7.3.20

നിഴൽവീണവഴികൾ - ഭാഗം - 64


 
ഫസൽ പല്ല്തേയ്ച്ച് കുളിച്ച് കാപ്പികുടിക്കാനായി താഴേയ്ക്ക് പോയി. എല്ലാവർക്കുമൊപ്പം കാപ്പികുടിച്ചു.

“ഫസലേ.. എല്ലാം പഠിച്ചു കഴിഞ്ഞോ?“... ഹമീദിന്റെ ചോദ്യത്തിന് അവൻ സന്തോഷപൂർവ്വം ഉത്തരം നൽകി..

“എല്ലാം പഠിച്ചിട്ടുണ്ട്... പക്ഷേ പഠിച്ചതുതന്നെ ചോദിക്കണം.“

അങ്ങനെ പരീക്ഷാദിവസം വന്നെത്തി... പതിവിലും ഉത്സാഹത്തിലായിരുന്നു ഫസൽ.. എന്തെന്നാൽ പരീക്ഷ നന്നായി എഴുതാമെന്ന ഒരു വിശ്വാസം രണ്ടാമത് ഐഷുവിനെ കാണാനുമാവും... അവൻ രാവിലെ തന്നെ ഉറക്കമുണർന്നു. ഹാൾടിക്കറ്റും മറ്റും എടുത്തുവച്ചു. കുറച്ചു നേരത്തേ തന്നെ ഇറങ്ങാമെന്നു കരുതി.. എല്ലാവർക്കും വലിയ പ്രതീക്ഷയാണ് ഫസലിന്റെ കാര്യത്തിൽ... അത് അവനും അറിയാം.. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തനിക്ക് പഠിക്കാൻ വേണ്ട സാഹചര്യങ്ങളെല്ലാം വീട്ടുകാർ ഉണ്ടാക്കിത്തന്നിരുന്നു. 

രാവിലെ അൻവർ ഭാര്യയേയും കൂട്ടി ഹോസ്പിറ്റലിലേയ്ക്ക് പോയി.. അവരുടെ സന്തോഷവും പറഞ്ഞറിയിക്കാൻ പറ്റാത്തരീതിയിലായിരുന്നു. നാദിറയുടെ വാപ്പയോട് കാര്യങ്ങളൊന്നും പറഞ്ഞിരുന്നില്ല.. തിരികെ വരുന്നവഴിയിൽ അവിടെ കയറി ഉമ്മയോടും വാപ്പയോടും കാര്യങ്ങൾ പറയാമെന്നു കരുതി.

ഫസൽ ഉപ്പയുടെഅടുത്തുനിന്ന് അനുഗ്രഹം വാങ്ങി... എല്ലാവരുടേയും അനുഗ്രഹത്തോടെ അവൻ പരീക്ഷയ്ക്കയി പുറപ്പെട്ടു.. അൻവർ രാവിലെ വണ്ടിയിൽ കൊണ്ടാക്കാമെന്നു പറഞ്ഞതാ പക്ഷേ അവന് ബസ്സിൽതന്നെ പോകണം.. എന്നാലേ സ്കൂളിൽ പോകുന്ന ഒരു ഫീലുള്ളൂഎന്നാണ് അവന്റെ പക്ഷം.

