നാദിറ മറുപടിയൊന്നും പറഞ്ഞില്ല.. ഫസൽ കുട്ടിയാണെങ്കിലും
അവന്റെ വാക്കുകൾ അവൾക്ക് വിശ്വസിക്കാൻ തോന്നി... അൻവർ ഇക്ക വരുമായിരിക്കും. തന്നോട്
ദേഷ്യമില്ലായിരിക്കും..
“മാമി ആവശ്യമില്ലാതെ ഓരോന്നോർത്തിരിക്കാതെ താഴേയ്ക്ക് ചെന്ന് എല്ലാവരുമായിട്ടൊന്നു തമാശ പറഞ്ഞിരുന്നേ.. എല്ലാം ശരിയാവുമെന്നേ...“
അവർ അവനെ നോക്കി ചിരിച്ചു.. അനുസരണയുള്ള കുട്ടിയെപ്പോലെ നാദിറ താഴേയ്ക്ക് പടവുകളിറങ്ങി പോയി...
അന്നത്തെ
ദിവസവും അവൻ രാത്രി വളരെ വൈകുവോളം ഇരുന്നു പഠിച്ചു. പിറ്റേന്ന്
കുറച്ച് വൈകിയാണ് ഉണർന്നത്.. ഉണർന്ന ഉടൻതന്നെ ഐഷു തനിക്ക് നൽകിയ ആ
കത്തെടുത്തു വായിച്ചു. അപ്പോഴാണ് താഴെനിന്നും കാൽപ്പെരുമാറ്റം കേട്ടത്...
ഉടൻ തന്നെ കത്തെടുത്ത് ബുക്കിനുള്ളിൽ തിരുകി മറ്റു ബുക്കുകൾക്കിടയിലേക്ക് കയറ്റി വെച്ചു . കുറച്ചു നേരം ഉമ്മ അവിടെ
നിന്നതിനു ശേഷം സാവധാനം താഴേയ്ക്കിറങ്ങി..
ഉമ്മ
വന്നപ്പോൾ കത്ത് ഒരു പുസ്തകത്തിൽ തിടുക്കത്തിലെടുത്തു
വയ്ക്കുകയായിരുന്നു. അവൻ ആ പുസ്തകം മറ്റു പുസ്തകങ്ങൽക്കിടയിൽ നിന്നും
വലിച്ചെടുത്തു... അതിന്റെ താളുകൾ മറിച്ചു. അപ്രതീക്ഷിതമായി ഒരു പേജ് അവന്റെ
കൈയ്യിൽ തടഞ്ഞു... അതെടുത്തു നോക്കി... താൻ സ്കൂൾ മാഗസിനിൽ
പ്രസിദ്ധീകരിക്കാനായി നൽകിയ കഥ.. അത് പ്രസിദ്ധീകരണ യോഗ്യമല്ലെന്നു പറഞ്ഞ്
തിരികെത്തരുകയായിരുന്നു. തന്റെ മനസ്സിലുള്ള കാര്യങ്ങൾ പകർത്തിയതായിരുന്നു.
ജനനത്തിന്റെ
വ്യത്യസ്തമായ ഒരു നിർവ്വചനം.. സ്കൂളിൽ കുട്ടികളിൽ നിന്നും
കലാസൃഷ്ടികൾ ക്ഷണിച്ചപ്പോൾ പ്രത്യേകം പറഞ്ഞതാണ് വ്യത്യസ്തമായ
തീമായിരിക്കണമെന്ന്.. ആർക്കും എങ്ങും വായിച്ചതായിപ്പോലും തോന്നാൻ
പാടില്ലാത്തതാണെന്ന്...
അവൻ അതിന്റെ വരികളിലൂടെ കണ്ണോടിച്ചു...
