14.9.19

നിഴൽവീണവഴികൾ - ഭാഗം 39


അവർ ഇരയെത്തേടി ഇറങ്ങിയതായിരിക്കും. എന്തായാലും താൻ സുരക്ഷിതനല്ലെന്നുള്ള തോന്നൽ അവനിലുണ്ടായി... ദൂരെനിന്നും ബസ്സിന്റെ ഇരമ്പൽ കേട്ടു... അവൻ റോഡിലേക്കിറങ്ങി.. റോഡിന്റെ സൈഡിൽ നിന്നും കൈകാണിച്ചു... ബസ്സ് അവന്റെ മുന്നിൽ ഞരങ്ങി നിന്നു.. അവൻ തിടുക്കപ്പെട്ട് ബസ്സിൽ കയറി... കയറിയയുടനെ അവന്റെ കൈയ്യിൽ പിടിച്ച് ഒരാൾ വലിച്ചു.

“വാ ഇവിടിരിക്കാം... നീ എവിടെപ്പോയി വരുകയാടാ ....“

“അയാളുടെ മുഖം കണ്ട് ഫസൽ  വിളറിവെളുത്തു....“

“അൻവർ മാമാ.... മാമാ എവിടുന്നുവരുന്നു.“ 

അൻവർ അവനെ തന്റെ സീറ്റിനടുത്തു പിടിച്ചിരുത്തി... 

“ആദ്യം ഞാൻ ചോദിച്ചതിന് ഉത്തരം പറ.. നീ സ്കൂളിൽ പോകുന്നെന്നുപറഞ്ഞ് പോയതല്ലേ... പിന്നെ ഈ വഴിക്കെവിടുന്നു വരുന്നു.“

ഫസൽ  പിടിച്ചുനിൽക്കാൽ പലതും ആലോചിച്ചു... എന്താ ഇപ്പോൾ പറയുക... എന്തുപറഞ്ഞാലും മാമാ കണ്ടുപിടിക്കുമെന്നുറപ്പാണ്....

“ടിക്കറ്റ്“

കണ്ടക്ടർ ടിക്കറ്റ് ചോദിച്ചെത്തി.. അൻവർ തന്നെ ഫസലിന്റെ ടിക്കറ്റിന്റെ പൈസയും കൊടുത്തു.

ഫസൽ  നിശ്ശബ്ദനായിരുന്നു. ഒന്നും പറയാനായില്ല... അവന്റെ മുഖത്തെ ദുഃഖഭാവം കണ്ടിട്ടായിരിക്കണം അൻവർ കൂടുതലൊന്നും ചോദിച്ചില്ല.. അവർക്കിറങ്ങേണ്ട സ്റ്റോപ്പെത്തിയപ്പോൾ രണ്ടാളും ബസ്സിൽ നിന്നിറങ്ങി... നിശ്ശബ്ദരായി വീട്ടിലേക്കുള്ള ഇടവഴിയിലൂടെ നടന്നു... ആ നിശബ്ദതയ്ക്ക് ഭംഗം വരുത്തിക്കൊണ്ട് അൻവർ ചോദിച്ചു...

“മോനേ... നിനക്ക് എന്താ പറ്റിയത്.. ഞാൻ കുറച്ചു ദിവസമായി നിന്നെ  ശ്രദ്ധിക്കുന്നു. നിന്റെ പെരുമാറ്റത്തിൽ എന്തൊക്കെയോ പന്തികേടുള്ളതുപോലെ... നീ കാര്യം പറ...“

“അത് മാമാ...“

“എന്തു പ്രശ്നമുണ്ടേലും എന്നോട് പറ... ഞാൻ സാധിച്ചുതരാം... നിനക്കുവേണ്ടി അമ്പിളിമാമനെവേണമെങ്കിലും കൊണ്ടുത്തരാം ഞാൻ...“

“അതൊന്നും വേണ്ടമാമാ....“

“പിന്നെ എന്താ നിന്റെ പ്രശ്നം... എന്നോട് പറ... മാമയെന്നുള്ള നിലയിൽ വേണ്ട ഒരു സുഹൃത്തെന്നനിലയിൽ പറഞ്ഞോ...“

