ്ങനെ മനംപുരട്ടൽ ഉണ്ടായിക്കൊണ്ടിരിക്കും.. ഇപ്പോൾ നിങ്ങൾ ഒന്നല്ല.. രണ്ടാ... കേട്ടോ..“

ഒരുവിധം ശരിയായപ്പോൾ അവർ രണ്ടാളും താഴേയ്ക്ക് പോയി.. താഴെ അക്ഷമനായി അൻവർ നിൽക്കുന്നു. അവൾ അൻവറിന്റെ അടുത്തു ചേർന്നു നിന്നു.. അവൻ അവളുടെ തോളിൽ തടവി... ഭർത്താവ് അടുത്തെത്തിയപ്പോൾ അവൾക്ക് വല്ലാത്ത ആശ്വാസം തോന്നി.. അന്നു രാവിലെ തന്നെ അവർ ഹോസ്പിറ്റലിലേയ്ക്ക പോയി...

ഫസൽ നാലു മണിക്കു തന്നെ ഉറക്കമുണർന്നു. പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചതിനാൽ അവിടെ നടന്നതൊന്നും അവൻ അറിഞ്ഞില്ല.. ഇന്ന് രാവിലെ അവനുള്ള കാപ്പിയുമായി എത്തിയത് അൻവറായിരുന്നു. മാമയുടെ മുഖത്തേയ്ക്ക നോക്കി... ആ മുഖത്ത് സന്തോഷം അവനും അത് ഏറെ ആഹ്ലാദം പകർന്നു.

“ഫസലേ.. പിന്നെ ആരേലും നിന്നെ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നോ...“ രഹസ്യമായി അവനോട് ചോദിച്ചു.

“ഇല്ല മാമാ... രണ്ടു ദിവസം മുമ്പ് ആമിനയെ  പുതിയ സ്റ്റാന്റിനടുത്ത് വെച്ച് ഞാൻ കണ്ടിരുന്നു. ഒരു വീട്ടിൽ ജോലിക്കു നിൽക്കുന്നു എന്നാ പറഞ്ഞത് . കുഞ്ഞും അവിടെത്തന്നെ.. രക്ഷപ്പെട്ടെന്നാ പറഞ്ഞത് ...“

“എന്തായാലും നീ വീണ്ടും തിരഞ്ഞ് പോകാതിരുന്നത് നന്നായി..“

അവനും അത് ശരിയാണെന്നു തോന്നി.

“സഫിയയ്ക്ക് ഇതൊന്നും അറിയില്ലല്ലോ..“

“ഇല്ല മാമാ...“ അവന് ഇപ്പോൾഇതൊക്കെ ആലോചിക്കുമ്പോൾ മനപ്രയാസം ഉണ്ടാകാറില്ല.. ഇപ്പോൾ എല്ലാം വലുത് അവന്റെ ഉമ്മ മാത്രമായിരുന്നു. അവരുടെ സന്തോഷം മാത്രമായിരുന്നു. അവരുടെ ആഗ്രഹം മാത്രായിരുന്നു. ആ ആഗ്രഹ സാഫല്യത്തിനായാണ് ഇപ്പോൾ താൻ പ്രയത്നിക്കുന്നത് തന്നെ . പരീക്ഷയ്ക്കുള്ള അവസാനവട്ട തയ്യാറെടുപ്പുകളിലായിരുന്നു അവൻ. 

ഫസൽ പല്ല്തേയ്ച്ച് കുളിച്ച് കാപ്പികുടിക്കാനായി താഴേയ്ക്ക് പോയി. എല്ലാവർക്കുമൊപ്പം കാപ്പികുടിച്ചു.

“ഫസലേ.. എല്ലാം പഠിച്ചു കഴിഞ്ഞോ?“... ഹമീദിന്റെ ചോദ്യത്തിന് അവൻ സന്തോഷപൂർവ്വം ഉത്തരം നൽകി..

“എല്ലാം പഠിച്ചിട്ടുണ്ട്... പക്ഷേ പഠിച്ചതുതന്നെ ചോദിക്കണം.“

ഷംസുദ്ധീൻ തോപ്പിൽ  01 03 2020
തുടർന്നു വായിക്കുക അടുത്ത ഞായറാഴ്ച്ച  08 03  2020

22.2.20

നിഴൽവീണവഴികൾ - ഭാഗം - 62


 
നാദിറ മറുപടിയൊന്നും പറഞ്ഞില്ല.. ഫസൽ  കുട്ടിയാണെങ്കിലും അവന്റെ വാക്കുകൾ അവൾക്ക് വിശ്വസിക്കാൻ തോന്നി... അൻവർ ഇക്ക വരുമായിരിക്കും. തന്നോട് ദേഷ്യമില്ലായിരിക്കും..

“മാമി ആവശ്യമില്ലാതെ ഓരോന്നോർത്തിരിക്കാതെ താഴേയ്ക്ക് ചെന്ന് എല്ലാവരുമായിട്ടൊന്നു തമാശ പറഞ്ഞിരുന്നേ.. എല്ലാം ശരിയാവുമെന്നേ...“

അവർ അവനെ നോക്കി ചിരിച്ചു.. അനുസരണയുള്ള കുട്ടിയെപ്പോലെ നാദിറ താഴേയ്ക്ക് പടവുകളിറങ്ങി പോയി...

അന്നത്തെ ദിവസവും അവൻ രാത്രി വളരെ വൈകുവോളം ഇരുന്നു പഠിച്ചു. പിറ്റേന്ന് കുറച്ച്‌ വൈകിയാണ്  ഉണർന്നത്.. ഉണർന്ന ഉടൻതന്നെ ഐഷു  തനിക്ക് നൽകിയ ആ കത്തെടുത്തു വായിച്ചു. അപ്പോഴാണ് താഴെനിന്നും കാൽപ്പെരുമാറ്റം കേട്ടത്... ഉടൻ തന്നെ കത്തെടുത്ത് ബുക്കിനുള്ളിൽ തിരുകി മറ്റു ബുക്കുകൾക്കിടയിലേക്ക് കയറ്റി വെച്ചു . കുറച്ചു നേരം ഉമ്മ അവിടെ നിന്നതിനു ശേഷം സാവധാനം താഴേയ്ക്കിറങ്ങി..

ഉമ്മ വന്നപ്പോൾ കത്ത് ഒരു പുസ്തകത്തിൽ തിടുക്കത്തിലെടുത്തു വയ്ക്കുകയായിരുന്നു. അവൻ ആ പുസ്തകം മറ്റു പുസ്തകങ്ങൽക്കിടയിൽ നിന്നും വലിച്ചെടുത്തു... അതിന്റെ താളുകൾ മറിച്ചു. അപ്രതീക്ഷിതമായി ഒരു പേജ് അവന്റെ കൈയ്യിൽ തടഞ്ഞു... അതെടുത്തു നോക്കി... താൻ സ്കൂൾ മാഗസിനിൽ പ്രസിദ്ധീകരിക്കാനായി നൽകിയ കഥ.. അത് പ്രസിദ്ധീകരണ യോഗ്യമല്ലെന്നു പറഞ്ഞ് തിരികെത്തരുകയായിരുന്നു. തന്റെ മനസ്സിലുള്ള കാര്യങ്ങൾ പകർത്തിയതായിരുന്നു. 

ജനനത്തിന്റെ വ്യത്യസ്തമായ ഒരു നിർവ്വചനം..  സ്കൂളിൽ കുട്ടികളിൽ നിന്നും കലാസൃഷ്ടികൾ ക്ഷണിച്ചപ്പോൾ പ്രത്യേകം പറഞ്ഞതാണ് വ്യത്യസ്തമായ തീമായിരിക്കണമെന്ന്.. ആർക്കും എങ്ങും വായിച്ചതായിപ്പോലും തോന്നാൻ പാടില്ലാത്തതാണെന്ന്... 

അവൻ അതിന്റെ വരികളിലൂടെ കണ്ണോടിച്ചു...

പുറത്തു നടക്കുന്നതൊന്നും അറിയാതെ അവൾ സംരക്ഷണഭിത്തിക്കുള്ളിൽ നീന്തിത്തുടിക്കുകയായിരുന്നു. ഇടയ്ക്കിടയ്ക്ക് സംരക്ഷണഭിത്തിയിലേയ്ക്ക് ചവിട്ടുകയും ചെയ്യും... അപ്പോൾ അപ്പുറത്തുനിന്നും ചെറിയ തലോടലുകൾ... അത് വീണ്ടും ലഭിക്കുന്നതിനായി വീണ്ടും ആവർത്തിക്കുമായിരുന്നു.

പക്ഷേ പ്രത്യേകതയുള്ളതുപോലുള്ള നിമിഷങ്ങളാണ് കടന്നുപൊയ്ക്കൊണ്ടിരിക്കുന്നത്. തന്റെ ശരീരത്തിന് എന്തൊക്കെയോ മാറ്റങ്ങൾ സംഭവിക്കുന്നു.. താൻ നിൽക്കുന്ന അറയ്ക്ക് അനക്കമില്ലാത്തതതുപോലെ... നിമിഷങ്ങൾക്കകം ആരോ ബലമായി തന്നെ പിടിച്ചു വലിക്കുന്നതുപോലെ... തോന്നി.. എന്താണ് സംഭവിക്കുതെന്നറിയില്ല... ചുറ്റും ഇരുളാണ്... ആരോ തന്റെ തലയിൽ ബലമായി അമർത്തി പിടിക്കുന്നു. സഹിയ്ക്കാനാവാത്ത വേദന.. ശരീരം ഞെങ്ങി ഞെരുങ്ങുന്നു.. എല്ലുകൾ ഒടിയുന്നതുപോലെ... തന്നെ തന്റെ വാസസ്ഥലത്തുനിന്നും ബലമായി പുറത്താക്കുന്നു.. എത്രകാലം അവിടെ കഴിഞ്ഞെന്നറിയില്ല.. പക്ഷേ തന്നെ അവിടെനിന്നും പുറത്തേയ്ക്ക് വലിക്കുന്നു... ശരീരത്തിന്റെ ഓരോ ഭാഗവും ഞെങ്ങി ഞെരുങ്ങി അസഹനീയമായ വേദനയോടെ പുറത്തേയ്ക്ക്... 

പുറത്ത് അതിഭീകരമായ ശബ്ദം ഇതുവരെ കേട്ടിട്ടില്ലാത്ത ശബ്ദങ്ങൾ ഇതുവരെ കാണാത്ത രൂപങ്ങൾ കണ്ണുകൾ അറിയാതെ തുറന്നടയുന്നു ... ആരോ... ബലമായി ഒരു സൈഡിലേയ്ക്ക് തന്നെ മാറ്റുന്നു... ശരീരമാസകലം എന്തെല്ലാമോ പറ്റിപ്പിടിച്ചിരിക്കുന്നു. ഉറക്കെ നിലവിളിച്ചു.. (ഭൂമിയിലെ ആദ്യത്തെ നിലവിളി).. അവൾ നിലവിളിച്ചത് താൻ വളർന്ന ഇത്രകാലം നിന്ന സ്ഥലത്തുനിന്നും നിഷ്കരുണം ഇറക്കിവിട്ടതിലെ പ്രതിഷേധമായിരുന്നുവെന്ന് അത് കേട്ടവർക്ക് മനസ്സിലായില്ല.. പക്ഷേ തന്നെ വഹിച്ച ശരീരം തൊട്ടടുത്ത്. സാവധാനം വെളിച്ചം കണ്ണുകളിലേയ്ക്ക് ഇരച്ചുകയറി... തന്നെ ഇറക്കിവിട്ടവൾ വേദനയോടെ സ്നേഹത്തോടെ തന്നെ നോക്കുന്നു... ഒരാൾ കത്രികയുമായി വന്ന് താനുമായുള്ള ബന്ധം മുറിച്ചു മാറ്റുന്നു.. അവൾ വീണ്ടും നിലവിളിച്ചു.. തന്നെ അവിടേയ്ക്ക് തിരികെയാക്കൂ എന്നു അലമുറയിട്ടു പറയുന്നുണ്ടായിരുന്നു. പക്ഷേ ആർക്കുമത് മനസ്സിലായില്ല... തന്റെ ശരീരം നന്നായി തുടച്ച് തുണിയിൽ പൊതിഞ്ഞ് പുറത്തേയ്ക്ക് കൊണ്ടുപോകുന്നു. തന്നെ സ്വീകരിക്കുന്നതിനായി ആരൊക്കെയോ... ആരേയും മനസ്സിലായില്ല... തന്നെ മറ്റൊരാളിന്റെ കൈകളിലേയ്ക്ക് നൽകുന്നു. പെൺകുട്ടിയാ... ആരൊക്കെയോ തന്റെ മുഖത്ത് മുഖമമർത്തുന്നു. കാതിൽ എന്തൊക്കെയോ ചൊല്ലുന്നു .. കുറച്ചു നിമിഷങ്ങൾക്കകം തിരികെ തന്നെ കൊണ്ടുവന്നവരുടെ കൈകളിലേയ്ക്ക്. നിലവിളിക്കാനാവാത്തവിധം നിസ്സഹായാവസ്ഥയിലായിരിക്കുന്നു... തന്റെ ശരീരത്തിന് ഭാരം വർദ്ധിച്ചതുപോലെ... വിശാലമായ ലോകത്തേയ്ക്ക് എത്തിയതായി ആ കുഞ്ഞിനറിയില്ലല്ലോ... എത്ര ശ്രമിച്ചാലും തിരികെ പോകാനാവാത്തയിടത്തുനിന്നുള്ള വരവാണെന്നുമറിയില്ല.. കരഞ്ഞിട്ടെന്തുകാര്യം...

വീണ്ടും തന്നെ പുറത്താക്കിയവരുടെ അടുത്തേയ്ക്ക്. അവർ എന്തെല്ലാമോ പറയുന്നു.. അവൾക്കൊന്നും മനസ്സിലാകുന്നില്ല.. ആദ്യമായി മുലപ്പാലിന്റെ രുചിയറിഞ്ഞു... അവരോട് ചേർന്നുകിടക്കുമ്പോൾ എന്തോ ഒരു സുഖം.. കൈ കാലുകൾ മുകളിലേയ്ക്ക് ഉയർത്താൻ സാധിക്കുന്നുണ്ട്. ഏതോ ഒരു പുതിയ ലോകം... 

ഒരു പെൺകുട്ടിയുടെ ജനനം... അതു മാത്രമായിരുന്നു. താൻ ഉദ്ദേശിച്ചത്... ഭൂമിയിലേയ്ക്ക് വരുന്ന ഓരോ കുഞ്ഞും ഇങ്ങനെയൊക്കെത്തെന്നയാണ്.. അമ്മയുടെ വേദനയെക്കുറിച്ചു മാത്രമേ ഇവിടെ എല്ലാവരും പറയാറുള്ളൂ.. വേദനയറിയാത്ത പ്രായത്തിൽ എല്ലുകൾ ഞെരിഞ്ഞമരുമ്പോൾ തലയിൽ പിടിച്ചു വലിയ്ക്കുമ്പോഴുമുണ്ടാകുന്ന വേദന ഇതൊന്നും വേദനയല്ലേ... ആണ്... അമ്മയ്ക്കൊപ്പം കുഞ്ഞും വേദനയയനുഭവിക്കുന്നു.. ഈ ലോകത്തിലേയ്ക്ക് ഈ അന്തരീക്ഷത്തിലേയ്ക്ക് ആനയിക്കപ്പെടുമ്പോൾ എന്തെല്ലാം സഹിക്കുന്നു. ആദ്യമായി ശ്വാസം എടുക്കാനും വിടാനും ശീലിക്കുന്നു. കണ്ണുകൾ തുറന്നു നോക്കുന്നു. കൈകാലുകൾ അനക്കുന്നു. അങ്ങനെ പലതും.
 തന്റെ പൊക്കിൾക്കൊടി മുറിക്കുമ്പോൾ നിസഹതയോടെ നിലവിളിച്ച്‌ പോയി ... 

പിന്നീടാണ് ഓരോന്നും തന്റെ ശരീരം തിരിച്ചറിയാൻ തുടങ്ങുന്നത്... ശരീരത്തിന് വളർച്ചയുണ്ടാവുന്നു. മനസ്സ് വളരുന്നു... എല്ലാവരുടേയും സ്നേഹം ഏറ്റുവാങ്ങി... കമിഴ്ന്നുവീഴുന്നു... എഴുന്നേറ്റ് നിൽക്കുന്നു. പതുക്കെ പിച്ചവച്ചു തുടങ്ങുന്നു... പലപ്പോഴും മറിഞ്ഞുവീഴുന്നു.. വീണിടത്തുനിന്നും വീണ്ടും എഴുന്നേൽക്കുന്നു. പരസഹായമില്ലാതെ നടക്കുന്നു. അച്ചായെന്നും അമ്മായെന്നും വിളിക്കാൻ പഠിക്കുന്നു... എന്തെല്ലാം മാറ്റങ്ങളാണ് കാലം കഴിയുന്തോറും ഉണ്ടാവുന്നത്... ശരീരത്തിലെ ഓരോ മാറ്റങ്ങളും സൂക്ഷ്മമായി വീക്ഷിക്കുന്ന രക്ഷിതാക്കൾ.. അങ്ങനെപോകുന്ന ആ കഥ ... 
 
