അവർ
രണ്ടാളും പറഞ്ഞ അടയാളം ലക്ഷ്യമാക്കി മറ്റു കബറുകൾക്കിടയിലൂടെ നടന്നു..
ഫസലിന്റെ മനസ്സിൽ ദുഖം വീണ്ടും അണപൊട്ടിയൊഴുകി... കരയാതിരിക്കാൻ അവൻ
കഠിനമായി ശ്രമിക്കുകയായിരുന്നു. കരഞ്ഞാൽ ഒരുപക്ഷേ തന്നെ ഇവിടെയെല്ലാരും
തിരിച്ചറിയും... അതു വലിയ പൊല്ലാപ്പാകും.. വേണ്ട... ധൈര്യം കൈവിടാൻ
പാടില്ല.. ആ പിഞ്ചു ബാലൻ തന്റെ ലക്ഷ്യസ്ഥാനത്തെത്തി... ഈറനായ കണ്ണുകളോടെ
കബറിന് മുകൾ ഭാഗത്ത് വച്ച കല്ലിൽ കൊത്തിയ പേര് വായിച്ചു....
“.... ഹംസ ഹാജി പുളിക്കത്തൊടിക..."
ഒരു
പൊട്ടിക്കരച്ചിലോടെ അവൻ സ്റ്റീഫന്റെ ചുമലിലേയ്ക്ക് ചാഞ്ഞു... അവന് കരയാൻ
പോലും കഴിയാത്ത അവസ്ഥ.. സ്റ്റീഫൻ അവനെ സമാധാനിപ്പിച്ചുകൊണ്ടിരുന്നു.
“ഫസലേ..
നീ സമാധാനിക്ക്... ഇവിടെ പലരും നിന്നെ ശ്രദ്ധിക്കുന്നുണ്ട് . നീ
വിചാരിക്കുന്നതുപോലെ നിസ്സാരപ്പെട്ട സ്ഥലമല്ല ഇത്... എന്തൊക്കെയോ
ദുരുഹതകളുണ്ട്... നമുക്ക് പ്രാർത്ഥന കഴിഞ്ഞു വേഗം സ്ഥലംവിടണം... നീ വെറുതേ ഒച്ചവെച്ച് ആളെ കൂട്ടല്ലേ ...“.
ഫസലും
സ്വയം സമാധാനപ്പെടാൻ ശ്രമിച്ചു. എത്ര ശ്രമിച്ചിട്ടും അവന് സ്വയം
സമാധാനപ്പെടാൻ കഴിയാത്ത അവസ്ഥ... നഷ്ടപ്പെടലിന്റെ യാഥാർത്ഥ്യം അവൻ
തിരിച്ചറിയുകയായിരുന്നു. ഇനിയൊരിക്കലും കാണാനാവാത്തത്ര ദൂരത്തിൽ തന്റെ
പിതാവ് എത്തിയിരിക്കുന്നു. നഷ്ടം നഷ്ടംതന്നെയാണ്. അവൻ ഖബറിന്റെ [ മറവുചെയ്ത കുഴി ] തലഭാഗത്തതായി നിന്നു. കൈകളും കണ്ണുകളും അല്ലാഹുവിനോട് പ്രാർത്ഥിക്കാൻ
ഉയർത്തിപിടിച്ചു.. അവൻ നിറകണ്ണുകളോടെ പ്രാർത്ഥന ആരംഭിച്ചു പടച്ചവനേ ഉപ്പ ചെയ്തു പോയ തെറ്റുകൾ പൊറുത്തു കൊടുക്കണേ....ഖബർ വിശാലമാക്കി കൊടുക്കണേ.... ഉപ്പയെ ശിക്ഷിക്കല്ലേ.... നാളെ ഞങ്ങളെ എല്ലാവരെയും സ്വർഗ്ഗത്തിൽ ഒരുമിച്ചു കൂട്ടണേ...പ്രാർത്ഥന മുഴുമിപ്പിക്കും മുൻപേ ഫസൽ ഖബറിന് മുകളിൽ മുട്ടുകുത്തി തളർന്നിരുന്നു പോയി സ്റ്റീഫൻ തൊട്ടരുകിലായി അവനെ സസൂക്ഷ്മം വീക്ഷിച്ചു
