3.8.19

നിഴൽവീണവഴികൾ - ഭാഗം 33


മനസ്സിലെ നീറ്റലിനൊരാശ്വാസം എന്നാലും... ഓരോ നിമിഷവും മാറിമാറിക്കൊണ്ടിരിക്കുന്നു... ഫസൽ താഴേയ്ക്ക് നോക്കി. ആമിന കോണി പടിയിലൂടെ താഴെയിറങ്ങി മുകളിലോക്ക് നോക്കി അവനോട് ടാറ്റ പറഞ്ഞ് പോയി... അവന് മനസ്സ് വീണ്ടും സംഘർഷഭരിതമാകാൻ തുടങ്ങി.. തന്റെ വാപ്പയേയും തന്റെ ഉമ്മയ്ക്ക് പിറക്കാതെപോയ തന്റെ സഹോദരിയേയും കുറിച്ച് ഓർക്കാൻ തുടങ്ങി... പടച്ചോൻ തനിക്ക് കുറച്ചു സന്തോഷം തരുന്നു അടുത്ത നിമിഷം അഗാധമായ ദുഖവും... ഒരു പക്ഷേ ഇതൊരു പരീക്ഷണമായിരിക്കാം... അള്ളാഹുവന്റെ തീരുമാനത്തിനെതിരു നിൽക്കാനാവില്ലല്ലോ... അനുഭവിക്കുകതന്നെ.. അവൻ റൂമിലേയ്ക്ക് പോകാൻ തിരിഞ്ഞു...

“ഫസലേ നിങ്ങടെ ബില്ലായി... ഡോക്ടർ ഡിസ്ചാർജ്ജ് എഴുതിയിരിക്കുകയാ... വേഗംചെല്ല്... ഉമ്മ കാത്തിരിക്കുന്നു..“

ആ ഫ്ളോറിലെ ഡ്യൂട്ടി നഴ്സായ പാലാക്കാരിയായിരുന്നു നല്ല പെരുമാറ്റമുള്ള ഒരു നഴ്സായിരുന്നു. എല്ലാവരുമായും വളരെ ക്ലോസായി ഇടപെടുന്നു.

അവൻ ഓടി റൂമിലെത്തി... ഉമ്മ എല്ലാം പായ്ക്ക് ചെയ്യുന്നു... എല്ലാരും വലിയ സന്തോഷത്തിലുമായിരുന്നു..

“ഫസലേ നീ പോയി ഒരു ടാക്സി പിടിച്ചു വാ... ഞങ്ങളിതൊക്കെയൊന്നു അടുക്കിപ്പെറുക്കി വയ്ക്കട്ടെ... പത്തിരുപതു മിനിട്ടിനകം നമുക്കു പോകാം...“

വീട്ടിൽപോകുന്നതിന് സന്തോഷിക്കുന്നതിനു പകരം അവന് ഒരുതരം നിരാശയാണുണ്ടായത്... ഈ ഹോസ്പിറ്റലിൽ നിന്നും പോകാൻ അവന് തോന്നുന്നില്ല... കാരണം എന്താണെന്ന് തനിക്കും തന്റെ വാപ്പയ്ക്കും സെക്യൂരിറ്റി ഓഫീസറിനുമല്ലാതെ മറ്റാർക്കുമറിയില്ലല്ലോ... അവൻ യാന്ത്രിമായി പുറത്തേയ്ക്ക് പോയി... ആമിനായോട് കാര്യം പറയണോ.. വേണ്ട... അവൾക്ക് വിഷമമാകും.. ഇപ്പോൾ താനുണ്ടെന്നുള്ള ധൈര്യമെങ്കിലുമുണ്ട്... സാരമില്ല ഇന്നിവരെകൊണ്ടാക്കി നാളെ രാവിലെ ഇങ്ങു പോരാം... അപ്പോൾ പിന്നെ ആരേയും പേടിക്കേണ്ടല്ലോ...

അവൻ നേരേ താഴത്തെ നിലയിലെത്തി.. ടാക്സി സ്റ്റാന്റിൽ പാർക്ക് ചെയ്തിരുന്ന വെള്ള അംബാസഡർ കാറിനടുത്തെത്തി

“ഓട്ടം പോകുമോ...“ ഡ്രൈവറോടായിരുന്നു അവന്റെ ചോദ്യം.

