ആ ചോദ്യം അവനെ നിശ്ശബ്ദനാക്കിക്കളഞ്ഞു.... വർഷങ്ങൾക്കു മുന്നേ നടന്ന ആ സംഭവങ്ങൾ നേരിട്ടറിയാവുന്ന ടീച്ചർ തന്റെ മുന്നിൽ... തനിക്ക് സംഭവിച്ച ജീവിതത്തിലെ ഏറ്റവും നിർണ്ണായക ഘട്ടത്തിൽ തന്റെ കൂടെനിന്ന സ്റ്റീഫൻ അങ്കിളും തന്റെ അരുകിൽ... അവൻ രണ്ടുപേരേയും മാറിമാറി നോക്കി...
“അതേ ടീച്ചേറേ....“
“നീ അതൊക്കെ വിട്ടുകള ഫസലേ... അച്ഛായാ അകത്തേയ്ക്ക് വാ... ഞാനെല്ലാം പിന്നീട് പറയാം “.
സ്റ്റീഫൻ അവനേയും കൂട്ടി അകത്തേയ്ക്ക് കയറി...
ഊണ്
സമയമായിരുന്നു... സ്റ്റീഫൻ പോയതെവിടെന്നോ, എവിടെനിന്നു വരുന്നോ എന്നുള്ള
കാര്യങ്ങളൊന്നും ഭാര്യയോട് പറഞ്ഞില്ല... ഫസൽ അതൊന്നു പറയാനും പോയില്ല...
“ഫസലേ നീ നന്നായി പഠിക്കുന്നുണ്ടോ.“
“ഉണ്ട് ടീച്ചറേ..“
“നീ സിനിമയിലൊക്കെ അഭിനയിച്ചതായി അറിഞ്ഞു..“
“ടീച്ചറേ
അതൊക്കെ ഒരു കാലം... വെറുതെ അഭിനയം എന്നുംപറഞ്ഞ് നടന്നിട്ട് ഒരു
കാര്യവുമുണ്ടായില്ല... നിർമ്മാതാവ് മരിച്ചുപോയി. അതോടെ സിനിമയും മുടങ്ങി.“
“നീ നന്നായി പഠിച്ച് ജോലി നേടാൻ നോക്കൂ...“
“ശരി ടീച്ചറെ... ഇനി പഠിച്ച് പാസ്സായി ജോലികിട്ടിയിട്ടേ മനസ്സിലെ സിനിമയെ പുറത്തെടുക്കൂ.“
“വീട്ടിലെന്താ വിഷേശം...“
അവൻ വീട്ടിലെ കാര്യങ്ങളെല്ലാം ടീച്ചറോട് വിവരിച്ചു. മാമയുടെ ഭാര്യ പ്രസവിച്ചകാര്യവും. കുഞ്ഞിന് പേരിട്ട കാര്യവും.. എല്ലാം.
പതുക്കെ ഫസൽ ദുഖങ്ങളൊക്കെ മറക്കുകയായിരുന്നു. അവൻ കഴിഞ്ഞുപോയ മണിക്കൂറുകൾ ഒരു
സ്വപ്നമായി കാണാൻ ആഗ്രഹിക്കുന്നതുപോലെ... മനുഷ്യൻ അങ്ങനെയാണ്...
നഷ്ടപ്പെട്ടതിനെയോർത്ത് വളരെക്കാലം ദുഖിക്കാനാവില്ല.. പ്രത്യേകിച്ച്
ഉറ്റവരും ഉടയവരും... അങ്ങനെ ദുഖിച്ചിരിക്കേണ്ട അത്രയും ഓർമ്മകളൊന്നും
അവനായി അവന്റെ വാപ്പ നൽകിയതുമില്ല... അവൻ സാധാരണ നിലയിലേയ്ക്ക്
എത്തിച്ചേർന്നതായി സ്റ്റീഫനും തോന്നി... ടീച്ചർ ഭക്ഷണം ഉണ്ടാക്കി
വിളമ്പി... അവർ മൂവരും ഭക്ഷണം കഴിച്ചു... സ്റ്റീഫന്റെ മക്കളാരും അവിടെ
ഉണ്ടായിരുന്നില്ല. രണ്ടുപേർ ജോലിക്കുപോയി.. ഒരാൾ സ്കൂളിലേയ്ക്കും... ഏകദേശം
മൂന്നു മണിയോടെ അവർ അവിടെനിന്നും യാത്രയായി... വീണ്ടും വരാമെന്ന് ഫസൽ
ടീച്ചർക്ക് വാക്കുകൊടുത്തു.