പുറത്തു
നടക്കുന്നതൊന്നും അറിയാതെ അവൾ സംരക്ഷണഭിത്തിക്കുള്ളിൽ
നീന്തിത്തുടിക്കുകയായിരുന്നു. ഇടയ്ക്കിടയ്ക്ക് സംരക്ഷണഭിത്തിയിലേയ്ക്ക്
ചവിട്ടുകയും ചെയ്യും... അപ്പോൾ അപ്പുറത്തുനിന്നും ചെറിയ തലോടലുകൾ... അത്
വീണ്ടും ലഭിക്കുന്നതിനായി വീണ്ടും ആവർത്തിക്കുമായിരുന്നു.
പക്ഷേ
പ്രത്യേകതയുള്ളതുപോലുള്ള നിമിഷങ്ങളാണ് കടന്നുപൊയ്ക്കൊണ്ടിരിക്കുന്നത്.
തന്റെ ശരീരത്തിന് എന്തൊക്കെയോ മാറ്റങ്ങൾ സംഭവിക്കുന്നു.. താൻ നിൽക്കുന്ന
അറയ്ക്ക് അനക്കമില്ലാത്തതതുപോലെ... നിമിഷങ്ങൾക്കകം ആരോ ബലമായി തന്നെ
പിടിച്ചു വലിക്കുന്നതുപോലെ... തോന്നി.. എന്താണ് സംഭവിക്കുതെന്നറിയില്ല...
ചുറ്റും ഇരുളാണ്... ആരോ തന്റെ തലയിൽ ബലമായി അമർത്തി പിടിക്കുന്നു.
സഹിയ്ക്കാനാവാത്ത വേദന.. ശരീരം ഞെങ്ങി ഞെരുങ്ങുന്നു.. എല്ലുകൾ
ഒടിയുന്നതുപോലെ... തന്നെ തന്റെ വാസസ്ഥലത്തുനിന്നും ബലമായി
പുറത്താക്കുന്നു.. എത്രകാലം അവിടെ കഴിഞ്ഞെന്നറിയില്ല.. പക്ഷേ തന്നെ
അവിടെനിന്നും പുറത്തേയ്ക്ക് വലിക്കുന്നു... ശരീരത്തിന്റെ ഓരോ ഭാഗവും ഞെങ്ങി
ഞെരുങ്ങി അസഹനീയമായ വേദനയോടെ പുറത്തേയ്ക്ക്...
പുറത്ത്
അതിഭീകരമായ ശബ്ദം ഇതുവരെ കേട്ടിട്ടില്ലാത്ത ശബ്ദങ്ങൾ ഇതുവരെ കാണാത്ത രൂപങ്ങൾ കണ്ണുകൾ അറിയാതെ തുറന്നടയുന്നു ... ആരോ... ബലമായി ഒരു സൈഡിലേയ്ക്ക് തന്നെ മാറ്റുന്നു...
ശരീരമാസകലം എന്തെല്ലാമോ പറ്റിപ്പിടിച്ചിരിക്കുന്നു. ഉറക്കെ നിലവിളിച്ചു..
(ഭൂമിയിലെ ആദ്യത്തെ നിലവിളി).. അവൾ നിലവിളിച്ചത് താൻ വളർന്ന ഇത്രകാലം നിന്ന
സ്ഥലത്തുനിന്നും നിഷ്കരുണം ഇറക്കിവിട്ടതിലെ പ്രതിഷേധമായിരുന്നുവെന്ന് അത്
കേട്ടവർക്ക് മനസ്സിലായില്ല.. പക്ഷേ തന്നെ വഹിച്ച ശരീരം തൊട്ടടുത്ത്.