“അതെന്താ മോനേ.. അങ്ങനെ.. ഞങ്ങളിവിടെ ഓട്ടംപോകാനല്ലെ കിടക്കുന്നത്..“

അവൻ ചമ്മൽ മാറ്റാൻ നന്നെ പണിപ്പെട്ടു.

“എങ്ങോട്ടാ പോകേണ്ടത്....“

“പാറക്കടവിലേക്കാണ്... എത്രരൂപയാ...“

“കിലോമീറ്ററിന്റെ കാശ് തന്നാമതിയെന്നേ... മോൻ കേറ്...“

“ഞാൻ മാത്രമല്ല... ഉമ്മയും മാമിയുമെല്ലാമുണ്ട്...“

ഡ്രൈവർക്ക് ഫസലിനെ നന്നായി ബോധിച്ചതുപോലെ തോന്നി... അവൻ കാർ ഡ്രൈവറോട് ഹോസ്പിറ്റലിന്റെ മെയിൻ ഗേറ്റിലെത്താൻ പറഞ്ഞു...

ഡ്രൈവർ അവനെനോക്കി കണ്ണിറുക്കി കാണിച്ചുകൊണ്ട് പറഞ്ഞു “നീ പോമോനേ.. ദിനേശാ.... ഞാൻ അവിടെയെ ത്തിക്കോള്ളാം ....“ ഡ്രൈവർ വണ്ടി സ്റ്റാർട്ട്ചെയ്തു... 

അവൻ റോഡ് ക്രോസ്ചെയ്ത് ഹോസ്പിറ്റലിലേയ്ക്ക് പോയി... മുകളിലത്തെ നിലയിലെത്തി കൊണ്ടുപോകേണ്ട സാധനങ്ങൾ അടുക്കിപ്പെറുക്കിവച്ചിരിക്കുന്നു . മാമി വലിയ സന്തോഷത്തിലായിരുന്നു. കുഞ്ഞ് നല്ല ഉറക്കവും... ഉമ്മയ്ക്ക് മുഖത്ത് വല്ലാത്ത ക്ഷീണം കാണുന്നു.. ഉറക്കമൊഴിഞ്ഞതിന്റെതായിരിക്കും.

ഫസലിന്റെ പെരുമാറ്റത്തിൽ ഒരു തണുപ്പൻ പ്രതീതി തോന്നിയതുകൊണ്ട് സഫിയ അവനോട് ചോദിച്ചു.

“എന്താടാ... വീട്ടിൽ പോകാൻ വയ്യേ നിനക്ക്... വയ്യേൽ ഇവിടെത്തന്നെ നിന്നോ... ഞങ്ങളെന്തായാലും പോകാൻ പോവുകയാ... “ അവൻ നിർവ്വികാരനെപ്പോലെ നിന്നു.

“ടാ.... നീ നോക്കി നിൽക്കാതെ ആ സാധനങ്ങളെല്ലാം പെറുക്കി ഇന്നാ ഈ ബാഗിൽ എടുത്ത് വെച്ചെ ...“

ഉമ്മയുടെ സ്വരം മാറിയപ്പോൾ അവൻ രണ്ടുകൈയ്യിലും ബാഗുമെടുത്തു നടന്നു... ഉമ്മയും മാമിയും സിസ്റ്റർമാരോട് യാത്ര പറഞ്ഞ് സാവധാനം നടന്നു ലിഫ്റ്റിനടുത്തെത്തി... ലിഫ്റ്റിൽ കയറി അവർ മൂവരും താഴത്തെ നിലയിലെത്തി... ഡ്രൈവർ അവിടെ കാറുമായി നിൽപ്പുണ്ടായിരുന്നു.. സാധനങ്ങളൊക്കെ ഡിക്കിയിൽ കയറ്റി... അവൻ കാരണവരെപ്പോലെ ഉമ്മയേയേയും മാമിയേയും കാറിൽക്കയറാൻ സഹായിച്ചു... ശേഷം അവൻ ഫ്രണ്ട് സീറ്റിൽ ഇരുപ്പുറപ്പിച്ചു.. 

അവൻ ആ ഹോസ്പിറ്റലിന്റെ ജനാലകളിലൂടെ ഒന്നു കണ്ണോടിച്ചു... അവിടെയെങ്ങാനും ആമിന നിൽക്കുന്നുണ്ടാവുമോ...

