2.3.19

നിഴൽ വീണ വഴികൾ - ഭാഗം 11


കാലം ദുഖത്തിന്റെയും സന്തോഷത്തിന്റെയും ഉയർച്ചതാഴ്ചകളിലൂടെ വളരെവേഗം കടന്നുപോയി.... ഫസൽ ഇപ്പോൾ ആറാംക്ലാസ്സിൽ പഠിക്കുന്നു. കോർട്ടേഴ്സിനു തൊട്ടടുത്തു തന്നെയുള്ള സ്കൂളിലാണ് പഠനം. അവനെ കാലം കൂടുതൽ പക്വതയുള്ളവനാക്കിയതുപോലെ... പഠിത്തത്തിലും ഒട്ടും പിന്നിലല്ല.. പഠിപ്പിൽ മടിവരുമ്പൊ ഉമ്മയുടെ ദയനീയ മുഖമാണ് ഫസലിന്റെ മനസ്സിൽ വരിക. ഊണും ഉറക്കവുമൊഴിച്ച് തനിക്ക് വേണ്ടി  കഷ്ടപ്പെടുന്ന ഉമ്മയെ. താൻ മാത്രമാണ് ഉമ്മയുടെ ശക്തി, തന്നിൽമാത്രമാണ് ഉമ്മയുടെ പ്രതീക്ഷയെന്നുള്ളത് അവനു നല്ല ബോധ്യമുണ്ടായിരുന്നു. പഠിച്ച് നല്ലൊരു ജോലി നേടി ഉമ്മയെ നോക്കണം. ഉമ്മയുടെ കണ്ണീരിനിയും കാണാൻവയ്യ. അന്യരുടെ വീട്ടിൽ വിഴുപ്പുകെട്ടുകൾ അലക്കുന്ന ഉമ്മ.. തനിക്കുവേണ്ടി എന്തുമാത്രം കഷ്ടതകൾ അനുഭവിക്കുന്നു . ആ കുഞ്ഞുമനസ്സിലെ ചിന്ത അതായിരുന്നു. 
അയൽവീട്ടിൽ താമസ്സിക്കുന്ന കാസിം മാഷും ഹമീദും പലപ്പോഴും വൈകുന്നേരങ്ങളിൽ നടക്കാനിറങ്ങുക പതിവായിരുന്നു . കാസിംമാഷ് നല്ലൊരു തത്വചിന്തകനായിരുന്നു, ഫസലിന്റെ പഠനവിവരങ്ങളുംമറ്റും ദിവസവും അന്വേഷിക്കും. ഫസലിനെ കാണുമ്പോൾ പഠനവിഷയവുമായി ബന്ധപ്പെട്ട ചോദ്യങ്ങളും ചോദിക്കാറുണ്ട്.... ഫസൽ അതിനൊക്കെ കൃത്യമായി ഉത്തരവും പറയുമായിരുന്നു. അവന്റെ കൈയ്യക്ഷരവും മാഷിന് വളരെ ഇഷ്ടമായിരുന്നു.

ഒരു ദിവസം കാസിംമാഷ് ഹമീദിനോട് പറഞ്ഞു. “ഫസൽ നന്നായി പഠിക്കുന്നുണ്ടല്ലൊ അവനെ അടുത്ത കൊല്ലം നമുക്ക് മുളമുക്കിലെ എം ആർകെ മെമ്മോറിയൽ ഹൈസ്‌കൂളിൽ ചേർക്കാം. അവിടെ നമുക്കറിയാവുന്ന ടീച്ചർമാരുമുണ്ട്. അവർ അവനെ നന്നായി ശ്രദ്ധിക്കും. വേണ്ട പ്രോത്സാഹനം കിട്ടിയാൽ അവൻ നന്നായി പഠിച്ച് കൊള്ളും. അക്കാലത്തെ വളരെ പ്രസിദ്ധമായ സ്ക്കൂളുകളിൽ ഒന്നാണ് എം ആർകെ മെമ്മോറിയൽ ഹൈസ്‌കൂൾ യത്തീംഖാനയുടെ കീഴിലാണ് അത് പ്രവർത്തിക്കുന്നത്. അനാഥാലയത്തിലെ കുട്ടികൾക്കുള്ള സീറ്റ് കഴിഞ്ഞ് ബാക്കി സീറ്റുകൾക്ക് സെലക്ഷൻ നടത്തി മിടുക്കരായ കുട്ടികളെ തിരഞ്ഞെടുക്കുന്നു. വളരെ ചിട്ടയോടെയുള്ള വിദ്യാഭ്യാസം... പഠിച്ചിറങ്ങുന്ന കുട്ടികളോരോരുത്തരും വളരെ പ്രഗത്ഭരായിരിക്കുമെന്നുള്ളതിൽ സംശയമില്ല. എം ആർകെ മെമ്മോറിയൽ ഹൈസ്‌കൂളിൽ അത്ര പെട്ടൊന്നൊന്നും സീറ്റ് കിട്ടില്ല. അധികവും മുതലാളിമാരുടെ മക്കൾക്കേ അവിടം സീറ്റ് കിട്ടിയിരുന്നുള്ളൂ. അവിടെ ചേർക്കുന്നതിൽ ഹമീദിന് സന്തോഷമേ ഉള്ളൂ, പക്ഷെ എങ്ങിനെ സീറ്റ് കിട്ടും. ഹമീദ് കാസിം മാഷോട് തന്റെ സംശയം പറയുകയും ചെയ്തു. “നിങ്ങൾ അതോർത്തൊന്നും വിഷമിക്കണ്ട അവനെ അവടെ ചേർക്കാൻ തയ്യാറാണോ അല്ലയോ എന്നറിഞ്ഞാൽ മതി. ബാക്കിയൊക്കെ ഞാൻ നോക്കിക്കൊള്ളാം. അടുത്ത കൊല്ലം മുതൽ അവൻ അവിടെ പഠിക്കും അത് പോരെ”. 