സാവധാനം വെളിച്ചം കണ്ണുകളിലേയ്ക്ക് ഇരച്ചുകയറി... തന്നെ ഇറക്കിവിട്ടവൾ
വേദനയോടെ സ്നേഹത്തോടെ തന്നെ നോക്കുന്നു... ഒരാൾ കത്രികയുമായി വന്ന്
താനുമായുള്ള ബന്ധം മുറിച്ചു മാറ്റുന്നു.. അവൾ വീണ്ടും നിലവിളിച്ചു.. തന്നെ
അവിടേയ്ക്ക് തിരികെയാക്കൂ എന്നു അലമുറയിട്ടു പറയുന്നുണ്ടായിരുന്നു. പക്ഷേ
ആർക്കുമത് മനസ്സിലായില്ല... തന്റെ ശരീരം നന്നായി തുടച്ച് തുണിയിൽ പൊതിഞ്ഞ്
പുറത്തേയ്ക്ക് കൊണ്ടുപോകുന്നു. തന്നെ സ്വീകരിക്കുന്നതിനായി ആരൊക്കെയോ...
ആരേയും മനസ്സിലായില്ല... തന്നെ മറ്റൊരാളിന്റെ കൈകളിലേയ്ക്ക് നൽകുന്നു.
പെൺകുട്ടിയാ... ആരൊക്കെയോ തന്റെ മുഖത്ത് മുഖമമർത്തുന്നു. കാതിൽ എന്തൊക്കെയോ ചൊല്ലുന്നു .. കുറച്ചു നിമിഷങ്ങൾക്കകം തിരികെ തന്നെ കൊണ്ടുവന്നവരുടെ
കൈകളിലേയ്ക്ക്. നിലവിളിക്കാനാവാത്തവിധം നിസ്സഹായാവസ്ഥയിലായിരിക്കുന്നു...
തന്റെ ശരീരത്തിന് ഭാരം വർദ്ധിച്ചതുപോലെ... വിശാലമായ ലോകത്തേയ്ക്ക്
എത്തിയതായി ആ കുഞ്ഞിനറിയില്ലല്ലോ... എത്ര ശ്രമിച്ചാലും തിരികെ
പോകാനാവാത്തയിടത്തുനിന്നുള്ള വരവാണെന്നുമറിയില്ല.. കരഞ്ഞിട്ടെന്തുകാര്യം...
വീണ്ടും
തന്നെ പുറത്താക്കിയവരുടെ അടുത്തേയ്ക്ക്. അവർ എന്തെല്ലാമോ പറയുന്നു..
അവൾക്കൊന്നും മനസ്സിലാകുന്നില്ല.. ആദ്യമായി മുലപ്പാലിന്റെ രുചിയറിഞ്ഞു...
അവരോട് ചേർന്നുകിടക്കുമ്പോൾ എന്തോ ഒരു സുഖം.. കൈ കാലുകൾ മുകളിലേയ്ക്ക്
ഉയർത്താൻ സാധിക്കുന്നുണ്ട്. ഏതോ ഒരു പുതിയ ലോകം...
ഒരു
പെൺകുട്ടിയുടെ ജനനം... അതു മാത്രമായിരുന്നു. താൻ ഉദ്ദേശിച്ചത്...
ഭൂമിയിലേയ്ക്ക് വരുന്ന ഓരോ കുഞ്ഞും ഇങ്ങനെയൊക്കെത്തെന്നയാണ്.. അമ്മയുടെ
വേദനയെക്കുറിച്ചു മാത്രമേ ഇവിടെ എല്ലാവരും പറയാറുള്ളൂ.. വേദനയറിയാത്ത
പ്രായത്തിൽ എല്ലുകൾ ഞെരിഞ്ഞമരുമ്പോൾ തലയിൽ പിടിച്ചു
വലിയ്ക്കുമ്പോഴുമുണ്ടാകുന്ന വേദന ഇതൊന്നും വേദനയല്ലേ... ആണ്...
അമ്മയ്ക്കൊപ്പം കുഞ്ഞും വേദനയയനുഭവിക്കുന്നു.. ഈ ലോകത്തിലേയ്ക്ക് ഈ
അന്തരീക്ഷത്തിലേയ്ക്ക് ആനയിക്കപ്പെടുമ്പോൾ എന്തെല്ലാം സഹിക്കുന്നു. ആദ്യമായി
ശ്വാസം എടുക്കാനും വിടാനും ശീലിക്കുന്നു. കണ്ണുകൾ തുറന്നു നോക്കുന്നു.