നിൽക്കുകയായിരുന്നു.സ്റ്റീഫൻ കരുതി കുറച്ച് സമയം അവനൊന്നു പൊട്ടിക്കരയട്ടെ .. അൽപനേരത്തിനകം ഫസൽ സാവധാനം .. അവിടെനിന്നു എഴുന്നേറ്റു... സ്റ്റീഫൻ അവനെ
എഴുന്നേൽക്കാൻ സഹായിച്ചു...ഫസൽ ഒരിക്കൽ കൂടി ഉപ്പയ്ക്ക് ദൈവാനുഗ്രഹം ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിച്ചു തിരിഞ്ഞു നടന്നു കൂടെ സ്റ്റീഫനും അപ്പോഴാണ് ഫസലിന് പണ്ട് മദ്രസയിൽ പഠിച്ച ഖുർഹാൻ വരികൾ ഹൃദയത്തിലേക്ക് ഒഴുകി എത്തിയത് ഖബറുകൾ കണ്ടാൽ ചൊല്ലേണ്ട പ്രാർത്ഥന പരന്നു കിടക്കുന്ന ഖബറുകൾ നോക്കി അവൻ ചൊല്ലി "അസ്സലാമു അലൈക്കും യാ ധാറ ഖൗമിൽ മുഹ്മിനീൻ വയിന്നാ ഇൻഷാ അല്ലാഹു ബിക്കും ലാഹിക്കൂൻ"[സത്യ വിശ്വാസികളായ സമൂഹത്തിന്റെ താമസ സ്ഥലമേ [മരണപെട്ടു കിടക്കുന്ന കുഴിമാടം അല്ലങ്കിൽ ഖബർ ]നിങ്ങൾക്ക് ദൈവാനുഗ്രം ഉണ്ടായിരിക്കട്ടെ ദൈവ വിളി വന്നാൽ നാളെ ഞങ്ങളും നിങ്ങളെ പോലെ ഖബറിൽ വന്നു കിടക്കേണ്ടതാണ് ]
ഇതെല്ലാം അങ്ങു ദൂരെ ഒരാൾ വീക്ഷിച്ചുകൊണ്ടുനിൽക്കുകായിരുന്നു.
അദ്ദേഹത്തിന്റെ മനസ്സിൽ പല സംശയങ്ങളും ഉടലെടുക്കുന്നുണ്ടായിരുന്നു.
മറ്റാരുമല്ല ആ പള്ളിയിലെ കുഴിവെട്ടുകാരനായിരുന്നു... അയാളവിടെ
ജോലിചെയ്യാനാരംഭിച്ചിട്ട് 52 വർഷത്തിലധികമായിരിക്കുന്നു. വളരെ
ചെറുപ്പത്തിലേ ഇവിടെത്തിയതാണ്... ജനിച്ചത് കണ്ണൂരാണെങ്കിലും നാടും വീടും
ഉപേക്ഷിച്ച് എത്തിച്ചേർന്ന സ്ഥലമാണിത്... ഇവിടെയെത്തി എല്ലാ ജോലികളും
ചെയ്യുമായിരുന്നു. പള്ളിക്കമ്മറ്റിയാണ് അയാളെ ഇവിടെ സ്ഥിരം
കുഴിവെട്ടുകാരനായി നിയമിച്ചത്... പിടിപ്പത് പണിയുണ്ടെന്നുള്ളതാണ് വാസ്ഥവം..
മരണം നടന്നാൽ അവിടെ കുഴിവെട്ടുക... അവരുടെ പേരെഴുതിയ കല്ല് യഥാസ്ഥാനത്ത്
സ്ഥാപിക്കുക... പള്ളിമുറ്റവും പരിസരവും വൃത്തിയാക്കുക... ടാങ്കിൽ വെള്ളം
നിറയ്ക്കുക.. അങ്ങനെയങ്ങനെ പോകുന്നു ജോലികൾ..
