ഹമീദ് പഴയകാലത്തിലേയ്ക്ക് തിരികെപ്പോയി.... ഒരു സിനിമയിലെന്നവണ്ണം ഓരോ സംഭവങ്ങളും അദ്ദേഹത്തിനു മുന്നിൽ തെളിയുകയായിരുന്നു.
“അൻവർ... അൻവർ“ എന്നു പേരുചൊല്ലി വിളിക്കുന്നത് കേട്ട് അൻവർ പുറത്തേയ്ക്കിറങ്ങിവന്നു...
“അൻവറേ ആരാന്ന് നോക്കിയേ...“ ഹമീദ് അൻവറിനോട് പറഞ്ഞു. അൻവർ ടോർച്ചുമെടുത്ത് മുറ്റത്തേയ്ക്കിറങ്ങി...“
“ആരിത് ഉപ്പയോ ... എന്താ ഒരു മുന്നറിയിപ്പുമില്ലാതെ...“
“ആരാ അൻവറേ അത്...“
വാപ്പാ... നാദിറയുടെ വാപ്പയാ...അല്ലാഹ് അലി ഹസ്സനോ?..
“ങ്ഹാ.. അകത്തേയ്ക്ക് കൂട്ടിക്കൊണ്ടുപോരേ അൻവറേ... എത്ര നാളായി കണ്ടിട്ട്.... ഇങ്ങോട്ടുള്ള വഴിയൊക്കെ മറന്നോ അലി ഹസ്സാ ....“
പഴയതൊന്നും
ഹമീദ് ചിന്തിച്ചതേയില്ല.. അലി ഹസ്സന്റെ വീട്ടിൽ വച്ച് തന്നെ
ആട്ടിയിറക്കിയതൊന്നും ഇന്ന് ഹമീദ് ഓർക്കാൻ ആഗ്രഹിക്കാത്ത കാര്യമാണ്. തെറ്റ്
മനുഷ്യ സഹജമാണ്.... അത് ക്ഷമിക്കാൻ കഴിയുമ്പോഴാണ് അവർ ദൈവതുല്യരായി
മാറുന്നത്... ദൈവത്തിന് ഒരിക്കലും തന്റെ സൃഷ്ടിയെ ശിക്ഷിക്കാൻ ആഗ്രഹം
കാണില്ലല്ലോ...
അൻവർ
ചിന്തിക്കുകയായിരുന്നു. വാപ്പ അങ്ങനെയാണ്.. ആരോടും യാതൊരു
വിദ്വോഷവുമില്ല... താൻ ഗൾഫിൽനിന്ന് നാട്ടിൽ പൈസാ
അയച്ചുകൊടുക്കാതിരുന്നിട്ടും... വാപ്പയുടെ ചികിത്സ മുടങ്ങി
അത്യാസന്നനിലയിലായിട്ടും... തന്നോടുള്ള സ്നേഹത്തിന് യാതൊരു
കുറവുമുണ്ടായിട്ടില്ല. തന്റെ ജോലി നഷ്ടപ്പെട്ട് ജയിലിൽ കിടന്നിട്ട്
നാട്ടിലെത്തിയപ്പോഴും ആ മനുഷ്യൻ പഴയതോന്നും ഓർത്തെടുത്ത് തന്നെ കുത്തി നോവിച്ചില്ല ...
വാപ്പയ്ക്ക് ഒരു മാറ്റവുമില്ല. മാറ്റം തനിക്കും തന്റെ ഭാര്യ കുടുംബത്തിനും
മാത്രമായിരുന്നു. ആ സ്നേഹം തിരിച്ചറിയാൻ വൈകി... അല്ലേലും ജന്മംതന്നവരെ
വേദനിപ്പിച്ചാൽ പടച്ചോൻ തിരിച്ചടികൾ തരുമെന്നത് ഉറപ്പാണല്ലോ.... അല്ലെങ്കിൽ
താനീ കാൽക്കൽവീണ് മാപ്പ്പറയാതെ അഹങ്കാരിയായിപ്പോകില്ലായിരുന്നോ...
അതുപോലെതന്നെയാണ് നാദിറയുടെ വാപ്പയും. മരുമോന്റെ വളർച്ചയിൽ എല്ലാം മറന്ന്..