“ഫസലേ നിന്നെ ഞാൻ വീടുവരെ കൊണ്ടുപോകാം.. എന്താ...“
“വേണ്ട അങ്കിൾ വീട്ടിൽ ആർക്കെങ്കിലും സംശയം തോന്നും. എന്നെ കവലയിൽ വിട്ടാൽ മതി... ഞാൻ അവിടുന്നു ബസ്സുപിടിച്ച് പൊയ്ക്കോള്ളാം...“
സ്റ്റീഫന്
അതാണ് നല്ലതെന്നു തോന്നി... അവർ വരുന്ന വഴിയ്ക്ക് കൂടുതലൊന്നും
സംസാരിച്ചില്ല... ഏകദേശം നാലുമണിയോടുകൂടി അവർ ..... കവലയിലെത്തി... അവിടെ
ഫസലിനെ ഇറക്കി.
“ഫസലേ നീ
വേണ്ടാത്തതൊന്നും ചിന്തിക്കണ്ട... കഴിഞ്ഞതെല്ലാം ഒരു സ്വപ്നമായി മാത്രം
കാണുക.. ഇനിയുള്ള കാലം സന്തോഷമായി ജീവിക്കാൻ ശ്രമിക്കുക...
നിനക്കറിയാമല്ലോ.. നിന്റെ ഉമ്മയുടെ ഏക പ്രതീക്ഷ നിന്നിൽ മാത്രമാണ്. അതിനാൽ
മറ്റൊന്നും ആലോചിക്കാതെ ലക്ഷ്യത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുക.“
“അങ്കിൾ
ഒരുപാട് നന്ദിയുണ്ട്... ഈ ഒരു സന്ദർഭത്തിൽ എന്റെ കൂടെനിന്നതിന്.. എന്റെ
ദുഖത്തിൽ പങ്കാളിയായതിന്... എന്നിലെ വിഷമങ്ങൾ മാറ്റിത്തന്നതിന്..
ജീവിതത്തിൽ ഒരിക്കലും മറക്കാനാവില്ല അങ്ങയെ...“
“നീ നന്നായി പഠിക്കുക... മറ്റൊന്നും ഇനി നിന്റെ ജീവിതത്തെ ബാധിക്കരുത്...“
“അങ്കിൾ ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ...“
“ചോദിച്ചോളൂ...“
“ഞാൻ
വാപ്പയുടെ സ്നേഹം അറിഞ്ഞല്ല വളർന്നത്... ഓർമ്മവെച്ച നാള് തന്നെ അദ്ദേഹം
ഞങ്ങളെ ഉപേക്ഷിച്ചു.. അങ്കിളിനെ ഞാനെന്റെ വാപ്പയുടെ സ്ഥാനത്തു
കണ്ടോട്ടെ....“
“അവന്റെ കുഞ്ഞുമനസ്സിലെ നിഷ്കളങ്ക ചോദ്യം സ്റ്റീഫന്റെ കണ്ണുനിറയിച്ചു... അദ്ദേഹം അവനെ കെട്ടിപ്പിടിച്ച് ആലിംഗനം ചെയ്തു...
“നീ
എന്നെ ഏതു രീതിയിൽ വേണമെങ്കിലും കണ്ടോ... നിന്നെഞാനെന്റെ മകന്റെ
സ്ഥാനത്തുതന്നെ കണ്ടുകൊള്ളാം ... എനിക്കു മൂന്നു പെൺകുട്ടികളാ ഇപ്പോൾ
ഒരാൺകുഞ്ഞുകൂടി...“
അവന്റെ കണ്ണിലെ കണ്ണിര് തുടച്ച് സ്റ്റീഫൻ അവനോട് യാത്ര പറഞ്ഞു ബൈക്കിൽ കയറി ഓടിച്ചു പോയി ... സ്റ്റീഫന്റെ വണ്ടി പോകുന്നതുവരെ ഫസൽ നോക്കി നിന്നു..
ഫസൽ
സാവധാനം ബസ്റ്റാന്റിലേയ്ക്ക് കയറി... അവിടെ ഒരൊഴിഞ്ഞ തൂണിൽചാരി അവൻ നിന്നു.
സ്റ്റീഫന്റെ സാമീപ്യം അവനിൽ വലിയൊരു ധൈര്യമാണ് ഉണ്ടാക്കിയത്...