കൈകാലുകൾ അനക്കുന്നു. അങ്ങനെ പലതും.
തന്റെ പൊക്കിൾക്കൊടി മുറിക്കുമ്പോൾ നിസഹതയോടെ നിലവിളിച്ച് പോയി ...
പിന്നീടാണ്
ഓരോന്നും തന്റെ ശരീരം തിരിച്ചറിയാൻ തുടങ്ങുന്നത്... ശരീരത്തിന്
വളർച്ചയുണ്ടാവുന്നു. മനസ്സ് വളരുന്നു... എല്ലാവരുടേയും സ്നേഹം
ഏറ്റുവാങ്ങി... കമിഴ്ന്നുവീഴുന്നു... എഴുന്നേറ്റ് നിൽക്കുന്നു. പതുക്കെ
പിച്ചവച്ചു തുടങ്ങുന്നു... പലപ്പോഴും മറിഞ്ഞുവീഴുന്നു.. വീണിടത്തുനിന്നും
വീണ്ടും എഴുന്നേൽക്കുന്നു. പരസഹായമില്ലാതെ നടക്കുന്നു. അച്ചായെന്നും
അമ്മായെന്നും വിളിക്കാൻ പഠിക്കുന്നു... എന്തെല്ലാം മാറ്റങ്ങളാണ് കാലം
കഴിയുന്തോറും ഉണ്ടാവുന്നത്... ശരീരത്തിലെ ഓരോ മാറ്റങ്ങളും സൂക്ഷ്മമായി
വീക്ഷിക്കുന്ന രക്ഷിതാക്കൾ.. അങ്ങനെപോകുന്ന ആ കഥ ...
താനും തന്റെ ഉമ്മയും ഈ ഭൂമിയിലെ എല്ലാ ജീവജാലങ്ങളും ഇതു പോലെ ഒക്കെ തന്നെ അല്ലെ ജനിക്കുന്നത്.....
അമ്മയുടെ
ജീവിതം പകുത്തെടുത്ത് പൊക്കിൾ കോടിയിലൂടെ.ഈ ആത്മ ബന്ധം മരണം വരെക്കും നില നിൽക്കേണ്ടത് അല്ലെ.? പ്രാണൺ സുരക്ഷിതമായി
നിലനിർത്തുന്നതിനുവേണ്ടതെല്ലാം വാങ്ങി പത്തു മാസം ചുമന്നു പ്രസിവിക്കുന്ന
ഒരമ്മയ്ക്കെങ്ങനെ തന്റെ മക്കളെ കൊല്ലാനാവുന്നു. കുഞ്ഞുണ്ടാവാൻ കാരണക്കാരനായ
അച്ഛനേക്കാൾ സ്നേഹം കുഞ്ഞുങ്ങളോടുണ്ടാവേണ്ടത് അമ്മയ്ക്കല്ലേ...
ഒരാവേശത്തിൽ കാമുകനോടൊപ്പം പോകാൻ സ്വന്തം ചോരയിൽ പിറന്ന കുഞ്ഞിനെ
പാറക്കല്ലിൽ അടിച്ചു കൊന്നവർ ഏതു ഗണത്തിൽപ്പെടുന്നവരാണ്. അവർ മനുഷ്യരാണോ?
