22.5.21

നിഴൽവീണവഴികൾ ഭാഗം 127

 

അന്നാ കുടുംബം സന്തോഷത്തോടെ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചു.. വീണ്ടുമൊരു പെരുന്നാൾകൂടി കടന്നുപോയി...

ഹമീദിന് പൊതുവെ നല്ല ഉന്മേഷം തോന്നി. തിരികെവരുമെന്നു കരുതിയതല്ല.. എല്ലാവരുടേയും പ്രാർത്ഥന... എഴുന്നേൽക്കാനും നടക്കാനും ബുദ്ധിമുട്ടുണ്ട്. ഡോക്ടറുടെ നിർദ്ദേശപ്രകാരമാണ് കാര്യങ്ങളൊക്കെ ചെയ്യുന്നത്. ഒരാളുടെ സഹായം വേണം. അന്നു റഷീദ് ഉള്ളതുകൊണ്ട് പ്രശ്നങ്ങളൊന്നു മില്ല വലിയൊരു സഹായം.. അന്നു വൈകുന്നേരം റഷീദും ഫസലുമൊഴിച്ച് ബാക്കിയെല്ലാവരേയും വീട്ടിലേയ്ക്ക് പറഞ്ഞയച്ചു. കാരണം കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അവർ ഇവിടെത്തന്നെയായിരുന്നു. ഉറക്കമില്ലാത്ത ദിനങ്ങൾ വീട്ടിൽപ്പോയി ഒന്നു ഫ്രഷായി വരട്ടെ. ഇവിടുത്തെ കാര്യങ്ങൾ നോക്കാൻ താനും ഫസലും മതിയല്ലോ... ഫസൽ താഴെപ്പോയി എല്ലാവരേയും യാത്രയാക്കി. സഫിയയ്ക്കും ഉമ്മയ്ക്കും തീരെ താൽപര്യമില്ലായിരുന്നു. ഹമീദ് കൂടി പറഞ്ഞപ്പോൾ പിന്നെ അനുസരിക്കാതിരിക്കാനായില്ല.

ഫസൽ അവരെ യാത്രയാക്കി തിരികെയെത്തി. ഹമീദ് കാര്യങ്ങളോരോന്നും റഷീദിനോട് ചോദിച്ച് മനസ്സിലാക്കുന്നുണ്ടായിരുന്നു. തനിക്ക് എന്താണ് പറ്റിയതെന്നുള്ള ഓർമ്മയില്ല.. അപ്രതീക്ഷിതമായി കണ്ണിൽ ഇരുട്ടു കയറുന്നതുപോലെ തോന്നി അതു മാത്രം അതിനുശേഷം താൻ ഇവിടെ കിടക്കുന്നു. എത്ര ദിവസം കഴിഞ്ഞു പോയെന്നുമറിയില്ല..

രാത്രി ആഹാരം കാന്റീനിൽ നിന്നും കൊണ്ടുവന്നു. ഹമീദിന് കഞ്ഞിയായിരുന്നു പറ‍ഞ്ഞിരുന്നത്. ബഡ്ഡിൽ ചാരിയിരുത്തി ഫസൽ തന്നെയാണ് കോരിക്കോരി കൊടുത്തത്. സ്നേഹപൂർവ്വം നൽകിയ കഞ്ഞി ഹമീദ് സ്നേഹപൂർവ്വം കുടിക്കുന്നുണ്ടായിരുന്നു. വാപ്പയ്ക്ക് കഞ്ഞികൊടുത്ത് മരുന്നും കൊടുത്തു അവരും കഴിക്കാനിരുന്നു. ഇതിനിടയിൽ വീട്ടിൽ നിന്നും കാൾ എത്തി. അവർ സുഖമായി എത്തിയെന്നറിയിച്ചു. വാപ്പ എന്തു ചെയ്യുന്നെന്ന് ചോദിച്ചു. എല്ലാവർക്കും വളരെ സന്തോഷമായി.

അന്ന് രാത്രിയിൽ എല്ലാവരും സുഖമായി ഉറങ്ങി. രാവിലെ പ്രഭാതകൃത്യങ്ങളൊക്കെ കഴിഞ്ഞ് ഭക്ഷണം കഴിച്ചു. അപ്പോഴേയ്ക്കും ഡോക്ടറെത്തി. വിശദമായ പരിശോധന. അന്നും ബ്ലഡ് ടെസ്റ്റിങ്ങിനായി എടുത്തു.