സ്കൂളിന്റെ നടയ്ക്കൽ ബസ്സിറങ്ങി.. ചുറ്റുമൊന്നു കണ്ണോടിച്ചു... ടെൻഷൻ നിറഞ്ഞ മുഖഭാവുമായാണ് ഒട്ടുമിക്ക കുട്ടികളും നിന്നിരുന്നത്... തനിക്കെന്താ ടെൻഷൻ തോന്നാഞ്ഞത്.. അവൻ സ്വയം ചോദിച്ചു. ഒരുപക്ഷേ അമിതമായ ആത്മവിശ്വാസമാവാം.. അവൻ തന്റെ പരീക്ഷാ ഹാൾ ഏതാണെന്ന് കണ്ടുപിടിച്ചു, കൂട്ടത്തിൽ ഐഷുവിന്റെയും... അവന്റെ ക്ലാസ്റൂമിലെ ഡസ്കിലെഴുതിയ നമ്പർ വ്യക്തമായി വായിച്ചു. ഹാൾടിക്കറ്റുമായി ഒത്തുനോക്കി.. എല്ലാം കറക്ട്.. അതുകഴിഞ്ഞ് അവൻ പുറത്തേയ്ക്കിറങ്ങി.. അവളുടെ പരീക്ഷാഹാളിനടുത്തെത്തി.. ഇല്ല അവൾ വന്നിട്ടില്ല... തലയിൽ തട്ടമിട്ട് തിളക്കമുള്ള കണ്ണുകളിൽ ഒളിപ്പിച്ച കുസൃതിയുമായി ഹൃദയത്തിലേയ്ക്ക് പാഞ്ഞുകയറുന്ന ചിരിയുമായി അവളിപ്പോൾ വരുമായിരിക്കും.. അവൻ അൽപനേരം അവിടെ ചുറ്റിപ്പറ്റി നിന്നു. അപ്പോൾ പിന്നിൽ നിന്നും ഒരു കൈ അവന്റെ തോളിൽ പതിച്ചു.. തിരിഞ്ഞു നോക്കി. താൻ പ്രതീക്ഷിച്ച ആൾതന്നെ.. 

“എന്താ ഇവിടൊരു ചുറ്റിക്കളി...“

“ഏയ് ഒന്നുമില്ല.. വെറുതേ...“

“വേണ്ട.. എല്ലാം മറഞ്ഞുനിന്ന് ഞാൻ കാണുന്നുണ്ടായിരുന്നു. പിന്നെ. ആദ്യം പരീക്ഷ പാസ്സാക്.. എന്നിട്ട് മതി ഇതൊക്കെ...“

“അതിന് ഞാനെല്ലാം പഠിച്ചു.. പാസ്സാകുമെന്നുറപ്പാണ്. പക്ഷേ...“

“എന്ത് പക്ഷേ...“

“ഇല്ല ഒന്നുമില്ല..“

“പിന്നെ.. വേഗം ക്ലാസിലേയ്ക്ക് പൊയ്ക്കോ.. ബുക്കൊക്കെ എടുത്തു വായിച്ചുറപ്പിച്ചാട്ടേ...“

അവൻ അനുസരണയുള്ള കുഞ്ഞിനെപ്പോലെ മുന്നോട്ടു നടന്നു... നാലഞ്ചു ചുവടുകൾ നടന്നുകഴിഞ്ഞ് തിരിഞ്ഞു നോക്കി.. അവൾ അവനെത്തന്നെ നോക്കി നിൽക്കുന്നുവെന്ന് അവന് മനസ്സിലായി..

അവൻ ചോദിച്ചു... “എന്താ...“

അവളുടെ കണ്ണുകൾ രണ്ടും ഒരുനിമിഷം ഒരുമിച്ചു ചിമ്മി... നാണത്തോടെ ക്ലാസിനകത്തേയ്ക്ക് കയറിപ്പോയി...

