ഓർമ്മ വച്ച നാൾ മുതൽ വാപ്പയെന്നത് കൈയ്യെത്തും ദൂരത്താണെന്ന് മനസ്സിലാക്കി
അവൻ വളർന്നു... എവിടേലും ജീവിച്ചിരിപ്പുണ്ടാവും എന്ന ചിന്തയായിരുന്നു...
പക്ഷേ യാദൃശ്ചികമായി കണ്ടുമുട്ടിയപ്പോൾ എല്ലാം മറന്നു... തന്നേയും
ഉമ്മയേയും തിരക്കി വരരുതെന്നു പറയാനെത്തിയ അവനെ കാത്തിരുന്നത് പടച്ചോന്റെ
മറ്റൊരു വിധിയായിരുന്നു. ഇനിയൊരിക്കലും തിരക്കിവരാൻ ആ മനുഷ്യൻ ഈ
ഭൂമുഖത്തില്ല... എല്ലാം ഉപേക്ഷിച്ച് അള്ളാഹുവിൽ അഭയം പ്രാപിച്ചിരിക്കുന്നു.
സ്റ്റീഫൻ
ഒരുവിധം അവനെ സമാധാനപ്പെടുത്തി. എന്നിട്ടും അവന് കരച്ചിൽ
അടക്കാനാവുന്നില്ലായിരുന്നു. എന്തെല്ലാം പ്രതീക്ഷകൾ
മനസ്സിലുണ്ടായിരുന്നു... എല്ലാം ഒരുനിമിഷംകൊണ്ട് താഴെവീണുടഞ്ഞുപോയില്ലേ...
“മോനേ ഫസലെ... നിനക്ക് കാര്യങ്ങൾ പറഞ്ഞാൽ മനസ്സിലാവുമെന്നു ഞാൻ കരുതുന്നു... നീ കുറച്ചുനേരം ഞാൻ പറയുന്നത് ശ്രദ്ധിക്കൂ..“
“അങ്കിൾ എനിക്ക് അവസാനമായി ആ മയ്യത്ത് അടക്കം ചെയ്ത പള്ളിവരെയൊന്നു പോകണം... അഡ്രസ്സ് എനിക്ക് ഒന്നു സംഘടിപ്പിച്ചു തരാമോ“
“.. മോനേ നിനക്കുവേണ്ടി ഞാൻ എന്തു സഹായം വേണേലും ചെയ്തുതരാം... നീ ഞാൻ പറയുന്നത് ശ്രധ്ധിച്ചു കേൾക്കണം ...“
“പറയൂ അങ്കിൾ..“
“നിന്റെ
വാപ്പയ്ക്ക് എന്താണ് അസുഖമെന്നതും അതിന്റെ തീവ്രതയും നീ മനസ്സിലാക്കിയിട്ടില്ലല്ലോ ...
അദ്ദേഹത്തിന് ബ്രയിൻ ട്യൂമറായിരുന്നു.. നാലു പ്രാവശ്യം സർജ്ജറി നടത്തി...
അതിലൊന്നും രക്ഷപ്പെട്ടില്ല.. നല്ല സാമ്പത്തികസ്ഥിതിയിലുണ്ടായിരുന്ന മനുഷ്യനാ... പല ആശുപത്രികളിലും മാറി മാറി കാണിച്ചു സ്വന്തമായതെല്ലാം വിറ്റു
പെറുക്കി ചികിത്സിച്ചു... അവസാനം എല്ലാം നഷ്ടപ്പെട്ടുവെന്നായപ്പോൾ സ്വന്തം
ഭാര്യപോലും ഇട്ടേച്ചുപോയി... ഇതു ദൈവവിധിയാണ്...“
“എന്നാലും“
“മോനേ...
മനുഷ്യൻ ചെയ്യുന്ന പാപങ്ങൾക്കുള്ള ശിക്ഷ ഈ ഭൂമിയിൽ തന്നെയാണ് അനുഭവിച്ചു
തീർക്കേണ്ടത്... ഉമ്മയെയും നിന്നെയും നിഷ്കരുണം ഇറക്കിവിട്ടതല്ലേ... ഞാൻ
അദ്ദേഹത്തെക്കുറിച്ച് വിശദമായി അന്വേഷിച്ചിരുന്നു. നിനക്ക് മകനൊന്നുള്ള ഒരു
അംഗീകാരവും അദ്ദേഹത്തിന്റെ നല്ല സമയത്ത് നൽകിയില്ല.. അതു പോട്ടേ...