”ഡോക്ടറെ. എങ്ങനുണ്ടെനിക്ക്. വീട്ടിൽ പോകാറായോ..”

”ഹമീദിക്കാ... അതൊക്കെ ഞാൻ പറയും... ഇപ്പോൾ സുഖമായി റസ്റ്റെടുക്കുക..”

”ങ്ഹാ.. ഡോക്ടർ പറയുന്നത് കേട്ടല്ലേ പറ്റൂ..”

ഇതിനിടയിൽ ഐഷു വീട്ടിലേയ്ക്ക് വിളിച്ചിരുന്നു. വിവരങ്ങൾ തിരക്കി... വലിയ പ്രശ്നങ്ങൾ ഇല്ലെന്നറിയിച്ചു.

ഫസലിന് അടുത്ത മാസം ക്ലാസ്സ് തുടങ്ങുകയാണ്. അവിടുന്ന് അറിയിപ്പ് കിട്ടി. അതിനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായതു കാരണം വേറെ പ്രശ്നങ്ങളൊന്നുമില്ല. സഫിയയ്ക്ക് വേണ്ടിയുള്ള വീടിന്റെ പണി പുരോഗമിക്കുന്നു. അടുത്ത രണ്ടുമാസം കൂടി കഴിയുമ്പോൾ പൂർത്തിയാകുമെന്നാണ് പറഞ്ഞിരിക്കുന്നത്. കുടുംബത്തിൽ നഷ്ടപ്പെടുമെന്നു കരുതിയ സന്തോഷം വീണ്ടുമെത്തിയിരിക്കുന്നു.

അൻവർ രാവിലെ വിളിച്ചിരുന്നു. അവനോട് വിശദമായി വാപ്പാന്റെ അസുഖവിവരം സംസാരിച്ചു. അഭിമന്യുവിനെ വിളിച്ച് കാര്യങ്ങൾ അന്വേഷിച്ചു. അവിടെ എല്ലാം സേഫ് ആണെന്നും വാപ്പാന്റെ കാര്യങ്ങൾ സേഫാക്കിയിട്ട് വന്നാൽ മതിയെന്നും അറിയിച്ചു.
ഹമീദിന്റെ കാര്യത്തിൽ ഇനി വളരെ കൂടുതൽ ശ്രദ്ധ വേണം. അദ്ദേഹത്തിന്റെ കാര്യങ്ങൾ നോക്കാൻ സ്ത്രീകളെക്കൊണ്ടു മാത്രമാവില്ല.. ഫസലിപ്പോൾ പഠനത്തിനായി പോകും അതു കഴിഞ്ഞാൽ വീട്ടിൽ പിന്നീട് പെണ്ണുങ്ങൾ മാത്രമേ കാണുകയുള്ളൂ. ഒരാൺതുണ ആവശ്യമാണ്. ആരെ വിളിക്കും.. പലരും മനസ്സിലൂടെകടന്നുപോയി. വളരെ വിശ്വസ്തരും ആത്മാർത്ഥതയുള്ളവരുമായിരിക്കണം. വാപ്പാനെ ആരുടെയെങ്കിലും കൈകളിലേൽപ്പിക്കാനാവില്ല. അവസാനം നാദിറയുടെ ബന്ധത്തിൽ ഒരു ചെറുപ്പക്കാരൻ ഉണ്ടെന്നറിഞ്ഞു. ഹോംനഴ്സിംഗ് കഴിഞ്ഞു കുറച്ചുനാൾ പലയിടത്തും ജോലിചെയ്തു. അവനോട് സംസാരിക്കാൻ റഷീദ് തീരുമാനിച്ചു.

