18.1.20

നിഴൽവീണവഴികൾ - ഭാഗം - 57

 
റഷീദിന് ആശ്വാസമായി.. നല്ലൊരു കുട്ടിയാണവൾ അവളുടെ ഭാവിയിൽ സ്വപ്നം കണ്ടുകഴിയുന്ന ഒരു കുടുംബമാണ് അവളുടേത്.. എന്തായാലും വലിയൊരു പ്രശ്നമാവുമായിരുന്നത് ഇങ്ങനെയൊക്കെ മാറിപ്പോയല്ലോ.. റഷീദ് ആശ്വാസത്തോടെ ഓഫീസിലേയ്ക്ക് യാത്ര പറഞ്ഞിറങ്ങി .. സമയം 5 മണി കഴിഞ്ഞിരിക്കുന്നു. ഇന്നത്തെ ദിവസം ഇതിനു വേണ്ടി മാത്രം മാറ്റിവയ്ക്കേണ്ടിവന്നു. സാരമില്ല... ഒരു നല്ലകാര്യത്തിനുവേണ്ടിയല്ലേ..

റഷീദ് ഓഫീസിലെത്തി തന്റെ കാബിനിലേയ്ക്ക് കയറി... കുറച്ചു നാൾ ലീവായതിനാലും.. വന്നയുടനുള്ള തിരക്കുകളായതിനാലും പൂർണ്ണമായും ബിസിനസ്സ് കാര്യങ്ങളിൽ ശ്രദ്ധിക്കാനായിരുന്നില്ല.. ധാരാളം ഫയലുകൾ മേശമേൽ കുന്നുകൂടിയിരിക്കുന്നു. 

റഷീദ് ഓരോഫയലുകളായി നോക്കിക്കൊണ്ടിരുന്നു. കൂട്ടത്തിൽ ഒരു ബയോഡാറ്റ... കൗതുകത്തോടെ അദ്ദേഹം അതിലേയ്ക്ക് നോക്കി... പരിചയമുള്ള സ്ഥലത്തുനിന്നും... ആരാണെന്നറിയില്ല.. എന്തായാലും നോക്കിക്കളയാം.. ഡ്രൈവിംഗ് അറിയാമെന്നാണ് എഴുതിയിരിക്കുന്നത്. ഫോട്ടോ വച്ചിട്ടില്ല.. അദ്ദേഹം സെക്രട്ടറിയെ വിളിച്ചു.

”ഇത് പോസ്റ്റിൽ വന്നതാണോ.”

”അല്ല സാർ നേരിട്ടു കൊണ്ടുവന്നതാണ്. സാറിനെ കാണണമെന്നുപറഞ്ഞു കുറച്ചുനേരം ഇവിടെ നിന്നു. ദൂരെ ഒരിടംവരെ പോയിരിക്കുന്നെന്നു പറഞ്ഞപ്പോഴാണ് തിരിച്ചുപോയത്. സാറിന് വേണ്ടപ്പെട്ടവർ ആരേലുമാണോ.”

”പരിചയമുള്ള സ്ഥലത്തുനിന്നാണ് അദ്ദേഹം വന്നിരിക്കുന്നത്.. പേരും കേട്ടു പരിചയമുള്ളതുപോലെ... എന്തായാലും ഇദ്ദേഹത്തോട് നാളെയൊന്നു വന്നു കാണാൻ വിളിച്ചു പറഞ്ഞേക്കൂ .”

”ശരി സർ..”

സെക്രട്ടറി പുറത്തേയ്ക്ക് പോയി..”

റഷീദിന് അന്നത്തെ ചിന്ത മുഴുൻ ബയോഡാറ്റയിലെ അഭിമന്യു എന്ന വ്യക്തിയെക്കുറിച്ചായിരുന്നു. സ്കൂളിൽ പഠിച്ച ഒരു സുഹൃത്തുണ്ടായിരുന്നു അവന്റെ പേര് അഭിമന്യു എന്നായിരുന്നു. ആ വ്യക്തിയാണോ.. അറിയില്ല. എന്തായാലും നേരിട്ടു കാണാമല്ലോ.. പലതരം ബിസിനസ്സ് മീറ്റുകൾ  അന്ന് ഉണ്ടായിരുന്നു. വളരെ തിരക്കുപിടിച്ച ദിവസം. ഇപ്പോൾ റഷീദിന്റെ ബേക്കറിയിൽ നിന്നുള്ള സാധനങ്ങൾ ജീ.സി.സി.യിലെ മറ്റു സ്ഥലങ്ങളിലേയ്ക്കും കയറ്റി അയച്ചു തുടങ്ങിയിരിക്കുന്നു. എല്ലാവർക്കും വളരെഇഷ്ടപ്പെട്ട വിഭവങ്ങളാണ് ഉണ്ടാക്കുന്നതെന്നുള്ളതുകൊണ്ട് മാർക്കറ്റിൽ നല്ല  പേരും കിട്ടി.