എന്താണ്
ഇതിന് കുഴപ്പമെന്ന് ഇതുവരെ മനസ്സിലായിട്ടില്ല... ആരും
ചിന്തിക്കാത്തരീതിയിൽ എഴുതിയെന്നാണ് കൂട്ടുകാരൊക്കെ പറഞ്ഞത്.. പക്ഷേ പ്രധാന
അധ്യാപകൻ എന്നെ വിളിച്ച് അടുത്തിരുത്തി വിശദമായി സംസാരിച്ചു.. എഴുത്തിന്
വിചാരിച്ചതിനേക്കാൾ പക്വതയുണ്ട്... ഈ പ്രായത്തിൽ നീ
മനസ്സിലാക്കേണ്ടതിനേക്കാൾ അറിവ് നിനക്കുണ്ടെന്നറിയാം. ചില സാങ്കേതിക
കാരണങ്ങളാൽ നമുക്കിത് പ്രസിദ്ധീകരിക്കാനാവില്ല...
ആ
കടലാസും വാങ്ങി പുറത്തേയ്ക്ക് വരുമ്പോൾ കീറി എറിയാനാണ് തോന്നിയത്.. പക്ഷേ
അത് ചെയ്തില്ല... ഉറക്കമിളച്ചിരുന്നു എഴുതിയതാണ്... മനസ്സിൽ കണ്ടത് റഷീദ്
മാമയുടെ മകളുടെ ജനനം തന്നെയായിരുന്നു. പക്ഷേ സ്കൂൾ അധികാരികൾക്ക് ഈ കഥ
ഉൾക്കാനാവുന്നില്ല...
അവൻ
അത് ഭദ്രമായന്ന് ബുക്കിനുള്ളിലാക്കി വച്ചതാണ്... പിന്നീട് ഇന്നാണ്
ഇതെടുത്തത്... പലവട്ടം ഐഷുവിനെ കാണിക്കണമെന്ന് ആഗ്രഹിച്ചു. ഒരുപക്ഷേ
അവൾക്കത് ഇഷ്ടപ്പെട്ടില്ലെങ്കിലോ.. എത്രയോ കൃതികൾ ഇന്നും വെളിച്ചം
കാണാതെയിരിക്കുന്നു.
ക്ലാസ്സിലെ
ഏറ്റവും അടുത്ത സഹൃത്തായ ടോമിനെ മാത്രമേ ഈ കഥ കാണിച്ചുള്ളൂ.. അവൻ
ചോദിച്ചത്.. ഞാനിതൊക്കെ എങ്ങനെ മനസ്സിലാക്കിയെന്നാണ് . എനിക്കിതൊക്കെ എങ്ങനെ
അറിയാമെന്നാണ്. കുഞ്ഞ് എങ്ങനെയാണ് ഞെങ്ങിഞെരുങ്ങി വരുന്നതെന്നും... എന്തോ
കൂടുതലൊന്നും അവനോട് പറയാൻ നിന്നില്ല... ആരോടും പറയരുതെന്നു മാത്രം അവനോട്
പറഞ്ഞു.
ചിന്തകൾ കാടുകയറിക്കൊണ്ടിരുന്നു. പെട്ടെന്നാണ് താഴെനിന്നും ഉമ്മായുടെ വിളിവന്നത്... അവൻ ഓടി താഴെയെത്തി..
”എന്താ ഉമ്മാ...”
”മോനേ സ്റ്റീഫൻ അങ്കിളാ... ഇങ്ങോട്ടു വരികയാ.. നീയാ വഴിയൊന്നു പറഞ്ഞുകൊടുക്ക്.”
അവന്റെ
ഉള്ളൊന്നു കാളി.. എല്ലാം അറിയാവുന്ന മനുഷ്യൻ.. അബദ്ധത്തിലെങ്ങാനും വല്ലതും
പറഞ്ഞുപോവുമോ... ഇല്ല.. സ്റ്റീഫനങ്കിളിനെ വിശ്വസിക്കാം.
അവൻ ഫോണെടത്തു. ”അങ്കിൾ എവിടെത്തി...” അവൻ വഴി വിശദമായി പറഞ്ഞുകൊടുത്തു..