തകർന്നുപോകുമെന്നുകരുതിയിടത്തുനിന്നും ഒരു ഫീനിക്സ് പക്ഷിയെപ്പോലെ
ഉയർത്തെഴുന്നേറ്റിരിക്കുന്നു.ഒന്നു കിതച്ചു തുടങ്ങി ഇനി ഓടി തുടങ്ങണം ഇല്ല ഇനിയൊരിക്കലും താൻ തളരില്ല എന്നുള്ള
ആത്മവിശ്വാസവും അവനിലുണ്ടാക്കി.
“മോനേ... ആ വണ്ടിയിലിരിക്കുന്ന അങ്കിൽ നിനക്ക് 1000 രൂപാ തരാൻ പറഞ്ഞു...“
അപരിചിതനായ ഒരു വ്യക്തി തന്റെനേരേ 500 രൂപയുടെ രണ്ടു നോട്ടുകൾ നീട്ടിയിട്ടു നിൽക്കുന്നു. അവൻ ആദ്യമൊന്ന് അമ്പരന്നു....
“എന്തിനാ ഈ പൈസ എനിക്ക് തരാൻ പറഞ്ഞത് ... എനിക്ക് അയാളെ അറിയില്ലല്ലോ...“
“അയാൾക്ക് മോനെ അറിയാമെന്നു പറഞ്ഞു... എന്തായാലും നീ ഈ പൈസാ വാങ്ങിച്ചേ...“
“വേണ്ട എനിക്ക് വേണ്ട.. പരിചയമില്ലാത്തവരുടെ കൈയ്യിൽനിന്നും ഞാനൊന്നും വാങ്ങില്ല...“
പൈസ നീട്ടിയആളുടെ മുഖഭാവം മാറി...
“വാങ്ങാനാ പറഞ്ഞത് ... ഇല്ലെങ്കിൽ എന്റെ സ്വഭാവം മാറും...“
അവൻ ഭയത്തോടെ അയാളെ നോക്കി.. ആ സമയത്തുതന്നെ കാശ് അവന്റെ കൈക്കുള്ളിലാക്കി അയാൾ കാർ കിടന്നിടത്തേയ്ക്ക് പോയി...
കാറിലിരുന്നയാൾ
അവനെ നോക്കി ചിരിക്കുന്നു. കൈയ്യാട്ടി വിളിക്കുന്നു... എന്തെല്ലാമോ ആഗ്യം
കാണിക്കുന്നു. അവൻ ശ്രദ്ധ മറ്റു പലയിടത്തേയ്ക്കും മാറ്റാൻ ശ്രമിച്ചു..
എന്നിട്ടും കാറിൽ വന്നയാൾ പോകാൻ കൂട്ടാക്കുന്നില്ല... എന്തിനാണ് അയാൾ
തന്നെത്തന്നെ നോക്കി നിൽക്കുന്നത്... തനിക്ക് കണ്ട യാതൊരു പരിചയവുമില്ല...
പെട്ടെന്ന് റോഡിനിപ്പുറത്തായി ഒരു ബസ്സ് വന്നുനിന്നു. കാറിനെ പൂർണ്ണമായും
മറച്ചിരുന്നു. ആ സമത്ത് അല്പം പ്രായമായ ഒരു മനുഷ്യൻ അവന്റെ അടുത്തേക്ക്
ഓടിവന്നു...
“മോനേ.. ഈ
സ്ഥലവും സമയവും അല്പം പിശകാ... അയാൾ നിനക്ക് കാശ് തന്നത് നിന്നെ
ഉപയോഗിക്കാനാ... കിട്ടുന്നബസ്സിൽ കയറി വേഗം സ്ഥലംവിടാൻ നോക്കിക്കോ... ഇവിടെ ഒരു
വലിയ റാക്കറ്റുണ്ട്...
“അവന്
കാര്യം മനസ്സിലായി... പുറപ്പെടാൻ ഒരുങ്ങിനിന്ന ബസ്സിൽ അവൻ ചാടിക്കയറി...
കാറിലിരുന്നയാളുടെ നോട്ടം തന്റെ നേർക്കുണ്ടാകാതിരിക്കാൻ ശ്രമിച്ചുകൊണ്ട്
അവൻ പതുങ്ങിപ്പതുങ്ങി ബസ്സിൽ കയറി.. ഭാഗ്യം അയാൾ തന്നെ കണ്ടില്ല. അവൻ
നെടുവീർപ്പിട്ടു...