ഡ്രൈവർ സാവധാനം കാർ മുന്നോട്ടെടുത്തു... പെട്ടെന്ന് ബഹളം കേട്ടിട്ടായിരിക്കണം കുഞ്ഞുണർന്ന് കരയാൻ തുടങ്ങി... ഉമ്മ അവളെ മാമിയുടെ കൈയ്യിൽ കൊടുത്തു.. മാമി എന്തൊക്കൊയോ പറഞ്ഞ് കുഞ്ഞിനെ സമാധാനിപ്പിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു. തങ്ങൾ കയറിയ ആ കാർ തങ്ങളുടെ വീട് ലക്ഷ്യമാക്കി പൊയ്ക്കൊണ്ടിരുന്നു. ഇടയ്ക്കിടയ്ക്ക് ഡ്രൈവർ അവനോട് കുശലം ചോദിക്കുന്നുണ്ടായിരുന്നു. അവൻ ആവശ്യത്തിനു മാത്രം മറുപടി പറഞ്ഞു... ഡ്രൈവറുടെ നോട്ടവും പെരുമാറ്റവും അവന് തീരെ ഇഷ്ടപ്പെട്ടില്ല... അർത്ഥംവച്ചുള്ള ചില വാക്കുകളും അവനിൽ വല്ലാത്ത അറപ്പുളവാക്കി... 

താൻ വണ്ടിയിയിൽ മുന്നോട്ടാണ് പോകുന്നതെങ്കിലും അവന്റെ ചിന്തകൾ അവനെ പിറകിലേയ്ക്ക് കൊണ്ടുപോയി... ആമിന എന്തു കരുതും... താൻ ഒരു വാക്കുപോലും പറയാതെയാണ് അവിടെ നിന്നും തിരിച്ചത്. അതുമാത്രമല്ല തന്നെ സഹായിച്ച സെക്യൂരിറ്റി ഓഫീസറോടുപോലും യാത്രപറയാനായില്ല... കുറച്ചു ദിവസങ്ങളായിരുന്നു അവിടെ ഉണ്ടായിരുന്നതെങ്കിലും എന്തെല്ലാം മാനസിക സംഘർഷത്തിലൂടെയാണ് താൻ കടന്നുപോയത്.... എത്ര പെട്ടെന്നാണ് കാലം ചില പോറലുകൾ ജീവിതത്തിലേൽപ്പിച്ചത്... ഒരിക്കൽ പോലും തമ്മിൽ കണ്ടുമുട്ടുമെന്നു കരുതാത്തവരെയെല്ലാം ഇവിടെ അവന് കണ്ടെത്താൻ സാധിച്ചു... താനും ഉമ്മയും ഉപ്പയും മാത്രംഉള്ള കുടുംബം എന്ന് കരുതിയ അവന് തെറ്റു പറ്റിയിരിക്കുന്നു. ജീവിതം അവിടെ മാത്രം ഒതുക്കിനിർത്താനുള്ളതല്ല... തനിക്ക് നഷ്ടപ്പെട്ടെന്നു കരുതിയ തന്റെ വാപ്പയെ തനിക്ക് തിരികെ ലഭിച്ചിരിക്കുന്നു... കഴിയുന്നിടത്തോളം തിരികെ ഹോസ്പിറ്റലിൽ വന്ന് വേണ്ട സഹായങ്ങളൊക്കെ ചെയ്തുകൊടുക്കണം. നാളെ രാവിലെ തന്നെ എന്തെങ്കിലും കള്ളം പറഞ്ഞ് ഹോസ്പിറ്റലിലേയ്ക്ക് വരണം. ഇനിയിപ്പോൾ ധൈര്യമായി വരാം കാരണം ഉമ്മയും മാമിയുമൊന്നും അവിടെ കാണില്ലല്ലോ..... ഇനി അവർക്ക് ഇവിടെ ചികിത്സയ്ക്ക് വരേണ്ട ആവശ്യവുമില്ല നാട്ടിലെ ചെറിയ ഹോസിപ്റ്റലിൽ കാണിച്ചാൽ മതി... തന്റെ സാമീപ്യം ശരിയ്ക്കും ഇവിടെ ഈ ഹോസ്പിറ്റലിൽ കിടക്കുന്ന തന്റെ വാപ്പയ്ക്ക് വളരെ അത്യാവശ്യമാണ്... 