”ഉമ്മാ അവരിവിടെ എത്താറായി ബൈക്കിലാവരുന്നത്. ഞാൻ പുറത്തിറങ്ങി നിൽക്കാം.”
അവൻ
അതും പറഞ്ഞ് പുറത്തേയ്ക്കിറങ്ങി.. അല്പസമയത്തിനകം സ്റ്റീഫൻ ഭാര്യയേയും
കൂട്ടി അവിടെത്തി... അവർ രണ്ടാളും ബൈക്കിൽ നിന്നുമിറങ്ങി.. അവനെ കണ്ടയുടൻ
അദ്ദേഹത്തിന്റെ ഭാര്യ പഠനകാര്യങ്ങൾ അന്വേഷിച്ചു.. അവന്റെ
ടീച്ചറായിരുന്നല്ലോ അവർ.. അവർ മൂവരും അകത്തേ്യ്ക്ക് കയറി... ഫസൽ
എല്ലാവർക്കും അവരെ പരിചയപ്പെടുത്തിക്കൊടത്തു... വളരെ സന്തോഷകരമായ
നിമിഷങ്ങളായിരുന്നു അവിടെ അരങ്ങേറിയത്...
സഫിയയും
നാദിറയും ചായ ഉണ്ടാക്കുവാനായി അകത്തേയ്ക്ക് പോയി... തൊട്ടു പിറകേ
സ്റ്റീഫനങ്കിളിന്റെ ഭാര്യയും... ഫസലിന് തെല്ലു ഭയമുണ്ടായിരുന്നു. ഇനി
സ്റ്റീഫൻ അങ്കിൾ വല്ലതും പറഞ്ഞു കാണുമോയെന്ന ഭയം... അവനും പിറകേ ചെന്നു...
”നീ എന്തിനാ ഇവിടെ ചുറ്റിപ്പറ്റി നിൽക്കുന്നേ.. അവിടെ ചെന്നിരിക്ക്...”
അവൻ
നാണിച്ച് തിരിച്ചുപോന്നു.. ഇവിടെ ഹമീദിക്കയും സ്റ്റീഫനങ്കിളും
ചൂടുള്ളചർച്ചയിലാണ്. ഹോസ്പിറ്റലിലെ കാര്യങ്ങളും പുതിയ പുതിയ അസുഖഘങ്ങളെയും
കുറിച്ച് അവർ സംസാരിക്കുന്നു. അപ്പോഴേയ്ക്കും റഷീദിന്റെ കുഞ്ഞ്
ഉണർന്നിരുന്നു.. അഫ്സ കുഞ്ഞിനേയുമെടുത്ത് റൂമിനു പുറത്തേയ്ക്കു വന്നു.
സ്റ്റീഫന്റെ ഭാര്യ കുഞ്ഞിനെ സാവധാനം കൈയ്യിലെടുത്തു താലോലിച്ചു. അവളുടെ
പേര് ചോദിച്ചപ്പോൾ ഫസലാണ് പേര് പറഞ്ഞുകൊടുത്തത് ആമിന .
”ഫസലേ..
ഞാൻ കുറച്ച് ചോദ്യങ്ങളും ഉത്തരങ്ങളും തയ്യാറാക്കിയിട്ടുണ്ട്...
നീയതൊക്കെയൊന്ന് വായിച്ചു പഠിക്കണം... നീ നല്ല മാർക്കോടെ പാസ്സാവേണ്ടത്
ഇപ്പോൾ ഞങ്ങളുടേയും ആവശ്യമാണ്. മോള് ഇന്നലെയും വിളിച്ചിരുന്നു. ഫസലിന്റെ
പഠിത്തകാര്യത്തിൽ എന്നോടുകൂടിയൊന്നു അന്വേഷിക്കാൻ പറഞ്ഞിരിക്കയാണ്...”