ബന്ധുജനങ്ങളെയെല്ലാം വെറുപ്പിച്ചമനുഷ്യനാണ്... പക്ഷേ ഇപ്പോൾ തന്റെ
വാപ്പയെ കാണാനെത്തിയിരിക്കുന്നു. റഷീദിന്റെ കുഞ്ഞിനെക്കാണാനായിരിക്കും
വന്നതെന്നു തോന്നുന്നു.. കൈയ്യിലൊരു പൊതിയുമുണ്ട്.
അലി ഹസ്സൻ വീട്ടിനകത്തേയ്ക്ക് മടിച്ചു മടിച്ചു കയറി... പഴയ കാര്യങ്ങൾ ഹമീദും
കുടുംബവും ക്ഷമിച്ചാലും നാദിറയ്ക്കും അവളുടെ വാപ്പയ്ക്കും മറക്കാൻ
കഴിയില്ലല്ലോ... മരുമകന്റെ സമ്പത്തിൽ അഹങ്കരിച്ച് അവരെ അവനിൽ നിന്ന്
അകറ്റിയതൊക്കെ പഴങ്കഥകളായി തങ്ങളുടെ മനസ്സിന്റെ ഒരു കോണിൽ
ഒതുങ്ങിയിരിക്കട്ടെ... അതാണ് ഇപ്പോഴത്തെ സാഹചര്യത്തിന് നല്ലത്... ആരും അത്
ഓർമ്മിപ്പിക്കാനോ... അതേക്കുറിച്ച് സംസാരിക്കാനോ തുനിഞ്ഞില്ല... അവർ പലതും
സംസാരിച്ചു... ഫസലിന്റെ ആരോഗ്യകാര്യത്തെക്കുറിച്ചും സഫിയയെക്കുറിച്ചും അവർ
സംസാരിച്ചു.....
റഷീദിന്റെ
കുഞ്ഞുമായി നാദിറ പുറത്തേയ്ക്കുവന്നു... അവൾ കുഞ്ഞിനെ അവളുടെ വാപ്പാന്റെ
കൈയ്യിൽ കൊടുത്തു... അദ്ദേഹം കൈയ്യിൽ കരുതിയ ചെറിയൊരു മോതിരം കുഞ്ഞിന്റെ
കൈയ്യിൽ ധരിപ്പിച്ചു... കൂടാതെ കുറച്ചു കുഞ്ഞുടുപ്പുകളും കരുതിയിരുന്നു അത്
റഷീദിന്റെ ഭാര്യയുടെ കൈയ്യിൽ കൊടുത്തു... എല്ലാപേരുടേയും
കണ്ണുനിറയ്ക്കുന്നതായിരുന്നു ആ രംഗങ്ങൾ...
അദ്ദേഹം ഹമീദന്റെ അടുത്തെത്തി... അദ്ദേഹത്തെ ആശ്ലേഷിച്ചു...
“ഹമീദേ
ക്ഷമിക്കടോ.... നിന്റെ നന്മമനസ്സിലാക്കാൻ എനിക്ക് കഴിഞ്ഞില്ല.. .പണം എന്നെ
എല്ലാറ്റിൽനിന്നും അകറ്റി... അതിന് എനിക്ക് പടച്ചോന്റെ ശിക്ഷയും
കിട്ടി.....“ രണ്ടുതുള്ളി കണ്ണുനീർ ആ വൃദ്ധമനുഷന്റെ കണ്ണിൽ നിന്നും അടർന്ന്
നിലത്തുവീണത് ആരും കണ്ടില്ല....
“.... എന്താ.......... അലി ഹസ്സാ കൊച്ചുകുട്ടികളെപ്പോലെ... ഞാനതൊക്കെ അന്നേ മറന്നില്ലേ നീ എന്റെ ഉറ്റ ചങ്ങാതി അല്ലേടാ ....“
“പക്ഷേ
തെറ്റുകാരൻ ഞാനല്ലേ ഹമീദെ ...“ അതിന്റെ കുറ്റ ബോധം കൊണ്ട് പകൽ വെളിച്ചത്തിൽ എനിക്കിവിടെവരാൻ
മടിയായിരുന്നു. നിങ്ങളുടെയൊക്കെ മുഖത്തു നോക്കാൻ... നിങ്ങളുടെ
അടുത്തുവരാൻപോലും ഞാൻ അർഹനല്ലെന്നു തോന്നിച്ചിരുന്നു... പക്ഷേ ഹമീദേ നീ
പടച്ചോൻ സന്തതിയാ.... സ്നേഹം കൊണ്ട് നീ എന്നെ തോൽപ്പിച്ചുകളഞ്ഞു... ഒരു വാക്കുകൊണ്ടുപോലും...