നമുക്ക് അതൊക്കെ പിന്നീടൊരിക്കൽ സംസാരിക്കാം.
“മോനെ ഫസലെ .. വേദനകൾക്കിടയിൽ ജീവിക്കുന്നതിനേക്കാൾ നല്ലത് മരണമായിരുന്നില്ലേ. ചെയ്ത തെറ്റുകൾക്കുള്ള ശിക്ഷ മാരക രോഗം നൽകി ദൈവം ശിക്ഷിച്ചില്ലേ വേദനകൾക്കറുതി വരുത്തി ദൈവം അദ്ദേഹത്തെ വിളിച്ചത് എത്ര നന്നായി എന്ന് നമുക്ക് ആശ്വസിക്കാം . വേദനകളിലാത്ത ലോകത്തേയ്ക്കാണ്
അദ്ദേഹം പോയിരിക്കുന്നത്... നീ എന്തിനാ ഇങ്ങനെ സങ്കടപ്പെടുന്നത് ഇതു ദൈവ വിധിയാണ് അത് നമ്മൾ അംഗീകരിച്ചല്ലേ പറ്റൂ ...“
“അങ്കിൾ എന്നെ അവിടൊന്നു പോകാൻ സഹായിക്കാമോ...“
“അതിനെന്താ...
എനിക്കിന്ന് ഡ്യൂട്ടിയില്ല.. എന്റെ ബൈക്കിൽ പോകാം... ഞാൻ മോളോട് പറഞ്ഞ്
അഡ്രസ്സ് എടുത്തുവരാം... നീ ഇനി കരയരുത്... എങ്കിൽ മാത്രമേ ഞാൻ കൂടെ
വരികയുള്ളൂ... ബൈക്കിൽ പോയാലെ നിനക്ക് വൈകുന്നേരത്തിനു മുന്നേ
വീട്ടിലെത്താൻ കഴിയൂ...“
“ശരി അങ്കിൾ ഞാൻ കരയില്ല...“
സ്റ്റീഫൻ താഴത്തെ നിലയിലേയ്ക്ക് പോയി... അദ്ദേഹം ഓർക്കുകയായിരുന്നു അയാൾ ഒരു
കൗതുകത്തിനുവേണ്ടിയാണ് ഫസസലിന്റെ വാപ്പായെക്കുറിച്ച് അന്വേഷിച്ചത്...
അന്വേഷണത്തിൽ അയാളൊരു വിവാഹ വീരനായാണ് അറിയാൻ കഴിഞ്ഞത് നാലഞ്ചു ഭാര്യമാർ
അദ്ദേഹത്തിനുണ്ടെന്നും ഒരു ഭാര്യമാത്രമാണ് അവസാനകാലത്തോളം
കൂടെയുണ്ടായിരുന്നതെന്നും അറിയാൻ സാധിച്ചു. എല്ലാരേയും നിഷ്കരുണം
മൊഴിചൊല്ലി ഉപേക്ഷിക്കുകയായിരുന്നു. കൈക്കരുത്തിന്റെയും പണത്തിന്റെയും
ചോര തിളപ്പിന്റെയും ബലത്തിൽ പലതും കാട്ടിക്കൂട്ടി... അവസാനം സ്വന്തം ബന്ധുക്കൾപോലും അയാളെ
തള്ളിപ്പറഞ്ഞെന്നാണ് അറിയാൻ കഴിഞ്ഞത്. അതങ്ങനെയാണ്.. മനുഷ്യൻ അഹങ്കാരിയായാൽ
അവന് ലഭിക്കേണ്ടത് എന്താണോ അത് കൃത്യമായിത്തനെ ലഭിക്കുമെന്നുള്ളത്
ഇദ്ദേഹത്തിന്റെ ജീവത്തിൽ നിന്നുതന്നെ മനസ്സിലാക്കാം.. ഇതൊന്നും അവനോട്
പറയേണ്ടതില്ല. കാരണം ആ കുഞ്ഞുമനസ്സിൽ വാപ്പയെന്നുള്ള സ്നേഹംമാത്രമാണ്
നിറഞ്ഞ് നിൽക്കുന്നത്. ഐ.സി.യുവിൽ കാണാൻവന്ന ഒരു ബന്ധുവാണ് തന്നോട്
ഇക്കാര്യങ്ങളൊക്കെ വിശദമായി സംസാരിച്ചത്... പണത്തിന്റെ ബലത്തിൽ അക്കാലത്ത്
നാട്ടാരെ ഒപ്പം നിർത്താനും അയാൾക്ക് സാധിച്ചിരുന്നു. ആയതിനാൽ പരാതിയുമായി
വരുന്നവരെ വിരട്ടിഓടിക്കാനും സാധിച്ചിരുന്നു.