വൈകുന്നേരം നേരേ വീട്ടിലേയ്ക്ക്.. പോകുന്നവഴിയ്ക്ക് ഹോസ്പിറ്റലിൽ ഒന്നു കയറി... അവിടുത്തെ സ്ഥിതിയെന്താണെന്നറിയണമല്ലോ.. പി.ആർ.ഓ. യെ കണ്ടപ്പോൾ വളരെ പ്രസന്ന ഭാവത്തിൽ ഓടി അടുത്തുവന്നു... 

”സോറി.. സർ. ചില കമ്യൂണിക്കേഷൻ പ്രശ്നങ്ങളുണ്ടായി... ഇന്നിപ്പോൾ എല്ലാം ശരിയായി... എല്ലാവർക്കും നാളെത്തന്നെ ജോയിൻ ചെയ്യാം... എന്തേലും ഉണ്ടെങ്കിൽ സാറിനെ ഞാൻ അങ്ങോട്ടു വിളിക്കാം സാർ... സാറിനെക്കുറിച്ച് ഞാൻ ഇന്നാണ് അറിഞ്ഞത്...”

അദ്ദേഹം പഴയതുപോലെ ദേഷ്യഭാവവും അധികാരത്തിന്റെ ഹുങ്കും മാറ്റിയിരിക്കുന്നു. താഴ്മയായി തന്നോട് സംസാരിച്ചു. മാനേജരുമായി ഒരു ചെറിയ കൂടിക്കാഴ്ച അതിനു ശേഷം അദ്ദേഹം അവിടെ നിന്നുമിറങ്ങി വീട്ടിലേയ്ക്ക്. എന്തായാലും ഭയന്നതുപോലൊന്നും സംഭവിച്ചില്ലല്ലോ എന്ന ഒരാശ്വാസം.

വൈകുന്നേരംവീട്ടിലേയ്ക്ക വിളിച്ചു. ഫസലാണ് ഫോണെടുത്തത്.

”ഫസലേ... നീയിന്ന് സ്കൂളിൽ പോയില്ലേ.”

”പോയി... മാമാ.. നാളെമുതൽ മോഡൽ പരീക്ഷയാണ്.. അതിനാൽ ഇന്ന് ക്ലാസ് നേരത്തേ വിട്ടു.”

”പിന്നെ. പഠിത്തത്തിൽ പ്രതേകം ശ്രദ്ധിക്കണം  കോട്ടോ.. നന്നായി പഠിക്കണം... നാട്ടിൽ തന്നെ ഒരു ജോലിയും നേടണം... അതിനുള്ള പ്രയത്നമാണ് നിന്റെ ഭാഗത്തുനിന്നും വേണ്ടത്..”

”ശരി മാമാ..”

”സ്റ്റീഫൻ ചേട്ടന്റെ മകൾ നാളെത്തന്നെ ഹോസ്പിറ്റലിൽ ജോയിൻ ചെയ്യും. അവളെ  ഞാൻ പോയി നേരിട്ടു കണ്ടിരുന്നു.. നിന്നെപ്പറ്റി അവൾക്ക് നൂറു നാവാണല്ലോഡാ ...”

”സ്റ്റീഫനങ്കിളിനെ വിളിച്ചു പറഞ്ഞോ..”

”ഇല്ല... അവളെക്കൊണ്ടുതന്നെ സ്റ്റീഫൻ ചേട്ടനെ വിളിപ്പിച്ചിരുന്നു.. എല്ലാവരും അവൾ സേഫായിരിക്കുന്നുവെന്നറിഞ്ഞതിൽ സന്തോഷിക്കുന്നു.. ഇടയ്ക്ക് നീയൊന്നു വിളിച്ച് കാര്യങ്ങൾ ചോദിച്ചച്ചറിയണേ...”

”ശരി മാമാ...”