“മാമാ... മാമ അതറിഞ്ഞാൽ എന്നെ വെറുക്കും..“ ഇല്ലടാ... അവൻ മാമയോട് പറയാൻ തന്നെ തീരുമാനിച്ചു... കാരണം ഇന്നല്ലെങ്കിൽ നാളെ വീട്ടിലാരെങ്കിലും ഇത് അറിയും... അന്ന് ഒരു പക്ഷേ ഉമ്മയ്ക്കുപോലും താങ്ങാനാവില്ല.. ഇപ്പോൾ മാമയോട് പറഞ്ഞാൽ... പല പ്രശ്നങ്ങളിൽ നിന്നും ഒഴിഞ്ഞുമാറാം....“

“നിന്നെ ഞാൻ വെറുക്കാനോ... നീ കാര്യം പറ... എന്തുവന്നാലും ഞാൻ നിന്നെ വെറുക്കില്ല...“

“പടച്ചോനെക്കൊണ്ട് സത്യം ചെയ്യണം... ഇത് മാമയല്ലാതെ മറ്റാരും അറിയാനും പാടില്ല...“

“സത്യം ഈ ലോകത്തിന്റെ അധിപനായ  അള്ളാഹുവിനെക്കൊണ്ട് സത്യംചെയ്യുന്നു... നീ പറയുന്ന കാര്യം ഒരിക്കലും ഞാൻ കാരണം മറ്റുള്ളവർ അറിയില്ല ... നിന്റെ വേദനകൾ  എന്റെയും കൂടി വേദനയല്ലടാ ... നിന്റെ മനസ്സ് വേദനിച്ചാൽ എന്റെയും മനസ്സ് വേദനിക്കില്ലേ... അത് നമ്മുടെ  കുടുംബത്തിന്റെ മൊത്തംവേദനയായി മാറില്ലേ മോനേ..“

അവന് സമാധാനമായി... പണ്ടെങ്ങുമുണ്ടാകാത്ത ഒരു ധൈര്യം അവന്റെ ശരീരത്തിൽ ഇരച്ചു കയറി... എല്ലാം തുറന്നുപറയുക... അവർ രണ്ടാളും ആളൊഴിഞ്ഞ വഴിയിലെത്തിയിരുന്നു... ആ പരിസരത്ത് മറ്റുവീടുകളോ ആളുകളോ ഇല്ലായിരുന്നു... ഫസൽ ചുറ്റുമൊന്നു കണ്ണോടിച്ചു... അവൻ സാവധാനം അൻവറിന്റെ മുഖത്തേയ്ക്ക് നോക്കി... അദ്ദേഹത്തിന്റെ മുഖത്ത് ജിഞ്ജാസയുടെ വിവിധ ഭാവങ്ങൾ മിന്നിമറയുന്നത് കാണാമായിരുന്നു.

“മാമാ.... ഈ ഭൂമിയിൽ എനിക്ക് ജന്മം തന്ന ഉമ്മ എന്റെ കൂടെയുണ്ട്.... പക്ഷേ എന്റെ വാപ്പ ഈ ദുനിയാവിൽ നിന്നു പോയി.... അല്ലാഹുവിന്റെ വിളിക്കുത്തരം നൽകി അദ്ദേഹം പോയി ....

“എടാ നീ എന്താ ഈ പറയുന്നേ... നിനക്കെങ്ങനെയറിയാം അദ്ദേഹത്തെ... നീ ഇതൊക്കെ എങ്ങനറിഞ്ഞു...“

