പത്താംക്ലാസ്
പരീക്ഷ കഴിഞ്ഞ ദിവസംതന്നെ അവന്റെ അച്ഛൻ എത്തുകയും ആരോടും യാത്രപറയാൻ പോലും
അവസരം നൽകാതെ അവനേയും കൊണ്ട് ഗുജറാത്തിലേയ്ക്ക് പോയെന്നുമാണ്
പറഞ്ഞുകേട്ടത്.. ആ വീട് ബന്ധുക്കളാരോ താമസിക്കുവാൻ തുടങ്ങി..
പിന്നീടൊരിക്കലും അവനെ കണ്ടിട്ടില്ല.. ഇപ്പോഴിതാ.. തന്റെ മുന്നിൽ.. അവരുടെ
കണ്ണിൽ നിന്നും ആനന്ദത്തിന്റെ കണ്ണുനീർ ഇറ്റുവീണു...
റഷീദും
അഭിമന്യുവും അഭിമുഖമായി ഇരുന്നു. അവർക്ക് ഒരുപാട് കാര്യങ്ങൾ
പറയാനുണ്ടായിരുന്നു. മേശമേലിരുന്ന ബെല്ലടിച്ചു... സഹായി ഡോറിൽ
പ്രത്യക്ഷപ്പെട്ടു.. കോഫിയ്ക്ക് ഓർഡർ കൊടുത്തു.. ആരേയും കടത്തിവിടരുതെന്ന
നിർദ്ദേശവും. പഴയകാലത്തിലേയ്ക്ക് അവർ തിരിച്ചുപോവുകയായിരുന്നു.
അഭിമന്യുവിന്റെ
ജീവിതം ഒരു പരാജയം തന്നെയായിരുന്നു. പത്താംക്ലാസ് പരീക്ഷ തീരുന്ന
അന്നുതന്നെ അവനും സഹോദരിയുമായി അവന്റെ അച്ഛൻ ഗുജറാത്തിലേയ്ക്ക് വണ്ടികയറി..
അവന്റെ എതിർപ്പുകൾക്കൊന്നും അദ്ദേഹം വിലകൽപ്പിച്ചില്ല.. സഹോദരി അന്ന്
അഞ്ചാംക്ലാസ്സിൽ പഠിക്കുന്നു. മൂന്നു ദിസത്തെ യാത്രയ്ക്കൊടുവിൽ അവർ
ഗുജറാത്തിലെത്തിച്ചേർന്നു. തികച്ചും വ്യത്യസ്തമായ ചുറ്റുപാടുകൾ ഭാഷ ഒരു
പ്രശ്നമായി മാറി. മലയാളികൾ കൂടുതലുള്ള സ്ഥലത്തായിരുന്നു അച്ഛൻ
താമസിച്ചിരുന്നത്.. മിക്കവാറുമെല്ലാവരും ഒ.എൻ.ജി.സിയിൽ ജോലിചെയ്യുന്നവർ..
അഭിമന്യുവിനെ അടുത്തദിവസം തന്നെ കോളേജിൽ ചേർത്തു. അവിടുത്തെ പഠനരീതി അവന്
വളരെ പ്രയാസകരമായിരുന്നു. സഹോദരിയെ ആറാംക്ലാസിലും.. വീട്ടുവേലയ്ക്കായി ഒരു
പ്രായംചെന്ന സ്ത്രീ വരുമായിരുന്നു. ദിവസങ്ങൾ കടന്നുപോയി.. പഠനത്തിൽ അലസത
അഭിമന്യുവിനെ പിടികൂടി.. ആരുമായും ബന്ധമില്ല.. എല്ലാറ്റിൽ നിന്നും ഒരു
പറിച്ചുനടൽ.. സ്കൂളിൽ പ്രത്യേകിച്ച് സുഹൃത്തുക്കളുമില്ല. ആകെ ഒരു മലയാളി
സുഹൃത്ത്. അവനാണെങ്കിൽ ഭയങ്കര പഠിത്തവും..
ഒരിക്കൽ
നാടുവിടാൻ തീരുമാനിച്ചു സ്കൂൾ വിട്ട് റെയിൽവേസ്റ്റേഷനിലേയ്ക്ക് പോയതാണ്.
പക്ഷേ കൈയ്യോടെ പിടികൂടപ്പെട്ടു.. അന്ന് പൊതിരെ തല്ലുകിട്ടി..