അവൻ ചിന്തിച്ചു.. ശരിക്കും റഷീദ് മാമ ജൂലി ചേച്ചിയോട് എല്ലാം പറഞ്ഞു കാണും.. അതാണ് അവർ തന്നോട് ഇക്കാര്യങ്ങളൊക്കെ ചോദിച്ചത്..
കുറഞ്ഞ്
സമയം കൊണ്ട് അവർ വളരെ നല്ല കുടുംബസുഹൃത്തുക്കളായി മാറിയിരുന്നു. എല്ലാവരും
ചായകുടിച്ച് പലഹാരങ്ങളും കഴിച്ചാണ് പുറപ്പെട്ടത്... ഇനിയും വരാമെന്ന്
പറഞ്ഞ് സ്റ്റീഫനും ഭാര്യയും ബൈക്കിൽ യാത്രയായി.
”എന്ത് സ്നേഹമുള്ളോരാ മോളേ അവർ”... ഹമീദ് സഫിയയോട് പറഞ്ഞു.
”ശരിയാ വാപ്പാ... എന്ത് സ്നേഹവും ആത്മാർത്ഥതയുമാണവർക്ക്...”
”മകൾക്ക് വിവാഹാലോചന വന്നെന്നാ പറഞ്ഞത്...”
”അതെങ്ങനെയാ അവളിപ്പോ പോയതല്ലേയുള്ളൂ...”
”ശരിയാ...
പയ്യൻ അവരുടെ ബന്ധത്തിലുള്ളതുതന്നെയാണ്.. അതുകൊണ്ട് പിന്നെ
പേടിക്കേണ്ടതില്ലല്ലോ.. കാത്തിരുന്നുകൊള്ളും.. അവനും ഗൾഫിൽ തന്നെയാണ്.”
”അവൾ രക്ഷപ്പെട്ടാൽആ കുടുംബം രക്ഷപ്പെടുമല്ലോ..”
എത്രയോ
പ്രവാസികൾ ഇന്നു നമ്മുടെ സമൂഹത്തിലുണ്ട്. നമ്മുടെ നാട്ടിൽ വളരെയധികം
ബുദ്ധിമുട്ടനുഭവിക്കുന്ന എത്രയോ കുടുംബങ്ങൾ ഒരു വീട്ടിൽ നിന്ന് ഒരു
ഗൾഫ്കാരൻ ഉറപ്പാണ്. മണലാരണ്യത്തിലെ പണമാണ് നമ്മുടെ സമ്പത്ത്...
ഫസൽ പഠിക്കാനായി മുകൾ നിലയിലെ അവന്റെ റൂമിലേക്ക് പോയി... അവൻ ജനലിലൂടെ പുറത്തേയ്ക്ക് നോക്കി...
പച്ചപ്പുല്ലുകളാൽ സമൃദ്ധമായ പുരയിടങ്ങൽ... കുറച്ചകലെയായി കാണുന്ന
ഭാരതപ്പുഴ... ഭാരതപ്പുഴ മെലിഞ്ഞു മെലിഞ്ഞ് ഇപ്പോഴൊരു നീരുറവമാത്രായി
മാറിയിരിക്കുന്നു. അവൻ കുറച്ചുനേരം അവിടെ നിന്നു... വീണ്ടും
മേശപ്പുറത്തിരിക്കുന്ന പഠിക്കാനുള്ള പുസ്തകത്തിലേയ്ക്ക് അവന്റെ
ശ്രദ്ധയെത്തി... സ്റ്റീഫനങ്കിളിന്റെ ഭാര്യ കൊണ്ടുവന്ന ചോദ്യങ്ങളും ഉത്തരങ്ങളും വായിച്ചു പഠിക്കാമെന്നു കരുതി അവൻ കസേരയിലേക്ക് ചാഞ്ഞിരുന്നു .
ഷംസുദ്ധീൻ തോപ്പിൽ 23 02 2020
തുടർന്നു വായിക്കുക അടുത്ത ഞായറാഴ്ച്ച 01 03 2020
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