അവൻ ക്ലാസ്സിലെത്തി.. പുസ്തകങ്ങളെല്ലാമൊന്നു മറിച്ചു നോക്കി..  അൽപ നേരത്തിനകം ആദ്യ ബെല്ലു മുഴങ്ങി.. ക്ലാസിൽ സാറെത്തി... എല്ലാവരുടേയും ഹാൾടിക്കറ്റുകൾ പരിശോധിച്ചു. ചോദ്യപ്പേപ്പർ നൽകാനുള്ള ബെല്ലടിച്ചു... തന്റെ അടുത്തെത്തിയപ്പോൾ എഴുന്നേറ്റു നിന്ന് വളരെ വിനയത്തോടെ സാറിൽ നിന്ന് ചോദ്യപേപ്പർ വാങ്ങി... ഒരുനിമിഷം നെഞ്ചോടു ചേർത്തുവച്ചു പടച്ചോനെ വിളിച്ചു... ഇരുന്ന് തിരിച്ചും മറിച്ചും നോക്കി.. അവന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല.. എല്ലാം എളുപ്പമുള്ള ചോദ്യങ്ങൾ ഐഷു തനിക്കു എഴുതിതന്ന ചോദ്യങ്ങളാണിതുമെന്നവനു തോന്നി.. അവൻ ചോദ്യങ്ങൽ ഓരോന്നും വായിച്ച് അതിനുള്ള ഉത്തരങ്ങൾ എഴുതാൻ തുടങ്ങി... എല്ലാ ചോദ്യങ്ങൾക്കും ഉത്തരം നൽകിയെന്ന് അവൻ ഉറപ്പുവരുത്തി. പരീക്ഷ തീരുന്നതിനും അഞ്ചു മിനിട്ടു മുന്നേ തന്നെ എഴുതിത്തീർന്നു. എന്നാലും ഒന്നോടിച്ചു വല്ല തെറ്റുകളുമുണ്ടോയെന്നു നോക്കി ഉറപ്പുവരുത്തി.. അവനെ ഏറെ അത്ഭുതപ്പെടുത്തിയത് ഐഷു തനിക്ക് നൽകിയ ചോദ്യപ്പേപ്പറിലെ ചോദ്യങ്ങൾക്ക് സമാനമായിരുന്നു ഇന്ന് ചോദിച്ച ചോദ്യങ്ങൾ... ഉത്തരക്കടലാസ് നൽകേണ്ട സമയമായി.. സാർ വന്ന് വാങ്ങി.. അവൻ പതുക്കെ ക്ലാസ്സിൽ നിന്നും പുറത്തിറങ്ങി.. പുറത്ത് പ്രിൻസിപ്പൾ അവനെ കാത്തു നിൽപ്പുണ്ടായിരുന്നു... 

“ഫസലേ എങ്ങനുണ്ടായിരുന്നു.“

“എളുപ്പമായിരുന്നു സാറേ...“

“മാമ വിളിച്ചായിരുന്നു... അവനും എന്റെ സ്റ്റുഡന്റായിരുന്നു. സ്കൂളിലെ ഫോണിലാ വിളിച്ചത്.. നിനക്ക് പരീക്ഷ എങ്ങനുണ്ടായിരുന്നെന്ന് ചോദിച്ചു  പറയാൻ പറഞ്ഞു..“

“നല്ല എളുപ്പമുണ്ടായിരുന്നു. ഏറ്റവും കുറഞ്ഞത് 96 ശതമാനം മാർക്കെങ്കിലും കിട്ടും.. അത്രയ്ക്ക് ഞാൻ എഴുതിയിട്ടുണ്ട്.“

“പിന്നെ, കാര്യങ്ങളൊക്കെ കൊള്ളാം... വേഗം പോയി അടുത്ത പരീക്ഷയ്ക്കുള്ള വിഷയങ്ങൾ പഠിക്കാൻ നോക്കൂ..“

“ശരി സാർ..“

അവൻ പതുക്കെ വരാന്തയിലൂടെ നടന്നു.. അതാ അവൾ പുറത്തിറങ്ങി ചുറ്റും നോക്കുന്നു.. അവൻ ഒരു തൂണിൽ മറഞ്ഞു നിന്നു.. അവൾ ഒരൽപം മുന്നോട്ടു നടന്നു, വിണ്ടും തിരികെ...തന്നെ കാണുവാനായിരിക്കും വരുന്നെന്നുറപ്പാണ്. അവൻ അവിടെ മറഞ്ഞു നിന്നു.. അവൾ അടുത്തെത്തി.. അവളവനെ കണ്ടു പിടിച്ചിരുന്നു... 

“നീയെന്താ പരീക്ഷയ്ക്ക് ഒളിച്ചു കളിക്കുകയാണോ..“

“എങ്ങനുണ്ടായിരുന്നു.“

“നല്ല എളുപ്പമായിരുന്നു... നിനക്ക് ചോദ്യപേപ്പർചോർന്നു കിട്ടിയതാണോ.. നീ തന്നതുപോലെയാണ് ചോദിച്ചത്.. 90 ശതമാനവും ഏകദേശം അതു തന്നെ..“

“പിന്നെ. ഞാൻ എനിക്കുവേണ്ടി പ്രിപ്പയർ ചെയ്തതാ.. നിനക്ക് ഞാൻ തന്നന്നേയുള്ളൂ..“

“ഞാൻ പഠിച്ചു പാസ്സായാൽ അതിന്റെ നേട്ടം നിനക്കല്ലേ..“

“എന്തോ... എന്തോ... വല്ലതും പറഞ്ഞോ.. ചെക്കൻ പെൺപിള്ളേരെ വായിൽ നോക്കി വെള്ളമിറക്കാതെ വീട്ടിപോയി പഠിക്കാൻ നോക്ക് .. പിന്നെ ഡ്രൈവർ വെയിറ്റ്ചെയ്യുന്നു. ഞാൻ പോട്ടേ.. അവൾ പുസ്തകത്തിനിടയിൽ നിന്ന് പേപ്പർ പുറത്തെടുത്തു. അവന്റെ നേരേ നീട്ടി..