താനും തന്റെ ഉമ്മയും ഈ ഭൂമിയിലെ എല്ലാ ജീവജാലങ്ങളും ഇതു പോലെ ഒക്കെ തന്നെ അല്ലെ ജനിക്കുന്നത്.....

അമ്മയുടെ ജീവിതം പകുത്തെടുത്ത് പൊക്കിൾ കോടിയിലൂടെ.ഈ ആത്മ ബന്ധം   മരണം വരെക്കും  നില നിൽക്കേണ്ടത് അല്ലെ.? പ്രാണൺ സുരക്ഷിതമായി നിലനിർത്തുന്നതിനുവേണ്ടതെല്ലാം വാങ്ങി പത്തു മാസം ചുമന്നു പ്രസിവിക്കുന്ന ഒരമ്മയ്ക്കെങ്ങനെ തന്റെ മക്കളെ കൊല്ലാനാവുന്നു. കുഞ്ഞുണ്ടാവാൻ കാരണക്കാരനായ അച്ഛനേക്കാൾ സ്നേഹം കുഞ്ഞുങ്ങളോടുണ്ടാവേണ്ടത് അമ്മയ്ക്കല്ലേ... ഒരാവേശത്തിൽ കാമുകനോടൊപ്പം പോകാൻ സ്വന്തം ചോരയിൽ പിറന്ന കുഞ്ഞിനെ പാറക്കല്ലിൽ അടിച്ചു കൊന്നവർ ഏതു ഗണത്തിൽപ്പെടുന്നവരാണ്. അവർ മനുഷ്യരാണോ?

എന്താണ് ഇതിന് കുഴപ്പമെന്ന് ഇതുവരെ മനസ്സിലായിട്ടില്ല... ആരും ചിന്തിക്കാത്തരീതിയിൽ എഴുതിയെന്നാണ് കൂട്ടുകാരൊക്കെ പറഞ്ഞത്.. പക്ഷേ പ്രധാന അധ്യാപകൻ എന്നെ വിളിച്ച് അടുത്തിരുത്തി വിശദമായി സംസാരിച്ചു.. എഴുത്തിന് വിചാരിച്ചതിനേക്കാൾ പക്വതയുണ്ട്... ഈ പ്രായത്തിൽ നീ മനസ്സിലാക്കേണ്ടതിനേക്കാൾ അറിവ് നിനക്കുണ്ടെന്നറിയാം. ചില സാങ്കേതിക കാരണങ്ങളാൽ നമുക്കിത് പ്രസിദ്ധീകരിക്കാനാവില്ല...

ആ കടലാസും വാങ്ങി പുറത്തേയ്ക്ക് വരുമ്പോൾ കീറി എറിയാനാണ് തോന്നിയത്.. പക്ഷേ അത് ചെയ്തില്ല... ഉറക്കമിളച്ചിരുന്നു എഴുതിയതാണ്... മനസ്സിൽ കണ്ടത് റഷീദ് മാമയുടെ മകളുടെ ജനനം തന്നെയായിരുന്നു. പക്ഷേ സ്കൂൾ അധികാരികൾക്ക് ഈ കഥ ഉൾക്കാനാവുന്നില്ല... 

അവൻ അത് ഭദ്രമായന്ന് ബുക്കിനുള്ളിലാക്കി വച്ചതാണ്... പിന്നീട് ഇന്നാണ് ഇതെടുത്തത്... പലവട്ടം ഐഷുവിനെ കാണിക്കണമെന്ന് ആഗ്രഹിച്ചു. ഒരുപക്ഷേ അവൾക്കത് ഇഷ്ടപ്പെട്ടില്ലെങ്കിലോ.. എത്രയോ കൃതികൾ ഇന്നും വെളിച്ചം കാണാതെയിരിക്കുന്നു.

ക്ലാസ്സിലെ ഏറ്റവും അടുത്ത സഹൃത്തായ ടോമിനെ മാത്രമേ ഈ കഥ കാണിച്ചുള്ളൂ.. അവൻ ചോദിച്ചത്.. ഞാനിതൊക്കെ എങ്ങനെ മനസ്സിലാക്കിയെന്നാണ് . എനിക്കിതൊക്കെ എങ്ങനെ അറിയാമെന്നാണ്. കുഞ്ഞ് എങ്ങനെയാണ് ‍ഞെങ്ങിഞെരുങ്ങി വരുന്നതെന്നും... എന്തോ കൂടുതലൊന്നും അവനോട് പറയാൻ നിന്നില്ല... ആരോടും പറയരുതെന്നു മാത്രം അവനോട് പറ‍ഞ്ഞു.

ചിന്തകൾ കാടുകയറിക്കൊണ്ടിരുന്നു. പെട്ടെന്നാണ് താഴെനിന്നും ഉമ്മായുടെ വിളിവന്നത്... അവൻ ഓടി താഴെയെത്തി.. 

”എന്താ ഉമ്മാ...”

”മോനേ സ്റ്റീഫൻ അങ്കിളാ... ഇങ്ങോട്ടു വരികയാ.. നീയാ വഴിയൊന്നു പറഞ്ഞുകൊടുക്ക്.”

അവന്റെ ഉള്ളൊന്നു കാളി.. എല്ലാം അറിയാവുന്ന മനുഷ്യൻ.. അബദ്ധത്തിലെങ്ങാനും വല്ലതും പറഞ്ഞുപോവുമോ... ഇല്ല.. സ്റ്റീഫനങ്കിളിനെ വിശ്വസിക്കാം.

അവൻ ഫോണെടത്തു. ”അങ്കിൾ എവിടെത്തി...” അവൻ വഴി വിശദമായി പറഞ്ഞുകൊടുത്തു.. 

”ഉമ്മാ അവരിവിടെ എത്താറായി ബൈക്കിലാവരുന്നത്. ഞാൻ പുറത്തിറങ്ങി നിൽക്കാം.”

അവൻ അതും പറ‍ഞ്ഞ് പുറത്തേയ്ക്കിറങ്ങി.. അല്പസമയത്തിനകം സ്റ്റീഫൻ ഭാര്യയേയും കൂട്ടി അവിടെത്തി... അവർ രണ്ടാളും ബൈക്കിൽ നിന്നുമിറങ്ങി.. അവനെ കണ്ടയുടൻ അദ്ദേഹത്തിന്റെ ഭാര്യ പഠനകാര്യങ്ങൾ അന്വേഷിച്ചു.. അവന്റെ ടീച്ചറായിരുന്നല്ലോ അവർ.. അവർ മൂവരും അകത്തേ്യ്ക്ക് കയറി... ഫസൽ എല്ലാവർക്കും അവരെ പരിചയപ്പെടുത്തിക്കൊടത്തു... വളരെ സന്തോഷകരമായ നിമിഷങ്ങളായിരുന്നു അവിടെ അരങ്ങേറിയത്...

സഫിയയും നാദിറയും ചായ ഉണ്ടാക്കുവാനായി അകത്തേയ്ക്ക് പോയി... തൊട്ടു പിറകേ സ്റ്റീഫനങ്കിളിന്റെ ഭാര്യയും... ഫസലിന് തെല്ലു ഭയമുണ്ടായിരുന്നു. ഇനി സ്റ്റീഫൻ അങ്കിൾ വല്ലതും പറഞ്ഞു കാണുമോയെന്ന ഭയം... അവനും പിറകേ ചെന്നു...

”നീ എന്തിനാ ഇവിടെ ചുറ്റിപ്പറ്റി നിൽക്കുന്നേ.. അവിടെ ചെന്നിരിക്ക്...”

അവൻ നാണിച്ച് തിരിച്ചുപോന്നു.. ഇവിടെ ഹമീദിക്കയും സ്റ്റീഫനങ്കിളും ചൂടുള്ളചർച്ചയിലാണ്. ഹോസ്പിറ്റലിലെ കാര്യങ്ങളും പുതിയ പുതിയ അസുഖഘങ്ങളെയും കുറിച്ച് അവർ സംസാരിക്കുന്നു. അപ്പോഴേയ്ക്കും റഷീദിന്റെ കുഞ്ഞ് ഉണർന്നിരുന്നു.. അഫ്സ കുഞ്ഞിനേയുമെടുത്ത് റൂമിനു പുറത്തേയ്ക്കു വന്നു. സ്റ്റീഫന്റെ ഭാര്യ കുഞ്ഞിനെ സാവധാനം കൈയ്യിലെടുത്തു താലോലിച്ചു. അവളുടെ പേര് ചോദിച്ചപ്പോൾ ഫസലാണ് പേര് പറഞ്ഞുകൊടുത്തത് ആമിന .

”ഫസലേ.. ഞാൻ കുറച്ച് ചോദ്യങ്ങളും ഉത്തരങ്ങളും തയ്യാറാക്കിയിട്ടുണ്ട്... നീയതൊക്കെയൊന്ന് വായിച്ചു പഠിക്കണം... നീ നല്ല മാർക്കോടെ പാസ്സാവേണ്ടത് ഇപ്പോൾ ഞങ്ങളുടേയും ആവശ്യമാണ്. മോള് ഇന്നലെയും വിളിച്ചിരുന്നു. ഫസലിന്റെ പഠിത്തകാര്യത്തിൽ എന്നോടുകൂടിയൊന്നു അന്വേഷിക്കാൻ പറഞ്ഞിരിക്കയാണ്...”

അവൻ ചിന്തിച്ചു.. ശരിക്കും റഷീദ് മാമ  ജൂലി ചേച്ചിയോട് എല്ലാം പറഞ്ഞു കാണും.. അതാണ് അവർ തന്നോട് ഇക്കാര്യങ്ങളൊക്കെ ചോദിച്ചത്..

കുറഞ്ഞ് സമയം കൊണ്ട് അവർ വളരെ നല്ല കുടുംബസുഹൃത്തുക്കളായി മാറിയിരുന്നു. എല്ലാവരും ചായകുടിച്ച് പലഹാരങ്ങളും കഴിച്ചാണ് പുറപ്പെട്ടത്... ഇനിയും വരാമെന്ന് പറഞ്ഞ് സ്റ്റീഫനും ഭാര്യയും ബൈക്കിൽ യാത്രയായി.

”എന്ത് സ്നേഹമുള്ളോരാ മോളേ അവർ”... ഹമീദ് സഫിയയോട് പറഞ്ഞു.

”ശരിയാ വാപ്പാ... എന്ത് സ്നേഹവും ആത്മാർത്ഥതയുമാണവർക്ക്...”

”മകൾക്ക് വിവാഹാലോചന വന്നെന്നാ പറഞ്ഞത്...”

”അതെങ്ങനെയാ അവളിപ്പോ പോയതല്ലേയുള്ളൂ...”

”ശരിയാ... പയ്യൻ അവരുടെ ബന്ധത്തിലുള്ളതുതന്നെയാണ്.. അതുകൊണ്ട് പിന്നെ പേടിക്കേണ്ടതില്ലല്ലോ.. കാത്തിരുന്നുകൊള്ളും.. അവനും ഗൾഫിൽ തന്നെയാണ്.”

”അവൾ രക്ഷപ്പെട്ടാൽആ കുടുംബം രക്ഷപ്പെടുമല്ലോ..”

എത്രയോ പ്രവാസികൾ ഇന്നു നമ്മുടെ സമൂഹത്തിലുണ്ട്. നമ്മുടെ നാട്ടിൽ വളരെയധികം ബുദ്ധിമുട്ടനുഭവിക്കുന്ന എത്രയോ കുടുംബങ്ങൾ ഒരു വീട്ടിൽ നിന്ന് ഒരു ഗൾഫ്കാരൻ ഉറപ്പാണ്. മണലാരണ്യത്തിലെ പണമാണ് നമ്മുടെ സമ്പത്ത്... 

ഫസൽ  പഠിക്കാനായി മുകൾ നിലയിലെ അവന്റെ റൂമിലേക്ക് പോയി... അവൻ ജനലിലൂടെ പുറത്തേയ്ക്ക് നോക്കി... പച്ചപ്പുല്ലുകളാൽ സമൃദ്ധമായ പുരയിടങ്ങൽ... കുറച്ചകലെയായി കാണുന്ന ഭാരതപ്പുഴ... ഭാരതപ്പുഴ മെലിഞ്ഞു മെലിഞ്ഞ് ഇപ്പോഴൊരു നീരുറവമാത്രായി മാറിയിരിക്കുന്നു. അവൻ കുറച്ചുനേരം അവിടെ നിന്നു... വീണ്ടും മേശപ്പുറത്തിരിക്കുന്ന പഠിക്കാനുള്ള പുസ്തകത്തിലേയ്ക്ക് അവന്റെ ശ്രദ്ധയെത്തി... സ്റ്റീഫനങ്കിളിന്റെ ഭാര്യ കൊണ്ടുവന്ന ചോദ്യങ്ങളും ഉത്തരങ്ങളും വായിച്ചു പഠിക്കാമെന്നു കരുതി  അവൻ കസേരയിലേക്ക് ചാഞ്ഞിരുന്നു .
 
 
 
 
ഷംസുദ്ധീൻ തോപ്പിൽ 23 02 2020
 
 
തുടർന്നു വായിക്കുക അടുത്ത ഞായറാഴ്ച്ച  01 03 2020
 
 
 

15.2.20

നിഴൽവീണവഴികൾ - ഭാഗം - 61



ഫസൽ റൂമിലേയ്ക്ക് പോയി.. ബുക്ക് ഭദ്രമായി മേശയ്ക്കുള്ളിൽവച്ചു... കുളിച്ച് താഴത്തെ ഹാളിലെത്തി ...

കുറച്ചുനേരം അവിടെ ചുറ്റിപ്പറ്റി നിന്നു.. പഠിക്കാനുണ്ടെന്നു പറഞ്ഞ് നേരേ റൂമിലേയ്ക്ക്.. ഐഷു  തന്ന പുസ്തകം മറ്റുപുസ്തകങ്ങൾക്കിടയിൽ ഭദ്രമായി ഒളിച്ചു വച്ചിരിക്കുകയായിരുന്നു. അവൻ അതെടുത്ത് പേപ്പർ പൊതി അഴിച്ചു... ഓരോ പേജിലും പരീക്ഷയ്ക്ക് വരാൻ സാധ്യതയുള്ള ക്വസ്റ്റ്യനും അതിന്റെ ഉത്തരവും എഴുതിയിരിക്കുന്നു. നല്ല ഭംഗിയുള്ള കൈയ്യക്ഷരം... അവൻ എല്ലാമൊന്ന് ഓടിച്ചു നോക്കി... പേജുകൾ മറിയ്ക്കുന്നതിനിടയിൽ രണ്ടു പേജുകൾ ഒട്ടിച്ചു വച്ചിരിക്കുന്നതായി അവന്റെ ശ്രദ്ധിയിൽപ്പെട്ടു.. സാവധാനം അത് വിടർത്തി നോക്കി... ഒരു പേപ്പർ മടക്കി അതിനകത്തു വച്ചിരിക്കുന്നു.

അവന് ജിജ്ഞാസയായി... സാവധാനം ആ പേപ്പറെടുത്ത് മടക്ക് നിവർത്തി... നല്ല വടിവൊത്ത കൈയ്യക്ഷരത്തിൽ എഴുതിയിരിക്കുന്നു... മുകളിൽ നിന്നും വായിച്ചു തുടങ്ങി...

എന്റെ ചെക്കാ ....

ആഴത്തെക്കുറിച്ച് 
കടലിനോട് ചോദിച്ചപ്പോൾ
മറുപടി സ്നേഹമായിരുന്നു

ഉയരത്തെക്കുറിച്ച്
ആകാശത്തോട് ചോദിച്ചപ്പോൾ 
മറുപടി നന്മയായിരുന്നു

വിശാലതയെക്കുറിച്ച് 
മരുഭൂമിയോട് ചോദിച്ചപ്പോൾ 
മറുപടി മനസ്സായിരുന്നു

ദൂരത്തെക്കുറിച്ച് 
യാത്രയോട് ചോദിച്ചപ്പോൾ
മറുപടി അറിവായിരുന്നു..

സ്വാതന്ത്ര്യത്തെക്കുറിച്ച്
കാറ്റിനോട് ചോദിച്ചപ്പോൾ 
മറുപടി ചിന്തകളായിരുന്നു.

ഇത് വായിച്ച് അതുമിതും ആലോചിച്ചിരിക്കാതെ പഠിച്ച് പാസാകാൻ നോക്ക്... പിന്നെ നല്ലൊരു ജോലിനേടി വീട്ടിലേക്ക് വരണം.. 
എന്റെ വാപ്പയോട് നിവർന്ന് നിന്ന് മോളെ കെട്ടിച്ചുതരുമോന്ന് ചോദിക്കാൻ. പിന്നെ ഇതിൽ കുറിച്ച കവിത എന്റേതല്ല... ആരോ എഴുതിയതാണ്... ആ കവി ഭാവനയ്ക്ക് എന്റെ ആദരവ്. എനിക്ക് അതിനുള്ള ഭാവനയില്ലല്ലോ...