അല്ലെങ്കിൽ ഒരു നോക്കുകൊണ്ടുപോലും നീ എന്നെ നോവിച്ചിട്ടില്ല.. പക്ഷേ
ഞാനെന്തെല്ലാം പറഞ്ഞു ഒരു തെറ്റും ചെയ്യാത്ത നീ വല്ല തെറ്റും സംഭവിച്ചിട്ടുണ്ടെങ്കിൽ മാപ്പ് പറഞ്ഞു മോളെ തിരികെ കൊണ്ട് പോകാൻ വന്നപ്പോൾ എന്റെ വീട്ടിൽ നിന്ന് വരെ നിന്നെ ഞാൻ ആട്ടി ഇറക്കി ..
“അലി ഹസ്സാ കഴിഞ്ഞതോർത്ത് വെറുതെ മനസ്സ് വിഷമിപ്പിക്കണ്ട
.... എല്ലാം ശരിയാകും.. പടച്ചോൻ എല്ലാം ശരിയാക്കിത്തരും...“
എല്ലാരും
കരച്ചിലിന്റെ വക്കിലെത്തിയിരുന്നു.. ഹമീദ് പതുക്കെ അദ്ദേഹത്തോട് ഇരിക്കാൻ
പറഞ്ഞു... എന്നിട്ട് തന്റെ നിസ്കാര തഴമ്പിൽ തടവി... അതേ അഞ്ചുനേരം
നിസ്കരിക്കുന്ന ഒരു യഥാർത്ഥ മുസൽമാനാ താൻ ഒരിക്കലും പടച്ചോന്
നിരക്കാത്തതൊന്നും ചെയ്തിട്ടില്ല... അതായിരിക്കാം നഷ്ടപ്പെട്ടെന്നു
കരുതിയിതലെല്ലാം കുറേശ്ശേയായി തിരികെക്കിട്ടുന്നത്... സമ്പത്തല്ല താൻ
ചിന്തിക്കുന്നത്... തന്റെ സമ്പത്ത് ബന്ധങ്ങളാണ്. അതിനേക്കാൾ
മൂല്യമുള്ളതൊന്നും ഈ ലോകത്തില്ല എന്ന ചിന്താഗതിക്കാരനാണ് ഹമീദ്.
അല്പനേരത്തെ നിശഭ്ദതയ്ക്ക് ശേഷ്നം നാദിറയുടെ വാപ്പ പറഞ്ഞു.
“നാളെത്തന്നെ
ഞാന് ഫസലിനെ കാണാൻ ഹോസ്പിറ്റലിലേയ്ക്ക് പോകും“ അവൻ കിടക്കുന്ന വാർഡും
മറ്റ് വിവരങ്ങളും ചോദിച്ചു മനസ്സിലാക്കി... അൻവർ പറഞ്ഞു വാപ്പാ ചിലപ്പോൾ
നാളെയോ മറ്റന്നാളോ അവരെ ഡിസ്ചാർജ് ചെയ്യും. സുഖമില്ലാത്തതല്ലെ ഇവിടെ
എത്തിയിട്ട് കണ്ടാൽപ്പോരേ....“
“എന്നാ അങ്ങനെയാകട്ടെ ഇനി വരുമ്പോൾ കാണാം ...“ നല്ല സന്തോഷത്തോടുകൂടി അത്താഴവും കഴിച്ച് അദ്ദേഹം യാത്രപറഞ്ഞിറങ്ങി. അവിടെ ഒരു മഞ്ഞുരുകുകയായിരുന്നു...
അന്നത്തെ
രാത്രി ഹമീദിന് സന്തോഷത്തോടെ ഉറങ്ങാൻ സാധിച്ചു. തന്നെ തെറ്റുകാരനാക്കാൻ
ശ്രമിച്ച വ്യക്തി ഇന്നു തന്റെമുന്നിലെത്തി... അതുതന്നെ തനിക്കൊരു
അന്തസല്ലേ... തെറ്റിദ്ധാരണയുടെയും ഏഷണിയുടെയും പേരിൽ താൻ കേട്ട പഴിയ്ക്ക്
ഒരു മധുര പ്രതികാരം....