കാട്ടിക്കൂട്ടിയ
ദുഷ്ടത്തരങ്ങൾക്ക് യാതൊരു കുറവുമില്ലായിരുന്നു. അസുഖബാധിതനായതിനുശേഷമാണ്
കുറച്ചൊരു കുറവുവന്നത്. രണ്ട് പെൺമക്കളെയും വിവാഹംകഴിപ്പിച്ചയച്ചു...
കെട്ടിയോൻമാരാരും നല്ല കുടുംബത്തിൽനിന്നുള്ളവരുമായിരുന്നില്ല.. കാരണം
ഇയാളെക്കുറിച്ച് അറിയാവുവന്നവരാരും ആ കുടുംബത്തിലേയ്ക്ക്
വരില്ലെന്നുറപ്പായിരുന്നു. എന്തായാലും ഫസലും അവന്റെ ഉമ്മയും
രക്ഷപ്പെട്ടെന്നുവേണം പറയാൻ.. കൂടുതൽ കബളിപ്പിക്കലിന് ഇരയാകുന്നതിനു മുന്നേ
അവർ രണ്ടുപേരും അവിടെനിന്നു രക്ഷപ്പെട്ടല്ലോ... അതിനു ശേഷമായിരുന്നു അയാൾ
മറ്റു നിക്കാഹുകൾ നടത്തി ആ വീട്ടിലേയ്ക്ക അവരേയും കൊണ്ടുവന്നത്. ആദ്യ ഭാര്യ
ഇതിനെല്ലാം കൂട്ടായിരുന്നു. തിരക്കഥയെന്നവണ്ണം എല്ലാത്തിന്റെയും അവസാനം
കൃത്യസമയത്ത് പ്രതികരിക്കുയും പുതുതായി വരുന്ന ഭാര്യയെ നിഷ്കരുണം
പുറത്താക്കുകയും ചെയ്യും... ഇതെല്ലാം നാട്ടിൽ പാട്ടാണ്.. പാവം ഫസലും
ഉമ്മയും അവരറിയാതെ ആ കെണിയിൽച്ചെന്ന് ചാടി. ഇതൊന്നും അവനറിയേണ്ട എന്നുതന്നെ
സ്റ്റീഫൻ തീരുമാനിച്ചിരുന്നു.
ഫസൽ ഓരോനിമിഷവും
നിറിനീറി ഇരിക്കുകയായിരുന്നു. തന്റെ ജീവിതത്തിൽ ഏറ്റവും നിർണ്ണായകമായ
ഒരവസ്ഥയാണ് ഇതെന്ന് അവന് തോന്നി... ഇങ്ങനെയൊരു സന്ദർഭം ഒരിക്കലും അവൻ
പ്രതീക്ഷിച്ചിട്ടില്ല. തനിക്ക് ഉമ്മയോട് പറഞ്ഞ് പൊട്ടിക്കരണമെന്ന
ആഗ്രഹമുണ്ട്... അൻവറിയ്ക്കയോടെങ്കിലും... അല്ലെങ്കിൽ ഉപ്പൂപ്പയോട് .... വേണ്ട
ആരോടും പറയേണ്ട..... ഇനി പറഞ്ഞാൽ അവരുടെ പ്രതികരണം എന്താവുമെന്നറിയില്ല...
തന്നെയും ഉമ്മയേയും നിഷ്ക്കരുണം ഇറക്കിവിട്ടപ്പോൾ തങ്ങൾക്ക് അഭയം നൽകി
സഹായിച്ചവർ ധാരാളമുണ്ട്... ഉമ്മ ചെയ്യാത്ത ജോലികളില്ല..
വീട്ടു വേലക്കാരിയെന്ന നിലയിലാണ് അറിയപ്പെടുന്നതുതന്നെ... അതിനെല്ലാം കാരണം ഈ
മനുഷ്യൻ തന്നെയല്ലേ...