അവന്റെ മനസ്സിൽ സന്തോഷവും സങ്കടവും ഒരുമിച്ചെത്തി... തനിക്കൊരിക്കലും അവർക്കൊപ്പമെത്താനാവില്ലെന്നറിയാം. പക്ഷേ... അവളെ നഷ്ടപ്പെടാനും വയ്യ... അവൾ പറഞ്ഞതുപോലെ വിദ്യാഭ്യാസത്തിന് പ്രാധാന്യം കൊടുക്കണം. നല്ലൊരു ജോലി സമ്പാദിക്കണം. അതിനുശേഷമാവാം...

ഇന്ന് ഫെബ്രുവരി 14 വാലന്റയിൻസ് ഡേ... പണ്ട് വായിച്ചിട്ടുള്ളതും അവൾ പറഞ്ഞതും അവന്റെ ഓർമ്മയിൽ വന്നു. ലോകത്തിലെ കാമുകീ കാമുകൻമാർക്കായി ഒരു ദിനം... മാധുര്യമൂറുന്ന പ്രേമത്തിന്റെ കുറച്ചുകൂടി വർണ്ണം പകരാനൊരു ദിനം... ഇന്ന് അതൊക്കെ ആർഭാടമായി മാറിയെങ്കിലും അക്കാലത്ത് ഇതൊന്നും ആർക്കുമറിയില്ല.. വളരെക്കുറച്ച് ആൾക്കാർക്കു മാത്രമറിയാവുന്നതായിരുന്നു. പ്രേമം അറിയിക്കാൻ ഇന്ന് എന്തെല്ലാം മാർഗ്ഗങ്ങളാണുള്ളത്. മൊബൈലും വാട്സപ്പും ഇല്ലാതിരുന്ന ഒരു കാലം... വീഡിയോകോളും മെസേജുമില്ലാതിരുന്ന ആ കാലം... ഒരു കത്തു കൊടുത്താൽ ദിവസങ്ങളോളം കാത്തിരിക്കും അതിനുള്ള മറുപടി ലഭിക്കാൻ... ഇഷ്ടമുള്ള പെണ്ണിന്റെ ശ്രദ്ധ കിട്ടാൻ അവൾക്ക് ഒരു കത്തുനൽകാൻ എന്തെല്ലാം വഴികളാണ് അന്ന് കണ്ടെത്തിയിരുന്നത്.. ആരും കാണാതെ ഉമ്മറത്തിരിക്കുന്ന കാമുകിയുടെ അടുത്തേയ്ക്ക് കത്ത് വലിച്ചെറിയുക.നിരാശാ കാമുകൻമ്മാർ റോഡിലെ കലുങ്കിന്റെ ഇരുവശവും ഇരുന്ന്‌ നീണ്ട തടിയിൽ തടവി ആശ്വാസം കൊള്ളുന്നതും ഒരു കാഴ്ച തന്നെയായിരുന്നു . ഒരു നോക്കു കാണാൻ എത്ര നേരം വേണമെങ്കിലും റോഡിലും വരുന്ന ഇടവഴിയിലും കാത്തു നിൽക്കാൻ അന്നത്തെ സ്നേഹനിധികളായ കാമുകന്മാർക്കാവുമായിരുന്നു. ഇന്നത്തെ സൗകര്യങ്ങൾ ഓർക്കുമ്പോൾ അന്നത്തെ കാമുകീകാമുകന്മാരുടെ വിഷമം മനസ്സിലാക്കാവുന്നതേയുള്ളൂ. അന്നത്തെ സ്നേഹത്തിന് ആത്മാർത്ഥതയുണ്ടായിരുന്നു. മനസ്സുകൊണ്ടുപോലും കാമുകിയെ കളങ്കപ്പെടുത്താതിരിക്കാൻ കാമുകന്മാർ ശ്രദ്ധിച്ചിരുന്നു. ഇന്ന് വീഡിയോ കോളായി... ലൈവായി... വാട്സാപ്പ് ആയി.... കത്തെഴുതാൻ പോലും മറന്നു.. എല്ലാം വോയ്സ് മെസേജസ്.. പ്രേമം പൊളിഞ്ഞാലോ.. കിട്ടിയതെല്ലാം മൊബൈലിന്റെ മെമ്മറിയിൽ നിന്നും സോഷ്യൽ മീഡിയയയിലേയ്ക്ക്.. ചുംബിക്കുന്ന ഫോട്ടോയും... അതും കടന്നു പോയെങ്കലും അതുൾപ്പെടെ വിശന്നിരിക്കുന്നവരുടെ മുന്നിലേയ്ക്കെത്തും... പിന്നെ എല്ലാം കഴിഞ്ഞു ആർത്തിയോടെ അവരത് മറ്റുള്ളവർക്ക് ഷെയർ ചെയ്യും... പിന്നെ എന്താവുമെന്ന് ചിന്തിക്കാൻപോലുമാവില്ല... സൗര്യങ്ങൾ കൂടുന്നതിനനുസരിച്ച് ആത്മാർത്ഥതയും സ്നേഹവും കുറയുന്നു... സ്നേഹത്തോടെ ഒരു മെസ്സേജയച്ചാൽ എല്ലാമായെന്ന് ഇന്നത്തെ തലമുറ കരുതുന്നു. 

അവൻ സ്വപ്നങ്ങൾക്ക് താൽക്കാലിക വിരാമം കൊടുത്തു. പരീക്ഷയ്ക്ക് പഠിക്കേണ്ട പാഠഭാഗങ്ങളിലേയ്ക്ക് ഉഴ്ന്നിറങ്ങി... പല വർഷങ്ങളിലെ ചോദ്യപേപ്പറുകളിൽ നിന്നുമുള്ള ചോദ്യങ്ങളും ഉത്തരങ്ങളും അവൾ പറഞ്ഞതുപ്രകാരം അവൻ പഠിക്കാനാരംഭിച്ചു...

വാതിലിൽ മുട്ടുകേട്ടു അവൻ വാതിൽ തുറന്നു. പുറത്ത് സഫിയ ചായയുമായി നിൽക്കുന്നു.

“ഉമ്മാ ഞാൻ താഴോട്ട് വരുമായിരുന്നല്ലോ“.

“വേണ്ടടാ... നീ പഠിക്കയല്ലേ... വെറുതേ സമയം കളയണ്ടെന്നു കരുതി..“

കുറച്ചു നാളുകൾക്കു ശേഷമാണ് സഫിയ മുകളിലേയ്ക്ക് വന്നത്. എപ്പോഴും താഴെത്ത് തന്നെയാണ് അഫ്സയുടെ കുഞ്ഞിന്റെ കാര്യം നോക്കി ആ ജോലിയിൽ ഇഴുകിച്ചേർന്നുവെന്നുതോന്നുന്നു. പോരെങ്കിൽ ഉമ്മയ്ക്ക് മുട്ടിനു വേദനയും തുടങ്ങിയെന്നു പറയുന്നു.

“മോനേ.. നീ നന്നായിട്ടു പഠിക്കണേ... എനിക്ക് നിന്നെക്കുറിച്ച് ഒരുപാട് സ്വപ്നങ്ങളുണ്ട്... എല്ലാ ഉമ്മമാരേയും പോലെ... എന്നാലും എല്ലാം നീ സാധിച്ചു തരേണ്ട... പക്ഷേ നിന്റെ ജീവിതം നീ സുരക്ഷിതമാക്കണം. അതാണ് എന്റെ ഇപ്പോഴത്തെ ആഗ്രഹം..“

അവരുടെ ശബ്ദത്തിന് ഇടർച്ചയുണ്ടാവുന്നത് അവൻ തിരിച്ചറിഞ്ഞു.

“ഉമ്മ പേടിക്കേണ്ട... നല്ല മാർക്ക് വാങ്ങിത്തന്നെ ഞാൻ ജയിക്കും... അവൻ സഫിയയുടെ കൈയ്യിൽ മെല്ലെ തലോടി... എന്തിനാ ഉമ്മാ വിഷമിക്കുന്നേ... എന്നെ വിശ്വാസമില്ലേ... ഞാൻ പഴയതുപോലെ കളിച്ചു നടക്കില്ല .. പഠിക്കയാ... ഇന്റെ ഉമ്മായ്ക്കുവേണ്ടിയാ... വലി ഉപ്പായ്ക്കുവേണ്ടിയാ ... ഇവിടുള്ള എല്ലാർക്കുംവേണ്ടിയാ... “

സഫിയയുടെ കണ്ണു നിറഞ്ഞു തുളുമ്പി.. അവനെ തന്നോട് ചേർത്തുനിർത്തി മുടി ഇഴകളിൽ തഴുകി നെറ്റിയിൽ ഉമ്മവെച്ചു.. ചെക്കൻ വളർന്നു വലുതായിരിക്കുന്നു. തന്റൊപ്പം പൊക്കമായിരിക്കുന്നു. അവന്റെ വളർച്ചയുടെ പല ഘട്ടങ്ങളും മനസ്സിലാക്കാൻ താൻ മറന്നോ എന്നൊരു കുറ്റബോധം... 

അവൻ ഉമ്മയോടൊപ്പം ചായയുമായി താഴേയ്ക്കിറങ്ങി... ഉമ്മാ എപ്പോഴും പഠിച്ചാൽ ബോറടിക്കും. കുറച്ചു നേരം താഴെവന്നിരിക്കാം.

അവർ രണ്ടാളും താഴെ എത്തി.. അവിടെ എല്ലാവരുമുണ്ടായിരുന്നു. ഉപ്പയുടെ നോട്ടം തന്റെയും ഉമ്മയുടെയും നോരേയായിരുന്നു. 

“ചെക്കൻ നിന്റൊപ്പമായല്ലോ സഫിയാ..“

“അതാ വാപ്പാ ഞാനവനോട് പറഞ്ഞത് ... ചെക്കനങ്ങ് വളർന്നുപോയി ..“

“ഇത്താ ങ്ങള് കണ്ണ് തട്ടാതെ.. അവനങ്ങ് വളരട്ടെ...“

അവിടൊരു കൂട്ടച്ചിരിയുയർന്നു.

“മോനേ പഠിത്തമൊക്കെ എങ്ങനെ പോണൂ.“

“കുഴപ്പമില്ല ഉപ്പാ.. നന്നായി പഠിക്കുന്നു...“

“നിനക്ക് എന്തേലും ട്യൂഷനോ മറ്റോ വേണമായിരുന്നോ..“

“വേണ്ട വാപ്പാ... ഇനി അതിനുള്ള സമയമൊന്നുമില്ല.“

“പിന്നേ.. വിഷ്ണുവിന്റെ ചേച്ചി  കോളേജ് ടീച്ചറാ... നിനക്ക് എന്തേലും  സംശയമുണ്ടെങ്കിൽ അവളോട് ചോദിച്ചാൽ മതി... ഇന്നും അവൾ ഇവിടെ വന്നിരുന്നു. നിന്നെക്കുറിച്ച് ചോദിച്ചിരുന്നു. അവരുടെ മകനും പത്താംക്ലാസ്സിലാ...“

“ശരി ഉപ്പാ..“

“നീ ചായകുടിക്ക്...“

ഫസൽ പതുക്കെ കസേരയിൽ ഇരുന്നു... അല്പാല്പമായി ചായകുടിക്കാൻ തുടങ്ങി...

പെട്ടെന്ന് ഫോൺ ശബ്ദിച്ചു.

ഫസൽ തന്നെ ഫോണെടുത്തു...

അങ്ങേത്തലയ്ക്കൽ റഷീദായിരുന്നു.

“ഫസലേ... നീ എവിടായിരുന്നു.

“എനിക്ക് പരീക്ഷയുടെ കുറച്ച് പേപ്പറുകൾ വാങ്ങാനുണ്ടായിരുന്നു. അതിനായി പോയിരുന്നു.“

“ഓകെ... പിന്നെ. നീ സ്റ്റീഫൻചെട്ടനെ വിളിക്കാറുണ്ടോ..“

“ഇല്ല മാമാ...“

“ചേട്ടന്റെ മോള് ഹോസ്പിറ്റലിൽ ജോയിൻ ചെയ്തു.. സുഖമായിരിക്കുന്നു. പ്രശ്നങ്ങളെല്ലാം തീർന്നെന്നു തോന്നുന്നു... നീ അദ്ദേഹത്തെ വിളിച്ചു പറ‍‍‍ഞ്ഞേക്കണേ... അദ്ദേഹത്തിന്റെ ഭാര്യ നിന്റെ ടീച്ചറായിരുന്നതല്ലേ...“

“അതേ മാമാ...“

“മാമാ ഫോൺ ഉപ്പായ്ക്ക് കൊടുക്കണോ..“

“വേണ്ടടാ... ഞാൻ കുറച്ചു മുന്നേ വിളിച്ച് എല്ലാവരോടും സംസാരിച്ചുന്നു.. നിന്നെ കിട്ടിയില്ല. അതാ വിളിച്ചത്.“

“ശരി.. എന്നാൽ വച്ചോ... സ്റ്റീഫൻ ചേട്ടനെ വിളിക്കാൻ മറക്കല്ലേ...“

“ഓകെ. മാമാ..“

അവൻ ഫോൺ ഡിസ്കണക്ട് ചെയ്തു... സ്റ്റീഫന്റെ നമ്പർ ഡയറിയിൽ നോക്കി ഡയൽ ചെയ്തു... അങ്ങേത്തലയ്ക്കൽ ടീച്ചറായിരുന്നു.

“ടീച്ചറേ ഇത് ഞാനാ... ഫസൽ..“

“മനസ്സിലായടാ... എന്താ മോനേ വിശേഷം..“

“ജൂലി ചേച്ചി ജോലിയ്ക്ക് കയറി.. സുഖമായിരിക്കുന്നെന്ന് മാമാ വിളിച്ചു പറഞ്ഞു...“

“അതേയോ... ഇവിടെ എല്ലാവരും വിഷമിച്ചിരിക്കുകയായിരുന്നു. വൈകിട്ട് അവൾ വിളിക്കുമായിരിക്കും.. ഡ്യൂട്ടി സമയത്ത് ഫോൺ ചെയ്യാനാവില്ലല്ലോ.

“ശരിയാ... ഇനി പേടിക്കാനൊന്നുമില്ല... സ്റ്റീഫനങ്കിൾ അവിടില്ലേ..“

“ഇല്ല.. ഇന്ന് നൈറ്റാ... നാലുമണിക്കേ പോയി..“

“ഓക്കെ... ഞാൻ വച്ചേക്കട്ടേ...“

“നിൽക്ക്.. പിന്നെ പരീക്ഷയ്ക്കുള്ളതെല്ലാം പഠിച്ചു കഴിഞ്ഞോ..“

“കഴിഞ്ഞു ടീച്ചറേ... റിവിഷൻ നടക്കുന്നു... നന്നായി എഴുതാമെന്നുള്ള പ്രതീക്ഷയുണ്ട്.. മാക്സ്.. കുറച്ച് പ്രശ്നമാണ്...“

“ദൂരം കൂടുതലാ... അല്ലായെങ്കിൽ ഞാൻ പറഞ്ഞുതന്നേനേ...“

“പ്രശ്നമില്ല.. കഴിവതും പരിശ്രമിക്കും.“

“നിനക്ക് നല്ല മാർക്ക് കിട്ടുമെടാ... നന്നായി ഹോം വർക്ക്ചെയ്യണം.“

“ശരി. ടീച്ചറേ...“

“ശരി.. പിന്നെ വിളിക്കാം.. ഞാൻ അച്ചായനെ വിളിച്ച് കാര്യം പറയട്ടേ...“

“ഓകെ ടീച്ചർ..“

അവൻ ഫോൺ കട്ട് ചെയ്ത്. തിരികെ കസേരയിലേയ്ക്ക് വന്നിരുന്നു. വിശദമായി ഉപ്പയെ കാര്യങ്ങൾ പറഞ്ഞു ബോധ്യപ്പെടുത്തി...

“മോനേ... നിനക്ക് ആരാവാനാ ആഗ്രഹം..“

“ഉപ്പാ.. എനിക്ക് ഒരു ഡോക്ടറാവണം. പാവപ്പെട്ടവരെ ചികിത്സിക്കുന്ന ഒരു ഡോക്ടർ... നമ്മൾ കണ്ടില്ലേ... അന്ന്.. നമ്മുടെ ആ പഴയ വീടിന്റെ അയലത്തെ ആ ഡോക്ടറെ..ഗോപി അങ്കിളിനെ അദ്ദേഹത്തെപ്പോലെ..“

സഫിയയുടെ ഉള്ളൊന്നു പിടഞ്ഞു .. ഹമീദ് അറിയാതെ അവളെയൊന്നു നോക്കി.. മുഖം കുനിഞ്ഞു...