രാവിലെ
തന്നെ അൻവർ ഹോസ്പിറ്റലിലേയ്ക്ക് കാപ്പിയുമായി പോയി... നാദിറതന്നെയാണ്
ഇപ്പോൾ അടുക്കളയുടെ ഭരണം.. ഹമീദിന്റെ ഭാര്യസൈനബയ്ക്ക് അവിടെ ഇപ്പോൾ വലിയ
ജോലിയൊന്നുമില്ല.... മരുമക്കളുടെ സ്നേഹം ശരിക്കും അനുഭവിക്കുകയായിരുന്നവർ. അൻവർ ഹോസ്പിറ്റലിലെത്തുമ്പോൾ സഫിയയും ഫസലും ഹോസിപിറ്റലിന്റെ വരാന്തയിലൂടെ
പതുക്കെപ്പതുക്കെ നടക്കുകയായിരുന്നു.
അൻവറിനെ കണ്ടപാടേ രണ്ടുപേരും പതുക്കെ നടന്ന് അദ്ദേഹത്തിനരുകിലെത്തി...
“അൻവർമാമാ ഞാനിപ്പോൾ പഴയതുപോലെയായി... പനിയൊക്കെ മാറി... നാളെ വീട്ടിലേയ്ക്ക് പോകാമെന്ന് ഡോക്ടർ പറഞ്ഞു...“
അൻവർ സന്തോഷത്തോടെ അവനെനോക്കി ചിരിച്ചു.. അൻവർ അവന്റെ നെറ്റിയിലും കഴുത്തിലും തൊട്ടുനോക്കിയിട്ടു പറഞ്ഞു...
“ഇല്ലടാ... നിനക്കിപ്പോൾ പനിയൊന്നുമില്ല... ശരീരമൊക്കെ ഐസുപോലിരിക്കുന്നു.. എന്നാപ്പിന്നെ നമക്ക് ഇന്നുതന്നെയങ്ങുപോയാലോ...“
ഫസലും
സഫിയയും വളരെ സന്തോഷത്തിലായിരുന്നു... അവരുടെ സന്തോഷം എന്നും അതുപോലെ
നിലനിൽക്കാൻ അൻവർ പടച്ചോനോട് പ്രാർത്ഥിച്ചു. അന്നുച്ചയ്ക്ക് ഫസലിന്
ഇഷ്ടപെട്ട ചെറുമീൻ കറികൂട്ടി കഞ്ഞികൊടുത്തു.. ഫസൽ കുറച്ചു ദിവസങ്ങൾക്കുശേഷം വായ്ക്ക്
രുചിയായി ഭക്ഷണം കഴിച്ചു... ഉച്ചഭക്ഷണത്തിനുശേഷം സഫിയ അൻവറിനെ കുറച്ചുനേരം
ഫസലിനൊപ്പമാക്കി വീട്ടിലേയ്ക്ക് പോയി... അൻവർ ഭയപ്പെട്ടതുപൊലൊന്നും
സംഭവിച്ചില്ല.. ഫസൽ അവന്റെ ഉപ്പയുടെ ഒരുകാര്യവും അൻവറിനോടു ചോദിച്ചില്ല... അവൻ എന്തേലും
ചോദിക്കുമെന്നു കരുതിയതാണ് പക്ഷേ കഴിഞ്ഞ ദിവസം അങ്ങനെയൊരു സംഭാഷണം
നടന്നതായിപ്പോലും ഫസലിന്റെ പെരുമാറ്റത്തിലില്ലായിരുന്നു. ഒരുപക്ഷേ
പനികൂടിയപ്പോൾ അവന്റെ മനസ്സിലുള്ളകാര്യങ്ങൾ പുറത്തു വന്നതായിരിക്കും. അൻവർ
അങ്ങനെ കരുതി ആശ്വസിച്ചു...
സഫിയ
പോയിട്ട് വൈകുന്നേരം അത്താഴവുമായാണ് തിരിച്ചുവന്നത്... അൻവർ രണ്ടാളോടും
യാത്രപറഞ്ഞിറങ്ങി... നാളെ രാവിലെ ഡിസ്ചാർജ്ജാണെന്നും വണ്ടിയുമായി
വരാമെന്നും പറഞ്ഞ് അൻവർ പോയി...
അന്നത്തെ
ദിവസം ഫസലും സഫിയയും സുഖമായി ഹോസ്പിറ്റലിൽ കഴിഞ്ഞുകൂടി... രണ്ടുമൂന്നു
ദിവസംകൊണ്ടുതന്നെ അവിടെയുള്ള മറ്റു രോഗികളും കൂട്ടിരുപ്പുകാരുമായൊക്കെ അവർ
ഒരു നല്ല ബന്ധം സ്ഥാപിച്ചിരുന്നു. അതിലൊരു രോഗി ഫസലിനെ എവിടെയൊക്കെയോ
കണ്ടിട്ടുള്ളതുപോലെ തോന്നുന്നെന്നു പറഞ്ഞു...