ഇതൊക്കെ തന്റെ ഉള്ളിൽ തന്നെ
ഇരിക്കട്ടെ... ആരുടേയും മനസമാധാനം വെറുതേ കളയേണ്ടതില്ലല്ലോ ... മരണത്തോടുകൂടി
എല്ലാം കഴിഞ്ഞിരിക്കുന്നു... ഇനി വാപ്പയെന്നുള്ള ബിംബം മനസ്സിൽ മാത്രം
സൂക്ഷിച്ചാൽ മതി... ആർക്കും ഇനി ഒരിക്കലും കാണാനാകാത്ത അകലത്തേലേയ്ക്ക്
പോയിരിക്കുന്നു. ഒരുകാര്യമോർത്താൽ മരണം അദ്ദേഹത്തിനു മോക്ഷം
നൽകിയിരിക്കുന്നു. എന്തുമാത്രം വേദനസഹിച്ചിട്ടുണ്ടാവും... തന്റെ അർദ്ധ സഹോദരി ഒറ്റയ്ക്കായിക്കാണും... അവൾക്കാരായിരിക്കും ഇനി തുണയായുണ്ടാവുക...
അവൻ മനസ്സിൽ ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ അലയടിച്ചുകൊണ്ടിരുന്നു. ഓരോ
നിമിഷങ്ങളും ഓരോ ദിവസങ്ങളായി അവനു തോന്നി. എത്രയും വേഗം സ്റ്റീഫൻ അങ്കിൾ
വന്നെങ്കിൽ.. അവൻെറ ദുഖാർത്ഥമായ മനസ്സ് മറ്റാർക്കും
മനസ്സിലാവുമായിരുന്നില്ല...
സമാധാനപ്പെടാൻ
ശ്രമിക്കുന്നെങ്കിലും കണ്ണിൽനിന്നും കണ്ണുനീർ ധാരധാരയായി
ഒഴുകുന്നുണ്ടായിരുന്നു. പലരോടും വാപ്പ ഗൾഫിലാണെന്ന് കള്ളം പറഞ്ഞിട്ടുണ്ട്.
അന്നൊന്നും ഒരിക്കലും വാപ്പയെ കണ്ടുമുട്ടുമെന്നവൻ കരുതിയതേയില്ല...
കുട്ടിക്കാലത്ത് കണ്ട മുഖം പലപ്പോഴും ഓർത്തെടുക്കാറുണ്ടായിരുന്നു...
ആരുംകാണാതെ ഉമ്മ തന്റെ പെട്ടിയിൽ സൂക്ഷിച്ചിരുന്ന ഫോട്ടോ ഉമ്മയറിയാതെ
കൂടെക്കൂടെ താൻ എടുത്തുനോക്കാറുമുണ്ടായിരുന്നു. അന്നൊന്നും
വാപ്പയെക്കുറിച്ച് ഉമ്മയോടു ചോദിച്ചിട്ടേയില്ല... അപ്രതീക്ഷിതമായ ഒരു
ചുറ്റുപാടിൽ കണ്ടപ്പോൾ എല്ലാ നിയന്ത്രങ്ങളും വിട്ടുപോയി....
അല്പനേരത്തിനകം സ്റ്റീഫൻ ഒരു പേപ്പറുമായി വന്നു. അവരുടെ വീട്ടുപേരും അഡ്രസ്സും ടെലിഫോൺ
നമ്പറുമുണ്ടായിരുന്നു. ഇത് എന്നെങ്കിലും ഫസൽ വരുകയാണെങ്കിൽ
കൊടുക്കണമെന്നുപറഞ്ഞ് അവൾതന്നെ അവിടെ റിസപ്ഷനിൽ ഏല്പിച്ചുപോയതാണ്. ഇതൊന്നും
ഫസലിനോട് ഇപ്പോൾ പറയേണ്ട എന്നു സ്റ്റീഫൻ തീരുമാനിച്ചുറച്ചാണ് അകത്തേയ്ക്ക്
കയറിയത്...
“ഫസലേ നമുക്ക് അഡ്രസ്സ് കിട്ടി...
ഇപ്പോൾ പുറപ്പെട്ടാൽ ഏകദേശം 2 മണിയോടുകൂടി ഉപ്പയുടെ നാട്ടിൽ എത്താം ... ഇവിടെനിന്നും
ഏകദേശം നൂറിലധികം കിലോമീറ്റർ ദുരമുണ്ട്.. എളുപ്പവഴിയേതേലും ഉണ്ടോന്നു
പോകുവന്നവഴിക്ക് അന്വോഷിക്കാം... നീ കുറച്ച് വെള്ളം കുടിച്ചേ... മരിച്ച ആൾ
പോയില്ലേ... ഇത്രയും ദിവസങ്ങളുമായി ഇനി അതോർത്ത് വിഷമിക്കേണ്ട...“
അവൻ
അവിടെ തനിക്കായി കരുതിയ വെള്ളം കുടിച്ചു... അവന് നല്ല ദാഹമുണ്ടായിരുന്നു..