ഹമീദിന് വളരെ സന്തോഷമായി പടച്ചവനോട് നന്ദി പറഞ്ഞു. അർഹിക്കാത്ത പലതും പടച്ചവൻ അരികിലെത്തിക്കുന്നു പല രൂപത്തിൽ പലവേഷത്തിൽ . തനിക്ക് നല്ല ഉറപ്പുണ്ട് ഫസൽ പഠിച്ചു വലിയ ഉയരത്തിലെത്തുമെന്ന്. നഷ്ടപ്പെട്ട തന്റെ പ്രതാപം തന്റെ പേരക്കുട്ടിയിലൂടെ വീണ്ടെടുക്കാമെന്ന്. തങ്ങൾക്കൊന്നും ലഭിക്കാത്ത വിദ്യാഭ്യാസം അവന് നൽകണം. എം ആർകെ മെമ്മോറിയൽ ഐസ്‌കൂളിൽ ഫസലിന് സീറ്റ് കിട്ടുമെന്നറിഞ്ഞതിൽ സഫിയക്ക് വളരെ സന്തോഷമായി  എങ്ങിനെ കഷ്ടപ്പെട്ടാലും തന്റെ മകനെ പഠിപ്പിക്കുക തന്നെ. ഒന്നുമില്ലങ്കിലും അവനൊരു ആണല്ലെ. എന്നെങ്കിലും തന്റെ കഷ്ടപ്പാടൊക്കെ പടച്ചവൻ തീർക്കും എന്നവൾക്ക് നല്ല ഉറപ്പുണ്ട്.  

ഒരുദിവസം മുറ്റത്തെ ചെടികൾക്ക് വെള്ളമൊഴിക്കുകയായിരുന്നു ഹമീദ്. ഒരു തേങ്ങൽകേട്ട് ഹമീദ് തിരിഞ്ഞുനോക്കി. ഫസൽ കരഞ്ഞുകൊണ്ട് വീട്ടിലേക്ക് ഓടുന്നു. ഇത് കണ്ട് ഹമീദ് ആകെ അമ്പരന്നു.”എന്ത് പറ്റി മോനെ നീ ആരെങ്കിലുമായി തല്ല് കൂടിയോ” അവൻ കരച്ചിലിനിടക്ക് പറഞ്ഞു. ”ഉപ്പാ.... ആ... ശങ്കരൻ മാഷ്.... എ.. ന്നെ അടിച്ചു”. ഹമീദ് അവനെ തന്നോടു ചേർത്തുനിർത്തി, ”എന്താണിത് ശരീരത്തിൽ മുഴുവൻ അടികൊണ്ട് തണർത്ത പാടുകളാണല്ലോ.” പടച്ചവനെ എന്തിനാ തന്റെ കുട്ടിയെ മാഷ് ഇങ്ങിനെ അടിച്ചത്. ഇത്രയും കാലത്തിനിടയ്ക്ക് താൻപോലും ഒന്ന് നുള്ളി നോവിച്ചിട്ടില്ല. ഇതങ്ങനെവിട്ടാൽ പറ്റില്ലല്ലോ, മാഷോട് ചോദിക്ക തന്നെ.

