12.10.19

നിഴൽവീണവഴികൾ - ഭാഗം - 43


ഫസൽ ആദ്യം വന്ന ആർ.എം.എസ്‍ എന്ന ബസ്സിൽ കയറി സ്കൂളിലേയ്ക്ക് പുറപ്പെട്ടു ... ബസ്സിൽ വലിയ തിരക്കില്ലായിരുന്നു... അവൻ ഒരൊഴിഞ്ഞ സിറ്റിൽ ഇരുന്നു... കണ്ടക്ടർ ടിക്കറ്റ് നൽകി മുൻവശത്തേയ്ക്ക് പോയി... തൊട്ടപുറത്തെ സീറ്റിൽ ഇരുന്ന ഒരു മനുഷ്യൻ തന്നെ സൂക്ഷിച്ചുനോക്കുന്നത് അവന് മനസ്സിലായി... എവിടെയോവച്ചു കണ്ടുമറന്ന മുഖം ... അതേ... അത് മറ്റാരുമല്ല.. അവന്റെ ഉള്ളി‍ൽ ചെറിയൊരു ഭയം കടന്നുകൂടി..... അവന് ആളെ പൂർണ്ണമായും മനസ്സിലായിരുന്നു.

അതേ ​​ഗുരുവായൂരിൽ തനിക്ക് സിനിമയിൽ അഭിനയിക്കാൻ അവസരം തരാമെന്നുപറഞ്ഞ് തന്നെ ശാരീരികമായി ഉപയോ​ഗിച്ച സംവിധായകൻ ... കുറേ നാളുകൾക്കു ശേഷം കണ്ടുമുട്ടുന്നു... പെട്ടെന്നയാൾ ഇരുന്നിടത്തുനിന്നെഴുന്നേറ്റുഫസലിന്റെ അടുത്തേയ്ക്ക് വന്നു...

“ഇതാര് ഫസലോ... എത്ര നാളായി കണ്ടിട്ട്... നീയെന്താ പിന്നീടങ്ങോട്ടൊന്നും വരാതിരുന്നത്.“

“സാ.. സാർ... ഞാൻ പഠനത്തിന്റെ തിരക്കിലായിപ്പോയി... ഇപ്പോൾ പത്തിലാ... പിന്നെ നമുക്കൊന്നും പറഞ്ഞതല്ലല്ലോ... ഈ സിനിമാ  എന്നൊക്കെപ്പറയുന്നത്...“

“അയാൾ അവന്റെ അടുത്തേയ്ക്ക് ഇരുന്നു... ആരും കേൾക്കാതെ പറഞ്ഞു.... പിന്നെ ഞാനൊരു കഥ എഴുതിക്കഴിഞ്ഞു..... നായകനായി നിന്നെഎടുത്താലോ എന്നെനിക്കിപ്പോൾ തോന്നുന്നു... നിനക്ക് കഴിയും നമുക്ക് അടുത്ത് ബീച്ചിലേയ്ക്ക് പോകാം... അവിടെ ഒരൊഴിഞ്ഞ കോണിലിരുന്ന് സംസാരിക്കാം... നിനക്ക് കഥയും കേൾക്കാമല്ലോ... ഇഷ്ടമുണ്ടെങ്കിൽ നീ സമ്മതിച്ചാൽ മതി...“

അവന് സമ്മതിക്കുകയല്ലാതെ വേറെ മാർ​ഗ്​ഗമില്ലായിരുന്നു..... അനുസരണയുള്ള ഒരു കുട്ടിയെപ്പോലെ അയാൾ പറയുന്നതെല്ലാം മൂളികേട്ടു... എന്തായാലും ഇയാൾ പറയുന്നതൊക്കെ ഒന്നു കേട്ടുകളയാം...