“മോനേ...ദിനേശാ... ഈ ജംഗ്ഷനിൽ നിന്നും ഇടത്തോട്ടാണോ വലത്തോട്ടാണോ ...“ ഡ്രൈവറുടെ ചോദ്യം കേട്ട് അവൻ ചിന്തയിൽ നിന്നുണർന്നു..

“ഇവിടെനിന്ന് ഇടത്തോട്ടാ.... ആ കാണുന്ന ആലിനടുത്ത് കാണുന്ന ചെറിയ വഴിയിലേക്കാണ് പോകേണ്ടത്..

“ഡ്രൈവർ കാർ ഇടതുവശത്തേയ്ക്ക് തിരിച്ചു... ചെറിയ റോഡായിരുന്നതിനാൽ വളരെ സാവധാനമായിരുന്നു കാർ ഓടിച്ചത്... അല്പ സമയത്തിനകം കാർ അവരുടെ വീട്ടുപടിക്കലെത്തി... അവൻ ആദ്യം കാറിൽ നിന്നിറങ്ങി... ഇടതുവശത്തെ ഡോർ മാമിയ്ക്ക് ഇറങ്ങുന്നതിനായി തുറന്നുകൊടുത്തു. വലതുവശത്തുകൂടി സഫിയ പുറത്തിറങ്ങി... അവൻ ഡിക്കിയിലിരുന്ന സാധനങ്ങളുമായി അകത്തേയ്ക്ക് പോയി... ടാക്സിക്കൂലി സഫിയതന്നെ കൊടുത്തു... വാപ്പയും ഉമ്മയും ഉമ്മറത്തുതന്നെ ഉണ്ടായിരുന്നു.. അവൻ അകത്തേയ്ക്ക് കയറിയപ്പോൾ കാണാൻ പാടില്ലാത്തതെന്തോ കണ്ടതുമാതിരി പിറകിലേയ്ക്ക് മാറി... അതേ അത് അൻവർ മാമാന്റെ ഭാര്യ നാദിറയായിരുന്നു ... അവരെന്താ ഇവിടെ... വീട്ടിലേയ്ക്ക് വരില്ലെന്നും വന്നാൽ വീട്ടിൽ കയറ്റില്ലെന്നുമൊക്കെയാണ് താൻ കേട്ടത്... പിന്നെന്തുപറ്റി... എത്ര നാളുകളായി അവരിവിടെ വന്നിട്ട്... അവൻ അല്പമൊന്നു പകച്ചെങ്കിലും അകത്തേയ്ക്ക് പോകാനൊരുങ്ങി.. നാദിറ ചിരിച്ചു കൊണ്ട് ഫസലിന്റെ കൈയ്യിലിരുന്ന ബാഗ് വാങ്ങി അകത്തേയ്ക്ക് പോയി.

“ഫസലേ ഞാൻ അകത്തുകൊണ്ടോയി വച്ചോള്ളാം... പിന്നെ നീയൊന്നും മനസ്സിൽ വച്ചേക്കല്ലേ....ഞാനെല്ലാം മറന്നു... നിനക്ക് വേദനിച്ചേൽ എന്നോട് ക്ഷമിച്ചേരേ... “ അവർ അവന്റെ കവിളിൽ മൃദുലമായി തടവി... “നീയങ്ങു വളർന്ന് സുന്ദരനായല്ലോടാ...“ അവൻ മറിപടിയൊന്നും പറഞ്ഞില്ല.

അപ്പോഴേയ്ക്കും അൻവർമാമ പുറത്തേയ്ക്കിറങ്ങി വന്നു... നാദിറ  ഓടിച്ചെന്ന് കുഞ്ഞിനെ കൈയ്യിലെടുത്ത് താലോലിക്കാൻ തുടങ്ങി... 

“സഫിയ അന്തംവിട്ട് നോക്കിനിന്നു. വീട്ടിലാർക്കും ആ ഒരു അന്ധാളിപ്പില്ലായിരുന്നു. അൻവർമാമ പതുക്കെ സഫിയയോട് പറഞ്ഞു..

