10.8.19

നിഴൽവീണവഴികൾ - ഭാഗം 34

 
“ഇയ്ക്കാ അതല്ല... അവൻ ഉറക്കത്തിൽ വാപ്പാ വാപ്പാ എന്നുപറഞ്ഞു... കരയുന്നുണ്ടായിരുന്നു. എനിക്കത് താങ്ങാനാവുന്നില്ല... ഇത്രയും കാലം അവൻ വാപ്പയെന്ന പദം ഉച്ചരിച്ചിട്ടില്ല, പിന്നെന്താ ഇപ്പോഴവനിങ്ങനെ... അവനെല്ലാം അനുഭവിച്ചതല്ലേ... വെറുത്തതല്ലേ...“
അൻവർ അത്കേട്ട് തരിച്ചിരുന്നുപോയി... അവന് ഒരു ഉത്തരവും നൽകി സഫിയയെ സമാധാനിപ്പിക്കാനായില്ല... തുള്ളിയായി വീണുകൊണ്ടിരിക്കുന്ന ഡ്രിപ്പിലേയ്ക്ക മുഖം തിരിച്ചുകൊണ്ട് മിണ്ടാനാവാതെ അൻവർ നിന്നു.... സഫിയ തേങ്ങിത്തേങ്ങി കരയുകയായിരുന്നു. എവിടെയാണ് തനിക്ക് തെറ്റിയത്....

താൻ ചെയ്തത് ക്രൂരതയായിപ്പോയോ.... എല്ലാം സഹിച്ച് അവിടെ നിൽക്കേണ്ടതായിരുന്നോ.... അവിവാഹിതനാണെന്ന് തന്നെയും കുടുംബത്തെയും തെറ്റിദ്ധരിപ്പിച്ച് നിക്കാഹ് കഴിച്ച് കൂട്ടിക്കൊണ്ട് നാട്ടിലേയ്ക്ക് പോകുമ്പോൾ ഒരുപാട് പ്രതീക്ഷകൾ തനിക്കുണ്ടായിരുന്നു. അവിടെയെത്തി വിവാഹിതനാണെന്ന് അറിഞ്ഞിട്ടുപോലും പിടിച്ചു നിൽക്കാൻ ശ്രമിച്ചു... തന്നെയും അദ്ദേഹത്തെയും തെറ്റിക്കാൻ അവൾ കുഴിച്ച കുഴിയിൽ താൻ വീഴുകയായിരുന്നു... തന്നെ ക്രൂരമായി മർദ്ധിച്ചതിൽ മനംനൊന്താണ് അവിടെനിന്നും മടങ്ങിപ്പോരേണ്ടിവന്നത്... ഒരുപ്രാവശ്യംപോലും തന്നെയും കുഞ്ഞിനേയും തിരികെ വിളിച്ചിട്ടില്ല ... തങ്ങളെത്തിരക്കി വന്നിട്ടുമില്ല... എന്നിട്ടും...

അവന്റെ ഭാഗത്ത് ന്യായമുണ്ടായിരിക്കാം കാരണം അവന് നഷ്ടപ്പെട്ടത് അവന്റെ വാപ്പയെയായിരുന്നു... ആ കുഞ്ഞ് ഒരു പിതാവിന്റെ സംരക്ഷണം ആഗ്രഹിച്ചിട്ടുണ്ടായിരിക്കാം... സ്നേഹം പ്രതീക്ഷിക്കുന്നുണ്ടാകാം. അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്ന കാലത്ത് അവന് അദ്ദേഹത്തോട് അത്രയ്ക്ക് ഇഷ്ടവുമായിരുന്നു... തനിക്ക് അവനെന്നും കുട്ടിയായിരിക്കാം പക്ഷേ അവന് ചിന്തിക്കാനുള്ള ബുദ്ധിയും വിവേകവും ഉണ്ടായിരിക്കുന്നു... അതായിരിക്കാം ഉറക്കത്തിൽ, സ്വപ്നത്തിൽ അവൻ ഇതൊക്കെ പറഞ്ഞത്.