“അല്ലെങ്കിൽ വേണ്ട... നീ നാളെ ​ഗുരുവായൂർക്ക് പോരാമോ... അവിടെവച്ചു നമുക്ക് കഥപറയാം.“

“അവന്റെ മനസ്സിൽ ഒരു കൊള്ളിയാൻ മിന്നി...“

“വേണ്ട... അതു പറ്റില്ല... കാരണം നാളെ എന്റെ മാമ.. ​ഗൾഫിൽ നിന്നും വരുന്നു. മാമയെ കൊണ്ടുവരാൻ  പോകേണ്ടതാ...“

“ഒകെ... എന്നാൽ ഇന്നുതന്നെ പൊയ്ക്കളയാം...“

ബീച്ചിൽ ബസ്സ് എത്തുന്നതുവരെ എന്തെല്ലാമോ അയാൾ പറഞ്ഞുകൊണ്ടിരുന്നു... അവന്റെ മനസ്സ് അസ്വസ്തമായിരുന്നു... എല്ലാം മൂളിക്കേട്ടു.... ബസ്സ് എത്തിയത് അവൻ അറിഞ്ഞില്ല... അയാൾ അവനെ തട്ടിവിളിച്ച് സ്റ്റോപ്പെത്തിയെന്നു പറഞ്ഞപ്പോൾ അയാളോടൊപ്പം അവനും അവിടിറങ്ങി...

അവർ രണ്ടാളും ബീച്ചിലെ ഒരൊഴിഞ്ഞ കോണിൽ പോയിരുന്നു... കാറ്റാടിമരത്തിന്റെ ചുവട്ടിൽ ആരും പെട്ടെന്ന് എത്താത്ത ഭാ​ഗത്ത്... രണ്ട് വലിയ പാറകൾക്കിടയിൽ ഒരൊഴിഞ്ഞസ്ഥലത്ത് മണലിൽ അവർ ഇരുന്നു. അവൻ ജിഞ്ജാസയോടെ അദ്ദേഹത്തിന്റെ മുഖത്തേയ്ക്ക നോക്കി.

“ഫസലേ ഞാൻ നിന്നെത്തന്നെയാണ് ഈ കഥയിൽ നായകനായി കണ്ടത്... പക്ഷേ നിന്നെ കണ്ടെത്താൻ കഴിഞ്ഞില്ല.. മറ്റൊരാളെ നിർമ്മാതാവ് എനിക്ക് പരിചയപ്പെടുത്തി.“

അവൻ അതിന് മറുപടിയൊന്നും പറഞ്ഞില്ല.. ഒരുതരം നിർവ്വികാരത... സിനിമാഭിനയം ഒരു മരീചികയാണെന്ന് അവന് തോന്നിത്തുടങ്ങിയിരുന്നു. അദ്ദേഹത്തിന്റെ കണ്ണിലെ തിളക്കം അവന് ഒരല്പം പ്രതീക്ഷനൽകുന്നതായിരുന്നു... എന്തായാലും അവൻ അയാളുടെ വാക്കുകൾ ശ്രദ്ധിക്കാൻ തുടങ്ങി. തന്റെ കൈയ്യിൽ സൂക്ഷിച്ചിരുന്ന ഒരു ബാ​ഗിൽ നിന്നും തിരക്കഥ പുറത്തെടുത്തു... അതിലെ ടൈറ്റിലും മറ്റും അവനു കാട്ടിക്കൊടുത്തു... ഏകദേശം അവന് അതൊക്കെ കണ്ടപ്പോൾ വിശ്വസിക്കാതിരിക്കാനായില്ല..

“ഫസലേ ഇതെന്റെ ജന്മാഭിലാഷമാണ്. ഈ ഒരു സിനിമ പുറംലോകം കാണണം. ഇതൊരു നടന്ന സംഭവമാണ്... ഇതിനെ ഞാൻ തിരക്കഥയാക്കുന്നു. വരും തലമുറയ്ക്കെങ്കിലും ഇതൊക്കെ ഒരു പാഠമാവണം എന്നാ​ഗ്രഹിക്കുന്നു.“

അദ്ദേഹം കഥ പറഞ്ഞു തുടങ്ങി... “കഥ ശ്രദ്ധിച്ചു കേൾക്കുക... ഇടയ്ക്ക് ചോദ്യങ്ങൾ പാടില്ല..“

അവൻ തലകുലുക്കി സമ്മതിച്ചു..