“എല്ലാം ഞാൻ പറയാം മാമാ... മാമി പ്രസവിച്ചു കിടക്കുന്നസമയം ഹോസ്പിറ്റലിൽവച്ച് യാദൃശ്ചികമായി ഞാൻ അദ്ദേഹത്തെ കണ്ടുമുട്ടി... തീരെ അവശനായിരുന്നു. ബ്രയിൻട്യൂമർ ബാധിച്ച് പലതരത്തിലുള്ള സർജ്ജറികളും നടത്തി പരാജയപ്പെട്ട് ആ ഹോസ്പിറ്റലിലെത്തിയതായിരുന്നു. ഐ.സി.യുവിൽ പ്രവേശിപ്പിച്ച അദ്ദേഹത്തെ ഞാനൊരിക്കൽ പോയി കണ്ടിരുന്നു. എന്നെ ഒറ്റനോട്ടത്തിൽ മനസ്സിലാക്കി... എന്നെയും ഉമ്മയെയും ഒരുപാട് തിരഞ്ഞെന്നുനടന്നെന്നും കണ്ടെത്താൻ പറ്റിയില്ലന്നും പറഞ്ഞ് പൊട്ടിക്കരഞ്ഞു... സമ്പാദ്യമെല്ലാം നഷ്ടപ്പെട്ട് ഏതാണ്ടൊരനാഥനെപ്പോലെയായിരുന്നു. ഒരു മകൾ മത്രമായിരുന്നു കൂടെയുണ്ടായിരുന്നത്...“ അവൻ വിശദമായി എല്ലാം മാമയോടു പറഞ്ഞു.

“എന്നിട്ട് നീയെന്തേ ആരോടും പറയാഞ്ഞേ...“

“എനിക്ക് ഉമ്മാന്റെ ദുഖം കാണാൻ വയ്യ മാമാ... ഒരുപാട് സഹിച്ചതാ ഉമ്മ... ആ ഉമ്മയ്ക്ക് അദ്ദേഹത്തെ കണ്ടകാര്യം പറഞ്ഞാൽ എന്താകും അവസ്ഥയെന്നറിയില്ലല്ലോ...“

അവർക്കിടയിൽ തെല്ലൊരു നിശബ്ധത... അൻവർ അവന്റെ മുഖത്തേയ്ക്ക് നോക്കി... മുഖം ദുഃഖത്താൽ തളംകെട്ടിയിരിക്കുന്നു. അവന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പിയിരിക്കുന്നു...

“മാമാ... എനിക്ക് സുഖമില്ലാതെ കിടന്നില്ലേ.. അന്ന് രാത്രിയിലാണ് അദ്ദേഹം മരിച്ചത്... എന്നോട് പറയാൻ അദ്ദേഹത്തന്റെ മകൾ അവിടെല്ലാം എന്നെ തിരഞ്ഞു.. പക്ഷേ കണ്ടെത്താൻ കഴിഞ്ഞില്ല... അവൾക്കറിയില്ലായിരുന്നു ഞാൻ അവളുടെ സഹോദരനാണെന്ന്... ആമ്പുലൻസിനു കൊടുക്കാൻ പോലും കാശില്ലാത്തതിനാൽ മഹല്ല്കമ്മിറ്റിക്കാര് പൈസ പിരിച്ചാണ് മയ്യത്ത് കൊണ്ടുപോയത്. അത്രയ്ക്ക് കഷ്ടത്തിലാണെന്നാണ് അറിഞ്ഞത്.“

“എന്നിട്ട്...“

“ഇന്നു രാവിലെ ഞാൻ ഹോസ്പിറ്റലിലേയ്ക്ക് പോയപ്പോഴാണ് കാര്യങ്ങളൊക്കെ അറിയുന്നത്... അവിടെ എന്റെ ഒരു സുഹൃത്തുണ്ടായിരുന്നു.. അദ്ദേഹത്തേയും കൂട്ടി ഹോസ്പിറ്റലിൽ നിന്നും വീട്ടഡ്രസ്സും വാങ്ങി ....“ അവൻ ഒന്നു നിർത്തി.