ബസ്സ്
ഡബിൾ ബെല്ലടിച്ചു... മറ്റൊരു ബസ്സ് പിറകേ വരുന്നുണ്ടായതിനാൽ പെട്ടെന്നുതന്നെ
ബസ്സ് അമിത വേഗത്തിൽ കുതിച്ചു പാഞ്ഞു .... അവൻ തിരിഞ്ഞും മറിഞ്ഞും ആ കറുത്ത കാർ അവിടുണ്ടോ എന്നു
നോക്കി... അതേ അതവിടെത്തന്നെയുണ്ട് ബസ്സിന് പിറകെ വരുന്നില്ല ... അവന് ആശ്വാസമായി...
അവൻ
ആശ്വാസപൂർവ്വം ബസ്സിന്റെ സൈഡിലേയ്ക്ക് ഒതുങ്ങിനിന്നു... ബസ്സിൽ അത്യാവശ്യം
നല്ല തിരക്കുണ്ടായിരുന്നു. കണ്ടക്ടർ അവന്റെ അടുത്തെത്തി... അവനോട്
എവിടിറങ്ങാനാണെന്നു ചോദിച്ചു...
“എനിക്ക് പാറക്കടവ് ഇറങ്ങണം.“
അവന് ടിക്കറ്റ് നൽകി കണ്ടക്ടർ ബാക്കിനൽകി...
ഫസൽ ഇടയ്ക്കിടയ്ക്ക് തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു. ഭയം അവന്റെ മുഖത്ത്
നിഴലിച്ചിരുന്നു. എന്തു ചെയ്യണമെന്നറിയാത്ത ഒരു നിസ്സഹായാവസ്ഥ..
ഏകദേശം
മുക്കാൽ മണിക്കൂറിലധികം അവന് യാത്രചെയ്യേണ്ടതുണ്ട്... അടുത്ത
സീറ്റിൽനിന്നും ഒരു യാത്രക്കാരനിറങ്ങിയപ്പോൾ അവൻ ആ സീറ്റിൽ കയറിയിരുന്നു...
ഭയം ഉള്ളിൽനിന്നും വിട്ടു മാറാത്തതിനാൽ അവൻ ഇടയ്ക്കിടക്ക്ക് തിരിഞ്ഞും നോക്കിക്കൊണ്ടിരുന്നു. ആ വാഹനമെങ്ങാനും തന്നെ പിന്തുടരുന്നുണ്ടോ എന്ന
സംശയം...
കുട്ടികളെ
ലൈംഗികമായി ചൂഷണം ചെയ്യുന്ന ഒരു റാക്കറ്റ് തന്നെ നമ്മുടെ സമൂഹത്തിലുണ്ട്...
അറിവില്ലാത്ത കുഞ്ഞുങ്ങളെ അവരുടെ ചെറു പ്രായത്തിൽ തന്നെ ലൈംഗിക
വൈകൃതങ്ങൾക്കിരയാക്കുന്നു. പെൺകുട്ടികളെക്കാളും ആൺകുട്ടികളാണ് ഈ
വൈകൃതത്തിന് ഇരയാകുന്നത്. നമ്മുടെ സമൂഹം വളരെയധികം ജാഗ്രതപുലർത്തേണ്ട
സമയമെന്നോ അതിക്രമിച്ചിരിക്കുന്നു രക്ഷിതാക്കളെ തിരക്കിനിടയിൽ കൈവിട്ടു പോകുന്ന മക്കളെ ഒന്ന് സ്നേഹത്തോടെ ചേർത്തു പിടിക്കാൻ അല്പം സമയം കണ്ടെത്തു അല്ലാത്ത പക്ഷം ജീവിതത്തിൽ വലിയ വില നൽകേണ്ടി വരും .
ക്ഷീണംകൊണ്ട് ഫസൽ ബസ്സിലിരുന്ന് മയങ്ങിപ്പോയി... ബസ് പല സ്റ്റോപ്പിലും നിർത്തിയതും എടുത്തതുമൊന്നും അവനറിഞ്ഞില്ല.. പെട്ടെന്ന് ഞെട്ടിയുണർന്ന് അടുത്തിരുന്ന
ആളോട് ചോദിച്ചു ചേട്ടാ എവിടെ എത്തി . അയാൾ പറഞ്ഞ സ്ഥലപ്പേര് കേട്ട് അവനൊന്ന്
ഞെട്ടി.. തനിക്കിറങ്ങേണ്ട സ്ഥലം കഴിഞ്ഞിരിക്കുന്നു. തിരക്കായതു കാരണം
കണ്ടക്ടർ തന്നെ ശ്രദ്ധിച്ചതുമില്ല.. അവൻ ആളിറങ്ങണം അളിറങ്ങണം എന്നുറക്കെ
വിളിച്ചു.