ഹമീദ് ഫസലിനെ ആശ്വസിപ്പിച്ചു അവനേയും കൂട്ടി പുറത്തേക്ക് ഇറങ്ങാൻ തുടങ്ങുമ്പോഴാണ് അൻവർ കയറിവന്നത്. “എന്താ ഉപ്പാ എന്തുപറ്റി, എന്തിനാ ഫസൽ കരയുന്നത്.” “അവനെ ശങ്കരൻ മാഷ് അടിച്ചതാ ഇതാ കണ്ടൊ അവന്റെ ദേഹം മുഴുവൻ പാടുകളാ ഇങ്ങനെയാണോ കുട്ടികളെ തല്ലുന്നത് ഇതെന്താ ചന്തയിലെ കാലികളാണോ ? ഞാനതൊന്ന് ചോദിക്കാന്ന് വച്ച് ഇറങ്ങിയതാ. വേഗം പോയില്ലങ്കിൽ മാഷുമാരെല്ലാം പോകും”. “ഉപ്പ പോവണ്ടാ ഞാൻ പോവാം”. പൊതുവെ മുൻകോപക്കാരനായ അൻവർ ഫസലിനെയും കൂട്ടി സ്ക്കൂളിലേക്ക് ചെന്നു. അപ്പൊ എല്ലാവരും പോകാൻ തുടങ്ങുന്നതേയുള്ളൂ. തേങ്ങി കരയുന്ന ഫസലിനെ കൂട്ടി ഓഫീസിനുനേർക്കുവന്ന അൻവറിനെ കണ്ട് പരിചയക്കാരായ ടീച്ചർമാർ പുറത്തേക്കിറങ്ങിവന്നു, “അൻവറിക്കാ എന്താ പ്രശ്നം”. അൻവർ അല്പം ദേഷ്യഭാവത്തിൽ അവരോടു ചോദിച്ചു “എവിടെ നിങ്ങളെ ഹെഡ് മാഷ്? ഞങ്ങൾ കുട്ടികളെ പഠിക്കാൻ വിടുന്നത് കാളചന്തയിലേക്കല്ല, സ്ക്കൂളിലേക്കാ ഇത് കണ്ടൊ“. അത് പറഞ്ഞ് ഫസലിന്റെ ഷർട്ട് ഊരി അൻവർ കാണിച്ച് കൊടുത്തു.” “എന്ത് തെറ്റ് ചെയ്തിട്ടാ ശങ്കരൻമാഷ് ഇവനെ ഇങ്ങിനെ അടിച്ചെതെന്നറിയണം. എല്ലാവരും കുട്ടികളെ അരയ്ക്ക് താഴെയാണ് അടിക്കാ, എവിടെ  അയാള്...” പുറത്ത് ബഹളം കേട്ട് ഓഫീസ് റൂമിലായിരുന്ന ശങ്കരൻ മാഷും ഹെഡ് മാഷും  ഇറങ്ങിവന്നു. കൂടാതെ വഴിയിലൂടെ പോകുന്ന നാട്ടുകാരും, വന്നവർ വന്നവർ അന്തം വിട്ടുനിന്നു. നന്നായി പഠിക്കുന്ന ഫസലിനെ ഇങ്ങിനെ അടിക്കേണ്ട യാതൊരു കാരണവുമില്ല. അൻവർ ശങ്കരൻ മാഷോട് കയർത്തുകൊണ്ട് ചോദിച്ചു “എന്ത് തെറ്റ് ചെയ്തിട്ടാ ഇവനെ ഇങ്ങിനെ മീൻ വരിയുമ്പോലെ വരിഞ്ഞത്... ശങ്കരൻമാഷിന് ഉത്തരംമുട്ടി”. “അത്...പിന്നെ....അവൻ പ്രാർത്ഥന ചൊല്ലുമ്പൊ കളിച്ചത് കൊണ്ടാ.” “അതിന് ഇങ്ങിനെയാണൊ തല്ലാ.” “അത് .....ഞാൻ അപ്പൊഴത്തെ ദേഷ്യത്തിന്... ഇങ്ങിനെയൊന്നും ആവുമെന്ന് കരുതിയില്ല”. അൻവറിന് നിയന്ത്രണം വിട്ടു, അവൻ മാഷെ കയറി പിടിച്ചു. ”അങ്ങനെ കണ്ടവർക്കൊക്കെ കേറിനിരങ്ങാനുള്ളവനല്ല എന്റെ കുഞ്ഞ്. ചോദിക്കാനും പറയാനും ആളില്ലെന്നു കരുതിയോ...” ഫസൽ അൻവറിനെ പിറകിലേക്കു വലിക്കാൻ ശ്രമിച്ചു. മാഷിന്റെയും അൻവറിന്റെയും ഇടയിൽ കയറിനിന്ന് അവൻ കരഞ്ഞുകൊണ്ടു പറഞ്ഞു... ”ഒന്നും ചെയ്യല്ലേ മാമാ... ഒന്നും ചെയ്യല്ലേ.... മാഷ് അറിയാതെ ചെയ്തതായിരിക്കും....” പിടിവലിക്കിടയിൽ രോഷത്തോടെനിന്ന നട്ടുകാരിൽ ആരോ ശങ്കരൻ മാഷുടെ മുഖത്തടിച്ചു. അപ്പോഴേയ്ക്കും ഹെഡ് മാഷും മറ്റ് മാഷ്മാരും ഓടിയെത്തി അവരെ പിടിച്ച് മാറ്റി... നാട്ടുകാരിൽ ആരോ വിളിച്ചു പറയുന്നുണ്ടായിരുന്നു.. ”ശങ്കരൻമാഷ് തീരെ മനുഷ്യത്തമില്ലാത്ത ആളാ... ഇങ്ങനെയൊക്കെ ചെയ്താൽ ആരായാലും കൈവെക്കും... ആ കുഞ്ഞിനെ കണ്ടില്ലേ... അടികൊണ്ട് ശരീരം തണർത്തിട്ടും അവൻ മാഷിനുവേണ്ടി വാദിക്കുന്നത്...”

ഹെഡ്മാസ്റ്ററിന്റെയും മറ്റ് ടീച്ചർമാരുടെയും അവസരോചിതമായി ഇടപെടലിൽ അതവിടെ അവസാനിച്ചു എന്ന് കരുതിയതാണ്. പക്ഷേ പിറ്റേന്ന് സ്ക്കൂളിൽ വന്ന ഫസലിനെ ടീച്ചർ ക്ലാസിൽ കയറ്റിയില്ല. ”മാഷെ തല്ലിയതിന് അവന്റെ രക്ഷിതാവ് മാപ്പ് പറയണം. രണ്ട് ദിവസം കഴിഞ്ഞെ ഇനി ഹെഡ് മാഷ് വരികയുള്ളൂ. ഹെഡ് മാഷ് വന്നിട്ട് കയറിയാമതി” . ടീച്ചറിന്റെ വാക്കുകൾ ആ കുഞ്ഞുമനസ്സിനെ വേദനിപ്പിച്ചു. ക്ലാസ്സിലേയ്ക്ക് എത്തിനോക്കി. തന്റെ സുഹൃത്തുക്കൾ ഒരത്ഭുതവസ്തുവിനെ കാണുന്നതുപോലെ തന്നെ നോക്കുന്നു. അവൻ അല്പനേരം അവിടെ നിന്നു, ടീച്ചറിന്റെ മനസ്സ് മാറില്ലെന്നുറപ്പായപ്പോൾ ഫസൽ വേദനയോടെ പതിയെ വീട്ടിലേയ്ക്ക് ഇറങ്ങി നടന്നു.