അവനുമായി സംസാരിച്ചു. വിദേശത്തുപകാനുള്ള ഉദ്ദേശത്തിൽ പഠിച്ചതാണ്. പഠനം കഴിഞ്ഞപ്പോഴാണ് മനസ്സിലായത്. ഇത് വെറും സർട്ടിഫിക്കറ്റ് കോഴ്സാണെന്ന്. വിദേശത്ത് ഇതിന് അംഗീകാരമില്ലെന്ന് കരുതി വിഷമിച്ചിരുന്നതൊന്നുമില്ല പലയിടത്തും ജോലിചെയ്തു. കുറച്ചുനാൾ ഒരു പാലിയേറ്റീവ് കെയറിലായിരുന്നു. അവിടെനിന്നും ഈയടുത്ത കാലത്താണ് ലീവിന് നാട്ടിലെത്തിയത്. റഷീദ് പറഞ്ഞു കഴിഞ്ഞപ്പോൾ അവനും സന്തോഷമായി. കാരണം വീട് അടുത്തുതന്നെയാണല്ലോ. ഇടയ്ക്ക് പോകാമെന്നുള്ള സന്തോഷം. പക്ഷേ ഒരുമാസത്തെ സാവകാശം വേണം. ഇപ്പോൾ ജോലിചെയ്യുന്നിടത്തുനിന്നും രാജിവയ്ക്കണം ഒരുമാസത്തെ നോട്ടീസ്. അതിനുള്ള സാവകാശം. റഷീദ് നോക്കിയപ്പോൾകുഴപ്പമില്ല.. ഫസലിന് ക്ലാസ്സ് തുടങ്ങാൻ എന്തായാലും ഒരുമാസം കഴിയും അതിനു മുന്നേ എത്താമെന്നേറ്റു.

റഷീദ് കാര്യങ്ങൾ സംസാരിച്ചതിനുശേഷമാണ് വാപ്പയോട് പറഞ്ഞത്.. ആദ്യം ഹമീദിന് അതൊട്ടും ഇഷ്ടപ്പെട്ടില്ല. അവസാനം വാപ്പാന്റെ ഇപ്പോഴത്തെ അവസ്ഥയും വീട്ടിലുള്ളവരുടെ അവസ്ഥയും പറഞ്ഞപ്പോൾ സമ്മതിച്ചു.

മൊത്തം രണ്ടാഴ്ചത്തെ ആശുപത്രിവാസം. ഹമീദിന് കുറേശ്ശേ നടക്കാനാവുന്നുണ്ട്. ന്നാലും ഒരു പരസഹായം എഴുന്നേൽക്കാൻ വേണം. കൂടുതൽ നടക്കാൻ ആരോഗ്യം അനുവദിക്കുന്നില്ല. ഹമീദിനും തോന്നി തനിക്കൊരു സഹായി വേണമെന്ന്. അന്ന് രാവിലെ ഡോക്ടർ വന്ന് പരിശോധനകളൊക്കെ നടത്തി..

”ഹമീദിക്കാ ഇന്ന് പോകാം..” ഹമീദിന് വലിയ സന്തോഷമായി. ഉമ്മയും സഫിയയുമുണ്ട്. സാധാരണ അവർ രാവിലെ വരും വൈകിട്ട് തിരികെ വീട്ടിൽ പറഞ്ഞയക്കും. വിഷ്ണുവുള്ളതുകൊണ്ട് വരവും പോക്കും പ്രശ്നമല്ല.

ഡോക്ടറുടെ നിർദ്ദേശപ്രകാരം മരുന്നുകളൊക്കെ വാങ്ങി. കൂടെ പിടിച്ചു നടക്കാൻ ഒരു വാക്കർ. റഷീദിന്റെ നിർദ്ദേശപ്രകാരം മടക്കിവക്കാവുന്ന ഒരു വീൽച്ചെയറും. കാറിലൊക്കെ യാത്രയ്ക്ക് പറ്റിയതാണ് അതുകൂടാതെ വീട്ടിലും ഉപയോഗിക്കാമല്ലോ...

അവർ ഉച്ചയ്ക്ക് മൂന്നുമണിയോടുകൂടി എല്ലാവരോടും യാത്രപറഞ്ഞ് പിരിഞ്ഞു. കുറച്ചു ദിസത്തെ ആശുപത്രിവാസം ഹോസ്പിറ്റലിലെ എല്ലാവരുമായി ഒരു ആത്മബന്ധം സ്ഥാപിച്ചിരുന്നു. അവരോടെല്ലാം യാത്രപറഞ്ഞ് പിരിഞ്ഞു. ഹമീദും വളരെ സന്തോഷമായിരുന്നു. കുറച്ചുനാളത്തെ ഹോസ്പിറ്റൽ വാസത്തിനുശേഷം തിരികെ നാട്ടിലേയ്ക്ക്. മടക്കയാത്ര ഒരിക്കലും പ്രതീക്ഷിച്ചതല്ല മറ്റുള്ളവർ.. എല്ലാം അള്ളാഹുവിന്റെ കൃപ എന്നു പറഞ്ഞാൽ മതി.

