27.7.19

നിഴൽവീണവഴികൾ - ഭാഗം 32

ഫസലിന് സന്തോഷമായി... പടച്ചവനോട് അവൻ നന്ദിപറഞ്ഞു... സ്റ്റീഫൻ പോക്കറ്റിൽ നിന്നും തൂവാലകൊണ്ട് അവന്റെ മുഖം തുടച്ചു ..അവനേയും കൂട്ടി ക്യാന്റീനിലേയ്ക്ക് പോയി... അനുസരണയുള്ള കുട്ടിയായി അവനും അദ്ദേഹത്തെ അനുഗമിച്ചു... ക്യാന്റീന്റെ മുന്നിലെത്തിയ അവൻ സ്റ്റീഫന്റെ കൈവിടുവിച്ച് പെട്ടെന്ന് വലതുഭാഗത്തേയ്ക്ക് ആരേയോ ലക്ഷ്യമാക്കി നടന്നു. അപ്പോൾ ഫസലിന്റെ മുഖത്ത് പല ഭാവങ്ങൾ മിന്നി മറയുന്നുണ്ടായിരുന്നു....

“ഐഷൂ....“ അവൻ നീട്ടി വിളിച്ചു.. പരിചയമുള്ള ശബ്ദംകേട്ടപോലെ അവൾ തിരിഞ്ഞു.. അവനെനോക്കി പുഞ്ചിരിച്ചു... കുറച്ചധികം ദിവസങ്ങൾക്ക് ശേഷമാണ് അവർ തമ്മിൽ കണ്ടുമുട്ടിയത്... അവൻ അടുത്തെത്തിയപ്പോൾ അവൾ പരിഭവത്തോടെ ചോദിച്ചു.

“എന്താ ഫസലേ... നിന്നെ കാണാനേ ഇല്ലല്ലോ.... നമ്മളെയൊക്കെ മറന്നോ...“

“എങ്ങനെ മറക്കാനാ ഐഷൂ... തിരക്കല്ലേ... ഞാനൊരാളല്ലേ എല്ലാറ്റിനും ഓടിയെത്തണ്ടേ...“

അവൻ പറഞ്ഞത് ശരിയായിരുന്നു. വീട്ടിൽ നിൽക്കാനുള്ള സമയം ഇതുവരെ കിട്ടിയില്ല. വെക്കേഷൻ ഏതാണ്ട് തീരാറായിരിക്കുന്നു. ഇതുവരെ ഐഷുവിനെ കാണാൻ പോകാൻ സാധിച്ചില്ല... അവളുടെ വീട്ടിൽ സ്വാതന്ത്ര്യത്തോടെ കടന്നുചെല്ലാനുള്ള അനുവാദമുണ്ട്.. പക്ഷേ എന്തോ അവൻ അതിനു മുതിർന്നില്ല... അവൾക്ക് അവനോടും അവന് അവളോടും സ്നേഹമുണ്ടെന്നുള്ള കാര്യം രണ്ടുപേർക്കുമറിയാം... അവൾ പലപ്പോഴുമത് പ്രകടമാക്കിയിട്ടുമുണ്ട്... പക്ഷേ ഫസൽ പായൽപോലെ തെന്നിക്കളിക്കുകയാണ്.

“മോനേ ഫസലേ നിങ്ങള് സംസാരിക്ക് ഞാൻ അങ്ങോട്ട് ചെല്ലട്ടേ... എന്തേലും ആവശ്യമുണ്ടേ മുകളിലേയ്ക്ക് പോരേ... എനിക്കിന്ന് നൈറ്റ് ഡ്യൂട്ടിയാണ്.“

“ശരിയങ്കിൾ. ഇവൾ എന്റെ ബന്ധുവാ...“

“ഓക്കെ ... എനിക്ക് കണ്ടപ്പോഴേ തോന്നി... എന്തായാലും നമുക്ക് കാണണം.“

യാത്രപറഞ്ഞ് സെക്യൂരിറ്റി ഓഫീസർ പിരിഞ്ഞു...

