ഫസൽ റൂമിലേയ്ക്ക് പോയി.. ബുക്ക് ഭദ്രമായി മേശയ്ക്കുള്ളിൽവച്ചു... കുളിച്ച് താഴത്തെ ഹാളിലെത്തി ...
കുറച്ചുനേരം അവിടെ ചുറ്റിപ്പറ്റി നിന്നു..
പഠിക്കാനുണ്ടെന്നു പറഞ്ഞ് നേരേ റൂമിലേയ്ക്ക്.. ഐഷു തന്ന പുസ്തകം
മറ്റുപുസ്തകങ്ങൾക്കിടയിൽ ഭദ്രമായി ഒളിച്ചു വച്ചിരിക്കുകയായിരുന്നു. അവൻ
അതെടുത്ത് പേപ്പർ പൊതി അഴിച്ചു... ഓരോ പേജിലും പരീക്ഷയ്ക്ക് വരാൻ
സാധ്യതയുള്ള ക്വസ്റ്റ്യനും അതിന്റെ ഉത്തരവും എഴുതിയിരിക്കുന്നു. നല്ല
ഭംഗിയുള്ള കൈയ്യക്ഷരം... അവൻ എല്ലാമൊന്ന് ഓടിച്ചു നോക്കി... പേജുകൾ
മറിയ്ക്കുന്നതിനിടയിൽ രണ്ടു പേജുകൾ ഒട്ടിച്ചു വച്ചിരിക്കുന്നതായി അവന്റെ
ശ്രദ്ധിയിൽപ്പെട്ടു.. സാവധാനം അത് വിടർത്തി നോക്കി... ഒരു പേപ്പർ മടക്കി
അതിനകത്തു വച്ചിരിക്കുന്നു.
അവന് ജിജ്ഞാസയായി... സാവധാനം ആ പേപ്പറെടുത്ത് മടക്ക് നിവർത്തി... നല്ല
വടിവൊത്ത കൈയ്യക്ഷരത്തിൽ എഴുതിയിരിക്കുന്നു... മുകളിൽ നിന്നും വായിച്ചു
തുടങ്ങി...
എന്റെ ചെക്കാ ....
ആഴത്തെക്കുറിച്ച്
കടലിനോട് ചോദിച്ചപ്പോൾ
മറുപടി സ്നേഹമായിരുന്നു
ഉയരത്തെക്കുറിച്ച്
ആകാശത്തോട് ചോദിച്ചപ്പോൾ
മറുപടി നന്മയായിരുന്നു
വിശാലതയെക്കുറിച്ച്
മരുഭൂമിയോട് ചോദിച്ചപ്പോൾ
മറുപടി മനസ്സായിരുന്നു
ദൂരത്തെക്കുറിച്ച്
യാത്രയോട് ചോദിച്ചപ്പോൾ
മറുപടി അറിവായിരുന്നു..
സ്വാതന്ത്ര്യത്തെക്കുറിച്ച്
കാറ്റിനോട് ചോദിച്ചപ്പോൾ
മറുപടി ചിന്തകളായിരുന്നു.
ഇത് വായിച്ച് അതുമിതും ആലോചിച്ചിരിക്കാതെ പഠിച്ച് പാസാകാൻ നോക്ക്... പിന്നെ നല്ലൊരു ജോലിനേടി വീട്ടിലേക്ക് വരണം..
എന്റെ
വാപ്പയോട് നിവർന്ന് നിന്ന് മോളെ കെട്ടിച്ചുതരുമോന്ന് ചോദിക്കാൻ. പിന്നെ
ഇതിൽ കുറിച്ച കവിത എന്റേതല്ല... ആരോ എഴുതിയതാണ്... ആ കവി ഭാവനയ്ക്ക് എന്റെ
ആദരവ്. എനിക്ക് അതിനുള്ള ഭാവനയില്ലല്ലോ...
അവന്റെ മനസ്സിൽ സന്തോഷവും സങ്കടവും ഒരുമിച്ചെത്തി... തനിക്കൊരിക്കലും അവർക്കൊപ്പമെത്താനാവില്ലെന്നറിയാം.
പക്ഷേ... അവളെ നഷ്ടപ്പെടാനും വയ്യ... അവൾ പറഞ്ഞതുപോലെ വിദ്യാഭ്യാസത്തിന്
പ്രാധാന്യം കൊടുക്കണം. നല്ലൊരു ജോലി സമ്പാദിക്കണം. അതിനുശേഷമാവാം...