സഫിയ വെളുക്കുവോളം ഉറക്കമൊഴിച്ച് അവനൊപ്പം ഇരുന്നു... വെളുക്കാറായപ്പോൾ പനിക്കൊരല്പം ശമനം ഉണ്ടായി... ഫസലിന്റെ  ആവശ്യപ്രകാരം കുറച്ച് വെള്ളം കുടിക്കാൻ കൊടുത്തു... ശരീരം മുഴുവൻ വേദനയായതിനാൽ അവന് നിവർന്നിരിക്കാൻപോലും സാധിച്ചില്ല.. സഫിയതന്നെയാണ് അവനെ എഴുന്നേൽപ്പിച്ച് കട്ടിലിൽ ചാരിയിരുത്തിയത്... തലേദിവസം നടന്ന കാര്യങ്ങൾ ഒന്നും അവനോട് ചോദിക്കേണ്ടതില്ല എന്ന ഉറച്ച തീരുമാനത്തിലെത്തിയിരുന്നു. എന്ത് വന്നാലും ഇങ്ങനൊക്കെത്തന്നെയങ്ങ് പോകട്ടെ... അവന് എന്തേലും ആഗ്രഹം ഉണ്ടെങ്കിൽ ആയിക്കോട്ടെ... താനെന്തിനാ എതിർക്കുന്നേ... വാശിയുടെയും വൈരാഗ്യത്തിന്റെയും പേരിൽ നഷ്ടം എല്ലാർക്കുമുണ്ട്... ഏറെ നഷ്ടം അവന് തന്നെയാണ്... എന്നേലുമൊരിക്കൽ അവനിത് തന്നോട് ചോദിച്ചാൽ എന്ത് മറുപടിയാകും തന്നെക്കൊണ്ട് നൽകാനാവുക.

രാവിലെ തന്നെ ഡോക്ടർ എത്തി... തലേദിവസത്തെ റിസൾട്ട് നഴ്സ് അദ്ദേഹത്തിന് കൈമാറി... ഭയപ്പെട്ടതുപോലെയുള്ള ഒന്നും അതിലില്ലായിരുന്നു. പനിയും ശർദ്ദിലും അവനെ ഈയൊരവസ്ഥയിൽ എത്തിച്ചതാകാമെന്ന നിഗമനത്തിൽ ഡോക്ടർ എത്തി... രണ്ടുദിവസം കൂടി ഇവിടെ കിടക്കേണ്ടിവരുമെന്നു ഡോക്ടർ പറഞ്ഞു... അൻവർ രാത്രിയിൽ ഹോസ്പിറ്റലിന്റെ തിണ്ണയിലായിരുന്നു കഴിച്ചുകൂട്ടിയിരുന്നത്... രാവിലെ സഫിയയ്ക്ക് കുടിക്കാനുള്ള ചായയും ഫസലിനുള്ള ഗ്ലൂക്കോസുമായെത്തി... 

“സഫിയ ഞാൻ ഡോക്ടറുമായി സംസാരിച്ചിരുന്നു. വേറേ പ്രശ്നങ്ങളൊന്നുമില്ല.. ഇവൻ കുറച്ച് ക്ഷീണിതനാണ്.. നാളെക്കഴിഞ്ഞ് പോകാമെന്നും അറിയിച്ചു... എന്തായാലും അസുഖം പൂർണ്ണമായും മാറിയിട്ട് ഡോക്ടർ പറയട്ടെ അതിനുശേഷം പോയാൽ മതി...“

“അള്ളാഹുവിന് സ്തുതി.... അൻവറിയ്ക്ക ഒന്നു വീട്ടിൽ പോയിട്ട് പോരേ.... ഇവന്റെ ഡ്രസ്സും എനിക്കുള്ളഡ്രസ്സും എടുത്തോ... വീട്ടിൽ ആരും വിഷമിക്കേണ്ടെന്നും പറയണം..“