എന്തുചെയ്യാം.. എല്ലാ പ്രതീക്ഷയും നഷ്ടപ്പെട്ടവനെപ്പോലെയായി അവന്റെ അവസ്ഥ..
ഒരു വർഷം കഴിഞ്ഞപ്പോൾ അച്ഛന്റെ ബന്ധുക്കളുടെ നിർബന്ധപ്രകാരം അച്ഛൻ പുനർ
വിവാഹം കഴിച്ചു.. വന്നുകയറിയ സ്ത്രീയുടേയും പുനർ വിവാഹമായിരുന്നു. അവർക്ക്
ഒരു മകനുണ്ടായിരുന്നു. തന്റെ അമ്മയുടെ സ്ഥാനത്ത് അവരെ കാണാൻ
അവനാവുമായിരുന്നില്ല.. അവർക്ക് തിരിച്ചും തന്നോട് സ്നേഹമില്ലായിരുന്നു.
എന്നാൽ തന്റെ സഹോദരി ആര്യയോട് അവർക്ക് പ്രത്യേക സ്നേഹം തന്നെയായിരുന്നു.
സ്വന്തം മകളെപ്പോലെ അവളെ സ്നേഹിക്കുന്നത് കാണാമായിരുന്നു.
പലപ്പോഴും
പല കുറ്റങ്ങളും പറഞ്ഞ് അവർ അവന് അടിവാങ്ങി നൽകുമായിരുന്നു. ആത്മഹത്യ
ചെയ്യുന്നതിനെപ്പോലും അവൻ ചിന്തിച്ചിരുന്നു. പക്ഷേ അതിനുള്ള ധൈര്യംപോലും
അവന് നഷ്ടപ്പെട്ടിരുന്നു. നാടിനേയും നാട്ടാരേയും കൂട്ടുകാരേയും കുറിച്ച്
ഓർക്കാത്ത ദിവസങ്ങളില്ല ... ഒരുവിധം കോളേജ് പഠനം പൂർത്തിയാക്കി. നല്ല
മാർക്കില്ലാതിരുന്നതിനാൽ തുടർ പഠനത്തിന് താൽപര്യവുമില്ലായിരുന്നു.
താമസിയാതെ താൽക്കാലിക ജോലിയ്ക്കായിട്ട് അച്ഛൻ തന്നെ ഒ.എൻ.ജി.സിയിൽ
ജോലിവാങ്ങി നൽകി.. കഠിനമായ ജോലി... വെയിലത്തെ ജോലിയുടെ കാഠിന്യം അവനെ
മാനസികമായും ശാരീരികമായും തളർത്തി.. വർഷങ്ങൾ കടന്നുപോയി.. അച്ഛന്റെ
രണ്ടാംഭാര്യയുടെ മകന് അവനെക്കാൾ 6 വയസ്സ് കൂടുതലായിരുന്നു. അവന് ഒരു
മെഡിസിൻ നിർമ്മാണശാലയിലായിരുന്നു ജോലി.. അവന്റെ വിവാഹം ആർഭാടമായി
നടത്തുന്നത് ദുഖത്തോടെ അവന് നോക്കിനിൽക്കേണ്ടിവന്നിട്ടുണ്ട്.. തന്നെ അവിടെ ആർക്കും വേണ്ടായിരന്നു. വെറും ഒരു പാഴ്ജന്മമായിരുന്നു.
വർഷങ്ങൾ
കടന്നുപോയി.. അച്ഛൻ പെൻഷനായി.. സഹോദരി ഡിഗ്രികഴിഞ്ഞു.. മലയാളിയായ ഒരാളെ
അവൾക്ക് ഇഷ്ടമായിരുന്നു. വലിയ സാമ്പത്തികമൊന്നുമില്ലെങ്കിലും അവളുടെ ഇഷ്ടം
അച്ഛനും രണ്ടാനമ്മയും നടത്തിക്കൊടുക്കുകയായിരുന്നു. അവൾക്ക് മൂന്നു മക്കൾ
സുഖമായി ജീവിക്കുന്നു. ആർക്കും തന്റെ കാര്യത്തിൽ വലിയ്
താൽപര്യമില്ലായിരുന്നു. തനിക്ക് അന്ന് 30 വയസ്സ് തികയുന്ന ദിവസമായിരുന്നു.
ഒരിക്കലും ജീവിതത്തിൽ മറക്കാനാവാത്ത ദിവസം.