“സഫിയാ... ഇവൾ ഇന്നുരാവിലെ ഇവിടെ വരണമെന്നുപറഞ്ഞ് നിർബന്ധം പിടിച്ചു... ഇവിടെത്തിയാൽ എന്താകും അവസ്ഥ എന്നെനിക്കറിയില്ലായിരുന്നു. വന്നുടനെ വാപ്പാനോട് ക്ഷമചോദിച്ച് കരച്ചിലായിരുന്നു. ഉമ്മയെ ഓടിച്ചെന്ന് കെട്ടിപ്പിടിച്ച് കൊച്ചുകുഞ്ഞിനെപ്പോലെ അലറിക്കരഞ്ഞു... അവൾക്ക് കുറ്റബോധം തോന്നിക്കാണും. ഇപ്പോൾ അവൾ പഴയതുപോലെയല്ല.. അഹങ്കാരമൊക്കെ മാറി...“

സഫിയയ്ക്കും ആശ്വാസമായി... ഒന്നുമല്ലെങ്കിലും നഷ്ടപ്പെട്ടെന്നു കരുതിയ ഐക്യം വീണ്ടുകിട്ടിയല്ലോ... ഉമ്മയ്ക്കും വാപ്പയ്ക്കും മക്കളുടെ ഈ സ്നേഹപ്രകടനമൊക്കെ ഇഷ്ടപ്പെട്ടെന്നു തോന്നുന്നു... അവരുടെ മുഖം കണ്ടാലറിയാം... അൻവർ ഉപ്പയെനോക്കി പറഞ്ഞു.

“വാപ്പാ ഞാൻ ഇന്നലെ റഷീദിനെ വിളിച്ചിരുന്നു. അവൻ പറഞ്ഞത് അവിടൊരു സ്ഥാപനത്തിൽ ജോലിശരിയാക്കാം പാസ്പോർട്ട് കോപ്പി അയച്ചുകൊടുക്കണമെന്ന്... ഉണ്ടായ നഷ്ടങ്ങളും തെറ്റുകളും പടച്ചോൻ തിരുത്തിത്തന്നില്ലേ.... എന്തായാലും നഷ്ടപ്പെട്ടെന്നു കരുതിയ ജീവിതവും തിരികെക്കിട്ടി...“

“എല്ലാം പടച്ചോൻ ശരിയാക്കും അൻവറേ...“ ഹമീദിന്റെ ശബ്ദത്തിന് ഒരല്പം വിറയലുണ്ടോയെന്ന സംശയം... ആ വൃദ്ധ മനുഷ്യൻെറ കണ്ണുകളിൽ കണ്ണുനീര് നിറഞ്ഞത് ആരും കണ്ടില്ല... ഒരുപക്ഷേ സന്തോഷത്തിന്റേതായിരിക്കും. 

അതങ്ങനെയാണ് ഏതൊരു അച്ഛനുമമ്മയും തങ്ങളുടെ മക്കൾ രക്ഷപെട്ടു കാണാനാഗ്രഹിക്കുന്നത്... എന്തെല്ലാം ദ്രോഹമാണ് നാദിറ  ഈ കുടുംബത്തോട് ചെയ്തുകൂട്ടിയത്... തന്റെ പേരക്കുട്ടിക്കെതിരേ അപവാദം പറഞ്ഞു പരത്തി...തന്നെ അവരുടെ വീട്ടിൽനിന്ന് നാണംകെടുത്തി പറഞ്ഞയച്ചു... പക്ഷേ തനിക്കറിയാമായിരുന്നു എന്നെങ്കിലുമൊരിക്കൽ എല്ലാം നേരേയാകുമെന്ന്. അതു തന്നെ സംഭവിച്ചു. പടച്ചോൻ എല്ലാറ്റിനും ഒരു പരിഹാരം കണ്ടെത്തിയിരിക്കുന്നു... അവൾക്കിപ്പോൾ പഴയതിനേക്കാൾ സ്നേഹം ഉള്ളതുപോലെ തോന്നുന്നു. വീട്ടിലെത്തിയപാടെ അടുക്കളജോലിയ്ക്ക് ഉമ്മാനെ സഹായിക്കുന്നുണ്ടായിരുന്നു. സഫിയയെക്കൊണ്ട് ഒറ്റയ്ക്ക് കാര്യങ്ങളൊക്കെ ചെയ്യാൻ സാധിക്കില്ല അതുകൊണ്ട് കുറച്ചു ദിവസം താനും ഇവിടെ നിൽക്കുന്നെന്നാണ് അവൾ പറഞ്ഞിരിക്കുന്നത്. അതെന്തായാലും നന്നായി... തെക്കേയറ്റത്തെ റൂം അവർക്ക് നൽകാം. ഫസലും ഞാനും ഹാളിൽക്കിടക്കും... 