“വേണ്ട സഫിയ... നിനക്കിവിടെ ഒരു സൗകര്യവുമില്ല.. ഞാനിവിടെ നിൽക്കാം... നീ പോയി ഫ്രഷായിട്ടു പോരേ...“

“ഉമ്മ പോയിട്ട് വാ... അൻവറിക്ക ഇവിടെ നിൽക്കട്ടെ...“ അവൻ പതിഞ്ഞ സ്വരത്തിൽ അവരോട് പറഞ്ഞു...

“ശരിയാ അവനും പറയുന്നത് കേട്ടില്ലേ... നീ പോയിട്ട് കുറച്ച് റസ്റ്റെടുത്തു പോരേ...“

അവസാനം അവൾക്ക് അവർ പറുയുന്നത് അനുസരിക്കേണ്ടിവന്നു... പോകാൻ താൽപര്യമില്ലെങ്കിലും സർക്കാരാശുപത്രിയിലെ സൗകര്യക്കുറവ് അവളെ വീട്ടിൽ പോയിട്ടു വരാൻ പ്രേരിപ്പിക്കുകയായിരുന്നു... മനസ്സില്ലാ മനസ്സോടെ ഫസലിനോടും അൻവറിനോടും യാത്രപറഞ്ഞ് അവൾ പുറത്തേക്കിറങ്ങി. ആശുപത്രിയിക്ക് പുറത്ത് ആദ്യം കണ്ട ആട്ടോപിടിച്ച് അവൾ പോകാനുള്ള സ്ഥലം പറഞ്ഞു... 

അവളുടെ മനസ്സു നിറയെ ചിന്തകളായിരുന്നു. തലേദിവസത്തെ ഫസലിന്റെ ഉറക്കത്തിലുള്ള വാപ്പയെന്നു വിളി അവളുടെ മനസ്സിനെ വല്ലാതെ ഉലച്ചിരുന്നു.

വീട്ടിലെത്തി എല്ലാരോടും കാര്യങ്ങൾ വിവരിച്ചു... റസിയയുടെ കുഞ്ഞ് നിർത്താതെ കരയുന്നുണ്ടായിരുന്നു.. അൻവറിന്റെ ഭാര്യ സഫിയയ്‌ക്ക്‌ കുടിക്കുവാൻ ചായയുമായെത്തി...

“എന്തായാലും പടച്ചോൻ രക്ഷിച്ചു. അവന് പ്രത്യേകിച്ച് കുഴപ്പമൊന്നുമില്ലല്ലോ... സഫിയ വിഷമിക്കേണ്ട എല്ലാം നേരേയാകും...“

സഫിയ റൂമിലേയ്ക്ക് പോയി... ഹമീദ് അള്ളാഹുവിന് സ്തുതി പറഞ്ഞു.. 

ഹോസ്പിറ്റലിൽ ഫസലിന് വിശക്കുന്നെന്നു പറഞ്ഞപ്പോൾ ഡോക്ടറുടെ നിർദ്ദേശപ്രകാരം കുറച്ച് കഞ്ഞിവെള്ളം കുടിക്കാൻ കൊടുത്തു... അരമണിക്കൂർ കഴിഞ്ഞു വലിയ കുഴപ്പമില്ലെങ്കിൽ കുറച്ച് കഞ്ഞിയും കൊടുക്കാമെന്നു പറഞ്ഞു. അൻവർ പുറത്തെ കടയിൽ പോയി കഞ്ഞിവെള്ളവും കുറച്ച് അച്ചാറുമായി വന്നു. അവൻ ആർത്തിയോടെ അത് കുടിച്ചു... വറ്റ് മാറ്റി കഞ്ഞിവെള്ളം മാത്രമാണ് അൻവർ അവന് നൽകിയത്. 