“ശരി. നിന്റെ ആഗ്രഹം നടക്കട്ടെ... പിന്നെ നീ പോയിരുന്ന് പഠിക്ക്...“

സഫിയ വീണ്ടും പഴയ കാലത്തേയ്ക്ക് തിരികെപ്പോയി... ഗോപിഏട്ടൻ   പറയുമായിരുന്നു പഠിച്ച് ഡോക്ടറാകണമെന്ന്... പാവപ്പെട്ടവരുടെ ഡോക്ടർ.. പണം വാങ്ങാതെ ചികിത്സിക്കുന്ന ഡോക്ടർ അവസാനം അദ്ദേഹം ലക്ഷ്യത്തിൽ എത്തി ..

തകർന്ന സ്വപ്നങ്ങൾ.. പക്ഷേ എന്റെ മകന്റെ സ്വപ്നങ്ങൾക്ക് ഉയരത്തിൽ പറക്കാൻ ചിറകുകൾ വേണം... അതിനുള്ള പരിശ്രമമാണിനിയാവശ്യം. ഈ കുടുംബത്തന്റെ എക്കാലത്തെയും പ്രതീക്ഷയാണവൻ.. അവന്റെ ഉയർച്ച ഈ കുടുംബത്തന്റെ ഉയർച്ചയായിരിക്കും. അവന്റെ തളർച്ച ഈ കുടുംബത്തന്റെ തളർച്ചയുമായിരിക്കും. ഇടയ്ക്ക് പഠിത്തത്തിൽ കുറച്ചു പിന്നിലായെങ്കിലും അവൻ വീണ്ടും നന്നായി പരിശ്രമിക്കാൻ തുടങ്ങിയിരിക്കുന്നു. പടച്ചോൻ എല്ലാത്തിനും ഒരു പരിഹാരം കാണിച്ചുതരുമെന്നുറപ്പ്.

അച്ഛനില്ലാതെ ഇതുവരെയെത്തിയില്ലേ.. വാപ്പയുടെയും സഹോദരങ്ങളുടെയും സഹായമില്ലായിരുന്നെങ്കിൽ എന്താവുമായിരുന്നു തന്റെയും മകന്റെയും അവസ്ഥ... തന്റെ ജീവിതപരാജയം ഇനി ആർക്കുമുണ്ടാവരുത്... 

ഫസൽ മുകളിലേയ്ക്ക് പോയി... നാദിറ അവിടെ അവനെ കാത്തുനിന്നിരുന്നു. “എന്താ മാമീ താഴേയ്ക്ക വരാതിരുന്നത്..“

“നല്ല സുഖമില്ലായിരുന്നു.

“താഴെ എല്ലാവരും തിരക്കി..“

അവന്റെ മുഖത്തേയ്ക്ക് നോക്കുകമാത്രം ചെയ്തു... 

“ഫസലേ എനിക്ക് നിന്നോടൊരു കാര്യം പറയാനുണ്ട്..“

“മാമി പറഞ്ഞോ...“

“മോനേ... നിന്റെ മാമാ എന്നെ വിളിച്ചിട്ടിപ്പോൾ രണ്ടാഴ്ചയായിരിക്കുന്നു. പോയിട്ട് ഏകദേശം ഒരു മാസവും... എന്തിനാണിങ്ങനെ കഷ്ടപ്പെടുന്നത്. നിനക്ക് മാമായോടൊന്നു വീടുവരെ വരാൻ പറഞ്ഞുകൂടെ ..“

“മാമീ.. മാമയ്ക്ക് അവിടെ ധാരാളം ജോലിയുണ്ട്.. രണ്ടാമത്.. ഇപ്പോൾ ജോലിയ്ക്ക് കയറിയതല്ലേയുള്ളൂ.. തന്റെ കഴിവ്പ്രകടി പ്പിക്കാനുള്ള സമയമാണിത്.. മാമാ വരും... പിന്നെ ആവശ്യമില്ലാതെ മാമി ടെൻഷനടിക്കുന്നതാ..“

നാദിറ മറുപടിയൊന്നും പറഞ്ഞില്ല.. അവൻ കുട്ടിയാണെങ്കിലും അവന്റെ വാക്കുകൾ അവൾക്ക് വിശ്വസിക്കാൻ തോന്നി... വരുമായിരിക്കും. തന്നോട് ദേഷ്യമില്ലായിരിക്കും..

“മാമി ആവശ്യമില്ലാതെ ഓരോന്നോർത്തിരിക്കാതെ താഴേയ്ക്ക് ചെന്ന് എല്ലാരുമായിട്ടൊന്നു തമാശ പറഞ്ഞിരുന്നേ.. എല്ലാം ശരിയാവുമെന്നേ...“

അവർ അവനെ നോക്കി ചിരിച്ചു.. അനുസരണയുള്ള കുട്ടിയെപ്പോലെ അവർ   താഴേയ്ക്ക് പടവുകളിറങ്ങി പോയി...
 
 
 
ഷംസുദ്ധീൻ തോപ്പിൽ 16 02 2020
 
തുടർന്നു വായിക്കുക അടുത്ത ഞായറാഴ്ച്ച  23 02 2020

8.2.20

നിഴൽവീണവഴികൾ - ഭാഗം - 60



ഡ്യൂട്ടി കഴി‍ഞ്ഞിട്ട് സ്റ്റീഫന്റെ മകൾ റഷീദിനെ വിളിച്ചിരുന്നു. സുഖമായിരിക്കുന്നെന്നും ജോലി ഇഷ്ടപ്പെട്ടെന്നും പറഞ്ഞു. താമസം ഹോസ്റ്റലിൽ തന്നെ... അവർ രണ്ടുപേർക്ക് ഒരു റും. ഒരു തിരുവല്ലക്കാരി മായ എന്ന സുഹൃത്തിനേയും അവൾക്ക് കിട്ടി. എന്തെങ്കിലും കാര്യമുണ്ടെങ്കിൽ വിളിക്കാൻ റഷീദ് പറയുകയും ചെയ്തു. സ്റ്റീഫനെ വിളിച്ച് കാര്യങ്ങൾ അവൾ തന്നെ പറഞ്ഞിരുന്നു. എല്ലാവരും വളരെ സന്തോഷത്തിലാണെന്നും അറിയാൻ സാധിച്ചു.

ഇടയ്ക്ക് റഷീദ് വീട്ടിലേയ്ക്ക് വിളിച്ചിരുന്നു. മിക്കവാറും വിളിക്കാറുണ്ട്. ലാൻഡ്ഫോൺ ഉള്ളതുകൊണ്ട് വീട്ടിൽ എപ്പോൾ വേണമെങ്കിലും വിളിക്കാമല്ലോ.. വൈകുന്നേരം മൂന്നു മണിയായിട്ടും ഫസൽ എത്തിയിട്ടില്ല എന്നാണ് അറിയാൻ കഴിഞ്ഞത്. അവന് പരീക്ഷയാണല്ലോ.. ഏതോ സുഹൃത്തിനെ കാണാനായായി പോകുന്നെന്നാണ് വീട്ടിൽ പറഞ്ഞിരിക്കുന്നത്. 

ഫസൽ രാവിലെ തന്നെ വീട്ടിൽ നിന്നും ഇറങ്ങി. പരീക്ഷയുമായി ബന്ധപ്പെട്ട് ചില പ്രോജക്ടുകൾ തീർക്കാനുണ്ടെന്നും....... പുഴകടവിലെ സുഹൃത്തിന്റെ വീട്ടിൽ പോകുന്നെന്നുമാണ് പറഞ്ഞത്. സാധാരണയിൽനിന്ന് വ്യത്യസ്തമായി റഷീദ് വാങ്ങിനൽകിയ കടും നീല നിറത്തിലുള്ള ഷർട്ടും ചെന്നന കളർ പാന്റ്സുമായിരുന്നു വേഷം.. വ്യത്യസ്തമായ വേഷം കണ്ടപ്പോൾതന്നെ നാദിറ ചോദിച്ചു.

“എങ്ങോട്ടാ യാത്ര.... ആരെക്കാണാനാ... ചെത്ത് സ്റ്റൈലിലാണല്ലോ... ദേ.. ചെക്കാ.. ആരെങ്കിലും കണ്ണും കൈയ്യാും കാണിച്ചാൽ ചെന്നു വീണേക്കല്ലേ... അങ്ങനെ എന്തേലും അറിഞ്ഞാൽ മാമനോട് വിളിച്ചു ഞാൻ കാര്യം പറയും.“

അവൻ അതൊന്നും കാര്യമായെടുത്തില്ല... പരീക്ഷ മൊത്തത്തിൽ വന്നു തലയ്ക്കുപിടിച്ചിരിക്കുന്നു. നന്നായി പഠിച്ചാൽ മാത്രമേ നല്ല മാർക്കു ലഭിക്കുള്ളൂ.. നിർണ്ണായകമായ പരീക്ഷ കൂടിയാണ് ഈ പ്ലസ്ടൂ... വീട്ടുകാരുടെ ആ​ഗ്രഹം എന്തോ ആയിക്കൊള്ളട്ടേ... തനിക്കൊരു ലക്ഷ്യമുണ്ട്. അത് നേടാൻ നന്നായി അധ്വാനിക്കണം. പുറത്തേയ്ക്കിറങ്ങിയപ്പോൾ സഫിയ പറഞ്ഞു..

“മോനേ പെട്ടെന്ന് വന്നേക്കണേ... സൂക്ഷിച്ചുപോണം..“

“ശരി ഉമ്മ...“ രണ്ടു വാക്കുകളിൽ ഉത്തരമൊതുക്കി.. .കുറച്ചു ദിവസമായി അവൻ അങ്ങനെയാണ്.. പണ്ട് വാതോരാതെ സംസാരിക്കുമായിരുന്നു. പരീക്ഷചൂടായതുകാരണമായിരിക്കാം ഇപ്പോൾ അവന് സംസാരിക്കാൻ സമയമില്ല... ഉമ്മയുടെ മുന്നിൽ നിന്നും നേരേ ചെന്നത് ഹമീദിക്കയുടെ അടുത്തേയ്ക്കാണ്.

“ഫസലേ എങ്ങോട്ടാ...“

“ഉപ്പ പ്രോജക്ടിന്റെ കാര്യത്തിന്... ഒരു സൂഹൃത്തിന്റെ അടുത്തുനിന്നും ചില പേപ്പറുകൾ വാങ്ങാനുണ്ട്... വൈകുന്നേരത്തോടെ തിരികെയെത്തും.“

“ഓകെ.. നീയിങ്ങുവന്നേ....“ ഹമീദ് മടിയിൽ നിന്നും നൂറു രൂപയെടുത്ത് ഫസലിന്റെ കൈയ്യിൽ കൊടുത്തു.. ഇതേ.. നിന്റെ മാമ ഇന്നലെ പൈസ അയച്ചിരുന്നു. ഇത് നിനക്കുള്ളതാ..“

അവൻ രണ്ടു കൈയ്യും നീട്ടി വാങ്ങി...  അവൻ ​ഗേറ്റ് തുറന്ന് പുറത്തു കടന്നു. ​പുറത്ത് ഡ്രൈവർ വിഷ്ണു നിൽക്കുന്നു... 

“ഫസലേ നീയെങ്ങട്ടാ...“

“ടൗണിലേയ്ക്കാ...“

“വേണേൽ ജം​ഗ്ഷനിൽ ഇറക്കാം. ഇന്ന് ഒരു എയർപോർട്ട് ഓട്ടമുണ്ട്... 

ഇപ്പോൾ വണ്ടിയ്ക്ക് നല്ല ഓട്ടമാണ്. കൂടുതലും എയർപോർട്ട് ഓട്ടമാണ്... അത്യാവശ്യം വരുമാനവുമുണ്ട്. വിഷ്ണുവിന് ജീവിക്കാനുള്ള വക അതിൽനിന്ന് കിട്ടുന്നുമുണ്ട്.. അവൻ നല്ലൊരു ഡ്രൈവറുമാണ്. നാട്ടിലെല്ലാവർക്കും ഹമീദിന്റെ വണ്ടി ഒരനു​ഗ്രഹവുമാണിപ്പോൾ... അധികമായി ആരിൽ നിന്നും ഒന്നും വാങ്ങാറുമില്ല.. മിതമായ നിരക്കായതിനാൽ എല്ലാവരും ഓട്ടം വിളിക്കാറുമുണ്ട്.

ഫസൽ വണ്ടിയിൽ കയറി.. ജം​ഗ്ഷനിൽ അവനെ ഇറക്കി വണ്ടി വലത്തേയ്ക്ക് തിരിഞ്ഞുപോയി..

അൽപനേരത്തിനകം തന്നെ അവനു പോകേണ്ട വഹനമെത്തി.. ലക്ഷ്യം ഐഷുവിനെ കാണുകയെന്നുള്ളതാണ്. അവന് അത് ആരോടും പറയാനുമാവില്ലല്ലോ.. ഇന്നവൾ ..... വരുമെന്നു പറഞ്ഞിട്ടുണ്ടായിരുന്നു. അവരുടെ ബന്ധുവിന്റെ ഒരു വിവാഹച്ചടങ്ങിൽ പങ്കെടുക്കുന്നതിനായി. അവൻ അവൾ പറഞ്ഞിരുന്ന സ്ഥലത്തിറങ്ങി.. നേരേ നടന്നു. അൽപദൂരം നടന്നപ്പോൾ നന്നായി അലങ്കരിച്ച ഒരു വീടിനു മുന്നിലെത്തി.. അവിടെ വിവാഹത്തിനായുള്ള പന്തൽ കെട്ടിയിരിക്കുന്നു. അവൻ പുറത്ത് അൽപനേരം നിന്നു... അവന്റെ നോട്ടം വീട്ടിനകത്തേയ്ക്ക് നീണ്ടു. 

അവന്റെ ചലനങ്ങളോരോന്നും അകത്തുനിന്നും ഒരാൾ വീക്ഷിക്കുന്നുണ്ടായിരുന്നു. അൽപ നേരത്തിനകം ഐഷു പുറത്തേയ്ക് വന്നു. കൈയ്യിൽ ഒരു പുസ്തകവുമുണ്ടായിരുന്നു. അവൾ മറ്റാർക്കും സംശയമുണ്ടാകാത്ത രീതിയിൽ അടുത്തെത്തി... ആ പുസ്തകം അവന്റെ കയ്യിൽ വെച്ച് കൊടുത്തു.. അവന്റെ മുഖത്തേയ്ക്ക് നോക്കി..

“ഇതിൽ പരീക്ഷയ്ക്ക് ചോദിക്കേണ്ടതെല്ലാമുണ്ട്... നന്നായി പഠിക്കുക... നിനക്ക് ലകഷ്യത്തിലെത്താൻ ഇതൊരു വലിയ കടമ്പതന്നെയാണ്... അതുകൊണ്ട് സമയം നഷ്ടപ്പെടുത്തരുത്...“

അവൻ തലകുലുക്കി...

“ഞാൻ പോട്ടേ...“

അവൻ അതിനും തലകുലുക്കുകയാണ് ചെയ്തത്... ആരൊക്കെയോ അവനെ നിരീക്ഷിക്കുന്നുണ്ടായിരുന്നു... പക്ഷേ അവരുടെ പെരുമാറ്റം ആർക്കും സംശയമുണ്ടാക്കുന്നതായിരുന്നില്ല ..

രണ്ടുചുവട് മുന്നോട്ട് നടന്ന് അവൾ തിരിഞ്ഞു നിന്നു...

“പരീക്ഷയ്ക്ക് കാണാം... വീട്ടിലേയ്ക്കല്ലേ... കറങ്ങി നടക്കല്ലേ.“

“ശരി...“

അവൾ തിരി‍ഞ്ഞു നടന്നു... അവൻ അവൾ പോകുന്നതു നോക്കി നിന്നു. അവൾ വീടിന്റെ ​​ഗേറ്റ് കടക്കുന്നതിനു മുന്നേ വീണ്ടും ഒരിക്കൽക്കൂടി തിരിഞ്ഞു നോക്കി..  അവനോട് അവൾ കൈകൊണ്ട് പോകാൻ ആം​ഗ്യം കാണിച്ചു. തിരികെ ബസ്റ്റോപ്പിലേയ്ക്ക്.. അവിടെ ബസ്സിന്റെ സമയം എഴുതിയ ബോർഡ് നോക്കി... ഇനി അരമണിക്കൂർ കഴിഞ്ഞേ ബസ്സുള്ളൂ... അവിടെ കോൺക്രീറ്റ് ബഞ്ചിലിരുന്നു. പലതും ആലോചിക്കുകയായിരുന്നു. ജീവിതത്തിലെ സുപ്രധാന ഘട്ടങ്ങളിലൊക്കെ അവൾ തനിക്കൊരു താങ്ങായും തണലായും നിന്നിട്ടുണ്ട്. ഇതുവരെ തങ്ങൾ തമ്മിൽ പിണങ്ങിയിട്ടില്ല.. താനും അവളും തമ്മിൽ ഒരുപാട് അന്തരമുണ്ട്.. അവർ വലിയ പണക്കാരാണ്.. വലിയ വീടുണ്ട്. അതിനേക്കാളുപരി  അവൾക്ക് ഒരുപാട് ബന്ധുക്കളുമുണ്ട്. തങ്ങൾക്ക് എന്താണുള്ളത്. . മാമയുടെ വീട്ടിൽ താമസിക്കുന്നു. അവരുടെ കാരുണ്യത്താൽ ചിലവുകൾ കഴിഞ്ഞുപോകുന്നു. വർഷങ്ങൾക്കു മുന്നേ വാപ്പയും ഉമ്മയും തമ്മിൽ വേർപിരിഞ്ഞു... ഈയൊരന്തരീക്ഷത്തിലേയ്ക്ക് അവൾ വന്നു കയറിയാൽ എന്താവും അവസ്ഥ... ഇഷ്ടമാണ് അവൾക്കും തനിക്കും പരസ്പരം. പക്ഷേ ഭാവിയിൽ എന്തു സംഭവിക്കുമെന്നറിയില്ല.. അവൾ അവനു നൽകിയ പുസ്തകം കൈയ്യിലിരിപ്പുണ്ട്. ഭദ്രമായി ന്യൂസ്പേപ്പറിട്ട് കവറ്ചെയ്തിരിക്കുന്നു. തനിക്കുവേണ്ടി പരീക്ഷയ്ക്ക് വരാൻ സാധ്യതയുള്ള ചോദ്യവും ഉത്തരവും അവൾ തയ്യാറാക്കി തന്നിരിക്കുകയാണ്. 