പള്ളിയ്ക്കടുത്തുള്ള
ഒരു വീട്ടിലെ യത്തീംയുവതിയെയാണ് വിവാഹം കഴിച്ചത്... 4 മക്കൾ എല്ലാവർക്കും
നല്ല വിദ്യാഭ്യാസം നൽകാനായി.. പഠിക്കാൻ മിടുക്കരായിരുന്നതുകൊണ്ട്
പള്ളിതന്നെയാണ് അവിരെ പഠിപ്പിക്കാനുള്ള ചിലവ് മുഴുവൻ വഹിച്ചത്...
മൂന്നുപേരെയും വിവാഹം കഴിപ്പിച്ചയച്ചു. ഏറ്റവും ഇളയത് മകനാണ് അവൻ ഗൾഫിൽ
ജോലിചെയ്യുന്നു. അദ്ദേഹത്തോട് മക്കൾ ഈ ജോലി നിർത്താൻ പല പ്രാവശ്യം
ആവശ്യപ്പെട്ടതാണ്. പക്ഷേ അദ്ദേഹത്തിന് അതിനാവുമായിരുന്നില്ല... കാരണം
തന്നെ താനാക്കിയത് ഈ പള്ളിയും പരിസരവും ഈ നാട്ടിലെ നാട്ടാരുമാണ്. അതുകൊണ്ട്
ഇനി എന്ത് സൗഭാഗ്യങ്ങൾ ഉണ്ടായാലും അതൊന്നും തന്റെ തൊഴിലിനെ ബാധിക്കരുത്
എന്ന നിർബന്ധവും അദ്ദേഹത്തിനുണ്ടായിരുന്നു.
അവർ രണ്ടാളും പള്ളിമുറ്റത്തുകൂടെ പുറത്തേയ്ക്ക് നടന്നു... ഫസൽ സങ്കടം അടക്കിപ്പിടിച്ചിരിക്കുകയായിരുന്നു.
കലങ്ങിയ കണ്ണുകൾ എല്ലാം വിളിച്ചുപറയുന്നുണ്ടായിരുന്നു. മുഖം ചുവന്നു
തുടുത്തിരിക്കുന്നു. ദുഖഭാരം അവന്റെ മുഖത്തുണ്ടെന്ന് ആർക്കും വ്യക്തമാകും
എന്നുള്ളതിൽ സംശയമില്ല..
കുഴിവെട്ടുകാരന്റെ അടുത്തെത്തിയപ്പോൾ അയാൾ ചോദിച്ചു...
“നീ മരിച്ച ഹംസയുടെ മകനാണോ...?“
“വെള്ളിടിവെട്ടിയതുപോലെ സ്റ്റീഫനും ഫസലും ഒന്നമ്പരന്നു...“
“അല്ല... ഞങ്ങളുടെ ഒരു നല്ല സുഹൃത്തായിരുന്നു.. എന്റെ പേര് സ്റ്റീഫൻ... ഇതെന്റെ മകനാണ് പേര് ഇല്യാസ്“.
“ഫസൽ
സ്റ്റീഫനേയും കുഴിവെട്ടുകാരനേയും മാറി മാറി നോക്കി...“ അവൻ മറുത്തൊന്നും
പറഞ്ഞില്ല... ഇപ്പോൾ ബുദ്ധി മൗനം പാലിക്കുന്നതിയിരിക്കുമെന്ന് അവനും
തോന്നി.
“അല്ല... അവന്റെ
മുഖം കണ്ടാലറിയാം... അദ്ദേഹത്തിന് രണ്ടാംഭാര്യയിൽ ഒരു മകനുണ്ട്... പ്രായം
ഇവന്റെത്ര കാണുമായിരിക്കും... അയാൾ പലയിടത്തും ഇവനെ അന്വോഷിച്ചു
പോയിട്ടുണ്ടായിരുന്നു.പലവട്ടം എന്നെ കാണുമ്പോൾ സങ്കടത്തോടെ പറയുമായിരുന്നു പക്ഷേ കണ്ടെത്താനായില്ല... അവനല്ലേ... പറയ്....