ഫസൽ കാര്യങ്ങളെല്ലാം ഹമീദിനോട് പറഞ്ഞു. ഹമീദ് അൻവറിന്റെ നേരേ തിരിഞ്ഞു “അല്ലങ്കിലും  അൻവറെ മാഷെ തച്ചത് അത്ര ശരിയായില്ല” അൻവറിന് ദേഷ്യം വന്നു “ഉപ്പ എന്താ പറയണത് അയാള് ചെയ്തതോ.” ”ഇനി എന്താ ചെയ്യാ ഫസലിന്റെ പഠിപ്പ് മുടങ്ങില്ലെ. ഇപ്രാവശ്യം ജയിച്ചാലല്ലെ എം ആർകെ മെമ്മോറിയൽ ഹൈസ്‌കൂളിൽ ചേർക്കാൻ പറ്റൂ”. ഹമീദ് സ്കൂളിലേയ്ക്ക് പുറപ്പെട്ടു, ടീച്ചറോട് കാര്യം പറഞ്ഞപ്പൊൾ തങ്ങൾക്കൊന്നും ചെയ്യാൻ പറ്റില്ലന്ന് പറഞ്ഞവർ ഒഴിഞ്ഞ് മാറി. അവർക്കെന്തോ താൽപര്യമില്ലാത്തപോലെ. ഹമീദ് എന്ത് ചെയ്യണമെന്നറിയാതെ കുഴങ്ങി. സഫിയ ഇതൊന്നും അറിഞ്ഞിട്ടില്ല. പൊന്നുമോന്റെ ശരീരത്തിലെ പാടുകൾ കണ്ടാൽ അവളെങ്ങനെ സഹിയ്ക്കും...

ഹമീദ് വീട്ടിൽ തിരികെയെത്തി ഫസലിനെ അരികെ വിളിച്ച് മടിയിലിരുത്തി സ്നേഹത്തോടെ തലോടി സാവധാനം ചോദിച്ചു. “എന്തിനാ മോനെ നീ പ്രാർത്ഥന ചൊല്ലുമ്പം കളിച്ചത്.” ”ഉപ്പാ ഞാൻ പ്രാർത്ഥന ചൊല്ലുമ്പൊ കളിച്ചിട്ടൊന്നുമല്ല ശങ്കരൻ മാഷ് എന്നെ തല്ലിയത്.” ”പിന്നെ?”ഹമീദിന് ആകാംക്ഷയായി. ”ഹോംവർക്ക് സ്ക്കൂളിൽവെച്ച് ചെയ്യാമെന്ന് കരുതി മിനിയാന്ന് ഞാൻ നേരത്തെ സ്ക്കൂളിൽ പോയില്ലെ... ഓഫീസിന്റെ മുന്നിലൂടെയാണ് എന്റെ ക്ലാസിലേയ്ക്ക് പോകുന്നത്. ഓഫീസ് റൂമിന്റെ അടുത്തെത്തിയപ്പൊ ഉള്ളിൽ നിന്ന് ചിരികേട്ടു, വാതിൽ ചാരിയിട്ടുണ്ടായിരുന്നു. പേടിയോടെ ആരാണ് ചിരിക്കുന്നതെന്നറിയാൻ ഞാൻ വാതിൽ തള്ളിത്തുറന്നു. അപ്പോൾ...” ഫസലിന് ഉപ്പയോട് പറയാനൊരു മടി. ”ങ്ങട്ട്...പറയ്.... മോനെ.” ”ശങ്കരൻ മാഷും ആറ് ബിയിലെ അന്നമ്മ ടീച്ചറും കെട്ടിപ്പിടിച്ച് എന്തൊക്കെയോ ചെയ്യുന്നുണ്ടായിരുന്നു. വെപ്രാളത്തോടെ ഞാൻ വാതിൽ അടക്കാൻ നോക്കിയപ്പൊ ഒച്ച കേട്ട് അവരെന്നെ കണ്ടു. അവരാകെ പേടിച്ച് പോയി ഞാനാരൊടെങ്കിലും പറഞ്ഞാലൊ എന്നു കരുതി അപ്പൊതന്നെ എന്നെ വിളിച്ചവർ താക്കീത് ചെയ്തു വിട്ടയച്ചു”. നിഷ്കളങ്കമായ വാക്കുകളായിരുന്നു അവന്റേത്.

ക്ലാസ്സിലെത്തിയപ്പോൾ ശങ്കരൻമാഷും പിറകേവന്നു. ദേഷ്യത്തോടെ കണ്ണുരുട്ടിക്കൊണ്ട് എന്നോട്  പറഞ്ഞു “ഇത് നീ ആരോടെങ്കിലും പറഞ്ഞാൽ എന്റെ ചൂരൽ നീ കണ്ടിട്ടില്ലെ അടിച്ച് ഞാൻ അന്റെ തോൽ പൊളിക്കും, പറഞ്ഞില്ലന്ന് വേണ്ട .”  വീട്ടിൽ നിന്ന് ചെയ്യാൻ തന്ന കണക്ക് ഞാൻ പേടിച്ചിട്ട് വേറെ കുട്ടിയുടെ ബുക്ക് നോക്കിയാ ചെയ്തത്. ഉപ്പാ ഞാനത് അറിയാതെ നമ്മടെ അങ്ങേതിലെ റഫീഖിനോട് പറഞ്ഞു പോയി. അവനോട് ഞാൻ ആരോടും പറയരുതെന്ന് സത്യം ചെയ്യിച്ചതാ പക്ഷെ അവനത് എല്ലാരോടും പറഞ്ഞു. സ്ക്കൂളിലത് പാട്ടായി അതിന്റെ ദേഷ്യം എങ്ങിനെ തീർക്കുമെന്ന് നോക്കിയിരിക്കുമ്പോഴാണ് സ്ക്കൂൾ വിടാൻ നേരത്ത് എന്റെ ക്ലാസിൽ നിന്ന് ശബ്ദം കേട്ടപ്പൊൾ തൊട്ടടുത്ത ക്ലാസിൽ നിന്ന ശങ്കരൻ മാഷ് അങ്ങോട്ട് വന്നത്. ഞാനാണ് വർത്താനം പറയണേതെന്ന് പറഞ്ഞ് ദേഷ്യം തീരുവോളം എന്നെ അടിച്ചു.” പറഞ്ഞ് കഴിഞ്ഞപ്പൊ അവൻ കരഞ്ഞ് പോയി. ”സാരമില്ല മോനേ പോട്ടെ... മോൻ കരയണ്ട”. “ഉപ്പാ ഞാനിനി ആരോടും പറയില്ല. എന്നെ സ്കൂളിൽ കേറ്റിയാമതി”. “മോൻ കരയണ്ട ഉപ്പ ഇല്ലേടാ നിനക്ക് എല്ലാം ഞാൻ ശരിയാക്കി തരാം“.     