അല്പം കഴിഞ്ഞപ്പോൾ അവന് കുറച്ച് ഉത്സാഹമൊക്കെ വന്നു... അവൻ അൻവറിനോട് കുശലാന്വേഷണമൊക്കെ നടത്തി. എന്താന് തനിക്ക് പെട്ടെന്ന് സംഭവിച്ചതെന്ന് അവനും മനസ്സിലായില്ല... ഫസലും അവന്റെ മാമയും തമാശകൾ പറഞ്ഞിരുന്നു... സംസാരമധ്യേ അൻവർ അവനോട് പറഞ്ഞു.

“ഫസലേ  ഉപ്പുപ്പാനെ  ഹോസ്പിറ്റലിൽ ചെക്കപ്പിന് കൊണ്ടുപോകേണ്ട തീയതി കഴിഞ്ഞു. ഇനി നിന്റെ അസുഖം മാറിയിട്ട് പോകാം.. വാപ്പയുടെ കാര്യത്തിലും പ്രത്യേകം ശ്രദ്ധ വേണം... നമ്മുടെ കുട്ടിക്കാലത്ത് എന്തുമാത്രം ബുദ്ധിമുട്ടിയായിരിക്കും വാപ്പ നമ്മളെ മൂന്നുപേരേയും നോക്കിയിട്ടുള്ളത്.“

ഫസൽ അൻവറിന്റെ മുഖത്തേയ്ക്ക് കുറച്ചുനേം നോക്കിനിന്നു...

“മാമാ ഞാനൊരു കാര്യം ചോദിക്കട്ടെ.... എന്റെ വാപ്പാനെ മാമാ കണ്ടിട്ടുണ്ടോ..... എവിടാണെന്ന് അറിയുമോ... ഞങ്ങളെ തിരക്കി എന്നേലും വന്നിട്ടുണ്ടോ...“

അവന്റെ അപ്രതീക്ഷിതമായ ചോദ്യത്തിനുമുന്നിൽ അൻവർ അറിയാതെ പതറിപ്പോയി.... എന്തു പറയണമെന്നറിയില്ല... അവനിൽ നിന്നും ഈ ഒരു ചോദ്യം ഒട്ടും പ്രതീക്ഷിച്ചില്ല... എന്തായിരിക്കും അവന് ഇപ്പോൾ ഇങ്ങനെ ഒരു ചോദ്യം ചോദിക്കാനുള്ള കാരണം. അൻവർ എഴുന്നേറ്റ് അടുത്തു കണ്ട ജനൽ കമ്പിയിൽ പിടിച്ച് അകലേയ്ക്ക്  നോക്കി നിന്നു റോഡിലൂടെ വാഹനങ്ങൾ തലങ്ങും വിലങ്ങും പോകുന്നു വലിയൊരു മഴ പെയ്തു തോർന്ന പോലെ കാർമേഘങ്ങൾ തെളിഞ്ഞു വരുന്നു പക്ഷെ തന്റെ മനസ്സിൽ വേദനകളുടെ കാർമേഘങ്ങൾ ഉരുണ്ടു കൂടുന്നു ... ശരിയാണ് അവൻ ഇന്നലെ ഉറക്കത്തിലാ യിരിക്കില്ല ഇതൊക്കെ പറഞ്ഞത് ... അവന് ശരിക്കും അവന്റെ വാപ്പാനെ കാണണമെന്നുള്ള ആഗ്രഹം ഉണ്ടെന്നു തോന്നുന്നു... എന്തായാലും സഫിയയോട് ഇതൊന്നും പറയേണ്ട.. അവൾ വീണ്ടും വിഷമിക്കും... ഇന്നലത്തെ സംഭവം വെറുമൊരു സ്വപ്നമായി മാത്രമേ അവൾ കരുതുകയുള്ളൂ...