“ഫസലേ എന്റെ കഥാപാത്രത്തിന്  അച്ഛനും അമ്മയും ഒരു ചേച്ചിയുമുണ്ട്..“

ചേച്ചിയും അവനും തമ്മിൽ ഏകദേശം 12 വയസ്സിനടുത്ത് പ്രായമുണ്ട്... അവൾ അതീവ സുന്ദരിയായിരുന്നു. പാവപ്പെട്ട കുടുംബം. പലരുടെയും സഹായത്താൽ അവൾ നഴ്സിം​ഗ് പഠിച്ചു നല്ല മാർക്കോടുകൂടി പാസ്സായി... വീട്ടിൽ നിന്നും 24 കിലോമീറ്റർ അകലെയുള്ള ഒരു പ്രൈവറ്റ് ആശുപത്രിയിൽ ജോലിയും കിട്ടി... ആ കുടുംബം വലിയ പ്രശ്നങ്ങളില്ലാതെ മുന്നോട്ടു പോവുകയായിരുന്നു. കൂലിപ്പണിക്കാരനായ അച്ഛൻ... ചില ആരോ​ഗപ്രശ്നങ്ങൾ ഉണ്ടെങ്കിലും ജോലിയ്ക്ക് പോകാറുണ്ടായിരുന്നു. അവളുടെ അമ്മ പല വീടുകളിലും ചെറിയ ചെറിയ ജോലികൾ ചെയ്യാൻ പോയിരുന്നു... അവളുടെ സഹോദരനായാണ് നിന്നെ ഉദ്ദേശിക്കുന്നത്... “

അവൻ ശ്രദ്ധാപൂർവ്വം കേട്ടിരുന്നു.

“കഥാനായകന്റെ പേര്.. വിനയൻ... അവന്റെ ചേച്ചിയുടെ പേര് സിനിമോൾ എന്നുമാണ്... വിനയന് തന്റെ ചേച്ചിയെന്നുവച്ചാൽ ജീവനായിരുന്നു.. അവൾ ജോലിക്ക് പോകുമ്പോൾ അവൻ ബസ്റ്റാന്റ് വരെ കൂടെ പോകുമായിരുന്നു. തിരിച്ചു വരുമ്പോൾ പലപ്പോഴും ഒറ്റയ്ക്കായിരിക്കും.. ചിലപ്പോൾ അച്ഛൻ കൂട്ടിക്കൊണ്ടുവരാൻ പോകാറുമുണ്ടായിരുന്നു.“

“നീ പത്താംക്ലാസ്സിൽ പഠിക്കുന്ന കുട്ടിയായിട്ടു തന്നെയാണ് ഇതിൽ അഭിനയിക്കേണ്ടത്... പേരുപോലെതന്നെ വളരെ വിനയോന്വിതനും അച്ചടക്കവുമുള്ള കുട്ടിയായിരുന്നു. ആദ്യ ശമ്പളം കിട്ടിയപ്പോൾ നിന്റെ ചേച്ചി നിനക്ക് വാങ്ങിനൽകിയ ഒരു ഷർട്ടുണ്ട്... ആഴ്ചയിൽ പലദിവസും ആ ഷർട്ടുമിട്ടാണ് നീ സ്കൂളിൽ പോയിരുന്നത്.. കാരണം അത് നിനക്ക് വളരെ ഇഷ്ടപ്പെട്ടതായിരുന്നു.“