കണ്ടക്ടർ ബെല്ലടിച്ചു ബസ്സ് നിർത്തി... ഫസൽ തിടുക്കപ്പെട്ട് പുറത്തിറങ്ങി...
തനിക്കിനിയും
മൂന്നുനാല് കിലോമീറ്റർ തിരികെ യാത്രചെയ്യേണ്ടതുണ്ട്.. അവൻ
ചുറ്റുപാടുമൊന്ന് കണ്ണോടിച്ചു... വിജനമായ സ്ഥലം... അങ്ങകലെ ഒരു ചെറിയ
പെട്ടിക്കട കണ്ടു... അവൻ അത് ലക്ഷ്യമാക്കി നടന്നു. കടയിലെത്തി കടക്കാനരോട്
ചോദിച്ചു.
“ചേട്ടാ പാറക്കടവിലേക്ക് ഇനി എപ്പോഴാണ് ബസ്സുള്ളത് .........“
“പത്തുമിനിട്ടിനകം വരും.“
ഇവിടെ നിൽക്കാം... വരുന്ന ബസ്സിൽ കയറി സ്ഥലംവിടാം.. അവൻ കടയുടെ തൂണിൽ ചാരി നിന്നു. അയാൾ അവനോട് ലോഹ്യം ചോദിച്ചു.
“മോൻ എവിടെയാ താമസിക്കുന്നത് ..“
“ ഞാൻ പാറക്കടവിൽ .“
“എവിടെ പോയിട്ടു വരുന്നു.“
“..... മുക്കം പോയി വരുന്ന വഴിയാ .. ബസ്സിലിരുന്ന് അറിയാതെ ഉറങ്ങിപ്പോയി... അങ്ങനെ സ്ഥലം. മാറി ഇറങ്ങിയതാ...“
“കുറച്ചൊക്കെ ശ്രദ്ധിക്കേണ്ട... ങ്ഹാ കുഴപ്പമില്ല... അടുത്ത ബസ്സ് ഇവിടെ നിർത്തും.“
കുറച്ചുനേരം
അവനവിടെ നിന്നു. പത്ത് മിനിറ്റ് കഴിഞ്ഞു കാണണം പക്ഷേ ബസ്സ് കാണുന്നില്ല.
ഒരുപക്ഷേ ബസ്സ് ലേറ്റായിരിക്കും... അവൻ റോഡിലേക്കിറങ്ങി... അങ്ങകലെനിന്നും
അതേ കറുത്ത അമ്പാസഡർ കാർ വരുന്നത് അവൻ കണ്ടു... അവനുടനേ ഓടി കടയുടെ
പിറകിലൊളിച്ചു... കച്ചവടക്കാരന് സംശയമുണ്ടാകാതെയാണ് അവൻ ഒളിച്ചത്...
ഇടയ്ക്ക് കാർ കടന്നുപോയെന്നുറപ്പാക്കി അവൻ പുറത്തേയ്ക്കിറങ്ങി... ഹാവൂ
ആശ്വാസമായി... അവർ ഒരുപക്ഷേ തന്നെ പിന്തുടരുന്നതായിരിക്കും... അല്ലെങ്കിൽ
മറ്റൊരു ഇരയെത്തേടി ഇറങ്ങിയതായിരിക്കും. എന്തായാലും താൻ
സുരക്ഷിതനല്ലെന്നുള്ള തോന്നൽ അവനിലുണ്ടായി... ദൂരെനിന്നും ബസ്സിന്റെ ഇരമ്പൽ
കേട്ടു... അവൻ റോഡിലേക്കിറങ്ങി.. റോഡിന്റെ സൈഡിൽ നിന്നും കൈകാണിച്ചു...
ബസ്സ് അവന്റെ മുന്നിൽ ഞരങ്ങി നിന്നു.. അവൻ തിടുക്കപ്പെട്ട് ബസ്സിൽ കയറി...
കയറിയയുടനെ അവന്റെ കൈയ്യിൽ പിടിച്ച് ഒരാൾ വലിച്ചു.
“വാ ഇവിടിരിക്കാം... നീ എവിടെപ്പോയി വരുകയാടാ ....“
“അയാളുടെ മുഖം കണ്ട് അവൻ വിളറിവെളുത്തു....
തുടർന്നു വായിക്കുക അടുത്ത ഞായറാഴ്ച്ച 15 09 2019
ഷംസുദ്ധീൻ തോപ്പിൽ 08 09 2019
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