ഇന്ന്
ഫെബ്രുവരി 14 വാലന്റയിൻസ് ഡേ... പണ്ട് വായിച്ചിട്ടുള്ളതും അവൾ പറഞ്ഞതും
അവന്റെ ഓർമ്മയിൽ വന്നു. ലോകത്തിലെ കാമുകീ കാമുകൻമാർക്കായി ഒരു ദിനം...
മാധുര്യമൂറുന്ന പ്രേമത്തിന്റെ കുറച്ചുകൂടി വർണ്ണം പകരാനൊരു ദിനം... ഇന്ന്
അതൊക്കെ ആർഭാടമായി മാറിയെങ്കിലും അക്കാലത്ത് ഇതൊന്നും ആർക്കുമറിയില്ല..
വളരെക്കുറച്ച് ആൾക്കാർക്കു മാത്രമറിയാവുന്നതായിരുന്നു. പ്രേമം അറിയിക്കാൻ
ഇന്ന് എന്തെല്ലാം മാർഗ്ഗങ്ങളാണുള്ളത്. മൊബൈലും വാട്സപ്പും ഇല്ലാതിരുന്ന ഒരു
കാലം... വീഡിയോകോളും മെസേജുമില്ലാതിരുന്ന ആ കാലം... ഒരു കത്തു കൊടുത്താൽ
ദിവസങ്ങളോളം കാത്തിരിക്കും അതിനുള്ള മറുപടി ലഭിക്കാൻ... ഇഷ്ടമുള്ള
പെണ്ണിന്റെ ശ്രദ്ധ കിട്ടാൻ അവൾക്ക് ഒരു കത്തുനൽകാൻ എന്തെല്ലാം വഴികളാണ്
അന്ന് കണ്ടെത്തിയിരുന്നത്.. ആരും കാണാതെ ഉമ്മറത്തിരിക്കുന്ന കാമുകിയുടെ
അടുത്തേയ്ക്ക് കത്ത് വലിച്ചെറിയുക.നിരാശാ കാമുകൻമ്മാർ റോഡിലെ കലുങ്കിന്റെ ഇരുവശവും ഇരുന്ന് നീണ്ട തടിയിൽ തടവി ആശ്വാസം കൊള്ളുന്നതും ഒരു കാഴ്ച തന്നെയായിരുന്നു . ഒരു നോക്കു കാണാൻ എത്ര നേരം
വേണമെങ്കിലും റോഡിലും വരുന്ന ഇടവഴിയിലും കാത്തു നിൽക്കാൻ അന്നത്തെ
സ്നേഹനിധികളായ കാമുകന്മാർക്കാവുമായിരുന്നു. ഇന്നത്തെ സൗകര്യങ്ങൾ
ഓർക്കുമ്പോൾ അന്നത്തെ കാമുകീകാമുകന്മാരുടെ വിഷമം
മനസ്സിലാക്കാവുന്നതേയുള്ളൂ. അന്നത്തെ സ്നേഹത്തിന്
ആത്മാർത്ഥതയുണ്ടായിരുന്നു. മനസ്സുകൊണ്ടുപോലും കാമുകിയെ
കളങ്കപ്പെടുത്താതിരിക്കാൻ കാമുകന്മാർ ശ്രദ്ധിച്ചിരുന്നു. ഇന്ന് വീഡിയോ കോളായി... ലൈവായി... വാട്സാപ്പ് ആയി.... കത്തെഴുതാൻ പോലും മറന്നു.. എല്ലാം
വോയ്സ് മെസേജസ്.. പ്രേമം പൊളിഞ്ഞാലോ.. കിട്ടിയതെല്ലാം മൊബൈലിന്റെ
മെമ്മറിയിൽ നിന്നും സോഷ്യൽ മീഡിയയയിലേയ്ക്ക്.. ചുംബിക്കുന്ന ഫോട്ടോയും...
അതും കടന്നു പോയെങ്കലും അതുൾപ്പെടെ വിശന്നിരിക്കുന്നവരുടെ
മുന്നിലേയ്ക്കെത്തും... പിന്നെ എല്ലാം കഴിഞ്ഞു ആർത്തിയോടെ അവരത്
മറ്റുള്ളവർക്ക് ഷെയർ ചെയ്യും... പിന്നെ എന്താവുമെന്ന്
ചിന്തിക്കാൻപോലുമാവില്ല... സൗര്യങ്ങൾ കൂടുന്നതിനനുസരിച്ച് ആത്മാർത്ഥതയും
സ്നേഹവും കുറയുന്നു... സ്നേഹത്തോടെ ഒരു മെസ്സേജയച്ചാൽ എല്ലാമായെന്ന്
ഇന്നത്തെ തലമുറ കരുതുന്നു.
