9.2.19

നിഴൽ വീണ വഴികൾ - ഭാഗം 8

കോഴിക്കോട് പുതിയ ബസ്റ്റാന്റിൽ ബസ്സ് നിർത്തി. ബസ്സിൽ നല്ല തിരക്കാണ്. ആളുകളൊക്കെ ഇറങ്ങുന്നുണ്ട്. കണ്ടക്ടർ പുറത്തിറങ്ങി സഫിയ ഇരിക്കുന്ന ഭാഗത്തേക്ക് വന്ന് ആളുകൾ ഇറങ്ങുന്നത് വരെ സീറ്റിൽ തന്നെ ഇരിക്കാൻ പറഞ്ഞു. എല്ലാവരും ഇറങ്ങി കഴിഞ്ഞ ശേഷം സഫിയയെയും കൂട്ടി കണ്ടക്ടർ സ്റ്റാന്റിന് ഉള്ളിലൂടെ ഓട്ടോസ്റ്റാന്റിലേയ്ക്ക് നടന്നു.  സഫിയയുടെ കയ്യിലുള്ള അഡ്രസ് വാങ്ങി ഓട്ടോ ഡ്രൈവവറോട്  അറിയുമോ എന്ന് ചോദിച്ചു. “അറിയോന്നൊ, മാളിയേക്കൽ ഹസ്സനാജിയെ അറിയാത്തവരാരും കോഴിക്കോട്ടങ്ങാടിയിൽ ഉണ്ടാവില്ല”

കോർട്ട് റോഡിലെ കൊപ്രബസാറിൽ നിന്നാണ് ഹസ്സനാജിയുടെ ഉയർച്ചയുടെ തുടക്കം. കൊപ്രയുടെ ലോഡ് വരുമ്പോൾ അത് ഇറക്കുന്ന പണിയായിരുന്നു. തുടക്കത്തിൽ പിന്നീട് കൊപ്ര ലോഡുകളുടെ മൊത്ത കച്ചവടക്കാരൻ ഒടുക്കം ഗോൾഡ് ബിസിനസ്സിൽ. കഷ്ടപ്പാടിന്റെ കയിപ്പുനീര് ആവുവോളം കുടിച്ച ഹസ്സനാജിക്ക് പിന്നീട് തന്റെ പഴയ കാലത്തേക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. കോഴിക്കോട് ടൗണിലെ ഒരു വിധം കെട്ടിടങ്ങളും ജ്വല്ലറികളും ഹസ്സനാജിയുടേതാണ്. ഇത്രയൊക്കെ സമ്പാദിച്ച് കോടീശ്വരനായിട്ടും വന്നവഴി ഹസ്സനാജി മറന്നിട്ടില്ല. പാവങ്ങളെ കൈ അയഞ്ഞ് സഹായിക്കുന്ന ഹസ്സനാജിയുടെ മാളിയേക്കൽ തറവാട് അറിയാത്തവർ കോഴിക്കോട്ടങ്ങാടിയിൽ ഉണ്ടാവില്ല.

ബസ്സ് കണ്ടക്ടറോട് നന്ദി പറഞ്ഞ് സഫിയയും മോനും ഓട്ടോയിൽ കയറി. നന്നെ ചെറുപ്പത്തിൽ ഉപ്പയുടെകൂടെ വന്നതാണ് താൻ കോഴിക്കോട് വല്ലിക്കയുടെ വീട്ടിൽ. നേരിയ ഒരോർമ്മമാത്രം. അതിന് ശേഷം ഇന്നാണ് വരുന്നത്. അമ്മായിയും ഇക്കാക്കയും ഞങ്ങളെ തിരിച്ചറിയുമോ ആവോ. ഏതായാലും പോയി നോക്കുക തന്നെ. അവരും തങ്ങളെ കൈ വീട്ടാൽ...” ഇക്കാണുന്ന ബിൽഡിങ്ങുകളൊക്കെ ഹസ്സനാജിയുടെതാണ്. അല്ല നിങ്ങൾ ഹസ്സാനാജീടെ ആരാ” ഡ്രൈവറുടെ ചോദ്യം കേട്ടാണ് സഫിയ ചിന്തയിൽ നിന്നുണർന്നത്. “ന്റെ ഉമ്മാന്റെ ആങ്ങളയാണ്.“ “പെങ്ങളെ മോളായിട്ടും വീട് അറിയില്ലെ”. “ഞാൻ വളരെ ചെറുപ്പത്തിൽ വന്നതാ. പിന്നെ കെട്ടിച്ചേട്ത്ത് ആയിരുന്നു. കല്ല്യാണത്തിന്റെ അന്ന് കണ്ടതാ. ഞാൻ ഭർത്തവിന്റെ വീട്ടിൽ നിന്നാ വരുന്നത്. ” ഡ്രൈവറുടെ കൂടുതൽ ചോദ്യങ്ങളെ സഫിയ ഭയന്നു. “എത്താറായോ...“ സഫിയ ചോദിച്ചു.