റഷീദ്
അഭിമന്യുവിന്റെ ജീവിത കഥകേട്ടിരിക്കുകയായിരുന്നു. ഒന്നും ഒളിച്ചുവയ്ക്കാതെ
തന്റെ ആ പഴയ സുഹൃത്ത് അന്നത്തെപ്പോലെ എല്ലാകാര്യങ്ങളും തുറന്നു
പറയുകയായിരുന്നു.
അച്ഛൻ പെൻഷനായതിനു ശേഷം താമസിച്ചിരുന്നത്. ഒരു പഴയ
ബിൽഡിങ്ങിന്റെ മൂന്നാമത്തെ നിലയിലായിരുന്നു. മൂന്നു മുറികൾ സ്വന്തമായി
വാങ്ങിയിരുന്നു. അന്നത്തെ സാമ്പത്തികത്തിനനുസരിച്ച് അത് മാത്രമേ അച്ഛന്
വാങ്ങാനാവുമായിരുന്നുള്ളു.. പെൻഷനും പിന്നെ തന്റെ വരുമാനവും അല്ലലില്ലാതെ
കുടുംബം മുന്നോട്ടു പോവുകയായിരുന്നു. അന്നത്തെ ദിവസം ജോലിയ്ക്കായി പോയി..
തിരികെ വരുമ്പോൾ വാങ്ങേണ്ട സാധനങ്ങളുടെ ഒരു ലിസ്റ്റ് അച്ഛൻ തന്നെ
ഏൽപ്പിച്ചിരുന്നു. ജോലിയ്ക്ക് പോയി ചില കാരണങ്ങളാൽ നേരത്തേ പോരേണ്ടിവന്നു.
വരുന്ന വഴിയിൽ പ്രകൃതിയ്ക്ക് പെട്ടെന്ന് എന്തെല്ലാമോ മാറ്റങ്ങൾ
സംഭവിക്കുന്നതായി അവന് മനസ്സിലായി. പക്ഷികൾ കൂട്ടത്തോടെ ശബ്ദമുട്ടാക്കി
പറന്നുപോകുന്നു. മൃഗങ്ങൾ ശബ്ദമുണ്ടാക്കുന്നു. പെട്ടെന്നാണ് ഭീകരമായ
ശബ്ദത്തിൽ ഭൂമി കുലുങ്ങാനാരംഭിച്ചത്. ജനങ്ങൾ നാലുപാടും ചിതറിയോടി... പല
വീടുകളും കൺമുന്നിൽ തകർന്നു വീഴുന്നത് കാണാമായിരുന്നു. പൊലിഞ്ഞുവീഴുന്ന
കോൺക്രീറ്റ് സൗധങ്ങൾക്കിടയിലൂടെ അവൻ സ്വന്തം വീട് ലക്ഷ്യമാക്കി ഓടി...
ദൂരെനിന്നേ ആ കാഴ്ച അവൻ കണ്ടു. തന്റെ വീടു നിന്ന ഭാഗത്ത് വെറുമൊരു
മൺകൂനമാത്രം. പ്രകൃതി എല്ലാം നശിപ്പിച്ചിരിക്കുന്നു. രക്ഷാപ്രവർത്തനം
ഊർജ്ജിതമായി ആരംഭിച്ചു. എവിടേയും ആംബുലൻസിന്റെ ശബ്ദം.. അവശിഷ്ടങ്ങൾക്കിടയിൽ
സ്വന്തക്കാരെ തിരയുന്നവരുടെ കൂട്ടത്തിൽ അവനും കൂടി.. ആരേയും ജീവനോടെ
കിട്ടില്ല എന്നുറപ്പായിരുന്നു. ജീവനോടെ ലഭിച്ചവരോ മാരകമായ പരിക്കുകളുമായി..
പലതും വളരെ പഴക്കം ചെന്ന കെട്ടിടങ്ങളായിരുന്നു. കൂട്ടുകുടുംബമായി താമസിക്കുന്ന
സ്ഥലം..
തനിക്ക് ഇവിടെ
ആകെയുണ്ടായിരുന്ന ബന്ധം നഷ്ടപ്പെട്ടന്ന് അവൻ തിരിച്ചറിഞ്ഞു. തുണിയിൽ
പൊതിഞ്ഞ അച്ഛന്റെയും രണ്ടാനമ്മയുടെയും സഹോദരിയുടെയും അവളുടെ ഭർത്തവിന്റെയും മക്കളുടേയും
രണ്ടാനമ്മയുടെ മകന്റെയും ഭാര്യയുടെയും മൃതദേഹം ഏറ്റുവാങ്ങാൻ താൻ മാത്രം..