ഫോൺ ഹമീദിന് കൊടുത്തു ... അവർ പല കാര്യങ്ങളും സംസാരിച്ചു.. അഫ്സയും കുഞ്ഞും കാത്തുനിൽക്കുന്നെന്നു ഹമീദ് പറഞ്ഞ് ഫോൺ അവൾക്ക് നൽകി.. എന്തെല്ലാമോ ശ്ബ്ദം കുഞ്ഞു പുറപ്പെടുവിക്കുന്നുണ്ടായിരുന്നു. റഷീദിന് അതൊരാശ്വാസമാണ്... നാട്ടിൽ കുഞ്ഞിന്റെ വളർച്ചകൾ ഓരോന്നും കാണാൻ ഭൂരിഭാഗം പ്രവാസികൾക്കും കഴിയാറില്ല... അതുപോലെയാണ് റഷീദ്.. അവരെ കൂടെ കൊണ്ടുനിർത്താം... അത് അവൾക്കും താല്പര്യമില്ല. കാരണം ഇവിടെ വാപ്പയും ഉമ്മയും മാത്രമാകില്ലേ.. സഫിയയും നാദിറയുമുണ്ടെങ്കിലും താനാണ് വാപ്പയുടെയും  ഉമ്മയുടെയും കാര്യം നോക്കേണ്ടതെന്നാണ് അവളുടെ പക്ഷം... തനിക്ക് നഷ്ടപ്പെട്ട വാപ്പയും ഉമ്മയുമാണവർ.. അതുകൊണ്ട് തന്റെ കൊതി തീരുംവരെ അവരെ നോക്കണം എന്നാണവൾ പറയുന്നത്.. അതിൽ നിന്നും അവളുടെ സ്നേഹം എത്രത്തോളമുണ്ടെന്ന് മനസ്സിലാക്കാം.

സ്വന്തം കുടുംബം നോക്കുന്നതിനായി സ്വയം എരിഞ്ഞു തീരുന്നവനാണ് പ്രവാസി.. വിവാഹം കഴിഞ്ഞ് ദിവസങ്ങൾക്കുള്ളിൽ പ്രവാസലോകത്തേയ്ക്ക് കടക്കുന്ന എത്രയോ മലയാളികൾ ഉള്ള നാടാണ് നമ്മുടേത്.. കുഞ്ഞിന്റെ ജനനം അറിഞ്ഞ് മനസ്സ്കൊണ്ട് അനുഗ്രഹിച്ച് ജോലിക്കിറങ്ങുന്ന പ്രവാസി. മൂന്നും നാലും വർഷം കഴിഞ്ഞ് വീട്ടിലെത്തുമ്പോൾ അതാര് എന്ന മുഖഭാവവുമായി നിൽക്കുന്ന കുഞ്ഞിനെ അമ്മ പറഞ്ഞു അച്ഛനെന്നും വാപ്പയെന്നും വിളിപ്പിക്കേണ്ട ഗതികേട്. എന്തുകൊണ്ട് നമ്മളൊക്കെ പ്രവാസികളായി മാറുന്നു. ചിന്തിക്കേണ്ടതുതന്നെ.

രാത്രി വൈകുവോളം റഷീദ് ഓഫീസിൽ തന്നെയുണ്ടായിരുന്നു. പെൻഡിങ്  ഫയലുകളെല്ലാം നോക്കിത്തീർത്തു. ഇടയ്ക്ക് സ്പോൺസറിനെ വിളിച്ച് കുശലാന്വോഷണം. നാട്ടുകാര്യങ്ങളൊക്കെ സ്പോൺസറോട് വിശദമായി സംസാരിക്കാമെന്നേറ്റു ഓഫീസിൽ നിന്നും പുറത്തിറങ്ങി.

സ്ഥാപനത്തിലെ ജീവനക്കാർക്കൊപ്പമുള്ള താമസമായിരുന്നു റഷീദിനും. എല്ലാവർക്കുമായി ഒരു വലിയ ഫ്ലാറ്റ് വാടകയ്ക്കെടുത്തിരുന്നു. ഏറ്റവും താഴത്തെ ഫ്ലാറ്റിൽ റഷീദ് മറ്റു ഫ്ലാറ്റുകളിൽ ജീവനക്കാരും ഇവിടെ ഏകദേശം നാൽപ്പതോളം സ്റ്റാഫുകൾ താമസിക്കുന്നു. തൊട്ടടുത്ത ബിൽഡിംഗിലും സ്റ്റാഫുകൾ താമസിക്കുന്നുണ്ട്.

അവിടുത്തെ അന്തേവാസികൾക്കായി പ്രത്യേകം കാന്റീനും ഉണ്ടവിടെ. റഷീദും അവിടെനിന്നാണ് ഭക്ഷണം കഴിച്ചിരുന്നത്. മുതലാളിയെന്നോ തൊഴിലാളിയെന്നോ ഉള്ള വേർതിരിവില്ലാത്ത രീതിയിലാണ് റഷീദ് അവരോട് ഇടപെട്ടിരുന്നത്. ഭക്ഷണത്തിനു ശേഷം എല്ലാവരും ഹാളിൽ ഒത്തുകൂടാറുണ്ട്. സന്തോഷത്തോടെ പാട്ടുപാടിയും തമാശകൾ പറഞ്ഞും കുറച്ചു സമയം അവിടെ ചിലവഴിക്കും. അതിനുശേഷം അവരവരുടെ റൂമുകളിലേയ്ക്കും.