“ഇതേ അടുത്ത ദിവസത്തെ വിഷയത്തിന്റെ ചോദ്യപേപ്പറുകളാ... ഇതിലുള്ളത് കൂടുതലൊന്നു ശ്രദ്ധിക്കണം... ചിലപ്പോൾ ഇതുതന്നെ ചോദിച്ചാലോ..“

“ശരിയാ..“

“ഫസലേ.. ‍ഞാൻ പോട്ടേ.. നല്ലോണം പഠിക്കണേടാ...“

“ശരി... പഠിക്കാം. നീ വിഷമിക്കേണ്ട..“

അവൾ തിരിഞ്ഞു നടന്നു. അവൾ പോകുന്നതും നോക്കി അവൻ നിന്നു... സ്കൂളിനടുത്തായി പാർക്കുചെയ്തിരുന്ന വാഹനത്തിൽ കയറി അവനു ടാറ്റയും നൽകി അവൾ യാത്രയായി... അവനും സാവധാനം വീട്ടിലേയ്ക്ക് തിരിച്ചു... വീട്ടിലെത്തിയപ്പോൾ എല്ലാവരും വലിയ സന്തോഷത്തിലായിരുന്നു. അൻവർ മാമയും നാദിറ മാമിയും തിരിച്ചെത്തിയിരുന്നു. റഷീദ് മാമ വിളിച്ച് കാര്യങ്ങളെല്ലാം പറ‍ഞ്ഞു കാണുമായിരിക്കും..

“മോനേ.. എങ്ങനുണ്ടായിരുന്നു...“ ഉപ്പയുടെ ചോദ്യം...

“ന്ക്കറിയാം. റഷീദ് മാമ വിളിച്ച് കാര്യങ്ങളെല്ലാം പറഞ്ഞു കാണുമെന്ന്... നല്ല എളുപ്പമായിരുന്നു..“

“ഉപ്പ മുകളിലേയ്ക്ക് നോക്കി. അൽഹംദുലില്ലാഹ് ... എല്ലാവരും അൽപനേരം നിശബ്ദരായിരുന്നു...“

“എന്റെമക്കളെ എനിക്ക് നല്ല വിദ്യാഭ്യാസം നൽകി വളർത്താൻ സാധിച്ചില്ല. ആ പ്രയാസം നിന്നിലൂടെവേണം നിറവേറ്റാൻ... നീ മുകളിലേയ്ക്ക് പോയി കുളിച്ചു പോരേ.. ചായയും പലഹാരങ്ങളും എടുത്തു വച്ചിട്ടുണ്ട്.“

സഫിയ അടുത്തെത്തി അവന്റെ തോളിൽ പിടിച്ചു. അവരുടെ മുഖത്ത് സ്നേഹത്തന്റെ പ്രസരിപ്പ് കാണാമായിരുന്നു. കുറേ നാളുകൾക്കുശേഷമാണ് ഉമ്മായെ ഇത്ര സന്തോഷവതിയായി കാണാൻ സാധിച്ചത്..

“ഉമ്മാ നല്ല എളുപ്പമായിരുന്നു.. എല്ലാം എഴുതി..“

“ടാ.. നീ നിന്റെ മാമിമാരെ കണ്ടില്ലേ.. കണ്ടേ... എല്ലാവരേം.. കണ്ടേ... ഇനി.. വരാനുള്ള ആളെമാത്രേ കാണാനുള്ളൂ..“

അവിടൊരു കൂട്ടച്ചിരി ഉയർന്നു.. 

“ചെറുക്കൻ മഹാ കുറുമ്പനായി മാറിയിരിക്കുന്നു.“ നാദിറയാണത് പറഞ്ഞത്...