അവൻ
സ്വപ്നങ്ങൾക്ക് താൽക്കാലിക വിരാമം കൊടുത്തു. പരീക്ഷയ്ക്ക് പഠിക്കേണ്ട
പാഠഭാഗങ്ങളിലേയ്ക്ക് ഉഴ്ന്നിറങ്ങി... പല വർഷങ്ങളിലെ ചോദ്യപേപ്പറുകളിൽ
നിന്നുമുള്ള ചോദ്യങ്ങളും ഉത്തരങ്ങളും അവൾ പറഞ്ഞതുപ്രകാരം അവൻ
പഠിക്കാനാരംഭിച്ചു...
വാതിലിൽ മുട്ടുകേട്ടു അവൻ വാതിൽ തുറന്നു. പുറത്ത് സഫിയ ചായയുമായി നിൽക്കുന്നു.
“ഉമ്മാ ഞാൻ താഴോട്ട് വരുമായിരുന്നല്ലോ“.
“വേണ്ടടാ... നീ പഠിക്കയല്ലേ... വെറുതേ സമയം കളയണ്ടെന്നു കരുതി..“
കുറച്ചു
നാളുകൾക്കു ശേഷമാണ് സഫിയ മുകളിലേയ്ക്ക് വന്നത്. എപ്പോഴും താഴെത്ത് തന്നെയാണ്
അഫ്സയുടെ കുഞ്ഞിന്റെ കാര്യം നോക്കി ആ ജോലിയിൽ ഇഴുകിച്ചേർന്നുവെന്നുതോന്നുന്നു. പോരെങ്കിൽ ഉമ്മയ്ക്ക് മുട്ടിനു വേദനയും തുടങ്ങിയെന്നു പറയുന്നു.
“മോനേ..
നീ നന്നായിട്ടു പഠിക്കണേ... എനിക്ക് നിന്നെക്കുറിച്ച് ഒരുപാട്
സ്വപ്നങ്ങളുണ്ട്... എല്ലാ ഉമ്മമാരേയും പോലെ... എന്നാലും എല്ലാം നീ സാധിച്ചു
തരേണ്ട... പക്ഷേ നിന്റെ ജീവിതം നീ സുരക്ഷിതമാക്കണം. അതാണ് എന്റെ
ഇപ്പോഴത്തെ ആഗ്രഹം..“
അവരുടെ ശബ്ദത്തിന് ഇടർച്ചയുണ്ടാവുന്നത് അവൻ തിരിച്ചറിഞ്ഞു.
“ഉമ്മ
പേടിക്കേണ്ട... നല്ല മാർക്ക് വാങ്ങിത്തന്നെ ഞാൻ ജയിക്കും... അവൻ സഫിയയുടെ
കൈയ്യിൽ മെല്ലെ തലോടി... എന്തിനാ ഉമ്മാ വിഷമിക്കുന്നേ... എന്നെ
വിശ്വാസമില്ലേ... ഞാൻ പഴയതുപോലെ കളിച്ചു നടക്കില്ല .. പഠിക്കയാ... ഇന്റെ
ഉമ്മായ്ക്കുവേണ്ടിയാ... വലി ഉപ്പായ്ക്കുവേണ്ടിയാ ... ഇവിടുള്ള
എല്ലാർക്കുംവേണ്ടിയാ... “
സഫിയയുടെ
കണ്ണു നിറഞ്ഞു തുളുമ്പി.. അവനെ തന്നോട് ചേർത്തുനിർത്തി മുടി ഇഴകളിൽ തഴുകി നെറ്റിയിൽ
ഉമ്മവെച്ചു.. ചെക്കൻ വളർന്നു വലുതായിരിക്കുന്നു. തന്റൊപ്പം
പൊക്കമായിരിക്കുന്നു. അവന്റെ വളർച്ചയുടെ പല ഘട്ടങ്ങളും മനസ്സിലാക്കാൻ താൻ
മറന്നോ എന്നൊരു കുറ്റബോധം...