അവർ പലകാര്യങ്ങളും സംസാരിച്ചു.. ചേരാൻ പോകുന്ന സ്കൂളിനെ പറ്റിയും കോഴ്സിനെപ്പിറ്റിയുമെല്ലാം സംസാരിച്ചു. ഫസലിന് മാർക്കുകുറഞ്ഞകാര്യം പറഞ്ഞപ്പോൾ അവൾക്കും വിഷമമായി... 

“എന്താ ഫസലേ കുറച്ചുകൂടി ക്ലാസ്സിൽ ശ്രദ്ധിച്ചുകൂടെ... എങ്ങനെ ശ്രദ്ധിക്കാനാ... അഭിനയം തലക്കുപിടിച്ചു നടക്കുകയല്ലേ...“

“ഇല്ല ഐഷു... അതെല്ലാം തൽക്കാലം മാറ്റിവച്ചു... ഇനിയൊരു ജന്മമുണ്ടെങ്കിൽ അന്നാവട്ടെ...“

“അതിന് ഇനിയൊരു ജന്മമുണ്ടെങ്കിൽ ഈ പാവം ഐഷുവിനെ ഓർമ്മകാണുമോ...“

“അവളുടെ ചോദ്യത്തിനു മുന്നിൽ അവനൊന്നു ചൂളി...“

“പിന്നില്ലാതെ... നിയില്ലാതെ എനിക്കൊരു ജന്മമുണ്ടോ...“

“അവളുടെ കണ്ണു നിറയുന്നത് അവന് കാണാമായിരുന്നു.“

അവരുടെ സംഭാഷണം അവിടെ പലരും ശ്രദ്ധിക്കാൻ തുടങ്ങിയിരുന്നു.

“അല്ല ഐഷൂ... നീ എന്തിനാ വന്നേ... അത് പറഞ്ഞില്ലല്ലോ..“

“അതിന് നീയ് എന്നോട് അതിനെക്കുറിച്ചെന്തെങ്കിലും ചോദിച്ചോ...“

“അതില്ല... ഐഷൂ... എന്തിനാ ഇവിടെ വന്നേ... പോരേ... ചോദിച്ചിരിക്കുന്നു...“

അവൾ പൊട്ടിച്ചിരിച്ചു...

“ഫസലേ... ന്റെ ഉമ്മാന്റെ ഉമ്മ ഇവിടെ സുഖമില്ലാതെ കിടക്കുന്നു. വാർദ്ധക്യസഹജമായ അസുഖങ്ങളാ... ഉമ്മാ പറഞ്ഞു ഇങ്ങോട്ടു പോരാൻ... ഇന്ന് ഡിസ്ചാർജ്ജാ.. ഞാൻ ഡ്രൈവറേയും കൂട്ടിയാ വന്നേ... അതവിടെ നിൽക്കട്ടേ... നീയെന്താ ഇവിടെ...“

അവൾ ജി‍ജ്ഞാസയോടെ അവന്റെ കണ്ണുകളിലേയ്ക്ക് നോക്കി....

“... അതേ... അ... അ..“ അവൻ എന്തുപറയണമെന്ന് ആദ്യംമൊന്നു ചിന്തിച്ചു.  വേണ്ട സത്യംപറയാം... 

“അതേ എന്റെ മാമാന്റെ ഭാര്യ പ്രസവിച്ചു... ഇവിടെ ഉമ്മയും ഞാനുമാ കൂട്ടിരിപ്പ്.“

“അപ്പം അതാണല്ലേ... ഇവിടെ ചുറ്റിപ്പറ്റി നിൽക്കുന്നേ... ഇവിടെയും എല്ലാരേയും നീ കൈയ്യിലെടുത്തല്ലേ... കുഞ്ഞെന്താ...“പെൺകുഞ്ഞാ 

“അമീനാന്നാ... ഞാനാ പേരിട്ടേ... എങ്ങനുണ്ട്..“

“നിനക്ക് പേരിടാനുമറിയാമോ.... ഈ ചെക്കൻ മോശക്കാരനല്ലല്ലോ...“

“എവിടെ ഏതു വാർഡില്ലാ... ഒന്നു കണ്ടുകളയാം.. ഉമ്മാനേയുമൊന്നു കാണാമല്ലോ...“

അവൻ ആദ്യമൊന്നു ഞെട്ടി... “അത് ഇപ്പോ കാണണോ...“

“കാണണം... ഇതാ നല്ല അവസരം... നിന്നെക്കുറിച്ച് ഞാനൊന്നും ഉമ്മച്ചിയോട് പറയില്ല മോനേ....“