വാശിപിടിച്ചിരിക്കേണ്ട സമയമല്ലിത്, തെറ്റ് ആരുടെ ഭാഗത്തായാലും അതൊന്നും ചിന്തിക്കാനുള്ള സമയമല്ല. തന്റെ കുഞ്ഞിന്റെ ഭാവിയാണ് വലുത്. മാപ്പ് പറഞ്ഞെങ്കിലും അവനെ സ്ക്കൂളിൽ കയറ്റണം. കാലത്തിന്റെ ഓരോ പോക്കെ... തെറ്റ് ചെയ്ത ശങ്കരൻ മാഷ് നല്ല ആളും അത് കണ്ട ഫസല് തെറ്റുകാരനും. അവർക്കൊന്നും നഷ്ടപ്പെടാനില്ലല്ലൊ തന്റെ മോന്റെ ഭാവിയല്ലെ. അധ്യാപകർക്ക് ഇങ്ങനെയൊക്കെ കാണിക്കാമോ... കുട്ടികൾക്ക് അറിവ് പകർന്നുകൊടുക്കേണ്ടവരും മാതൃകയാവേണ്ടവരുമല്ലേ... ഇങ്ങനെയുള്ളവർ പഠിപ്പിച്ചാൽ കുഞ്ഞുങ്ങളുടെ ഭാവി എന്താകും.

ഹമീദും അൻവറും ഒന്ന് രണ്ട് ആളുകളെയും കൂട്ടി തയ്യാലിങ്ങൽ ഹെഡ് മാസ്റ്ററുടെ  വീട്ടിൽ ചെന്നു നല്ലവനായ ഹെഡ് മാഷ് ഫസലിന്റെ തോളിൽ തട്ടി പറഞ്ഞു. “കാര്യങ്ങളൊക്കെ ഞാൻ പറഞ്ഞ് തീർക്കാം. ങ്ങളെ മോന്റെ കാര്യല്ലെ. ങ്ങളൊന്ന് മാഷോട് ക്ഷമ ചോദിച്ചോളി. ഒന്നുമില്ലങ്കിലും അദ്ദേഹമൊരു മാഷല്ലെ. നാളെ ഞാൻ സ്ക്കൂളിലുണ്ടാവും. അങ്ങോട്ട് വന്നോളൂ. ഇവനെ അത്ര പെട്ടന്ന് ഞങ്ങൾക്ക് വിടാൻ പറ്റില്ലല്ലൊ സ്ക്കൂളിന്റെ അഭിമാനമല്ലെ. നാട്ടുകാരുടെ മുമ്പിൽ വെച്ചായത് കൊണ്ട് മാഷ്മാർക്ക് തമ്മിൽ ചെറിയൊരു പ്രശ്നം അത്രേയുള്ളൂ”. 

പിറ്റേന്ന് അൻവറും ഹമീദും ഫസലിനെയും കൂട്ടി ഹെഡ് മാഷുടെ അടുത്ത് ചെന്നു. അദ്ദേഹത്തിന്റെ സാന്നിധ്യത്തിൽ ശങ്കരൻ മാഷോട് അൻവറും ഹമീദും ക്ഷമ ചോദിച്ചു. കാര്യങ്ങളെല്ലാം പറഞ്ഞ് തീർത്തു. ഫസൽ സന്തോഷത്തോടെ ക്ലാസിലേയ്ക്ക് പോയി.....

ക്ലാസ്സിന്റെ വാതിലിൽ നിന്ന് അകത്തേക്ക് നോക്കിയപ്പോൾ മലയാളം പഠിപ്പിക്കുന്ന ദിനേശൻ മാഷ് അരക്കൊല്ല പരീക്ഷയുടെ മലയാള പേപ്പർ വിതരണം ചെയ്യുകയായിരുന്നു. ഫസല് അവിടെ നിന്ന് ഒന്ന് പരുങ്ങി. അപ്പോഴാണ് സാറ് വാതിലിലേക്ക് നോക്കിയത്. “അ.. ആരാത്. ഫസലൊ കയറിവാ കയറിവാ.“ ശബ്ദത്തിന് ഒരു പരിഹാസച്ചുവയുണ്ടായിരുന്നു. “ഇരിക്ക്... ഇരിക്ക്“. സാർ എല്ലാവരുടെയും പരീക്ഷ പേപ്പർ വിളിച്ച് കൊടുക്കുന്നുണ്ട്. തന്റെ മാത്രം കിട്ടിയില്ല. അവന് പേടിയായി പടച്ചോനെ മാർക്ക് കുറഞ്ഞൊ. മാർക്ക് കുറഞ്ഞവരുടെ പേപ്പർ മാഷ് മേശമേൽ വെച്ച് അവസാനമേ കൊടുക്കൂ, പോരാത്തതിന് ചുട്ട രണ്ടടിയും താൻ നന്നായി പരീക്ഷ എഴുതിയതാണ്. പിന്നെ എന്ത് പറ്റി അവൻ വെപ്രാളപ്പെട്ട് ഇരിക്കുമ്പൊഴാണ്. ദിനേശൻ സാറ് അവന്റെ പേപ്പർ എടുത്ത് ക്ലാസിൽ എല്ലാവരും കേൾക്കെ പറഞ്ഞത്. 