നിങ്ങളെന്താ ഒളിക്കുന്നത് ...“
“അല്ല... ഞാൻ അദ്ദേഹത്തന്റെ മകനല്ല...“ ഫസലിന്റെ ഉറച്ച സ്വരം...
പിന്നീട്
അയാളൊന്നും മിണ്ടിയില്ല... അവർ രണ്ടാളും തിടുക്കത്തിൽതന്നെ അവിടെ നിന്നും
സ്കൂട്ടറിൽ കയറി സ്ഥലംവിട്ടു... പോയതിനേക്കാൾ വളരെ വേഗത്തിലായിരുന്നു
അവരുടെ തിരിച്ചുപോക്ക്.. കാരണം അവിടെ നിൽക്കുന്നത് അത്ര പന്തിയല്ലെന്ന്
തോന്നിയിരുന്നു. തന്റെ വാപ്പയെക്കുറിച്ച് നാ ട്ടുകാർക്ക് നല്ല
അഭിപ്രായമില്ലെന്നുള്ളത് അവന് പൂർണ്ണമായും മനസ്സിലായിരുന്നു. അദ്ദേഹത്തിന് എന്തൊക്കെയോ തരികിടപരിപാടികൾ ഉണ്ടായിരുന്നുകാണും. ബാധ്യത ഏറിയപ്പോൾ
എല്ലാരും ഇട്ടേച്ചുപോയിരിക്കാം... ഒഴിവാക്കാൻ വയ്യാത്തതിന്റെ പേരിൽ ഇളയ മകൾ
മാത്രം അയാളോടൊപ്പം നിന്നുകാണും... അങ്ങനെ താൻ കുറച്ചുകാലമെങ്കിലും കഴിഞ്ഞ
വീടും ബാങ്ക് ജപ്തിചെയ്തുപോകുന്നു. തന്നെ ജനിപ്പിച്ച വ്യക്തിയും താൻ
വളർന്ന വീടും നഷ്ടപ്പെട്ടു.. ഇനി തനിക്ക് തന്റേതെന്നു പറയാൻ ഉമ്മമാത്രം... ഈ
സത്യം അവൻ മനസ്സിൽ ഉരുവിട്ടുകൊണ്ടിരുന്നു... ഏതാനും മണിക്കൂറുകൾക്കകം
തനിക്ക് വീട്ടിലേയ്ക്ക് എത്തിച്ചേരാനുള്ളതാണ്.. അവർക്കാർക്കും യാതൊരു
സംശയവും കൊടുക്കാൻ പാടില്ല... മരിച്ചവർ മരിച്ചു. ഇനിയൊരിക്കലും
തിരികെവരില്ല... ഉമ്മയോട് പറഞ്ഞ് അവരുടെ മനസ്സുകൂടി ഇനി എന്തിനു
വേദനിപ്പിക്കണം. വേണ്ട... താൻ കണ്ടെത്തിയ സത്യം തന്നിൽ മാത്രം
ഒതുങ്ങിനൽക്കട്ടെ...
സ്റ്റീഫൻ
ഡ്രൈവിംഗിൽ മാത്രമായിരുന്നു ശ്രദ്ധിച്ചിരുന്നത്. പുറപ്പെട്ടിട്ട്
കുറച്ചധികം സമയമായെന്നു തോന്നുന്നു.. ഒഴിഞ്ഞ ഒരു തട്ടുകടയ്ക്കരുകിൽ വണ്ടി
നിർത്തി ഫസലിനോട് ഇറങ്ങാൻ പറഞ്ഞു... ഫസൽ അനുസരിച്ചു. അവർ രണ്ടാളും കടയുടെ
മുന്നിലെത്തി.. സ്റ്റീഫൻ രണ്ട് ചായയ്ക്ക് ഓർഡർ ചെയ്തു...