കൊട്ടാരസാദൃശ്യമായ വീടിന്റെ പടിക്കൽ ഓട്ടോറിക്ഷ നിർത്തി. കയ്യിൽ കരുതിയ കവറിൽ നിന്ന് പേഴ്സ് എടുക്കാൻ തുനിഞ്ഞപ്പോൾ ഡ്രൈവർ പറഞ്ഞു. “നിങ്ങൾ ഇറങ്ങിക്കോളി പൈസ കൈയ്യീവച്ചോളൂ. ഈ വീട്ടിൽ നിന്ന് ഒരുപാട് ഉപ്പും ചോറും തിന്ന് വളർന്നവനാ ഞാൻ. ഏതായാലും ഇവിടെ വരെ വന്നതല്ലെ ഞാൻ ഒന്ന് കയറിയിട്ടേ പോകുന്നുള്ളൂ“. തുറന്നിട്ടിരിക്കുന്ന വീടിന്റെ ഗേറ്റ് നോക്കി ഡ്രൈവർ പറഞ്ഞു. “ഈ ഗേറ്റ് രാത്രിയെന്നോ പകലെന്നോ ഇല്ലാതെ തുറന്നിട്ടിരിക്കും. ആർക്കും ഏത് സമയത്തും എന്ത് സഹായത്തിനും ഈ  വീട്ടിൽ കയറി വരാം. വെറും കയ്യോടെ മടങ്ങിപോവേണ്ടി വരില്ല.“

ഓട്ടോ നിർത്തിയ ശബ്ദം കേട്ട് വീടിന്റെഅകത്ത്  നിന്ന് കുലീനത തോന്നിക്കുന്ന മധ്യവയസ്ക്കയായ ഒരു സ്ത്രീ പുറത്തേക്ക് ഇറങ്ങിവന്നു. “ഇതാരാപ്പത് വേലുവോ ഈ വഴിയൊക്കെ മറന്നോ..?“ “ഇല്ല ഇത്താ.......“. “ഇതാരാ?“ സഫിയയുടെ അടുത്തെത്തിയാണ് ആ മധ്യവയസ്ക്ക ചോദിച്ചത് അതോടെ തന്നെ അവളുടെ മുഖത്തേക്ക് നോക്കുകയും ചെയ്തു. അപ്പോഴാണ് സഫിയയും അവരെ ശ്രദ്ധിച്ചത്. അമ്മായി തന്റെ അമ്മായി വർഷങ്ങൾക്ക് മുമ്പ് കണ്ടതാണെങ്കിലും ആ മുഖം ഇപ്പോഴും താൻ മറന്നിട്ടില്ല. അമ്മായി ആ നിമിഷം തന്നെ സഫിയയെ തിരിച്ചറിഞ്ഞു. “സഫിയ സൈനബാന്റെ മോള്... മോളെ ഹംസ  എവിടെ നീ ഒറ്റെക്കെയുള്ളൂ.....“ ഇത് കേട്ടതും പരിസരം മറന്ന് അമ്മായിയെ കെട്ടി പിടിച്ചു സഫിയ വാവിട്ട് കരഞ്ഞു. “എന്ത് പറ്റി എന്റെ കുട്ടിക്ക്....“ ഞാൻ പറയാം അമ്മായി....“ കരച്ചിലിനിടയിലും സഫിയ പറഞ്ഞു “ഞാൻ പറയാം... ഞാൻ എല്ലാം പറയാം...“

“നിനക്കെവിടുന്നാ വേലു ഇവരെ കിട്ടിയത്.“ “സ്റ്റാന്റിൽ വന്ന് ഇവിടുത്തെ അഡ്രസ്സ് കാണിച്ചു തന്നു. അപ്പൊ ഞാൻ ഇവരെ കൂട്ടികൊണ്ട് വന്നതാ“. “ന്നാ ശരി ഇത്താ ഞാൻ പോട്ടെ“. “കയറുന്നില്ലേ വേലു.“ “ഇല്ലാ പിന്നെ വരാം“. അമ്മായി ഫസലിന്റെ കയ്യും പിടിച്ച് സഫിയയെയും കൂട്ടി വീട്ടിലേക്ക് കയറി. “അമ്മായി ഇക്കാക്ക..“ “ഇക്കാക്ക ഓഫീസിലാ മോളെ രാത്രിയെ വരൂ“.