“സിനിമോൾ യാദൃശ്ചികമായി ആക്സിഡന്റ് പറ്റിയ ഒരു രോ​ഗിയെ പരിചരിക്കേണ്ടിവന്നു.. ഏകദേശം 28 വയസ്സ് പ്രായം തോന്നുന്ന യുവാവ്... കാഴ്ചയിൽ ഇപ്പോഴത്തെ മോഡേൺ ലുക്കിലാണ് നടക്കുന്നത്.. മുടി അലക്ഷ്യമായി നീട്ടിവളർ താടിയും നീട്ടിയുള്ള ഫാഷൻ... അവൻ അവളുടെ സൗന്ദര്യത്തിൽ ആകൃഷ്ടനായി അവളോട് പ്രണയാഭ്യർത്ഥന നടത്തി... ജോലിയും കൂലിയുമില്ലാത്തെ കള്ളുകുടിച്ച് വാഹനമോടിച്ച് അപകടം പറ്റിയ അയാളെ അവൾക്ക് ഇഷ്ടമല്ലായിരുന്നു. ഏഴെട്ടു ദിവസങ്ങളോളം ആ ആശുപത്രിയിൽ അയാളുണ്ടായിരുന്നു. പലപ്പോഴും സ്നേഹംപറഞ്ഞ് അവൻ അവളെ ശല്യപ്പെടുത്തുമായിരുന്നു. അവൾ അതൊക്കെ സഹിച്ചു. ആരോടും പരാതിപറഞ്ഞില്ല... പെട്ടെന്ന് ദേഷ്യം വരുന്ന പ്രകൃതക്കാരനായിരുന്നു അവൻ. ഒരുദിവസം ഹോസ്പിറ്റലിന്റെ ലിഫ്റ്റിൽവച്ച് അവളെ കയറി പിടിച്ചു... അവൾ കുതറിമാറി അടുത്ത നിലയിൽ ഇറങ്ങിയോടി... പലരും കാരണം ചോദിച്ചിട്ട് അവളൊന്നും മറുപടി പറഞ്ഞില്ല... കരഞ്ഞു തീർക്കുകയായിരുന്നു അവളുടെ ദുഖം...“

കഥയിൽ ഒരു ഇടവേളയെന്നോളം വരുത്തി അയാൾ ചുറ്റുമൊന്നു കണ്ണോടിച്ചു... ആരേലും കേൾക്കുന്നോ എന്നാണെന്നു തോന്നുന്നു...

“അവനെ ഡിസ്ചാർജ്ജ് ചെയ്ത ദിവസം അവൾ ലീവെടുത്തു. കാരണം ഒരുപക്ഷേ അവൻ വീണ്ടും ആക്രമിക്കാൻ വന്നെങ്കിലോ എന്നു കരുതി.. അടുത്ത ദിവസം ഹോസ്പിറ്റലിലെത്തിയപ്പോൾ ആശുപത്രിയുടെ കവാടത്തിൽ തന്നെ അവനുണ്ട്... അവളെ നോക്കി വികൃതമായ ചിരിയുമായി നിൽക്കുന്നു. അവനോടൊപ്പം അതേ കോലത്തിൽ വേറേയും രണ്ടുപേരുണ്ട്.. അവന്റെ  സുഹൃത്തുക്കളായിരിക്കാം അവരൊക്കെ... അവൾ അവനെ നോക്കുകപോലും ചെയ്യാതെ ആശുപത്രിയിലേയ്ക്ക് പോയി... അല്പം കഴിഞ്ഞപ്പോൾ തനിക്ക് ഡ്യൂട്ടിയുണ്ടായിരുന്ന വാർഡിലെത്തി... വീണ്ടും അവൻ പ്രണയാഭ്യർത്ഥന നടത്തി.. അവൾ അതിനൊന്നും മറുപടി പറഞ്ഞില്ല...“

“രണ്ടു ദിവസം അവനെ കാണാനില്ലായിരുന്നു.. ഒരു ദിവസം അവൾ ബസ്സിറങ്ങി വീട്ടിലേയ്ക്ക് പോവുകയായിരുന്നു. തന്റെ പിന്നാലെ ആരോ വരുന്നതുപോലെ തോന്നി അവൾ തിരിഞ്ഞുനോക്കി... അവൾ ഭയചികതയായി.. അതേ അവൻ ഇവിടെയും എത്തിയിരിക്കുന്നു... അവൾ നടത്തത്തിന്  വേ​ഗതകൂട്ടി... ആളുകൾ കൂട്ടംകൂടിനിൽക്കുന്നിടത്തെത്തിയപ്പോൾ അവൻ അപ്രത്യക്ഷനായി...“

“വീട്ടിൽ അമ്മയോടും അച്ഛനോടും ഈ വിവരം അവൾ പറഞ്ഞില്ല.. വേറൊന്നും കൊണ്ടല്ല അവർക്കും വിഷമമാകും .. പിന്നെ എന്തും തുറന്നു പറയുന്ന അവളുടെ അനുജൻ (വിനയൻ) അവനെ വിളിച്ച് പുറത്തേയ്ക്ക് കൊണ്ടുപോയി... തന്നെ ഒരുവൻ പിന്തുടരുന്നെന്നും എന്തു ചെയ്യണമെന്നറിയില്ലെന്നും അവൾ പറഞ്ഞു...“