ശരിയാണ്
ഫസലിന് ശരിയ്ക്കും അയാളെ അറിയാം... മറ്റാരുമല്ല ഗുരുവായൂർ ഹോട്ടലിൽ
പോയപ്പോൾ അവിടത്തെ റസ്റ്റോറന്റിലെ സപ്ലയറായിരുന്നു.. താനവിടെ രണ്ടുമൂന്നു
പ്രാവശ്യം പോയിരുന്നകാര്യവും അമ്പലത്തിൽ പോയി വരുമ്പോൾ പ്രസാദം കൊണ്ട് വന്നു കൊടുത്ത കാര്യവും അവനോർത്തു... പക്ഷേ ഫസൽ യാതൊരു പരിചയവും
കാണിക്കാൻ ശ്രമിച്ചിരുന്നില്ല... കഴിവതും അയാളിൽ നിന്നും
ഒഴിഞ്ഞുമാറിനിൽക്കാൻ അവൻ ആഗ്രഹിച്ചിരുന്നു. ഏതേലും കാരണവശാൽ തന്നെ
തിരിച്ചറിഞ്ഞാൽ... ഉമ്മ എന്തേലും അറിഞ്ഞാൽ അവനതൊന്നും ഓർക്കാനേ
സാധിച്ചില്ല... അവനാഗ്രഹം എത്രയും വേഗം ഹോസ്പിറ്റലിൽ നിന്നും ഡിസ്ചാർജ്ജായി
പോകണമെന്നായിരുന്നു..
രാവിലെ ഡോക്ടർ പരിശോധനയ്ക്കെത്തി... ഫസലിനെ കണ്ട് ഡോക്ടർ പറഞ്ഞു...
“നീയിപ്പോൾ
ഉഷാറായിരിക്കുന്നു... വീട്ടീപ്പോയാൽ ഓട്ടവും ചാട്ടവുമൊന്നും
രണ്ടുദിവസത്തേയ്ക്ക് വേണ്ട... അതു കഴിഞ്ഞ് എന്തുവേണേലും ആയിക്കോ...“
“ശരി ഡോക്ടർ...“
അൻവർ വീട്ടിൽ നിന്നും വരുമ്പോൾ അടുത്ത വീട്ടിലെ അബുക്കയുടെ ആട്ടോയുമായെത്തി... അവർ മൂവരും ഹോസ്പിറ്റലിൽ
നിന്നും പുറത്തേയ്ക്കിറങ്ങി... അപ്പോഴാണ് തന്നെ സംശയപൂർവ്വം
ശ്രദ്ധിച്ചിരുന്ന ആ പ്രായമായ മനുഷ്യൻ ഓടി അടുത്തെത്തിയത്...
“മോനേ നീ ഗുരുവായൂർ അമ്പലത്തിൽ വന്നിട്ടുണ്ടോ...“
അൻവറും
സഫിയയും നെറ്റി ചുളിച്ചു... ഈ മനുഷ്യന് ഭ്രാന്താണോ... മുസ്ലീമുകൾക്ക്
പ്രവേശനമില്ലാത്ത ഗുരുവായൂർ അമ്പലത്തിൽ ഫസലെന്തിനാ പോകുന്നേ... പനിയ്ക്ക്
ചികിത്സിക്കാൻ വന്ന ഈ മനുഷ്യന് ഭ്രാന്തായോ പടച്ചോനേ....
“ഇല്ല എനിക്ക് ഗുരുവായൂർ എവിടേന്നുപോലും അറിയില്ല...“ ഫസലിന്റെ മറുപടി ദൃഢമായിരുന്നു..
അവർ അധികനേരം അവിടെ നിന്നില്ല.. മൂവരും ഓട്ടോയിൽ കയറി വീട്ടിലേയ്ക്ക് തിരിച്ചു...
വീട്ടിലെത്തിയപ്പോൾ
നാദിറ ഓടി പുറത്തേയ്ക്കു വന്നു... ഫസലിനെ പതുക്കെ കൈപിടിച്ച് അകത്തേയ്ക്ക്
കൊണ്ടുപോയി... ഫസൽ ഒന്നും പറയാതെ കൂടെ നടന്നു... ഇടയ്ക്കിടയ്ക്ക്
നാദിറ കുശലാന്വോഷണം നടത്തുന്നുമുണ്ടായിരുന്നു...