അവൾ പറഞ്ഞത് ഇപ്പോഴും അവന്റെ കാതുകളിൽ മുഴങ്ങുന്നു. ഫസലേ പണമല്ല ലോകത്തേയ്ക്ക് ഏറ്റവും വലുതായിട്ടുള്ളത് അറിവാണ്, വിദ്യാഭ്യാസമാണ്, ഇതുണ്ടെങ്കിൽ പണം താനേ വന്നുചേരും... വിദ്യകൊണ്ടു പ്രബുദ്ധരാവുക.. നാരായണ​ഗുരുവിന്റെ വാക്കുകൾ നീയോർക്കുന്നില്ലേ... സമൂഹത്തിൽ ഒറ്റപ്പെട്ടുപോയ ഒരു സമൂഹത്തെ ഇന്നത്തെ നിലയിൽ ഉയർത്തിയെടുത്തത്.. ജാതിയുടെയും മതത്തിന്റെയും മതിൽക്കെട്ടുകൾ തകർത്ത് ആ സമൂഹത്തെ ഉന്നതിയിലെത്തിച്ചത്... ചിന്തിക്കാൻപോലും കഴിയാതിരുന്ന ആ കാലഘട്ടത്തിൽ തമ്പുരാക്കൻമ്മാരുടെ മുന്നിൽ ഓഛാനിച്ചു നിന്നിരുന്ന ഒരു തലമുറയുണ്ടായിരുന്നിവിടെ.

ശരിയാണ്. മതത്തിന്റെയും ജാതിയുടെയും പേരിൽ മനുഷ്യൻ ഭിന്നിച്ചിരുന്ന ഒരു കാലഘട്ടം... താൻ പ്രതിനിധാനം ചെയ്യുന്ന ഈഴവ സമൂഹത്തെ ഉയർത്തിക്കൊണ്ടുവരാൻ ശ്രീനാരായണ​ഗുരു ഒരുപാട് പ്രയത്നിച്ചിട്ടുണ്ട്. ഒരു ജാതി ഒരു മതം, ഒരു ദൈവം മനുഷ്യന് എന്ന സിദ്ധാന്തം എത്രയോ വിലപ്പെട്ടതാണെന്ന് ഇന്നത്തെ സമൂഹത്തിനു ബോധ്യപ്പെട്ടുവരുന്നു. ജാതി ചോദിക്കരുത് പറയരുത് ചിന്തിക്കരുത് മതം ഏതായാലും മനുഷ്യൻ നന്നായാൽ മതി ... ക്ഷേത്രാരാധനയ്ക്ക് തടസ്സമുണ്ടായപ്പോൾ കണ്ണാടി പ്രതിഷ്ഠിച്ച് അവിടെ പൂജനടത്താൻ പറഞ്ഞ ശ്രീനാരായണ​ഗുരുവിന്റെ നാടാണിത്. അതേവാക്കുകൾ വിദ്യകൊണ്ട് പ്രബുദ്ധരാവുക.

ഒരുപാട് കളിച്ചുനടന്നിട്ടുണ്ട്... വഴിതെറ്റിപ്പോയ ഒരു ജന്മമായിരുന്നു തന്റേത്... ഐഷുവിനെ കണ്ടതിനു ശേഷം ജീവിതത്തിൽ ഒരു മാറ്റം ഉണ്ടാക്കാൻ ശ്രമിച്ചിട്ടുള്ളത്... അവൾക്ക് തന്റത്രയും പ്രായമേയുള്ളൂ.. പക്ഷേ എന്തെല്ലാം അറിവാണവൾക്ക്, ജീവിതത്തെക്കുറിച്ചുള്ള വ്യക്തമായകാഴ്ചപ്പാടുണ്ടവൾക്ക്. വരുന്നതു വരട്ടെ. കാത്തിരിക്കാം.. ഇനിയും സമയമുണ്ടല്ലോ.. എന്തായാലും ഈ പരീക്ഷ തനിക്കൊരു അ​ഗ്നിപരീക്ഷതന്നെയാണ്.. നന്നായി പഠിയ്ക്കണം... തന്റെ ലക്ഷ്യത്തിന് തടസ്സം തന്റെ അലസത തന്നെയെന്ന് താൻ തിരിച്ചറിഞ്ഞിരിക്കുന്നു.. ഇനി അത് മാറ്റുകതന്നെ വേണം ...

ദൂരെനിന്നും ബസ്സിന്റെ ഹോൺ കേട്ടു... അവൻ ബസ്റ്റോപ്പിൽ  നിന്നും പുറത്തേയ്ക്കിറങ്ങി... അവിടെനിന്നും ബസ്സിൽ കയറാൻ വേറേയും ആളുകളുണ്ടായിരുന്നു. എന്തായാലും ഇവിടെവരെയെത്തി.. കോഴിക്കോട് പോയിട്ടു പോകാമെന്നു അവൻ വിചാരിച്ചു. ബസ്സിൽ സാമാന്യം നല്ല തിരിക്കുണ്ടായിരുന്നു. പുതിയ സ്റ്റന്റിലേക്ക് ടിക്കറ്റെടുത്തു.. മുക്കാൽ മണിക്കൂറത്തെ യാത്രയിൽ ബസ്സ്കോഴിക്കോട് എത്തി  .. അവൻ അവിടിറങ്ങി.. അടുത്തു കണ്ട ഒരു കടയിൽ കയറി സർബത്ത് കുടിച്ചു.. മാമ കൊണ്ടുവന്ന ഇലട്രോണിക് ഡിജിറ്റൽ വാച്ച് കൈയ്യിൽ കെട്ടിയിരിക്കുന്നു. സമയം 11.00 മണി. നേരെ അദ്രുക്കയുടെ കടയിലേക്ക് നടന്നു അവിടെക്കയറി മട്ടൻ ബിരിയാണി കഴിച്ചു പോകാമെന്നതാണ് അവന്റെ ഇന്നത്തെ പ്ലാൻ. മൂന്നു മണിവരെ ഇവിടൊക്കെ ഒന്നു കറങ്ങിനടക്കാമെന്നു അവൻ കരുതി.. അൽപദൂരം നടന്നപ്പോൾ പിറകിൽ നിന്നൊരു വിളി...

“ഫസൽ...“ അവൻ തിരിഞ്ഞുനോക്കി...

പരിചയമുള്ള ശബ്ദം...

“ആമിന എന്താ ഇവിടെ..“

അവൾ അവന്റെ മുഖത്തേയ്ക്ക് നോക്കി.. 

“നീ എവിടായിരുന്നു... എന്നെക്കാണാൻ വീട്ടിൽ വരാമെന്നു പറഞ്ഞിട്ട് പോയതല്ലേ... പിന്നെന്തേ അങ്ങോട്ടൊന്നും വന്നില്ല. നിന്റെ വീടാണെങ്കിൽ എനിക്കറിയത്തുമില്ല...“

അവൻ അവളുടെ കണ്ണുകളിലേയ്ക്ക് നോക്കി... നിരാശബാധിച്ച ആ മുഖത്ത് നേരേ നോക്കാൻ പോലും അവന് ഭയമായിരുന്നു. തന്റെ സഹോദരിതന്നെ പക്ഷേ... അൻവർ മാമയുടെ വാക്കുകൾ അവന്റെ മനസ്സിലുണ്ട്.. വെറുതേ വയ്യാവേലികൾ എടുത്തു തലയിൽ വയ്ക്കരുതെന്നാണ് അദ്ദേഹം പറഞ്ഞിരുന്നത്... എന്നാലും തന്റെ ചോരയല്ലേ അവൾക്കും..

അല്പനേരം അവനൊന്നും മിണ്ടിയില്ല..

“എന്താ നീയൊന്നും മിണ്ടാത്തേ... എനിക്ക് സഹായമൊന്നും വേണ്ടകേട്ടോ... ഇപ്പോൾ ഒരു ചെറിയ ജോലിയുണ്ട്..

“എന്ത് ജോലി...“

ഒരു വീട്ടിൽ ജോലിക്കു നിൽക്കുന്നു. മക്കളെല്ലാം വിദേശത്താണ്.. അപ്പൂപ്പനും അമ്മൂമ്മയും മാത്രമേയുള്ളൂ... നല്ല സ്നേഹമുള്ളോരാ.. എന്റേയും മോൾടേയും ചിലവ് നടന്നുപോകും.. മാസം നല്ലൊരു തുക തരുന്നുണ്ട്... മോളെ അവരുതന്നെ നോക്കിക്കോളും...

“എവിടെയാ...“

“ഇവിടെനിന്നും ഒരു നാലു കിലോമീറ്റർ  അകത്തേയ്ക്ക് പോകണം.. ബസ്സ്റൂട്ടാണ്... ഇന്നിപ്പോൾ വീട്ടുസാധനങ്ങളം മീനും വാങ്ങാൻ വന്നതാ... ഡ്രൈവറെകൂട്ടിയാ വന്നത്... അവർക്ക് വണ്ടിയും ഡ്രൈവറുമുണ്ട്.“

ദൂരേയ്ക്ക് കൈചൂണ്ടിക്കാണിച്ചു...

“നാട്ടിൽ പോകാറില്ലേ...“

“ഇല്ല... അവൾടെ വാപ്പാനെ  ഞാനങ്ങ് വേണ്ടാന്നുവച്ചു... കള്ളുകുടിച്ച് ബോധമില്ലാതെ വരുന്ന ആ മനുഷ്യന്റെ ഭാര്യയായി തുടർന്നാൽ ഞാനും മോളും ആത്മഹത്യ ചെയ്യേണ്ടിവരും അതാ... എല്ലാം ഉപേക്ഷിച്ച് ഇങ്ങോട്ടുപോന്നത്... വാപ്പാന്റെ ഒരു അകന്ന ബന്ധുവാ ഇവിടെ പരിചയപ്പെടുത്തിത്തന്നത്... നാട്ടിലെ വസ്തു എന്റെ ഭർത്താവ് വിൽക്കാൻ നടക്കുകയാണ്... എങ്ങനാ വിൽക്കുക.. അതിനു പ്രമാണമമൊന്നുമില്ല.. വാപ്പാ എവിടെയോ പണയപ്പെടുത്തിയതാ...“

“പിന്നെ... നിന്നെക്കുറിച്ച് ഞാൻ ഓർക്കാറുണ്ട്... വീട്ടിൽ പറഞ്ഞിട്ടുമുണ്ട്... എനിക്ക് നിന്റടുത്ത് വരുമ്പോൾ സ്വന്തം സഹോദരന്റടുത്തെത്തിയതുപോലെയാ... നിന്റെ സഹായത്തിനെല്ലാം ഒരുപാട് നന്ദിയുണ്ട്... നീ ഒരുദിവസം വീട്ടിലേയ്ക്ക വാ... ഇവിടെനിന്നും....... കണ്ണൂർ  ബസ്സിൽ കയറി ചന്തമുക്ക് സ്റ്റോപ്പിൽ ഇറങ്ങി ... അവിടെ ജോസഫ് സാറുടെ വീടു ചോദിച്ചാൽ മതി... ആരോടു പറഞ്ഞാലും കാണിച്ചുതരും...“

“ഞാൻ ഒരുദിവസം അങ്ങോട്ടു വരാം...“

“നീ വീട്ടിലെ ഫോൺ നമ്പർ എഴുതിക്കോ..“

അവൾ നാലക്ക നമ്പർ അവനു പറഞ്ഞുകൊടുത്തു..

“പിന്നേ ഇടക്കൊക്കെ ഒന്ന് വിളിച്ചാലും മതി... എനിക്ക് ഈ ദുനിയാവിൽ എന്റെ മോളു മാത്രമേയുള്ളൂ... നിന്നെ ഞാനെന്റെ അനുജനായിട്ടു കണ്ടോട്ടേ...“

അവളുടെ കണ്ണുകൾ നിറഞ്ഞു... 

അനുജനായിട്ടല്ല... അനുജൻ തന്നെയാണ് എന്നു അവന് വിളിച്ചു പറയണമെന്നുണ്ടായിരുന്നു. വേണ്ട... 

“ഞാൻ ഇത്താന്നാണല്ലോ വിളിക്കാറ് പിന്നെന്താ ഇത്താ ഇങ്ങനെ..“

അവൾ കണ്ണു തുടച്ചു... 

“പോട്ടടാ... വീട്ടിൽ ചെന്നിട്ടുവേണം അവർക്കുള്ള ഭക്ഷണമുണ്ടാക്കാൻ.. പിന്നെ നീ നന്നായി പഠിക്കണേ... ഉമ്മയോട് എന്റെ അന്വേഷണം പറയണേ...“

അവൻ തലകുലുക്കി... അവൾ പതുക്കെ തിരിഞ്ഞു നടന്നു... എന്തായാലും അവൾ രക്ഷപ്പെട്ടല്ലോ... താൻ എല്ലാം ഒന്നു മറന്നുവന്നതാണ്.. വീണ്ടും ഓർമ്മകൾ അവന്റെ മനസ്സിലേയ്ക്ക് ഓടിയെത്തി... കടിഞ്ഞാണില്ലാതെ ചിന്തകൾ കാടുകയറിയപ്പോൾ അവൻ പതുക്കെ അവിടെനിന്നും കുറച്ചു മുന്നിലേയ്ക്ക് നടന്നു. അടുത്ത ആഴ്ച പരീക്ഷയാണ്... ഇതൊക്കെ ചിന്തിച്ചിരുന്നാൽ താൻ ജീവിതത്തിൽ വീണ്ടും തോറ്റുപോകും. തനിക്കു മാത്രമേ അറിയാവൂ അവൾ തന്റെ സഹോദരിയാണെന്ന്.. അവൾ അതറിഞ്ഞാലല്ലേ കുഴപ്പമുള്ളൂ.. ഇനി അതൊട്ട് അറിയാനും പോണില്ല... അതുകൊണ്ട് ചിന്തകൾക്ക് തൽക്കാലം കടിഞ്ഞാണിടാം..

അവൻ ... ഹോട്ടലിൽ കയറി.. ബിരിയാണിക്ക് ഓർഡർ കൊടുത്തു.. അൽപ നേരത്തിനകം ബിരിയാണിയെത്തി... കൊതി യോടെ അവൻ കഴിച്ച് കൈകകഴുകി പണം നൽകി തിരികെ ബസ്‌സ്റ്റാന്റിലേക്ക് ഓട്ടോ പിടിച്ചു ബസ്റ്റാന്റിലെത്തി... ബസ്റ്റാന്റെ തികച്ചും വിജനമായിരുന്നു. ആദ്യം വന്ന തൃശ്ശൂർ ബസ്സിൽ കയറി  തലപ്പാറയ്ക്കു ടിക്കറ്റെടുത്തു  അവിടെ നിന്നു വേറേ ബസ്സ് കിട്ടും.. എങ്ങനെയായായും നാലുമണിയാവും വീട്ടിലെത്താൻ...

“സഫിയാ ഫസലുവന്നില്ലേ മോളേ...“

“ഇല്ല വാപ്പാ...“

“അതെന്താ അവനിത്ര ലേറ്റാകുന്നേ...“

“സുഹൃത്തിനെ കാണാൻ പോയതല്ലേ.. എന്തായാലും നാലുമണിക്കുമുന്നേ എത്തുമെന്നാ പറഞ്ഞത്.. പോകാൻ നേരത്ത് വാപ്പ പൈസയും കൊടുത്തില്ലേ... ഇനി അവൻ ബിരിയാണിയും കഴിച്ചേ വരൂ...“

ഹമീദ് പൊട്ടിച്ചിരിച്ചു... 