റഷീദ് രാവിലെ തന്നെ ഓഫീസിലേയ്ക്ക് പുറപ്പെട്ടു. പുതിയ ഒരു ബ്രാഞ്ച് ഓപ്പൺചെയ്യുന്നതിനുള്ള നടപികളുമായി ബന്ധപ്പെട്ട് മിനിസ്റ്റ്ട്രിവരെ പോകേണ്ടതുണ്ട്. ഇതെല്ലാം ചെയ്യുന്നതിായി പ്രത്യേകം ആൾക്കാരെ വച്ചിട്ടുണ്ടെങ്കിലും റഷീദ് സാധാരണയായി നേരിട്ടുപോയാണ് ഇതെല്ലാം ചെയ്തിരുന്നത്. 

ഏകദേശം ഒരു മണിയോടു കൂടി റഷീദ് തിരികെ ഓഫീസിലെത്തി. അന്നു ബേക്കറിയിൽ നല്ല ആളുമുണ്ടായിരുന്നു. ഭംഗിയായി നിരത്തിവച്ചിരിക്കുന്ന പലഹാരങ്ങൾ കേക്കുകളും കുക്കീസുകളും, ചോക്ലേറ്റുമടക്കം നിരവധി വിഭവങ്ങൾ പ്രദർശിപ്പിച്ചിരിക്കുന്നു. വലിയ ഓർഡറുകൾ ദിവസവും ഉണ്ടാവും. എന്തായാലും ഇത്രയും കാലം യാതൊരുവിധപരാതികളും ഉണ്ടായിട്ടില്ല. അതിന് അല്ലാഹുവിനോട് നന്ദി.. കൂടെ പ്രവർത്തിക്കുന്ന ആത്മാർത്ഥതയുള്ള ജീവനക്കാരോട് നന്ദി..

റഷീദിന്റെ സെക്രട്ടറി പതുക്കെ വാതിലിൽ മുട്ടി അകത്തേയ്ക്ക് കയറി..

”എന്താ ജോൺ” ജോൺ എന്നായിരുന്നു അദ്ദേഹത്തിന്റെ സെക്രട്ടറിയുടെ പേര്. കോട്ടയം കാരൻ.. വന്നിട്ട് 24 വർഷങ്ങളായി... നന്നായി അറബിയും ഇഗ്ലീഷും സംസാരിക്കും... അറബികൾ അവിടെത്തിയാൽ മിക്കവാറും ജോണിനെ അന്വേഷിക്കാറുണ്ട്.. കാരണം അത്രയ്ക്ക് സുപരിചിതനാണയാൾ.. ഫ്രീയായ സമയത്ത് കസ്റ്റമേഴ്സിനടുത്തെത്തി കുശലാന്വേഷണം നടത്തുകയും അവരെ ഇഷ്ടപ്പെട്ട ഫ്ലേവർ തെരഞ്ഞെടുക്കുന്നതിന് സഹായിക്കുകയും ചെയ്യും. ജോൺ സ്ഥാപനത്തന് ഒരു വലിയ മുതൽക്കൂട്ടുതന്നെയാണ്.

”സർ... ഇന്നലെ സി.വി. തന്ന ആൾ വന്നിട്ടുണ്ട്. കണ്ടിട്ട് ഒരു പാവമാണെന്നു തോന്നുന്നു. ഇന്നലെ തന്ന നമ്പറിൽ വിളിച്ചിട്ട് കിട്ടിയില്ലായിരുന്നു.

”ഓക്കേ വരാൻ പറയൂ...”

സെക്രട്ടറി അകത്തേയ്ക്ക് പോയി..

അല്പ സമയത്തിനകം മടിച്ചു മടിച്ചു ഒരാൾ വാതിലിൽ മുട്ടി അകത്തേയ്ക്ക് കടന്നു.. 

അതേ അതവൻ തന്നെ... അഭിമന്യു ... തന്നോടൊപ്പം പത്താക്ലാസ്സുവരെ ഒരുമിച്ചു പഠിച്ചവൻ... ഒരിക്കലും മറക്കാനാവാത്ത കടപ്പാടുണ്ടവനോട്...

റഷീദ് എഴുന്നേറ്റ് കൈ കൊടുത്തു.. മടിയോടെ അദ്ദേഹം കൈകൊടുത്തു... റഷീദിനെ അഭിമന്യു  തുറിച്ചു നോക്കി.. എവിടെയോ കണ്ടപോലെ..

”അഭിമന്യു.. എന്നല്ലേ പേര്.”

”അതേ... എവിടെയോ കണ്ടപോലെ.. സാറിന്റെ പേര്...”

”എടാ അഭി... ഒരിലയിൽ ഉണ്ട്.. ഒരു ബഞ്ചിലിരുന്ന് പഠിച്ച എന്നെ നീ മറന്നുവോ..”