“ചേച്ചി പേടിക്കാതിരിക്ക് എല്ലാം ഞാൻ നോക്കിക്കൊള്ളാമെന്നവൻ പറഞ്ഞു...“

ആ രാത്രി അവനുറങ്ങാനായില്ല.. പത്രത്തിലെ പല തലക്കെട്ടുകളും അവന്റെ മനസ്സിലേയ്ക്കോടിവന്നു... പ്രണയാഭ്യർത്ഥന നിരസിച്ചു കാമുകൻ പെട്രോളൊഴിച്ചു കത്തിച്ചു കൊന്നു.... സ്കൂട്ടറിടിച്ച് ആസിഡ് ഒഴിച്ച് കൊന്നു.... കുത്തിക്കൊന്നു... ഇല്ല അതിനൊന്നും ഞാനെന്റെ ചേച്ചിയെ വിട്ടുകൊടുക്കില്ല... അവൻ ചാടിയെഴുന്നേറ്റു... അടുക്കളവാതിൽ തുറന്നു  ലൈറ്റിട്ടു... അച്ഛൻ കൂലിപ്പണിക്കു പോകുമ്പോൾ കൊണ്ടുപോകാറുള്ള മൂർച്ചയുള്ള കത്തി ആരും കാണാതെ എടുത്തു... തന്റെ സ്കൂൾബാ​ഗിനുള്ളിൽ സൂക്ഷിച്ചുവച്ചു.. രാവിലെ അവൻ ചേച്ചിക്കൊപ്പം ഇറങ്ങി ... ചേച്ചിക്ക് വേണ്ട എല്ലാ ധൈര്യവും അവൻ നൽകി... തന്റെ അനുജൻ വളരെ പക്വതയുള്ളവനാണെന്ന് ആ ചേച്ചിക്കും തോന്നി... അവന് പ്രായം കുറവാണെങ്കിലും അതിനേക്കാൾ വളർച്ചയുണ്ടായിരുന്നു അവന്റെ ശരീരത്തിനും മനസ്സിനും... അന്ന് രാവിലെ പ്രശ്നങ്ങളൊന്നുമുണ്ടായില്ല.. വൈകുന്നേരും ചേച്ചിയെ കൂട്ടാൻ അവൻ നിന്നില്ല.. ചേച്ചി കാണാതെ അവളെ പിൻതുടർന്നു... അല്പ ദൂരം പോയിക്കഴിഞ്ഞപ്പോൾ ചേച്ചി പറഞ്ഞ ആൾ അവളെ പിന്തുടർന്ന് പോകാൻ തുടങ്ങി... അവന്റെ സ്കൂട്ടർ ഒരിടത്ത് സ്റ്റാന്റിട്ട് വച്ചിട്ടുണ്ടായിരുന്നു. അവന്റെ ശ്വാസമിടിപ്പ് കൂടി... എന്തു ചെയ്യണമെന്നറിയില്ല.. വേണ്ട ഇപ്പോഴൊന്നും ചെയ്യണ്ട... അതിനുള്ള ശക്തി തനിക്കില്ലെന്നവനറിയാം... കുറച്ചു സമയം കഴിഞ്ഞപ്പൊ ബലമായി അവൻ എന്തോ അവളുടെ കൈയ്യിലേയ്ക്ക് പിടിച്ചു വയ്ക്കുന്നതും ചേച്ചി അതു തട്ടി മാറ്റുന്നതും കണ്ടു... മൂന്നുനാല് ആളുകൾ അതുവഴി നടന്നുവരുന്നത് കണ്ട് അവൻ പിന്തിരി‍ഞ്ഞു... വിനയൻ അവന്റെ സ്കൂട്ടർ ഇരുന്നിടത്തെത്തി.. ആരും കാണാതെ സ്കൂട്ടർ തട്ടി മറിച്ചിട്ടു... ഒന്നുമറിയാത്തതുപോലെ തിരിഞ്ഞു നടന്നു.. വളവ് തിരിഞ്ഞ് അവൻ സ്കൂട്ടറിനടുത്തേയ്ക്ക വരുന്നത് കണ്ടു... താഴെ വീണുകിടക്കുന്ന സ്കൂട്ടർ കണ്ടു... ഒന്നുമറിയാത്തവനെപ്പോലെ നടന്നുപോയ വിനയനോട് ചോദിച്ചു... മോനേ ആരാ ഇത് തള്ളിയിട്ടത്...