“വാപ്പാന്റെ .....മുക്കത്തുള്ള വീട്ടിലേക്ക് പോയി... അവിടെ മറവു ചെയ്ത പള്ളി കണ്ടെത്തി പള്ളിക്കാട്ടിലെ ഉപ്പയുടെ കബറിന് അരികിൽ നിന്ന് ഉപ്പയുടെ പരലോകവിജയത്തിനു വേണ്ടിയും ജീവിച്ചിരുന്നപ്പോൾ ചെയ്തു കൂട്ടിയ തെറ്റുകൾ പൊറുത്തു കൊടുക്കാനും പടച്ചവനോട് ദുഹാ [പ്രാർത്ഥിക്കുക] ചെയ്തു ഒരു മകൻ എന്ന നിലയ്ക്ക് എനിക്കതല്ലെ മാമാ ചെയ്യാൻ പറ്റുകയുള്ളൂ ....തിരിച്ചുവരുംവഴി ക്ഷീണം കാരണം ബസ്സിൽ ഉറങ്ങി പോയി തിരിച്ചു വീട്ടിലേക്ക് ബസ്സ് മാറി കയറിയപ്പോഴാണ് മാമാനെ കണ്ടത്...“

അവൻ ആദ്യമായാണ് വാപ്പാ എന്നുള്ള പദം അൻവറിന്റെ മുന്നിൽ പറയുന്നത്.ജീവിച്ചിരുന്നപ്പോൾ ഒന്ന് തിരിഞ്ഞു പോലും നോക്കാത്ത വാപ്പയെ മരിച്ചെന്നറിഞ്ഞപ്പോൾ വളരെ പക്വവതയോടെ ഒരു മകൻ എന്ന നിലയിൽ ചെയ്യേണ്ട കടമകൾ ഈ ചെറുപ്രായത്തിൽ അവൻ ഭംഗിയായി ചെയ്ത്‌ നെഞ്ചു പിളർക്കും വേദനയോടെ തന്റെ മുന്നിൽ നിൽക്കുന്ന ഫസലിനെ എങ്ങിനെ ആശ്വസിപ്പിക്കണം എന്നറിയാതെ അൻവർ  നിസ്സഹായവസ്ഥയിലായിരുന്നു. ഏങ്ങിയേങ്ങിക്കരയുന്ന തന്റെ സഹോദരീപുത്രൻ... എന്തുപറഞ്ഞ് സമാധാനിപ്പിക്കുമെന്ന് അൻവറിനറിയില്ലായിരുന്നു... അൻവറിന്റെ കണ്ണുകളും നിറഞ്ഞൊഴുകാൻ തുടങ്ങി... 

സ്വന്തം ദുഃഖം ഉമ്മയുടെയും ബന്ധുക്കളുടെയും സന്തോഷം നഷ്ടപ്പെടാതിരിക്കാനായി ആരോടും പറയാതെ ഉള്ളിൽ ഒതുക്കി അവൻ നടക്കുകയായിരുന്നില്ലേ... അവന്റെ പ്രായത്തിലുള്ള ആർക്കും സാധിക്കാത്ത കാര്യം... എന്തിന് മുതിർന്നവർക്കുപോലും ഇത്ര പക്വമായി പെരുമാറാനാവില്ല... മാതൃസ്നേഹത്തിന്റെ ഉത്തമ ഉദാഹരണമാണ് നമുക്കിവിടെ കാണാൻ സാധിക്കുന്നത്... പേറ്റുനോവറിഞ്ഞ് പ്രസവിച്ച തന്റെ ഉമ്മയുടെ സന്തോഷത്തെ ഹനിക്കുന്ന എന്തും സ്വയം സഹിച്ചാലും ഉമ്മയെ അറിയിക്കാത്ത എത്ര മക്കളാണിന്ന് നമ്മുടെ സമൂഹത്തിലുള്ളത്... ഏറി വരുന്ന വൃദ്ധസദനങ്ങൾ ഈ സമൂഹത്തിൽ ഒരു ചോദ്യചിഹ്നമായി നിൽക്കുന്നു.. താഴെവയ്ക്കാതെ തഴുകിയും തലോടിയും വളർത്തി വലുതാക്കിയമക്കൾ പറക്കമുറ്റുമ്പോൾ പറന്നുപോകുന്ന പക്ഷികളെ ഓർമ്മിപ്പിക്കുന്ന സാമൂഹ്യ വ്യവസ്ഥ നമ്മുടെ സമൂഹത്തിൽ വളർന്നുവരുന്നു. ഈ ഓണത്തിനുപോലും ഇലയിട്ട് വിളമ്പി മക്കൾക്കുവേണ്ടി കാത്തിരുന്ന എത്രയോ അമ്മമാർ നമ്മുടെ സമൂഹത്തിലുണ്ട്. പത്രത്തിലെവിടെയോ വായിച്ചിരുന്നു... മക്കൾ വിദേശത്തായതിനാൽ ഒറ്റയ്ക്കായിപ്പോയ ഒരമ്മയുടെ കൂടെ ഓണസദ്യയുണ്ട പോലീസുകാരെക്കുറിച്ച്... എന്നും കൂടെക്കാണുമെന്നുകരുതി വളർത്തി വലുതാക്കിയവർ അവസാന നാളുകളിൽപോലും കൂടെയില്ലാത്ത അവസ്ഥ.... പണത്തോടും പദവിയോടുമുള്ള ആർത്തിപൂണ്ട് രക്തബന്ധത്തെപ്പോലും തള്ളിപ്പറയുന്നവർ.. സമൂഹത്തിന് ബാധിച്ചിരിക്കുന്ന ഈ ദുരവസ്ത കണ്ടില്ലാന്നു നടിക്കരുത്... ആദ്യാക്ഷരം കുറിക്കുന്ന അമ്മ എന്ന വാക്കിന്റെ പ്രാധാന്യം... ഈ ഡിജിറ്റൽ യുഗത്തിൽ ഇതൊക്കെ പഴഞ്ചനായി പുതുതലമുറ കാണാൻ ശ്രമിക്കുന്നു... നോക്കാനുള്ള മനസ്സില്ലാതെ വരുമ്പോൾ ജോലിക്കാരിയോടൊപ്പമോ... അല്ലെങ്കിൽ വൃദ്ധസദനത്തിലോ... അതുമല്ലെങ്കിൽ ഹോംനഴ്സിനേയോ വച്ച് കടമനിർവ്വഹിക്കുന്ന പുതു സമൂഹം...