സർക്കാരിൽനിന്നും പല ആനുകൂല്യങ്ങളും ലഭിക്കുമെന്നൊക്കെ പറഞ്ഞിരുന്നു.
പക്ഷേ....
എല്ലാം
നഷ്ടപ്പെട്ടവന് അതും ഒരു നഷ്ടമായി തോന്നിയില്ല.. ഒരുവർഷത്തോളം ക്യാമ്പിൽ
കഴിച്ചകൂട്ടി.. നാട്ടിലേയ്ക്ക് തിരിച്ചു പോരണമെന്ന് ആഗ്രഹമുണ്ടായിരുന്നു.
പക്ഷേ അവിടെ ആരുമില്ലെന്നുള്ള സത്യം... വീടൊക്കെ ആരൊക്കെയോ കൈക്കലാക്കി.
ജീവിതയാത്രയിൽ വിവാഹം കഴിക്കാനും താൻ മറന്നുപോയിരുന്നു. അല്ലെങ്കിലും
സ്ഥിരവരുമാനമില്ലാത്ത തനിക്കാര് പെണ്ണിനെത്തരാൻ...
മനുഷ്യൻ
തന്റെ സ്വപ്നങ്ങൾക്ക് വർണ്ണം ചാലിക്കുമ്പോൾ ആദ്യം ചിന്തിക്കുന്നത്
സ്വന്തമായൊര വീടെന്നതാണ്. ഉള്ളതെല്ലാം പെറുക്കി ഒരു വീടുണ്ടാക്കും.
അതുണ്ടായിക്കഴിഞ്ഞാൽ പകുതി ആശ്വാസം... പിന്നീടങ്ങോട്ട് ആഗ്രഹങ്ങളുടെ ഒരു
തേരൊട്ടമായിരിക്കും.. കടിഞ്ഞാണില്ലാത്ത കുതിരയെപ്പോലെ സ്വന്തം പിടിവിട്ട്
ഓടും... പിറകേ ഓടുന്നവർക്ക് പകുതി വഴിയിൽ ഓട്ടം നിർത്തേണ്ടിവരും. ചിലർ
ലക്ഷ്യത്തിലെത്തും.
അതുപോലെ
സ്വപ്നം നെയ്തുകൂട്ടിയ ഒരിടമായിരുന്നു മരട് ഫ്ലാറ്റുകൾ.. ഒരപാടു പേരുടെ
സ്വപ്നങ്ങൾ. വീടെന്ന സ്വപ്നം ഉള്ളിലുദിച്ചവർ മറ്റൊന്നുമാലോചിക്കാതെ
ഫ്ലാറ്റുകൾ വാങ്ങിക്കൂട്ടി.. അതിൽ പണക്കാരനും പാവപ്പെട്ടവനുമുണ്ടായിരുന്നു.
ആകാശം മുട്ടെ നിൽക്കുന്ന ഫ്ലാറ്റുകൾ ചുറ്റും പച്ചപ്പുകളും കായലും...
മനോഹരമായ കാഴ്ച... പിന്നീടൊന്നും ആലോചിക്കാതെ വാങ്ങി... താമസവും തുടങ്ങി.
അപ്പോഴാണ് അറിയുന്നത് തീരദേശ നിയമം ലംഘിച്ചാണ് ഇതൊക്കെ പണിതതെന്ന്. കോടതി
ഉത്തരവ് പ്രകാരം എല്ലാം തകർക്കപ്പെട്ടു. അതു കണ്ട് പിടഞ്ഞ എത്രയോ
മനസ്സുകളുണ്ടിവിടെ... മലയാളി അതുമൊരു ആഘോഷമാക്കി.. അവിടുത്തെ ഹോട്ടലുകളിൽ
ഫ്ലാറ്റ് പൊളിക്കുന്നത് ലൈവായി കാണിച്ചു കാശുണ്ടാക്കി.. ഇന്നലെവരെ ആ
ഫ്ലാറ്റിന്റെ ഭിത്തികളിൽ വർണ്ണങ്ങൾ കോരിയൊഴിച്ച കൊച്ചു കുഞ്ഞുങ്ങൾക്ക് ഈ
കാഴ്ച എന്തൊരു ഷോക്കായിരിക്കും. അവരുടെ വളർച്ചയുടെ ഓരോ ഘട്ടത്തിലും
ഇതൊന്നും മാഞ്ഞുപോകില്ല.. ഇതിനൊക്കെ ആരാണ് ഉത്തരവാദികൾ.. അവർ
ശിക്ഷിക്കപ്പെടുന്നുണ്ടോ എന്നുറപ്പുവരുത്തണം. ഫ്ലാറ്റുകൾ പൊളിക്കാൻ കാണിച്ച
ആർജ്ജവം ഫ്ലാറ്റ് കെട്ടിപ്പൊക്കി വിറ്റവരുടെ കാര്യത്തിലുമുണ്ടാവണം. ഇനി
ഇതുപോലൊന്ന് ഇവിടെ ആവർത്തിക്കരുത്. ഓലക്കുടിലിൽ സന്തോഷമായി ജീവിച്ച
മലയാളിക്ക് ഇന്ന് ഫ്ലാറ്റും എസിയുടെ തണുപ്പുമില്ലാതെ ഉറക്കം വരില്ല..