“എന്നാ നീ വാ.... എന്റെ ഉമ്മാന്റെ വായീന്ന് കേൾക്കാതിരുന്നാൽ കൊള്ളാം..“ രണ്ടുപേരും മുകളിലത്തെ നിലയിലേയ്ക്ക് കയറി... അവൾ അവനൊപ്പം ഓടിയെത്താൻ പാടുപെട്ടു... മുകളിലത്തെ നിലയിലെത്തിയപ്പോൾ അവൾ അവന്റെ കൈയ്യിൽക്കയറി പിടിച്ചു.

“ഫസലേ നീ നിൽക്ക്... എനിക്ക് നിന്നൊപ്പം ഓടിക്കളിക്കാൻ വയ്യ...“

അവൻ സാവധാനം അവൾക്കൊപ്പം നടക്കാൻ തുടങ്ങി... അവൾ അവന്റെ കൈയ്യിൽ നിന്നും അപ്പോഴും പിടി വിട്ടിരുന്നില്ല... അവൻ അത് എതിർക്കാനും ശ്രമിച്ചില്ല...

അവൻ ആലോചിക്കുകയായിരുന്നു. അൽപംമുമ്പ് ജീവിതത്തിൽ വേദനകൾ കടിച്ചമർത്താൻ പാടുപെടുകയായിരുന്നു. ആ സെക്യൂരിറ്റി ഓഫീസറാണ് തന്നെ സമാധാനപ്പെടുത്തിയത്... ഇപ്പോഴിതാ ഐഷുവിന്റെ സാമീപ്യം തന്റെ വേദനകൾക്ക് ഒരാശ്വാസം നൽകിയിരിക്കുന്നു... അല്ല വളരെ ആശ്വാസം തോന്നുന്നു... വിഷമങ്ങളെല്ലാം പറന്നകന്നപോലെ... ശരിയ്ക്കും അവൾ തനിക്കുള്ളതാണോ.... ആയിരിക്കണം അല്ലെങ്കിൽ അവളുടെ സാമീപ്യം തനിക്ക് ഇത്രയധികം ഉത്സാഹം ഉണ്ടാക്കുമോ....

അല്ലെങ്കിലും അതങ്ങനെയാണ്. ജീവിതത്തിൽ ഒരാണിന് അല്ലെങ്കിൽ ഒരു പെണ്ണിന് തനിക്ക് ജീവനു തുല്യം സ്നേഹിക്കാൻ, വിഷമങ്ങൾ പങ്കുവയ്ക്കാൻ ഒരിണയുണ്ടെങ്കിൽ പകുതി സമാധാനമുണ്ടാകും... അവരുടെ സാമീപ്യംപോലും സന്തോഷദായകമായിരിക്കും... ഇവരുടെ ഇഷ്ടങ്ങൾ ഇനി ഒരുതരം പ്രായത്തിന്റേതായിരിക്കുമോ... അതോ... വെറും ബാലചാപല്യമോ... നിർമ്മലസ്നേഹത്തിന്റെ കാലമൊക്കെ കഴിഞ്ഞുപോയിരിക്കുന്നു. ഇപ്പോൾ മുതലെടുപ്പുമാത്രമാണ് കാണപ്പെടുന്നത്... ആത്മാർത്ഥ സ്നേഹമുള്ള എത്ര കുടുംബങ്ങളെ ഇന്ന് നമുക്ക് കണ്ടെത്താൻ കഴിയും... ജീവിതത്തിൽ ഉത്തരവാദിത്വങ്ങളും ജോലിയുടെ തിരക്കുകയും പലരേയും പരസ്പര അകറ്റുന്നൊരു സാഹചര്യമാണ് നിലനിൽക്കുന്നത്. എത്ര സമ്പാദിച്ചു കൂട്ടിയാലും മതിവരാത്ത മാനസികാവസ്ഥ... സമ്പാദ്യത്തോടുള്ള അമിത ആർത്തി പല ജീവിതങ്ങളും തുടക്കത്തിലേ തന്നെ പാളിപ്പോയിട്ടുമുണ്ട്... പരസ്പരം അറിഞ്ഞ് വിവാഹം കഴിച്ച എത്രയോ ദമ്പതികൾ പാതി വഴിയിൽ പിരിയുന്നതിനായി കോടതിവരാന്തകളിൽ നിൽക്കുന്നത് ഈ ഞാൻ കണ്ടിരിക്കുന്നു. സ്നേഹബന്ധത്തിന്റെ പവിത്ര ത നഷ്ടപ്പെട്ടിരിക്കുന്നു. 