ഫസൽ
അനുസരണപൂർവ്വം ചായ വാങ്ങിക്കുടിച്ചു... അവന്റെ ഉള്ളിൽ അടിഞ്ഞു കൂടിയ
ദുഖത്തിന്റെ കാർമേഘങ്ങൾ പെയ്തൊഴിഞ്ഞ പ്രതീതി മുഖത്തു കാണാനുണ്ടായിരുന്നു.
പിതാവിനെക്കുറിച്ച് ഏകദേശം മനസ്സിലാക്കിയപ്പോൾ അവനിലും
മാറ്റങ്ങളുണ്ടായതാവാമെന്ന് സ്റ്റീഫൻ കരുതി. സ്റ്റീഫൻ മരിച്ച അവന്റെ
വാപ്പയേക്കുറിച്ചോ അവന്റെ വീട്ടുകാര്യങ്ങളെക്കുറിച്ചോ ഒരക്ഷരംപോലും അവനോട്
ചോദിച്ചില്ല... കാരണം തന്റെ ചോദ്യം ചിലപ്പോൾ അവനിൽ
ഓർമ്മപ്പെടുത്തലുകളാകാം... അതുവേണ്ടെന്ന് അയാൾ വിചാരിച്ചു...
ചായകുടിച്ചതിനു
ശേഷം അവർ വന്ന വഴിയിലൂടെ തന്നെ വീണ്ടും മുന്നോട്ട് പോയി... യാത്ര
പുറപ്പെട്ടിട്ട് ഏകദേശം ഒന്നരമണിക്കൂറുകൾ കഴിഞ്ഞിരിക്കുന്നു... സ്റ്റീഫൻ
ഒരു ജംഗ്ഷനിലെത്തിയപ്പോൾ വണ്ടി സ്പീഡുകുറച്ച് ഇടത്തേയ്ക്കുള്ള വഴിയിലൂടെ
യാത്രതുടർന്നു... അവന് തങ്ങൾ വഴിമാറിയോ എന്ന തോന്നലുണ്ടായതിനാൽ സ്റ്റീഫനോട്
പറഞ്ഞു.
“അങ്കിൾ നമ്മൾ വന്ന വഴി ഇതല്ല.“
“അതേ
ഫസലേ... എനിക്കറിയാം... ഇതേ എന്റെ വീട്ടിലേയ്ക്കുള്ള വഴിയാ... എന്തായാലും
ഇവിടംവരെവന്നു.. ഇനി വീട്ടിലൊന്ന് കയറിയിട്ടു പോകാം...“ അവൻ മറുത്തൊന്നും
പറഞ്ഞില്ല... തനിക്ക് വേണ്ടി എല്ലാം കളഞ്ഞ് ഓടിയെത്തിയവനാണ് സ്റ്റീഫൻ...
ഇക്കാലത്ത് ഇദ്ദേഹത്തെപ്പോലുള്ള മനുഷ്യന്മാരെ എങ്ങും കാണാനാവില്ല...
തന്നോട് അടുപ്പം കാണിച്ചവരിൽ ഭൂരിഭാഗവും തന്നെ ചൂഷണം ചെയ്യാനാണ്
ശ്രമിച്ചിട്ടുള്ളത്.. പക്ഷേ ഇദ്ദേഹം മാത്രം തന്നോട് ഒരു വാക്കുകൊണ്ടോ
നോക്കുകൊണ്ടോ ഒരു മോശം പ്രവർത്തിയും കാണിച്ചിട്ടില്ല... അദ്ദേഹത്തെ ഒരു
പക്ഷേ പടച്ചോൻ തന്നെ സഹായിക്കാൻ ഏർപ്പെടുത്തിയതായിരിക്കാം... അവന്റെ
മനസ്സിൽ പല പല ചിന്തകളായിരുന്നു.