”..... റ....ഷീദ്..”

റഷീദ് അഭിമന്യുവിനരികിലേയ്ക്ക് വന്നു.. അഭിമന്യുവിനെ ആലിംഗനം ചെയ്തു..

”എവിടായിരുന്നു നീയിതുവരെ.. പത്താംക്ലാസ് അവസാന പരീക്ഷ കഴിഞ്ഞതിനുശേഷം നിന്നെ ഇതുവരെ കണ്ടിട്ടില്ലായിരുന്നു. എല്ലായിടത്തും തിരക്കി.. നീ അച്ഛനോടൊപ്പം ഗുജറാത്തിലേയ്ക്ക് പോയെന്നാണ് അറിഞ്ഞത്...”

”അതേ.. സാർ..”

”ആദ്യം നീ നിന്റെ സാറെന്നുള്ള വിളി നിർത്ത്. നീയെന്റെ ആ പഴയ അഭിമന്യു തന്നെയാണ്. ഞാൻ നിന്റെ പഴയ കൂട്ടുകാരൻ റഷീദ്..”

”പതുക്കെ പതുക്കെ അഭിമന്യുവിന്റെ മുഖത്ത് ആ പഴയ പുഞ്ചിരി വിടർന്നു. അവർ അൽപനേരം ആ പഴയ ചങ്ങാതിമാരായി... പഴയ ഓർമ്മകൾ പങ്കുവച്ചു.”

റഷീദിന് ഇപ്പോഴുമോർമ്മയുണ്ട് അവർ തമ്മിൽ കണ്ട ആ ദിവസം... ഒന്നാംക്ലാസിൽ ആദ്യദിവസം അവൻ അവന്റെ അമ്മയുടെ കൈപിടിച്ചാണ് സ്കൂളിലേയ്ക്ക് വന്നത്... ക്ലാസിൽ കയറിയിരുന്നു. അമ്മ പോകാനൊരുങ്ങിയപ്പോൾ അവൻ നിലവിളി തുടങ്ങി... അന്ന്. താനാണ് അവനെ പിടിച്ചു നിർത്തിയത്... അന്നുമുതൽ അവർ രണ്ടാളും വലിയ സുഹൃത്തുക്കളായതാണ്. ഒരിക്കൽപ്പോലും അവർ തമ്മിൽ പിണങ്ങിയിട്ടില്ല.. അവന്റെ അച്ഛൻ ഗുജറാത്തിൽ ഓ.എൻ.ജി.സിയിലാണ് ജോലിചെയ്തിരുന്നത്. വർഷത്തിലൊരിക്കൽ അദ്ദേഹം ലീവിനു വരാറുണ്ട്... അമ്മ ഇവിടെത്തന്നെ അവർക്ക് തയ്യലും മറ്റു വീട്ടുപണികളുമാണ്.

അവൻ എന്നും ചോറുകൊണ്ടു വരാറുണ്ടായിരുന്നു. താനാണെങ്കിലോ വീട്ടിലെ പ്രാരാബ്ധങ്ങളാൽ ചോറുകൊണ്ടുവരാറില്ല.. വൈകിട്ടു ചെന്നിട്ടാണ് ഭക്ഷണം കഴിക്കുന്നത്.. താൻ ചോറുകൊണ്ടു വരുന്നില്ലെന്നു മനസ്സിലാക്കി അവൻ തനിക്ക് ചോറ്റുപാത്രത്തിലെ അടപ്പിൽ കുറച്ചെടുത്തു തരാൻ തുടങ്ങി... അത് സ്വീകരിച്ചില്ലെങ്കിൽ അവൻ പിണങ്ങുകയും ചെയ്യുമായിരുന്നു. ആ സ്നേഹബന്ധം അങ്ങനെ വളർന്നു.. സ്കൂളിൽ നിന്നും പോകുന്നവഴിക്കാണ് അവന്റെ വീട്... തങ്ങൾ രണ്ടാളും ഒരുമിച്ച് തോളിൽ കൈയ്യിട്ട് പച്ചപ്പുല്ലിൽ ചവിട്ടി കളിച്ച് അങ്ങനേ പോകുമായിരുന്നു.. ഏതേലും കാളവണ്ടി ആ വഴിക്കു വന്നാൽ അതിന്റെ പിന്നാലെയാകും നടത്തവും അതിന്റെ സ്പീഡ് അനുസരിച്ചു ഓട്ടവും .. പോകും വഴി അവന്റെ വീട്ടിൽ കയറും.. അവന്റെ അമ്മ നല്ല ഒന്നാംതരം മോരുംവെള്ളം തരും.. അതിന്റെ രുചി ഇപ്പോഴും നാവിൽ നിന്നു പോയിട്ടില്ല.. ഓരോ ക്ലാസ്സുകൾ കഴിയുന്തോറും അവർ തമ്മിലുള്ള ആത്മബന്ധം വളർന്നുകൊണ്ടിരുന്നു. ഒരിക്കലും പിരിയ്ക്കാനാകാത്ത കൂട്ടുകാർ ആരെന്തു പറഞ്ഞാലും ഒന്നിച്ചുനിന്നെതിർക്കും. ഓണത്തിന് അവന്റെ വീട്ടിൽ ഭക്ഷണം. പെരുന്നാളിന് അവൻ എന്റെ വീട്ടിലും... ആറാം ക്ലസ്സായപ്പോൾ രാവിലെ അവനെവിളിക്കാനെത്തുമ്പോൾ അവന്റെ അമ്മ തനിക്കും ഒരു പൊതിച്ചോറു തരുമായിരുന്നു. എത്ര വേണ്ടെന്നു പറഞ്ഞാലും അവർ സമ്മതിക്കില്ല.. ആ അമ്മയുടെ കൈകൊണ്ടു വച്ചു വിളമ്പിത്തന്ന ആ രുചി ഇന്നും നാവിൻതുമ്പത്തുണ്ട്... എന്തു സ്നേഹമുള്ള സ്ത്രീയാണവർ... ആ കുടുംബത്തിന്റെ സന്തോഷം ആരേയും അസൂയപ്പെടുത്തുന്നതായിരുന്നു.