“ഫസലേ...“ അൻവറിന്റെ ആ വിളിയിൽ എല്ലാമുണ്ടായിരുന്നു... ഒരു മാമയുടെ വാത്സല്യം സ്നേഹം കരുതൽ എല്ലാം....

അവൻ അൻവറിന്റെ മുഖത്തേയ്ക്ക് നോക്കി... അൻവറിന്റെ കണ്ണുകളിൽ നിന്നും കണ്ണുനീർചാലുകൾ ഒഴുകി താഴേയ്ക്കു പതിക്കുന്നു... അൻവറിനു സഹിക്കാവുന്നതിലുമപ്പുറമായിരുന്നു ... ഫസലിനെ അൻവർ തന്റെ മാറോടു ചേർത്ത് പൊട്ടി...പൊട്ടിക്കരഞ്ഞു... അവൻ ആ ആലിംഗനത്തിൽ അദ്ദേഹത്തിന്റെ സാമീപ്യത്തിൽ എല്ലാം മറക്കുകയായിരുന്നു... അൻവറും ഫസലും പരിസരം മറന്ന് ഏതാനും നിമിഷങ്ങൾ അങ്ങനെ തന്നെ നിന്നു... അങ്ങകലെനിന്നും ഒരു വാഹനത്തിന്റെ ഹോൺ കേട്ട് രണ്ടുപേരും  മാറിനിന്നു... അൻവർ അവനെ ആശ്വസിപ്പിക്കുന്നതിനു പകരം ഫസൽ അൻവറിനെ ആശ്വസിപ്പിക്കുകയായിരുന്നു...

“മാമാ.. വിഷമിക്കല്ലേ മാമാ...“

“എടാ എന്നാലും നിന്റെ ഒരാഗ്രഹം പോലും സാധിച്ചുതരാനായില്ലല്ലോ എനിക്ക്... നീയന്ന് ഹോസ്പിറ്റലിൽവച്ച് പറഞ്ഞപ്പോൾ ഞാൻ കരുതിയത് നീ പനികൂടി പിച്ചുപേയും പറയുന്നെന്നാ...“