ഫസൽ  മുകൾ നിലയിലെ അവന്റെ റൂമിലേക്ക് പോയി... ഉമ്മയും അവനോടൊപ്പം മുകളിലേയ്ക്കു പോയി.. കുശലാന്വേഷണങ്ങളൊക്കെ  നടത്തി.. പിന്നെ.. മാമിക്ക് റസ്റ്റ് വേണമെന്നാണ് ഡോക്ടർ പറഞ്ഞിരിക്കുന്നത്.. അവർ ഡോക്ടറെ കണ്ടിട്ട് ഇപ്പോ എത്തിയതേയുള്ളൂ. അവൻ എല്ലാം തലകുലുക്കി കേട്ടു. സഫിയ അൽപനേരം അവിടെനിന്നിട്ട് അവന്റെ മുഷിഞ്ഞ ഡ്രസ്സുമെടുത്ത് താഴേയ്ക്ക് പോയി.. അവൻ കുളിച്ച് വസ്ത്രം മാറി താഴേയ്ക്കു വന്നു. എല്ലാവർക്കുമൊപ്പമിരുന്നു ചായകുടിച്ചു. ഇടയ്ക്ക് റഷീദിന്റെ മകളെ കളിപ്പിക്കാനും മറന്നില്ല.. ഫസലിന്റെ ശബ്ദം കേട്ടാൽ ഉടൻ അവൾ ശ്രദ്ധിക്കുന്നത് എല്ലാവർക്കും അത്ഭുതമായിരുന്നു. അവൻ വന്ന് അവളെ എടുക്കുന്നതുവരെ അവൾ വലിയ ബഹളമായിരിക്കും... അവൻ അവളെ എടുത്ത് കുറച്ചു നേരം ലാളിച്ചു.. ധാരാളം പഠിക്കാനുണ്ട്.എന്തായാലും രണ്ടുദിവസം ഗ്യാപ്പുണ്ട്.. ആ സമയത്തിനുള്ളിൽ എല്ലാം കവർ ചെയ്യണം. ഐഷു തന്ന ചോദ്യപേപ്പർ സൂക്ഷിച്ചു വച്ചിട്ടുണ്ട്... അവൻ പഠിക്കാനായി മുകളിലേയ്ക്ക് പോയി...

താഴെ റഷീദിന്റെ നിർദ്ദേശപ്രകാരം ഒരു ജോലിക്കാരിയെ വയ്ക്കുന്നതിനുള്ള സംഭാഷണങ്ങളിലായിരുന്നു വീട്ടുകാർ... നാദിറ ഗർഭിണിയായപ്പോൾ വീട്ടിലെ ജോലിഭാരം കൂടുതലാണെന്നും വീട്ടുജോലികൾ ചെയ്യുന്നതിനായി ഒരാളെ വയ്ക്കണമെന്നും റഷീദിന് ഒരേ നിർബന്ധം.. കൂടാതെ ഉമ്മയ്ക്കും ഉപ്പയ്ക്കും നല്ല ശരീരസുഖവുമില്ലല്ലോ...

“അതേ... അൻവറേ നീ... കോയാക്കാന്റെ കടവരെയൊന്നു പോണം.. അവിടെ അങ്ങേരോട് ഞാൻ പറ‍ഞ്ഞന്ന് പറഞ്ഞാമതി.. ഒരു നല്ല സ്വഭാവമുള്ള ജോലിക്കാരിയെ സംഘടിപ്പിച്ചു തരണംന്ന്.“

“അൻവർ പുറത്തേയ്ക്കിറങ്ങി.. നല്ല സ്വഭാവമുള്ളവരായിരിക്കണം. കൂടാതെ കുടുംബത്തോട് കുറച്ച് ആത്മാർത്ഥതയും.. കാരണം കൂട്ടുകുടുംബമാണ്. ഇവിടെ ജോലിയും കൂടുതലായിരിക്കും.. അങ്ങനെ അറിഞ്ഞും കേട്ടും ചെയ്യാൻ കഴിവുള്ളവരെ തന്നെ കിട്ടിയാലേ ശരിയാവൂ..