വളരെ പെട്ടെന്നാണ് ആ കുടുംബത്തിന്റെ സന്തോഷം അസ്തമിച്ചത്.. തങ്ങളന്ന് ഒൻപതാം ക്ലാസ്സിൽ പഠിക്കുകയായിരുന്നു. അമ്മയ്ക്ക് എന്തോ അസുഖമാണെന്നാ പറഞ്ഞ് കേട്ടത്.. ആറു മാസത്തോളം അവരെ കാണാനായില്ല... അഭിമന്യു എന്നും വളരെ ദുഖിതനായി കാണപ്പെട്ടു... അവനോട് നിർബന്ധിച്ചു പറഞ്ഞു എനിക്ക് അവന്റെ അമ്മയെ കാണണമെന്ന്. അവൻ പറഞ്ഞതാ വേണ്ടടാ... അമ്മയ്ക്ക് തീരെ വയ്യ... കാൻസറാണെന്നാ എല്ലാവരും പറയുന്നത് മരുന്നൊക്കെ ചെയ്യുന്നുണ്ട്... പക്ഷേ...

ഒരു ദിവസം അഭിമന്യുവിന്റെ  അമ്മ റഷീദിനേയും കൂട്ടി വരാൻ പറഞ്ഞു... ആ ദിവസം ഇന്നും മനസ്സിൽ നിന്നും മാഞ്ഞുപോയിട്ടില്ല.. അമ്മേയെന്നു വിളിച്ചു അകത്തേയ്ക്ക് കടന്ന താൻ ഒരു നിമിഷം അന്തംവിട്ടു നിന്നുപോയി... വികൃതമായ അമ്മയുടെ രൂപം... ചികിത്സയുടെ ഭാഗമായി അവരുടെ രൂപം ആകെ മാറിയിരുന്നു. മുടിയൊക്കെ കൊഴിഞ്ഞ് ശരീരം ചുക്കി ചുളിഞ്ഞു വെറും ഒരു രൂപം .. തിരിച്ചറിയാൻ വയ്യാത്തപോലെ... അവൻ എന്തു ചെയ്യണമെന്നറിയാതെ പക‍ച്ചു നിന്നുപോയി. 
 