ഫസലിനെ
അവൾ റൂമിലാക്കി അവനുള്ള ചായയെടുക്കാൻ അടുക്കളയിലേയ്ക്ക് പോയി... അവൻ
ഒറ്റയ്ക്കായപ്പോൾ അവന്റെ മനസ്സിലേയ്ക്ക് തന്റെ വാപ്പയുടെ മുഖം
തെളിഞ്ഞുവന്നു... എത്രയൊക്കെ മറക്കാൻ ശ്രമിച്ചാലും വീണ്ടും വീണ്ടും തന്റെ
സമാധാനം കെടുത്താനായി...
വാപ്പ കിടക്കുന്ന ഹോസ്പിറ്റലിൽ എന്തായിരിക്കു അവസ്ഥ എന്നകാര്യത്തിൽ അവനും ജിഞ്ജാസയുണ്ടായിരുന്നു.
ഒരുപക്ഷേ ഡിസ്ചാർജ്ജായിക്കാണുമോ.... സുഖമായി വീട്ടീ പോയെങ്കിൽ നന്നായി....
ഇനി തിരക്കി ഇവിടെങ്ങാനും വരുമോ.... വന്നാൽ താൻ എല്ലാരുടേയും മുന്നിൽ
കള്ളനായി മാറും.. കാരണം തനിക്കല്ലാതെ ഇവിടെ മറ്റാർക്കും
ഇതൊന്നുമറിയില്ലല്ലോ.... തന്റെ ഉമ്യ്ക്ക് വേണ്ടാത്തതൊന്നും തനിക്കും
വേണ്ട. അന്നു രാത്രി അവൻ നന്നായി ഉറങ്ങി...
രാവിലെ നാദിറ അവനായി ചായുമായി വന്നു... അവനെ പിടിച്ചെഴുന്നേൽപ്പികാൻ ശ്രമിച്ചപ്പോൾ അവൻ പറഞ്ഞു...
“വേണ്ടമ്മായി ഇപ്പോ എനിക്ക് കുഴപ്പമൊന്നുമില്ല...“
അവൻ തനിയെ എഴുന്നേറ്റു... ഇപ്പോൾ അവന്റെ അസുഖമെല്ലാം മാറിയിരിക്കുന്നു. പഴയതുപോലെ ഉത്സാഹം തിരിച്ചുവന്നതുപോലെ...
രണ്ടു
ദിവസം കഴിഞ്ഞു ഫസൽ സ്കൂളിലേയ്ക്ക് പോകുന്നെന്നു പറഞ്ഞ് ഹോസ്പിറ്റലിലേയ്ക്ക
പോയി... എന്തായാലും വാപ്പയെ ഒന്നു കാണുകതന്നെ... ഡിസ്ചാർജ്ജായി പോയെങ്കിൽ അഡ്രസ്സ്
വാങ്ങി വീട് കണ്ടെത്തി അവിടെയെത്തണം... ഇനിയൊരിക്കലും കാണില്ലെന്നു കരുതിയെങ്കിലും കാണാൻ
സാധിച്ചല്ലോ... ഈ ജന്മമിനി അതുമതി... തന്നെ തേടി വരുന്നതിനു മുന്നേ തന്നെ
താൻ അവിടെയെത്തി ഇനി തന്നെയും ഉമ്മയേയും തേടിവരരുതെന്ന് പറയണം... ഉമ്മയുടെ
കണ്ണീരു കാണാൻ ഇനിയും തനിക്കാവില്ല... അവൻ ആ ഉറച്ച തീരുമാനത്തിൽ
ഹോസ്പിറ്റലിലെത്തി... മൂന്നാമത്തെ നിലയിൽ വാപ്പ കിടന്ന
റൂമിലേയ്ക്കെത്തിനോക്കി.... അവിടെ മറ്റൊരു രോഗിയേയും
കൂട്ടിരുപ്പുകാരനെയുമാണ് കണ്ടത്... അവൻ അവരോടു ചോദിച്ചു.
“ഇവിടെ സർജറി കഴിഞ്ഞു കിടന്ന ഹംസക്ക അവർ പോയോ...“
“അറിയില്ല. ഞങ്ങൾ ഇന്നാണിവിടെ വന്നത്. സിസ്റ്ററിനോട് ചോദിക്ക് പറഞ്ഞുതരും.“
“അവൻ
സിസ്റ്റേഴ്സിന്റെ റൂമിലേയ്ക്ക് പോയി... അവിടെത്തുന്നതിനു മുന്നേതന്നെ
തനിക്കറിയാവുന്ന ഒരു സിസ്റ്റർ അവന്റെ മുന്നിൽവന്നുപെട്ടു. ആ സിസ്റ്ററിനോട്
കാര്യം തിരക്കി...