അകത്ത് എല്ലാവരും എന്തെല്ലാമോ തമാശകൾ പറഞ്ഞ് ചിരിക്കുന്നത് പുറത്ത് കേൾക്കാമായിരുന്നു.. ഫസലിനും സന്തോഷം തോന്നി.. എല്ലാം നന്നായിവരുന്നു. നാദിറ മാമിക്ക് ഇവർ മാപ്പുകൊടുത്തെങ്കിൽ എന്റെ വാപ്പയ്ക്കും മാപ്പുകൊടുക്കുമായിരിക്കും... എല്ലാം കലങ്ങിത്തെളിഞ്ഞ് നേരേയാകുന്നത് അവനേയും സന്തോഷിപ്പിച്ചു. സമയംപോലെ അൻവർമാമയോട് വാപ്പയുടെ കാര്യം. എന്തായിരിക്കും പ്രതികരണമെന്നറിയില്ല പക്ഷേ തനിക്കിത് പറയാതിരിക്കാനുമാവില്ല... മാമാ മറ്റാരോടും പറയേണ്ടെന്ന് പ്രത്യേകം പറയണം... എല്ലാം വരുന്നിടത്തുവച്ചു കാണാം...

നാദിറ  നല്ല ഒന്നാന്തരം തലശ്ശേരി ബിരിയാണി ഉണ്ടാക്കി... കുറേ നാളുകൾക്കു ശേഷം നല്ല ഭക്ഷണം കഴിച്ച സന്തോഷം ഫസലിനുണ്ടായിരുന്നു. എല്ലാരും വളരെ താമസിച്ചാണ് ഉറങ്ങാൻ കിടന്നത്... ആ വീട്ടിൽ പഴയതുപോലെ സന്തോഷം തിരികെയെത്തിയിരിക്കുന്നു. ഹമീദും വളരെ സന്തോഷവാനായിരുന്നു.. ഹമീദ് ഫസലിനെ അടുത്തു വിളിച്ചു എന്നിട്ട് പറഞ്ഞു.

“ഫസലേ നമുക്ക് രണ്ടാൾക്കും ഉമ്മറത്തു കിടക്കാം... നിനക്ക് ഇത്തിരി സ്ഥലം മതിയല്ലോ... കട്ടിലിൽ നമുക്കു രണ്ടാൾക്കുമുള്ള സ്ഥലമുണ്ട്.. അവൻ തലകുലുക്കി. രാത്രിയുടെ ആന്ത്യയാമത്തിലെപ്പോഴോ അവൻ അറിയാതെ ഉറക്കത്തിലേയ്ക്ക് വഴുതി വീണു. ഹമീദിന്റെ കൂർക്കംവലി അവന് ഉറങ്ങാൻ ഒരല്പം ബുദ്ധിമുട്ടുണ്ടാക്കി. പെട്ടെന്ന് ഒരു ഞരങ്ങലും മൂളലും കേട്ടാണ് ഹമീദ് ഉണർന്നത്.. ഫസൽ വല്ലാതെ ശബ്ദമുണ്ടാക്കുന്നു. അവന്റെ ശരീരം ചുട്ടുപൊള്ളുന്നു... ഹമീദ് എല്ലാരേയും വിളിച്ചുണർത്തി.. അൻവർ ഓടിയെത്തി ഫസലിനെ താങ്ങി എഴുന്നേൽപ്പിച്ചു.. എഴുന്നേറ്റപാടേ അവൻ ശർദ്ദിച്ചു... ഉമ്മ അടുക്കളയിൽ പോയി വെളുത്തുള്ളിയുടെ ഒരല്ലി ചതച്ചു അവന് മണപ്പിക്കാൻ കൊടുത്തു... അവൻ വീണ്ടും വീണ്ടും ശർദ്ദിച്ചുകൊണ്ടേയിരുന്നു... പനി കുറയുമെന്നു പ്രതീക്ഷിച്ച് കൊടുത്ത ഗുളികയും പുറത്തേയ്ക്കവൻ ശർദ്ദിച്ചു... സഫിയയ്ക്ക് വല്ലാത്ത ടെൻഷനായി... എന്താണ് തന്റെ മകന് സംഭവിച്ചത്... കുറച്ചു മുമ്പുവരെ സന്തോഷം അലതല്ലിയ ആ വീട്ടിൽ പെട്ടെന്ന് ദുഖം നിഴലിക്കുന്നതുപോലെ തോന്നി... അൻവർ തുണി നനച്ച് അവന്റെ നെറ്റിയിലിട്ടു... വളരെ ക്ഷീണിതനായിരിക്കുന്നു... പനിയ്ക്ക് ഒട്ടും കുറവ് കാണുന്നില്ല...