വീട്ടിലെത്തി. വാങ്ങിയ പുതി വീൽച്ചെയറിലിരുത്തി വീട്ടിലേയ്ക്ക്.. ഹമീദിന് കുറച്ചുനേരം ഇരിക്കണമെന്ന് പറഞ്ഞു. വീൽച്ചെയറിൽ തന്നെ ഇരുന്നു. വീട്ടിലെത്തിയപ്പോൾ അദ്ദേഹത്തിന് വലിയ ആശ്വാസമായി. പഴയതുപോലെ എഴുന്നേൽക്കാനും നടക്കാനുമാവില്ലെങ്കിലും മനസ്സിന് സന്തോഷം. റഷീദിന്റെ മകൾ ഓടി വാപ്പാന്റടുത്തെത്തി. കൂടെ നാദിറയുടെ മകളും.. രണ്ടാളെയും റഷീദ് എടുക്കണം. അവസാനം രണ്ടുപേരേയും രണ്ടു കൈകളിലായി എടുത്തു നടക്കാൻ തുടങ്ങി. വിജയിച്ചതുപോലെ രണ്ടു കുട്ടികൾ എല്ലാവരേയും നോക്കി ചിരിച്ചു. മൂത്തകുട്ടി റഷീദിന്റെ മോളാണ് അവൾക്ക് വയസ്സ് നാലായിരിക്കുന്നു. പഴയതുപോലല്ല.. എല്ലാ കാര്യങ്ങളുമറിയാം. അടുത്ത വർഷം സ്കൂളിൽ ചേർക്കണം.

അന്നത്തെ ദിവസം സന്തോഷകരമായി കഴിഞ്ഞുപോയി. റഷീദ് തന്റെ യാത്ര ഒരാഴ്ചകൂടി നീട്ടി. കാരണം സഫിയയുടെ വീടിന്റെ പണി എളുപ്പത്തിലാക്കണം. കൂടാതെ വാപ്പാനെ നോക്കാനെത്തുമെന്നു പറഞ്ഞ ചെറുപ്പക്കാരൻ വരാമെന്നു പറഞ്ഞിരിക്കുന്നു. അതു കൂടാതെ കുറച്ചു കാര്യങ്ങൾ കൂടി ചെയ്തു തീർക്കാനുണ്ട്. അഭിമന്യുവിന്റെ വസ്തുവിന്റെ കരം അടയ്ക്കുന്ന കാര്യത്തിൽ ചില പ്രശ്നങ്ങൾ ഉണ്ടെന്നറിഞ്ഞു അതു വില്ലേജാഫീസിൽ പോയി കണ്ട് ശരിയാക്കണം. അങ്ങനെ പലതും... ഗൾഫിലെ കാര്യത്തിൽ യാതൊരു ടെൻഷനുമില്ല. എല്ലാം മുറപോലെ നടക്കുന്നു. എല്ലാവരുടെയും ആത്മാർത്ഥമായ ശ്രമം.. എല്ലാറ്റിനും മുന്നിൽ അഭിമന്യുവുണ്ട്. തന്നേക്കാൾ ശ്രദ്ധ. ഓഫീസിലെ ഓരോ കാര്യങ്ങളും മുൻകൂട്ടി മനസ്സിലാക്കി വേണ്ട നടപടികൾ എടുക്കുന്നുണ്ട്. ലീവിൽ പോകേണ്ടവർക്ക് കൃത്യമായി ലീവനുവദിക്കുക. പുതുതായി എത്തുന്നവർക്ക് ട്രെയിനിംഗ് കെടുക്കുക. അങ്ങനെ നൂറുകൂട്ടം പണികൾ. ഭാര്യയ്ക്കും ജോലിയായതിനാൽ കുടുംബം ഫുൾടൈം തിരക്കുതന്നെ. അതുപോലെതന്നെയാണ് സ്റ്റീഫന്റെ മോളും ഭർത്താവും. അഭിമന്യുവും അവനും ഒരുമിച്ചാണ് ഓഫീസിൽ പോകുന്നത്. അഭിമന്യുവിന്റെ ഭാര്യയും സ്റ്റീഫന്റെ മോളും ഒരുമിച്ചാണ് ഹോസ്പിറ്റലിൽ പോകുന്നതും. അവരങ്ങനെ സന്തോഷപൂർവ്വം കഴിയുന്നു.