“സിസ്റ്റർ ഈ റൂമിൽ ഉണ്ടായിരുന്ന ആമിനയും വാപ്പയും പോയോ...“
“ആ മോനേ... നിനക്കവരെ അറിയാമോ..“
“ഇവിടെ വന്നു കണ്ടു പരിചയമാ.“
“അയ്യോ
പാവം... ആ കുട്ടിയുടെ വാപ്പ മൂന്നു ദിവസങ്ങൾക്ക് മുന്നേ പെട്ടെന്ന് അസുഖം
കൂടി മരണപ്പെട്ടു.. ആ കുട്ടി നിന്നെ ഇവിടൊക്കെ തിരക്കുന്നുണ്ടായിരുന്നു.
പിന്നീടാ അറിഞ്ഞത് നിങ്ങൾ ഡിസ്ചാർജ്ജായി പോയെന്ന്....“
“ആ
കുട്ടിയുടെ കൂടെ ആരുമില്ലായിരുന്നു... അക്കാരണത്താൽ ഹോസ്പിറ്റലിന്റെ
ചിലവിലാണ് ആംബുലൻസ് സംഘടിപ്പിച്ച് വീട്ടിലേയ്ക്ക് കൊണ്ടുപോയത്...
പറയത്തബന്ധുക്കളൊന്നുമില്ല.... അതായിരിക്കും കാരണം..
അവന്
ഭൂമി തലകീഴായി മറിയുന്നതുപോലെ തോന്നി... അറിയാതെ ഹോസിപിറ്റലിന്റെ തൂണിൽ
പിടിച്ചവൻ നിന്നു... സിസ്റ്റർ ഇതൊന്നുമറിയാതെ അവരുടെ
ജോലിത്തിരക്കുകളിലേയ്ക്ക് നടന്നകന്നു... ഫസലിന് ഒന്നും ചെയ്യാനാവാത്തവിധം
മനസ്സ് മരവിച്ചുപോയിരുന്നു... അവനും കരയാൻ പോലും കഴിയാത്ത അവസ്ഥ... താൻ
കണ്ട സ്വപ്നങ്ങൾ എല്ലാം ഒരുനിമിഷംകൊണ്ട് അവസാനിച്ചിരിക്കുന്നു. താൻ
അസുഖമായി കിടക്കുമ്പോൾ തന്റെ വാപ്പ ഇവിടെ അവസാനശ്വാസത്തിനായി
കഷ്ടപ്പെട്ടിട്ടുണ്ടാവാം... തന്നെ കാണണമെന്നാഗ്രഹിച്ചിട്ടുണ്ടാവാം... അനാഥപ്രേതംപോലെ ഇവിടെനിന്നും ഹോസ്പിറ്റലിന്റെ ചിലവിൽ.... അവന് ഓർക്കുംതോറും ദുഖം ഏറിയേറിവന്നു...
പെട്ടെന്നാണ്
ബലിഷ്ടമായ ഒരു കൈ അവന്റെ തോളിൽ വന്നുപതിച്ചത്.. അവൻ തിരിഞ്ഞു നോക്കി..