“മോനേ ഫസലേ നീ കുഞ്ഞായിരിക്കുമ്പോഴുണ്ടായ കാര്യങ്ങളൊന്നും നിനക്ക് ഒർമ്മകാണില്ലായിരിക്കും .. ഒന്നിച്ചുപോകാനാകാത്ത ഒരവസരത്തിലാണ് അവൾ നിന്നെയുമെടുത്ത് അവിടെനിന്ന് യാത്രയായത്..“

“എനിക്കോർമ്മയുണ്ട് കുഞ്ഞു പ്രായത്തിൽ ഞാൻ ഉമ്മയുടെ കൂടെ പോകും എന്ന് വാശി പിടിച്ചപ്പൊ വാപ്പ അടിച്ച അടിയുടെ വേദന ഇപ്പോഴും ഹൃദയത്തിൽ പൊള്ളി കിടക്കുന്നുണ്ട് മാമാ... എന്നാലും ഈ ഭൂമുഖത്ത് എനിക്ക് എന്റെ വാപ്പായെന്നു പറയാൻ ഒരാൾ വേണ്ടേ...?“

അവന്റെ ചോദ്യങ്ങൾക്ക് മുന്നിൽ അൻവറിന് ഉത്തരം മുട്ടി...

“മോനേ... എല്ലാം നമുക്ക് പരിഹരിക്കാം... നിനക്ക് കാണണമെന്നാഗ്രഹമുണ്ടെങ്കിൽ മാമാ അതു സാധിച്ചുതരും... നീ എന്തായാലും നിന്റെ ഉമ്മയോട് ഇക്കാര്യങ്ങളൊന്നും പറയേണ്ട.. അവൾക്ക് വിഷമമാവും.. ഒരുപാട് അനുഭവിച്ചവളാ അവൾ.. ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ വീട്ടുജോലിചെയ്യാനും തയ്യാറായവളാ അവൾ... നിനക്കുവേണ്ടി വേറേ വിവാഹംപോലും വേണ്ടെന്നുവെച്ചു ജീവിച്ചവൾ... അവൾക്കത് താങ്ങാനാവില്ല... അവൾക്ക് അന്നും ഇന്നും നീതന്നെയാണ് വലുത്... നീയില്ലാത്ത ഒരു ജീവിതം അവൾക്കില്ല... വേണ്ടമോനേ.. അവളെ വേദനിപ്പിക്കേണ്ട... നിന്റെ ആഗ്രഹം ഞാൻ സാധിച്ചുതരാം...“

ഫസലിന് സന്തോഷമായി... തന്റെ മനസ്സിന്റെ ഭാരം കുറച്ചൊന്നു കുറഞ്ഞതുപോലെ.. മാമ നന്നെ മനസ്സിലാക്കിയിരിക്കുന്നു. മറ്റുകാര്യങ്ങളൊന്നും ഇപ്പോൾ പറയേണ്ട... എല്ലാം സാവധാനം പറയാം... ഉമ്മായോടൊന്നും പറയേണ്ട... ഉമ്മയ്ക്ക് താങ്ങാനാവില്ല.. ആ മനസ്സ് വേദനിച്ച് എന്തേലും സംഭവിക്കുകയോ മറ്റെന്തെങ്കിലും ചെയ്യുകയോ ചെയ്താൽ പിന്നെ താൻ ജീവിച്ചിരിക്കുന്നതിൽ അർത്ഥമില്ല..

സഫിയ ഉച്ചയ്ക്കുതന്നെ അവനുള്ള കഞ്ഞിയുമായെത്തി... അവൾ വന്നയുടനെ അൻവർ വീട്ടിലേയ്ക്ക് പോയി. ഒരു പാത്രത്തിൽ കുറച്ച് കഞ്ഞിയെടുത്ത് അവന് നൽകി...ഓരോ  സ്പൂൺ കഞ്ഞിയും സഫിയ സ്നേഹപൂർവ്വം അവന്റെ വായിലേയ്ക്ക് വച്ചുകൊടുക്കുകയായിരുന്നു..