അൻവറിന് സൗദിയിലെത്താനാവില്ല. കാരണം നേരത്തെ ഉണ്ടായിരുന്ന സ്ഥാനപത്തിന്റെ മുതലാളി അൻവറിന്റെ ബ്ലാക്ക് ലിസ്റ്റിൽ പെടുത്തിയിരിക്കുകയാണ്. അതിനാൽ വിസ പാസാവില്ല.. അത് മാറ്റുന്നതിനായി അഭിമന്യു നന്നായി ശ്രമിക്കുന്നുണ്ട്. കുറച്ച് പണം ചെലവായാലും നടത്തിയെടുക്കണമെന്ന വാശി. അവരുടെ സ്പോൺസർ തന്നെ വേണ്ട കാര്യങ്ങൾ ചെയ്യാമെന്നു പറ‍ഞ്ഞിട്ടുണ്ട്. കുറച്ചുനാൾ ജയിലിലും കിടന്നതാണല്ലോ. അത് റഡിയായിക്കഴിഞ്ഞാൽ ഇടയ്ക്ക് അൻവറിന് ഇവിടെവന്നുപോകാം. ദുബായിൽ നിന്നും ഫ്ലൈറ്റിലോ കാറിലോ വരാവുന്നതേയുള്ളൂ. ഉടനെ അതു ശരിയാകും എന്നു പ്രതീക്ഷിക്കുന്നു.

സൗദിയിൽ തന്നെപുതിയ ഒരു ബ്രാഞ്ച് തുടങ്ങാനുള്ള തീരുമാനവുമുണ്ട്. സൗദിയോട് തൊട്ടടുത്ത് കിടക്കുന്ന ബഹറിനും വേണ്ട സഹാങ്ങൾ ചെയ്യാനാളുണ്ട്. കുറച്ചുകൂടി ബിസിനസ്സ് വ്യാപിപ്പിക്കണമെന്നാഗ്രഹമുണ്ട്. റഷീദിനോട് സംസാരിച്ചു റഷീദിനും താൽപര്യം. സൗദിയിലെ അറബികൾ തന്നെയാണ് ബഹറിനിൽ തുടങ്ങുന്നതിനെക്കുറിച്ച് അവരോട് സൂചിപ്പിച്ചത്. സൗദിയും ബഹറിനും തമ്മിൽ ഒരു പാലം കൊണ്ട് ബന്ധിപ്പിച്ചിരിക്കുന്നു. ആയതിനാൽ പോക്കും വരവും പ്രശ്നമുള്ള കാര്യമല്ല. അവിടെ പുതുതായി ഒരു മാൾ തുടങ്ങിയിരിക്കുന്നു. അവിടെ കിട്ടിയാൽ രക്ഷപ്പെട്ടു. അതിനുള്ള നീക്കങ്ങളും ആരംഭിച്ചിട്ടുണ്ട്. മറ്റുള്ള രാജ്യങ്ങളെപ്പോലെതന്നെ മലയാളികൾ വളരെ കൂടുതലുള്ള രാജ്യമാണ് ബഹ്റൈൻ.