അവൾ അമ്മായിയോട് താൻ ഇത് വരെ അനുഭവിച്ച എല്ലാ വേദനകളും പറഞ്ഞു. “ഇനി ഞാൻ അങ്ങോട്ടില്ല, ഇക്കാക്ക വന്നിട്ട് എന്നെ വീട്ടിൽ കൊണ്ടാക്കി തരണം. ഞാൻ എങ്ങിനെയെങ്കിലും കഷ്ടപ്പെട്ട് ജീവിച്ചോളാം“. 

അമ്മായിയുടെ അടുത്ത് നിന്നാണ് ഞെട്ടിക്കുന്ന സത്യം സഫിയ അറിഞ്ഞത്. തന്റെ വിവാഹശേഷം ബദ്ക്കൽ വർഗ്ഗീയ കലാപം ഉണ്ടാകുകയും എല്ലാം നഷ്ടപ്പെട്ട് തന്റെ കുടുംബം തോട്ടിൻക്കരയിലേക്ക് പോയെന്നും, അവരെ ഇക്കാക്ക കോഴിക്കോട്ടേക്ക് വിളിച്ചെങ്കിലും ഒരാളുടെയും ആശ്രയത്തിൽ കഴിയാനാഗ്രഹിക്കാത്ത തന്റെ ഉപ്പ അതിനു തയ്യാറായില്ല. “ഉപ്പക്ക് ഇപ്പൊ ജോലിക്ക് പോകാനൊന്നും കഴിയില്ല. അസുഖമായതിനാൽ വീട്ടിൽ തന്നെ. സീനത്ത് ഭർത്താവുമായി പിണങ്ങി അവളും  വീട്ടിലാ. റഷീദിന്റെയും അൻവറിന്റെയും പണികൊണ്ടാണ് അവർ ജീവിച്ച് പോകുന്നത്“. ഇത് കേട്ടപ്പൊ സഫിയ ആകെ തകർന്ന് പോയി. തന്റെ ഏക ആശ്രയമായിരുന്ന വീട്. അവിടത്തെ അവസ്ഥ ഇങ്ങിനെയും. അതിലേക്ക് താൻ കൂടി ചെന്നാൽ... അമ്മായി സഫിയയെ ആശ്വസിപ്പിച്ചു. “വെറുതെ വിഷമിച്ചിട്ട് കാര്യമില്ല. എല്ലാം റബ്ബിന്റെ വിധിയാണ്. ആത് നമ്മൾ അനുഭവിച്ചെ തീരൂ... മോൾക്കൊരു  ഒരാൺകുട്ടിയല്ലെ പടച്ചോൻ അവനിലൂടെ മോളുടെ വിഷമങ്ങൾ ഒക്കെ തീർക്കും“.

“മോൾ വന്നത് ഏതായാലും ഉപ്പ അറിയണ്ട. സാവധാനം അറിഞ്ഞാമതി. ഉപ്പ ആകെ തകർന്ന് പോകും. നിനക്കും മോനും ഇബടെ നിക്കാലൊ.“