അവർ
കുറച്ചുദൂരം യാത്രചെയ്തിട്ട് ഒരു ചെമ്മൺ പാതയിലേയ്ക്ക് കയറി... ബൈക്ക്
സൈഡിൽ വച്ചിട്ട് രണ്ടാളും ചെമ്മൺ പടവുകൾ കയറി മുകളിലേയ്ക്ക്... നിശ്ശബ്ദതയെ
ഭംഗിച്ചുകൊണ്ട് സ്റ്റീഫൻ പറഞ്ഞു.
“ഫസലേ
വീട്ടിലേയ്ക്ക് വണ്ടി കയറില്ല... ഇവിടെ വച്ചിട്ടാണ് മുകളിലേയ്ക്ക്
പോകേണ്ടത്... വഴിവേണമെങ്കിൽ ഈ കുന്നിടിച്ച് നേരേയാക്കണം... അതിന് ധാരാളം
പണം വേണ്ടിവരും... എല്ലാ വീട്ടുകാർക്കും ഇപ്പോൾ വഴിവേണം... എല്ലാരും
ശ്രമിക്കട്ടേ... അപ്പോൾ നോക്കാം.“
ഏഴെട്ടടി
പൊക്കംകാണും നാലഞ്ചു വീടുകൾ ആ കുന്നിൻമുകളിൽ കാണാം... എല്ലാ
വീട്ടിലേയ്ക്കുമുള്ള പടവ് ഈ കാണുന്നത് മാത്രമാണ്. പക്ഷേ ഇതൊന്നു ഇടിച്ചു
നിരത്തി റോഡ് ലവലാക്കിയാൽ വാഹനം എല്ലാരുടേയും വീട്ടിലേക്കെത്തിക്കാനുള്ള
വഴിതെളിയും പക്ഷെ ആരും മുന്നിട്ടറങ്ങുന്നില്ലന്നു മാത്രം ... അവൻ സ്റ്റീഫനൊപ്പം മുകളിലിയേക്ക് കയറി...
അവർ രണ്ടാളും വീട്ടിലെത്തി. ഉമ്മറത്ത് അയാളുടെ ഇളയകുട്ടി പഠിച്ചുകൊണ്ടിരിക്കുകയായിരുന്നു. അവൾ മുഖമുയർത്തി സന്തോഷഭാവത്തിൽ അച്ഛനെ നോക്കി ചിരിച്ചു...
“അച്ഛാ... ഇന്നെന്താ നേരത്തേ.... അവധിയാ..“
“മോളേ... എനിക്ക് ഇവിടംവരെയൊന്നു വരേണ്ടിവന്നു...“
“ആരാ അച്ഛാ കൂടെ...“
“അതേ... എന്റെ സുഹൃത്തിന്റെ മകനാ... ഇവനെ തിരികെപ്പോകുമ്പോൾ വീട്ടിലാക്കണം.“
“അമ്മേ.... അമ്മേ... അച്ഛൻ വന്നു...“
“ഫസലേ ഇവൾ എന്റെ മോളാ... ഇപ്പോൾ പത്തിലായി... പഠനത്തിൽ ഇവളാ മുന്നിലെന്നാണ് ഇവൾ പറയുന്നത്...“
അവൾ ഫസലിനെനോക്കി ഒന്നു പുഞ്ചിരിച്ചു...
“എന്താ അച്ചായാ ഇന്നു നേത്തേ... ഒരു മുന്നറിയിപ്പുമില്ലാതെ...“
“അതേ...
എനിക്കിവിടെ അടുത്തൊരിടത്തു വരേണ്ടിവന്നു... ഓഫീസ് ആവശ്യത്തിനാ“. (അദ്ദേഹം
ആരോടും യഥാർത്ഥകാരണം വിശദമാക്കിയില്ല. അത് നന്നായെന്ന് ഫസലിനും തോന്നി)..