ദുബായിലെ രണ്ടു ബ്രാഞ്ചുകളും നന്നായി പോകുന്നു. അൻവറിന്റെ നേതൃപാടവം നന്നായി പ്രയോജനപ്പെടുത്താൻ സാധിക്കുന്നുണ്ട്. റഷീദിന്റെ നിർദ്ദേശപ്രകാരം അൻവറും ഒരു പുരവയ്ക്കാനുള്ള തയ്യാറെടുപ്പിലാണ്. എല്ലാവരും അടുത്തടുത്തു തന്നെ വേണമെന്ന് ഹമീദിനും നിർബന്ധമുണ്ട്. സഫിയ വീടുവയ്ക്കുന്നതിനടുത്തായി ഒരു പുരയിടം ഉണ്ടെന്ന് റഷീദ് അറിയിച്ചിരുന്നു. അതു വാങ്ങണം എന്നുതന്നെയാണ് തീരുമാനം. നാദിറയ്ക്ക് എതിരഭിപ്രായമില്ല.. അല്ലെങ്കിലും എതിർത്താലും താൻ വാങ്ങുമെന്നറിയാം. പണ്ട് അവളുടെ വാക്കുകൾകേട്ട് ജീവിച്ചതിപ്പോഴും മറന്നിട്ടില്ല.. ഹമീദിനും മക്കളെല്ലാം ഒരിടത്തു താമസിക്കുന്നതിൽ സന്തോഷവുമുണ്ട്. അവനുകൂടി വീടാകുമ്പോൾ തന്റെ മൂന്നു മക്കൾക്കും സുരക്ഷിതമായ കൂരയാവുമല്ലോ.. വർഷങ്ങളോളം ഒരു വീടില്ലാതെ എവിടെല്ലാം അലഞ്ഞിട്ടുണ്ട്. ഇന്നിതാ മക്കളുടെ രൂപത്തിൽ അള്ളാഹു തനിക്ക് എല്ലാം തരുന്നു. ഇനി ഒരു പ്രാർത്ഥനയേയുള്ളൂ കഷ്ടപ്പെടാതെ അങ്ങു വിളിക്കണം...

നാദിറയുടെ ബന്ധുവായ ഹോംഴ്സ് ഒരു ദിവസം രാവിലെ എത്തി. റഷീദ് അയാളെ പരിചയപ്പെട്ടു. ആരോഗ്യവാൻ ഒറ്റനോട്ടത്തിൽ വളരെ പാവംതോന്നും. വിനയോന്വിതൻ.. ഹമീദിക്കയെ പരിചയപ്പെട്ടു... വീടും ചുറ്റുപാടുകളും അവനും ഇഷ്ടമായി.. നല്ല ശമ്പളം കൊടുക്കാമെന്ന റഷീദ് ഏൽക്കുകയും ചെയ്തു. രാത്രിയിൽ വീട്ടിൽ പോകണമെങ്കിൽ വീട്ടിൽ പോകാം.. കൂടാതെ ഇവിടെ വാപ്പാന്റെ മുറിയുടെ അടുത്തുതന്നെ അവനു റൂമും നൽകി. ഹുസൈൻ എന്നാണ് പേര്. എല്ലാവരും വിളിക്കുന്നത് കുഞ്ഞു.. കുഞ്ഞു.. എന്നാണ്. അവൻ റസിഗ്‌നേഷൻ ലറ്റർ സ്ഥാപനത്തിൽ കൊടുത്തു.. അടുത്ത ഒരുമാസമാണ് പറഞ്ഞിരിക്കുന്നത്. മാനേജരുമായി സംസാരിച്ചപ്പോൾ അതിനു മുന്നേതന്നെ കാര്യങ്ങൾ നീക്കാമെന്നു പറ‍ഞ്ഞിട്ടുണ്ട്.

റഷീദ് അവനെ എല്ലാ ഉത്തരവാദിത്വങ്ങളും ഏൽപ്പിച്ചു. ഹമീദിനും ആളെ നന്നായി ഇഷ്ടപ്പെട്ടു. എന്തായാലും തനിക്ക് ഒരു സഹായം ആവശ്യമാണ്. പെണ്ണുങ്ങളെക്കൊണ്ട് തന്നെ താങ്ങി എഴുന്നേൽപ്പിക്കാനൊന്നും പറ്റില്ല. റഷീദും അൻവറും ഇവിടില്ലതാനും.. അവരുടെ ജോലിക്ക് താനൊരു തടസ്സമാവാനും പാടില്ല... സന്തോഷപൂർവ്വം ഹമീദിനോടും മറ്റുള്ളവരോടും യാത്രപറഞ്ഞ് കുഞ്ഞു  പിരിഞ്ഞു..




തുടർന്നു വായിക്കുക അടുത്ത ഞായറാഴ്ച്ച 30 05 2021


സസ്നേഹം നിങ്ങളുടെ സ്വന്തം ഷംസുദ്ധീൻ തോപ്പിൽ 23 05 2021 





അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