വൈകുന്നേരം ഹസ്സനാജി വന്നപ്പോൾ ഡ്രൈവറുടെ  കയ്യിൽ വിവിധ കവറുകളിലായി ഡ്രസ്സുകളുണ്ടായിരുന്നു. മുഴുവൻ സഫിയക്കും മോനും. അമ്മായി ഇക്കാക്കയെ വിളിച്ച് പറഞ്ഞതായിരുന്നു. വന്നപാടെ സഫിയാനെ വിളിച്ചു. “ഇന്നാ ഇത് നിനക്കും മോനും ഉള്ള ഡ്രസ്സാ. പാകമില്ലങ്കിൽ നമുക്ക് മാറ്റിയെടുക്കാം.“ ഇക്കാക്ക സഫിയയെ നെഞ്ചോട് ചേർത്ത് നിർത്തി. വാൽസല്യത്തോടെ പറഞ്ഞു “മോൾ വിഷമിക്കണ്ട കഴിഞ്ഞതെല്ലാം വിധിയാണെന്ന് കരുതി സമാധാനിക്കാം. അന്നേം കുട്ടിനെം നോക്കാൻ പറ്റുന്ന ഒരുത്തന്റെ കയ്യിൽ ഇക്കാക്ക ഏൽപ്പിക്കും വരെ ഒരു ബുദ്ധിമുട്ടും കൂടാതെ ഇബടെ നിൽക്കാം.“ പറഞ്ഞ്കൊണ്ടിരിക്കെ ഹസ്സനാജിയുടെ കണ്ണുകൾ നിറഞ്ഞു. സഫിയയുടെ കണ്ണുനീരിന് മുന്നിൽ അയാൾക്ക് പിടിച്ച് നിൽക്കാൻ കഴിയില്ലായിരുന്നു. കരച്ചിലിനിടയിലും സഫിയ വിക്കി വിക്കി പറഞ്ഞു “വേണ്ട ഇക്കാക്ക എനിക്ക് കല്ല്യാണമേ വേണ്ട. ഇനിയുള്ള ജീവിതകാലം ഞാനെന്റെ മോനെയും നോക്കി നിന്നോളാം. അത്രയ്ക്ക് മടുത്ത് പോയി ഇക്കാക്ക... അത്രയ്ക്ക് മടുത്തുപോയി. മോനെ ഓർത്താ അല്ലങ്കി എന്നെ ജീവനോടുക്കിയേനെ.“ അയാൾ സഫിയയുടെ വായ് പൊത്തി. “മോൾ അങ്ങിനെ ഒന്നും പറയരുത്. റബ്ബിന്റെ പരീക്ഷണമാണ് ഇതൊക്കെ അതു സഹിക്കാൻ മനുഷ്യജന്മങ്ങളായ നമ്മൾ ബാധ്യസ്ഥരുമാണ്. ക്ഷമയും സഹനവും ഉള്ളവർക്കെ നാളെ പരലോകത്ത് സ്വർഗ്ഗം കിട്ടൂ“.

ഹസ്സനാജിയുടെ വീട്ടിൽ സഫിയക്കും മോനും സുഖകരമായ ജീവിതമായിരുന്നു. അവൾ പതിയെ പതിയെ തന്റെ ദുരനുഭവങ്ങൾ മറക്കാൻ ശ്രമിച്ച് കൊണ്ടിരുന്നു. ഇപ്പോ അവൾക്ക് ഒരു വിഷമം മാത്രമേ ഉള്ളൂ സുഖമില്ലാതെ കിടക്കുന്ന ബാപ്പയുടെ അടുത്തെത്തണം. കഷ്ടപ്പാടുണ്ടെങ്കിലും അവരുടെ കൂടെ ജീവിക്കണം. അല്ലാതെ ഈ സുഖ സൗകര്യങ്ങൾ ഒന്നും  തനിക്ക് ശാശ്വതമല്ല. ഒരു ദിവസം സഫിയ അമ്മായിയോട് പറയുകയും ചെയ്തു. എങ്ങിനെയെങ്കിലും ഉപ്പയുടെ അടുത്തെത്തണം.

“...ഹലോ ഇത് കുന്ദംകുളത്തെ എലൈറ്റ് ബേക്കറി അല്ലെ.“ “അതെ“. “റഷീദിനെ  ഒന്ന് ഫോണിൽകിട്ടുമോ?“. “ആരാ സംസാരിക്കുന്നത്“. “ബേക്കറിൽ ജോലിചെയ്യുന്ന റഷീദിന്റെ അമ്മായിയാ കോഴിക്കോട്ട്ന്നാ വിളിക്കണേ...“. “കട്ട് ചെയ്യല്ലെ ഇതാ കൊടുക്കാം“. അയാൾ റഷീദിനോട് പറഞ്ഞു. “കോഴിക്കോട്ട്ന്നാ അമ്മായി“. “ഹലോ അമ്മായി റഷീദാണ്.“ “റഷീദേ എന്താ വിശേഷം നീ നാട്ടി പോവുമ്പൊ ഇത് വഴി വരണം. സഫിയയും മോനും ഇവിടെ വന്നിട്ടുണ്ട് അവൾക്ക് നാട്ടിലേക്ക് പോരാനാ.“ “സഫിയയോ എന്താ അമ്മായി എന്തെങ്കിലും പ്രശ്നം?.“ “ഏയ് ഒന്നുല്ല ഒക്കെ നേരിൽ പറയാം. അൻവറിന് സുഖം തന്നെയല്ലെ.“ “അതെ ന്നാ ശരി വെക്കട്ടെ.“ “ശരി അമ്മായി“.