വിഷമങ്ങളൊക്കെ അല്പാല്പമായി കുറഞ്ഞു വരുന്നതുപോലെ സ്റ്റീഫന് തോന്നി...
അവർ
രണ്ടുപേരും ഹോസ്പിറ്റൽ റൂമിൽ നിന്നും പുറത്തിറങ്ങി.. സ്റ്റെപ്പിലൂടെ താഴത്തെ നിലയിലെത്തി... പാർക്കിങ്ങിൽ കിടന്ന സ്റ്റീഫന്റെ സ്കൂട്ടറിൽ കയറി, ഫസലിനോട് ശ്രദ്ധിച്ച് പിടിച്ചിരിക്കാൻ പറഞ്ഞു.
ഹെൽമറ്റ് ധരിച്ച് സ്റ്റീഫൻ വണ്ടി മുന്നോട്ടെടുത്തു...
വർഷങ്ങൾക്ക്
ശേഷം വീണ്ടും താൻ ജനിച്ചു വളർന്ന ആ നാട്ടിലേയ്ക്കുള്ള യാത്ര... യാതൊരു ബന്ധവുമില്ലെങ്കിലും സ്റ്റീഫൻ എന്ന നല്ല മനുഷ്യൻ ഒരു രക്ഷകനായി അവിടെത്തിയെന്നുള്ളത് ഒരു
നിയോഗമായിരിക്കാം. തന്റെ വിഷമം കണ്ടിട്ട് സഹായിക്കാനെത്തിയ അദ്ദേഹത്തെ അവന്
ഒരിക്കലും മറക്കാനാവില്ല. യാത്രയിൽ സ്റ്റീഫൻ കൂടുതലൊന്നും സംസാരിച്ചില്ല...
ഇടയ്ക്കിടയ്ക്ക് വെള്ളം വല്ലതും കുടിയ്ക്കണോ... നിർത്തണോ എന്നുള്ള
ചോദ്യങ്ങൾ മാത്രം.. അവന്റെ മനസ്സു മുഴുവൻ വാപ്പയേയും അവന്റെ അർദ്ധ സഹോദരിയേയും കുറിച്ചുള്ള ചിന്തകളായിരുന്നു.
യാത്രയ്ക്കിടയിൽ അവർ ഒരു കടയുടെ മുന്നിൽ നിർത്തി.
“ഫസലേ
നമ്മൾ പകുതി ദൂരം പിന്നിട്ടിരിക്കുന്നു. ഇനിയും യാത്ര തുടരേണ്ടതുണ്ട്..
നമുക്ക് ദാഹം തീർത്തിട്ട് പോകാം.. ഇവിടെ നിന്നും ജ്യൂസും
ലൈറ്റായിട്ടെന്തെങ്കിലും കഴിയ്ക്കാം. ചിലപ്പോൾ പോകുന്നവഴിയ്ക്ക് ഭക്ഷണം
കിട്ടിയില്ലെങ്കിൽ എന്തുചെയ്യും.“
അദ്ദേഹം
പറയുന്നത് ശരിയാണെന്ന് അവനും തോന്നി. വിശപ്പും ദാഹവുമില്ലെങ്കിലും ജ്യൂസ്
അവൻ കുടിച്ചു തീർത്തു... തിന്നാൻ തനിക്കൊന്നും വേണ്ടെന്നും പറഞ്ഞു. ആ
കടക്കാരനിൽ നിന്നും അങ്ങോട്ടേയ്ക്കുള്ള എളുപ്പവഴി മനസ്സിലാക്കി.. ഏതാനും
വയലേലകളിലൂടെയുള്ള യാത്ര.. അത്ര നല്ല റോഡല്ലെങ്കിലും വേഗം എത്തിച്ചേരാൻ
സാധിക്കുമെന്നു പറഞ്ഞു..