“ക്ലാസിൽ കൂടുതൽ മാർക്ക് ഫസലിനാണ് പക്ഷെ ചെറിയൊരു കുസൃതി അവൻ പേപ്പറിൽ ഒപ്പിച്ചിട്ടുണ്ട്. ഫസൽ ഇവിടെ വന്നേ. നീതന്നെ ഇതൊന്നു വായിക്കൂ.“ ഫസൽ പേടിയോടെ വിറച്ച് വിറച്ച് സാറിന്റെ അടുത്തേക്ക് ചെന്നു. സാറ് കാണിച്ച് തന്ന വരികൾക്കിടയിലൂടെ നിറഞ്ഞ കണ്ണുകളോടെ അവൻ വായിക്കാൻ ശ്രമിച്ചു. അവൻ ഞെട്ടി. ഇത് താൻ എഴുതിയതല്ലല്ലൊ തന്റെ എഴുത്ത് എങ്ങിനെയോ മായിച്ച് അവിടെ എഴുതിച്ചേർത്തതാണ്. ഒരു കഥയുടെ ബാക്കി ഭാഗം പൂരിപ്പിക്കാനുള്ളതായിരുന്നു ചോദ്യം. ഹനുമാൻ രാവണന്റെ കയ്യിൽ നിന്ന് സീതയെ മോചിപ്പിക്കാൻ ലങ്കയിലേക്ക് പോകുമ്പോൾ....... വായുവിലൂടെ പറന്നു പോയി ഉടനെ പുറത്തേക്ക് വരികയും ചെയ്യുന്നു എന്നെഴുതിയത് മായ്ച്ച് വായിലൂടെ പോയി കുണ്ടിയിലൂടെ പുറത്ത് വരുന്നു എന്ന് ചേർത്തിരിക്കുന്നു. അവൻ വിക്കി വിക്കി വായിക്കാൻ ശ്രമിച്ചു.... തന്റേതല്ലാത്ത വാക്കുകൾ കണ്ടവന്റെ കണ്ണുകൾ നിറഞ്ഞു. തന്നെ കുട്ടികളുടെ മുമ്പിൽ വെച്ച് കളിയാക്കാൻ മനപ്പൂർവ്വം സാറ് തന്നെ ചെയ്തതാണ്. സാറ് അവനെനോക്കി ആക്രോശിച്ചു... ”വായിക്കടാ... അത് നോക്കി വായിക്ക്.... എന്താ വായിക്കാൻ നിനക്ക് മടിയാണോ... എഴുതിയ നിനക്ക് വായിക്കാൻ എന്താ ബുദ്ധിമുട്ട്. ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞ് നടക്കാൻ നിനക്ക് ഒരു മടിയുമില്ലല്ലൊ. ഇങ്ങ് താ നിന്റെ വികൃതി അവരൊന്ന് കേൾക്കട്ടെ.” ദിനേഷൻമാഷ് ഉച്ചത്തിൽ അത് വായിച്ചു. ക്ലാസിൽ കൂട്ടചിരി മുഴങ്ങി. ഇത്രയും വലിയ കുറ്റം ചെയ്ത ഇവനെ തല്ലാൻ എനിക്ക് പേടിയാ, ഇവന്റെ വീട്ടുകാർ വന്ന് എന്നെ തല്ലിയാലോ . മുട്ടേന്ന് വിരിഞ്ഞില്ല അതിനു മുന്നേ തുടങ്ങിയോ ഇതൊക്കെ.... സംസ്കാരം വീട്ടീന്നുതന്നെ കിട്ടേണ്ടതാ..... അതെങ്ങനെയാ പഠിപ്പിക്കുന്ന സാറിനെ തല്ലുന്ന സംസ്കാരമല്ലേ ഇവന്റെ വീട്ടുകാർക്ക്.“ മാഷ്  കുറ്റപ്പെടുത്തലുകൾ തുടർന്നുകൊണ്ടേയിരുന്നു. ഓരോന്നു പറയുമ്പോഴും ആർത്തു ചിരിക്കാൻ തന്റെ ക്ലാസ്സിലെ കുട്ടികളും.... അവരും തന്നെ കുറ്റക്കാരനാക്കിയിരിക്കുന്നു... താൻ തികച്ചും നിസ്സഹായനാണ്...  നിറകണ്ണുകളോടെ അവൻ വീട്ടിലേക്കു നടന്നു... നടന്ന കാര്യങ്ങളൊന്നും  വീട്ടിൽ പറയേണ്ടായെന്നു മനസ്സിൽ കരുതി. ഇക്കാര്യങ്ങൾ ആരോടെങ്കിലും പറഞ്ഞാൽ മാഷിനെ വീണ്ടും തല്ലാൻ ഇറങ്ങും.. വീണ്ടും തന്നെ സ്കൂളിൽനിന്ന് പുറത്താക്കും മറ്റു കുട്ടികളുടെ മുൻപിൽ അപമാനിക്കും.. വേണ്ട വേണ്ട....