“ഇല്ല മാമാ....“

“മാമാ വിഷമിക്കല്ലേ മാമാ... ഞാൻ എല്ലാം മറക്കാൻ ശ്രമിക്കയാ.... മാമാഉള്ളതാ എനിക്കൊരു ധൈര്യം... എനിക്ക് മാമായോട് ഇതൊക്കെ തുറന്നു പറയാനായല്ലോ... ഇല്ലായിരുന്നെങ്കിൽ എന്റെ ചങ്ക് പൊട്ടി ഞാൻ മരിച്ചുപോയേനെ...“

ഫസൽ അവൻ തന്നേക്കാൾ എത്രയോ ഉയരത്തിലാണ്.. പ്രായംകൊണ്ടും പദവികൊണ്ടും അവനേക്കാൾ മുതിർന്നവനായിരിക്കാം താൻ.. പക്ഷേ അവൻ എല്ലാരേയും തോൽപ്പിച്ചിരിക്കുന്നു... 

“മാമാ ഇതാരും അറിയേണ്ട... എല്ലാം ഇതോടുകൂടി അവസാനിച്ചല്ലോ.... മാത്രമല്ല... ഉമ്മയും ഉപ്പയും ആരും ഇതൊന്നുമറിയാതിരിക്കാൻ ശ്രദ്ധിക്കണം... എന്നെയും ഉമ്മയേയും തിരഞ്ഞുവരാൻ ഇനി ആരുമില്ല മാമാ ആരുമില്ല .“

ഇല്ലമോനേ... ഞാനിതാരോടും പറയില്ലടാ.....“ അൻവർ അടുത്തുകണ്ട പുളിമരത്തിൽ ചാരിനിന്നു... തന്റെ ഭാഗത്തും തെറ്റുണ്ട്... സഫിയയുടെ വിവാഹവും അതേ തുടർന്നുണ്ടായ പ്രശ്നങ്ങളിലും തനിക്ക് കാര്യമായി ഇടപെടാനായില്ല.. പിന്നീട് കുടുംബത്തെ മറന്നുള്ള ജീവിതമായിരുന്നല്ലോ... ചെറു പ്രായത്തിൽ എന്തെല്ലാം  പ്രശ്നങ്ങൾ അഭിമുഖീകരിച്ച ഈ പാവത്തെക്കുറിച്ചാണല്ലോ തന്റെ ഭാര്യയും വേണ്ടാത്തത്  പറഞ്ഞത് ഞാനും ഇവനെ അന്ന് തെറ്റിധരിച്ചു ... അൻവറിന് സ്വയം പുച്ഛം തോന്നുന്ന നിമിഷങ്ങളായിരുന്നു അത്.

“മാമാ നമുക്ക് വീട്ടിലേയ്ക്കു പോകാം...“ അവൻ സ്വന്തം കണ്ണുനീർ തുടച്ചു.. മുഖത്ത് പുഞ്ചിരിവിടർത്താൻ ശ്രമിച്ചു.. അൻവറിന് എന്നിട്ടും സാധാരണനിലയിലേയ്ക്ക് തിരിച്ചുവരാനായില്ല... അവൻ മാമയേയും കൂട്ടി റോഡ് സൈഡിലെ പൈപ്പിന്റെ മുമ്പിലെത്തി... അവന്റെ കൈകുംബിളിൽ വെള്ളം എടുത്ത്  അൻവറിന്റെ മുഖം തുടച്ചു... അപ്പൊഴും അൻവർ നിർവികാരനായിരുന്നു... അവർ രണ്ടാളും വീട്ടിലേയ്ക്ക് നടന്നു... അല്പനേരത്തെ നിശബ്ദതയ്ക്കു ശേഷം അൻവർ ചോദിച്ചു...

“നിനക്കിതെല്ലാം എങ്ങനെ മനസ്സിലൊതുക്കി നടക്കാനായി മോനേ... ഒരു വാക്ക് എന്നോട് പറയാമായിരുന്നില്ലേ ...“

“എനിക്കറിയില്ലായിരുന്നു മാമാ... എന്താവും മാമയുടെ പ്രതികരണമെന്ന്.“

“എന്നാലും... നീ നീറുന്ന മനസ്സുമായല്ലേ നടന്നത്...“

“മാമാ എല്ലാം തീർന്നു... ഇനി ബാക്കിയുള്ളവരെയെന്തിനാ ദുഃഖിപ്പിക്കുന്നത്...“

അവർ രണ്ടാളും വീട്ടുമുറ്റത്തെത്തി... വീടിനുമുന്നിൽ ഒരാൾക്കൂട്ടം... രണ്ടുപേരും ഓടി അകത്തെത്തി...