"നാളീകേരത്തിന്റെ നാട്ടിലെനിക്കൊരു നാഴിയിടങ്ങഴി മണ്ണുണ്ടെന്ന് പാടിക്കേണ്ട
ആവരികൾ ഇന്ന് വെറുമൊരു കടങ്കഥയായി മാറിയിരിക്കുന്നു. കൃഷിയില്ല, പാടങ്ങൾ
നികത്തി ഫ്ലാറ്റുകൾ കെട്ടി... മലയാളിക്ക് ദൈനംദിനം ആവശ്യമുള്ളതെല്ലാം
അന്യസംസ്ഥാനങ്ങളിൽ നിന്നും വരുത്തേണ്ട ഗതികേട്... എന്നിട്ട് വിഷമയമായ
പച്ചക്കറികളെക്കുറിച്ച് ആകുലപ്പെടുന്നു.
ഗുജറാത്തിനെ
പഴയ ഗുജറാത്താക്കി മാറ്റാൻ ഒരുപാട് പ്രയത്നം വേണ്ടിവന്നു. ലോകരാജ്യങ്ങൾ
എല്ലാ സഹായങ്ങളും ചെയ്തു. കുറേയൊക്കെ രാഷ്ട്രീയക്കാർ മുക്കി. ബാക്കിയുള്ളത്
ചിലരിലെങ്കിലും എത്തിക്കാണും. അന്നത്തെ ആ തകർച്ചയ്ക്കു ശേഷം ആ നാട്
ഉയിർത്തെഴുന്നേറ്റത് സമ്പത്ത്മാത്രംകൊണ്ടല്ല ജനങ്ങളുടെ ഐക്യംഒന്നുകൊണ്ടു
മാത്രമാണ്. ജാതിയ്ക്കും മതത്തിനും അതീതമായി ചിന്തിച്ചതുകൊണ്ടാണ്.
ഇന്ന്
ജനം വസ്ത്രധാരണം നോക്കി മനുഷ്യനെ വിലയിരുത്തുന്നു. നെറ്റിയിലെ സിന്ദൂരവും കാക്കയും വളരെയധികം ചർച്ചചെയ്യപ്പെട്ട ദിവസങ്ങളിലൂടെ കടന്നുപോവുകയാണ് നാം..
വർഗ്ഗീയ വിഷം ചീറ്റുന്ന വിഷപ്പാമ്പുകളെ സമൂഹത്തിൽ നിന്നും
ഒറ്റപ്പെടുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
പരമാധികാരം
ജനങ്ങളില് നിക്ഷിപ്തമായിരിക്കുകയും തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്
മുഖേന അത് വിനിയോഗിക്കുകയും ചെയ്യുന്ന ഭരണ സമ്പ്രദായം നിലവിൽ വന്നിട്ട്
ഇന്ന് 71 വർഷങ്ങൾ ആകുന്നു. ഇന്ത്യ റിപ്പബ്ലിക്കായിട്ട്. നമ്മുടെ നാടിന്റെ
ഐക്യം വീണ്ടെടുക്കണം. ഒറ്റക്കെട്ടായി ജനാധിപത്യവും മതേതരത്വവും
നിലനിർത്തുന്നതിനായി പ്രയത്നിക്കാം.
റിപ്പബ്ലിക്ക് ദിനാശംസകളോടെ...
സസ്നേഹം ഷംസുദ്ധീൻ തോപ്പിൽ 26 01 2020
തുടർന്നു വായിക്കുക അടുത്ത ഞായറാഴ്ച്ച 02 01 2020