അവൻ ഓർക്കുകയായിരുന്നു എന്തിനാണ് താൻ ഇപ്പോൾ തന്റെ വാപ്പയുടെ ഭാഗത്തുനിന്നും ചിന്തിക്കുന്നത്. തന്റെ ഉമ്മ അനുഭവിച്ച ദുഖങ്ങൾ എന്തെല്ലാമായിരുന്നെന്ന് അവർക്കു മാത്രമേ അറിയൂ... എന്ത് സ്നേഹത്തോടെയാണ് ഉമ്മ തന്നെ വളർത്തിയത്.. എന്നിട്ടും ഉപേക്ഷിച്ചുപോയ തന്റെ വാപ്പയ്ക്കുവേണ്ടി താൻ വാദിക്കുന്നു... വേണ്ട... ഉമ്മയോട് ഇനിയൊരിക്കലും ഇക്കാര്യങ്ങൾ സംസാരിക്കില്ല... അൻവർ മാമയോടും ഇതൊന്നും ഇനി ആവർത്തിക്കാൻ പാടില്ല... തൻ കണ്ട കാര്യം ഇവരാരും അറിയുകയും വേണ്ട... തന്റെ മനസ്സിന്റെ ശവപ്പറമ്പിൽ ആ ഓർമ്മകൽ കുഴിച്ചുമൂടാം... അവൻ വളരെ ഉത്സാഹിതനാണെന്ന് സഫിയയെ ബോധ്യപ്പെടുത്താൻ ശ്രമിക്കുന്നുണ്ടായിരുന്നു. സഫിയ അവന്റെ ശരീരം കൂടുതൽ ആയാസപ്പെടാതിരിക്കാനും ശ്രമിക്കുന്നുണ്ടായിരുന്നു. 

വൈകുന്നേരം അൻവർമാമ രാത്രി കഴിക്കാനുള്ളഭക്ഷണവുമായെത്തി... അന്നത്തെ രാത്രികൂടി അവിടെ തങ്ങിയാൽ മതിയല്ലോ സഫിയതന്നെ നിന്നുകൊള്ളാമെന്നു പറഞ്ഞു... അൻവർ എതിർക്കാൻ പോയില്ല... തന്നെ ഒറ്റയ്ക്കു കണ്ടാൽ ഒരുപക്ഷേ അവൻ അവന്റെ വാപ്പയെക്കുറിച്ചുള്ള ചോദ്യങ്ങളായിരിക്കും ചോദിക്കുക. അൻവർ താമസിയാതെ അവിടെനിന്നും യാത്രപറഞ്ഞിറങ്ങി... അൻവറിന്റെ മനസ്സിലും ഫസലിന്റെ ചോദ്യങ്ങൾ ആവർത്തിച്ച് മുഴങ്ങിക്കൊണ്ടിരുന്നു.... 

രാത്രി എട്ടു മണിയോടെ അൻവർ വീട്ടിലെത്തി... വീടിന്റെ ഉമ്മറത്ത് വാപ്പയിരിക്കുന്നു... എല്ലാരും അകത്താണെന്നു തോന്നുന്നു. പുതിയൊരംഗം പി റന്നതിന് ശേഷം ആർക്കും ഇപ്പോൾ സമയമില്ല... എല്ലാവരും അവളുടെ പിറകേയാണ്... അവൾ അങ്ങനെ തന്നെ വളരട്ടെ... എല്ലാരുടേയും സ്നേഹവും അവൾക്ക് ആവശ്യമാണ്.... 

“അൻവറെ എന്താ ഹോസ്പിറ്റലിൽ പ്രത്യേകിച്ച്...“ ഹമീദ് അൻവറിനോട് ചോദിച്ചു...

“പ്രത്യേകിച്ചൊന്നുമില്ല വാപ്പാ....“ അൻവർ അകത്തേയ്ക്ക് കയറാതെ ഉമ്മറത്ത് വാപ്പയ്ക്ക് അഭിമുഖമായി നിന്നു...