ദിവസങ്ങൾ പിന്നിട്ടു, കാലം എല്ലാം മായ്ക്കാനുള്ള കഴിവുകാട്ടി. മറവി മനുഷ്യന് ചിലപ്പൊൾ അനുഗ്രഹമാവാറുണ്ടല്ലൊ. ഫസൽ ഉൽസാഹത്തോടെ പഠിക്കാൻ തുടങ്ങി. വർഷാവസാന പരീക്ഷയിൽ സ്കൂൾ ഫസ്റ്റോടെ അവൻ ആറാം ക്ലാസ് പരീക്ഷ പസായി. എസ് എസ് എൽ സി വരെ ആ സ്കൂളിൽ തന്നെ ക്ലാസുണ്ടെങ്കിലും ഹമീദിന് അവനെ അവിടെ പഠിപ്പിക്കാൻ തീരെ താല്പര്യമില്ലായിരുന്നു. റിസൾട്ടു വന്ന് രണ്ടുദിവസം കഴിഞ്ഞ് ഹമീദ് ഫസലിനെയും കൂട്ടി സ്കൂളിലെത്തി, ഹെഡ്മാസ്റ്റർ കണ്ട ഉടനേ സ്നേഹപൂർവ്വം അകത്തേക്ക് വിളിച്ചു. കുശലാന്വേഷണത്തിനൊടുവിൽ വന്ന കാര്യം തിരക്കി... ഒരു മുഖവുരയുമില്ലാതെ ഹമീദ് പറഞ്ഞു “സാറെ, ഞാനിവന്റെ ടീ.സി വാങ്ങാൻ വന്നതാ“. “എന്താ ഹമീദെ ഈ പറയുന്നേ... ഇവിടെ അവൻ നന്നായി പഠിക്കുന്നുണ്ടല്ലോ... ഈ സ്കൂളിന്റെ വാഗ്ദാനമാണവൻ“. “അതല്ല മാഷെ എം ആർകെ മെമ്മോറിയൽ ഹൈസ്കൂളിൽ അവന് സീറ്റ് കിട്ടി. അവനെ അവിടെ ചേർക്കുകയാണ്.“

എം ആർകെ മെമ്മോറിയൽ ഐസ്‌കൂൾ എന്ന് കേട്ടപ്പോൾ തെല്ലൊരാശ്വാസത്തോടെ മനസ്സില്ലാമനസ്സോടെ ഹമീദിന്റെ നിർബന്ധത്തിന് വഴങ്ങി ടീ.സി. കൊടുത്തു. ഫസലിനെ അടുത്ത് വിളിച്ച് ചേർത്തു നിർത്തി, സ്നേഹപൂർവ്വം അവനോടു പറഞ്ഞു “എവിടെയാണെങ്കിലും നീ നന്നായി പഠിക്കുമെന്നെനിക്കറിയാം ന്നാലും പറയാ മോൻ നന്നായി പഠിക്കണം. പഠിച്ച് വലിയ ആളായിട്ട് വേണം ഉമ്മയെ നോക്കാൻ“. സ്കൂളിൽ നടന്ന യഥാർത്ഥ പ്രശ്നങ്ങൾ ഫസലിനെ മാറ്റിനിർത്തിയശേഷം ഹമീദ് വിശദമായി ഹെഡ്മാഷോട് പറഞ്ഞു. ഹെഡ്മാസ്റ്റർ എന്താ ഇത് നേരത്തെപറയാഞ്ഞതെന്നു ചോദിച്ചു ഹമീദിനെ കുറ്റപ്പെടുത്തി.... ഹമീദ് ഹെഡ്മാസ്റ്ററോട് ബഹുമാനത്തോടെ പറഞ്ഞു “അങ്ങയെ എനിക്ക് നന്നായറിയാം. ഇങ്ങനെയുള്ളകാര്യങ്ങൾ മുകളിലറിയിക്കുകയും അവരെ അവിടെനിന്നും സസ്പെന്റു ചെയ്യിക്കുയും ചെയ്യുമായിരിക്കും. പക്ഷേ എന്റെ കുഞ്ഞിന്റെ ഭാവി... അതോർത്താ ഞാൻ... “ ഹെഡ്മാഷോട് യാത്ര പറഞ്ഞവർ വീട്ടിലേക്ക് തിരിച്ചു. എല്ലാം പറഞ്ഞുകഴിഞ്ഞപ്പോൾ ഹമീദിന്റെ മനസ്സിന് വല്ലാത്തോരു ആശ്വാസം....

നാളെ ഫസലിനെ എം ആർകെ മെമ്മോറിയൽ ഐസ്‌കൂളിൽ ചേർക്കാൻ പോവണം. കാസിം മാഷ് ലീവിന് നാട്ടിൽ പോയതാണ്. അരീക്കോടാണ് നാട്. എന്നാലും മാഷ് നാളെ സ്‌കൂളിൽഎത്താമെന്ന് പറഞ്ഞിരുന്നു. വെന്നിയൂരിൽ നിന്നും ബസ്സ് കയറണം സ്‌കൂളിൽ എത്താൻ  സഫിയയേയും കൂടെ കൂട്ടിയിരുന്നു. ചേർക്കാൻ ഇനി വലിയുപ്പ പോരെങ്കിലൊ? വാപ്പ ഇല്ലാത്തതുകൊണ്ട് ഉമ്മ തന്നെ വേണമെങ്കിലൊ? കൃത്യസമയത്ത് തന്നെ അവർ സ്കൂളിൽ എത്തി. ഓരോ കുട്ടികളും അച്ഛനും അമ്മയുമായാണ് എത്തിക്കൊണ്ടിരുന്നത്... അവൻ ഒരു നിമിഷം തന്റെ വാപ്പയെക്കുറിച്ച് ഓർത്തു... വേണ്ട താൻ അതൊന്നും ചിന്തിക്കാൻ പാടില്ല.... ഉമ്മയ്ക്ക് എല്ലാം മനസ്സിലാവും ആ മനസ്സ് വേദനിപ്പിക്കാൻ വയ്യ.