“അവന്റെ പൂതി കൊള്ളാം... മട്ടൻ ബിരിയാണീന്നു പറഞ്ഞാ ചാവും... പണ്ടേ അവനങ്ങനയാ..“

“വാപ്പല്ലേ അവനെ ശീലിപ്പിച്ചത്... എവിടെപ്പോയാലും ഒരു പൊതി... അത് ബിരിയാണിയായിരിക്കും..“

“ശരിയാ... അന്ന് അവന്റെ സന്തോഷല്ലയിരുന്നോ നമുക്ക് വലുത്.. അവനൊന്നും ആവശ്യപ്പെടില്ലായിരുന്നല്ലോ...“

“ശരിയാ വാപ്പാ... ഇപ്പോഴും അവനങ്ങനെയാ... ഒരു കാര്യവും അവൻ ചോദിക്കാറില്ല.. ഇപ്പോ പരീക്ഷാച്ചൂടല്ലേ... രാത്രി വളരെ വൈകിയാ കിടക്കുന്നതെന്നാ നാദിറപറഞ്ഞത്...“

“മോളേ അൻവർ വിളിച്ചിരുന്നോ...“

സഫിയ മെല്ലെ അടുത്തെത്തി..

“വിളിച്ചു വാപ്പാ... അവൻ നാദിറയോട് ഒന്നും സംസാരിക്കുന്നില്ല .. ഫോൺ വന്നെന്നു പറഞ്ഞാൽ നാദിറ പിന്നെ വിളിക്കാൻ പറ‍ഞ്ഞ് ഒഴിഞ്ഞു മാറുകയും ചെയ്യുന്നു.“

“അതെന്താ അങ്ങനെ.. അവർ തമ്മിൽ വല്ല പ്രശ്നവും..“

“എന്തോ പ്രശ്നമുണ്ട്.. ഞാൻ അൻവറിനോട്  തന്നെ ചോദിക്കാം... ഇന്ന് ശനിയാഴ്ചയല്ലേ.. മിക്കവാറും വിളിക്കുകമായിരിക്കും.“

അൽപം കഴിഞ്ഞപ്പോൾ ഫോൺ ബെല്ലടിച്ചു.. സഫിയതന്നെ പോയി ഫോണെടുത്തു... അവൾ വിചാരിച്ചതുപോലെതന്നെ അത് അൻവറായിരുന്നു.

“അൻവറെ ഞാനാ സഫിയ.. നാദിറേ വിളിക്കട്ടേ..“

“വേണ്ട സഫിയാ...“

“അതെന്താ അൻവറെ നിങ്ങൾ തമ്മിൽ എന്തേലും പ്രശ്നം..“

“സഫിയാ.. വാപ്പായോടൊന്നും പറയേണ്ട... അവൾക്കിപ്പോ എന്നെ ഭയങ്കര സംശയാ... ഞാനിതെങ്ങനാ നിന്നോട് പറയുകയെന്നു കരുതിയിരിക്കുയാണ്.“

സഫിയ തരിച്ചിരുന്നുപോയി പടച്ചവനെ തന്റെ ജീവിതം തകർന്നതും എന്റെ മകൻ അനാഥമായതും ഈ സംശയ രോഗം തന്നെ അല്ലെ ... ഒരിക്കലും ഒരു വിള്ളലും ഉണ്ടാവില്ലെന്നു കരുതിയിരുന്നതാണ് അവർ തമ്മിലുള്ള ബന്ധം... സ്നേഹത്തിന് ഒരു കുറവുമില്ല പക്ഷേ കുട്ടികളില്ലാത്ത ദുഃഖം മാത്രം..

“അവൾ പറയുന്നത് എനിക്കിവിടെ വേറേ ബന്ധമുണ്ടെന്നാ .. ഞാനെങ്ങനാ സഫിയാ നിന്നോടിതൊക്കെ പറയുക...“

“ഇല്ലാ അൻവറെ . നീ പറഞ്ഞോ അങ്ങിനെ എങ്കിലും നിന്റെ മനസ്സൊന്നു തണുക്കട്ടെ ... മറ്റാരാ ഇതൊക്കെ കേൾക്കാനിരിക്കുന്നേ...“

അൻവർ ജോലിയ്ക്ക് ജോയിൻ ചെയ്തിട്ട് ഇത് രണ്ടാമത്തെ മാസമാണ്. നല്ല ജോലിയുണ്ട്.. ജോലിയുടെ ഭാ​ഗമായി പലയിടത്തും പോകേണ്ടിവരുന്നുണ്ട്. ഇന്ന് ​ഗോവയിലാണെങ്കിൽ രണ്ടുദിവസം കഴിഞ്ഞ് മം​ഗലാപുരത്തെത്തണം... ലോഡ് കയറ്റി അയച്ചു കഴിഞ്ഞാൽ അതിന്റെ പേയ്മെന്റും മറ്റു കാര്യങ്ങളും ഫോളോഅപ്പ് ചെയ്യണം. തിരക്കുപിടിച്ച ജോലിയാണ്... ഇതിനിടയിൽ അവന് അവളെ വിളിക്കാൻ സമയം ലഭിക്കാറുമില്ല.. അവൾ കരുതിയത് അവന് വേറെ ബന്ധം അവിടെയുണ്ടാകുമെന്നാണ്.

വിവാഹം കഴിഞ്ഞിട്ട് 8 വർഷങ്ങളായി.. കുട്ടികൾ ഉണ്ടാവില്ലെന്ന് രണ്ടാൾക്കുമറിയാം... അവളുടെ കുഴപ്പാണെന്നുമറിയാം.. പക്ഷേ ഒരു മുസൽമാനായ തനിക്ക് വേണമെങ്കിൽ വേറെ വിവാഹംകഴിക്കാം.. പക്ഷേ ജീവിതത്തിൽ ഒരു പുരുഷന് ഒരു സ്ത്രീയെ മാത്രമേ ആത്മാർത്ഥമായി സ്നേഹിക്കാനാവൂ എന്ന പക്ഷക്കാരനാണ് അൻവർ.. മാനസികമായി ഒരു സ്ത്രീയ്ക്കേ തന്റെ ജീവിതത്തിൽ സ്ഥാനമുള്ളൂ.. ഒന്നിലധികം വിവാഹം കഴിക്കുന്നവരുണ്ടാവാം. പക്ഷേ എങ്ങനെ അതുവരെ സ്വന്തം ശരീരത്തോട് മനസ്സിനോട് ഹൃദയത്തോട് ചേർത്തു നിർത്തിയവളെ തള്ളിമാറ്റി മറ്റൊരു സ്ത്രീയ്ക്ക് അവിടെ സ്ഥാനം നൽകാനാവുക... അത് ഒരുപക്ഷേ ശരീരത്തോടുള്ള സ്നേഹമായിരിക്കും. മനസ്സിനോടുള്ളതാവില്ല... പടച്ചോൻ ഒരുമിപ്പിച്ചതാണ് തങ്ങളെ... കുട്ടികളുണ്ടായില്ലെങ്കിൽ വേണ്ട... പക്ഷേ പടച്ചോൻ കൂട്ടിയോജിപ്പിച്ചതിനെ വേർപെടുത്താൻ മനുഷ്യജന്മങ്ങളായ നമുക്കവകാശമില്ല... നല്ല സമയത്തും മോശ സമയത്തും കൂടെ നിന്നവളാണവൾ കൈവിടില്ല ജീവിതത്തിലൊരിക്കലും.. ഇപ്പോഴത്തേതൊക്കെ ചില സൗന്ദര്യപ്പിണക്കങ്ങളായിരിക്കാം.. അതൊക്കെ അടുത്തെത്തിയാൽ തീരുന്നതേയുള്ളൂ..

ദൈവത്തിന്റെ സൃഷ്ടികൾ വ്യത്യസ്ത രൂപത്തിലാണ്. പ്രപഞ്ചത്തിലുള്ള ഓരോ സൃഷ്ടികൾക്കും വ്യക്തമായ സ്വഭാവ വൈചിത്ര്യങ്ങളുണ്ട്. സൃഷ്ടികളിൽ വച്ച് ഏറ്റവും ശ്രേഷ്ഠമായതാണ് മനുഷ്യജന്മം. വിവാഹമെന്നത് തലമുറ നിലനിർത്തിക്കൊണ്ടുപോവുകഎന്നതിലുപരി മനുഷ്യജന്മം നിലനിർത്തുക എന്നുള്ളതാണ്. അത് വിവാഹമെന്ന ചടങ്ങിലൂടെ പ്രാവർത്തികമാക്കാം. പക്ഷേ ദൗർഭാ​ഗ്യവശാൽ അവർക്ക് കുഞ്ഞുങ്ങളുണ്ടായില്ലെങ്കിലോ... ദൈവം എവിടേയും പറഞ്ഞിട്ടില്ല എത്ര കുട്ടികൾ വേണമെന്ന്.. ദൈവമൊരിടത്തും പറഞ്ഞിട്ടില്ല എത്ര വിവാഹം കഴിക്കണമെന്ന്.. ഇതെല്ലാം ദൈവികമായ നടപടികൾ മാത്രം.. അച്ഛന്റെയും അമ്മയുടെയും സ്നേഹം പങ്കുവയ്ക്കുന്നത് കുഞ്ഞുങ്ങളുമായിട്ടായിരിക്കാം. പക്ഷേ കുഞ്ഞുങ്ങളില്ലെന്നുകരുതി സ്നേഹത്തിനു കുറവുവരുമോ... സ്നേഹിക്കാൻ സ്നേഹം പങ്കുവയ്ക്കാൻ ഒരുപാടു പേരുണ്ട്. അച്ഛനേയും അമ്മയേയും സ്നേഹിക്കാം, സഹോദരങ്ങളെ സ്നേഹിക്കാം, സ്നേഹിക്കുന്നതിലൂടെ ലഭിക്കുന്ന സന്തോഷം സംതൃപ്തി അത് കുട്ടികളില്ലെന്നു കരുതി കുറയുമോ...? പരസ്പര വിശ്വാസം കുഞ്ഞുങ്ങളില്ലാത്തതിനാൽ കുറയുമോ... ഇവിടെ സമൂഹത്തിന്റെ ചോദ്യം, അതാണ് പ്രശ്നം.. വിവാഹം കഴിഞ്ഞാൽ ആറുമാസം കഴിഞ്ഞ് വിശേഷമില്ലെങ്കിൽ സമൂഹം ചോദിക്കും. ആർക്കാ പ്രശ്നമെന്ന്... സമൂഹം കരുതുന്നത് വിവാഹം കഴിക്കുന്നതുതന്നെ കുട്ടികളെ ഉണ്ടാക്കാനാണെന്നാണ്. ഈ ലോകത്തുള്ള ആരേയും സ്നേഹിക്കാം താലോലിക്കാം.. അതിന് ഭാഷയോ ദേശമോ പ്രശ്നമല്ല.. എത്രയോ ഇൻന്ത്യ ൻ കുട്ടികളെ വിദേശികൾ ലീ​ഗലായി ദത്തെടുത്ത് വളർത്തുന്നു. അവരെല്ലാം സന്തോഷമായല്ലേ ജീവിക്കുന്നത്... സ്വന്തമായി കുഞ്ഞുങ്ങളുണ്ടാവില്ലെന്നു കരുതി വിഷമിച്ചിരിക്കാതെ രക്ഷകർത്താക്കളില്ലാതെ... ജന്മനാ ഉപേക്ഷിക്കപ്പെട്ടതോ.. അല്ലാതെയോ ഉള്ള എത്രയോ കുട്ടികൾ നമ്മുടെ ശിശുസംരക്ഷണകേന്ദ്രത്തിലുണ്ട്. അവരിലൊരാൾക്ക് ജീവിതം കൊടുത്തുകൂടെ.. അതിനേക്കാൾ നന്മ മറ്റെന്തിനാണുള്ളത്.. ആരുടെ ചോരയെന്നുള്ളതല്ല അവിടെ നോക്കേണ്ടത്... ദൈവത്തിന്റെ ഏറ്റവും മഹത്തരമായ ഒരു സൃഷ്ടിയെ താൻ സംരക്ഷിക്കുന്നു. അത്രമാത്രം ചിന്തിച്ചാൽ മതി. അതും തന്നെപ്പോലൊരു മനുഷ്യ ജന്മമാണെന്നുള്ള തിരിച്ചറിവ്.. അതും ദൈവത്തിന്റെ സൃഷ്ടിയാണെന്നുള്ള ബോധം അതുമാത്രം മതി.. അവിടെ സമൂഹത്തിന്റെ അഭിപ്രായത്തിനായി കാത്തുനിൽക്കേണ്ടതില്ല... കാത്തുനിന്നാൽ കാലചക്രം ആർക്കുവേണ്ടിയും കാത്തുനിൽക്കില്ല. അത് തിരിഞ്ഞുകൊണ്ടേയിരിക്കും.

ഈ ജന്മത്തിൽ കുഞ്ഞുങ്ങളില്ലാത്തത് ഒരു പക്ഷേ പരലോകത്ത് അനേകം കുട്ടികളെ താലോലിക്കാനുള്ള അവസരം ദൈവം ഒരുക്കിയിട്ടുണ്ടാവാം. കുട്ടികളുണ്ടാവാത്തത് ശാപമെന്നു കരുതി സ്വയം ശപിക്കുന്നുവെങ്കിൽ അതിനേക്കാൾ വലിയ ദൈവനിന്ദ വേറേയൊന്നുമില്ല. നാമോരോരുത്തരും മറ്റുള്ളവരുടെ ജീവിതത്തിലേയ്ക്ക് അവരറിയാതെ നിരീക്ഷിക്കാനാ​ഗ്രഹിക്കുന്നവരാണ്. മറ്റുള്ളവർ തങ്ങളെ ശ്രദ്ധിക്കുന്നു എന്ന തോന്നലുണ്ടാകുന്നതുതന്നെ ഈയൊരു ചിന്താ​ഗതികൊണ്ടുമാത്രം.. സമൂഹത്തിന്റെ ഇഷ്ടാനിഷ്ടങ്ങൾക്ക് പ്രാധാന്യംകൊടുക്കാതെ സ്വന്തം ഇഷ്ടങ്ങൾക്ക് പ്രാധാന്യം കൊടുക്കുക... സ്നേഹം പങ്കുവയ്ക്കലാണ്... അതിന് പരിമിതികളില്ല... വിശാലമായ ഈ ലോകത്ത് നിങ്ങളെ പ്രതീക്ഷിച്ചിരിക്കുന്ന ഒരു കുഞ്ഞുണ്ടാവും... അത് ഒരുപക്ഷേ രക്തബന്ധമില്ലാത്തതാകാം. കുഞ്ഞിന്റെ പ്രതീക്ഷകൾക്ക് നിറം പകരുക... വൈദ്യശാസ്ത്രം പരാജയപ്പെടുന്നിടത്ത് മനുഷ്യശാസ്ത്രം (മനുഷ്യത്വം) വിജയിക്കും... ജനിക്കുമ്പോൾ നാമെല്ലാം അനാഥരാണ്... നമ്മളെ ശുശ്രൂഷിച്ച് വളർത്തി പറഞ്ഞ് പഠിപ്പിച്ച് അച്ചായെന്നും അമ്മായെന്നും വിളിപ്പിക്കുന്നു... നമുക്ക് സ്വന്തമെന്നു പറയുന്നത് നമ്മുടെ ശരീരം മാത്രം... എന്ന് നമ്മുടെ ശരീരം ഒറ്റയ്ക്കാകുന്നോ അന്ന് നമുക്ക് വിലയില്ലാതാകും.. വെറും മൃതദേഹമാകും... അതുകൊണ്ടാണല്ലോ നാമോരോരുത്തരും അസുഖം വരുമ്പോൾ ഡോക്ടറെക്കാണാൻ പോകുന്നത്... വ്യായാമം ചെയ്യുന്നത്... ഭക്ഷണം കഴിക്കുന്നത്... ഇതെല്ലാം ആർക്കുവേണ്ടിയാണ്.. സ്വന്തം ശരീരത്തിനുവേണ്ടി... നമുക്കുവേണ്ടി... അപ്പോൾ നാമല്ലേ പ്രധാനം... നമ്മുടെ സന്തോഷമല്ലേ പ്രധാനം... അതിനായി പ്രയത്നിക്കുക.... ശാസ്ത്ര പുരോ​ഗതിയിൽ മറ്റുള്ളവരുടെ അവയവങ്ങൾ സ്വശരീരത്തിൽ തുന്നിച്ചേർത്ത് ജീവിക്കാമെന്നുണ്ടെങ്കിൽ ഒരു കുഞ്ഞിനെ ദത്തെടുക്കുന്നതിൽ എന്താണ് തെറ്റ്... സമൂഹം മാറട്ടെ... അനാഥർ ഇല്ലാതാവട്ടെ...