“വാപ്പാ ഞാനൊരു കാര്യം ചോദിച്ചോട്ടെ.... വേറൊന്നിനും വേണ്ടിയല്ല.. ഒന്നറിഞ്ഞുവയ്ക്കാമെന്നുവച്ചിട്ടാണ്...

“എന്താ അൻവറെ... നിനക്കെന്തുവേണേലും എന്നോടു ചോദിക്കാല്ലോ... അതിനീ വളച്ചുകെട്ടലിന്റെ ആവശ്യമുണ്ടോ..?

“അതല്ല വാപ്പാ... സഫിയയുടെ കാര്യമാണ്.... ഫസലിന്റെ കാര്യമാണ്...“

“എന്തായാലും നീചോദിച്ചാലല്ലേ എനിക്കത് പറയാനാവൂ...“

“വാപ്പാ.... സഫിയയുടെ ഭർത്താവ് ഇപ്പോ എവിടുണ്ട്....“

“ആ ചോദ്യം ആ വൃദ്ധപിതാവനെ സ്തബ്ദനാക്കി...“ ഒന്നു പതറിയെങ്കിലും സംയമനം വീണ്ടെടുത്തുകൊണ്ട്... അദ്ദേഹം പറഞ്ഞു.

“നടന്ന കാര്യങ്ങളക്കെ നിനക്കും അറിയാവുന്നതാണല്ലോ.... അവൾ അവനുമായി തെറ്റി തിരികെയെത്തി... കുഞ്ഞിന്റെയും അവളുടെയും ഭാവിക്ക് അവർ പിരിയുന്നതാണ് നല്ലതെന്നു തോന്നി... അതിനുള്ള സംവിധാനങ്ങൽ ചെയ്തുകൊടുക്കുകയും ചെയ്തു...“

“എന്നെങ്കിലും ഇവരെ അന്വേഷിച്ച് അയാൾ വന്നിരുന്നോ...“

“ഫസലിനെ ആവശ്യപ്പെട്ട് അവൻ മഹല്ല് കമ്മറ്റിയിൽ വന്നിരുന്നു... അന്ന് സ്വാധീനമുപയോഗിച്ച് അവനെ പിന്തിരിപ്പിക്കുകയാണ്  ചെയ്തത്... അവസാനമായി ഞാനവനെ കാണുന്നത് അന്നായിരുന്നു... പക്ഷേ എന്നെ അവൻ കാണാതിരിക്കാൻ ഞാൻ മനപ്പൂർവ്വം ശ്രമിച്ചിരുന്നു. നമ്മളുടെ താമസസ്ഥലം മാറിയ വിവരവും അവനിൽ നിന്നും മറച്ചിരുന്നു.“

“അതിനു ശേഷം പിന്നെ അവന്റെ ഭാഗത്തുനിന്നും അന്വേഷണമൊന്നും ഉണ്ടായില്ലേ....“

“അപ്പോഴേയ്ക്കും നമ്മൽ താമസം മാറി പോയിരുന്നു... പുതിയ താമസസ്ഥലം ആരോടും ഞാൻ വെളിപ്പെടുത്തിയിരുന്നില്ല... ഫസലിനെ നഷ്ടപ്പെടുത്താൻ ഞാൻ ഒരുക്കമല്ലായിരുന്നു... ഇതൊന്നും സഫിയയോട് പറഞ്ഞിട്ടുമില്ല, കാരണം അവൾ അത്രയ്ക്ക് ആ മനുഷ്യനെ വെറുത്തിരുന്നു... ഈ കാര്യങ്ങൾ അറിഞ്ഞാൽ ഒരുപക്ഷേ അവൾ എന്തേലും അവിവേകം കാട്ടിയാലെ എന്നു ഞാൻ ഭയപ്പെട്ടിരുന്നു.