“ആ എനിക്കറിയില്ല...“

“ഒന്നു സഹായിക്കാമോ... എന്റെ കാല് പ്ലാസ്റ്ററിട്ടിരിക്കാ..“

“അവനും അത് ഉയർത്താൻ സഹായിച്ചു... പതുക്കെ ചുറ്റും നോക്കി... വിജനമായ സ്ഥലം അടുത്തെങ്ങും ആരുമില്ല... സ്കൂട്ടർ പൊക്കുന്നതിനിടയിൽ വിനയൻ തന്റെ ബാ​ഗിൽ സൂക്ഷിച്ച കത്തി പുറത്തെടുത്തു.... അവന്റെ കഴുത്ത് ലക്ഷ്യമാക്കി ആഞ്ഞു കുത്തി... താഴെ വീണ അവനെ വീണ്ടും വീണ്ടും കുത്തി... മരണം ഉറപ്പാക്കി അവൻ അവിടെനിന്നും രക്ഷപ്പെടാനൊരുങ്ങിയതും സ്കൂട്ടറിൽ യാത്രചെയ്ത രണ്ടുപേർ അവനെ തടഞ്ഞുനിർത്തി... അപ്പോഴേയ്ക്കും അവിടെ ആളുകൂടിയിരുന്നു... എന്ത് ചെയ്യണമെന്നവനറിയില്ലായിരുന്നു... പലരും പല അഭിപ്രായങ്ങൾ പറഞ്ഞു... എന്തിനിത് ചെയ്തെന്ന് എല്ലാരും അവനോട് ചോദിക്കുന്നുണ്ടായിരുന്നു. അവൻ ഒന്നിനും ഉത്തരം പറഞ്ഞില്ല.. കാരണം ഒരു കാരണവശാലും ചേച്ചിയുടെ പേര് ഇവിടെ വലിച്ചിടാൻ പാടില്ല... തന്റ ചേച്ചിയ്ക്കുവേണ്ടി ചെയ്യാനാവുന്നത് ചെയ്തു... തന്റെ ചേച്ചിയുടെ ചേതനയറ്റ, കരിഞ്ഞ ശരീരം കാണാൻ അവനാവില്ലായിരുന്നു... അതുണ്ടാവാതിരിക്കാനുള്ള മുൻകരുതൽ“

അയാൾ കഥ നിർത്തി അവനെ നോക്കി.. അന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പിയിരുന്നു... അവന്റെ കൈകൾ രണ്ടും അയാൾ കൂട്ടി പിടിച്ചു... നീയാണ് ഈ സിനിമയിൽ നായകനാകാൻ യോ​ഗ്യൻ... നീ വയ്യെന്നു മാത്രം പറയരുത്... 

ഇത് പച്ച മനുഷ്യരുടെ കഥയാണ്. ഈ സമൂഹത്തിൽ ഇന്ന് നടമാടുന്ന പല പ്രശ്നങ്ങളും ഈ സിനിമയിൽ പ്രതിപാദിക്കുന്നുണ്ട്... ഇഷ്ടമില്ലെന്നു പറയുന്ന ഒരു പെണ്ണിനെ തന്നെ ഇഷ്ടപ്പെട്ടേ പറ്റൂവെന്നു ഭീഷണിപ്പെടുത്തി സ്നേഹിക്കാൻ ശ്രമിക്കുന്ന കാമവെറിയൻമാരുടേതാണ് ഇന്നാട്... മാനസികരോ​ഗികളായ ഇവരെ സമൂഹം തിരിച്ചറിയണം... അവരുടെ മാനസിക വൈകല്യം തിരിച്ചറിഞ്ഞു ചികിത്സിച്ചില്ലെങ്കിൽ അനേകം ജീവൻ ഇവിടെ പൊഴിഞ്ഞുവീഴും... 