ജന്മംനൽകിയവർ തന്നെ മുലപ്പാലിന്റെ മധുരം നുകരുന്നതിനു മുന്നേ ജീവൻ എടുത്ത് വെറും ഒരു ബക്കറ്റിലാക്കി പുഴയിലൂടെ ഒഴുക്കി വിട്ടവർനമ്മുടെ സമൂഹത്തിലെ ശാപമാണ്.പിഞ്ചു കുഞ്ഞിന്റെ ജീവൻ എടുക്കുന്നതിനു പകരം ഏതേലും അനാഥ മന്ദിരത്തിലോ അമ്മ തോട്ടിൽ പോലുള്ള ഇടങ്ങളിലോ കുട്ടികളില്ലാത്ത ദമ്പതികൾക്കോ നൽകിയിരുന്നെങ്കിൽ ഒരു ജീവന്റെ തുടിപ്പ് അവസാനിക്കില്ലായിരുന്നു മക്കളില്ലാത്ത ദമ്പതികൾക്ക് അതൊരു അനുഗ്രഹമാകുമായിരുന്നു.

കുട്ടികൾ ഉണ്ടാവില്ലന്നു കരുതി സ്വന്തം ശരീരത്തെ ഒരു പരീക്ഷണ വസ്തു ആക്കാതെ ദൈവത്തിന്റെ സ്രേഷ്ട സൃഷി ആയ ഒരു മനുഷ്യ ജൻമ്മത്തെ ദത്തെടുത്തു കൂടെ എവിടെയോ വായിച്ചതായി ഞാൻ ഓർക്കുന്നു മുപ്പത് വയസ്സുള്ള യുവാവും ഇരുപത്തിആറുവയസ്സുള്ള യുവതിയും വിവാഹത്തിന്റെ അന്ന് നേരെ പോയത് ഒരു അനാഥ മന്ദിരത്തിലേക്കാണ്  അവിടെ നിന്ന് ഒരു കുഞ്ഞിനേയും ദത്ത് എടുത്ത് കൊണ്ട് അവർ വീട്ടിലേക്ക് പോയി.അവർ പറഞ്ഞത് ഇതാണ് ഞങ്ങൾക്ക് കുട്ടികൾ ഉണ്ടാവുമായിരിക്കും അല്ലങ്കിൽ ഉണ്ടാവില്ലായിരിക്കും പക്ഷെ അനാഥമായൊരു കുഞ്ഞിനെ ദത്തെടുക്കുന്നതിലൂടെ ആ കുഞ്ഞു സനാഥനായി മാറും അനാഥരില്ലാത്ത ലോകം അതാണ് അവർ കണ്ട സ്വപ്നം.....

സഫിയ അൻവറിനെ സമാധാനിപ്പിച്ചു.. 

“സഫിയ നീയിപ്പോൾ അവളൊടൊന്നും ചോദിക്കേണ്ട.. എന്തായാലും അടുത്ത ആഴ്ച  ഞാൻ നാട്ടിൽ വരുന്നുണ്ട്.. നേരിൽ സംസാരിച്ചാലേ അവളുടെ സംശയങ്ങൾ മാറുള്ളൂ... ഇവിടെ എനിക്ക് കമ്പനി ക്വാർട്ടേഴ്സുണ്ട്.. അവൾക്ക് ഇവിടെ നിൽക്കാമെന്നുണ്ടെങ്കിൽ കൊണ്ടുവരാം.“

“ശരിയാ അൻവറെ ... അതാ നല്ലതെന്നു തോന്നുന്നു.“

“അൻവർ അടുത്ത ദിവസം വിളിക്കാമെന്നു പറഞ്ഞ് ഫോൺവച്ചു.“

സഫിയ വന്നപ്പോൾ ഹമീദ് ചോദിച്ചു.

“സഫിയാ.. അൻവറിനെന്താ വിശേഷം...“

“പ്രത്യേകിച്ചൊന്നുമില്ല.. അടുത്ത ആഴ്ച വരുന്നുണ്ട്..“

“ശരി.. നാദിറയും അവനും തമ്മിൽ എന്തേലും പ്രശ്നമുണ്ടോ..“

അവൾ ഒന്നും മിണ്ടിയില്ല..

“സാധാരണ ഫോൺ വന്നാൽ അവൾ ഓടി വരാറുണ്ട്. കുറച്ചു ദിവസമായി അങ്ങനല്ലല്ലോ..“

“വാപ്പാ അൻവർ അടുത്താഴ്ച വരട്ടേ... അവരുതമ്മിൽ എന്തോ സൗന്ദര്യപ്പിണക്കം.. അത് എല്ലായിടത്തുമുള്ളതല്ലേ...“

“ശരിയാ ... ഇപ്പോഴത്തെ കുട്ടികളുടെ ഒരു കാര്യമേ...“ ഹമീദ് നെടുവീർപ്പിട്ടു...

ബസ്സിറങ്ങി ഫസൽ വീട്ടിലേയ്ക്ക് നടന്നു... നാലു മണിക്ക് മുന്നേ വീട്ടിലെത്തി.. സഫിയ ഓടിയെത്തി അവന്റെ കൈയ്യിൽ കയറി പിടിച്ചു.. മൂക്കിനടുത്തേയ്ക്ക് കൊണ്ടുവന്നു...

“നീയിന്നു ബിരിയാണി കഴിച്ചല്ലേ...“

അവൻ ചൂളിപ്പോയി...

“അതേ ഉമ്മാ... ഉപ്പ പൈസാതരുന്നതേ എനിക്ക് ബിരിയാണി കഴിക്കാനാ..“

“ഉപ്പയാ നിന്നെ വഷളാക്കുന്നത് ..“

കൈയ്യിലെന്താ..

“പുസ്തകാ.. പഠിക്കാനുള്ള കാര്യങ്ങളാ..“

“ശരി... ശരി.. വേ​ഗം കുളിച്ചേച്ചു വാ.. ചായയെടുത്തുവക്കാം.“

അവൻ റൂമിലേയ്ക്ക്  പോയി.. ബുക്ക് ഭദ്രമായി മേശയ്ക്കുള്ളിൽവച്ചു... കുളിച്ച് താഴത്തെ ഹാളിലെത്തി ...



 ഷംസുദ്ധീൻ തോപ്പിൽ  09 02 2020

തുടർന്നു വായിക്കുക അടുത്ത ഞായറാഴ്ച്ച 16 02 2020

1.2.20

നിഴൽവീണവഴികൾ - ഭാഗം - 59



എല്ലാം നഷ്ടപ്പെട്ടവന് അതും ഒരു നഷ്ടമായി തോന്നിയില്ല.. ഒരുവർഷത്തോളം ക്യാമ്പിൽ കഴിച്ചുകൂട്ടി.. നാട്ടിലേയ്ക്ക് തിരിച്ചു പോരണമെന്ന് ആഗ്രഹമുണ്ടായിരുന്നു. പക്ഷേ അവിടെ ആരുമില്ലെന്നുള്ള സത്യം... വീടൊക്കെ ആരൊക്കെയോ കൈക്കലാക്കി. ജീവിതയാത്രയിൽ വിവാഹം കഴിക്കാനും താൻ മറന്നുപോയിരുന്നു. അല്ലെങ്കിലും സ്ഥിരവരുമാനമില്ലാത്ത തനിക്കാര് പെണ്ണിനെത്തരാൻ...

ജീവിതത്തിൽ നിന്നൊരു ഒളിച്ചോട്ടം ആഗ്രഹിച്ചു. ആത്മഹത്യ ചെയ്യാനുള്ള ധൈര്യമില്ലായിരുന്നു. ഗൾഫിലേയ്ക്ക് അവസരം കിട്ടിയപ്പോൾ ഒന്നും ആലോചിച്ചില്ല. ആരോടും യാത്ര പറയാനില്ലായിരുന്നു, നേരേ സൗദി അറേബ്യയിലേയ്ക്ക്.. പല ജോലികളും നോക്കി. മരുഭൂമിയിലെ ചൂടും തണുപ്പും അതിജീവിച്ചു... പടപൊരുതി... കാരുണ്യമുള്ള ഒര അറബി വീട്ടുവേലയ്ക്കായി അവനെ കൊണ്ടുപോയി.. അവിടെ നിന്നും ഡ്രൈവിംഗ് പഠിച്ചു.. അദ്ദേഹത്തോടൊപ്പം 4 വർഷങ്ങൾ.. ആകസ്മികമായി അദ്ദേഹത്തിന്റെ മരണം.. തുടർന്ന് പുറത്തുപോയി ജോലിചെയ്യേണ്ട അവസ്ഥ വന്നു. പല സ്പോൺസർമാരുടെയടുത്തും ജോലി ചെയ്തു. ഇപ്പോൾ ഉണ്ടായിരുന്ന ജോലിയിൽ നിന്നും മാറണമെന്ന ആഗ്രഹം.. അതാണ് എന്നെ ഇവിടെ എത്തിച്ചത്. 

അവന്റെ കണ്ണുകളിൽ പ്രതീക്ഷയുടെ തിളക്കം കാണാമായിരുന്നു. തന്റെ സഹൃത്ത് ഇന്ന് ആർക്കും സ്വപ്നംപോലും കാണാനാവാത്തവിധത്തിലുള്ള ഉയരത്തിലെത്തിയിരിക്കുന്നു. അഭിമാനം തോന്നുന്നു അവനെയോർത്ത്. മനസ്സിലെ ഭാരം ഇറക്കിവച്ചപ്പോൾ അഭിമന്യുവിന് ഒരു ആശ്വാസം... റഷീദ് തോളിൽ തട്ടി ആശ്വസിപ്പിച്ചു. 

“അഭീ.. നിനക്ക് ഒന്നും നഷ്ടപ്പെട്ടിട്ടില്ല.. നിനക്കിപ്പോൾ ആരുമില്ലായെന്നുള്ള തോന്നൽ വേണ്ട.. ഞാനുണ്ട്...“ വികാരനിർഭരമായ നിമിഷങ്ങളായിരുന്നവിടെ... മനസ്സിൽ ഏകനാണെന്ന തോന്നൽ അഭിമന്യുവിന് ഇല്ലാതാകുന്നതുപോലെ തോന്നി.. തന്നെ പൂർണ്ണമായും മനസ്സിലാക്കിയവനായിരുന്നു റഷീദ്. പലപ്പോഴും തിരികെവരണമെന്നു ചിന്തിച്ചുവെങ്കിലും പല കാരണങ്ങളാലും വേണ്ടെന്നുവച്ചു.. അതും തന്റെ ജീവിത്തിൽ ഒരു നഷ്ടമായിരിക്കാം. എല്ലാം വിധി.. എന്നല്ലാതെ എന്തുകരുതി സമാധാനിക്കാൻ. 

അവർ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചു... അനേകനാളിനു ശേഷം കഴിച്ച ഭക്ഷണത്തിന് രുചിയുണ്ടെന്നു തോന്നിയ ദിവസമായിരുന്നു.. 

റഷീദിന്റെ ബേക്കറിയിൽ നിന്നും 24 കിലോമീറ്റർ ദൂരത്തിലായിരുന്നു അഭിമന്യുവിന്റെ വീട്... ഹിന്ദിക്കാർ ധാരാളമായി താമസിച്ചിരുന്ന സ്ഥലം.. അവിടെ ആരുമറിയാതെ മലയാളം കഴിവതും സംസാരിക്കാതെ ഒരു ഉത്തരേന്ത്യക്കാരനായി കഴിഞ്ഞുവരികയായിരുന്നു അഭിമന്യു. വിസ കഴിയാൻ ഇനി രണ്ടുമാസങ്ങൾ മാത്രം. ഗുജറാത്തിൽ നിന്നും വന്നിട്ടിതുവരെ തിരികെപോയിട്ടില്ല.. എവിടെ പോകാനാണ്.. ആരുണ്ടവിടെ.. അവിടെ തന്നെ കാത്തിരിക്കാനും തനിക്ക് കാണാനുമായി ആരുമില്ലല്ലോ.. അതിനാൽ അങ്ങോട്ടു പോയിട്ടുമില്ല. 

റഷീദ് ഭക്ഷണത്തിനു ശേഷം അഭിമന്യുവിനെയും വിളിച്ച് ബേക്കറിപലഹാര നിർമാണ യൂണിറ്റിലേക്ക് കയറി.. അവിടെ ജീവനക്കാർപലതരത്തിലുള്ള പലഹാരങ്ങൾ ഉണ്ടാക്കുന്നത് കാണാമായിരുന്നു. എല്ലാം വളരെ ഹൈജീനിക്കായ അന്തരീക്ഷത്തിൽ... അത്യാധുനികമായ മെഷീനറികൾ... ബ്രഡ്ഡും മറ്റും സ്ലൈസ് ചെയ്യ്ത് പായ്ക് ചെയ്തു വരുന്നു. ഒരിടത്ത്  കലാപരമായി കേക്കുകൾ നിർമ്മിക്കുന്ന ജീവനക്കാരൻ. എല്ലാം അഭിമന്യുവിന് പുതുമകൾ നിറഞ്ഞതായിരുന്നു. അകത്തെ സന്ദർശനത്തിനിടയിൽ റഷീദ് ജീവനക്കാരോട് കുശലം പറയുന്നുണ്ടായിരുന്നു. അഭിമന്യുവിന് റഷീദിന്റെ ഉയർച്ചയിൽ അഭിമാനം തോന്നി. എല്ലാ സെക്ഷനും കറങ്ങി കണ്ടതിനു ശേഷം തിരികെ റഷീദിന്റെ ഓഫീസിലെത്തി..

അഭിമന്യു റഷീദിന്റെ മുഖത്തേയ്ക്ക് നോക്കി.. പഴയതുപോലെ അവന്റെ മുഖത്തെ നിശ്ചയദാർഢ്യം അവനെ അത്ഭുതപ്പെടുത്തി.. പണ്ടേ റഷീദ് അങ്ങനെയാണ്. ഏതു സാഹചര്യത്തിലും അവന് പിടിച്ചു നിൽക്കും. എത്ര വലിയ പരാജയത്തിൽ നിന്നും ഒരു ഫീനിക്സ് പക്ഷിയെപ്പോലെ അവൻ ഉയർത്തെഴുന്നേൽക്കും.. പഠിക്കുന്ന സമയത്ത് കണക്കിന് മാർക്ക് കുറഞ്ഞതിന്റെ പേരിൽ ടീച്ചർ കളിയാക്കിയപ്പോൾ വാശിയോടെ കണക്ക് പഠിച്ച് ആ ടീച്ചറെക്കൊണ്ട് നല്ലവാക്കു പറയിച്ചവനാണ് റഷീദ്.. എന്നും അവൻ അഭിമന്യുവിന് ഒരത്ഭുതമായിരുന്നു. 

റഷീദ് അഭിമന്യുവിന്റെ മുഖത്തേയ്ക്ക് നോക്കി.

”അഭീ... നീ ഇതെല്ലാം കണ്ടില്ലേ...”

”കണ്ടു...”

”എന്തു തോന്നുന്നു..”

”വളരെ നല്ല നിലയിൽ നീ മാനേജ് ചെയ്യുന്നെന്നു മനസ്സിലായി...”

”എനിക്ക് നിന്റെ സഹായം ആവശ്യമുണ്ട്.”

അഭിമന്യു ഞെട്ടിപ്പോയി... തന്നെക്കൊണ്ട് എന്തു സഹായം..

”മറ്റൊന്നുമല്ല.. നിന്റെ കഴിവ് എനിക്കുവേണ്ടി.. ഇവിടെ ഏത് സെക്ഷനിൽ വേണമെങ്കിലും നിനക്ക് ജോലി ചെയ്യാം.. ഈ സ്ഥാപനത്തിന്റെ ഏതു പൊസിഷൻ വേണമെങ്കിലും നിനക്ക് വഹിക്കാം...”

”വേണ്ട അതൊന്നും എനിക്കു വേണ്ട.. ഒരു ജോലി.. ബുദ്ധിമുട്ടില്ലാതെ കഴിഞ്ഞുപോകണം. അതുമാത്രം.”

”നിനക്ക് എല്ലാ ഭാഷയുമറിയാം... അതു തന്നെയാണ് നമുക്ക് വേണ്ടത്.. നിന്നെ ഈ ബേക്കറിയുടെ മാർക്കറ്റിംഗ് മാനേജരാക്കാമെന്നാണ് എന്റെ തീരുമാനം.

അഭിമന്യുവിന് ശബ്ദം പുറത്തുവന്നില്ല..

”എനിക്ക് അതിനുള്ള അർഹതയില്ല റഷീദ്..”

”ഇതുപോലെ ഒരു സ്ഥാപനം എനിക്ക് നടത്താനുള്ള അർഹതയുണ്ടെങ്കിൽ നിനക്ക് ഈ സ്ഥാപനത്തിന്റെ മാർക്കറ്റിങ് മാനേജരാകാനും കഴിയും.. അതിന് യാതൊരു തടസ്സവുമില്ല..

”ശരി... പക്ഷേ എനിക്ക് എല്ലാം മനസ്സിലാക്കാൻ കുറച്ച് സമയം വേണം.”

”എടുത്തോളൂ...”

”ഇപ്പോൾ ഞാൻ ഇവിടുത്തെ എല്ലാ സെക്ഷനിലും ജോലിചെയ്ത് കാര്യങ്ങൾ മനസ്സിലാക്കട്ടെ... അതിനുശേഷം എന്നെക്കൊണ്ട് ഈ പദവി വഹിക്കാനാകുമെങ്കിൽ ഞാൻ ഏറ്റെടുക്കാൻ തയ്യാറാണ്.”