അതേ സെക്യൂരിറ്റി ഓഫീസർ സ്റ്റീഫൻ ചേട്ടൻ അവൻ അദ്ദേഹത്തെ കെട്ടിപ്പിടിച്ച്
പൊട്ടിക്കരഞ്ഞു... അവന്റെ കരച്ചിൽ അവിടെ പലരും
ശ്രദ്ധിക്കുന്നുണ്ടായിരുന്നു. സെക്യൂരിറ്റി ഓഫീസർ സ്വന്തം മകനെ
ചോർത്തടക്കിപ്പിടിക്കുന്നതുപോലെ അവനേയും ചേർത്ത്പിടിച്ച് സമാധാനവാക്കുകൾ
പറഞ്ഞ് മുകളിലത്തെ നിലയിലേയ്ക്ക് കൂട്ടിക്കൊണ്ടുപോയി... അവിടെ കൂടിയിരുന്ന
പലരും കാര്യമറിയാതെ പരസ്പരം നോക്കുന്നുണ്ടായിരുന്നു... അദ്ദേഹത്തോടൊപ്പം
റൂമിലെത്തിയ അവൻ വാവിട്ടു നിലവിളിച്ചു... അവനെ സമാധാനിപ്പിക്കാൻ
ആർക്കുമാവില്ലായിരുന്നു... തനിക്ക് ഈ ഭൂമിയിൽ ജന്മം തന്ന തന്റെ വാപ്പ ഈ
ലോകം വിട്ടു പോയിരിക്കുന്നു... അദ്ദേഹത്തന്റെ ഒരു തലോടലുപോലുമേൽക്കാനുള്ള
ഭാഗ്യം തനിക്കുണ്ടായില്ല... ഒരുനോക്കുകൂടി കാണാനുള്ള ഭാഗ്യംപോലും പടച്ചോൻ തനിക്കു നൽകിയില്ല... സെക്യൂരിറ്റി ഓഫീസർക്ക് എന്തുചെയ്യണമെന്നറിയില്ലായിരുന്നു ... അവന്റെ കരച്ചിൽ താഴത്തെ നിലയിലുള്ളവർ കേൾക്കാതിരിക്കാൻ അയാൾ ആ റൂമിന്റെ വാതിലും ജനലും കൊട്ടിയടച്ചു...
പടച്ചോന്റെ
വിധിയെ തടുക്കാനാവില്ലല്ലോ... തേടിയലഞ്ഞ വാപ്പയെ കണ്ടുമുട്ടിയപ്പോൾ
സന്തോഷം തോന്നി... ഉമ്മയുടെ മനസ്സ് വേദനിക്കാതിരിക്കാൻ അൻ എല്ലാരിൽനിന്നും
എല്ലാം ഒളിച്ചു... മകനായ അവൻ വിളിപ്പാടകലെയുണ്ടായിട്ടും അവസാനമായി ആ
മയ്യത്തുപോലും ഒന്നു നമസ്കരിക്കാനായില്ല. പ്രതീക്ഷകൾക്കപ്പുറം പടച്ചോൻ
തീരുമാനം നടപ്പിലാക്കി.... ഒരിക്കലും പ്രതീക്ഷിക്കാത്ത അന്ത്യം... താൻ ഈ
ലോകത്ത് പകുതി അനാഥനായിരിക്കുന്നു എന്ന തോന്നൽ അവനുണ്ടാകാം... ഇത്രയും നാൾ
അവൻ ജീവിച്ചത് അങ്ങനെതന്നെയായിരുന്നു. പക്ഷേ അറിവുവച്ചപ്പോൾ വാപ്പയെന്നത്
കൈയ്യെത്തും ദൂരത്താണെന്ന് മനസ്സിലാക്കി അവൻ വളർന്നു... എവിടേലും
ജീവിച്ചിരിപ്പുണ്ടാവും എന്ന ചിന്തയായിരുന്നു... പക്ഷേ യാദൃശ്ചികമായി
കണ്ടുമുട്ടിയപ്പോൾ എല്ലാം മറന്നു... തന്നേയും ഉമ്മയേയും തിരക്കി വരരുതെന്നു
പറയാനെത്തിയ അവനെ കാത്തിരുന്നത് പടച്ചോന്റെ മറ്റൊരു വിധിയായിരുന്നു.
ഇനിയൊരിക്കലും തിരക്കിവരാൻ ആ മനുഷ്യൻ ഈ ഭൂമുഖത്തില്ല... എല്ലാം ഉപേക്ഷിച്ച്
അള്ളാഹുവിൽ അഭയം പ്രാപിച്ചിരിക്കുന്നു.
"ഇന്നാലില്ലാഹി വയിന്നാ ഇലൈഹി റാജിഹൂൻ"
[ അള്ളാഹു പരലോക ജീവിതം സുഖമാക്കി കൊടുക്കട്ടെ.ഖബറിനെ വിശാലമാക്കികൊടുക്കട്ടെ ] ...ആമീൻ
തുടർന്നു വായിക്കുക അടുത്ത ഞായറാഴ്ച്ച 25 08 2019
ഷംസുദ്ധീൻ തോപ്പിൽ 18 08 2019
[ അള്ളാഹു പരലോക ജീവിതം സുഖമാക്കി കൊടുക്കട്ടെ.ഖബറിനെ വിശാലമാക്കികൊടുക്കട്ടെ ] ...ആമീൻ
തുടർന്നു വായിക്കുക അടുത്ത ഞായറാഴ്ച്ച 25 08 2019
ഷംസുദ്ധീൻ തോപ്പിൽ 18 08 2019
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