അവർ വീണ്ടും വണ്ടിയിൽ
കയറി.. രണ്ടുപേരും നിശ്ശബ്ദരായിരുന്നു.. അവൻ മനസ്സിൽ കരുതി. ഇത്ര ദൂരം
വരുന്നതിന് എന്തായാലും നല്ലൊരു തുക പെട്രോളിനാകും.. താൻ കുറച്ചു
തുകയുമായാണ് വന്നത്.. ഏകദേശം ഒരു പതിനായിരം രൂപ കാണും... അതിൽനിന്ന്
കുറച്ചു തുക ഇദ്ദേഹത്തിനു കൊടക്കണം. ഇതേപോലെ ഉപകാരികളായ മനുഷ്യരെ ഈ ലോകത്ത്
വേറെവിടെക്കാണാനാകും. പലരും തന്നോട് അടുപ്പം കാണിച്ചിട്ടുള്ളത് നന്നെ
ശാരീരികമായി ഉപയോഗിക്കാൻ വേണ്ടി മാത്രമായിരുന്നു. പക്ഷേ സ്റ്റീഫൻ അങ്കിൾ
അങ്ങനെയല്ല, അദ്ദേഹം തികച്ചും വ്യത്യസ്തനായ ഒരു മനുഷ്യൻ എല്ലാരോടും വളരെ
കരുണയോടെ പെരുമാറുന്നു, സംസാരത്തിൽ ദേഷ്യഭാവമേ ഉണ്ടാവാറില്ല..
ഒരു കവലയിലെത്തിയപ്പോൾ അവിടെ കണ്ട മുറുക്കാൻ കടയിലേയ്ക്ക് സ്റ്റീഫൻ കയറി... അദ്ദേഹത്തോട് അഡ്രസ് കാണിച്ച് സ്ഥലം മനസ്സിലാക്കി.
“ഫസലേ
നമ്മൾ ലക്ഷ്യത്തിലെത്തിയിരിക്കുന്നു. ഈ വളവ് തിരിഞ്ഞാൽ കാണുന്ന
ചെമ്മൺപാതയിലൂടെയാണ് നമുക്ക് പോകേണ്ടത്. രണ്ടുമിനിറ്റിനുള്ളിൽ
നമുക്കവിടെത്താം...“
അവന് മറുപടി പറഞ്ഞില്ല,
തലയാട്ടുകമാത്രമാണ് ചെയ്തത്.. മനസ്സിൽ ദുഖം വീണ്ടും
ഉരുണ്ടുകൂടുകയായിരുന്നു. തന്റെ അർദ്ധ സഹോദരിയാണെന്നുള്ള കാര്യം തന്റെ വാപ്പ
അവളോട് പറഞ്ഞു കാണുമോ... അങ്ങനെയെങ്കിൽ അവൾ തന്നെ തിരിച്ചറിയില്ലേ...
തന്നെത്തിരക്കി അവൾ ഒരുപക്ഷേ വീട്ടിലേയ്ക്ക് വന്നാലോ... വരുന്നതുവരട്ടെ...
പടച്ചോൻ കാത്തോള്ളും..
അവരുടെ യാത്ര ഒരു
ഓലക്കുടിലിനു മുന്നിലെത്തി നിന്നു. മുറ്റത്തെ പേരമരം.. അതിനു സമീപമായി ഒരു
തെങ്ങ്.. അവൻ ഓരോന്ന് ഓർത്തെടുക്കാൻ ശ്രമിച്ചു... ആ വീട് അടഞ്ഞ്
കിടക്കുന്നു. മുറ്റം നിറയെ പുല്ലു പിടിച്ചു കിടക്കുന്നു.
വേലികെട്ടിയിരുന്നത് പലയിടത്തും പൊളിഞ്ഞുപോയിരിക്കുന്നു.
അവർ
രണ്ടാളും മുറ്റത്തേയ്ക്ക് കയറി. അവിടെ ഭിത്തിയിലായി ഒരു നോട്ടീസ്
ഒട്ടിച്ചിരിക്കുന്നു. എന്താണെന്നറിയാൻ സ്റ്റീഫൻ വരാന്തയിലേയ്ക്ക് കയറി...
അപ്പോൾ അയൽവീട്ടിലെ വേലിക്കൽ നിന്നും ഒരു സ്ത്രീശബ്ദം.
“ആരാ... എവിടുന്നാ... ബേങ്കീന്നാ.... ലേലം കഴിഞ്ഞോ?...“
സ്റ്റീഫന് കാര്യം പിടികിട്ടിയില്ല..