കോയാക്കാന്റെ കടയിലേയ്ക്ക് നടന്നുപോകാനുള്ള ദൂരമേയുള്ളൂ.. അവനവിടെത്തി 

“കോയാക്ക കണ്ടപാടേ ചോദിച്ചു..

“ഇതാരാ.. മോനേ.. നീ നാട്ടിലുണ്ടായിരുന്നോ ?..

“രണ്ടീസായി വന്നിട്ട്.“

“എന്താ വീട്ടിലെ വിശേഷം ഹമീദിന് എങ്ങനുണ്ട്.“

“കുഴപ്പമില്ല.. പുറത്തേയ്ക്കൊന്നും പോകാറില്ല..“

“എനിക്കറിയാം.. എന്ത് ആരോഗ്യവാനായിരുന്നവൻ.. നാലാളിന്റെ പണി ഒറ്റയ്ക്കവൻ ചെയ്യുമായിരുന്നു. ഇപ്പോ വയസ്സായില്ലേ.. അതാ..“

“ശരിയാ.. വാപ്പയ്ക്ക് വാർദ്ധക്യത്തിന്റേതായ പ്രശ്നങ്ങളുമുണ്ട്...“

“നീയെന്താ പതിവില്ലാതെ..“

അൻവർ കാര്യം പറഞ്ഞു.. പറയുന്നതിനിടയിൽ നാദിറയുടെ വിശേഷത്തിന്റെ കാര്യങ്ങളും പറഞ്ഞു. അതുകേട്ടപ്പോൾ പടച്ചോനോട് നന്ദിപറഞ്ഞുകൊണ്ട് അവനെ നോക്കി ചിരിച്ചു... 

“പിന്നെ ഒരു കുട്ടിയുണ്ട്.. പാവപ്പെട്ടോളാ... വളരെ ബുദ്ധിമുട്ടിയാ ജീവിക്കുന്നേ.. ഒരു കല്യാണം കഴിഞ്ഞതാ.. പക്ഷേ ഒരു വല്ലാത്ത സ്വഭാവക്കാരനായിരുന്നു കെട്ടിയോൻ അവൾ വളരെ ബുദ്ധിമുട്ടിയാ രക്ഷപ്പെട്ട് എത്തിയത്..“

പേര് ജസ്ന... 32 വയസ്സ് പ്രായം വരും... രണ്ടു പെൺകുട്ടികളടങ്ങിയ കുടുംബം മൂത്ത കുട്ടിയ്ക്ക് ചില മാനസിക പ്രശ്നങ്ങളുണ്ടായിരുന്നു. മൂത്തകുട്ടിയെ വിവാഹം കഴിപ്പിക്കാനാവില്ലെന്നറിയാമായിരുന്നു. നന്നായി പഠിച്ചിരുന്നവളാണ് ജസ്ന.. പത്താംക്ലാസ് പാസ്സായി... പ്രീഡിഗ്രിയ്ക്ക് ചേർന്നു. രണ്ടാം വർഷമായപ്പോഴേയ്ക്കും പഠിത്തം നിർത്തേണ്ടിവന്നു. കാരണം വാപ്പയ്ക്ക് ഇടയ്ക്കിടെയുണ്ടായ വയറുവേദന ക്യാൻസറാണെന്ന് ഡോക്ടർമാർ വൈകിയാണ് തിരിച്ചറിഞ്ഞത്.. വാപ്പാനേം കൊണ്ടുള്ള ചികിത്സ മൊത്തം ആ കുട്ടിയാ ചെയ്തത്.. പണമില്ലാതെ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. അവൻ മീൻവണ്ടീലായിരുന്നു. ഇടയ്ക്ക് വലവലിക്കാനും പോകുമായിരുന്നു. അവസാനം ആ കുട്ടി കുട്ടയുമെടുത്ത് കടപ്പുറത്തുപോയി മീൻ വിറ്റാണ് ജീവിച്ചത്.. ആറുമാസമാ ഓൾടെ വാപ്പാ ജീവിച്ചിരുന്നത്.. മരണം ആ കുടുംബത്തിനൊരാഘാതമായിരുന്നു. ഭാര്യയ്ക്ക് വലിയ കാര്യശേഷിയൊന്നുമില്ലായിരുന്നു. മൂത്ത കുട്ടിയെക്കൊണ്ട് ഒരു പ്രയോജനവുമില്ല.. 