കാൻസർ ഇന്നൊരു മഹാമാരിയായി പടർന്നു പിടിച്ചിരിക്കുന്നു മനുഷ്യന്റെ ജീവിത,ഭക്ഷണ ക്രമത്തിലുണ്ടായ മാറ്റങ്ങൾ ആയിരിക്കാം ഇതിനു കാരണം വർഷങ്ങൾക്ക് മുൻപ് ലക്ഷത്തിൽ ഒരാൾക്ക് മാത്രം കണ്ടിരുന്ന അസുഖം ഇന്ന് പനി പോലെ പടർന്നു പിടിക്കുന്നു .ഒരു കുടുംബത്തിന്റെ സാമ്പത്തിക അടിവേരിളക്കാൻ ഈ ഒരു അസുഖം മാത്രം മതി .എത്രയോ കുടുംബങ്ങൾ ഇന്ന് ഇതിന്റെ പേരിൽ കടക്കെണിയിൽ ആയിരിക്കുന്നു.നമ്മുടെ നാട് ലക്ഷകണക്കിന് മയിൽ ദൂരമുള്ള ചന്ദ്രനിലേക്ക് ഉപഗ്രഹം വിക്ഷേപിക്കാനും അവിടെ മനുഷ്യനെ പോലും എത്തിക്കുവാനുള്ള പ്രാപ്തി നേടിയ ഒരു രാജ്യമായി മാറിയിരിക്കുന്നു .കേവലം വെറുമൊരു അഞ്ചോ ആറോ അടി നീളമുള്ളതും അമ്പതിലധികം കിലോ ഭാരമുള്ളതുമായ മനുഷ്യ ശരീരത്തെ കാർന്നു തിന്നുന്ന ഈ അസുഖത്തിന് ഫലപ്രദമായ മരുന്ന് കണ്ടുപിടിക്കാൻ കഴിയാത്തതാണോ ? ഇന്ത്യയിൽ ഉള്ള മൊത്തം ശാത്രജ്ഞരും മറ്റു വിദഗ്ധരും ആത്മാർത്ഥമായി ശ്രമിക്കുകയാണെങ്കിൽ ഒരു പക്ഷെ ഈ മഹാ മാരിയേ പിടിച്ച് കെട്ടാൻ കഴിഞ്ഞേക്കും ഈ അസുഖത്തിന്റെ പേരിൽ തടിച്ചു കൊഴുക്കുന്നത് ഇവിടത്തെ സ്വകാര്യ ആശുപത്രികൾ ആണ്. കാൻസർ ഇല്ലാത്ത രോഗിക്ക് കാൻസർ ഉണ്ടെന്നു പറഞ്ഞു കാൻസർ ചികിത്സ നടത്തി അവരുടെ ആരോഗ്യം നശിപ്പിച്ച നാടാണ് നമ്മുടേത്. പുതു തലമുറ എങ്കിലും ഇതിനെതിരെ ഒറ്റകെട്ടായി നിന്ന് ഈ അസുഖത്തെ നമ്മുടെ നാട്ടിൽ നിന്നും ഇല്ലാതാക്കാൻ ഞാൻ അടക്കമുള്ളവർ ശ്രമിക്കണം. ഇനിയും വൈകരുത് ഒരു പക്ഷെ വൈകിയാൽ നഷ്ടപ്പെടുന്നത് നമ്മുടെ ഉറ്റവരെയും ഉടയവരെയും ആയിരിക്കാം. മനുഷ്യന് എപ്പോഴെങ്കിലും എല്ലാം നേടി എന്ന് അഹങ്കാരം തോന്നുന്നു വെങ്കിൽ ഒരു ദിവസം തിരുവന്തപുരം റീജണൽ കാൻസർ  സെന്റർ വരാന്തയിലൂടെ നടന്നു കഴിഞ്ഞാൽ മാറി കൊള്ളും.ഇത്രേ ഒള്ളൂ നമ്മൾ ഇത്ര മാത്രം...

രോഗം വന്നു ചികിൽസിക്കുന്നതിനെക്കാൾ നല്ലത് ഈ അസുഖം വരാതെ നോക്കുക എന്നതാണ് ഉണർന്നിരിക്കാം ഈ അസുഖത്തോനൊരു പ്രതിവിധി ഉണ്ടാകുന്നതും കാത്ത്. അവഗണിക്കരുതേ ശരീരത്തിലുണ്ടാവുന്ന മാറ്റങ്ങളെ മാറ്റി നിർത്തരുത് കാൻസർ രോഗികളെ... പ്രാർത്ഥിക്കുന്നു എല്ലാവരുടെയും ആരോഗ്യത്തിനായി..

”മോനേ എന്ന വിളി അവനെ ചിന്തകളിൽ നിന്ന് ഉണർത്തി ...” അവരുടെ ശബ്ദത്തിനു മാത്രം ഒരൽപം തളർച്ച... അതേ സ്നേഹം അല്ലെങ്കിൽ കുറച്ചുകൂടി ആ ശബ്ദത്തിനുണ്ട്..

റഷീദ് ഓടിയെത്തി ആ അമ്മയുടെ കൈപിടിച്ച് ഉമ്മവച്ചു... അവനെ അവർ ചേർത്തുനിർത്തി. അഭിമന്യു ഇതെല്ലാം കണ്ട് കണ്ണുനിർ വാർക്കുകയാിയരുന്നു.

”എടാ...മോനെ  .. എനിക്കെന്തും സംഭവിച്ചോട്ടെ... നിങ്ങളുടെ സുഹൃത്ത് ബന്ധം ഒരിക്കലും ഇല്ലാതാവരുത്.. എനിക്ക് നീ വാക്കുതരണം.. എന്നും അഭിയോടൊപ്പം ഉണ്ടാവുമെന്ന്.. അവന് ഞാനില്ലാതായാലും നീയൊരു തുണയാകണമെന്ന്.