അവന് കഥയുടെ ബാക്കി കേൾക്കണമെന്ന ആ​ഗ്രഹമുണ്ടായിരുന്നു... അയാളോടത് പറയുകയും ചെയ്തു.

“മോനേ.. ഇതിന്റെ ക്ലൈമാക്സ് പറയാനാവില്ല... എന്താണ് കാര്യമെന്നറിയാവുന്ന രണ്ടുപേർ മാത്രമേ ഈ ലോകത്ത് ജീവിച്ചിരിപ്പുള്ളൂ... ഒന്ന് അവൻെറ ചേച്ചിയും മറ്റേത് അവനും... വീട്ടുകാരും നാട്ടുകാരുമെല്ലാം അവനെ കുറ്റപ്പെടുത്തി...  പക്ഷേ അവനുവേണ്ടി പ്രാർത്ഥിക്കാൻ ആ വീട്ടിൽ ഒരാൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ... സംഭവബഹുലമായിരുന്നു പിന്നീടുള്ള കഥ... അവന്റെ ചേച്ചിയുടെ വിവാഹവും... അച്ഛന്റെ മരണവും മറ്റെല്ലാം ഒരു ഹിറ്റ് സിനിമയ്ക്കുള്ള വക ഇതിലുണ്ട്...

അവനും അത് തോന്നി.. ഇതൊരു ഹിറ്റ് സിനിമയാകും... അയാൾ തന്റെ തിരക്കഥ ബാ​ഗിനുള്ളിലാക്കി.. പോക്കറ്റിൽ കൈയ്യിട്ട് തന്റെ പുതിയ വിസിറ്റിം​ഗ് കാർഡ് അവന് നൽകി... അടുത്ത ആഴ്ച്ച തമ്മിൽ കാണണമെന്ന് അവനോട് പ്രത്യേകം പറഞ്ഞു... 

“എനിക്ക് നിർമ്മാതാവിനെ കാണണം.. അദ്ദേഹം ചെന്നൈയിലാണ്.. ഇന്നു വൈകിട്ടത്തെ ട്രെയിനിൽ പോകണം...“

അയാൾ തന്റെ പോക്കറ്റിൽനിന്നും 500 രൂപയുടെ രണ്ടു നോട്ടുകളെടുത്ത് അവന്റെ കൈയ്യിൽ കൊടുത്തു.. നീ ഇതുവച്ചോള്ളൂ... അടുത്ത ബസ്സിൽ കയറി സ്കൂളിലേയ്ക്ക്  പൊയ്ക്കൊളൂ ... അടുത്ത ആഴ്ച്ച നമുക്ക് കണാം... അന്ന് കൂടുതൽ സംസാരിക്കാം... ഞാൻ തന്ന കാർഡിൽ എന്റെ നമ്പറുണ്ട്... അതിൽ വിളിക്കുക... 

രണ്ടാളും ബസ്സ് സ്റ്റോപ്പ് വരെ ഒരുമിച്ചു നടന്നു.. അദ്ദേഹത്തന്റെ ബസ്സാണ് ആദ്യമെത്തിയത്.. അയാൾ അതിൽ കയറി. അവന് ടാറ്റ പറഞ്ഞ് യാത്രയായി.. അവൻ ചുറ്റുമൊന്ന് കണ്ണോടിച്ചു... ജനനിബിഡമാണിവിടെ... ഇനി സ്കൂളിൽ പോയിട്ട് കാര്യമില്ല.. കാരണം 12 മണി കഴിഞ്ഞിരിക്കുന്നു... കുറച്ചു സമയം അവിടെ ചിലവഴിക്കാൻ അവൻ തീരുമാനിച്ചു.. തന്റെ സ്കൂൾ ബാ​ഗും തോളിലിട്ട് കടൽത്തീരത്തിനരികിലെ ബഞ്ച് ലക്ഷ്യമാക്കി അവൻ നടന്നു.
 
 
 തുടർന്നു വായിക്കുക അടുത്ത ഞായറാഴ്ച്ച 20 10 2019
 

  ഷംസുദ്ധീൻ തോപ്പിൽ 13 10 2019 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