റൂമിനു മുന്നിലെത്തിയപ്പോൾ ഫസൽ നിന്നു.. 

“ഇതാ റൂം... നീ പോയി കണ്ടിട്ടു വന്നോ...“

“അതിന് എന്നെ അവിടാർക്കും അറിയില്ലല്ലോ... ഫസലേ കളിക്കാതെ നീയും കൂടെ വന്നേ..“

“അവനെ അവൾ പിടിച്ചു വലിച്ചു ഡോറിനടുത്തെത്തിച്ചു...  ഡോർ തള്ളിത്തുറന്ന് അവൻ അകത്തേക്ക്...

“എന്താ ഫസലേ നീ നേരത്തെ എത്തിയല്ലോ...“

തൊട്ടു പിറകിൽ നിന്ന ഐഷുവിനെ സഫിയ പിന്നീടാണ് കണ്ടത്... 

“ഇതാരാമോനേ....“

“ഉമ്മാ ഇത് ഞാൻ പറ‍യാറില്ലേ.. ഐഷു... എന്നെ സിനിമയിൽ അഭിനയിപ്പിച്ചത് ഇവളുടെ വാപ്പായാ...“

“ഓ.... മോളേ ഇവൻ എപ്പോഴും പറയാറുണ്ട്...“

അവൾ അവനെയൊന്നു നോക്കി...

“മോളെന്താ ഇവിടെ...“

അവൾ വന്ന കാര്യം പറഞ്ഞു.... ഫസൽ രണ്ടുപേരുടെയും സംഭാഷണം നോക്കി നിൽക്കുകയായിരുന്നു... അവളെ കാണാൻ ഒരു ഹൂറിയെപ്പോലുണ്ട്... തട്ടത്തിനുള്ളിലെ അവളുടെ മുഖം ചന്ദ്രനെപ്പോലെ തിളങ്ങുന്നതായ് അവനു തോന്നി... അവൾ വലുതാകുന്തോറും സൗന്ദര്യം കൂടി കൂടിവരുന്നതുപോലെ...

“ഐഷു സാവധാനം മാമന്റെ കുഞ്ഞിനടുത്തെത്തി... കവിളിൽ ചെറുതായൊരു തട്ടുകൊടുത്തു... ആമിനാന്ന് രണ്ടുമൂന്നു പ്രാവശ്യം വിളിച്ചു. കുഞ്ഞ് അവളെനോക്കി കണ്ണുചിമ്മി... 

“ഇവൻ അപ്പൊ കുഞ്ഞിന്റെ പേരും പറഞ്ഞോ... എടാ... റഷീദു മാമന് ഈ പേര് ഇഷ്ടപ്പെട്ടോന്നറിയാമോ...“

“അതൊന്നുമെനിക്കറിയില്ല.. ഇത് എന്റെ ആമിനക്കുട്ടിയാ... ഞാനങ്ങനേയെ വിളിക്കൂ...“

കുറഞ്ഞൊരു സമയംകൊണ്ടുതന്നെ ആ അമ്മയും മകനും തമ്മിലുള്ളസ്നേഹബന്ധത്തന്റെ ആഴം ഐഷുവിന് മനസ്സിലായി... എന്ത് സ്നേഹമുള്ള ഉമ്മയെയാണ് ഫസലിന് കിട്ടിയിരിക്കുന്നത്... അവരുതമ്മിൽ സുഹൃത്തുക്കളെപ്പോലെ പെരുമാറുന്നു... എന്ത് സന്തോഷമായിരിക്കും അവരുടെ വീട്ടിൽ...