അക്ഷമനായി നിൽക്കുന്ന ഹമീദിന്റെ പിന്നിലെത്തി കാസിം മാഷ് തോളിൽ തട്ടി. ഹമീദ് തിരിഞ്ഞുനോക്കി. “ഹാ മാഷൊ എപ്പോ എത്തി.” “ഞാൻ കുറച്ച് നേരായി.” അവരെയും കൂട്ടി കാസിം മാഷ് ഓഫീസിലേക്ക് ചെന്നു. ഫസൽ പുതിയ സ്കൂളിന്റെ മട്ടുംഭാവവും കണ്ട് അന്തംവിട്ട് നിൽക്കുകയാണ്. ഇവിടേക്കാണൊ ഞാൻ പഠിക്കാൻ വരുന്നത് അവന് വിശ്വസിക്കാൻ കഴിഞ്ഞില്ല. ഹെഡ്മാഷുടെ അടുത്ത് എത്തിയ കാസിം മാഷ് ഹമീദിനെ പരിചയപ്പെടുത്തി. “ ഇതാണ് സാർ ഞാൻ പറഞ്ഞ ഹമീദ്ക്ക. ഇത് ഫസലും അവന്റെ ഉമ്മയും.“  “ ആ ഇരിക്കൂ ഇരിക്കൂ, മാഷ് എല്ലാം എന്നോട് പറഞ്ഞിരുന്നു, നിങ്ങൾക്കറിയാമല്ലോ യത്തീം ഖാനയിലെ കുട്ടികളെ കഴിച്ചെ പുറത്ത് നിന്ന് കുട്ടികളെ എടുക്കൂ നല്ല മാർക്കുള്ളവർപോലും ഇവിടെ റെക്കമെന്റിലാ വരിക, കാസിം മാഷ് നിങ്ങടെ  കാര്യങ്ങളെല്ലാം പറഞ്ഞിരുന്നു. ഇവൻ നന്നായി പഠിക്കുന്ന കുട്ടിയല്ലെ.” ഹമീദ് വളരെ താഴ്മയോടെ പറഞ്ഞു. “നന്ദിയുണ്ട് സാർ ഒരു പാട് നന്ദിയുണ്ട്”. 

സഫിയക്ക് സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞുപോയി. ഇവിടെ ചന്ദന കളർ ഷർട്ടും വെള്ള പാന്റ്സുമാണ് യൂണിഫാം. പാന്റിനു പകരം തുണിയായാലും കുഴപ്പമില്ല. ക്ലാസ് തുടങ്ങുന്ന ദിവസവും അവിടുത്തെ നിയമങ്ങളും കൃത്യമായി ഹെഡ് മാഷ് പറഞ്ഞ് കൊടുത്തു. ഹെഡ് മാഷോട് യാത്ര പറഞ്ഞവർ  പുറത്തേക്കിറങ്ങി. പുറത്ത് തന്നെ കാത്തുനിന്ന കാസിംമാഷോട്  പറഞ്ഞു ”നിങ്ങൾ ചെയ്ത് തന്ന സഹായം ഞങ്ങൾ ഒരിക്കലും മറക്കില്ല.” ”എന്താ ഹമീദ്ക്ക ഇതൊക്കൊ ഫസൽ നന്നായി പഠിക്കട്ടെ.... ഹമീദ് ഒരു നൂറ് രൂപ നോട്ടെടുത്ത് .”ഇത് നിങ്ങളെ വണ്ടിക്കൂലിക്കിരിക്കട്ടെ കാസിം മാഷെ എന്നു പറഞ്ഞ് മാഷിന്റെ പോക്കറ്റിലേക്ക് വയ്ക്കാൻ ശ്രമിച്ചു. ഹമീദിന്റെ കൈ പിടിച്ച് തമാശയെന്നോണം “ഇതെന്താ കൈക്കൂലിയാ” അത് പറഞ്ഞ് തിരിച്ച് ഹമീദിന്റെ പോക്കറ്റിൽ തന്നെ പൈസ ഇടുവിച്ചു. സന്തോഷത്തോടെ ഹമീദും സഫിയയും ഫസലും മാഷോട് യാത്ര പറഞ്ഞ് വീട്ടിലേക്കുപോന്നു. കാസിം മാഷ് അരീക്കോടുള്ള തന്റെ വിട്ടിലേക്കും. ഇനി വെക്കേഷൻ കഴിഞ്ഞെ മാഷ് വരികയുള്ളൂ. 

ഫസൽ വളരെ സന്തോഷവാനായിരുന്നു. എന്നാൽ ചെറിയ ദുഖവും.... സന്തോഷം പുതിയ സ്കൂളിൽ പോകുന്ന കാര്യമോർത്തും സങ്കടം തന്റെ ആത്മാർത്ഥ സുഹൃത്തുക്കളെ പിരിയേണ്ടിവരുമെന്നുള്ളതോർത്തുകൊണ്ടുമായിരുന്നു. രണ്ടുമാസം ഇനി കളിക്കാം.... അവൻ ഓടിച്ചെന്ന് മുറ്റത്തെ പേരമരത്തിനു മുകളിലേയ്ക്ക് കയറി..... നന്നായി വിളഞ്ഞു നിൽക്കുന്ന പേരയ്ക്കയിലേയ്ക്ക് അവൻ കൈയ്യെത്തിച്ചു പിടിക്കാൻ ശ്രമിച്ചു.... 



തുടർന്നു വായിക്കുക അടുത്ത ഞായറാഴ്ച്ച 10  03  2019

ഷംസുദ്ധീൻ തോപ്പിൽ  03 03 2019



 തിരക്കിട്ട ജീവിത യാത്രയ്ക്കിടയിൽ വായനയ്ക്ക് സമയം കിട്ടാത്തവർക്ക് കഥ കേൾക്കാൻ ഒരവസരം കഥ പറയാൻ ശ്രമിക്കയാണ് തെറ്റുകൾ ക്ഷമിക്കുമല്ലോ കഥയുടെ താഴെ വോയിസ് ലിങ്ക് കൊടുത്തിട്ടുണ്ട് കേൾക്കണേ...


 https://youtu.be/OnFraYHvXPE









അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