അവൻ ഉമ്മയോടൊപ്പം ചായയുമായി താഴേയ്ക്കിറങ്ങി... ഉമ്മാ എപ്പോഴും പഠിച്ചാൽ ബോറടിക്കും. കുറച്ചു നേരം താഴെവന്നിരിക്കാം.
അവർ രണ്ടാളും താഴെ എത്തി.. അവിടെ എല്ലാവരുമുണ്ടായിരുന്നു. ഉപ്പയുടെ നോട്ടം തന്റെയും ഉമ്മയുടെയും നോരേയായിരുന്നു.
“ചെക്കൻ നിന്റൊപ്പമായല്ലോ സഫിയാ..“
“അതാ വാപ്പാ ഞാനവനോട് പറഞ്ഞത് ... ചെക്കനങ്ങ് വളർന്നുപോയി ..“
“ഇത്താ ങ്ങള് കണ്ണ് തട്ടാതെ.. അവനങ്ങ് വളരട്ടെ...“
അവിടൊരു കൂട്ടച്ചിരിയുയർന്നു.
“മോനേ പഠിത്തമൊക്കെ എങ്ങനെ പോണൂ.“
“കുഴപ്പമില്ല ഉപ്പാ.. നന്നായി പഠിക്കുന്നു...“
“നിനക്ക് എന്തേലും ട്യൂഷനോ മറ്റോ വേണമായിരുന്നോ..“
“വേണ്ട വാപ്പാ... ഇനി അതിനുള്ള സമയമൊന്നുമില്ല.“
“പിന്നേ..
വിഷ്ണുവിന്റെ ചേച്ചി കോളേജ് ടീച്ചറാ... നിനക്ക് എന്തേലും സംശയമുണ്ടെങ്കിൽ
അവളോട് ചോദിച്ചാൽ മതി... ഇന്നും അവൾ ഇവിടെ വന്നിരുന്നു. നിന്നെക്കുറിച്ച്
ചോദിച്ചിരുന്നു. അവരുടെ മകനും പത്താംക്ലാസ്സിലാ...“
“ശരി ഉപ്പാ..“
“നീ ചായകുടിക്ക്...“
ഫസൽ പതുക്കെ കസേരയിൽ ഇരുന്നു... അല്പാല്പമായി ചായകുടിക്കാൻ തുടങ്ങി...
പെട്ടെന്ന് ഫോൺ ശബ്ദിച്ചു.
ഫസൽ തന്നെ ഫോണെടുത്തു...
അങ്ങേത്തലയ്ക്കൽ റഷീദായിരുന്നു.
“ഫസലേ... നീ എവിടായിരുന്നു.
“എനിക്ക് പരീക്ഷയുടെ കുറച്ച് പേപ്പറുകൾ വാങ്ങാനുണ്ടായിരുന്നു. അതിനായി പോയിരുന്നു.“
“ഓകെ... പിന്നെ. നീ സ്റ്റീഫൻചെട്ടനെ വിളിക്കാറുണ്ടോ..“
“ഇല്ല മാമാ...“
“ചേട്ടന്റെ മോള് ഹോസ്പിറ്റലിൽ ജോയിൻ ചെയ്തു.. സുഖമായിരിക്കുന്നു. പ്രശ്നങ്ങളെല്ലാം
തീർന്നെന്നു തോന്നുന്നു... നീ അദ്ദേഹത്തെ വിളിച്ചു പറഞ്ഞേക്കണേ...
അദ്ദേഹത്തിന്റെ ഭാര്യ നിന്റെ ടീച്ചറായിരുന്നതല്ലേ...“
“അതേ മാമാ...“
“മാമാ ഫോൺ ഉപ്പായ്ക്ക് കൊടുക്കണോ..“
“വേണ്ടടാ... ഞാൻ കുറച്ചു മുന്നേ വിളിച്ച് എല്ലാവരോടും സംസാരിച്ചുന്നു.. നിന്നെ കിട്ടിയില്ല. അതാ വിളിച്ചത്.“
“ശരി.. എന്നാൽ വച്ചോ... സ്റ്റീഫൻ ചേട്ടനെ വിളിക്കാൻ മറക്കല്ലേ...“
“ഓകെ. മാമാ..“
അവൻ ഫോൺ ഡിസ്കണക്ട് ചെയ്തു... സ്റ്റീഫന്റെ നമ്പർ ഡയറിയിൽ നോക്കി ഡയൽ ചെയ്തു... അങ്ങേത്തലയ്ക്കൽ ടീച്ചറായിരുന്നു.