“എന്താ എന്തുപറ്റി...“

“ഒന്നുമില്ല... ഹമീദിക്കായ്ക്ക് ചെറിയൊരു തലകറക്കം വന്നു... ഇവിടെ എല്ലാരുംകൂടി കിടന്നു നിലവിളിച്ചു ഞങ്ങൾ അയൽക്കാരല്ലേ... ശബ്ദം കേട്ടാൽ ഓടി വരണ്ടേ... അൻവറേ വിഷമിക്കേണ്ട... ഇപ്പോ ഹമീദിക്കാ ഓക്കെയാ...“ ആ പറഞ്ഞത് അയലത്തെ സുന്ദരേശനായിരുന്നു. അയലത്തെ പുതിയ താമസക്കാരാ... മക്കളും മരുമക്കളുമായി 7 പേരോളമുണ്ട് ആ വീട്ടിൽ.. മോനും മോളും ഡോക്ടറാ... പക്ഷേ അതിന്റേതായ യാതൊരു തലക്കനവും അവർക്കില്ല...

“അൻവറേ മോനും മോളും വരട്ടേ.. വൈകിട്ട് ഇങ്ങോട്ട് പറഞ്ഞയക്കാം.. അവര് വന്ന് പ്രഷറൊക്കെ ഒന്നു നോക്കട്ടെ... പേടിക്കാനൊന്നുമില്ലെന്നേ...“

അൻവറിനും ഫസലിനും ആശ്വാസമായി...

അൻവറിനെയും ഫസലിനെയും ഒരുമിച്ചു കണ്ട ഹമീദ് ചോദിച്ചു.. 

“നിങ്ങൾ രണ്ടാളും ഒന്നിച്ചാണോ വന്നത്...“

“അതേ വാപ്പാ...“

“സാധാരണ ഫസൽ വരുന്ന സമയം കാണാത്തോണ്ട് വിഷമിച്ചിരിക്കുകയായിരുന്നു...“

സഫിയയും അൻവറും ചില കാര്യങ്ങൾ രണ്ടുദിവസം മുന്നേ വാപ്പയോട് സൂചിപ്പിച്ചിരുന്നു... ഹോസ്പിറ്റലിലായിരുന്നപ്പോൾ ഫസൽ വാപ്പയെ കുറിച്ച് പനിച്ചൂടിൽ പറഞ്ഞതും മറ്റും... അത് ആ വൃദ്ധ മനുഷ്യന്റെ മനസ്സ് വേദനിപ്പിച്ചിട്ടുണ്ടാവാം.... അതിനു ശേഷം ഫസലിനെ ഹമീദ് പ്രത്യേകം ശ്രദ്ധിക്കാറുണ്ട്... അവന്റെ പോക്കും വരവും പ്രത്യേകം ആ മനുഷ്യൻ ശ്രദ്ധിച്ചു തുടങ്ങിയിരുന്നു. ആ മനുഷ്യൻ കരുതുന്നത് തന്റെ പേരക്കുട്ടിയെ തട്ടിയെടുക്കാൻ അവന്റെ വാപ്പ യെങ്ങാനും കയറിവരുമോയെന്നാണ്...

ഫസലും അൻവറും സാധാരണപോലെ പെരുമാറാൻ ശ്രമിച്ചു... അൻവർ അത്താഴം കഴിഞ്ഞ് മുറ്റത്തേയ്ക്കിറങ്ങി... പുറത്തുനിന്നും ഫസലേയെന്നു നീട്ടി വിളിച്ചു...