“അല്ല... ഞങ്ങൾ........ ഹംസക്കയെ അന്വോഷിച്ച് വന്നതാണ്..“
“പടച്ചോനെ ... മൂന്നുനാലു ദിവസം മുന്നേ അയാൾ മരണപ്പെട്ടല്ലോ... ഇവിടടുത്ത് പള്ളിയിലായിരുന്നു മറവു ചെയ്‌തത് ...“
“ബന്ധുക്കളൊക്കെ എവിടെയാ താമസം... മക്കളിവിടില്ലേ?“
“ഇവിടാരുമില്ല..
ചികിത്സയ്ക്കായി പുരയിടം ബാങ്കിൽവച്ച് പണമെടുത്തു. തിരിച്ചടയ്ക്കാതായപ്പോൾ
ബാങ്ക് നോട്ടീസ് പതിച്ചു. ഇന്ന് ലേലമാണെന്നാ എന്റെ മോൻ പറഞ്ഞേ... അല്ല
നിങ്ങളെവിടുന്നാ... അയാൾടെ ബന്ധുവാണോ... അതോ പണംകടംകൊടുത്ത ആരേലുമാണോ..“
“അയാൾ
എന്റെ സുഹൃത്തായിരുന്നു. നാട്ടിൽവന്നപ്പോൾ സുഖമില്ലാന്നറിഞ്ഞു...
കാര്യങ്ങൾ അറിഞ്ഞുപോകാമല്ലോ എന്നു കരുതിവന്നതാ... അറിഞ്ഞപ്പോൾ അതിലേറെ
ദുഖവുമായി സ്റ്റീഫൻ ഒന്നുമറിയാത്തവനെപ്പോലെ അഭിനയിക്കുകയായിരുന്നു. ഫസലും
മറുത്തൊന്നും പറഞ്ഞില്ല അവൻ നിശബ്ധനായി നിന്നു. മുഖത്തെ ദുഖം ആരും
അറിയാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചു.
“ഓ
അങ്ങനായിരുന്നോ.. അയാൾക്ക് രണ്ട് പെൺമക്കളാ... രണ്ടാളേയും കെട്ടിച്ചു..
ഇളയവള്മാത്രമാ ഇപ്പോ ഇവിടുള്ളത്.. അവര് താഴെ ഒരു വീട് വാടകയ്ക്കെടുത്തു
താമസിക്കുന്നു. ഇവിടെനിന്നും ബാങ്ക് ഇറക്കിവിട്ടില്ലേ...
വേറെവിടെപ്പോകാനാ..“
“പിന്നേ... ആയാൾക്ക് വേറേയും
ഭാര്യമാരുണ്ടായിരുന്നു.. അതിൽ ഒരു ഭാര്യയ്ക്ക് ഒരു ആൺകുട്ടിയുണ്ടെന്നാ
കേട്ടത്.. പക്ഷേ അത് എവിടെയാണെന്നാർക്കുമറിയില്ല... എന്തായാലും ഈ ദുഷ്ടന്റെ
കൈയ്യീന്ന് രക്ഷപ്പെട്ടല്ലോ..“
ഫസലിന്റെ ഉള്ളിൽ ഒരു ഞെട്ടൽ അനുഭവപ്പെട്ടു... തന്നെ ഒരിക്കലും ആരും തിരിച്ചറിയരുത്... അറിഞ്ഞാൽ വളരെവലിയ പ്രത്യാഘാതമുണ്ടാകും...
സ്റ്റീഫൻ ചിന്തിക്കുകയായിരുന്നു.. ഇവനെ ഇന്നാട്ടിൽ ആരും തിരിച്ചറിയാൻ പാടില്ല...
അങ്ങനെ അറിഞ്ഞാൽ അവന്റെ വാപ്പ ഉണ്ടാക്കിവച്ച ബാധ്യതയ്ക്ക് ഇവൻ ഉത്തരം
നൽകേണ്ടിവരും. വേണ്ട ഒന്നുമറിയാത്ത ഈ നിഷ്കളങ്കബാലനെ ബലികൊടുക്കാനാവില്ല..
“പിന്നേ.. ഹംസക്കയെ മറവു ചെയ്ത പള്ളി കവലയിൽ ചെന്ന് ചോദിച്ചാൽ മതി അവർ പറഞ്ഞു തരും.
മരിച്ചു കഴിഞ്ഞാൽ എല്ലാരും ഒരുപോലല്ലേ... മരണപ്പെട്ടവരെക്കുറിച്ച് ഒന്നും
പറയാൻ പാടില്ലെന്നാ ഖുറാനിൽ പറയുന്നേ... അതുകൊണ്ട് ഞാൻ പറഞ്ഞതൊന്നും
കാര്യാക്കണ്ടാ... ഇല്ലാത്തതൊന്നും പറഞ്ഞിട്ടുമില്ല..