ഫസൽ
അവരെ സൂക്ഷിച്ചു നോക്കി... അവൻ തിരിച്ചറിഞ്ഞു... അതേ.... വർഷങ്ങൾക്കു
മുന്നേ.. തന്റെ സ്കൂൾ ജീവിതത്തിൽ സംഭവിച്ച കാര്യം... അവർ തന്നെയാണോ...?
“എടീ .. ഇവൻ എന്റെ ഒരു സുഹൃത്തിന്റെ മകനാ... ഇവിടടുത്ത് വന്നതാ... തിരികെ പോകുമ്പോൾ വീട്ടിലാക്കണം..“
“എനിക്കറിയാം ഇവനെ.... നീ ഫസലല്ലേ....“
“അതേ... ടീച്ചർ... സുനിത ടീച്ചർ.... “
“അതേടാ.. നീയെന്നെ തിരിച്ചറിഞ്ഞല്ലേ..“
ഫസലിന്റെ സ്കൂളിലെ കണക്ക് ടീച്ചറായിരുന്നു സുനിത ടീച്ചർ . നന്നായി പഠിപ്പിക്കുമായിരുന്നു...
നെറ്റിയിൽ കുറിയുമിട്ട് സാരിയുമുടുത്തു വരുന്ന അവരെ കാണാൻ തന്നെ നല്ല
ഐശ്വര്യമായിരുന്നു. അപ്പോൾ ടീച്ചർ ഹിന്ദുവും സ്റ്റീഫൻ അങ്കിൾ
ക്രിസ്ത്യാനിയും... രണ്ടാളും സ്നേഹിച്ചു വിവാഹിതരായതായിരിക്കും..
“അപ്പോൾ നിങ്ങൾ ഒന്നായല്ലേ...“
“അതേ..
ഇവൻ മിടുക്കനായിരിക്കുന്നു.. ചില കാരണങ്ങളാൽ ഇവൻ അവിടെ പഠിത്തം
അവസാനിപ്പിച്ചു പോയതാ.... ഞാൻ ഇവനെ പല പ്രശ്നങ്ങളിൽ നിന്നും
രക്ഷപ്പെടുത്തിയിട്ടുമുണ്ട്...
ശരിയാ ശങ്കരൻമാഷിന്റെ പ്രശ്നത്തിൽ ടീച്ചർ മാത്രമാണ് തന്നെ സപ്പോർട്ട് ചെയ്തത്... അവന്റെ മനസ്സിൽ പല സംഭവങ്ങളും തെളിഞ്ഞു വന്നു...
“നീയിപ്പോൾ പത്തിലല്ലേ.... ശരിയാ എന്റെ മോളെ പ്രായം...“
“ശങ്കരൻ മാഷെ നീ പിന്നെ കണ്ടോ....?“
ആ
ചോദ്യം അവനെ നിശ്ശബ്ദനാക്കിക്കളഞ്ഞു.... വർഷങ്ങൾക്കു മുന്നേ നടന്ന ആ
സംഭവങ്ങൾ നേരിട്ടറിയാവുന്ന ടീച്ചർ തന്റെ മുന്നിൽ... തനിക്ക് സംഭവിച്ച
ജീവിതത്തിലെ ഏറ്റവും നിർണ്ണായക ഘട്ടത്തിൽ തന്റെ കൂടെനിന്ന സ്റ്റീഫൻ
അങ്കിളും തന്റെ അരുകിൽ... അവൻ രണ്ടുപേരേയും മാറിമാറി നോക്കി...
“അതേ ടീച്ചേറേ....“
“നീ അതൊക്കെ വിട്ടുകള ഫസലേ... അച്ഛായാ അകത്തേയ്ക്ക് വാ... ഞാനെല്ലാം പിന്നീട് പറയാം “.
സ്റ്റീഫൻ അവനേയും കൂട്ടി അകത്തേയ്ക്ക് കയറി...
തുടർന്നു വായിക്കുക അടുത്ത ഞായറാഴ്ച്ച 08 09 2019
ഷംസുദ്ധീൻ തോപ്പിൽ 01 09 2019
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