അങ്ങനെയിരിക്കെ ഒരു വിവാഹാലോചന അവൾക്കു വന്നു. വാപ്പാന്റെ ബന്ധുക്കളാ കൊണ്ടുവന്നത്.. കാരണം അവളുടെ വിവാഹം നടക്കാതിരിക്കുന്നത് അവർക്കും നാണക്കേടായിരുന്നു. അവൾക്ക് സമ്മതമില്ലായിരുന്നെങ്കിലും വീട്ടുകാരുടെയും ബന്ധുക്കളുടെയും നിർബന്ധത്തിന് വഴങ്ങി സമ്മതിച്ചു...

വിവാഹംകഴിച്ചു കൊണ്ടുപോയത് കടപ്പുറം സൈഡിലുള്ള വീട്ടിലേയ്ക്കായിരുന്നു. അവൾ രണ്ടു മൂന്നു ദിവസങ്ങൾക്കകം മനസ്സിലാക്കി തന്നെ ചതിക്കുകയാരിരുന്നുവെന്ന്.. തനിക്ക് വീട്ടിൽപ്പോലും പോകാനാവാത്ത അവസ്ഥ.. എന്തു ചെയ്യണമെന്നറിയില്ല.. ഭർത്താവില്ലാത്ത സമയത്ത് വീട്ടിലേയ്ക്ക് കടന്നുവരുന്ന കാമക്കണ്ണുള്ള പുരുഷന്മാരെ അവൾക്ക് ഭയമായിരന്നു. അവസാനം പോലീസ് സ്റ്റേഷനിൽ അഭയം പ്രാപിച്ചു... അവരാണ് അവളെ വീട്ടിലെത്തിച്ചത്.. കഠിന പ്രയത്നത്തിലൂടെ അവൾ അവനുമായുള്ള ബന്ധം അവസാനിപ്പിച്ചു. അവനെതിരെ കേസും കൊടുത്തു. അവളൊരു ഛാൻസീറാണിയാടാ... നല്ല ആത്മാർത്ഥതയുള്ള കുട്ടി.. അങ്ങനെ എല്ലായിടത്തും ജോലിക്കൊന്നും പോവില്ല.. നല്ല കുടുംബമാണെങ്കിൽ മാത്രമേ പോവുള്ളൂന്നാ അവളെന്നോട് പറഞ്ഞത് .. 

അൻവർ മറിച്ചൊന്നും പറഞ്ഞില്ല.. നാളെത്തന്നെ വീട്ടിലേയ്ക്ക് കൂട്ടിക്കൊണ്ടുവരാനുള്ള ഏർപ്പാടാക്കി അവൻ അവിടെനിന്നു പോയി... എത്രയോ സ്ത്രീകൾ നമ്മുടെ സമൂഹത്തിൽ ദുരിതം അനുഭവിക്കുന്നു. പലരുടേയും കരുതലില്ലായ്മകൊണ്ട് കൊഴിഞ്ഞുപോകുന്ന എത്രയോ വനിതകൾ... പുരുഷനൊപ്പം തന്നെയാണ് സ്ത്രീയെന്നു മനുഷ്യൻ മാറി ചിന്തിക്കേണ്ടിയിരിക്കുന്നു. വീടിനുള്ളിൽ ഒതുങ്ങിക്കൂടേണ്ടവളല്ല സ്ത്രീകൾ, മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും കെട്ടുകൾ പൊട്ടിച്ചെറിഞ്ഞ് സ്ത്രീകൾ മുന്നോട്ടുവരട്ടെ... ഈ ലോകം അവരുടേതുകൂടിയാണ്... അങ്ങനല്ല.. അവരുടേതാണ്... ഈ ലോക വനിതാദിനത്തിൽ എല്ലാ വനിതകൾക്കും ഹൃദയംനിയറഞ്ഞ ആശംസകൾ നേരുന്നു...
 

An equal world is an enabled world.
#IWD2020  #EachforEqual
 
 
 
 
ഷംസുദ്ധീൻ തോപ്പിൽ 08 03 2020
 
 
തുടർന്നു വായിക്കുക അടുത്ത ഞായറാഴ്ച്ച 15 03 2020

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