“ഈ കുട്ടിയാരാ... മോനാണോ.“
“അതേ ഇവൻ എന്റെ മോനാ... ഞങ്ങൾ രണ്ടാളുംകൂടിയാ വന്നത്...“
അവർ രണ്ടാളും അവിടെനിന്നിറങ്ങി സ്കൂട്ടറിൽ കയറി... അവർ പോകുന്നതുവരെ ആ സ്ത്രീ അവരെത്തന്നെ നോക്കി നിൽക്കുകയായിരുന്നു.
സ്കൂട്ടർ
പള്ളി ലക്ഷ്യമാക്കി തിരിച്ചു കവലയിൽ എത്തി പള്ളി ചോദിച്ചപ്പോ പള്ളി പറഞ്ഞു കൊടുത്തു ... അല്പസമയത്തിനകം അവർ പള്ളിക്കു
മുന്നിലെത്തി. അവിടെങ്ങും നിശബ്ധതയായിരുന്നു. ആരേയും അവിടെ
കാണാനുണ്ടായിരുന്നില്ല.. റോഡ് സൈഡിൽ സ്‌കൂട്ടർ നിറുത്തി രണ്ടാളും പള്ളി മുറ്റത്തേക്ക് നടന്നു .പലരുടേയും ഖബറിടം
അവർ കണ്ടു.. പുതിയ കബറിടം എവിടായിരിക്കുമെന്ന് അവർ രണ്ടാളും
തിരയുകയായിരുന്നു.
“ആരാ... എന്താ വേണ്ടേ...“ (അല്പം പ്രായമായ ഒരു മനുഷ്യൻ നരച്ച താടി നീട്ടി വളർത്തിയിരിക്കുന്നു.. തലയിൽ വെള്ള ഷാൾ ചുറ്റിയിട്ടുണ്ട..“
ഞങ്ങൾ
ദൂരെനിന്നു വരികയാ... എന്റെ സുഹൃത്തായിരുന്നു......ഹംസ ഇവിടെയെത്തിയപ്പോൾ മരിച്ചുപോയെന്നറിഞ്ഞു. ഒന്നു പ്രാർത്ഥിച്ചിട്ടു പോകാമെന്നു കരുതി
വന്നതാ..
“അതിനെന്താ... ആ കാണുന്ന തെങ്ങിന്റെ
അപ്പുറത്താ മറവു ചെയ്തിരിക്കുന്നേ... നാലഞ്ചു ദിവസമല്ലേ ആയുള്ളൂ... പോയി
പ്രാർത്ഥിച്ചോളൂ... ഏതാ ഈ കുട്ടി.“
“ഇവൻ എന്റെ മോനാ...“
“ഓഹോ... അങ്ങനെയാകട്ടെ...“
അവർ
രണ്ടാളും പറഞ്ഞ അടയാളം ലക്ഷ്യമാക്കി മറ്റു കബറുകൾക്കിടയിലൂടെ നടന്നു.. ഫസലിന്റെ മനസ്സിൽ ദുഖം
വീണ്ടും അണപൊട്ടിയൊഴുകി... കരയാതിരിക്കാൻ അവൻ കഠിനമായി
ശ്രമിക്കുകയായിരുന്നു. കരഞ്ഞാൽ ഒരുപക്ഷേ തന്നെ ഇവിടെയെല്ലാരും
തിരിച്ചറിയും... അതു വലിയ പൊല്ലാപ്പാകും.. വേണ്ട... ധൈര്യം കൈവിടാൻ
പാടില്ല.. ആ പിഞ്ചു ബാലൻ തന്റെ ലക്ഷ്യസ്ഥാനത്തെത്തി... ഈറനായ കണ്ണുകളോടെ കബറിന് മുകൾ ഭാഗത്ത് വച്ച കല്ലിൽ കൊത്തിയ പേര് വായിച്ചു....
“.... ഹംസ ഹാജി പുളിക്കത്തൊടിക..."
തുടർന്നു വായിക്കുക അടുത്ത ഞായറാഴ്ച്ച 01 09 2019
ഷംസുദ്ധീൻ തോപ്പിൽ 25 08 2019
ഷംസുദ്ധീൻ തോപ്പിൽ 25 08 2019
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