“ടീച്ചറേ ഇത് ഞാനാ... ഫസൽ..“
“മനസ്സിലായടാ... എന്താ മോനേ വിശേഷം..“
“ജൂലി ചേച്ചി ജോലിയ്ക്ക് കയറി.. സുഖമായിരിക്കുന്നെന്ന് മാമാ വിളിച്ചു പറഞ്ഞു...“
“അതേയോ... ഇവിടെ എല്ലാവരും വിഷമിച്ചിരിക്കുകയായിരുന്നു. വൈകിട്ട് അവൾ വിളിക്കുമായിരിക്കും.. ഡ്യൂട്ടി സമയത്ത് ഫോൺ ചെയ്യാനാവില്ലല്ലോ.
“ശരിയാ... ഇനി പേടിക്കാനൊന്നുമില്ല... സ്റ്റീഫനങ്കിൾ അവിടില്ലേ..“
“ഇല്ല.. ഇന്ന് നൈറ്റാ... നാലുമണിക്കേ പോയി..“
“ഓക്കെ... ഞാൻ വച്ചേക്കട്ടേ...“
“നിൽക്ക്.. പിന്നെ പരീക്ഷയ്ക്കുള്ളതെല്ലാം പഠിച്ചു കഴിഞ്ഞോ..“
“കഴിഞ്ഞു ടീച്ചറേ... റിവിഷൻ നടക്കുന്നു... നന്നായി എഴുതാമെന്നുള്ള പ്രതീക്ഷയുണ്ട്.. മാക്സ്.. കുറച്ച് പ്രശ്നമാണ്...“
“ദൂരം കൂടുതലാ... അല്ലായെങ്കിൽ ഞാൻ പറഞ്ഞുതന്നേനേ...“
“പ്രശ്നമില്ല.. കഴിവതും പരിശ്രമിക്കും.“
“നിനക്ക് നല്ല മാർക്ക് കിട്ടുമെടാ... നന്നായി ഹോം വർക്ക്ചെയ്യണം.“
“ശരി. ടീച്ചറേ...“
“ശരി.. പിന്നെ വിളിക്കാം.. ഞാൻ അച്ചായനെ വിളിച്ച് കാര്യം പറയട്ടേ...“
“ഓകെ ടീച്ചർ..“
അവൻ ഫോൺ കട്ട് ചെയ്ത്. തിരികെ കസേരയിലേയ്ക്ക് വന്നിരുന്നു. വിശദമായി ഉപ്പയെ കാര്യങ്ങൾ പറഞ്ഞു ബോധ്യപ്പെടുത്തി...
“മോനേ... നിനക്ക് ആരാവാനാ ആഗ്രഹം..“
“ഉപ്പാ..
എനിക്ക് ഒരു ഡോക്ടറാവണം. പാവപ്പെട്ടവരെ ചികിത്സിക്കുന്ന ഒരു ഡോക്ടർ...
നമ്മൾ കണ്ടില്ലേ... അന്ന്.. നമ്മുടെ ആ പഴയ വീടിന്റെ അയലത്തെ ആ ഡോക്ടറെ..ഗോപി അങ്കിളിനെ
അദ്ദേഹത്തെപ്പോലെ..“
സഫിയയുടെ ഉള്ളൊന്നു പിടഞ്ഞു .. ഹമീദ് അറിയാതെ അവളെയൊന്നു നോക്കി.. മുഖം കുനിഞ്ഞു...
“ശരി. നിന്റെ ആഗ്രഹം നടക്കട്ടെ... പിന്നെ നീ പോയിരുന്ന് പഠിക്ക്...“
സഫിയ
വീണ്ടും പഴയ കാലത്തേയ്ക്ക് തിരികെപ്പോയി... ഗോപിഏട്ടൻ പറയുമായിരുന്നു
പഠിച്ച് ഡോക്ടറാകണമെന്ന്... പാവപ്പെട്ടവരുടെ ഡോക്ടർ.. പണം വാങ്ങാതെ
ചികിത്സിക്കുന്ന ഡോക്ടർ അവസാനം അദ്ദേഹം ലക്ഷ്യത്തിൽ എത്തി ..