സഫിയയുടെ രണ്ട് സഹോദരങ്ങളാണ് റഷീദും അൻവറും. രണ്ട്പേരും കുന്ദംകുളത്ത് ബേക്കറിയിൽ ജോലി ചെയ്യുന്നു. ഹമീദിന്റെ മക്കളിൽ ഏറ്റവും ഇളയവരാണ് ഇവർ. രണ്ട് പേരും തമ്മിൽ 3 വയസ്സിന്റെ വ്യത്യാസമേ ഉള്ളൂ. സഫിയയുടെ വിവരങ്ങൾ അറിഞ്ഞതിൽ പന്തിക്കേട് തോന്നിയ റഷീദ് അൻവറിനോട് കാര്യങ്ങളെല്ലാം പറഞ്ഞ് മുതലാളിയുടെ സമ്മതം വാങ്ങി അമ്മായിയുടെ വീട്ടിലേക്ക് പുറപ്പെട്ടു. വഴിയിൽ വെച്ച് അടുത്ത വീട്ടിലേക്ക് ഫോൺ ചെയ്ത് ഉമ്മായെ വിളിപ്പിച്ച് കാര്യങ്ങളുടെ ഒരു ഏകദേശ രൂപം ധരിപ്പിച്ചു. സാവധാനം ഉപ്പയോട് പറയാനും. താൻ സഫിയയെയും മോനെയും കൂട്ടി വരികയാണെന്നും പറഞ്ഞു. അവൻ പുതിയങ്ങാടിയിലെ മാളിയേക്കൽ തറവാട്ടിലെത്തി. റഷീദിനെ കണ്ടപാടെ സഫിയ കെട്ടിപ്പിടിച്ച് കരഞ്ഞു. നാലഞ്ച് വർഷങ്ങൾക്ക് ശേഷം കാണുകയല്ലെ? അവളുടെ കദനകഥകേട്ട് അവന്റെ കണ്ണ് നിറഞ്ഞു. അമ്മായി റഷീദിനോട് പറഞ്ഞു “റഷീദെ ഏതായാലും നമുക്ക് സഫിയയെയും കുട്ടിയേയും തിരിച്ച് കിട്ടിയില്ലെ. അത് തന്നെ ഭാഗ്യം. ഇപ്പൊ നീ ഒരോന്ന് പറഞ്ഞ് കേൾക്കണില്ലെ ഒന്ന് കഴിഞ്ഞ രണ്ടാമത്തതിനു തീ കൊളുത്തലും കിണറ്റിൽ ചാടി മരിക്കലുമല്ലെ കേക്കണത്.“

വൈകുന്നേരം ഹസ്സനാജി വന്നപ്പൊ റഷീദിനെ കണ്ടു “മോനെ സുഖം തന്നെയല്ലെ.“ “അതെ ഇക്കാക്ക. സഫിയയും മോനും നാട്ടിലേക്ക് പോവണമെന്ന് പറഞ്ഞപ്പൊ അമ്മായി വിളിച്ചതാ.“ “സഫിയാ....അനക്കും മോനും ഇബടെ നിന്നൂടെ.“ “അല്ല ഇക്കാക്ക സുഖമില്ലാത്ത ഉപ്പാനെ കാണണം“. ഹസ്സനാജി അവിടെ നിൽക്കാൻ ഒരുപാട് നിർബന്ധിച്ചു. പക്ഷെ പോവണം എന്ന വാശിയിൽ തന്നെ സഫിയ നിന്നും. 