“മോനേ ഫസലേ....“

“എന്താ ഫസലിനോട് ഇന്ന് ഇത്ര സ്നേഹം.. അൻവറിന്റെ ഭാര്യ ചോദിച്ചു.“

ഫസൽ മുറ്റത്തേയ്ക്കിറങ്ങി... ആരും കേൾക്കാതെ അവനെ മാറ്റി നിർത്തി അൻവർ പറഞ്ഞു.

“മോനേ നീ വിഷമിക്കരുത്... നമുക്കെല്ലാം മറക്കാം... സംഭവിച്ചതും സംഭവിക്കാനിരിക്കുന്നതും എല്ലാം അല്ലാഹുവിന്റെ തീരുമാനങ്ങളാണ്... നമ്മുടെ ദുഃഖവും പ്രയാസവുമെല്ലാം അല്ലാഹു തീർത്തുതരും... നീ പ്രത്യേകം ദുഹാ ചെയ്തു ഖുർഹാൻ സൂറത്തുകളൊക്കെ ഓതി ശരീരത്തിൽ ഊതി കിടന്നോ ദുഃസ്വപ്നങ്ങളിൽ നിന്ന് പടച്ചോൻ നിന്നെ കാത്തോളും നിന്റെ മുഖ ഭാവത്തിൽ ... ആർക്കും ഒരു സംശയവുമുണ്ടാകരുത്... നിന്റെ വാപ്പയുടെ അഡ്രസ്സോ മറ്റോ ഉണ്ടെങ്കിൽ എനിക്കൊന്നു തരണം...വാപ്പയുടെ വീട്ടുകാരെ ഒക്കെ ഒന്നു പോയി അന്വേഷിക്കാലോ ..“

“വേണ്ട മാമാ... എല്ലാം നമുക്ക് മറക്കാം... അഡ്രസ്സൊക്കെ തരാം.. വെറുതേ അന്വേഷിച്ചൊന്നും പോവണ്ട..“

“എന്താ രണ്ടാളും തമ്മില് ഒരു രഹസ്യം പറച്ചില് ...“

സഫിയ പുറത്തേയ്ക്കിറങ്ങിവന്നു.

“ഒന്നുമില്ല സഫിയ... അവന്റെ പഠിത്തകാര്യങ്ങളൊക്കെ ഒന്നന്വേഷിച്ചതാ... ഇവന് ഒന്നുരണ്ട്  വിഷയത്തിൽ  ട്യൂഷനൊക്കെ വേണം...“

“ങ്ഹാ... മാമാ ഇപ്പോഴാ മാമായായത്... നല്ല തല്ലുകൊടുത്തു വളർത്തനം ഇവനെ...“

“നീ പോടി... അവന് തല്ലൊന്നും കൊടുക്കേണ്ട... നമ്മുടെ കുടുംബത്തിലെ ആദ്യ കുഞ്ഞല്ലേ അവൻ.. നമ്മൾ അവനെ ഇതു വരെ തല്ലി അല്ലല്ലോ ...വളർത്തിയത് അങ്ങനെ അടിക്കാനുള്ളതല്ല കേട്ടോ...“ ആ അതിന്റെ കുറവ് കുറച്ചുണ്ടവന് അത് പറഞ്ഞു സഫിയ സ്നേഹത്തോടെ ഫസലിനെ ചേർത്ത് പിടിച്ചു

അവിടെ പഴയപോലെ ചിരിയുണർന്നു... സന്തോഷം ആ വീട്ടിൽ അലയടിക്കുകയായിരുന്നു... എല്ലാരും ഉറങ്ങാനായി പോയി....

അൻവറിന് തീരെ ഉറങ്ങാനായില്ല.. ഭാര്യ നാദിറ പലതും കുത്തി കുത്തി ചോദിച്ചു... പക്ഷേ ഒന്നും അൻവർ  അവളോട് പറഞ്ഞില്ല.. രാത്രിയുടെ അന്ധ്യ യാമത്തിലെപ്പോഴോ അൻവർ  ഉറക്കത്തിലേയ്ക്ക് വഴുതിവീണു......
 
 
തുടർന്നു വായിക്കുക അടുത്ത ഞായറാഴ്ച്ച  22 09 2019

ഷംസുദ്ധീൻ തോപ്പിൽ  15 09 2019
 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