തകർന്ന
സ്വപ്നങ്ങൾ.. പക്ഷേ എന്റെ മകന്റെ സ്വപ്നങ്ങൾക്ക് ഉയരത്തിൽ പറക്കാൻ ചിറകുകൾ
വേണം... അതിനുള്ള പരിശ്രമമാണിനിയാവശ്യം. ഈ കുടുംബത്തന്റെ എക്കാലത്തെയും
പ്രതീക്ഷയാണവൻ.. അവന്റെ ഉയർച്ച ഈ കുടുംബത്തന്റെ ഉയർച്ചയായിരിക്കും. അവന്റെ
തളർച്ച ഈ കുടുംബത്തന്റെ തളർച്ചയുമായിരിക്കും. ഇടയ്ക്ക് പഠിത്തത്തിൽ കുറച്ചു
പിന്നിലായെങ്കിലും അവൻ വീണ്ടും നന്നായി പരിശ്രമിക്കാൻ
തുടങ്ങിയിരിക്കുന്നു. പടച്ചോൻ എല്ലാത്തിനും ഒരു പരിഹാരം
കാണിച്ചുതരുമെന്നുറപ്പ്.
അച്ഛനില്ലാതെ
ഇതുവരെയെത്തിയില്ലേ.. വാപ്പയുടെയും സഹോദരങ്ങളുടെയും
സഹായമില്ലായിരുന്നെങ്കിൽ എന്താവുമായിരുന്നു തന്റെയും മകന്റെയും അവസ്ഥ...
തന്റെ ജീവിതപരാജയം ഇനി ആർക്കുമുണ്ടാവരുത്...
ഫസൽ മുകളിലേയ്ക്ക് പോയി... നാദിറ അവിടെ അവനെ കാത്തുനിന്നിരുന്നു. “എന്താ മാമീ താഴേയ്ക്ക വരാതിരുന്നത്..“
“നല്ല സുഖമില്ലായിരുന്നു.
“താഴെ എല്ലാവരും തിരക്കി..“
അവന്റെ മുഖത്തേയ്ക്ക് നോക്കുകമാത്രം ചെയ്തു...
“ഫസലേ എനിക്ക് നിന്നോടൊരു കാര്യം പറയാനുണ്ട്..“
“മാമി പറഞ്ഞോ...“
“മോനേ...
നിന്റെ മാമാ എന്നെ വിളിച്ചിട്ടിപ്പോൾ രണ്ടാഴ്ചയായിരിക്കുന്നു. പോയിട്ട്
ഏകദേശം ഒരു മാസവും... എന്തിനാണിങ്ങനെ കഷ്ടപ്പെടുന്നത്. നിനക്ക്
മാമായോടൊന്നു വീടുവരെ വരാൻ പറഞ്ഞുകൂടെ ..“
“മാമീ..
മാമയ്ക്ക് അവിടെ ധാരാളം ജോലിയുണ്ട്.. രണ്ടാമത്.. ഇപ്പോൾ ജോലിയ്ക്ക്
കയറിയതല്ലേയുള്ളൂ.. തന്റെ കഴിവ്പ്രകടി പ്പിക്കാനുള്ള സമയമാണിത്.. മാമാ
വരും... പിന്നെ ആവശ്യമില്ലാതെ മാമി ടെൻഷനടിക്കുന്നതാ..“
നാദിറ
മറുപടിയൊന്നും പറഞ്ഞില്ല.. അവൻ കുട്ടിയാണെങ്കിലും അവന്റെ വാക്കുകൾ അവൾക്ക്
വിശ്വസിക്കാൻ തോന്നി... വരുമായിരിക്കും. തന്നോട് ദേഷ്യമില്ലായിരിക്കും..
“മാമി ആവശ്യമില്ലാതെ ഓരോന്നോർത്തിരിക്കാതെ താഴേയ്ക്ക് ചെന്ന് എല്ലാരുമായിട്ടൊന്നു തമാശ പറഞ്ഞിരുന്നേ.. എല്ലാം ശരിയാവുമെന്നേ...“
അവർ അവനെ നോക്കി ചിരിച്ചു.. അനുസരണയുള്ള കുട്ടിയെപ്പോലെ അവർ താഴേയ്ക്ക് പടവുകളിറങ്ങി പോയി...
ഷംസുദ്ധീൻ തോപ്പിൽ 16 02 2020
തുടർന്നു വായിക്കുക അടുത്ത ഞായറാഴ്ച്ച 23 02 2020
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