ഹമീദ് പറഞ്ഞു... “അൻവറെ നമുക്ക് താലൂക്കാശുപത്രിയിലൊന്നു കാണിച്ചാലോ...“ അൻവറിനും ഹമീദ് പറഞ്ഞതിനോട് യോജിപ്പായിരുന്നു....

അൻവർ ഉടൻതന്നെ അടുത്ത വീട്ടിലേയ്ക്ക് പോയി... അവിടുത്തെ പുതിയ വാടകക്കാർക്ക് സ്വന്തമായി ഒരു ആട്ടോയുണ്ടായിരുന്നു... ഓടിക്കാൻ വേറേ ആളുണ്ടെങ്കിലും അതാവശ്യത്തിന് വീട്ടുടമസ്ഥൻ ഓടിച്ചു പോകുന്നത് കണ്ടിട്ടുണ്ട്... അൻവർ അദ്ദേഹത്തെ വിളിച്ചുണർത്തി കാര്യം പറഞ്ഞു.. മറുത്തൊന്നും പറയാതെ അദ്ദേഹം വണ്ടിയുമായി എത്തി... അൻവറും സഫിയയും അവനെ താങ്ങിപ്പിടിച്ച് വണ്ടിയിൽ കയറ്റി.. വണ്ടി ഹോസ്പിറ്റൽ ലക്ഷ്യമാക്കി കുതിച്ചു... ഏതാനും മിനിറ്റുകൾക്കകം അവർ താലൂക്കാശുപത്രിയിലെത്തി.. അത്യാഹിത വിഭാഗത്തിൽ വണ്ടിയെത്തി ഫസലിനെ സഫിയയും അൻവറും ചേർന്ന് അകത്തേയ്ക്ക് കൊണ്ടുപോയി.. ഡോക്ടർ ഉടൻതന്നെ അടുത്തെത്തി... പനി 104 ഡിഗ്രിയിലെത്തിയിരിക്കുന്നു. ഫസൽ എന്തെല്ലാമോ പിച്ചും പേയും പറയുന്നുണ്ടായിരുന്നു. സഫിയയ്ക്ക് ഇതൊന്നും കാണാനുള്ള കരുത്തില്ലായിരുന്നു. അവൾ കരയാൻ തുടങ്ങി... അൻവർ അവളോടെ പുറത്തേയ്ക്ക് മാറിനിൽക്കാൻ പറഞ്ഞു...

ഡോക്ടർ ഉടൻതന്നെ ഡ്രിപ്പിടാനുള്ള സംവിധാനം ഒരുക്കാൻ നഴ്സിനോട് പറഞ്ഞു... അവനെ ബഡ്ഡിലേയ്ക്ക് മാറ്റി... അവന്റെ ഞരമ്പുകളിൽ സൂചി തുളച്ചു കയറി... അതിലൂടെ ആദ്യം മരുന്നാണ് കടത്തിവിട്ടത്... അതിനുശേഷം ഡ്രിപ്പ് കണക്ട് ചെയ്തു... അവന് നല്ല മയക്കം തോന്നി...

“പേടിക്കാനൊന്നുമില്ല.. ഇന്നിവിടെ കിടക്കട്ടെ.... ഇപ്പോൾ പലതരത്തിലുള്ള പനികളുമുണ്ട്... അതുകൊണ്ട് ഞങ്ങൾക്ക് ഇന്നിനി പനി കുറഞ്ഞാലും ഡിസ്ചാർച്ച് ചെയ്യാനാവില്ല... നാളെ വിശദമായ പരിശോധന നടത്തണം...“ ഡോക്ടർ അവരോട് പറഞ്ഞു.

സിസ്റ്ററോട് ഡോക്ടർ എന്തെല്ലാമോ നിർദ്ദേശങ്ങൾ നൽകി... ഫസൽ ഇതൊന്നുമറിയുന്നുണ്ടായിരുന്നില്ല ... വയറ്റിലുണ്ടായിരുന്നതെല്ലാം പുറത്തേയ്ക്ക് പോയി... അവനെ അത് കൂടുതൽ ക്ഷീണിതനാക്കിയിരുന്നു. അവൻ മയങ്ങട്ടെ എന്നു പറഞ്ഞ് ഡോക്ടർ ഡ്യൂട്ടി റൂമിലേയ്ക്ക് പോയി... സഫിയ പുറത്തെ വരാന്തയിൽ തൂണിൽ പിടിച്ചു നിന്നു തേങ്ങുകയായിരുന്നു. അൻവർ അടുത്തെത്തി അവളോട് അവന്റടുത്തേയ്ക്ക് പോകാൻ പറഞ്ഞു. 