ആ അമ്മയ്ക്ക് അവനന്നൊരു വാക്കു കൊടുത്തു.. ആ വാക്ക് തെറ്റിച്ചിട്ടില്ല.. പക്ഷേ വിധിഅഭിയെയും റഷീദിനേയും അനേകവർഷം കാലത്തിന്റെ മറവിലാക്കിക്കളഞ്ഞു.

അന്ന് ഒൻപതാം ക്ലാസ്സിലെ അവസാന പരീക്ഷയായിരുന്നു. ക്ലാസിൽ പരീക്ഷ തീരുന്നതിനു മുന്നേ അഭിമന്യുവിനെ സാറ് വന്നു വിളിച്ചുകൊണ്ട് പോയി... പോകുമ്പോഴും റഷീദിനോട് മൗനാനുവാദം വാങ്ങിയാണവൻ പോയത്... താൻ അന്ന് പരീക്ഷയും കഴിഞ്ഞ് പോകുന്നവഴിക്കാണ് ആ ദുഃഖവാർത്ത അറിഞ്ഞത് അഭിമന്യുവിന്റെ അമ്മ എന്നന്നേക്കുമായി ഈ ലോകത്തുനിന്നും വിടവാങ്ങിയെന്ന്... അവൻ ഓടി അഭിമന്യുവിന്റെ വീട്ടിലെത്തി.. അവനെ കെട്ടിപ്പിടിച്ചു കരഞ്ഞു... സ്വന്തം അമ്മ മരിച്ചതിനേക്കാളും ദുഖം റഷീദിനുണ്ടായി... 

നിമിഷങ്ങൾ വർഷങ്ങൾ പോലെയാണ് അന്ന് റഷീദിനു  തോന്നിയത്... പുരയിടത്തിന്റെ ഒഴിഞ്ഞ കോണിലൊരുക്കിയ ചിതയിൽ ആ അമ്മ കത്തിയമർന്നു.. ആ പുഞ്ചിരി പുകയായി മുകളിലേയ്ക്ക് പോകുന്നതുപോലെ അവന് തോന്നി... അമ്മയുടെ ചിതയ്ക്ക് തീകത്തിച്ചിട്ട് വന്ന് അച്ഛനെ കെട്ടിപ്പിടിച്ച് കരയുന്ന ആ ഹൃദയഭേദകമായ കാഴ്ച എത്രയോ ദിവസം തന്നെ ഉറക്കത്തിൽ നിന്നും ഞെട്ടിയെഴുന്നിൽപ്പിച്ചു. 

വെക്കേഷൻ കഴിഞ്ഞ് സ്കൂളിലേയ്ക്കുള്ള യാത്ര വളരെ വേദനാജനകമായിരുന്നു. അഭിമന്യു വളരെ ദുഃഖിതനായി കാണപ്പെട്ടു.. അച്ഛന്റെ ലീവു കഴിഞ്ഞപ്പോൾ അദ്ദേഹത്തിനു തിരിച്ചുപോകേണ്ടിവന്നു. പത്താംക്ലാസ് കഴിഞ്ഞ് ഒരുപക്ഷേ ഗുജറാത്തിലേയ്ക്ക് പറിച്ചു നടപ്പെടാൻ സാധ്യതയുണ്ടെന്ന് അന്നേ അഭിമന്യു പറഞ്ഞിരുന്നു. പക്ഷേ എല്ലാം വളരെ പെട്ടെന്നു കഴിഞ്ഞപോലെ അന്നു തോന്നി.. പത്താംക്ലാസ് പരീക്ഷ കഴിഞ്ഞ ദിവസംതന്നെ അവന്റെ അച്ഛൻ എത്തുകയും ആരോടും യാത്രപറയാൻ പോലും അവസരം നൽകാതെ അവനേയും കൊണ്ട് ഗുജറാത്തിലേയ്ക്ക് പോയെന്നുമാണ് പറഞ്ഞുകേട്ടത്.. ആ വീട് ബന്ധുക്കളാരോ താമസിക്കുവാൻ തുടങ്ങി.. പിന്നീടൊരിക്കലും അവനെ കണ്ടിട്ടില്ല.. ഇപ്പോഴിതാ.. തന്റെ മുന്നിൽ.. അവരുടെ കണ്ണിൽ നിന്നും ആനന്ദത്തിന്റെ കണ്ണുനീർ ഇറ്റുവീണു...
 
 
 
 തുടർന്നു വായിക്കുക അടുത്ത ഞായറാഴ്ച്ച  26 01 2020 
 
ഷംസുദ്ധീൻ തോപ്പിൽ  19 01 2020

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