“അവന്റെ സ്ഥലം എവിടാണെന്നറിയാമോ വാപ്പാ....“

...“അറിയാം...................................................................... ഇപ്പോൾ അവിടെ ആയിരിക്കുമോ എന്നറിയില്ല... എന്റെ കൈയ്യിൽ അവന്റെ അഡ്രസ്സ് കാണണം....നാളെ ഞാനതെടുത്തു തരാം.

“അല്ല അൻവറേ നീയെന്താ ഇപ്പോൾ ഇതൊക്കെ ചോദിക്കുന്നേ...“

“ഒന്നുമില്ല വാപ്പാ... അവളുടെ കഷ്ടപ്പാടുകൾ കണ്ടപ്പോൾ പഴയ കാര്യങ്ങളൊക്കെ ഓർമ്മവന്നു... ജീവിതം അവൾ വെറുതേ ഹോമിച്ചുകളഞ്ഞില്ലേ....“

“ശരിയാ അൻവറേ... പടച്ചോൻ എല്ലാം ഒരുമിച്ചു നൽകില്ലല്ലോ.... റബ്ബ് അവൾക്കൊരു നല്ല മോനെ ക്കൊടുത്തില്ലേ... അവൻ ചില സിനിമകളിലൊക്കെ മുഖം കാണിക്കുകയും ചെയ്തു...“

“അതൊക്കെ എനിക്കറിയാം വാപ്പാ.... എല്ലാമൊന്ന് അറിയണമെന്നു കരുതി.. മറ്റൊന്നിനുമല്ല...“

“അൻവറിന്റെ മനസ്സിൽ ഒരു നെരിപ്പോട് എരിയുന്നതുപോലെ തോന്നി.... എവിടെയൊക്കെയോ ഒരു നീറ്റൽ.... താൻ കുടുംബവുമായി വലിയ ബന്ധമില്ലാതിരുന്ന കാലത്ത് ഇതിലൊന്നും ശ്രദ്ധിക്കാനും സാധിച്ചിരുന്നില്ല... സ്വന്തം സഹോദരനെന്ന നിലയിൽ തന്റെ ഭാഗത്തുള്ള വീഴ്ചതന്നെയായിരുന്നത്... എന്തായാലും വരുന്നത് വരന്നിടതുതവച്ചുകാണാം... ഫസൽ ഇനിയും ആവശ്യപ്പെട്ടാൽ അവനെ അദ്ദേഹത്തെ കാണാനുള്ള അവസരം ഒരുക്കിക്കൊടുക്കാം... ഒരുപക്ഷേ അവരുടെ ജീവിതം ഇനിയും നന്നായിക്കൂടെന്നില്ല.... സഫിയയുടെ മനസ്സിലും ഇപ്പോൾ വലിയ വിദ്വേഷമില്ലാതിരിക്കും. അൻവർ സാവധാനം റൂമിനകത്തേയ്ക്ക് പോയി...“

ഹമീദും പഴയകാലത്തിലേയ്ക്ക് തിരികെപ്പോയി.... ഒരു സിനിമയിലെന്നവണ്ണം ഓരോ സംഭവങ്ങളും അദ്ദേഹത്തിനു മുന്നിൽ തെളിയുകയായിരുന്നു.

പുറത്താരോ അൻവർ അൻവർ എന്നു പേരുചൊല്ലി വിളിക്കുന്നത് കേട്ട് അൻവർ പുറത്തേയ്ക്കിറങ്ങിവന്നു...

“ആരാ അൻവറേ അത്... നിന്നെയാണല്ലോ വിളിക്കുന്നത്... അൻവർ ടോർച്ചുമെടുത്ത് മുറ്റത്തേയ്ക്കിറങ്ങി...“
 
 
 
തുടർന്നു വായിക്കുക അടുത്ത ഞായറാഴ്ച്ച 18 08 2019

ഷംസുദ്ധീൻ തോപ്പിൽ 11 08 2019
 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