പിറ്റേന്ന് രാവിലെ തന്നെ അവർ തോട്ടിൻകരയിലേയ്ക്ക് യാത്ര തിരിച്ചു. ബസ്സിൽ ഇരുന്ന് സഫിയയുടെ ഹൃദയമിടിപ്പേറി, അതോടോപ്പം തന്നെ സങ്കടവും. താൻ ഒരിക്കലും കരുതിയതല്ല. തന്റെ കുടുംബങ്ങളെ കാണാൻ പറ്റുമെന്ന്. അത്രയ്ക്ക് അനുഭവിച്ചതല്ലെ. പക്ഷെ ഇന്ന് ഇതാ റബ്ബ് തന്റെ കൂടെയാണ്. കുടുംബത്തെ കാണാൻ തന്നെ സഹായിച്ചിരിക്കുന്നു. സഫിയ പടച്ചവനോട് നന്ദി പറഞ്ഞു ഉച്ചയോടെ അവർ തോട്ടിൻകരയിലെ വീട്ടിലെത്തി. അവരെ പ്രതീക്ഷിച്ച് എല്ലാവരും വീട്ട് പടിക്കൽ കാത്ത് നിന്നിരുന്നു. സഫിയ സൈനബയെ കണ്ടപാടെ ഓടിച്ചെന്ന് കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞു. “ഉമ്മാ.....“

സഫിയയുടെ ഹൃദയം പൊട്ടിയുള്ള കരച്ചിൽ കണ്ട് മറ്റുള്ളവർക്കും കരച്ചിൽ പിടിച്ച് നിർത്താൻ കഴിഞ്ഞില്ല. ഹമീദ് ഫസലിനെ തന്റെ അരികെ അടുപ്പിച്ച് നിർത്തി വിങ്ങി വിങ്ങി കരഞ്ഞു. തന്റെ  ഹൃദയത്തിൽ നിന്ന് വർഷങ്ങൾക്ക് മുമ്പ് ഹംസ അടർത്തി എടുത്തതാണ് ഇവനെ. ഇനി കാണുമെന്ന് ഒരിക്കലും  കരുതിയില്ല. ഹമീദ് ദൈവത്തോട് നന്ദി പറഞ്ഞു. സഫിയയുടെ ഇപ്പോഴത്തെ അവസ്ഥ ആദ്യം തന്നെ സൈനബ  ഹമീദിനോട് പറഞ്ഞിരുന്നു. എങ്കിലും ആസമയത്ത് ഹമീദിന് നിയന്ത്രണം വിട്ടു. അശാന്തിയുടെ നാളുകൾ... ദുഖം കടിച്ചമർത്തി അവർ ദിവസങ്ങൾ തള്ളിനീക്കി.

പടച്ചോൻ മനുഷ്യനെ എപ്പോഴും കഷ്ടപ്പെടുത്തില്ലല്ലോ... ഹമീദിന്റെ വീട്ടിൽ സന്തോഷത്തിന്റെ ദിനങ്ങൾ തിരികെയെത്തി. എല്ലാരും ദുഖങ്ങൾ മറന്നു. ആഘോഷത്തിന്റെ നാളുകൾ, അതിനുള്ള ഒരുക്കങ്ങൾ തകൃതിയായി നടക്കുകയാണ്. വീടിനു മുന്നിൽ പന്തലിട്ട് അലങ്കരിച്ചിരിക്കുന്നു. അയൽപക്കക്കാരും ബന്ധുക്കളുമെല്ലാം വീട്ടിലേയ്ക്ക് വന്നുകൊണ്ടിരിക്കുന്നു.  സൈനബയും മക്കളും വിരുന്നുകാരെ സ്വീകരിക്കുന്ന തിരക്കിലാണ്. 

...നാളെ രണ്ട് കല്ല്യാണങ്ങൾ നടക്കുകയാണ്. ഹമീദിന്റെ മുഖത്ത് സന്തോഷത്തിന്റെ പുഞ്ചിരി കാണാമായിരുന്നു. തന്റെ അസുഖംമറന്ന് ഹമീദ് എല്ലാത്തിനും നേതൃത്വം വഹിക്കുന്നു. തിരക്കിനിടയിലും സൈനബ ഹമീദന്റെ അടുത്തെത്തി ആയാസകരമായി ഒന്നും ചെയ്യരുതെന്നും ഓർമ്മിപ്പിക്കുന്നു. ഡോക്ടർ കൊടുത്ത ഇൻഹേലർ പ്രത്യേകം സൂക്ഷിച്ചുവയ്ക്കുവാനും പറഞ്ഞു... “പടച്ചോനേ ഇനിയും ഞങ്ങളെ പരീക്ഷിക്കല്ലേ.... അതിനുള്ള ശക്തിയില്ല...“


തുടർന്നു വായിക്കുക അടുത്ത ഞായറാഴ്ച്ച 17 02 2019

ഷംസുദ്ധീൻ തോപ്പിൽ 10 02 2019

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