അവൾ ഓർക്കുകയായിരുന്നു. തന്റെ വീട്ടിൽ എല്ലാമുണ്ട്. പക്ഷേ ബിസിനസ് കാര്യങ്ങൾക്കിടയിൽ വാപ്പയേയും ഉമ്മയേയും കാണാൻ കിട്ടുന്ന ദിവസങ്ങൾ നന്നേ കുറവാണ്... ഫസലിനെ സംബന്ധിച്ച് ഇതെല്ലാം അവനു കിട്ടുന്നുണ്ട്... ഐഷുവിന് സഫിയയുമായും ഒരു മാനസിക ബന്ധം വളരെപ്പെട്ടെന്നുതന്നെ ഉണ്ടായി.. അല്പനേരം അവൾ അവിടെ ചിലവഴിച്ചു... എന്നിട്ട് യാത്രപറഞ്ഞ് അവൾ താഴത്തെ നിലയിലേയ്ക്കു പോയി.. അവൻ അവളെ കുറച്ചുദൂരം അനുഗമിച്ചു... 

“ഫസലേ പൊയ്ക്കോ... നമുക്ക് ഇനിയും കാണാം.. നീ വീട്ടിലേയ്ക്ക് വരില്ലേ... ഇല്ലെങ്കിൽ ഞാൻ നിന്നെ തിരക്കി വരുമേ... ഇനിയെനിക്ക് ധൈര്യമായി നിന്റെ വീട്ടിൽ വരാം.. നിന്റെ ഉമ്മായ്ക്ക് എന്നെ ഇഷ്ടാ... അവരുടെ മുഖം കണ്ടാലറിയാം..“

“പിന്നേ... ഇത്തിരി പുളിക്കും.. നീ വീട്ടിലേയ്ക്ക് പോരേ... അപ്പോ കാണാം... അവൾ അവന്റെ കവിളിൽ ചെറിയൊരു നുള്ളുവെച്ചുകൊടുത്തിട്ട് വേഗം ഓടി പടികളിറങ്ങി... അവൻ അവൾ നുള്ളിയ കവിൾത്തടത്തിൽ തലോടി അവളിറങ്ങിപ്പോകുന്നതും നോക്കിനിന്നു... 

മനസ്സിലെ നീറ്റലിനൊരാശ്വാസം എന്നാലും... ഓരോ നിമിഷവും മാറിമാറിക്കൊണ്ടിരിക്കുന്നു... അവൻ താഴേയ്ക്ക് നോക്കി. അവൾ താഴെയിറങ്ങി മുകളിലോക്ക് നോക്കി അവനോട് ടാറ്റ പറഞ്ഞ് പോയി... അവന് മനസ്സ് വീണ്ടും സംഘർഷഭരിതമാകാൻ തുടങ്ങി.. തന്റെ വാപ്പയേയും തന്റെ ഉമ്മയ്ക്ക് പിറക്കാതെപോയ തന്റെ സഹോദരിയേയും കുറിച്ച് ഓർക്കാൻ തുടങ്ങി... പടച്ചോൻ തനിക്ക് കുറച്ചു സന്തോഷം തരുന്നു അടുത്ത നിമിഷം അഗാധമായ ദുഖവും... ഒരു പക്ഷേ ഇതൊരു പരീക്ഷണമായിരിക്കാം... അള്ളാഹുവന്റെ തീരുമാനത്തിനെതിരു നിൽക്കാനാവില്ലല്ലോ... അനുഭവിക്കുകതന്നെ.. അവൻ റൂമിലേയ്ക്ക് പോകാൻ തിരിഞ്ഞു...


തുടർന്നു വായിക്കുക അടുത്ത ഞായറാഴ്ച്ച 04 08 2019

ഷംസുദ്ധീൻ തോപ്പിൽ 28 07 2019

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