“സഫിയ നീ കരയാതിരിക്ക് അവനൊന്നും വരില്ല... പടച്ചോൻ കാക്കും. ഇതു വെറുമൊരു പനിമാത്രം... നാളെ പോകാമെന്നു ഡോക്ടർ പറഞ്ഞു.. നീ വീട്ടിലേയ്ക്ക് പൊയ്ക്കോ... ഞാനിവിടെ നിൽക്കാം...

“വേണ്ടിക്കാ... ഞാൻ നിൽക്കാം.. എന്റെ കുഞ്ഞ് ഇത്രയും നാളിനിടയിൽ ഒരസുഖമായും ആശുപത്രിയിൽ കിടന്നിട്ടില്ല. ഇതാദ്യമാ.... ഇയ്ക്ക വീട്ടിൽ പൊയ്ക്കോ....“

അവസാനം അവർ രണ്ടാളും അവിടെ നിൽക്കാൻ തീരുമാനിച്ചു. ആട്ടോക്കാരനോട് തിരിച്ചുപൊയ്ക്കൊള്ളാൻ പറഞ്ഞു... വീട്ടിൽ കാര്യം അറിയിക്കാനും പ്രത്യേകം പറഞ്ഞു. വീട്ടുകാരെ വിഷമിപ്പിക്കണ്ടെന്നും ചെറിയൊരു പനിയാണെന്നും പറയാൻ പറഞ്ഞു...

അൻവർ തിരിച്ച് ബഡ്ഡിനടുത്തെത്തിയപ്പോൾ മോനേയും കെട്ടിപ്പിട്ച്ച കരയുന്ന സഫിയയെയാണ് കണ്ടത്... അൻവറിന്റെ കണ്ണും അറിയാതെ നനഞ്ഞുപോയി... 

“എന്താ സഫിയാ ഇത്.. കൊച്ചു കുട്ടികളെപ്പോലെ... ഇതാ ഞാൻ വീട്ടിൽ പറഞ്ഞു വിടാമെന്നു വിചാരിച്ചേ.. അവനുറങ്ങട്ടേ... അവനു നല്ല ക്ഷീണം കാണും... ഇൻജക്ഷൻ എടുത്തതല്ലേയുള്ളൂ പനിയുടനേ മാറും.. പിന്നീട് അവൻ ശർദ്ദിച്ചുമില്ലല്ലോ...“

“ഇയ്ക്കാ അതല്ല... അവൻ ഉറക്കത്തിൽ വാപ്പാ വാപ്പാ എന്നുപറഞ്ഞു... കരയുന്നുണ്ടായിരുന്നു. എനിക്കത് താങ്ങാനാവുന്നില്ല... ഇത്രയും കാലും അവൻ വാപ്പായെന്ന പദം ഉച്ചരിച്ചിട്ടില്ല, പിന്നെന്താ ഇപ്പോഴവനിങ്ങനെ... അവനെല്ലാം അനുഭവിച്ചതല്ലേ... വെറുത്തതല്ലേ...“

അൻവർ അത്കേട്ട് തരിച്ചിരുന്നുപോയി... അവന് ഒരു ഉത്തരവും നൽകി സഫിയയെ സമാധാനിപ്പിക്കാനായില്ല...  തുള്ളിയായി വീണുകൊണ്ടിരിക്കുന്ന ഡ്രിപ്പിലേയ്ക്ക  മുഖം തിരിച്ചുകൊണ്ട് മിണ്ടാനാവാതെ അൻവർ നിന്നു.... സഫിയ തേങ്ങിത്തേങ്ങി കരയുകയായിരുന്നു. എവിടെയാണ് തനിക്ക് തെറ്റിയത്.... 
 
 
തുടർന്നു വായിക്കുക അടുത്ത ഞായറാഴ്ച്ച  11 08 2019

ഷംസുദ്ധീൻ തോപ്പിൽ 04 08 2019
 
 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