”ഓക്കെ... പിന്നെ. നീ പഴയ കാര്യങ്ങളൊന്നും ഇനി ഓർത്ത് വിഷമിക്കേണ്ട.. താമസം ഇന്നുതന്നെ ഞങ്ങളുടെ ക്വാർട്ടേഴ്സിലേയ്ക്ക് മാറാം... പിന്നെ സ്പോൺസറെ കണ്ട് റിലീസ് ലറ്റർ വാങ്ങണം.. എത്രയും വേഗം ഈ സ്ഥാപനത്തിലേയ്ക്ക് വിസ മാറ്റണം.”

അഭിമന്യുവിന് ഇതെല്ലാം വെറും സ്വപ്നം പോലെ തോന്നി. ഇന്നലെവരെ എല്ലാ ജോലിയും ചെയ്തു പൊരിവെയിലത്തു നടന്നവൻ.. ഇന്ന് ജീവതം തന്നെ മാറിമറിഞ്ഞിരിക്കുന്നു. ഒരു പക്ഷേ താൻ അനുഭവിച്ച കഷ്ടപ്പാടുകൾ ഇതിനുവേണ്ടിയായിരിക്കാം. അതങ്ങനെയാണല്ലോ.. ഒരു മനുഷ്യന് ജീവത്തിൽ ഒരുപാട് കഷ്ടപാടുകളുണ്ടാവും.. പക്ഷേ അവനെ തേടി ഒരു നല്ല ദിവസം എത്തും. അത് ഒരിക്കലും പ്രതീക്ഷിക്കാത്ത അത്ര ഉയരത്തിലെത്തിക്കുകയും ചെയ്തു. ആരുമില്ലെന്നു കരുതിയ അഭിയ്ക്ക് ഇന്ന് എല്ലാവരുമുണ്ടെന്നുള്ള തോന്നൽ.. 

റഷീദ് ഒരു ബെല്ലടിച്ചു.. ഡോറിൽ മാനേജർ വന്നു നിന്നു.

”മാനേജർ.. ഇദ്ദേഹം നാളെമുതൽ ഈ ഓഫീസിൽ ജോയിൻ ചെയ്യുന്നു. വേണ്ട കാര്യങ്ങളൊക്കെ ചെയ്തുകൊടുക്കണം. വിസ മാറ്റാനുള്ള നടപടികളും ചെയ്യണം.”

”ഏത് സെക്ഷനിലാണ്. സാർ..”

”അതൊന്നും തീരുമാനിച്ചിട്ടില്ല.”എല്ലാ സെക്ഷനും പരിചയപ്പെട്ട് കാര്യങ്ങളൊക്കെ ഒന്ന് പടിക്കട്ടെ ...

മാനേജർ പുറത്തേയ്ക്ക് പോയി..

”റഷീദ് ഒരു കാര്യം എനിക്കു ചെയ്തുതരണം. തൽക്കാലം ഞാനാരാണെന്ന് ആരോടും പറയേണ്ട.. ഞാനിവിടെ എല്ലാ സെക്ഷനിലും ജോലിചെയ്ത് മനസ്സിലാക്കി വരട്ടെ.. എന്നിട്ട് എനിക്ക് പറ്റിയ പൊസിഷൻ ഏതാണെന്ന് റഷീദ് തന്നെതീരുമാനിച്ചാൽ മതി..”

”ഓക്കെ.. എല്ലാം നിന്റെ ഇഷ്ടം.”

മാനേജരെ വിളിച്ച് അഭിമന്യുവിനെ താമസസ്ഥലത്ത് കൊണ്ടാക്കാൻ പറഞ്ഞു.. അടുത്ത ദിവസം ഓഫീസിൽ ജോയിൻ ചെയ്യാനുള്ള സംവിധാനങ്ങളുമുണ്ടാക്കി. താമസം ക്വോർട്ടേഴ്സ് നമ്പർ 2 വിലേയ്ക്ക് നാളെത്തനെ മാറണമെന്നും പ്രത്യേകം പറഞ്ഞു.

നിറഞ്ഞ മനസ്സോടെയും നിറഞ്ഞ കണ്ണുകളോടെയും അഭി റഷീദിനോട് യാത്രപറഞ്ഞിറങ്ങി.. 

റഷീദ് ചിന്തിക്കുകയായിരുന്നു. നഷ്ടപ്പെട്ടെന്നു കരുതിയത് പലതും തിരികെലഭിച്ചുകൊണ്ടിരിക്കുന്നു. ഈ കൂട്ടത്തിൽ ഇവനും. പടച്ചോന്റെ തീരുമാനമായിരിക്കാം ഇതെല്ലാം. റഷീദ് ജോലിയിൽ മുഴുകി... പെട്ടെന്നാണ് അവൻ ഓർത്തത്. സ്റ്റീഫൻ ചേട്ടന്റെ മകൾ ഇന്നാണല്ലോ ജോയിൻ ചെയ്യുമെന്ന് പറഞ്ഞത്... റഷീദ് ഹോസ്പിറ്റലിലേയ്ക്ക് വിളിച്ചു.

അങ്ങേത്തലയ്ക്കൽ റിസപ്ഷനിൽ നിന്നും ഒരു അറബിക് ജീവക്കാരി ഫോണെടുത്തു.

ഹൽ ഇൻളമത് ജൂലി ഇൻദകും അൽയൗ ? [ ജൂലി എന്ന കുട്ടി ഇന്നു ജോയിൻ ചെയിതിട്ടുണ്ടോ... 

മറുതലയ്ക്കൽ നിന്നും ഹോൾഡ് ചെയ്യാൻ പറഞ്ഞു... അൽപ സമയത്തിനുശേഷം മറുമടി ലഭിച്ചു. ജൂലി ഗെയിർ മൗജൂദഹ് ഫിൽ മുസ്തഷ്ഫാ [അങ്ങനൊരു കുട്ടി ഇവിടില്ലല്ലോ എന്ന്.

റഷീദിന്റെ മനസ്സിൽ പല സംശയങ്ങളും ഉരുണ്ടു കൂടി. ഉടൻ തന്നെ വണ്ടിയെടുത്ത് ഹോസ്പിറ്റലിലേയ്ക്ക്.. ഹോസ്പിറ്റലിന്റെ പാർക്കിംഗ് ഏരിയയിൽ പാർക്ക് ചെയ്തിട്ട്  അകത്തേയ്ക്ക് കയറി. പി.ആർ.ഓ. യുടെ മുറിയിൽ കയറി. റഷീദിനെ കണ്ടയുടൻ ചാടിയെഴുന്നേറ്റു.. സർ... സാറിന്റെ കുട്ടി ഇന്ന് ജോയിൻ ചെയിതിട്ടുണ്ട്.. ഞാനങ്ങോട്ട് വിളിക്കാമെന്നു കരുതിയിരിക്കുകയായിരുന്നു. എല്ലാ ഫോർമാലിറ്റീസും കഴിഞ്ഞു.. ഇന്നുമുതൽ ഡ്യൂട്ടിക്ക് പ്രവേശിക്കുകയും ചെയ്തു. അവർ എല്ലാവർക്കും പല സ്ഥലത്തായിട്ടാണ് ജോലി.. 

റഷീദിന് ആശ്വാസമായി.. അയാളോട് താങ്ക്സ് പറഞ്ഞു.. പി.ആർഓ. ഇരിക്കാൻ പറഞ്ഞു.. റഷീദ് ഇരുന്നു. 

”ഒരു ചെറിയ കമ്യൂണിക്കേഷൻ ഗ്യാപ്പായിരുന്നു ആ മാൻപവർ റിക്രൂട്ടിംഗ് ഏജൻസിയുമായി.. ഇപ്പോൾ എല്ലാം പരിഹരിച്ചു.”

”ഓക്കെ. നന്നായി...”

”അവൾ ഏത് സെക്ഷനിലാണ്.”

”ഐസിയുവിലാണ്. അവിടെ ജോലിചെയ്യാൻ നമ്മുടെ മലയാളികളാണ് ബസ്റ്റ്.. ഏത് ക്രിറ്റിക്കൽ സിറ്റുവേഷനും തരണംചെയ്യാൻ അവർക്കുള്ളതുപോലെ കഴിവ് മറ്റാർക്കുമില്ല.. ഇവിടെ അറബികൾക്കുമതറിയാം അതാണ് കേരളത്തിൽ നിന്നും പ്രത്യേകം നഴ്സുമാരെ റിക്രൂട്ട് ചെയ്യുന്നത്. എത്രയോ പേരെയാണ് നഴ്സുമാരുടെ കഴിവുകൊണ്ട് ജീവിതത്തിലേയ്ക്ക് തിരികെക്കൊണ്ടുവന്നിട്ടുള്ളത്.”

മലയാളികളെക്കുറിച്ച് മലയാളിതന്നെ പറയുന്നതുകേട്ടപ്പോൾ റഷീദിന് അത്ഭുതംതോന്നി. സാധാരണ മലയാളി മലയാളികളെക്കുറിച്ച് നല്ല അഭിപ്രായം പറയാറില്ല. പക്ഷേ ഡോക്ടർമാരേയും നഴ്സുമാരെയും പറ്റി ആ പറഞ്ഞത് ആത്മാർത്ഥമായിത്തന്നെയാണ്. ആരോഗ്യമേഖലയിൽ ജോലിചെയ്യുന്നവരുടെ ആത്മാർത്ഥത പറഞ്ഞറിയിക്കാൻ വയ്യാത്തതാണ്. അന്യ രാജ്യത്താണെങ്കിലു‍ം ഭാഷ അറിയില്ലെങ്കിലും ഏതൊരു രോഗിയേയും ഒരു വിലപ്പെട്ട ജീവനായി കാണാൻ അവർക്ക് കഴിയുന്നു. അവിടെ ജാതിയുടേയോ മതത്തിന്റേയോ അതിർവരമ്പുകളില്ല. അതുതന്നെയാണ് മലയാളി നഴ്സുമാരെ പ്രത്യേകം വിദേശരാജ്യങ്ങളിലേയ്ക്ക് റിക്രൂട്ട്ചെയ്യുന്നത്.

ആരോഗ്യമേഖലയിൽ അവരുടെ സാന്നിധ്യം ഒരിക്കലും മറക്കാനാവാത്തതാണ്. ഏറ്റവും വികസനത്തിലെത്തിയ കേരളത്തിലെ ആരോഗ്യമേഖലിയിൽ നഴ്സിംഗ് പഠിച്ച് പുറത്തിറങ്ങുന്ന ഒരു നഴ്സിന് എല്ലാവിധ പ്രവർത്തി പരിചയവുമുണ്ടാവുമെന്നുള്ളത് സ്വാഭാവികംമാത്രം. നിപ്പ ബാധിച്ചപ്പോൾ നമുക്ക് നഷ്ടപ്പെട്ടത് വിലപ്പെട്ട ജീവനോടൊപ്പം ഒരു നഴ്സിന്റെ ജീവനുമായിരുന്നു. ജനസംഖ്യാനുപാതത്തിൽ നമ്മുടെ നാട്ടിൽപ്പോലും നഴ്സുമാരുടെ എണ്ണം കുറവാണ്. അവർ എല്ലായ്പ്പോഴും ജാഗ്രതയോടെ ഉണർന്നിരിക്കുന്നു. ശരീരത്തിൽ ജീവന്റെ ഒരു തുടിപ്പെങ്കിലുമുണ്ടെങ്കിൽ ജീവിതത്തിലേയ്ക്ക് തിരികെക്കൊണ്ടുവരുമെന്നുള്ള പ്രതിഞ്ജയുമായി.

ചൈനയിൽ പടർന്നുപിടിച്ച കൊറോണ വൈറസ് ഇന്ന് ലോകരാജ്യങ്ങളിൽ വലിയ ഭീതി പടർത്തിക്കൊണ്ടിരിക്കുന്നു. ഇന്ത്യയിലെ ആദ്യത്തെ കേസ് റിപ്പോർട്ട് ചെയ്തിരിക്കുന്നത് നമ്മുടെ ഈ കൊച്ചു കേരളത്തിലാണെന്നത് കൂടുതൽ ഭീതിതമാക്കുന്നു. പക്ഷേ ഒരു കാര്യത്തിൽ നമുക്ക് ധൈര്യമായിരിക്കാം. നിപ്പപോലുള്ള ഒരു രോഗം വന്നപ്പോൾ മരണസംഖ്യ ഉയരാതെ പിടിച്ചു നിർത്താനായത് നമ്മുടെ ഭരണാധികാരികളുടെയും ഡോക്ടർ മാരുടേയും നേഴ്സുമാരുടെയും ആത്മാർത്ഥമായ കഴിവുകൊണ്ടു മാത്രം തന്നെയാണ്. അത്രപോലും അപകടകരമല്ലാത്ത കൊറോണ വൈറസിനെ അതിജീവിക്കാൻ നമുക്കാവുമെന്നുതന്നെയാണ് കരുതുന്നത്. ആരോഗ്യ പ്രവർത്തകർ നൽകുന്ന നിർദ്ദേശങ്ങൾ പാലിക്കാൻ ശ്രമിക്കുക. നമ്മൾ ഓരോരുത്തരും ശ്രമിച്ചാൽ ഈ മഹാമാരിയേയും നമുക്ക് പുറത്താക്കാം . ചൈനയിൽ നിന്നും വരുന്നവർ ആരോഗ്യപ്രവർത്തകർ പറയുന്നതുപോലെ അടുത്തുള്ള ആശുപത്രിയിൽ ബന്ധപ്പെടുക.. കഴിവതും പൊതുവാഹനങ്ങളിൽ സഞ്ചരിക്കാതിരിക്കുക.. പൊതു പരിപാടികളിൽ പങ്കെടുക്കാതിരിക്കുക.. വിവാഹം നിശ്ചയിച്ചവരുടെ വിവാഹംപോലും കഴിവതും മാറ്റിവയ്ക്കുക. ഈ രോഗത്തേയും വരുതിയിൽ വരുത്താൻ നമ്മൾ ഒറ്റക്കെട്ടായി ശ്രമിക്കണം. ഒരു കാര്യം ശ്രദ്ധിക്കണം രോഗി എന്നു പറയുന്നത് പരിശോധനയ്ക്ക് ശേഷം മാത്രമേയുള്ളൂ. അതിനു മുമ്പേ ആ വീട്ടുകാരേയം കുടുംബക്കാരേയും ഒറ്റപ്പെടുത്താൻ ശ്രമിക്കരുത്. ചൈനയിൽ നിന്നെത്തിയവർ സ്വമേധയാ ഹോസ്പിറ്റലിൽ ചെല്ലേണ്ടത് അത്യാവശ്യം തന്നെയാണ്. മിക്കവരും എം.ബി.ബി.എസിനു പഠിക്കുന്നവരാണ്. അവരോട് ഇതൊന്നും പ്രത്യേകം പറയേണ്ടതില്ലല്ലോ. 

തുമ്മൽ വരുമ്പോൾ അടുത്തു നിൽക്കുന്നവന്റെ മുഖത്തേയ്ക്ക് നോക്കി തുമ്മാതെ തൂവാലകൊണ്ട് മറച്ച് തുമ്മാൻ ശ്രമിക്കുക.. മലയാളി അവന്റെ ശീലങ്ങൾ മാറ്റേണ്ട സമയം കഴിഞ്ഞിരിക്കുന്നു. സംശയം ഉള്ളവർ നാണക്കേട് കരുതി വീട്ടിലിരിക്കരുത്. ജീവൻ വച്ച് കളിക്കരുത്. നഷ്ടം നിങ്ങൾക്കും ഈ സമൂഹത്തിനുമാണ്. വ്യക്തി ശുചിത്വം പാലിക്കുക.. നമ്മുടെ പരിസരം വൃത്തിയായി സൂക്ഷിക്കുക. എല്ലാവിധ സുരക്ഷാ ക്രമീകരണങ്ങളും സ്വീകരിക്കുക.. കാത്തിരിക്കാം ഈ രോഗം നമ്മുടെ നാട്ടിൽ നിന്നും തുടച്ചു നീക്കുന്നതിനായി... പരിശ്രമിക്കാം ഇനിയൊരിക്കലും ഒരു പകർച്ചവ്യാധികളും തിരിച്ചു വരാതിരിക്കാൻ.. മലയാളി ലോകത്തിൽ എല്ലായിടത്തുമുണ്ട്. അതിനാൽ ലോകത്തിൽ നടക്കുന്ന ഓരോ ചലനങ്ങളും മലയാളിയെ ബാധിക്കും. അത് നല്ലതായാലും ചീത്തയായാലും. 

ജാഗ്രതപാലിക്കുക.. 
 


സസ്നേഹം ഷംസുദ്ധീൻ തോപ്പിൽ 02 02 2020


തുടർന്നു വായിക്കുക അടുത്ത ഞായറാഴ്ച്ച 09 02 2020